പ്രാണേശ്വരി 10
ഞാൻ അവളെ തിരക്കി വരും എന്ന് അവൾക്കുറപ്പാണല്ലോ… ഞങ്ങൾ എന്നും കാണുന്ന സ്ഥലത്ത് തന്നെ നിൽപ്പുണ്ട് ആൾ. ഞാൻ സ്റ്റെപ് കയറി വരുന്നത് കണ്ടതും അവൾ പെട്ടന്ന് തന്നെ ചുണ്ട് കോട്ടിക്കൊണ്ട് മുഖം തിരിച്ചു. ആ കാട്ടായം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് പക്ഷെ ഇപ്പൊ ചിരി ആരോഗ്യത്തിനു ഹാനികരമാണെന്നുള്ള ഓർമ വന്നപ്പോൾ ആ ചിരി മനസ്സിൽ തന്നെ ഒതുക്കി….
ഞാൻ പതിയെ നടന്നു അവളുടെ അടുത്തെത്തി. ഞാൻ എത്തിയെന്ന് അവൾക്കും മനസ്സിലായി പക്ഷെ ആൾ നല്ല കലിപ്പിൽ തന്നെ നിൽക്കുകയാണ് . എന്തെങ്കിലും ചെയ്ത് ആ കലിപ്പ് മാറ്റിയില്ലെങ്കിൽ നല്ലൊരു ദിവസമായിട്ടു എല്ലാം കുളമാകും.
“ലച്ചൂസേ… ”
ഞാൻ എന്നും അവളെ അങ്ങനെ വിളിക്കുമ്പോൾ അവൾക്കൊരു സന്തോഷവും നാണവും വരുന്നതാണ് . പക്ഷെ ഇന്ന് പെണ്ണ് മുഖത്തേക്ക് നോക്കുന്നത് പോലുമില്ല
“ലച്ചൂ… അവൾ ചുമ്മാ നമ്മളെ തമ്മിൽ തല്ലിക്കാൻ പറയുന്നതാ… ഞാൻ നിന്നെയല്ലാതെ വേറെ പെണ്ണിനെ നോക്കും എന്ന് തോന്നുന്നുണ്ടോ… ”
അത് പറഞ്ഞപ്പോൾ അവൾ നോട്ടം പതിയെ എന്റെ മുഖത്തേക്കാക്കി പക്ഷെ ഇപ്പോളും ആ ദേഷ്യം അങ്ങനെ തന്നെയുണ്ട്…
“നല്ലൊരു ദിവസമായിട്ടു വെറുതെ പിണങ്ങല്ലേ…”
“നിനക്ക് എന്തും കാണിക്കാം… എനിക്ക് അതൊന്നും കണ്ടു ദേഷ്യം വരാൻ പാടില്ലേ… ”
“അതിന് ഞാൻ എന്ത് ചെയ്തു എന്നാ… ”
“ദേ… നീ ചുമ്മാ ഉരുണ്ടു കളിക്കണ്ട… ഞാൻ എല്ലാം കണ്ടതാ… ”
“എന്ത് കണ്ടൂന്ന്… ”
“അവിടെ നിന്നു വരുന്ന പെണ്ണുങ്ങളുടെ മുഴുവൻ വായിനോക്കുന്നത്… ”
“ഡീ അത് ഞാൻ പറഞ്ഞില്ലേ… നീ വരുന്നുണ്ടോ എന്ന് നോക്കി നിന്നതാ.. ”
അവൾ വിശ്വസിക്കില്ല എന്നറിയാം എന്നാലും വെറുതെ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് മാത്രം
“ഇത് വിശ്വസിക്കാൻ മാത്രം പൊട്ടിയല്ല ഞാൻ… നമ്മൾ ഇന്നലെ ഫോൺ വിളിച്ചപ്പോൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ നേരത്തേ വരും… പൂക്കളത്തിന്റ ഡിസൈൻ വരക്കുന്നത് ഞാൻ ആണെന്ന്… ”
“അങ്ങനെ പറഞ്ഞിരുന്നോ… ഞാൻ ഓർക്കുന്നില്ല… ”
“ഓർക്കൂല്ല… എങ്ങനെ ഓർക്കാനാ ആ സമയത്തും വേറെ വല്ല പെണ്ണുങ്ങളെയും ചിന്തിച്ചായിരിക്കും ഇരുന്നത്”
“ലച്ചൂ… നിർത്തിക്കോട്ടോ… കുറച്ചു കൂടുന്നുണ്ട്… ”
“നിനക്ക് കാണിക്കാം ഞാൻ പറയാൻ പാടില്ല… ”
“ശരി… ഞാൻ സമ്മതിച്ചു അവന്മാർ പറഞ്ഞപ്പോ ഞാൻ വെറുതെ കൂടെ നിന്നതാ അല്ലാതെ ഞാൻ ആരെയും നോക്കിയില്ല ”
ഒരാപത്തു വന്നപ്പോ ഓടിയ തെണ്ടികൾ അല്ലെ ഇതിന്റെ ക്രെഡിറ്റ് അവന്മാർക്ക് ഇരിക്കട്ടെ
“ആദ്യം എന്നെ നോക്കി നിന്നതാണ് എന്നായിരുന്നു.
“ലച്ചൂ… സോറി ഇനി ഇങ്ങനെ ഉണ്ടാകില്ല പോരെ.. ”
“അയ്യോ അങ്ങനെ എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണ്ട… ഏതവളെ ആണെന്ന് വച്ചാൽ പോയി നോക്കിക്കോ… ”
‘എനിക്ക് നോക്കാൻ ഒരവളെ ഉള്ളു… എന്റെ ലച്ചു ”
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വന്നു പക്ഷെ അത് അപ്പൊ തന്നെ മാറി…
“ഇത്രയും നേരം എന്നയല്ലല്ലോ നോക്കിയത് ഇനിയും നോക്കണ്ട… രാവിലെ എഴുന്നേറ്റു ഒരുങ്ങി കെട്ടി വന്നപ്പോൾ കാണേണ്ടവൻ വേറെ അവളുമ്മാരെ നോക്കാൻ പോയിരിക്കുന്നു… ”
അവളത് പറഞ്ഞ സമയത്താണ് ഞാനും ആ കാര്യം ഓർക്കുന്നത്. അവളെ ഞാൻ ആകെ ഒന്ന് നോക്കി
സെറ്റ് സാരിയുടെ കസവ് ബോർഡർനുള്ളിൽ കാവിക്കളർ അതിനുള്ളിൽ ശ്രീബുദ്ധനെ വരച്ചു വച്ചിരിക്കുന്ന പ്രിന്റെഡ് സാരിയാണ്.വെള്ള നിറത്തിലുള്ള ബ്ലൗസിന്റെ കയ്യിലും കസവ് ബോർഡർ. മുന്താണി ഒക്കെ ഞൊറി എടുത്ത് ഉടുത്തിരുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്. അധികം മേക്കപ് ഒന്നും ഇടാത്ത മുഖത്തിന് ആ ചെറിയ മൂക്കുത്തിയും വാലിട്ടെഴുതിയ കണ്ണുകളും സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണാൻ പറ്റുന്ന രീതിയിലുള്ള ചെറിയ കറുത്ത പൊട്ടും മാറ്റ് കൂട്ടുന്നുണ്ട്.
മാളുവും ലച്ചുവും ഒരേ ഡിസൈൻ സാരിയാണ് ഉടുക്കുക എന്നറിയാമായിരുന്നു എങ്കിലും ആ സാരി കണ്ടിട്ടില്ലായിരുന്നു… കാണിച്ചു തന്നില്ല എന്നുള്ളതാണ് സത്യം… ഓണാഘോഷത്തിന്റെ അന്ന് കണ്ടാൽ മതി എന്ന് പറഞ്ഞ് മാളുപോലും കാണിച്ചു തന്നില്ല.
ഉടുത്തൊരുങ്ങി സുന്ദരിയായി വന്ന് നാന്നായിട്ടുണ്ട് എന്നൊരു അഭിപ്രായം പറയുന്നത് കേൾക്കാനായി വന്നവൾ കാണുന്നത് കോളേജിലേക്ക് വരുന്ന പെണ്ണുങ്ങളെ വായിൽ നോക്കുന്ന എന്നെ. അപ്പൊ പിന്നെ അവൾ ദേഷ്യപ്പെടുന്നതിനെ കുറ്റം പറയാൻ പറ്റുമോ
“ലച്ചൂ… എന്റെ പെണ്ണിന്ന് സുന്ദരി ആയിട്ടുണ്ടല്ലോ… ”
“ഓ… ”
പുച്ഛത്തോടെ ഉള്ള ഒരു മൂളലായിരുന്നു മറുപടി. ഞാനും അത് തന്നെയാണ് പ്രതീക്ഷിച്ചത്
“ലച്ചു ഞാൻ സോറി പറഞ്ഞില്ലെ… ഇനി ഉണ്ടാവില്ല എന്നും പറഞ്ഞു… ഇനി എങ്കിലും ഒന്ന് ക്ഷമിക്ക് ”
“ഹ്മ്മ്.. ശരി… ഇനി ഇങ്ങനെ എന്തെങ്കിലും കണ്ടാൽ ഞാൻ പിന്നെ ഒരിക്കലും മിണ്ടില്ല. ഞാൻ പറഞ്ഞാൽ പറഞ്ഞതാ… ”
“ശരി… ഇനി ഉണ്ടാവില്ല ”
“ഹ്മ്മ്… അപ്പോ ഇനി പറ… ശരിക്കും എന്നെ കാണാൻ കൊള്ളാമോ… ”
“പിന്നെ… സൂപ്പർ… കണ്ണെടുക്കാൻ തോന്നുന്നില്ല ”
ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു…
സ്ത്രീകൾ എപ്പോഴും നന്നായ് ഒരുങ്ങി വരുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ നന്നായിട്ടുണ്ട് എന്നുള്ള വാക്ക് കേൾക്കാൻ വേണ്ടിയാണ്.
പക്ഷെ ആ സങ്കടം എല്ലാം ഒരു നിമിഷം കൊണ്ട് മറന്ന് വീണ്ടും അവൾ എന്റെ ലച്ചുവായി.
“അപ്പൊ നീയാണ് പൂക്കളം വരക്കുന്നത്… കാണാൻ നല്ല ആഗ്രഹമുണ്ട് എന്ത് ചെയ്യാം പറ്റില്ലല്ലോ… ”
ലച്ചു സിവിലിലോ കമ്പ്യൂട്ടറിലോ ആയിരുന്നെങ്കിൽ ക്ലാസ്സിൽ ചെന്ന് പൂക്കളം കാണാൻ സാധിക്കുമായിരുന്നു. ഇലക്ട്രോണിക്സ് ക്ലാസ്സിലേക്ക് ഒറ്റ മെക്കാനിക്കൽ സ്റ്റുഡന്റസ് നു കേറാൻ സാധിക്കില്ല
“അല്ല മുത്തേ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ… നിങ്ങൾ എന്തിനാ ഈ മെക്ക് ഇലക്ട്രോണിക്സ് എന്നൊക്കെ പറഞ്ഞ് ഇടി ഉണ്ടാക്കുന്നത് ”
അവൾ ചോദിച്ച ആ ഒരു ചോദ്യത്തിന് എന്റെ പക്കലും ഉത്തരം ഉണ്ടായിരുന്നില്ല
“അതിപ്പോ ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോ… ”
“ആ… അതെ കീഴ്വഴക്കങ്ങൾ കാരണമാണ് നിനക്ക് എന്റെ പൂക്കളം കാണാൻ പറ്റാത്തതും അപ്പൊ സഹിച്ചോ… ”
“അകത്തു കയറാൻ പറ്റില്ല എന്നല്ലേ ഉള്ളു … എന്നാലും ഞാൻ പുറത്ത് വന്ന് നിന്ന് കണ്ടോളാം ”
“വരുന്നതൊക്കെ കൊള്ളാം അവിടെ നിന്നു വല്ലവളുംമാരെയും വായിൽ നോക്കിയാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം… ”
“ഈ…. ”
“അവന്റ ഒരു ചിരി…”
“ഡാ … മുത്തേ … ലക്ഷ്മീ… ”
ഞങ്ങൾ സംസാരിക്കുന്ന സമയത്തു ഇന്ദു അങ്ങോട്ടേക്ക് വന്ന് ഞങ്ങളെ വിളിച്ചു.
“സാരിയൊക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ടല്ലോ… ”
ഇന്ദുവിനോട് അത് പറഞ്ഞ് ഞാൻ നോക്കിയപ്പോൾ കാണുന്നത് ഞാൻ പറയുന്നത് കേട്ട് മുഖം വീർപ്പിക്കുന്ന ലച്ചുവിനെ ആണ്. എന്തൊക്കെ ചെയ്താലും ഈ പെണ്ണിന് കുശുമ്പ് മാത്രം മാറില്ല
“താങ്ക്യൂ താങ്ക്യൂ… നീയും കൊള്ളാം… ലക്ഷ്മീ സൂപ്പർ സാരി ആണല്ലോ.. ”
അത്രയും നേരം മുഖം വീർപ്പിച്ചിരുന്നവൾ ഇന്ദുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ വീണ്ടും സന്തോഷവതി ആയി.
“thanks… ഇന്ദു നിന്നെ ക്ലാസ്സിൽ ആരോ വിളിക്കുന്നു … ”
ഇന്ദുവിനെ ഒഴിവാക്കാൻ വേണ്ടി ലച്ചു വെറുതെ പറഞ്ഞതാണ്. അത് ഇന്ദുവിനും മനസ്സിലായി.
“മ്മ്.. ശരി ശരി… ഞാൻ പോക്കൊള്ളാമെ… ”
ഇന്ദു ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയതും എന്റെ കയ്യിൽ നല്ല ഒരു നുള്ളുകിട്ടി.
“എന്താടി പ്രാന്തി … ”
“ഇന്ദു വന്നപ്പോ എന്തായിരുന്നു ഒലിപ്പീര്… സുന്ദരി ആയിരിക്കുന്നു അത്രേ…അത്ര സുന്ദരി ആണെങ്കിൽ അവളെ അങ്ങ് കെട്ടിക്കോ… ”
“ആഗ്രഹം ഇല്ലാതെ ഇല്ല , പിന്നെ കല്യാണം ഉറപ്പിച്ച പെണ്ണല്ലേ എന്ന് കരുതിയാണ്…”
ഞാൻ ചിരിയോടെ ആണ് പറഞ്ഞതെങ്കിലും പെണ്ണ് വീണ്ടും കലിപ്പായി
“ഞാൻ പോണു, നീ അവളുടെ പുറകെ പൊക്കോ… ”
“എന്റെ ലച്ചു… നിനക്ക് എന്തേലും കുഴപ്പമുണ്ടോ… അവൾ എന്റെ ഫ്രണ്ട് അല്ലെ.
“എനിക്കിഷ്ടമല്ല നീ വേറെ പെണുങ്ങളോട് സംസാരിക്കുന്നത്. ”
“ദേ… എന്റെ വായീന്ന് ഒന്നും കേൾക്കരുത് … പെണ്ണുങ്ങൾക്ക് ഇത്ര കുശുമ്പ് പാടില്ല ”
അതിന് മറുപടി പറയാതെ അവളൊന്നു ചിരിച്ചു.ആ ചിരി കാണാൻ ഒടുക്കത്തെ ഭംഗിയാണ് ഞാൻ അറിയാതെ തന്നെ അവളെ നോക്കി നിന്നുപോയി…
“എന്താടാ ഇങ്ങനെ നോക്കുന്നത്… നീ ആദ്യമായാണോ എന്നെ കാണുന്നെ… ”
“എന്റെ പെണ്ണിനെ കാണാൻ ഇന്ന് ഭയങ്കര ലുക്ക് ആണ് ”
വീണ്ടും ആ കണ്ണുകളിൽ ഒരു നാണം
“ലക്ഷ്മീ… വാ പൂക്കളം ഇടണ്ടേ… ”
ലച്ചുവിന്റെ ക്ലാസ്സിൽ ഉള്ള ഏതോ ഒരു പെണ്ണ് വന്ന് അവളെ വിളിച്ചു. പോകാൻ മടിച്ചു അവൾ എന്നെ ഒന്ന് നോക്കി
“വാ ലക്ഷ്മീ… മത്സരമാണ് ഇങ്ങനെ നിന്നാൽ എങ്ങനെയാ… ”
അവൾക്ക് പോകാൻ യാതൊരു താല്പര്യവും ഇല്ല
“ലച്ചു… നീ പൊക്കോ… നമുക്ക് പിന്നെ സംസാരിക്കാം ”
“മ്മ്… ”
അവൾ വിഷമത്തോടെ മൂളിക്കൊണ്ട് അവളെ വിളിക്കാൻ വന്ന പെൺകുട്ടിയുടെ ഒപ്പം നടന്നു നീങ്ങി
ഞാനും പതിയെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയപ്പോൾ ഒടുക്കത്തെ ബഹളമാണ് എല്ലാം.കുറെയെണ്ണം പുതിയ ഡ്രെസ്സിലൊക്കെ ഫോട്ടോ എടുക്കുന്നു. കുറച്ചു പേര് നിലത്തു ചോക്ക് കൊണ്ട് എന്തൊക്കെയോ വരക്കുന്നുണ്ട് വര കഴിഞ്ഞപ്പോളാണ് മനസ്സിലായത് അതൊരു പൂക്കളം… അല്ല പൂവില്ലാത്ത കളം ആയിരുന്നു.
ഒരു വട്ടം അതിന്റെ ചുറ്റും സ്പാന്നെർ, സ്ക്രൂഡ്രൈവർ, ഗിയർ, നട്ട്, ബോൾട് എന്നിവ ഒക്കെ നിരത്തി വച്ചിരിക്കുന്നു. മെക്കിന്റെ മൂന്ന് ക്ലാസ്സിൽ ചെന്നാലും ഇത് തന്നെ ആയിരിക്കും അവസ്ഥ
ഞാൻ പാറ്റയും കൂട്ടരും നിൽക്കുന്ന സ്ഥലത്തേക്ക് നീങ്ങി. അവിടെ ചെന്നപ്പോൾ അവന്മാർ അടുത്ത മദ്യപാനത്തിനുള്ള തയാറെടുപ്പിലാണ്. വോഡ്കയും സ്പ്രൈറ്റും മിക്സ് ചെയ്ത് വച്ചിരിക്കുന്നു
അതിൽ നിന്നും രണ്ട് കവിൾ കുടിച്ചിട്ട് ഞാനും അവരുടെ ഒപ്പം കോളേജ് കറങ്ങാൻ ഇറങ്ങി. പൂക്കളം കാണാൻ എന്ന വ്യാജേന പെൺപിള്ളേരെ കാണാൻ പോകുകയാണ്.
എനിക്കും കുട്ടികളെ നോക്കണം എന്നൊക്കെ തോന്നുന്നുണ്ട് പക്ഷെ ഇപ്പൊ ലച്ചുവിന് കൊടുത്ത വാക്കും അവളുടെ ആ സമയത്തെ സങ്കടവും ഓർത്തപ്പോൾ മനസ്സ് വരുന്നില്ല. അവരുടെ ഒപ്പം നടന്നെങ്കിലും ഞാൻ പൂക്കളം മാത്രമാണ് ശ്രദിച്ചത്
കയ്യിലിരുന്ന കുപ്പിയിൽ നിന്നു എല്ലാവരും ഇടയ്ക്കിടെ ഓരോ കവിൾ കുടിക്കുന്നുണ്ട്. നടന്നു നടന്നു ഞങ്ങൾ സിവിൽ ക്ലാസ്സിന്റെ ഫ്രണ്ടിൽ എത്തി.
ഇന്ദുവും അലീനയും ഫർസാനയും.കുറച്ചു കുട്ടികളും ചേർന്ന് പൂക്കളം ഇടുന്നു. ഓഹ് അത് മറന്നു പാറ്റയുടെ താത്ത കുട്ടിയുടെ പേരാണ് ഫർസാന.. കുറച്ചു കുട്ടികൾ ഇടാനുള്ള പൂ ഒരുക്കുന്നു ആകെ ബഹളം.
സിവിൽ ക്ലാസ്സിന്റെ ഒരു പ്രിത്യേകത ആണത്. എന്താഘോഷം ആയാലും അത് മാക്സിമം നന്നാക്കാൻ അവർ ശ്രമിക്കും. നമ്മൾ അതിനു നേരെ തലതിരിവും
അവന്മാരെ അവിടെ വിട്ട് ഞാൻ വീണ്ടും ലച്ചുവിനെ കാണാൻ ക്ലാസ്സിന്റെ ഫ്രണ്ടിലേക്ക് നടന്നു. ക്ലാസ്സിന്റെ ഫ്രണ്ടിൽ എത്തി ഉള്ളിലേക്ക് നോക്കിയപ്പോൾ ലച്ചു അടക്കം കുറച്ചു പെണ്ണുങ്ങൾ ചേർന്ന് പൂക്കളം ഇടുന്നുണ്ട്. അവർക്കു ചുറ്റും കൊറേ എണ്ണം അവരെ വായിൽ നോക്കിക്കൊണ്ട് നിൽക്കുന്നുണ്ട്. അത് കണ്ടപ്പോൾ രാവിലെ ലച്ചുവിനുണ്ടായ ദേഷ്യത്തിന് കാരണം എനിക്കും മനസ്സിലായി
“എന്താടാ ഇവിടെ നിന്നൊരു കറക്കം…. ”
അവളുടെ ക്ലാസ്സിലെ ഏതോ ഒരുത്തൻ ഞാൻ അവിടെ നിൽക്കുന്നത് കണ്ടു ഇഷ്ടപ്പെടാതെ ചൊറിയാൻ വരികയാണ്.
“ഒന്നുമില്ല… ഞാൻ വെള്ളം കുടിക്കാൻ പോകുകയായിരുന്നു അപ്പൊ നിങ്ങളുടെ പൂക്കളം കണ്ടപ്പോൾ നോക്കിയെന്നെ ഉള്ളു ”
ആ സമയത്ത് ഞങ്ങളുടെ ഒച്ച കേട്ട് ലച്ചു ആ ഭാഗത്തേക്ക് നോക്കി എന്നെ കണ്ടപ്പോൾ ആ മുഖത്തൊരു ഭയം വന്നു. വീണ്ടും വല്ല പ്രശ്നവും ഉണ്ടാകുമോ എന്നുള്ള പേടി
“വെള്ളം കുടിക്കാൻ വന്നതാണേൽ അങ്ങോട്ട് പോകാൻ നോക്ക് ഇവിടെ കിടന്ന് കറങ്ങാൻ നിക്കാതെ… ”
“ആ… ”
ഞാൻ അവനുള്ള മറുപടി മൂളലിൽ ഒതുക്കി കൂളർ ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നു നീങ്ങി. എനിക്കറിയാമായിരുന്നു ഞാൻ പോയി കുറച്ചു കഴിയുമ്പോൾ ലച്ചു എന്നെ തിരക്കി വരും എന്ന്
പ്രതീക്ഷിച്ചത് പോലെ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ലച്ചു അങ്ങോട്ടേക്ക് വന്നു
“ഡാ എന്തായിരുന്നു അവിടെ പ്രശ്നം ”
വന്നതേ പെണ്ണിനറിയേണ്ടത് അതാണ്
“എന്ത് പ്രശ്നം… ഒരു പ്രശ്നവും ഇല്ല ”
“എന്നിട്ട് നീയും രാഹുലും തമ്മിൽ എന്തൊക്കെയോ പറയുന്നത് കണ്ടല്ലോ ”
“ഞാൻ എന്താ അവിടെ കിടന്നു കറങ്ങുന്നത് എന്ന് ചോദിച്ചു. ഞാൻ വെള്ളം കുടിക്കാൻ വന്നതാണ് എന്ന് പറഞ്ഞു അത്രേ ഉള്ളു ”
“ഓഹ്… ഇപ്പോഴാ ഒരു സമാധാനം ആയത്… അപ്പൊ നീ വെള്ളം കുടിച്ചിട്ട് പോകാൻ നോക്ക്. ഞാൻ പോട്ടെ .. ”
“നീ എങ്ങോട്ട് പോണു…പിന്നെ പോകാം ”
“പോടാ… അവിടെ പൂക്കളം ഇട്ടോണ്ടിരിക്കുവാ ഞാൻ പോട്ടെ.”
“പിന്നെ… നീ ഇല്ലെങ്കിലും അവിടെ അതൊക്കെ നടന്നോളും. ഞാൻ നിന്നെ കാണാൻ വന്നതാ കുറച്ചു കഴിഞ്ഞു പോയാൽ മതി ”
ഞാൻ പറയലും ഒരു ഏമ്പക്കം വരലും ഒരുമിച്ചായിരുന്നു. കുടിച്ച സ്പ്രൈറ്റ് തന്ന പണി
ഏമ്പക്കം വന്ന ഉടനെ ലച്ചു എന്നെ ഒന്ന് തറപ്പിച്ചു നോക്കി.
“നീ ഒന്നൂതിക്കെ… ”
ലച്ചു അത് പറഞ്ഞപ്പോളെ പണി പാളി എന്നെനിക്കുറപ്പായി
“എന്തിനു… ”
“നീ ഊത് ”
“എടി അത് സ്പ്രൈറ്റ് ന്റെ സ്മെൽ ആണ് ”
“നീ ഊതുന്നുണ്ടോ അതോ ഞാൻ ചേച്ചിയോട് പറയണോ.. ”
“അയ്യോ ചതിക്കല്ലേ… ഊതാം ”
ഞാൻ മടിച്ചു മടിച്ച് ഒന്നൂതി . സ്മെൽ അടിച്ചതും പെണ്ണ് തിരിഞ്ഞ് നടക്കാൻ തുടങ്ങി. ഞാൻ അവളുടെ കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തി
അവൾ പെട്ടന്ന് തന്നെ ഞാൻ പിടിച്ചിരുന്ന കൈ കുടഞ്ഞു
“ലച്ചു.. പോകല്ലേ നിനക്കെന്താ പറ്റിയെ ”
“നീ സത്യം പറ നീ കുടിച്ചിട്ടില്ലേ… ”
“ലച്ചു.. അത് പിന്നെ … അവന്മാർ നിർബന്ധിച്ചപ്പോൾ കുറച്ചു”
“മാളു ചേച്ചി പറഞ്ഞത് നീ കുടിക്കില്ല വലിക്കില്ല എന്നൊക്കെ ആണല്ലോ ”
“അവർക്ക് ആർക്കും അറിയില്ല. കോളേജിൽ വന്നതിനു ശേഷം തുടങ്ങിയതാ ”
“അപ്പൊ എല്ലാം ഞാൻ വന്നതിനു ശേഷം ആണല്ലേ … ”
“എന്തൊക്കെയാ ലച്ചു നീ ഈ പറയുന്നത് ”
“എല്ലാവരും അങ്ങനെ അല്ലെ പറയു… ഞാൻ വരുന്നത് വരെ ഒരു ദുശീലവും ഇല്ലാതിരുന്ന നീ ഇപ്പൊ എല്ലാം തുടങ്ങിയത് ഞാൻ കാരണമാണെന്ന് ”
“നീ എന്തിനാ ലച്ചു ഇങ്ങനെ വേണ്ടാത്തത് ഒക്കെ ചിന്തിച്ചു കൂട്ടുന്നത് ”
“ഞാൻ ചിന്തിച്ച് കൂട്ടുന്നത് ഒന്നുമല്ല. അതാണ് നടക്കാൻ പോകുന്നത് ”
“അങ്ങനെ ഒന്നും ഉണ്ടാവില്ല ”
“എന്നാൽ എന്റെ തലയിൽ തൊട്ട് സത്യം ചെയ് ഇനി കുടിക്കില്ലാന്നു… ”
ദൈവമെ പെണ്ണിന്റ അവസാനത്തെ അടവ്. ഇതിൽ വീണു പോയാൽ പിന്നെ ഒരിക്കലും കഴിക്കാൻ പറ്റില്ല അല്ലെങ്കിൽ അവളോട് നുണ പറയേണ്ടി വരും
“ലച്ചു… ഞാൻ അങ്ങനെ എപ്പോഴും കഴിക്കാറില്ലല്ലോ… ഇങ്ങനെ എന്തെങ്കിലും ആഘോഷം ഉള്ളപ്പോൾ രണ്ടെണ്ണം അതിൽ കൂടുതൽ ഇല്ല.. എന്റെ ലച്ചുവാണേ സത്യം ”
ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ കുറച്ചു സമയം ചിന്തിച്ചു നിന്നു…
“ശരി രണ്ടെണ്ണം… അതിൽ കൂടുതൽ പാടില്ല അതിൽ കൂടുതാലായി ഞാൻ എന്നെങ്കിലും അറിഞ്ഞാൽ ഞാൻ സത്യമായും മിണ്ടില്ല…”
“ശരി… സത്യം ”
” ഹ്മ്മ്… പിന്നെ നീ എന്തിനാ ആദ്യം കുടിച്ചിട്ടില്ല എന്ന് നുണ പറഞ്ഞത് ”
“അത് നീ വഴക്കുണ്ടാക്കും എന്നെനിക്ക് ഉറപ്പായിരുന്നു ”
“എനിക്ക് നുണ പറയുന്നത് ഇഷ്ടമല്ല.ഇനി നുണ പറയരുത് ”
“ഹ്മ്മ് ഇല്ല പറയില്ല, ”
“ഹ്മ്മ്… ”
“പിന്നെ…. ”
ഞാൻ ചിരിച്ചു കൊണ്ട് ലച്ചുവിനെ പതിയെ വിളിച്ചു
“എന്താണ് മോനെ ഒരു കള്ള ലക്ഷണം ”
“ഇന്നലെ ഫോണിൽ തന്നില്ലേ… അത് നേരിട്ട് തരാമോ… ”
“പോടാ… പോടാ… ”
“എന്റെ ലച്ചു അല്ലെ ഒരെണ്ണം താടി ”
“നടക്കൂല്ല മോനെ… ഇവിടെ മുഴുവൻ കുട്ടികളാ ”
തരാൻ മടി ഒന്നും ഇല്ല ആരെങ്കിലും കാണും എന്നുള്ള പേടിയാണ്
“കുറച്ചിങ് മാറി നിന്നാൽ മതി ആരും കാണില്ല ”
“അയ്യടാ നടക്കില്ല…എനിക്ക് പേടിയാ ”
“എന്റെ ലച്ചു അല്ലെ… ഒരെണ്ണം… അയ്യോ….. ”
ചെവിയിൽ ആരോ പിടിച്ചു തിരുമ്മിയപ്പോൾ കാറിക്കൊണ്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.എന്നെയും ലച്ചുവിനെയും തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുന്ന മാളു. മിക്കവാറും ഞാൻ ഉമ്മ ചോദിച്ചതൊക്കെ കേട്ടിട്ടുണ്ടാകും
“എന്താ ഇവിടെ രണ്ടും കൂടെ ”
“വന്നല്ലോ നാശം… നിന്നെ ആരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചത് ”
“പോടാ… ഞാൻ ഇപ്പൊ വന്നത് നിനക്കൊരു ശല്യമായി എന്നെനിക്കറിയാം ഞാൻ കേട്ടു എല്ലാം ”
ഞാൻ ലച്ചുവിനെ നോക്കിയപ്പോൾ മാളു എല്ലാം കേട്ടു എന്നറിഞ്ഞു നാണിച്ചു തല താഴ്ത്തി നിൽക്കുകയാണ്
“എന്റെ മാളു അല്ലെ… ഞങ്ങൾ കുറച്ചു സമയം സംസാരിക്കട്ടെ നീ പോടീ…”
“ഞാൻ പോകുവാ ചേച്ചി നിങ്ങൾ സംസാരിക്ക് ”
ലച്ചുവിന് അവിടെ നിന്നെങ്ങനെ എങ്കിലും ഒഴിവാക്കണം എന്നുള്ള ആഗ്രഹമാണ്
“നീ പോകല്ലേ അവിടെ നിൽക്ക് എനിക്ക് രണ്ട് പേരോടുമായി കുറച്ചു പറയാനുണ്ട് ”
മാളുവിന്റെ ഗൗരവത്തിലുള്ള സംസാരം കേട്ടതും മാളുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ലച്ചു എന്റെ അടുത്ത് തന്നെ നിന്നു
“ലച്ചു… നീ നന്നായി പഠിക്കുന്ന കുട്ടിയാണ് ഇത് വരെ എല്ലാ എക്സാമിനും നല്ല ഗ്രേഡും ഉണ്ടായിരുന്നു ഈ പ്രാവശ്യവും അങ്ങനെ തന്നെ വേണം. നിന്റെ അമ്മയ്ക്കും അനിയത്തിക്കും നീ മാത്രമേ ഉള്ളു.. ”
“അറിയാം ചേച്ചി… ഞാൻ നന്നായി പഠിച്ചോളാം ”
“ഹ്മ്മ്.. മുത്തേ നിന്നോടും പറയാനുള്ളത് ഇത് തന്നെയാ… നന്നായി പഠിക്കണം. എക്സാമൊക്കെ ഇങ്ങടുത്തു ഇനി അധികം ഫോൺ വിളിയും സംസാരവും ഒന്നും വേണ്ട എല്ലാം എക്സാം കഴിഞ്ഞിട്ട് മതി ”
“ഞാൻ പഠിച്ചോളാം… ”
“ഞാൻ രാത്രി വിളിക്കും ഫോൺ ബിസി ആയിരുന്നാൽ ബാക്കി ഞാൻ ആപ്പോ പറയാം ബാക്കി ”
“എന്ത് സാധനമാടി കുറച്ചു സമയം പോലും സംസാരിക്കാൻ പാടില്ലേ… ”
“സംസാരിച്ചോ… എട്ടു മുതൽ ഒൻപതു വരെ സംസാരിച്ചോ… അത് കഴിഞ്ഞ് ഇരുന്ന് പഠിക്കണം ”
“ഒരു മണിക്കൂറോ… ഒരു 10മണി വരെ അത് കഴിഞ്ഞു ഞാൻ ഇരുന്ന് പഠിക്കാം ”
“നടക്കില്ല… ലച്ചു നിന്നോടുകൂടി ആണ് ഞാൻ പറഞ്ഞാൽ ഇവൻ കേൾക്കില്ല നീയെങ്കിലും കേൾക്കണം ”
“ശരി ചേച്ചി… ”
മാളു പറഞ്ഞാൽ പിന്നെ ഞാൻ പറഞ്ഞാൽ പോലും ലച്ചു കേൾക്കില്ല എന്ന് നല്ല ഉറപ്പാണ് അപ്പൊ പിന്നെ ഇനി അധികം ഫോൺ വിളി ഉണ്ടാകില്ല എന്നുറപ്പായി
“അപ്പൊ നിങ്ങൾ സംസാരിക്കു ഞാൻ പോകുന്നു… പിന്നെ സംസാരം മാത്രം മതി കേട്ടോ… ”
അവസാനം പറഞ്ഞത് ഒരു ചിരിയോടെ ആയിരുന്നു. അതും പറഞ്ഞ് മാളു തിരിച്ചു നടന്നു
“നിനക്ക് മനുഷ്യനെ നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ…”
മാളു കളിയാക്കിയത് കേട്ട് പെണ്ണിന് ദേഷ്യം വരുന്നുണ്ട്
“അതിന് ഞാൻ അറിഞ്ഞോ അവൾ ഇപ്പൊ ഇങ്ങോട്ട് വരും എന്ന്… എന്തായാലും അവൾ പോയില്ലേ ഒരെണ്ണം താ.. “.
“നീ പോയെ… നിനക്ക് താരാണുള്ളതെല്ലാം ഞാൻ ഫോണിൽ തരാം ”
“അയ്യേ ഫോണിൽ ആർക്കു വേണം… നേരിട്ട് താ ”
“അപ്പൊ ഇനി ഫോണിൽ വേണ്ടല്ലോ അല്ലെ… ഇനി ഒരുമ്മ താടി ലച്ചു എന്നും പറഞ്ഞു വാ അപ്പൊ ശരിയാക്കി തരാം”
പണി പാളി…ഇപ്പൊ ഒരുമ്മ കിട്ടാൻ വേണ്ടി പറഞ്ഞതാ ഇപ്പൊ ഉമ്മ കിട്ടില്ല എന്ന് മാത്രമല്ല ഫോണിൽ കൂടി കിട്ടിക്കൊണ്ടിരുന്നത് വരെ ഇനി കിട്ടില്ല എന്നാണ് തോന്നുന്നത്
“അങ്ങനെ പറയല്ലേ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… ”
“ഒരു ചുമ്മാതെയും ഇല്ല … ഞാൻ തരില്ല നോക്കിക്കോ ”
അവളെ ഒന്ന് സമാദനിപ്പിക്കുന്നതിനു മുൻപ് തന്നെ അവളുടെ ക്ലാസ്സിലെ ഒരു കുട്ടി വന്ന് അവളെ കൂട്ടിക്കൊണ്ട് പോയി . പോകുന്നതിനും ഇടയ്ക്കു അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ആ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു
ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു ക്ലാസ്സ് എത്താറായപ്പോൾ പാറ്റയുടെയും ചന്തുവിന്റെയും ഒപ്പം മാളു ചേച്ചി സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു.ആൾ നല്ല ദേഷ്യത്തിലാണ് അവരോട് സംസാരിക്കുന്നത് . പിന്നെ നോക്കിയപ്പോളാണ് മാളുവിന്റെ കയ്യിൽ സ്പ്രൈറ്റ് ന്റെ കുപ്പി ഇരിക്കുന്നത് കണ്ടത്
ഞാൻ അടുത്തു ചെന്നതും അവൾ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് ആ കുപ്പിയും കയ്യിൽ പിടിച്ചു സ്റ്റാഫ് റൂമിലേക്ക് നടന്നു
“ടാ പാറ്റെ.. കോപ്പേ നീ എന്തിനാ ആ കുപ്പി അവൾക്കു കൊടുത്തത് ”
“ഞാൻ കൊടുത്തതല്ല.. എന്റെ കയ്യിൽ ഇരിക്കുന്നത് കണ്ടപ്പോൾ ദാഹിക്കുന്നു കുറച്ചു താടാ എന്ന് പറഞ്ഞു ”
“നിനക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാതെ ഇരിക്കാൻ പാടില്ലായിരുന്നോ ”
“ഞാൻ കുറെ പറഞ്ഞതാ… ഞാൻ വായിൽ മുട്ടിച്ചു കുടിച്ചതാ എന്നൊക്കെ പറഞ്ഞു. അതൊന്നും സാരമില്ല എന്ന് പറഞ്ഞ് പെട്ടന്ന് തന്നെ എന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി ഒരു കവിൾ കുടിച്ചു.. ”
“അവൾ കുടിച്ചോ… ”
“ആ ഒരു കവിൾ ഇറങ്ങി കഴിഞ്ഞാ മനസ്സിലായത് എന്ന് തോന്നുന്നു.. പിന്നെ ഞങ്ങളെ കുറെ വഴക്ക് പറഞ്ഞ് ”
“നീ ഞാൻ കുടിച്ചു എന്ന് പറഞ്ഞോ ”
“ഞങ്ങൾ ഉണ്ടെങ്കിൽ നീയും ഉണ്ടാകും എന്നറിയാല്ലോ… പിന്നെ ചോദിച്ചപ്പോ ഞാൻ സത്യം അങ്ങ് പറഞ്ഞു ”
“വളരെ നന്ദി ഉണ്ടെടാ പന്നി … ഇന്നെന്റെ അടക്കാണ് ”
എന്റെ അവസ്ഥ കണ്ടു ചിരിക്കുകയാണ് തെണ്ടികൾ
അപ്പോഴേക്കും അന്നൗൺസ്മെന്റ് തുടങ്ങി.
“പ്രിയ വിദ്യാർഥി സുഹൃത്തുക്കളെ… നന്മയുടെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഒരോണക്കാലം കൂടെ വരവായ്. ആഹ്ലാദം നിറഞ്ഞ ഈ ഓണക്കാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു ഒത്തുചേരാം… ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളിലേക്ക് എല്ലാവരെയും സന്തോഷപൂർവം ക്ഷണിക്കുന്നു… ”
കഴിഞ്ഞ കോളേജ് യൂണിയന്റെ അവസാനത്തെ ആഘോഷപരിപാടി ആണിത് അത് മാക്സിമം നന്നാക്കാൻ അവർ ശ്രമിക്കുന്നുണ്ട്
എല്ലാവരും മത്സരങ്ങൾ കാണുവാനും പങ്കെടുക്കുവാനും കോളേജിന്റെ നടുമുറ്റത്തേക്കു എത്തി തുടങ്ങി. ആദ്യം നടത്തിയത് കലം തല്ലിപ്പൊട്ടികളും കുപ്പിയിൽ വെള്ളം നിറക്കലും സുന്ദരിക്കു പൊട്ടുകുത്തലും പോലെയുള്ള ചെറിയ ചെറിയ മത്സരങ്ങൾ ആയിരുന്നു ഇങ്ങനെ ഉള്ള മത്സരങ്ങളിൽ കൂടുതലും വിജയികൾ ആകുന്നത് സിവിൽ ലെ കുട്ടികൾ ആയിരിക്കും
നമ്മൾ പിന്നെ കോളേജിന്റെ ഒന്നാം നിലയിൽ ഇരുന്നാണ് പരിപാടികൾ എല്ലാം കാണുന്നത്. സുന്ദരിക്കു പൊട്ടുകുത്താൻ പോകുന്നവർ ഒക്കെ വഴി തെറ്റി അടുത്തുള്ള തൂണിലും മറ്റും പോയിടിക്കുന്നത് കാണുമ്പോൾ ചിരി വരും
അപ്പോഴേക്കും പൂക്കള മത്സരം ഒക്കെ കഴിഞ്ഞു . ഉച്ച ആയി എല്ലാ ബ്രാഞ്ച് കാരും സദ്യ ഒക്കെ ഒരുക്കിയിട്ടുണ്ട് പൂക്കളം ഒന്നും ഇട്ടില്ലെങ്കിലും ഞങ്ങളുടെ സീനിയർസ് ഉം സദ്യ ഒക്കെ ശരിയാക്കിയിരുന്നു.
മെക്ക് തേർഡ് ഇയർന്റെ ക്ലാസ്സിലാണ് ഡെസ്‌ക്കെല്ലാം വരിയായി ഇട്ട് സദ്യ ഒരുക്കിയിരിക്കുന്നത്. ആദ്യ പന്തിയിൽ ഞങ്ങളുടെ ടീച്ചേർസ് എല്ലാം ഇരുന്നു ആ കൂടെ മാളു വന്നിരുന്നു എങ്കിലും എന്നെ ഒന്ന് നോക്കിയത് കൂടി ഇല്ല. ആ പിണക്കം മാറ്റാൻ ഞാൻ കുറച്ചു കഴ്ട്ടപെടെണ്ടി വരും
ടീച്ചേർസ് എല്ലാം കഴിച്ച് കഴിയാറായി ഞാൻ മാളുവിന്റെ അടുക്കലേക്ക് നടന്നു.ഞാൻ അടുത്തെത്തിയത് അറിഞ്ഞിട്ടും ആൾ മൈൻഡ് ചെയ്യുന്നില്ല
ഞാൻ പതിയെ കുനിഞ്ഞു ആ മുഖത്തേക്ക് നോക്കി നല്ല ദേഷ്യത്തിലാണ് ആൾ. ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി വാ തുറന്ന് കാണിച്ചു.
അവൾ ആ ദേഷ്യത്തോടെ തന്നെ ഒരുരുള എനിക്ക് നീട്ടി. ഞാൻ അത് കഴിച്ചിട്ട് ഒരുരുള അവൾക്കും നീട്ടി അവൾ അത് വാങ്ങി കഴിച്ചു എങ്കിലും ആ ദേഷ്യത്തിന് മാത്രം യാതൊരു മാറ്റവുമില്ല.
ഞങ്ങൾ തമ്മിലുള്ള ബന്ധം അറിയാവുന്നത് കൊണ്ട് ആർക്കും അതിൽ ഒരു പ്രശ്നം തോന്നിയില്ല. പക്ഷെ ടീച്ചേർസ് ഒക്കെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്
“സോറി… ”
ഞാൻ ക്ഷമ പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് ദേഷ്യത്തിൽ ഒന്ന് നോക്കി എന്നിട്ട് കൈ കഴുകാനായി എഴുന്നേറ്റു പോയി. ആ പോക്ക് കണ്ടപ്പോൾ ചെറിയൊരു സങ്കടം തോന്നി
ടീച്ചേർസ് കഴിച്ച് കഴിഞ്ഞതും ഞങ്ങൾ കഴിക്കാൻ ഇരുന്നു . നല്ല ഉഗ്രൻ സദ്യ ആയിരുന്നു.
സദ്യ കഴിഞ്ഞു കുറച്ചു കഴിഞ്ഞതും ഓണാഘോഷം വീണ്ടും തുടങ്ങി. ഞാൻ ലച്ചുവിനെ കാണാൻ പോകുകയും ചെയ്തു.
ഞങ്ങൾ സംസാരിക്കുന്ന സ്ഥലത്ത് നിന്നു നോക്കിയാൽ പരിപാടികൾ കാണാം. ഞങ്ങൾ സംസാരിച്ചുകൊണ്ട് പരിപാടികൾ കണ്ടു.
ആദ്യം തുടങ്ങിയത് പഞ്ചഗുസ്തി മത്സരമായിരുന്നു മെക്കും ഇലക്ട്രോണിക്സ് ഉം തമ്മിൽ മത്സരം വന്നാൽ ഇടി ഉണ്ടാകും എന്നറിയാവുന്നത് കൊണ്ട് തന്നെ അങ്ങനെ വരാതെ ശ്രദ്ധിച്ചാണ് ഓരോ എതിരാളികളെയും തിരഞ്ഞെടുത്തത് പക്ഷെ അവരുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് ഫൈനലിൽ എത്തിയത് ആജന്മ ശത്രുക്കൾ തന്നെ
പ്രതീക്ഷകളെ ഒന്നും തെറ്റിക്കാതെ മത്സരം കഴിഞ്ഞതും അടി തുടങ്ങി. രണ്ടു പേര് തമ്മിൽ തുടങ്ങിയ അടി പെട്ടന്ന് തന്നെ ഒരു കൂട്ടത്തല്ലായി മാറി
ആ അടിക്കിടയിൽ നിതിനെ കണ്ടപ്പോൾ എനിക്കും പോയി രണ്ടെണ്ണം കൊടുക്കണം എന്ന് തോന്നി
“ലച്ചു… ഞാൻ ഇപ്പൊ വരാവേ… ”
“എങ്ങോട്ടാ…. എങ്ങോട്ടും പോകണ്ട ഇവിടെ നിന്നാൽ മതി”
“ഞാൻ ഇപ്പൊ വരാം… ഒരു ചെറിയ പണിയുണ്ട് ”
“എന്ത് പണിയാണെങ്കിലും ഈ അടി കഴിഞ്ഞിട്ട് പോയാൽ മതി… ”
“എടി ഒരഞ്ചു മിനിറ്റ് ”
“നീ ഒരേടുത്തേക്കും പോകില്ല… ”
“ലച്ചു…. ”
“നീ എന്തൊക്കെ പറഞ്ഞാലും നടക്കില്ല… പ്രശ്നങ്ങൾ ഒകെ തീർന്നതാണ് ഇനിയും പോയി പുതിയതോരോന്നു ഉണ്ടാക്കേണ്ട ”
ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ആ അടി കഴിഞ്ഞതിനു ശേഷമാണ് അവൾ എന്റെ കയ്യിൽ നിന്നും കൈ എടുത്തത് അടിതുടങ്ങി അഞ്ചു മിനിറ്റിൽ തന്നെ ടീച്ചേർസ് വന്ന് എല്ലാവരെയും പിടിച്ചു മാറ്റി. അപ്പൊ തന്നെ ഓണാഘോഷങ്ങൾ എല്ലാം അവസാനിച്ചു എന്നൊരു അറിയിപ്പും വന്നു. ഞാനും ലച്ചുവും ഒരുമിച്ചാണ് കോളേജിൽ നിന്നും പുറത്തേക്കു ഇറങ്ങിയത്. ഞങ്ങൾ ഒരുമിച്ച് ക്യാന്റീനിലേക്ക് നടന്നതും ഞങ്ങളുടെ അടുത്ത് ഒരു കാർ വന്നു നിർത്തി.മാളു ആണ്
“ഡാ വന്ന് കയറ്… ലച്ചു മോളെ മോളും വാ ”
മാളു പറഞ്ഞതും തിരിച്ചൊരു ചോദ്യം പോലും ചോദിക്കാതെ ലച്ചു വണ്ടിയിൽ കയറി. പിന്നെ ഞാൻ മാത്രമായി കയറാതെ ഇരുന്നിട്ടെന്തിനാ
“നീ മുന്നിൽ ഇരുന്നാൽ മതി ”
ഞാൻ ലച്ചുവിന്റെ ഒപ്പം പിന്നിൽ കയറാൻ തുടങ്ങിയതും മാളുവിന്റെ ഉത്തരവ് വന്നു. ഇപ്പോഴും അതെ ദേഷ്യത്തിലാണ് എന്റെ ചേച്ചിപ്പെണ്ണ്
ഞാൻ കുറെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും എന്നോടൊന്നും സംസാരിക്കാതെ ലച്ചുവിനോട് മാത്രം സംസാരിച്ചതാണ് അവൾ വണ്ടി ഓടിക്കുന്നത്. വണ്ടി കോളേജിൽ നിന്നും പുറത്തിറങ്ങി തിരിഞ്ഞതും പോകുന്നത് അവളുടെ വീട്ടിലേക്കാണ് എന്നുറപ്പായി
അപ്പൊ ഇനി അവിടെ ചെന്നിട്ട് അമ്മയുടെയും മകളുടെയും വഴക്ക് ഒരുമിച്ചു കേൾക്കണം…
വണ്ടി മുറ്റത്തേക്ക് കയറിയതും ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ വഴിയിലേക്ക് നോക്കി കസേരയിൽ ഇരിക്കുന്ന ആന്റിയെ ആണ് കാണുന്നത്
ആദ്യം കാറിൽ നിന്നും ഇറങ്ങിയ എന്നെ ശ്രദ്ധിക്കാതെ ആന്റി പുറകിൽ നിന്നും ഇറങ്ങിയ ലച്ചുവിനെ ആണ് നോക്കുന്നത്. എന്നെ കണ്ടിട്ടും ആ മുഖത്തു ദേഷ്യം വരാത്തപ്പോൾ മാളു ആന്റിയോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് ഉറപ്പായി
ആന്റി ഉമ്മറത്ത് നിന്നും ഇറങ്ങി കാറിന്റെ അടുത്തേക്ക് വന്നു.
“ലച്ചു… അല്ലെ ”
“അതെ ആന്റി…”
“മ്മ്… മൊട്ട പറഞ്ഞിട്ടുണ്ട് ”
മൊട്ട എന്നുള്ള പേര് കേട്ടപ്പോൾ ലച്ചു ചിരിച്ചുകൊണ്ട് എന്നെയൊന്നു നോക്കി. നിനക്ക് എത്ര പേരാണ് എന്ന ഒരു ധ്വനി ഉണ്ടായിരുന്നു ആ നോട്ടത്തിൽ
ഞാൻ അതിന് മറുപടി ആയി ഒന്ന് ചിരിച്ചു കാണിച്ചു
പിന്നെ ഞങ്ങൾ നാല് പേരും കൂടി ഉള്ളിലേക്ക് നടന്നു. അപ്പോഴും ആന്റി ലച്ചുവിന്റെ കയ്യിൽ നിന്നു വിട്ടിട്ടില്ല. അവളെ കൊണ്ടുപോയി സെറ്റിയിൽ ഇരുത്തിയതിനു ശേഷമാണ് ആ കൈ വിട്ടത്
“ഡാ നീ ഇങ്ങു വന്നേ എനിക്കൊരു കാര്യം പറയാനുണ്ട് ”
ഉള്ളിൽ ചെന്ന് അടുത്ത സെറ്റിയിൽ ഇരിക്കാൻ പോയ എന്നോട് പറഞ്ഞുകൊണ്ട് മാളു ഉള്ളിലേക്കു നടന്നു. ആ സ്വരത്തിലെ ഗൗരവം കേട്ടിട്ട് ആന്റിയും ലച്ചുവും എന്നെ ഒന്ന് നോക്കി
അവൾ പോയതിന് പിന്നാലെ നടക്കാൻ തുടങ്ങിയ എന്നോട് എന്താ കാര്യം എന്ന് ആന്റി പുരികം ഉയർത്തി ചോദിച്ചു. അറിയില്ല എന്ന് മറുപടി നൽകിക്കൊണ്ട് ഞാൻ ഉള്ളിലേക്ക് നടന്നു.
ഞാൻ മാളുവിന്റെ റൂമിൽ എത്തിയപ്പോൾ അവൾ കയ്യും കെട്ടി എന്നെ തെന്നെ നോക്കി നിൽക്കുകയാണ്.
“നീ കുടിച്ചിട്ടുണ്ടോ.. ”
“ചെറുതായിട്ട്… അവന്മാർ നിർബന്ധിച്ചപ്പോൾ”
“അവർ നിർബന്ധിച്ചാൽ നീ എന്തും ചെയ്യുമോ… ”
ഞാൻ ഒന്നും മിണ്ടിയില്ല
“ചോദിച്ചത് കേട്ടില്ലേടാ… ”
ഈ പ്രാവശ്യം അവളുടെ ശബ്ദം കുറച്ചു ഉച്ചത്തിൽ ആയിരുന്നു, ആന്റിയും ലച്ചുവും അത് കേട്ടുകാണും
“സോറി ചേച്ചി… ”
“ഇതെത്ര നാളായി തുടങ്ങിയിട്ട്… ”
“കോളേജിൽ വന്നതിന് ശേഷം ”
“നിന്റെ അമ്മയെ വിളിച്ചു പറയട്ടെ… ”
ആ ഭീഷണിയിൽ ഞാൻ ശരിക്കും പേടിച്ചു
“വേണ്ട പ്ലീസ് …”
“അതെന്താ… ”
“അമ്മ വഴക്ക് പറയും ”
“ശരി ഈ പ്രാവശ്യം ഞാൻ പറയുന്നില്ല ഇനി ഇങ്ങനെ ഉണ്ടായാൽ ഉറപ്പായും ഞാൻ പറയും…”
“ചേച്ചി ഞാൻ അങ്ങനെ എന്നും കുടിക്കാറില്ല ഇങ്ങനെ എന്തെങ്കിലും പരിപാടി ഉള്ളപ്പോൾ മാത്രം രണ്ടെണ്ണം… ഒരുപാടൊന്നും ഇല്ല ”
“എത്ര ആയാലും വേണ്ട ”
“ചേച്ചി പ്ലീസ്… നിന്റെ ഉണ്ണിച്ചേട്ടൻ കുടിക്കില്ലേ… ”
ആ ഒരു ചോദ്യം ഏറ്റു.
“അതിന് അവനു നിന്റെ പ്രായം അല്ലാലോ… ”
“പ്രായത്തിലൊക്കെ എന്താ… എന്റെ ഈ പ്രായത്തിൽ തന്നെ ആയിരിക്കും പുള്ളിയും തുടങ്ങിയത് ചോദിച്ചു നോക്ക് ”
“ആ നീ നിന്റെ ഇഷ്ടം പോലെ ചെയ്…”
അവൾ ദേഷ്യപ്പെട്ട് പുറത്തേക്ക് പോകാൻ തുടങ്ങി
“എടി ചേച്ചി പോകല്ലേ… നീ വേണ്ട എന്ന് പറഞ്ഞാൽ ഞാൻ കുടിക്കില്ല പക്ഷെ എന്റെ ഒരു സന്തോഷത്തിന് ഇടക്ക് വല്ലപ്പോഴും ഞാൻ രണ്ടെണ്ണം കുടിച്ചോട്ടെ… ”
“അയ്യടാ… നല്ല സോപ്പിങ് ആണല്ലോ… ആ എന്തായാലും ഞാൻ കാരണം നിന്റെ സന്തോഷം ഒന്നും പോകണ്ട… വല്ലപ്പോഴും മാത്രം അതും രണ്ടെണ്ണം ok? ”
“എന്റെ ചക്കര ചേച്ചി…. ”
“പോടാ പോടാ …പിന്നെ അധികമായി എന്ന് ഞാൻ അറിഞ്ഞാൽ ഉറപ്പായും ഞാൻ ആന്റിയെ വിളിച്ചു പറയും”
“ആ ശരി ”
“ആ എന്നാൽ വാ… നമുക്ക് അവരുടെ അടുത്തേക്ക് പോകാം ”
ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ ആന്റിയും ലച്ചുവും ഹാളിൽ ഇല്ല. അടുക്കളയിൽ നിന്നും സംസാരം കേട്ടിട്ട് ഞങ്ങൾ അങ്ങോട്ട് ചെന്നു. എന്തോ വര്ഷങ്ങളുടെ പരിചയം ഉള്ള രീതിയിൽ രണ്ടും കൂടെ എന്തൊക്കെയോ പറയുന്നുണ്ട്
“എന്തായിരുന്നു അനിയനും ചേച്ചിയും കൂടെ ഒരു സ്വകാര്യം ”
ആന്റി ഞങ്ങളെ കണ്ടപ്പോൾ മാളുവിനോടായി ചോദിച്ചു
“അമ്മ പറഞ്ഞത് തന്നെ… സ്വകാര്യം… അപ്പൊ പിന്നെ നിങ്ങളോട് പറയാൻ പറ്റില്ലല്ലോ… ”
“ഓ… വേണ്ട… ”
ഞാനും ലച്ചുവും അന്ന് വീട്ടിൽ പോകുന്ന ദിവസമായതിനാൽ അധിക സമയം അവിടെ നിന്നില്ല. എന്നേയും ലച്ചുവിനെയും മാളുചേച്ചി ബസ്റ്റോപ്പിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു.
പോകുന്ന വഴിക്കു റൂമിൽ കയറി കൂട്ടുകാരോടും യാത്ര പറഞ്ഞ് പാക്ക് ചെയ്ത് വച്ചിരുന്ന ബാഗും എടുത്ത് കൊണ്ടാണ് പോയത്. ലച്ചുവും ഹോസ്റ്റലിൽ പോയി ബാഗ് എടുത്തിട്ട് വന്നു
ഞങ്ങളെ യാത്രയാക്കുന്ന സമയത്ത് മാളുവിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു ഇനി ഉള്ള പത്തു ദിവസങ്ങൾ ഞങ്ങളെ പിരിഞ്ഞിരിക്കുന്നതിലുള്ള സങ്കടം. ലച്ചുവിന്റെയും അവസ്ഥ അത് തന്നെയാണ്
ഞങ്ങൾ രണ്ടുപേരും ബസ്സിൽ കയറിയതിനു ശേഷമാണ് മാളു ചേച്ചി തിരിച്ചു പോയത്. ആദ്യ ബസ്സിൽ കയറി ബസ് സ്റ്റാൻഡ് എത്തുന്നത് വരെ മാത്രമേ ഞങ്ങൾ ഒരുമിച്ചു കാണു അത് കഴിഞ്ഞാൽ വേറെ വഴികളിലാണ് യാത്ര
ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോളാണ് അന്ന് ഞാനും മാളുവും ലച്ചുവിന് ഗിഫ്റ്റ് വാങ്ങാൻ വന്നപ്പോൾ കയറിയ ബേക്കറിയെ കുറിച്ച് ഓർക്കുന്നത്
“ലച്ചു… നമുക്ക് എന്തെങ്കിലും തണുത്തത് കഴിച്ചാലോ .. ”
അത്രയും നേരം എന്തോ ചിന്തിച്ചു നിൽക്കുകയായിരുന്ന ലച്ചു അപ്പോളാണ് ആ ചിന്തയിൽ നിന്നും പുറത്ത് വരുന്നത്
“ആ പോകാം ”
ആ പറച്ചിലിൽ പോലും ഒരു സന്തോഷമില്ല
“നിനക്കെന്താ ലച്ചു പറ്റിയത്… എന്താ ഒരു സങ്കടം ”
“ഇനീപ്പോ പത്തു ദിവസം നിന്നേം ചേച്ചിനേം ഒന്നും കാണാൻ പറ്റില്ലല്ലോ… ”
“അതാണോ… നമുക്കെന്നും വിളിക്കാല്ലോ… ചേച്ചിനേം വിളിക്കാം… പിന്നെ പത്തു ദിവസമൊക്കെ പെട്ടന്ന് പോകില്ലേ… ”
പത്തു ദിവസം മാറി നിൽക്കുന്നതിൽ എനിക്കും സങ്കടമുണ്ടെങ്കിലും പുറത്തു കാണിച്ചാൽ അവൾ അവിടെ നിന്ന് കരയും
“ആ… ”
“എന്നാ നീ വാ നമുക്ക് എന്തെങ്കിലും കഴിക്കാം ”
“മ്മ് ശരി.. ”
ഞങ്ങൾ നടന്ന് ബേക്കറിയുടെ ഉള്ളിൽ എത്തി. അവളെയും കൊണ്ട് ക്യാബിന്റെ ഉള്ളിൽ കയറി കുറച്ചു സമയം സംസാരിക്കാം എന്നാണ് കരുതിയത് പിന്നെ വേണ്ടെന്ന് വച്ചു. പുറത്തു തന്നെ ഇരുന്ന് കഴിച്ച് കൊണ്ട് സംസാരിക്കാം
ഒരാണും പെണ്ണും വെറുതെ സംസാരിച്ചാൽ പോലും ഇല്ലാത്ത കഥ പറഞ്ഞ് പരത്തുന്ന നമ്മുടെ നാട്ടിൽ അടച്ചിട്ട ഒരു ക്യാബിനിൽ കയറി ഇരുന്ന് സംസാരിച്ചാൽ പിന്നെ പറയണോ..
“ലച്ചൂ… ”
“ഹ്മ്മ്… ”
“വീട്ടിൽ എത്തീട്ട് വിളിക്കണം കേട്ടോ… ”
“വിളിക്കാം… നീയും ”
“ഞാനും വിളിക്കും… പിന്നെ അമ്മയോടും ദുർഗയോടും ഞാൻ തിരക്കി എന്ന് പറയണേ.. ”
“മ്മ് പറയാം… ”
“പിന്നെ… ഞാൻ രാവിലെ കാണിച്ച കുസൃതി ഒന്നും മനസ്സിൽ വെക്കരുത് എനിക്ക് നിന്നെ മാത്രം മതി… ”
“അതറിയാടാ… എന്നാലും നീ വേറെ പെണ്ണുങ്ങളെ നോക്കുന്നത് എനിക്കിഷ്ടമല്ല… ”
“ഇനി നോക്കൂല്ല… ”
“ഇല്ലെങ്കിൽ നിനക്ക് കൊള്ളാം… ഏതെങ്കിലും പെണ്ണുങ്ങളെ നോക്കി എന്ന് ഞാൻ അറിഞ്ഞാൽ ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ”
ചിരിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞതെങ്കിലും അതിൽ ഒരു ഭീഷണി ഉണ്ടായിരുന്നു
അപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്തിരുന്ന ഷേക്ക് വന്നു അതും കുടിച്ചുകൊണ്ട് ബാക്കി സമയം കൂടി സംസാരിച്ചു.
ബേക്കറിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ദുർഗക്കായി ഒരു ഡയറി മിൽക്ക് കൂടി വാങ്ങി ലച്ചുവിന്റെ കയ്യിൽ കൊടുത്തു. ഞങ്ങൾ വീണ്ടും നടന്ന് സ്റ്റാൻഡിൽ എത്തി എനിക്ക് പോകേണ്ട മൂവാറ്റുപുഴ ബസ്സും അവൾക്ക് പോകേണ്ട പെരുമ്പാവൂർ ബസും പോകാൻ തയാറായി കിടക്കുന്നുണ്ട് .
ഞങ്ങൾ ഒരിക്കൽ കൂടി യാത്ര പറഞ്ഞ് പിരിഞ്ഞു അവളുടെ കണ്ണിലെ വിഷമം കണ്ടിട്ടും ഞാൻ കണ്ടില്ലാ എന്ന് നടിച്ചു. അവിടെ അവളെ സമാധാനിപ്പിക്കാൻ നിന്നാൽ എന്റെ കണ്ണും ചിലപ്പോൾ നിറയും
ആ ബസ്സിൽ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോളും എന്റെ മനസ്സിൽ അവളുമായി ഉരുമിച്ചുണ്ടായിരുന്ന ഇന്നത്തെ ദിവസത്തെ നല്ല ഓർമ്മകൾ ആയിരുന്നു. പിരിയാൻ സമയത്തു അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന സങ്കടം അതെന്നോടുള്ള സ്നേഹമായിരുന്നു…
അമ്മയും ചേച്ചിയും അല്ലാതെ ഞാൻ പിരിയുമ്പോൾ സങ്കടം കൊണ്ട് കണ്ണ് നിറക്കാൻ ഇന്ന് എനിക്കൊരു പ്രണയിനി ഉണ്ട്. കൂടെ പിറക്കാതെ കൂടപ്പിറപ്പായ ഒരു ചേച്ചി ഉണ്ട് അമ്മയുടെ സ്നേഹം തരുന്ന ഒരു ആന്റിയുണ്ട്
ഇനി ഉള്ള പത്തു ദിവസം അമ്മയോടും അച്ഛനോടും കൂടെ ചിലവഴിക്കണം എന്ന് കരുതിയാണ് വീട്ടിലേക്ക് യാത്ര തുടങ്ങിയത് അപ്പൊ ആറിയില്ലായിരുന്നു ഇങ്ങനെ ഒരു അപകടം സംഭവിക്കും എന്നും തിരുവോണം പോലും വീട്ടിൽ കൂടാൻ പറ്റില്ല എന്നും…
തുടരും….
പ്രിയപ്പെട്ട സുഹൃത്തുക്കളെ… ചില ആരോഗ്യ പരമായ കാരണങ്ങളാൽ അടുത്ത ഭാഗം കുറച്ചു വൈകുവാൻ സാധ്യത ഉണ്ട്. എല്ലാവരും കാത്തിരിക്കണം എന്നപേക്ഷിക്കുന്നു … പെട്ടന്ന് തന്നെ തരുവാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതായിരിക്കും എന്ന് സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
Comments:
No comments!
Please sign up or log in to post a comment!