വശീകരണ മന്ത്രം 4
ഇത്രയും പലഹാരക്കൂട്ടം അവൾ കടകളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. എങ്കിലും സംയമനം പാലിച്ചു നല്ല കുട്ടി ആയി അവൾ ഇരുന്നു.
വീട്ടിൽ കാണിക്കുന്ന ആക്രാന്തം ഇവിടെ കാണിച്ചാൽ മോശമാണെന്നു അവൾക്ക് തന്നെ തോന്നി. മുത്തശ്ശി അനന്തുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.
തുടരെ തുടരെ അവന്റെ മുഖത്തേക്ക് നോക്കി തുടങ്ങി. മുത്തശ്ശി അവരുടെ മരിച്ചു പോയ മകനെ തന്നിലൂടെ കാണുവാണെന്നു അനന്തുവിന് തോന്നി. എന്നാൽ മുത്തശ്ശിക്ക് അങ്ങനെങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ എന്ന് അവനും കരുതി.
ഈ സമയം ബലരാമന്റെ മക്കളായ ശിവജിത്തും മീനാക്ഷിയും ബാലരാമനോട് എന്തോ സ്വകാര്യമായി ചെവിയിൽ പറഞ്ഞു. അയാൾ മാലതിയ്ക്ക് നേരെ കൈ ചൂണ്ടി.ശിവജിത്തും മീനാക്ഷിയും പതുക്കെ മാലതിയുടെ അടുത്തേക്ക് നടന്നു വന്നു.
“മാലതി എളേമ്മേ… ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം. എല്ലാവരെയും കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുവായിരുന്നു. ”
മീനാക്ഷി വിനീതയായി പറഞ്ഞു.
“അതിനെന്താ മക്കളെ പോയിട്ട് വായോ.. ഞങ്ങൾ ഇനി ഇവിടുണ്ടല്ലോ.. വന്നിട്ട് ശെരിക്കും സംസാരിക്കാട്ടോ..” മാലതി സന്തോഷത്തോടെ പറഞ്ഞു.
അത് കേട്ടതും ശിവജിത്തിന്റെ മുഖ ഭാവം മാറി. കടന്നൽ കുത്തിയ പോലെ അവൻ മുഖം വീർപ്പിച്ചിരുന്നു.
അനന്തുവിന് അത് മനസ്സിലായെങ്കിലും കാര്യമാക്കാൻ പോയില്ല. അവൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹ പ്രകടനത്തിൽ മതി മറന്നിരുന്നു.
അപ്പോൾ തന്നെ അവർ വെളിയിലേക്ക് ഇറങ്ങി കാറിൽ കയറി പുറത്തേക്ക് യാത്രയായി. ഈ സമയം എല്ലാവരും മത്സരത്തോടെ അവരെ പലഹാരം കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.
മാലതി എല്ലാവരുടെയും സ്നേഹപ്രകടനത്തിൽ പൂർണ സംതൃപ്ത ആയിരുന്നു.
“അനന്തുട്ടാ ഇത് കഴിക്ക് ”
ബലരാമൻ ഒരു ലഡ്ഡു എടുത്തു അവന്റെ വായിൽ വച്ചു കൊടുത്തു.
മുത്തശ്ശിയും മുത്തശ്ശനും മാലതിക്കും ശിവയ്ക്കും ജിലേബി കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. ഇങ്ങനെ കഴിപ്പിച്ചാൽ എല്ലാം കൂടി തൊണ്ടയിൽ കുടുങ്ങുമെന്ന് ശിവയ്ക്ക് തോന്നി.
“മാലതി നല്ലോണം കഴിക്ക് അങ്ങോട്ട്.. കണ്ടില്ലേ ഒരുമാതിരി മെലിഞ്ഞ് കോലു പോലെ നീ ഇരിക്കുന്നത്.ഒന്നും തിന്നാറില്ലെ നീ ”
ബലരാമന്റെ ഭാര്യ സീത ചോദ്യഭാവേന അവളെ നോക്കി.
“ജോലി തിരക്കല്ലേ സീതേട്ടത്തി… പിന്നെ ഈ രണ്ടെണ്ണത്തിനെ മേയ്ക്കുന്ന പാട് എനിക്കല്ലേ അറിയൂ. ”
മാലതി കുസൃതി ചിരിയോടെ അവരെ നോക്കി.
“ഇനി ഞങ്ങൾ നോക്കിക്കോളാം രണ്ടുപേരെയും” മുത്തശ്ശി തലയുയർത്തി അവരെ നോക്കി പറഞ്ഞു.
“അതേ അവർ ഇനി ഞങ്ങടെ കൂടെ നിക്കട്ടെ ”
മുത്തശ്ശൻ ശബ്ദത്തിനു അല്പം ഗാംഭീര്യം നൽകി. അനന്തുവും ശിവയും പരസ്പരം നോക്കി ചിരിച്ചു.
“അനന്തുട്ടാ ഇതും കഴിക്ക് ”
ഒരു കേക്ക് എടുത്തു അവന്റെ നേരെ ബലരാമൻ അടുപ്പിച്ചു.
“മതി ബലരാമൻ അമ്മാവാ മതിയായി. ”
“അയ്യോ അത് പറ്റില്ല ഇതും കൂടി ”
ബലരാമൻ അപേക്ഷയുടെ സ്വരത്തിൽ അവനെ നോക്കി.
അനന്തു ചിരിയോടെ അത് വാങ്ങി കഴിച്ചു. പലഹാരം തിന്നു അവനു വയറു നിറഞ്ഞു
“എനിക്ക് മതിട്ടോ.. വയറു ഫുൾ ആയി. ”
അനന്തു വയറിൽ തടവിക്കൊണ്ട് വിളിച്ചു പറഞ്ഞു. അത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു. അടുക്കള പണി കഴിഞ്ഞ ശേഷം വീട്ടുവേലയ്ക്ക് നിക്കുന്ന സ്ത്രീകൾ വാതിൽ പടിയിൽ നിന്നും എത്തി നോക്കി.
ചെറുപ്പത്തിൽ നാട് വിട്ടു പോയ തേവക്കാട്ട് ശങ്കരന്റെ മകളെയും പേരമക്കളെയും ഒരു നോക്ക് കണ്ട ശേഷം അവർ ജോലികളിൽ വ്യാപൃതരായി.
ഈ സമയം ശിവജിത്ത് തന്റെ BMW കാർ പ്രധാന നഗരത്തിലേക്ക് പായിക്കുകയാരുന്നു. മീനാക്ഷി പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.
പതിയെ അവൾ ശിവജിത്തിനെ തിരിഞ്ഞു നോക്കി. അവൻ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അവന്റെ മുഖം വല്ലാതെ ഗൗരവം പൂണ്ടിരിക്കുകയാണെന്ന് മീനാക്ഷിയക്ക് തോന്നി.
കണ്ണുകളൊക്കെ രക്തമയം ആയിരിക്കുന്നു. പ്രക്ഷുബ്ധമായ കടലിനു സമാനമാണ് അവന്റെ മനസ്സ് എന്ന് അവൾക്ക് തോന്നി. ആരോടോ ഉള്ള ദേഷ്യം ആക്‌സിലേറ്ററിൽ തീർക്കുന്ന പോലെ.
അവൾ അവനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം ശിവജിത്തിന്റെ കൈയിൽ മുറുകെ പിടിച്ചു.
“ഏത് നേരത്താണാവോ ആ തെണ്ടി കൂട്ടങ്ങൾക്ക് കേറി വരാൻ തോന്നിയത്.ബുൾഷിറ്റ്…ഇത്രയും കാലം എവിടായിരുന്നു അവർ..? ഇപ്പൊ ആരും ഹെല്പ് ചെയ്യാൻ ഇല്ലാത്തോണ്ട് ഗതികേട് കൊണ്ട് കേറി വന്നതാവും അതുങ്ങൾ. യൂസ് ലെസ് ഫെല്ലോസ് ”
ശിവജിത്ത് മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങിൽ അടിച്ചു. ഗ്രാമത്തിൽ നിന്നും
പട്ടണത്തിലേക്കുള്ള മെയിൻ റോഡിലേക്ക് അവൻ വണ്ടി കയറ്റി.
“ആർക്കറിയാം ജിത്തു. ഏതായാലും വന്ന ആൾ കൊള്ളാം.. സോ ഹാൻഡ്സം. ഇത്രയും ഗ്ളാമറുള്ള ഒരാളെ ഞാൻ ആദ്യായിട്ടാ കാണുന്നെ.. ഞാൻ കമ്മിറ്റഡ് അല്ലായിരുന്നേൽ ഉറപ്പായിട്ടും അവനെ വളച്ചെടുത്തേനേ.. എന്റെ മുറച്ചെറുക്കൻ അല്ലെ.
മീനാക്ഷി കുളിരോടെ അവനോടു പറഞ്ഞു
“ഷട്ട് യുവർ മൌത്ത്. ”
ശിവജിത്ത് കിടന്നു ചീറി. മീനാക്ഷി ശെരിക്കും ഭയന്നു. ശിവജിത്തിന് ദേഷ്യം വന്നു കഴിഞ്ഞാൽ ആർക്കും തടയാൻ പറ്റൂലാന്ന് അവൾക്ക് നന്നേ അറിയാം.
“അവന്റെ സ്തുതി പാടിയത് ആരായാലും ഞാൻ ക്ഷമിക്കില്ല.. അത് എന്റെ പെങ്ങളായ നീ ആണെങ്കിൽ കൂടിയും. ”
ശിവജിത്ത് രോഷത്തോടെ അലറി.
“ചിൽ മാൻ… ഞാൻ വെറുതെ പറഞ്ഞതല്ലേ.. ലീവ് ഇറ്റ്.ജിത്തു നീ ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്ത് കിട്ടാനാ ”
മീനാക്ഷി അവനെ ഉപദേശിക്കാൻ നോക്കി.
“വന്നു കേറിയപ്പോഴേ അവർ മുത്തശ്ശിയെ കയ്യിലെടുത്തു, മുത്തശ്ശൻ അവരുടെ വാല് പോലെ നടക്കുന്നു. വാട്ട് ഹാപ്പെൻഡ് ടു ഹിം? ”
“വർഷങ്ങൾക്ക് ശേഷം മകളെ കണ്ടതിന്റെ എക്സൈറ്റ്മെന്റ് അല്ലെ.. അതാ നീ കാര്യാക്കണ്ട ”
“ഇതിനിടക്ക് നമ്മുടെ അച്ഛന്റെ റോൾ എന്താ? അച്ഛനെങ്ങനാ അവരെ പരിചയം? ”
ശിവജിത്ത് ചോദ്യഭാവേന അവളെ നോക്കി.
“അച്ഛനാണ് അവരെ കണ്ടു പിടിച്ചത്. എന്തിനാണെന്ന് മാത്രം എനിക്ക് അറിഞ്ഞൂടാ ”
അവൾ കൈ മലർത്തി.
“അത് കണ്ടെത്തണം. അവര് നമ്മുടെ ഫാമിലിയിൽ വേണ്ട. നമ്മുടെ സ്വത്തൊക്കെ അടിച്ചു മാറ്റാൻ ആണ് അവരുടെ വരവെന്ന് എനിക്ക് തോന്നുന്നു.അവരെ കുറിച്ച് ഡീറ്റൈൽഡ് ആയിട്ട് അന്വേഷിക്കണം നീ കേട്ടോ”
ശിവജിത്ത് അവളെ തറപ്പിച്ചു നോക്കി.
“ഞാൻ ട്രൈ ചെയ്യാം ജിത്തു.”
മീനാക്ഷി അവനെ നോക്കി പുഞ്ചിരിച്ചു. അവരെയും കൊണ്ട് ആ കാർ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു.
ഈ സമയം അങ്ങ് തേവക്കാട്ടെ മനയിൽ മാലതിയെയും മക്കളെയും എല്ലാവരും കൂടി ഊട്ടുകയായിരുന്നു. മാലതി സന്തോഷംകൊണ്ട് വീർപ്പു മുട്ടി.
അനന്തുവിന്റേയും ശിവയുടെയും ഹൃദ്യമായ പെരുമാറ്റം അവരെ സന്തോഷിപ്പിച്ചു. അവർക്ക് വിശ്രമിക്കാൻ വേണ്ടി മുറി കാണിക്കാൻ പറയാൻ തുനിഞ്ഞതും അനന്തു പൊടുന്നനെ ഇടപെട്ടു.
“എനിക്ക് അഞ്‌ജലിയെ കൂടി കാണണമെന്നുണ്ട്. എല്ലാവരെയും കണ്ടു.ആ കുട്ടിയെ മാത്രം കാണാൻ പറ്റിയില്ലല്ലോ . നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ? ”
അനന്തു ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും നോക്കി.
ചിലരുടെയൊക്കെ കണ്ണുകൾ തിളങ്ങുന്നതും വികസിക്കുന്നതും അവൻ കണ്ടു.
“അതിനെന്താ മോനെ ഇത് നിന്റെയും കൂടി തറവാട് അല്ലെ.. എങ്ങോട്ട് പോകാനും എന്തിനാ അനുവാദം ചോദിക്കുന്നെ… മോൻ പോയിട്ട് വാ…. വിജയാ നീ അഞ്‌ജലി മോളുടെ മുറി കാണിച്ചു കൊടുക്ക്.
മുത്തശ്ശൻ അഞ്ജലിയുടെ അച്ഛനെ നോക്കി ആജ്ഞാപിച്ചു. അയാൾ വേഗം അനന്തുവിനെയും കൂട്ടി വടക്കിനി ഭാഗത്തേക്ക് പോയി. മാലതിയും ശിവയും അവരെ അനുഗമിച്ചു.
വീടിന്റെ ഇടനാഴിയിലൂടെ നടന്നു നടു മുറ്റത്തു എത്തിയപ്പോൾ അനന്തു ഒരു നിമിഷം തറഞ്ഞു നിന്നു പോയി. സിനിമകളിൽ അല്ലാതെ ആദ്യമായാണ് അവൻ ഇങ്ങനെ ഒരു സൗകര്യങ്ങളൊക്കെ നേരിട്ട് കാണുന്നത്.
നടു മുറ്റത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അവർ വടക്കിനി അറയിലേക്ക് കയറി. അവിടെ കണ്ട മുറിയുടെ വാതിൽ വിജയൻ മലർക്കെ തുറന്നു.
“വാ ഇതാ അഞ്‌ജലിടെ മുറി ”
അയാൾ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. വിജയന്റെ പുറകെ അനന്തുവും ശിവയും മാലതിയും മുറിയിലേക്ക് കയറി.
കയറിയ പാടെ അനന്തുവിന്റെ കണ്ണുകൾ പതിഞ്ഞത് മുറിയിലെ ബൃഹത്തായ പുസ്തക ശേഖരങ്ങളിലേക്കാണ്. അവൻ പതിയെ അതിലൂടെ വിരലോടിച്ചു. അവിടെങ്ങും ചിതറി കിടക്കുന്ന പുസ്തകങ്ങളും ചിത്രങ്ങളും ചായക്കൂട്ടുകളും ബ്രഷുകളും നിറഞ്ഞ ലോകം ആണ് അവനെ സ്വാഗതം ചെയ്തത്.
എല്ലാത്തിലൂടെയും കണ്ണോടിച്ചുകൊണ്ട് അവൻ നിലത്തു ചാരി വച്ചിരിക്കുന്ന ഒരു പെയിന്റിംഗ് എടുത്തു നോക്കി. അതിൽ ഇരുളിന്റെ പശ്ചാത്തലത്തിൽ ഒരു മരത്തിനു കീഴെ ചുറ്റി പറക്കുന്ന മിന്നാമിന്നി കൂട്ടങ്ങളെ അസാധ്യമായി വരച്ചിരുന്നു.
അത്രയ്ക്ക് മനോഹരം ആയിരുന്നു ആ ചിത്രം മറ്റു ചിത്രങ്ങളും ഒന്നിനൊന്നു മികച്ചത് തന്നെ. ഇതിന്റെയെല്ലാം സൃഷ്ട്ടാവ് അഞ്‌ജലി തന്നെ ആണെന്ന് അവനു തോന്നി.ആ ചിത്രങ്ങളിലൂടെ അവൻ ആരാധനയോടെ നോക്കി.
“എന്നെക്കാണാൻ ആണോ അതോ എന്റെ പെയിന്റിംഗ്സ് കാണാൻ ആണോ വന്നേ ? ”
പുറകിൽ നിന്നും കേട്ട കിളി നാദം കാതോർത്തു കൊണ്ട് അവൻ തിരിഞ്ഞു നോക്കി . മുറിയുടെ ഒരു മൂലയിൽ ജനാലയ്ക്ക് സമീപമുള്ള കട്ടിലിൽ അമ്മ ഷൈലയുടെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന അഞ്ജലിയെ കണ്ടതും അനന്തു അവളെ നോക്കി പുഞ്ചിരിച്ചു.
ആദ്യം അവനെ കണ്ടൊന്നു അമ്പരന്നെങ്കിലും അഞ്‌ജലിയും അവനു തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു. അഞ്‌ജലി കാണാൻ ഒരു പാവക്കുട്ടിയെ പോലെ ആണെന്ന് അവനു തോന്നി.
വാലിട്ട് എഴുതിയ കണ്ണുകളും ചെറിയ മൂക്കുത്തിയും ഇട തൂർന്ന മുടിയും അവളെ ഒരുപാട് സുന്ദരിയാക്കുന്നു. അവൾ അണിഞ്ഞിരുന്ന മിഡിയും ടോപ്പും അവൾക്ക് കൂടുതൽ ഇണങ്ങുന്നതായി അനന്തുവിന് തോന്നി.
അനന്തു കൈകൾ കെട്ടി വച്ചു അവളെ നോക്കി നിന്നു. അഞ്ജലിയും അവനെ തന്നെ നോക്കി നിന്നു.ശിവ അവൾ കിടക്കുന്ന കട്ടിലിനു സമീപം ഉള്ള കസേരയിൽ ഇരുന്നു.
മാലതി അഞ്ജലിയുടെ കാൽക്കൽ ഇരുന്നു അവളെ വാത്സല്യത്തോടെ നോക്കി.അഞ്‌ജലി എല്ലാവരെയും ഒന്ന് മാറി മാറി നോക്കി. പിന്നെ ആ നോട്ടം വീണ്ടും അനന്തുവിൽ ചെന്നെത്തി.
“അമ്മേ നമ്മുടെ വീടിന്റെ ഹാളിൽ തൂക്കിയ ദേവൻ എളേച്ഛന്റെ അതേ ഛായ ആണല്ലേ ഇയാൾക്കും ”
അവൾ ചൂണ്ടു വിരൽ താടിക്ക് കുത്തി ഗഹനമായ ചിന്തയിൽ ആണ്ടു. അവളുടെ കണ്ണുകളിൽ മാറി മറിയുന്ന ഭാവങ്ങൾ കണ്ട് അനന്തുവിന് ചിരി പൊട്ടി. അത് കണ്ട് മാലതി അവനെ ശാസിക്കുന്ന പോലെ നോക്കി…
“അതേ മോളെ.. ഞങ്ങൾ എല്ലാവരും അത് പറയുവായിരുന്നു. രണ്ടു പേരും ഒരുപോലാ ഇരിക്കുന്നെ.. ”
ഷൈല മകളുടെ നെറുകയിൽ പതിയെ തലോടി. വിജയൻ അപ്പുറം മാറി നിന്നു അവരെ വീക്ഷിച്ചു. പുള്ളി പൊതുവെ ഒരു സൈലന്റ് മോഡ് ആണെന്ന് അനന്തുവിനു തോന്നി.
“മോള് എത്രയിലാ പഠിക്കണേ? ”
മാലതി അഞ്ജലിയെ ഉറ്റു നോക്കി.
“ഞാൻ പ്ലസ് വണ്ണിലാ ആന്റി ”
“മോളെ ആന്റി അല്ല അപ്പച്ചി എന്ന് വിളിക്ക് ”
ഷൈല അഞ്ജലിയെ തിരുത്താൻ ശ്രമിച്ചു
“ഹേയ് അത് സാരമില്ല ഏട്ടത്തി അവൾ ആന്റി എന്ന് തന്നെ വിളിച്ചോട്ടെ ”
മാലതി വാത്സല്യപൂർവ്വം അവളുടെ കവിളിൽ തലോടി.
“ഇതാ അഞ്‌ജലി മോളെ എന്റെ മക്കൾ ശിവയും അനന്തുവും ”
അഞ്‌ജലി ശിവയെ നോക്കി കൈ നീട്ടി. അവൾ അഞ്‌ജലിയുടെ കൈ പിടിച്ചു കുലുക്കി. പൊടുന്നനെ അഞ്‌ജലി തല വെട്ടിച്ചു അനന്തുവിനെ നോക്കി.
“ഇയാളെ ഞാൻ എന്താ വിളിക്കുക? ”
അഞ്‌ജലി തല ചൊറിഞ്ഞു കൊണ്ട് അവനെ നോക്കി
“അഞ്ജലിയ്ക്ക് ഇഷ്ടമുള്ളത് വിളിച്ചോ ”
“ഹാ കിട്ടിപ്പോയി നന്ദുവേട്ടൻ എന്ന് വിളിക്കട്ടെ ?”
അഞ്‌ജലി ഉത്സാഹത്തോടെ അവനെ നോക്കി.
“നല്ല പേരാ.. അതു മതി ”
അനന്തു ഇഷ്ട്ടപെട്ടെന്ന മട്ടിൽ തലയാട്ടി.
“ശരി നന്ദുവേട്ടാ ”
ഷൈലയും വിജയനും പരസ്പരം വിശ്വാസം വരാതെ അഞ്ജലിയെ നോക്കി. അവൾ അച്ഛനെ നോക്കി കണ്ണിറുക്കി.
“മോളെ എങ്ങനാ നിനക്ക് വയ്യാണ്ടായേ? ”
മാലതി ഷൈലയെയും അഞ്ജലിയെയും നോക്കി.
“ചെറിയൊരു ആക്‌സിഡന്റ് പറ്റിയതാ. അത് അന്ന്…….. ”
വിജയൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ഷൈല ഇടക്ക് കയറി പറഞ്ഞു.
“ഇപ്പൊ ഒരു വർഷത്തോളം ആവാനായി. നമ്മുടെ നാട്ടിലെ തന്നെ ഒരു വൈദ്യനെയാ കാണിക്കുന്നേ..ആള് ബഹു കേമനാണെന്നാണ് കേട്ട് കേൾവി. അദ്ദേഹം ശരിയാക്കി തരാമെന്നു വാക്ക് തന്നിട്ടുണ്ട്. ഇപ്പൊ അതാണ് ആകെയുള്ള പ്രതീക്ഷ. ”
ഷൈല വിജയനെ തുറിച്ചു നോക്കി. അയാൾ പുറത്തേക്ക് മുഖം വെട്ടിച്ചു.
“ഏത് വൈദ്യനെയാ ഏട്ടത്തി കാണിക്കുന്നേ ? ”
മാലതി ആകാംക്ഷയോടെ ഷൈലയെ നോക്കി
“കാക്കട്ടൂർ മനയിലെ നാരായണൻ തമ്പി വൈദ്യർ. മാലതിയ്ക്ക് അറിയുമോ? ”
“അറിയാം ഏട്ടത്തി. പണ്ട് എന്റെ ചെറുപ്പത്തിലും ഇടക്കിടക്ക് വൈദ്യരുടെ അടുത്ത് മരുന്ന് വാങ്ങാൻ പോയിട്ടുണ്ട്. ”
“അതു തന്നെ മാലതി വയസ്സ് 70 ആയെങ്കിലും ഇപ്പോഴും ആളുകളെ പരിശോധിക്കാറുണ്ട് വൈദ്യർ. ദിവസവും എത്ര പേരാണെന്ന് അറിയുമോ മറ്റു ഗ്രാമങ്ങളിൽ നിന്നു വരെ ചികിത്സക്ക് എത്തുന്നേ”
വിജയൻ അദ്ദേഹത്തെ കുറിച്ച് വാചാലനായി
“ബാക്കി പിന്നെ സംസാരിക്കാം അവർ ഇപ്പൊ വന്നതല്ലേയുള്ളൂ. മക്കൾ ഒന്ന് വിശ്രമിക്കട്ടെ ”
മുത്തശ്ശൻ പതിയെ മുറിയിലേക്ക് കയറി വന്നു പറഞ്ഞു. മാലതിയും ശിവയും അഞ്ജലിയോട് പറഞ്ഞു പുറത്തേക്കിറങ്ങി. അനന്തു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് ചാരെ വന്നു നിന്നു.
“പോട്ടെ പിന്നെ വരാം അഞ്‌ജലി ”
“ശരി നന്ദുവേട്ടാ പിന്നെ കാണാം. ”
അഞ്‌ജലി പറയുന്നത് കേട്ടു മുത്തശ്ശൻ വായ് പൊളിച്ചു നിന്നു. അദ്ദേഹം വിടർന്ന കണ്ണുകളോടെ അവളെ നോക്കി. ഈ സമയം അനന്തു മുറി വിട്ടു പുറത്തേക്ക് പോയിരുന്നു.
“ആഹാ എന്റെ അഞ്‌ജലി കുട്ടീടെ ആൺവിരോധം ഒക്കെ മാറിയോ? ”
അനന്തുവിനെ കണ്ടപ്പോൾ മുത്തശ്ശൻ കളിയായി അവളോട് ചോദിച്ചു.
“പിന്നില്ലാതെ മുത്തശ്ശാ നല്ല അടിപൊളി മുറ ചെറുക്കനെ കിട്ടിയാൽ ഞാൻ വിടുമോ? ”
മുത്തശ്ശൻ അതു കേട്ട് പൊട്ടിച്ചിരിച്ചു. അയാൾ പതിയെ മുറി വിട്ടിറങ്ങി പോയി. ഷൈല അഞ്ജലിയെ കൈകളിൽ താങ്ങിക്കൊണ്ട് പതുക്കെ കട്ടിലിൽ കിടത്തി. അവളെ പതുക്കെ കിടത്തിയ ശേഷം ഷൈല നിവർന്നു നിന്നു വിജയന് നേരെ തിരിഞ്ഞു നോക്കി.
“വിജയേട്ടാ നിങ്ങൾ അവരോട് എല്ലാം പറയാൻ തുടങ്ങുവായിരുന്നു അല്ലെ ? ”
ഷൈല അയാളെ തുറിച്ചു നോക്കി
“അതേ ഷൈലേ മാലതി ചോദിച്ചപ്പോൾ ഒന്നും ഓർക്കാതെ പറഞ്ഞു തുടങ്ങിയതാ ”
“ഓർക്കണം വിജയേട്ടാ.. നമ്മുടെ മോൾക്ക് സംഭവിച്ചത് നമ്മൾ മാത്രം
അറിഞ്ഞാൽ മതി. വേറാരും ഇനി അറിയണ്ട… ആരും.. ”
ഷൈല ഒരു താക്കീത് എന്നപോലെ അയാളോട് പറഞ്ഞു.
“ശരി ഷൈലേ ”
വിജയനെ മറി കടന്നു കൊണ്ട് ഷൈല അടുക്കളയിലേക്ക് പോയി.
ഈ സമയം ഹാളിൽ സാധങ്ങൾ കയ്യിൽ പിടിച്ചു നിക്കുവായിരുന്നു മാലതിയും അനന്തുവും ശിവയും.
“ബലരാമാ മാലതിയ്ക്കും ശിവയ്ക്കും വടക്കിനി ഭാഗത്തുള്ള മുറി കൊടുത്തോളു. ആ പെട്ടികളും സാധങ്ങളും എടുക്കാൻ നീയും സഹായിക്ക് ”
മുത്തശ്ശൻ ബലരാമനെ നോക്കി ആജ്ഞാപിച്ചു.
“ശരി അച്ഛാ ”
“അനന്തുവിന് നമ്മുടെ ദേവന്റെ മുറി കൊടുത്താൽ മതി. ”
മുത്തശ്ശൻ എന്തോ പറയാനാഞ്ഞതും മുത്തശ്ശി ഇടക്ക് കയറി പറഞ്ഞു. എല്ലാവരും മുത്തശ്ശിയെ അത്ഭുതത്തോടെ നോക്കി. അടിച്ചു വാരാനോ മറ്റോ അല്ലാതെ ആരെയും ആ മുറിയിലേക്ക് മുത്തശ്ശി കയറാൻ അനുവദിക്കാറില്ലായിരുന്നു.
അകാലത്തിൽ മരിച്ചു പോയ മകന്റെ ഓർമക്കായി ആ അമ്മ പൊന്നു പോലെ കാത്തു സൂക്ഷിച്ചതായിരുന്നു ആ മുറി. മുത്തശ്ശിയുടെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തി.
“നിനക്ക് കുഴപ്പമില്ലല്ലോ അല്ലെ കാർത്യായനി ”
മുത്തശ്ശൻ തന്റെ സംശയം ദൂരീകരിക്കാൻ എന്നവണ്ണം ഒന്നുകൂടി ചോദിച്ചു.
“അതേ എനിക്ക് പൂർണ സമ്മതം ആണ്. എന്തോ ആ മുറി തന്നെ അനന്തു മോന് കൊടുക്കണമെന്ന് മനസ്സിൽ ആരോ പറയുന്നപോലെ”
മുത്തശ്ശി ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും പാളി നോക്കി.
അനന്തുവിനു ആ മുറി വേണ്ട എന്ന് പറയാൻ തോന്നിയെങ്കിലും മുത്തശ്ശിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തത്കാലം വേണ്ടാന്നു വച്ചു. യാത്ര ചെയ്ത ക്ഷീണമുള്ളതിനാൽ എവിടേലും ഒന്ന് കിടന്നാൽ മതിയെന്നേ അവനു തോന്നിയുള്ളൂ.
“സീതേ അനന്തുവിന് ദേവന്റെ മുറി കാണിച്ചു കൊടുക്ക്.”
“ശരി അച്ഛാ ”
സീത സന്തോഷത്തോടെ അനന്തുവിന്റെ അടുത്ത് വന്നു. പതിയെ അവന്റെ കയ്യിൽ പിടിച്ചു മുന്നോട്ടേക്ക് നടന്നു.അനന്തു സീതയെ അനുഗമിച്ചു.
അവർ നടുമുറ്റം കഴിഞ്ഞ് തെക്ക് ഭാഗത്തേക്ക് ഇടനാഴിയിലേക്ക് കയറിയതും അനന്തു ആകാംക്ഷയോടെ ചോദിച്ചു.
“എങ്ങോട്ടാ ആന്റി പോകന്നേ? ”
“അനന്തുട്ടാ ഞാൻ മോന്റെ അമ്മായി ആണ് ട്ടോ . എന്നെ അങ്ങനെ വിളിച്ചോളൂ മോൻ. ”
“സോറി അമ്മായി. ”
“അതിനെന്താ കുട്ടാ …..നമ്മളെ ഇപ്പൊ പോകുന്നത് തെക്കിനിയിലേക്ക് ആണ്. ”
“അതെന്തിനാ അവിടെ പോകുന്നേ? ”
അനന്തു ഞെട്ടലോടെ ചോദിച്ചു.
“അവിടെയല്ലേ ദേവന്റെ മുറി. അനന്തുട്ടനെ അവിടെ ആക്കാനല്ലേ മുത്തശ്ശി പറഞ്ഞേ… സാധാരണ നിന്റെ മുത്തശ്ശി ആരെയും അങ്ങോട്ടേക്ക് അടുപ്പിക്കാറില്ല. എന്തിനു ചിലപ്പോ മുത്തശ്ശനെ പോലും കയറ്റാറില്ല.”
സീത അവനെ നോക്കി പുഞ്ചിരിച്ചു.
“അല്ല…. ഈ തെക്കിനിയിൽ പ്രേതം ഒന്നും ഇല്ലല്ലോ അല്ലെ ? ”
അനന്തു മുഖം തിരിച്ചു സീതയെ നോക്കി.
“ആരാ പറഞ്ഞേ തെക്കിനിയിൽ പ്രേതം ഉണ്ടെന്നു.? ”
“അല്ല ഞാൻ മണിച്ചിത്രത്താഴ് സിനിമയിൽ കണ്ടിട്ടുണ്ട്. അതിൽ നാഗവല്ലിയെ തെക്കിനിയിൽ അല്ലെ ബന്ധിപ്പിച്ചേ ? ”
അനന്തു തന്റെ സംശയം പ്രകടപ്പിച്ചു.
“എന്റെ അനന്തൂട്ടാ അതൊക്കെ സിനിമയിൽ അല്ലെ.. ഇത് ജീവിതമല്ലേ… ഇവിടെ അങ്ങനൊന്നും ഇല്ലാട്ടോ. മോൻ പേടിക്കണ്ട ”
സീത പൊട്ടിച്ചിരിച്ചു. അനന്തു ചമ്മലോടെ സീതയുടെ കൂടെ നടന്നു. തെക്കിനി അറയിൽ ആദ്യം കണ്ട മുറിയിലേക്ക് സീത അവനെ ആനയിച്ചു. മുറിയുടെ വാതിലിൽ എത്തിയതും വാതിലിൽ ഉള്ള താഴ് തൊട്ടു കാണിച്ചുകൊണ്ട് സീത പറഞ്ഞു.
“ഇതാണ് അനന്തൂട്ടാ ശരിക്കും ഉള്ള മണിച്ചിത്രത്താഴ്. ”
“ഇതാണല്ലേ അത്. ജീവിതത്തിൽ ആദ്യമായാണ് ഇത് കാണുന്നത്. ”
അവൻ താഴിലൂടെ പതിയെ കൈ വിരലുകൾ ഓടിച്ചു.
മുത്തശ്ശി കൊടുത്ത താക്കോൽ കൂട്ടം കയ്യിൽ എടുത്തു അവൾ താഴ് കഷ്ട്ടപെട്ടു തുറക്കാൻ ശ്രമിച്ചു. എന്നാൽ അത് പരാജയപെട്ടു.
തന്റെ ആരോഗ്യം മുഴുവനും സംഭരിച്ചു സീത താഴ് തുറക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സങ്കടത്തോടെ അവൾ ആ ശ്രമത്തിൽ നിന്നും പിന്മാറി.
“അനന്തൂട്ടാ പഴയ പൂട്ടല്ലേ അതാവും തുറക്കാത്തെ… മോൻ കാത്തിരുന്നു മുഷിഞ്ഞല്ലേ? ”
“ഇല്ല അമ്മായി എനിക്ക് തിരക്ക് ഒന്നുമില്ലാട്ടോ.”
“എന്നാലും മോനെ ഞാൻ ബുദ്ധിമുട്ടിച്ചില്ലേ…മോൻ ഇവിടെ നിക്കേ…. ഞാൻ പുറത്തുപോയി ആരെയേലും വിളിക്കട്ടെ.. എന്നിട്ട് ഈ പൂട്ട് നമുക്ക് തുറക്കാം”
സീത പോകാൻ തുനിഞ്ഞതും അനന്തു തടഞ്ഞു നിർത്തി.
“ഞാൻ ഒന്ന് ശ്രമിക്കാം അമ്മായി. ”
അനന്തു അവൾക്ക് നേരെ കൈ നീട്ടി. സീത അവനു താക്കോൽകൂട്ടം കൈ മാറി. ആ താക്കോൽ കൂട്ടത്തിനു വല്ലാത്ത ഭാരമാണെന്നു അവനു തോന്നി.
അതിൽ നിന്നും താഴിനു യോജിച്ച താക്കോൽ എടുത്തു അവൻ താഴിലിട്ട് തുറക്കാൻ ശ്രമിച്ചു. എന്നാൽ അതു തുറക്കപ്പെട്ടില്ല. വീണ്ടും ശ്രമിച്ചു നോക്കിയെങ്കിലും അവൻ പരാജയപ്പെട്ടു.
ദേഷ്യത്തോടെ അനന്തു താക്കോൽകൂട്ടം ഉള്ളം കയ്യിൽ മുറുകെ പിടിച്ചു. പൊടുന്നനെ താക്കോൽ കൂട്ടത്തിലെ പൊട്ടിയ ഒരു പഴഞ്ചൻ താക്കോലിന്റെ കൂർത്ത മുന കൊണ്ട് അവന്റെ ഉള്ളം കൈ മുറിഞ്ഞു ചോര ഒഴുകി.
ആ ചോര പതിയെ താക്കോലിലേക്ക് ഒഴുകിയെത്തി. ഇതൊന്നും അറിയാതെ അനന്തു ചോര പുരണ്ട താക്കോൽ താഴിലിട്ട് തിരിച്ചതും അതു തുറന്നു.
വർഷങ്ങൾക്ക് മുൻപ് പാനം ചെയ്ത അതേ രക്തം വീണ്ടും പാനം ചെയ്ത നിർവൃതിയിൽ വർഷങ്ങളായി കാത്തിരുന്നത് സഫലമാക്കപ്പെട്ട പോലെ മണിച്ചിത്രത്താഴ് അവർക്ക് വേണ്ടി വാതിൽ തുറക്കപ്പെട്ടു.
സീത സന്തോഷത്തോടെ വാതിൽ പാളികൾ അമർത്തി തുറന്നു.കിരുകിരാ ശംബ്ദത്തോടെ അതു മലർക്കെ തുറക്കപ്പെട്ടു. സീത ഉള്ളിലേക്ക് കടന്നു..
അനന്തു പിന്നാലെ ഉള്ളിലേക്ക് കയറി.മുറിയിലേക്ക് കയറിയതും ഒരു നേർത്ത തെന്നൽ തന്നെ തഴുകി തലോടുന്ന പോലെ അവനു തോന്നി. വളരെ മനോഹരമായ ഒരു മുറി ആയിരുന്നു അത്.
ഒരു രാജകീയ പള്ളിയറ പോലെ ആണെന്ന് അവനു തോന്നിപോയി.കട്ടിലിനു നേരെ എതിർ വശത്തായി ഭിത്തിയിൽ ദേവൻ പുഞ്ചിരിച്ചുക്കൊണ്ട് നിൽക്കുന്ന ചിത്രം തൂക്കിയിട്ടിരിക്കുന്നു.
ആ ചിത്രം നോക്കുന്തോറും വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അനന്തുവിന് തോന്നി. ചിത്രത്തിൽ നിന്നും കണ്ണു വെട്ടിച്ചു അവൻ ചുറ്റുപാടും നോക്കി.
എന്തൊക്കെയോ സാധന സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു. അതൊക്കെ ദേവൻ അമ്മാവൻ ഉപയോഗിച്ചതാകാമെന്നു അവനു തോന്നി. കട്ടിലിന്റെ തലക്കൽ ഉള്ള ഒരു മേശയിൽ ഒരു പഴയ മോഡൽ ക്യാമറ ഇരിക്കുന്നത് അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു. അവൻ അതു പതിയെ കയ്യിൽ എടുത്തു തിരിച്ചും മറിച്ചും പരിശോധിച്ചു നോക്കി.
“ദേവന്റെ ക്യാമറയാ .. അവനു ഫോട്ടോ എടുക്കാൻ ഒക്കെ ഭയങ്കര ഇഷ്ട്ടമായിരുന്നു. ”
സീത നെടുവീർപ്പെട്ടു.
അമ്മാവൻ എങ്ങനാ മരിച്ചതെന്ന് അവനു ചോദിക്കണമെന്ന് തോന്നിയെങ്കിലും പിന്നെ വേണ്ടാന്നു വച്ചു. അവൻ വന്നു മുറിയുടെ ജനാല പതിയെ തുറന്നു നോക്കി.
അതിലൂടെ അവനു നീണ്ടു കിടക്കുന്ന നെൽപ്പാടം കൺമുന്പിൽ ദൃശ്യമായി.കണ്ണിനു ഒരു കുളിർമ പോലെ അവനു തോന്നി. പാടത്തിനു സമീപം ഉള്ള കുറച്ചു കൂരകൾ കണ്ടതും അനന്തു അതു സൂക്ഷിച്ചു നോക്കി. പൊടുന്നനെ അവൻ സീതയെ നോക്കി.
“അതെന്താ അമ്മായി ആ കാണുന്നതൊക്കെ? ”
അനന്തു സീതയെ കൈ കാട്ടി വിളിച്ചു. അവർ ഓടി വന്നു അവനു സമീപം വന്നു നിന്നു ജനാലയിലൂടെ എത്തി നോക്കി.
“അനന്തൂട്ടാ അതു ഇവിടെ പണിയ്ക്ക് നിക്കുന്നവരുടെ കുടിലുകൾ ആണ്. അവർ അവിടാ താമസം. ചിലരൊക്കെ ഇവിടെ ചായ്പ്പിൽ തന്നാ താമസം. ”
“ചായ്പ്പോ ? ”
അനന്തു മുഖം ചുളിച്ചു സംശയം പ്രകടിപ്പിച്ചു.
“അതേ എന്ന് വച്ചാൽ ഔട്ട് ഹൌസ് ”
“ഹാ ഇപ്പൊ മനസ്സിലായി ”
അനന്തു ചിരിയോടെ ജനാലയിൽ നിന്നും പിൻവാങ്ങി.
സീത അവിടുണ്ടായിരുന്ന അലമാരയിൽ നിന്നും ഒരു ബെഡ്ഷീറ്റും പുതപ്പും എടുത്തുകൊണ്ടു വന്നു ബെഡ്ഷീറ്റ് തട്ടി കുടഞ്ഞു വിരിച്ചു. പുതപ്പും തലയിണയും കട്ടിലിന്റെ തലയ്ക്കൽ വച്ച ശേഷം സീത അനന്തുവിനെ തിരിഞ്ഞു നോക്കി.
“മോന് മുറി ഇഷ്ട്ടായോ? ”
“ഒരുപാട് ഇഷ്ട്ടമായി അമ്മായി. നല്ല റൂം ആണ് കേട്ടോ ”
അനന്തു അവരെ നോക്കി പുഞ്ചിരിച്ചു.
“ഞങ്ങടെ ദേവനെ പോലെ തന്നെ ഒരു മാറ്റവുമില്ല. അതേ ശബ്ദം…. നോട്ടം….. ചിരി…. വല്ലാത്തൊരു അത്ഭുതം തന്നെ ”
സീത ചിരിയോടെ അവനു നേരെ കൈ നീട്ടി. അനന്തു സീതയ്ക്ക് താക്കോൽകൂട്ടം കൈ മാറി. കയ്യിൽ നനവ് പറ്റിയതും സീത കയ്യിലേക്ക് ഉറ്റു നോക്കി. അവളുടെ കണ്ണുകൾ വിടർന്നു.
“അയ്യോ ഇതെങ്ങനെ ഇതിൽ ചോര പറ്റിയേ? ”
സീത പരിഭ്രമത്തോടെ അനന്തുവിനെ നോക്കി.
അനന്തു ഞെട്ടലോടെ കൈ തിരിച്ചും മറിച്ചും നോക്കി. അപ്പോഴാണ് അവന്റെ ഉള്ളം കൈയിൽ ചോര പൊടിഞ്ഞിരിക്കുന്നതു ശ്രദ്ധയിൽ പെട്ടത്. അവൻ പതുക്കെ മുറിവിൽ അമർത്തിയപ്പോൾ അതിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു.
“അയ്യോ മോനെ ഇതെങ്ങനാ കൈ മുറിഞ്ഞേ? ”
സീത അനന്തുവിന്റെ കയ്യിൽ പിടിച്ചു വെപ്രാളപ്പെട്ടു.
“അറിഞ്ഞൂടാ അമ്മായി .. താക്കോൽ വല്ലതും കൊണ്ടിട്ടാവും ”
അനന്തു കൈ കുടഞ്ഞു
“മോനെ അമ്മായി മുറിവ് കെട്ടി തരാട്ടോ. കൈ അനക്കല്ലേ … ”
സീത മുറിയിൽ വെപ്രാളത്തോടെ തപ്പി ഒരു പഴയ തുണി പുറത്തെടുത്തു. അതു വലിച്ചു കീറി അവൾ അനന്തുവിന്റെ അടുത്ത് വന്നു നിന്നു.
അവന്റെ കൈ എടുത്തു പതിയെ ആ മുറിവിനു മുകളിലൂടെ സീത തുണി ചുറ്റി വരിഞ്ഞു കെട്ടിവച്ചു. അമ്മായിയുടെ സ്നേഹ പ്രകടനത്തിൽ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
ഇത്രയും കാലം സ്നേഹിക്കാൻ ആരും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഒരുപാട് പേര് തനിക്കുണ്ടല്ലോ എന്ന് അനന്തു ഓർത്തുപോയി. അവനു സന്തോഷംകൊണ്ട് വീർപ്പുമുട്ടി.
“കൈ വേദനിക്കുന്നുണ്ടോ ഇപ്പൊ? ”
“വേദന ഒട്ടും തോന്നുന്നില്ല.. ”
“അനന്തൂട്ടാ യാത്ര ചെയ്ത് നല്ല ക്ഷീണം കാണൂലെ… ഒന്ന് ഉറങ്ങിക്കോട്ടോ.. അമ്മായി പിന്നെ വന്നു വിളിക്കാവേ..”
“ശരി അമ്മായി “അനന്തു തലയാട്ടി.
മുറിവ് ഭദ്രമായി വച്ചു കെട്ടി സീത മുറിവിട്ടിറങ്ങി. അനന്തു ബാഗും മറ്റു സാധങ്ങളും മുറിയുടെ ഒരു വശത്തു വച്ച ശേഷം ബാത്റൂമിൽ കയറി ഒന്ന് കുളിച്ചു.
ശരീരത്തിലേക്ക് പതിച്ച തണുത്ത വെള്ളം അവന്റെ ക്ഷീണത്തെ ശിരസ്സിൽ നിന്നും പാദങ്ങളിലൂടെ ഭൂമിയിലേക്ക് നിർമാർജനം ചെയ്യപ്പെട്ടു. നല്ലൊരു കുളിക്ക് ശേഷം ഷോർട്സും ടി ഷർട്ടും വലിച്ചു കയറ്റി.
നനഞ്ഞ മുടിയിഴകൾ കൈകൾ കൊണ്ട് കോതിയൊതുക്കി അവൻ ജനാലയ്ക്ക് സമീപം വന്നു നിന്നു പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു. കാലിയെ മേയ്ച്ചു നടക്കുന്നവരെയും കണ്ടത്തിൽ പണിയെടുക്കുന്നവരെയും റോഡിലൂടെ പണി കഴിഞ്ഞു നടന്നു പോകുന്നവരെയും അവൻ ഇമ വെട്ടാതെ നോക്കി നിന്നു.
പതിയെ ഒരു ദീർഘനിശ്വാസം എടുത്തു അവൻ ജനൽ പാളികൾ കൊട്ടിയടച്ചു. ഉറക്കം വരാത്തതിനാൽ രാത്രി വരെ എങ്ങനെയെങ്കിലും സമയം
ചിലവഴിക്കണമെന്നു ഓർത്തപ്പോൾ അനന്തുവിന് ഭ്രാന്ത് പിടിച്ചു.
അവൻ ദേവന്റെ ചിത്രം തൂക്കിയിട്ടതിനു സമീപം ഭിത്തിയിൽ കൈ കുത്തി നിന്നു. എന്തൊക്കെയോ മനസ്സിൽ ആലോചിച്ചുകൊണ്ടിരുന്നു.പൊടുന്നനെ ഫോൺ ശബ്‌ദിക്കുന്നത് കേട്ട് അവൻ തിരിഞ്ഞു കട്ടിലിലേക്ക് നോക്കി.
ആ സമയം അനന്തുവിന്റെ കൈ തട്ടി ഭിത്തിയിൽ തൂക്കിയിരുന്ന ദേവന്റെ ചിത്രം ഉലഞ്ഞപ്പോൾ അതിൽ നിന്നും എന്തോ വസ്തു നിലത്തേക്ക് വീഴുന്നത് അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു.
അവൻ പതിയെ കുനിഞ്ഞു നിന്നു അതു കയ്യിലേക്ക് എടുത്തു. അനന്തു അതു തിരിച്ചും മറിച്ചും നോക്കി. അത് ഒരു ഡയറി ആയിരുന്നു. അതിന് ഒരുപാട് വർഷം പഴക്കം ഉണ്ടെന്നു അനന്തുവിന് തോന്നി.
അതിൽ പറ്റി പിടിച്ചിരുന്ന പൊടിപടലങ്ങളും മാറാലയും അവൻ തുടച്ചു മാറ്റി. എന്തോ ഭാഗ്യം കൊണ്ട് ഡയറിയിൽ ചിതൽ പിടിച്ചില്ല എന്ന് അവനു തോന്നി.ചിലപ്പോൾ ദേവൻ അമ്മാവന്റെ ഡയറി ആവുമെന്ന് അനന്തു ഊഹിച്ചു.
അതു മുഴുവൻ വൃത്തിയാക്കിയെടുത്തു അനന്തു കട്ടിലിൽ വന്നു ഇരുന്നു.ഉള്ളിൽ തുളുമ്പുന്ന കൗതുകത്തോടെ ഡയറി മടിയിൽ വച്ചു പുറം പേജ് മറിച്ചു നോക്കി.
അതു കഴിഞ്ഞുള്ള രണ്ടു പേജുകളും അനന്തു മറിച്ചു നോക്കി. അത് ശൂന്യമായിരുന്നു . എന്നാൽ അടുത്ത പേജ് മറിച്ചതും അതിൽ ഒരു പെൺകുട്ടിയുടെ അവ്യക്തമായ ചിത്രം അനാവൃതമായി.
പെൻസിൽ കൊണ്ടു വരച്ച ചിത്രമായതിനാൽ പലയിടത്തും അത് മങ്ങിയിരുന്നു. ഇത്രയും കാലം ആയതുകൊണ്ടാവാം മാഞ്ഞു പോയതെന്ന് അനന്തുവിന് തോന്നി. വളരെ നിരാശയോടെ ആ പേജിലെ ചിത്രത്തിലൂടെ അവൻ പതിയെ വിരലുകൾ ഓടിച്ചു.
ആ സമയം അനന്തുവിന്റെ കാതിൽ ഒരു അശരീരി മുഴങ്ങി. . .
“കല്യാണി ”
. .
കല്യാണി എന്ന പേര് കേട്ടതും അനന്തുവിന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. അവനു തല പൊട്ടി പൊളിയുന്ന പോലെ തോന്നി.അസഹ്യമായ വേദനയിലും മുടിയിഴകൾ ബലമായി പിടിച്ചു അവൻ കട്ടിലിലേക്ക് മറിഞ്ഞു വീണു. അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു. പതിയെ അനന്തുവിന് ബോധം നഷ്ടപ്പെടാൻ തുടങ്ങി.അത് പൂർണമായി മറയുമ്പോഴേക്കും അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. . . “കല്യാണി ”
. .
സുദീർഘമായ ഉറക്കത്തിനു ശേഷം അനന്തു പതിയെ കണ്ണു തുറന്നു നോക്കി. മുൻപിൽ ശിവയും സീത അമ്മായിയും നിൽക്കുന്നത് കണ്ട് അവൻ ഒന്ന്
ചിരിച്ചു.പതിയെ കണ്ണുകൾ അമർത്തി തിരുമ്മി അവൻ എണീറ്റിരുന്നു.
“അനന്തൂട്ടാ എത്ര നേരമായി ഞങ്ങൾ വിളിക്കുന്നു. എന്തൊരു ഉറക്കമാ… ക്ഷീണമൊക്കെ പോയോ ? ”
സീത അവനു സമീപം ഇരുന്നു അവന്റെ ചുമലിൽ കൈ വച്ചു.
“നന്നായി ഉറങ്ങി അമ്മായി. ”
അനന്തു ഉറക്കം വിട്ടു മാറാത്തതിനാൽ കണ്ണുകൾ കൂടുതൽ ചിമ്മി തുറന്നു.
“പോത്ത് പോലെ ഉറങ്ങാതെ വേഗം എണീറ്റു വാ ഏട്ടാ അങ്ങോട്ട് ”
ശിവ അവനെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു
“ഏട്ടനോ ”
വിശ്വാസം വരാതെ അവൻ അവളെ തുറിച്ചു നോക്കി. എന്നിട്ട് കയ്യിൽ പതിയെ നുള്ളി.
“സ്വപ്നമല്ല സത്യം തന്നാ… ഇനി ഞാൻ ഏട്ടാ എന്നൊക്കെയെ വിളിക്കൂ ”
“നാം കൃതാർത്ഥയായി ദേവി ”
അനന്തു അവളെ നോക്കി കൈകൾ കൂപ്പിക്കൊണ്ട് ചിരിച്ചു. അവൾ അവന്റെ തലയ്ക്കൊരു കൊട്ട് കൊടുത്തു. സീത ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ടിരിന്നു.
“ചേട്ടന്റെയും അനിയത്തിയുടെയും തല്ലുമ്പിടി കഴിഞ്ഞെങ്കിൽ ഞങ്ങളങ്ങു പൊക്കോട്ടെ ? ”
സീത അവനെ നോക്കി കൃത്രിമ ഗൗരവത്തോടെ ചോദിച്ചു. അതുകണ്ടു അനന്തു ഒന്ന് സ്തബ്ധനായി. അവന്റെ മുഖഭാവം മാറിയതും സീത ഉറക്കെ പൊട്ടച്ചിരിച്ചു. അനന്തുവും ശിവയും ആ ചിരിയിൽ പങ്ക് കൊണ്ടു.
“താഴേക്ക് വരൂ അനന്തൂട്ടാ… അത്താഴം കഴിക്കാം. ”
“ഞാൻ വരാം അമ്മായി… ഒന്ന് മുഖം കഴുകട്ടെ”
“ശരി മോനെ ”
ശിവയുടെ കൈയും പിടിച്ചു സീത മുറിയിൽ നിന്നിറങ്ങിപ്പോയി. അനന്തു പതിയെ കട്ടിലിൽ നിന്നും എണീറ്റു ബാത്റൂമിലേക്ക് പോയി മുഖം കഴുകി വന്നു.
ടവൽ എടുത്തു മുഖം തുടച്ചു വച്ചു കട്ടിലിലേക്ക് നോക്കി. അപ്പോഴാണ് അവനു ഡയറിയുടെ കാര്യം ഓർമ വന്നതും അത് വായിക്കാൻ തുടങ്ങിയപ്പോൾ തലവേദന വന്നതുമൊക്കെ.
അനന്തു പതിയെ നെറ്റിയിൽ കൈകൊണ്ട് അമർത്തി തിരുമ്മി. ഇപ്പൊ വേദന ഒന്നും ഇല്ലന്ന് അവനു തോന്നി.മുഖം കഴുകിയപ്പോൾ കൈകൾ നനഞ്ഞതിനാൽ അനന്തു മുറിവിൽ വച്ചു കെട്ടിയ തുണി പതിയെ അഴിച്ചെടുത്തു.
പൂർണമായും അത് അഴിഞ്ഞു മാറിയതും അനന്തു ഉള്ളം കയ്യിലേക്ക് സൂക്ഷിച്ചു നോക്കി.അവിടെ മുറിഞ്ഞതിന്റെ യാതൊരുവിധ ലക്ഷണവും ഉണ്ടായിരുന്നില്ല.
പഴയ പോലെ തന്നെ ഒരു മാറ്റവുമില്ലാതെ കൈ ഇപ്പോഴും ഉണ്ടെന്നു ഓർത്തപ്പോൾ അവനു അത്ഭുതം തോന്നി. പൊടുന്നനെ അവൻ സീതയെ കുറിച്ച് ചിന്തിതനായി.
മുറിവ് കെട്ടുന്ന സമയത്ത് സീത അമ്മായി എന്തേലും മരുന്ന് ഉപയോഗിച്ചു കാണുമെന്നു അവനു തോന്നി. അതാവും മുറിവ് പെട്ടെന്നു ഉണങ്ങിപോയതെന്നു അനന്തു കൂലങ്കഷമായി ചിന്തിച്ചു.
അത്താഴം കഴിക്കാനുള്ള വ്യഗ്രതയിൽ മുറിവിൽ ചുറ്റിയ തുണി വേസ്റ്റ് ബാസ്കറ്റിൽ ഇട്ട് അനന്തു മുറി വെളിയിൽ നിന്നും പൂട്ടി പുറത്തേക്കിറങ്ങി.
നേരെ ഹാൾ ലക്ഷ്യമാക്കി നീങ്ങി. ഈ സമയം വേസ്റ്റ് ബാസ്കറ്റിൽ കിടന്നിരുന്ന തുണിയിൽ ഉണങ്ങി പിടിച്ചിരുന്ന രക്തക്കറ സാവധാനം മാഞ്ഞു പോയി. അത് പഴയ സ്ഥിതിയിലേക്ക് മാറി.
ഈ സമയം അനന്തു സാവധാനം നടന്നു അകത്തളത്തിലേക്ക് എത്തി.അവിടെ ഉണ്ടായിരുന്ന ബലരാമൻ അവനെയുംകൊണ്ട് ഭക്ഷണം കഴിക്കുന്ന തളത്തിലേക്ക് പോയി.
അവിടെ ഉണ്ടായിരുന്ന വലിയ ഡൈനിങ് ടേബിളിൽ ബലരാമൻ അനന്തുവിനെ ഇരുത്തി.മുത്തശ്ശി അവനു സമീപം വന്നിരുന്നു.
എല്ലാവരെയും കണ്ടതും അനന്തു പുഞ്ചിരിച്ചു കാണിച്ചു. അവിടെയുള്ള അമ്മാവന്മാരുടെ മക്കളുമായി പതിയെ സൗഹൃദം തുടങ്ങണമെന്ന് അവൻ നിശ്ചയിച്ചു.
അനന്തുവിനെ കണ്ട് ശിവജിത്തിന്റെ മുഖം കറുത്തെങ്കിലും പുറത്തു കാണിക്കാതെ ഇരുന്നു. മീനാക്ഷി അവനെ ആരാധനയോടെ നോക്കിയിരുന്നു.
അവന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യവും തേജസ്സും അവളെ വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ എത്തിച്ചു. ആൺപ്രജകൾ എല്ലാം ഇരുന്നതും മാലതി അടക്കമുള്ള സ്ത്രീ ജനങ്ങൾ പാത്രം വയ്ക്കാനും ഭക്ഷണം വിളമ്പുന്നതിലും കർമ്മനിരതരായി മാറി.
ടേബിളിൽ നിറയെ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങൾ കണ്ട് അനന്തുവിന് അത്ഭുതം തോന്നി. ആദ്യമായിട്ടായിരുന്നു അത്രയും വിഭവങ്ങൾ ഒരുമിച്ചു അവൻ കാണുന്നത് തന്നെ.
മുത്തശ്ശനും മുത്തശ്ശിയും മറ്റുള്ളവരും അനന്തുവിനെ ഊട്ടിക്കുന്നതിൽ മത്സരിച്ചു. അനന്തുവിന്റെ അമ്മാവൻ വിജയൻ മാറിയിരുന്നു ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. മുത്തശ്ശനും മുത്തശ്ശിയും അനന്തുവിനു ഓരോ ഉരുള വീതം നൽകി.
“എന്റെ ദേവൻ ഇങ്ങനായിരുന്നു. എന്റെ കയ്യിൽ നിന്നു ഉരുള വാങ്ങി കഴിച്ചേ ബാക്കി കഴിക്കൂ ”
മുത്തശ്ശി അവന്റെ കയ്യിൽ മുറുകെ പിടിച്ചു. പ്രായാധിക്യം കൊണ്ട് അവരുടെ കൈകൾ ചെറുതായി വിറ കൊള്ളുന്നതായി അവനു തോന്നി.
“അതിനെന്താ മുത്തശ്ശി എപ്പോഴും എനിക്ക് ഉരുള തന്നോളൂട്ടോ ”
അനന്തു മുത്തശിയുടെ തോളിലൂടെ കയ്യിട്ടു. മുത്തശ്ശി അവന്റെ കവിളിൽ വാത്സല്യപ്പൂർവം തലോടി. ഇതൊക്കെ കണ്ട് രോഷം പൂണ്ട ശിവജിത്ത് ഭക്ഷണം മതിയാക്കി എണീറ്റുപോയി. മുത്തശ്ശന് അത് അരോചകമായി തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല
ഭക്ഷണത്തിനു ശേഷം ക്ഷീണത്തോടെ അനന്തു മറ്റ് അമ്മാവന്മാർക്കൊപ്പം അകത്തളത്തിൽ ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു. മുത്തശ്ശനും അവർക്കൊപ്പം കൂടി.
ഒരുപാട് നേരം ലോക കാര്യങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും അവർ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം അനന്തു ഉറക്കം തൂങ്ങുന്നത് കണ്ടതും മുത്തശ്ശൻ അവനെ മുറിയിലേക്ക് പോകാൻ അനുവദിച്ചു.
ഉറക്കപ്പിച്ചോടെ അനന്തുവിന് കട്ടിലിൽ വന്നു കിടന്നതേ ഓർമയിൽ ഉണ്ടായിരുന്നുള്ളു. കിടന്നകിടപ്പിലെ അവൻ മയങ്ങിപോയി.
പിറ്റേ ദിവസം രാവിലെ വൈകിയാണ് അനന്തു എണീറ്റത്. കണ്ണുകൾ തിരുമ്മി അവൻ കട്ടിലിൽ നിന്നും എണീറ്റു. ഫോൺ എടുത്തു നോക്കിയപ്പോൾ സ്നേഹയുടെ മിസ്സ്ഡ് കാൾ കണ്ടു അവൻ അവളെ തിരിച്ചു വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ മറു തലയ്ക്കൽ അവൾ കാൾ എടുത്തു.
“ഡാ അനന്തൂട്ടാ ”
“സ്നേഹേ പറയ് ”
“എങ്ങനുണ്ടെടാ അമ്മയുടെ നാട് നിനക്ക് ഇഷ്ട്ടപെട്ടോ ”
“സ്നേഹ ഇന്നലെ വൈകിയല്ലേ വന്നേ അതുകൊണ്ട് നാട് ശെരിക്കും കാണാൻ കഴിഞ്ഞതേയില്ല”
അനന്തു നിരാശ പ്രകടിപ്പിച്ചു.
“ആണോ എങ്കിൽ ഇനിയും ടൈം ഉണ്ടല്ലോ നീ ഫുൾ എൻജോയ് ചെയ്യ് ”
“അത് തന്നാ എന്റെയും പ്ലാൻ ”
“ഡാ ഇനി എപ്പോഴാ ക്ലാസ്സിലേക്ക് വരുവാ”
സ്നേഹ പതർച്ചയോടെ ചോദിച്ചു
“കുറച്ചു വൈകും. ചിലപ്പോ ഇനി തൊട്ട് ഇവിടുന്ന് ആവും ക്ലാസ്സിന് പോരുക ”
“അയ്യോ അത് ഒരുപാട് ദൂരമില്ലേടാ ”
“സാരമില്ലഡി എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം”
“എങ്കിൽ ഇടക്ക് വിളിക്കണേ ”
“ഞാൻ വിളിക്കാടി ഉറപ്പായിട്ടും.. ”
“ശരി ഡാ ”
സ്നേഹ പൊടുന്നനെ കാൾ കട്ട് ചെയ്തു. താനും കൂടി ക്ലാസ്സിൽ ഇല്ലാത്തോണ്ട് സ്നേഹയ്ക്കും രാഹുലിനും വല്ലാത്ത വീർപ്പുമുട്ടൽ ആയിരിക്കുമെന്ന് അവനു തോന്നി.
ഇത്രയും വലിയ വീടും ചുറ്റുപാടും അനന്തുവിനെ മനം മടുപ്പിക്കുന്നുണ്ടെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മറ്റു ബന്ധുക്കളുടെ സ്നേഹവും മറ്റും അവനെ വല്ലാതെ സന്തോഷത്തിൽ ആഴ്ത്തി.
അമ്മയുടെയും അനിയത്തിയുടെയും കൂടെ ഇവിടെ തന്നെ ജീവിക്കണമെന്നു ആരോ തന്റെ ഉള്ളിന്റെ ഉള്ളിൽ പറയുന്നപോലെ അവനു തോന്നി. പതിയെ മുറി വിട്ടിറങ്ങി അവൻ അടുക്കളയിലേക്ക് ചെന്നു.
വൈകി എണീറ്റതോണ്ട് ബാക്കിയുള്ളവർ നേരത്തെ തന്നെ ഫുഡ് കഴിച്ചു പോയി കാണുമെന്നു അവനു തോന്നി. ആ സമയം അടുക്കളയിൽ മാലതി ദോശമാവ് ചട്ടിയിലേക്ക് ഒഴിക്കുന്ന തിരക്കിൽ ആയിരുന്നു.
അതിനു സമീപം സീത എന്തൊക്കെയോ പച്ചക്കറി നുറുക്കുന്ന തിരക്കിലും. അവർ എന്തൊക്കെയോ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിക്കുകയായിരുന്നു.
അനന്തുവിനെ കണ്ടതും മാലതി അവനെ വിളിച്ചു ദോശയും കറിയും ഒരു പാത്രത്തിൽ ആക്കി അവനു കഴിക്കാൻ നൽകി. നല്ല വിശപ്പുള്ളതോണ്ട് അനന്തു ആർത്തിയോടെ അത് കഴിച്ചു തുടങ്ങി.
“ശിവ എന്തിയെ അമ്മേ? ”
“അവൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ അമ്പലത്തിൽ പോയി മോനെ”
മാലതി ദോശ ചുടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“മാലതി നമുക്ക് അനന്തൂട്ടന് ഒരു പെണ്ണിനെ കണ്ടു പിടിക്കണ്ടേ.. കല്യാണ പ്രായം ആയില്ലേ അവന് ? ”
സീത കള്ള ചിരിയോടെ മാലതിയെയും അനന്തുവിനെയും മാറി മാറി നോക്കി. അനന്തു കല്യാണം എന്ന് കേട്ടതും കഴിച്ചോണ്ടിരുന്ന ഭക്ഷണം അവന്റെ നെറുകിൽ കയറി.
ഉറക്കെ ചുമച്ചുകൊണ്ട് അനന്തു അവിടെ ഇരുന്നു. സീത വേഗം ഒരു ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു അവനു നൽകി. അവൻ അത് വേഗം കുടിച്ചു തീർത്തു. മാലതി അവന്റെ നെറുകയിൽ തട്ടികൊണ്ടിരുന്നു.
“എന്തേലും ആലോചിക്കാണ്ട് നിനക്ക് തിന്നാൻ പറ്റൂലെ ”
മാലതി അവനെ ശാസിച്ചു. സീത ചിരിച്ചുകൊണ്ട് അവനെ നോക്കി. അനന്തു ചമ്മലോടെ ബാക്കി ഭക്ഷണം കഴിച്ചു തീർത്തു.
അടുക്കളയിൽ നിന്നിരുന്ന വേലക്കാരികളെ നോക്കി ചിരിച്ചുകൊണ്ട് അവൻ കൈ കഴുകി അകത്തളത്തിലേക്ക് നീങ്ങി. അവിടെ എത്തിയതും വീടിന്റെ രണ്ടാം നിലയിൽ നിന്നും ഗോവണി ഇറങ്ങി വരുന്ന മീനാക്ഷിയെ കണ്ട് അവൻ ചിരിച്ചു .
മീനാക്ഷി അവനെ നോക്കി പുഞ്ചിരിച്ചു. ഏതായാലും ശിവജിത്ത് ഇല്ലാത്ത സമയം ആയതുകൊണ്ട് അനന്തുവുമായി ഒന്ന് മുട്ടാമെന്നു അവൾക്ക് തോന്നി.
നെറ്റിയിലേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ കൈ വിരൽ കൊണ്ട് കോതിയൊതുക്കി അവൾ അനന്തുവിന്റെ സമീപം വന്ന് നിന്നു.
“ഹായ് അനന്തു ”
“ഹായ് ചേച്ചി ”
“ഹേയ് നോ ചേച്ചി എന്ന് വിളിക്കണ്ട ജസ്റ്റ് കാൾ മൈ നെയിം ”
“ആയ്ക്കോട്ടെ മീനാക്ഷി ”
സ്വല്പം അഹന്ത ആ ശബ്ദത്തിൽ ഇല്ലേ എന്ന് അനന്തുവിന് തോന്നി.
“ഇന്നലെ ശരിക്കും പരിചയപ്പെടാൻ പറ്റിയില്ല ഞാൻ കുറച്ചു ബിസി ആയിപോയി ”
മീനാക്ഷി അവനെ അവനെ നോക്കി.
“കുഴപ്പമില്ല ബലരാമൻ അമ്മാവൻ പറഞ്ഞിരുന്നു മീനാക്ഷി ടീച്ചർ ആണെന്ന്. ”
“അതെ അനന്തു ഞാൻ ടീച്ചർ ആണ്. അനന്തു എന്ത് ചെയ്യുന്നു? ”
“ഞാൻ ഇപ്പൊ ബി. എഡ് ചെയ്യുന്നു സെക്കന്റ് ഇയർ ആണ്. ”
“ആഹാ അപ്പൊ എന്റെ സെയിം ഫീൽഡ് ആണല്ലേ ? ”
മീനാക്ഷി അവനെ നോക്കി ചിരിച്ചു. മീനാക്ഷിയ്ക്ക് സീത അമ്മായിയുടെ അതേ ഛായ ആണെന്ന് അനന്തുവിന് തോന്നി.
“ചേട്ടൻ എവിടെ? ”
“ജിത്തുവേട്ടൻ ഒരു മീറ്റിങ്ങിനു പോയി. വരാൻ ലേറ്റ് ആവും. ”
“എങ്കിൽ ശരി പിന്നെ കാണാം. ”
സംസാരം മടുത്ത അനന്തു പതിയെ പോകാൻ നോക്കി.
“അനന്തു എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിക്കണേ.. ഇവിടെ പുതിയതല്ലേ അപ്പൊ എന്ത് ആവശ്യമുണ്ടേലും കാൾ മി അറ്റ് എനി ടൈം. ok ”
“ആയ്കോട്ടെ ”
അനന്തുവിന് എങ്ങനേലും അവിടുന്ന് ഒന്ന് രക്ഷപെട്ട്ടാൽ മതി എന്നായിരുന്നു.
അനന്തു പതിയെ പൂമുഖത്തേക്ക് ഇറങ്ങി ചെന്നു. ഇന്നലെ കണ്ട കാറുകൾ ഒന്നും ഇപ്പൊ കാണാത്തതിൽ അവനു ആശ്ചര്യം തോന്നി.
ഒരുപക്ഷെ ജോലിയ്‌ക്കോ മറ്റു ആവശ്യത്തിനോ പോയി കാണുമെന്നു അവനു തോന്നി. മുറ്റത്തു നാളികേരം കൂട്ടിയിടുന്ന പണിക്കാർ അവനെ നോക്കി ബഹുമാനത്തോടെ പുഞ്ചിരിച്ചു.
അവൻ അവരെ നോക്കി പുഞ്ചിരിച്ചു. മുറ്റം നിറയെ നാളികേരത്തിന്റെയും അടക്കയുടെയും കൂമ്പാരംകൊണ്ട് നിറഞ്ഞിരിക്കുവാനെന്നു അനന്തുവിന് തോന്നി.
വീടിനു സമീപമുള്ള നീണ്ടു കിടക്കുന്ന തൊടിയിൽ നിന്നും ഇപ്പൊ കൊണ്ടു വന്നതാകാമെന്നു അവനു തോന്നി. വീടിനു കുറച്ചു അപ്പുറം നിർത്തിയിട്ട ജീപ്പ് കാർഷിക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് അനന്തുവിന് തോന്നി.
മുറ്റത്തിന് ഇരു വശവും മനോഹരമായ ഉദ്യാനം വളർത്തി വച്ചിരിക്കുന്നത് അനന്തുവിന് ഒരുപാട് ഇഷ്ട്ടമായി. പൊടുന്നനെ ഇടതു ഭാഗത്തു ഒരു ഛിന്നം വിളി കേട്ട് അനന്തു മുറ്റത്തേക്ക് ചാടിയിറങ്ങി നോക്കി.
അവൻ പ്രതീക്ഷിച്ചപോലെ ആനയെ കണ്ടതും അതിന്റെ അടുക്കലേക്ക് ഓടി വന്ന് വല്ലാത്ത കൗതുകത്തോടെ അതിനെ ചുറ്റിപറ്റി നിന്നു. ആന അവിടെ ഉണ്ടായിരുന്ന വലിയ മാവിൻ ചുവട്ടിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു.
നല്ല വലുപ്പമുള്ള ആനയാണെന്നു അനന്തുവിന് തോന്നി. പക്ഷെ അത് എണീറ്റു നിന്നാലേ അവന്റെ തലയെടുപ്പും ശൗര്യവും കാണാൻ പറ്റുകയുള്ളു എന്ന് അവനു തോന്നിയിരുന്നു.
അനന്തുവിനെ കണ്ടതും ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും അവനെ ബഹുമാനത്തോടെ കൈകൾ കൂപ്പി. ഇവിടെ അവനെ കാണുന്ന കണ്ണുകളിലെല്ലാം ബഹുമാനം മാത്രമാണെന്ന് അനന്തുവിന് മനസ്സിലായി. അവനും അവരെ കൈകൾ കൂപ്പി.അവർക്ക് അത് നല്ലോണം ബോധിച്ചെന്നു അവനു തോന്നി.
“എന്താ ഇവന്റെ പേര്? ”
“കുഞ്ഞേ ഇവന്റെ പേര് തേവക്കാട്ട് ശേഖരൻന്നാ.. നല്ല അസ്സൽ കൊമ്പനാന ”
“ആഹാ നല്ല പേരാണല്ലോ ചേട്ടമാരെ ഞാൻ ഇവനെ ഒന്ന് തൊട്ടു നോക്കട്ടെ? ”
“അയ്യോ കുഞ്ഞേ ഈടത്തെ വല്യമ്പ്രാൻ കുഞ്ഞ് ഞങ്ങളെ ചേട്ടന്ന്നു വിളിച്ചത് അറിഞ്ഞാൽ ഞങ്ങടെ പണി പോകും ”
പാപ്പാന്മാർ നിന്നു വിയർക്കുന്നത് അനന്തുവിനെ വല്ലാതെ ആശ്ചര്യപ്പെടുത്തി.
“അപ്പൊ പിന്നെ എനിക്ക് മൂത്തവരെ ഞാൻ ചേട്ടൻ എന്നല്ലേ വിളിക്കണ്ടേ ? ”
അനന്തു അവരെ ചോദ്യഭാവേന നോക്കി.
“വേണ്ട കുഞ്ഞമ്പ്രാ… ഞങ്ങളെ പേര് ചൊല്ലി വിളിച്ചോളൂ ”
അവര് തന്നെ വിളിച്ച പേര് കേട്ട് അനന്തു ഒന്ന് ഞെട്ടിയെങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല
“എന്തായാലും ഞാൻ ഒന്ന് തൊടട്ടെ ”
“അതിനെന്താ കുഞ്ഞേ ധൈര്യമായിട്ട് തൊട്ടോ”
അനന്തു ശേഖരന് നേരെ കൈ നീട്ടി.
“ഡാ ശേഖരാ കുഞ്ഞമ്പ്രാന് കൈ കൊടുക്കെടാ ”
പാപ്പാന്റെ ആജ്ഞ അനുസരിച്ചു ശേഖരൻ അനന്തുവിന് നേരെ കൈ നീട്ടി. അനന്തുവിന്റെ കയ്യിൽ ശേഖരൻ തുമ്പിക്കൈ കൊണ്ട് ചുറ്റി പിടിച്ചു.
ആനയുടെ തുമ്പി കൈയ്ക്ക് വല്ലാത്ത പരു പരുപ്പ് ആണെന്ന് അവനു തോന്നി. അവൻ അതിൽ മുറുകെ പിടിച്ചു.
“ഇന്നലെ ഞങ്ങൾ വരുമ്പോൾ ഇവനെ ഇവിടെ കണ്ടില്ലല്ലോ? ”
“ഇന്നലെ ഇവനെയും കൊണ്ട് ഞങ്ങൾ കൂപ്പില് തടി പിടിപ്പിക്കാൻ കൊണ്ടു പോയിന് കുഞ്ഞമ്പ്രാ അതാ ”
“എവിടെയാ അത് ”
“ഇവിടുന്ന് ഇച്ചിരി ദൂരമുണ്ട് കുഞ്ഞമ്പ്രാ ”
അല്പ നേരം പാപ്പാന്മാരോടും ശേഖരനോടും അനന്തു ചിലവഴിച്ചു.
“അനന്തൂട്ടാ ഇങ്ങു വാ ”
സീത അമ്മായിയുടെ നീട്ടിയുള്ള വിളി കേട്ട് അനന്തു പൂമുഖത്തേക്ക് ഓടിച്ചെന്നു.
“ശേഖരന്റെ അടുത്തായിരുന്നോ നീയ് ”
“അതെ അമ്മായി ”
“എങ്കിൽ വാ നിനക്ക് നമ്മുടെ വീടും ചുറ്റുപാടും മൊത്തം കാണണ്ടേ? ”
സീത അവനെ ആകാംക്ഷയോടെ നോക്കി.
“വേണം അമ്മായി ”
“എങ്കിൽ ഞാൻ പിള്ളേരെ വിളിക്കാം അവര് കാണിക്കുംട്ടോ ”
അനന്തു അമ്മായിയെ നോക്കി തലയാട്ടി.മുറ്റത്തൂടെ ഉലാത്തികൊണ്ടിരുന്ന രേവതിയെയും അമൃതയെയും സീത കൈ കാട്ടി വിളിച്ചു. അവർ അങ്ങോട്ടേക്ക് ഓടി പിടച്ചു വന്നു.
“നിങ്ങൾ രണ്ടാളും അനന്തുവേട്ടന് നമ്മുടെ വീട് മൊത്തം കാണിച്ചു കൊടുക്കണം കേട്ടോ ”
സീത അവരെ ഉറ്റു നോക്കി
“ശരി വല്യമ്മേ”
രണ്ടുപേരും ഒരേ സ്വരത്തിൽ തലയാട്ടി. ആ ശബ്ദത്തിൽ വല്ലാത്തൊരു ബഹുമാനം നിഴലിക്കുന്നതായി അവനു തോന്നി.
അവർ ഇരുവരും മുൻപിൽ നടന്നു. അനന്തു പിന്നാലെ അവരെ അനുഗമിച്ചു.
“ആദ്യം നമ്മൾ എങ്ങോട്ടാ പോകുന്നേ ? ”
അനന്തു കൗതുകം മറച്ചു വെക്കാതെ ചോദിച്ചു
“പടിഞ്ഞാറ്റിനിയിലേക്ക്… ”
ആദ്യമായി കണ്ടതിന്റെ അപരിചിതത്വം ആവാം അവർ മിണ്ടാത്തതിന്റെ കാരണമെന്നു അവനു തോന്നി. എന്നാലും അത് വല്ലാത്തൊരു വിടവ് സൃഷ്ട്ടിക്കുന്ന പോലെ അവനു തോന്നി.
അവർ കാണിക്കുന്ന ഓരോ കാഴ്ചകളും അവൻ കണ്ടുകൊണ്ടിരുന്നു. സമയമെടുത്ത് അവർ ആ നാല് കെട്ട് വീട് മൊത്തം കണ്ടു തീർത്തു.
വല്ലാത്തൊരു കൗതുകമായിരുന്നു അനന്തുവിന്. വീടിന് അകം കണ്ട ശേഷം പുറം കാണാൻ അവനു കൊതിയായി. അവൻ അവർക്ക് നേരെ തിരിഞ്ഞു.
“ഈ വീടിനു പുറത്തു എന്താ കാണാൻ ഉള്ളേ ”
“കുളം ഉണ്ട് ”
“ആണോ എന്നെ അങ്ങോട്ടേക്ക് കൊണ്ടു പോകുമോ? ”
അനന്തു സന്തോഷത്തോടെ ചോദിച്ചു
“അതിനെന്താ ഏട്ടൻ വാ ‘
അവർക്കൊപ്പം അനന്തു നടന്നു. അമൃത ഇടക്കിടക്ക് അവനെ നോക്കി ചിരിച്ചു കാണിച്ചു. അത് കണ്ട് രേവതിയും അവനെ നോക്കി പുഞ്ചിരിച്ചു.
“രേവതി എന്താ പഠിക്കുന്നേ? ”
“ഞാൻ പ്ലസ്ടു ആണ് ഏട്ടാ ”
“ആഹാ അപ്പൊ ഈ കാന്താരിയോ ? “അവൻ അമൃതയുടെ തലയിൽ തലോടി.
“അവൾ അഞ്ചാം ക്ലാസ്സിൽ ആണ് പഠിക്കുന്നേ”
“ആണോ മോളെ നീ അഞ്ചിൽ ആണോ പഠിക്കുന്നെ”
അനന്തു അവളോട് കൊഞ്ചലോടെ ചോദിച്ചു. അമൃത അതെ എന്ന് തലയാട്ടി.
“മോള് എന്താ മിണ്ടാത്തെ ? ”
അനന്തു അല്പം നിരാശയിലായി.
“അവൾ അങ്ങനാ.. പതിയെ മാത്രേ ആരോടേലും കൂട്ടാവൂ. ”
“അങ്ങനാണല്ലേ ”
അനന്തു അമൃതയെ നോക്കി പുഞ്ചിരിച്ചു. അവർ മൂവരും നടന്നു കുളക്കടവിൽ വന്നെത്തി.അനന്തു ആവേശത്തോടെ കല്പടവുകളിലൂടെ ചാടിയിറങ്ങി.
“ഏട്ടാ അവിടെ വഴുക്കലുണ്ടാവും സൂക്ഷിക്കണേ ”
രേവതി വെപ്രാളത്തോടെ നെഞ്ചിൽ കൈ വച്ചു.
“ഞാൻ നോക്കിക്കോളാം രേവതിക്കുട്ടി.. ”
അനന്തു അവളെ നോക്കി ഉറക്കെ പറഞ്ഞു. രേവതിയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അനന്തു കുളത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചുകൊണ്ട് കല്പടവിലേക്ക് ഇരുന്നു. പതിയെ കുളത്തിലേക്ക് കാല് നീട്ടി വച്ചു അവൻ ഒരു ദീർഘ നിശ്വാസം വിട്ടു.
“ഞങ്ങൾ പോട്ടെ ഏട്ടാ ”
രേവതിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
“പൊക്കോളൂ രേവതി… കുളം കാണിച്ചു തന്നതിന് താങ്ക്സ് ”
അനന്തു അവരെ നോക്കി ചിരിച്ചു. അമൃതയുടെ കയ്യും പിടിച്ചു രേവതി കളിക്കാനായി പോയി. അനന്തു കുളത്തിലെ വെള്ളത്തിൽ കാലിട്ടടിച്ചുകൊണ്ട് ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു.
വല്ലാത്ത ഒരു ഒറ്റ പെടൽ പോലെ അവനു തോന്നി. ആകെ നല്ല രീതിയിൽ പെരുമാറുന്നത് മുത്തശ്ശനും മുത്തശ്ശിയും ബലരാമൻ അമ്മാവനും സീത അമ്മായിയും ആണ്.
അമ്മയെയും ശിവയേയും കൂട്ടി എല്ലായിടത്തും ഒന്ന് കറങ്ങാൻ പോകണമെന്ന് അനന്തു നിശ്ചയിച്ചു. അപ്പോൾ ആ ഒരു വിരസത മാറുമെന്ന് അവൻ കണക്ക് കൂട്ടി. അതിനു മുൻപ് ഈ നാട് മൊത്തം ഒറ്റക്ക് കാണാൻ അവനു കൊതിയായി.
കുറച്ചു നേരം കല്പടവുകളിൽ ഇരുന്ന് മടുത്ത അനന്തു പതിയെ എണീറ്റു തറവാട്ടിലേക്ക് വച്ചു പിടിപ്പിച്ചു. അമ്പലത്തിൽ പോയവർ ഇതുവരെ തിരിച്ചു വരാൻ ആയിട്ടില്ലെന്ന് അവനു തോന്നി.
പതിയെ അകത്തളത്തിലേക്ക് കേറിയ അവൻ ഉള്ളിലേക്ക് നടന്നു വന്നപ്പോൾ നടു മുറ്റത്തിന് സമീപം ഇരുന്ന് സീത അമ്മായി അമ്മയ്ക്ക് മുടി ചീകി കൊടുക്കുന്നത് അനന്തു കണ്ടു.
അമ്മയും അമ്മായിയും വിശേഷങ്ങൾ പറഞ്ഞു ഇടക്ക് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. അനന്തു പതിയെ നടന്നു മാലതിയുടെ മടിയിൽ തല വച്ചു കിടന്നു. മാലതി പതിയെ അവന്റെ മുടിയിഴകളിലൂടെ വിരൽ കൊണ്ട് കോതിയൊതുക്കി.
“അനന്തൂട്ടാ വീടൊക്കെ കണ്ടു തീർത്തോ? ”
“കണ്ടു അമ്മായി ഞാൻ കുളം കൂടി കണ്ടിട്ട് വരുന്ന വരവാ”
“അയ്യോ എന്തിനാ മോനെ ഒറ്റക്ക് പോയെ അവിടെ മൊത്തം വഴുക്കലല്ലേ ? ”
സീത പരിഭ്രമിച്ചുകൊണ്ട് അവനോടു ചോദിച്ചു.
“ഏയ് ഞാൻ സൂക്ഷിച്ചായിരുന്നു അമ്മായി. എനിക്ക് നീന്തൽ അറിയാം ”
അനന്തു അമ്മായിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അതൊന്നും വേണ്ട.. ഇത് പുതിയ സ്ഥലമല്ലേ .. എല്ലാം ഒന്ന് പരിചയമായിട്ട് കുളത്തിലൊക്കെ ഇറങ്ങിയാൽ മതിട്ടോ. ”
“ശരി അമ്മായി ഞാൻ ഇനി നോക്കിക്കോളാം ”
അനന്തു അവരെ നോക്കി പുഞ്ചിരിച്ചു. മാലതി ഇതൊക്കെ കേട്ടുകൊണ്ട് ഉള്ളിൽ ചിരിയോടെ അവന്റെ മുടികൾ കോതിയൊതുക്കിക്കൊണ്ടിരുന്നു.
“സീതേട്ടത്തി ജിത്തൂന്റെ വിവാഹം ഉടനെ ഉണ്ടോ ? ”
മാലതി സീതയോടു ചോദിച്ചു.
“ഉണ്ട് മാലതി. ഒരു കുട്ടിയുമായി പറഞ്ഞുറപ്പിച്ചിരിക്കുവാ.. അവനു പരിചയമുള്ള കുട്ടിയാ.. ഇവിടത്തെ എം എൽ എ യുടെ മകളും കൂടിയാ.. ഞങ്ങൾക്ക് എല്ലാർക്കും ഇഷ്ട്ടമായി. ”
സീത കാച്ചെണ്ണ കയ്യിലെടുത്തു മാലതിയുടെ മുടിയിൽ പതുക്കെ തേച്ചു പിടിപ്പിച്ചു.
“ആണോ എന്താ സീതേട്ടത്തി കുട്ടിയുടെ പേര് ”
“സ്വാതി കൃഷ്ണ ”
“ആഹാ നല്ല പേരാണല്ലോ.. ”
“അതെ മാലതി. നല്ല സുന്ദരിക്കുട്ടിയാ.. ജിത്തൂന് നല്ലോണം ചേരും. അതുകൊണ്ട് എല്ലാരും കൂടി അങ്ങ് ഉറപ്പിച്ചു വച്ചു. ‘
“അപ്പൊ എപ്പോഴാ കല്യാണം സീതേട്ടത്തി.? ”
സീത മുടിയിൽ എണ്ണ ഇട്ടു തരുന്നതിന്റെ സുഖത്തിൽ മാലതി പെട്ടെന്നു ചോദിച്ചു.
“മിക്കവാറും ഭൂമി പൂജയ്ക്ക് ശേഷം ആയിരിക്കും ”
എന്തോ ഓർത്ത പോലെ സീത പെട്ടെന്നു നിശ്ചലയായി. പിന്നെ പതിയെ തന്റെ ജോലി തുടർന്നു.
“എന്നോട് ബാലരാമേട്ടൻ പറഞ്ഞിരുന്നു എല്ലാം. ഇത്തവണ ജിത്തു ആണല്ലേ അത് ? ”
മാലതി സീതയെ പാളി നോക്കി. സീത അതേയെന്ന മട്ടിൽ തലയാട്ടി. എന്തോ ഒരു തരം നിസ്സംഗത ഭാവം അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
എന്നാൽ മാലതിയ്ക്ക് അത് വേഗം മനസ്സിലായി. സീത എന്തോ പറയാൻ തുനിഞ്ഞതും മാലതി അനന്തു ഇവിടുണ്ടെന്ന അർത്ഥത്തിൽ സീതയെ ചൂണ്ടി കാണിച്ചു. പൊടുന്നനെ സീത ഒന്ന് അടങ്ങി.
അനന്തുവിന് ഇതൊക്കെ കേട്ടിട്ടും ഒന്നും മനസ്സിലായില്ല.അവൻ രാവിലെ ആനയെ ചുറ്റിപറ്റി നിന്ന കാര്യങ്ങൾ ഓർക്കുവായിരുന്നു.
“അമ്മേ ഞാൻ രാവിലെ ആനയുടെ പാപ്പാൻമാരുമായി സംസാരിക്കുവായിരുന്നു. അപ്പൊ ഒരു സംഭവം ഉണ്ടായി. ”
“എന്താ അത് ? ”
മാലതി മുഖം ചുളിച്ചു അവനെ നോക്കി. അനന്തു പറയുന്നത് കേൾക്കാൻ സീതയും തന്റെ കാതുകൾ കൂർപ്പിച്ചു വച്ചു.
“അതോ ആ ചേട്ടന്മാരുമായി സംസാരിക്കുമ്പോ അവർ എന്നെ കുഞ്ഞമ്പ്രാ എന്ന് വിളിച്ചു. എന്താ അതിന്റെ അർത്ഥം? ”
മാലതിയും സീതയും പരസ്പരം നോക്കി. സീത പതിയെ ഒന്ന് ചിരിച്ചിട്ട് അനന്തുവിനെ നോക്കി.
“അനന്തൂട്ടാ നീ ഒരു സാധാരണക്കാരൻ അല്ല ഇപ്പൊ. പഴയ അനന്തുവും ഇപ്പോഴുള്ള അനന്തുവും തമ്മിൽ നല്ല മാറ്റമുണ്ട്. അതായത് തേവക്കാട്ട് ശങ്കരന്റെയും കാർത്യായനിയുടെയും പേരക്കുട്ടി ആണ് നീ. സർവ്വോപരി തേവക്കാട്ട് കുടുംബത്തിലെ അംഗവും ആണ് . ഈ ദേശം എന്ന ഗ്രാമത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ് ആണ് നിന്റെ മുത്തശ്ശൻ. അപ്പൊ ഈ നാട്ടിലെ ജനങ്ങൾക്ക് നിന്റെ മുത്തശ്ശനോടുള്ള ആദരവും ബഹുമാനവും ഭക്തിയും ആണ് നീ കാണുന്നത്. അപ്പൊ അതിൽ ബഹുമാനം നമുക്ക് എല്ലാവർക്കും കിട്ടും. പക്ഷെ മുത്തശ്ശന് കിട്ടുന്ന പോലെ ആദരവും ഭക്തിയും കിട്ടണമെങ്കിൽ നീയും മുത്തശ്ശനെ പോലെ മിടുക്കൻ ആവണം.കഴിഞ്ഞ രണ്ടു തലമുറകളിലായി നിന്റെ മുത്തശ്ശനും ദേവൻ അമ്മാവനും മാത്രമേ ആ സൗഭാഗ്യം കിട്ടിയിട്ടുള്ളൂ. ഈ തലമുറയിൽ അത് ചിലപ്പോൾ എന്റെ അനന്തൂട്ടനാവും.. ”
സീതയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഊർജം സൃഷ്ട്ടിക്കാൻ സാധിക്കുന്നതായി അനന്തുവിന് തോന്നി.എങ്കിലും അവന് ഒരു സംശയം ഉടലെടുത്തു.
“ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ നമ്മൾ ഉയർന്ന ജാതിയിൽ പെട്ടവരായതുകൊണ്ടാണോ നമുക്ക് ഇത്രയും ആസ്തിയും ബഹുമാനവും ഒക്കെ? ”
“അല്ല അനന്തു നമ്മളും മറ്റുള്ളവരെ പോലെ ഇടത്തരം ജാതിയിൽ പെട്ടവർ തന്നെയാ. പക്ഷെ നമ്മുടെ കുടുംബത്തിന്റെ പൂർവികർ ഈ നാടിന്റെ ജന്മികൾ ആയിരുന്നു എന്ന് മാത്രം. ഇപ്പൊ മനസ്സിലായോ ? ”
മാലതി അവനെ നോക്കി
“മനസ്സിലായി അമ്മേ ”
അനന്തുവിന് തന്റെ മനസ്സിലെ പ്രഹേളിക പരിഹരിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു.
പൊടുന്നനെ വീടിന്റെ മുറ്റത്തു കാർ വന്നു നിർത്തുന്നതിന്റെ ശബ്ദം കേട്ട് അനന്തു മാലതിയുടെ മടിയിൽ നിന്നും ചാടിയെണീറ്റു. നേരെ പൂമുഖം ലക്ഷ്യമാക്കി നീങ്ങി.
മാലതിയുടെ മുടി തലയുടെ ഉച്ചിയിൽ കെട്ടി വരിഞ്ഞു വച്ചു സീത അവളുടെ മുഖം പിടിച്ചു നേരെ നിർത്തി. രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“മാലതി അനന്തുവിനു ഒന്നും അറിഞ്ഞൂടല്ലേ? ”
“ഇല്ല സീതേട്ടത്തി ”
മാലതി വിഷാദത്തോടെ മുഖം താഴ്ത്തി.
“പറയാൻ തോന്നിയില്ല പക്ഷെ ഈ വരവ് വളരെ അവിചാരിതമായിപ്പോയി. ”
മാലതി പിറുപിറുത്തു.
“അതാവും ദൈവ വിധി.ആ ഒരു കർമ്മത്തിനു എന്റെ മകൻ ജിത്തു ആണ് യോഗ്യൻ എന്നാ ഞങ്ങൾ എല്ലാവരും വിചാരിച്ചിരുന്നേ.. എന്നാൽ അനന്തുവിനെ കണ്ട ശേഷം എന്റെ ആ ചിന്തകൾ മാറി. അതിനു ഏറ്റവും യോഗ്യൻ നമ്മുടെ അനന്തു തന്നെയാണെന്ന് എനിക്ക് ഇപ്പൊ തോന്നുന്നു. ജിത്തു ഉറപ്പായും അവിടെ പരാജയപ്പെടും. അത് അവനു അപകടമാണ്. എന്നാൽ അനന്തുവിന് ജയിക്കാൻ സാധിക്കും. അനന്തുവിന് മാത്രം. അതാണ് അവനെ ഈ നാടും ഈ മണ്ണും ഇവിടുത്തെ ദേവിയും കൃത്യ സമയത്ത് തന്നെ ഇങ്ങോട്ടേക്കു എത്തിച്ചത്. ”
സീത കൈ നെഞ്ചിൽ വച്ചു കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ചു.
അനന്തു നേരെ പൂമുഖത്തേക്ക് എത്തിച്ചേർന്നു. കാറിൽ നിന്നു ഇറങ്ങുന്ന ശിവയേയും മുത്തശ്ശനെയും മുത്തശ്ശിയേയും കണ്ട് അവനു സന്തോഷമായി.
ഇത്രയും നേരം കൊണ്ട് ശിവയെ വല്ലാതെ മിസ്സ് ചെയ്ത പോലെ അവനു തോന്നി. ശിവ ഒരു പട്ടു പാവാടയും ബ്ലൗസും ആണ് അണിഞ്ഞിരുന്നത്. അഴിച്ചിട്ട കേശവും നെറ്റിയിൽ ചാലിച്ച ചന്ദനവും വാലിട്ടെഴുതിയ കണ്ണുകളുമായി കയ്യിൽ അമ്പലത്തിലെ പ്രസാദവും പിടിച്ചു പടി കയറി വരുന്ന അവളെ കണ്ട അനന്തുവിന് ഒരു നിമിഷം അമ്പലത്തിൽ നിന്നും ഇറങ്ങി വന്ന ദേവി ആണെന്ന് തോന്നിപോയി.
ശിവയുടെ കയ്യിൽ പിടിച്ചു മുത്തശ്ശി പതുക്കെ പൂമുഖത്തേക്ക് കയറി വന്നു. അനന്തുവിന്റെ അടുത്ത് എത്തിയതും ശിവ അവന്റെ വയറിനു ഒരു കുത്തു വച്ചു കൊടുത്തു.
“ആാാഹ്”
അനന്തു വയറിൽ കൈ വച്ചു അമർത്തി പിറു പിറുത്തുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി. ശിവ അവനെ നോക്കി കൊഞ്ഞനം കുത്തി.
“മോനെ ദേവാ കഴിച്ചോ നീയ് ? ”
മുത്തശ്ശി വാത്സല്യത്തോടെ അവന്റെ തടിയിൽ പിടിച്ചു.
“കഴിച്ചു മുത്തശ്ശി … പിന്നെ ഞാൻ ദേവനല്ലാട്ടോ…അനന്തു ആണ് ”
അനന്തു കൊഞ്ചലോടെ മുത്തശ്ശിയോട് പറഞ്ഞു
“ഇല്ല കുട്ട്യേ നീ എന്റെ ദേവനാ.. എനിക്ക് അങ്ങനെ കാണാൻ കഴിയൂ എന്റെ ദേവൻ അതേപോലെ തന്നെ എന്റെ മാലതീടെ വയറ്റിൽ ജനിച്ചില്ലേ.. മരിക്കുന്നതിന് മുൻപേ ഒന്നൂടെ കാണാൻ കഴിഞ്ഞൂലോ എന്റെ കുട്ടീനെ ”
മുത്തശ്ശി അനന്തുവിനെ പിടിച്ചു പൊട്ടി കരഞ്ഞു.മുത്തശ്ശിയെ ആശ്വസിപ്പിക്കാൻ അനന്തു പാട് പെട്ടു. അവൻ മുത്തശ്ശിയുടെ നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ പതിയെ ഒപ്പി.
“ഞാൻ ദേവാന്ന് വിളിച്ചോട്ടെ എന്റെ കുട്ടീനെ? ”
മുത്തശ്ശി വിതുമ്പലോടെ പതിയെ അവനോട് പറഞ്ഞു.
“വിളിച്ചോളൂ മുത്തശ്ശി. ഞാൻ മുത്തശ്ശിയുടെ ദേവൻ തന്നെയാട്ടോ. ഇനി എന്റെ മുത്തശ്ശി കരയല്ലേ”
അനന്തു അവരെ കെട്ടിപിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു. പതിയെ അവരുടെ ഏങ്ങലിന്റെ തോത് കുറഞ്ഞു വന്നു. ശിവ മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു പതിയെ അകത്തളത്തിലേക്ക് നീങ്ങി.
അവർ പോകുന്നതും നോക്കി അനന്തു നോക്കി നിന്നു. പതിയെ ഒന്ന് ശ്വാസം വിട്ടു അനന്തു തിരിഞ്ഞു നോക്കിയതും മുത്തശ്ശൻ നിറ കണ്ണുകളോടെ നിൽക്കുന്നത് അവൻ കണ്ടു.
അദ്ദേഹം അവനെ കൈ കാട്ടി വിളിച്ചു. അനന്തു മുത്തശ്ശന്റെ അടുത്തേക്ക് നടന്നടുത്തു. അനന്തുവിന്റെ തോളിലൂടെ കയ്യിട്ട് ശങ്കരൻ അവനെ ചേർത്തു പിടിച്ചു.
“ആരും ഇല്ലാത്തപ്പോ ഞാനും മോനെ ദേവാ എന്ന് വിളിച്ചോട്ടെ ? ”
മുത്തശ്ശന്റെ ശബ്ദത്തിലെ ഇടർച്ച അനന്തുവിനെ വല്ലാതെ സങ്കടപ്പെടുത്തി.അവൻ മുത്തശ്ശനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.
“മുത്തശ്ശനും എന്നെ അങ്ങനെ വിളിച്ചോളൂ. എനിക്ക് സന്തോഷമേയുള്ളൂ.”
അനന്തു അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചിരിയും നീല കണ്ണുകളും കാണുമ്പോൾ തന്റെ ദേവൻ അടുത്ത് വന്നു നിൽക്കുന്ന പോലെ ശങ്കരന് തോന്നി.
അദ്ദേഹം വല്ലാത്തൊരു അനുഭൂതിയുടെ പരകോടിയിൽ അനന്തുവിന്റെ കൈ പിടിച്ചു നടന്നു. പടിപ്പുര കഴിഞ്ഞു അവർ റോഡിലേക്ക് എത്തി.
അപ്പോൾ അവിടെ റോഡിന്റെ ഓരത്ത് പണിക്കാർ കണ്ടത്തിൽ കൂട്ടിയിട്ടിരിക്കുന്ന നാളികേരം ലോറിയിലേക്ക് പെറുക്കിയിടുന്ന തിരക്കിൽ ആയിരുന്നു.റോഡിന്റെ ഓരത്തു നിന്നും ചാക്ക് കെട്ടിലേക്കും അല്ലാതെയും നാളികേരം പെറുക്കിയിട്ട് 4 പണിക്കാർ ലോറിയിലേക്ക് ധൃതിയിൽ കയറ്റുന്നു.
മുത്തശ്ശൻ വരുന്നത് കണ്ടതും പണിക്കാരും വണ്ടിയുടെ ഡ്രൈവറും എല്ലാരും ബഹുമാനത്തോടെ കൈകൾ കൂപ്പി നിന്നു.പണിക്കാർ തങ്ങളുടെ തലയിൽ കെട്ടിയിരുന്ന തോർത്ത് വലിച്ചെടുത്തു മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചു അവർ ഭയ ഭക്തിയോടെ മുത്തശ്ശനെ വരവേറ്റത് അനന്തു പുത്തൻ അനുഭവം ആയിരുന്നു. അവൻ മുത്തശ്ശന്റെ കൈ പിടിച്ചു കൂടെ നിന്നു.
“ചെല്ലാ പണിയൊക്കെ കഴിഞ്ഞോ? ”
“ഉവ്വ് തമ്പ്രാ ”
കൂട്ടത്തിൽ ഉണ്ടായിരുന്ന മെലിഞ്ഞ മധ്യവയസ്‌കൻ ആയ ആൾ മറുപടി പറഞ്ഞു.
“ഉച്ച ആകാൻ ആയില്ലേ വേഗം പീടികയിലേക്ക് പൊയ്ക്കോളൂ ”
“ഉവ്വ് തമ്പ്രാ ”
ചെല്ലൻ മുത്തശ്ശനെ വണങ്ങി. മുത്തശ്ശൻ അല്പം ഗൗരവത്തോടെ അവരെ നോക്കിയ ശേഷം അനന്തുവിന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു. റോഡിന്റെ ഓരം ചേർന്ന് മുത്തശ്ശന്റെ കൈയും പിടിച്ചു നീണ്ടു കിടക്കുന്ന നെൽപ്പാടത്തിന്റെ ഭംഗിയും നുകർന്നു അനന്തു നടന്നു.
ഉച്ച സമയം ആണെങ്കിലും വെയിലിനു ആക്കം ഇല്ലാത്തതിനാൽ ആ നടത്തത്തിനു ഒരു സുഖം ഉണ്ടെന്നു അനന്തുവിന് തോന്നി.
“മുത്തശ്ശാ ഇവിടെ വണ്ടികൾ ഒക്കെ കുറവാണല്ലേ? ”
“അതെ ദേവാ ഇതൊരു ഗ്രാമം അല്ലേ.. ആവശ്യത്തിനുള്ള വണ്ടികളെ കാണൂ. പട്ടണത്തിലെ പോലെ സൗകര്യങ്ങൾ ഒന്നും ഇവിടെ ഇല്ല. പിന്നെ നമ്മുടെ വീട്ടിൽ മാത്രേ വണ്ടികൾ ഉള്ളൂ. ”
“അതാ നല്ലത് മുത്തശ്ശാ.. ഈ ഗ്രാമത്തിന്റെ ഭംഗിയും ആസ്വദിച്ചു നടക്കാലോ.. പട്ടണം ഒക്കെ ഭയങ്കര ബോറടി ആന്നേ ”
അനന്തു വായുവിൽ കൈകൾ വിടർത്തി ആവോളം ശുദ്ധ വായു ശ്വസിച്ചു. മുത്തശ്ശൻ ചിരിയോടെ അവന്റെ കൂടെ നടന്നു. വയസ്സ് 70 കഴിഞ്ഞെങ്കിലും ഇപ്പോഴും നല്ല ആരോഗ്യമുള്ള ശരീരമാണ് മുത്തശ്ശന് ഉള്ളതെന്ന് അനന്തുവിന് മനസ്സിലായി. അദ്ദേഹം അവന്റെ കൂടെ ഒരു ചെറുപ്പക്കാരനെ പോലെ ഓടി ചാടി നടന്നു.
“ഈ പ്രായത്തിലും നല്ല സ്റ്റാമിന ആണല്ലോ ഇതെങ്ങനെ? ”
അനന്തു ആശ്ചര്യത്തോടെ ചോദിച്ചു.
മുത്തശ്ശൻ അവന്റെ ചെവിക്ക് പിടിച്ചു തിരിച്ചു.
“ഡാ കള്ള ചെറുക്കാ.. ആയ കാലത്ത് ഞാൻ ഒരു പുലി ആയിരുന്നു കേട്ടോ ”
“എനിക്ക് അറിയാം മുത്തശ്ശാ എനിക്ക് ചെവി വേദനിക്കുന്നേ ”
അനന്തു കിടന്നു പുളഞ്ഞു. ശങ്കരൻ വേഗം അവന്റെ ചെവിയിൽ നിന്നും കയ്യെടുത്തു.
”
സീത അമ്മായിയും അമ്മയും പറഞ്ഞിരുന്നു മുത്തശ്ശൻ ഈ ഗ്രാമത്തിലെ പുലി അല്ല സിംഹം ആയിരുന്നു എന്ന്. ”
അനന്തു പറഞ്ഞത് കേട്ടതും ശങ്കരൻ തന്റെ വെള്ളി നാരുകൾ വീണ മീശ പതുക്കെ കൈകൊണ്ട് തിരിച്ചു വച്ചു. എന്നിട്ട് പതുക്കെ തന്റെ താടി രോമങ്ങൾ ഒതുക്കി വച്ചു.
ശരിക്കും ഒരു വൃദ്ധനായ സിംഹത്തിന്റെ വന്യമായ ഭാവം ആ മുഖത്ത് പൊടുന്നനെ ഓടി വന്നു മറഞ്ഞ പോലെ അനന്തുവിന് തോന്നി.
വഴിയിലൂടെ പോയ മൂന്നു നാല് പേർ മുത്തശ്ശനെ കണ്ട് ബഹുമാനത്തോടെ വഴി മാറി കൊടുത്തു. അനന്തു അതൊക്കെ കണ്ട് വല്ലാതെ ആസ്വദിച്ചു.
“മോനെ ദേവാ ഈ ഗ്രാമത്തിൽ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. മോന് അത് കാണണ്ടേ?”
“വേണം മുത്തശ്ശാ പക്ഷെ പോകാൻ എനിക്ക് വണ്ടിയൊന്നുമില്ല. എന്റെ വണ്ടി വീട്ടിൽ കിടക്കുവല്ലേ ? ”
അനന്തു നിരാശയോടെ മുത്തശ്ശനെ നോക്കി.
“അതാണോ പ്രശ്നം. ഞാനിപ്പോ തന്നെ ബലരാമനെ വിളിക്കാം. ദേവന് ഇഷ്ട്ടമുള്ള പുതിയ വണ്ടി വാങ്ങിച്ചോ.. കാർ വാങ്ങാം. എത്ര പണം ചിലവായാലും സാരമില്ല ”
മുത്തശ്ശൻ സന്തോഷത്തോടെ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലേക്ക് എടുത്തു.
“അയ്യോ അതൊന്നും വേണ്ട മുത്തശ്ശാ.. എനിക്ക് ഏതേലും ഒരു പഴയ വണ്ടി മതി. ”
“അത് പറ്റില്ല മോനെ… നമുക്ക് പുതിയ കാർ വാങ്ങാം. ഇപ്പൊ തന്നെ ബലരാമന്റെ കൂടെ പട്ടണത്തിലേക്ക് പോകാം. എന്റെ ദേവന് എന്തേലും വാങ്ങി തരാതെ എനിക്ക് സമാധാനമില്ല ”
മുത്തശ്ശൻ വെപ്രാളത്തോടെ പറഞ്ഞു.
“എന്റെ മുത്തശ്ശാ ഞാനും അമ്മയും ശിവയും സാധാരണക്കാരായി അല്ലെ ജീവിച്ചേ.. ഞങ്ങൾക്ക് അതൊക്കെ ശീലമാ..വലിയ വണ്ടി വാങ്ങാനോ ഓടിക്കാനോ ഉള്ള സാമ്പത്തികം ഞങ്ങൾക്കില്ലായിരുന്നു. പിന്നെ അതൊക്കെ സ്വപ്നം കാണാമെന്നു മാത്രം ”
അനന്തു ഒന്ന് നെടുവീർപ്പെട്ടു
“ഇന്നലെ വരെ എന്റെ മകളും പേരമക്കളും എങ്ങനാണ് ജീവിച്ചതെന്നു എനിക്ക് അറിഞ്ഞൂടായിരുന്നു. പക്ഷെ ഇനി മുതൽ അങ്ങനല്ല. തേവക്കാട്ട് ശങ്കരന്റെ പേരമക്കൾ ആണ് നിങ്ങൾ. എന്റെ മകൾക്കും പേരമക്കൾക്കും ജീവിക്കാനുള്ള പണം ഞാൻ ആക്കി വച്ചിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ചിലവഴിക്കാൻ എനിക്ക് പണം ഉണ്ട്. ഇനിയും ഒരുപാട് തലമുറകൾക്ക് ഇരുന്ന് ഉണ്ണാനുള്ളത് നമ്മുടെ കുടുംബത്തിന് ഉണ്ട്. അതുകൊണ്ട് പണത്തെ കുറിച്ച് ആലോചിച്ചു എന്റെ ദേവന് വേവലാതി വേണ്ടാ.. ഇനി പറഞ്ഞോ ഏത് വണ്ടി ആണ് വാങ്ങണ്ടേ? ”
മുത്തശ്ശൻ അവനെ പ്രതീക്ഷയോടെ നോക്കി. എന്നാൽ അനന്തു പുതിയ വണ്ടി വാങ്ങുന്നതിനോട് യോജിച്ചില്ല. അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ശങ്കരൻ പരാജയപ്പെട്ടു.
അല്പ നേരം നിരാശയോടെ അദ്ദേഹം ചിന്തിച്ചു. പൊടുന്നനെ ശങ്കരൻ അനന്തുവിന്റെ രണ്ടു കൈകളിലും പിടിച്ചുകൊണ്ടു അവനെ നോക്കി.
“എന്റെ മകൻ ദേവന്റെ ഒരു വണ്ടിയുണ്ട്. എനിക്ക് അറിയുന്ന ഒരാളുടെ അടുത്ത് സൂക്ഷിക്കാൻ വച്ചിരിക്കുകയാ…നിന്റെ മുത്തശ്ശി അത് ഒരിക്കലും വേറൊരാൾക്ക് കൊടുക്കാനോ ഓടിക്കാൻ കൊടുക്കാനോ പോലും സമ്മതിച്ചിരുന്നില്ല. അങ്ങനെ ഞാൻ അത് സൂക്ഷിച്ചു വച്ചിരുന്നതാ. എന്റെ മോന് ആ വണ്ടി കൊണ്ടു തരട്ടെ ”
മുത്തശ്ശന്റെ കണ്ണിലെ തിളക്കം അനന്തുവിന് തിരസ്ക്കരിക്കുവാൻ കഴിഞ്ഞില്ല.
“മുത്തശ്ശി സമ്മതിക്കുമോ? “അനന്തു ചോദ്യഭാവേന നോക്കി
”
സമ്മതിക്കും. ദേവന്റെ മുറി അനന്തുവിനു തന്നില്ലേ.. അതുപോലെ ദേവന്റെ വണ്ടിയും അനന്തുവിന് തരാൻ അവൾക്ക് സന്തോഷമേ ഉള്ളൂ. ആ വണ്ടി ഓടിക്കാൻ ഇനി എന്റെ അനന്തുവിനാവും യോഗം. ”
“ശരി മുത്തശ്ശാ “അനന്തു സമ്മതം അറിയിച്ചു.
മുത്തശ്ശൻ ഉത്സാഹത്തോടെ ഫോൺ എടുത്തു ആരെയോ കാൾ ചെയ്തു. നിമിഷങ്ങൾക്കകം തങ്ങളുടെ അടുത്ത് ഡ്രൈവർ വണ്ടി കൊണ്ടു വന്നു നിർത്തിയത് അനന്തു തിരിച്ചറിഞ്ഞു.
വണ്ടിയുടെ പുറകിൽ അനന്തുവിനെയും കൊണ്ട് മുത്തശ്ശൻ കയറി ഇരുന്നു. ഡോർ അടച്ചതും ഡ്രൈവർ വെടിച്ചില്ലു പോലെ വണ്ടി മുന്നോട്ട് പായിച്ചു. 15 മിനുട്ട് യാത്രയ്ക്ക് ശേഷം അവർ ഒരു ഓടിട്ട ചെറിയ വീടിനു സമീപം കാർ കൊണ്ടു വന്നു നിർത്തി.
മുത്തശ്ശൻ വണ്ടിയിൽ നിന്നും ഇറങ്ങി. അനന്തു വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.ശങ്കരൻ അനന്തുവിന്റെ കൈ പിടിച്ചു ആ വീടിന്റെ മുറ്റത്തേക്ക് നടന്നു. ആ വീടിനു സമീപം വേറെയും കുറച്ചു വീടുകൾ ഉണ്ടെന്നത് അവന് വല്ലാത്തൊരു കൗതുകം തോന്നി.
ഒരു ഗ്രാമത്തിലെ വീടിന്റെ നിർമാണവും വൃത്തിയും മറ്റും ഒക്കെ അവൻ ആസ്വദിച്ചുകൊണ്ടിരുന്നു . ചെറിയ വീടുകൾ ആണെങ്കിൽ കൂടിയും അവരൊക്കെ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് അനന്തു ഓർത്തു.
അവന് അവരോടൊക്കെ വല്ലാത്തൊരു അസൂയ തോന്നി. വീടിന്റെ മുറ്റത്തേക്ക് എത്തിയതും പലയിടത്തും ചിതറി കിടക്കുന്ന വണ്ടികളുടെ ഭാഗങ്ങളും ശുഷ്ക്കിച്ചതും ദ്രവിച്ചതുമായ വണ്ടികളും അവന്റെ ശ്രദ്ധയിൽ പെട്ടു. ഈ വന്നിരിക്കുന്നത് ഒരു മെക്കാനിക്കിന്റെ വീട്ടിലേക്ക് ആണെന്ന് അവനു തോന്നി.
”
ബഷീറേ ”
വീടിന്റെ ഉള്ളിലേക്ക് നോക്കി മുത്തശ്ശൻ ഉറക്കെ വിളിച്ചു. അല്പ സമയത്തിനകം വീടിന്റെ ഉള്ളിൽ നിന്നും തട്ടമണിഞ്ഞ ഒരു മധ്യവയസ്സ്ക ആയ സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു. മുത്തശ്ശനെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു.
”
അയ്യോ അങ്ങുന്നേ എന്താ ഇവിടെ ” ആ സ്ത്രീ ബഹുമാനത്തോടെ കൈകൾ കൂപ്പി.
”
ജമീല ബഷീറില്ലേ ഇവിടെ…? ഒന്ന് വിളിച്ചേ? ”
”
ഓര് അപ്പുറം ആന്നു.. ഇപ്പൊ തന്നെ ഞമ്മള് വിളിച്ചോണ്ടരാ.. അങ്ങുന്നേ കേറി ഇരിക്കൂന്നെ ”
”
പോയിട്ട് ധൃതിയുണ്ട് പിന്നൊരിക്കൽ ആവാം.”
ശങ്കരൻ ഗൗരവത്തോടെ പറഞ്ഞു.
”
ആം”
ജമീല വേഗം ഉള്ളിലേക്ക് ഓടിപോയി. അനന്തു വെറുതെ മുറ്റത്ത് നിന്നു ചാറ്റുപാടും ഒന്ന് വീക്ഷിച്ചു. മുത്തശ്ശന്റെ വരവ് കണ്ട് ഓരോ വീടുകളിലെ പെൺപ്രജകൾ എത്തി നോക്കുന്നത് അനന്തു കണ്ടു.
ആണുങ്ങൾ ഒക്കെ എന്തെങ്കിലും ജോലിക്ക് പോയി കാണുമെന്നു അവൻ കണക്ക് കൂട്ടി.ഓടിട്ടതും ചുടുകട്ട കൊണ്ട് നിർമ്മിച്ചതുമായ ഇത്തരം വീടുകൾ ആവാം ഇവിടുത്തെ മുഖ മുദ്ര എന്ന് അവന് തോന്നി.
എങ്കിലും പലയിടത്തും വരുന്ന വരവിൽ ഓല കൊണ്ട് മേഞ്ഞ വീടുകൾ കാണാൻ കഴിഞ്ഞത് അവനെ അത്ഭുതപെടുത്തി. ഒരു ദിവസം അത്തരം ഒരു വീട്ടിൽ പോകണമെന്ന് അവനു ആഗ്രഹം തോന്നി.
ഇതുപോലെ സാധാരണക്കാരനായിരുന്ന തനിക്ക് രണ്ടു മൂന്ന് ദിവസങ്ങൾക്കൊണ്ട് വന്ന മാറ്റം ഇപ്പോഴും വിശ്വസിക്കാൻ ആകുന്നുണ്ടായിരുന്നില്ല. മനസ് ഇപ്പോഴും അതിനു പാകപ്പെട്ടിട്ടില്ല.
”
അങ്ങുന്നേ… ”
വീടിന്റെ ഉള്ളിൽ നിന്നും പൊക്കം കുറഞ്ഞ ഒരാൾ വെള്ള മുണ്ടും ഉടുത്തു ഇറങ്ങി വന്നു. അതാകാം ബഷീർ എന്ന് അവനു തോന്നി. പിന്നാലെ തന്നെ തന്റെ അഴിഞ്ഞു പോയ തട്ടം ഒന്നുകൂടി ശരിയായി അണിഞ്ഞുകൊണ്ട് ജമീല പൂമുഖത്തേക്ക് വന്നു.
”
ബഷീറേ സുഖമാണോ നിനക്ക്? ”
”
അതേ അങ്ങുന്നേ സുഖം “ബഷീർ വിനീത വിധേയനായി നിന്നു.
”
ബഷീറേ ഇതെന്റെ മാലതിയുടെ മകനാ… അവനു എന്റെ ദേവന്റെ വണ്ടി അങ്ങ് കൊടുത്തേക്ക് ”
മുത്തശ്ശൻ ആജ്ഞയുടെ സ്വരത്തിൽ പറഞ്ഞു.
ബഷീർ അനന്തുവിനെ നോക്കി ചിരിച്ചുകൊണ്ട് വേഗം ഉള്ളിലേക്ക് പോയി. കയ്യിലൊരു ചാവിയുമായി പെട്ടെന്നു തന്നെ തിരിച്ചിറങ്ങി.
അനന്തുവിനെ നോക്കികൊണ്ട് വീടിന്റെ പിന്നാമ്പുറത്തേക്ക് ബഷീർ നടന്നു. അനന്തു അയാൾക്ക് പിന്നാലെ നടന്നു. വീടിന്റെ പുറകിൽ പ്ലാസ്റ്റിക് ഷെഡിനു കീഴിൽ കൂട്ടിയിട്ടിരിക്കുന്ന സാധങ്ങൾക്ക് ഇടയിൽ ഒരുത്തൻ പഴഞ്ചനായ പ്ലാസ്റ്റിക്കിനുള്ളിൽ ചരിഞ്ഞു കിടന്നു വിശ്രമിക്കുന്നത് അനന്തു കണ്ടു.
അവൻ കൗതുകത്തോടെ ബഷീറിന്റെ ഒപ്പം വന്നു നിന്നു. ബഷീർ അനന്തുവിനെ ഒന്ന് നോക്കിക്കൊണ്ട് പ്ലാസ്റ്റിക് കൈകൊണ്ട് പതുക്കെ വലിച്ചു മാറ്റി.
അപ്പോൾ അവന്റെ കണ്മുന്നിൽ ഒരു കറുത്ത റോയൽ എൻഫീൽഡ് അനാവൃതമായി. അവൻ പതുക്കെ അതിന്റെ ഹാന്ഡിലിൽ കൈ വച്ചു.
ആ വണ്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ അനന്തുവിന് വല്ലാത്തൊരു ഇഷ്ട്ടം തോന്നിപോയി. ഈ വണ്ടിയുമായി മുൻപ് എപ്പോഴോ ഒരു ബന്ധമുണ്ടായ പോലെ അവനു തോന്നി.
നഷ്ട്ടപെട്ടു പോയ വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ അനുഭവം ആയിരുന്നു അനന്തുവിന്. ആ വണ്ടിയോടു യാതൊരു വിധ അപരിചിതത്വവും അവന് തോന്നിയില്ല.
അവന്റെ തലയെടുപ്പും ഭംഗിയും അനന്തുവിനെ ഹഠാദാകർഷിച്ചു.ബഷീർ ചാവി ഇട്ട് റോയൽ എൻഫീൽഡ് ന്യൂട്രൽ ആക്കി യ ശേഷം പതിയെ വണ്ടി വീടിന്റെ ഉമ്മറത്തേക്ക് തള്ളിക്കൊണ്ട് വന്നു.
മുറ്റത്തു നിർത്തിയ ശേഷം അയയിൽ കിടന്ന നല്ല തുണി എടുത്തുകൊണ്ടുവന്നു ബഷീർ വണ്ടി നന്നായിട്ട് തുടച്ചു വൃത്തിയാക്കികൊണ്ടിരുന്നു.
”
ദേവന്റെ ഇഷ്ട്ടപെട്ട വണ്ടിയാ.. അവനു ജീവൻ ആയിരുന്നു.97 ൽ വാങ്ങിയതാ. ജീവിതത്തിൽ ആദ്യമായും അവസാനമായും അവൻ എന്നോട് പറഞ്ഞിട്ടുള്ള ഒരേയൊരു ആഗ്രഹായിരുന്നു ഇത് ”
മുത്തശ്ശന്റെ വാക്കുകളിലെ നഷ്ട്ട ബോധം അവനെ വല്ലാതെ വേദനിപ്പിച്ചു.
”
എനിക്ക് അറിയാം മുത്തശ്ശാ.. നിങ്ങൾ എല്ലാവരും ദേവൻ അമ്മാവനെ എന്തോരം സ്നേഹിച്ചിരുന്നുവെന്നു ”
മുത്തശ്ശൻ അവനെ നോക്കി ചിരിച്ചുവെന്ന് വരുത്തി.
”
വണ്ടി കണ്ടീഷൻ അല്ലെ ബഷീറേ ? “”
”
അങ്ങുന്നേ ഇപ്പൊ രണ്ടു വർഷായിട്ട് വണ്ടി സ്റ്റാർട്ട് ആവുന്നില്ല… ഞമ്മള് നോക്കിയിട്ടും നടക്കാത്തോണ്ട് വെളീന്ന് ആളെ ബരുത്തിച്ചു ശരിയാക്കാൻ നോക്കീന് . പക്ഷെ നടക്ക്ന്നില്ല ”
ബഷീർ പരിഭ്രമത്തോടെ മുത്തശ്ശനെ നോക്കി.
”
അങ്ങനെ പറഞ്ഞാൽ എങ്ങനാ ശരിയാകുവാ ബഷീറേ… എൻറെ കുട്ടി അത്രക്കും ആഗ്രഹിച്ചിട്ടുണ്ട്. അവന് ഞാൻ വാക്ക് കൊടുത്തുപോയി ”
ശങ്കരൻ അല്പം നിരാശ കലർന്ന ദേഷ്യത്തോടെ ബഷീറിനെ നോക്കി. ബഷീർ പേടിച്ചു വിറച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ അയാൾ തന്റെ ബീവിയെ എത്തി നോക്കി. ജമീല വെപ്പ്രാളത്തോടെ അവരെ നോക്കി.
”
ബഷീറിക്ക ആ ചാവി ഒന്ന് തന്നെ ”
എന്തോ ഓർത്തപോലെ അവൻ അയാൾക്ക് നേരെ കൈ നീട്ടി. ആ വണ്ടി ഒന്ന് സ്റ്റാർട്ട് ചെയ്തു നോക്കാൻ അവന്റെ മനസ്സ് വല്ലാതെ മന്ത്രിച്ചു. ബഷീർ അനന്തുവിന്റെ കയ്യിൽ ചാവി കൊടുത്തു.
”
ഞമ്മളോട് മാപ്പാക്കണേ കുഞ്ഞേ ”
ബഷീർ സംഭ്രമത്തോടെ എന്നാലും അത്യധികം ദുഃഖിതനായി അവനു നേരെ കൈകൾ കൂപ്പി.
”
അയ്യോ അതൊന്നും സാരമില്ല ബഷീറിക്ക. പോട്ടെ… അത് കാര്യക്കണ്ടാട്ടൊ ”
അനന്തു അയാളുടെ കൂപ്പു കൈകൾ പിടിച്ചു താഴ്ത്തി. എന്നിട്ട് അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.മുത്തശ്ശൻ എന്തോ ഓർത്തപോലെ ചിന്തിതനാകുകയും പൊടുന്നനെ ആ ചുണ്ടുകളിൽ പുഞ്ചിരി വിടരുകയും ചെയ്തു.
അനന്തു ചാവി കയ്യിൽ പിടിച്ചു വണ്ടിയിൽ കയറിയിരുന്നു. ചാവി ഇട്ടു തിരിച്ച ശേഷം അവന് വണ്ടിയുടെ സ്റ്റാൻഡ് മാറ്റി. കിക്കർ നേരെ വച്ചു അവൻ കണ്ണുകൾ അടച്ചു ഒന്ന് ദീർഘ നിശ്വാസം എടുത്ത ശേഷം കിക്കറിൽ അമർത്തി ചവിട്ടി.
ബുള്ളറ്റ് “കുടു കുഡു “ശബ്ദത്തോടെ ഉറക്കം വിട്ടെണീറ്റു. അനന്തു ആക്‌സിലേറ്റർ തിരിച്ചു അവനെ ഒന്ന് ഇരപ്പിച്ചു. ഇരമ്പലിനൊപ്പം അവന്റെ ഉറക്കപ്പിച്ചു വിട്ടുമാറി.
അനന്തു മുത്തശ്ശനെ അത്യധികം ആഹ്ലാദത്തോടെ നോക്കി. ബഷീറും മുത്തശ്ശനും ആശ്ചര്യത്തോടെ അവനെയും ബുള്ളെറ്റിനെയും മാറി മാറി നോക്കി. ബഷീർ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.
“ഇനി ഇവനാണ് എന്റെ പടക്കുതിര ”
(തുടരും )
Nb : അടുത്ത പാർട്ടിൽ ആണ് ട്ടോ നായികയുടെ എൻട്രി….. ഇനി മുതൽ കഥ കൂടുതൽ സങ്കീർണ്ണതയിലേക്ക് കടക്കുകയാണ്. എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി. ഇനി അടുത്ത ആഴ്ച പാക്കലാം… സ്നേഹത്തോടെ ചാണക്യൻ..
Comments:
No comments!
Please sign up or log in to post a comment!