ശംഭുവിന്റെ ഒളിയമ്പുകൾ 34

വില്ല്യം തന്നെയാണ് വിഷയം.അത് മനസ്സിലായി എങ്കിലും വിക്രമന്റെ അസമയത്തുള്ള വരവ് ഗോവിന്ദിന്റെ മനസ്സ് കുഴക്കി,ഒപ്പം രാജീവ്‌ എന്തോ പ്രശ്നം മണത്തെടുത്തു.വിക്രമനെ അധികമറിയില്ലെങ്കിലും ചില സമയം ഇതുപോലെയുള്ള അപ്രതീക്ഷിത വരവുകൾ പലരെയും പെടുത്തിയ ചരിത്രമാണുള്ളതും.അതാണ് ഈ വരവ് എന്തിനെന്ന രാജീവന്റെ ചിന്തക്ക് കാരണവും.പക്ഷെ ഗോവിന്ദ് ,അയാൾക്ക് രാജീവന്റെ സാന്നിധ്യം ആണ് ധൈര്യം പകരുന്നതും.

“എന്ത് പറ്റി ഗോവിന്ദ്,വന്നുകയറിയ നേരം തെളിഞ്ഞുനിന്ന മുഖമിപ്പോൾ മങ്ങിയതിന് കാരണം?”അവർ മാത്രം ആയ സമയം വിക്രമൻ തന്നെ കാര്യം തുടങ്ങിവച്ചു.

“അത് പിന്നെ……….പ്രതീക്ഷിക്കാതെ കണ്ടതുകൊണ്ട്,അതും ഇവിടെ.”

“വിക്രം,എനിക്ക് നേരിട്ട് പരിചയമില്ല. പക്ഷെ കേട്ടിട്ടുണ്ട്.ഇടക്ക് ഒരു തവണ കണ്ടിട്ടുമുണ്ട് എന്നതൊഴിച്ചാൽ വല്യ പരിചയം നമ്മൾ തമ്മിലില്ല.ഞാൻ എസ് ഐ രാജീവ്‌,ഗോവിന്ദ് എന്റെ ഫ്രണ്ട് ആണ്.കാര്യങ്ങൾ പറഞ്ഞിട്ടും ഉണ്ട്.പക്ഷെ നിങ്ങൾ ഈ സമയം ഞങ്ങളെ തേടി വരണമെങ്കിൽ…….. എന്തെങ്കിലും പ്രശ്നം?എനിക്കെന്തൊ സ്മെൽ ചെയ്യുന്നുണ്ട്.”ഗോവിന്ദ് മറുപടിക്കായി ബുദ്ധിമുട്ടുന്നത് കണ്ട രാജീവ്‌ ഇടയിൽ കയറി.

“ശരിയാണ്.ഒരു കാരണമില്ലാതെ ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ല. ഇന്ന് തന്നെ വരേണ്ടി വന്നു,സമയം തീരെയില്ല താനും.അസമയമാണ് എന്നറിയാം എന്നിട്ടും വരണമെങ്കിൽ ഗൗരവം എത്രയുണ്ടാകും എന്ന് ഒരു പോലീസ് ഓഫീസർക്ക് ഞാൻ വിശദീകരിച്ചുതരേണ്ട കാര്യമില്ലല്ലൊ”

“അതാണ് ഞങ്ങൾക്കറിയേണ്ടതും” രാജീവ്‌ പറഞ്ഞു.

“എന്റെ പക്കൽ കുറച്ചു ചോദ്യങ്ങളുണ്ട്.അതിനുള്ള ഉത്തരം ഗോവിന്ദിന്റെ കയ്യിലും.അത് കൃത്യം ലഭിച്ചാൽ ഇനിയൊരു കൂടിക്കാഴ്ച്ച, അത് ഉണ്ടാവില്ല.”

“കൂടുതലായി എന്താണ് സർ എന്നിൽ നിന്നും…?”ഗോവിന്ദ് ചോദിച്ചു.

“ഗോവിന്ദിന്റെ ഫാമിലിയൊക്കെ?” വിക്രം തുടങ്ങിവച്ചു.

“എനിക്കെന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ താത്പര്യം ഇല്ല സർ.എന്തെങ്കിലും അറിയുവാനുണ്ടെങ്കിൽ അതാവാം.”

“അതിലേക്കാണ് വരുന്നത് മിസ്റ്റർ ഗോവിന്ദ്.അന്വേഷിച്ചപ്പോൾ താനും കുടുംബവുമായി അത്ര രസത്തിലല്ല എന്നറിയാൻ കഴിഞ്ഞു.അതിന്റെ കാരണം എനിക്ക് അറിയേണ്ട താനും .പക്ഷെ എങ്കിലും ചിലത് ചോദിച്ചേ പറ്റൂ.സഹകരിക്കുക,ഇല്ലെങ്കിൽ ഇനി കണ്ടുമുട്ടുന്ന രീതിയും സാഹചര്യവും ഇതായിരിക്കില്ല.പോലീസ് ഓഫിസർ സുഹൃത്ത് ആയിട്ടുള്ള തനിക്ക് അത് മനസിലാവുമല്ലോ?”വിക്രമനും വിട്ടു കൊടുത്തില്ല.

ഇതിനിടയിൽ രാജീവ്‌ ഗോവിന്ദന്റെ കയ്യിലൊന്ന് തട്ടി,കാര്യമറിയാൻ നോക്കിയ ഗോവിന്ദിനോട്‌ അധികം ബലം പിടിക്കേണ്ട എന്ന് രാജീവ്‌ കണ്ണ് കൊണ്ട് പറഞ്ഞു.



അത് മനസ്സിലാക്കിയ ഗോവിന്ദ് ഒന്ന് അയഞ്ഞു.തന്റെ വഴിയിലേക്കെത്തി എന്ന് മനസ്സിലായതും വിക്രമൻ തന്റെ ആദ്യ ചോദ്യം ഗോവിന്ദിന് നേർക്ക് തൊടുത്തു,അത് എംപയർ ഗ്രൂപ്പിനെ കുറിച്ചായിരുന്നു.

“സർ………അത്…….അതെന്റെ ഭാര്യ വീട്ടുകാരുടെതാണ്.ഇപ്പോൾ ഞാനും ആയി അത്ര രസത്തിലുമല്ല.വീണയും ആയുള്ള ദാമ്പത്യം പിരിയുന്നതിന്റെ വക്കിലുമാണ്.”

“അന്ന് വില്ല്യം മരിച്ചുകിടന്ന ഫ്ലാറ്റ്, അത് നിങ്ങളുടെ തന്നെയല്ലെ ഗോവിന്ദ്,അതോ ഇനി……..”

“വീട്ടുകാരുമായി രസത്തിലല്ല സർ, പക്ഷെ ആ ഫ്ലാറ്റ് എന്റെ സേവിങ്സ് കൊണ്ട് വാങ്ങിയതാണ്.”

“വില്ല്യമും താനുമായി എന്തെങ്കിലും പ്രശ്നം?”

“നെവർ,അവന്റെ മരണം വരെ നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.”

“അതിരിക്കട്ടെ,മറ്റൊരു കാര്യം. തനിക്കറിയുന്നതാണ്,ഒരു ജോലി എംപയർ ഗ്രൂപ്പിൽ നേടുക എന്നത് ഏത്ര ശ്രമകരമാണെന്ന്.ആ ഒരു സാഹചര്യം നിലനിൽക്കെ തന്റെ കൂട്ടുകാരന്റെ കേസിലെ ഒരു സാക്ഷി, അതും ഒരു കുടിയൻ അയാൾക്ക് അവിടെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ജോലി ലഭിക്കുക,അതും അവർ നേരിട്ടുള്ള ഇടപെടൽ മൂലം. തനിക്കെന്താ അതിനെക്കുറിച്ച് പറയാനുള്ളത്.”

“അത് എന്റെ വിഷയമല്ല സർ.അവർ അവർക്ക് ഇഷ്ട്ടമുള്ളവരെ ജോലിക്ക് വക്കുന്നു,എനിക്കെന്ത് കാര്യമതിൽ.”

“ഒറ്റ നോട്ടത്തിൽ കാര്യമില്ലായിരിക്കാം എങ്കിലും ചിലത് ദഹിക്കാതെ കിടക്കുന്നു.അതങ്ങ് തീർത്തു പോകുന്നതല്ലേ നല്ലതും.അതുകൊണ്ട് ചോദിക്കുന്നു എന്ന് മാത്രം.എന്തിനോ ഉള്ള ഒരു പ്രതിഫലമല്ലെ അതെന്ന് ഒരു തോന്നൽ,അതിനുള്ള ഉത്തരം നിങ്ങൾക്കിടയിലെ പ്രശ്നങ്ങളിൽ ഒളിഞ്ഞുകിടക്കുന്നുമുണ്ട്.ഗോവിന്ദ് – വില്ല്യം – എംപയർ ഗ്രൂപ്പ്‌,എന്തോ ഒന്ന് ഈ ത്രയങ്ങൾക്കിടയിൽ നീറിപ്പുകയുന്നുണ്ടല്ലൊ ഗോവിന്ദ്?”

“സർ……വിളിപ്പിച്ചപ്പോഴൊക്കെ ഞാൻ വന്നിരുന്നുതന്നിട്ടുണ്ട്.അറിയുന്നത് പറയുകയും ചെയ്തു.വില്ല്യവും ഞാനുമായി പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.അവന്റെ പ്രൈവസിക്ക് വേണ്ടിയാണ് ഞാൻ മാറിനിന്നതും.പക്ഷെ അതവന്റെ അവസാന രാത്രിയായിരിക്കും എന്ന് അറിഞ്ഞിരുന്നില്ല.പിന്നെയെന്റെ കുടുംബപ്രശ്നങ്ങൾ,അതെന്റെ സ്വകാര്യതയാണ് സർ.അതെനിക്ക് സാറിനോട് പറയേണ്ട കാര്യവുമില്ല. പിന്നെ എംപയർ ഗ്രൂപ്പ്‌ ജോലി കൊടുത്തത്,അതിന് കാരണം അവരോട് തന്നെ ചോദിക്കണം. അല്ലെങ്കിൽ ആ ഗാർഡ് അത്രക്കും എന്തോ അവർക്കായി ചെയ്തു കൊടുത്തിട്ടുണ്ടാവണം.അതെനിക്ക് അറിയുന്ന കാര്യവുമല്ല.”

ഗോവിന്ദ് ആദ്യം ഒന്ന് പതറിയെങ്കിലും ഉത്തരങ്ങളിൽ പൊരുത്തക്കേട് തോന്നാത്തതും തന്റെ ഊഹങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലാത്തതും മൂലം തത്കാലം വിക്രമൻ അവിടെ നിന്നുമിറങ്ങി.


“ഒരു ചെട്ടിയാരെ അറിയുമോ ഗോവിന്ദ്?”തിരിച്ചു പോകാൻ ഇറങ്ങുന്ന വഴിയിൽ വിക്രമൻ ചോദിച്ചു.

“ഏ…….ഏത് ചെട്ടിയാർ?”പെട്ടെന്നുള്ള ചോദ്യത്തിൽ ഗോവിന്ദ് ഒന്ന് പതുങ്ങി.

“തനിക്ക് അറിയില്ലെങ്കിലും പണം തിരിച്ചുകൊടുക്കാനുള്ളവരെ ചെട്ടിയാർക്കറിയാം.കൂടാതെ വില്ല്യം ചെട്ടിയാരെ പലവട്ടം വിളിച്ചതിന് രേഖകളുമുണ്ട്.അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം.എന്നാൽ ഇറങ്ങട്ടെ ഗോവിന്ദ്,ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടാതിരിക്കട്ടെ.”

ഒടുവിൽ ഒരാശംസയും നേർന്നുകൊണ്ടാണ് വിക്രമൻ തന്റെ വണ്ടിയിലേക്ക് കയറിയത്.എന്തോ നേടിയതിന്റെ സന്തോഷം അപ്പോൾ അയാളുടെ മുഖത്തുണ്ടായിരുന്നു. ഗോവിന്ദ് പറഞ്ഞ ഒരു വാചകം “ആ ഗാർഡ് അവർക്ക് അത്രയും ഉപകാരം എന്തോ ചെയ്തിരിക്കണം” അത് വിക്രമന് സ്ട്രൈക്ക് ചെയ്തു. കൂടാതെ നിസ്സാരമെന്ന പോലെ അല്പം പരുങ്ങിക്കൊണ്ട് ചെട്ടിയാരെ അറിയില്ല എന്ന് ഗോവിന്ദ് പറഞ്ഞ കള്ളം,നിരുപദ്രവകരമെന്ന് കരുതി പറഞ്ഞതായാലും അതും വിക്രമന് പിടിവള്ളിയാണ്.വില്ല്യമിനെപ്പോലെ പലപ്പോഴും ചെട്ടിയാരുമായി ഫോൺ ബന്ധം ഗോവിന്ദിനുണ്ടായിരുന്നതും അവർ തമ്മിലെ പലിശയിടപാടും, വില്ല്യമായിരുന്നു അതിലെ മീഡിയേറ്റർ എന്നതും ഗോവിന്ദിനും വില്ല്യമിനും ഇടയിലൊരു അകൽച്ചക്ക് അല്ലെങ്കിൽ അവർക്കിടയിൽ ഒരു പ്രശ്നമുണ്ടായിരുന്നു എന്നത് ഉറച്ചു വിശ്വസിക്കാൻ വിക്രമനെ പ്രേരിപ്പിച്ചു. ഇനി ഇതിലേതാണ് വില്ല്യമിന്റെ മരണം വരെ എത്തിനിൽക്കുന്നത് എന്ന ചോദ്യവുമായി ഒരു ചിരിയോടെ വിക്രമൻ ഡ്രൈവ് തുടർന്നു,തന്റെ ജോലി കുറച്ചുകൂടി എളുപ്പമായി എന്ന ആശ്വാസത്തോടെ അയാൾ രാത്രിയുടെ മടിത്തട്ടിൽ വിലയം പ്രാപിച്ചു. ***** “ദേ……..ചേച്ചി ഒന്ന് പോയെ,പോയി അവിടെയെങ്ങാനും ചുമ്മാ ഇരുന്നേ.” അടുക്കളയിലേക്ക് കയറിവന്ന വീണയോട് ഗായത്രി കയർത്തു.

“ചൂടാവല്ലേ പെണ്ണെ,എന്റെ കൊച്ചിന്റെ അച്ഛന് ഇത്തിരി വെള്ളം എടുത്തോട്ടെടി.”

“ദാഹിച്ചു ചാവാൻ നിക്കുവാണെൽ ആ സാധനത്തിന് വന്ന് കുടിച്ചുകൂടെ? ഒരു ഉത്തരവാദിത്വവുമില്ലാത്ത ജന്തു” ഗായത്രി വീണ്ടും പറഞ്ഞു.

“ഡീ……എന്റെ ചെക്കനെ വല്ലോം പറഞ്ഞാലുണ്ടല്ലൊ”

“പറഞ്ഞാൽ……..ആ സാധനം എന്റെ അനിയൻ കൂടിയാണെന്ന് ഓർക്കണം ഇന്ന് പൂർണ്ണമായും സ്വന്തം പോലെ കിട്ടിയതിന്റെ തുള്ളിച്ചാട്ടം ഇച്ചിരി കുറച്ചു മതി,വയറ്റിൽ ഒരാള് കൂടി ഉണ്ടെന്ന് മറക്കണ്ട.”

കോടതി വിധി പറയുന്ന ദിവസം ആയിരുന്നു ഇന്ന്.വീണയുടെ വാദം പൂർണ്ണമായും അംഗീകരിച്ചുകൊണ്ട്, ഒരു ഗേ ആയ ഗോവിന്ദിനൊപ്പം ജീവിക്കുവാനുള്ള ബുദ്ധിമുട്ട് വിലക്ക് എടുത്തുകൊണ്ട്,ഉഭയകക്ഷിസമ്മത പ്രകാരം ബന്ധം പിരിയാനുള്ള വിധി പുറപ്പെടുവിക്കുകയായിരുന്നു.


എതിർത്ത് നിന്നാൽ തന്റെ തനിനിറം പുറം ലോകം കൂടി അറിയുമെന്നതും, തന്നെ ജീവിതത്തിൽ നിന്നും ഒഴിച്ചു നിർത്താൻ വീണ ഏതറ്റം വരെ പോകും എന്നതുകൊണ്ടും തന്റെ ജീവൻ പോവാതെ നോക്കേണ്ട ബാധ്യതയിപ്പോൾ തന്റെ മാത്രമായത് കൊണ്ടും ഗോവിന്ദിനും വേറെ വഴി ഇല്ലായിരുന്നു എന്ന് പറയുന്നതാവും ശരി.

ആദ്യം ഒന്ന് നേരെ നിക്കുക.എന്നിട്ട് തിരിച്ചടി കൊടുക്കുക.സൂത്രശാലി ആയ കുറുക്കൻ അങ്ങനെയേ ചെയ്യൂ ഗോവിന്ദും അതുപോലെ തന്നെ. അവന് തന്റെ നിലനിൽപ്പാണ് വലുത്, അതുകൊണ്ട് തന്നെയാണ് അധികം ബലം പിടിക്കാതെ ഉപയകക്ഷി സമ്മതപ്രകാരം ബന്ധം പിരിയാൻ ഒപ്പിട്ടുകൊടുത്തതും.

ചെട്ടിയാരുടെ കയ്യിൽ നിന്നും രാജീവ് ഊരിയെടുത്തു.നഷ്ട്ടമാകുമെന്ന് കരുതിയ തന്റെ ഫ്ലാറ്റ് തത്കാലം കൈവിട്ടുപോയില്ല എന്നും കരുതി. പക്ഷെ നഷ്ട്ടപരിഹാരമായി അത് വീണക്ക് നൽകാനുള്ള വിധിപറച്ചിൽ ഗോവിന്ദിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.കൂടാതെ വീണയിത് എങ്ങനെ അറിഞ്ഞു എന്നതും അവനെയാകെ കുഴക്കി.തന്റെ പിന്നാലെ നിഴല് പോലെ വീണയുടെ കണ്ണുകളുണ്ട്,കരുതിയിരിക്കണം എന്നവൻ ഉറപ്പിച്ചു.

കോടതിയിൽ നിന്നും വളരെ സന്തോഷത്തിൽ വന്നുകയറിയതാണ് വീണ.അതാണ് കുറച്ചു മുൻപേ കണ്ടതും.മാധവനും സാവിത്രിയും വിധി കേട്ടശേഷം ഓഫീസിലേക്കും സ്കൂളിലേക്കുമായി പോയിരുന്നു. കൂടാതെ വീണയുടെ വീട്ടുകാരും ഉണ്ടായിരുന്നു.വൈകിട്ട് തറവാട്ടിൽ ഒത്തുകൂടാം എന്ന് പറഞ്ഞാണ് അവർ പിരിഞ്ഞതും.അതിനുള്ള തയ്യാറെടുപ്പുകൾ ഗായത്രിയും ജാനകിയും ചേർന്ന് നടത്തുന്നതിന് ഇടയിലേക്കാണ് വീണ കയറിവന്നതും

തന്റെ സന്തോഷത്തിൽ മതിമറന്ന് ഓരോന്ന് ചെയ്യാൻ തുടങ്ങിയ വീണയെ ഗായത്രി വന്നതുപോലെ ഓടിക്കുകയും ചെയ്തു.അടങ്ങി ഒരിടത്തിരുന്നൊണം എന്നാണ് സാവിത്രി പോലും പറഞ്ഞിട്ടുള്ളത്. ഒരു കുഞ്ഞ് വരാൻ പോകുന്നതിന്റെ കരുതലാണ് എല്ലാവർക്കും.

“സഹായിക്കാൻ പോയ ആള് ഇത്ര വേഗം വന്നോ?”വീണയെ കണ്ടതും ശംഭു ചോദിച്ചു.

“ദാ……കുടിക്ക്.വെള്ളം ചോദിച്ചതല്ലെ” അത് ഇഷ്ട്ടപ്പെടാതെ അവൾ വെള്ളം നീട്ടി.ഗായത്രി പോരെടുത്തതിന്റെ ശുണ്ഠിയായിരുന്നു ശരിക്കുമത്.

“ചേച്ചി ഒടിച്ചുവല്ലേ?”അത്ര മാത്രം ചോദിച്ചുകൊണ്ടാണ് അവനത് വാങ്ങി കുടിച്ചത്.കഴിഞ്ഞതും അവനെ തള്ളി ബെഡിലേക്കിട്ടിട്ട് വീണ ശംഭുവിന്റെ നെഞ്ചിലേക്ക് പതുങ്ങി.

“ഇപ്പൊ നടക്കുന്നതെല്ലാം സന്തോഷം തരുന്നതാ എനിക്ക്.എന്റെ ചെക്കന്റെ കാര്യം നോക്കാൻ പോലും അവള് സമ്മതിക്കുന്നില്ല എന്ന് വന്നാൽ.”

“എന്താ എന്റെ പെണ്ണിന് അങ്ങനെ തോന്നാൻ.
ചേച്ചി ഒടിച്ചതു കൊണ്ടാ? മുന്നേ ഒരു സന്തോഷവും ഉണ്ടായിട്ടില്ലന്നാ?”

“സന്തോഷം ഉണ്ടായിരുന്നു,പക്ഷെ കൂടുതലും നെഞ്ച് നീറ്റുന്ന സങ്കടം മാത്രമായിരുന്നു.ശംഭുസിനെ കിട്ടിയ നിമിഷം മുതൽ എനിക്ക് അത് മനസ്സിലാക്കാൻ പറ്റുന്നുണ്ട്,എന്റെ സങ്കടത്തിന്റെ അളവ് കുറഞ്ഞുവന്ന് അവിടെ സന്തോഷം നിറയുന്നത്. ഇപ്പൊത്തന്നെ നോക്കിയേ എന്റെ ഉള്ളിൽ ശംഭുസിന്റെ ജീവൻ തുടിച്ചു തുടങ്ങി,അതെന്റെ ഏറ്റവും വലിയ സന്തോഷമല്ലെ.ആ ഒരു കരുതലും സ്നേഹവും എന്നോടുള്ളത് കൊണ്ടാ ഗായത്രി എന്നെ ഒടിച്ചതുപോലും.

ഇതുവരെ ഞാൻ അനുഭവിക്കാത്തതും എനിക്കിനിയും വേണമെന്ന് തോന്നുന്നതുമായ ഒന്ന്.

തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് കൊഞ്ചുകയായിരുന്ന വീണയുടെ വാക്കുകൾ മുറുകിയപ്പോൾ അവൻ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു.”അവൻ ഇല്ലാതാവണം” അവൾ വീണ്ടും പറഞ്ഞപ്പോൾ ഒരു ചുംബനം അവളുടെ നെറുകയിൽ നൽകി അവനത് ഉറപ്പ്‌ കൊടുത്തു. ***** വെടികൊണ്ട പന്നിയുടെ അവസ്ഥ…. അതായിരുന്നു ചെട്ടിയാർക്ക്.തനിക്ക് ആദ്യമായി ഏറ്റ തോൽവി,അതിന്റെ അപമാനം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.

അറിഞ്ഞു കളിച്ചിരിക്കുന്നു.ഇതുവരെ തന്റെ കുറുകെ ആരും വന്നിട്ടില്ല,ഇനി വരികയും ഇല്ലെന്ന് കരുതി അഹങ്കരിച്ചു നടന്നിരുന്ന തനിക്കിന്ന് തല കുനിക്കേണ്ടിവന്നിരിക്കുന്നു.

പലിശയൊ മുതലോ പോയതല്ല ചെട്ടിയാരെ വലച്ചത്,ഒരു തവണ ഗോവിന്ദ് വഴുതിപ്പോയെന്ന് കരുതി അതയാളെ ബാധിക്കുന്നതുമായിരുന്നില്ല.അത് തിരിച്ചു പിടിക്കാൻ വഴിയുണ്ട് താനും. പക്ഷെ തന്റെ ഹവലാ ഇടപാടിൽ വന്ന തട്ടുകേട്,അതേല്പിച്ച ക്ഷീണം വളരെ വലുതായിരുന്നു.

കുഴൽപ്പണ ഇടപാടുകളിൽ വിശ്വാസം എന്ന വാക്കിന്റെ വില വളരെ വലുതാണ്.ഏറ്റെടുത്ത ജോലി നടക്കാതെപോയാലൊ,അതിൽ എന്തെങ്കിലും തട്ടുകേട് വന്നാലൊ വലിയ വില നൽകേണ്ടി വരും.തന്റെ മുകളിലുള്ളവരോട് സമാധാനം പറയേണ്ടതും താൻ തന്നെയാണ്. ക്ഷമ എന്നത് ഇത്തരമിടപാടുകളിൽ കേട്ടുകേൾവിയില്ലാത്ത വാക്കാണ്. അതുപോലെ രണ്ടാമത് ഒരവസരം കിട്ടുക എന്നത് വിദൂര സ്വപ്നവും. ഓരോന്ന് ഓർത്ത് ചെട്ടിയാരുടെ തല പുകയുകയാണ്.ഒപ്പം അയാളുടെ മുന്നിലുള്ള മദ്യത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.

നഷ്ട്ടപ്പെട്ട പണം എങ്ങനെയും തിരിച്ചുപിടിക്കുക.തനിക്ക് നഷ്ട്ടമായ വിശ്വാസ്യത വീണ്ടെടുക്കുക.പാർട്ടിക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം എത്തിച്ചുകൊടുത്ത് തങ്ങളെ സമീപിക്കുന്ന ഇടപാടുകാരെ കാര്യം അറിയിക്കാതെ ഒതുക്കിയെങ്കിലും ഇടപാടുകൾ നിയന്തിക്കുന്ന തലപ്പത്തുള്ളവർ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു.അതങ്ങനെയെ വരികയുമുള്ളൂ.ഇത്തരം ഇടപാടുകൾ നടക്കുമ്പോൾ തങ്ങളെ ശ്രദ്ധിക്കാൻ ആളുകളുണ്ടെന്നതും ചെട്ടിയാർക്ക് അറിവുള്ള കാര്യമാണ്. അതാണ്, അവരുടെ സാക്ഷ്യമാണ് ഹവാലയുടെ ലോകത്തിൽ ഒരാൾക്ക് ക്രെഡിബിലിറ്റി നേടികൊടുക്കുന്നതും

താഴെ മുതൽ മുകളിൽ വരെ വിളങ്ങി നിൽക്കുന്ന അത്തരം കണ്ണികളിൽ അകൽച്ച വന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതുമാണ്.

പിഴച്ച ഇടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചേ പറ്റൂ.ഒപ്പം നഷ്ട്ടപ്പെട്ടത് വീണ്ടെടുത്തു വിശ്വാസം തിരിച്ചു പിടിക്കണം.എങ്കിൽ ആദ്യമായി സംഭവിച്ച ഒരു പിഴവ് എന്ന് കണക്കാക്കി ഒരവസരം ലഭിച്ചേക്കും.

ഉറച്ച തീരുമാനത്തോടെ അയാൾ തന്റെ കയ്യിലെ മദ്യം കാലിയാക്കിയ ശേഷം ആരെയോ വിളിക്കാനായി ഫോൺ കാതിലേക്ക് ചേർത്തു. ***** ചന്ദ്രചൂഡൻ മാധവനെയും കാത്ത് നിൽക്കുകയാണ്.രാജീവുമായി മീറ്റ് ചെയ്ത അതെ സ്ഥലം, പുഴക്കരയിലെ തെങ്ങിൻ തോപ്പിൽ അക്ഷമനായി കാത്തുനിൽക്കുകയാണ് കക്ഷി.ഒപ്പം തന്റെ വിശ്വസ്ഥനായ ഡ്രൈവറും.

എന്തുകൊണ്ട് മാധവൻ തന്റെ ട്രാക്കിൽ കയറിക്കളിച്ചു എന്നത് ചന്ദ്രചൂഡനെ വളരെയധികം അസ്വസ്ഥനാക്കി.ഇനി തന്നെക്കുറിച്ച് വല്ല സംശയവും……..?അങ്ങനെ ഒരു ചിന്തയും അയാൾക്ക് വരാതിരുന്നില്ല.

ഓരോന്നും ആലോചിച്ചു നിൽക്കുന്ന ചന്ദ്രചൂടനെ തേടി മാധവനെത്തി.ഒപ്പം സുരയും കമാലുമുണ്ട്.ഒരു മുൻകരുതൽ എന്ന നിലയിൽ കൂടെ കൂട്ടിയതാണ് അവരെയും.

“അളിയൻ എന്താ ഇവരെയും കൂട്ടി?” മാധവനെ കണ്ടതും ചന്ദ്രചൂഡൻ ചോദിച്ചു.

“ചില പ്രത്യേക സാഹചര്യങ്ങളിൽ കരുതലെടുത്തല്ലെ പറ്റൂ അളിയാ. വിളിപ്പിച്ച കാര്യം പറ?”മാധവൻ തിരിച്ചടിച്ചു.

“അളിയാ……ഒരേ ബിസിനസ് നമ്മൾ ചെയ്യുന്നുണ്ട്.പരസ്പരം ഇടങ്കോല് വക്കില്ല എന്നൊരു ധാരണയും വച്ചു പുലർത്തിയിരുന്നു.പക്ഷെ അളിയൻ ആയിട്ട് തന്നെ അത് തെറ്റിച്ചു.അതിന് കാരണമാണ് എനിക്കറിയെണ്ടതും.” ചന്ദ്രചൂഡൻ തന്റെ ഭാഗം പറഞ്ഞു.

“അങ്ങനെ ഞാൻ കയറിക്കളിച്ചു എങ്കിൽ,നമ്മുടെ ധാരണക്ക് വിരുദ്ധമായി ഞാൻ പ്രവർത്തിച്ചു എങ്കിൽ അതിന് കാരണവും അളിയൻ തന്നെയാ.”

“അളിയനെന്താ അർത്ഥം വച്ചു സംസാരിക്കുന്നത്.പതിവില്ലാതെ ഇവരെയും കൂട്ടി വന്നപ്പോൾ തന്നെ എനിക്കെന്തോ പന്തികേട് തോന്നിയതാ.”

“ആങ്……ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയതും അളിയൻ തന്നെയാ. കാര്യങ്ങൾ മനസ്സിലാക്കാൻ അല്പം വൈകിയെന്ന് മാത്രം.ഇനിയെങ്കിലും നോക്കി പെരുമാറിയില്ലെങ്കിൽ കാര്യം വഷളാകുമെന്ന് തോന്നി.”

“അളിയൻ ഉരുണ്ടുകളിക്കാതെ ഞാൻ ചോദിച്ചതിന് സമാധാനം പറ?” ചന്ദ്രചൂഡൻ അകെ അക്ഷമനായി.

“അതിന് മുൻപ് എനിക്കൊരു കാര്യം അറിയണം.അതിനുള്ള ഉത്തരത്തില് കിടപ്പുണ്ട് തന്റെ ചോദ്യത്തിനുള്ള ഉത്തരം.എന്താ തനിക്ക് ഭൈരവനും ആയിട്ടുള്ള ബന്ധം?”

താൻ സംശയിച്ചതുപോലെതന്നെ എന്ന് ചന്ദ്രചൂഡന് മനസ്സിലായി.ഒരു ഉത്തരത്തിനായി അയാൾ ഒന്ന് തപ്പി. “എന്താ അളിയന്റെ മറുപടിക്ക് കാല താമസം.”അയാൾ ഉത്തരത്തിനായി പരതുന്നത് കണ്ട മാധവൻ ചോദിച്ചു.

“ഏത് ഭൈരവൻ………?എനിക്കെന്ത് ബന്ധം……?”അയാൾ അറിയാത്ത ഭാവം നടിച്ചു.

“എല്ലാം അറിഞ്ഞും മനസ്സിലാക്കിയും

“ചെയ്തുകൂട്ടിയതൊന്നും പോരാഞ്ഞ് സ്വയം ന്യായീകരിക്കാൻ ശ്രമിക്കരുത്” മാധവനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

“പറയും മാധവാ.കാരണം എല്ലാം തുടങ്ങിവച്ചത് നിങ്ങളായിരുന്നു.കൂട്ട് നിൽക്കാൻ എന്റെ സഹോദരിയും.”

“സ്വന്തം കുടുംബത്തിലൊരാളെ കൊല്ലാൻ നോക്കിയിട്ട് എല്ലാം തുടങ്ങിവച്ചത് ഞാനാണ് പോലും.”

“എങ്കിൽ പറയ്‌ മാധവാ,എന്റെ പെങ്ങൾ സാവിത്രി ഏത്ര കുട്ടികൾക്ക് ജന്മം നൽകിയെന്ന്?അതിന്റെ സത്യം അറിഞ്ഞത് മുതൽ ഞാൻ നിങ്ങളെ വെറുത്തുതുടങ്ങി.ഗോവിന്ദ്,എങ്ങോ ആരോ ഉപേക്ഷിച്ച കുഞ്ഞിനെ സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിട്ട് സാവിത്രിക്ക് ജനിച്ചതാണെന്ന് വരുത്തിത്തീർത്തതറിഞ്ഞ നിമിഷം നിങ്ങളോടുള്ള വെറുപ്പ് എന്റെ മനസ്സിൽ വളർന്നുതുടങ്ങി.ഒടുവിൽ ചെയ്ത ചികിത്സയുടെ ഫലമോ, ഈശ്വരകൃപയൊ കൊണ്ട് സാവിത്രി ഗായത്രിക്ക് ജന്മം നൽകി,എല്ലാവരും അറിഞ്ഞുതന്നെ.

അന്ന് ഞാൻ സ്വയം നിയന്ത്രിച്ചു. സ്വന്തം ചോരയിൽ അനുജത്തിക്ക് കുഞ്ഞു പിറന്നതിൽ സന്തോഷിച്ചു, മറക്കാൻ ശ്രമിച്ചു.പക്ഷെ അപ്പോൾ അടുത്തതെത്തി ശംഭുവിന്റെ രൂപത്തിൽ.ആ സത്യം മനസ്സിലായത് ഞാൻ തന്റെ തറവാട്ടിലുള്ളപ്പോൾ കളപ്പുരയിലേക്ക് താനെന്നെ മദ്യം സേവിക്കാൻ കൂട്ടിയപ്പോഴാണ്.

സാവിത്രിയെ ഭയന്ന് തന്റെ മദ്യസേവ അവിടെയായിരുന്നല്ലൊ.ശംഭു തന്റെ വിശ്വസ്ഥനായിക്കഴിഞ്ഞിരുന്നു അപ്പോൾ.അവിടെയുള്ള ചുവരിൽ ഞാൻ കണ്ടെടോ എന്റെ തറവാടിന് പേരുദോഷം കേൾപ്പിച്ച് ഇറങ്ങിപ്പോയവളെ.അന്ന് അടക്കി വച്ചിരുന്ന വെറുപ്പ് ശത്രുതയായി വളരാൻ തുടങ്ങി.

വർഷങ്ങൾ കഴിഞ്ഞു.അതോടൊപ്പം തന്റെ തണലിൽ കഴിയുന്ന ഇത്തിൾ കണ്ണികളെ ഒഴിവാക്കുക എന്നതായി എന്റെ ലക്ഷ്യവും.നല്ല അവസരത്തിന് കാത്തുനിന്നു,ചിലത് കിട്ടിയെങ്കിലും തന്റെ ഇടപെടലിൽ അവർ സുരക്ഷ കണ്ടെത്തി.എന്നിലെ പകയും ആളിക്കത്തി.ഇതിനിടയിൽ ഗോവിന്ദ് വിവാഹിതനുമായി

ഇപ്പൊ തന്റെ വീട്ടില് ഉണ്ടൊരുത്തി, താനും എന്റെ പെങ്ങളും അറിഞ്ഞു തന്നെ ഗോവിന്ദ് നിൽക്കുമ്പോൾ ശംഭുവിന് ഭാര്യയായവൾ.ഇപ്പോൾ ഗോവിന്ദുമായി ബന്ധവും പിരിഞ്ഞു. ആരോ മാനം കവർന്ന അവളെ താൻ സംരക്ഷിക്കുന്നതെന്തിന്റെ പേരില് ആയാലും അവളെ ലക്ഷ്യമാക്കിയാ ഭൈരവനെ ഞാൻ അയച്ചതും.

തനിക്കറിയാം അവൾക്ക് എന്താണ് സംഭവിച്ചതെന്നും കാരണക്കാരനാര് എന്നും.തന്റെ വളർത്തു മകന്റെ ദോഷം കൊണ്ടാണ് അവളുടെ മാനത്തിന് മറ്റുള്ളവർ വിലയിട്ടതും. പലതും അവിടെ കഴിയുമെന്നും ഇനി ശംഭുവിനെ ഒതുക്കിയാൽമതി എന്നും കരുതിയിരുന്ന എനിക്ക് തെറ്റി.

വീണ്ടും ആരുടെയൊ ഇടപെടലിൽ ആ കേസ് അവിടെയൊതുങ്ങി.അത് തന്റെ ഇടപെടലല്ല എങ്കിലും മാധവാ തനിക്കും ചെറുതല്ലാത്ത പങ്കുണ്ടെന്ന് എനിക്കുറപ്പായിരുന്നു.പക്ഷെ അവൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ബാക്കിപത്രമെന്നതു പോലെ അതിന്റെ പ്രതിഫലം അനുഭവിക്കുന്ന ഒരാളുണ്ട് എന്റെ തറവാട്ടിൽ.എന്റെ അനുജൻ,തന്റെ കുഞ്ഞളിയൻ.

വർഷം കുറച്ചാവുന്നു കിടന്ന കിടപ്പിൽ.ശ്വാസം മാത്രമുണ്ട് ജീവന് തെളിവായിട്ട്.അതിന് കാരണം അവൾ തന്നെയെന്ന് ഉറപ്പിച്ച നിമിഷം ഞാൻ ഭൈരവനെ വിലക്കെടുത്തു.

ഗോവിന്ദിനെ അവൾ തീർക്കുമെന്ന് കരുതിയ എനിക്ക് വീണ്ടും തെറ്റ് പറ്റി. അവളവനെ കൊല്ലാതെ കൊല്ലുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തിൽ ഞാൻ ഒറ്റ വെടിക്ക് എന്റെ മൂന് ലക്ഷ്യങ്ങൾ നേടാൻ തീരുമാനിക്കുകയായിരുന്നു.ഒപ്പം ഗായത്രിയിലൂടെ നിങ്ങളെ എന്റെ മുന്നിൽ മുട്ടുകുത്തിക്കുക എന്നതും ആയിരുന്നു ലക്ഷ്യം.

പക്ഷെ കാര്യങ്ങൾ ചെറുതായിട്ടൊന്ന് പാളി.അല്ലെങ്കിൽ ഭാഗ്യം തന്റെ കുടുംബത്തിനൊപ്പമായിരുന്നു.” ചന്ദ്രചൂഡൻ പറഞ്ഞുനിർത്തി.

“അളിയാ……..തന്ത്രശാലിയാണ് നിങ്ങൾ.ഒരിക്കലും ആർക്കും സംശയം കൊടുക്കാതെ ക്ഷമയോടെ നല്ല അവസരങ്ങൾ കാത്തിരുന്നു. പക്ഷെ ഒടുവിൽ ക്ഷമ കെട്ട സമയം ഭൈരവൻ എന്റെ വീട്ടിലുമെത്തി. അതുകൊണ്ട് വൈകിയെങ്കിലും അളിയനെ തിരിച്ചറിഞ്ഞു.

അളിയനൊന്നോർക്കണം.ഒരു കുഞ്ഞില്ലാത്തതിന്റെ പേരില് ഒരുപാട് കുത്തുവാക്കുകൾ സാവിത്രി കേട്ട സമയമാ ഗോവിന്ദ് ഞങ്ങളുടെ ഇടയിലേക്ക് വന്നത്.വളർന്നപ്പോൾ അവനൊരു തെറ്റായി മാറിയെന്നത് മറ്റൊരു വശം.പിന്നീട് ഗായത്രി പിറന്നു

ഒരു നിയോഗം പോലെയാ ശംഭുവിനെ ഞങ്ങൾക്ക് കിട്ടിയത്.സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിന് നേർച്ച നടത്താൻ പോയതാ,ആ നേരത്ത് ആരോ തോന്നിപ്പിച്ചതു കൊണ്ട് അവനെയും കൂടെ കൂട്ടി. പിന്നീടാണവനെ മനസ്സിലാവുന്നതും. അവൻ തന്റെ രക്തത്തോട് കൂറ് കാണിച്ചു.അല്ലേലും ഈ ജാതിയും മതവും വച്ചുള്ള വേർതിരിവ് ഇന്നാര് ഗൗനിക്കുന്നു,അതൊക്കെ ഔട്ട് ഓഫ് ഫാഷൻ അല്ലെ അളിയാ.

പിന്നെ വീണ…….എന്റെ വീട്ടില് കെട്ടി കേറി വന്നവളാണവൾ.ഒരു പാഴ് മരം എന്റെ വീട്ടിലുണ്ടായിരുന്നതിന്റെ പേരിൽ ക്രൂരത അനുഭവിച്ചവൾ. അവളെ ഞാൻ സംരക്ഷിക്കും,ഒരു ജീവിതം നേടിക്കൊടുക്കും അതിന് എന്താണ് തെറ്റ്.

കൂട്ടിക്കിഴിച്ചു നോക്കിയാൽ ന്യായം എന്റെ ഭാഗത്താണ് അളിയാ.പിന്നെ കിടപ്പിലായ അളിയൻ,അളിയൻ ഡൽഹിയിൽ ഡോക്ടറല്ലാരുന്നൊ. വീണയെ ഉപദ്രവിച്ചവരിൽ രണ്ട് പേര് ഇന്നില്ല,ചാവാതെയുള്ളത് അളിയൻ ആയിരുന്നല്ലെ.അത് നന്നായെ ഉള്ളൂ. കാര്യങ്ങൾ അറിഞ്ഞിരുന്നുവെങ്കിലും ചിലരെ മനസ്സിലായപ്പോൾ വൈകി, അതിന്റെയാ.

പിന്നെ ഗോവിന്ദൻ,അവനുള്ള പണി അവന്റെ പിന്നാലെയുണ്ട്.സമയം ആകുമ്പോൾ കിട്ടിക്കോളും.

ഇനി ഗായത്രിയുടെ കാര്യം,എന്നതാ

ബുദ്ധി കൊള്ളാം,പക്ഷെ എന്റെ മക്കളുടെ ഭാഗ്യമൊ തന്റെ കഷ്ട്ടകാലമോ ഒന്നും നടന്നില്ലല്ലൊ അളിയാ.ദാ താനിപ്പോ എന്റെ മുന്നിൽ നിൽക്കുന്നു.”

“ശരിയാണ് മാധവാ……..തന്റെ ന്യായം തനിക്ക് മാത്രമാണ് ശരി.എനിക്ക് എന്റേതായ ന്യായവും ശരികളുമുണ്ട്. അത് ശ്വാസമുള്ള കാലത്തോളം അങ്ങനെതന്നെയാവും.അത് കൊണ്ട് എനിക്ക് നിങ്ങളോടുള്ളത് തീരാത്ത പകയുമാണ്.ഇതിവിടം കൊണ്ട് തീർന്നു എന്ന് കരുതരുത്,എന്റെ ലക്ഷ്യം ഞാൻ നേടുക തന്നെ ചെയ്യും. നിങ്ങൾ മകളെയോർത്തു നീറുന്നത് ഞാൻ കണ്ടുരസിക്കും.ഇത് പറയുന്നത് ചന്ദ്രചൂഡനാണ്.”

“എന്നാൽ ചെല്ല് അളിയാ,ഇനിയും കാണേണ്ടതല്ലെ.പക്ഷെ ഇപ്പോൾ എനിക്ക് ശത്രുവിനെയറിയാം അയാളെങ്ങനെ പെരുമാരുമെന്നും. പക്ഷെ ഒരു കാര്യം തീർച്ച,ഞാനെന്റെ കുടുംബത്തെ ചേർത്തുപിടിച്ചു സംരക്ഷിക്കും.അതിന് ഞാൻ എന്തും ചെയ്യും,അത് അളിയന്റെ ചിന്തക്ക് അപ്പുറമായിരിക്കുകയും ചെയ്യും.”

ചന്ദ്രചൂഡൻ പിന്നെയവിടെ നിന്നില്ല. മാധവൻ ഒറ്റക്ക് വരുമെന്ന് കരുതി ആണ് ഡ്രൈവറെ മാത്രം കൂട്ടി വന്നത് എന്തെങ്കിലും ചെയ്യനാണെങ്കിൽ പോലും അത് മതിയെന്ന ചിന്തയിൽ ആയിരുന്നു ചന്ദ്രചൂഡൻ.

പക്ഷെ മാധവന്റെ ഇടവും വലവും നിക്കുന്നത് കമാലും സുരയുമാണ്. മുട്ടാൻ നിന്നാൽ അംഗബലം ഏത്ര കൂടുതലുണ്ടെന്ന് പറഞ്ഞാലും ചോര പൊടിയുമെന്നുറപ്പുള്ളത് കൊണ്ട് പിൻവലിയുന്നതാണ് നല്ലതെന്ന് അയാൾക്കും തോന്നി.

“സൂക്ഷിക്കണം മാഷെ.”ചന്ദ്രചൂഡൻ പോയപ്പോൾ കമാൽ പറഞ്ഞു.

“അറിയാമെടോ,ചവിട്ടേറ്റ മൂർഖനാണ് ആ പോയത്.അടങ്ങിയിരിക്കില്ല. പക്ഷെ അളിയൻ ഇങ്ങനെ സ്വയം തുറന്നുകാട്ടും എന്ന് കരുതിയില്ല. ഇപ്പൊ അയാൾ എന്റെ മുന്നിൽ ഒരു തുറന്ന പുസ്തകമാണ്.വരട്ടെ, നോക്കാം എന്താകുമെന്ന്.നമുക്ക് ചെയ്യാനും ഒരുപാടുണ്ട്.”മാധവൻ പറഞ്ഞു നിർത്തി. ***** പത്രോസ്,അയാൾ ഓഫിസിലേക്കുള്ള വഴിയേ തലേന്ന് രാത്രി നടന്നതും താൻ കേട്ടതും ചെയ്യേണ്ടതും ഒക്കെ ഒന്നുകൂടി ഓർത്തു.

പോകുന്ന വഴിയിൽ ദാമോദരൻ ആരോടൊക്കെയൊ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.ജീപ്പ് ചെന്നു നിന്നത് സുരയുടെ താവളത്തിലും.

പക്ഷെ ഓഫീസിലേക്ക് തിരിയുന്നതിന് എതിർ ദിശയിലേക്ക് പത്രോസ് വണ്ടി തിരിച്ചു എന്തോ മനസ്സിൽ പറഞ്ഞുറപ്പിച്ചുകൊണ്ട് ജീപ്പിന്റെ ആക്‌സിലേറ്ററിലേക്ക് കാലുകൾ അമർത്തിക്കൊടുത്തു.

***** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!