കിനാവ് പോലെ 11

സമയക്കുറവിൽ എഴുതിയതെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഭാഗമായിരിക്കും ഇതും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു…

കിനാവ് പോലെ 11

അവിടെ നിന്നിറങ്ങി നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു അവസ്ഥയായിരുന്നു ….ദുഖമോ സന്തോഷമോ എന്ന് വേർതിരിച്ചറിയാത്ത വിധത്തിൽ എന്റെ മനസ് അടിയുലഞ്ഞുകൊണ്ടിരുന്നു…..റസീന അവസാനമായി പറഞ്ഞ വാക്കുകൾ അതായിരുന്നു അപ്പോളത്തെ എന്റെ പ്രശ്നം….അവളെ അടുത്തറിയാൻ വൈകിയതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി…..വിളിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ഉണ്ടാവാൻ വഴിയില്ലെന്ന് അറിയാമായിരുന്നു ….കേട്ടിടത്തോളം അങ്ങേര് വേറെ ഒരു ലെവലാണ് …., ഇനിയിപ്പോ സംസാരിക്കാൻ വിട്ടില്ലെങ്കിലും വേണ്ടില്ല ,അവളെ നന്നായിട്ട് നോക്കിയാൽ അത് മതിയാരുന്നു.. …അതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കാനോ നടത്താനോ എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നു അറിയാവുന്ന സ്ഥിതിക്ക് വേറെ എന്ത് ചെയ്യാൻ…..!! ശബരി വന്നിട്ട് ഇവളെപ്പറ്റി സംസാരിക്കണം ,അവനെന്തു പറയുമെന്ന് നോക്കാം …കൂടുതൽ നടക്കാൻ തോന്നൽ ഇല്ലാത്തതിനാൽ അവിടെ പടർന്നു പന്തലിച്ച ഒരു മുത്തശി മരത്തിനു കീഴിൽ കുറച്ചു സമയം ഇരുന്നു…..ഇനി ബാക്കിയെന്നു പറയാൻ കുറച്ചു ദിവസങ്ങളും പരീക്ഷകളും കമ്മീഷനും മാത്രം……,നാളെ വീട്ടിൽ പോയാൽ ഇവരെയൊക്കെ മിസ്സ്‌ ചെയ്യുമോ എന്തോ…!!കമ്മീഷന് ഓരോ ബാച്ച് വെച്ചാണ്‌ പരിപാടി ഉണ്ടാവാ എന്നോകെ കേട്ടിട്ടുണ്ട് , അപ്പൊ എല്ലാരേം കാണലൊന്നും നടക്കാൻ വഴിയില്ല….

ഒരുതരത്തിൽ ചിന്തിച്ചാൽ ഒരാളോടും കൂടുതൽ റിലേഷൻ വെക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നും , എന്നെങ്കിലും പിരിയാനുള്ളവർ ആണെങ്കിൽ അതിനു ആദ്യമേ നിക്കരുത്‌ , അങ്ങനെയാണെങ്കിൽ വലിയ പ്രശ്നമൊന്നുമില്ലാതെ യാത്ര ചോദിച്ചു പോരാം….പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് വെച്ചാൽ എത്ര അടുക്കരുതെന്നു ആഗ്രഹിച്ചാലും മനസിന്‌ ഒരേ വേവ് ലെങ്ങ്ത് ഉള്ളവർ അവർ പോലുമറിയാതെ അടുക്കും……

ഈ തരത്തിൽ ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടി ക്ഷീണിതനായ ഞാൻ ഏതാണ്ട് ഒരുമണിക്കൂർ അവിടെത്തന്നെ ചിലവഴിച്ചു…..പിന്നെ എണീറ്റ്‌ കാന്റീനിൽ കേറി ഒരു ചായയും പരിപ്പുവടയും കഴിച്ചു…പിന്നെ ഹോസ്റ്റലിലേക് നടന്നു….ചെന്നു വൃത്തിയായശേഷം വീട്ടിലേക്കും ശബരിയെയും അമ്മുവിനെയും വിളിച്ചു സംസാരിച്ചു ….അത് കഴിഞ്ഞപ്പോളേക്കും അത്യാവശ്യം സാധാരണ മൂഡിലേക്ക് ഞാനെത്തി… കമ്മീഷന് വേണ്ടി കാണിക്കേണ്ടതൊഴിച്ചുള്ള സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു ,ബാഗും റെഡിയാക്കി എടുത്തുവെച്ചപ്പോളേക്കും ഭക്ഷണം കഴിക്കാനുള്ള സമയമായി…കുറേ പേരൊക്കെ പോയിട്ടുണ്ട് ബാക്കിയുള്ളവരോടെല്ലാം യാത്ര പറഞ്ഞു ……അധികം ആരോടും അറ്റാച്ച്മെന്റ് ഒന്നുമില്ല , ആ റൂം കാര്യമായും ഞാൻ ഉപയോഗിച്ചത് പഠനാവശ്യങ്ങൾക്കും പ്രോപ്പർട്ടീസ് ഉണ്ടാക്കാനും ഒക്കെയാണ് .

.അതെല്ലാം തീർന്നിട്ടോ കുറഞ്ഞിട്ടോ ആരോടെങ്കിലും കൂടുതൽ അടുക്കാനുള്ള സ്കോപ് ഉണ്ടായിരുന്നില്ല ..അങ്ങനെ അതെല്ലാം തീർത്തു വന്നു കെടന്നു….

പിറ്റേന്ന് എണീറ്റു നേരത്തെ റെഡിയായി…..കമ്മീഷന് വേണ്ടുന്നതെല്ലാം റൂമിന്റെ ഒരു ഭാഗത്ത്‌ വെച്ചു , അന്ന് വരുമ്പോൾ ഇവിടുന്നു എടുത്ത്‌ പോയാൽ മതിയല്ലോ……..അതിന്റെ കാര്യങ്ങളൊക്കെ റെഡിയാക്കി ബാക്കി പഠിക്കാനുള്ളതെല്ലാം എടുത്തു പായ്ക്ക് ചെയ്തിരുന്നു ,അത് ഒരു വിധത്തിൽ എല്ലാം കെട്ടിവലിച്ചു നേരെ ബസ്റ്റാന്റിൽ പോയി ….നേരിട്ടുള്ള ബസിൽ തന്നെ കേറി സ്ഥലം പിടിച്ചു ….കുറച്ചേറെ ദൂരമുള്ളതുകൊണ്ടു നന്നായിട്ടൊന്നു മയങ്ങി….

നാട്ടിലേക്ക് എത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി…..ഒരു അധ്യാപകൻ എന്ന രീതിയിലേക്ക് ഏതാണ്ട് എത്തിത്തുടങ്ങിയല്ലോ….ഇനി പരീക്ഷ കൂടി കഴിഞ്ഞാൽ അടുത്ത കാര്യങ്ങളെപ്പറ്റി ചിന്തിക്കണം…..പരീക്ഷ നല്ല രീതിയിൽ നേരിടാൻ പറ്റുമെന്ന് വിശ്വാസമുള്ളതുകൊണ്ടു അതിന്റെ മോളിൽ ടെൻഷൻ അവാനില്ല ….വീട്ടിലാണ്‌ എന്നുള്ളതുകൊണ്ട് മടി പിടിക്കുമോ എന്നുള്ളതിലാണ് ശങ്ക….ഹ്മ്മം ,നോക്കാം…

വീട്ടിൽ ചെന്നു കേറി എല്ലാം ഓരോ സ്ഥലത്തേക്ക് മാറ്റി ഒന്ന് വിശ്രമിച്ചു, വീട്ടിലെ ആരും ഉണ്ടായിരുന്നില്ല….പിന്നെ ഭക്ഷണം കഴിഞ്ഞു നന്നായൊന്നു ഉറങ്ങി എണീറ്റപ്പോൾ മഞ്ജിമ എത്തിയിട്ടുണ്ട്……

” ഓഹ് ,എണീറ്റോ……വന്നപ്പോൾ പോത്തുപോലെ ഉറങ്ങാവോണ്ട് വിളിച്ചില്ല….ദേ ചായ വേണെങ്കിൽ വന്നു കുടിച്ചോ ,അല്ലേൽ അത് തണുക്കും….”

കോട്ടുവായ ഇട്ടു വീണ്ടും അവിടെ കുത്തിയിരിക്കുന്ന എന്നോട് അവൾ പറഞ്ഞു…..ഞാൻ മെല്ലെ എണീറ്റ്‌ ചായ കുടിച്ചു പുറത്തേക്കിരുന്നു……

” ടീ ,നിങ്ങൾ ഇന്നു അമ്പലത്തിൽ വരുന്നോ…ഞാൻ എന്തായാലും വൈകീട്ട് പോവുന്നുണ്ട്….”

ഞാൻ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു….

” ആ പോവാം , ഞാൻ അഞ്ജുവിനോടും കൂടെ പറഞ്ഞേക്കാം…”

അവൾ തുള്ളിക്കളിച്ചു ഓടി….അത് പറഞ്ഞപ്പോളാണ് വന്നിട്ട് അവിടെ വരെ പോയില്ലല്ലോ എന്ന് ഓർത്തത്‌ ..ഞാനും അവളുടെ വഴിയെ വച്ചുപിടിച്ചു….

” അധ്യാപഹയൻ വന്നോ….നീ എന്താ അവിടെ പട്ടിണി കെടക്കാൻ പോകുവാണോ മനൂ , എന്നത്തേക്കാളും എല്ലും തോലുമായല്ലോ….”

കണ്ടപാടെ ആന്റി ആശ്ചര്യത്തിൽ നോക്കികൊണ്ട്‌ പറഞ്ഞു …..ബ്രെഡിൽ മുട്ട ഒഴിച്ച് പൊരിച്ചോണ്ടിരിക്കുവാന് പുള്ളിക്കാരി , ..എനിക്ക് അത് കേട്ട് ചൊറിഞ്ഞു വന്നതാണ്‌ ,പക്ഷെ കയ്യിലെ തവി കണ്ടു പിൻവാങ്ങി……ദേഷ്യം വന്നാൽ അതെടുത്തു വീക്കും , ശബരിക്ക് എവിടെനിന്നാണ് ആ സ്വഭാവം കിട്ടിയതെന്ന് ഇനി പറയണ്ടല്ലോ…

” ഇനീപ്പോ ഇവിടെ തന്നെ ഉണ്ടല്ലോ , എന്നെ ആന്റി തടിപ്പിച്ചോണം…”

ഞാൻ പുച്ഛത്തോടെ പറഞ്ഞു …

” പണ്ടത്തെ പോലെ ഇനീം പഴങ്കഞ്ഞീം മുട്ടേം തുടങ്ങിക്കോ……അതാകുമ്പോ കേടില്ലല്ലോ…!! ”

ആന്റി എന്നോട് പറഞ്ഞു …അപ്പോളാണ് പെണ്ണുങ്ങൾ രണ്ടും വന്നത്……അത് കണ്ടപ്പോൾ തന്നെ ഞാൻ ഓടിച്ചെന്നു ആ റെഡി ആയ ബ്രെഡ്‌ എടുത്തു ……

” ഏട്ടാ ….
പൊട്ടാ …..അമ്പലത്തിൽ പോണ്ടേ ….?? വന്നിട്ട് കഴിച്ചാൽ മതി….!! അതുവരെ ആരും എടുക്കുന്നില്ല , ആക്രാന്തം കണ്ടില്ലേ ….!! ”

മഞ്ജിമ എന്നോട് ശബ്ദത്തിൽ താക്കീത് ചെയ്തു…..അപ്പോളാണ് ഞാൻ അക്കാര്യം ഓർത്തത്‌ …ബ്രെഡ്‌ തിരിച്ചു സങ്കടത്തോടെ പ്ലേറ്റിൽ വെച്ചു ഞാൻ പിന്തിരിഞ്ഞു …

” ആഹാ…..അമ്പലത്തിൽ പോണുണ്ടോ …? എന്താ പെട്ടെന്ന്…?? ”

ആന്റി ബ്രെഡ്‌ പൊരിക്കൽ നിർത്തി ഞങ്ങളെ നോക്കി..

” ഞങ്ങൾ മൂന്നും കൂടി ഒന്ന് തൊഴുതു വരാം ആന്റി…..കൊറേ ആയില്ലേ ഒന്നിച്ചു പോയിട്ട്….”

ഞാൻ അതും പറഞ്ഞു എണീറ്റു….

” അപ്പൊ പിന്നെ ഞാനാർക്കാ ഇത് ഉണ്ടാക്കുന്നേ…?? നിങ്ങൾ പോയി വന്നിട്ട് ഉണ്ടാക്കാം ബാക്കി….”

ആന്റി ആ പരിപാടി തന്നെ ഉപേക്ഷിച്ചു…ഞാൻ മേല് കഴുകാനായി അവിടെ നിന്നും പോന്നു….

കുളിച്ചു റെഡിയായി ഞാൻ ഉമ്മറത്തിരുന്നു ….പെണ്ണുങ്ങൾ രണ്ടും കൂടി കുളിയും പുറപ്പെടലും ഒക്കെ എന്തായോ എന്തോ …ഒരാളെയും ഇതുവരെ കണ്ടില്ല…..അമ്മ വന്നു അല്ലറ ചില്ലറ കാര്യങ്ങളൊക്കെ ചോദിച്ചു, ഞാൻ അതിനുള്ള മറുപടിയും കൊടുത്തു….അര മണിക്കൂറോളം കഴിഞ്ഞപ്പോൾ മഞ്ജിമ വന്നു പോവാമെന്നു പറഞ്ഞു വിളിച്ചു ,ഞങ്ങൾ ഇറങ്ങി അഞ്ജുവിനെ നോക്കിയപ്പോൾ ആ തെണ്ടി ഇതുവരെ മുറിവിട്ട് വന്നിട്ടില്ല ,അവിടെ വീണ്ടും 15 മിനിറ്റ് കാത്തിരുന്നു ബോർ അടിച്ചു….ഒടുവിൽ അവൾ വന്നപ്പോൾ നന്നായിട്ട് കലിപ്പ് തീർത്തു….

അമ്പലത്തിന്റെ അവിടേക്ക് എത്തുന്നതിനു മുൻപ് തന്നെ ഞാൻ കണ്ടു ഒരു മഞ്ഞ പട്ടുപാവാടയിട്ടു മുടി ഉള്ളത് മുഴുവൻ ചുമ്മാ ഒരു സൈഡിലൂടെ മുന്നിലേക്കിട്ട് ചുണ്ടിൽ എന്നെ എപ്പോളും മയക്കാറുള്ള പതിവ് പുഞ്ചിരിയുമായി ഉള്ളിലെ പടിക്കെട്ടിനരികിൽ കാത്തുനിൽക്കുന്ന അമ്മുട്ടിയെ….അവളെ കണ്ട മാത്രയിൽ എനിക്ക് ഒരായിരം ചിത്രശലഭം ചുറ്റിനും പറക്കുന്ന ഒരു അനുഭൂതി തോന്നിപ്പോയി….ഞാൻ അറിയാതെ അവളെത്തന്നെ കണ്ണിമയ്ക്കാതെ നോക്കി ചിരിച്ചുകൊണ്ടാണ് മുന്നോട്ടു നടന്നത്…..

” എടീ അഞ്ജൂ , നീ എലി പുന്നെല്ല് കണ്ട ചിരി കണ്ടിട്ടുണ്ടോ…? ”

ഒപ്പം നടക്കുന്ന മഞ്ജിമ അഞ്ജുവിനെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു …പൊട്ടിചിരിച്ചുകൊണ്ടു അഞ്ചു അവൾക്കു ഹൈ ഫൈ കൊടുത്തു …എനിക്ക് ദേഷ്യമാണ് വന്നത്……

” ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ….എനിക്കിട്ടു പണിയാനാണ് ഭാവമെങ്കിൽ രണ്ടിന്റേം തല ഞാൻ തല്ലിപ്പൊളിക്കും….അതിലൊരു സംശയോം വേണ്ട..”

ഞാൻ രണ്ടിനേം നല്ല ദേഷ്യത്തിൽ തന്നെ ഭീഷണിപ്പെടുത്തി….

” അമ്പമ്പോ….
.!! ഇത് കൊള്ളാലോ , എടീ മാഷായപ്പോ നമ്മടെ ഏട്ടൻ വല്ല്യേ ചൂടനായിപ്പോയല്ലോ…”

അഞ്ചു കൃത്രിമ അമ്പരപ്പിൽ എന്നെ കാണിച്ചുകൊണ്ട് മഞ്ജിമയോട് പറഞ്ഞു….എന്റെ ക്ഷമ വിട്ടെങ്കിലും അമ്മുവിൻറെ അടുത്തെത്തിയതിനാൽ ഞാനൊന്നും പറഞ്ഞില്ല….ആദ്യം ചിരിച്ചാണ് നിന്നിരുന്നതെങ്കിലും എന്റെ മുഖത്തെ ഗൌരവം കണ്ടു അമ്മു കണ്ണുകൊണ്ട് എന്താ എന്ന ഭാവത്തിൽ ചോദിച്ചു…ഞാൻ ഒന്നുമില്ലെന്നും മറുപടി കൊടുത്തു ….

കാത്തുനിന്ന അവളെ കടന്നു ഞാൻ ഷർട്ടൂരി അമ്പലത്തിനുള്ളിൽ കേറുമ്പോൾ അമ്മു അമ്പരപ്പിലും കുറച്ചു സങ്കടത്തോടെയും എന്നെ നോക്കി…..ഉള്ളിലേക്കു കേറുന്ന സമയത്ത് തിരിഞ്ഞുനോക്കിയപ്പോൾ അവർ മൂന്നും കൂടെ എന്തോ കുശുകുശുക്കുന്നുണ്ട്…..

ഞാൻ പ്രദക്ഷിണം വെച്ചു നന്നായി പ്രാർത്ഥിച്ചു…..അതിനു ശേഷം ശ്രീകോവിലിനു അഭിമുഖമായി മണ്ഡപത്തിൽ ഇരുന്നു ……ആഗ്രഹങ്ങളെല്ലാം നടത്തിത്തന്നതിനു നന്ദി പറഞ്ഞുകൊണ്ട് കുറച്ചു സമയം പ്രാർത്ഥിച്ചു…..പെണ്ണുങ്ങൾ മൂന്നും കൂടി പ്രദക്ഷിണം ചെയ്യുന്നുണ്ട് , അമ്മു ഇടക്ക് എന്നെ തിരിഞ്ഞു നോക്കി ..ആദ്യമാദ്യം ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല….പിന്നെ ഞാൻ ആ മുടന്തിൽ തെന്നിക്കളിക്കുന്ന മുടി നോക്കി ഇരുന്നു…..അറ്റത്തൊരു കെട്ടുമായി അങ്ങും ഇങ്ങും ചാടിക്കളിക്കുന്ന പനംകുല മുടി….കല്യാണം കഴിഞ്ഞിട്ട് വേണം ആ മുടി നിവര്ത്തിയിട്ടു അതിൽ ചുമ്മാ ആ മണം ആസ്വദിച്ചു കിടന്നുറങ്ങാൻ……ഹൂ ,ആലോചിക്കുമ്പോൾ തന്നെ കുളിര് കോരി..!! അതിനിടയ്ക്കാണ് അവൾ എന്നെ നോക്കിയത് ,ഞാൻ നോക്കുന്നത് മുടിയാണെങ്കിലും അവൾ തെറ്റിദ്ധരിച്ചെന്നു എനിക്കെന്തോ മുഖം കണ്ടപ്പോ തോന്നി…, കുറുമ്പ് നോട്ടത്തിലേക്ക് പെട്ടെന്ന് അവൾ മാറി , കൂട്ടത്തിൽ അറിയാത്ത രീതിയിൽ പുറംകൈ കൊണ്ട് പാവാടയുടെ പുറകുവശം ഒന്ന് ഓടിച്ചു നോക്കി…..എനിക്ക് ചിരി വന്നു …ശ്രീകോവിലിലേക്ക് നോട്ടം മാറ്റി ഞാൻ ഡിസന്റ് ആയി….

പിന്നെ ദീപാരാധനയായിരുന്നു ….ഒട്ടേറെ ദിവസമായതിനാൽ അതിനും കൂടെ തൊഴുത്തിട്ട് പോകാമെന്ന് തിരുമാനിച്ചു, പിന്നെ അമ്മുട്ടിയും കൂടെ ഉണ്ടല്ലോ….അതെല്ലാം കഴിഞ്ഞു ഞങ്ങൾ മാത്രം നൈസായിട്ട് ഒന്ന് മാറിയിരുന്നു ,….

” ഞാൻ നോക്കിയത് നിന്റെ മുടിയാണ് അമ്മൂ , നീ തെറ്റിദ്ധരിച്ചല്ലേ…? ”

ഞാൻ ആ വിഷയമിട്ടുതന്നെ തുടങ്ങി….

” ഞാൻ ഒന്നും വിചാരിച്ചില്ല ന്റെ പൊന്നേട്ടോ….”

അവൾ കൈകൂപ്പി കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് മനസിലായി ആ വിഷയം വന്നതുകൊണ്ടാണെന്നു….

” അതല്ല…..നീ കരുതിയില്ലേ ഞാൻ നിന്റെ ചന്തിയാണ് നോക്കിയതെന്ന് …?? ”

ഞാൻ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി തന്നെ ആ വാക്ക് എടുത്തിട്ടു….
അതേറ്റു…

” അയ്യേ ഈ ഏട്ടൻ……..!!! ഞാൻ പോകുംട്ടോ….ഇങ്ങനാണേൽ ഞാൻ ഇല്ല….”

അവൾ ചെവിയും കണ്ണും അടച്ചുകൊണ്ടു അസഹനീയമായതെന്തോ കേട്ട പോലെ മറുപടി പറഞ്ഞു…..

” എന്റെ പെണ്ണെ , നീ ഇനീം വളർന്നില്ലേ…..ഇതൊക്കെ ഇത്ര കേക്കാൻ പാടില്ലാത്തതാണോ …..? ”

ഞാൻ അവളുടെ മുഖത്തിനരികിൽ ചെന്നു ചോദിച്ചു .. …അവൾ മെല്ലെ കണ്ണ് തുറന്നു എന്നെ നോക്കി….ഒരു നിശ്വാസമല്ലാതെ മറുപടിയൊന്നും വന്നില്ല….

” ടീ….ഞാൻ ഒരു കാര്യം പറയട്ടെ , നമ്മൾ തമ്മിൽ ഇങ്ങനെ ഒരു ഫോർമാലിറ്റി എന്തിനാ…എനിക്ക് നിന്നോട് എന്ത് വേണേലും പറയാം ,നിനക്കെന്നോടും…അതിനിടയിലേക്ക് വേറെ ഒരാളും വേണ്ട……ഇത് സംസാരിക്കാൻ പാടില്ല അത് പാടില്ല എന്നൊക്കെ ആവുമ്പോൾ അതൊരു സാധാരണ ഫ്രണ്ട്ഷിപ് മാത്രമാകും…നമ്മൾ നാളെ ഒന്നിച്ചു ജീവിക്കേണ്ടവരല്ലേ…? ”

ഞാൻ അവളെ മെല്ലെ മെല്ലെ ട്രാക്കിൽ കേറ്റി നോക്കി….

” ഉം…..ശെരി ….”

അവൾ അർദ്ധ സമ്മതം മൂളി….എനിക്ക് കുറച്ചു സന്തോഷം തോന്നാതിരുന്നില്ല….പക്ഷെ പുറത്തുകാണിച്ചില്ല…

” എനിക്ക് ഒരുപാട് സംശയങ്ങളുണ്ട് , അതൊക്കെ നീ തീർത്തു തരില്ലേ….?? ”

ഞാൻ ഒരു കുസൃതി ചിരിയോടെ സ്വകാര്യം ചോദിച്ചു…..അവൾ മനസിലാകാത്ത ഭാവത്തിൽ എന്റെ കണ്ണിൽ നോക്കി..

” സംശയോ…..? ഏട്ടന് എന്നോടോ ….എന്താ….? ”

അവൾ വളരെ സീരിയസായി തന്നെ എന്നോട് ചോദിച്ചു…..

” അതൊക്കെ ഉണ്ട് , എല്ലാം പറഞ്ഞുതരുവോ..?? ”

ഞാൻ വീണ്ടും അതേ ചിരി ചിരിച്ചപ്പോളാണ് അവൾക്കു കാര്യം മനസിലായത്…..തലക്ക് കൈ കൊടുത്തുകൊണ്ട് അവളെന്നെ നോക്കി….

” മധുരിച്ചിട്ട് തുപ്പാനും ,കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയായല്ലോ എന്റെ ദൈവമേ…..!!! ”

അവൾ നെഞ്ചിൽ കൈവെച്ചു ആകാശത്തേക്ക് നോക്കി ചോദിച്ചു…ഞാൻ പൊട്ടിച്ചിരിച്ചു …പെട്ടെന്ന് അത് കേട്ടു പെങ്ങന്മാരും വീണ്ടും രണ്ടുപേരും തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മെല്ലെ എന്ന് കണ്ണ് കാണിച്ചു….

” നീയല്ലേ എന്നെ അടുത്ത എല്ലാ ജന്മത്തിനും ബുക്ക്‌ ചെയ്ത പാർട്ടി…..വിറ്റ സാധനം ഇനി തിരിച്ചെടുക്കില്ല…..”

ഞാൻ അവളുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു…..എന്റെ നിശ്വാസത്തിൽ ഇക്കിളിയായി അവൾ ചെവി മാറ്റി…

” കണ്ടോ , ഇതിപ്പോ ചെവീല് ഇക്കിളിയിട്ടപ്പോ ആയതാ …”

കയ്യിലെ രോമാഞ്ചം കൊണ്ട് പൊന്തിയ രോമനിരകൾ കാണിച്ചുതന്നുകൊണ്ട് അവൾ കപട ദേഷ്യത്തിൽ എന്നെ നുള്ളി …….,ഞാൻ അഭിമാനത്തോടെ ചിരിച്ചു …..ചുമ്മാ ആകാശം നോക്കി ആസ്വദിക്കവേ സന്ധ്യ മയങ്ങാൻ തുടങ്ങിയത് ശ്രദ്ധിച്ചപ്പോളാണ് എനിക്ക് പിന്നെ പെട്ടെന്ന് ബോധോദയം വന്നത്….ഇവൾക്ക് പോണ്ടേ …??!! ”

” അല്ലെടീ , നീ എങ്ങനെ പോവും …? ”

ഞാൻ സംശയത്തോടെ ചോദിച്ചു ….വണ്ടിയൊന്നും ഇല്ലാതെ നടന്നു വന്നതുകൊണ്ടാണ് ഞാൻ ഇങ്ങനെ നിസ്സഹായനായി ചോദിക്കേണ്ടിവന്നത് …

” ഹാവൂ …..ഇപ്പോളെങ്കിലും ചോദിച്ചല്ലോ…..!! ”

അവൾ ആശ്വാസത്തോടെ വീണ്ടും ആകാശത്തേക് കൈക്കൂപ്പി….

” പറയെടീ പോത്തേ….എങ്ങന്യാ പോവാ..?? ”

ഞാൻ ചോദ്യം ആവർത്തിച്ചു….

” അതോ …ഈ ഏട്ടൻ കൊണ്ടോയി ആക്കും…..”

അവൾ എന്റെ നേരെ ചൂണ്ടിക്കാണിച്ചുകൊണ്ട് എടുത്ത വഴിക്ക് ഉത്തരം തന്നു…..

” ഞാനോ…??……എങ്ങനെ ..? ”

എന്റെ കിളി പോയി ….വേറൊന്നും കൊണ്ടല്ല ഇനി പെങ്ങന്മാരെ വീട്ടിലാക്കി പോയി വണ്ടിയെടുത്തു വന്നു എപ്പോ കൊണ്ടാക്കാൻ ….അതുവരെ അവൾ ഒറ്റയ്ക്ക് നിക്കണ്ടേ ….!!

” എങ്ങനേലും കൊണ്ടാക്കിത്തരൂ …ഞാൻ ഏട്ടനെ കാണാൻ വേണ്ടി വന്നതല്ലേ …..ഇതുവരെ ഓരോന്ന് പറഞ്ഞു എന്നെ പിടിച്ചിരുത്തിയിട്ടല്ലേ ….!! ”

അവൾ നിസാരമായി പറഞ്ഞുകൊണ്ടിരുന്നു….ശ്ശേ , സമയം പോയത്‌ തീരെ ആലോചിച്ചില്ല…..ഞാൻ തലപുകച്ചു..

” അതേയ് , കഴിഞ്ഞോ സല്ലാപം….?? ”

പെങ്ങന്മാർ വന്നു ഞങ്ങൾക്കിടയിൽ ഇരുന്നു ചോദിച്ചു….ഞാൻ ആലോചിക്കുന്നത് കണ്ടു അവരും അമ്പരന്നു …

” ങേ….ഇതെന്താ അണ്ടി പോയ അണ്ണാന്റെ പോലെ ….എന്തെ ഉമ്മ ചോദിച്ചിട്ട് തന്നില്ലേ …? ”

മഞ്ജിമ എന്നെ വാരി…..ഞാൻ അവളുടെ മണ്ടക്കും ,അമ്മു തുടയിലും നുള്ളു കൊടുത്തപ്പോൾ അവൾ തുള്ളി….. അഞ്ചു എന്നെ തോണ്ടി ..

” എന്താണ് പ്രശ്നം…..? ”

അവൾ ചോദിച്ചു …ഞാൻ അമ്മുവിനെ നിസ്സഹായതയോടെ നോക്കി , അവൾ പുഞ്ചിരിയോടെ എന്നെയും …….

” പ്രശ്നം ഒന്നൂല്ല്യ , ഏട്ടൻ വന്നതറിഞ്ഞു ഏട്ടനെ കാണാനല്ലേ ഞാൻ ഓടി വന്നേ , ഇത്രേം നേരം ഇരുന്നതും അതിനുവേണ്ടി , ഇപ്പൊ ദേ എന്നെ കൊണ്ടാക്കണം എന്ന് പറഞ്ഞപ്പോൾ തൊട്ടു ഇങ്ങനെ നോക്കുവാ…..”

അവളെന്റെ നോട്ടം കാണിച്ചുകൊടുത്തുകൊണ്ടു അവരോടു പറഞ്ഞു….

” അയ്യടാ ,നിന്നെ കൊണ്ടാക്കാനോ , അപ്പൊ ഞങ്ങളോ….വെറുതെ ഇരുന്ന ഞങ്ങളെ ഇങ്ങേരു വിളിച്ചുകൊണ്ടു വന്നതാ …”

മഞ്ജിമ അവളോട്‌ പറഞ്ഞു കെറുവിച്ചു…..ഞാൻ ചെകുത്താനും കടലിനും ഇടയിലായി…ഏത് നേരത്താണോ എന്തോ…!!

” മിണ്ടാണ്ടിരിക്കെടീ രണ്ടും….കോപ്പ്..!! ”

എനിക്ക് ദേഷ്യം വന്നു….അമ്മു ചിരിയോടെ എന്നെ നോക്കി….

” എന്റെ ഏട്ടാ , അച്ഛൻ ദേ അവിടെ എവിടെങ്കിലും ഉണ്ടാവും ….ഇങ്ങോട്ട് വരാതെ മറഞ്ഞു നിന്നു സിഗററ്റും വലിച്ച്‌ നിക്കാവും പാവം…”

അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു…ഹാവൂ ,എനിക്ക് സമാധാനമായി….

“ആഹ്….അപ്പൊ ഓക്കേ, വേറൊന്നും കൊണ്ടല്ല , നിന്നെ അങ്ങോട്ടാക്കാനുള്ള ഒരു മുൻധാരണയും എനിക്കില്ലായിരുന്നു….സംഗതി ഇവിടെ പേടിക്കാൻ ഒന്നുമില്ലെങ്കിലും പെട്ടെന്ന് ആലോചിച്ചപ്പോ എനിക്കൊരു ബുദ്ധിയും വന്നില്ല….”

ഞാൻ ചില സമയങ്ങളിൽ എന്റെ ബേസിക് ആയ സ്വഭാവത്തിലേക്ക് ഒതുങ്ങുന്ന സന്ദർഭം ആണിതെല്ലാം……പെട്ടെന്നൊരു തീരുമാനമെടുത്തു അത് ചെയ്യേണ്ടി വന്നപ്പോൾ ഞാൻ നിസഹയനായി നിന്നു…ശബരി ഉണ്ടായിരുന്നെങ്കിൽ ഇത്രത്തോളം ഞാൻ ഇതിനായി തലപുകക്കേണ്ടി വരില്ല….നമ്മൾ നമ്മുടെ സ്വഭാവത്തിന്റെ മുകളിൽ ഒരു മുഖം മൂടിയിട്ട് മാറിയാലും ഒരു സമയത്ത് ആ മുഖം മൂടി അഴിഞ്ഞു വീണു നമ്മൾ നമ്മളായിട്ടു തന്നെ മാറും ……

ഏതായാലും ഈ പ്രശ്നം സോൾവ്‌ ആയതുകൊണ്ട് അത് വിട്ടേക്കാം….

” അല്ലെടീ , ഞാനൊരു സംശയം ചോയ്ക്കട്ടെ ..? ”

ഞാൻ അവളോട്‌ ചോദിച്ചു ..

” നല്ലത് വല്ലോമാണെങ്കിൽ മാത്രം ചോദിച്ചോളൂ…..ഞാൻ പറയാം…….”

അവൾ അവർ അടുത്തുള്ളത് ചിന്തിക്കാതെ മറുപടി തന്നു…..അത് കേട്ടു പെങ്ങന്മാർ ചിരിച്ചപ്പോളാണ് അവൾക്കു അബദ്ധം മനസിലായത്….

ഞാൻ ദേഷ്യം കാണിച്ചപ്പോൾ അവൾ സോറി പറഞ്ഞു…ഞാൻ ഒതുങ്ങി…വീണ്ടും ചോദിക്കാൻ നിർബന്ധിച്ചപ്പോൾ ഞാൻ അവൾക്കു നേരെ തിരിഞ്ഞു …

” ഒളിഞ്ഞു നിന്നു വലിക്കുന്നത് നിനക്ക് ഇഷ്ടക്കേട് ഇല്ലെങ്കിൽ നീ പുള്ളിയെ നിന്റെ മുന്നിൽന്നു വലിക്കാൻ സമ്മതിക്കാത്തതെന്താ…? ”

ഞാൻ അവളോട്‌ ചോദിച്ചു , അവൾ ചിരിച്ചു…

” ഇഷ്ടക്കേടില്ല എന്നാരാ പറഞ്ഞേ…? അച്ഛൻ സിഗെരെറ് വലിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടല്ല …അച്ഛനെന്നല്ല ആരു വലിക്കുന്നതും ……പിന്നെ അച്ഛന് ദിവസം ഒന്നോ രണ്ടൊ മാത്രേ വലിക്കൂ എന്നുള്ളതുകൊണ്ട് ഞാൻ അതത്ര

കാര്യമാക്കാറില്ല…, പക്ഷെ ഇതുവരെ ഞങ്ങടെ മുന്നിൽന്നു വലിച്ചിട്ടില്ല….., അലോയ്ക്കുമ്പോ ഒന്നും പറയാൻ തോന്നില്ല , ഇനി മെല്ലെ നിർത്തിക്കണം …”

അവൾ കാര്യം പറഞ്ഞു….എനിക്ക്പിന്നെ പണ്ടേ ഈ കള്ളുകുടിയോടും സിഗെരെറ്റ്‌ വലിയോടും താൽപ്പര്യമില്ല….അതിൽ നിന്നും കിട്ടുന്നതെന്ത് ലഹരിയാണോ അതിനെക്കാളും വലുത് സ്നേഹബന്ധങ്ങളാണ് എന്നാണ് എന്റെ തോന്നൽ …..ഓരോരുത്തർക്കും ഓരോ ലഹരിയോടാണലോ പ്രിയം….

ഞങ്ങൾ നാലാളും കൂടി എഴുന്നേറ്റു അമ്പലത്തിന്റെ പുറത്തേക്കിറങ്ങി, ആൽത്തറയിൽ അച്ഛൻ അമ്മുവിനെ കാത്തിരിപ്പുണ്ടായിരുന്നു, കൂടെ ശിവേട്ടനും…..ഞങ്ങളെ കണ്ടപ്പോ അവർ രണ്ടുപേരും ഇങ്ങോട്ട് വന്നു….ശിവേട്ടൻ ചിരിയോടെ തോളിൽ കൈവെച്ചു…

” അങ്ങനെ കോഴ്സ് കഴിഞ്ഞല്ലേ മനൂ…..എന്നാ എക്സാം ..? ”

ശിവേട്ടനാണ് ചോദിച്ചത്….അച്ഛൻ പെങ്ങന്മാരോട് കുശലാന്വേഷണത്തിലായിരുന്നു….അത് നോക്കി ശിവേട്ടൻ എന്നെ മാറ്റി നിർത്തി…

” രണ്ടു മൂന്ന് മാസം കൊണ്ട് ഉണ്ടാവും ശിവേട്ട……അതിനു മുൻപ് കമ്മീഷൻ ഉണ്ട്…”

ഞാനും മറുപടി കൊടുത്തു….

” ആ….അത് കഴിയട്ടെ , പിന്നെ നമുക്ക് ഇവിടിപ്പോ b ed കഴിഞ്ഞ മൂന്ന് നാലു പേരായി , എല്ലാരേം കൂട്ടി ഒരു ട്യൂഷൻ സെന്റര് തുടങ്ങിയാലോ എന്നൊരു പ്ലാൻ ഉണ്ട്….”

പുള്ളി എന്റെ മുഖത്തുനോക്കി….ഞാൻ ആലോചിച്ചു നോക്കിയപ്പോ സംഗതി കൊഴപ്പോന്നും ഇല്ല….

” മറ്റുള്ളവർ ഏത് വിഷയം കഴിഞ്ഞവരാ…? അത് നോക്കീട്ടു വേണം..”

ഞാനും ആലോചനയോടെ മറുപടി പറഞ്ഞു…ശിവേട്ടൻ തലകുലുക്കി…

” അത് ഞാൻ നോക്കിക്കോളാം….ഇനിപ്പോ എല്ലാരുമില്ലെങ്കിലും ഉള്ളത് വെച്ചു തുടങ്ങാമെടാ , ഇതുവരെ വേണ്ടവരൊക്കെ ടൌണിൽ പോവാറല്ലെ…എന്തായാലും നോക്കാം ,നീ ഉണ്ടാവില്ലേ കൂടെ…നിന്നോട് ചോദിച്ചിട്ടേ ഇതിന് ഇറങ്ങണോ എന്ന് ആലോചിക്കുള്ളു എന്ന് വെച്ചാണ്‌….. ”

ശിവേട്ടൻ മറുപടിയായി ഇങ്ങനെ ചോദിച്ചു ….ഞാൻ പിന്നെന്താ എന്ന അർത്ഥത്തിൽ തലയാട്ടി….

” ശെരി , ബാക്കിയുള്ളവരോട് ഒന്ന് മുട്ടിനോക്കാം , ആദ്യം ചെറിയ രീതിയിൽ തുടങ്ങി പിന്നെ കുട്ടികളൊക്കെ ഉണ്ടെങ്കിൽ വലുതാക്കാം ലേ…??

പുള്ളി സന്തോഷത്തോടെ ചോദിച്ചു…..

” ഓഹ് …..അങ്ങനൊരു കാര്യം കൂടി ഉണ്ടല്ലേ….ഞാൻ അത് മറന്നു….അത് ഏതായാലും ഒന്നൂടി ചിന്തിക്കട്ടെ….ന്നിട്ട് നമുക്ക് ഒന്ന് സംസാരിക്കാം ..”

” അത് നിക്കട്ടെ , നീ പേപ്പർ ഇട്ടു പേപ്പർ ഇട്ടു അമ്മൂനെ കറക്കിയല്ലേടാ വിരുതാ….”

ശിവേട്ടൻ സ്വകാര്യമായി ചോദിച്ചു….മറുപടി പറയാതെ ഞാനൊരു വളിഞ്ഞ ചിരി ചിരിച്ചു….

” നല്ല കുട്ടിയാടാ…..നന്നായിട്ട് പെരുമാറാനും അറിയും , പിന്നെ നിനക്കിപ്പോ ജോലി സാധ്യതയുള്ള കോഴ്സ് കയ്യിലുണ്ടല്ലോ….മൂപ്പർ എന്റെ വല്ല്യേ ചെങ്ങാതിയാണ് , ആദ്യമേ എന്നോട് പറഞ്ഞിരുന്നു നിങ്ങടെ കാര്യമൊക്കെ….ഞാനാണ്‌ നിന്റെ കാര്യൊക്കെ മൂപ്പരോടു പറഞ്ഞത്…..പണ്ട് നല്ലോണം കഷ്ടപ്പെട്ട് ജീവിച്ച ആളല്ലേ , നിന്റെ ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറി നീ നല്ല രീതിയിൽ എത്തുമെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞത് മൂപ്പരാണ്…”

ശിവേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു….അപ്പോളേക്കും മറ്റുള്ളവർ ഞങ്ങൾക്കരികിൽ വന്നു….ശിവേട്ടൻ യാത്ര പറഞ്ഞു പോയി …

” പഠിത്തം മറക്കണ്ട ,മറക്കില്ലെന്ന് അറിയാം എന്നാലും വീട്ടിൽ ഇരിക്കുമ്പോ മടി പിടിക്കരുത്….”

അച്ഛൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി ….

” പിന്നെ എന്തൊക്കെയുണ്ട് വേറെ ..? ”

അങ്ങേര് വന്നെന്റെ തോളിൽ കൂട്ടുകാർ ഇടുന്നപോലെ കയ്യിട്ടു…എനിക്ക് ആ ചെയ്തിയിൽ കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്തു ….പുറകിൽ പെണുങ്ങൾ മൂന്നും വല്ല്യേ സംസാരത്തിൽ ആണ് ….

” തോളോടൊപ്പം മക്കൾ വളർന്നാൽ തോഴൻ എന്നാണ് പറയാ , അപ്പൊ തോളിൽ കൈയ്യിടാം….”

ഉറക്കെ ചിരിച്ചുകൊണ്ട് പുള്ളി എന്നെ ചേർത്തുപിടിച്ചു…..എനിക്കും എന്തോ അത് വല്ലാതെ ഇഷ്ടപ്പെട്ടു….പിന്നെ അങ്ങേര് മാറി നിന്നു ..

” ഇനി എങ്ങനെയാ കാര്യങ്ങൾ മനൂ….? ശിവൻ എന്തൊക്കെയോ പരിപാടികൾ ഉണ്ടെന്നൊക്ക പറഞ്ഞേർന്നല്ലോ ..”

അച്ഛൻ ചോദിച്ചപ്പോൾ ഞാൻ അറിയാമെന്നു തലയാട്ടി …

” അതുണ്ട് , പക്ഷെ അതിലിത്തിരി കൺഫ്യൂഷൻ ഉള്ളോണ്ട് ഇനി ഒന്നൂടി അലോയിച്ചിട്ടേ തീരുമാനിക്കാൻ പറ്റൂ….”

ഞാൻ ഞങ്ങളുടെ തിരുമാനം അച്ഛനെ അറിയിച്ചു….

” മതി…..ശിവന് എല്ലാ കാര്യങ്ങളും അത്യാവശ്യം അറിയാം….ഒപ്പം നിക്കാൻ ഒരാളെയാണ് അവനിപ്പോ ആവശ്യം….നിനക്കതിനു പറ്റിയാൽ നന്നായിരിക്കും..”

അച്ഛൻ എന്നോട് പറഞ്ഞപ്പോ ഞാനും അതിനെപ്പറ്റി ചിന്തിച്ചു….എനിക്കും അറിയാവുന്ന കാര്യം തന്നെയാണ്…ശിവേട്ടന് ഒരുപാട് പ്ലാനുകൾ ഉള്ള ആളാണ് , ഒരു വിധം എല്ലാത്തിനെപ്പറ്റിയും എല്ലാവശവും ചിന്തിച്ചു കാര്യങ്ങൾ നടത്താൻ പുള്ളിക്ക് കഴിയും…ഈ ട്യൂഷൻ സെന്റർ അതിലൊന്ന് മാത്രം…

പിന്നെ അധികം സമയം അവിടെ നിക്കാതെ ഞങ്ങൾ പിരിഞ്ഞു…..അമ്മുവിനെ ആരും ശ്രദ്ധിക്കാത്ത സമയത്ത് ഒരു ഫ്ലയിംഗ് കിസ്സ്‌ കൊടുത്താണ് ഞാൻ വിട്ടത് ……എങ്കിലും തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഞാൻ നിശ്ശബ്ദനായിരുന്നു ..

” എട്ടോ…..എന്താണ് പ്രശ്നം…..അമ്മായിയച്ഛനും മരുമോനും കൊറേ രഹസ്യം പറഞ്ഞേർന്നല്ലോ..”

അഞ്ചു എന്നെ കൈകൊണ്ടു തോണ്ടി ചോദിച്ചു …

” പ്രശ്നമൊന്നുമല്ല , ശിവേട്ടന് ഒരു ട്യൂഷൻ സെന്റർ തുടങ്ങാൻ പ്ലാൻ ഉണ്ട് , എനിക്കാണെങ്കിൽ എക്‌സാമും ,കമ്മീഷനും ഒക്കെ ഉള്ളതോണ്ട്‌ ഇപ്പോ അതിനു മുഴുവനായിട്ട് നിക്കാൻ പറ്റില്ല…..”

ഞാൻ ആലോചനയോടെ പറഞ്ഞു….എനിക്ക് തുടങ്ങാനും ,വേണ്ട എന്നും ഒരുമിച്ചു തോന്നി….

” എനിക്കും തോന്നുന്നത് ഇപ്പൊ അതിനു നിക്കണ്ട എന്നുതന്നാ….വേറൊന്ന് തലേൽ കേറിയാൽ പഠിക്കാൻ തോന്നിയില്ലെങ്കിലോ…!! ”

ആ അഭിപ്രായം മഞ്ജിമയുടേതായിരുന്നു…ഞാനൊരു മറുപടി കൊടുത്തില്ല , ഇനി എടുക്കേണ്ട എല്ലാ തീരുമാനങ്ങളും ഇതുപോലെ വേണോ വേണ്ടേ എന്നുള്ള രീതിയിൽ ആയിരിക്കുമെന്നൊരു തോന്നൽ ഉള്ളിലുണ്ടായി…. അതിനു ഒരേ ഒരു പോംവഴി ശബരിയാണ് …അവൻ വന്നാൽ പകുതി പ്രശ്നം കുറയും…..

” അമ്മൂന്റെ അച്ഛൻ എന്താ പറയുന്നേ…?? ”

അഞ്ചു വീണ്ടും ചോദിച്ചു…..

” അങ്ങേര് ശിവേട്ടന് കൊറേ പ്ലാനൊക്കെ ഉണ്ടെന്ന് പറഞ്ഞതാ , കൂടെ നിന്നു കൊടുക്കുവാണെങ്കിൽ അത് നന്നാവും എന്നൊക്കെ…”

ഞാൻ കാര്യം ചുരുക്കി പറഞ്ഞു ….വിശദീകരിച്ചൊന്നും പറയാൻ തോന്നിയില്ല….

” എനിക്കും തോന്നി എന്തോ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്….”

മഞ്ജിമ ആലോചിച്ചുകൊണ്ടു പറഞ്ഞു….ഞാൻ അവളുടെ തലയിൽ മെല്ലെ അടിച്ചു …

” അതൊന്നുമല്ല പോത്തേ , പുള്ളി ശിവേട്ടനൊരു സപ്പോർട്ട് കൊടുത്തതല്ലേ…..നിർബന്ധിക്കുന്ന പരിപാടിയൊന്നും അങ്ങേർക്കില്ല….”

ഞാൻ പറഞ്ഞപ്പോൾ അവർ രണ്ടും ചിരിച്ചു….

” കണ്ടോ ….ഏട്ടൻ അമ്മായിഅച്ഛനെ സപ്പോർട്ട് ചെയ്യുന്നു…”

അവർ കളിയാക്കി….ഇങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ വീടിന്റെ അടുത്തെത്തി…..നേരെ ചെന്നു ആന്റി ഉണ്ടാക്കിയ ബ്രെഡും മുട്ടയും കേറ്റി കുറച്ചു സമയം അവിടെയും ചെലവഴിച്ചാണ് പോന്നത് …ശബരിയെ വിളിച്ചെങ്കിലും അവനു എന്തോ പഠിക്കാനുണ്ടെന്നും പറഞ്ഞു വേഗം ഫോൺ വെച്ചു …കള്ളപ്പന്നി , അവന്റെയൊരു തിരക്ക്..!!

ഭക്ഷണം കഴിഞ്ഞു ഞാൻ റൂമിലെത്തി പണ്ടത്തെ എന്റെ കളറും ഡ്രോയിങ് ബുക്കും എടുത്തുനോക്കി , കളർ പേസ്റ്റ് ഒക്കെ കുറേ ഭാഗം കട്ടപിടിച്ചിട്ടുണ്ട് , ഉപയോഗിച്ചിട്ട് എത്ര കാലമായെന്നു ഓർമ്മയില്ല….

ഞാൻ ഓരോന്നായി എടുത്ത്‌ ഒന്ന് ടെസ്റ്റ്‌ ചെയ്തു , ചിലതിൽ നിന്നൊക്കെ കളർ വരുന്നുണ്ട് ,കിട്ടിയതൊക്കെ മിക്സ് ചെയ്തു മാറ്റിവെച്ചു…..പിന്നെ ഒരു പേജിൽ ചുമ്മാ ഔട്ട്‌ലൈൻ ഇട്ടു…..കഴിയുന്നത്ര ആഴത്തിൽ എനിക്ക് വരക്കേണ്ട രംഗം മനസ്സിൽ ആവാഹിച്ചു , പിന്നെ മെല്ലെ മെല്ലെ വരഞ്ഞു തുടങ്ങി….

വരകളും ,നിറങ്ങളും മനസ്സിൽ നിന്നു ബ്രഷിലേക്ക് ആവാഹിച്ച് കുറച്ചു സമയം ഞാൻ മെനക്കെട്ടു…അവസാനം എന്റെ ചിത്രങ്ങൾക്ക് തെളിച്ചം വന്നു …. ഒരു കുളപ്പടവിൽ ചേർന്നിരുന്നു ഒന്നിച്ചു സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന ഒരാൺകുട്ടിയുടെയും പെൺകുട്ടിയുടെയും ചിത്രമാണ്‌ ഞാൻ പകർത്തിയത്……എന്നത്തേയും പോലെ പൂര്ണമായും തൃപ്തിയായില്ലെങ്കിലും ഞാൻ വരച്ചു തീർത്തു എന്നതിൽ എനിക്ക് സന്തോഷം തോന്നി……ഇനി പാതിവഴിയിൽ നിർത്തിയ മറ്റൊരു ഹോബി ക്രിക്കറ്റ്‌ കൂടി തുടങ്ങണമെന്ന് മനസ്സിലുറപ്പിച്ചു….കഴിയാവുന്നത്ര മനസിന്‌ സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ടെൻഷൻ അടിച്ചു സമയം കളയാൻ തോന്നില്ലെന്നു വെറുതെ ഒരു തോന്നൽ….നോക്കാം…ഈ വരച്ച ചിത്രങ്ങളെല്ലാം അമ്മു ഇങ്ങോട്ട് വരുന്ന ദിവസം തന്നെ കാണിച്ചു കൊടുക്കണമെന്ന മോഹം മനസ്സിലിട്ട് ചിത്രം നോക്കി ഇരുന്നു…

പിന്നെ ഫിനിഷിംഗ് വരുത്തി വരച്ചു കഴിഞ്ഞ ചിത്രം ഉണങ്ങാൻ വെച്ചു ഞാൻ കൈപോലും കഴുകാതെ കിടന്നുറങ്ങി…..

പിറ്റേന്ന് ഉണർന്നത് ശരീരത്തിൽ വല്ലാത്ത ഭാരമെന്തോ കേറിയപോലെ ശ്വാസം മുട്ടിയപ്പോളാണ്…..കുറേ നേരം അനങ്ങാൻ പറ്റാതെ കിടന്നെങ്കിലും പിന്നെ ഞാൻ കുടഞ്ഞ്‌ എണീറ്റു…. കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ അന്തം വിട്ടു….

അത് ആ തെണ്ടിയായിരുന്നു , പഠിക്കാനുണ്ടെന്നും പറഞ്ഞു ഫോൺ വെച്ചു പോയ പരനാറി ശബരിക്കുട്ടൻ…..തലയിലൊരു തൊപ്പിയും ,വലിയൊരു ബാഗും ഒരു ഓഞ്ഞ ലുക്കും …..സമയം നോക്കുമ്പോൾ 7 മണി ….

” എങ്ങനെയാടാ കുരുപ്പേ ഇത്ര നേരത്തെ ഇങ്ങോട്ട് എത്തിയത്…?? ”

ഞാൻ അവന്റെ തൊപ്പി തട്ടിപ്പറിച്ചുകൊണ്ടു ചോദിച്ചു….

” അതൊക്കെ എത്തി , കഥയൊക്കെ പിന്നെ പറയാം , നമുക്ക് ആദ്യം കുറേ നേരം കിടന്നുറങ്ങണം ,ഇന്നലെ നേരാവണ്ണം ഉറങ്ങാൻ പറ്റീല…”

ബാഗ്‌ നിലത്തിറക്കി അവൻ ഫോൺ എടുത്ത്‌ മേശമേൽ ചിത്രത്തിന്റെ അടുത്തു വെച്ചു, കുറച്ചു സമയം ചുമ്മാ ചിത്രത്തിലേക്ക് നോക്കി ,പിന്നെ ഒന്ന് കോട്ടുവായിട്ടു മൂരിനിവർന്നുകൊണ്ടു അവൻ പറഞ്ഞു

” ഉറങ്ങാൻ ഉറങ്ങാൻ പറ്റിയില്ലെന്നോ ….അതെന്താ …??

ഞാൻ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…..ഒരു നിമിഷം അവൻ എന്ത് പറയണമെന്നൊരു ആലോചന ഉള്ളപോലെ മുഖം തോന്നിച്ചു….

അത്…..ആ ,അതൊന്നും ഇല്ല ചെങ്ങായ്……”

ഒന്നും വിട്ടുപറയാൻ അവൻ കൂട്ടാക്കിയില്ല….

” അങ്ങനെ അല്ല …..എന്തോ പറയാൻ ഉണ്ടല്ലോ….കാര്യം പറ മോനെ …!! ”

ഞാൻ അവനെ കുത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു….അവൻ നോട്ടം മാറ്റി…..പിന്നെ കിടക്കയിലേക്ക് ഇരുന്നു..

” ഒന്നുമില്ലെടോ ,നീ വന്നേ , നമുക്ക് ഒന്ന് ഉറങ്ങാം….എനിക്ക് നല്ല ഉറക്കം വരണുണ്ട് ..”

അവൻ എന്നെ വെറുതെയൊന്നു കെട്ടിപ്പിടിച്ചു ..

” പിന്നെ ,എന്റെ ഫോണിൽ ആര് വിളിച്ചാലും എടുക്കണ്ട ട്ടോ….”

അതും പറഞ്ഞു ഒന്ന് കൂടി കോട്ടുവായിട്ടു ..പിന്നെ നേരെ കിടക്കയിലേക്ക് ചെരിഞ്ഞു ,ഞാനും ഒരുവിധത്തിൽ അവന്റെ സൈഡിൽ ഒതുങ്ങിക്കിടന്നു ….കുറച്ചു സമയം കൊണ്ടുതന്നെ അവൻ നല്ല ഉറക്കത്തിൽ ആയി , എങ്ങനെയാണാവോ എത്തിയത് ….എന്തോ ഒരു ഒളിച്ചുകളി ഉണ്ട് …ഉണർന്നിട്ട് നോക്കാം…..

ഇടക്കെപ്പഴോ അവന്റെ ഫോൺ റിംഗ് ചെയ്തു….ആദ്യം ഞാൻ മൈൻഡ് ചെയ്തില്ല , പക്ഷെ അപ്പോൾ വീണ്ടും റിംഗ് ചെയ്തു…..എടുത്തുനോക്കിയപ്പോൾ പേരിന്റെ സ്ഥാനത്തു ‘ Y ‘ എന്ന അക്ഷരം മാത്രം…..

ഇതെന്തു തേങ്ങയാണെന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല ,ഇനി എടുത്തെന്ന് അഥവാ അവനെങ്ങാനും അറിഞ്ഞാൽ കിട്ടുന്ന ഇടി ആലോചിച്ചപ്പോൾ എടുക്കാനും തോന്നിയില്ല…….കാൾ എടുക്കാഞ്ഞപ്പോൾ വീണ്ടും വിളി വന്നു …..എടുക്കണോ ,വേണ്ടേ …..!!! എന്തോ അവൻ ഒളിച്ചുവെക്കുന്നുണ്ടെന്നുള്ള സംശയം ഉറപ്പായി ….എന്തായിരിക്കും അത് …?? മനസ്സിൽ ഒരായിരം കാര്യങ്ങൾ തലങ്ങും വിലങ്ങും ആലോചിച്ചു …എന്നോട് ഒളിക്കാനുണ്ടെങ്കിൽ അത് തീർച്ചയായും അവനെ അലോസരപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നു നൂറു ശതമാനം ഉറപ്പായി……..ആലോചിക്കുന്തോറും എനിക്ക് കുറേശെ ടെൻഷൻ കേറി , എന്റെ ഏത് പ്രശ്നത്തിനും കൂടെ നിന്നിരുന്ന അവനു എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാനെങ്ങനെ പരിഹരിച്ചുകൊടുക്കുമെന്നു ആലോചിച്ചായിരുന്നു ടെൻഷൻ മുഴുവൻ….

ഇത്രേം നേരം ഫോൺ റിംഗ് ചെയ്തിട്ടും അറിയാത്ത അത്രയ്ക്ക് ഗാഢമായ ഉറക്കത്തിലായിരുന്നു അവൻ, രാത്രി ഉറക്കമേ ശെരിയാകാത്ത ഒരാൾക്ക് ഉണ്ടാവുന്നത്ര ഗാഢമായ ഉറക്കം….

ഇടക്ക് വീണ്ടും റിംഗ് , അതേ പേര് ഫോണിൽ തെളിഞ്ഞു…..

‘ *Y* ‘

ഞാൻ അവനെ നോക്കിയപ്പോ അതേ ഉറക്കം…..പിന്നെ ഒന്നും നോക്കിയില്ല , വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു…..ഹൃദയമിടിപ്പ് കൂടി കൂടി ഒക്കെ കൂടെ പൊട്ടിത്തെറിച്ചു ഞാൻ ചാകുമോ എന്ന് വരെ സംശയമായി….

പിന്നെ രണ്ടും കല്പ്പിച്ചു ഫോൺ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു …

” ഹെലോ…”

അപ്പുറത്ത് നിന്നും ഒരു കിളി നാദം…..

“മ്മം…..”

ഞാൻ ഒന്ന് മൂളിയതെ ഉള്ളൂ….ശബ്ദം കേട്ടാൽ തിരിച്ചറിയുമോ എന്നായിരുന്നു പേടി….

” ദേഷ്യം മാറീലെ ഇനീം…??? ”

വീണ്ടും കിളി നാദം ചോദിക്കുന്നു …ഞാൻ മറുപടി പറഞ്ഞില്ല, പകരം ഈ y എന്ന പെൺകുട്ടി ആരെന്ന സംശയത്തിലായിരുന്നു…..

” ഹും ,അപ്പൊ മാറീല ലേ..? ശെരി , ഞാൻ കാത്തിരിക്കാം…. ”

അവൾ അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു…..ഞാൻ ഫോൺ വെക്കാൻ പോലും ഒരു നിമിഷം മറന്നു പോയി….പിന്നെ അത് വെച്ചു കിടക്കയിൽ അവൻ എണീറ്റോ എന്ന് നോക്കി , ഇല്ലെന്നു കണ്ടപ്പോൾ പിന്നെ അടുത്തു ചെന്നു കിടന്നു…….

ആരായിരിക്കും ഈ അജ്ഞാത ശബ്ദം….!! അവനിതിനെപ്പറ്റി പറയുകയാണെങ്കിൽ എന്തായിരിക്കും കേൾക്കാൻ പോവുന്ന കാര്യം എന്ന് ആലോചിച്ചു ഒരു വഴിക്കായി….കുറേ സമയം കിടന്നു മടുത്തപ്പോൾ ഞാൻ എണീറ്റ്‌ പല്ലൊക്കെ തേച്ചു ദോശയും കഴിച്ചു പിന്നെ തിണ്ണയിൽ കേറി ഇരുന്നു….അവനെ എണീപ്പിക്കണ്ടേ എന്ന് ചോദിച്ചു രണ്ടു പെങ്ങന്മാരും മാറി മാറി വന്നെങ്കിലും ഞാൻ സമ്മതിച്ചില്ല….അവസാനം ഒറക്കമൊക്കെ കഴിഞ്ഞു അവൻ എണീറ്റത് 12 മണിയോടടുത്താണ്….അവന്റെ പരിപാടികളൊക്കെ കഴിഞ്ഞു ഭക്ഷണവും കഴിച്ചു അമ്മമാരുടെയും അങ്കിളിന്റെയും പെങ്ങന്മാരുടെയും സ്നേഹപ്രകടനവും സംസാരവും എല്ലാം കഴിഞ്ഞപ്പോൾ 2 മണി , പിന്നെ ഞങ്ങൾ രണ്ടും കൂടെ അവന്റെ റൂമിൽ കേറി , കേറിയപ്പാടെ ഞാൻ ഡോറടച്ചു കുറ്റിയിട്ടു…..അവൻ തലേണ ക്രാസിയിൽ ചാരിവെച്ചു ഞാൻ ചെയ്യുന്നതും നോക്കി ചാരി ഇരുന്നു….

” ഇനി പറ മോനെ …..”

ഞാൻ അവന്റെ അടുത്തു മറ്റൊരു തലേണയിൽ ചാരിയിരുന്ന് കഥ കേൾക്കാൻ റെഡിയായി ചോദിച്ചു….

” പറയാനോ ….എന്ത് പറയാൻ….?? ”

അവൻ എന്നെ കളിയാക്കുന്ന മട്ടിൽ തിരിച്ചും ചോദിച്ചു….

” കുന്തം ……!! എടാ മൈ*** എന്നെ കൊണ്ട് തെറി പറയിക്കരുത്…”

ഞാൻ പറയാൻ ബാക്കിയുള്ള തെറികൾ കഷ്ടപ്പെട്ട് ഇറക്കി ദേഷ്യം കണ്ട്രോൾ ചെയ്തുകൊണ്ട് ചോദിച്ചു…..എനിക്കാകെ വിറക്കാൻ തുടങ്ങിയിരുന്നു , അത് കണ്ടു അവൻ ചിരിയോടെ തലയ്ക്കു പിറകിൽ കൈകൾ കെട്ടിവെച്ചു…എനിക്കാണെങ്കിൽ അത് കൂടി കണ്ടപ്പോൾ കലി കൂടി…..

” എന്താ നിനക്ക് അറിയണ്ടത് ചെങ്ങായ്…..നീ ചോദിക്ക്…”

അവൻ വളരെ കൂളായി എന്നോട് ചോദിച്ചു…

ഞാനൊന്നു നിശ്വസിച്ചു….എന്ത് ചോദിച്ചു തുടങ്ങണമെന്നോ എന്നതിനെപ്പറ്റി ചോദിക്കണമെന്നോ എനിക്കൊരു നിമിഷം ഓർമ കിട്ടിയില്ല…

” നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ …..അല്ലെങ്കിൽ ഈയിടെയായി നീ എന്തെങ്കിലും എന്റെ അടുത്ത് നിന്നു മറച്ചു വെക്കുന്നുണ്ടോ…??

ആ ചോദ്യം ചോദിച്ച ശേഷം ഞാൻ റിലാക്സ് ആയി….അത് തന്നെയാണ് എനിക്ക് ചോദിക്കേണ്ടത്….

” ഉണ്ടോന്നു ചോദിച്ചാൽ….. മറച്ചു വെച്ചതൊന്നുമല്ല , അങ്ങനെ പറയാൻ മാത്രം ഒരു കാര്യമാണെന്ന് തോന്നാത്തത് കൊണ്ട് പറഞ്ഞില്ല…അത്രേള്ളു..!”

അവൻ എന്നെ നോക്കി ശാന്തമായി പറഞ്ഞു …ഞാൻ ഒന്നും മനസിലാകാതെ പൊട്ടനെ പോലെ അവനെയും നോക്കി അതേ ഇരുത്തം തുടർന്നു….

” എന്നാൽ ഞാൻ ഓരോന്നായി ചോദിക്കാം ….എങ്ങനെയാ നീ വന്നത് ..?

ഞാൻ ചോദ്യം ഒന്ന് എന്നാൽ രീതിയിൽ കൈവിരൽ കാണിച്ചു ചോദിച്ചു ..

” അത് പറയാം , നിന്റെ ചോദ്യങ്ങൾ എല്ലാം കൂടെ ഒന്നിച്ചു ചോദിച്ചോ , ചെലപ്പോ എല്ലാത്തിനും കൂടെ ഒരു ഉത്തരം മതിയാകും…”

അവൻ പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി….

” ആരാ ഈ ‘ Y’..??? ”

ഞാൻ രണ്ടാമത്തെ ചോദ്യം ചോദിച്ചു…..

” ശെരി , ഇനി അടുത്തത് ..?? ”

അവൻ രണ്ടു വിരല് കാണിച്ചു എന്നോട് ചോദിച്ചു….

” ഇന്നലെ ഉറങ്ങിയില്ല എന്ന് പറയാനുള്ള കരണമെന്താ…..?? ഇത്രേം അറിഞ്ഞാൽമതി ഇപ്പോ .. ”

ഞാൻ മൂന്നാമത്തെ ചോദ്യവും ചോദിച്ചു ചോദ്യങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചു …..

അവൻ കണ്ണടച്ചു ദീർഘ ശ്വാസം വിട്ടു…..

” അത് ഒരു കഥയാണ് …. ഞാൻ കോഴ്സിന് ചേരാൻ ബംഗ്ലൂർ പോയി , അവിടെ ജോയിൻ ചെയ്ത് പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ അങ്ങനെ പോവുകയായിരുന്നു…..നിനക്കറിയുമോ ആ കോളേജ് ഒരു ഒന്നൊന്നര കോളേജാണ് , ഇന്ത്യയിൽ ഒരു വിധം എല്ലാ സംസ്ഥാനത്തിലെ കുട്ടികളും അവിടെ പഠിക്കാനുണ്ട് , എന്തൊക്കെ ഭാഷയാണ് അവിടെ ഓരോരുത്തർ സംസാരിക്കുന്നത് ..!! ഞാൻ അവിടെ ചെന്നു ഒന്ന് ഒതുങ്ങി , ഒന്നാമത് ആരുമായും കമ്പനിയൊന്നും ആയില്ല ,ഇവിടുന്നു പോയതിന്റെ ഫീലിങ്ങും , നീ കൂടെ ഇല്ലാത്തതിന്റെ ആ മിസ്സിങ്ങും ഒക്കെ കൂടെ ആദ്യം ഭയങ്കര മടുപ്പായിരുന്നു….നേരാവണ്ണം ആ കോളേജ് മൊത്തമൊന്നു കാണുന്നത് തന്നെ ഈ അടുത്താണ് ….നമ്മടെ ഡിഗ്രി ക്ലാസിന്റെയൊക്ക പോലെതന്നെ ഞാൻ വല്ല്യേ ഒച്ചയും വിളിയും ഒന്നുമില്ലാണ്ട് നൈസായി അങ്ങനെ കൂടി …..ക്ലാസിൽ കുറച്ചു മലയാളികളൊക്കെ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു ,ന്നാലും ആരോടും കമ്പനിക്ക്‌ പോയില്ല …..”

അവൻ ഒന്ന് പറഞ്ഞു നിർത്തി കുപ്പിയിൽ നിന്നും ഇത്തിരി വെള്ളമെടുത്തു കുടിച്ചു ….

” എന്നിട്ട് ….?? ”

എനിക്കെന്റെ ആകാംഷ സഹിക്കാൻ വയ്യാതെ ചോദിച്ചുപ്പോയി….

” എന്നിട്ടെന്താ അഞ്ചാറു മാസം അങ്ങനെ അങ്ങ് പോയി , ഹോസ്റ്റലിലൊക്കെ കൊറേ എണ്ണം സ്റ്റഫിന്റെയും , വെള്ളമടിയുടെയും ഒക്കെ ടീമാരുന്നു , അതിൽ നാലെണ്ണം കുറച്ചു വടക്കുകളായിരുന്നു , അത്ര വമ്പന്മാരൊന്നും അല്ല , കോളേജിലാണെങ്കിൽ ഒറ്റ കുട്ടിക്കും ടീച്ചേഴ്സിനും അവരെ കണ്ണെടുത്താൽ കണ്ടുകൂടാ , ഞാൻ അവരെ അങ്ങനെ മൈൻഡ് ചെയ്തില്ല , കാണുമ്പോൾ ജസ്റ്റ്‌ ചിരിച്ചുക്കൊടുക്കും അത്രന്നെ , ന്നാലും അവരാരും തലേൽ കേറാനും വന്നില്ല……

പക്ഷെ പ്രശ്നങ്ങൾ കുറച്ചൊക്കെ വന്നു തുടങ്ങിയത് ക്ലാസ്സിലെ ഒരുത്തി കാരണമാണ് , മലയാളി തന്നെയാ ……സ്റ്റഫടിക്കുന്ന സീനിയർ ഒരുത്തൻ പ്രൊപ്പോസ് ചെയ്ത ടൈമിൽ ഇവൾ അവനോടു പറ്റില്ലെന്ന് പറഞ്ഞു , അത് അവിടെ തീർന്നു……. ഇതൊക്കെ കഴിഞ്ഞു കുറച്ചു മാസം കൂടെ കഴിഞ്ഞപ്പോളേക്കും ക്ലാസിലെ എല്ലാവരോടും കുറേശ്ശെ അടുത്തുവരുവാർന്നു , പക്ഷെ ഈ കഴിഞ്ഞ വാലെന്റൈൻസ് ഡേയിൽ ഇവൾ എന്നോട് ഇഷ്ടമാണെന്ന് ക്ലാസിൽ പരസ്യമായി പറഞ്ഞു …, പറയൽ മാത്രല്ല ഒരു പൂവും കൊണ്ടുവന്നു കെട്ടിപ്പിടിച്ചു ഒരു ഉമ്മയും….”

” ങേ …..!! ഉമ്മയോ….?? അത്രേം പേരുടെ മുന്നിൽന്നു …….ഭയങ്കരീ …!! ”

ഞാൻ അത്ഭുതപ്പെട്ടു ഇടക്ക് കേറി ആർത്തു…അവൻ വേഗം എന്റെ വാ പൊത്തി പതുക്കെ എന്ന് ആംഗ്യം കാണിച്ചു…..ഞാൻ സ്വയം തലക്കടിച്ചു എന്റെ കൌതുകം ഒന്ന് കണ്ട്രോൾ ചെയ്തു….

” ഹ്മ്മം , പറയുന്ന രസമൊന്നും ഇല്ല …വല്ലാത്തൊരു ചെയ്ത്തായിപ്പോയി ചെങ്ങായ് , ഞാനാകെ ചമ്മി……ആ ചമ്മൽ കാരണം പൂവൊന്നും വാങ്ങാൻ നിക്കാതെ ഞാൻ പുറത്ത് പോയി…”

” ശ്ശേ …..!! ഇങ്ങനൊരു മൈത്താണ്ടി…..ആ പൂ വാങ്ങിയാൽ എന്താ…?”

ഞാൻ വീണ്ടും ഇടക്ക് കേറി വെടി പൊട്ടിച്ചു ….അവനൊരു പുച്ഛത്തിൽ എന്നെ നോക്കി….

” അല്ല ആ പെണ്ണെങ്ങനുണ്ട് …..സുന്ദരിയാണോ…?? ”

ഞാൻ ആകെകൂടി വീർപ്പുമുട്ടി , ഓരോന്നും അപ്പോളപ്പോൾ അറിഞ്ഞിരുന്നെങ്കിൽ ഇത്രയ്ക്കു ആകാംഷ തോന്നില്ലായിരുന്നു ,ഇതിപ്പോ എല്ലാം കൂടെ ആയിട്ട് ഒരു ക്ഷമ കിട്ടുന്നില്ല …

” സുന്ദരി ആണോ ന്ന് ചോദിച്ചാൽ കൊള്ളാം , പക്ഷെ കുറച്ചു എടുത്തുചാട്ടം കൂടുതലാണ്…..”

അവൻ ഇത്തിരി ആലോചനയോടെ പറഞ്ഞുതന്നു ….ഞാൻ പൊട്ടിചിരിച്ചു ….

” അപ്പൊ പിന്നെ ഒന്നും നോക്കാനില്ല , നിത്യ കട്ട്‌ , ഇവൾ ഫിക്സ് ……ഇതിനെക്കാളും മികച്ച ഒന്നിനെ കിട്ടാൻ പ്രയാസമായിരിക്കും….”

ഞാൻ ചിരി ഒന്ന് ഒതുക്കി പറഞ്ഞു ,പറഞ്ഞു കഴിഞ്ഞു ആ കോമ്പിനേഷൻ ആലോചിച്ചപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വീണ്ടും ഞാൻ ചിരിച്ചു ..

ദേഷ്യം വന്ന ശബരി എന്റെ ഊരക്കിട്ട് ചവിട്ടി , ഞാൻ കാലുപിടിച്ചപ്പോ ചവിട്ടു നിർത്തി….ഇല്ലേൽ ആ പന്നി എന്നെ കൊന്നേനെ….

” ശെരി , സോറി സോറി , ബാക്കി പറ ….നീ ക്ലാസിൽന്നു പോയിട്ട് …?? ”

ഞാൻ അവനെ സമാധാനിപ്പിച്ചു വീണ്ടും ട്രാക്കിൽ കേറ്റി….

” അങ്ങനെ അന്ന് മുതൽ അവളെന്റെ പുറകെ കൂടി ,പക്ഷെ പ്രശ്നമുണ്ടായത് എന്താണെന്നു വെച്ചാൽ അവളെ പ്രൊപ്പോസ് ചെയ്ത ആ പയ്യന് പിന്നെ എന്നോട് ദേഷ്യമായി…”

” അതെന്തിന് ….അവൾ നിന്നോട് പ്രൊപ്പോസ് ചെയ്തതല്ലേ ….? നീയെന്ത് പിഴച്ചു ..?? ”

ഞാൻ വീണ്ടും ഇടക്ക് കേറി ചോദിച്ചു….

” അതാണ് കോമഡി , അവർ സീനിയർ ടീമാണ് പിനെ ഞാൻ നേരത്തെ ഞാൻ പറഞ്ഞ ഹോസ്റ്റലിലെ സ്റ്റഫ് ടീം….അവർക്കെങ്ങനെ പ്രത്യേക കാരണങ്ങളൊന്നും വേണ്ടാ , ഇടക്ക് ഓരോന്ന് പുകച്ചു വേറൊരു ലോകത്തിൽ എത്തുമ്പോൾ എന്താണോ തോന്നുന്നത് ,അത് ചെയ്യും , പറയും…..അതിനു പറ്റിയ ഗാങ്ങും…. അവർക്ക് ആ പെണ്ണ് no പറഞ്ഞത് തന്നെ പറ്റിയിട്ടില്ല ,അപ്പൊ ഹോസ്റ്റലിൽ പേടിച്ചുതൂറിയേപ്പോലെ ജീവിക്കുന്ന എന്നെപ്പോലൊരുത്തനോട് അവൾ ഇഷ്ടം പറഞ്ഞെന്നൊക്കെ പറയുമ്പോ അതും ഈ വെള്ളമടി സഭയിലോ സ്റ്റഫടിച്ചോ ആലോചിക്കുമ്പോൾ എന്താകും തോന്നിയിട്ടുണ്ടാവാ എന്ന് നിനക്കും ഊഹിക്കാലോ….”

അവൻ പറഞ്ഞു നിർത്തി എന്നോടു ചോദിച്ചു … .ഞാൻ പേടിയോടെതന്നെ തലയാട്ടി …..

” അപ്പൊ ഇതൊക്കെ ഈ സിനിമയിൽ കാണുന്നപോലെ തന്നെയാണല്ലേ….? ഗാങ്ങും, സ്റ്റഫും …….”

ഞാൻ ഒരു നിശ്വാസമുതിർത്തു കൊണ്ട് ചോദിച്ചു….

” ഏതാണ്ടൊക്കെ അതുപോലെതന്നെ , ഫൈറ്റ് ഉണ്ടാകുമ്പോൾ സിനിമയിൽ ആണെങ്കിൽ തെറിച്ചുപോകും ,ശെരിക്കും ആണെങ്കിൽ തെറിച്ചു പോവില്ല എന്നുള്ളതാണ് മെയിൻ വ്യത്യാസം ”

അവൻ ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ കണ്ണ് മിഴിച്ചു …

” ദൈവമേ ഫൈറ്റോ …..?? ഇതാണോ നിന്റെ കോമഡി ..?? നീ എവിടെപ്പോയാലും ഇതിനുള്ള ആളുകളെ ഒപ്പിക്കും ലേ..??”

ഞാൻ സഹിക്കെട്ട് ചെവിപൊത്തി പറഞ്ഞു ….അവൻ എന്റെ തോളിൽ തട്ടി കൂൾ ആവാൻ പറഞ്ഞു…

” ഈ സ്റ്റഫ് അടിക്കുന്ന ടീമൊക്കെ ഇങ്ങനെയാണോ …? ”

ഞാൻ അവനോടു നിഷ്കളങ്കമായി ചോദിച്ചു….അല്ല ,അതും അറിയണമല്ലോ….

” ഏയ്‌ …..സ്റ്റഫ് യൂസ് ചെയുന്ന വേറേം ടീംസ് ഒക്കെയുണ്ട് , അവർ അങ്ങനെ വല്ല്യേ അലമ്പന്മാരൊന്നും അല്ലെടോ , ചെലതൊക്കെ ആർക്കും ശല്യമില്ലാതെ എവിടേലും സ്വപ്നം കണ്ടിരുന്നോളും , ഇവന്മാർ പക്ഷെ കുറച്ചു പ്രശ്നമാണ്, കൊറച്ചു കാശ് ഉള്ളതിന്റെ ചെറിയ ഏനക്കേട്‌ …അവൾ പ്രൊപ്പോസ് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞു ഇവന്മാർ എന്നെ കാണാൻ വന്നു , അവളോട്‌ ഒരിക്കലും ഇഷ്ടാണെന്നു പറയരുതെന്നും , ഞാൻ പൂ വാങ്ങാത്തതുകൊണ്ടാണ് പ്രശ്നമൊന്നും ഉണ്ടാക്കാതെ ഇങ്ങനെ മര്യാദക്ക് സംസാരിക്കുന്നതെന്നുമൊക്കെ പറഞ്ഞു കൊറേ ഷോ കാണിച്ചു ….ഞാൻ പിന്നെ കാര്യമാക്കിയില്ല …”

” അയ്യോ….!! ടീം എന്ന് പറഞ്ഞാൽ എത്ര ആളുണ്ട്..?? ”

ഞാൻ പേടിയോടെ ചോദിച്ചു….

” ഞാൻ മുന്നേ പറഞ്ഞില്ലേ , ഒരുപാട് ആളൊന്നും ഇല്ല , 4 പേർ……എല്ലാം ഒരു നാറികളാണ്….. ”

അവൻ ഒന്നുമില്ലെന്ന രീതിയിൽ കൈകാണിച്ചു പറഞ്ഞു….

” ഭാഗ്യത്തിന് ഞാൻ കിക്ക് ബോക്സിങ് പഠിക്കുന്ന കാര്യോന്നും അവർക്കറിയില്ലായിരുന്നു , എന്തോ കോച്ചിങ്ങിനു പോവാണെന്ന് എന്തോ ആരോ പറഞ്ഞതാണ്‌….എന്തായാലും ഞാൻ അന്ന് ഒന്നും പറഞ്ഞില്ല ,അവർ പോയി ..”

” ങേ ..സത്യം ..?? നീ പറയാതിരിക്കാൻ വഴിയില്ലല്ലോ …”

ഞാൻ അവൻ പറഞ്ഞത് അപ്പടി വിശ്വസിക്കാൻ റെഡി ആയില്ല ….

” ഇല്ലെടാ ….വെറുതെ തടി കേടുവരുത്തണ്ട എന്ന് കരുതി കാര്യമാക്കിയില്ല , ആ പെണ്ണിനോട് എനിക്ക് ഒന്നുമില്ല , അപ്പൊ പിന്നെ വെറുതെ ഒരു അടിപിടിയുടെ ആവശ്യമില്ലല്ലോ….”

അവൻ കാര്യം വിശദീകരിച്ചപ്പോ എനിക്ക് മനസിലായി ….അത് കറക്റ്റ്..!!

” എന്നിട്ട് ..?? ”

ഞാൻ വീണ്ടും കഥ തുടരാൻ പ്രോത്സാഹിപ്പിച്ചു ….

” ഈയടുത്ത് അവൾ കരച്ചിലും പിഴിച്ചിലും ഒക്കെ ആയി ചെങ്ങായ്…..അവളെ അവോയിഡ് ചെയ്യുവാണ് , അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു ഫുൾ സീൻ….ഒരുമാതിരി പൈങ്കിളി പരിപാടി ….ക്ലാസിൽ ഇരുന്നാണ് സംഭവം…!!! പെൺകുട്ടികൾ കരഞ്ഞാൽ ആളുകൂടുമല്ലോ , അങ്ങനെ എല്ലാരും സംസാരിച്ചു സംസാരിച്ചു കാര്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ തടി രക്ഷപ്പെടുത്താൻ വേണ്ടി അവളേം കൂട്ടി ഞാൻ ഗ്രൗണ്ടിന്റെ അടുത്തു പോയിരുന്നു സംസാരിച്ചു ……നിത്യെന്റെ കാര്യമൊക്കെ പറഞ്ഞു മനസ് മാറ്റാൻ പോയതാണ് , അത് കേട്ടപ്പോൾ ആ പുല്ലത്തി വീണ്ടും കരച്ചിലായി…..കരച്ചിൽ ഒന്ന് കുറയാൻ ആശ്വസിപ്പിച്ചപ്പോ പിന്നെ എന്റെ നെഞ്ചത്ത് ചേർന്നായി കരച്ചിൽ …അങ്ങനൊരു അവസ്ഥേലായൊണ്ട് ഒന്നും പറയാൻ പറ്റൂലല്ലോ …..കറക്റ്റ് ആ സമയത്ത് ഏത് കൊണോത്തിൽ നിന്നാണോ എന്തോ ആ നാറികൾ വന്നു പ്രശ്നമുണ്ടാക്കി…”

അവൻ കോട്ടുവായിട്ടുകൊണ്ടാണ് ഇത് പറഞ്ഞത്….ഞാനാണെങ്കിൽ മുൾമുനയിലും….

” അയ്യോ ….ന്നിട്ടോ..?? ”

ഞാൻ ബാക്കി അറിയാൻ തെരക്ക് കൂട്ടി….

” എന്നോട് ഒന്നും രണ്ടും പറഞ്ഞു കച്ചറയായി….. എനിക്ക് അവളോട്‌ ഒന്നുമില്ലെന്ന് പറഞ്ഞിട്ടൊന്നും അവർ സമ്മതിച്ചില്ല , ഞാനവളെ അങ്ങോട്ട്‌ കൊണ്ടുവന്നത് വേറെ കാര്യത്തിനാണെന്നൊക്കെ പറഞ്ഞു അവളേം കളിയാക്കി….അവൾ ദേഷ്യത്തിൽ കേറി അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിച്ചു , സംഗതി ആകെ കൈവിട്ടു ……”

അവൻ പറഞ്ഞപ്പോൾ ഞാൻ വീണ്ടും തലയിൽ കൈവെച്ചു…..ഒരു പെണ്ണ് അടിച്ചാൽ ഇങ്ങനത്തെ ടീമൊക്കെ വെറുതെ ഇരിക്കൂലല്ലോ….

” എന്നിട്ട്….?? ”

ഞാൻ ആലോചന നിർത്തി വീണ്ടും ചോദിച്ചു..

” അവൻ അവളുടെ ചെവിക്കുറ്റിക്കും അടിച്ചു ,പിന്നെ കയ്യിൽ കേറിപ്പിടിച്ചു…..ഞാനാകെ കൺഫ്യൂഷൻ ആയി ഇടപെടണോ വേണ്ടേ ന്ന് ….ഒന്നാമത് വേറെ വള്ളിക്കെട്ടൊന്നും ഇല്ലാതെ സമാധാനമായി അവിടെ കഴിഞ്ഞു പോവാർന്നില്ലേ……പിന്നെ വരാനുള്ളത് വഴീൽ തങ്ങില്ലല്ലോ…..കൂട്ടത്തിൽ അവർ എന്നേം തോണ്ടി, വേറെ വഴിയില്ലാത്തോണ്ട് ഞാൻ അവനെ കാര്യം പറഞ്ഞു മനസിലാക്കി….”

അവൻ പറഞ്ഞതിൽ അവസാന ഭാഗം മാത്രം എനിക്ക് ക്ലിയർ ആയില്ല…

” പറഞ്ഞു മനസിലാക്കി എന്ന് വെച്ചാൽ…?? ”

ഞാൻ ചെറിയൊരു സംശയത്തിൽ ചോദിച്ചു….

” എന്ന് വെച്ചാൽ പറഞ്ഞിട്ട് മനസിലായില്ല , അപ്പൊ അവനു മനസിലാകുന്ന പോലെ പറഞ്ഞുകൊടുക്കേണ്ടി വന്നു….”

അവൻ മുഷ്ടി ചുരുട്ടി കാണിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു…

” ആ……ഇപ്പൊ മനസിലായി , ന്നിട്ട് മൂന്നാല് എണ്ണത്തിനെ നീ ഒറ്റയ്ക്ക് തല്ലിയോ….?? ”

ഞാൻ അവിശ്വസനീയതയോടെ ചോദിച്ചു …

” പിന്നേ …..ഞാനെന്താ സൂപ്പർമാനോ….?? അവന്റെ സൂക്കേട്‌ മാറ്റിക്കൊടുത്തു , മറ്റവന്മാർ പേടിച്ചിട്ടു ഒന്നിനും വന്നില്ല , പോരാത്തേന് എന്റെ ക്ലാസിലെ പയ്യന്മാർ അപ്പളേക്കും ഇതൊക്കെ അറിഞ്ഞു വന്നു,പിന്നെ എല്ലാത്തിനും കണക്കിന് കൊടുത്തു….അങ്ങനെ കോളേജ് മൊത്തം അറിഞ്ഞു….”

” അയ്യോ…!! അപ്പൊ ടീച്ചേർസ് അറിഞ്ഞാൽ പ്രശ്നമാകില്ലേ….? ”

ഞാൻ അവനോടു ചോദിച്ചു….

“അറിഞ്ഞു …സ്വഭാവികമായും ആക്ഷൻ വരുമല്ലോ….അതും വന്നു…!! ”

അവൻ അതും വളരെ കൂളായി പറഞ്ഞു….

” എന്ത് ആക്ഷൻ….? ”

ഞാൻ അമ്പരപ്പോടെ ചോദിച്ചു….

” അതൊരു 10 ദിവസം സസ്പെൻഷൻ…..ഇപ്പൊ ഞാൻ സസ്പെൻഷനിൽ ആണ്…അതല്ലേ ഇങ്ങനെ സർപ്രൈസ് ആയി വന്നത്….”

അവൻ പറഞ്ഞു നിർത്തി , ഞാനൊരു സിനിമാക്കഥ കേട്ടപ്പോലെ അന്തം വിട്ടിരുന്നു…..

” ഒരു പ്രശ്നം വരാനുള്ള സാധ്യത പറഞ്ഞു ക്ലാസിലെ പയ്യന്മാർ എന്നേം അവളേം അവിടുന്ന് ഇങ്ങോട്ട് വിട്ടു….എനിക്ക് പേടിച്ചോട്ടം താല്പര്യമുണ്ടായിട്ടല്ല , നിന്നേം പിന്നെ ഈ പത്ത് ദിവസം അവിടെ നിക്കണ്ട കാര്യവും ഓർത്തപ്പോ ഒന്നും ചിന്തിച്ചില്ല……”

അവൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു തീർത്തു…..

” അപ്പൊ എങ്ങന്യാ ഇന്നലെ വന്നേ…? ”

ഞാൻ ഉറക്കം കിട്ടാത്തതിന്റെ കാര്യം ചോദിച്ചു….

” പെട്ടെന്നുള്ള പരിപാടി ആയോണ്ട് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലായിരുന്നു , അതുകൊണ്ട് ജനറൽ കംപാർട്മെന്റിൽ കേറി പോന്നു….തെരക്ക് കാരണം നിന്നും നിലത്തിരുന്നും ഒക്കെയാ ഇങ്ങോട്ട് പോന്നത് …”

അവൻ മറുപടി തന്നു എന്റെ മുഖത്തേക്ക് നോക്കി …..

” അപ്പൊ അവളോ….?? ”

” എന്റെ കൂടെ ഉണ്ടാരുന്നു ..അവളേം സസ്പെൻഡ് ചെയ്തതല്ലേ….”

അവൻ മറുപടി തന്നപ്പോൾ ഞാൻ ഒന്ന് ആക്കിചിരിച്ചു……

” അപ്പോ കാമുകനും കാമുകിയും കൂടി കെട്ടിപ്പിടിച്ചിരുന്നു പോന്നതാണല്ലേ….വെറുതെയല്ല ഒറങ്ങാഞ്ഞത്…”

ഞാൻ കളിയാക്കി…..

” പിന്നേ……ഒന്ന് പോയേടാ കോപ്പേ …..ഇത് നീയല്ല , ശബരിയാണ്…മനസ്സിലായോ…?? ”

അവനെ എന്റെ കളിയാക്കൽ കുറച്ചു ചൊടിപ്പിച്ചു……ഞാൻ ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു…..

” എന്നാലും നിന്നെ കെട്ടിപ്പിപ്പിടിക്കാൻ ഇപ്പൊ വേറേം ആൾക്കാരൊക്കെ ആയല്ലോ….”

ഞാൻ സങ്കടം അഭിനയിച്ചു പറഞ്ഞു….അവൻ എന്റെ കഴുത്തിൽ ഞെക്കി , ഞാനൊരു വിധത്തിൽ ഊരി മാറി കിടന്നു ….

കോട്ടുവാ ഇടുന്നുണ്ടെങ്കിലും അവൻ മറ്റെന്തോ ആലോചനയിൽ ആയിരുന്നു , മച്ചിൽ തിരിയുന്ന ഫാനിലേക്ക് കണ്ണുംനട്ടാണ്‌ അവൻ കിടന്നിരുന്നത്…..

” ടാ ….” ഞാൻ അവനെ വിളിച്ചു , അവൻ എന്റെ നേർക്ക്‌ മുഖം തിരിച്ചു ..

” എന്താണ് പ്രശ്നം….ഇവളുടെ കാര്യമാണോ….?? ”

ഞാൻ ചോദിച്ചപ്പോൾ അവൻ വീണ്ടും ഫാനിലേക് നോട്ടം മാറ്റി…

“അവൾ കൊഴപ്പോന്നും ഇല്ല…..പക്ഷെ അറിയാതെ എപ്പളോ മുതൽ ഞാൻ നിത്യയെ സ്‌നേഹിക്കുന്നുണ്ടെന്ന് ഒരു തോന്നൽ……ആദ്യമായി എനിക്ക് അതുപോലെ ഒരു പെണ്ണ് കൂടെ വേണമെന്ന് തോന്നിയത് നിത്യയെ കണ്ടപ്പോളാണ്…ഇതിപ്പോ ക്ഷണിക്കാതെ വന്ന ഒരാൾ….”

അവൻ അത്രയും പറഞ്ഞു നിർത്തി…..ഞാൻ അമ്പരപ്പിലായിരുന്നു , നിത്യയുടെ കാര്യം അവൻതന്നെ എടുത്തിട്ടത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല….

” നീ കൺഫ്യൂഷനിൽ ആണോ എന്നിട്ട്….?? ”

ഞാൻ അവനു നേർക്ക്‌ ചെരിഞ്ഞു കിടന്നു….

” ഒരു പിടിയും ഇല്ലടോ……ഞാൻ സ്നേഹിക്കുന്നവളാണോ എന്നെ സ്നേഹിക്കുന്നവളാണോ കൂടെ വേണ്ടതെന്നു ആലോചിച്ചിട്ട് ഒരു ഉത്തരം കിട്ടുന്നില്ല…”

അവൻ അവന്റെ മുടിയിൽ അള്ളിപ്പിടിച്ചുകൊണ്ടു അസ്വസ്ഥത കാണിച്ചു….

” അതൊക്കെ നമുക്ക് നോക്കാം ന്നേ……ഇക്കഴിഞ്ഞ സമയങ്ങളിൽ നിത്യക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോന്നു അറിയട്ടെ , അത് ഞാൻ എങ്ങനേലും അറിഞ്ഞോളാം….ബാക്കി പിന്നെ തിരുമാനിക്കാം…”

ഞാൻ അവനെ സമാധാനിപ്പിച്ചു…..

” അത് ശെരിയാണ്‌…..നിത്യക്ക്‌ ഇപ്പൊ എന്നോടുള്ള സമീപനം അറിഞ്ഞതിനു ശേഷം ഇതിനൊരു തിരുമാനമാക്കാം….”

അവൻ എന്റെ അഭിപ്രായത്തോട് പൂര്ണമായും യോജിച്ചത് എനിക്കും ഇഷ്ടപ്പെട്ടു….

” ഇന്നു നമുക്ക് കുളത്തിൽ പോവാം , കൊറേ ദിവസായില്ലേ കുളത്തിൽ നീന്തിയിട്ട്….”

അവൻ താൽപ്പര്യത്തോടെ പറഞ്ഞു….

“മനസിലായി അണ്ണാ….ഉണ്ണിയപ്പം തിന്നാൽ രണ്ടുണ്ട് കാര്യം ലേ…?? ”

ഞാൻ പാതി കളിയാക്കി അവനോടു ചോദിച്ചു , മറുപടി പറയാതെ അവൻ ചിരിച്ചു….പിന്നെ കുറച്ചു സമയം ഞങ്ങൾ കിടന്നുറങ്ങി….

4 മണി കഴിഞ്ഞപ്പോൾ എണീറ്റു , ഫോണിൽ കുറേ മിസ്കാൾ എല്ലാം y വിളിച്ചത് …അവൻ അത് മൈൻഡ് ചെയ്തില്ല …ഫോൺ മാറ്റിവെച്ചു ഞങ്ങൾ കുളത്തിലേക്ക് പോയി , നടന്നാണ് പോയത്‌ …അങ്ങോട്ട്‌ പോകുമ്പോൾ ശാന്തിച്ചേച്ചിയെ കണ്ടെങ്കിലും തിരിച്ചു വരുമ്പോൾ വരാമെന്നും പറഞ്ഞു നടന്നു….

കുളത്തിൽ ചെറിയ ചെക്കന്മാർ കുറച്ചെണ്ണം ഉണ്ടായിരുന്നു , അവരുടെ ഇടയിൽ ഷെഡ്ഢി മാത്രം ഇട്ടു നീന്താൻ നല്ല ചടപ്പായിരുന്നു…..എല്ലും തോലും മാത്രം കാണുന്ന ശരീരവും , ജെട്ടിയും എല്ലാം കൂടെ ഞാൻ ഒരു ലുട്ടാപ്പി ആയി തോന്നണ്ടന്നു കരുതി….എന്തായാലും നനഞ്ഞ സ്ഥിതിക്ക് കുളിച്ചു കയറാം…

” ടാ …. ക്രിക്കറ്റ്‌ കളി എന്തായി..?? പിന്നെ എന്നെങ്കിലും കളിച്ചേർന്നോ…?

വെള്ളം കോരി വായിൽ ഒഴിച്ച് അവൻ ചോദിച്ചു….

” ഉവ്വ…..എനിക്ക് നേരാവണ്ണം കക്കൂസിൽ പോവാൻ നേരം കിട്ടാറില്ല , എന്നിട്ടാണ് ക്രിക്കറ്റ്‌..!! ”

ഞാൻ പുച്ഛത്തിൽ അവനോടു പറഞ്ഞു…..ഇടക്ക് കാറ്റടിക്കുമ്പോൾ ഞാൻ ചെറുതായി വിറക്കാൻ തുടങ്ങി……

” ശ്ശെന്റെ പൊന്നോ…!! നീ കളക്ടർ അവനാണോ പോയർന്നത്….?? ന്റെ അറിവിൽ b ed ആയിരുന്നല്ലോ…..”

അവൻ അതിലും കടുപ്പത്തിൽ പുച്ഛിച്ചുകൊണ്ടു എന്നോട് ചോദിച്ചു….

” പോ മൈ……അതിപ്പോ നിന്നെ ബോധിപ്പിക്കണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല…..”

ഞാൻ വിട്ടുകൊടുക്കാതെ പറഞ്ഞു…ഒന്നുമില്ലെങ്കിലും എനിക്കിത്രേം മാറ്റം കൊണ്ടുവന്ന എന്റെ പ്രിയപ്പെട്ട കോഴ്സിനെ പറഞ്ഞത് എനിക്ക് തീരെ പിടിച്ചില്ല…..

” ഓഹ്…..ശെരി മോനെ , അത് വിട്ടേക്ക് , കളിക്കാൻ തുടങ്ങണ്ടേ ഇനി…? ”

അവൻ എന്നോട് ചോദിച്ചു…

” വേണം…..എക്സാം കഴിയട്ടെ….”

ഞാൻ പറഞ്ഞു….ഇനി കളിച്ചിട്ട് പഠിത്തം ഉഴപ്പണ്ടല്ലോ….

” അതുമതി , ഇനി ഇടക്ക് പോയാലും അത് ഞാൻ ഓർമ്മിപ്പിച്ചിട്ടാണെന്നു നിന്റെ അമ്മയോട് പറഞ്ഞു ഒരിക്കലും പോവരുത്…..”

അവൻ ചിരിയോടെ തൊഴുതുകൊണ്ടു പറഞ്ഞപ്പോ ഞാൻ പൊട്ടിച്ചിരിച്ചു….

പിന്നെയും കുറച്ചു സമയം അങ്ങനെ ചിലവഴിച്ചു മടുത്തപ്പോൾ ഞങ്ങൾ തിരികെ നടന്നു…., ചേച്ചീ തിണ്ണയിൽ കറിക്കുള്ളത് അരിയുന്നുണ്ട്….നിത്യ ഒപ്പമിരുന്നു എന്തൊക്കെയോ കത്തിയടിക്കുന്നു ,ഞങ്ങൾ ചെല്ലുന്നത് കണ്ടു അവൾ കത്തി നിർത്തി എണീറ്റു….

” ഇതെങ്ങനെ രണ്ടാളും കൂടി ഒന്നിച്ചു ലീവ് ഒപ്പിച്ചു..?? ”

ചേച്ചീ ഞങ്ങളോട് ചോദിച്ചു….സ്വഭാവികമായ ചോദ്യം തന്നെ…കുറച്ചേറെ കാലത്തിനു ശേഷം കാണുന്നതല്ലേ…

” ഞാൻ ഇനി ഇവിടെത്തന്നെയാണ് അധികം ഉണ്ടാവാ…..എന്റെ കോഴ്സ് കഴിഞ്ഞല്ലോ , ഇനി ആകെ പരീക്ഷ മാത്രല്ലേ ഉള്ളൂ….”

ഞാൻ തിരിച്ചു മറുപടി കൊടുത്തു….

” അതെനിക്ക് അറിയാം…..ശബരിക്കിപ്പോ എന്ത് ലീവാ…? ”

ചേച്ചീ അവനോടു ചോദിച്ചു…

” പ്രൊജക്റ്റ്‌ ഒരെണ്ണം കഴിഞ്ഞു , അത് കഴിഞ്ഞാൽ ചെറിയൊരു ബ്രേക്ക്‌ കിട്ടാറുണ്ട്….അടുത്ത ആഴ്ച പോവും….”

അവൻ മുന്നേതന്നെ ഉത്തരം കണ്ടുപിടിച്ചു വെച്ചതാണെന്നു തോന്നുന്നു , കാരണം ടൈമൊന്നും എടുക്കാതെയാണ് മറുപടി കൊടുത്തത്…

” അതേതായാലും നന്നായി…അതോണ്ട് ജമ്പനും തുമ്പനും കുറച്ചൂസം ഒപ്പം ഉണ്ടാവാം ലേ..?? ”

ചേച്ചീ ചിരിയോടെ ചോദിച്ചപ്പോൾ നിത്യ യും വാ പൊത്തി ചിരിച്ചു….ഞാൻ അവളെ നോക്കിപ്പേടിപ്പിച്ചു….

” വായ നോക്കി നിക്കാതെ പോയി ചായ ഉണ്ടാക്കി കൊടുക്കെടീ…..”

ചേച്ചീ നിത്യയോട്‌ ഒച്ചയിട്ടു….ഞങ്ങളെ കളിയാക്കി ചിരിക്കുകയായിരുന്നു അവൾ ചീത്ത കേട്ടപ്പോൾ അമ്മയെ കൊഞ്ഞനം കാണിച്ചു ഉള്ളിലേക്ക് ചവിട്ടിക്കുലുക്കിപോയി …അതുകണ്ടാണ് ഞങ്ങൾ ചിരിച്ചത്……

” എന്നാ നിന്റെ എക്സാം…? ”

ചേച്ചീ എന്നോട് ചോദിച്ചു…

” ഓ…. അറിയില്ല….!! അടുത്താഴ്ച ഡേറ്റ് വരുമായിരിക്കും , കമ്മീഷനും ഉണ്ടല്ലോ…”

ഞാൻ ചേച്ചീ അരിഞ്ഞിട്ടതിൽ നിന്നും ക്യാരറ്റ് എടുത്ത്‌ തിന്നു ,ഒന്ന് ശബരിക്കും കൊടുത്തു……..

” ഞാനും കൂടെ അങ്ങോട്ട്‌ പോട്ടെ അമ്മേ , രാത്രി വരാം..”

അവൾ ചേച്ചിയുടെ അടുത്തിരുന്നു കെഞ്ചി….

” എവിടേം പോണ്ട….ഇവിടിരുന്നു രണ്ടക്ഷരം പഠിക്കാൻ നോക്ക്….എപ്പളും എന്തെങ്കിലും ഉടായിപ്പ് പറഞ്ഞു നടക്കലല്ലാതെ പഠിത്തം നടക്കണില്ലല്ലോ…”

ചേച്ചീ അവളുടെ ആഗ്രഹം മുളയിലെ നുള്ളിക്കളഞ്ഞു….

” അവൾ പോന്നോട്ടെ ചേച്ചീ ,ഞങ്ങളെല്ലാം കുറേ ദിവസങ്ങൾ കഴിഞ്ഞു കൂടുന്നതല്ലേ…..രാത്രി ഞാൻ ആക്കിത്തരാം…..”

ഞാനവളെ സപ്പോർട്ട് ചെയ്തു….ചേച്ചീ ഒന്നും പറഞ്ഞില്ല ,മൗനം സമ്മതമായെടുത്തു അവൾ ഡ്രസ്സ്‌ മാറാൻ ഓടി….10 മിനിറ്റിൽ തിരികെ വന്നു…..ഞങ്ങൾ യാത്ര പറഞ്ഞു പോന്നു…..

” ദേ ടീ…..ഇവന് വേറെ ആളായിട്ടുണ്ട് ട്ടോ…..ചെക്കൻ കൈവിട്ടു…..ഇനി നീ വേറെ ആരേലും നോക്കിക്കോ…”

ചേച്ചീ കേള്ക്കാത്ത ദൂരത്തിലെത്തിയപ്പോൾ ഞാൻ നിത്യയോട്‌ പറഞ്ഞു…..അവൾ തിരിഞ്ഞു ശബരിയെ നോക്കി……ശബരിയാണെങ്കിൽ ചിരിച്ചതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല….

” ഓഹോ….അങ്ങനൊക്കെ സംഭവിച്ചോ…!!! ”

അവൾ വല്ല്യേ കൂസലില്ലാതെ ചോദിച്ചു….പിന്നെ എന്റെ കയ്യിൽ തൂങ്ങി നടന്നു കോളേജിലെ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു …

വീട്ടിൽ എത്തി പിന്നെ ഒരു മേളമായിരുന്നു…..മൂന്ന് വായാടി പെണ്ണുങ്ങളും അമ്മമാരും കൂടി കലപില തന്നെയായിരുന്നു…..ഞങ്ങൾ കഴിയുന്ന രീതിയിൽ അതിനെല്ലാം കൂടി കൊടുത്തു , ഇടക്കെല്ലാം ശബരിക്ക് ഫോണിൽ കാൾ വന്നുകൊണ്ടിരുന്നു….അവൻ അതെടുക്കാതെ കട്ട്‌ ചെയ്യുന്നത് ഇടക്ക് പെണ്ണുങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നു ഞാനും മനസിലാക്കി….

” കുഞ്ഞേട്ടന് എന്തോ ഒരു ചുറ്റിക്കളി ഉണ്ടല്ലോ..”

സൈലന്റ് ആയ ഫോൺ റിംഗ് ചെയ്യുന്നത് ആരും കാണാതെ എടുത്ത്‌ കട്ട്‌ ചെയ്യാൻ ശ്രമിക്കുന്ന ശബരി മഞ്ജിമയുടെ ആ ചോദ്യം കേട്ടു ഞെട്ടിപ്പോയി…..

” ആ ,ശെരിയാണല്ലോ…..ദേ നോക്കെടീ , ആകെക്കൂടി ഒരു കള്ളലക്ഷണം..”

അഞ്ചു അവളെ പിന്താങ്ങി ….ശബരിയാണെങ്കിൽ കള്ളത്തരം ഒളിപ്പിക്കാൻ ഒരു മാർഗമോ വേറെ ഭാവങ്ങളോ ഇല്ലാതെ വിളറി വെളുത്തു ….ഒരു പ്ലാനിംഗ് ഇല്ലാതെ പെട്ടതുകൊണ്ടു അവനു എന്ത് മറുപടി പറയുമെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല….എനിക്കും അവനെ രക്ഷപ്പെടുത്താൻ ഒന്നും മനസ്സിൽ തോന്നിയില്ല…..

” അങ്ങനെ തോന്നുന്നത് നിനക്ക് വേറെ പണിയൊന്നുമില്ലാത്തതു കൊണ്ടാണ് …ഒന്ന് പോയിനെടീ ഊളകളെ…”

അവൻ ഫോൺ താഴെ വെച്ച് അവരെ ഇടിക്കാനെന്ന പോലെ ആംഗ്യം കാണിച്ചു……എന്നാൽ അവൻ പ്രതികരിക്കുന്നതിനു മുൻപ് ആ ഫോൺ കയ്യിലെടുത്ത അഞ്ചു കോൾ ലിസ്റ്റിൽ *y*അടിച്ച മിസ്സ്‌ കോൾ എല്ലാരേയും കാണിച്ചു….ശബരി വേണ്ട വേണ്ട എന്ന് പറഞ്ഞു തടുക്കാൻ നോക്കിയെങ്കിലും അവൾ കാണിക്കുക തന്നെ ചെയ്തു ….പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാത്ത കാരണത്താൽ ഞാനും നിസഹായനായി…..

ദേഷ്യം വന്ന ശബരി അഞ്ജുവിന്റെ ഇടത് കയ്യിൽ ആഞ്ഞൊരു അടി കൊടുത്തു ,അവൾ വേദന കൊണ്ട് അലറി….അത് ശ്രദ്ധിക്കുക കൂടി ചെയ്യാതെ ബലം പ്രയോഗിച്ചു ഫോൺ വാങ്ങി അവൻ അവന്റെ റൂമിലേക്ക്‌ പോയി….പിന്നാലെ ഞാൻ ചെന്നെങ്കിലും ഡോർ ശക്തിയായി അടഞ്ഞ ശബ്ദം കേട്ടു തിരികെ മുറ്റത്തേക്ക് പോന്നു….

അവർ മൂന്നും വിഷമിച്ചു ഇരിക്കുന്നുണ്ടായിരുന്നു….അഞ്ചു അടിക്കിട്ടിയ ഭാഗം ഉഴിഞ്ഞു…

” ഇപ്പൊ രണ്ടിനും സന്തോഷമായല്ലോ ല്ലേ..?? ”

ഞാൻ അവരോടു ദേഷ്യപ്പെട്ടു….നിത്യ ആകെ സങ്കടപ്പെട്ട് അവരെ രണ്ടു പേരെയും മാറി മാറി നോക്കി…

” അതിനിപ്പോ ദേഷ്യപ്പെട്ടിട്ടെന്താ….എന്തോ ഒളിച്ചു വെക്കുന്നതോണ്ടാണ് ഈ ദേഷ്യമൊക്കെ….വല്ല ലവ്‌ ആയിരിക്കും….”

അഞ്ചു അടിക്കിട്ടിയ വേദനയിൽ വീണ്ടും ഇങ്ങനെയാണ് പറഞ്ഞത് …

” വേണ്ട വേണ്ടെന്ന്‌ അവൻ പറഞതു നീയെന്താ കേൾക്കാഞ്ഞത്….അവനു പറയാൻ ബുദ്ധിമുട്ടുള്ള കാര്യമെന്തെലും ഉണ്ടാവുമെന്ന് മനസിലാകാഞ്ഞിട്ടല്ലല്ലോ , അപ്പോ ഇതൊക്കെ കിട്ടും ?? ”

ഞാൻ അവളുടെ പറച്ചിൽ ഇഷ്ടപ്പെടാതെ പറഞ്ഞു…അവളൊന്നും മറുപടി തന്നില്ല……

” എന്താണ് ശെരിക്കും പ്രശ്നം….ഇത്രേം ആയ സ്ഥിതിക്ക് ഒന്ന് പറഞ്ഞൂടെ ….? ”

മഞ്ജിമ എന്നോട് ചോദിച്ചു….ഞാൻ വേണോ വേണ്ടേ എന്ന് ആലോചിച്ചു …

” പറ മനുവേട്ടാ…..എന്താ ശബരിയെട്ടന്റെ പ്രശ്നം..??

നിത്യ എന്നോട് ചേർന്നിരുന്നു എന്റെ കയ്യിൽ പിടിച്ചു….അവൾ അറിയേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നി….

ഞാൻ ശബരി പറഞ്ഞ ഓരോ കാര്യവും അവനെക്കാൾ നന്നായി ഇവർക്ക് മുൻപിൽ അവതരിപ്പിച്ചു….ആദ്യം മുതൽക്കുള്ള ഓരോ സംഭവവും പൊടിപ്പും തൊങ്ങലും വെച്ച് ഞാൻ പറഞ്ഞുകൊണ്ടിരുന്നു….എനിക്കുണ്ടായതുപോലെതന്നെ ഓരോ ഭാഗങ്ങൾ എത്തുമ്പോളും പേടിയും അത്ഭുതവും എല്ലാം അവര്ക്കും മാറി മാറി വന്നു…..ഒടുവിൽ പറഞ്ഞുകഴിഞ്ഞു ഞാൻ ഒന്ന് നിശ്വാസമയച്ചു….

” അപ്പൊ ആ ചേച്ചീന്റെ ശെരിക്കുള്ള പേരെന്താ…?”

അ ചോദ്യവും നിത്യവക ആയിരുന്നു….ഞാൻ അന്തം വിട്ടു….Y എന്നല്ലാതെ എനിക്കും ശെരിക്കും പേര് അറിയില്ലല്ലോ…..

“അത് ഞാൻ ചോദിച്ചിട്ടില്ല…..കാര്യങ്ങളൊക്കെ പറഞ്ഞെന്നെ ഉള്ളൂ….”

ഞാൻ കാര്യം തെളിച്ചു കൊടുത്തു….

” വായോ ,നമുക്കൊന്ന് പോയി നോക്കാം കുഞ്ഞേട്ടന്റെ അടുത്ത്…”

മഞ്ജിമ എണീറ്റു ഞങ്ങളെ വിളിച്ചു….അത് സമ്മതിച്ചു ഞങ്ങൾ പോയി , ഡോർ കുറ്റിയിട്ടില്ലായിരുന്നതുകൊണ്ട് നേരെ അവൻ ചാരിയിരിക്കുന്ന അടുത്തു കട്ടിലിൽ പോയിരുന്നു….

” സോറി ഏട്ടാ…”

അഞ്ചു അവനോടു പറഞ്ഞു….അവൻ അവളെ പുച്ഛത്തിൽ ഒന്ന് നോക്കി…

” പോരേടാ , അത് പോട്ടെ , നീ വന്നേ നമുക്ക് ഫുഡ് അടിക്കാനുള്ള സമയായി…” ഞാൻ അവനെ എണീപ്പിച്ചു , അവൻ അര്ധസമ്മതത്തിൽ എണീറ്റു…..ഞങ്ങടെ കൂടെ പോരാൻ നോക്കിയ അവനെ നിത്യ ചുമരിനോട് ചേർത്തുപിടിച്ചു , പിന്നെ മുഷ്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് കാണിച്ചുകൊണ്ട് അവന്റെ മുഖത്തിനടുത്തു മുഖം കൊണ്ടുപ്പോയി ദേഷ്യപ്പെട്ടു …..

” ദേ മനുഷ്യാ , ഒരു കാര്യം പറഞ്ഞേക്കാം , y ആയാലും z ആയാലും വേണ്ടില്ല വേറെ വല്ല പെണ്ണുങ്ങളുടേം പുറകെ പോയെന്നു ഞാൻ അറിഞ്ഞാൽ…..!! ”

അവൾ അത് പറഞ്ഞു നിർത്തി നാക്ക് കടിച്ചു കൈ ചൂണ്ടി അവനെ പേടിപ്പിച്ചു . ….

ഒരു സെക്കന്റ്‌ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ എടുത്ത അവനും അതുപോലെ സ്തബ്ധരായ ഞങ്ങളും നോക്കിനിൽക്കെ ആ കൃത്രിമമായ ദേഷ്യത്തിൽ നിന്നും പെണ്ണുങ്ങളുടെ സ്വതസിദ്ധമായ നാണത്തിലേക് കൂടുമാറി നിത്യ വിരല് കടിച്ചു പിന്നെ ഞങ്ങളിൽ നിന്നും ഒളിച്ചു അവന്റെ സൈഡിലേക്ക് മാറിനിന്നു…….

” ഇനി ഒന്നൂടി തെളിച്ചു പറഞ്ഞേ….ഞങ്ങൾ കേക്കട്ടെ….”

ഞാൻ അവളോട്‌ ആവശ്യപ്പെട്ടു….അവൾ വിരലുകൾക്കിടയിലൂടെ ഞങ്ങളെ പാളി നോക്കി….

” അല്ല ഇവിടിപ്പോ എന്താ നടക്കുന്നത്….ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ…? ”

അഞ്ചു കുറച്ചു ഗൗരവത്തിലാണ് ചോദിച്ചത്….ഞങ്ങളുടെ തമാശ അവർക്ക് ദഹിച്ചിട്ടില്ല….

” അതെന്താ നിനക്ക് മനസിലാവാഞ്ഞത്…അവൾ മലയാളത്തിലല്ലേ പറഞ്ഞത്…?? ”

ഞാൻ തിരിച്ചും ഗൌരവത്തിൽ ചോദിച്ചപ്പോൾ അവൾ കണ്ണുരുട്ടി, പിന്നെ നിത്യയുടെ അടുത്തെത്തി തലതാഴ്ത്തി നിന്ന അവളെ രണ്ടു കൈകൊണ്ടും പിടിച്ച് മുഖം ഉയർത്തിപ്പിച്ചു …..

” നീ പറ നിത്യ , എന്താ ഇതൊക്കെ….എന്ത് കള്ളക്കളിയാ ഞങ്ങൾ രണ്ടും അറിയാതെ നിങ്ങളിപ്പോ കളിച്ചുകൊണ്ടിരിക്കുന്നത്…?? ”

അവളോട്‌ എന്നോട് ചോദിച്ചതിനേക്കാൾ ഗൗരവത്തിലാണ് അഞ്ചു ചോദിച്ചത്….മഞ്ജിമ അവൾക്കു സപ്പോർട്ട് കൊടുത്ത് അവർക്കരികിൽ നിന്നു….

” എനിക്കവളെ ഒരുപാടിഷ്ടമാണ് , അത് രണ്ടു മൂന്ന് വർഷങ്ങൾക്കു മുൻപ് അവളുടെ അമ്മയുള്ളപ്പോൾ തന്നെ പറഞ്ഞിട്ടുമുണ്ട് , അതിനുള്ള മറുപടി അവൾ തന്നതാണ് നിങ്ങളിപ്പോൾ കേട്ടത്….”

ശബരി ഇതിൽ ഇടപെട്ടുകൊണ്ട് അവരോടു പറഞ്ഞു…..

” സത്യാണോ ഇത് ….? ”

മഞ്ജിമ നിത്യയോട്‌ ചോദിച്ചപ്പോൾ അവൾ തലതാഴ്ത്തി മെല്ലെ തല സമ്മതഭാവത്തിൽ ഇളക്കി ……

” എന്നിട്ടെന്താ നീ ഞങ്ങളോടിത് മുൻപേ പറയാർന്നത്…. എന്നും പോവാറും വരാറും എല്ലാം നമ്മൾ ഒരുമിച്ചല്ലേ , ഒരു വാക്ക് പോലും എന്തെ പറഞ്ഞില്ലാ …. ? ”

അഞ്ചുവിന്റെ ചോദ്യം കേട്ടു ഞങ്ങൾ മൂന്നാളും അമ്പരന്നു……ഇവളിതിപ്പൊ ഇത്ര സീരിയസ് ആക്കുന്നതെന്തിനാണാവോ…..

” നിന്റെ പ്രശ്നമിപ്പോ എന്താ…..ഇവർ തമ്മിൽ ഒന്നിക്കണത് നിനക്കിഷ്ടമായില്ലേ..?? ”

ഞാൻ ദേഷ്യത്തിൽ അഞ്ജുവിനോട് ചോദിച്ചു…

” ഇല്ല….”

അവൾ എടുത്ത വഴിക്ക് മറുപടി തന്നു….നിത്യ അത് കേട്ട് ഞെട്ടി , ശബരി അത് വല്ലാതെ മൈൻഡ് കൊടുക്കാതെ നിന്നു…

” കാരണമെന്താ…?? ”

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു….

” കാരണം കേക്കണോ..

എനിക്ക് അസൂയ….നിങ്ങൾ എല്ലാരും പ്രേമിച്ചു സുഖിക്കാ ,ഞങ്ങൾ രണ്ടാളും വെറും മണ്ടന്മാർ ല്ലേ..?? ഒന്നുകിൽ ഞങ്ങൾക്കും ആരെയെങ്കിലും പ്രേമിക്കാനുള്ള അനുവാദം തരണം , അല്ലെങ്കിൽ ഇതൊക്കെ ഞങ്ങൾ അമ്മമാരോട് കൊളത്തിക്കൊടുക്കും…”

ആദ്യം സീരിയസ് ആയി കാണിച്ചിരുന്ന അവൾ ചിരിച്ചപ്പോളാണ് ഇത് അവരുടെ വേലയായിരുന്നെന്നു ഞങ്ങൾക്കും മനസിലായത്….

അഞ്ചു നിത്യയെ ചേർത്തുപിടിച്ചു , മഞ്ജിമ ചെന്നു അവളുടെ നെറ്റിയിൽ ഒരുമ്മയും….

” ടീ ,നീ ഞങ്ങടെ നാത്തൂനാവുന്നത് ഞങ്ങൾക്ക് നല്ല സന്തോഷാണ് , ഈ കൂട്ട് പിരിയില്ലല്ലോ….അമ്മുട്ടി കൂടി വരുമ്പോൾ നല്ല രസമായിരിക്കും…”

മഞ്ജിമ സന്തോഷത്തോടെ പറഞ്ഞപ്പോൾ അഞ്ചു അതേ എന്നാൽ അർത്ഥത്തിൽ തലയാട്ടി…. ശബരി കൈക്കെട്ടി നിന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ ഇതെല്ലാം കണ്ടു….

” അമ്മു കൂടെ വേണാരുന്നു ലേ ഇപ്പൊ..?? ”

അഞ്ചു ഞങ്ങളോട് ചോദിച്ചു…എല്ലാരും തലയാട്ടി….

വീണ്ടും ശബരിയുടെ ഫോൺ അടിച്ചു…..അവൻ ഫോണെടുത്തു നോക്കി പിന്നെ ഞങ്ങൾക്ക് നേരെ കാണിച്ചു….

” y ‘

” ഇങ്ങ് തായോ , ഞാൻ സംസാരിക്കാം….”

നിത്യ ഫോൺ വാങ്ങി…പിന്നെ അറ്റൻഡ് ചെയ്ത് ലൗഡ്സ്പീക്കർ ഇട്ടു…..

” ഹെലോ…”

അപ്പുറത്ത് നിന്നും കിളിനാദം….

” പറഞ്ഞോളു…”

നിത്യ മറുപടി കൊടുത്തു…

” ങേ….ഇതാരാ , ശബരിയുടെ സിസ്റ്റർ ആണോ…? ”

” അല്ലല്ലോ…..എന്താ….? ”

” സിസ്റ്റർ അല്ലെങ്കിൽ ഇതാരാ ..? ശബരി ഇല്ലേ അവിടെ ..? ”

സിസ്റ്റർ അല്ലെന്നു പറഞ്ഞപ്പോൾ അപ്പുറത്തെ ശബ്ദം ചെറുതായി പതറി …

” ഞാൻ നിത്യയാണ്…..ഏട്ടൻ ഇവിടെ ഇത്തിരി തെരക്കിലാണ്‌ , ചേച്ചീ കാര്യം പറഞ്ഞോളൂ , ഞാൻ പറഞ്ഞോളാം ഏട്ടനോട്….”

അവൾ പൊട്ടിവന്ന ചിരി ഒതുക്കി ഫോണിൽ ഗൌരവത്തിൽ പറഞ്ഞു ,പിന്നെ ഞങ്ങൾക്ക് നേരെ തിരിഞ്ഞു കണ്ണിറുക്കി….

ഞങ്ങൾ ഇതെല്ലാം അത്ഭുതത്തോടുകൂടി നോക്കി ആ കുട്ടിയുടെ മറുപടിക്കായി കാത്തിരുന്നു….

” നിത്യ……ഓഹ്,….. ഒന്നൂല്ല നിത്യ ഞാൻ വെറുതെ വിളിച്ചതാണ് ….ശബരി തെരക്കിലാണെങ്കിൽ പിന്നെ വിളിച്ചോളാം….”

അവളുടെ മറുപടി വളരെ ദുർബലമായിരുന്നു …..

” ആണോ…? എന്നാ ശെരി , ഞങ്ങൾക്ക് കുറച്ചു പരിപാടികളുണ്ട് , മറ്റന്നാളാണ്‌ കല്യാണം ഒറപ്പിക്കൽ….അതിന്റെ ഓരോ ചർച്ചയിലൊക്കെയാ….അതാട്ടോ, ഒന്നും തോന്നല്ലേ ചേച്ചീ …”

ഞങ്ങൾ എല്ലാവരും അമ്പരന്നു നില്ക്കവേ അവൾ ആ കൊച്ചിനെ നിഷ്പ്രയാസം നോക്ക്ഔട്ട്‌ അടിച്ചു….ശബരി തലയിൽ കൈകൊടുത്തു കിടക്കയിലേക്ക് ഇരുന്നു …പെങ്ങന്മാർ ചിരി കടിച്ചുപിടിച്ചു ഇത് നോക്കിനിന്നു …

“ങേ …..!!! കല്യാണം …… കല്യാണം ഒറപ്പിക്കലോ……???!!! അവൻ ………അവനൊന്നും പറഞ്ഞില്ലല്ലോ….”

ആ കൊച്ചിന് ശബ്ദം ഇടറി മുറിഞ്ഞു ,കരച്ചിൽ വന്നത് ഒതുക്കി പതറിയ ശബ്ദത്തിൽ ബാക്കി മുഴുമിപ്പിച്ചു…..അതുവരെ ചിരിയമർത്തി ഇരിക്കുകയായിരുന്ന ഞങ്ങളെല്ലാവരും ആ നിമിഷം തൊട്ട് പെട്ടെന്ന് തന്നെ വല്ലാത്തൊരു അവസ്ഥയിലെത്തി..

” ഏട്ടനെ ഇവിടെ കിട്ടാത്തോണ്ടു പറഞ്ഞിട്ടുണ്ടാരുന്നില്ല…അതാവും ,, അതുപ്പോട്ടെ ,ചേച്ചി ഏട്ടന്റെ ഫ്രണ്ടാണോ..?? ”

അവൾ തിരിച്ചു ചോദിച്ചു….അപ്പുറത്തുനിന്നും ആദ്യം ഒരു തേങ്ങൽ പോലെയോ നിശ്വാസമോ അങ്ങനെയെന്തോ മാത്രമേ കേട്ടുള്ളൂ……

” ആ നിത്യ ,….. ഫ്രണ്ടാണ്….അപ്പോ ശെരിട്ടൊ , ഓൾ ദി ബെസ്റ്റ്…….”

അപ്പുറത്ത് നിന്നും അങ്ങനൊരു മറുപടി വന്നപ്പോൾ എന്തോ എനിക്കുപോലും നെഞ്ചിലൊരു നീറ്റൽ അനുഭവപ്പെട്ടപ്പോലെ……ശബരി കണ്ണുകളടച്ചു കിടക്കുകയായിരുന്നു….അവനെ ആ തേങ്ങലിൽ അടങ്ങിയ സ്നേഹത്തിന്റെ ആഴം വേദനിപ്പിച്ചിട്ടുണ്ടാകുമെന്നു എനിക്ക് തോന്നി…

” ചേച്ചീ ഓക്കേ അല്ലേ…?”

നിത്യ എന്തോ ഫീലിൽ തിരികെ ചോദിച്ചു…..മറുപടിയായി വരുന്ന ഓരോ നിശ്വാസം പോലും അവളുടെ മനോഭാവത്തിൽ വരുത്തിയ മാറ്റം അത്രയും വലുതായിരുന്നു…

” മ്മം….” അത്രേ മറുപടി തിരികെ കിട്ടിയുള്ളൂ….

” ചേച്ചീ …, കൊറേ മുൻപ് തൊട്ടു ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചതാണ് …..ഒന്നിന്റെ പേരിലും മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കാൻ കഴിയില്ല…..ഈ ജന്മം ഏട്ടനെ എനിക്ക് വേണം…എന്നോട് ദേഷ്യമൊന്നും തോന്നരുത് ട്ടോ ……ചേച്ചിക്ക് അറിയാതെ പോലും മനസ്സിൽ എന്നോട് ഒരു വിരോധം ഉണ്ടാവരുതേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.. , ഒരു അനിയത്തിയായി കരുതി കണ്ടാൽ മതി……..”

ഫോൺ എടുത്ത്‌ ആദ്യം അവൾ തമാശക്ക് സംസാരിച്ചു തുടങ്ങിയതാണെങ്കിലും ഇപ്പോൾ ഇതാ അവസാനമായപ്പോളേക്കും സീരിയസ് ആയിമാറി….,പ്രത്യേകിച്ചും അവസാനമായി അവൾ പറഞ്ഞ വാക്കുകൾക്ക് ഇടർച്ച വന്നത് എല്ലാവർക്കും ശെരിക്കും മനസിലായി , അതുകൊണ്ടുതന്നെ മഞ്ജിമ അവളുടെ അടുത്തിരുന്ന് വാത്സല്യത്തോടെ തലമുടിയിൽ തഴുകി……

“ഏയ്‌ നിത്യ …..എനിക്ക് തന്നോടു ദേഷ്യമൊന്നും ഇല്ല….ഇതൊന്നും അറിയാതെ ഞാനാണ്‌ അവനെ ഡിസ്റ്റർബ് ചെയ്തത്….അതിലാണ് എനിക്കിപ്പോ വെഷമം…..നിങ്ങൾ തന്നെയാണ് ചേരേണ്ടത്….തിരിച്ചു കോളേജിൽ വരുമ്പോൾ എനിക്ക് ചെലവ് തരാൻ പറ അവനോടു……..”

സങ്കടം ഉള്ളിലൊതുക്കി അവൾ തിരികെ ഇത്തരത്തിലാണ് മറുപടി പറഞ്ഞത്……ആഗ്രഹിച്ചത് അതും ഒരാളെ മനസ് നിറഞ്ഞു പ്രേമിച്ചിട്ട് അത് കിട്ടാതെ പോവുന്നതിന്റെ വേദന അവിടെയിരിക്കുന്ന ആരെക്കാളും നന്നായി അറിയുന്ന എനിക്ക് സന്തോഷത്തിന്റെ മേമ്പൊടി ചേർത്തെങ്കിലും അതിനു പുറകിൽ കടിച്ചു പിടിച്ച വേദന എളുപ്പം തിരിച്ചറിയാൻ പറ്റുമായിരുന്നു…..പക്ഷെ ബാക്കിയുള്ളവർക്ക് ആ മറുപടി സമാധാനം കൊടുത്തെന്നു അവരുടെയെല്ലാം മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു….

” പറഞ്ഞേക്കാം ട്ടോ…അപ്പൊ ശെരി ചേച്ചീ…ബൈ…”

” ബൈ നിത്യ….”

ഫോൺ കട്ട്‌ ആയി…..നിത്യ ഫോൺ പിടിച്ചു ശബരിയെ തന്നെ നോക്കി ഇരുന്നു….

” പാവം ലേ….? നല്ല ചേച്ചിയാരുന്നു…”

അവൾ ശബരിയോട് പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ശബരി എണീറ്റു അവളുടെ പുറത്തു മെല്ലെ തട്ടി….

” നല്ലതാ …..പക്ഷെ നിന്റത്ര പോരാ…!! ”

അവൻ ചിരിയോടെ അവളോട്‌ പറഞ്ഞു….

” മ്മം ….ഇനി ഇതെങ്ങാനും പിന്നെ മാറ്റിയാൽ ഞാൻ ശെരിയാക്കിത്തരാം ട്ടാ……”

അവൾ കൊഞ്ഞനം കാണിച്ചുകൊണ്ട് അവനോടു പറഞ്ഞു….എല്ലാവരും അവളുടെ ഡയലോഗിൽ പൊട്ടിച്ചിരിച്ചു……ഞാൻ ചിന്തിക്കുവാരുന്നു ,അമ്മുട്ടിയെ , ഞാൻ അങ്ങനൊരു ഡയലോഗ് അവളോട്‌ പറഞ്ഞാൽ സന്തോഷിക്കുകയെ ചെയ്യുള്ളു , പക്ഷെ തിരിച്ചു ഇങ്ങനൊരു ചോദ്യം ചോദിക്കാൻ നിത്യയെക്കൊണ്ടേ സാധിക്കൂ…….

” മതി മതി …..ഇനി ചോറുണ്ണാൻ പോകാം , അവർ നോക്കുന്നുണ്ടാവും…ഇതിപ്പോ കണ്ടവരുടെ പ്രേമം കണ്ടു നടക്കാനാണ് നമ്മടെ വിധി , അങ്ങോട്ട്‌ നടക്കെടീ….”

അഞ്ചു ഇതിനൊക്കെ അവസാനം വരുത്താനായി പറഞ്ഞു നിർത്തി മഞ്ജിമയെ ഉന്തിക്കൊണ്ടു പോവാൻ തുടങ്ങി…..

” അല്ല കുഞ്ഞേട്ടാ ആ ചേച്ചിയുടെ പേരെന്താ..? ”

മഞ്ജിമ തിരിഞ്ഞു ചോദിച്ചപ്പോൾ ഞങ്ങൾ എല്ലാവരും അതിന്റെ ഉത്തരമറിയാൻ ശബരിയെ നോക്കി….

അവൻ ചിരിച്ചു…..പിന്നെ ഞങ്ങളെ നോക്കിപറഞ്ഞു…

” *വൈദേഹി* …! ”

തുടരും…..

ഈ പാർട്ട് ഒരുപാട് സമയമെടുത്താണ് എഴുതി തീർന്നത് , ജോലി തിരക്ക് കാരണം ഒരുപാട് സമയം ഇതിന് വേണ്ടി ചിലവഴിക്കാൻ കഴിയാത്തതുകൊണ്ട് തുടർച്ച കിട്ടാൻ നന്നേ വിഷമിച്ചു……പലപ്പോളും കഥ എങ്ങനെ കൊണ്ടുപോവണമെന്നു അറിയാതെ എഴുതാൻ നിന്നില്ല …ഒരു തട്ടിക്കൂട്ട് പാർട്ടുമായി ഇത്ര വൈകുമെന്ന് പറഞ്ഞിട്ടും ക്ഷമയോടെ കാത്തിരിക്കുന്ന നിങ്ങൾക്ക് മുൻപിൽ വരാൻ മനസില്ലാത്തതു കൊണ്ടാണ് അത് ……. കഴിയുന്നത്ര നിങ്ങൾക്ക് ഫീൽ പോവാതിരിക്കാൻ വേണ്ടി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്…..ഇഷ്ടപ്പെട്ടെന്നു കരുതുന്നു….ആയാൽ അതെന്നെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…..

ഇനിയുള്ള ഭാഗങ്ങൾ ( എത്ര ഉണ്ടാകുമെന്ന് അറിയില്ല ) ഇതുപോലെ വൈകി വരുന്നതായിരിക്കും…..കഥയുടെ ഫീൽ ഇതുപോലെ നിലനിർത്താൻ എഴുതുമ്പോൾ മൂഡ്‌ വളരെ ആവശ്യമാണ് ആ മൂഡ്‌ ഉള്ളപ്പോൾ മാത്രമേ ഞാൻ എഴുതുകയുള്ളു , കാരണം നിങ്ങൾ ഇത് വായിച്ച് ഇഷ്ടപ്പെട്ടെന്നും ,അത് നിങ്ങളെ സ്വാധീനിച്ചെന്നും പറയുമ്പോൾ എനിക്ക് കിട്ടുന്ന ലഹരി അത് വേറെ ലെവെലാണ് മക്കളെ……..എന്റെ പ്രണയത്തിനോടുള്ള, സൗഹൃദത്തിനോടുള്ള ,

ഈ ലോകത്ത് എന്നെ ചുറ്റിപ്പറ്റികിടക്കുന്ന എല്ലാത്തിനോടുമുള്ള കാഴ്ചപ്പാടുകളാണ് ഞാൻ ഓരോ കഥാപാത്രത്തിലൂടെയും കൊണ്ടുവരുന്നത് …അത് നിങ്ങളെ സ്വാധീനിക്കുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്….

ഇതിലെ ശബരിയുടെ സ്വന്തം y ഈ കഥക്ക് വേണ്ടി കാത്തിരുന്നു എനിക്ക് പ്രോത്സാഹനം തരുന്ന ഒരാളാണ് ….ഇത് ആ വ്യക്തി എനിക്ക് തരുന്ന സ്നേഹത്തിനുള്ള കുഞ്ഞു ഉപഹാരം മാത്രം……

എനിക്ക് വേണ്ടി കാത്തിരുന്ന എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ ഒരിക്കൽക്കൂടി നന്ദി അറിയിച്ചുകൊണ്ട്….

സ്നേഹത്തോടെ

Fire blade 🥰🥰

Comments:

No comments!

Please sign up or log in to post a comment!