പ്രാണേശ്വരി 9

ആഷിക്കിന്റെ വണ്ടിയും എടുത്തു ഞങ്ങൾ ഒരുമിച്ചു വീട്ടിൽ എത്തി, വാതിൽ ചാരിയിരുന്നു എങ്കിലും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല വാതിൽ തുറന്നു അകത്തു കയറിയ ഞങ്ങളെ വരവേറ്റത് അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ഒച്ചയാണ്. സങ്കടം മുഴുവൻ പാത്രങ്ങളോട് തീർക്കുകയാണ് ആന്റി,

ആന്റിയുടെ ദേഷ്യം കുറഞ്ഞിട്ടില്ല എന്ന് കണ്ടതും മാളുവിന്റെ മുഖത്തു വീണ്ടും സങ്കടം നിറഞ്ഞു. ആ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി അതിൽ കൂടുതലായി കുറ്റബോധവും തോന്നി. എല്ലാത്തിനും കാരണം ഞാൻ മാത്രമാണ്, സന്തോഷം മാത്രം കളിയാടിയിരുന്ന ഈ വീട്ടിൽ ഇപ്പൊ ഉള്ള ഈ അവസ്ഥക്ക് കാരണം ഞാൻ ആണ്

“ചേച്ചി…. ”

സങ്കടത്തോടെയുള്ള എന്റെ വിളി കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി

“ചേച്ചീ,… നീ കരയല്ലേ എല്ലാത്തിനും കാരണം ഞാൻ ആണ്… എല്ലാം ഞാൻ തന്നെ തീർത്തുതരും എന്നിട്ട് മാത്രേ ഞാൻ പോകു… നീ സമാധാനിക്ക്… ”

ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവളുടെ മറുപടി കരച്ചിൽ മാത്രമായിരുന്നു

“നീ ഇവിടെ ഇരിക്ക് ഞാൻ പോയി ആന്റിയോട് ഒന്ന് സംസാരിക്കട്ടെ… ”

ഞാൻ അവളെ സെറ്റിയിൽ ഇരുത്തിയിട്ട് അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് എന്തൊക്കെയോ തന്നത്താൻ പറഞ്ഞു പാത്രം കഴുകുന്ന ആന്റിയെ ആണ്.

“ആന്റി…. ”

ഞാൻ പിന്നിൽ നിന്നും വിളിച്ചപ്പോൾ ഞെട്ടിക്കൊണ്ട് ആന്റി തിരിഞ്ഞു നോക്കി, എന്നെ കണ്ടപ്പോൾ ഒരു ആശ്വാസം ആ മുഖത്തു വന്നു

“ആ നീ ആയിരുന്നോ… ”

“ഞാൻ അല്ലാതെ ആരാ ഇവിടെ ചോദിക്കാതെ കടന്നു വരാൻ… ”

ഞാൻ ആ മൂടിക്കെട്ടിയ അന്തരീക്ഷം ഒന്ന് മഴയപ്പെടുത്താൻ ചോദിച്ചതാണ് പക്ഷെ അതുകൊണ്ടൊന്നും മാറുന്നതായിരുന്നില്ല ആന്റിയുടെ ദേഷ്യവും സങ്കടവും

“ആ… അല്ല നിനക്കിന്നു ക്ലാസ്സ്‌ ഇല്ലേ… എന്താ ഈ സമയത്ത് ”

“ക്ലാസ്സ്‌ ഒക്കെയുണ്ട്, ഞാൻ കേറിയില്ല ആന്റിയെ കാണാൻ വന്നതാ ”

എന്റെ കൂടെ മാളുചേച്ചി ഉള്ള കാര്യം ഞാൻ മനപ്പൂർവം തന്നെ പറഞ്ഞില്ല

“എന്താ ഇപ്പൊ ക്ലാസ്സ് കട്ട്‌ ചെയ്തിട്ട് പോന്നത്… അല്ല നിന്റെ മുഖത്ത് എന്ത് പറ്റി… ആരാ നിന്നെ അടിച്ചത് ”

അപ്പോഴാണ് ഞാനും അത് ഓർക്കുന്നത്. മാളു ചേച്ചി അടിച്ചതിന്റെ പാടാവും… അതിലും വലിയ വേദന മനസ്സിൽ കിടന്നത് കൊണ്ട് അടിച്ച വേദന ഒന്നും ഒരു വേദനയായി തോന്നിയില്ല

“അതൊന്നുമില്ല… ”

“ഒന്നുമില്ലാതെയാണോ മുഖത്തു പാട് വന്നത്, അഞ്ചു വിരലും തെളിഞ്ഞു കാണാം ”

എന്റെ ഇടത്തെ കവിളിൽ തടവിക്കൊണ്ടായിരുന്നു ആന്റിയുടെ സംസാരം

“ഞാൻ എല്ലാം പറയാം.

അതിനു മുൻപ് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ”

“മ്മ് പറ ”

“അത് പിന്നെ…. മാളുചേച്ചിയുടെ കാര്യമാണ് ”

ഞാൻ അത് പറഞ്ഞപ്പോൾ ഒന്നും കേൾക്കാൻ താല്പര്യമില്ലെന്നപോലെ ആന്റി മുഖം തിരിച്ചു

“ആന്റി പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു… ”

“ആ നീ പറഞ്ഞോ ഞാൻ കേൾക്കാം ”

വീണ്ടും കഴുകാനുള്ള പാത്രവും കയ്യിലെടുത്തുകൊണ്ടായിരുന്നു ആന്റിയുടെ മറുപടി, ഞാൻ ആ പാത്രം കയ്യിൽ നിന്നും വാങ്ങി സിങ്കിൽ തന്നെ ഇട്ടിട്ട് ആന്റിയെ എന്റെ നേരെ തിരിച്ചു നിർത്തി

“ഇനി എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പാത്രം കഴുകിയാൽ മതി ”

അത്രയും പറഞ്ഞു കഴിഞ്ഞാണ് ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കുന്നത്. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറയ്ക്കാൻ വേണ്ടി ആയിരുന്നു തിരിഞ്ഞു നിന്നതും പാത്രം കഴുകാൻ തുടങ്ങിയതും

“അയ്യേ… എന്റെ ലീലക്കുട്ടി പറയുവാ… എന്തിനാ കരയുന്നെ..”

എന്റെ ആ ചോദ്യം കൂടെ ആയപ്പോൾ അത്രയും നേരം അടക്കിപ്പിടിച്ചിരുന്ന കണ്ണുനീർ മുഴുവൻ ആ കവിളിൽ കൂടി ഒഴുകിയിറങ്ങി, ഞാൻ ആ രണ്ടു കവിളിലെയും കണ്ണുനീർ തുടച്ചിട്ട് ആന്റിയെ അടുത്തിരുന്ന സ്റ്റൂളിൽ പിടിച്ചിരുത്തി

“ഇനി ഞാൻ പറയാതെ എഴുന്നേൽക്കരുത് ”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആ ചുണ്ടിലും ചെറിയൊരു ചിരി വന്നു

“ഇല്ല ഞാൻ എഴുന്നേൽക്കില്ല നീ പറ ”

“ഞാൻ പറയുന്നത് കേട്ട് ചൂടാകുകയും ചെയ്യരുത് ”

“അതുറപ്പ് പറയാൻ പറ്റില്ല ”

“എന്നാലും കുഴപ്പമില്ല എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടാൽ മതി ”

“ഡാ മൊട്ടെ നീ പറയുന്നുണ്ടോ… ഇല്ലെങ്കിൽ ഞാൻ പോകുവാ ”

എഴുന്നേൽക്കാൻ തുടങ്ങിയ ആന്റിയെ ഞാൻ പിന്നെയും സ്റ്റൂളിൽ പിടിച്ചിരുത്തി.

“ആന്റി.. അത്… എന്തിനാ ഇപ്പൊ ഇത്ര സങ്കടം അവൾ ഒരുത്തനെ ഇഷ്ടപ്പെട്ടതിനാണോ ”

“അവൾ ഒരാളെ ഇഷ്ടപ്പെട്ടാൽ ഞാൻ എന്തിനാ വിഷമിക്കുന്നത്… എനിക്കതിൽ സന്തോഷമല്ലേ ഉള്ളു ”

“പിന്നെ ആന്റി ഇന്നലെ മുതൽ അവളോട് മിണ്ടിയിട്ടില്ല എന്നാണല്ലോ അവൾ എന്നോട് പറഞ്ഞത് ”

“അതിന് അവളും എന്നോട് മിണ്ടിയിട്ടില്ലല്ലോ ”

“അപ്പൊ ആന്റിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ലേ… ”

“ദേഷ്യം ഇല്ലെന്ന് ഞാൻ പറഞ്ഞോ… ദേഷ്യം ഒക്കെ ഉണ്ട് പക്ഷെ അത് അവൾ ഒരാളെ സ്നേഹിച്ചതിലല്ല അവൾ എന്നെ മനസ്സിലാക്കിയില്ല അതിനാണ് ”

“ഇപ്പൊ പറഞ്ഞത് എനിക്കും മനസ്സിലായില്ല ”

“എങ്ങനെ മനസ്സിലാകും അവളുടെ അല്ലെ അനിയൻ ”

“തമാശിക്കാതെ കാര്യം പറ ആന്റി ”

“എടാ… ഞാൻ അവളെ മോളെപോലെ ആണോ കൊണ്ടുനടക്കുന്നത് ഒരു കൂട്ടുകാരിയെപ്പോലെ അല്ലെ.
അപ്പോ അവൾക്കു ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ എന്നോട് പറയാൻ പാടില്ലേ… അതല്ലാതെ ഇങ്ങനെ ”

അത് കേട്ടപ്പോളാണ് ഒരു സമാധാനമായത് പ്രശ്നം അത്ര ഗുരുതരമല്ല

“ഇത്രേ ഉള്ളോ… ”

“ഇത്രേ ഉള്ളോന്നോ… നിനക്കിപ്പോ അങ്ങനെ ഒക്കെ തോന്നും നീയൊക്കെ ഒരു കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയി ആ കുട്ടികൾ നിന്നോട് ഇതുപോലെ ചെയ്യുമ്പോളേ നിനക്ക് ഇതിന്റെ വിഷമം മനസിലാകൂ… ”

ഈ അമ്മമാരെല്ലാം ഇത് മനഃപാഠം ചെയ്തു വച്ചേക്കുകയാണെന്നു തോന്നുന്നു, എന്റെ അമ്മയും ഇതേ ഡയലോഗ് എന്നോട് ഇടയ്ക്കിടെ പറയാറുണ്ട്

“ആന്റി.. അവൾക്ക് ആന്റിയോട് പറയാൻ പേടി ഉണ്ടാകും”

“നിനക്ക് നിന്റെ അമ്മയോട് പറയാൻ പേടി ഇല്ലായിരുന്നല്ലോ ”

“അതിന് ഞാൻ അല്ലല്ലോ പറഞ്ഞത് ആന്റിയുടെ പുന്നാര മോളാണ് എന്റെ കാര്യം അമ്മയോട് പറഞ്ഞത് ”

“ഓഹ്‌ അതിന് പകരമാകും അവൾ നിന്നെക്കൊണ്ട് ഉണ്ണിയുടെ കാര്യം എന്നോട് പറയിപ്പിച്ചത് ”

മാളുചേച്ചി എന്നെക്കൊണ്ട് പറയിപ്പിച്ചതാണ് എന്ന് കരുതിയിരിക്കുകയാണ് ആൾ

“ആരും എന്നെ കൊണ്ട് പറയിപ്പിച്ചതൊന്നും അല്ല. എനിക്ക് ഈ കാര്യം കുറച്ചായി അറിയാം നല്ലൊരു അവസരം കിട്ടിയപ്പോൾ പറഞ്ഞതാ… അതിത്രയും പ്രശ്നം ആകുമെന്ന് ഞാൻ അറിഞ്ഞോ… ”

“എന്തായാലും അവൾക് എന്നോട് പറയാൻ തോന്നിയില്ലല്ലോ… ”

ആന്റിയുടെ ദേഷ്യം പകുതി കുറഞ്ഞിട്ടുണ്ട്.

“ആന്റി അവൾക്കു ആന്റിയോട് പറയാൻ പേടി വേറൊന്നും ആയിരുന്നില്ല ഉണ്ണിച്ചേട്ടന് പണി ഒന്നും ആയിട്ടില്ലല്ലോ അപ്പൊ ആന്റി സമ്മതിക്കുമോ എന്നൊരു പേടി ”

“ഡാ എനിക്ക് ഉണ്ണിയെ നന്നായി അറിയാം… പാവമാണ്.. പിന്നെ ഒരു ജോലി അതൊരു പ്രശ്നം തന്നെയാണ് പക്ഷെ അവൾക്ക് അവനിൽ വിശ്വാസം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ കുഴപ്പം ”

“കുഴപ്പമൊന്നുമില്ല…? ”

“ഇല്ല… ”

“അപ്പൊ ഇനി അവളോട് സംസാരിക്കുമോ ”

“അവൾ സംസാരിച്ചാൽ സംസാരിക്കും ”

“അതുമതി ”

“നീ പറയാനുള്ളതെല്ലാം പറഞ്ഞില്ലെ… ഇനി njaa ചോദിച്ചതിന് മറുപടി പറ… ആരാ നിന്നെ തല്ലിയത് ”

“അതൊന്നുമില്ല, ക്ലാസ്സിൽ ചെറിയൊരു ഉന്തും തള്ളും ”

ഇനി ഇതും കൂടി മാളുചേച്ചി ചെയ്തതാണെന്ന് അറിഞ്ഞിട്ട് ദേഷ്യം കൂടണ്ട എന്നു വച്ചാണ് ഒരു ചെറിയ നുണ പറഞ്ഞത്

“ഇതാണോ ചെറിയ ഉന്തും തള്ളും…ഇനി ഇങ്ങനെ വല്ലതും ഞാൻ കാണട്ടെ അന്ന് നിൽക്കും നിന്റെ ഹോസ്റ്റൽ ജീവിതം ”

“എന്റെ പൊന്നോ.. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല പോരെ.. ”

“ഹ്മ്മ്.
. നല്ല വേദന ഉണ്ടോ… ബാം വല്ലതും തേക്കണോ ”

“വേണ്ട… പിന്നെ വേറൊരു കാര്യമുണ്ട് ”

“ഇനിയെന്താ… ”

“എന്റെ ഒപ്പം മാളുചേച്ചി കൂടെ വന്നിട്ടുണ്ട് ”

“ആഹാ… എന്നിട്ട് എവിടെ അവൾ ”

ഇത്രയും സമയം സമാദാനത്തോടെ സംസാരിച്ച ആൾ മാളുവിന്റെ കാര്യം കേട്ടപ്പോൾ വീണ്ടും കലിപ്പിലായി

“നമ്മൾ എല്ലാം പറഞ്ഞു തീർത്തതാണെ. ഇനി വീണ്ടും പഴയപോലെ ആണെങ്കിൽ ഞാൻ ഇനി മിണ്ടില്ല പറഞ്ഞേക്കാം ”

“ഞാൻ ഒന്നും പറയുന്നില്ല… പോരെ… ”

“മതി… അവൾ ഹാളിൽ കരഞ്ഞുകൊണ്ടിരിപ്പുണ്ട് ”

ആന്റി വേഗം തന്നെ എന്നെയും കടന്നു ഹാളിലേക്ക് നടന്നു. ആ പുറകെ ഞാനും പോയി എത്രയൊക്കെ സമാധാനിപ്പിച്ചാലും അവിടെ എന്ത് നടക്കും എന്നൊരു ഭയം എനിക്കുണ്ടായിരുന്നു

ആന്റി ഹാളിലേക്ക് എത്തിയത് കണ്ട് സെറ്റിയിൽ ഇരുന്ന മാളു ചാടി എഴുന്നേറ്റു. ആ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയാണ് ഇരിക്കുന്നത്…

“അമ്മേ സോറി അമ്മേ… എന്നോട് മിണ്ടാതെ ഇരിക്കല്ലേ അമ്മേ… ”

മാളുചേച്ചി ഓടിവന്ന് ആന്റിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ആന്റി എന്റെ മുന്നിൽ ഞാൻ നിൽക്കുന്ന അതെ ദിശയിൽ നിൽക്കുന്നത് കൊണ്ട് ആ മുഖഭാവം വ്യക്തമല്ല.

“അമ്മേ എന്നെ ഒന്ന് വഴക്കെങ്കിലും പറ അമ്മേ… അമ്മക്കിഷ്ടമല്ലെങ്കിൽ എനിക്കവനെ വേണ്ടമ്മേ… ”

“ഞാൻ എപ്പൊഴാടി എനിക്ക് അവനെ ഇഷ്ടമല്ല എന്ന് പറഞ്ഞത് ”

ഇത്രയും സമയം മിണ്ടാതെ ഇരുന്ന ആന്റി സംസാരിച്ചു തുടങ്ങി

“പറയെടി ഞാൻ എപ്പോഴാ പറഞ്ഞതെന്ന് ”

മാളു ആന്റിയിൽ നിന്നും വിട്ടുമാറി വിശ്വാസം വരാത്തെ ആ മുഖത്തേക്ക് നോക്കി

“പിന്നെന്തിനാ അമ്മ എന്നോട് മിണ്ടാതെ ഇരുന്നത് ”

“നീയും മിണ്ടിയില്ലല്ലോ… ”

അതിന് മാളുവിന്‌ ഉത്തരം ഇല്ലായിരുന്നു. അവൾ വിഷമത്തോടെ ആന്റിയുടെ മുഖത്തേക്ക് നോക്കിനിന്നു

“മോളെ.. മാളു നിനക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അമ്മ അതിന് എതിര് നിൽക്കുമോ… അങ്ങനെയാണോ അമ്മയെ നീ മനസ്സിലാക്കിയത്”

“അമ്മേ…. ”

അവൾ വീണ്ടും നിന്നു കരയാൻ തുടങ്ങി… അവളുടെ ആ കരച്ചിലിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു

“സാരമില്ല പോട്ടെ… ഇനി അതോർത്തു കരയണ്ട ”

“സോറി അമ്മേ… ”

“സാരമില്ല എന്ന് പറഞ്ഞില്ലേ മോളെ… ഇനി കരയണ്ട… ”

അത് പറയുമ്പോൾ ആന്റിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ അതൊരു സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു എന്ന് മാത്രം

രണ്ട് പേരും വിഷമങ്ങൾ പറഞ്ഞു തീർത്തപ്പോളാണ് എനിക്കും ഒരു സമാധാനമായത്.


“ഇത്രേ ഉണ്ടായിരുന്നുള്ളൂ കാര്യം അതിനാണ് രണ്ടും കൂടി ഈ കാട്ടായം മുഴുവൻ കാട്ടിയത്… ”

എന്റെ സംസാരം കേട്ട് ആന്റിയിൽ നിന്നും വിട്ട് മാളു എന്റെ മുഖത്തേക്ക് നോക്കി എന്റെ കവിളിൽ പാട് കണ്ടതും വീണ്ടും അവൾക്ക് സങ്കടം വന്നു.

“എടാ… സോറി ”

എനിക്ക് അവളെ തടായാൻ സാധിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു കഴിഞ്ഞിരുന്നു. ആ ഒപ്പം തന്നെ എന്റെ കവിളിൽ തലോടുകയും ചെയ്തു. അത് കണ്ടപ്പോൾ തന്നെ ആന്റിക്ക് മനസ്സിലായി അത് അവളുടെ കൈപ്പാട് ആണെന്ന്

“നീയാണോ അവനെ അടിച്ചത് ”

ആന്റിയുടെ ശബ്ദം കുറച്ചു ഘനത്തിൽ ആയിരുന്നു

“അതമ്മേ…. പെട്ടന്ന് ദേഷ്യം വന്നപ്പോ …. ”

അവൾ മുഴുവൻ പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ ആന്റിയുടെ കൈ ഉയർന്നു താണിരുന്നു. പെട്ടന്ന് ഞാൻ ആ കയ്യിൽ കയറി പിടിച്ചത് കൊണ്ട് ആ അടി കവിളിൽ വീണില്ല

“നിനക്ക് ദേഷ്യം വന്നാൽ എന്റെ കൊച്ചിനെ അടിക്കുവോടി.. ”

ആന്റി നല്ല ദേഷ്യത്തിലാണ്

“എന്റെ ആന്റി അത് വിട് എനിക്ക് വേദന ഒന്നും എടുത്തില്ല ”

“എന്റെ കയ്യീന്ന് വിടെടാ… ഇല്ലെങ്കിൽ നീയും വാങ്ങും… ഞാൻ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത് ക്ലാസിൽ ചെറിയ ഉന്തും തള്ളും അല്ലേ…. ”

“അത് പിന്നെ… എനിക്കറിയാമായിരുന്നു ഞാൻ പറഞ്ഞാൽ ആന്റി ചേച്ചിയെ തല്ലും എന്ന് …”

“എല്ലാവർക്കും കുരങ്ങുകളിപ്പിക്കാൻ ആണ് ഞാൻ അല്ലെ… ”

“ആന്റി ഞാൻ അങ്ങനെ ഒന്നും കരുതിയില്ല… പിന്നെ എന്റെ ചേച്ചി അല്ലെ എന്നെ തല്ലിയത് എനിക്കുവിഷമമില്ല”

ഇതെല്ലാം കണ്ടു മാളുചേച്ചി വീണ്ടും കരച്ചിലായി.

“ഇപ്പൊ ചേച്ചിയും അനിയനും ഒറ്റക്കെട്ടായി ഞാൻ പുറത്തും അല്ലെ… ”

ആന്റി വീണ്ടും സെന്റി അടിക്കുകയാണ്. ഇനി ഇതവസാനിപ്പിക്കാൻ ഒറ്റ വഴിയേ ഉള്ളു. ഞാൻ ആന്റിയോട് ചേർന്ന് നിന്ന് ആ കവിളിൽ ഒരുമ്മ കൊടുത്തു

“സോറി ലീലക്കുട്ടി… ഉമ്മ്മ… ”

“സോപ്പിടാതെ പോടാ ചെക്കാ ”

ആ ചുണ്ടിൽ ചെറിയൊരു ചിരി വന്നു. ഞാൻ അവിടെ നിന്ന് മാളുവിനെ കണ്ണ് കാണിച്ചു. അവളും അപ്പൊ തന്നെ വന്ന് ആന്റിയുടെ മറ്റേ കവിളിലും ഒരുമ്മ കൊടുത്തു

“നീ എനിക്കുമ്മ തരേണ്ട… ഇനി എന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്‌താൽ ആ കൈ ഞാൻ തല്ലിയൊടിക്കും ”

“ഇല്ല… ഞാൻ ഒന്നും ചെയ്യില്ല പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തതാ… ”

“ഹ്മ്മ്… ”

പിന്നെയും കുറച്ചു സമയം ഞങ്ങൾ അവിടെ തന്നെ ഇരുന്നു ആരും ഒന്നും സംസാരിച്ചില്ല. അതിനൊരു വിരാമം ഇട്ടത് ആന്റി തന്നെയാണ്

“ഇങ്ങനെ ഇരുന്നാൽ ഉച്ചക്ക് വയറ്റിലേക്ക് ഒന്നും പോകില്ല… njaa പോയി വല്ലതും ഉണ്ടാക്കട്ടെ… നിങ്ങൾ ഇന്നിനി പോകുന്നില്ലല്ലോ ”

“ഞാൻ പോണില്ല ഇവൻ പോകും ”

ആന്റിക്ക് മറുപടി കൊടുത്തത് മാളുവാണ്

“അയ്യടാ… ഞാനും പോണില്ല ഇന്ന് ഫുൾ നിങ്ങളുടെ ഒപ്പം ”

“നീ പോണം ക്ലാസ്സ് ഉള്ളതല്ലേ… ”

അവൾ വീണ്ടും വാണി മിസ്സ്‌ ആകുകയാണ്

ഞാൻ ദയനീയമായി ആന്റിയുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിന്റെ അർഥം ആന്റിക്ക് മനസ്സിലായി

“ഇന്നിനീപ്പൊ പോകണ്ട ”

അത് പറഞ്ഞിട്ട് ആന്റി എന്നെ കണ്ണടച്ച് കാണിച്ചു. ഞാൻആന്റിക്ക് അവൾ കാണാതെ ഒരുമ്മയും കൊടുത്തു

“ഈ അമ്മക്കിതെന്താ… അവനു ക്ലാസ്സ്‌ ഉള്ളതാ ”

“ഓഹ്‌ ഇന്നൊരു ദിവസം കയറിയില്ല എന്ന് വച്ചു തോക്കുവൊന്നുമില്ല ”

“ആ രണ്ടും കൂടെ എന്താ എന്ന് വച്ചാൽ കാട്ട് ”

അവൾ ദേഷ്യപ്പെട്ട് ഡ്രെസ് മാറാൻ റൂമിലേക്ക് പോയി. ഞാൻ ചിരിച്ചുകൊണ്ട് ആന്റിയുടെ കൂടെ അടുക്കളയിലേക്കും .

വളരെ സന്തോഷത്തോടെയാണ് ഞാൻ അന്ന് വൈകിട്ട് റൂമിലേക്ക് പോയത്. ലച്ചുവിനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൾക്കും സന്തോഷം. ഒരു കാര്യത്തിൽ മാത്രം അവൾക്കു സങ്കടമായി അതെ എന്നെ അടിക്കുന്നത് നേരിട്ട് കാണാൻ പറ്റിയില്ല എന്ന്… ദുഷ്ട

ഞാൻ കാരണം ഉണ്ടായ പ്രശ്നം ഞാൻ തന്നെ തീർത്തു. ആ കൂടെ മാളുവിന്റെ ഉണ്ണിച്ചേട്ടന്റെ കാര്യവും വീട്ടിൽ സെറ്റായി

പിറ്റേന്ന് വളരെ സന്തോഷത്തോടെയാണ് ഞാൻ കോളേജിലേക്ക് പോയത്, പക്ഷെ ആ സന്തോഷത്തിന് അധികം ആയുടുണ്ടായിരുന്നില്ല. കോളേജ് എൻട്രൻസ് മുതൽ കാണുന്ന എല്ലാ കുട്ടികളും എന്നെയാണ് നോക്കുന്നത്. എന്നെ നോക്കിക്കൊണ്ട് എന്തൊക്കെയോ പറയുന്നുമുണ്ട്. എനിക്കൊന്നും മനസ്സിലായില്ല എനിക്ക് മാത്രമല്ല എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർക്കും.

ചിലപ്പോൾ സീനിയർ നെ പ്രേമിച്ച ചെക്കൻ എന്ന രീതിയിൽ എന്നെക്കുറിച്ച് പറയുന്നതാവും എന്ന് കരുതി ഞാൻ മുൻപോട്ട് നടന്നു. നടന്നു ക്യാന്റീന്റെ മുന്നിൽ എത്താറായപ്പോളാണ് ക്യാന്റീനു മുന്നിൽ ഒരു ആൾക്കൂട്ടം കണ്ടത്. കുറെ കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നു ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. അടിയൊന്നും അല്ല ആണെങ്കിൽ എന്തെങ്കിലും ഒച്ചകേട്ടേനെ പക്ഷെ ഇത് നിശബ്ദമായിരുന്നു

എല്ലാവരെയും പോലെ എന്താ എന്നറിയാനുള്ള ആകാംക്ഷയിൽ ഞാനും കൂട്ടുകാരും അവരുടെ ഇടയിൽ കൂടെ ആ കൂട്ടത്തിനു ഉള്ളിലേക്ക് ഇടിച്ചുകയറി.

“ആ വന്നല്ലോ നമ്മുടെ ഹീറോ… ”

നിതിന്റെ ഒച്ചയാണ്. ഞാൻ നോക്കുമ്പോൾ അവൻ എന്നെ നോക്കിയാണ് സംസാരിക്കുന്നത്. അവന്റെ ആ സംസാരത്തിനു കൂടി നിൽക്കുന്നവർ എല്ലാം ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. എന്തോ പണി നിതിൻ എനിക്കിട്ട് വച്ചതാണെന്നു എനിക്കുറപ്പായി.

“ഡാ… വാണി മിസ്സ്‌ ”

നിതിനെ നോക്കിനിന്ന എന്നെ പാറ്റയാണ് അത് വിളിച്ച് കാണിച്ചത്. ആ കൂട്ടത്തിനു നടുവിൽ കരഞ്ഞു തളർന്നു നിൽക്കുന്ന മാളുചേച്ചി. ആ കണ്ണുകൾ രണ്ടും ചുവന്നിരിക്കുന്നു കവിളിൽ കൂടെ ഇപ്പോഴും കണ്ണുനീർ ഒഴുകുന്നുണ്ട്

“മിസ്സ്‌… എന്താ പറ്റിയത് ”

ഇത് കോളേജ് ആയതുകൊണ്ട് എനിക്കപ്പോ മിസ്സേ എന്ന് വിളിക്കാനാണ് തോന്നിയത്

“മിസ്സോ… ഇന്നലെ അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ… എന്തായിരുന്നു രണ്ടും കൂടി ഇന്നലെ പെർഫോമൻസ്. ഉള്ളത് പറയാമല്ലോ നല്ല ചൂടൻ രംഗങ്ങൾ ആയിരുന്നു ”

അവൻ ഇത്രയും പറഞ്ഞിട്ടും എനിക്കൊന്നും മനസ്സിലായില്ല. എന്റെ അറിവിൽ ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല

“ഡാ അനന്തൂ… ആ വിഡിയോ നമ്മുടെ ഹീറോക്ക്‌ ഒന്ന് കാണിച്ചു കൊടുക്ക് ”

നിതിൻ പറഞ്ഞത് കേട്ട് അനന്തു അവന്റ കയ്യിൽ ഇരുന്ന മൊബൈലിൽ നിന്നും ഞങ്ങൾ ലൈബ്രറിയിൽ നിന്നും സംസാരിച്ച വീഡിയോ കാണിച്ചുതന്നു. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യത്തെക്കാൾ കൂടുതൽ സങ്കടമാണ് ഉണ്ടായത് എന്റെ സ്വന്തം പെങ്ങളെ ചേർത്താണ് അവന്മാർ ഈ കഥ പറയുന്നത്

ഞാൻ എന്റെ കൂട്ടുകാരെ നോക്കുമ്പോൾ അവർ എല്ലാം ദേഷ്യത്തോടെ നിതിനെ നോക്കുന്നുണ്ട്, പാറ്റ നല്ല ദേഷ്യത്തിലാണ് ആഷിക്കാണ് അവനെ പിടിച്ചു നിർത്തിയിരിക്കുന്നത്. ഈ അവസരത്തിൽ ഒരടി ഉണ്ടായാൽ അത് കൈവിട്ട് പോകും എന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു

“ഇന്നലെ രാവിലെ പോയതാ രണ്ടും കൂടി പിന്നെ ഇപ്പോഴാ കാണുന്നത്. എന്തായിരുന്നു ഇന്നലെ… നന്നായി ആഘോഷിച്ചോ.. ”

അതും കൂടി അവന്റെ വായിൽ നിന്നു കേട്ടപ്പോൾ എന്റെ ശരീരം മുഴുവൻ ദേഷ്യത്താൽ വിറക്കാൻ തുടങ്ങി. ഇതെന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നെങ്കിൽ ഇപ്പൊ തന്നെ ഞാൻ അവന്റെ മുഖമടച്ചു ഒന്ന് കൊടുക്കുമായിരുന്നു പക്ഷെ ഇതെന്നെക്കാള് കൂടുതൽ ബാധിക്കുക ചേച്ചിയെ ആണ്.

ഞാൻ ചിന്തിക്കുന്ന സമയത്ത് തന്നെ ഒരു പടക്കം പൊട്ടുന്ന ഒച്ച ഞാൻ കെട്ടു. കണ്ണുതുറന്നു നോക്കിയപ്പോൾ കാണുന്നത് കവിൾ പൊത്തി നിൽക്കുന്ന നിതിനെയും ദേഷ്യത്തിൽ വിറച്ചുനിൽക്കുന്ന മാളുചേച്ചിയെയും ആണ്…

“അനാവശ്യം പറയുന്നോടാ… ”

അവൾ നിതിനെ നോക്കി ചീറുകയാണ്

“നിങ്ങൾക്കൊക്കെ കാണിക്കാം ഞങ്ങൾക്ക് പറയാൻ പാടില്ലേ… ”

അടികൊണ്ട വേദനയിൽ കവിൾ തടവിക്കൊണ്ടാണ് അവൻ സംസാരിക്കുന്നത്. നല്ല വേദന ഉണ്ടാകും ഇന്നലെ എനിക്ക് കിട്ടിയതിലും ഇരട്ടി ശക്തിയിലാണ് ആ അടി കിട്ടിയിരിക്കുന്നത്. മാളുവിന്റെ ദേഷ്യം കണ്ടു ഞാൻ ആകെ അമ്പരന്നു നിൽക്കുകയാണ്

“ഞങ്ങൾ എന്താടാ അനാവശ്യം കാണിച്ചത്… ഇവനെ കെട്ടിപ്പിടിച്ചതാണോ… എന്നാ ഇനിയും ഞാൻ കെട്ടിപ്പിടിക്കും നോക്കിക്കോ ”

അവൾ അത്രയും പറയലും എന്നെ കെട്ടിപിടിക്കലും ഒരുപോലെ ആയിരുന്നു. എല്ലാം പെട്ടന്നായതിനാൽ എനിക്കും ഒരമ്പരപ്പ് ആയിരുന്നു

ഇതെല്ലാം കണ്ടു കൂടിനിന്ന കുട്ടികളും കിളിപ്പാറി നിൽക്കുകയാണ്.

“ഇപ്പൊ ആർക്കാടാ വീഡിയോ എടുക്കണ്ടേ … എടുക്കടാ വേണമെങ്കിൽ ഞാൻ ഇവനെ ഉമ്മ വക്കുന്നത് കൂടെ എടുത്തോ… ഉമ്മ്മ… ”

മാളു എന്റെ കവിളിൽ തന്നെ അമർത്തി ചുംബിച്ചു. അതും കൂടെ ആയപ്പോൾ നിതിന്റെ വാ അടച്ചുപോയി. അതെ സമയത്തു തന്നെയാണ് ലച്ചുവും അങ്ങോട്ടേക്ക് വന്നത് ലച്ചുവിന്റെ പിന്നാലെ ജയൻ സാറും വന്നു

ലച്ചുവിനെ കണ്ടപ്പോൾ നിതിന്റെ മുഖത്തൊരു ചിരി വന്നു. ഞങ്ങളെ തമ്മിൽ പിരിക്കാനുള്ള ഒരു സുവർണാവസരമായി അവൻ ഈ പ്രശ്നത്തെ കരുതിക്കാണും

“ആ വന്നല്ലോ വനമാല… ഞാൻ നിന്നെ നോക്കിയിരിക്കുകയായിരുന്നു കണ്ടോ നിന്റെ മറ്റവന്റെ ലീലാവിലാസങ്ങൾ ”

നിതിൻ ആ വീഡിയോ ലച്ചുവിന് നേരെ നീട്ടി. ആ വീഡിയോ കണ്ടിട്ടും അവളുടെ മുഖത്തു യാതൊരു മാറ്റവും ഉണ്ടാകാത്തത് നിതിനെ അത്ഭുതപ്പെടുത്തി. ലച്ചു നിതിനെയും കടന്നു എന്റെയും മാളുവിന്റെയും അടുത്തേക്ക് വന്നു….

“ചേച്ചീ…. എന്താ പറ്റിയെ… എന്തിനാ കരയുന്നെ… ഇവന്മാരോടൊക്കെ പോകാൻ പറ അമ്മേം പെങ്ങളേം കണ്ടാൽ തിരിച്ചറിയാത്തവന്മാർ… ”

മാളുവിന്റെ കരച്ചിൽ കണ്ട് ലച്ചുവിന്റെയും ശബ്ദം ചെറുതായി ഇടറുന്നുണ്ട് അവൾ അവസാനം പറഞ്ഞത് നിതിനെ നോക്കി പുച്ഛത്തോടെ ആണ്. അതും കൂടി കണ്ടപ്പോൾ നിതിന്റെ ദേഷ്യം ഇരട്ടിയായി..

“ഓഹ്‌ അപ്പൊ ചേച്ചിയും അനിയത്തിയും കൂടെ ഒരുമിച്ചാണോ… എടാ ഞങ്ങൾക്കും കൂടെ ഇടയ്ക്കു ഒപ്പിച്ചു തരണെടാ… ”

പിന്നെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. ഞാൻ എന്റെ സർവ്വ ശക്തിയും എടുത്ത് അവനെ അടിക്കാൻ ചെന്നതും ഞങ്ങൾക്കിടയിൽ ഒരാൾ കയറി. വന്ന ആൾ എന്നെ തടുക്കാൻ വന്നതാവും എന്ന് കരുതിയ എനിക്ക് തെറ്റി, പിന്നെ ഞാൻ കാണുന്നത് അടികൊണ്ട് നിലത്തിരുന്ന് പോയ നിതിനെയാണ്

“അവൻ അവന്റെ പെങ്ങളെ കെട്ടിപ്പിടിച്ചാലും ഉമ്മവെച്ചാലും നിനക്കൊക്കെ എന്താടാ… ”

ആ അലറി ഉള്ള ഒച്ച കേട്ടപ്പോളാണ് എനിക്ക് ആളെ മനസ്സിലായത്, ജയൻ സർ

“ഇത് വാണിമിസ്സ് ഇത് മിസ്സിന്റെ അനിയൻ അഖിൽ… ഇനി ആർക്കെങ്കിലും എന്തെങ്കിലും അറിയാനുണ്ടോ”

സാർ പറഞ്ഞത് കേട്ട് ഞങ്ങൾ കുറച്ചു പേര് ഒഴികെ എല്ലാവരും ഞെട്ടി തരിച്ചു നിൽക്കുകയാണ്.

താഴെ വീണുപോയ നിതിനെ സാർ തന്നെ എഴുന്നേൽപ്പിച്ചു….

“നിതിനെ നീ കുറച്ചായി ഇത് തുടങ്ങിയിട്ട് ഇന്നത്തോടെ നിർത്തിക്കോണം ഈ പരിപാടി. ഇനി ഇവിടെ സദാചാര പോലിസ് കളിച്ചു വന്നാൽ പിന്നെ പഠിക്കാൻ വേറെ കോളേജ് നോക്കിക്കോണം ”

ഇതെല്ലാം കേട്ട് ഒന്നും സംസാരിക്കാനാകാതെ അടികിട്ടിയ കവിളും തടവി നിൽക്കുകയാണ് നിതിൻ

“മനസ്സിലായോടാ … ”

“സർ അത് പിന്നെ വീഡിയോ കണ്ടപ്പോൾ…. ”

“അങ്ങനെ എന്തെങ്കിലും കണ്ടാൽ അറിയിക്കാൻ ഇവിടെ ടീച്ചേഴ്സും പ്രിൻസിപ്പൽ ഉം ഉണ്ട്. അല്ലാതെ നിനക്ക് തന്നെ എല്ലാം തീരുമാനിക്കാൻ ഇത് നിന്റെ വീടല്ല ”

“സോറി സർ ”

“എന്നോടല്ല. വാണി മിസ്സിനോടും അഖിലിനോടും പറ നിന്റെ മാപ്പ് ”

അതിന് മറുപടി ഒന്നും പറയാതെ നിതിൻ നിലത്തേക്ക് നോക്കി നിന്നു

“പറഞ്ഞത് കേട്ടില്ലേ… പറയടാ മാപ്പ് ”

“മിസ്സേ… സോറി ”

മാളു അതിനു മറുപടി ഒന്നും പറഞ്ഞില്ല,

“അഖിലേ സോറി ”

എനിക്കാ സമയത്തു അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷെ അപ്പൊ ജയൻ സാർ അവിടെ നിന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല

“ഇനി എന്ത് കാഴ്ച കാണാൻ നിക്കുവാ എല്ലാം ക്ലാസ്സിൽ പോകാൻ നോക്ക്, പിന്നെ നിതിനും അനന്തുവും എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി ഞാൻ പ്രിൻസിപ്പൽ ന്റെ ഓഫീസിൽ ഉണ്ടാകും ”

നിതിൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. ആ വീഡിയോ കയ്യിൽ കിട്ടുമ്പോൾ അവൻ അതിന് ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചുകാണില്ല. എല്ലാവരുടെയും മുന്നിൽ ഞങ്ങളെ നാണം കെടുത്താം എന്നെയും ലച്ചുവിനെയും തമ്മിൽ പിരിക്കാം ഇതൊക്കെ ആയിരുന്നിരിക്കാം അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്

“സർ… ഞാൻ ഇന്ന് കേറുന്നില്ല ”

മാളു പതിയെ കരഞ്ഞുകൊണ്ട് തന്നെ ജയൻ സാറിനോട് പറഞ്ഞു

“മിസ്സേ അതൊക്കെ കഴിഞ്ഞില്ലേ… വിട്ടുകള”

“അതല്ല സാർ ഞാൻ ഇന്ന് കയറിയാലും എനിക്ക് ക്ലാസ്സ്‌ ഒന്നും എടുക്കാൻ സാധിക്കില്ല. മനസ് ശരിയല്ല ”

“ഹ്മ്മ്, എന്നാൽ ശരി മിസ്സ്‌ ചെല്ല്… അഖിലേ മിസ്സിനെ കൊണ്ട് വിട്ടിട്ട് വാ ”

“ശരി സാർ… ”

എല്ലാവരും പിരിഞ്ഞുപോകുന്ന സമയത്താണ് ഞാൻ ഞങ്ങളുടെ ചുറ്റും കൂടിയിരുന്ന ആളുകളെ ശ്രദ്ധിക്കുന്നത്. അതിൽ അരുൺ ചേട്ടനും അനുചേച്ചിയും അടക്കം എന്റെ സീനിയർസ് കുറെ പേര് ഉണ്ടായിരുന്നു. ഒരു നിമിഷം എങ്കിലും അവർ എന്നെ തെറ്റിദ്ധരിച്ചല്ലോ എന്നൊരു വിഷമം എനിക്കാ സമയത്തും ഉണ്ടായി

മാളു ചേച്ചിയെ വീട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ നിതിനിട്ടു രണ്ടെണ്ണം കൊടുക്കണം എന്നുറപ്പിച്ചു തന്നെയാണ് ഞാൻ വണ്ടി ഓടിച്ചത്. വണ്ടിയിൽ കയറി വീട്ടിൽ എത്തുന്നത് വരെ മാളുചേച്ചി ഒന്നും സംസാരിച്ചില്ല എന്നാലും അവളുടെ കണ്ണുനീർ എന്റെ പുറം നനക്കുന്നുണ്ടായിരുന്നു

രാവിലെ ചെടി നനക്കുകയായിരുന്ന ആന്റിയുടെ മുന്നിലേക്കാണ് ഞാൻ വണ്ടി ഓടിച്ചു കയറ്റി നിർത്തിയത്. വണ്ടി നിർത്തിയതും മാളു ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് ഉള്ളിലേക്കു പോയി

രാവിലെ ക്ലാസ്സിൽ പോയ രണ്ടുപേരും ഇപ്പൊ തന്നെ തിരിച്ചുവന്നത് എന്താ എന്ന് മനസ്സിലാകാതെ ആന്റി ചെടി നനച്ചുകൊണ്ടിരുന്ന ഹോസും അവിടെ ഇട്ടിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു

“ഡാ എന്താ പറ്റിയെ… അവൾ എന്തിനാ കരഞ്ഞോണ്ട് പോയത്… വീണ്ടും രണ്ടും തമ്മിൽ ഉടക്കിയോ ”

ഞാൻ നടന്നത് മുഴുവൻ ആന്റിയോട് പറഞ്ഞു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ആന്റിയുടെ മുഖത്തും ദേഷ്യം വന്നു. പിന്നെ പതിയെ നടന്നു അകത്തേക്ക് പോയി പിന്നാലെ തന്നെ ഞാനും പോയി..

ഞങ്ങൾ ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന മാളുചേച്ചിയെ ആണ് കാണുന്നത്. ആന്റി പതിയെ അവളുടെ അടുത്തിരുന്ന് ആ തലയിൽ പതിയെ തലോടി

“മാളു… നീ എന്തിനാ കരയുന്നത് ”

ആന്റിയുടെ ശബ്ദം കേട്ടതും മാളുവിന്റെ കരച്ചിൽ കുറച്ചു കൂടി ഉച്ചത്തിൽ ആയി

“മോളെ… കരയല്ലേ കുറച്ചു സമയം എല്ലാവരും നിങ്ങളെ തെറ്റിദ്ധരിച്ചു എന്നല്ലേ ഉള്ളു ഇപ്പൊ എല്ലാവർക്കും എല്ലാം മനസ്സിലായില്ലേ പിന്നെ എന്താ ”

“അമ്മേ…. ഞാൻ ഇനി അങ്ങോട്ടേക്കില്ല. എല്ലാവരും എന്നെ ഒരു മോശപ്പെട്ട പെണ്ണായിട്ടേ കാണൂ… ”

“ഇനീം കിടന്നു മോങ്ങിയാൽ തല്ലു വാങ്ങും പെണ്ണെ നീ. എല്ലാ കാര്യത്തിനും ഇങ്ങനെ കരയാൻ തുടങ്ങിയാൽ നിനക്കതിനു മാത്രമേ സമയമുണ്ടാകൂ.. ”

“എന്നാലും അമ്മേ… ”

“ഒരെന്നാലും ഇല്ല… മോളെ ഇങ്ങോട്ട് നോക്ക് ”

അവൾ പതിയെ തിരിഞ്ഞു ആന്റിയെ നോക്കി

“ഞാൻ അച്ഛനില്ലാതെ ഒറ്റയ്ക്ക് നിന്നെ വളർത്താൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആയി ഇതിനിടയിൽ നീ ഇന്ന് കേട്ടതിലും മോശമായ പല സംസാരങ്ങളും ഞാൻ കേട്ടിട്ടുണ്ട് അതിലൊക്കെ ഞാൻ തളർന്നു പോയിരുന്നെങ്കിൽ ഇന്ന് ഞാനും നീയും ഉണ്ടാകുമായിരുന്നില്ല. അത് കൊണ്ട് അമ്മ പറയുന്നത് മോൾ കേൾക്കു ”

എനിക്ക് ഓര്മവെച്ച കാലം മുതൽ ചേച്ചിക് അച്ഛൻ ഉണ്ടായിരുന്നില്ല. ചേച്ചിക്ക് കുട്ടി ആയിരുന്നപ്പോൾ ഇവരെ ഉപേക്ഷിച്ചു പോയതാണ്. പിന്നെ ആന്റി ഒരാളുടെ അദ്ധ്വാനമാണ് ഇവരെ ഈ നിലയിൽ എത്തിച്ചത്

ആന്റിയുടെ സംസാരം അവളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു കണ്ണുനീർ തുടച്ച് എന്നെ നോക്കി. ഞാൻ ഈ സമയമത്രയും സംസാരിക്കാതെ നിൽക്കുകയായിരുന്നു

“ആന്റി എന്നാൽ ഞാൻ പോട്ടെ… ക്ലാസ്സിൽ കയറണം ”

“നീ ഇന്ന് പോകണ്ട ”

പതിവിന് വിപരീതമായി ഇന്ന് മാളുവാണ് പറഞ്ഞത്

“എന്നും നീയല്ലേ ക്ലാസ്സിൽ കയറാൻ പറഞ്ഞു വഴക്ക് പറയുന്നത്. ഇന്നെന്തു പറ്റി ”

“നീ ഇപ്പൊ പോകുന്നതെന്തിനാ എന്നെനിക്കറിയാം. അതുവേണ്ട ”

അവൾക്കറിയാം ഞാൻ ഇന്ന് പോയാൽ വെറുതെ ഇരിക്കില്ല പോയി അടിയുണ്ടാക്കും എന്ന്.

“ഏയ്‌ ഞാൻ പോകും… ”

“നീ പോയാൽ അടി ഉണ്ടാക്കും എനിക്കറിയാം ”

ഞാൻ ഒന്നും മിണ്ടിയില്ല.

“ശരി നീ പൊയ്ക്കോ. എനിക്കൊരു വാക്ക് തന്നിട്ട് പൊക്കോ ”

ഞാൻ ചോദ്യ ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി

“പോയി വഴക്കുണ്ടാക്കില്ലെങ്കിൽ പൊക്കോ.. പോയി വഴക്കുണ്ടാക്കിയാൽ പിന്നെ ഞാൻ മിണ്ടില്ല ”

“ഹ്മ്മ് ശരി… ”

അവളോട് സമ്മതിച്ചു എങ്കിലും എനിക്കതിനു സാധിക്കുമായിരുന്നില്ല, എന്തായാലും രണ്ടെണ്ണം കൊടുക്കണം എന്നുറപ്പിച്ചു തന്നെയാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്

ഞാൻ ഇറങ്ങിയതിന് പിന്നാലെ ആന്റിയും പുറത്തേക്കു വന്നു

“ഡാ… വേണ്ടടാ നീ അവൾ പറഞ്ഞാലും കേക്കില്ല എന്നെനിക്കറിയാം. പക്ഷെ ഇനി പ്രശ്നം ഒന്നും വേണ്ടടാ അവനു കൊടുക്കാനുള്ളത് അവൾ തന്നെ കൊടുത്തില്ലേ… ”

“ഹ്മ്മ്.. ”

ഞാൻ പിന്നെ ഒന്നും സംസാരിക്കാതെ വണ്ടി എടുത്ത് കോളേജിലേക്ക് പോന്നു. ഞാൻ ഒരിക്കലും ഓടിച്ചിട്ടില്ലാത്ത അത്രയും സ്പീഡിലാണ് വണ്ടി ഓടിച്ചത് എത്രയും പെട്ടന്ന് കോളേജിൽ എത്തണം നിതിനിട്ടു രണ്ടെണ്ണം കൊടുക്കണം അത്രയും മാത്രമേ ഉണ്ടായിരുന്നുള്ളു മനസ്സിൽ

കോളേജിൽ എത്തി സ്റ്റുഡന്റസ് വണ്ടി വയ്ക്കുന്ന സ്ഥലത്തു വണ്ടി വയ്ക്കാതെ കോളേജ് ബിൽഡിംഗ്‌നോട്‌ ചേർത്താണ് വണ്ടി വച്ചത്. വണ്ടി സ്റ്റാൻഡിൽ വച്ചു ഉടനെ തന്നെ ഞാൻ ഓടി ഉള്ളിൽ കയറി. കോളേജിൽ കയറിയതും മുകളിൽ നിന്നും നല്ല ഒച്ചയൊക്കെ കേൾക്കാം.

അടുത്തേക്ക് ചെല്ലുന്തോറും നല്ല പരിചയമുള്ള ശബ്ദം കേൾക്കാൻ തുടങ്ങി. പാറ്റയുടെ ശബ്ദം

“പന്ന %&#&#&#മോനെ ഇനി നിന്റെ കഴപ്പും കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നാൽ ഇപ്പൊ കിട്ടിയതിന്റെ ഇരട്ടി നീ വാങ്ങും നോക്കിക്കോ… ”

ഇവൻ ഇതാരോടാ ഇത്രയും ദേഷ്യപ്പെട്ടു സംസാരിക്കുന്നത് എന്നറിയാനാണ് പെട്ടന്ന് തന്നെ മുകളിലേക്കു കയറിയത്, ചെല്ലുമ്പോൾ കാണുന്നത് പാറ്റയെ തടഞ്ഞു നിർത്താൻ കഷ്ടപ്പെടുന്ന ആഷിക്കിനെയും ചന്തുവിനെയും pv യെയും ആണ്. എതിർ ഭാഗത്തു നിൽക്കുന്നത് നിതിനും അനന്തുവും

നിതിന്റെ മുഖമാകെ അടികൊണ്ടു ചുവന്നിരിക്കുന്നു. തെറ്റ് അവന്റെ ഭാഗത്തായിട്ടാണോ എന്തോ ഇലക്ട്രോണിക്സ് ഇൽ ഉള്ള ആരും ആ അടിയിൽ ഇടപെട്ടില്ല എന്ന് തോന്നുന്നു.

ഇപ്പോഴും പാറ്റയുടെ ദേഷ്യം മാറിയിട്ടില്ല, നിതിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ തന്നെ എന്റെ ദേഷ്യം മുഴുവൻ മാറി.

പാറ്റയുടെ ദേഷ്യം കണ്ടു കിളി പാറി നിൽക്കുകയാണ് ആഷിക്കും ചന്തുവും എല്ലാം. എനിക്ക് മാത്രം അതൊരു ആശ്ചര്യമായി തോന്നിയില്ല. ഈ അഞ്ചു വർഷത്തിനിടയിൽ ഞങ്ങൾ തമ്മിൽ ഒന്നോ രണ്ടോ വട്ടം മാത്രമേ ഉടക്കിയിട്ടുള്ളു പക്ഷെ അവന്റെ ദേഷ്യം ഞാൻ അന്നേ കണ്ടതാണ്. ദേഷ്യം വന്നാൽ ചെക്കനെ പിടിച്ചാൽ കിട്ടില്ല

ഒരുതരത്തിൽ ഞാൻ അവനെയും വിളിച്ചുകൊണ്ടു ക്ലാസ്സിൽ പോയി. പോകുന്നവഴിക്കു മുഖത്തൊരു ചിരിയുമായി നിൽക്കുന്ന ലച്ചുവിനെ കണ്ടു ആ ചിരിയുടെ അർഥം മാത്രം എനിക്കപ്പോ മനസ്സിലായില്ല

ക്ലാസ്സിൽ എത്തിയ ഞാൻ ആഷിക്കിനോട് കാര്യം തിരക്കി

“ഡാ എന്താ അവിടെ നടന്നത് ”

“എന്ത് നടക്കാൻ. നീ വന്നിട്ട് ഒരുമിച്ചു പോയി അവനോട് രണ്ട് പറയാം എന്ന് കരുതിയിരുന്നതാ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഇവൻ എഴുന്നേറ്റ് പുറത്തേക്കു പോകുന്നത് കണ്ടു. പിന്നെ കേൾക്കുന്നത് ഭയങ്കര ശബ്ദമാണ്.എന്താ സംഭവം എന്നറിയാൻ പുറത്തിറങ്ങിയപ്പോളാണ് ഇവൻ ആ നിതിനും അനന്തുവുമായി തർക്കിക്കുന്നത് കണ്ടത് ”

ഞാൻ പതിയെ തിരിഞ്ഞു പാറ്റയെ നോക്കി. അവൻ ഇപ്പോഴും ഭയങ്കര ദേഷ്യത്തിൽ ആണ് തന്നത്താൻ കയ്യൊക്കെ എടുത്ത് ഡെസ്കിൽ ഇടിക്കുന്നുണ്ട്

“എന്നിട്ട് ”

“പിന്നെ ഞങ്ങൾക്ക് ഇവിടെ ഇരിക്കാൻ പറ്റുമോ… ഞങ്ങളും അങ്ങോട്ടൊക്ക് ഓടി ഞങ്ങൾ എത്തുന്നതിനു മുൻപേ ഇടി തുടങ്ങി. ഞങ്ങൾ സമയത്ത് എത്തിയത് കൊണ്ട് ചെക്കൻ ഇടി കൊണ്ടില്ല.ഞങ്ങൾ അനന്തുവിനെ പിടിച്ചു മാറ്റിയ സമയത്ത് ഇവൻ ആ നിതിനെ ഇടിച്ചു ഒരു പരുവമാക്കി.ഞങ്ങൾ ഇവനെ പിടിച്ചു മാറ്റിയ സമയത്താണ് നീ വന്നത് “.

“ഡാ പാറ്റെ.. ”

“എന്താടാ %*%#&#”

എന്റെ വിളിക്കും അവന്റെ മറുപടി തെറി തന്നെ ആയിരുന്നു. ചെക്കൻ നല്ല ചൂടിലാ ഇപ്പൊ ഒന്നും പറയണ്ട എന്നുറപ്പിച്ചു. എന്നാലും ഒരു ടെൻഷൻ ഉണ്ടായിരുന്നു ഇതിന്റെ പേരിൽ ഇനി വല്ല നടപടിയും ഉണ്ടാകുമോ എന്ന്. പക്ഷെ പ്രശ്നം ഒന്നും ഉണ്ടായില്ല

പാറ്റയെ ഞങ്ങൾ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും അവനു കുഴപ്പമില്ല പക്ഷെ ഞങ്ങളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവൻ സമ്മതിക്കില്ല ആ സമയത്തെ അവന്റെ ദേഷ്യത്തിന് മുന്നിൽ pv പോലും ഒന്നുമല്ല

ഉച്ച കഴിഞ്ഞപ്പോളേക്കും പാറ്റയുടെ ദേഷ്യം ഒക്കെ പോയി അവൻ വീണ്ടും പഴയപോലെ തന്നെയായി. ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്നുള്ള കാര്യം പോലും മറന്ന് അവൻ വീണ്ടും സിവിൽ ക്ലാസ്സിലേക്ക് പോയി. ഞാൻ ലച്ചുവിനെ കാണാനും പോയി

ഞങ്ങൾ ഇപ്പൊ സ്ഥിരമായി ഒരേ സ്ഥലത്താണ് കണ്ടുമുട്ടൽ. ഞാൻ ഇപ്പൊ കാണുമ്പോളും അവളുടെ മുഖത്താ ചിരി ഉണ്ട്

“എന്താടി കോപ്പേ നീ കൊറേ ആയല്ലോ ചിരിക്കുന്നു ”

“ഇപ്പൊ ചിരിക്കാനും പാടില്ലേ ”

“ചിരിക്കുന്നതിന് കുഴപ്പമില്ല പക്ഷെ ഈ ചിരിയിൽ എന്തോ കുനിഷ്ടുണ്ടല്ലോ ”

“ഒന്നുമില്ല ഞാൻ നമ്മുടെ പാറ്റയുടെ ദേഷ്യം കണ്ടു ചിരിച്ചതാ, ഞാൻ ക്ലാസ്സിൽ ഇരിക്കുമ്പോളാ ഒരു ശബ്ദം കേൾക്കുന്നത് നീ ആയിരിക്കും എന്ന് കരുതിയാ അങ്ങോട്ട് വന്നത് നിന്നെ കാണാത്തപ്പോൾ ഒരു സമാധാനം തോന്നി പിന്നെ നോക്കിയപ്പോളാ പാറ്റയെ കണ്ടത്.. ”

“എന്നിട്ട്.. ”

“എന്നിട്ടെന്താ എന്ത് ഇടിയായിരുന്നു എന്നറിയോ… ”

“ഇതാണ് ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ് എന്ന് പറയുന്നത്. പാറ്റയുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ ഇതായിരിക്കില്ലലോ പ്രതികരണം ”

“അതും ശരിയാണ് പക്ഷെ നിതിന് രണ്ട് അടിയുടെ കുറവ് ഉണ്ടായിരുന്നു അത് മാറി… പാറ്റ കൊള്ളാം കേട്ടോ”

പിന്നെയും എന്തൊക്കെയോ സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ലച്ചുവിന്റെ കൂട്ടുകാർ വന്നു അവളെ വിളിച്ചുകൊണ്ടു പോയി. ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു പോകുന്ന വഴി സിവിൽ ക്ലാസ്സിൽ നോക്കിയപ്പോൾ പാറ്റ അലീനയുടെയും ഇന്ദുവിന്റേയും ഒപ്പം ഇരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇന്നിപ്പോ സംസാരിക്കാൻ ഒരുപാട് ഉണ്ടാകുമല്ലോ അവനല്ലേ ഇപ്പൊ കോളേജിലെ ഹീറോ. ഇതിനിടയിൽ അവൻ ഒളികണ്ണിട്ട് അവന്റെ തട്ടത്തിൻ മറയത്തെ പെണ്ണിനെ നോക്കുന്നുണ്ട്

ഞാനും പതിയെ സിവിൽ ക്ലാസ്സിലേക്ക് കടന്നു എന്നെ കണ്ടപ്പോൾ ഇന്ദു അങ്ങോട്ടേക്ക് വിളിച്ചു.

“എടാ നീ കൊള്ളാട്ടോ. വാണി മിസ്സ്‌ നിന്റെ ചേച്ചി ആയിട്ട് ഒന്ന് പറഞ്ഞില്ലല്ലോ ”

“ഞാൻ ആരോടും പറഞ്ഞില്ലടി ”

“ആ എന്തായാലും കൊള്ളാം… ”

ഞാൻ ഇന്ദുവിന്റെ അടുത്തേക്ക് വന്ന സമയത്ത് തന്നെ പാറ്റ അവന്റെ പെണ്ണിന്റെ അടുത്തേക്ക് പോയി. അവൻ എന്തൊക്കെയോ പറയുകയും അവൾ അതിനൊക്കെ ചിരിക്കുകയും ചെയ്യുന്നുണ്ട്

“ഡാ പാറ്റെ പോകണ്ടേ സമയമായി ”

“പാറ്റ നിന്റെ.. ”

എന്തോ തെറി പറയാൻ വന്നതാണ് പിന്നെയാണ് അവന്റെ അടുത്ത് ആ കൊച്ച് ഇരിക്കുന്നത് ഓർത്തത്. പിന്നെ അവൻ അതങ്ങ് വിഴുങ്ങി

പുറത്തിറിങ്ങിയതും അവൻ എന്റെ പുറം പൊളിയുന്ന രീതിയിൽ ഒരിടി തന്നു. ചോദിച്ചു വാങ്ങിയതായതു കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല

അന്ന് ക്ലാസ്സ്‌ കഴിഞ്ഞു ക്യാന്റീനിൽ ഇരിക്കുന്ന സമയത്ത് ലച്ചു അങ്ങോട്ട് വന്നു. പാറ്റ പിന്നെ ആ തട്ടത്തിന്റെ പിന്നാലെ അതിനെ ബസ് കയറ്റിവിടാൻ പോയി.

ഞാനും ലച്ചുവും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മാളു ചേച്ചി വിളിക്കുന്നത്. ഇന്ന് വൈകിട്ട് അങ്ങോട്ട് ചെല്ലണം ചെല്ലുമ്പോൾ അവന്മാരെയും കൂട്ടിക്കൊണ്ട് വേണം വരാൻ എന്ന് പറഞ്ഞു ആൾ ഫോൺ വച്ചു

അത് കേട്ടപ്പോഴേ മനസ്സിലായി ഞങ്ങളുടെ കൂടെ ഒരു കറുപ്പ് ആട് ഉണ്ടെന്നു. അതാരാണെന്ന് മനസ്സിലാക്കാൻ അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല മാളു ഫോൺ വച്ചതും ലച്ചു ഇരുന്ന് ചിരിക്കാൻ തുടങ്ങി. ഈ സാധനമാണ് ഇന്ന് നടന്നതെല്ലാം അതുപോലെ അവിടെ എത്തിച്ചത്

അന്ന് വൈകിട്ട് ഞങ്ങൾ എല്ലാം കൂടി മാളുചേച്ചിയുടെ വീട്ടിൽ ചെന്നു. അടി ഉണ്ടാക്കിയതിന് അവന്മാർക്ക് നല്ല വഴക്ക് കേട്ടു. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകരുത് എന്ന് താക്കീതും നൽകിയാണ് അന്ന് അവിടെ നിന്നും വിട്ടത്

ആ ദിവസത്തിന് ശേഷം നിതിന്റെ ശല്യം അവസാനിച്ചു. ഞാനും ലച്ചുവും നന്നായി തന്നെ പ്രേമിച്ചു നടന്നു. ഞാനും മാളുവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മുറപോലെ തന്നെ നടന്നു പോന്നു ഇതിനിടയിൽ പാറ്റ ആ കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ആ കുട്ടി തിരിച്ചൊരു മറുപടി പറഞ്ഞില്ല

നാളെയാണ് ഓണാഘോഷം ഞങ്ങൾ അഞ്ചുപേരും ഒരേ ഡ്രസ്സ്‌ ആണ് സെലക്ട്‌ ചെയ്തിരിക്കുന്നത് ചുവന്ന മുണ്ടും വെള്ള കുർത്തയും. ലച്ചുവും മാളുവും ഒരേ ഡിസൈൻ സാരിയാണ് സെലക്ട്‌ ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞു. ലച്ചുവിനെ ആദ്യമായി സാരിയിൽ കാണാൻ പോകുന്നതിന്റെ ആകാംഷയുണ്ട് എനിക്ക്

എല്ലാവരും ഓണത്തലേന്ന് ഓണാഘോഷത്തിനുള്ള ഒരുക്കത്തിലാണ്, നമ്മൾ പിന്നെ മെക്‌ ആയതുകൊണ്ട് നമുക്കീ പരിപാടിയിലൊന്നും യാതൊരു വിശ്വാസവുമില്ല. രണ്ട് വട്ടവും വരച്ച് കുറച്ചു നട്ടും ബോൾട്ടും വരച്ചു വച്ചാൽ മെക്കിന്റെ പൂക്കളമായി. പൂവില്ലാത്ത പൂക്കളം

രാവിലെ തന്നെ കുളിച്ച് റെഡി ആയി കോളേജിന്റെ മുന്നിൽ പോയി നിൽപ്പുറപ്പിച്ചു. രാവിലെ തന്നെ കോളേജിലേക്ക് വരുന്ന കുട്ടികളെ മുഴുവൻ ക്ലാസ്സിൽ കയറ്റിയിട്ടേ ഞങ്ങൾ ക്ലാസ്സിൽ കയറൂ… എല്ലാത്തിനെയും വായിൽ നോക്കിനിന്നു ലച്ചു പിന്നിൽ വന്നു നിന്നത് പോലും അറിഞ്ഞില്ല, പുറത്ത് നല്ല ശക്തിയിൽ കൈ വന്നു പതിച്ചപ്പോളാണ് ഞാൻ പുറകിൽ ഒരാളുണ്ടെന്നു തന്നെ അറിഞ്ഞത്

“ഏത് മൈ… ”

തിരിഞ്ഞു നോക്കിയപ്പോളാണ് നല്ല കലിപ്പിൽ നിൽക്കുന്ന ലച്ചുവിനെ കാണുന്നത്. തൊട്ടടുത്തു തന്നെ ചിരിച്ചുകൊണ്ട് മാളുവും നിൽപ്പുണ്ട്. ഒരുപാട് ധൈര്യത്തിന് കൂട്ടുക്കാരെ നോക്കിയപ്പോൾ ആട് കിടന്നിടത് പൂട പോലും ഇല്ല എന്ന അവസ്ഥ. എല്ലാം ലച്ചുവിനെയും മാളുവിനെയും കണ്ടപ്പോൾ ഓടി

“ബാക്കി പറയടാ… എന്താ നിർത്തിയത് ”

“ഈ… ”

“ചിരിക്കല്ലെട്ടോ… എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് ”

“അറിയാതെ വിളിച്ചതല്ലേ.. ഞാൻ അറിഞ്ഞോ നീ ആണെന്ന് ”

“അത് മാത്രമല്ല… നീ ഇവിടെ എന്തെടുക്കുവായിരുന്നു ”

ഞാൻ വായിൽ നോക്കി നിന്നതെല്ലാം ഇവൾ കണ്ടു എന്നുറപ്പായി

“അത്… പിന്നെ… ആ ഞാൻ നീ വരുന്നതും നോക്കി നിക്കുവായിരുന്നു ”

“മോളെ ഇവൻ പറയുന്നതൊന്നും വിശ്വസിക്കല്ലെട്ടോ ഇവൻ ഇവിടെ ഉള്ള പിള്ളേരുടെ മുഴുവൻ കളക്ഷൻ എടുക്കുവായിരുന്നു ”

അതല്ലെങ്കിലും അങ്ങനെ തന്നെ വേണമല്ലോ എന്റെ അല്ലെ പെങ്ങൾ അപ്പൊ കിട്ടിയ അവസരത്തിൽ എനിക്കിട്ട് താങ്ങണമല്ലോ…

ലച്ചു പിന്നെ ഒന്നും പറയാൻ നിൽക്കാതെ എന്നെ നോക്കി പേടിപ്പിച്ചിട്ട് കോളേജിന്റെ ഉള്ളിലേക്ക് നടന്നു പോയി. എനിക്കിട്ട് നന്നായി പണിതിട്ട് നിന്നു ചിരിക്കുവാണ് എന്റെ പെങ്ങൾ

“നീ ചിരിക്കല്ലെട്ടോ മാളു… ഞാൻ ഇനി അതിനെ സമാധാനിപ്പിക്കാൻ കുറെ പാടുപെടും ”

“അത് നീ ആവശ്യമില്ലാത്ത പണിക്ക് പോയിട്ടല്ലേ… ”

“നീ എന്റെ അടുത്ത് വരും മോളെ അന്ന് ഞാൻ തന്നോളാം ഇതിനുള്ളത് ഇപ്പൊ ഞാൻ അവളെ ഒന്ന് ഡീൽ ചെയ്യട്ടെ ”

“ടാ… എന്നെ കാണാൻ എങ്ങനെ ഉണ്ടെന്ന് പറഞ്ഞിട്ട് പോടാ ”

“പോയി നിന്റെ കെട്യോനോട് ചോദിക്കടി പിശാശേ… ”

എന്റെ ദേഷ്യം കണ്ട് ചിരിക്കുന്ന മാളുവിനെ ഒന്നുകൂടി നോക്കിപ്പേടിപ്പിച്ചിട്ട് ഞാൻ ലച്ചുവിനെ സമാധാനിപ്പിക്കാൻ കോളേജിനുള്ളിലേക്കു നടന്നു.

Comments:

No comments!

Please sign up or log in to post a comment!