വശീകരണ മന്ത്രം 5
മുത്തശ്ശൻ അനന്തുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.
“വഴി ഓർമയില്ലേ നിനക്ക്? ”
മുത്തശ്ശൻ ശങ്കയോടെ അവനെ നോക്കി
“അറിയാം മുത്തശ്ശാ ഞാൻ വന്നോളാം പേടിക്കണ്ടാട്ടോ ”
അനന്തു മുത്തശ്ശനെ സമാധാനിപ്പിച്ചു. അദ്ദേഹം ഒരു ദീർഘ നിശ്വാസം എടുത്തു നേരെ കാറിനു സമീപം നടന്നു.
ഡോർ തുറന്നു അനന്തുവിനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ഉള്ളിലേക്ക് കയറി അദ്ദേഹം ഡോർ അടച്ചു.ഡ്രൈവർ താറാവാട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ടുപോയി.
“ശരി കുഞ്ഞേ പിന്നെ കാണാം. ഞമ്മള് കവലയിലോട്ട് പൊക്കോട്ടെ ”
ബഷീർ അനന്തുവിന്റെ അനുവാദത്തിനായി കാത്തു നിന്നു.
അത് കേട്ടതും അനന്തുവിന്റെ ഉള്ളിൽ പുഞ്ചിരി വിടർന്നു.
“കേറിക്കോ ബഷീറിക്ക ഞാൻ കൊണ്ടാക്കാം ”
“അയ്യോ വേണ്ട കുഞ്ഞേ ഞമ്മള് സൈക്കിളില് പൊക്കോളാ ”
“അതു പറ്റില്ല എന്റെ കൂടെ ബൈക്കിൽ കയറ്”
അനന്തു ശാഠ്യം പിടിച്ചു. നിവൃത്തിയില്ലാതെ ബഷീർ അനന്തുവിന്റെ പുറകിൽ കയറി.
അയാൾ തന്റെ ബീവിയെ ഒന്ന് പാളി നോക്കി. ജമീല സംഭ്രമത്തോടെ അയാളെ ഉറ്റു നോക്കി.
“പോകാം ”
“ശരി കുഞ്ഞേ ”
അനന്തു ഗിയർ മാറ്റി ബൈക്ക് മുന്നോട്ട് എടുത്തു. ബഷീർ താഴെ വീഴാതിരിക്കാൻ അവനെ വട്ടം ചുറ്റി പിടിച്ചു. ചെമ്മൺ പാതയിലൂടെ ബൈക്ക് പതിയെ ഇറക്കി റോഡിലേക്ക് കയറ്റി അനന്തു തറവാട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
റോഡിനു ഇരു വശത്തുമുള്ള പ്രകൃതി ഭംഗിയും പച്ചപ്പും ആസ്വദിച്ചു കൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചു. വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അവനു തോന്നി.
ഏതൊരു ബൈക്ക് ആദ്യം എടുക്കുമ്പോൾ അപരിചിതത്വം തോന്നുമെങ്കിലും ഈ ബുള്ളെറ്റിനോട് മാത്രം അവനു തോന്നിയത് മുൻ പരിചയം മാത്രമാണ്.
ഒരുപാട് പ്രാവശ്യം ഓടിച്ചു പരിചയമുള്ളതുപോലെയാണ് അനന്തുവിന് തോന്നിയത്.തന്റെ യജമാനനെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ബുള്ളറ്റ് തറവാട് ലക്ഷ്യമാക്കി കുതിച്ചു.
കവലയിലേക്ക് എത്തിയതും ഒരു വലിയ ആൽമര ചുവട്ടിൽ അനന്തു ബുള്ളറ്റ് നിർത്തി.ബഷീറിക്ക അതിൽ നിന്നും പതുക്കെയിറങ്ങി.
“ശരി കുഞ്ഞേ ”
ബഷീറിക്ക നന്ദി സൂചകമായി അവനെ നോക്കി കൈകൾ കൂപ്പി.
“ആയ്കോട്ടെ”
അനന്തു അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബുള്ളറ്റ് നേരെ ഓടിച്ചു പോയി. ബഷീറിക്ക തിരിഞ്ഞു നോക്കിയതും കുമാരേട്ടന്റെ ചായക്കടയിൽ ഒത്തു കൂടിയ 4, 5 പേർ തന്നേ പ്രതീക്ഷിച്ചു നിക്കുന്നതായി അയാൾക്ക് തോന്നി.
ബഷീർ സാവധാനം അങ്ങോട്ടേക്ക് കയറി. തോളിൽ ഇട്ടിരുന്ന തോർത്തു എടുത്തു ചായക്കടയിലെ മര ബെഞ്ചിൽ അമർത്തി തുടച്ചു അയാൾ ഇരുന്നു.
“കുമാരേട്ടാ ഞമ്മടെ പതിവ് ”
“ആരാ ബഷീറേ അത്. ”
ദേശം ഗ്രാമത്തിൽ ബൈക്കുകൾ വിരളം ആയതിനാൽ കുമാരൻ ആകാംക്ഷയോടെ അയാളോട് ചോദിച്ചു.
“നമ്മുടെ അങ്ങുന്നിന്റെ കൊച്ചുമോനാ ”
“ബലരാമൻ അങ്ങുന്നിന്റെ മൂത്ത മോനോ? ”
“അല്ല കുമാരേട്ടാ മാലതി കൊച്ചിന്റെ മോനാ”
ബഷീർ അയാളെ തിരുത്താൻ ശ്രമിച്ചു.
“ആണോ ബഷീറെ മാലതിക്കൊച്ച് ഇങ്ങോട്ട് വന്നോ ? ”
കുമാരേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു.
“ഇന്നലെ വന്നതാ ”
“അപ്പൊ ഉടനെ ഇനി തിരിച്ചു പോക്ക് ഉണ്ടാകുമോ ? ”
ചായക്കടയിൽ ഇരുന്ന് പരിപ്പ് വട കടിച്ചു തിന്നു കൊണ്ട് പ്രായമായ ഒരാൾ ചോദിച്ചു.
“ഇല്ലാന്ന് തോന്നുന്നു. ഇനി ഇവിടെ ഉണ്ടാകും.”
ബഷീർ അൽപം അസ്വസ്ഥനായി.
“ഇപ്പ്രാവശ്യം ഭൂമി പൂജയ്ക്ക് എന്താകുമോ ആവോ? തിരുവമ്പാടിക്കാർ രണ്ടും കല്പിച്ചാന്ന കേൾക്കണേ”
കുമാരേട്ടന്റെ ഭാര്യ രാധ ഉള്ളിൽ നിന്നും ചായ നിറച്ച ഗ്ലാസ് കയ്യിൽ എടുത്തുകൊണ്ടു വന്ന് ബഷീറിന് സമീപം നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇത്തവണ ആർക്കാ അതിനുള്ള യോഗം ദേവി കൊടുത്തിരിക്കുന്നേ? ”
ദേശത്തെ വിദ്യാലയത്തിൽ പഠിപ്പിക്കുന്ന രവി മാഷ് എല്ലാവാരെയും നോക്കി ചോദിച്ചു.
“ബലരാമൻ അങ്ങുന്നിന്റെ മോൻ ആണെന്നാ കേട്ടത്.”
ആരോ അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.
“ആ കൊച്ചിന്റെ വിധി. അതിനെ കൊല്ലുമോ അതോ ജീവനോടെ ബാക്കി വെക്കുമോ എന്ന് ആർക്കറിയാം? ”
രവി മാഷ് ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് ചുണ്ടിലേക്ക് അടുപ്പിച്ചു. എല്ലാവരും അൽപ സമയം നിശബ്ദരായി. വരാനിരിക്കുന്ന ദുരന്തത്തെ മുൻകൂട്ടി സ്വീകരിക്കുവാൻ തയാറായിട്ടെന്ന പോലെ.
ഈ സമയം തറവാട്ടിന് മുൻപിൽ മുത്തശ്ശനും മുത്തശ്ശിയും സീതയും മാലതിയും ശിവയും ഷൈലയും മറ്റു അമ്മായിമാരും ഒക്കെ പൂമുഖത്തിരിക്കുകയായിരുന്നു. മുത്തശ്ശൻ മുറ്റത്തു അക്ഷമനായി ഉലാത്തികൊണ്ടിരുന്നു.
എന്തോ കാണിക്കാൻ ആണെന്നും പറഞ്ഞു ഇങ്ങോട്ടേക്കു എല്ലാവരെയും വിളിച്ചു കൊണ്ടു വന്നു ഇരുത്തിയിട്ട് സമയം കുറേ ആയി എന്ന് എല്ലാർക്കും തോന്നി.
“അതേയ് എന്താന്നു വച്ച പറഞ്ഞൂടെ എന്തിനാ ഞങ്ങടടുത്ത്ന്ന് ഒളിക്കണേ”
മുത്തശ്ശി കോപത്തോടെ ചോദിച്ചു.
“ഒന്ന് കാത്തിരിക്ക് എല്ലാരും”
മുത്തശ്ശൻ പറഞ്ഞു തീർത്തതും പുറത്തു ശബ്ദം കേട്ട് എല്ലാവരുടെയും കണ്ണുകൾ പടിപ്പുരയിലേക്ക് പാറി വീണു.
അപ്പോൾ അനന്തുവിന്റെ ബുള്ളറ്റ് പടിപ്പുര കടന്ന് നേരെ മനയുടെ മുറ്റത്തേക്ക് പതിയെ എത്തിച്ചേർന്നു. ബുള്ളറ്റ് ഒതുക്കി നിർത്തി അതിൽ നിന്നിറങ്ങിയ അനന്തു എല്ലാവരെയും സൂക്ഷിച്ചു നോക്കി.
എല്ലാ കണ്ണുകളും ഒരുപോലെ വിടർന്നിരിക്കുന്നു. മുത്തശ്ശി പൂമുഖത്തെ കസേരയിൽ നിന്നിറങ്ങി വന്ന് അനന്തുവിന് നേരെ നടന്നു.
ആരാണ് തന്നെ ഇങ്ങനെ പരസഹായമില്ലാതെ വീഴാതെ നടക്കാൻ സഹായിക്കുന്നതെന്ന് ആ വൃദ്ധ മാതാവിന് അറിയില്ലായിരുന്നു. കാർത്യായനി വിതുമ്പലോടെ അനന്തുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അനന്തു മുത്തശ്ശിയെ കെട്ടിപ്പിടിച്ചു. മുത്തശ്ശിയുടെ കണ്ണുകളിൽ നിന്ന് മഴ പോലെ കണ്ണുനീർ പെയ്തു് തുടങ്ങിയിരുന്നു.
അനന്തു മുത്തശ്ശിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മുത്തശ്ശി തന്റെ കൈക്കുമ്പിളിൽ അനന്തുവിന്റെ മുഖം കോരിയെടുത്തു കൊണ്ട് വിറയലോടെ പറഞ്ഞു.
“എന്റെ ദേവൻ ”
മുത്തശ്ശി അനന്തുവിന്റെ കണ്ണുകളിലും നെറ്റിയിലും കവിളുകളിലും ചുംബിച്ചു. മാലതിയുടെയും സീതയുടെയും കണ്ണുകൾ ഈറനണിഞ്ഞു. മുത്തശ്ശൻ പൂമുഖത്തുള്ള ചാരു കസേരയിലേക്ക് പതിയെ അമർന്നിരുന്നു.
“ഈ വണ്ടി മുത്തശ്ശൻ മോന് സമ്മാനായിട്ട് തന്നല്ലേ, ഒരിക്കലും വിട്ടുകളയല്ലേ ഇവനെ. ദേവന്റെ ജീവൻ ആയിരുന്നു ഇവൻ.”
മുത്തശ്ശി ബുള്ളറ്റിന്റെ പെട്രോൾ ടാങ്കിൽ പതിയെ കൈകൊണ്ട് തഴുകികൊണ്ട് പറഞ്ഞു.
“എനിക്ക് അറിയാം മുത്തശ്ശി ഞാൻ പൊന്നുപോലെ നോക്കിക്കോളാം. പേടിക്കണ്ട”
അനന്തു മുത്തശ്ശിയെ സമാധാനിപ്പിച്ചു. ഷൈല വന്നു മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ശിവയും മാലതിയും സീതയും അനന്തുവിന് ചുറ്റുമായി വന്നു നിന്നു.
“എടാ ഏട്ടാ കോളടിച്ചല്ലോ ”
ശിവ അവന്റെ കയ്യിൽ പിടിച്ചു തൂങ്ങി
“പൊന്നുമോളെ നിന്റെ സ്നേഹ പ്രകടനം എനിക്ക് മനസ്സിലായിട്ടോ..നിനക്ക് ഇതിൽ കറങ്ങാൻ പോകാൻ അല്ലെ ? ”
അനന്തു സംശയത്തോടെ അവളോട് ചോദിച്ചു.
“മനസ്സിലായി അല്ലെ ? ”
ശിവ വളിച്ച ചിരി അവനു കൈമാറി.
“പിന്നല്ലാതെ കൊല്ലം കുറേ ആയില്ലേ നമ്മൾ കാണാൻ തുടങ്ങിയിട്ട് ”
“ഒന്ന് പോയിട്ട് വാ അനന്തൂട്ടാ ശിവ മോളുടെ ആഗ്രഹമല്ലേ? ”
സീത ശിവയുടെ പക്ഷം പിടിച്ചു.
“എണ്ണ കുറവാണ് അമ്മായി. വൈകുന്നേരം ബലരാമൻ അമ്മാവൻ എണ്ണ കൊണ്ടുത്തരാമെന്നു പറഞ്ഞിട്ടുണ്ട്. അതു കിട്ടിയിട്ട് ഇവളെയും കൊണ്ട് റൈഡിനു പോകാം”
“അതാണ് എന്റെ ഏട്ടൻ ഉമ്മാ ”
ശിവ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.
“അമ്മ എന്താ ഒന്നും മിണ്ടാത്തെ ? ”
എന്തോ ആലോചനയിൽ മുഴുകിയിരുന്ന മാലതി അതു കേട്ട് ഞെട്ടി.
“ഒന്നുമില്ലടാ ഞാൻ ദേവേട്ടനെ കുറിച്ച് ഓർക്കുവായിരുന്നു. ”
മാലതി നെടുവീർപ്പെട്ടു.
“എന്തിനാ അതൊക്കെ ആലോചിച്ചു എന്റെ അമ്മ വിഷമിക്കുന്നേ? വാ നമുക്ക് അകത്തേക്ക് പോകാം. ”
“വാ അനന്തൂട്ടാ അമ്മായി ഒരു സദ്യ തന്നെ ആക്കിയിട്ടുണ്ട്. കൈ കഴുകി വാ വേഗം ”
സീത അമ്മായി അവനെ നോക്കി പറഞ്ഞു.
“ശരിയാ അനന്തു അമ്മായി നിങ്ങൾക്ക് വേണ്ടി എന്തൊക്കെയോ ആക്കിയിട്ടുണ്ട്.നല്ല രുചിയാ എല്ലാത്തിനും.. അമ്മായിയുടെ കൈപ്പുണ്യം നിങ്ങൾക്ക് അറിയണ്ടേ… ”
മാലതി അവരെ കൊതിപ്പിച്ചു
“ശോ വെറുതെ കളിയാക്കല്ലേ മാലതി ”
സീതയ്ക്ക് മാലതിയുടെ അഭിനന്ദനം ശരിക്കും പിടിച്ചു.
“അല്ല മക്കളെ നിങ്ങൾ വന്നു കഴിച്ചു നോക്ക്. വാ ”
മാലതി അനന്തുവിനെ ക്ഷണിച്ചു. അനന്തു ചാവി കയ്യിൽ പിടിച്ചു പൂമുഖത്തേക്ക് നടന്നു.പൂമുഖത്തെ പടിയിൽ വച്ചിരുന്ന കിണ്ടിയെടുത്തു അതിന്റെ ഉരലിലൂടെ ഒഴുകി വരുന്ന നേർത്ത വെള്ളം കൊണ്ടു കാലുകൾ കഴുകി ശുദ്ധമാക്കി അനന്തു മാലതിയുടെ കൈയും പിടിച്ചു നേരെ ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് നടന്നു.
ഹാളിലേക്കുള്ള ഇടനാഴിയിൽ കുട്ടിപട്ടാളങ്ങൾ സദ്യ കഴിക്കാൻ ഇരുന്നു.മുത്തശ്ശിയും മുത്തശ്ശനും അനന്തുവും ശിവയും ഡൈനിങ് ടേബിളിൽ ഇരുന്നു.
മീനാക്ഷി അനന്തുവിന്റെ അടുത്ത് സ്ഥാനം പിടിച്ചു. മാലതിയും സീതയും ഷൈലയും മറ്റു അമ്മായിമാരും വിളമ്പുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
നനവുള്ള നാക്കില അവർക്ക് മുൻപിൽ നിരത്തി അതിൽ അച്ചാറും രസവും പച്ചടിയും പപ്പടവും നിരത്തി അവസാനം ആവി പറക്കുന്ന കുത്തരി ചോറും അവർക്ക് മുൻപിൽ വിളമ്പി.ചോറിൽ തീർത്ത കിണറിൽ സാമ്പാറും പുളിശ്ശേരിയും വിശ്രമം കൊണ്ടു.
“എല്ലാം നമ്മുടെ പറമ്പിൽ നിന്നും ഉണ്ടാക്കിയതാ.. ഒന്നും പോലും പുറത്തു നിന്നു വാങ്ങിച്ചിട്ടില്ല… വിഷമില്ലാത്ത പച്ചക്കറികളാ..പിന്നെ നമ്മുടെ പാടത്തു നിന്നുള്ള അരിയും.”
മുത്തശ്ശൻ അഭിമാനത്തോടെ പറഞ്ഞു.
അനന്തു നല്ല വിശപ്പുള്ളതിനാൽ സദ്യ ആവേശത്തോടെ കഴിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് അവൻ നല്ലൊരു സദ്യ കഴിക്കുന്നത്. അവന്റെ വയറും മനസ്സും ഒരുപോലെ നിറഞ്ഞു. അമ്മ പറഞ്ഞ സീത അമ്മായിയുടെ കൈപ്പുണ്യം വെറുതെ അല്ല എന്ന് അവനു തോന്നി.
അനന്തു ഇല മടക്കി വച്ചു എണീക്കാൻ നോക്കുമ്പോഴാണ് മാലതി ഒരു പാത്രവും കൊണ്ടു അങ്ങോട്ടേക്ക് വന്നത്.
“നിനക്ക് ഇഷ്ട്ടപെട്ട അട പ്രഥമനാ ചെക്കാ ”
മാലതി അനന്തുവിന് നേരെ പ്രഥമൻ അടങ്ങിയ പാത്രം ഉയർത്തി കാണിച്ചു പറഞ്ഞു. അനന്തു കൊതിയോടെ നാവ് കൊണ്ടു ചുണ്ട് നനച്ചു.
മാലതി അവിടുള്ള ഗ്ലാസുകളിൽ എല്ലാവർക്കുമായി പായസം വിളമ്പി. മാലതി ഗ്ലാസ് നിറച്ച് പായസം ഒഴിച്ചതും അനന്തു കൊതി സഹിക്കാനാകാതെ ഗ്ലാസ് ചൂണ്ടിലേക്ക് അടുപ്പിച്ചു പായസം വലിച്ചു കുടിച്ചു.
ചൂടു പായസം നാവിലേക്ക് തെന്നിയിറങ്ങിയതും കവിളും നാവും പൊള്ളിപ്പോയ അനന്തു കഷ്ടപ്പെട്ട് അത് കുടിച്ചിറക്കി. അന്നനാള ത്തിലൂടെ ചൂട് പായസം ഇറങ്ങി പോകുന്നതിന്റെ സഞ്ചാര പദം അനന്തുവിന് തിരിച്ചറിയാൻ പറ്റി.
അമളി പറ്റിയ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ അവൻ മുഖം താഴ്ത്തി പായസം കുടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ശിവ ഇതൊക്കെ കണ്ട് വായ് പൊത്തി അമർത്തി ചിരിച്ചു.അനന്തു അവളെ തുറിച്ചു നോക്കി.ശിവ അത് കാര്യമാക്കാതെ മുഖം വെട്ടിച്ചു.
“അപ്പൊ ഞാൻ എണീക്കട്ടെ ?”
പായസം കുടിച്ചു കഴിഞ്ഞ ശേഷം മുത്തശ്ശൻ എല്ലാവരെയും നോക്കി പറഞ്ഞു. എല്ലാവരും അദ്ധേഹത്തെ നോക്കി തലയാട്ടി.
ശങ്കരൻ ഇല മടക്കി വച്ച് അതിനു മുകളിൽ പായസം കുടിച്ച ഗ്ലാസ് വച്ച് പതിയെ എണീറ്റു.വാഷ് ബേസിനിലേക്ക് പോയി കൈകഴുകി മുത്തശ്ശൻ ഉമ്മറത്തേക്ക് പോയി.
അനന്തു ഗ്ലാസിൽ അവശേഷിച്ച അവസാന തുള്ളി പായസവും വടിച്ചെടുത്ത് കൈ കഴുകാനായി എണീറ്റു.ഇല എടുക്കാനായി അനന്തു തുനിഞ്ഞെങ്കിലും സീത അമ്മായി അവനെ തുറിച്ചു നോക്കിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
വാഷ് ബേസിനിൽ കൈ കഴുകി അനന്തു നേരെ പൂമുഖത്തേക്ക് ചെന്നു. മുത്തശ്ശന്റെ ചാരു കസേരയ്ക്ക് താഴെ അവൻ ഇരിപ്പുറപ്പിച്ചു.
ഈ സമയം ശങ്കരൻ ചാരു കസേരയിൽ ഇരുന്നു എന്തോ ഗഹനമായ ചിന്തയിൽ ആയിരുന്നു. അനന്തുവിന്റെ സാമീപ്യം അറിഞ്ഞതും സ്വബോധത്തിലേക്ക് വന്ന ശങ്കരൻ അനന്തുവിനെ നോക്കി ചിരിച്ചു.
“ഊണ് ഇഷ്ട്ടായോ ദേവാ ”
ചാരു കസേരയിലേക്ക് അമർന്നിരുന്നുകൊണ്ട് മുത്തശ്ശൻ തിരക്കി.
“ഇഷ്ട്ടമായി മുത്തശ്ശാ. ഒരുപാട് നാളുകൾക്ക് ശേഷം വയറു നിറച്ചു ഉണ്ടു ഞാൻ.
അനന്തു സന്തോഷത്തോടെ അദ്ദേഹത്തെ നോക്കി. അത് കേട്ടതും ആ വൃദ്ധ പിതാവിന്റെ ഉള്ളം തുടിച്ചു. ഇത്രയും കാലം തന്റെ മകളും പേര മക്കളും അനുഭവിച്ച ദാരിദ്ര്യം ഓർത്തു അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.
“മുത്തശ്ശന് എന്റെ അച്ഛനോട് ദേഷ്യമാണോ ഇപ്പോഴും ? ”
അനന്തു അല്പം പരിഭ്രമത്തോടെ ചോദിച്ചു. അവന്റെ ശ്വാസഗതി ഉയർന്നു. മുത്തശ്ശന്റെ മറുപടിക്കായി അവൻ കാതോർത്തു.
“ഉണ്ടായിരുന്നു ദേവാ.. പണ്ടൊക്കെ.. ഇപ്പൊ ഇല്ലാട്ടോ.. സ്നേഹം മാത്രേ ഉള്ളൂ.. നേരത്തെ തന്നെ എന്റെ മാലതിയെയും മക്കളെയും തനിച്ചാക്കി പോയതിൽ സങ്കടം മാത്രം.”
ശങ്കരൻ നെടുവീർപ്പെട്ടു. അനന്തു അല്പം നേരം നിശബ്ദനായി. അച്ഛന്റെ ഓർമ്മകൾ വല്ലാത്തൊരു വേദന തന്നിൽ സൃഷ്ടിക്കുന്നതായി അവനു തോന്നി.
അതുപോലെ തന്നെ അച്ഛച്ചനും. രണ്ടുപേരും ഒരുപാട് സ്നേഹിച്ചിട്ടേ ഉള്ളൂ.. ഒരിക്കൽ പോലും വേദനിപ്പിച്ചിരുന്നില്ല.
അനന്തുവിന് വല്ലാത്ത ഒരു നഷ്ട്ട ബോധം തോന്നി. പൂമുഖത്തെ തൂണിൽ ചാരിയിരുന്ന് അവൻ മുറ്റത്തേക്ക് കണ്ണുകൾ പായിച്ചു എന്തോ ചിന്തയിൽ ആണ്ടു.
“ദേവാ ആ മുറുക്കാൻ ചെല്ലം ഇങ്ങോട്ടടുത്തെ?”
മുത്തശ്ശൻ അനന്തുവിന് സമീപത്തേക്ക് കൈചൂണ്ടി. അവൻ ആ ചെല്ലം കയ്യിൽ എടുത്തു മുത്തശ്ശന്റെ കയ്യിലേക്ക് കൊടുത്തു.
ശങ്കരൻ മുറുക്കാൻ ചെല്ലം മടിയിൽ വച്ചു പതിയെ തുറന്നു. അനന്തുവിന് അതൊരു തകര പെട്ടി പോലെയാണ് ഉള്ളതെന്ന് തോന്നി. ചെല്ലം തുറന്നു ശങ്കരൻ വെറ്റില കയ്യിലെടുത്തു അതിന്റെ ഞെട്ട് പൊട്ടിച്ചു കളഞ്ഞു.
എന്നിട്ട് ചെറിയൊരു പ്ലാസ്റ്റിക് ഡപ്പിയുടെ അടപ്പ് തുറന്നു അതിലുള്ള ചുണ്ണാമ്പ് ചൂണ്ട് വിരൽ കൊണ്ടു തോണ്ടിയെടുത്തു. അതു പതിയെ വെറ്റിലയിൽ തേച്ചു പിടിപ്പിച്ച ശേഷം ചെപ്പിൽ നിക്ഷേപിച്ചിരുന്ന പച്ചടക്ക നുറുക്കിയതിന്റെ കഷണങ്ങളിൽ നിന്നും വിരൽ തുമ്പിൽ കുറച്ചു എടുത്തു വായിലേക്ക് ഇട്ട ശേഷം മുത്തശ്ശൻ ഒരു ഈണത്തോടെ വെറ്റില മൂന്നു നാല് മടക്കായി വച്ചു വായിലേക്ക് വച്ചു ചുണ്ടുകൾ പൂട്ടി വച്ചു ചവച്ചു.
ശങ്കരൻ ചാരു കസേരയിലേക്ക് തല ചായ്ച്ചു വച്ചു കാലിന്മേൽ കാലും കയറ്റി വച്ചു കസേരയുടെ പിടിയിൽ വിരലുകൾ കൊണ്ടു കൊട്ടികൊണ്ട് താളം പിടിച്ചു.
അനന്തു ഇത് കണ്ടു രസിച്ചിരുന്നു.മുത്തശ്ശന്റെ കിടപ്പിന് വരെ വല്ലാത്തൊരു പ്രൗഢി ആണെന്ന് അവനു തോന്നിപോയി.
“മുത്തശ്ശാ ഇന്ന് നല്ല മൂഡിൽ ആണല്ലോ എന്തുപറ്റി? ”
“ഒന്നുമില്ല ദേവാ ഓരോന്നൊക്കെ ആലോചിച്ചു ഇരുന്നതാ ”
“ആഹാ അതാണോ മുത്തശ്ശന് എന്തേലും ടെൻഷൻ പോലെ ഉണ്ടോ ? ”
അനന്തു തന്റെ സംശയം പ്രകടിപ്പിച്ചു.
“ഇല്ല മോനെ മുത്തശ്ശന് കുഴപ്പം ഒന്നുമില്ല”
ശങ്കരൻ അവനെ നോക്കി പുഞ്ചിരിക്കുവാൻ ശ്രമിച്ചു.
“അപ്പൊ കുഴപ്പമില്ല ”
അനന്തുവിന് ആശ്വാസം തോന്നി. മുത്തശ്ശനും മുത്തശ്ശിക്കും എന്തേലും വിഷമം വരുന്നത് അവനു സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.
“ദേവാ മോൻ ഇവിടുത്തെ അമ്പലത്തിൽ പോയിട്ടില്ലലോ? ”
“ഇല്ല മുത്തശ്ശാ ”
“എങ്കിൽ നാളെയോ മറ്റന്നാളോ നമുക്ക് പോയാലോ നിന്റെ വണ്ടിയിൽ”
“പോയേക്കാം മുത്തശ്ശാ… നമുക്ക് ഒന്ന് കറങ്ങാം കേട്ടോ എല്ലായിടത്തും ”
അനന്തു ഉത്സാഹത്തോടെ പറഞ്ഞു.
“ശരി മോനെ പോയേക്കാം ”
“ആഹാ എങ്ങോട്ട് പോകുന്ന കാര്യമാ പറയുന്നേ? ”
മാലതി അവരെ നോക്കികൊണ്ട് ചോദിച്ചു. ശിവയും സീതയും മാലതിയുടെ പുറകെ വന്നു.
“ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞതാ”
മുത്തശ്ശൻ മുറ്റത്തേക്ക് കണ്ണും നട്ടിരുന്നു.
“അതിനു ഏട്ടൻ അമ്പലത്തിൽ ഒന്നും പോകാറില്ലല്ലോ? ”
ശിവ കാര്യമായി എന്തോ കണ്ടുപിടിച്ച പോലെ പറഞ്ഞു.
“ആണോ മാലതി അനന്തു അമ്പലത്തിൽ ഒന്നും പോകാറില്ലേ? ”
സീത മാലതിയെ അത്ഭുതത്തോടെ നോക്കി
“ഇല്ല സീതേട്ടത്തി അവൻ പോകാറില്ല. പണ്ടേ അങ്ങനാ ”
മാലതി നിരാശയോടെ പിറുപിറുത്തു.
“സാരമില്ല അവൻ അമ്പലത്തിനു പുറത്ത് നിന്നോട്ടെ.. ഉള്ളിലേക്ക് കയറേണ്ട ”
മുത്തശ്ശൻ അവന്റെ രക്ഷയ്ക്ക് എത്തി.
“അനന്തു നിനക്ക് സമ്മതം ആണോ? ”
“അതേ അമ്മായി എനിക്ക് സമ്മതമാണ് ”
അനന്തു പറഞ്ഞു തീർന്നതും ബലരാമന്റെ കാർ തേവക്കാട്ട് മനയുടെ മുൻപിലേക്ക് എത്തി ചേർന്നു.
കാർ ഒതുക്കി നിർത്തി ബലരാമൻ കാറിൽ നിന്നും ഇറങ്ങി. പൂമുഖത്തിരിക്കുന്ന എല്ലാരേയും അയാൾ സങ്കോചത്തോടെ നോക്കി.
“എന്തുപറ്റി എല്ലാരും പുറത്തിരിക്കുന്നേ ? ”
“ഒന്നുമില്ല ഏട്ടാ വെറുതെ ഇരുന്നതാ ”
മാലതി മറുപടി പറഞ്ഞു
“ഹാ പിന്നെ ഒരു കാര്യം ഉണ്ട്.. ലക്ഷ്മി വിളിച്ചിരുന്നു.. മാലതി എത്തിയ കാര്യം അവൾ അറിഞ്ഞു… നാളെ വൈകിട്ട് കാണാൻ വരുമെന്നാ പറഞ്ഞേ ”
“സത്യമാണോ ഏട്ടാ ഞാനും ലക്ഷ്മിയെ കണ്ടിട്ട് വര്ഷങ്ങളായില്ലേ.. ഇപ്പൊ എങ്ങനാ അവൾ കാണാൻ? തടിയൊക്കെ വച്ചോ? ഇപ്പോഴും ആ നീളമുള്ള മുടി അവൾക്ക് ഉണ്ടോ ? എനിക്ക് എപ്പോഴും അസൂയ ആയിരുന്നു അവളുടെ മുടിയോട്… ലക്ഷ്മിയുടെ കല്യാണമൊക്കെ കഴിഞ്ഞോ? കുട്ടികളുണ്ടോ? ഇങ്ങോട്ട് എപ്പോഴും വരാറുണ്ടോ? ”
ദീർഘ നിശ്വാസം വിട്ടുകൊണ്ട് ഒരു നീണ്ട ചോദ്യാവലി മാലതി അവർക്ക് മുൻപിൽ നിരത്തി.
“ഇപ്പോഴും ലക്ഷ്മിയുടെ കല്യാണം കഴിഞ്ഞിട്ടില്ല മാലതി. അവൾ ഇപ്പോഴും ഒറ്റക്ക് തന്നാ ജീവിക്കുന്നെ..”
“എന്താ ഏട്ടാ ഈ പറയണേ… അവൾ ഇപ്പോഴും വേറെ കല്യാണത്തിന് സമ്മതിച്ചിട്ടില്ലേ ? ”
ഞെട്ടലോടെ മാലതി ചോദിച്ചു.
“ഇല്ല മാലതി അവൾ ഇപ്പോഴും ദേവന്റെ ഓർമയിൽ ജീവിക്കുവാ.. വേറൊരു കല്യാണത്തിനും ഇതുവരെ സമ്മതിച്ചില്ല.. പാവം എന്റെ കുട്ടി ”
സീത തന്റെ ദുഃഖം കടിച്ചമർത്തി.
മാലതിയും അതേ അവസ്ഥയിൽ ആയിരുന്നു. വല്ലാത്തൊരു സങ്കടം അവളിലും നുരഞ്ഞു പൊന്തി.
“ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല വർഷങ്ങൾ ഇത്രേം കഴിഞ്ഞില്ലേ.. വെറുതെ അതൊക്കെ ഓർത്തു സങ്കടപെടണ്ട ആരും. നാളെ ലക്ഷ്മി മോളെ നിറഞ്ഞ മനസ്സോടെ വേണം എല്ലാവരും സ്വീകരിക്കാൻ ”
മുത്തശ്ശൻ അവരെ നോക്കി ആജ്ഞയുടെ സ്വരത്തിൽ പറഞ്ഞ ശേഷം പതിയെ ചാരു കസേരയിൽ നിന്നു എണീറ്റു മുറ്റത്തേക്കിറങ്ങി വീടിന്റെ പിന്നാമ്പുറം ലക്ഷ്യമാക്കി നീങ്ങി. അനന്തുവിനും ശിവയ്ക്കും ഇതൊക്കെ കെട്ടിട്ട് ഒന്നും മനസ്സിലായില്ല.
“അനന്തൂട്ടാ കാറിൽ എണ്ണ വാങ്ങി വച്ചിട്ടുണ്ട്. മോന് ഇഷ്ടമുള്ളപ്പോ അതു എടുത്തു വണ്ടിയിൽ ഒഴിച്ചോട്ടോ.. ”
“താങ്ക്യൂ ബലരാമൻ അമ്മാവാ ”
ബലരാമൻ അനന്തുവിന്റെ നെറുകയിൽ ഒന്ന് തഴുകി കയ്യിലുള്ള ബാഗ് സീതയ്ക്ക് കൈ മാറിയ ശേഷം നേരെ അകത്തേക്ക് നടന്നു. സീത അയാളെ അനുഗമിച്ചു.
അനന്തു ഇരിക്കുന്ന ഭാഗത്തേക്ക് ശിവയും മാലതിയും വന്നിരുന്നു. അവൻ മാലതിയുടെ മടിയിലേക്ക് തല വച്ചു കിടന്നു. മാലതി ചെറു ചിരിയോടെ അനന്തുവിന്റെ മുടിയിഴകൾ പതിയെ കോതിയൊതുക്കി.
“അമ്മേ ഇനി ഇവൻ എങ്ങാനും ആ ദേവൻ അമ്മാവന്റെ പ്രേതം ആണോ അതാണോ പുള്ളിയുടെ അതേ മുഖം ഇവനും കിട്ടിയത്? ”
ശിവ ഗഹനമായ ചിന്തയിൽ ആണ്ടു.
“പ്രേതം ഞാൻ അല്ലെടി.. നിന്റെ മറ്റവനാ”
അനന്തു ദേഷ്യത്തോടെ അവളുടെ തുടയിലേക്ക് അമർത്തി ചവുട്ടി.
“ആാാഹ് ഡാ പട്ടി ”
വേദന കാരണം ശിവയുടെ മുഖം ചുവന്നു വന്നു. മുഖത്തെ ഞരമ്പ് തിണിർത്തു. കോപത്തോടെ അവൾ അനന്തുവിന്റെ കാലിൽ അവളുടെ നഖങ്ങൾ ആഴ്ത്തി.
“മാന്തല്ലേ കോപ്പേ ”
അനന്തു വേദനയോടെ കാല് കുടഞ്ഞു.
“അടങ്ങിയിരുന്നില്ലേൽ കുളത്തിൽ കൊണ്ടുപോയി രണ്ടിനെയും ഞാൻ ഇടും പറഞ്ഞേക്കാം ”
മാലതിയുടെ ശബ്ദം ഉയർന്നതോടെ അനന്തുവും ശിവയും ഒന്നടങ്ങി. അല്പ നേരം അവർ നിശബ്ദരായി. മാലതി പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.
“ആരാ അമ്മേ ഈ ലക്ഷ്മി ? നേരത്തെ പറയുന്നത് കേട്ടല്ലോ? ”
അനന്തു അറിയാനുള്ള ത്വരയിൽ മാലതിയെ നോക്കി.
“അനന്തു നിന്റെ മുത്തശ്ശിയുടെ ആങ്ങളയുടെ മകൾ ആണ് ലക്ഷ്മി. ഞങ്ങളുടെ എല്ലാം ലക്ഷ്മിക്കുട്ടി. ഒരു സുന്ദരിക്കുട്ടിയാ അവള്.ഒരു പഞ്ച പാവം ആയിരുന്നു ലക്ഷ്മി.ഞങ്ങൾക്ക് എല്ലാവർക്കും അവളെ വല്യ കാര്യം ആയിരുന്നു. എന്റെ ദേവേട്ടനെ ലക്ഷ്മിയ്ക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു ചെറുപ്പം മുതലേ. പക്ഷെ ഞങ്ങൾ അതു വൈകിയാ അറിഞ്ഞേ. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ദേവേട്ടന്റെയും ലക്ഷ്മിയുടെയും വിവാഹം ഉറപ്പിച്ചു. വളരെ ആർഭാടമായി തന്നെ അവരുടെ നിശ്ചയം കഴിഞ്ഞു. അങ്ങനെ ഇവിടുത്തെ ഉത്സവം കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം അവരുടെ കല്യാണം നടത്താൻ തീരുമാനിച്ചു.”
മാലതി ഒന്ന് പറഞ്ഞു നിർത്തി. എന്നിട്ട് പതുക്കെ ദീർഘ നിശ്വാസം വിട്ടു.
“എന്നിട്ടോ”
അനന്തു മാലതിയെ ബാക്കി അറിയാനുള്ള വ്യഗ്രതയിൽ നോക്കി. ശിവ ആകാംക്ഷയോടെ ബാക്കി ഭാഗം കേൾക്കാൻ കാത് കൂർപ്പിച്ചു.
“ഉത്സവത്തിന് തലേന്ന് ഗ്രാമത്തിനു പുറത്തുള്ള റോഡിൽ വച്ചു ദേവേട്ടന് ആക്‌സിഡന്റ് ആയി എന്ന് കേട്ട് പരിഭ്രമത്തോടെ ഞങ്ങൾ ഓടി ചെന്നു.അവിടെ ചെന്നപ്പോൾ കണ്ടത് റോഡ് സൈഡിൽ ദേഹത്തൊക്കെ ചോരപ്പാടുകൾ ഉണങ്ങി പിടിച്ചു ഷർട്ട് ഒക്കെ കീറി പറിഞ്ഞു മുറിവുകൾ കൊണ്ടു വികൃതമായ മുഖവുമായി എന്റെ ദേവേട്ടന്റെ ശ്വാസം നിലച്ച ശരീരമാണ്. രാത്രി പോകുമ്പോൾ ഏതോ മരം കയറ്റി വന്ന ലോറി ഇടിച്ചിട്ടതാണെത്രെ… ആരും കണ്ടില്ല.. വെളുപ്പിന് പണിക്ക് പോയ ആരൊക്കെയോ ആണ് കണ്ടത്. പാവം എന്റെ ഏട്ടൻ .
മാലതിയുടെ കണ്ണിൽ നിന്നും കണ്ണു നീർ ധാരയായി ഒഴുകി. അതു കവിളിലൂടെ ഒലിച്ചിറങ്ങി താടിയിൽ നിന്നും ഞെട്ടറ്റു വീണു മടിയിൽ ഉള്ള അനന്തുവിന്റെ കവിളിൽ ചെന്നു പതിച്ചു.
ആ അശ്രു കണം അവനെ ചുട്ടു പൊള്ളിച്ചു. അനന്തു പൊടുന്നനെ എണീറ്റു മാലതിയെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. മാലതിയുടെ കണ്ണുകൾ അനന്തു പതിയെ അമർത്തി തുടച്ചു.
മാലതി അനന്തുവിന്റെ നെഞ്ചിലേക്ക് പതിയെ ചാരിയിരുന്നു. അനന്തു അമ്മയുടെ നെറുകയിൽ പതിയെ തഴുകി. ശിവ വിഷാദത്തോടെ ഭിത്തിയിലേക്ക് ചാരിയിരുന്നു.
“മാതു ഇനി വിഷമിക്കല്ലെട്ടോ എനിക്കും സങ്കടമാവുന്നു ”
അനന്തു ദുഖത്തോടെ പറഞ്ഞു അതു കേട്ടതും മാലതി ഞെട്ടലോടെ അനന്തുവിൽ നിന്നും വിട്ടു മാറി. അവളുടെ കണ്ണുകൾ വിടർന്നു. കണ്ണുകൾ ചിമ്മിക്കൊണ്ട് മിടിക്കുന്ന ഹൃദയത്തോടെ മാലതി അനന്തുവിന്റെ കണ്ണിലേക്കു ഉറ്റു നോക്കി.
“നീ എന്താ എന്നെ വിളിച്ചത്? ”
മാലതിയുടെ ശബ്ദത്തിലെ ഇടർച്ച അനന്തുവിന് മനസ്സിലായി.
“ഞാൻ എന്താ അമ്മേ വിളിച്ചേ? ”
അനന്തു ഒന്നും മനസ്സിലാകാതെ മാലതിയെ നോക്കി.
“നീ എന്നെ മാതു എന്ന് വിളിച്ചില്ലേ ? ”
മാലതി ആശ്ചര്യത്തോടെ അനന്തുവിനോട് ചോദിച്ചു.
“ഞാനോ? ”
“അതേ നീ വിളിച്ചില്ലേ മോനെ… സത്യം പറ എന്നെ നീ അങ്ങനെ വിളിച്ചില്ലേ ? ”
മാലതി അനന്തുവിന്റെ തോളിൽ പിടിച്ചു കുലുക്കി.
അനന്തു ഗത്യന്തരമില്ലാതെ ആണെന്ന് തലയാട്ടി. എന്നാൽ അമ്മയെ അങ്ങനെ വിളിച്ചത് അവന്റെ ബോധമണ്ഡലത്തിലേ ഉണ്ടായിരുന്നില്ല.
“എന്റെ ദേവേട്ടൻ എന്നെ അങ്ങനാ വിളിച്ചിരുന്നേ മാതു എന്ന്. പെട്ടെന്നു അതു കേട്ടപ്പോൾ എന്റെ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു വിളിച്ച പോലെ തോന്നി.”
ദുഃഖം കടിച്ചമർത്തി മാലതി ഇരുന്നു. അനിയന്ത്രിതമായ രീതിയിൽ മാലതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അനന്തുവും ശിവയും അമ്മയെ കഷ്ട്ടപെട്ടു സമാധാനിപ്പിച്ചു.
അൽപ നേരം കൊണ്ടു സംയമനം വീണ്ടെടുത്ത മാലതി കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് എണീറ്റു നേരെ അടുക്കളയിലേക്ക് പോയി. അനന്തുവും ശിവയും മുഖത്തോട് മുഖം നോക്കിയിരുന്നു കുറച്ചു നേരം.
“ഏട്ടാ എന്തോ മൈൻഡ് ആകെ ഡിസ്റ്റർബ് ആയ പോലെ.. നമുക്ക് എങ്ങോട്ടേലും പോയാലോ? ”
“പോകാം ശിവ വാ ”
അനന്തു എണീറ്റു നിന്നു അവൾക്ക് നേരെ കൈ നീട്ടി. ശിവ അവന്റെ കയ്യിൽ ബലമായി പിടിച്ചു എണീറ്റു. രണ്ടു പേരും നടന്നു ബുള്ളറ്റിനു സമീപം എത്തി.
ബലരാമന്റെ കാറിൽ ഉള്ള എണ്ണ എടുത്തു അനന്തു ബുള്ളെറ്റിലേക്ക് ഒഴിച്ചു. എണ്ണ ഒഴിച്ച് കഴിഞ്ഞ ശേഷം അനന്തു ബുള്ളറ്റിൽ അമർന്നിരുന്ന് ചാവി ഇട്ടു സ്റ്റാർട്ട് ചെയ്തു.
ആക്‌സിലേറ്റർ തിരിച്ചു അവനെ ഒന്ന് ഉഷാറാക്കി. ശിവ അവനു പുറകിൽ കയറിയിരുന്നു. മുറ്റത്തും തൊടിയിലുമൊക്കെയായി പണിയെടുക്കുന്ന ജോലിക്കാർ ബുള്ളറ്റിന്റെ ആർത്ത നാദം കേട്ട് ഒന്ന് എത്തി നോക്കിയ ശേഷം വീണ്ടും അവരുടെ ജോലികളിൽ വ്യാപൃതരായി.
അനന്തു ബുള്ളറ്റ് കറക്കിയെടുത്തു നേരെ മുന്നോട്ടേക്ക് എടുത്തു. പടിപ്പുര കഴിഞ്ഞതും റോഡിലേക്ക് ഇറക്കി എതിർ ഭാഗത്തേക്ക് കുതിച്ചു.
ചെറിയൊരു കയറ്റം കേറി എത്തിയതും അവർ എത്തിയത് ഒരു നിരപ്പായിട്ടുള്ള പ്രദേശത്താണ്. അവിടെ റോഡിനു ഇരുവശവുമായി ഒരുപാട് കുഞ്ഞു വീടുകൾ അവർക്ക് കാണാൻ കഴിഞ്ഞു.
വഴിക്കാഴ്ചകൾ കണ്ട് ബുള്ളറ്റ് ഓടിക്കവേ റോഡ് സൈഡിൽ ഒരു സ്ത്രീ തന്റെ കുഞ്ഞിനേയും ഒക്കത്തിരുത്തി വേറെ ഒരു സ്ത്രീയോട് സൊറ പറഞ്ഞിരിക്കുന്നത് അനന്തു കണ്ടു. അവൻ വേഗം അവർക്ക് സമീപം ബുള്ളറ്റ് കൊണ്ടു വന്നു പതുക്കെ നിർത്തി.
“ചേച്ചി ഇവിടെ കാണാൻ നല്ല ഭംഗിയുള്ള ഏത് സ്ഥലമാ ഉള്ളത് ? ”
അവൻ പ്രതീക്ഷയോടെ അവരെ മാറി മാറി നോക്കി.
“മോനെ നേരെ കുറച്ചു പോയാൽ രണ്ടു വഴി കാണും. അതിൽ പടിഞ്ഞാറ് ഭാഗത്തേക്ക് പോയാൽ ഒരു മൊട്ട കുന്ന് കാണാം. അവിടെ ചെറിയൊരു പതി ഒക്കെ ഉള്ളതാ . അതിനു മുൻപിൽ ഉള്ള ആൽമര ചുവട്ടിൽ ഇരുന്നാൽ കാണാൻ നല്ല രസമാ… ഇപ്പൊ പോയാൽ സൂര്യൻ അസ്തമിക്കുന്നതു കാണാം.”
കുഞ്ഞിനെ ഒക്കത്തു വച്ചിരിക്കുന്ന സ്ത്രീ അവരോടായി പറഞ്ഞു.
“ആയ്ക്കോട്ടെ വല്യ ഉപകാരം. ”
അനന്തു ഗിയർ മാറ്റി ബുള്ളറ്റ് നേരെ വച്ചു പിടിപ്പിച്ചു. ഗ്രാമം ആണെങ്കിലും റോഡ് കുറച്ചു ശോച്യാവസ്ഥയിൽ ആണെന്ന് അനന്തുവിന് തോന്നി.
തറവാട്ടിൽ നിന്നും പട്ടണം വരെയുള്ള റോഡ് മാത്രം നന്നായി മിനുക്കിയിരുന്നു. ഒരുപക്ഷെ നല്ല വില കൂടിയ കാറുള്ളത് കൊണ്ടാവും അങ്ങനെ ചെയ്തതെന്ന് അവനു തോന്നി.
കുറേ ദൂരം മുന്നോട്ടേക്ക് പോയപ്പോൾ വഴി രണ്ടായി പിരിഞ്ഞത് അവൻ കണ്ടു. വെയിലിന് ആക്കം ഉള്ളതിനാൽ റോഡിൽ തണലുള്ള ഭാഗം നോക്കിയാണ് അനന്തു വണ്ടി ഓടിച്ചിരുന്നത്.
പടിഞ്ഞാറ് ഭാഗത്തേക്കുള്ള വഴിയിലൂടെ അവൻ വണ്ടി ഓടിച്ചു. ഒരുപാട് വളവുകളും തിരിവും കയറ്റവും അവനെ അല്പം ബുദ്ധിമുട്ടിച്ചു.
അവൻ പട്ടണത്തിൽ ആയിരുന്നപ്പോൾ ഹൈവേ റോഡിലൂടെ ഓടിച്ചുള്ള മികവ് ഇവിടെ പോരാ എന്ന് അനന്തുവിന് തോന്നി. എങ്കിലും സൂക്ഷ്മതയോടെ അവൻ വണ്ടി ഓടിച്ചു.
“ഡാ എത്താനായോ ? ”
പിറകിൽ നിന്നും ശിവ അവന്റെ ചുമലിൽ കിള്ളാൻ തുടങ്ങി.
“ഇല്ലെടി നീ ഒന്ന് ക്ഷമിക്ക് ”
അനന്തു ഓരോ കാഴ്ചകളും കണ്ടു കൊണ്ടു വണ്ടി ഓടിച്ചു.കുറച്ചു ദൂരം കൂടി ചെന്നപ്പോൾ റോഡിന് ഓരത്തായി കുറച്ചു ജീപ്പുകളും ബൈക്കുകളും ഒക്കെ നിർത്തി വച്ചിരിക്കുന്നത് കണ്ടു.
മുകളിൽ നിന്നും നട ഇറങ്ങി ആൾക്കാർ വരുന്നതും ചിലർ നട കയറി പോകുന്നതും അവർ കണ്ടു. അനന്തു വലിയൊരു മരത്തിനു ചുവട്ടിൽ ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി. ചാവി ഊരി കയ്യിൽ പിടിച്ചുകൊണ്ടു ശിവയെ നോക്കി.
“ഇവിടാണോ കാണാൻ ഉള്ളത് ? ”
ശിവ ഇടുപ്പിൽ കൈ കുത്തി അവനോട് ചോദിച്ചു.
“ആണെന്നല്ലേ ആ ചേച്ചി പറഞ്ഞേ ”
അനന്തു പ്രതീക്ഷയോടെ പറഞ്ഞു.
“ആവോ ആയാൽ മതി ”
“നീ കണ്ടില്ലേ ഒരുപാട് പേരെ.. അവരൊക്കെ അസ്തമയം കാണാൻ വന്നതാ.. നീ വാ ..”
അനന്തു ശിവയുടെ കയ്യിൽ പിടിച്ചു നടന്നു. മലയിലേക്ക് നീണ്ടു കിടക്കുന്ന സ്‌റ്റെപ്സ് കണ്ടതും ശിവയ്ക്ക് അല്പം മടുപ്പ് തോന്നി.
അനന്തു അവളെ നോക്കി ചിരിച്ചു. എന്നിട്ട് അവളെ പ്രോത്സാഹിപ്പിച്ചു. ശിവ ഗത്യന്തരമില്ലാതെ അവന്റെ കയ്യും പിടിച്ചു നടന്നു.
കൈവരിയിൽ പിടിച്ചുകൊണ്ടു അവർ ഓരോ സ്റ്റെപ്പും പതിയെ കയറി.ഇടക്ക് വച്ചു മുകളിൽ നിന്നും താഴേക്ക് വരുന്നവർക്ക് മാറി കൊടുത്തു സ്ഥലം ഒരുക്കി.
ഏകദേശം 50 സ്‌റ്റെപ്സ് കയറി കഴിഞ്ഞതും അവർ ആ മൊട്ട കുന്നിന്റെ മുകളിൽ എത്തി. ശിവ ആകെ ക്ഷീണിതയായിരുന്നു.
അവളുടെ ചെന്നിയിലൂടെ വിയർപ്പ് ഒഴുകിക്കോണ്ടിരുന്നു. മൂക്കിൻ തുമ്പത്തും മേൽ ചുണ്ടിലും വിയർപ്പു കണങ്ങൾ പൊടിഞ്ഞു.
“ടവൽ എടുക്കായിരുന്നു മറന്നു പോയി ”
നാവ് കടിച്ചുകൊണ്ട് ശിവ കൈ കൊണ്ടു മുഖത്തെ വിയർപ്പ് കൂടെ കൂടെ തുടച്ചു മാറ്റിക്കൊണ്ടിരുന്നു. അനന്തു ശിവയേയും കൊണ്ടു കുന്നിന്റെ ഉപരി തലത്തിലൂടെ പതിയെ നടന്നു.
അവിടെ ഒരു ഭാഗത്തു മരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ചിട്ടുള്ള പതിയ്ക്ക് സമീപം ചിലർ തൊഴു കൈയോടെ കൂപ്പി നിൽക്കുന്നു. മറ്റു ചിലർ ഫോട്ടോ എടുക്കുന്ന തിരക്കിലും.
അനന്തു കുന്നിനു ചരുവിൽ ഉള്ള ആൽമരത്തിനു കീഴിലേക്ക് നടന്നു. അതിന്റെ ചവട്ടിൽ ഉള്ള കവുങ്ങ് മുറിച്ചു ചേർത്ത് കൊണ്ട് നിർമിച്ച ഇരിപ്പിടത്തിൽ ശിവയും അനന്തുവും ഇരുന്നു.
മൊട്ട കുന്നിന്റെ താഴ്‌വരയിൽ ഒരുപാട് വീടുകളും പ്രകൃതി രമണീയമായ കാഴ്ചകളും അവർ ആവേശത്തോടെ നോക്കി നിന്നു. അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശം പ്രകൃതിയുടെ ഹരിതാഭയ്ക്ക് അൽപം ഭംഗം വരുത്തിയപ്പോലെ അവനു തോന്നി.
ഭൂമിയിൽ ആകെ ചുവന്ന ചായം വാരി വിതറി സൂര്യൻ പുതു ചിത്രത്തിൽ അൽപം മിനുക്കു പണി നടത്തുന്നു. ബ്രഷിൽ നിന്നും അനുസരണയില്ലാത്ത ചിതറി തെറിച്ച ചുവന്ന തുള്ളികൾ മാനത്തിൽ നിറ വ്യത്യാസം വരുത്തുന്നുന്നു.
പതിയെ അന്നത്തെ ആലേഖനത്തിനു അറുതി വരുത്തിക്കൊണ്ട് സൂര്യൻ ഉറങ്ങുവാനുള്ള ത്വരയിൽ ഭൂമിയുടെ മടിത്തട്ടിലേക്ക് തല ചായ്ച്ചു.നല്ലൊരു അസ്തമയം കണ്ട അനുഭൂതിയിൽ ശിവയും അനന്തുവും ഇരുന്നു.
അവർക്ക് അവിടുന്ന് എണീക്കാനേ തോന്നിയില്ല. അസ്തമയം കണ്ട ശേഷം ഓരോരുത്തർ പിന്തിരിഞ്ഞു പോകുവാൻ തുടങ്ങി.
അനന്തു ആ ഗ്രാമത്തിന്റെ ഭംഗിയും നൈർമല്യവും ആവോളം ആസ്വദിക്കുകയായിരുന്നു. ശിവയ്ക്ക് തന്റെ മനസ്സിലെ സങ്കീർണ്ണതകൾ ഒഴിഞ്ഞു മാറി. ഉഷാറോടെ അവൾ ചാടിയെണീറ്റു.
“ഡാ പോകാം നമുക്ക് ”
“ആം പോയേക്കാം.. ”
അനന്തു വിദൂരതയിലേക്ക് നോക്കികൊണ്ടിരുന്നു. ഈ സമയം അങ്ങ് കിഴക്ക് ഭാഗത്തു നിന്നും പറന്നു വന്ന ഒരു കഴുകൻ അനന്തു ഇരുന്ന ആൽമരത്തിനു തലയ്ക്കൽ അന്തരീക്ഷത്തിലൂടെ വലം വച്ചു ചിറകിട്ടടിച്ചു പറന്നു.
കഴുത്ത് ചരിച്ചു താഴേക്ക് നോക്കിയ കഴുകൻ എന്തോ കണ്ടതും ശബ്ദമുണ്ടാക്കിക്കൊണ്ട് പതിയെ മരത്തിന്റെ ശിഖരത്തിലേക്ക് പറന്നു വന്നിരുന്നു. പൊടുന്നനെ അതു രൂപാന്തരം പ്രാപിക്കുവാൻ തുടങ്ങി.
പതിയെ അതിന്റെ കണ്ണുകൾ രക്ത വർണ്ണമായി മാറി. കൊക്കും നഖങ്ങളും ബ്ലേഡ് പോലെ നീണ്ടു വന്നു.ഉടലും ചിറകുകളും സാവധാനം വികസിച്ചു വന്ന് അതു ഒരു ഒത്ത പക്ഷിയായി മാറി.
ആരും കണ്ടാൽ ഭയക്കുന്ന വന്യമായ രൂപം അതു കൈ വരിച്ചു. മരത്തിന്റെ ശിഖരത്തിൽ ഇരുന്ന് അതു അനന്തുവിനെ തന്നെ ഉറ്റു നോക്കി.
തന്റെ ഇരയെ കണ്ട സന്തോഷത്തിൽ ആ ഭീമാകാരനായ കഴുകൻ തന്റെ കൊക്കുകൾ ശിഖരത്തിൽ ഉരച്ചു മൂർച്ചയുണ്ടെന്നു ഉറപ്പു വരുത്തി.
“എന്നാൽ പോകാം. ”
അനന്തു പതിയെ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. അവൻ ഒന്നു കൂടി വിദൂരതയിലേക്ക് നോക്കികൊണ്ട് പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു.
ഈ സമയം കഴുകന്റെ കണ്ണുകൾ വെട്ടി തിളങ്ങി. അതു തന്റെ ഇരയെ പിടിക്കാനുള്ള ഉദ്യമത്തിനായി പുറകിലേക്ക് ആഞ്ഞു മുന്നോട്ടേക്ക് ചാട്ടുളി പോലെ കുത്തിക്കാനായി ആഞ്ഞു.
അപ്പൊ ആൽമരത്തിനു പുറകിലുള്ള പതിയിൽ പൊടുന്നനെ ഒരു ചലനമുണ്ടായി. അതിൽ നിന്നും ഉത്ഭവിച്ച തരംഗങ്ങൾ പ്രകമ്പനത്തോടെ മണ്ണിലൂടെ ചലിച്ചു ആൽമരത്തിനു കീഴെയെത്തി.
ആൽമരത്തിനു ചുവട്ടിൽ എത്തിയതും തരംഗങ്ങൾ വൃക്ഷത്തിന്റെ ശരീരത്തിലൂടെ മുകളിലേക്ക് സഞ്ചരിച്ചു എല്ലാ ശിഖരങ്ങളിലേക്കും ദ്രുതഗതിയിൽ അത് പ്രവഹിക്കപെട്ടു.
ശിഖരങ്ങളിലൂടെ സഞ്ചരിച്ച തരംഗങ്ങൾ സ്ഫുരിച്ചതും കഴുകൻ ദൂരേക്ക് ഞൊടിയിടയിൽ തെറിച്ചു വീണു. കാലിനു പൊള്ളലേറ്റ കഴുകൻ പ്രാണ രക്ഷാർത്ഥം കരഞ്ഞുകൊണ്ട് ഉരുണ്ടു പിരണ്ടെണീറ്റു.
പതിയെ വേച്ചു നടന്ന ഭീമാകാരനായ കഴുകൻ സാവധാനം യഥാ രൂപം സ്വീകരിച്ചു കിഴക്ക് ദിക്ക് ലക്ഷ്യമാക്കി വിവശതയോടെ പറന്നു.
ഈ സമയം അനന്തുവും ശിവയും സ്‌റ്റെപ്സ് ഇറങ്ങി കുന്നിനു താഴേക്ക് എത്തിയിരുന്നു. അവർ ബുള്ളറ്റ് നിർത്തി വച്ചിരിക്കുന്നതിനു സമീപത്തേക്ക് പോയി.
ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിപ്പിച്ചു. കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു.
ഇരുവരെയും കാണാത്തതിനാൽ സീത വഴി കണ്ണുമായി അവരെ കാത്തിരിക്കുവായിരുന്നു.
ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ സീതയിൽ ആശ്വാസത്തിന്റ വെളിച്ചം കത്തി. ബുള്ളറ്റിൽ നിന്നു ഇറങ്ങിയതും ശിവ സീതയുടെ അടുത്തേക്ക് ഓടി അവളുടെ കയ്യിൽ പിടിച്ചു കവിളിൽ മുത്തം നൽകി. സീത അവളെ ചേർത്തു പിടിച്ചു.
“എവിടെ പോയതാ ചേട്ടനും അനിയത്തിയും കൂടി ? ”
സീത പരിഭവത്തോടെ ചോദിച്ചു.
“ഞങ്ങൾ സൂര്യാസ്തമയം കാണാൻ പോയതാ”
ശിവ ഉത്സാഹത്തോടെ പറഞ്ഞു.
“ഏത് ആ മൊട്ടക്കുന്നിലോ ? ”
“അതു തന്നെ ”
“ആരാ പറഞ്ഞേ അങ്ങോട്ട് പോയാൽ മതിയെന്ന് ? ”
സീത ശിവയുടെ മുടിയിൽ പതിയെ തഴുകി.
“വഴിയിൽ കണ്ട ഒരു ചേച്ചി പറഞ്ഞതാ”
അനന്തു അതിനു ഉത്തരം നൽകി.
“ആഹാ എങ്കിൽ വേഗം രണ്ടാളും കൂടി അകത്തേക്ക് വാ ചായ കുടിക്കാം ”
സീത അവരെ നോക്കി പറഞ്ഞ ശേഷം തിരിഞ്ഞു നേരെ അടുക്കളയിലേക്ക് നടന്നു. അനന്തുവും ശിവയും അമ്മായിയുടെ പുറകെ നടന്നു.
അടുക്കളയിലെത്തിയ അവർക്ക് ആവി പറക്കുന്ന ചായ കപ്പ് നീട്ടികൊണ്ട് ഷൈല അമ്മായി അവരെ നോക്കി ചിരിച്ചു. ശിവ കപ്പും വാങ്ങി സീതയുടെ പുറകെ എങ്ങോട്ടോ പോയി.
അനന്തു ചായ കപ്പ് കയ്യിൽ വാങ്ങി അതു കുടിച്ചു നോക്കി. ആ ചായ അവനു ഒരുപാട് ഇഷ്ട്ടമായി.
“അമ്മായി ആണോ ഈ ചായ ആക്കിയേ? ”
“അതേ അനന്തു എന്തെ ഇഷ്ട്ടായില്ലേ? ”
ഷൈല പരിഭ്രമത്തോടെ അവനെ നോക്കി.
“അയ്യോ വേറൊന്നുംകൊണ്ടല്ല നല്ല ചായ ആണ്. എനിക്ക് ഇഷ്ട്ടമായി.”
അതു കേട്ടതും ഷൈലയുടെ ഉള്ളിലുള്ള പരിഭ്രമം അവളെ വിട്ടകന്നു.
“അമ്മായി അഞ്ജലിയ്ക്ക് ചായ കൊടുത്തായിരുന്നോ ? ”
അനന്തു ശങ്കയോടെ ചോദിച്ചു.
“ഇല്ല അനന്തു ഞാൻ കൊടുക്കാൻ പോകുവാ”
“എങ്കിൽ എന്റെ കയ്യിൽ തരുമോ ഞാൻ അവൾക്ക് കൊടുത്തോട്ടെ ? ”
പ്രതീക്ഷയോടെയുള്ള അനന്തുവിന്റെ ചോദ്യം കേട്ടതും ഷൈലക്ക് ഒരുപാട് സന്തോഷം തോന്നി.
“അതിനെന്താ അനന്തു”
ഉത്സാഹത്തോടെ ഒരു കപ്പ് ചായ കൂടി ഷൈല അനന്തുവിന്റെ കയ്യിൽ കൊടുത്തു.
ഷൈലയെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അനന്തു നടു മുറ്റത്തേക്ക് നടന്നു. അവിടുന്ന് നേരെ അഞ്ജലിയുടെ മുറിയ്ക്ക് സമീപം എത്തി.
മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നതിനാൽ അനന്തു അഞ്‌ജലി എന്ന് വിളിച്ചുകൊണ്ടു മുറിയിലേക്ക് കയറി ചെന്നു.
ഈ സമയം അഞ്‌ജലി മുറിയിലെ ചൂരൽ കസേരയിൽ ഇരുന്ന് ബുക്കിൽ മുഖം പൂഴ്ത്തിയിരിക്കുവായിരുന്നു. അനന്തുവിന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി. പൊടുന്നനെ അവളുടെ അധരങ്ങളിൽ പുഞ്ചിരി വിരിഞ്ഞു.
“ആഹാ ആരിത് നന്ദുവേട്ടനോ വാ ”
“അഞ്‌ജലി ഞാൻ ചായ കൊണ്ടു തരാൻ വന്നതാ ”
അനന്തു അവൾക്ക് നേരെ ചായ നീട്ടിക്കൊണ്ട് പറഞ്ഞു.
“നന്ദുവേട്ടൻ എന്തിനാ അതൊക്കെ ചെയ്തു ബുദ്ധിമുട്ടുന്നേ.. ഷൈലമ്മ കൊണ്ടു തരുമായിരുന്നല്ലോ ”
അഞ്‌ജലി മുൻകൂറായി അവനോട് ക്ഷമ യാചിച്ചു.
“അതിനെന്താ അഞ്‌ജലി ഇതൊക്കെ എന്റെ സന്തോഷമല്ലേ …ഇതാ വാങ്ങിച്ചോ ”
അനന്തു നീട്ടിയ ചായക്കപ്പ് അഞ്‌ജലി കൈകൾ എത്തിച്ചു വാങ്ങി. സന്തോഷത്തോടെ അവൾ ചായകപ്പ് ചുണ്ടോടടുപ്പിച്ചു ഊതി കുടിച്ചു. അനന്തു അവളെ വാത്സല്യപൂർവം നോക്കി നിന്നുപോയി.
“ചായ ഊതി കുടിക്കുന്നതായിരുന്നു ഗുപ്തനിഷ്ട്ടം ”
ഹരികൃഷ്ണൻസിലെ ഡയലോഗ് ഉരുവിട്ടുകൊണ്ട് അനന്തു ഊറി ചിരിച്ചു.
“ഓഹ് ഞങ്ങളൊക്കെ പിന്നെ ചായ തിളച്ച വഴി അണ്ണാക്കിലേക്ക് കമിഴ്ത്താറാണല്ലോ പതിവ്”അഞ്‌ജലി ഒരു ലോഡ് പുച്ഛം ഇറക്കി.
“അയ്യേ ചളി ചളി …. കട്ട ചളി ”
അനന്തു അഞ്ജലിയെ കളിയാക്കി.
“എന്റെ അടുത്ത് നിന്നും ഇത്രയ്‌ക്കൊക്കെ നിലവാരം പ്രതീക്ഷിച്ചാൽ മതി നന്ദുവേട്ടൻ.”
അഞ്‌ജലി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.
“ശരി മാഡം ചായ കുടിക്ക് വേഗം ”
“നന്ദുവേട്ടൻ കുടിച്ചോ ? ”
അഞ്‌ജലി തിരക്കി
“കുടിച്ചു അഞ്ജലിക്കുട്ടി”
അനന്തു അവളെ നോക്കി കണ്ണു ചിമ്മി.അനന്തു പതിയെ മുറിയിൽ ആകമാനം കണ്ണുകൾ ഓടിച്ചു. അപ്പോൾ കട്ടിലിന്റെ തലയ്ക്കൽ ഉള്ള ഒരു ഡ്രോയിങ് ബുക്ക് അവന്റെ കണ്ണുകൾ ഉടക്കി. അവൻ അതു കൈ നീട്ടി വലിച്ചെടുത്തു.
“അയ്യോ അതെടുക്കല്ലേ ”
അഞ്‌ജലി വെപ്രാളത്തോടെ ഒച്ചപ്പാടാക്കി.
“അതെന്തേ ഞാൻ നോക്കണ്ടേ? ”
അനന്തു പുരികം പൊന്തിച്ചു അവളെ നോക്കി
“വേണ്ട ”
നിഷേധാർത്ഥത്തിൽ അഞ്‌ജലി തലയാട്ടി.
“എന്നാൽ നോക്കിയിട്ട് തന്നെ കാര്യം. ”
അനന്തു അവളെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു ഡ്രോയിങ് ബുക്കിന്റെ ആദ്യ താള് മറിച്ചു. അതിനു ശേഷം വീണ്ടുമൊരു താള് കൂടി മറിച്ചു.
അതു കണ്ടതും അനന്തുവിന്റെ കണ്ണുകൾ വിടർന്നു. അവൻ അമ്പരപ്പോടെ ആ താളിൽ ആലേഖനം ചെയ്ത ചിത്രത്തിലേക്ക് നോക്കി. അഞ്‌ജലി ചമ്മൽ കാരണം തന്റെ കണ്ണുകൾ കൈകൾ വച്ചു മുറുകെ പൂട്ടി.
“അഞ്‌ജലി എന്റെ ചിത്രം എത്ര മനോഹരമായിട്ടാ വരച്ചു വച്ചിരിക്കുന്നേ..
എനിക്ക് ഒരുപാട് ഇഷ്ട്ടമായിട്ടോ ”
അനന്തു അത്ഭുതത്തോടെ അഞ്‌ജലി വരച്ച തന്റെ ചായാ ചിത്രത്തിലേക്ക് കണ്ണുകൾ നട്ടിരുന്നു.
“സത്യമാണോ ഒരുപാട് ഇഷ്ട്ടായോ? ”
അഞ്‌ജലി വിശ്വാസം വരാതെ അവനെ നോക്കി.
“സത്യം അഞ്‌ജലി. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എന്നെയും ഇങ്ങനെ വരയ്ക്കാൻ പഠിപ്പിക്കുമോ? ”
“ഞാൻ പഠിപ്പിക്കാം നന്ദുവേട്ടാ ”
“ആഹാ സന്തോഷം. ”
അനന്തു അഞ്ജലിയെ നോക്കി പുഞ്ചിരിച്ചു. അഞ്‌ജലി അനന്തുവിന്റെ നീല കണ്ണുകളും ചിരിയും ഒക്കെ നോക്കിയിരിക്കുകയായിരുന്നു. അവൾക്ക് അവന്റെ ചിരിയും സംസാരവും വല്ലാത്തൊരു ഊർജം നൽകുന്നതായി തോന്നി.
അനന്തു യാദൃശ്ചികമായി അടുത്ത താള് കൂടി മറിച്ചു. ആ താളിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം കണ്ടതും അനന്തു സ്തബ്ധനായി.
ആ ചിത്രത്തിലൂടെ അനന്തുവിന്റെ കണ്ണുകൾ ഓടി നടന്നു.മനസ്സിനുള്ളിലേക്ക് വല്ലാത്തൊരു ദുഃഖം നുരഞ്ഞു പൊന്തുന്നപോലെ അവനു തോന്നി.ഒരു ദീർഘ നിശ്വാസം വിട്ടു ചിത്രത്തിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തു അഞ്ജലിയെ അവൻ ഉറ്റു നോക്കി.
“ഇന്ന് വെളുപ്പിനെ കണ്ട സ്വപ്നമാ.. ഒരാൾ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്ന രംഗം. പഞ്ഞികെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിൽ ആയിരുന്നു അവരുടെ വിവാഹം. എന്റെ മുന്നിൽ തടസ്സം സൃഷ്ട്ടിച്ച കോട മഞ്ഞിനെ വകഞ്ഞു മാറ്റി ഞാൻ അവർക്ക് സമീപം പതിയെ നടന്നെത്തി.അപ്പൊ അയാൾ താലി കയ്യിൽ എടുത്തു ആ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടുകയായിരുന്നു. അപ്പോഴാണ് അതു നന്ദുവേട്ടൻ ആണെന്ന് എനിക്ക് മനസ്സിലായത്. അപ്പൊ ഞാൻ ആ പെൺകുട്ടിയെ പൊടുന്നനെ നോക്കി. പക്ഷെ അവളുടെ മുഖം അവ്യക്തമായിരുന്നു.ആ സമയം നാല് ദിക്കിൽ നിന്നും ഒരേ സമയം നിങ്ങൾക്ക് നേരെ പുഷ്പ്പ വൃഷ്ടി ഉണ്ടായി.വല്ലാത്തൊരു അനുഭൂതിയോടെയാ ഞാൻ അതു കണ്ടു നിന്നത്. അതു മാത്രമല്ല ഞാൻ ആ സ്വപ്നം കാണുമ്പോൾ പഴയപോലെ എണീറ്റു നിൽക്കുവായിരുന്നു ഉഷാറോടെ… അല്ലാതെ വീൽ ചെയറിൽ ആയിരുന്നില്ല..”
അഞ്‌ജലി താൻ കണ്ട സ്വപ്നത്തെ കുറിച്ച് വാചാലയായി. അനന്തു ഇതിക്കെ കേട്ട് ആദ്യം അത്ഭുതം തോന്നിയെങ്കിലും പിന്നെ അതു അവളുടെ സ്വപ്നമാണല്ലോ എന്ന് ഓർത്തു അതിനെ തള്ളി കളഞ്ഞു.
അവൻ വീണ്ടും ആ ചിത്രത്തിലേക്ക് ഉറ്റു നോക്കി. താൻ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്നത് അവൾ മനോഹരമായി വരച്ചു വച്ചിരിക്കുന്നു.എന്നാൽ സ്വപ്നത്തിൽ കണ്ടത് പോലെ ഇവിടെയും അവളുടെ മുഖം അവ്യക്തമാണ്.
“ശോ നല്ലൊരു സ്വപ്നം ആയിരുന്നു ”
അഞ്‌ജലി നെടുവീർപ്പെട്ടു.
“സാരമില്ല അതു വിട് നമുക്ക് വേറെന്തെലും പറയാം.”
വിഷയം മാറ്റാൻ അനന്തു ശ്രമിച്ചു. അങ്ങനെ കുറേ നേരം അവർ ഇരുന്നു വർത്തമാനം പറഞ്ഞു. കൂടുതലായി അടുത്തു.
വീടിനു പുറത്തു ഇരുൾ വ്യാപിച്ചതും ഷൈല അഞ്ജലിയെ കുളിപ്പിക്കാൻ കൊണ്ടു പോകുന്നതിനായി വന്നു. ഈ സമയം തറവാട്ടിലെ ഉദോഗസ്ഥരും മറ്റുമെല്ലാം ജോലി കഴിഞ്ഞു തിരിച്ചെത്തിയിരുന്നു.
രാത്രിയിലെ കുളിയും അത്താഴവും എല്ലാം കഴിഞ്ഞു മനയിലെ ആണുങ്ങൾ എല്ലാം മനയ്ക്ക് സമീപമുള്ള ചായ്പ്പിൽ ഒത്തുകൂടി.
മുറിയുടെ ഒത്ത നടുക്ക് വില കൂടിയ വിദേശ മദ്യത്തിന്റെ ശേഖരം കണ്ട് അനന്തുവിനു ചിരി വന്നു.മുത്തശ്ശനും മക്കളായ പ്രഭാകരനും വിജയനും ഭാസ്കരനും പിന്നെ ശിവജിത്തും ഗ്ലാസുകളിൽ തുല്യമായി ഒഴിച്ച് ആദ്യത്തെ സിപ് നുണഞ്ഞു.
ബലരാമൻ എല്ലാവർക്കും ഒഴിച്ച് കൊടുക്കുന്ന തിരക്കിലും അനന്തു ചിക്കൻ ഫ്രൈ പാത്രത്തിലേക്ക് ആക്കുന്ന തിരക്കിലും ആയിരുന്നു. ഇടക്കിടക്ക് അനന്തു ശിവജിത്തിനെ നോക്കി ചിരിക്കുവാൻ ശ്രമിച്ചെങ്കിലും അവൻ മൈൻഡ് ചെയ്തതേ ഇല്ല.
ശിവജിത്ത് അഹന്തയോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു.ബലരാമന്റെ മൂത്ത പുത്രന്റെ പെരുമാറ്റം അനന്തുവിന് അല്പം സങ്കടം വരുത്തിയെങ്കിലും അതു ഉള്ളിലൊതുക്കി.
“അനന്തൂട്ടാ നിനക്കും ഒഴിക്കട്ടെ? ”
ബലരാമൻ കള്ള ചിരിയോടെ അവനെ നോക്കി ചോദിച്ചു
“അയ്യോ വേണ്ട അമ്മാവാ ഞാൻ കുടിക്കാറില്ല”
“ശരി മോനെ”
അയാൾ മദ്യം തീരുന്ന മുറയ്ക്ക് ഗ്ലാസ്സുകളിലേക്ക് പകർത്തുന്നതിൽ വ്യാപൃതനായി. അപ്പൊ അവിടേക്ക് ഒരു പോലീസ് ജീപ്പ് കടന്നു വന്നു.
അതിൽ നിന്നും ഇറങ്ങിയ കാക്കി അണിഞ്ഞ ഒരു മധ്യവയസ്കൻ ചായ്പ്പിലേക്ക് പൊടുന്നനെ നടന്നു വന്നു. മുറിയിലേക്ക് കയറിയ അയാൾ അവിടുള്ള മദ്യപാന സഭയെ ഒന്ന് ചുഴിഞ്ഞു നോക്കി.
മേശയ്ക്ക് സമീപം ഇരിക്കുന്ന ശങ്കരനെ കണ്ടതും അയാൾ വിനയത്തോടെ അദ്ദേഹത്തെ വണങ്ങി. വല്ലാത്തൊരു ബഹുമാനം ആ പോലീസുകാരനിൽ അനന്തു കണ്ടു.
“രാജാ ഒരു ഗ്ലാസ് ഒഴിക്കട്ടെ? ”
ബലരാമൻ കുപ്പി ഉയർത്തികാണിച്ചുകൊണ്ട് ചോദിച്ചു.
“വേണ്ട ബലരാമൻ അങ്ങുന്നേ പെണ്ണുംപിള്ള തലയ്ക്കിട്ട് അടിക്കും അതാ”
രാജൻ തലചൊറിഞ്ഞുകൊണ്ട് അവരെ നോക്കി.
“നീ ഒരു എസ് ഐ തന്നെയല്ലേടാ എന്നിട്ടാണോ ഈ പേടി ? ”
ശങ്കരൻ കാലിന്മേൽ കാലും കയറ്റി കസേരയിലേക്ക് അമർന്നിരുന്നു.
“എന്ത് ചെയ്യാനാ അങ്ങുന്നേ ഞാൻ ഇങ്ങനായിപ്പോയി ”
“ഹാ അതെന്തേലും ആവട്ടെ.. എന്തായി കാര്യങ്ങൾ? ”
ശങ്കരൻ മീശ പിരിച്ചുകൊണ്ട് ഗൗരവം കൈ വരിച്ചു.
“ശത്രു പാളയത്തു കാര്യമായ ചർച്ച ആണെന്നാ അറിഞ്ഞത്. തിരുവമ്പാടിക്കാര് ഇത്തവണ രണ്ടും കൽപ്പിച്ചാ ”
“ഹ്മ്മ് ഒരു തിരുവമ്പാടിക്കാർ… എന്റെ കയ്യിൽ കിട്ടിയാൽ എല്ലാത്തിനെയും ഞെരിക്കും ഞാൻ”
പല്ലിറുമ്മിക്കൊണ്ട് ശിവജിത്ത് കയ്യിലിരുന്ന ഗ്ലാസ് മേശയിൽ ശക്തമായി അടിച്ചു. അടിച്ച ശക്തിയിൽ അതിൽ നിന്നും മദ്യം നിലത്തേക്ക് തുളുമ്പി.
“ബലരാമൻ അങ്ങുന്നേ കുഞ്ഞിനോട് പറ അവര് നല്ല പണി തരാൻ ചാൻസ് ഉണ്ടെന്ന് ”
രാജൻ പോലീസ് സങ്കോചത്തോടെ അവരെ നോക്കി.
“പ്ഫാ നായെ നിനക്ക് എന്ത് അറിയാം ഈ ശിവജിത്തിനെ കുറിച്ച് .. അവന്മാരുടെ കുടുംബം അടക്കം കത്തിക്കും ഞാൻ ഒറ്റ രാത്രികൊണ്ട്… കാണണോ തനിക്ക് ? ”
ശിവജിത്ത് കസേരയിൽ നിന്നും ചാടിയെണീറ്റ് ചീറിക്കൊണ്ട് പറഞ്ഞു. രാജൻ പോലീസ് നേരിയ ഭയത്തോടെ പുറകിലേക്ക് ഒരു ചുവട് വച്ചു. രോഷത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു ശിവജിത്ത് അയാളെ തുറിച്ചു നോക്കി.
“ജിത്തൂ നീ വീട്ടിലേക്ക് കേറിപ്പോ”
ശങ്കരൻ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. അതു കേട്ടിട്ടും കലിയടങ്ങാതെ ശിവജിത്ത് അവിടെ തന്നെ നിന്നപ്പോൾ ശങ്കരൻ കോപത്തോടെ കസേരയിൽ നിന്നും ചാടിയെണീറ്റു.
“കേറിപ്പോടാ അകത്തേക്ക് ”
ശങ്കരൻ ആജ്ഞയുടെ സ്വരത്തിൽ അവനു നേരെ അലറി. ശിവജിത്ത് നിലത്തു അമർത്തി ചവിട്ടി തന്റെ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് മനയിലേക്ക് കയറിപ്പോയി.
മുത്തശ്ശൻ ദേഷ്യപെടുന്നത് അനന്തു ആദ്യമായി കാണുകയായിരുന്നു. അവനും എന്തോ ഒരു വയ്യായ്മ പോലെ തോന്നി.
“രാജൻ പൊയ്ക്കോ”
ശങ്കരന്റെ ആജ്ഞ കേട്ടതും ബലരാമൻ അങ്ങുന്നിന് എങ്ങനെ ഇങ്ങനൊരു മകൻ ഉണ്ടായി എന്ന് ആത്മഗതം പറഞ്ഞു രാജൻ അവരെ വണങ്ങിയിട്ട് തിരിച്ചു ജീപ്പിലേക്ക് പോയി. അല്പ സമയം അവിടെ നിശബ്ദത തളം കെട്ടിക്കിടന്നു.
“അനന്തൂട്ടാ പോയി കിടന്നോ ”
ബലരാമൻ അവനെ നോക്കി പുഞ്ചിരിക്കുവാൻ ശ്രമിച്ചു. പക്ഷെ ആ പുഞ്ചിരിക്ക് പുറകിൽ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി അനന്തുവിന് തോന്നി. അവൻ അവിടെ നിന്നും എണീറ്റു പതിയെ മനയിലേക്ക് നടന്നു.
പൂമുഖത്തു നിന്നും നേരെ തന്റെ മുറിയിലേക്ക് അനന്തു നടന്നു. ആ സമയം ആ വീടിന്റെ വലുപ്പം അവനു അല്പം അസ്വസ്ഥതയുളവാക്കി. അവസാനം നടന്നു മുറിയിലേക്ക് എത്തി വാതിൽ അടച്ചു കുറ്റിയിട്ട് അവൻ ബെഡിലേക്ക് വന്നു കിടന്നു.
എത്ര ഉറങ്ങാൻ ശ്രമിച്ചിട്ടും നിദ്രാ ദേവി അവനെ കടാക്ഷിച്ചില്ല. നിരാശയോടെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്തൊക്കെയോ ആലോചനകൾ അവനെ അസ്വസ്ഥനാക്കി.
ഈ മുറിയിൽ തനിക്ക് ഒരിക്കലും സമാധാനത്തോടെ ഉറങ്ങാൻ പറ്റിയിട്ടില്ലെന്ന് വിവശതയോടെ അവൻ ഓർത്തു. പെട്ടെന്നു എന്തോ ഓർത്തപോലെ അനന്തു കട്ടിലിൽ നിന്നും ചാടിയെണീറ്റു.
മുറിയിലെ മേശയുടെ വലിപ്പിൽ വച്ചിരുന്ന ദേവന്റെ ഡയറി അവൻ എടുത്തു. ഏതായാലും അതു വായിച്ചു സമയം കളയാമെന്ന ചിന്തയിൽ അനന്തു തിരിച്ചു കട്ടിലിൽ വന്നു കിടന്നു.
ഡയറി വയറിൽ ക്രമീകരിച്ചു വച്ചു. ആദ്യത്തെ രണ്ടു മൂന്ന് താൾ മറിച്ചപ്പോൾ ആ പെൺകുട്ടിയുടെ ചിത്രം വീണ്ടും അവൻ കണ്ടു. അതിനോട് എന്തോ ഒരു ആകർഷണം പോലെ അവനു തോന്നി.
ആ അവ്യക്തമായ ചിത്രം പൂർണമായിരുന്നുവെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. അതിൽ നിന്നും കണ്ണെടുത്തു അവൻ ആ താൾ മറിച്ചു. അപ്പോൾ കണ്ട താളിൽ ദേവൻ മഷിപ്പേന കൊണ്ടു വടിവൊത്ത അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നതു അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു. അവൻ അതിലൂടെ തന്റെ കണ്ണുകൾ ഓടിച്ചു.
ഇത്ര നാളും ഞാൻ കാത്തിരുന്ന എന്റെ സഖിയെ ഞാൻ കണ്ടെത്തി. കാലം അവളെ എനിക്ക് മുൻപിൽ കൊണ്ടു വന്നു നിർത്തി.ഞാൻ ആരാധിക്കുന്ന എന്റെ ദേവിക്കും പ്രകൃതിക്കും എന്റെ മനസ്സറിഞ്ഞ നന്ദി അർപ്പിക്കുന്നു. എന്റെ കല്യാണി.ദേവന്റെ മാത്രം കല്യാണി. ഇനി ഈ ദേവന്റെ ലോകം എന്റെ കല്യാണിയ്ക്ക് ചുറ്റും മാത്രമായിരിക്കും. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കല്യാണിക്കുട്ടി.
അനന്തുവിന്റെ കണ്ണുകൾ ആ വാരിയിലൂടെ പല തവണ ഓടി നടന്നു. എത്ര വായിച്ചിട്ടും അവനു അതു മതിയാകാത്ത പോലെ തോന്നി. പല ആവർത്തി അവൻ വീണ്ടും വായിച്ചു. പതിയെ അടുത്ത താളിലേക്ക് അവന്റെ കണ്ണുകൾ എത്തി.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
രാവിലെ തന്നെ വൈകി എണീറ്റത്തിന്റെ ദേഷ്യത്തിൽ ആയിരുന്നു ദേവൻ. ഉറ്റ സുഹൃത്തിന്റെ കുഞ്ഞിന്റെ നൂല് കെട്ടാണ്.
അപ്പൊ രാവിലെ തന്നെ അവിടെ ഹാജരാകണമെന്ന് അവന്റെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ തലേന്ന് അല്പം കള്ള് കുടിച്ചതിന്റെ മന്ദതയിൽ ദേവൻ ഉറങ്ങിപ്പോയി.
രാവിലെ വൈകി എണീറ്റപ്പോഴാണ് അവനു ബോധം വന്നത്. പെട്ടെന്നു തന്നെ കുളിച്ചു റെഡി ആയി വന്നു എണ്ണ കിനിയുന്ന കോലൻ മുടിയിഴകൾ ഒതുക്കി വച്ചു ബെൽ ബോട്ടം പാന്റ്സും അയഞ്ഞ ഷർട്ടും ബെൽറ്റും അണിഞ്ഞു ഒരു കൂളിംഗ് ഗ്ലാസും മുഖത്തു ഫിറ്റ് ചെയ്തു അവൻ മുറിയിൽ നിന്നും പൂമുഖത്തേക്ക് ഇറങ്ങി വന്നു.
ഈ സമയം ശങ്കരൻ പൂമുഖത്തെ ചാരു കസേരയിൽ ഇരുന്നു റേഡിയോയിലൂടെ ആകാശവാണി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ദേവനെ കണ്ടതും അയാൾ പുഞ്ചിരിച്ചു.
“എങ്ങോട്ടാടാ രാവിലെ? ”
“ഞാൻ രഘുവേട്ടന്റെ വീട്ടിൽ പോകുവാണ് അച്ഛാ.. ഇന്നാ പുള്ളിടെ കുഞ്ഞിന്റെ നൂല് കെട്ട് ”
“ആണോ എപ്പോഴാ നീ തിരിച്ചു വരുന്നേ ? ”
ശങ്കരൻ ഒന്നിരുത്തി മൂളിക്കൊണ്ട് ചോദിച്ചു.
“ഉച്ച കഴിഞ്ഞു തിരിക്കാം അച്ഛാ എന്തേലും ആവശ്യമുണ്ടോ? ”
“ഹാ നമുക്ക് അമ്പലത്തിലേക്ക് ഒന്നു പോകണം. ഇന്നല്ലേ അവിടുത്തെ കുറി വിളിക്കുന്നേ.. പൂജാരി നമ്മളോട് പ്രത്യേകം പോകാൻ പറഞ്ഞിട്ടുണ്ട്. ഉച്ച പൂജയുടെ സമയത്ത് പോകാം എന്താ? ”
“അച്ഛന്റെ ഇഷ്ട്ടം പോലെ”
ദേവൻ വിനയത്തോടെ പറഞ്ഞു.
“എന്നാൽ പൊക്കോ ”
ദേവൻ തലയാട്ടികൊണ്ട് ചാവി കയ്യിൽ പിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി. ഈ സമയം തൊടിയിൽ കളിക്കുകയായിരുന്ന മാലതി ഇത് കണ്ടതും ദേവന്റെ അരികിലേക്ക് ഓടി വന്നു. അവൾ നന്നായി കിതച്ചു.
“ദേവേട്ടാ പോരുമ്പോ എന്റെ നാരങ്ങ മിട്ടായി മറക്കല്ലേ കേട്ടോ”
മാലതി കൊഞ്ചിക്കൊണ്ട് ദേവനിലേക്ക് അടുത്തു നിന്നു.
“ഇല്ലെന്റെ മാതു ഞാൻ മറക്കാണ്ട് വാങ്ങിച്ചോളാ ”
ദേവൻ അവളുടെ കവിളിൽ വാത്സല്യ പൂർവ്വം പതിയെ തലോടി.
“എന്റെ ചക്കരയേട്ടൻ ഉമ്മാ ”
മാലതി ദേവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി. ദേവൻ അവളെ ചേർത്തു പിടിച്ച ശേഷം ബുള്ളെറ്റിലേക്ക് കയറിയിരുന്നു ചാവി ഇട്ടു തിരിച്ചു സ്റ്റാർട്ട് ചെയ്തു.
ബുള്ളെറ്റിലെ യാത്ര വല്ലാതെ ഒരു ഹരം ആയി മാറിയെന്നു അവനു ഇടക്ക് തോന്നാറുണ്ടായിരുന്നു. മാലതി അവനു നേരെ കൈകൾ വീശി.
ദേവൻ തലയാട്ടികൊണ്ട് നേരെ പടിപ്പുരയിലേക്ക് വണ്ടിയിറക്കി. റോഡിലേക്ക് കയറിയ ശേഷം നേരെ രഘുവേട്ടന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
വൈകി ചെന്നാൽ രഘുവേട്ടന്റെ വായിലിരിക്കുന്നതു കേൾക്കേണ്ടി വരുമെന്ന ബോധം ഉള്ളതോണ്ട് ആക്‌സിലേറ്റർ തിരിച്ചു അവൻ വേഗത്തിൽ പോയി.ചെമ്മൺ റോഡിലൂടെ ഉള്ള യാത്ര കുറേ നേരം പിന്നിട്ടിരുന്നു.
പൊടുന്നനെ മുന്നിൽ കണ്ട വളവിൽ ദേവൻ ബുള്ളറ്റ് വീശിയെടുത്തപ്പോൾ വെടി ചില്ല് പോലെ റോങ് സൈഡിലൂടെ വന്ന സൈക്കിൾ കണ്ടതും അവൻ പെട്ടെന്നു വലത്തേക്ക് വെട്ടിച്ചു.
മുടിനാരിഴ വ്യത്യാസത്തിൽ സൈക്കിളിനെ മറി കടന്നു പൊടുന്നനേ ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തിൽ ചരലിൽ ടയറുകൾ തെന്നി ബുള്ളറ്റും ദേവനും നിലത്തേക്ക് പതിച്ചു.
ദേവൻ പതിയെ ആയാസപ്പെട്ട് കൈ കുത്തി എണീറ്റു. അവനു തോളിനു ചെറിയ വേദന ഉള്ള പോലെ തോന്നി. പെട്ടെന്നാണ് സൈക്കിൾ ഓടിച്ച ആളുടെ കാര്യം അവനു ഓർമ വന്നത്.
ദേവൻ സംഭ്രമത്തോടെ എണീറ്റു സൈക്കിളിനു സമീപത്തേക്ക് ഓടി.അപ്പൊ സൈക്കിളിന്റെ അടിയിൽ പെട്ടു കിടക്കുന്ന പെണ്കുട്ടിയിലേക്ക് അവന്റെ കണ്ണുകൾ പാറിയത്.
അവൾ വലിയ വായിൽ നിലവിളിക്കുന്നുണ്ടായിരുന്നു.ഒരു ബ്ലൗസും പാവാടയും ആയിരുന്നു അവളുടെ വേഷം. വേദന സഹിക്കാനാവാതെ ആ പെൺകുട്ടി കണ്ണുകൾ ഇറുക്കെ പിടിച്ചു കിടന്നു.
അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ദേവൻ സങ്കോചത്തോടെ അവൾക്ക് സമീപം കുത്തിയിരുന്ന് അവളുടെ ചുമലിൽ കൈകൾ വച്ചു.
“കുട്ടി കുഴപ്പം ഒന്നുമില്ലലോ അല്ലെ? ”
ദേവന്റെ ശബ്ദം കേട്ടതും ആ പെൺകുട്ടി പതിയെ തലയുയർത്തി നോക്കി. അവളുടെ മുഖത്തു അസഹനീയമായ വേദന നിഴലിക്കുന്നുണ്ടായിരുന്നു.
മുഖത്തേക്ക് മുടിയിഴകൾ ഉതിർന്നു കിടന്നിരുന്നു.അവളുടെ പൂച്ച കണ്ണുകളും ചുവന്ന അധരങ്ങളും ഇരു നിറവും അവളെ ഒരുപാട് സുന്ദരിയാക്കിയിരുന്നു.
വല്ലാത്തൊരു ഐശ്വര്യം ആ മുഖത്തു തെളിഞ്ഞു നിൽക്കുന്നതായി അവനു തോന്നി. ഈ സമയം ദേവനെ കണ്ടതും ആ പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു. അവൾ ഭയ ഭക്തി ബഹുമാനത്തോടെ അവനെ നോക്കി.
“അങ്ങുന്നേ”
ആ പെൺകുട്ടി അല്പം വെപ്രാളത്തോടെ കൈ കുത്തി എണീക്കാൻ ശ്രമിച്ചു. എന്നാൽ വേദന കൊണ്ടു പുളഞ്ഞതും അവൾ ആ ശ്രമം ഉപേക്ഷിച്ചു. വയ്യായികയോടെ അവൾ ദേവനെ നോക്കി.
“അങ്ങുന്നേ അറിയാതെ വഴി തെറ്റി വന്നതാ.. എന്നോട് മാപ്പാക്കണേ ”
ആ പെൺകുട്ടി അവന്റെ ക്ഷമയ്ക്കായി യാചിച്ചു. ദേവൻ അരുതാത്തതു എന്തെങ്കിലും ചെയ്യുമോ എന്ന് അവൾക്ക് നല്ല ഭയം ഉണ്ടായിരുന്നു. അവൾ അവിടെ കിടന്നു കിടികിടാ വിറച്ചുകൊണ്ടിരുന്നു.
“അയ്യോ ഇല്ല കുട്ടി അങ്ങനൊന്നും ഓർത്തു പേടിക്കണ്ട … ഇയാൾക്ക് എന്തേലും പറ്റിയോ? ”
“ഇല്ല്യ എനിക്ക് ഒന്നൂല്ല ”
ആ പെൺകുട്ടി വേദന കാരണം തന്റെ കണ്ണുകൾ നിറഞ്ഞു വരാതെ
നിയന്ത്രിക്കാൻ പാടു പെട്ടു.
“ഉവ്വ ഞാൻ അതു കാണുന്നുണ്ട്. താൻ ഇപ്പൊ കരയുമല്ലോ.. വാ നമുക്ക് വൈദ്യരുടെ അടുത്തേക്ക് പോകാം ”
“അയ്യോ വേണ്ട അങ്ങുന്നേ എനിക്ക് ഒന്നൂല്ല”
“ഇനി എങ്ങാനും നീ നുണ പറഞ്ഞാൽ ഞാൻ കണ്ണിൽ മുളക് തേക്കും പറഞ്ഞേക്കാം.”
ദേവൻ കൃതിമ ദേഷ്യത്തോടെ അവളെ നോക്കി. അവളുടെ മാൻപേട പോലുള്ള മിഴികൾ അതുകേട്ടു ഭയക്കുന്നതും വിടരുന്നതും ചുരുങ്ങുന്നതും അനന്തുവിന്റെ ഉള്ളിലെ കാമുകനെ തൊട്ടുണർത്തി.
അവൻ അവളെ ആരാധനയോടെ നോക്കി നിന്നു. ആ പെൺകുട്ടി ആണേൽ തേവക്കാട്ട് മനയിലെ സന്തതിയുടെ മുൻപിൽ പെട്ടു പോയതിനെ പഴിച്ചുകൊണ്ടിരുന്നു.അവൾക്ക് അവരെയൊക്കെ ആകെ ഭയമായിരുന്നു.
“വാ വൈദ്യരുടെ അടുത്തേക്ക് പോകാം.”
ദേവൻ പതിയെ അവളെ പിടിച്ചു എണീപ്പിച്ചു. അസഹനീയമായ വേദനയോടെ അവൾ എണീറ്റു. പതിയെ ദേവന്റെ കൈ പിടിച്ചു മുന്നിലേക്ക് നടന്നു.
ആരെങ്കിലും ഈ രംഗം കണ്ടാലുള്ള ഭവിഷ്യത്തിനെ കുറിച്ച് അവൾ ബോധവതി ആയിരുന്നു എങ്കിലും സഹായിക്കാൻ വേറെ ആരുമില്ലാത്തതിനാൽ അവൾക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല.ദേവൻ അവളുടെ കയ്യിൽ പിടിച്ചു നേരെ ബുള്ളറ്റിനു സമീപം എത്തി.
“എന്താ നിന്റെ പേര് ? ”
അനന്തു അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“കല്യാണി ”
ഇടർച്ചയോടെ അവൾ പറഞ്ഞു. കല്യാണി എന്ന പേര് ദേവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. അവൻ മനസ്സിൽ ആ പേര് ഉരുവിട്ടുകൊണ്ട് നിലത്തു വീണു കിടക്കുന്ന ബുള്ളറ്റ് നേരെ പിടിച്ചു പൊന്തിച്ചു വച്ചു.എന്നിട്ട് പതുക്കെ അതിൽ കയറി അവളെ നോക്കി പുരികം ഉയർത്തി.കല്യാണി എന്താണെന്ന അർത്ഥത്തിൽ ദേവനെ വെപ്രാളത്തോടെ നോക്കി.
“ഡി വന്നു കേറാൻ”
ദേവൻ പുറകിലെ സീറ്റിലേക്ക് കൈ തട്ടി കാണിച്ചു.
“അയ്യോ അങ്ങുന്നേ ആരേലും കണ്ടാൽ പിന്നെ അതു മതി ”
കല്യാണി ഭയന്ന് വിറച്ചു.
“നീ കേറുന്നോ അതോ ഞാൻ മുളക് തേക്കണോ? ”
ദേവന്റെ മുഖം വലിഞ്ഞു മുറുകിയതും കല്യാണി ഭയന്നു.
“വന്നു കേറാൻ ”
“അങ്ങുന്നേ എനിക്ക് ഈ കുന്ത്രാണ്ടത്തിൽ കേറാൻ അറിഞ്ഞൂടാ ”
കല്യാണി നിഷ്കളങ്കതയോടെ അവനെ നോക്കി
“ഞാൻ കയറി ഇരിക്കുന്ന പോലെ അങ്ങ് ഇരുന്നാൽ മതി വേഗം ”
ദേവൻ ഉള്ളിൽ ചിരിയോടെ തിടുക്കം കൂട്ടി. കല്യാണി എങ്ങനൊക്കെയോ കഷ്ട്ടപെട്ടു ബുള്ളറ്റിൽ വലിഞ്ഞു കയറി. ദേവൻ ഉള്ളിൽ ചിരിച്ചുകൊണ്ട് ബുള്ളറ്റ് നേരെ വൈദ്യരുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
യാത്രയ്ക്കിടെ അപരിചിതത്വം കാരണം അവൾ ഇടക്കിടക്ക് ഇളകിക്കൊണ്ടിരുന്നതും അവൾ താഴെ വീഴുമെന്നു അവൻ ഭയപ്പെട്ടിരുന്നു. അതിനാൽ കുറഞ്ഞ വേഗതയിലാണ് ദേവൻ വണ്ടി ഓടിച്ചിരുന്നത്.
വൈദ്യരുടെ വീട്ടിലേക്ക് എത്തിയതും ദേവൻ ബുള്ളറ്റ് വീടിന്റെ മുറ്റത്തുള്ള തുളസി തറയ്ക്ക് സമീപം വണ്ടി നിർത്തി. ദേവന്റെ സഹായത്തോടെ കല്യാണി വണ്ടിയിൽ നിന്നും ഇറങ്ങി.
ബുള്ളറ്റ് ഒതുക്കി വച്ചു കല്യാണിയുടെ നേരെ തിരിഞ്ഞതും വീഴാൻ ആഞ്ഞ
അവളെ ദേവൻ താങ്ങി നിർത്തി.ദേവന്റെ കൈ അവളുടെ ഇടുപ്പിൽ പതിഞ്ഞതും കല്യാണിയിൽ അപ്പൊ സ്ത്രീ സഹജമായ ഒരു നാണം ഉടലെടുത്തു.
അവളുടെ കവിളുകൾ ചുവന്നു തുടുത്തു. വീഴ്ചയിൽ എവിടെയോ അവൾക്ക് കാൽമുട്ടിന് വേദന പറ്റിയിട്ടുണ്ടെന്ന് അവനു തോന്നി.ദേവനെ കണ്ടതും വൈദ്യൻ നാരായണ തമ്പി ബഹുമാനപൂർവ്വം എണീറ്റു വന്നു തൊഴുതു നിന്നു.
“വൈദ്യരെ ഈ കുട്ടി ഒന്നു വീണതാ പെട്ടെന്നു ഒന്നു നോക്കുമോ? ”
“അതിനെന്താ കുഞ്ഞേ ഇറയത്തേക്ക് കിടത്തിക്കോളൂ ”
നാരായണൻ തമ്പി ഉള്ളിലേക്ക് വിരൽ ചൂണ്ടി. ദേവൻ കല്യാണിയെ തന്റെ കൈകളിൽ കോരിയെടുത്തു. ഒരു കുഞ്ഞിനെ എടുക്കുന്ന കരുതലോടെ അവളെയും കൊണ്ടു നേരെ വീടിന്റെ ഇറയത്തേക്ക് ചെന്നു.
അവിടെ വിരിച്ചിട്ടിരുന്ന പുൽ പായയിൽ ദേവൻ കല്യാണിയെ കിടത്തി. അവൾ വേദന നിയന്ത്രണാതീതമായതിനാൽ ചുണ്ടുകൾ കടിച്ചു പിടിച്ചിരുന്നു. ഞരക്കത്തോടെ കല്യാണി നിലത്തു കിടന്നു.
ദേവൻ പരിഭ്രമത്തോടെ അവളുടെ കയ്യിൽ പിടിച്ചു അവളെ സമാധാനിപ്പിച്ചു.ദേവന്റെ നീല കണ്ണുകളിൽ വിരിയുന്ന കരുതൽ അവളുടെ വേദനയ്ക്ക് തെല്ല് ആശ്വാസം നൽകി. അവന്റെ നോട്ടത്തിന്റെ ശക്തി താങ്ങാൻ ആവാതെ അവൾ മുഖം താഴ്ത്തിയിരുന്നു.
വൈദ്യർ വിശദമായി തന്നെ കല്യാണിയെ പരിശോധിച്ചു.അവളുടെ കൈ പരിശോദിക്കുമ്പോൾ കല്യാണി വേദന കാരണം പുളഞ്ഞു . പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ദേവൻ അതു കണ്ടതും ആ കണ്ണുനീർ അവന്റെ ഉള്ളിൽ കുത്തി കയറുന്ന പോലെ തോന്നി. കല്യാണി വേദന കൊണ്ടു പുളയുന്നതു അവനു കണ്ടു നിൽക്കാൻ ആയില്ല.
വലതു കൈയുടെ തള്ളവിരലിനു അസ്ഥിക്ക് ചെറിയ പൊട്ടൽ ഉണ്ടെന്നും കാലിനു വീണപ്പോൾ പറ്റിയ വേദന ആണെന്നും പെട്ടെന്നു തന്നെ മാറിക്കോളും എന്ന് വൈദ്യൻ ദേവനോട് പറഞ്ഞു.
അവൻ കല്യാണിയെ തന്നെ നോക്കി നിന്നു. അവൾ ഇതൊക്കെ കേട്ട് ചിരിക്കണോ കരയണോ എന്ന മാനസികാവസ്ഥയിൽ ആയിരുന്നു. ആവശ്യത്തിന് പച്ച മരുന്നുകളും മറ്റും എടുത്തു വൈദ്യർ കല്യാണിയുടെ തള്ള വിരലിൽ സൂക്ഷ്മതയോടെ വച്ചു കെട്ടി.10 ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു അവൾക്ക് ആവശ്യമായ ഗുളികകളും വേദനയ്ക്ക് കുഴമ്പും വൈദ്യർ പൊതിഞ്ഞു നൽകി.
“വൈദ്യരെ ഒരുപാട് നന്ദി ”
ദേവൻ അയാൾക്ക് നേരെ കൈകൾ കൂപ്പി
“കുഞ്ഞേ ഇതെന്റെ കടമ മാത്രമാ “വൈദ്യൻ അവനെ നിരുത്സാഹപ്പെടുത്തി.
ദേവൻ ചിരിച്ചുകൊണ്ട് കല്യാണിയെ കൈകളിൽ കോരിയെടുത്ത് ബുള്ളറ്റിനു സമീപം നടന്നു. ബുള്ളെറ്റിലേക്ക് അവളെ പതിയെ ഇരുത്തിയ ശേഷം ദേവൻ മുൻപിൽ വലിഞ്ഞു കയറി ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു.
അവിടുണ്ടായിരുന്ന ആൾക്കാർ തന്നെ നോക്കുന്നതുകണ്ട് കല്യാണിക്ക് വല്ലാത്ത വിമ്മിഷ്ടം തോന്നി. ദേവൻ കല്യാണിയുടെ കൈയിൽ പിടിച്ചു അവന്റെ വയറിൽ ചുറ്റി വച്ചു.
അവന്റെ പ്രവൃത്തിയിൽ കല്യാണി ആദ്യം ഒന്ന് അമ്പരന്നെങ്കിലും വണ്ടിയിൽ നിന്നും വീഴാതിരിക്കാൻ വേറെ വഴിയില്ലെന്ന് അവൾക്ക് മനസ്സിലായി.
വൈദ്യരെ നോക്കി തലയാട്ടിയ ശേഷം ദേവൻ വണ്ടി വീടിനു പുറത്തേക്ക് എടുത്തു. കല്യാണിയോട് അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു ദേവൻ സാവധാനത്തിൽ വണ്ടി ഓടിച്ചു.
കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ദേശം ഗ്രാമത്തിന്റെ അതിർത്തിയിലേക്ക് അവർ എത്തി ചേർന്നു. അവിടെ ഒരു പാടത്തിനു അക്കരെയുള്ള സ്ഥലത്തേക്ക് കല്യാണി കൈ ചൂണ്ടി കാണിച്ചു.
ദേവൻ അങ്ങോട്ടേക്ക് നോക്കി. അവിടെ ഓല മേഞ്ഞ 4 കൂരകൾ അവനു കാണാൻ പറ്റി.ഒരുപക്ഷെ ഈ പാടത്തു പണിയെടുത്തു ജീവിക്കുന്നവർ ആവും ഇവരെന്ന് ദേവൻ കണക്ക് കൂട്ടി. ബുള്ളറ്റിൽ നിന്നും ഇറങ്ങി ദേവൻ കല്യാണിയെ
പിടിക്കാനാഞ്ഞു.
“അയ്യോ അങ്ങുന്നേ വേണ്ട ഞാൻ നടന്നോളാം”
“ആ കണക്കായി ഈ വയ്യായ്കയും വച്ചോ ”
“അതേ ഞാൻ നടന്നോളാം ”
അവൾ വല്ലാതെ ഭയപെടുന്നതായി അവനു തോന്നി. ആ പൂച്ച കണ്ണുകളിൽ ഒരു തരം ഭയം വന്നു നിറയുന്നതായി ദേവന് തോന്നി. തല്ക്കാലം മറ്റൊന്നും ചിന്തിക്കാതെ ദേവൻ അവളെ കോരിയെടുത്തു.
പതിയെ റോഡിൽ നിന്നും പാടത്തേക്ക് ഇറങ്ങി പാട വരമ്പിലൂടെ അവളെയും താങ്ങിക്കൊണ്ട് ദേവൻ നടന്നു. കല്യാണി അവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നു കിടന്നു.
ദേവൻ ശ്രദ്ധയോടെ നടന്നു പാട വരമ്പ് കഴിഞ്ഞതും മുകളിലേക്കുള്ള നടകൾ പതിയെ കേറിക്കൊണ്ടിരുന്നതും അവിടുണ്ടായിരുന്ന ജോലിക്കാർ ദേവനെ കണ്ട് ബഹുമാനത്തോടെ ഓടി വന്നു.
എന്നാൽ അതിൽ നിന്നും പ്രായമായ ഒരു അച്ഛനും അമ്മയും വെപ്രാളത്തോടെ അവനു സമീപം ഓടി വന്നു. ദേവൻ കല്യാണിയെ നോക്കികൊണ്ട് അവർക്ക് നേരെ തിരിഞ്ഞു.
“അങ്ങുന്നേ ഞങ്ങടെ കുഞ്ഞിന് എന്താ പറ്റിയേ”
കല്യാണിയുടെ അച്ഛൻ തലയിൽ കെട്ടിയിരുന്ന തോർത്ത് കയ്യിൽ പിടിച്ചു കൈകൾ കൂപ്പി നിന്നു.അമ്മ പരിഭ്രമത്തോടെ കൈകൾ കൂപ്പിക്കൊണ്ട് കല്യാണിയേയും ദേവനെയും മാറി മാറി നോക്കി.
“ഹേയ് പേടിക്കാനൊന്നുമില്ല ഒന്നു വീണതാ.. വൈദ്യരെ കാണിച്ചു. വിരലിനു പൊട്ടൽ ഉണ്ടെന്നു പറഞ്ഞു മരുന്ന് തന്നിട്ടുണ്ട്. ”
“ആണോ അങ്ങുന്നേ കുഞ്ഞിനെ ഞാൻ പിടിച്ചോളാം ഇങ്ങു തന്നേക്കൂ അങ്ങുന്ന് ബുദ്ധിമുട്ട് ആവൂലെ? ”
“ഇല്ലാന്നേ ഇത് എന്റെ കടമയല്ലേ അതു സാരുല്ല.. കല്യാണിയെ എവിടെയാ ഇരുത്തണ്ടേ”
കല്യാണിയുടെ അച്ഛൻ വീടിന്റെ വരാന്തയിലേക്ക് ചൂണ്ടി കാണിച്ചു. ചാണകം കൊണ്ടു മെഴുകിയ മുറ്റവും വരാന്തയും വളരെ മനോഹരമായി സൂക്ഷിച്ചു വച്ചിരിക്കുന്നു.
അവൻ വരാന്തയിലേക്ക് നടന്നു വന്നു പതിയെ കല്യാണിയെ അവിടെ ഇരുത്തി. കല്യാണി ആശ്വാസത്തോടെ അവളുടെ അച്ഛനെയും അമ്മയെയും നോക്കി. നന്ദി സൂചകമായി ദേവനെയും ഉറ്റു നോക്കി.
“ഇപ്പൊ വേദന കുറവുണ്ടോ കല്യാണി. ”
“കുറച്ചു കുറവുണ്ട്. ”
“ഞാൻ പിന്നെ വരാട്ടോ. ”
ദേവൻ പോകാനായി ഇറങ്ങി.
“അങ്ങുന്നേ ഇവിടം വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോകല്ലേ. ഞങ്ങൾ കുടിക്കാൻ എന്തേലും തന്നാൽ അങ്ങുന്ന് കുടിക്കുമോ? ”
അയാൾ വിനയത്തോടെ ചോദിച്ചു.
“അയ്യോ അതിനെന്താ… എനിക്ക് കുഴപ്പം ഒന്നുമില്ലട്ടോ ഇവിടുന്ന് വെള്ളം കുടിക്കുന്നതിൽ.. നമ്മൾ എല്ലാരും ഒരുപോലെ തന്നല്ലേ.. ഇപ്പൊ ഒരു നൂല് കെട്ടിന് പോകാൻ ഉണ്ട്. അത്‌കൊണ്ട് തീരെ സമയമില്ല. പിന്നെ ഒരിക്കൽ ആവാം. ”
ദേവൻ അവന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
“സാരുല്ല അങ്ങുന്നേ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ. എന്റെ കുഞ്ഞിനെ നോക്കിയതിനു വല്യ ഉപകാരം ”
കല്യാണിയുടെ അച്ഛന്റെ കണ്ണുകളിൽ വല്ലാത്തൊരു ഉപകാര സ്മരണ നിറഞ്ഞു നിൽക്കുന്നതായി അവനു തോന്നി.
“അയ്യോ അതോക്കെ എന്റെ കടമയല്ലേ.. കല്യാണിയെ നല്ലോണം നോക്കുക.
ഇടക്ക് ഞാൻ വന്നു അന്വേഷിക്കാം ”
ദേവൻ അയാളുടെ ചുമലിൽ തട്ടി അയാളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. പോകാൻ നേരം ദേവൻ കല്യാണിയെ തിരിഞ്ഞു നോക്കി. അവളുടെ അമ്മ അവളുടെ കൈകളിൽ പതിയെ തലോടി അവളെ സമാധാനിപ്പിക്കുന്നതാണ് അവൻ കണ്ടത്.
ആ പൂച്ച കണ്ണുകൾ തന്നെ കണ്ടു എന്ന് ഉറപ്പ് വരുത്തിയതും ദേവൻ പതിയെ പിന്തിരിഞ്ഞു നടന്നു. പാടവരമ്പിലൂടെ നടന്നു വരുമ്പോഴും ദേവന്റെ മനസ്സ് ഒരു ചിത്ര ശലഭത്തെ പോലെ അവനു പിടി കൊടുക്കാതെ പാറി നടക്കുകയായിരുന്നു.
ആ പൂച്ചക്കണ്ണുകൾ തന്നെയായിരുന്നു അവന്റെ മനസ്സ് നിറയെ.. കഷ്ടപ്പെട്ട് നടന്നു അവൻ ബുള്ളറ്റിനു സമീപം എത്തി. എന്തോ അവളിൽ നിന്നും വിട്ടു പോരാൻ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.
ഒരു ദീർഘ നിശ്വാസം വിട്ടു അവൻ ബുള്ളറ്റിൽ കയറി രഘുവേട്ടന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
ദേവന്റെചുണ്ടുകൾ ഒരു പേര് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു..
“കല്യാണി…. കല്യാണി ”
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
അനന്തു വായിച്ചുകൊണ്ടിരുന്ന ഡയറി പതുക്കെ മടക്കി വച്ചു. അവൻ ആകെ ഒരു ഉന്മാദാവസ്ഥയിൽ ആയിരുന്നു.ഡയറിയിൽ ദേവൻ അമ്മാവൻ എഴുതിയ എല്ലാ കാര്യങ്ങളും നേരിട്ട് കണ്ട പ്രതീതി ആയിരുന്നു അവന്.
കുറച്ചു നേരം ദേവനെയും കല്യാണിയേയും കുറിച്ച് തന്നെ ആയിരുന്നു അവന്റെ ചിന്ത. പതിയെ ഉറക്കം അവന്റെ കണ്ണുകളിൽ ഘനീഭവിച്ചു തുടങ്ങിയപ്പോൾ അനന്തു ഡയറി തന്റെ നെഞ്ചോടു ചേർത്തു വച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഡയറിയുടെ സ്പർശനം അറിഞ്ഞ അവന്റെ ഹൃദയം അനന്തു ഉറങ്ങുമ്പോഴും ദ്രുത ഗതിയിൽ മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു.
രാവിലെ എണീറ്റ അനന്തു ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടും വലിച്ചു കേറ്റി ചാവിയും എടുത്തു ശിവ കാണാതെ മനയുടെ പുറത്തേക്കിറങ്ങി.
അവളെ കൂട്ടാതെ ഇന്ന് ഒറ്റക്ക് ദേശം ഗ്രാമം മൊത്തം കറങ്ങാനായിരുന്നു അനന്തുവിന്റെ തീരുമാനം. ശിവ കണ്ടാൽ കൂടെ വരാൻ വാശി പിടിക്കുമെന്നതിനാൽ ഒറ്റയ്ക്ക് പോകാൻ ആയിരുന്നു അവന്റെ ഉദ്ദേശം. പൂമുഖത്തു ഇരിക്കുകയായിരുന്ന മുത്തശ്ശിയുടെ കവിളിൽ അവൻ അമർത്തി ചുംബിച്ചു.
“മുത്തശ്ശി പോയിട്ട് വരാം ”
“പോയിട്ട് വാ ദേവാ അധികം വൈകല്ലേട്ടോ”
കാർത്യായനി അനന്തുവിന്റെ കവിളിൽ പതിയെ തലോടി.
“ശരി മുത്തശ്ശി.”
അനന്തു ചാടിയിറങ്ങി ബുള്ളറ്റിൽ കയറി നാൽ കവല ലക്ഷ്യമാക്കി നീങ്ങി. അല്പ സമയത്തെ യാത്രയ്ക്ക് ശേഷം അവൻ ഗ്രാമത്തിന്റെ കവലയിൽ എത്തി.
അവിടുത്തെ ആൾക്കാരുടെ തിരക്കും കച്ചവട സ്ഥാപനങ്ങളും വണ്ടികളും മറ്റും കണ്ട് ആസ്വദിച്ചു അനന്തു ബുള്ളറ്റ് നേരെ പുതിയെ ദിശയിലൂടെ പറപ്പിച്ചു.
റോഡിനു ഇരു വശവും പറന്നു കിടക്കുന്ന നെൽപ്പാടങ്ങളും പണിക്ക് പോകുന്ന സ്ത്രീ പുരുഷന്മാരും പച്ചപ്പും മരങ്ങളും പൂക്കളും ചെടികളും എല്ലാം കണ്ട് ആനന്ദത്തോടെ അവൻ വണ്ടി ഓടിച്ചു. ഇതൊക്കെ തനിക്ക് പുതിയ അനുഭവമാണെന്ന് അനന്തു പുളകത്തോടെ ഓർത്തു.
ബുള്ളറ്റിൽ പോകുമ്പോൾ പോലും മുഖത്തു വന്നടിക്കുന്ന കാറ്റിനു പോലും നേർത്ത ഒരു സുഖവും സൗരഭ്യവും ഉണ്ടെന്നു അവനു തോന്നി. അങ്ങനെ ഓരോന്നോക്കെ ആലോചിച്ചുകൊണ്ട് റോഡിലൂടെ ഇടക്കിടക്ക് വരുന്ന ജീപ്പുകൾക്കും മറ്റു വണ്ടികൾക്കും സൈഡ് കൊടുത്തു അവൻ മുന്നോട്ടേക്ക്
പോയിക്കൊണ്ടിരുന്നു.
ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് അറിയില്ലെങ്കിലും റോഡ് ഉള്ളതുവരെ പോകാമെന്നു അനന്തു നിശ്ചയിച്ചു. അങ്ങനെ ഒരു വളവ് വീശിയെടുക്കുന്ന നേരത്ത് പെട്ടെന്നു അനന്തുവിന്റെ കാതിൽ ഒരു തണുപ്പ് തോന്നി. ഒപ്പം ഒരു അശരീരിയും. . . “കല്യാണി ” . . അതു കേട്ടതും അനന്തുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. തലയിലേക്കുള്ള രക്തയോട്ടം വർധിച്ചു. അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു മുന്നിലുള്ള കാഴ്ചയെ തടസ്സപ്പെടുത്തി.
തല പൊട്ടിപുളയുന്ന തരത്തിലുള്ള വേദന അവനെ നിസ്സാഹായനാക്കി. കണ്ണുകളിൽ ഇരുൾ വ്യാപിച്ചതും അനന്തു പൊടുന്നനെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നതും എന്തിലോ പോയി ബുള്ളറ്റ് ഇടിക്കുന്നത് മാത്രം അവൻ അവ്യക്തമായി കണ്ടു.
പടക്കം പൊട്ടുന്ന ശബ്ദത്തോടെ നിലത്തേക്ക് ഉരുണ്ടു വീണ അനന്തു സംയമനം വീണ്ടെടുത്ത് തന്റെ കണ്ണുകൾ തിരുമ്മി നോക്കി. ഇപ്പൊ അവനു എല്ലാം കാണുന്നുണ്ടായിരുന്നു.
സമാധാനത്തോടെ അവൻ ആയാസ്സപ്പെട്ടു എണീറ്റു. പുറകിലെന്തോ ഞരക്കം കേട്ട് അവൻ തിരിഞ്ഞു നോക്കിയതും സൈക്കിളിന്റെ അടിയിൽ ഒരാൾ കിടന്നു പുളയുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.
താൻ ബോധമില്ലാതെ വണ്ടി ഓടിച്ചു അവരെ ഇടിച്ചിട്ടതാണെന്ന ചിന്ത അവന്റെ ബോധമണ്ഡലത്തിലേക്ക് എത്തിയതും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തോടെ അവൻ അങ്ങോട്ടേക്ക് ഓടി.
ഓടിപിടിച്ചു വന്നു നോക്കിയപ്പോൾ അവൻ കണ്ടത് ഒരു പെൺകുട്ടി സൈക്കിളിന്റെ അടിയിൽ കിടക്കുന്നതായിരുന്നു.അനന്തു വിറയലോടെ മുന്നോട്ട് ആഞ്ഞു സൈക്കിൾ എടുത്തു മാറ്റിയ ശേഷം ആ പെൺകുട്ടിക്ക് നേരെ നിലത്തു കുത്തിയിരുന്നു.
“കുട്ടി കുഴപ്പം ഒന്നുമില്ലലോ അല്ലെ? ”
അനന്തുവിന്റെ ചോദ്യം കേട്ടതും ആ പെൺകുട്ടി അവനു നേരെ തലയുയർത്തി നോക്കി. അനന്തുവിന്റെ കണ്ണുകൾ ആദ്യമേ പതിഞ്ഞത് അവളുടെ പൂച്ചക്കണ്ണുകളിൽ ആയിരുന്നു.
മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകളും ചുവന്ന അധരങ്ങളും മൂക്കുത്തിയും ഇരു നിറവും അവളുടെ അഴക് കൂട്ടിയിരുന്നു. അവളുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന ഐശ്വര്യം കണ്ട് അനന്തു സ്തബ്ധനായി നിന്നു.
ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. അവൾ വേദന തുളുമ്പുന്ന മുഖത്തോടെ നിലത്തു കൈ കുത്തി ആയാസ്സപ്പെട്ടു എണീക്കാൻ ശ്രമിച്ചു. എന്നാൽ കഠിനമായ വേദന കാരണം അവൾ കുഴഞ്ഞു വീണു.
“എവിടെ നോക്കിയാടോ കോപ്പേ വണ്ടി ഓടിക്കുന്നേ? കണ്ണുപൊട്ടൻ ആണോ താൻ? എന്റെ കൈ ഒടിഞ്ഞു. ”
അവൾ രോഷത്തോടെ അനന്തുവിന് നേരെ ചീറി.
അനന്തുവിന്റെ മുഖം കണ്ടതും അവളിൽ ഒരു ഞെട്ടലുണ്ടായി. അവളുടെ കണ്ണുകൾ വിടർന്നു. അധരങ്ങൾ വിറ കൊണ്ടു.
“സോറി കുട്ടി ഞാൻ അറിയാതെ റോങ് സൈഡിൽ വന്നുപോയതാ ക്ഷമിക്കണം.”
അനന്തു നിസ്സഹായത്തോടെ പറഞ്ഞു.
“എന്നെ എടുത്തു ആശുപത്രിയിൽ കൊണ്ടു പോകഡോ ”
സംയമനം എടുത്തു ആ പെൺകുട്ടി അവിടെ കിടന്നു നിലവിളിക്കാൻ തുടങ്ങി. അനന്തു ആകെ വെപ്രാളത്തോടെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“സാരുല്ല കുട്ടി ഞാൻ ആശുപത്രിയിൽ കൊണ്ടു പോകാം ”
“തന്റെ മടിയിൽ ഇരുത്തിയാണോ എനിക്ക് കുട്ടി എന്ന് പേരിട്ടത് ”
അവൾ കലിപ്പോടെ ചോദിച്ചു.
ഇത് വല്ലാത്ത കുരിശായല്ലോ അനന്തു ആത്മഗതം പറഞ്ഞു അവളെ നോക്കി.
“ഞാൻ എന്താ പിന്നെ വിളിക്കണ്ടേ? ”
“എന്നെ അരുണിമ എന്ന് വിളിച്ചാൽ മതി. ”
“ശരി ശരി എന്നാൽ ഞാൻ അരുണിമയെ ആശുപത്രിയിൽ കൊണ്ടു പോകട്ടെ? “”
“വേഗം കൊണ്ടു പോകഡാ കാലമാടാ എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല ”
കൈ നെഞ്ചിലേക്ക് ചേർത്തു വച്ചു അരുണിമ വേദന കൊണ്ടു പുളഞ്ഞു. അനന്തു വേഗം ഫോൺ എടുത്തു മുത്തശ്ശനെ വിളിച്ചു.
എന്നാൽ മുത്തശ്ശൻ ബിസി ആയതിനാൽ ബലരാമൻ അമ്മാവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഒറ്റ റിങ്ങിനു തന്നെ അദ്ദേഹം കാൾ എടുത്തു.
“അനന്തൂട്ടാ പറയ് ”
“അമ്മാവാ ഞാൻ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുവാ സഹായിക്കണം”
അനന്തു അപേക്ഷയുടെ സ്വരത്തിൽ കേണു.
“അയ്യോ മോനെ എന്താ പറ്റിയേ? നീ പേടിക്കാതെ പറ… അമ്മാവനില്ലേ കൂടെ ”
ബലരാമന്റെ ശബ്ദം ഉച്ചത്തിലായി.
“അമ്മാവാ ഞാൻ വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. ഒരു പെൺകുട്ടിടെ സൈക്കിളുമായ കൂട്ടിയിടിച്ചേ. പുറമെ വല്യ മുറിവുകൾ ഒന്നുമില്ല, പക്ഷെ അവൾ വേദന കാരണം കിടന്നു നിലവിളിക്കുവാ.എനിക്ക് ആണേൽ വിറച്ചിട്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ”
“അനന്തു നിനക്ക് കുഴപ്പമില്ലല്ലോ? നീ ok അല്ലേ?
ബലരാമൻ ഇടർച്ചയോടെ ചോദിച്ചു. മറു തലയ്ക്കൽ അദ്ദേഹം വല്ലാതെ ടെൻഷൻ അടിച്ചതായി അനന്തുവിന് മനസ്സിലായി.
“ഇല്ല അമ്മാവാ എനിക്ക് കുഴപ്പം ഒന്നുമില്ല”
“അനന്തു നീ പേടിക്കണ്ട നമ്മുടെ ഗ്രാമത്തിന്റെ അതിർത്തിയിൽ ടൗണിലേക്കുള്ള റോഡ് സൈഡിൽ ഒരു ഹോസ്പിറ്റൽ ഉണ്ട്. നമ്മുടെ തന്നെയാ. ദേവൻ മെമ്മോറിയൽ ഹോസ്പിറ്റൽ. മോൻ അങ്ങോട്ടേക്ക് ആ കുട്ടിയേയും കൊണ്ടു വാ.”
ബലരാമൻ സമാധാനത്തോടെ പറഞ്ഞു
“ശരി അമ്മാവാ ”
“നിങ്ങൾ എങ്ങനെ വരും ബുള്ളറ്റ് ഓടിക്കാൻ പറ്റുമോ? വേറെ വണ്ടി വിടണോ? ”
“കുഴപ്പമില്ല അമ്മാവാ ഞങ്ങൾ ബുള്ളറ്റിൽ വന്നോളാം. ഇനി ആ കുട്ടി സമ്മതിച്ചില്ലേൽ വേറെ വണ്ടി വിട്ടാൽ മതി. ”
“ശരി അനന്തു ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞേക്കാം. ഞാൻ ഉടനെ അങ്ങോട്ടേക്ക് എത്താം. ”
“ശരി അമ്മാവാ”
അനന്തു ഫോൺ കാൾ കട്ട് ആക്കി തിരിഞ്ഞു നോക്കി. ഈ സമയം നിലത്തു കിടന്നിരുന്ന അരുണിമ ഭദ്രകാളിയെ പോലെ അവനോട് ഉറഞ്ഞു തുള്ളി.
“ഞാൻ ഇവിടെ വയ്യാണ്ടായി കിടക്കുമ്പോൾ താൻ ഫോണിൽ സൊള്ളിക്കൊണ്ടിരിക്കുവാണല്ലേ? ”
“അയ്യോ അല്ല കുട്ടി എനിക്ക് ഇവിടുത്തെ സ്ഥലം ശരിക്കും അറിഞ്ഞൂടാ. അപ്പൊ ഹോസ്പിറ്റലിലേക്കുള്ള വഴി ചോദിച്ചതാ ”
“ഓഹോ അപ്പൊ വരത്തൻ ആണല്ലേ ശരി ശരി. ഏത് ഹോസ്പിറ്റലിലേക്ക് ആണ് എന്നെ കൊണ്ടു പോകുന്നേ? ”
“ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് ”
“ഹാ തനിക് വഴി അറിയുമോ ”
“മ്‌ച്ചും ”
അനന്തു ചുമൽ കൂച്ചി.
ഇമ്മാതിരി ഒരു പൊട്ടൻ ആണല്ലോ ദൈവമേ ഇത് അവൾ ആത്മഗതം പറഞ്ഞു.
“ശരി ഞാൻ വഴി പറഞ്ഞു തരാം.”
“ആയ്കോട്ടെ ”
അനന്തു സന്തോഷത്തോടെ അരുണിമയുടെ സമീപം വന്നു നിന്നു.അവൾ അവനു നേരെ കൈ നീട്ടി. അനന്തു അവളുടെ കൈ പിടിച്ചു പതിയെ സഹായിച്ചു.
അരുണിമ ആയാസത്തോടെ പതുക്കെ എണീറ്റു. ബുള്ളെറ്റിലേക്ക് നടക്കുമ്പോഴും അവൾ വേദന കൊണ്ടു പുളയുകയിരുന്നു. ചെറിയ മുടന്തും ഉണ്ടായിരുന്നു.
അനന്തു നിലത്തു കിടക്കുന്ന ബുള്ളറ്റ് എടുത്തു ഉയർത്തി നേരെ വച്ചു.
“ഈ കുന്ത്രാണ്ടത്തിൽ ആണോ ഞാൻ കേറണ്ടേ? ”
അരുണിമ ചോദ്യ ഭാവേന അവനെ മുഖം തിരിച്ചു നോക്കി. അനന്തു അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
“എന്തേലും ആവട്ടെ”
അരുണിമ പിറു പിറുത്തുകൊണ്ട് വേദനയുള്ള കൈ നെഞ്ചിലേക്ക് ചേർത്തു വച്ചു അനന്തുവിന്റെ സഹായത്തോടെ ബുള്ളറ്റിൽ ഇരുന്നു.
അനന്തു ആയാസ്സപ്പെട്ടു ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കിവന്ന വഴിയേ തിരിച്ചു പോയി. അരുണിമ കാണിച്ചു കൊടുത്ത വഴിയിലൂടെ അവൻ ബൈക്ക് സാവധാനം ഓടിച്ചുകൊണ്ടിരുന്നു.
കുറേ സമയത്തെ യാത്രയ്ക്ക് ശേഷം ശേഷം അവർ ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിന് മുൻപിൽ എത്തി. അനന്തു ബുള്ളറ്റ് ഒതുക്കി വച്ചു വണ്ടിയിൽ നിന്നുമിറങ്ങി.
പതിയെ അരുണിമയുടെ കൈ പിടിച്ചു ഇറങ്ങാൻ സാഹായിച്ചു. ആ സമയം ഒരു അറ്റൻഡർ അവരെ കണ്ട് അങ്ങോട്ടേക്ക് ഓടി വന്നു.
“ചേട്ടാ ഒരു സ്‌ട്രെച്ചർ എടുത്തു വരുമോ വയ്യാത്ത കുട്ടിയാ ”
അനന്തു വെപ്രാളത്തോടെ ചോദിച്ചു.
“ഹേയ് സ്‌ട്രെച്ചർ ഒന്നും വേണ്ട ഞാൻ നടന്നോളാം”
അരുണിമ അനന്തുവിന്റെ കൈ വിട്ടു മുന്നോട്ടേക്ക് നടക്കാനാഞ്ഞു. എന്നാൽ മുട്ടു വേദന കാരണം പെട്ടെന്നു അവൾ മുന്നോട്ടേക്ക് വീഴാനാഞ്ഞതും അനന്തു അവളെ ചേർത്തു പിടിച്ചു.
അനന്തുവിന്റെ കരസ്പർശം അവളുടെ ഇടുപ്പിൽ പതിഞ്ഞതും അരുണിമയിൽ സ്ത്രീ സഹജമായ ഒരു നാണം ഉടലെടുത്തു.അവൾക്ക് വല്ലാത്ത ഒരു അനുഭൂതി തോന്നി.
എങ്കിലും കൃതിമ ഗൗരവത്തോടെ അവൾ അനന്തുവിനെ തുറിച്ചു നോക്കി. അനന്തു ദയനീയതയോടെ അവളെ നോക്കി. എന്നിട്ട് അറ്റൻഡർക്ക് നേരെ മുഖം വെട്ടിച്ചു.
“എങ്കിൽ ഒരു വീൽ ചെയർ എടുത്തിട്ട് വാ ചേട്ടാ. ”
അനന്തു ഗത്യന്തരമില്ലാതെ അയാളെ നോക്കി.
“വീൽ ചെയർ വേറൊരു രോഗിയെ കൊണ്ടു വരാൻ കൊണ്ടു പോയിരിക്കുവാ. ഒരു അര മണിക്കൂർ കഴിയും.”
അതു കേട്ടതും അരുണിമയും അനന്തുവും പരസ്പരം മുഖത്തോടെ മുഖം നോക്കി. അനന്തു വേറൊന്നും ചിന്തിക്കാതെ അവളെ കൈകളിൽ കോരിയെടുത്തു.
അവളുടെ പൂരപ്പാട്ട് കേൾക്കുമെന്ന് ഉറപ്പുള്ളതിനാൽ അറ്റെൻഡറെ നോക്കി അവൻ യാചിച്ചു.
“പെട്ടെന്നു കാഷ്വാലിറ്റിയിലേക്കുള്ള വഴി പറ ചേട്ടാ ”
“എന്റെ കൂടെ വന്നോ ”
അറ്റൻഡർ അവർക്ക് മുൻപിൽ വഴികാട്ടിയായി.
അനന്തു അരുണിമയെ നോക്കാതെ മുന്നോട്ട് നോക്കി നടന്നു. ചമ്മലോടെ അരുണിമ അവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെ പോലെ പറ്റി പിടിച്ചു കിടന്നു.
അനന്തുവിന്റെ നെഞ്ചിലെ ചൂടും ഹൃദയ മിടിപ്പും വിയർപ്പിന്റെ മണവും തനിക്ക് മുൻ പരിചയമുള്ളപോലെ അരുണിമയ്ക്ക് തോന്നിപോയി.അവൾ ആകെ അമ്പരപ്പോടെ അവന്റെ മുഖത്ത് കണ്ണു നട്ടിരുന്നു.
അനന്തു ഒരു കുഞ്ഞിനെ പോലെ അവളെ ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടു പോയി. ഡോക്ടറിന്റെ കൺസൾട്ടിങ് റൂമിലേ ബെഡിൽ അനന്തു അരുണിമയെ കിടത്തി.
“ബലരാമൻ സാർ ഇപ്പൊ വിളിച്ചു പറഞ്ഞിരുന്നു. ഞാൻ കാത്തിരിക്കുവായിരുന്നു.”
ഡോക്ടർ അനന്തുവിനെ നോക്കി പറഞ്ഞു. അവൻ മറുപടിയായി ഒന്നു പുഞ്ചിരിച്ചു.ഡോക്ടർ അരുണിമയെ വിശദമായി പരിശോദിച്ചു.
കൈയുടെ എക്സ് റേ എടുക്കാൻ നിർദ്ദേശിച്ചു. എക്സ് റേ എടുക്കാനായി അവൾ പോയപ്പോൾ വഴിയിൽ വച്ചു ഉണ്ടായ സംഭവങ്ങൾ അനന്തു ഒന്നിട വിടാതെ ഡോക്ടറിനോട് പറഞ്ഞു.
അവൾ തിരികെ വരുന്നവരെ അവർ അതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.അരുണിമ നഴ്സിന്റെ കൂടെ വന്നു കഴിഞ്ഞതും എക്സ് റേ ഒക്കെ എടുത്തു ഡോക്ടർ സൂക്ഷ്മമായി പരിശോധിച്ചു.
“തള്ള വിരലിലെ എല്ലിന് ഫ്രാക്ചർ ഉണ്ട്. ചെറുതായിട്ട്. കാൽ മുട്ടിന്റെ വേദന വീഴ്ചയിൽ പറ്റിയതാ. ഓയിന്റ്മെന്റ് തരാം അതു പുരട്ടിയാൽ മതിട്ടോ. വേറെ കുഴപ്പം ഒന്നുമില്ലാ”
ഡോക്ടർ അരുണിമയെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു.
ഡോക്ടർ മറ്റൊരു നഴ്സിന്റെ കൂടെ ഉള്ളിലുള്ള മുറിയിലേക്ക് കയറി പോയി.
റൂമിലെ ബെഡിൽ അമർന്നിരുന്ന അരുണിമ കോപത്തോടെ അവനെ നോക്കി. അനന്തു ദുഖത്തോടെ തല താഴ്ത്തി. താൻ കാരണം ഒരാൾക്ക് അപകടം പറ്റിയെന്നു ചിന്ത അവന്റെ മനസ്സിനെ കുത്തി നോവിച്ചു.
അരുണിമ അവനെ തലയാട്ടി വിളിച്ചപ്പോൾ അനന്തു അവളുടെ അടുത്തേക്ക് വന്നു നിന്നു.
“എന്റെ കയ്യിൽ നയാ പൈസ ഇല്ല… താൻ തന്നെ കൊടുത്തോണം ”
അരുണിമ മുഖം വീർപ്പിച്ചു പറഞ്ഞു.
“ഞാൻ കൊടുത്തോളാം കുഴപ്പമില്ല ”
അനന്തു അവളെ സമാധാനിപ്പിളിക്കുവാനായി പറഞ്ഞു.
“എങ്കിൽ തനിക്ക് കൊള്ളാം. അപ്പൊ എന്റെ സൈക്കിളോ.. അതാര് ശരിയാക്കും അതു തവിടു പൊടിയായില്ലേ? ”
അരുണിമ പുലമ്പിക്കൊണ്ടിരുന്നു.
“അതും ഞാൻ തന്നെ ശരിയാക്കിക്കോളാം ”
“താൻ തന്നെ ശരിയാക്കണം. തന്റെ ഉത്തരവാദിത്തമാ… നിങ്ങൾ അല്ലെ എന്നെ വന്നു ഇടിച്ചത്… എന്റെ എല്ലാ ചിലവും തന്നില്ലെങ്കിൽ ഞാൻ കേസ് കൊടുക്കും.പറഞ്ഞില്ലാന്നു വേണ്ട ”
അരുണിമ അനന്തുവിനെ ഭീഷണിപ്പെടുത്തി.
“ഞാൻ കൊടുത്തോളം അരുണിമ കേസ് ഒന്നും കൊടുക്കണ്ട ”
അനന്തുവിന്റെ മറുപടി കേട്ടതും അരുണിമ ഉള്ളിൽ ഊറി ചിരിച്ചു. വേദനയുള്ള കൈ അവൾ മടിയിൽ താങ്ങ് പോലെ വച്ചു. റൂമിൽ നിന്നു ഇറങ്ങിയ ഡോക്ടറും കയ്യിൽ എന്തൊക്കെയോ പിടിച്ചു നഴ്സും പുറത്തേക്കിറങ്ങി.
ഡോക്ടർ വന്നു അവളുടെ വിരലിൽ തൊട്ട് നോക്കിയപ്പോൾ അരുണിമ വേദന കാരണം ചുണ്ടുകൾ കടിച്ചു പിടിച്ചു. കണ്ണുകൾ ചിമ്മിക്കൊണ്ടിരുന്നു.അനന്തുവിന് അതു കണ്ടതും വല്ലാത്തൊരു സങ്കടം മനസ്സിൽ ഉടലെടുത്തു.
അരുണിമ വേദനിക്കുന്നത് കാണാൻ അവനു ത്രാണിയില്ലാത്ത പോലെ തോന്നി. അനന്തു അവിടെ ഒരു വിധത്തിൽ പിടിച്ചു നിന്നു. ഡോക്ടർ അവളുടെ വിരൽ ഇമ്മൊബിലൈസർ ഉപയോഗിച്ചു ഘടിപ്പിച്ചു വച്ചു.
വേദന കാരണം അരുണിമയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു. അവൾ അതു പതുക്കെ തുടച്ചു വച്ചു. ഇനിയും അവളെ നോക്കി നിന്നാൽ ഞാൻ ചിലപ്പോ അവളെ പ്രേമിച്ചു പോകുമെന്ന പേടി കൊണ്ടു അനന്തു പുറത്തേക്ക് ഇറങ്ങി നിന്നു.
പെട്ടെന്നു അവന്റെ ഫോൺ ശബ്‌ദിച്ചു. അവൻ ഫോൺ എടുത്തു കാതോരം ചേർത്തു.
“അനന്തൂട്ടാ ഞാൻ ഹോസ്പിറ്റലിന് പുറത്തുണ്ട്.”
ബലരാമന്റെ ശബ്ദം കേട്ടതും അവനു അല്പം ആശ്വാസം തോന്നി.
“അമ്മാവാ ഞാൻ അങ്ങോട്ടേക്ക് വരാം.”
അനന്തു ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. ബലരാമൻ ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു വരുന്നത് അവൻ കണ്ടു. അനന്തുവിനെ കണ്ടതും ബലരാമൻ വെപ്രാളത്തോടെ ഓടി വന്നു.
“അനന്തൂട്ടാ നീ ok അല്ലെ?കുഴപ്പം ഒന്നുമില്ലല്ലോ?”
അനന്തു അവനെ ചേർത്തു പിടിച്ചുകൊണ്ടു ചോദിച്ചു. അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അവന്റെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു.
“എനിക്ക് കുഴപ്പമില്ല അമ്മാവാ ”
“അതേതായാലും നന്നായി മോനെ… ആ കുട്ടിക്ക് എങ്ങനുണ്ട്? ”
പരിഭ്രമത്തോടെ ബലരാമൻ ചോദിച്ചു.
“വിരലിനു ഫ്രാക്ചർ ഉണ്ട്. വേറെ കുഴപ്പം ഒന്നുമില്ല.
“ഹാവൂ അതു നന്നായി വേറൊന്നും പറ്റിയില്ലല്ലോ സമാധാനം. എവിടാ ഉള്ളേ ആ കുട്ടി? ”
“കൺസൾട്ടിങ് റൂമിലുണ്ട്. ”
“എന്നാൽ ഞാൻ ഒന്നു കാണട്ടെ ”
അനന്തുവിനെ ഒന്നു നോക്കി ബലരാമൻ ഡോക്ടറുടെ റൂമിലേക്ക് നടന്നു.അനന്തു ബലരാമന്റെ പിന്നാലെ നടന്നു. റൂമിന്റെ ഡോർ തുറന്നു ബലരാമൻ ഉള്ളിലേക്ക് കയറി.
ബലരാമനെ കണ്ടതും ഡോക്ടർ ബഹുമാനത്തോടെ ചെയറിൽ നിന്നും ചാടിയെണീറ്റു. ഡോക്ടറിനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം ബലരാമൻ ബെഡിൽ ഇരിക്കുന്ന അരുണിമയെ പാളി നോക്കി.
അരുണിമ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ ചെവിക്ക് പിറകിലേക്ക് കോതിയൊതുക്കി ബലരാമനെ നോക്കി.
അരുണിമയെ കണ്ടതും ബലരാമൻ ഞെട്ടലോടെ തറഞ്ഞു നിന്നു.അയാളുടെ നട്ടെല്ലിലൂടെ വിറയൽ പാഞ്ഞു. അയാൾക്ക് തന്റെ കാലുകൾ കുഴഞ്ഞു പോകുന്ന പോലെ തോന്നി.വിശ്വാസം വരാതെ ബലരാമൻ അവളെ തുറിച്ചു നോക്കി.
(തുടരും)
Nb : കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.എല്ലാവരുടെയും ഈ സ്നേഹത്തിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം.. നന്ദി… എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അടുത്ത ഭാഗത്തിൽ പരിഹരിക്കാംട്ടോ.. ഈ പാർട്ടിൽ കുറച്ചു സാഹിത്യം ഞാൻ കുത്തിക്കേറ്റിയിട്ടുണ്ട്. അതെന്റെ മേഖല അല്ലാത്തോണ്ട് മിക്കവാറും ചിലപ്പോ ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല.അതുകൊണ്ട് കഥ വായിച്ചു കഴിഞ്ഞു എന്നെ ഒരു മയത്തിൽ ഒക്കെ പേടിപ്പിച്ചു വിട്ടാൽ മതിട്ടോ. .. ഞാൻ പാവമല്ലേ.. വേഗം നന്നായിക്കോളാം 🤗🤗
അപ്പൊ അടുത്ത ആഴ്ച പാക്കലാം. സ്നേഹത്തോടെ ചാണക്യൻ… !!
Comments:
No comments!
Please sign up or log in to post a comment!