കിനാവ് പോലെ 10

കമന്റ്‌ അയച്ച എല്ലാവർക്കും മറുപടി കൊടുക്കാനും ശ്രമിച്ചിട്ടുണ്ട് , വിട്ടുപോയവരുണ്ടെങ്കിൽ ക്ഷമിക്കുക…

ചെറിയ മാറ്റങ്ങളോടെതന്നെയാണ് ഈ ഭാഗവും എഴുതിയിട്ടുള്ളത് , ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ സമർപ്പിക്കുന്നു ….

കിനാവ് പോലെ 10

അച്ഛനെ കണ്ടപ്പോൾ അമ്മു ഒന്ന് പരുങ്ങി , ആ നിൽപ്പിലുള്ള ബുദ്ധിമുട്ട് കൊണ്ടാകാം…പിന്നെ എന്റെ കൈയ്യിനോട് ചേർന്നു നിന്നു….ഞാൻ അവളുമായി അവസാനസ്റ്റെപ് കേറുമ്പോളേക്കും അച്ഛൻ ഞങ്ങൾക്കടുത്തേക്ക് ഇങ്ങോട്ട് വന്നു ……

” അവിടെ പോയിട്ട് എന്ത് ചെയ്യാനാ….നമുക്ക് കുറച്ചു സമയം ഇവിടിരിക്കാം…”

പുള്ളി ഞങ്ങളെ രണ്ടിനേം പിടിച്ചുകൊണ്ടു പറഞ്ഞു…പിന്നെ സ്റ്റെപ്പിറങ്ങി താഴെ പോയി ദേഹം കഴുകി വൃത്തിയാക്കാൻ തുടങ്ങി ..ഞാൻ അമ്മുവിനേം കൊണ്ട് വീണ്ടും നടുവിലുള്ള സ്റ്റെപ്പിൽ വന്നിരുന്നു….അച്ഛൻ കഴുകി കഴിഞ്ഞു മുകളിൽ കേറി ഞങ്ങൾക്ക് താഴെയുള്ള സ്റ്റെപ്പിൽ അമ്മുവിന് അടുത്തായി ഇരുന്നു …

” കൊറച്ചു ദിവസായിട്ട് ഒരു വിവരോം ഇല്ലാരുന്നല്ലോ…! ഒരാൾക്ക് ഇവിടെ ഭക്ഷണോം വേണ്ട , സംസാരോം ഇല്ല , പഠിക്കേം വേണ്ട , അച്ഛനും വേണ്ട അമ്മേം വേണ്ട ഇനീപ്പോ എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യം ….ആലോചിച്ചു ആലോചിച്ചു പ്രാന്താവുമോ എന്നൊക്കെ ഞങ്ങൾ കരുതി …..ലേ കുട്ട്യേ …? ”

അച്ഛൻ അമ്മുവിനെ തട്ടി എന്നോട് പറഞ്ഞു ……ആദ്യമേ കണ്ണ് നിറച്ചു ഇരിക്കുകയായിരുന്ന അവളാണെങ്കിൽ ഞങ്ങൾ ചിരിച്ചു നോക്കുക കൂടി കണ്ടതോടെ കണ്ണിൽ നിന്നും കണ്ണീർ കുടു കൂടാ ഒഴുകാൻ തുടങ്ങി….കരയാതിരിക്കാൻ വേണ്ടിയാകണം തല താഴ്ത്തിപ്പിടിച്ചു ചുണ്ട് കടിച്ചുപിടിച്ചിരുന്നു …..

അത് കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വല്ലാണ്ടായി ….ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അച്ഛൻ ഉള്ളതുകൊണ്ട് ഞാൻ മെനക്കെട്ടില്ല , എന്നാൽ അത് കണ്ടു അച്ഛൻ അവളോട്‌ ചേർന്നിരുന്നു ….

” അയ്യോടാ , അച്ഛന്റെ സുന്ദരികുട്ടിക്ക് സങ്കടായോ …ഞാൻ വെറുതെ പറഞ്ഞതല്ലേ ….നീയിതൊക്കെ ഇങ്ങനെ കാര്യമായിട്ട് എടുക്കാമോ പൊട്ടിപ്പെണ്ണേ …??”

അച്ഛൻ അവളെ കൊഞ്ചിച്ചപ്പോ സത്യത്തിൽ എനിക്ക് നഷ്ടപ്പെട്ടുപോയ എന്തൊക്കെയോ വീണ്ടും മിസ്സ്‌ ചെയ്തു….ഞാൻ മെല്ലെ നോട്ടം മാറ്റി…

അച്ഛന്റെ ആ പറച്ചിൽ കേട്ടാകണം അവൾ അങ്ങേരുടെ നെഞ്ചിൽ ചാരി….

” അച്ചനേം അമ്മേനേം എനിക്ക് വേണ്ടെന്നു തമാശക്ക് പോലും പറയരുത് ട്ടോ….അതും എനിക്ക് സഹിക്കില്ല , എന്നും നിങ്ങളെ എനിക്ക് ഉണ്ടായിട്ടുള്ളൂ , ഈ മനുവേട്ടൻ വരെ ഇപ്പൊ വന്നല്ലേ ഉള്ളൂ……അച്ചനേം അമ്മേനേം ഒഴിവാക്കിയിട്ട് മനുവേട്ടനെയോ , മനുവേട്ടനെ ഒഴിവാക്കിയിട്ട് അച്ചനേം അമ്മയെയുമൊ മാത്രം കിട്ടാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല……എനിക്ക് നിങ്ങൾ എല്ലാരും എന്റെ കൂടെ വേണം , അങ്ങനെയല്ലാതെ ഒരു ജീവിതം എനിക്കുണ്ടാവില്ല ….

പക്ഷെ അതുകൊണ്ട് മനുവേട്ടനെ എനിക്ക് നിങ്ങളെക്കാൾ ഇഷ്ടമുണ്ടെന്നു കരുതരുത് , നിങ്ങളെ രണ്ടുപേരെയും കഴിഞ്ഞേ എനിക്ക് ഈ ലോകത്തിൽ വേറെ ആരുമുള്ളൂ……”

അവൾ അച്ഛന്റെ മുഖം കയ്യിലെടുത്തു അങ്ങനെ പറയുന്നത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ ‘വൗ ‘ എന്നും പറഞ്ഞു കയ്യടിച്ചുപോയി……എന്റെ റിയാക്ഷൻ തികച്ചും സ്വഭാവികമായിരുന്നു….അച്ചനേം അമ്മയേം ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുട്ടിക്ക് എന്നെ എത്രത്തോളം സ്നേഹിക്കാൻ പറ്റുമെന്ന് എനിക്ക് ഊഹിക്കാലോ….

” ശെരി , എന്നാപിന്നെ അച്ഛന്റെ കുട്ടി ഞങ്ങൾക്ക് കുടിക്കാൻ കുറച്ചു സംഭാരം കൊണ്ട് വായോ ….”

അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മകൊടുത്തുകൊണ്ടു പുള്ളി പറഞ്ഞപ്പോൾ സന്തോഷത്തോടെ അവളെണീറ്റു ,എന്നെ നോക്കി ഒരു പുഞ്ചിരി തന്ന് സ്റ്റെപ്പുകൾ പതിയെകേറി പോയി…

” മോനെ ….എന്തുപറ്റി കുറച്ചു ദിവസം .?? ”

അവൾ പോയത്‌ നോക്കിയശേഷം അങ്ങേരെന്നോട്‌ ചോദിച്ചു …

” അങ്ങനെ ചോദിച്ചാൽ വർക്ക് ഉണ്ട് അച്ഛാ, പക്ഷെ ഇങ്ങോട്ട് വരാഞ്ഞത് കുറച്ചു ദിവസം ഗ്യാപ്പിടാൻ വേണ്ടിയാ…എത്രത്തോളം ഇഷ്ടമുണ്ടെന്നു അറിയാലോന്നു വിചാരിച്ചു , ഇപ്പോളും വരേണ്ടതല്ല , രണ്ടു ദിവസായിട്ട് വല്ലാതെ കാണാൻ തോന്നി ……”

ഞാൻ ഒരു നുണ പറയാൻ നിന്നില്ല…..അവളുടെ അച്ഛൻ എന്നതിലുപരി ഒരു സുഹൃത്തിനോട് എന്ന രീതിയിലാണ്‌ ഞാൻ പറഞ്ഞത് ……പുള്ളി ശ്രദ്ധയോടെ ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിരുന്നു …

” മനൂ , എവിടെയാണെങ്കിലും കാത്തിരിക്കാൻ ഒരാളുണ്ടാവുക എന്നതാണ് ജീവിതത്തിൽ ഏറ്റവും വല്ല്യേ സൗഭാഗ്യങ്ങളിലൊന്ന് …..പണ്ട് എനിക്ക് വേണ്ടി കാത്തിരുന്ന എന്റെ അമ്മയെപറ്റി ആലോചിക്കാതെ എത്രയോ വർഷങ്ങൾ അവടേം ഇവടേം അലഞ്ഞവനാണ് ഞാൻ , അതും നഷ്ടപ്പെട്ടുപോയ വേറൊരു ആൾക്ക് വേണ്ടി ….നമ്മൾ മനുഷ്യരുടെ പ്രശ്നം എന്താന്ന് വെച്ചാൽ നമ്മൾ

സ്നേഹിച്ച എന്തിനെങ്കിലും വേണ്ടി നമ്മൾ അറിയാതെ നഷ്ടപ്പെടുത്തുന്നത് നമ്മളെ സ്നേഹിക്കുന്നവരുടെ കാത്തിരുപ്പ് ആയിരിക്കും……നിനക്ക് വേണ്ടി കാത്തിരിക്കാൻ ഇപ്പൊ എന്റെ മോൾ ഉണ്ട് , ഒരിക്കലും ആ കാത്തിരുപ്പ് നീ കാണാതെ പോകരുത് …..ഞങ്ങളെക്കാൾ കൂടുതൽ അവൾ നിന്നെ സ്നേഹിക്കുന്ന ഒരു കാലം വരണം നിങ്ങടെ ജീവിതത്തിൽ , അതിൽ ഞങ്ങൾക് സന്തോഷമേ ഉണ്ടാകൂ …..കാരണം ഇന്നല്ലെങ്കിൽ നാളെ ഈ മണ്ണോടു ചേരാനുള്ളതാണ് ഞങ്ങൾ രണ്ടും , കണ്ണടക്കുമ്പോൾ നിങ്ങൾ സന്തോഷമായി ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി സ്നേഹിച്ചും സുഖമായും കഴിയുന്നു എന്ന സമാധാനത്തിൽ വേണം പോകാൻ……”

പുള്ളി ഇത്രയും പറഞ്ഞു ശബ്ദം ഇടറി ….
പിന്നെ ഒന്നുകൂടി നിശ്വസിച്ചു …ഞാൻ ആകെ തരിച്ചിരുന്നുകൊണ്ടാണ് ഇതെല്ലാം കേട്ടത് …ഞാൻ വന്നു ചേർന്നത് ഒരു കുടുംബത്തിലേക്കല്ല സ്വർഗ്ഗത്തിലേക്കാണെന്നു തോന്നിപ്പോയി …

” കാര്യങ്ങൾ മനസ്സിലായോ മനുവിന് …? ഞാൻ കുറ്റപ്പെടുത്തിയതല്ല ട്ടോ ..”

പുള്ളി എന്റെ നിശബ്ദത കണ്ട്‌ പറഞ്ഞു….ഞാൻ പെട്ടെന്ന് അച്ഛന്റെ കൈ രണ്ടും നെഞ്ചോടു ചേർത്തു ..

” കുറ്റപ്പെടുത്തിയാലും ,തല്ലിയാലും ഒരു പ്രശ്‍നോം ഇല്ല……പക്ഷെ ഞാൻ ചിന്തിക്കുന്നത് അതൊന്നും അല്ല അച്ഛാ , എനിക്കിതിനൊക്കെ ,ഇത്രക്കൊക്കെ അർഹതയുണ്ടോ എന്നൊരു സംശയം ….അമ്മു ,അച്ഛൻ ,അമ്മ നിങ്ങൾ എല്ലാരും കൂടെ എനിക്ക് ഇതുവരെ പരിചയമില്ലാത്ത എന്തൊക്കെയോ കാണിച്ചുതരുവാണ് ……ഞാൻ അർഹിക്കുന്നതിലും കൂടുതൽ എന്തൊക്കെയോ …….അച്ഛാ , സത്യം പറയു , ഞാൻ മതിയോ അമ്മുവിന് ..?? നിങ്ങളുടെ ആഗ്രഹമെല്ലാം നടക്കാൻ എന്നെപ്പോലൊരുവനെ തന്നെയാണോ അവൾക്കു ശെരിക്കും ആവശ്യം…??

ഞാൻ ഇതെല്ലാം ചോദിച്ചത് ആത്മാര്ഥതയോടുകൂടിതന്നെയാണ് …..അത്രയും കൂടുതൽ പരസ്പരം മനസിലാക്കിയ ഒരു കുടുംബത്തിൽ ഞാനൊരു അധികപ്പറ്റാകുമോ എന്നൊരു ചിന്ത എന്നെ കീഴ്‌പ്പെടുത്തി കളഞ്ഞു…..അച്ഛൻ എന്തോ ആലോചിച്ചു….പിന്നെ ഗൗരവത്തോടെ എന്റെ മുഖത്ത് നോക്കി…അമ്മു അപ്പോൾ സംഭാരവുമായി വന്നു ഞങ്ങൾക്കടുത്തിരുന്നു ….

” നീ മതിയോ എന്ന് ചോദിച്ചാൽ നീ ഒട്ടും പോരാ എന്നാണ് എന്റെയും അഭിപ്രായം..”

പുള്ളി എന്റെ മുഖത്ത് നോക്കാതെയാണ് ഇത് പറഞ്ഞത് , എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി ..അമ്മു അച്ഛാ എന്നും വിളിച്ചു അങ്ങേരുടെ കയ്യിൽ പിടിച്ചു…പുള്ളി ആ കൈകൾ വിടുവിച്ചു…അമ്മു നിസ്സഹായായി എന്നെ നോക്കി , ആ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു…ഞാൻ തല താഴ്ത്തി …

” പറയുന്നതുകൊണ്ടൊന്നും തോന്നരുത് മനൂ , നിനക്ക് നിന്നെത്തന്നെ വിശ്വാസമില്ലാത്ത സ്വഭാവമാണ് , ആ നിനക്ക് ഇവളെ തന്നാൽ എങ്ങനെയാ ശെരിയാകാ…..”

അച്ഛൻ അതേ ഗൗരവത്തോടെ ഇതും കൂടി കൂട്ടിച്ചേർത്തപ്പോൾ ഞാൻ നിരായുധനായി…അമ്മു എന്റെ കയ്യിൽ മുറുകെ പിടിച്ചു എന്നെയും അച്ഛനെയും മാറി മാറി നോക്കി…..ഞാൻ എന്ത് മറുപടി പറയുമെന്ന് ആലോചിച്ചു പുള്ളിയുടെ മുഖത്ത് നോക്കി….ഞാൻ അങ്ങോട്ട്‌ ചോദിച്ചു മേടിച്ചതാണെങ്കിലും ഈ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി കളഞ്ഞു..

” എന്താ നോക്കുന്നത് …ഞാനിങ്ങനെ പറഞ്ഞാൽ മതിയോ….??? എനിക്കറിയാം നീ തന്നെ മതി ഇവൾക്കെന്നു ഞാൻ ഇടക്കിടക്ക് പറയുന്നത് കേൾക്കാൻ

വേണ്ടിയല്ലേ ഇങ്ങനെയൊക്കെ പറയുന്നത് .
.അതിനു എന്നെ കിട്ടില്ല , നീ പോയാൽ ഞാനെന്റെ കൊച്ചിന് നിന്നെക്കാളും നല്ലത് നോക്കും ..അത്രേള്ളു ….”

പുള്ളി ഗൌരവം വിട്ട് പുഞ്ചിരിയോടെ പറഞ്ഞു ..എനിക്ക് അപ്പോളാണ് കത്തിയത് …….ഓഹോ , ആക്കിയതാണല്ലേ ..!! അമ്മുവിന് അപ്പോളും സംഗതി മനസിലായില്ല….നിറഞ്ഞു വരുന്ന കണ്ണുമായി അവൾ പേടിയോടെ അച്ഛനെ നോക്കിയിരുന്നു ..

” ഇത്രയ്ക്കു വേണ്ട …..ഇനി ഇങ്ങനെ ചോദിക്കൂല… വേറെ ആർക്കും കൊടുക്കണ്ട ,ഇതിനെ എനിക്ക് തന്നെ വേണം ..”

ഞാൻ ചിരിയോടെ കൈകൂപ്പി കൊണ്ട് പറഞ്ഞപ്പോൾ അമ്മു വീണ്ടും ഏങ്ങലടിച്ചു…

” നീയെന്തിനാടീ ഇങ്ങനെ കരഞ്ഞോണ്ടിരിക്കുന്നത് …നിനക്ക് വേറൊരു പണീം ഇല്ലേ..??”

ഞാൻ അവളോട്‌ ചോദിച്ചു കൊണ്ട് കണ്ണ് തുടച്ചുകൊടുത്തു …

” നിങ്ങൾ രണ്ടാൾക്കും എന്തേലും പറഞ്ഞാൽ മതി , തീ തിന്നുന്നത് മൊത്തം ഞാനാണ്‌…..”

അവൾ ഞങ്ങളെ ദയനീയമായി നോക്കി പറഞ്ഞപ്പോൾ എനിക്കെന്തോ പാവം തോന്നി…കുറച്ചു ദിവസത്തെ ഗ്യാപ് അവളെ വല്ലാതെ ദുര്ബലയാക്കിയെന്നു മനസിലായി….അവൾ കണ്ണും മുഖവും തുടച്ചു ഞങ്ങൾക്കുള്ള സംഭാരം തന്നു…..കുടിച്ചു കഴിഞ്ഞപ്പോൾ പത്രം എടുത്ത്‌ അച്ഛൻ എണീറ്റു …

” നിങ്ങൾ സംസാരിക്ക് , ഞാൻ വീട്ടിലുണ്ടാകും ….”

അമ്മുവിൻറെ കവിളിൽ ഒന്ന് തലോടി എന്നെ നോക്കി ഇതും പറഞ്ഞു പുള്ളി എഴുന്നേറ്റുപോയി…

ഞാൻ ഒരു സ്റ്റെപ് താഴെ ഇരുന്ന് അവളുടെ മടിയിൽ തലവെച്ചു അവളെ നോക്കി …..അവൾ തലമുടിയിൽ പതിയെ തലോടി , ഒരു പഞ്ഞിക്കെട്ടിൽ കിടക്കുന്ന സുഖം തോന്നി…..ആ മസാജ് കൂടി ആയപ്പോൾ ആ മുഖം നോക്കികൊണ്ടുതന്നെ ഒന്ന് കണ്ണടച്ചതാണ് , ആരോ കുലുക്കി വിളിച്ചു …കണ്ണ് തുറന്നു നോകുമ്പോൾ അവളുണ്ട് കെറുവിച്ച മുഖവുമായി എന്നെ നോക്കുന്നു…

” നേരാവണ്ണമൊന്നും സംസാരിച്ചിട്ട് എത്ര ദിവസ്സയെന്നു ഓർമ്മണ്ടോ ഏട്ടന്…??

അവൾ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു …എന്റെ തല അവളുടെ മടിയിലായതിനാൽ ആ ദേഷ്യം അടുത്ത നിന്നും കാണാൻ പറ്റി…

ഞാൻ മറുപടി പറഞ്ഞില്ല ,പകരം ചുണ്ടുകൊണ്ട് ഉമ്മ വെക്കുന്ന പോലെ കാണിച്ചു ….അവൾ മൂക്കിൽ പിടിച്ചു വലിച്ചു…

” ഏട്ടനിപ്പോ വന്നത് എന്റെ മടിയിൽ കിടന്നു ഉറങ്ങാനാണോ അതോ എന്നോട് സംസാരിക്കാനാണോ ..? ”

അവൾ കലിപ്പ് വിട്ടിട്ടില്ല..അതോ ഇനിയിപ്പോ സങ്കടമാണോ ..രണ്ടായാലും രക്ഷയില്ല…..എണീക്കാൻ നോക്കിയപ്പോ അവൾ സമ്മതിച്ചില്ല ,പിടിച്ചു അവിടെത്തന്നെ കിടത്തി….

” നിന്നോട് സംസാരിക്കാൻ തന്നെ ….നീ പറ അമ്മുട്ട്യേ ….എങ്ങനുണ്ടാർന്നു ഇത്ര ദിവസം.
.??”

കാണാതിരുന്ന ദിവസത്തെപറ്റി ഞാൻ അവളോട്‌ ചോദിച്ചു…..അത് കേട്ട് അവൾ ഒന്ന് ദീർഘനിശ്വാസം വിട്ടു…അവളുടെ ശ്വാസത്തിന്റെ ചൂടുകാറ്റ് എന്റെ മുഖത്ത് തട്ടി …

” എന്റെ ജീവിതത്തിൽ ഇത്രേം ഞാൻ വെറുത്ത ദിവസങ്ങൾ വേറെ ഉണ്ടോന്നു സംശയമാണ് ഏട്ടാ……ഏട്ടനെപ്പറ്റി ഓർക്കാത്ത ഒരു നേരം പോലും ഉണ്ടായിട്ടില്ല.., മിസ്സ്‌ ചെയ്തു ചെയ്ത് ചെലപ്പോ സങ്കടം കൂടും ,ആരോടും സംസാരിക്കാൻ പോലും മനസ് വരില്ല…..”

അവൾ എന്റെ ഷർട്ടിന്റെ ബട്ടണിൽ കളിച്ചുകൊണ്ടു പറഞ്ഞു…ഞാൻ ഇതെല്ലാം പറയുമ്പോൾ അടിയ്ക്കടി മാറുന്ന അവളുടെ മുഖഭാവം നോക്കി വെറുതെ കിടന്നു….ഞാൻ കണ്ണിമയ്ക്കാതെ നോക്കുന്നത് കണ്ടു അവൾക്കു എന്തോ വല്ലായ്മ തോന്നി ..

” ന്തിനാ ഏട്ടാ ഇങ്ങനെ നോക്കണേ….??? ”

എന്റെ മുഖത്ത് നോക്കാനുള്ള മടി കൊണ്ട് ഇടക്കിടെ പാളി നോക്കിയാണ് ചോദികുന്നത് …ഞാൻ അവളുടെ മുഖം രണ്ടു കയ്യിലും കോരിയെടുത്തു …

” നിന്നെക്കാണാൻ എന്തൊരു ഭംഗിയാ അമ്മുട്ട്യേ ….!!! ”

നാണത്താൽ കൂമ്പുന്ന മുഖത്ത് നോക്കി ഞാൻ ചോദിച്ചപ്പോൾ തുടുത്ത കവിളുകളുമായി അവൾ കണ്ണുകൾ താഴ്ത്തി….ആ ഒരൊറ്റ ഡയലോഗിൽ അവളുടെ ഭംഗി എത്രയോ ഇരട്ടി കൂടിയതായി എനിക്ക് തോന്നി ….

ഞാൻ വീണ്ടും നോക്കികൊണ്ടിരിക്കുന്നത് കണ്ടു അവൾ കുസൃതിയോടെ എന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചു ….ഞാൻ തടയാൻ പോയില്ല……കുറച്ചു കഴിഞ്ഞു കയ്യെടുത്തപ്പോൾ ഞാൻ പുഞ്ചിരിയോടെ അതേ നോട്ടം നോക്കി , അതുകണ്ട അവൾ വീണ്ടും എന്റെ കണ്ണ് മറച്ചു …..

” അതേയ് ….ഈ മുഖം മാത്രമല്ല നിന്നെ മൊത്തത്തിൽ ഞാൻ വാങ്ങിച്ചിട്ടുണ്ട്……നിന്റെ മുഖം മതിയാകുന്നവരെ കാണാനും കൂടി വേണ്ടിയാണു ഇത്ര ഓടിപ്പിടിച്ചു ഞാൻ വന്നതും ….അതുകൊണ്ട് ഈ പരിപാടി ആണെങ്കിൽ ഞാൻ ഇനി വരുന്നേ ഇല്ല …..”

ഞാൻ അതും പറഞ്ഞു അവളുടെ മടിയിൽ നിന്നും എണീക്കാൻ നോക്കി , അവൾ ബലം പ്രയോഗിച്ചു കിടത്താൻ നോക്കിയെങ്കിലും ഞാൻ എണീറ്റിരുന്നു ….അവൾ ആകെ ധർമസങ്കടത്തിൽ ആയെന്നു മുഖം കണ്ടപ്പോൾ മനസിലായി …..

5 മിനിറ്റ് ഞാൻ സംസാരിക്കാതെ ഇരുന്നപ്പോൾ അവൾ എന്റെ കയ്യെടുത്ത് നെഞ്ചോടു ചേർത്തു….ഞാൻ എന്റെ മുഖം കൃത്രിമമായ അനിഷ്ടത്തോടെ തിരിച്ചു ..

” സോറി ഏട്ടാ……”

അതും പറഞ്ഞു അവളെന്റെ മുഖം അവളുടെ നേരെ തിരിച്ചു…

” ലവ്‌ യൂ സോ മച്ച്…..”

അവൾ എന്റെ കണ്ണിൽ നോക്കി പ്രണയം തുളുമ്പുന്ന മുഖത്തോടെ പറഞ്ഞു…….ഞാൻ പുഞ്ചിരിച്ചപ്പോളാണ് അവൾക് സമാധാനമായത്…..നിലാവ് പോലെ വിടർന്ന ചിരിയോടെ അവളെന്നെ നോക്കി കണ്ണിറുക്കി …..അത് കണ്ടു മയങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു മുഖം തിരിച്ചു ….

” എന്ത് പറ്റി …..പെണക്കം മാറീലെ ..?? ”

അവൾ വീണ്ടും എന്റെ മുഖം അവളുടെ നേരെ തിരിച്ചുപിടിച്ചു ….

” അതൊന്നുമല്ല …എനിക്ക് കണ്ട്രോൾ കിട്ടാത്തോണ്ടു ഞാനൊന്നു മാറ്റിപ്പിടിച്ചതാ…”

ഞാൻ ഉള്ളത് ഉള്ളപോലെ പറഞ്ഞു…അവള്ക്കെങ്ങനെ ഫീൽ ചെയ്താലും കൊഴപ്പമില്ലെന്നു വിചാരിച്ചു …അല്ലപിന്നെ..!! നമ്മളോടാ കളി ..!!

“അയ്യടാ…..കണ്ട്രോൾ ഇപ്പൊ തൽക്കാലം കളയണ്ട , അതിനൊക്കെ നമുക്ക് ഒരുപാട് ടൈമുണ്ട് ട്ടോ …”

അവൾ എന്റെ മൂക്കിൽ മുക്കുരുമ്മിക്കൊണ്ട് പറഞ്ഞു….

” അയ്യേ ….ഞാൻ അതല്ല ഉദേശിച്ചത്‌ …അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതിയെടീ , ഇപ്പൊ ഉമ്മയുടെ കാര്യമാ പറഞ്ഞത് …”

ഞാനും വിട്ടുകൊടുത്തില്ല …ഇത് കേട്ടതോടെ അവൾ വീണ്ടും ചുവന്നു …

” ഛീ …..!! എന്തൊക്കെയാ പറയണേ ….!! ഇങ്ങനാണേൽ ഞാനിനി ഏട്ടനോട് മിണ്ടൂല ….”

അവൾ പറയലും മുഖം കുട്ടിക്കലം പോലെ ആക്കലും കഴിഞ്ഞു …എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു …

” സംഗതിയൊക്കെ ശെരി അമ്മുട്ട്യേ , ഞാൻ നിന്നെ കല്യാണം കഴിക്കുന്നത്‌ എനിക്ക് ഷോക്കേസിൽ കൊണ്ടുപോയി വെക്കാനോ അമ്പലത്തിൽ പ്രതിഷ്ഠിച്ചു പൂജ നടത്താനോ ഒന്നുമല്ല , നമ്മളും കുഞ്ഞുങ്ങളും ഒക്കെയായി സ്നേഹിച്ചും തല്ലുകൂടിയും ഒക്കെ ജീവിക്കാൻ വേണ്ടിയാ ….ഇതൊക്കെ അതിൽ പെടും …അത് മോൾ മറക്കണ്ട …”

ഞാൻ കുറച്ചു കടുപ്പിച്ചുതന്നെ പറഞ്ഞു …..അല്ലെങ്കിൽ ചെലപ്പോ അതിനു കാര്യം മനസ്സിലായെന്നു വരില്ല …അവൾ എന്റെ മുഖത്ത് നോക്കി , ഒരു മറുപടിയൊന്നും തന്നില്ല….ഞാൻ അവളുടെ കൈ രണ്ടും ചേർത്തുപിടിച്ചു കണ്ണിൽ നോക്കി ….

” അമ്മൂ ……എന്താ ഒന്നും പറയാത്തെ …?? ഞാനെന്നും എന്റെ മനസ് നിന്റെ മുൻപിൽ തുറക്കാൻ ഒരു കാരണമുണ്ട് …, ഒരുപാട് ആളുകൾ പറയും പ്രേമിക്കുമ്പോൾ രണ്ടുപേർക്കും ഉണ്ടാകുന്ന സ്വഭാവമായിരിക്കില്ല കല്യാണത്തിന് ശേഷമെന്ന് ….സാഹിത്യത്തിൽ പറഞ്ഞാൽ പ്രണയം ഒരു ഇമാജിനറി ലോകവും ,വിവാഹജീവിതം ഒരു റിയാലിറ്റിയും ആണെന്ന്….. പക്ഷെ നമ്മുടെ അങ്ങനെ വേണ്ട , നമുക്ക് എന്നും ഇങ്ങനെ മതി , ഇതേ പ്രണയം , ഇതേ മാനസികാവസ്ഥ , ഇതിനെക്കാൾ അടുപ്പം അങ്ങനെ അങ്ങനെ ……ഇടക്ക് നമുക്ക് പെണങ്ങണം , എന്നിട്ട് അതിനെക്കാൾ കൂടുതൽ കൂടുതൽ സ്നേഹിച്ചു മത്സരിക്കണം …..ഞാൻ എന്തായാലും ഒന്ന് പരിശ്രമിക്കാൻ പോകുവാണ് , എന്തിനാണെന്നറിയാമോ നിനക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം എന്നോടാവാൻ , അച്ഛനെക്കാൾ അമ്മയേക്കാൾ ഏട്ടനോടാണിഷ്ടം എന്ന് നിന്റെ നാക്കിൽ നിന്നു എനിക്ക് കേൾക്കണം ….”

ഞാൻ ഇത് പറയുമ്പോൾ അവൾ അത്ഭുതവും സ്നേഹവും കൂടിയൊരു ഭാവത്തോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയാരുന്നു ….പിന്നെ എന്നെ വീണ്ടും മടിയിൽ കിടത്തി എന്റെ വായ അവളുടെ കൈ വെച്ചു മറച്ചു നെറ്റിയിൽ ഒരു ഉമ്മ തന്നു …അവളുടെ ചുണ്ടുകളുടെ നനുത്ത സ്പർശം ഞാൻ കണ്ണുകളടച്ചു മനസ് നിറയെ ആസ്വദിച്ചു….

” ഈ നെറ്റിയിൽ നിന്നും ചുണ്ടിലേക്ക് ഒത്തിരി ദൂരമുണ്ടോ അമ്മുട്ട്യേ ..??”

ഉമ്മ തന്നു മുഖം പൊന്തിക്കുകയായിരുന്ന അവളോട്‌ ഞാൻ പ്രണയാതുരമായി ചോദിച്ചു….അവൾ വീണ്ടും മുഖം താഴ്ത്തി എന്റെ ചുണ്ടിനോട് തൊട്ട് അവളുടെ ചുണ്ട് കൊണ്ടുവന്നു, പിന്നെ എന്റെ കണ്ണിലേക്കു തന്നെ നോക്കി …..

” വെറും ഒരു രണ്ടു വർഷത്തിന്റെ ദൂരം കൂടി മാത്രേ വരൂ ഏട്ടാ …..അതുവരെ എന്റെ ഏട്ടൻ ക്ഷമിക്കണം , എന്നെ കൊണ്ട് കഴിയില്ല..”

ഞാൻ ഉദേശിച്ച ഉത്തരമാണെങ്കിൽ കൂടി അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ ചുണ്ടുകളിൽ തട്ടുമ്പോൾ നെഞ്ചിൽ കുളിർമഴ പെയ്തു ….ഞാൻ എന്റെ മേലേക്ക് വീണ അവളുടെ നീണ്ട മുടിയിഴകളിൽ തലോടി….അവൾ മുഖം പൊക്കി ആ മുത്തുകൾ പോലെയുള്ള പല്ല് കാണിച്ചുചിരിച്ചു …

” എടീ …നീയൊന്നു വാ തുറന്നേ ..”

ഞാൻ അവളുടെ താടിയിൽ പിടിച്ചു …അവൾ അമ്പരന്നു എന്നെ നോക്കി ..

” വാ തുറക്കേ …? എന്തിന് ..?? ”

അവൾ നാക്ക് കൊണ്ട് സ്വയം വായിലൂടെ ഓടിച്ചുനോക്കി എന്നെ സംശയത്തോടെ നോക്കി …എനിക്ക് ചിരി വന്നു ..

” പൊട്ടത്തിപ്പെണ്ണേ , നിന്റെ പല്ലുകൾ കാണാൻ വേണ്ടിയാ…നിന്റെ പല്ലൊക്കെ കാണാൻ എന്തൊരു ഭംഗിയാ…!! ”

ഞാൻ പറയുമ്പോൾ അവളുടെ മുഖം സംശയത്തിൽ നിന്നും കുസൃതിയിലേക്ക് മാറി ..

” അയ്യടാ , അങ്ങനിപ്പോ കാണണ്ടാ ..എന്നെ കളിയാക്കിയതാല്ലേ…!! ”

അവൾ കെറുവിച്ചുകൊണ്ടു പറഞ്ഞു …..

” അയ്യോ എന്റെ പൊന്നേ , ഞാൻ കളിയാക്കിയതല്ല……നീ ഗമ കാണിക്കാതെ ഒന്ന് തുറക്ക്….അമ്മൂന്റെ എട്ടനല്ലേ ചോദിക്കുന്നെ ..പ്ലീസ്‌..!!”

ആദ്യമാദ്യം സമ്മതിക്കാതെ തലയാട്ടിയിരുന്ന അവൾ അവസാനത്തെ എന്റെ ഡയലോഗിൽ വീണു…..പിന്നെ മടിച്ചുമടിച്ചു വാ തുറന്നു…

ഭംഗിയായി അടുക്കിവെച്ചതുപോലെ ഉള്ള വെള്ള പല്ലുകൾ ..താഴ്‌വരിയിലും മേൽ വരിയിലും എല്ലാം ഒരേ നിരയിൽ മുത്തുകൾ പോലെ…ഒന്നിന് പോലും കേടോ ഒരു നിറംമാറ്റം പോലും ഇല്ല….ശെരിക്കും ഞാൻ അത്ഭുതപ്പെട്ടു….അവൾ വാ അടച്ചു ഒന്ന് ഉമിനീരിറക്കി ….പിന്നെ എന്റെ കവിളിന്റെ രണ്ടു ഭാഗത്തും നുള്ളിപ്പിടിച്ചു ..

” ഇതൊക്കെ എന്തിനാ ഏട്ടാ നോക്കണേ…? ”

അവൾ നേരത്തെ ഉണ്ടായിരുന്ന സംശയത്തിൽ ചോദിച്ചു ..

” നീ പണ്ട് ചോക്ലേറ്റ് ഒന്നും തിന്നിട്ടില്ലേ അമ്മൂ..? ”

ഞാൻ മറുപടി ചോദ്യമാണ് ചോദിച്ചേ…

” എനിക്കിഷ്ടമല്ല ചോക്ലേറ്റ്…..പണ്ടും ഇല്ല ,ഇപ്പളും ഇല്ല…..”

അവൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ പറഞ്ഞു ….

” നീ ചിരികുമ്പോളെല്ലാം ഞാൻ വിചാരിച്ചിരുന്നു ഒരു ദിവസം ഇങ്ങനെ കാണണമെന്ന്…..ഒരു ഇഷ്ടം ..!! നിന്റെയല്ലാതെ നാട്ടിലെ വേറെ പെണ്ണുങ്ങളോടൊന്നും ഇങ്ങനെ ചോയ്ക്കാൻ പറ്റില്ലല്ലോ മോളെ…”

ഞാൻ അവളുടെ മുഖത്ത് കൈവെച്ചു പറഞ്ഞു….പിന്നെ എണീറ്റിരുന്നു ..

” ശെരി , അതൊക്കെ പോട്ടെ ….നീ ഇന്നു വൈകീട്ട് നിത്യെടെ വീട്ടിലൊക്കെ പോയി അവളേം കൊണ്ട് നമ്മുടെ വീട്ടിലും വായോ ട്ടോ….

ഞാൻ അവളോട്‌ പറഞ്ഞപ്പോൾ അവൾ ശങ്കയിൽ എന്റെ മുഖത്ത് നോക്കി ..

” അയ്യോ ….അതെന്തിനാ ഏട്ടാ ..?? ”

നഖം കടിച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു …അവളുടെ ഉള്ളിലെ ടെൻഷൻ അതിൽ നിന്നുതന്നെ എനിക്ക് മനസിലായി …ഞാൻ ആ കൈ തട്ടിമാറ്റി ..

” നഖം കടിക്കാതെടീ ……നീ വരണമെന്ന് പറയുന്നത് എന്തിനാണെന്ന് വെച്ചാൽ ഇടക്ക് അങ്ങോട്ടൊക്കെ വന്നു അമ്മയോട് ഒരു ബന്ധം ഉണ്ടാക്കിയെടുക്ക് …..ഒരു അമ്മായിയമ്മയെ പരിചയപ്പെടുന്ന പോലെ പോവരുത് , നീ നിന്റെ സാധാരണ പോലെ ചെയ്തോ ..”

ഞാൻ അവളെ ഒന്ന് ബൂസ്റ്റ്‌ ചെയ്യാൻ പറഞ്ഞു…അവൾ തലകുലുക്കി സമ്മതിച്ചു …

” ഞാൻ വൈകീട്ട് നിത്യയേം കൂട്ടി വരാം…5 മണിയൊക്കെ ആവുമ്പോളേക്ക് എത്താം ….ഇനിപ്പോ അവൾ വരൂലേ ആവൊ ..!!”

അവൾ ആലോചനയോടെ എന്നോട് പറഞ്ഞു …..

” അതൊക്കെ വരും , അവളോട്‌ കാര്യം പറഞ്ഞാൽ മതി….”

ഞാൻ സമാധാനിപ്പിച്ചു …അവൾ ആശ്വാസത്തോടെ നിശ്വസിച്ചുകൊണ്ടു തലയാട്ടി …….

” വരുമ്പോൾ നീ എന്തായാലും നിന്റൊരു തൂവാല കൂടി എടുക്കണം ….”

ഞാൻ അത് പറഞ്ഞപ്പോൾ വീണ്ടും അവൾ അന്തം വിട്ടു..

” ഈ എട്ടാണിതെന്താ പറ്റിയത് …!! ഇനീപ്പോ തൂവാല എന്തിനാ..?? ”

അവൾ എന്നോട് ചേർന്നിരുന്നു കൈയിൽ പിടിച്ചമർത്തിക്കൊണ്ടു ചോദിച്ചു …

” അത് നീ നടന്നല്ലേ വരണത് , അപ്പൊ നിന്റെ വിയർപ്പിന്റെ മണമുണ്ടാവൂലോ അതിനു ….! അതെനിക്ക് സൂക്ഷിച്ചു വെക്കാനാണെടീ…!!

ഞാൻ പറയുന്നത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു….

” ഞാൻ ഇന്നാള് എന്റെ അവസ്ഥ കണ്ടു സ്വയം കരുതീത് എനിക്ക് വട്ടാണെന്നാണ്…….പക്ഷെ ഇപ്പൊ മനസിലായി കാണാണ്ടിരുന്നപ്പോ ശെരിക്കും വട്ടായത് എന്റെ ഏട്ടനാണ്……അല്ലേങ്കിപ്പിന്നെ ഇങ്ങനൊക്കെ ഓരോന്ന് ചോദിക്കുമോ..!!”

അവൾ ഇതും പറഞ്ഞു മുഖം പൊത്തി വീണ്ടും ചിരിച്ചു…..എനിക്കെന്തോ അതൊക്കെ കേട്ട് വിഷമം പോലെ തോന്നിയപ്പോൾ ഞാൻ ഒന്നും മറുപടി പറഞ്ഞില്ല …..പോകാമെന്ന് പറഞ്ഞു എണീറ്റു .. പിന്നെ ഞങ്ങൾ വീട്ടിലേക്കു നടന്നു ….ഉമ്മറത്ത്‌ അച്ഛനും അമ്മയും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു …സമയം 12 മണിയായിട്ടുണ്ട്..

” ഊണ് കഴിഞ്ഞു പോവാംട്ടോ മനു ……”

അമ്മ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല …

” അയ്യോ , അത് വേണ്ട അമ്മേ , കൊറേ ദിവസത്തിന് ശേഷം വന്നതല്ലേ , എന്റെ അമ്മ പ്രശ്നമാക്കും …”

ഞാൻ കാര്യം തുറന്നു സമ്മതിച്ചു …അത് കേട്ട് അവർ ചിരിച്ചു …

” അമ്മേനെ നല്ല പേടിയാണല്ലേ …?? ”

അമ്മ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാൻ ചുമ്മാ ചിരിച്ചുകൊടുത്തു ….പേടിയെക്കാൾ എനിക്ക് ചടപ്പാണ് , അമ്മക്ക് മനസ്സിൽ എന്തെങ്കിലും പെട്ടാൽ അത് കഴിയുന്ന വരെ ചെവി തിന്നോണ്ടിരിക്കും ….അതിനെക്കാളും അടിയോ ,ചീത്തയോ ആണെങ്കിൽ ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യാം …ഇതൊന്നും ഇവരോട് പറഞ്ഞു മനസിലാക്കാൻ പറ്റില്ലല്ലോ …..മൗനം വിദ്ധ്വാന് ഭൂഷണം ..!!!

” എന്നാപിന്നെ ഞാൻ ഇറങ്ങട്ടെ …..അച്ഛാ അമ്മുവിനെ വൈകീട്ട് ഒന്ന് വീട് വരെ വിടണംട്ടോ …”

ഞാൻ ഇറങ്ങുന്ന സമയം അച്ഛനോട് പറഞ്ഞു …അച്ഛൻ ചിരിയോടെ തലയാട്ടി …അമ്മു ചിരിയോടെ അടുത്തുവന്നു കൈകെട്ടി ഞാൻ ബൈക്കിൽ കേറുന്നത് നോക്കി നിന്നു…ഞാൻ അവളെ ഒന്ന് നോക്കി , ബൈക്കെടുത്തു ശ്രദ്ധയോടെ തിരിച്ചുപോന്നു ….

വീട്ടിലെത്തി കുറച്ചു സമയം റെസ്റ്റെടുത്ത ശേഷം അയല മീനും കൂട്ടി കുറേ നാളുകൾക്ക് ശേഷം വീട്ടിൽ നിന്നും നല്ലൊരു ഊണ് കഴിച്ചു…..വീട്ടിലെ ഊണിന്റെ ടേസ്റ്റ് വേറെ ലെവലാണ്….അത് നമുക്ക് മനസിലാകാൻ കുറച്ചുദിവസം വേറെ എവിടെയെങ്കിലും പോയി താമസിച്ചാൽ മതി……വയറു നിറച്ചും ഊണ് കഴിച്ചു ഞാൻ നന്നായിട്ടൊന്നു ഉറങ്ങി…..

4 മണിയൊക്കെ ആയപ്പോളാണ് എണീറ്റത് പിന്നെ ചായ കുടിച്ചു തിണ്ണയിൽ ഇരുന്നു….ശബരിയുടെ അസാന്നിദ്ധ്യം ചെറുതായി വിഷമിപ്പിക്കാതിരുന്നില്ല …വെറുതെയല്ല ഇവരൊക്കെ ഇങ്ങനെ പറയണത് …..കോളേജിലെ തെരക്കിനിടക്ക് മറ്റുള്ള കാര്യങ്ങൾ ഓർക്കുന്നത് വളരെ അപൂർവമാണ്.., പക്ഷെ ഇവിടെ കുറച്ചുസമയം വെറുതെ ഇരുന്നപ്പോൾ അവനെ പെട്ടെന്ന് ഓർമ വന്നു…..

ഇനി എന്നാണാവോ ചെങ്ങായീന്റെ വരവ്….,ഇനി കോഴ്സ് കഴിഞ്ഞു അവിടെതന്നെ ജോലി ചെയ്യാണോ ഇങ്ങോട്ട് വരണോ എന്നുള്ളത് അവനിനിയും തീരുമാനിച്ചിട്ടില്ല ….അവൻ Mba ചെയുന്നത് മാർക്കറ്റിങ്ങിലാണ് , അവനു ഏറ്റവും ചേരുന്നതു അതാണെന്ന് പറഞ്ഞാണ് അത് തന്നെ തിരഞ്ഞെടുത്തത് ……വിദ്യഭ്യാസ ലോണൊക്കെ എടുത്ത്‌ പ്രെസിഡെൻസി എന്ന് പേരുള്ള കിടിലൻ കോളേജിലാണ് അവൻ പഠിക്കുന്നത്……ഞങ്ങൾ അവസാനം കണ്ടത് കഴിഞ്ഞ ഓണക്കാലത്താണ് , അതിപ്പോൾ 6 മാസമായി …..ഓർമ്മ വെച്ചിട്ട് ഇത്രയും കാലം വിട്ടുനിൽക്കുന്നതും കാണാതിരിക്കുന്നതും ആദ്യമായാണ് ….., അവൻകോഴ്സിന് പോയതോടുകൂടി ഞാൻ ക്രിക്കറ്റ്‌ കളിയും നിർത്തിവെച്ചു …കോഴ്സ് തുടങ്ങുന്നതുവരെ നാട്ടിലെ കളിക്ക് പോലും പോയില്ല …, …ആ സമയം കഴിയുന്നതും വീട്ടിൽ തന്നെ ചിലവഴിക്കും , ആൽത്തറയിൽ ഇരിക്കാൻ മാത്രമാണ് പോയിരുന്നത് …..

B ed കോഴ്സ് തുടങ്ങിയതുമുതൽ ക്രിക്കറ്റ്‌ പിന്നെ ഒരു സ്വപ്നം മാത്രമായി മാറി , അതിനുള്ള കാരണം ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ …..പണ്ടത്തെ സ്റ്റാമിനയും , കളിക്കാനുള്ള കഴിവും ഓർമ്മകൾ മാത്രമായി മാറി…

ഡിഗ്രി അവസാന വര്ഷമായപ്പോളേക്കും ഞങ്ങളുടെ കോളേജ് ടീം മികച്ച

പ്രകടനം നടത്തിയിരുന്നു …..ഒരുപാട് യൂണിവേഴ്സിറ്റി ലെവൽ കളികളിൽ നല്ല പ്രകടനം നടത്താൻ ഞങ്ങൾക്ക് പറ്റിയിരുന്നു…..ശബരി ജില്ല ടീമിന്റെ സെലക്ഷന് പോയിരുനെങ്കിലും കിട്ടിയില്ല , ഞാൻ ആദ്യമേ അതിനു നിന്നില്ല…..പക്ഷെ അവനു കോളേജിൽ കളിക്കാൻ പറ്റുന്നുണ്ട് , അവിടെ ടീമിലും അവൻ കളിക്കാറുണ്ട് ….കൂടാതെ അന്ന് തുടങ്ങിവെച്ച കിക്ക് ബോക്സിങ് ഇപ്പോളും തുടരുന്നുണ്ടെന്ന് പറഞ്ഞിരുന്നു… …ഒന്നും ഇടക്ക് നിർത്താൻ വേണ്ടി അവനൊന്നും തുടങ്ങാറില്ല , താൽപ്പര്യങ്ങൾ എപ്പോളും കൊണ്ടുനടക്കും…..അവിടെ എത്രയെണ്ണത്തിന്റെ എല്ലൊടിച്ചോ എന്തോ..!! ”

ചിന്തിച്ചു കിടക്കുന്നതിനിടയിലാണ് മഞ്ജിമ അടുത്തു വന്നത്…

” ടാ ഏട്ടാ……അമ്മുവിനെ കണ്ടില്ലേ ..? ”

അവൾ വന്നു സ്വകാര്യം ചോദിച്ചു…ഞാൻ കൈ കൊണ്ട് മിണ്ടരുതെന്നു കാണിച്ചു , പിന്നെ അമ്മ എവിടെയെന്നു ആംഗ്യത്തിൽ ചോദിച്ചപ്പോൾ അവൾ അലക്കുകയാണെന്നു പറഞ്ഞു….എനിക്ക് ആശ്വാസമായി ..

” രാവിലെ പോയി കണ്ടിരുന്നെടീ…..ചെലപ്പോ ഇങ്ങോട്ടിപ്പോ വരും…..”

ഞാൻ സ്വകാര്യമായിത്തന്നെ മറുപടി പറഞ്ഞു…..അവൾ അന്തം വിട്ടു…

” ഇങ്ങോട്ടോ…..അതെന്തിനാ ..?? ”

അവൾ എന്നോട് ചോദിച്ചു …

” അമ്മയുമായും നമ്മുടെ വീടുമായും ഒരു ബന്ധം ഉണ്ടായിക്കോട്ടെ………ആവശ്യം വരും…”

ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കികൊണ്ടു തലയാട്ടി….

” മ്മ്മം……..പ്ലാനിംഗ് ആണല്ലേ…?? നടക്കട്ടെ നടക്കട്ടെ ………”

എന്നെ ആക്കികൊണ്ടു അവൾ പറഞ്ഞു….

” എടീ കോപ്പേ ….നീ അവർ വരുമ്പോൾ നീ വിളിച്ചിട്ട് വന്നതുപോലെ കാണിച്ചാൽ മതിട്ടോ…”

അവളോട്‌ കെഞ്ചിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ കുറച്ചു ഗമയിട്ട് നിന്നു…

” ആ ….നോക്കട്ടെ …..ആലോചിക്കാം…,!!

അവൾ ആലോചന അഭിനയിച്ചുകൊണ്ടു പറഞ്ഞു…ഇടക്കിടെ എന്നെ ഇടംകണ്ണിട്ട് നോക്കുന്നതും കള്ളചിരിയും കൂടി കണ്ടപ്പോൾ സാഹചര്യം ചൂഷണം ചെയ്യാനുള്ള പുറപ്പാടാണെന്നു മനസിലായി….എന്തായാലും വേറെ നിവൃത്തിയില്ലല്ലോ …പക്ഷെ അവളൊന്നും ചോദിച്ചില്ല , പകരം അഞ്ജുവിനെ വിളിച്ചു വരാമെന്ന് പറഞ്ഞു പോയി….പത്തുമിനിറ്റ് കഴിഞ്ഞു അവർ രണ്ടും കൂടെ തിരിച്ചുവന്നു…പിന്നെ ഞങ്ങൾ ചുമ്മാ കത്തിയടിച്ചിരുന്നു….

കുറച്ചു സമയം കഴിഞ്ഞപ്പോൾ നിത്യയും അമ്മുവും വീട്ടിൽ വന്നു….സംഗതി അറിയാമെങ്കിലും അവൾ വന്നതോട് കൂടി എനിക്കകെകൂടി പരവേശം തോന്നി….അമ്മ ശ്രദ്ധിക്കുന്നുണ്ടോ ,ഞാൻ സ്വഭാവികമായി പെരുമാറുകയാണോ , ഓവർ ആണോ അങ്ങനെ എനിക്ക് തന്നെ സ്വയം വിലയിരുത്താൻ പറ്റാത്ത ഒരു അവസ്ഥ…..

കേറി വരുമ്പോൾ ഇത്തിരി ടെൻഷൻ ഉണ്ടെന്ന് തോന്നിയിരുന്നെങ്കിലും അമ്മു പിന്നീട് ആ ഒരു സന്ദര്ഭത്തിനോട് ചേർന്നു നിന്നു…..അമ്മ അവൾ വന്ന സമയത്ത് ബാത്റൂമിന്റെ ഉള്ളിലായിരുന്നു , പുറത്ത് വന്നു നോക്കുമ്പോൾ എല്ലാവരും കൂടി സംസാരിച്ചോണ്ടിരിക്കുകയായിരുന്നു ….

” നീ ഇങ്ങോട്ടൊക്കെ വന്നിട്ട് കൊറേ ആയല്ലോ നിത്യേ…..വഴി മറന്നിട്ടല്ല ല്ലേ….അതോ ഇനി ഇവൻ ഇവിടില്ലാത്തതു കൊണ്ടാണോ ….? ”

അമ്മ കണ്ടപ്പാടെ അവൾക്കിട്ട് കൊട്ടുകൊടുത്തു ….അവൾ ചിരിച്ചുകൊണ്ട് അമ്മുവിനെ നോക്കി….അമ്മ അമ്മുവിനടുത്തു ചെന്നു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ തഴുകി …എന്റെ ഉള്ളിൽ ഒരു തണുപ്പ് തോന്നി ..

” അതൊന്നുമല്ല …..ഇത്രേം ദൂരം പോയിവന്നിട്ട് പിന്നെ എങ്ങും പോവാൻ തോന്നാത്തതുകൊണ്ടല്ലേ ….!! ”

നിത്യ ചിണുങ്ങിക്കൊണ്ടു അമ്മയോട് പറഞ്ഞു …

” ഞങ്ങൾ കൊറേ ദിവസായി അവരോടു രണ്ടാളോടും ഇങ്ങോട്ടൊക്കെ വരാൻ പറഞ്ഞിട്ട്……ഇന്നെങ്കിലും വന്നല്ലോ…!!”

മഞ്ജിമ ഇടയിൽ കേറി പറഞ്ഞു…..

ഞാൻ ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്നതായി കാണിക്കാതെ ഉമ്മറത്ത്‌ ഇരുന്നു …

” ഓഹ് ….അതായിരുന്നല്ലേ ..?? ശെരി ,നിങ്ങൾ ഇരിക്ക് ഞാൻ ചായ ഉണ്ടാക്കി വരാം ….”

അതും പറഞ്ഞു അമ്മ ഉള്ളിലേക്ക് പോയപ്പോൾ അമ്മു എണീറ്റ്‌ ഞാനും വരാം എന്ന് പറഞ്ഞു കൂടെ കൂടി….അമ്മ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾ നിര്ബന്ധം പിടിച്ചു ഉള്ളിൽ പോയി …….അതോടെ മൂന്ന് പെണ്ണുങ്ങളും കൂടി എന്നെ തിന്നാൻ തുടങ്ങി….നിത്യ എണീറ്റു എന്റെ അടുത്തു വന്നിരുന്നു ….പിന്നെ സ്വകാര്യം പറയാനായി എന്റെ ചെവി അവൾക്കടുത്തേക്ക് വലിച്ചു…

” അതേയ് …മണിയടിക്കേണ്ട രീതി രാവിലെ ക്ലാസ് കൊടുത്തിട്ടുണ്ടാകും ലേ …?? ”

അവൾ കുസൃതിച്ചിരിയോടെ എന്നോട് ചോദിച്ചു….

” ഓ…പിന്നെ , എനിക്കതായിരുന്നല്ലോ അവിടെ പോയിട്ട് പണി….നീ പോടീ കോപ്പേ ..!! ”

ഞാൻ പുച്ഛത്തോടെ പറഞ്ഞിട്ട് മുഖം വെട്ടിച്ചു …..അവൾ വീണ്ടും ചെവി കൊണ്ടുപോയി..

” അതല്ലെങ്കിൽ പിന്നെ വേറെന്തായിരുന്നു പണി….സത്യം പറയണം , ഇന്നും കുളപ്പടവിലായിരുന്നെന്നു അവളെന്നോട് പറഞ്ഞിരുന്നു …..എന്റെ കൊച്ചിനെ ചീത്തയാക്കരുത് ട്ടോ ..”

അവൾ കുസൃതി ചിരി മായാതെ എന്നോടിത് പറഞ്ഞപ്പോൾ ഞാൻ കുറച്ചു ദേഷ്യത്തോടെ അവളെ നോക്കി ……

” തോന്നിവാസം പറയുന്നോടീ കുരങ്ങെ …….”

ഞാൻ അവളുടെ ചെവിപിടിച്ചു തിരിച്ചു ….അവൾക്കത് വേദനിച്ചിട്ടുണ്ട് , ….അവൾ ഞെട്ടി ചാടിയതിൽ നിന്നും എനിക്കത് മനസിലായി …

“അയ്യോ ….വിട് …..വിട്…” അവൾ കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു എന്നോട് കെഞ്ചി ….

“നിങ്ങക്ക് തോന്നിവാസം ചെയ്യാം , എനിക്ക് പറയാൻ പറ്റൂല ലേ …??”

ചെവി വിട്ടപ്പോൾ അവൾ കെറുവിച്ചുകൊണ്ടു ചോദിച്ചു ….

” തോന്നിവാസം ചെയ്തോ …ആര് ….എപ്പോ…? ”

പെങ്ങന്മാർ cid പണി തുടങ്ങി ….അവർ എണീറ്റ്‌ ഞങ്ങടെ അടുത്തു വന്നു ചോദ്യം തുടങ്ങി …ഞാൻ നിത്യയോട്‌ അവൾ പറയുന്നതിനിടക്ക് മിണ്ടരുതെന്നു ആംഗ്യം കാണിച്ചത്‌ അവർ കണ്ടതുകൂടി ചെയ്തതോടെ പ്രശ്നം സങ്കീർണമായി ……ഞാൻ എന്ത് ചെയ്യുമെന്നറിയാതെ ഉഴറി …..

“അതൊക്കെ ഉണ്ട് മക്കളെ ….നിങ്ങടെ ഈ ഏട്ടൻ കാണുന്ന പോലെ അത്ര പാവോന്നും അല്ല… ..ഉണങ്ങിയ കാമദേവനാണ് …കള്ളൻ !!!!”

അവൾ എന്റെ കവിളിൽ നുള്ളിക്കൊണ്ടു അവരോടായി പറഞ്ഞു ..

” ദേ ….ഇല്ലാത്ത കാര്യങ്ങൾ പറയല്ലേട്ടോ നിത്യേ ….നീ എന്റെൽന്നു മേടിക്കും …..”

ഞാൻ അവളെ ഭീഷണിപ്പെടുത്തി നോക്കി…അത് പക്ഷെ കൂടുതൽ കുളമായി …

” ഇല്ലാ കഥയോ…!! അന്ന് ഞാനുള്ളപ്പോ നിങ്ങൾ കാണിച്ചത് എനിക്ക് നല്ല ഒര്മയുണ്ട് …ഇന്നു ഒറ്റക്കാവുമ്പോ അതെങ്കിലും ചെയ്യണ്ടിരിക്കുമോ …!!”

അവൾ മെല്ലെയാണ് പറഞ്ഞതെങ്കിലും പെങ്ങന്മാർ കേട്ടിട്ടുണ്ടാവുമെന്നു എനിക്കുറപ്പായി …കാരണം അത്രക്കും ശ്രദ്ധ കൂർപ്പിച്ചാണ് അവർ ഇരിക്കുന്നത് തന്നെ ..

എന്റെ കിളി പോയി ……പെങ്ങന്മാർ രണ്ടും കൂടെ നിത്യയെ മാറ്റിനിന്നു സംസാരിച്ചു ….ഇടക്കിടെ ഇങ്ങോട്ടുള്ള നോട്ടവും ,ചിരിയും കണ്ടപ്പോൾ ഭൂമി താഴ്ന്നു പോയിരുന്നെങ്കിൽ എന്നായിപ്പോയി ….

നിത്യ പെങ്ങന്മാരെക്കൊണ്ട് എനിക്കുള്ള പാര വെക്കാൻ പോയി , അമ്മയും അമ്മുവും അടുക്കളയിൽ ……ഇവർ തമ്മിൽ എന്തൊക്കെ സംസാരിക്കുമെന്നോ അതിന്റെ ഭാവി എന്താകുമെന്നോ അറിയാതെ അന്തം വിട്ട് ഏകനായി ഞാനും ….ഇതിനാണോ ഈശ്വരാ ചെകുത്താനും കടലിനും ഇടയിൽ എന്ന് പറയുന്നത്….!!

ആ സമയത്താണ് അമ്മയും അമ്മുവും ചായയുമായി അങ്ങോട്ട്‌ വന്നത്, ഒരു പ്ലേറ്റിൽ പൂവടയും ഉണ്ടായിരുന്നു …എന്റെയൊരു ഇഷ്ടപ്പെട്ട സാധനമാണ് ഈ പറഞ്ഞ ഐറ്റം . …, .അവർ രണ്ടുപേരും എന്തോ പറഞ്ഞു ചിരിച്ചുകൊണ്ടാണ് വന്നത് ….അപ്പൊ സംസാരം മാത്രമല്ല ഇത് ഉണ്ടാക്കാനുള്ള സമയം കൂടി എടുത്തതായിരിക്കും ….പെണ്ണുങ്ങൾ മൂന്നും പെട്ടെന്ന് സംസാരം നിർത്തി ഉമ്മറത്തേക്ക് വന്നു ……..പെങ്ങന്മാർ തെണ്ടികൾ ഒരു മറ്റേടത്തെ ചിരി ചിരിക്കുന്നുണ്ടോ എന്നൊരു സംശയം തോന്നിയെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തില്ല….

ചെറിയ കുശലങ്ങളുമായി ചായ കുടി ആരംഭിച്ചു …

” ഇന്നത്തെ ചായയും കടിയും അമ്മു വകയാണ്….കുറ്റം പറയാനുള്ളവർ അവളോട്‌ പറയുക…….”

അമ്മ ആദ്യമേ പറഞ്ഞുകൊണ്ടാണ് എല്ലാർക്കും ചായ കൊടുത്തത് …..അമ്മു ചിരിയോടെ കൈകെട്ടി നോക്കിനിന്നു ……ഞാൻ അവളെ നോക്കി കണ്ണിറുക്കിക്കൊണ്ടു ചായ കുടിച്ചു ….ഇതുവരെ അവരെന്താവും അടുക്കളയിൽ സംസാരിച്ചിട്ടുണ്ടാവുക എന്നതായിരുന്നു അപ്പോളും എന്റെ സംശയം ……..അമ്മുവിൻറെ മുഖം കണ്ടിട്ട് പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നാത്തത് കൊണ്ട് അത് മനസിനെ പറഞ്ഞു ശെരിയാക്കി ….

” അമ്മുവിന് എല്ലാ ഫുഡും ഉണ്ടാക്കാനറിയാമോടീ …??”

അഞ്ചുവിന്റെയായിരുന്നു ചോദ്യം ……പൂവടയുടെ ചൂടു കുറയാൻ ഊതിക്കൊണ്ട് കഴിക്കുകയായിരുന്നു അവൾ അമ്മുവിനെ നോക്കി ചോദിച്ചു …..

” അത് ശെരി , അപ്പൊ നിനക്ക് അത് അറിയില്ലായിരുന്നോ ….ഇവൾ നന്നായിട്ട് കുക്ക് ചെയ്യും , ചിക്കെൻ ഇവൾ വെക്കുന്നത് കഴിക്കാൻ വേണ്ടി ഇടക്ക് ഞാൻ പോവാറുള്ളതല്ലേ …”

അമ്മു എന്തോ പറയാൻ വന്നെങ്കിലും നിത്യയാണു അമ്മുവിൻറെ പകരം മറുപടി കൊടുത്തത് …..വളരെ ആവേശത്തോടെയാണ് മറുപടി ….അമ്മു പുഞ്ചിരിയോടെ അത് കേട്ട് നിന്നു …..

” അത്രക്കൊന്നും ഇല്ലാട്ടോ …..കുറച്ചൊക്കെ ഉണ്ടാക്കാനറിയാം …..പ്രത്യേകിച്ചു തിരക്കൊന്നും ഇല്ലാത്ത ദിവസങ്ങൾ വെറുതെ ഓരോ പരീക്ഷണം നടത്തും , ചെലതൊക്കെ നന്നാവും അപ്പൊ അത് പിന്നേം ഉണ്ടാക്കും ….”

അമ്മു എളിമയോടെ പറഞ്ഞു , അമ്മക്കതു പറ്റിയെന്നു എനിക്ക് തോന്നി ….അവൾ പറയുന്നത് കേൾക്കുമ്പോൾ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു ….

” എന്നാപിന്നെ നീ ഇടക്കിടക്ക് ഇങ്ങോട്ട് വായോ അമ്മൂസേ , ഞങ്ങക്കൂടി ആ ടേസ്റ്റ് അറിയാലോ …ലേ അമ്മേ ..?? ”

അഞ്ചു അമ്മയോട് ചോദിച്ചു …കൂട്ടത്തിൽ എന്നോട് ചേർന്നു നിന്നു നൈസായി പുറകിൽ ഒന്ന് തോണ്ടികൊണ്ടാണ് പറഞ്ഞത് ….

” ആ , വേണേൽ നിങ്ങളിൽ രണ്ടാള്ക്കും പകരം നിർത്തിയാലൊന്നാണ് ഞാൻ ആലോചിക്കണത് ….. പോത്ത് പോലെ രണ്ടെണ്ണം ഉണ്ടായിട്ടും എനിക്കും ശോഭക്കും ഇങ്ങനെ ഒരു ഗുണവും ഇല്ലല്ലോ ….!! ”

അമ്മ പെങ്ങന്മാരെ രണ്ടാളെയും ഒറ്റയടിക്ക് മലർത്തിയടിച്ചുകൊണ്ടു പറഞ്ഞു ….അതിന്റെ ടൈമിംഗ് കാരണം എല്ലാവരും പൊട്ടിച്ചിരിച്ചു …..

” എന്നാപിന്നെ അമ്മൂനെ മനുവേട്ടനെ കൊണ്ട് കെട്ടിച്ചാലോ നമുക്ക് ….??”

ചിരിക്കിടയിൽ അഞ്ജുവാണ് ആ ചോദ്യം അമ്മയോട് ചോദിച്ചത് ……അമ്മുവിന്റെയും എന്റെയും ചിരി സഡ്ഡൻ ബ്രേക്ക്‌ ഇട്ട് നിന്നു …തല കറങ്ങുമൊന്നു പേടിച്ചു ഞാൻ മെല്ലെ കോലായിലേക്ക് കേറി ഇരുന്നു ….

” അയ്യോ എന്റെ മോളെ ….പാവം ഇതിനെ ഇവനെക്കൊണ്ട്‌ കെട്ടിക്കാനോ….!!! ആ പാപം കൂടെ ഞാൻ കാണണോ ….വേണ്ട വേണ്ട ..!! ”

അമ്മ എടുത്തവഴിക്ക് പറഞ്ഞു ….ഞാൻ ആകെ നാണം കെട്ടു , അതും അവിടെയൊരു ചിരി ഉണ്ടാക്കിയെങ്കിലും ഞാനും അമ്മുവും ആകെ വിളറി വെളുത്തു ……അത് മറക്കാനെന്നോണം അവൾ അവളുടെ ആ പനങ്കുലമുടി മുന്പിലേക്കിട്ട് അതിൽ മെല്ലെ കൊരുത്തു വലിച്ചു….

” ഓഹോ…..ആന്റി ആള് തെരക്കേടില്ലല്ലോ , എന്നിട്ട് ഈ മൊതലിനെക്കൊണ്ടല്ലേ എന്നെ കെട്ടിക്കാൻ പ്ലാൻ ചെയ്തത്….അപ്പൊ എന്നോട് വല്ല്യേ സ്നേഹമൊന്നും ഇല്ലല്ലേ…കാണുമ്പോ ഉള്ള ഈ ഷോ മാത്രേ ഉള്ളൂ …ഹ്മ്മം ..!!

നിത്യ അമ്മയുടെ വയറ്റിൽ മെല്ലെ ഇടിച്ചുകൊണ്ട് കൃത്രിമ ദേഷ്യത്തിൽ പറഞ്ഞു …അമ്മ ചിരിയോടെ അവളുടെ തോളത്ത് കൈ വെച്ചു ..

” അതും ഞാനൊരു പൊട്ടബുദ്ധിക്ക് പറഞ്ഞതാണ്‌ മോളെ .., ബുദ്ധി വന്നപ്പോളാണ് അതിന്റെം അബദ്ധം മനസിലായത് …..”

അമ്മ എന്നെ ഒന്ന് നോക്കികൊണ്ടാണ് ഇതും പറഞ്ഞത് ..ഞാൻ ഇതൊന്നും എന്നെയല്ലെന്ന മട്ടിൽ അവിടെ വെറുതെ കിടന്ന മാസിക ഇരുന്നു മറിച്ചുനോക്കി……

പിന്നെയും കുറച്ചു സംസാരങ്ങളുമായി നിന്നശേഷം നിത്യയും അമ്മുവും പോവാനിറങ്ങി …..മറ്റുള്ളവർ അവരെ അയക്കാൻ മുറ്റത്തേക്കിറങ്ങി ,ഞാൻ മാത്രം തിണ്ണയിൽ തന്നെ ഇരുന്നതേ ഉള്ളൂ ….

അമ്മു എന്നോട് ആരും ശ്രദ്ധിക്കാത്തൊരു സമയത്ത് തിരിഞ്ഞുനോക്കി യാത്ര പറഞ്ഞു ….ഞാൻ തിരിച്ചൊരു പുഞ്ചിരിയും കൊടുത്തു…….

” അമ്മൂ , നിത്യ വരുമ്പോൾ മാത്രല്ല , ഇടക്കൊക്കെ ഇങ്ങോട്ട് വായോ ട്ടോ…”

അവർ പോകുമ്പോൾ അമ്മ അവളുടെ മുടിയിൽ കോതിക്കൊണ്ട് പറഞ്ഞു , അവൾ സന്തോഷത്തോടെ തലയാട്ടി …അമ്മയോട് പോകട്ടെ എന്നും പറഞ്ഞു പോയി ….

” നല്ല കുട്ടിയാണല്ലേ അത് , മുഖവും ചിരിയും മുടിയും എല്ലാം എന്തൊരു

ഭംഗിയാ….പാവം , ആ കാല് മാത്രം…”

അവളുടെ പോക്ക് നോക്കിനിന്നുകൊണ്ട് , പറഞ്ഞത് മുഴുമിക്കാതെ അമ്മ ഒന്ന് ദീർഘനിശ്വാസമയച്ചു……

ഉള്ളിൽ നുരഞ്ഞുപൊന്തുന്ന സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഒരായിരം പൂത്തിരികളുമായി ചുണ്ടത്ത് ഒരു പാൽപ്പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത് ഞാൻ ആ ഇരുപ്പ് തുടർന്നു ….അമ്മയുമായുള്ള അവളുടെ ഈ കൂടിക്കാഴ്ച ഞാൻ പ്ലാൻ ചെയ്തതിലും ഗുണമുണ്ടായെന്നു എനിക്കൊരുമാത്ര തോന്നി…….

അവർ പോയതിനു ശേഷം ഞാൻ മേല് കഴുകി പുറത്തേക്കിറങ്ങി , കുറേ മാസങ്ങൾക്ക് ശേഷം ആൽത്തറയിലും ശിവേട്ടന്റെ ഓഫീസിലും പോയി സമയം കളഞ്ഞു ….ആൽത്തറയിൽ ഇപ്പോളും സ്ഥിരമായി ഇരിക്കുന്നവർ ഒരുപാടുണ്ട് , നാട്ടിൽ ചെന്നിട്ടും അവിടെ ഇടക്കെങ്കിലും പോയില്ലെങ്കിൽ അവർ സ്വഭാവികമായും ചിന്തിക്കുക നമ്മൾ ഒരു ജാഡക്കാരൻ ആയിട്ടുണ്ടാവും എന്നാണ്…….അന്നന്നത്തെ കൂലിക്കുള്ള ജോലി എടുത്ത്‌ സന്തോഷത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ നാട്ടിൽ ഇന്നും അധികം ആളുകളും …….8മുതൽ 5 വരെ പണിയെടുത്തു രാത്രി ആൽത്തറയിലോ ,ആ ചെറിയ കവലയുടെ പരിസരത്തെവിടെയെങ്കിലുമോ ഇരുന്നു സംസാരിച്ചു രാത്രി ഭക്ഷണം കഴിക്കാനാകുമ്പോൾ വീട്ടിൽ പോകുന്ന ഒരു വിഭാഗം , രാത്രി ഷാപ്പിൽ പോയി കള്ള് കുടിച്ചു കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു വീണ്ടും ഇതേ ടൈം ടേബിൾ ആവർത്തിക്കുന്ന മറ്റൊരു വിഭാഗം …ഇവർക്ക് പൊതുവായുള്ള ഒരു കാര്യം ആഴ്ചയിൽ മൂന്നോ നാലോ ദിവസം പണിക്കു പോയി ബാക്കി ദിവസങ്ങൾ ഈ പൈസ കൂടി തീർത്താണ് പിന്നെ പണിക്കിറങ്ങൂ …..ഇനി ഇതിലൊന്നും പെടാത്ത ചെറിയൊരു വിഭാഗം മാത്രമാണ് ടൌണിൽ എന്തെങ്കിലും ജോലി എടുത്ത്‌ അവരുടെതായ തിരക്കിൽ ജീവിക്കുന്നവർ ……

ഞാൻ ഭക്ഷണം കഴിക്കാനാകുന്നത് വരെ ആൽത്തറയിലെ ടീമിനൊപ്പം ചിലവഴിച്ചു ….കുറച്ചു ദിവസത്തെ ഗ്യാപ് തീർത്താണ് അന്ന് വീട്ടിലേക്കു മടങ്ങിയത് ….ഭക്ഷണം കഴിഞ്ഞു കുറച്ചു സമയം ചില നോട്ട്സ് എഴുതാനും ചാർട്ട് വർക്കും ഉണ്ടായിരുന്നു , ശേഷം ഉറങ്ങി …..

രാവിലെ എണീറ്റു കുളിയും പ്രാതലും കഴിഞ്ഞു ചെയ്തു തീർക്കാനും , ഒന്ന് രണ്ടു ക്ലാസ്സുകൾക്ക് വേണ്ട പ്രീപറേഷൻ ചെയ്യാനും ഉണ്ടായിരുന്നതുകൊണ്ട് ഏതാണ്ട് ഉച്ചവരെ അങ്ങനെ കഴിഞ്ഞു …..പിന്നെ ഭക്ഷണം നേരത്തെ കഴിച്ചു ഞാൻ നടക്കാൻ പോയി ….നേരെ വിട്ടത് നിത്യയുടെ വീട്ടിലേക്കാണ് …..ചെന്നപ്പോൾ അവർ ഉച്ചക്കുള്ളത് ഉണ്ടാക്കുന്നതിന്റെ അവസാന മിനുക്കുപണിയിലാണ് …

” ആ …മനൂ , കേറി വാ….ഇരിക്ക് ട്ടോ …”

ശാന്തിചേച്ചീ കണ്ടപാടെ വന്നു സ്വീകരിച്ചു ഉള്ളിൽ പോയി….ഞാനും ഉള്ളിലേക്ക് അവരോടൊപ്പം നടന്നു ….

” ഇന്നെന്താ ഇതുവരെ ഒന്നുകൂടി ഒരുങ്ങീലെ ..?? ”

അവർ അടുക്കളയിൽ ധൃതി പിടിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു….

” ഒന്നും പറയണ്ട ….ഇന്നു ഞായറല്ലേ എന്നും കരുതി എല്ലാം കുറച്ചു പതുക്കെ ആക്കിയതാ , സമയം പോവേം ചെയ്തു ,ഒന്നും ആയതും ഇല്ല….”

ചേച്ചീ തലയിൽ കൈവെച്ചുകൊണ്ടു പറഞ്ഞു ….

അപ്പോളാണ് നിത്യ കുളികഴിഞ്ഞു പുറത്തിറങ്ങി മുടി ഒരു സൈഡിലേക്കിട്ട് വളഞ്ഞു നിന്നു തോർത്തുന്നത് ……

” അയ്യേ ….!! ഈ പെണ്ണ് ഇപ്പോ കുളിച്ചതേ ഉള്ളോ…..?? ”

ഞാനവളെ കളിയാക്കി ….അവൾ മുഖം പൊന്തിച്ചു ഒന്ന് കൊഞ്ഞനം കാണിച്ചു വീണ്ടും തോർത്തികൊണ്ടിരുന്നു …

” ഞായറാഴ്ച അവൾ എണീറ്റുവരാൻ തന്നെ ഒരു നേരമാകും….ഇങ്ങനെ പോത്ത് പോലെ വളർന്നിട്ടും അതിനൊരു മാറ്റവും ഇല്ല , കല്യാണം കഴിഞ്ഞു പോയി വേറൊരു വീട്ടിൽ താമസിക്കേണ്ട ആളാണെന്ന് സ്വയം ഒരു ബോധം വേണം….. ഞാനിതു എത്ര കാലം ഇതും പറഞ്ഞു പിന്നാലെ നടക്കാനാ …വേണെങ്കിൽ കണ്ടറിഞ്ഞു ചെയ്യട്ടെ ..!!”

ചേച്ചീ ഉള്ളിൽ ഒളിപ്പിച്ച ദേഷ്യം മുഴുവൻ പറഞ്ഞു തീർത്തു …ഞാൻ നിത്യയെ നോക്കിയപ്പോൾ അവൾ ചുമ്മാ കണ്ണടിച്ചു കാണിച്ചു …സ്ഥിരം കേക്കുന്നതാവും ….!!

” അതിനു ഞാൻ കല്യാണം കഴിഞ്ഞു പോകുന്നത് അറിയാത്ത വീട്ടിലേക്കൊന്നും അല്ലല്ലോ…. പിന്നെന്താ പ്രശ്നം …!! ”

നിത്യ എന്റെ അരികിൽ വന്നു തോളിലൂടെ കയ്യിട്ട് ചേച്ചിയോട് പറഞ്ഞു …പുള്ളിക്കാരി ഞങ്ങളെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് ചെയുന്ന പണിയിലേക്ക് ശ്രദ്ധ തിരിച്ചു …

” ആഹ്……രണ്ടാളും കൊള്ളാം , ഇനീപ്പോ അങ്ങോട്ടാണെങ്കിലും ഈ സ്വഭാവം കൊണ്ട് ചെന്നാൽ നിനക്ക് അപ്പൊ മനസിലാകും ……ദേ ഈ തോളിൽ കയ്യിട്ടു നിക്കുന്നവൻ തന്നെ ചവിട്ടി പുറത്താക്കും …”

ചേച്ചീ കട്ടായം പറഞ്ഞു….

” അങ്ങനെ എന്നെ ചെയ്യുമോ മനുവേട്ടാ….??

അവൾ അഭിനയിച്ചു തകർക്കുന്നു ….എനിക്ക് ചിരി വന്നിട്ട് ഡയലോഗ് ഒന്നും വരുന്നില്ല ….

ശാന്തിചെച്ചി അടുക്കളയിൽ നിന്നും വന്നു എളിയിൽ രണ്ടു കയ്യും കുത്തി ഞങ്ങൾക്കടുത്തു നിന്നു ഞങ്ങളെ ചെറിയൊരു പുഞ്ചിരിയോടെ നോക്കി …

” മക്കളെ ….നിങ്ങടെ കള്ളക്കളിയൊക്കെ ഏതാണ്ട് ഞങ്ങക്ക്‌ പിടികിട്ടീട്ടുണ്ട് ….അതുകൊണ്ട് ആ പരിപ്പ്‌ കൊണ്ട് ഇങ്ങോട്ട് വരരുത് ട്ടോ , ഇനി അത് അത്രക്കങ്ങോട്ട് വേവൂല…”

ചേച്ചീ ശാന്തമായി നിന്നു പറഞ്ഞപ്പോൾ ഞങ്ങടെ രണ്ടാളുടെയും കിളി ഒരുമിച്ചു പറന്നു …….

” എനിക്ക് അന്നേ സംശയമുണ്ടായിരുന്നു എന്തോ ഒരു കളി നടക്കുന്നുണ്ടെന്ന് ….എന്താണെന്നു മനസിലാവുന്നതും ഇല്ല , പിന്നെ പിന്നെയാണ് സംഗതി പിടികിട്ടിയത് …”

ചേച്ചീ എന്റെ അടുത്ത വന്നു ചേർന്നു നിന്നുകൊണ്ട് പറഞ്ഞു …എന്റെ തല താഴ്ന്നു….അമ്മ അറിയാൻ അധികം താമസമില്ലെന്നു എനിക്ക് മനസിലായി ..

” എന്നെ നോക്കെടാ ….”

ചേച്ചീ എന്നോട് ഉറക്കെ പറഞ്ഞു …ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി ..

” നീ തല താഴ്ത്തി നിക്കരുത്‌ , ചെയ്യാൻ പോവുന്ന കാര്യം വളരെ നല്ലത് തന്നെയാ …അവൾ നല്ല കുട്ടിയാണ്…….നിന്റെ ജീവിതം അവളുടെ കയ്യിൽ സേഫ് ആയിരിക്കും…..”.

ചേച്ചീ എന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു …

” അല്ല ചേച്ചീ എങ്ങനെയാ ഇത് അറിഞ്ഞേ …?? ”

ഞാൻ നേർത്ത ശബ്ദത്തിൽ ചോദിച്ചു …

” അതൊക്കെ മനസിലായി …. പക്ഷെ നിന്റെ അമ്മയോട് ഞാൻ പറഞ്ഞിട്ടില്ല..!! എന്നെങ്കിലും നിന്നോട് സംസാരിച്ചിട്ട് പിന്നെ പറയാന്നു കരുതി ….”

ചേച്ചീ എന്റെ കവിളിൽ തട്ടിക്കൊണ്ടു ആശ്വസിപ്പിച്ചു ….

” ഇപ്പൊ ഇത് പറയണ്ട …ഞാൻ തന്നെ നേരിട്ട് എപ്പോളെങ്കിലും പറഞ്ഞോളാം….! ”

ഞാൻ ചേച്ചിയുടെ രണ്ടു കയ്യുമെടുത്തു കൂട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു …ചേച്ചീ ചിരിച്ചു ..

” നീയും ശബരിയും ഉള്ളപോലെതന്നെയാ ഞങ്ങൾ രണ്ടും …പറയാതിരിക്കാൻ ബുദ്ധിമുട്ടാണ് ….പക്ഷെ ഇത്ര കാലം നിങ്ങൾ രണ്ടാളും ഈയൊരു കാരണം കൊണ്ട് ഉഴപ്പുകയോ ഒന്നും ചെയ്തില്ല , നീയാണെങ്കിൽ അമ്മയുടെ ആഗ്രഹത്തിന് വേണ്ടി ഇപ്പൊ കഷ്ടപ്പെടുന്നതും ഒക്കെ അറിയുന്നതുകൊണ്ടാണ് ഇതൊരു കുട്ടിക്കളിയായി എടുക്കാഞ്ഞത് …അല്ലെങ്കിൽ എന്നേ ഞാൻ ഇടപ്പെട്ടേനെ ……”

ചേച്ചീ അതും പറഞ്ഞു വീണ്ടും അടുക്കളയിൽ കേറി ….നിത്യ ഓടിച്ചെന്നു ചേച്ചിക്കൊരു ഉമ്മ കൊടുത്തു …ചേച്ചീ അവളുടെ ചന്തിക്ക് ഒരു പെടയും …ഞാൻ ചിരിച്ചുപോയി….

“അല്ല മനൂ , അവൾടെ വീട്ടിലറിഞ്ഞാൽ അവർ സമ്മതിക്കുമോ…?? ”

ചേച്ചീ എന്നോട് ചോദിച്ചു ….

” അതൊക്കെ സമ്മതിക്കും …..മനുവേട്ടനൊരു ജോലിയൊക്കെ ആയി settle ആയെന്ന് തോന്നുമ്പോൾ പോയി ചോയിച്ചാൽ മതി , അപ്പൊ അവർ വേണ്ടെന്നു പറയൂല …..”

അമ്മു കൂസലെന്ന്യേ പറഞ്ഞു ….അത് എനിക്ക് നന്നായി തോന്നി , അല്ലെങ്കിൽ അവര്ക്കൊന്നും പ്രശ്നമില്ലെന്നു ഞാൻ അറിയാതെ പറഞ്ഞേനെ…..

” അതേ , ഞാൻ രണ്ടുമൂന്നു വർഷം ഒന്ന് നോക്കട്ടെ , കോഴ്സ് കഴിഞ്ഞാൽ ഒരു psc കോച്ചിങ്ങിനു ചേരണം ……അതിന്റെ കൂടെ ഏതേലും സ്കൂളിൽ കോൺട്രാക്ടിൽ കേറണം ….എന്നിട്ട് ഒരു തീരം കാണുമ്പോ അവൾടെ വീട്ടിൽ ചെന്നു ചോദിക്കണം ……അമ്മ ഇപ്പൊ തൽക്കാലം ഇത് അറിയണ്ടാട്ടോ …എനിക്ക് എന്റേതായ സമാധാനത്തിൽ ഇതൊക്കെ ചെയ്യാനുള്ള ഒരു ആക്കം കിട്ടണം…..”

ഞാൻ എന്റെ പ്ലാനിങ് ഒന്നാം ഘട്ടം ഒന്ന് വിശദീകരിച്ചു ….ചേച്ചീ ഫ്ലാറ്റ് !!

” അമ്പടാ…..ഒക്കെ മുന്നേ പ്ലാൻ ചെയ്തിട്ടുണ്ടല്ലേ….!! ശെരി , ഞാനായിട്ട് അമ്മയോട് പറയുന്നില്ല , നിനക്കെപ്പളാണോ പറയാൻ തോന്നണത് അപ്പൊ പറഞ്ഞേക്ക് …”

ചേച്ചീ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു ….ഞാൻ തലകുലുക്കി…..

” പിന്നൊരു കാര്യം , നീ ഈ കാര്യം പറയുമ്പോൾ ഒരിക്കലും നീ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത രീതിയിൽ അവതരിപ്പിക്കരുത് , ഒരു ഇഷ്ടമുണ്ടെന്ന രീതിയിലെ അവതരിപ്പിക്കാവൂ ,അല്ലെങ്കിൽ അവൾ ചെലപ്പോ അംഗീകരിച്ചെന്നു വരില്ല…”

അത് ഞാൻ ചിന്തിക്കാത്തൊരു കാര്യമായിരുന്നു…..ചില കാര്യങ്ങളിലെ അമ്മയുടെ ഈഗോ എനിക്കറിയാവുന്നതാണ് , ചേച്ചിക്കും അത് അറിയുന്നതുകൊണ്ടാണ് ഇത് ഓർമിപ്പിച്ചത്…..

” ഇല്ല , ഞാൻ അതിനും ഒരു പ്ലാൻ ഉണ്ടാക്കാം ചേച്ചീ ……ആദ്യം ഞാൻ സ്വന്തം കാലിൽ നിൽക്കാനായെന്നു അമ്മക്ക് ഒന്ന് കാണിച്ചുകൊടുക്കട്ടെ , പിന്നെയല്ലേ എന്റെ വാക്കിനൊരു വെലയുണ്ടാകൂ…..”

ഞാൻ മറുപടി കൊടുത്തപ്പോൾ ചേച്ചീ ചിരിച്ചുകൊണ്ട് തലയാട്ടി സമ്മതിച്ചു …..

” അല്ല അമ്മേ , ഈ അച്ഛനമ്മമ്മാർ മക്കളുടെ പ്രേമത്തിനെ എതിർക്കുന്നതിന്റെ കരണമെന്താ…? മക്കൾ കണ്ടുപ്പിടിക്കുന്നത് നല്ലതാവില്ല എന്ന വിശ്വാസം കൊണ്ടാണോ ..??”

നിത്യ അടുക്കളയുടെ തിണ്ണയിൽ കേറി ഇരുന്ന്‌ ആലോചനയോടെ ചോദിച്ചു …..

” അത് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാവും …നിനക്ക് മക്കളുണ്ടാകുമ്പോൾ മാത്രമേ അതിന്റെ കാരണങ്ങൾ നിന്റെ തലയിൽ കേറൂ ….ഇപ്പൊ അതൊക്കെ കേട്ടാൽ വെറും മുട്ടാപോക്ക് ന്യായങ്ങളായി മാത്രമേ നിനക്ക് തോന്നൂ …..”

ചേച്ചീ അവളെ നോക്കികൊണ്ട്‌ പറഞ്ഞു …ചേച്ചിയുടെ ഉത്തരം ശെരിയാണ്‌ , അവരുടെ പ്രായത്തിലെത്തുമ്പോൾ നമുക്കും അത് മനസിലായേക്കാം …! അതുകൊണ്ടായിരിക്കും അറിവുള്ളവർ പറയുന്നത് ‘experience is the best teacher ‘ എന്ന് ……”

” അങ്ങനെയാണെങ്കിൽ എന്റെ കാര്യത്തിൽ ഒരു പ്രണയം വന്നാൽ അമ്മ എന്ത് കാരണം പറഞ്ഞായിരിക്കും എതിർക്കുക …?? ”

നിത്യ അപ്പോളും ആ ചോദ്യത്തിൽ തന്നെ കടിച്ചു തൂങ്ങി….കാര്യമായിട്ട് തന്നെയാണ് ചോദിക്കുന്നത് , അത് അവളുടെ മുഖം കണ്ടാൽ അറിയാം ….ചേച്ചീ അവളുടെ അടുത്തു ആ തിണ്ണയിൽ പോയിരുന്നു പിന്നെ ചമ്രം പടിഞ്ഞിരിക്കുകയായിരുന്ന അവളുടെ തുടയിൽ കൈവെച്ചു ഒട്ടിയിരുന്നു …

“പ്രേമമാണെങ്കിൽ അച്ഛനമ്മമാർ എതിർക്കണം എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ …..മക്കൾ തിരഞ്ഞെടുത്തത് കൊണ്ട് ആ ബന്ധം മോശമാകുമെന്നോ അച്ഛനമ്മമാർ തിരഞ്ഞെടുത്താൽ നന്നാകുമെന്നോ അങ്ങനെയൊന്നും ഇല്ല ….അതൊക്കെ ജീവിതം നമുക്ക് തരുന്ന പോലെ ഓരോരുത്തരും അനുഭവിക്കണം ….., നിനക്ക് വേണ്ടി ഞങ്ങൾ കണ്ടുപ്പിടിച്ചാലും നീ തന്നെ കണ്ടുപ്പിടിച്ചാലും നമ്മളോട് ചേരുന്ന ആളാണോ എന്ന് മാത്രം നോക്കിയാൽ മതി …”

ചേച്ചീ അവൾക്കു പറഞ്ഞു മനസിലാക്കി കൊടുത്തു ..ഇക്കാര്യത്തിലാണ് എനിക്ക് അവളോട്‌ അസൂയ , എന്റെ അമ്മക്കോ , ശബരിയുടെ അമ്മക്കോ പോലും മക്കൾക്കു ഒരു കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ ഇത്രയും ക്ഷമ കണ്ടിട്ടില്ല …..ആന്റിയുടെ കാര്യം പോട്ടെ , എന്റെ അമ്മ ഇങ്ങനൊരു ചോദ്യം കേട്ടാൽ ആദ്യം തന്നെ ആട്ടായിരിക്കും ……ചേച്ചിയുടെ ഈ ക്ഷമ കാരണം തന്നെയാവും ഒറ്റക്കുട്ടി ആയിട്ട് പോലും അവൾക് അതിന്റെ ദോഷങ്ങൾ ഇല്ലാത്ത സ്വഭാവമായി മാറിയത് , അതോ അമ്മുവിൻറെ കൂട്ടോ ..!!

അവർ ഭക്ഷണം കഴിക്കാനുള്ള പരിപാടി തുടങ്ങിയപ്പോൾ ഞാൻ ഇറങ്ങാൻ നോക്കി , കുറേ നിർബന്ധിച്ചെങ്കിലും മുൻപ് കഴിച്ചതുകാരണം കഴിക്കാൻ കഴിഞ്ഞില്ല , പകരം രണ്ടു മീൻ മാത്രം കഴിച്ചു അവർക്ക് കമ്പനി കൊടുത്തു …പിന്നെ ഇറങ്ങി ……നേരെ വന്നു ബെഡിൽ കേറി കിടന്നു നന്നായൊന്നു ഉറങ്ങി ….പിന്നെ എണീറ്റ്‌ ചായ കുടിച്ചു ,ഇടയ്ക്ക് ശബരിയുമായി ഫോണിൽ കുറേ സംസാരിച്ചു , കുറച്ചു വെയിൽ ആറിയെന്നു തോന്നിയപ്പോൾ ഞാനും ശബരിയും ഇരിക്കാറുള്ള വീടിന്റെ അരമതിലിൽ ഇരുന്നു ….സംഗതി ഒറ്റയ്ക്ക് നാട്ടിൽ ഉണ്ടാവുന്നത് ബോറിംഗ് ആണെന്ന് രണ്ടു ദിവസം കൊണ്ട് നല്ല രീതിയിൽ മനസിലായി ….മഞ്ജിമയോട് ഡ്രെസ്സുകൾ തേച്ചുവെക്കാൻ പറഞ്ഞതുകൊണ്ട് അവൾ ഉള്ളിലാണ് ….

കുറച്ചു കഴിഞ്ഞപ്പോൾ അഞ്ചു വന്നു അടുത്തിരുന്നു ….ഞാൻ അവളുടെ മടിയിൽ തല വെച്ചു നീണ്ടു നിവര്ന്നു കിടന്നു ….

” എടാ ഏട്ടൻ ദുഷ്ടാ……നാണമുണ്ടോ… ആ പാവം പെണ്ണിനെ സമ്മതം കൂടി ചോദിക്കാതെ ഉമ്മ വെച്ചത് മോശല്ലേ …??”

അവൾ എന്റെ വയറിനിട്ട് കുത്തിക്കൊണ്ടു പറഞ്ഞു ..

” പോടീ …..നിങ്ങക്കിതൊന്നും അല്ലാതെ വേറൊരു പണിയും ഇല്ലേ ..?? ഒരുത്തി പറഞ്ഞുകൊടുക്കാനും , രണ്ടെണ്ണം കേക്കാനും …!”

ഞാൻ അവളെ ചീത്തപറഞ്ഞു…..അല്ലെങ്കിൽ പെണ്ണ് ചിലപ്പോൾ തലയിൽ കേറി അപ്പിയിടും …അക്രമമാണ് പ്രതിരോധത്തെക്കാൾ നല്ല മാർഗമെന്ന് ക്ലാസിൽ നിന്നും പഠിച്ചിട്ടുണ്ട് ……

” അത് മോശം തന്നാണ് ഏട്ടാ…ഞങ്ങടെ ഏട്ടന്മാർ ഒരു പെൺക്കുട്ടിയോടും മോശമായി പെരുമാറരുതെന്നു ആഗ്രഹിക്കുന്നൊണ്ടല്ലേ …!! അമ്മു എട്ടനുള്ളതാണെങ്കിൽ പോലും കേട്ടപ്പോൾ വെഷമം തോന്നി…അവളും കൂടെ willing ആവാതെ ഇനി അങ്ങനെ ചെയ്യരുത് ട്ടോ , ഞങ്ങക്ക്‌ വേണ്ടി ….!!”

അവൾ കവിളിൽ പിടിച്ചു കെഞ്ചിക്കൊണ്ടു പറഞ്ഞു …

” എന്റെടീ അത് മൂന്ന് വർഷം മുൻപ് കഴിഞ്ഞതാണ് , നിങ്ങളിപ്പോ അരിഞ്ഞെന്നെ ഉള്ളൂ ….പിന്നെ ചെയ്തിട്ടില്ലെടീ , നീയാണെ സത്യം..!! ”

ഞാൻ സത്യം ചെയ്തപ്പോൾ അവളുടെ മുഖം കുറച്ചു തെളിഞ്ഞു…..പിന്നെ കുറച്ചുനേരം നിശ്ശബ്ദമായിരുന്നു ….

“ഏട്ടാ , ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത് , ഏട്ടനും കുഞ്ഞേട്ടനും ഇപ്പൊ ചെയ്യുന്നത് തീരെ ശെരിയല്ല …”

അവൾ വേറെന്തോ പ്രശ്നം എടുത്തിട്ടു …

” എന്ത് ചെയ്യുന്നത് ..?? ”

എനിക്ക് കാര്യം മുഴുവനായും മനസിലായില്ല ….

” നിങ്ങൾ രണ്ടാളും ഇപ്പൊ വരുന്നത് പോയിട്ട് , വിളിക്കാറ് പോലും ഇല്ല …..അമ്മമാർക്കും അച്ഛനും ഒക്കെ നല്ല വിഷമമുണ്ട് , കുഞ്ഞേട്ടൻ വന്നിട്ടിപ്പോ ആറു മാസം കഴിഞ്ഞു , ഏട്ടൻ വന്നിട്ട് മൂന്നുമാസവും ….വിളിക്കില്ല , വിളിച്ചാൽ തന്നെ സംസാരിക്കാൻ നേരമില്ല …..ഞങ്ങൾക്കും ഇടക്കൊക്കെ കാണാൻ തോന്നില്ലേ ഏട്ടാ ….എന്തെ നിങ്ങക്ക് രണ്ടാൾക്കും അങ്ങനൊന്നും തോന്നാത്തെ..??? ”

അവളുടെ കണ്ണുകൾ നിറഞ്ഞു ഒരു തുള്ളി എന്റെ നെറ്റിയിൽ ഇറ്റിവീണു ..ഞാൻ കണ്ണുകൾ തുടച്ചുകൊടുത്തു ……

” കാണാൻ തോന്നില്ലെന്നു ആരാ പറഞ്ഞേ എന്റെ പൊട്ടിപ്പെണ്ണേ ….നിങ്ങൾക്കൂടി വേണ്ടിയല്ലേ ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നത് ….അമ്മയുടേം അങ്കിളിന്റെയും ഒക്കെ കഷ്ടപ്പാട് കുറക്കാൻ ഞങ്ങൾ വേഗം എന്തേലും നല്ല ജോലി കണ്ടെത്തണ്ടേ …? നിങ്ങളെക്കുറിച്ചൊക്കെ എപ്പഴും ഓർത്തിരുന്നാൽ ഇങ്ങോട്ട് ഇടക്കിടക്ക് വരാൻ തോന്നും , അപ്പൊ അവിടെ ശ്രദ്ധ കുറയും …..ഇപ്പൊ മറ്റൊന്നിനും ശ്രദ്ധ കൊടുക്കാതെ പഠിച്ചാൽ കോഴ്സ് കഴിഞ്ഞു നിങ്ങടെ കൂടെ അടിച്ചുപൊളിച്ചുകൂടെ …..ഇനി അമ്മമാരേം അങ്കിളിനെയും നിങ്ങൾ വേണം ആശ്വസിപ്പിക്കാൻ …മനസ്സിലായോ ..?? ”

ഞാൻ അവളോട്‌ പറഞ്ഞു ആശ്വസിപ്പിച്ചു …അവൾക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് എനിക്ക് തോന്നി ……കുറച്ചു ആലോചനകൾക്കു ശേഷം അവൾ തലകുലുക്കി സമ്മതിച്ചു ….

പിന്നെയും കോളേജിലെയും മറ്റും കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ കുറച്ചുകൂടി അവിടെ സമയം ചിലവഴിച്ചു ….ഇടക്ക് മഞ്ജിമകൂടി വന്നു , ഞങ്ങക്ക്‌ മൂന്ന് പേരും കൂടി പോയി അങ്കിളിനോടും ആന്റിയോടും കുശലം പറഞ്ഞു ,യാത്രയും പിന്നെ അതിനു ശേഷം തിരിച്ചു വന്നു ..വീട്ടിൽ വന്നു ഊണ് കഴിച്ച ശേഷം തിരികെ പോകാനുള്ള ഡ്രസ്സ്‌ ബാഗ്‌ എല്ലാം റെഡിയാക്കി….നേരത്തെ പോവാൻ പ്ലാൻ ചെയ്തു …അങ്കിൾ നേരത്തെ ഇറങ്ങും ,പുള്ളിയുടെ കൂടെ പോയാൽ ടൌണിൽ നിന്നും കോളേജ് സ്റ്റോപ്പിൽ ഇറങ്ങാം …..കൂടുതൽ ചിന്തകൾക്ക് പിടി കൊടുക്കാതെ ഞാൻ വേഗം കിടന്നുറങ്ങി…

രാവിലെ നേരത്തെ എണീറ്റു റെഡിയായി , അങ്കിളിന്റെ കൂടെ കേറി ടൌണിൽ ചെന്നു , ബസ് കേറാൻ നേരം പുള്ളി കുറച്ചു നോട്ടുകൾ എന്റെ പോക്കെറ്റിൽ തിരുകി വേഗം തിരിഞ്ഞു പോയി …എന്തിനെന്നറിയാതെ ബസിൽ അങ്ങോളം ഞാൻ കുറച്ചേറെ വിഷനായിരുന്നു …..ഇടക്ക് സീറ്റിൽ ചാരികിടന്നു ഉറങ്ങി , കോളേജ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോളേക്കും കുറേ ഫ്രഷ്‌ ആയിരുന്നു ….നേരെ ക്ലാസിൽ പോയി , ഇത്തിരി നേരത്തേയായതിനാൽ ആരും എത്തിയിരുന്നില്ല ….സീറ്റിൽ ചെന്നു ഇരുന്നു …ഹോസ്റ്റലിൽ ഡ്രസ്സ്‌ ബാഗ്‌ കൊണ്ടുവെക്കാനായി പോയി വന്നു ….അപ്പോളേക്കും അത്യാവശ്യം കുട്ടികൾ ആയിക്കഴിഞ്ഞിരുന്നു …ചെറിയ തോതിൽ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോളാണ് റസീന വന്നത് , എന്നേ കണ്ടപ്പോൾ ബാഗ്‌ ഒക്കെ സീറ്റിൽ വെച്ചു എന്നേം കൂട്ടി അവൾ പുറത്തേക്ക് പോന്നു….

” എന്തായി മാഷേ , കണ്ടോ നിന്റെ അമ്മുക്കുട്ടിയെ….?? ”

അവൾ ആകാംഷയോടെ ചോദിച്ചു ..എനിക്ക് അവൾ വിളിച്ചപ്പഴേ ഇതിനാണെന്നു ഊഹം കിട്ടി….

” കണ്ടല്ലോ…..ചെറിയതാണെങ്കിലും ഓരോ പുതിയ മാറ്റങ്ങളും ഉണ്ടാക്കാൻ പറ്റി….”

ഞാൻ പറഞ്ഞത് അവൾക്കു മനസ്സിലായില്ലെന്ന് തോന്നിയപ്പോൾ ഞാൻ വീട്ടിൽ പോയതുമുതൽ എല്ലാ കാര്യവും അവളോട്‌ പറഞ്ഞു കൊടുത്തു ….അച്ഛൻ പറഞ്ഞതും , ശാന്തിച്ചേച്ചി അറിഞ്ഞതും ,അമ്മു വീട്ടിൽ വന്നതും , അഞ്ചു സംസാരിച്ച കാര്യങ്ങളും എല്ലാം…..ക്ലാസ് തുടങ്ങാറായതിനാൽ തിരിച്ചുകേറി , അവൾക്കൊന്നും പറയാൻ സമയം കിട്ടിയില്ല ..

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു അവൾ അടുത്തു വന്നു …

” മനൂ , നീ ശബരിയുടെ സ്ഥാനം വേറാർക്കും കൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണോ ആദ്യമൊക്കെ ആരോടും കൂട്ടില്ലാതിരുന്നത് …??”

അവൾ നിഷ്കളങ്കമായി ചോദിച്ചു…

” ആയിരിക്കാം…..എനിക്ക് അവനില്ലാത്ത ഒരു സമയം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഈ കഴിഞ്ഞ കുറച്ചു മാസങ്ങളാണ് …എന്നെ മനസിലാക്കാൻ അവനേ കഴിയൂ എന്നൊരു തോന്നലായിരുന്നു എപ്പളും……അറിയാതെ എപ്പഴോ മനസ്സിൽ കേറി ജീവിതത്തിന്റെ ഭാഗമായ മറ്റൊരാളാണ് അമ്മു , ഇവരൊന്നുമില്ലാതെ ഇങ്ങ് വന്നപ്പോൾ എന്നെകൊണ്ട്‌ നടക്കില്ലെന്നു വരെ തോന്നിയതാണ് ……ഇങ്ങനെ എല്ലാരുമായി ഇത്ര അടുക്കുമെന്നൊന്നും അന്ന് മനസ്സിൽപോലും തോന്നിയിട്ടില്ല…..പ്രത്യേകിച്ച് ഇതുപോലെ എന്നോട് ഓരോ വിശേഷങ്ങളും ചോദിക്കാൻ നിന്നെപോലൊരു ഫ്രണ്ട് എന്നൊക്കെ….”

ഞാൻ അവളുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ ചിരിച്ചു ……

” ആദ്യം മുതൽക്കേ നിന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു …ഉള്ളിലേക്കു ഒതുങ്ങുന്ന സ്വഭാവമായതുകൊണ്ടാകും എന്നത് തോന്നിയിരുന്നു , അത് മാത്രം കൊണ്ടല്ല വേറെന്തൊക്കെയോ കൂടിയുണ്ടെന്ന് പിന്നെ മനസിലായി …..ഞാൻ പ്രണയത്തിന്റെ കാര്യം ഊഹിച്ചു , പക്ഷെ ചിന്തിച്ചത് ഒരു നഷ്ടപ്രണയത്തിന്റെ ആളായിരിക്കും എന്നാണ് ..”

അവൾ പറഞ്ഞത് കേട്ടു എനിക്ക് ചിരിയാണ് വന്നത്….

” അയ്യോ , അത്രയ്ക്ക് ബോറായിരുന്നോ ഞാൻ …അല്ലെടീ , ഈ നഷ്ടപ്രണയം ടീമ്സൊക്കെ താടി വളർത്തി , വെള്ളമടിച്ചു അങ്ങനെയൊക്കെയല്ലേ …..താടി വളരുന്നത് പോയിട്ട് നേരാവണ്ണം മീശ കൂടി ഇല്ലാത്ത എന്നേ കണ്ടിട്ട് നീ കരുതിയത് ആലോചിക്കുമ്പോൾ കോമഡി തോന്നുവാ …”

ഞാൻ പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു ….അവളും ചിരിച്ചു …

” അതുപിന്നെ എപ്പോനോക്കിയാലും എന്തേലും ആലോചിച്ചുള്ള ഇരുപ്പും ,പെൺപിള്ളേരോടൊക്കെ മിണ്ടാനുള്ള മടിയും ,ഈ ഒതുങ്ങിക്കൂടിയാ പ്രകൃതവും ഒക്കെ കണ്ടപ്പോൾ ഞാൻ അന്ന് അങ്ങനെ വിചാരിച്ചുപോയി …അത്രേള്ളു ..!! ഇപ്പളല്ലേ നീ വലിയ പുള്ളിയാണെന്നു മനസിലായത്

….സ്നേഹിക്കാൻ ഒരു അമ്പോറ്റിക്കൊച്ചും ,ചങ്ക് പറിച്ചുതരുന്ന കൂട്ടുകാരനും ഉണ്ടായതിന്റെ അഹങ്കാരം കൊണ്ട് വേറൊരാളോടും ഒരു ബന്ധവും വേണ്ടെന്നുവെച്ചതാണെന്നു ഇപ്പൊ മനസിലായി ..”

അവൾ ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു നിർത്തി …പിന്നെ ചിരിച്ചു…..

” പോടീ പോടീ… കളിയാക്കാതെ….! ബാക്കി ആരോടും മിണ്ടീലെങ്കിൽ പോട്ടെ , നിന്നോട് മിണ്ടിയില്ലെങ്കിൽ അതൊരു നഷ്ടമായേനെ….”

ഞാൻ അവളുടെ കയ്യിൽ കൊരുത്തുപിടിച്ചുകൊണ്ടു പറഞ്ഞു ….അത് സത്യമായിരുന്നു താനും….അവൾക്കത് ഒരുപാട് ഇഷ്ടമായെന്നു അവളുടെ ചിരിയുടെ ഭംഗി എനിക്ക് മനസിലാക്കി തന്നു ……

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു …കോഴ്സ് അതിന്റെ അവസാന സമയത്തേക്ക് അടുത്തുകൊണ്ടിരുന്നു ….ഇപ്പൊ ഞാൻ എല്ലാത്തിനും സമയം കണ്ടെത്താൻ ശീലിച്ചു , എത്ര തിരക്കാണെങ്കിലും വീട്ടിലേക്കു വിളിക്കാനും ,ശബരിയെയും ,അമ്മുവിനെയും രണ്ടു ദിവസത്തിലൊരിക്കൽ വിളിച്ചു സംസാരിക്കാനു എല്ലാം….വീട്ടിൽ പോയി വന്നതിന് ശേഷം ആദ്യം തന്നെ ശബരിയോട് വീട്ടുകാര്ക്ക് ഞങ്ങളുടെ മുകളിലുള്ള വിഷമത്തെ കുറിച്ചു പറഞ്ഞിരുന്നു , അവനും അന്ന് മുതൽ എന്നെപോലെ വീട്ടിൽ വിളിച്ചു സംസാരിക്കാൻ തുടങ്ങി …… ഞാൻ രണ്ടാഴ്ചകൾ കൂടുമ്പോൾ നിർബന്ധമായും വീട്ടിൽ പോയി , മാസത്തിലൊരിക്കൽ അമ്മുവിനെ കാണാനും…പഴയ രീതിയിൽ എത്തിയപ്പോൾ തെരക്ക് കൂടിയെങ്കിലും മനസിന്‌ സന്തോഷം കൂടി , വീട്ടുകാരും ഒരു പരിധി വരെ ശബരിയുടെ അഭാവം മറന്നു …

അങ്ങനെ ഞങ്ങളുടെ സംഭവബഹുലമായ B ed ജീവിതത്തിനു തിരശീല വീഴാനുള്ള സമയം വന്നെത്തി … അവസാന ദിവസ്സം ക്ലാസ്സിൽ എല്ലാവർക്കും 15 മിനിറ്റ് സംസാരിക്കാനുള്ള ഒരു വേദിയൊരുക്കി , ” വേറിട്ട ചിന്തകൾ ” എന്നതായിരുന്നു വിഷയം …ഒരു മണിക്കൂർ അതിനു തയ്യാറാവാനുള്ള സമയം ……ഞാൻ എന്തിനെപറ്റി സംസാരിക്കണമെന്ന് കുറേ ആലോചിച്ചു ….അവസാനം ‘ ഞാൻ എന്നെക്കുറിച്ച് ‘ എന്നൊരു ക്യാപ്ഷൻ കൊടുത്തു കുറച്ചു പോയിന്റ്‌ എഴുതി വെച്ചു…..ഓരോരുത്തരും വന്നു ഓരോരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു …..അവസാനം എന്റെ ഊഴം വന്നെത്തി …..ഞാൻ എണീറ്റു സദസിനു അഭിമുഖമായി നിന്നു…

” എനിക്കേറെ പ്രിയപ്പെട്ട നിങ്ങൾക്കെല്ലാവർക്കും എന്റെ നമസ്കാരം ..

“വേറിട്ട ചിന്തകൾ “എന്ന ഈ പരിപാടിയിൽ എനിക്കിന്ന് പറയാനുള്ളത് എന്നെക്കുറിച്ച് തന്നെയാണ് … അതായത് ഞാൻ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ‘ *ഞാൻ* *എന്നെക്കുറിച്ച്* ‘ എന്നതാണ്….

എന്നെ കുറച്ചുകാലം മുൻപ് വരെ അറിയുന്ന ഒരാൾക്ക് ഇന്നു ഞാൻ ഇത്രയും പേരുള്ള സദസ്സിൽ ഇങ്ങനെ നിന്നു സംസാരിക്കുന്നു എന്നത് വലിയൊരു അത്ഭുതമായിരിക്കും…..ഞാനൊരുപാട് കഴിവുകേടുകളുള്ള ഒരാളായിരുന്നു , ആരോടെങ്കിലും സംസാരിക്കാൻ , ഇഷ്ടമില്ലാത്തൊരു കാര്യം തുറന്നു പറയാൻ , ആരോടെങ്കിലും ദേഷ്യപ്പെടാൻ എല്ലാം എന്റെയുള്ളിൽ പേടി മാത്രം തരുന്ന കാര്യങ്ങളായിരുന്നു ഒരുപരിധി വരെ അതെന്നിൽ നിന്നും മുഴുവനായും മാറിയോ എന്ന് എനിക്കിപ്പോളും അറിയുകയുമില്ല…….ഓരോ തവണ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ എനിക്ക് പ്രതികരിക്കേണ്ടി വന്നപ്പോളും എന്നെ ചേർത്തുപിടിച്ചു അതെല്ലാം നേരിടാൻ എന്നെ പ്രാപ്തനാക്കിയത് സഹോദരതുല്യനായ അല്ല മറ്റൊരു അമ്മയിലാണെങ്കിൽ കൂടി സഹോദരൻ തന്നെയായ ശബരി എന്ന ഒരുവനാണ്…….എന്റെ ഏത് അവസ്ഥയിലും എനിക്കൊപ്പം അവൻ നിന്നു ……ഞാൻ സംസാരിക്കേണ്ടയിടത്തു എനിക്ക്

കഴിയാതിരുന്നപ്പോൾ എനിക്ക് പകരം അവനെന്റെ നാക്കായി …..പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ ഞാൻ ശ്രമിച്ച സമയത്തെല്ലാം അതെല്ലാം ധൈര്യത്തോടെ നേരിടാൻ എന്നെ അവൻ നിർബന്ധിച്ചു , അന്നും ഞാൻ മടിച്ചു നിന്നപ്പോൾ എനിക്ക് മുന്നിൽ നിന്നു എങ്ങനെ അതെല്ലാം നേരിടണമെന്ന് അവൻ എനിക്ക് കാണിച്ചുതന്നു ….അവൻ എനിക്ക് നല്ലൊരു ഗുരുനാഥനാണ് ,എന്നെ മനസിലാക്കിയ എന്റെ ആദ്യ ഗുരു ,ഒരിക്കൽ ജീവിതത്തിൽ ചെയ്യാത്ത തെറ്റിന് പഴി കേട്ടതിന്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച എന്നെ അതിന്റെ വക്കിൽ നിന്നും ജീവിതത്തിന്റെ നിലയില്ലാത്ത വെള്ളത്തിൽ നീന്താൻ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ഗുരു , പക്ഷെ അവനു ഞാനൊരിക്കലും നല്ലൊരു ശിഷ്യനായിരുന്നില്ല , ഈ കോഴ്സിന് ജോയിൻ ചെയ്യുന്നത് വരെ …..അതിനു കാരണമായതും അവൻ തന്നെയാണെന്ന് ഒരുതരത്തിൽ പറയാം , അമ്മയുടെ ആഗ്രഹമാണെങ്കിൽ കൂടി എന്നെ ഇതിലേക്ക് ഫോക്കസ് ചെയ്ത് വിട്ടത് അവന്റെ പ്ലാൻ തന്നെ ആണു…

ഒരുകാലത്ത് ഈ ലോകത്തെ മുഴുവൻ പേടിയോടെ മാത്രം കാണാനാണ് എന്റെ മനസ് എന്നെ നിര്ബന്ധിച്ചിരുന്നത്….ഒരു പ്രശ്നം വന്നാൽ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്ന് ഞാൻ വിശ്വസിച്ചു , പക്ഷെ അങ്ങനെ ഒരാളുടെ ആവശ്യമില്ലെന്നും എനിക്ക് വേണ്ടി സംസാരിക്കാൻ ഏറ്റവും നല്ലത് ഞാൻ തന്നെയാണെന്ന് ഇവിടെ വന്നതിന് ശേഷം ഞാൻ തിരിച്ചറിഞ്ഞ വലിയൊരു പാഠമാണ്……ഇവിടെ നടന്ന ഓരോ സംവാദവും എനിക്ക് കിട്ടിയ ക്ലാസുകളായിരുന്നു…..എപ്പോഴെല്ലാം ഞാൻ ഇവിടെ വിമര്ശിക്കപ്പെട്ടോ അപ്പോഴെല്ലാം ഞാൻ അതിനെ അതിജീവിക്കാൻ ശ്രമിച്ചത് ഈ കോഴ്സിന്റെ കഴിവാണ്….അതിനെന്നെ സഹായിച്ചതാവട്ടെ അറിഞ്ഞോ അറിയാതെയോ നിങ്ങൾ ഓരോരുത്തരും ……പഠിച്ചിരുന്ന സമയത്ത് പഠിച്ചതിനേക്കാൾ പലതും പഠിക്കുന്നത് നമ്മൾ മറ്റൊരാളെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോളാണെന്നു മുൻപ് പലരും പറഞ്ഞിട്ടുണ്ട് , എന്നെ സംബന്ധിച്ചിടത്തോളം ഞാനെന്റെ ഇനിയുള്ള ജീവിതം ജീവിക്കാൻ തന്നെയാണ് പഠിച്ചത്….

ഇതോടൊപ്പം ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം മുൻപ് എപ്പഴോ വായിച്ച ഒരു കഥയിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു ഭാഗത്തെയാണ് , അത് ഇങ്ങനെയാണ് ……’ജീവിതത്തിലെ ഏറ്റവും സന്തോഷം എന്താണെന്ന സ്വന്തം ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ലോകം ചുറ്റുന്ന ഒരു പയ്യന്റെ കഥ , ഒരുപാട് സ്ഥലങ്ങളും ഒരുപാട് വലിയ ആളുകളെയും കണ്ടു ഈ ചോദ്യം അവർത്തിച്ചെങ്കിലും ഒരാൾക്ക് പോലും തൃപ്തികരമായ ഉത്തരം കൊടുക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല , പലരാലും പല ചൂഷണങ്ങളും ആ പയ്യന് നേരിടേണ്ടിയും വന്നു….ഒടുവിൽ ഒരു വൃദ്ധ രാജാവിന്റെ കൊട്ടാരത്തിൽ എത്തുകയും അദ്ദേഹത്തോട് ഈ ചോദ്യം ആവർത്തിക്കുകയും ചെയ്തു , കുറച്ചു ആലോചിച്ച ശേഷം ആ വൃദ്ധരാജാവ്‌ ഒരു സ്പൂണിൽ എണ്ണ നിറച്ചു വായിൽ വെച്ചശേഷം അതിലൊരു തുള്ളി പോലും കളയാതെ ആ കൊട്ടാരത്തിലുള്ള അനേകം മനോഹരമായ കാഴ്ചകൾ കണ്ടു വരാൻ പയ്യനോട് ആവശ്യപ്പെട്ടു …..അമ്പരന്നെങ്കിലും ആ പയ്യൻ അത് അനുസരിക്കുന്നു …കുറേ സമയങ്ങൾക്ക് ശേഷം തിരികെ വന്ന പയ്യനോട് രാജാവ്‌ കാഴ്ചയെപ്പറ്റി ചോദിക്കുന്നു , കയ്യിലെ സ്പൂണിൽ നിന്നും എണ്ണ പോകരുതെന്നും കരുതി ശ്രദ്ധിച്ചു നടന്നതിനാൽ കാഴ്ച ആസ്വദിക്കാൻ പറ്റിയില്ലെന്നു പയ്യൻ നിരാശയോടെ മറുപടി കൊടുത്തു ……അത് കേട്ട വൃദ്ധരാജാവ് കയ്യിലെ എണ്ണയേ പറ്റി ചിന്തിക്കാതെ കാഴ്ച ആസ്വദിക്കാനായി പയ്യനെ വീണ്ടും പറഞ്ഞുവിടുന്നു …ആ തവണയും കുറേ സമയങ്ങൾക്കു ശേഷം തിരികെ വന്ന പയ്യൻ വളരെയേറെ സന്തോഷത്തോടെ കാഴ്ചകളെപ്പറ്റി രാജാവിനോട് വിവരിച്ചുകൊടുത്തു ….എല്ലാം കേട്ട ശേഷം രാജാവ്‌ പയ്യന്റെ കയ്യിലുള്ള സ്പൂണിൽ നോക്കുമ്പോൾ ഒരു തുള്ളി എണ്ണപോലും അതിനകത്തില്ലെന്നു കണ്ടെത്തുന്നു….ശേഷം ആ പയ്യനോട് പറഞ്ഞു ‘ കയ്യിലുള്ള എണ്ണ ഒരുതുള്ളി പോലും കളയാതെ ഈ കൊട്ടാരത്തിലെ മുഴുവൻ കാഴ്ചയും ആസ്വദിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം എന്ന് ….അതിന്റെ സാരാംശം ഇതായിരുന്നു ദൈവം നമുക്ക് മാത്രമായി തന്ന ഒരുപാട് ഗുണങ്ങൾ നമുക്കുള്ളിൽ ഉണ്ട് , അത് ഒന്നുപോലും നഷ്ടപ്പെടുത്താതെ ഈ ജീവിതം ആസ്വദിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം എന്ന്……അന്ന് ഞാൻ ആ കഥ വായിച്ചപ്പോൾ എനിക്ക് അതിന്റെ അർത്ഥം

മനസിലാക്കാൻ പ്രയാസമായിരുന്നു , ഇന്നു ഇവിടെ നിങ്ങളുടെ മുന്നിൽ നിന്നും ഈ കഥ ഒരിക്കൽക്കൂടി ഓർക്കാൻ കിട്ടിയ ഈ സന്ദർഭത്തിൽ ആ കഥയെ അതിന്റെ എല്ലാ അർത്ഥത്തോടെയും മനസിലാക്കാൻ എനിക്ക് സാധിക്കുന്നുണ്ട്….ഈ കോഴ്സ് കഴിഞ്ഞ ആദ്യത്തെ ആളല്ല ഞാൻ പക്ഷെ ഈ കോഴ്സിലൂടെ ജീവിതത്തിനെ കുറച്ചുകൂടി ധൈര്യത്തോടെ നേരിടാൻ ശീലിച്ച കുറച്ചെങ്കിലും ആളുകളിൽ ഒരാളാണ് ഞാനെന്നു പറയുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്…..

നിങ്ങളിൽ ഓരോരുത്തരോടും എനിക്ക് ഓർമ്മിപ്പിക്കാനുള്ള കാര്യവും ആ കഥയിൽ പറഞ്ഞത് തന്നെയാണ് ….നിങ്ങളിൽ തന്നെ പരിപൂർണമായി വിശ്വസിച്ചു ഉള്ളിലെ ദൈവത്തിന്റെ വരദാനം ഒട്ടും കളയാതെ ഈ ജീവിതം ആഴത്തിൽ ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് മനസ് നിറഞ്ഞു പ്രാർത്ഥിക്കുന്നു ….നന്ദി ..”

ഇത്രയും പറഞ്ഞു ഞാൻ നിർത്തി , നിറഞ്ഞ കരഘോഷങ്ങൾക്കിടയിലൂടെ പാതി നിറഞ്ഞ കണ്ണുകളും ഇത്രയും ചെയ്യാൻ എന്നെ പ്രാപ്തനാക്കിയ ശബരിയെ കുറിച്ചുള്ള ഓർമകളുമായി ഞാൻ തിരികെ സീറ്റിലേക്ക് നടന്നു , എന്നെപറ്റി പറയുന്നതിനേക്കാൾ നല്ലൊരു വേറിട്ട ചിന്ത അവർക്ക് നൽകാൻ അതിനേക്കാൾ മികച്ച ഒന്നും എന്റെ കയ്യിൽ ഇല്ലായിരുന്നു എന്നതാണ് സത്യം……

സീറ്റിൽ വന്നിരുന്നപ്പോൾ അടുത്തിരുന്ന റസീന സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ടു ചേർന്നിരുന്നു…..

” മാഷേ , കലക്കി കേട്ടോ , ഇന്ന് ഈ വേദിയിൽ ഉണ്ടാവേണ്ടിയിരുന്ന ചീഫ് ഗസ്റ്റ് ശബരിയായിരുന്നു….ഇതു വരെ അമ്മുക്കുട്ടിയുടെ മനുവായാണ് ഞാൻ കണ്ടിരുന്നതെങ്കിൽ ഇനി മുതൽ ശബരിയുടെ മനുവായാണ് കാണാൻ പോണത്….അതാണ് ശെരി, അതിനാണ് ഒന്നുകൂടി ചന്തം കൂടുതൽ …….”

അവൾ എന്നോട് സ്വകാര്യമായി പറഞ്ഞപ്പോ സന്തോഷത്തോടെ ഞാൻ തലകുലുക്കി സമ്മതിച്ചു …

” എവിടെയോ വായിച്ച ഒരു കുസൃതിച്ചോദ്യം നിന്നോട് ചോദിക്കട്ടെ , നീയും ശബരിയും മനുവും നടുക്കടലിൽ ഒരു വഞ്ചിയിൽ പോകുവാണെന്നും , നിങ്ങൾ അപകടത്തിൽ പെടുന്നെന്നും വിചാരിക്കൂ , അതിൽ ഒരാൾ നടുകടലിൽ ചാടിയാൽ ബാക്കി രണ്ടു പേർക്കും രക്ഷപ്പെടാം എന്നാണെങ്കിൽ നീ ആരെ രക്ഷിക്കും , ആരെ കടലിലേക്കിടും ..??”

കൊനിഷ്ടു ചോദ്യവും അതിലേറെ ആകാംഷയുള്ള മുഖവുമായി അവൾ എന്നെ നോക്കി….ഞാൻ കുറച്ചു സമയം ചിന്തിച്ചു ..

” ഞാൻ എടുത്തുചാടും , കാരണം അവരിൽ ഒരാൾ പോയിട്ട് ജീവിക്കുന്നതിനേക്കാൾ ഞാൻ മരിച്ചു പോവുന്നതാണ് എനിക്കിഷ്ടം……”

ഞാൻ തീർത്തു പറഞ്ഞു , അവൾ പുഞ്ചിരിച്ചു …

” ഇതാകും നിന്റെ ഉത്തരമെന്നു എനിക്കറിയാമായിരുന്നു മാഷേ….. മാത്രമല്ല നിങ്ങൾ മൂന്നുപേരും അവിടെ ബാക്കിയുണ്ടാവില്ല , നിങ്ങളിൽ ഒരാളില്ലെങ്കിൽ മറ്റൊരാൾ ഉണ്ടാവില്ല …വെറുതെയല്ല വേറെ ഒരാള്ക്കും നിങ്ങടെ ജീവിതത്തിൽ ചാൻസില്ലാത്തതു ലേ…? ”

അവൾ ഇത്തിരി കുശുമ്പോടെ ചോദിച്ചപ്പോൾ ” ഒന്ന് പോയെടീ ” എന്ന് പറഞ്ഞു ഞാൻ തോളിൽ കയ്യിട്ടു അവളെ ചേർത്തുപിടിച്ചു …പിന്നെ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ എന്ന ചിന്ത വന്നപ്പോൾ വിട്ടിരുന്നു…..

പിന്നെയും കുറേപേരുടെ സംസാരം ഉണ്ടായിരുന്നെങ്കിലും എനിക്കൊന്നിലും ശ്രദ്ധ കിട്ടിയില്ല …സന്തോഷം കൂടുമ്പോൾ ഞാൻ അറിയാതെ വേറൊരു

ലോകത്തേക്ക് യാത്രയാകും… കൂട്ടത്തിൽ മനസ്സിൽ ശബരിയോട് നന്ദി പറഞ്ഞു ….പരിപാടി കഴിഞ്ഞു പിരിയുന്ന നേരത്ത് ടീച്ചേർസ് അഭിനന്ദിച്ചു , അതിൽ ജസ്‌നിമിസ്സ്‌ അടുത്തു വന്നു എല്ലാരുടെം കഴിയാൻ വേണ്ടി കാത്തുനിന്നു …അവരാണ് ഞാനീ പ്രൊഫെഷന് ഒട്ടും ചേർന്ന ആളല്ലെന്നു കുറച്ചു മാസങ്ങക്ക് മുൻപ് പറഞ്ഞ ആൾ…

” മനൂ , ഗംഭീരമായിരുന്നു കേട്ടോ….! ശെരിക്കും അന്ന് ഈ പ്രൊഫഷന് ചേർന്ന ഒന്നും തനിക്കില്ലെന്ന് പറഞ്ഞതിൽ ഇന്നെനിക്ക് വല്ലാത്ത കുറ്റബോധം തോന്നി….അതിനൊരു സോറി കൂടി പറയുന്നു…..”

അവർ പുഞ്ചിരിയോയോടെ പറഞ്ഞപ്പോൾ ഞാൻ കുനിഞ്ഞു അവരുടെ കാലുകൾ തൊട്ടു അനുഗ്രഹം വാങ്ങി , പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അവരെന്റെ തോളിൽ കയ്യമർത്തി ….

” സോറിയൊന്നും വേണ്ട മിസ്സേ , അത് കാരണമാണ് പിന്നെ എനിക്കും വാശി കൂടിയത്….ഇനി ഒരാളും എന്നോട് അങ്ങനെ തമാശക്ക് പോലും പറയരുതെന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളു ….അതിനു സത്യത്തിൽ എനിക്ക് മിസ്സിനോട് നന്ദി മാത്രേ ഉള്ളൂ…!! ”

ഞാൻ കൈകൂപ്പികൊണ്ട് മിസ്സിനോട് പറഞ്ഞു…അവർ തലകുലുക്കി സമ്മതിച്ചു …പിന്നെ യാത്ര പറഞ്ഞു പോയി…

ഇതാണ് ജീവിതം , തോറ്റെന്നും ,ഇനി ജീവിതമില്ലെന്നും കരുതിന്നിടത്ത് നിന്നും തെല്ലൊന്നു മാറി ചിന്തിച്ചാൽ നമ്മൾ കാണാതെ പോയ മറ്റ് അനേകം അവസരങ്ങളും പുതിയ ജീവിതവും ഉണ്ടായിരിക്കും…..നീന്തൽ അറിയാത്ത ഒരാൾ നിലയില്ലാത്ത വെള്ളത്തിൽ വീണാൽ എന്നപോലെ….മരിക്കരുതെന്നു കരുതി കൈകാലിട്ടു പൊരുതി ആഴങ്ങളിൽ നിന്നും വെള്ളത്തിന്‌ മുകളിലെത്തി ശ്വാസമെടുക്കുന്ന ആ അവസ്ഥ…..!! അത് അനുഭവിച്ചവന് മാത്രമേ അതിന്റെ ആ സന്തോഷം മനസിലാകൂ…!!

അന്നത്തെ ദിവസം ഞങ്ങളുടെ പഠന ജീവിതത്തിലെ അവസാന ദിവസമായിരുന്നെന്നു ഞാൻ പറഞ്ഞല്ലോ….ഇനി ഒന്നോ രണ്ടൊ മാസങ്ങൾ കൊണ്ട് പരീക്ഷ മാത്രം ,പിന്നെ ഓരോ നാട്ടിൽ ചിലപ്പോൾ ഒരിക്കലും കാണാൻപോലും സാധിക്കാത്ത അകലങ്ങളിലേക്ക് യാത്രയാവാൻ പോകുന്നവർ …പരസ്പരം ആശംസിച്ചും , ആഗ്രഹങ്ങൾ പങ്കുവെച്ചും ഞങ്ങൾ ഒരുപാട് നേരം ക്ലാസിൽത്തന്നെ ഇരുന്നു….അതിൽ പലർക്കും എന്നെപോലെ പറയാൻ കഥകൾ ഒരുപാട് ഉണ്ടായിരുന്നു….നിറമില്ലാത്ത ജീവിത വഴികളിൽ നിന്നും ഒരായിരം മോഹങ്ങളുടെ കുട്ടകൾ ചുമന്നു പഠിക്കാൻ വന്നവരാണ് അതിൽ അധികവും……കഴിഞ്ഞ പത്തുമാസക്കാലം ഒരുമിച്ചു പഠിച്ചും ,പഠിപ്പിച്ചും കഴിഞ്ഞു പിരിയുന്നു എന്ന അവസ്ഥയിൽ എല്ലാവരും ദുഖിതരായിരുന്നു…പിന്നെ സമയമായപ്പോൾ ഓരോരുത്തരായി പോകാൻ എഴുന്നേറ്റു , കുറച്ചു സമയം കൂടി ഇരുന്ന ശേഷം ഞാനും എണീറ്റു….

വീട്ടിൽ നാളെ പോകുന്നുള്ളൂ എന്ന തിരുമാനം മുൻപേ എടുത്തിരുന്നതിനാൽ തെരക്ക് കൂട്ടിയില്ല , ബാഗ്‌ എടുത്ത്‌ തോളിലിട്ട് ബാക്കി ഉള്ളവരോട് ഒരിക്കൽക്കൂടി യാത്ര പറഞ്ഞു തിരിഞ്ഞു ….അപ്പോളാണ് ‘ ടാ ‘ എന്ന വിളിയോടെ റസീന ഓടിവന്നു കെട്ടിപ്പിടിച്ചത്…..പ്രതീക്ഷിക്കാതിരുന്നാൽ ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി , പിന്നെ അവളെയും ചേർത്തുപിടിച്ചു ….

” നിന്റെ പെങ്ങന്മാരുടെ കൂട്ടത്തിലേക്ക് എന്നെ കൂടി എടുക്കാമോടാ…?”

അവൾ മുഖം പൊന്തിച്ചു പ്രതീക്ഷയോടെ ചോദിച്ചപ്പോൾ എനിക്ക് വല്ലാത്ത സ്നേഹം തോന്നിപോയി….

” അത് നീ പറയാണ്ട് തന്നെ എടുത്തിട്ടുണ്ട് കേട്ടോടീ ..”

അതു പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…..

” ഇടക്ക് വിളിക്കണം ട്ടോ , കല്യാണം ചെലപ്പോ ഉടനെ നടത്തും , ഞാൻ ആരെയും വിളിക്കില്ല ,അറിഞ്ഞാലും വരരുത് …., എന്നെ ഓർത്താൽ മതി ട്ടോ …ഞാൻ പ്രാർത്ഥിക്കും മാഷും അമ്മുട്ടിയും ഒന്നാവാൻ , പിന്നെ ശബരി ഇനിയുള്ള ജീവിതത്തിൽ എന്നും എപ്പോളും കൂടെയുണ്ടാവാൻ……സന്തോഷമായിരിക്കൂ ട്ടോ..!”

ക്ലാസിൽ പലരും ഇതേ അവസ്ഥയിൽ ആയിരുന്നതിനാൽ കണ്ണുകൾ തുടച്ചും കൈകൾ ചേർത്തുപിടിച്ചും ഇതെല്ലാം കണ്ടിരുന്നു…..

റസീനയുടെ നിക്കാഹു കഴിഞ്ഞതാണ് , ഇനി കോഴ്സ് കഴിഞ്ഞതിന് ശേഷം കല്യാണം….വളരെ ഓർത്തഡോൿസ്‌ ആയ ഒരാളായിരുന്നു അവളുടെ ഭർത്താവ്‌, അവളെക്കാൾ 20 വയസിനു മൂത്ത പുളളിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഇവളുടെ അതിയായ ആഗ്രഹത്തിൽ സ്വന്തം വീട്ടിലും ,ഭർത്താവിനോടും വാശിപിടിച്ചു കോഴ്സിന് ചേർന്നതാണ് അവൾ…..ഇതിന് ശേഷം അവൾക്കൊരു ആഗ്രഹവും ഉണ്ടാവില്ലെന്നും , ഉണ്ടായാൽതന്നെ നടത്തികൊടുക്കേണ്ടെന്നും ഉള്ള ഉറപ്പിലാണ് അവളെ ഇതിന് വിട്ടത് .. ഒരു ടീച്ചർ ആവാൻ കൊതിച്ചു B ed എടുത്തു , ഇനിയുള്ള ജീവിതം പക്ഷെ ഭർത്താവിന്റെ വലിയ വീട്ടിൽ വയ്യാത്ത ഉമ്മയെ നോക്കാൻ വേണ്ടി മാത്രം ആണെങ്കിൽ പോലും അവൾ പഠിച്ചത് അത്രയും ആത്മാർത്ഥമായിട്ടായിരുന്നു ……

നിറകണ്ണുകളോടെ ഞാൻ അവളെ അടർത്തി മാറ്റി പിന്തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഹോസ്റ്റലിലേക്ക് നടന്നു…..

തുടരും ………..

മനസ്സിൽ തോന്നുന്നത് അതുപോലെ എഴുതിവെക്കുകയാണ് ഇപ്പോൾ ചെയുന്നത് , ഒരാവർത്തി വായിക്കാൻ പോലും സമയക്കുറവ് സമ്മതിക്കുന്നില്ല……നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഇല്ലേ എന്നൊന്നും ചിന്തിച്ചിട്ടില്ല , വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുക….

ഇതിൽ റസീന എന്ന കഥാപാത്രം എനിക്കേറെ പ്രിയപ്പെട്ട എന്റെ ജീവിതത്തിലെ തന്നെ വ്യക്തിയാണ് ……ഇതിലെ ആ കഥാപാത്രവുമായുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്…….ഇന്നും അവൾ എവിടെയോ ഉണ്ട് , വലിയൊരു വീട്ടിൽ പുറത്തേക്കിറങ്ങാനോ ആരോടെങ്കിലും ഫോണിൽ പോലും സംസാരിക്കാനോ അനുവാദമില്ലാതെ ,ഞാൻ ഇവിടെ വിവരിച്ച അതുപോലെ മനസ്സിൽ അടക്കിപ്പിടിച്ച എത്രയോ ആഗ്രഹങ്ങളുമായി അടിമയെപ്പോലെ ……നിന്നെ ഞാനിപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു എന്റെ പ്രിയ കൂട്ടുകാരീ …

പതിവുപ്പോലെ പറയട്ടെ ,നിങ്ങളുടെ കാത്തിരുപ്പിനുള്ള പ്രതിഫലമായിട്ടുണ്ടോ എന്നറിയില്ല , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു ….എല്ലാവരോടും സ്നേഹം മാത്രം….

സ്നേഹത്തോടെ 😍

Fire blade 🥰🥰

Comments:

No comments!

Please sign up or log in to post a comment!