ശുഭ പ്രതീക്ഷ 1
നമ്മുടെ പ്രധാനമന്ത്രി രാജ്യം മൊത്തം അടച്ചിടാൻ തീരുമാനിച്ചപ്പോൾ ആകെ ഉണ്ടായിരുന്ന പാർട്ട് ടൈം ജോലിയും പോയി വരുമാനവും പോയി. ഇനിയും ഇവിടെ നിന്നാൽ റൂം വാടക പോലും കൊടുക്കാൻ കഴിയാതെ പട്ടിണി കിടക്കേണ്ടി വരും എന്ന അവസ്ഥ വന്നപ്പോൾ ആണ് നാട്ടിലേക്കു ടിക്കറ്റ് എടുത്തത്.
നാട്ടിൽ എത്തിയാൽ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല, അച്ഛൻ എന്റെ കുഞ്ഞിലേ മരിച്ചു. അച്ഛന്റെ മരണത്തിന് ശേഷം തയ്യൽകാരിയായി വേഷമിട്ട് അമ്മ അദ്ധ്വനിച്ചാണ് എന്നെ വളർത്തിയത്. പക്ഷെ എനിക്ക് ഇപ്പോൾ ജോലിക്കൊന്നും പോകാൻ വയ്യ എന്തെങ്കിലും ബിസ്സിനെസ്സ് ചെയ്യാൻ ആണ് താല്പര്യം എന്ന് പറഞ്ഞപ്പോൾ, അമ്മ എതിർത്തില്ല എന്ന് മാത്രമല്ല. ബിസ്സിനെസ്സ് തുടങ്ങാൻ പട്ടണത്തിൽ പോയി പാർട്നേഴ്സിനെയും നിക്ഷേപരേയും കണ്ടു പിടിക്കണം എന്ന് പറഞ്ഞപ്പോൾ. പോകാൻ വേണ്ടി ചിലവും റൂമിന്റെ അഡ്വാൻസും എല്ലാം തന്നത് അമ്മയാണ്.
ഇപ്പോൾ ഒന്നും നടക്കാതെ തിരിച്ചു ചെന്ന് കേറുമ്പോൾ അമ്മ എന്ത് പറയും എന്നാണ് ഇപ്പോഴത്തെ പേടി. ഓരോന്ന് ആലോചിച്ച് ചീറിപ്പായുന്ന കെ. എസ്. ആർ. ടി. സി. ബസിൽ ഇരുന്ന് ഞാൻ ഉറങ്ങി പോയി.
“ഹലോ”
“ഹലോ കാഞ്ഞിരപ്പള്ളി എത്തി… ”
കണ്ടക്ടറുടെ വാക്കുകളാണ് എന്നെ ഉണർത്തിയത്, ബസിൽ ആള് കുറവായത് കൊണ്ടാകും ഞാൻ കാഞ്ഞിരപ്പള്ളിയാണ് ടിക്കറ്റ് എടുത്തത് എന്ന് പുള്ളി ഓർത്തത് എന്ന് തോന്നുന്നു.
ഞാൻ പതിയെ എന്റെ പെട്ടിയും കിടക്കയും എടുത്ത്, കൃത്യ സ്ഥലത്ത് വിളിച്ചെഴുന്നേൽപ്പിച്ചതിൽ ഉള്ള നന്ദിയാണോ നല്ല ഉറക്കം കളഞ്ഞതിൽ ഉള്ള വിഷമം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ചിരി കണ്ടക്ടറിന് കൊടുത്ത് ഞാൻ ബസിൽ നിന്നും ഇറങ്ങി നടന്നു.
“ഇനിയും ഉണ്ട് പത്ത് ഇരുപത് കിലോമീറ്റർ ഉണ്ട് വീട് എത്താൻ ഈ സമയത്തു ബസ് വല്ലതും ഉണ്ടാകുമോ എന്തോ? ”
ഞാൻ ബസ് കിട്ടുമെന്ന ശുഭ പ്രതീക്ഷിയിൽ അങ്ങനെ നിൽക്കുമ്പോൾ! എന്റെ ഭാഗ്യത്തിനോ അയാളുടെ ഭാഗ്യത്തിനോ എന്നറിയില്ല എന്റെ മുന്നിലേക്ക് ഞങ്ങളുടെ വീടിനടുത്തുള്ള മിനി ലോറി ഓടിക്കുന്ന സുകുണൻ അണ്ണൻ വന്നു ചാടി. പിന്നെ പുള്ളിയുടെ കത്തിയും കേട്ട് നാട് എത്തിയത് അറിഞ്ഞതേ ഇല്ല.
ഇടക്ക് പുള്ളിയും എന്നെ പോലുള്ള യുവാക്കൾ ഒട്ടും കേൾക്കാൻ ഇഷ്ടപെടാത്ത ആ ചോദ്യം ചോദിച്ചു. “പണിയൊന്നും ആയില്ലേ മോനെ” എന്ന്.
നാണമുണ്ടോ തനിക്ക്, താൻ തന്റെ കാര്യം നോക്കിയാൽ പോരെ ഇങ്ങനെ പല ഉത്തരങ്ങളും മനസ്സിൽ ഒതുക്കി “നോക്കുന്നുണ്ട്” എന്ന് മാത്രം
പറഞ്ഞു.
ഞാൻ വീട്ടിൽ എത്തുമ്പോൾ സമയം രാത്രി പത്തു മണി കഴിഞ്ഞിരുന്നു.
കൊറോണ കാരണം നാട്ടിൽ ആർക്കും പണിയില്ല, ഈ അമ്മക്ക് മാത്രം ഈ രാത്രിയും ചെയ്യാൻ പണിയോ?
ഞാൻ എന്റെ സംശയവുമായി അമ്മയുടെ അടുത്തേക്ക് തന്നെ ചെന്നു.
“ആ രമേശ നീ ഇങ്ങ് വന്നോ? കൊറോണ കാരണം എല്ലാം അടയ്ക്കുകയാണ് എന്ന് കേട്ടപ്പോ നിന്നോട് ഇങ്ങ് വരാൻ പറയാൻ ഇരുന്നതാ…” അമ്മ പറഞ്ഞു നിർത്തി
“എന്നിട്ട്…” ഞാൻ ചോദിച്ചു.
“പിന്നെ കരുതി നീ എന്നെ ഒറ്റക്ക് ആക്കി പോയതിന് ദൈവം നിനക്ക് പണി തന്നതാണ്, അതിൽ ഞാൻ ഇടപെടണ്ട എന്ന്.” അമ്മ അത് പറഞ്ഞു ചരിച്ചു.
“അത് ശരിയാ എനിക്ക് പണിതരാൻ വേണ്ടി ദൈവം നാട് മൊത്തം പൂട്ടിച്ച് എല്ലാരേം വീട്ടിൽ ഇരുത്തി” ഞാനും വിട്ട് കൊടുത്തില്ല.
“അഹ് നീ ഇന്ന് കൂടി വന്നില്ലായിരുന്നെങ്കിൽ ഞാൻ നാളെ വിളിച്ചു നിന്നോട് വരാൻ പറയാൻ ഇരിക്കുവാരുന്നു.” എന്നോട് വാദിച്ചു ജയിക്കാൻ കഴിയില്ല എന്ന് അറിയാവുന്ന അമ്മ പെട്ടെന്ന് തന്നെ കീഴടങ്ങി.
“അത് എത്തിയാലും നന്നായി വിളിച്ചിരുന്നേ ഞാൻ വരില്ലായിരുന്നു.” ഞാൻ അമ്മയെ ഒന്ന് ഇളക്കിയിട്ട് അമ്മയെ നോക്കി ചിരിച്ചു.
രൂക്ഷമായ ഒരു നോട്ടം ആയിരുന്നു അമ്മയുടെ മറുപടി.
“അമ്മ എന്താ ഈ സമയത്തും ഇവിടടെ വല്ല കല്യാണം പണിയോ കിട്ടിയോ” അമ്മയുടെ രൂക്ഷമായ നോട്ടം കണ്ട ഞാൻ പതിയെ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
“ഇത് കല്യാണം അല്ല, കൊറോണ!” തയ്ച്ചു കൊണ്ടിരുന്ന മാസ്ക് കയ്യിലെടുത്തു എന്നെ കാണിച്ചു കൊണ്ട് അമ്മ പറഞ്ഞു.
“ഓഹോ അപ്പോൾ കൊറോണ വന്നത് കൊണ്ട് അമ്മക്ക് കോളടിച്ചു അല്ലെ? ബാക്കിയുള്ളോർക്ക് ജോലിയിൽ കൂലിയും ഇല്ലാത്ത അവസ്ഥയാണ്.” ഞാൻ അത് പറഞ്ഞു കൊണ്ട് അമ്മയെ നോക്കി.
“അഹ്” അമ്മ എനിക്കുള്ള ഉത്തരം ഒരു മൂളലിൽ ഒതുക്കി തുടർന്നു.
” മോൻ വല്ലതും കഴിച്ചോ? ഇല്ലല്ലോ പോയി കുളിച്ചിട്ടു വാ ഞാൻ ചോറെടുത്ത് വെക്കാം.” ചോദ്യവും ഉത്തരവും എല്ലാം അമ്മ തന്നെ പറഞ്ഞു കൊണ്ട് എന്നോട് ആജ്ഞപിച്ചു.
“ശരിയമ്മേ” കയ്യിൽ കാശില്ലാത്തത് കൊണ്ട് കാലത്ത് കാപ്പി കുടിച്ചതല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല വയർ കിടന്ന് തള്ളക്ക് വിളിക്കുന്നത് കൊണ്ട് എന്റെ തള്ള പറയുന്നത് കേട്ട് അനുസരണയുള്ള കുട്ടിയായി വീട്ടിൽ കയറി, കുളിച്ചു ഡ്രെസ്സും മാറ്റി ഹാളിൽ വന്നപ്പോൾ ചോറും ഇട്ട് വെച്ച് എന്നെ കത്തിരിക്കുവാണ് അമ്മ.
“ഞാൻ ഒറ്റക്ക് ഉള്ളത് കൊണ്ട് കറിയൊന്നും വെച്ചില്ല” ഞാൻ എന്റെ മുന്നിൽ ഇരുന്ന പ്ലേറ്റിലെ ചോറും ചമ്മന്തിയും അച്ചാറും നോക്കുന്നത് കണ്ട് അമ്മ പറഞ്ഞു.
അല്ലെങ്കിലും അമ്മമാർ ഇങ്ങനെയാണ് കൂടെ മക്കൾ ഇല്ലെങ്കിൽ ഭക്ഷണത്തിന്റെ കാര്യം ഒക്കെ കണക്കാ.
ഞാൻ ഒന്നും പറയാതെ ഇരുന്ന് കഴിച്ച് കൊണ്ട് ആലോചിച്ചു. ഇടക്ക് അമ്മയുടെ മുഖത്തേക്കും നോക്കി. കണ്ണുകളെക്കെ കുഴിഞ്ഞ് എല്ലും തോലുമായ അമ്മയെ കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന.
ഞാൻ പെട്ടന്ന് കഴിച്ച് എഴുന്നേറ്റു അമ്മക്ക് ഒരു ഗുഡ് നൈറ്റും പറഞ്ഞ് കയറി കിടന്നു. എനിക്ക് നല്ല ഷീണം ഉണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ടാകും അമ്മയും പിന്നെ ഒന്നും ചോദിക്കാനും പറയാനും വന്നില്ല.
പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ അമ്മ ഷെഡിലായിരുന്നു, എനിക്ക് കാപ്പിയെടുത്ത് ഡെയിനിങ് ടേബിളിൽ അടച്ച് വെച്ചിരുന്നു. ഞാൻ പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് കാപ്പിയും എടുത്ത് കുടിച്ചിട്ട് വെറുതെ കട്ടിലിൽ കിടന്നു മൊബൈലും നോക്കി ഇരുന്നു.
എന്താന്ന് അറിയില്ല വല്ലാത്ത ഒരു ഫീലിംഗ് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഒരു തോന്നൽ. ഇനി മുന്നിലോട്ട് എന്ത്? എന്ന് ഒരു പിടിയും കിട്ടാതെ ഇരുന്നു.
സമയം പോകാൻ ഒന്ന് രണ്ട് സിനിമകളും ഡൌൺലോഡ് ചെയ്ത് കണ്ടു. വെറുതെ സമയം പോയി ഒന്ന് തീരുമ്പോൾ അടുത്തത് അങ്ങനെ മനസ്സിൽ ഭാവിയെ കുറിച്ചുള്ള ആകുലത മാറാൻ വേണ്ടി ഞാൻ സിനിമകൾ മാറി മാറി കണ്ടു.
സമയം പോയി എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല. ഉച്ചക്ക് അമ്മയോടുപ്പം ഇരുന്ന് ഭക്ഷണം കഴിച്ചപ്പോൾ മാത്രം ആണ് ഞാൻ ഫോണിന് റസ്റ്റ് കൊടുത്തത്.
അച്ഛന്റെ കൂട്ടുകാരൻ നൗഷാദ് ഇക്ക നമ്മുടെ വീടിനടുത്ത് പുതിയ വീട് വാങ്ങിച്ച് താമസം ആയി എന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു.
അച്ഛൻ മരിക്കുന്നത് വരെ നൗഷാദിക്കയും അച്ഛനും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം നൗഷാദ് ഇക്കാക്ക് എന്തോ കടം വന്ന് നിൽക്കാൻ കഴിയാതെ നാട് വിട്ടതാണ് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അങ്ങനെ പോകേണ്ടി വരില്ലായിരുന്നു എന്നും അമ്മ പറയാറുണ്ട്.
അച്ഛനും ഇക്കയും ചേർന്ന് എന്തോ കച്ചവടം ഒക്കെ ചെയ്യുകയായിരുന്നു. അച്ഛന്റെ മരണ ശേഷം നൗഷാദ് ഇക്കാക്ക് ഒറ്റക് നടത്താൻ കഴിയാതെ വന്നപ്പോൾ ഏതോ അകന്ന ബന്ധുവിനെ കൂടെ കൂട്ടിയതാ ആയാൽ കുറെ കാശും കൊണ്ട് മുങ്ങി. പിന്നെ നൗഷാദ് ഇക്ക ഉള്ള സ്ഥലവും വീടും വിറ്റാണ് കടം വീട്ടിയത്.
പിന്നെ ഇക്കായുടെ ഭാര്യയുടെ നാട്ടിലേക്ക് പോയതാണ്. ഒടുവിൽ ജന്മനാട്ടിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു.
പക്ഷെ പിറ്റേന്ന് പുള്ളി വീട്ടിൽ വന്നു. പുള്ളി മാത്രം അല്ല പുള്ളിയുടെ ഭാര്യയും മക്കളും എല്ലാവരും ഉണ്ടായിരുന്നു. മൂത്തത് പെണ്ണ് നാദിയ രണ്ടാമത്തേത് ആണ് നാദിർ അങ്ങനെ നൗഷാദ് ഇക്കാക്ക് രണ്ട് മക്കളാണ്.
ഓർമ്മ വെച്ചതിനു ശേഷം ആദ്യമായി കാണുകയാണെങ്കിലും നൗഷാദ് ഇക്ക എന്നോട് ഒരുപാട് സംസാരിച്ചു. ജീവിതത്തിന്റ നല്ലൊരു ഭാഗവും സാമ്പത്തിക ബാധ്യതകൾ തീർത്ത് തന്റെ കുടംബത്തെ സുരക്ഷിതമായ ഒരു സാമ്പത്തിക സ്ഥിതിയിൽ എത്തിക്കാൻ കഷ്ടപ്പെട്ട ആ മനുഷ്യന്റെ വാക്കുകളിൽ എവിടെയെക്കെയോ ഒരു മോട്ടിവേഷൻ ഉണ്ടായിരുന്നു.
ആ മനുഷ്യന്റെ വാക്കുകൾ ഞാൻ ഇന്നും കെടാതെ കൊണ്ട് നടക്കുന്ന എന്നിലെ പ്രതീക്ഷകളുടെ കനലുകളെ വീണ്ടും ആളി കത്തിച്ചു. പിന്നെ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു. ഇത്രയും കാലത്തിനിടയിൽ ഞാൻ അച്ഛനെ മിസ്സ് ചെയ്തത് അന്നാണ്.
നിനക്ക് അച്ഛന്റെ സ്വഭാവം ആണ് എന്ന് അമ്മ എന്നോട് പലപ്പോഴും പറയാറുണ്ടായിരുന്നു. പക്ഷെ അതിന്റെ പൊരുൾ എനിക്ക് നൗഷാദ് ഇക്കയെ കണ്ടപ്പോൾ ആണ് മനസ്സിലായത്.
നൗഷാദ് ഇക്കയുടെ വാക്കുകൾ തന്ന ഊർജത്തിൽ ഞാൻ വീണ്ടും എന്റെ ഭാവിയുടെ പണിപ്പുരയിൽ എത്തി. വീണ്ടും പുതിയ വഴികൾ എന്റെ മുന്നിൽ തെളിയാൻ തുടങ്ങി അങ്ങനെ ഞാൻ വീണ്ടും എന്റെ മൂഡ് ഓഫോക്കെ പതുക്കെ മാറ്റി പതിയെ എന്റെ പണിപ്പുരയിലേക്ക് തിരിച്ചെത്തി.
അങ്ങനെ ഒന്ന് രണ്ട് ദിവസം കൊണ്ട് ചെറിയൊരു ഓൺലൈൻ ബിസ്സിനെസ്സ് ഐഡിയ കിട്ടി അതിൽ വർക്ക് ചെയ്തും തുടങ്ങി.
രണ്ട് ദിവസം കഴിഞ്ഞ് പതിവ് പോലെ പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് കാപ്പിയും കുടിച്ചു കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങാൻ നേരം പുറത്തു അമ്മയുടെ സംസാരം കേട്ടു. ആരാണ് ഈ രാവിലെ എന്ന് ആലോചിച്ചു കുളി കഴിഞ്ഞു റൂമിലേക്ക് ഇറങ്ങിയപ്പോൾ എന്നെ നോക്കി അന്തം വിട്ട് നിൽക്കുന്ന നദിയയെ ആണ് ഞാൻ കണ്ടത്.
“ഇവൾ എന്താ ഇവിടെ?” ഇവൾ എന്തിനാ ഇങ്ങനെ കണ്ണും തള്ളി നിൽക്കുന്നത്. അപ്പോഴാണ് ഞാൻ എന്റെ ശരീരത്തേക്ക് നോക്കിയത്. കുളി കഴിഞ്ഞിറങ്ങി. തോർത്തൂരി അയയിൽ ഇട്ടിട്ടാണ് ഞാൻ തിരിഞ്ഞത്. സത്യത്തിൽ എന്റെ കൈലി അവിടെ കസേരയിൽ ഉണ്ടായിരുന്നു. അത് എടുക്കാൻ വേണ്ടിയാണ് ഞാൻ തിരിഞ്ഞത്. വീട്ടിൽ നിൽക്കുമ്പോൾ ജെട്ടി ഇടുന്ന ശീലം പണ്ടേ ഇല്ല.
പക്ഷെ ഇതിനിടയിൽ ഇവൾ വന്നു കേറും എന്ന് ആര് കണ്ടു. ഞാൻ സ്ഥലകാല ബോധം തിരിച്ചെടുത്തു കൈലി തപ്പിയപ്പോൾ അവളും നോട്ടം മാറ്റി തിരിഞ്ഞ് നിന്നു.
“നീ എന്താ ഇവിടെ?” ഞാൻ കൈലി ഉടുത്ത് നാണം മറച്ച ശേഷം ഷർട്ട് ഇട്ട് കൊണ്ട് ചോദിച്ചു.
“എനിക്ക് തിരിഞ്ഞു നോക്കാമോ?” അവൾ പതിയെ തിരിഞ്ഞു കൊണ്ട്.
“അഹ് തിരിഞ്ഞോ…” ഞാൻ പറഞ്ഞു നിർത്തി.
“ചേട്ടാ ഞാൻ ബി എസ് സി കമ്പ്യൂട്ടർ സയൻസ് സെക്കന്റ് ഇയർ പഠിക്കുവാണല്ലോ…” അവൾ പറഞ്ഞു നിർത്തി.
“അതിന്…” അവൾ എന്താണ് പറയുന്നത് എന്ന് ഒരു പിടിയും കിട്ടാതെ ഞാൻ ചോദിച്ചു.
“അത്… ചേട്ടാ കൊറോണ വന്ന് കോളേജ് ഓക്ക് അടച്ചു ഇപ്പോൾ ക്ലാസ്സ് മൊത്തം ഓൺലൈൻ ആണ് പിന്നെ കുറെ assignment ഉം. എനിക്ക് ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല എന്ന് ചേട്ടന്റെ അമ്മയോട് പറഞ്ഞപ്പോഴാണ് ചേട്ടൻ കമ്പ്യൂട്ടർ സയൻസ് ആയിരുന്നു എന്നും. സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ പറഞ്ഞ് തരും എന്നും പറഞ്ഞത്.” അവൾ അവളുടെ ആഗമന ഉദ്ദേശം വ്യക്തമാക്കി.
അതാണ് അപ്പൊ അമ്മ വെച്ച പണിയാണ്, പഠിക്കുന്ന കാലത്ത് നേരെ ചൊവ്വേ പഠിച്ചിട്ടില്ല എന്നിട്ടാണ് ഇപ്പോൾ പഠിപ്പിക്കാൻ.
“അതിന് ഞാൻ എഞ്ചിനീയർ ആണ് ബി എസ് സി അല്ല” എങ്ങനെയെങ്കിലും ഒഴിഞ്ഞ് മാറാൻ വേണ്ടി ഞാൻ പറഞ്ഞു.
“അത് കുഴപ്പം ഇല്ല, ചേട്ടന് അറിയാവുന്നത് ആണെങ്കിൽ പറഞ്ഞ് തന്നാൽ മതി, ബാക്കി ഞാൻ എങ്ങനെയെങ്കിലും പഠിച്ചോളും” അവൾക്ക് വിടാൻ ഭാവം ഇല്ല.
“അഹ് ശരി നോക്കാം, എന്താ ഇപ്പോൾ നിനക്ക് പഠിക്കാൻ ഉള്ളത്.” പെട്ടത് പെട്ടു ഇനി ഇവൾ ഇത് ആരോടെങ്കിലും പോയി പറയാതിരിക്കാൻ പറ്റാത്ത പണിയാണെങ്കിലും ഒന്ന് ശ്രെമിച്ച് നോക്കാം എന്ന് തന്നെ ഞാൻ തീരുമാനിച്ചു.
“അത് ഒരു അസ്സൈഗ്മെന്റ് ജാവയിൽ ചെയ്യാൻ ഉള്ളതാണ്.” അവൾ അത് പറഞ്ഞു കൊണ്ട് കയ്യിൽ ഇരുന്ന ബുക്ക് മറിച്ച് കൊണ്ട് എന്നോട് പറഞ്ഞു.
“ഇത് ഡാറ്റാ സ്‌ട്രക്ചർ അല്ലെ? ” ഞാൻ അവൾ കാണിച്ച ചോദ്യം വായിച്ചിട്ട് ചോദിച്ചു.
“ആണോ അപ്പോൾ ജാവ അല്ലെ?” അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചു.
“ജാവ തന്നെ, ഡാറ്റ സ്‌ട്രക്ചർ പ്രോബ്ലം ജാവയിൽ ഇമ്പ്ലിമന്റ് ചെയ്യണം” അവളുടെ ചോദ്യം കേട്ട് എനിക്ക് അവളുട നിലവാരം ഏകദേശം മനസ്സിലായി. ഞാൻ ഒരു ചെറിയ പുഞ്ചിരിയോട് ഉത്തരം നൽകി.
പഠിക്കുന്ന സമയത്ത് ഇത് ഒന്നും പഠിച്ചിട്ടില്ലെങ്കിലും പിന്നീട് പലപ്പോഴായി പഠിച്ചതിന്റെ ഒരു അറിവ് വെച്ച് പിന്നെ കുറച്ച് ഗൂഗിൾ ചേച്ചിയോടും ചോദിച്ചു അവൾക്ക് വേണ്ട ഉത്തരം കണ്ടെത്തി കൊടുത്തു.
ഏതായാലും അവൾ ഹാപ്പിയായി. ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ അവളെ വിളിച്ചു.
“അതെ നേരത്തെ കണ്ടത് ആരോടും പോയി പറയാൻ നിക്കണ്ട കേട്ടോ? ” ഞാൻ ഒരു ചമ്മിയ ചിരി വരുത്തി കൊണ്ട് പറഞ്ഞു.
അവൾ ഒരു ചിരി ചിരിച്ചു കൊണ്ട് ഇല്ല എന്ന് തല ആട്ടി കാണിച്ചു. അവളുടെ മുഖത്തെ ആ സമയത്തെ നാണം കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു.
“എന്നാ ശരി…” അവൾ യാത്ര പറഞ്ഞു.
“അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ ” അവളെ യാത്രയാക്കി കൊണ്ട് ഞാൻ പതിയെ കസേരയിലേക്ക് ഇരുന്നു.
“അതെ ആ കാട് വല്ലപ്പോഴും ഒക്കെ വെട്ടി തെളിക്കാം കേട്ടോ…” ഡോർ കടന്ന് ഇറങ്ങിയ അവൾ തിരിഞ്ഞ് എന്നെ നോക്കി കൊണ്ട് പറഞ്ഞിട്ട് വള കിലുക്കം പോലെ ചിരിച്ചുകൊണ്ട് തിരഞ്ഞ് ഓടി.
ഞാൻ കസേരയിൽ നിന്ന് അവളുടെ അടുത്തേക്ക് വരാൻ എഴുന്നേറ്റങ്കിലും അപ്പോഴേക്കും അവൾ ഓടി വീടിന് പുറത്തിറങ്ങി കഴിഞ്ഞിരുന്നു.
ഞാൻ അവൾ പോകുന്നതും നോക്കി ചമ്മിയ മനസ്സുമായി നിന്നു. വടിച്ചിട്ട് കുറെ നാളായി, എന്തിനാണ് വടിച്ചിട്ട് വേറെ കാര്യം ഒന്നും ഇല്ല അല്ലോ?
ഏത് നശിച്ച സമയത്തു ആണോ ആ തോർത്ത് അഴിക്കാൻ തോന്നിയത്. അതിന് ഞാൻ അറിഞ്ഞോ അവൾ ഒന്ന് വിളിക്കുക പോലും ചെയ്യാതെ റൂമിലേക്ക് കേറി വരും എന്ന്.
ഞാൻ ഓരോന്ന് ആലോചിച്ചു എന്റെ റൂമിലേക്ക് തിരിച്ച് നടന്നു.
പിറ്റേന്നും നാദിയ അവളുടെ സംശയങ്ങളുമായി വന്നു. ഞാൻ എനിക്കറിയാവുന്നത് പോലെയൊക്കെ പറഞ്ഞ് കൊടുത്തു. ചുരുങ്ങിയ സമയം കൊണ്ട് അവൾ എന്റെ നല്ല ഒരു സുഹൃത്തായി മാറുകയായിരുന്നു.
കോളേജിൽ പഠിക്കുന്ന കാലത്ത് കുറച്ച് അതികം പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും, അത് കഴിഞ്ഞ് സുഹൃത്തുക്കളുടെ എണ്ണം വളരെ കുറഞ്ഞു. പിന്നെ എല്ലാം എന്തെങ്കിലും ആവിശ്യത്തിന് വേണ്ടി മാത്രം ഉള്ള വിളികളും സംസാരങ്ങളും മാത്രം ആയി.
അന്ന് അമ്മ അവളെ ഉച്ചക്ക് ഭക്ഷണം എല്ലാം കഴിപ്പിച്ചിട്ടാണ് വിട്ടത്. വേണ്ടന്ന് അവൾ പറഞ്ഞെങ്കിലും അമ്മ നിർബന്ധിച്ചപ്പോൾ അവൾ കഴിച്ചു.
അന്ന് പോയ അവൾ പിറ്റേന്ന് വന്നില്ല, അവളെ കാണാതായപ്പോൾ എന്തോ ഒരു വികാരം അത് എന്താണെന്നോ എന്ത്കൊണ്ടാണെന്നോ എനിക്ക് മനസ്സിലായില്ല.
എന്നാൽ പിറ്റേന്ന് രാവിലെ നേരത്തെ അവൾ എത്തി. അവൾ വരുമ്പോൾ ഞാൻ വെറുതെ ഫോണിൽ നോക്കി ഇരിക്കുവായിരുന്നു.
“മാഷേ അകത്തേക്ക് വരാമോ” അവൾ പുറത്ത് നിന്നും വിളിച്ചു ചോദിച്ചു.
“കടന്ന് വരണം മാഡം” ഞാൻ അവളെ അകത്തേക്ക് ക്ഷണിച്ചു.
“ഇന്നലെ എവിടെയായിരുന്നു മാഡം” ഞാൻ ചോദിച്ചു.
“അത് ഇന്നലെ ഞായറാഴ്ച അല്ലായിരുന്നില്ലേ” അവൾ ഉത്തരം നൽകി.
“ഓഹ് ഇന്നലെ ഞായറാഴ്ച ആയിരുന്നല്ലേ, കൊറോണ വന്നതിന് ശേഷം ദിവസം പോലും ഓർമ്മയില്ലാത്ത അവസ്ഥയായി” ഞാൻ പറഞ്ഞു.
“അത് കൊറോണ കൊണ്ടല്ല പണിക്കൊന്നും പോകാതെ വീട്ടിൽ കുത്തി ഇരിക്കുന്നത് കൊണ്ടാണ്” അവൾ എനിക്ക് ഇട്ട് ഒന്ന് താങ്ങി.
“അതും ശരിയാണ്, പക്ഷെ ഞാൻ പണിക്ക് പോയാൽ മാഡം വരുമ്പോൾ ആര് പഠിപ്പിച്ച് തരും” ഞാൻ വെറുതെ ആ ഉണ്ട അവൾക്ക് നേരെ തിരിച്ചു.
“ഓഹ് അങ്ങനെ ആണല്ലേ, എന്നെ പഠിപ്പിക്കാൻ വേണ്ടി ആണല്ലേ പണിക്കൊന്നും പോകാതെ വീട്ടിൽ കുത്തിയിരിക്കുന്നത്” അവൾ വിട്ട് തരാൻ തയ്യാറായില്ല.
“അതും ഒരു കാരണം ആണല്ലേ” ഞാൻ വെറുതെ അവളെ ഒന്ന് മൂപ്പിക്കാൻ വേണ്ടി പറഞ്ഞു.
“അങ്ങനെ ആണോ? അങ്ങനെ ആണെങ്കിൽ മാഷ് പണിക്ക് പൊയ്ക്കോ ഞാൻ ഇനി ഇങ്ങോട്ട് വരുന്നില്ല” അവൾ പിണക്കം നടിച്ച് പറഞ്ഞു.
“നാദിയ കുട്ടി ഈ ചെറിയ പ്രായത്തിൽ അത്രയും വലിയ ത്യാഗം ഒന്നും ചെയ്യരുത്” ഞാൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
“പണിക്ക് പോകാൻ മടിയാണെങ്കിൽ അത് പറഞ്ഞാൽ പോരെ, വെറുതെ എന്തിനാ അത് എന്റെ തലയിൽ ഇടുന്നത്” അവൾ കലിപ്പ് മോഡിൽ ആയി.
“ശരി സമ്മതിച്ചു എനിക്ക് പണിക്ക് പോകാൻ മടിയാണ് പോരെ” ഞാൻ അവളെ തണുപ്പിക്കാൻ വേണ്ടി പറഞ്ഞു.
“അങ്ങനെ എനിക്ക് വേണ്ടി ആരും സ്വയം കുറ്റം പറയുക ഒന്നും വേണ്ട” അവൾ കലിപ്പിൽ തന്നെ തുടർന്ന്.
“മതി ഞാൻ തോറ്റു, എനിക്ക് നല്ല ഒരു പണി വരുമ്പോൾ പോകും അതിന് വേണ്ടി കാത്തിരിക്കുവാണ് മതിയോ” ഞാൻ തോൽവി സമ്മതിച്ചു.
“ഞാൻ… അങ്ങനെ അല്ല പറഞ്ഞത്, മാഷ് മാഷിന്റെ ആഗ്രഹം പോലെ ബിസ്സിനെസ്സ് ചെയ്താൽ മതി ഞാൻ വെറുതെ പറഞ്ഞതാ. മാഷ് ഇവിടെ ഉള്ളപ്പോൾ എനിക്ക് സംശയം ചോദിക്കാനും വരാം അല്ലോ? ” അവൾ ഒന്ന് തണുത്തു.
“ഓക്കേ നാദിയ കുട്ടി പറയുന്നത് പോലെ, അപ്പോൾ ഇന്ന് എന്താ പഠിക്കാൻ ഉള്ളത്” ഞാൻ അവളോട് ചോദിച്ചു.
അങ്ങനെ അവൾ കൊണ്ട് വന്ന ബുക്കിൽ ഉണ്ടായിരുന്ന ഒന്നു രണ്ട് ചോദ്യങ്ങൾ കാണിച്ചു തന്നു. ഞാൻ അതിന്റ ഉത്തരം എങ്ങനെ ചെയ്യാം എന്നോക്കെ പറഞ്ഞു കൊടുത്തു.
അന്ന് അവൾ പോകുമ്പോൾ ഞാൻ കൂടെ ഇറങ്ങി അവളോട് സംസാരിച്ച് വീടിന് പുറത്ത് വരെ വന്നു. പിന്നെ അവൾ പോകുന്നതും നോക്കി നിന്നു. അവൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞാൻ പതിയെ റൂമിലേക്ക് മടങ്ങി.
പിറ്റേന്ന് അവൾ വരേണ്ട സമയം ആയപ്പോൾ ഞാൻ അവളുടെ വെള്ളി കുലുസിന്റെ ശബ്ദത്തിന് ചെവി ഓർത്തിരുന്നു.
എന്തോ അങ്ങനെ ഇരിക്കുമ്പോൾ അവൾ എന്റെ ആരൊക്കെയോ ആണ് എന്ന ഒരു തോന്നൽ. അവളുടെ മുത്ത് മണി കിലുക്കം പോലെയുള്ള ശബ്ദം കേൾക്കുമ്പോൾ, അവളോട് വെറുതെ വഴക്കിടുമ്പോൾ ഇത് വരെ ഒരു പെൺകുട്ടികളോടെയും തോന്നാത്ത ഒരു അടുപ്പം.
“മാഷേ എന്താ ഉറങ്ങുവാണോ? ” ഓരോന്ന് ആലോചിച്ചിരുന്ന എന്നെ അവളുടെ ആ വിളിയാണ് ഉണർത്തിയത്.
“അഹ് നീ വന്നോ? വൈകിയപ്പോൾ ഞാൻ കരുതി വരില്ല എന്ന്” അവൾ വരില്ലേ എന്ന ഭയം ആണ് എന്നെ കൊണ്ട് അങ്ങനെ ചോദിപ്പിച്ചത്.
“ഇവിടെ വരാതെ എവിടെ പോകാൻ മാഷേ, മാഷല്ലേ എന്റെ മാഷ്” അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
“അപ്പോൾ ഇന്നത്തെ പണി തുടങ്ങാം” ഞാൻ അവളുടെ ബുക്ക് വാങ്ങിച്ച് കൊണ്ട് ചോദിച്ചു.
“ഇന്ന് പണിയൊന്നും ഇല്ല മാഷേ, ഉണ്ടായിരുന്നതൊക്കെ നമ്മൾ ഇന്നലെ തന്നെ തീർത്തു” അവൾ ബുക്ക് വാങ്ങിച്ച് ടേബിളിൽ വെച്ച് കൊണ്ട് പറഞ്ഞു.
“പണിയൊന്നും ഇല്ലേ, പിന്നെ എന്താണ് മഹത്തിയുടെ ആഗമന ഉദ്ദേശം” ഞാൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു.
“വീട്ടിൽ ഒറ്റക്ക് ഇരുന്ന് ബോർ അടിക്കേണ്ട എന്ന് വിചാരിച്ചു വന്നതാണ്” അവൾ ഉത്തരം നൽകി.
“എനിക്ക് ഒറ്റക് ഇരിക്കുന്നത് കൊണ്ട് ബോറൊന്നും ഇല്ല.” ഞാൻ മനസ്സിന് മീതെ പറഞ്ഞു.
“മാഷിനല്ല മാഷേ, എനിക്ക് ബോറടിക്കണ്ട എന്ന് വിചാരിച്ചു വന്നതാ” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“ഓഹ് അങ്ങനെ, അല്ല വീട്ടിൽ ഉമ്മയും അനിയനും ഒക്കെ ഇല്ലേ, പിന്നെ എങ്ങനെ ഒറ്റക്കാകും.”ഞാൻ എന്റെ സംശയം ഉന്നയിച്ചു.
” ഉമ്മ എപ്പോഴും അടുക്കളയിൽ ബിസി ആയിരിക്കും, അടുക്കളയിൽ ചെന്നാൽ സഹായിക്കാൻ പറയും. അടുക്കള പണി എനിക്ക് പണ്ടേ ഇഷ്ടം അല്ല. പിന്നെ നദിർ അവൻ ഫുൾ ടൈം പബ്ജി കളിയാണ്.” അവൾ പറഞ്ഞു.
“ഓഹ് അത് ഏതായാലും നന്നായി എനിക്ക് കുറച്ചു സഹായം വേണമായിരുന്നു” എന്ന് പറഞ്ഞു ഞാൻ ലാപ്ടോപ് തുറന്നു.
“എന്ത് സഹായം” അവൾ ചോദിച്ചു.
“അത് ഒരു ചെറിയ പ്രൊജക്റ്റ്, എളുപ്പം ആണ്. എനിക്ക് ബോർ അടിച്ചത് കൊണ്ട് നിർത്തിയതാ” ഞാൻ അവളെ നോക്കി പറഞ്ഞു.
“പോ മാഷേ എനിക്കൊന്നും വയ്യ പണിയെടുക്കാൻ, ഇങ്ങനെ ആണെങ്കിൽ ഞാൻ വീട്ടിൽ ഇരുന്നാൽ മതിയായിരുന്നല്ലോ, ഞാൻ പോകുവാ” അവൾ പിണങ്ങി കൊണ്ട് പറഞ്ഞു.
“അങ്ങനെ പിണങ്ങി പോകല്ലേ, വയ്യങ്കിൽ വേണ്ട.” ഞാൻ അവളെ സമാദാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
“അങ്ങനെ വഴിക്ക് വാ” അവൾ എന്നെ കളിയാക്കും പോലെ പറഞ്ഞു.
“അല്ല… പിന്നെ മഹതിയുടെ ഉദ്ദേശം എന്താണ്” ഞാൻ അവളോട് ചോദിച്ചു.
“നമുക്ക് വർത്താനം പറഞ്ഞു ഇരിക്കാം…” അവൾ അവളുടെ നയം വ്യക്തമാക്കി.
“അപ്പോൾ എന്റെ സമയം കളയാൻ ആണ് ഈ പുറപ്പാട്” ഞാൻ അവളെ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞു.
“എന്നാൽ വേണ്ട, ഞാൻ പോകുവാ” അവൾ പിണങ്ങി ഇറങ്ങാൻ തുടങ്ങി.
“അങ്ങനെ പിണങ്ങി പോകല്ലേ, നാദിയാ കുട്ടി ഇവിടെ വന്ന് ഇരുന്നേ ചോദിക്കട്ടെ” ഞാൻ അവളെ സമാദാനിപ്പിച്ച് കസേരയിൽ ഇരുത്തി.
അപ്പഴും അവൾ എന്റെ മുഖത്തു നോക്കാതെ മുഖം വീർപ്പിച്ച് ഇരിക്കുവായിരുന്നു.
“ഇനി ആ ബലൂൻ പൊട്ടുന്നതിന് മുമ്പ് ഒന്ന് വിട്ടേ” ഞാൻ അവളെ നോക്കി പറഞ്ഞു.
“ബലൂണോ…” അവൾ എന്റെ കണ്ണിൽ നോക്കി അത്ഭുത്തോടെ ചോദിച്ചു.
“അഹ് ഈ വീർപ്പിച്ചു വെച്ചിരിക്കുന്ന സാദനം” ഞാൻ അവളുടെ മുഖം കൈചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.
“അത് വീർത്തിട്ടൊന്നും ഇല്ല” അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അഹ് ഇപ്പോൾ എയർ പോയി” ഞാൻ അവളുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“പോ മാഷേ ചിരിപ്പിക്കാതെ” പെണ്ണിന് നാണം വന്നു മുഖം ചുവന്നു വന്നു.
“നാദിയ കുട്ടിക്ക് കൂട്ടുകാർ ഒന്നും ഇല്ലേ?” ഞാൻ അവളോട് ചോദിച്ചു.
“എനിക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്‌സ് ഒന്നും ഇല്ല, പിന്നെ കോളേജിൽ ഞാനും റജീനയും ലക്ഷ്മിയും ആണ് ഒരു സെറ്റ്. ഞാനും റജീനയും കൊച്ചിലെ ഉള്ള കൂട്ട് ആണ്” അവൾ പറഞ്ഞു നിർത്തി.
“അത് അല്ലാതെ വേറെ… ആൻ കുട്ടികൾ ഒന്നും ഇല്ലേ?” ഞാൻ ഒന്ന് നിർത്തി അവളുടെ കണ്ണിൽ നോക്കി.
“അങ്ങനെ ആൻ കുട്ടികൾ ആയൊന്നും കൂട്ട് കൂടാൻ, ഉമ്മ സമ്മതിക്കില്ല. അറിഞ്ഞാൽ ഉമ്മ എന്നെ കൊല്ലും.” അവൾ അത്മഗതം പോലെ പറഞ്ഞു.
“ഉമ്മ സമ്മതിച്ചിരുന്നെങ്കിൽ ഇപ്പോൾ നാദിയ കുട്ടിക്ക് നാട് മൊത്തം കൂട്ടുകാർ ആയേനെ” ഞാൻ അവളെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“പോ മാഷേ കളിയാക്കാതെ” അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“അപ്പോൾ നാദിയക്ക് ഇത് വരെ പ്രണയം ഒന്നും ഉണ്ടായിട്ടില്ല” ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ ചോദിച്ചു.
“അങ്ങനെ ഒന്നും ആരും ഇല്ലായിരുന്നു മാഷേ, പിന്നെ ചെറിയ ക്രഷ് ഉള്ള ഒരാൾ ഉണ്ടായിരുന്നു. അവൻ അവസാനം വേറൊരുത്തിക്ക് സെറ്റ് ആയി” അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു.
“അപ്പോൾ അവൻ നാദിയ കുട്ടിയെ തേച്ചു അല്ലെ” ഞാൻ ഒരു കള്ള വിഷമം മുഖത്ത് വരുത്തി ചോദിച്ചു.
“അങ്ങനെ പറയാൻ പറ്റില്ല മാഷേ ഞാൻ ഇഷ്ടം ആണെന്ന് അവനോട് പറഞ്ഞില്ലല്ലോ, അല്ലെങ്കിലും അത് അങ്ങനെ ഒരു ഇഷ്ടം ഒന്നും അല്ലായിരുന്നു വെറും ഇൻഫാക്റ്റുവേഷൻ” അവൾ പറഞ്ഞു കൊണ്ട് എന്നെ നോക്കി.
ഞാൻ ഒരു ആക്കിയ ചിരി മറുപടി കൊടുത്തു.
“പോ മാഷേ കളിയാക്കാതെ” അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“മാഷിന് പ്രേമം ഒക്കെ ഉണ്ടോ” ഞാൻ ചിരി നിർത്തിയപ്പോൾ അവൾ ചോദിച്ചു.
“പിന്നെ ഉണ്ടല്ലോ…” ഞാൻ അത് പറഞ്ഞു കൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി.
പെട്ടന്ന് അവളുടെ മുഖത്തു ഒരു വിഷാദം വന്ന് നിറഞ്ഞു.
“എന്താ ചേച്ചിയുടെ പേര്” അവൾ മുഖത്ത് ഒരു ചിരി വരുത്തികൊണ്ട് ചോദിച്ചു.
“ചേച്ചിയോ അത് നിനക്ക് ചേച്ചി ഒന്നും അല്ല” ഞാൻ അവളെ ഇളക്കാൻ വേണ്ടി പറഞ്ഞു.
“ചേച്ചിയല്ലേ? എന്റെ പ്രായം ആണോ? അതോ ഇളയതോ? ” അവൾ ചോദിച്ചു കൊണ്ട് എന്നെ നോക്കി.
“അങ്ങനെ ഒന്നും പറയാൻ പറ്റില്ല” ഞാൻ വീണ്ടും ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അങ്ങനെ ഒന്നും പറയാൻ പറ്റില്ലേ, ഇനി വല്ല ചേട്ടനും ആണോ?” അവൾ എന്നെ നോക്കി ഒരു ആക്കിയ ചിരിയോടെ ചോദിച്ചു.
“പോ പെണ്ണേ അവിടുന്ന്, എന്റെ പാഷൻ ആണ് എന്റെ ലൗ…” ഇനിയും കൊണ്ട് പോയാൽ അവൾ എന്നെ വല്ല ഗേയും ആക്കും എന്ന് പേടിച്ചു ഞാൻ പറഞ്ഞു.
“ഓഹ് അങ്ങനെ, വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയിട്ട്” അവൾ എന്തോ അബദ്ധം പറഞ്ഞത് പോലെ എന്നെ നോക്കി.
“പേടിയോ… എന്തിന്” അവൾ പേടിച്ച ചോദ്യം തന്നെ ഞാൻ ചോദിച്ചു.
“അങ്ങനെ പേടിയല്ല… ആ പെണ്ണിനെ കുറച്ചു ആലോചിച്ചു ഇത് പോലെ ഒന്നിനെ സഹിക്കണ്ടേ എന്ന് വിചാരിച്ചുള്ള പേടി അത്രേ ഉള്ളു” ആ ഗോൾ വളരെ നിസാരം ആയി എന്റെ നെഞ്ചത്ത് തന്നെ അടിച്ചു അവൾ എന്നെ നോക്കി ആക്കിയ ഒരു ചിരി ചിരിച്ചു.
“അങ്ങനെ ആണെങ്കിൽ നിന്നെ കെട്ടാൻ പോകുന്നവനെ ഓർത്ത് പേടിയല്ല തോന്നുന്നത് സഹതാപം ആണ്, വെറും സഹതാപം. ആരെങ്കിലും അറിഞ്ഞോണ്ട് പാണ്ടിലോറിക്ക് കൊണ്ട് തല വെക്കുമോ? ” ഞാനും വന്ന ചിരി അടക്കി കൊണ്ട് പറഞ്ഞു.
“ഓഹ് പിന്നെ ഞാൻ അങ്ങ് സഹിച്ചു…” അവൾ വാ കൊണ്ട് കോക്രി കുത്തി കൊണ്ട് പറഞ്ഞു.
“അഹ് സഹിച്ചല്ലേ പറ്റു” ഞാനും വിട്ടു കൊടുക്കാൻ തയ്യാറായില്ല.
“അഹ് മതി എന്നെ കളിയാക്കിയത് ഞാൻ പോകുവാ” പെണ്ണ് വീണ്ടും പിണങ്ങി പോകാൻ ഒരുങ്ങി.
“ഇതെന്താ നാദിയ കുട്ടി അപ്പോഴേക്കും പിണങ്ങിയോ, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ” അവളെ സമാദാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
“വേണ്ട എനിക്ക് ഈ തമാശ അത്ര ഇഷ്ടപെടുന്നില്ല” അവൾ എന്നെ നോക്കി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
“നാദിയ കുട്ടിക്ക് വേണ്ടെങ്കിൽ വേണ്ട, ഞാൻ നിർത്തി” അവൾ നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഹ്മ്മ്” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
“അയ്യേ ഇപ്പോഴും പിണക്കം മാറിയില്ലേ” ഞാൻ അവളെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“എനിക്ക് പിണക്കം ഒന്നും ഇല്ല” അവൾ എന്നെ നോക്കാതെ പറഞ്ഞു.
“പിണക്കം ഇല്ലേ എന്നാൽ ഒന്ന് എന്നെ നോക്കി ചിരിച്ചേ” ഞാൻ ഒരു ചെറു ചിരിയോടെ അവളോട് ആവിശ്യപെട്ടു.
അവൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചു ഞാനും തിരിച്ചൊരു ചിരി കൊടുത്തു.
“അതെ നേരത്തെ ലൈനൊന്നും ഇല്ലാന്ന് പറഞ്ഞത് സത്യം ആണോ?” അവൾ മടിച്ച് മടിച്ച് ചോദിച്ചു.
“അതിന് നേരത്തെ ഇല്ലാന്ന് അല്ലല്ലോ ഉണ്ടെന്ന് അല്ലേ ഞാൻ പറഞ്ഞത്”ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അതല്ല” അവൾ പറഞ്ഞു.
“പിന്നെ” ഞാൻ ചോദിച്ചു.
“അതല്ലാണ്ട് വേറെ ഒന്നും ഇല്ല എന്ന്” അവൾ വിക്കി വിക്കി ചോദിച്ചു.
“അതല്ലാണ്ട് വേറൊന്നും ഇപ്പോൾ തൽക്കാലം ഇല്ല.” ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു. ഞാൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
“ഇത് വരെ ആരും അങ്ങനെ ഇല്ലായിരുന്നു?” വീണ്ടും പെണ്ണിന്റ ചോദ്യം വന്നു.
“അങ്ങനെ വലുതായിട്ട് ഒന്നും ഇല്ല ഒരു അഞ്ച് ആറ്”
“ആറോ” ഞാൻ പറയുന്നതിന് ഇടയിൽ കയറി അവൾ ചോദിച്ചു.
“ആറല്ല, അഞ്ച് ആറെണ്ണം നോക്കണം എന്നായിരുന്നു ആഗ്രഹം. പിന്നെ നാട്ടിൽ കൊള്ളാവുന്ന പെൺകുട്ടികളുടെ ക്ഷാമം ഉള്ളത് കാരണം രണ്ടിൽ നിർത്തി” ഞാൻ പറഞ്ഞു നിർത്തി.
“രണ്ട് പേരോ?” അവൾ അത്ഭുത്തോടെ ചോദിച്ചു.
“പിന്നെ നിന്റ ഈ ഇരുപത് വയസ്സിനുള്ളിൽ ഒരാളെ നോക്കാം എങ്കിൽ, എന്റെ ഇരുപത്തിനാല് വയസ്സിനുള്ളിൽ രണ്ടുപേരെ നോക്കിക്കൂടെ” ഞാൻ ഒരു ചെറിയ ദേഷ്യത്തിൽ ചോദിച്ചു.
“ഇല്ല, കുഴപ്പം ഇല്ല നോക്കാം. അല്ല എന്നിട്ട് മാഷിനെ അവര് കളഞ്ഞിട്ട് പോയതാണോ? അതോ മാഷ് അവരെ തേച്ചതാണോ?” അവൾ വീണ്ടും ചോദ്യവുമായി വന്നു.
“അങ്ങനെ കളഞ്ഞിട്ട് പോകാൻ മാത്രം ക്രൂരൻ ഒന്നും അല്ല ഞാൻ” ഞാൻ വെറുതെ ഒരു സെന്റ് ഡയലോഗ് അടിച്ച് ചെറിയ വിഷമം മുഖത്ത് വരുത്തി അവളെ ഒന്ന് നോക്കി.
“പിന്നെ” അവൾ എന്റെ കള്ള വിഷമം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവളുടെ മുഖത്തും ചെറിയ വിഷാദ ഭാവം ഓടിയെത്തി.
“അങ്ങനെ വലിയ തേപ്പിന്റ കഥ ഒന്നും ഇല്ല, ഞാൻ ജീവിത്തിൽ രണ്ടെണ്ണത്തിനെ അപ്രോച്ച് ചെയ്തിട്ടുള്ളൂ. അവളുമാർക്ക് രണ്ടും എന്നെ വേണ്ട എന്ന് പറഞ്ഞത് രണ്ട് വാക്കുകളിൽ ആണെങ്കിലും പറഞ്ഞതിന്റ പൊരുൾ ഒന്നായിരുന്നു. ലൈഫിൽ മിനിമം ഒരു മന്ത്ലി സാലറി എങ്കിലും വേണം എന്ന്. എന്നെ പോലെ ലൈഫിൽ ഡ്രീം എന്നും പാഷൻ എന്നും പറഞ്ഞ് നടക്കുന്നവരെയോന്നും ആർക്കും വേണ്ടന്നെ” ഞാൻ എന്റെ ട്രാജടിയുടെ കഥ അവൾക്ക് മുന്നിൽ തുറന്ന് കാട്ടി.
“അഹ് ഭാഗ്യം” അവൾ ആശ്വാസത്തോടെ പറഞ്ഞു.
“ഭാഗ്യമോ? ആരുടെ?” ഞാൻ സെന്റ് അടിച്ച് നിൽക്കുമ്പോൾ അവളിൽ നിന്നും അങ്ങനെ ഒരു മറുപടി വന്നതിൽ ഉള്ള അത്ഭുതത്തോടെ ഞാൻ ചോദിച്ചു.
“അത്… ചേട്ടന്റെ ഭാഗ്യം! പോയതിനേക്കാൾ നല്ലത്, ചേട്ടനെ മനസ്സിലാക്കുന്ന ഒരാൾ ചേട്ടന് വേണ്ടി കാത്തിരിക്കുന്നുണ്ടാകും, അത് ചേട്ടന്റെ ഭാഗ്യം അല്ലേ?” അവൾ എന്തോ വലിയ കള്ളം മറക്കാൻ എന്ന പോലെ അത് പറഞ്ഞ് എന്നെ ഒരു കള്ള ലക്ഷണം വെച്ചു നോക്കി.
പെണ്ണിന്റ ആ നോട്ടം കാണാൻ എന്തോ വല്ലാത്ത ഒരു മൊഞ്ചാണ്.
“ഓഹ് അങ്ങനെ” അവളെ വായിൽ നോക്കി നിൽക്കുമ്പിൽ അവൾ നെറ്റി ചുളിച്ച് എന്ത് എന്ന് ചോദിച്ചതിന് മറുപടി എന്നോളം ഞാൻ പറഞ്ഞു.
“എന്നാൽ ശരി മാഷേ ഞാൻ പോണു. ഇനിയു താമസ്സിച്ചാൽ ഉമ്മ അന്വേഷിച്ചു ഇങ്ങ് വരും” അവൾ ബുക്ക് എടുത്ത് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.
“നിൽക്കേടോ ചോറ് തിന്നിട്ട് പോകാം” ഞാൻ അവളുടെ പുറകിൽ നിന്നും വിളിച്ചു.
“നാളെ ആകാം മാഷേ ഇപ്പോൾ പോകട്ടെ” അവൾ ഇതും പറഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്ന് അകന്നു.
ഞാൻ അവളുടെ പുറകിൽ നിന്നും അവൾ നടന്ന് നീങ്ങുന്നതും നോക്കി നിന്നു. പിറ്റേന്ന് വരാം എന്ന് പറഞ്ഞാണ് പോയതെങ്കിലും പിന്നെ ഉള്ള രണ്ട് ദിവസവും അവളെ വീട്ടിലേക്ക് കണ്ടില്ല.
തുടരും…
ഇത് ഒരു തുടക്കം ആണ് നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
Comments:
No comments!
Please sign up or log in to post a comment!