പെൺപട

“മോനെ.. നീയിത് എവിടെയാ ഞങ്ങളെ ഇങ്ങനെ വെഷമിപ്പിക്കല്ലേ”

“എന്നെയോർത്ത് ആരും വേഷമിക്കണ്ടാ”

“നീയിങ്ങ് തിരിച്ചുവാ നമുക്ക് എല്ലാത്തിനും പോംവഴിയുണ്ടാക്കാം.”

“എന്റെ തീരുമാനത്തിന് മാറ്റമില്ലമ്മേ….അറിഞ്ഞുകൊണ്ടൊരു ചതിക്ക് ഞാനില്ല.ഇനി എന്നെ വിളിച്ചാൽ കിട്ടില്ല. ഞാൻ ഫോൺ ഓഫ്‌ ചെയ്യുവാണ്”

ഫോൺകോൾ തീർത്ത അസ്വാസ്ഥ്യം തണുത്തൊരു കാറ്റ് കവിളുകളിൽ തഴുകും വരെ തുടർന്നു.

അലക്സ്‌ ബസ്സിറങ്ങിയപ്പോഴേക്കും നദിക്കര തീർത്തും വിജനമായിരുന്നു.ഗ്രാമത്തെപ്പറ്റി പ്രഫസ്സർ പറഞ്ഞ ഒടുവിലത്തെ വരി അയാളുടെ മനസ്സിലൂടെ കടന്നു പോയി. ‘കൗമാരത്തിലെ അമ്മയാകുന്ന പെണ്ണിനെപ്പോലെ സന്ധ്യക്ക്‌ മുന്നേ നേരം രാത്രിയുടെ ഇരുട്ടിനെ ഉദരത്തിൽ ചുമക്കുന്നു.’

കുറച്ചുനേരം കൂടി അയാൾക്ക് അവിടെ നിൽക്കണമെന്നുണ്ടായിരുന്നു എന്നാൽ ക്ഷണനേരം കൊണ്ട് പതഞ്ഞിറങ്ങുന്ന ഇരുട്ടും കോടമഞ്ഞും ചുറ്റും ഭീതി നിറച്ചു.

“എന്തായിരുന്നു അയാളുടെ പേര് “ മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾ ചുറ്റുമുള്ള നേർത്ത ഇരുട്ടിൽ വള്ളക്കാരനെ പരതി.

“സാബ്…. ഇങ്ങോട്ട് വാ” മഞ്ഞിനിടയിൽ നിന്ന് ആരോ അയാളെ കൈകൊട്ടി വിളിച്ചു.

“അലക്സ്‌ സാറല്ലേ…. പ്രഫസർ പറഞ്ഞിരുന്നു” കയ്യിൽ പങ്കായം പിടിച്ചൊരു നിഴൽ അയാൾക്ക്‌ നേരെ കൈനീട്ടി.

സ്ഥാനം തെറ്റികിടന്ന മങ്കിക്യാപ് നേരെയാക്കികൊണ്ട് അലക്സ്‌ വള്ളത്തിലേക്ക് വലത്കാൽ വെച്ചു.

“കുറച്ചുകൂടി നേരത്തെ വരായിരുന്നില്ലേ സാബ്.ഇവിടെ നേരത്തെ ഇരുട്ടിറങ്ങും ആറുമണിയൊക്കെ കഴിഞ്ഞാ പിന്നെ നേരെ എതിരെ നിക്കുന്നവനെപോലും കാണാൻ കഴിയില്ല.”ധൃതിയിൽ വള്ളം തുഴയുന്നതിന്റെ ഇടയിൽ അയാൾ പറഞ്ഞു.

ദൂരെ നിന്ന് കണ്ടതിലും ചെറുപ്പമായിരുന്നു വള്ളക്കാരൻ എന്ന് അലക്സ്‌ വിലയിരുത്തി.

“നിങ്ങടെ പേര് പ്രഫസർ പറഞ്ഞിരുന്നു.ഞാൻ മറന്നു… “

“ഗംഗാറാം “ മോണ കാട്ടിച്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

“ സാബ് ഏത് പത്രത്തിൽ നിന്നാണ്” ചിരിക്കുശേഷം ആകാംഷാപൂർവ്വം ഗംഗാറാം ചോദിച്ചു.

“പത്രമല്ല മാഗസിൻ ആണ്.’മിസ്റ്റിരിയസ് ഇന്ത്യ’. ഇന്ത്യയിലുടനീളമുള്ള നിഗൂഢമായ സ്ഥലങ്ങളെ പറ്റിയുള്ള അന്വേഷണങ്ങളാണ് ഞങ്ങളുടെ കണ്ട ന്റ് “

വാക്കുകൾ പലതും മനസ്സിലായില്ലെങ്കിലും ഗ്രാമത്തെപ്പറ്റിയുള്ള വിവരങ്ങളാണ് അലക്സിനറിയേണ്ടത് എന്ന് ഗംഗറാമിന് ബോധ്യമായി.

“ഇങ്ങനെ കുറച്ച് പേര് വരാറുണ്ട് സാബ്.ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾ, പത്രക്കാര് ചില ചരിത്രകാരന്മാര്.

എല്ലാവരും രണ്ട് ദിവസം ഗ്രാമത്തിൽ ചിലവഴിച്ച് മടങ്ങും.” നദിയിലേക്ക് നോക്കി അലസഭാവത്തിൽ ഗംഗാറാം പറഞ്ഞു.

“രണ്ട് ദിവസത്തിൽ കൂടുതൽ ആരേയും ഗ്രാമത്തിൽ നിർത്താറില്ല എന്നും ഞാൻ കേട്ടിട്ടുണ്ട്”

“എല്ലാത്തിനും ഒരു നിയമം വേണ്ടേ സാബ്.” അലക്സ്‌ പറഞ്ഞത് തീരെ പിടിക്കാത്ത മട്ടിൽ അയാൾ പറഞ്ഞു.

“പുറം ലോകത്തിൽ നിന്ന് എന്തെങ്കിലും മറയ്ക്കേണ്ടവർക്കല്ലേ അതിന്റെ ഒക്കെ ആവശ്യം ഉള്ളു” അലക്സ്‌ വിട്ടുകൊടുത്തില്ല.

“രണ്ട് ദിവസം ഗ്രാമത്തിൽ തങ്ങാനനുവദിക്കുക.ആചാരങ്ങൾക്ക് ഉളളിൽ നിന്നുകൊണ്ടുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുക.ഇതായിരുന്നു പ്രഫസറുടെ വാക്കുകൾ.ഗ്രാമത്തെ പറ്റിയും ഞങ്ങളുടെ സംസ്കാരത്തെപ്പറ്റിയും എഴുതാൻ വരുന്നൊരു പത്രക്കാരൻ എന്ന നിലയിലാണ് പ്രഫസർ നിങ്ങളെ പരിചയപ്പെടുത്തിയത്.അതിൽ കൂടുതലൊന്നും എന്റെ പരിധിയിൽ വരുന്നതല്ല” ഒരു വേള തുഴയൽ നിർത്തിക്കൊണ്ട് ഗംഗാറാം പറഞ്ഞു.

“എനിക്കറിയേണ്ടത് ഗ്രാമത്തെ പറ്റിയാണ് പക്ഷെ അവിടത്തെ സംസ്കാരത്തെപ്പറ്റിയല്ല”

“പിന്നെ “

“പെൺമലയെ പറ്റിയാണ്….പിന്നെ എല്ലാ വർഷവും ഇന്നേ ദിവസം ഗ്രാമത്തിൽ സംഭവിക്കുന്ന ആ പ്രതിഭാസത്തെ കുറിച്ചും “

വിരിഞ്ഞുനിന്ന ഇരുട്ടിലും ഗംഗാറാമിന്റെ മുഖത്ത് തെളിഞ്ഞ ഭയത്തെ അലക്സ്‌ ഗ്രസിച്ചു.

“അത്…. അപകടമാണ് സാബ്”

“എന്തുകൊണ്ട്”

“അതിന് പിന്നിൽ ഒരുപാട്‌ പഴയങ്കഥകളുണ്ട്”

“അത് കേൾക്കാനാണ് ഞാൻ വന്നത്.”

“അതൊന്നും ആരോടും പറയരുതെന്ന് വിലക്കുണ്ട്. മുതിർന്നവർ സമ്മതിക്കില്ല “

“തനിക്ക് മുംബൈയിൽ ഒരു ജോലി ശരിയായിട്ടും പോവാൻ കഴിഞ്ഞില്ല അല്ലേ. എന്തേ പണമായിരുന്നോ പ്രശ്നം“

“ചെറുപ്പക്കാർക്കൊക്കെ ഇവിടെ നിന്ന് രക്ഷപ്പെടണം എന്നുണ്ട് സാബ്.ഈ വിശ്വാസങ്ങളും ആചാരങ്ങളും മടുത്തു.എന്റെ കാര്യം തന്നെ കണ്ടില്ലേ.ഗ്രാമമതിന് അനുവദിക്കുന്നില്ല.ഒളിച്ചോടാമെന്നുവെച്ചാൽ പണം ആരുതരാനാണ്”പറഞ്ഞു തീർന്നതും അലക്സ്‌ ബാഗിൽ നിന്ന് പുറത്തേക്ക് വെച്ച നോട്ടുകെട്ടിൽ അയാളുടെ കണ്ണുകൾ പതിഞ്ഞു.

“ഗ്രാമത്തിലെത്തുന്നതിന് മുൻപേ എന്നിക്കറിയേണ്ടത് പറഞ്ഞാൽ.ഇത് നിന്റേതാണ്”

ആ വാഗ്ദാനം അയാൾക്ക് നിരസിക്കാവുന്നതിലും അപ്പുറമായിരുന്നു.

“സാബ് മറ്റാരും ഇതറിയരുത് “

“അതെന്റെ ഉറപ്പ്”

നദിയുടെ ഏതോ ധ്രുവത്തിൽ അയാൾ തുഴച്ചിൽ നിർത്തി കാറ്റിനോടൊപ്പം സ്വയമലിഞ്ഞൊരു പഴങ്കഥയായി.അലക്സ്‌ അതിന് കാതോർത്തു.

“സാബിനറിയാമല്ലോ നാരിബാഗ് ഗ്രാമം ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഈറ്റില്ലമാണ്.
ഏകദേശം നൂറ് നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ്.വിശ്വാസങ്ങളുടെ കറുപ്പ് ഇതിലും കഠിനമായിരുന്നു.ഗ്രാമത്തിൽ പിറന്നു വീഴുന്ന ഓരോ കടിഞ്ഞൂൽ പെൺകുഞ്ഞും ശാപമായിരുന്നു.പൊക്കിൾകൊടി മുറിയുന്ന നിമിഷം അമ്മമാർ കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് നാരീഘട്ടിലേക്ക് പുറപ്പെടും.നഗ്നയായി കിടക്കുന്ന സുന്ദരിയുടെ തുടകൾപോലെ രണ്ട് മലകൾ. അവയ്ക്കിടയിൽ ആണുങ്ങൾക്ക് പ്രവേശനമില്ലാത്ത യോനിപോലൊരു ഗുഹ.അതിനുള്ളിലാണ് നാരീമായുടെ ക്ഷേത്രം.അവിടെ അവർ സ്വന്തം കുഞ്ഞുങ്ങളെ ബലി നൽകും.കരഞ്ഞവശരായി വള്ളം തുഴഞ്ഞു വരുന്ന അമ്മമാർ നാരീഭാഗിന് സ്ഥിരം കാഴ്ചകളായിരുന്നു. കുറ്റബോധത്താൽ ചിലർ നദിയുടെ ആഴങ്ങളിൽ അഭയം പ്രാപിച്ചു.

എന്നാൽ വിധിയുടെ ഒഴുക്കിനെ ഗതി മാറ്റി വിട്ട സംഭവം നടന്നത് ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസമാണ്.ഗ്രാമത്തെ മുഴുവൻ പൂർണമായി ഇരുട്ട് വിഴുങ്ങുന്ന കറുത്ത വാവിന്റെയന്ന്. ഇരുട്ടിനെ ഭയന്ന് എല്ലാവരും കൂരകളിലൊളിച്ചിരുന്നു.

പെട്ടെന്നാണ് നദിതീരത്തുനിന്ന് കാൽപെരുമാറ്റങ്ങൾ കേട്ടുതുടങ്ങിയത്.കുതിര കുളമ്പടിപോലെ അവ മുഴങ്ങി.ഉറക്കച്ചടവോടെ കൂരകളിൽനിന്ന് ഒളിഞ്ഞുനോക്കിയ കണ്ണുകളിൽ ഭീതിനിറച്ചുകൊണ്ട് പെൺപട കടന്നുപോയി.ഒന്നല്ല പത്തല്ല നൂറുകണക്കിന് പെണ്ണുങ്ങൾ. പെൺമലയെ പോലെ നഗ്നമായ തുടുത്ത തുടകളിളക്കി അവർ ഗ്രാമത്തിന്റെ വീഥികളിലൂടെ നടന്നു.അവരുടെ കാലുകളിലെ കൊലുസ്സുകൾ ഗ്രാമത്തിന്റെ ഞരമ്പിനെ മരവിപ്പിച്ചു.തങ്ങളെ ഉപേക്ഷിച്ച ഗ്രാമത്തെയവർ രാത്രി മുഴുവനും മതിവരുവോളം കണ്ട് നടന്നു.പെണ്ണുങ്ങളിൽ സ്വന്തം മക്കളെ കണ്ട ചില കണ്ണുകൾ കുടിലുകൾക്കുള്ളിൽ നീറി.എന്നാൽ നേരം വെളുത്തപ്പോഴേക്കും പെൺപട എങ്ങോ അപ്രത്യക്ഷമായിരുന്നു.പിന്നീട് എല്ലാ വർഷവും കറുത്ത വാവിന്റെയന്ന് പെൺപട ഗ്രാമത്തിലേക്കെത്തുന്നു.ഇന്ന് രാത്രിയും അവരെത്തും.”

“അവർ ബലികൊടുക്കപ്പെട്ട പെണ്ണുങ്ങളുടെ ആതമാക്കളാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ” കഥ നിറച്ച ആകാംഷപൂർവ്വം അലക്സ്‌ ചോദിച്ചു.

“പിന്നല്ലാതെ”

“ഒരുപക്ഷെ അമ്മമാർ ബലികൊടുക്കാതെ രഹസ്യമായി കുഞ്ഞുങ്ങളെ വളർത്തുന്നതാണെങ്കിലോ? “

“ഇത്രയും കാലം ജരാനരകൾ ബാധിക്കാത്ത പെണ്ണുങ്ങൾ.അവരെല്ലാം തന്നെ ചെറുപ്പമാണ് സാബ്.അതിന്റെ യുക്തിയെന്താണ്.”

അലെക്സിന്റെ കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു.

“നഗരത്തിന്റെ വെളിച്ചത്തിൽ നിന്ന് എല്ലാത്തിനെയും നിങ്ങൾക്ക് യുക്തിപൂർവ്വം നോക്കികാണാം പക്ഷെ ഇവിടെ എതിരെ നിക്കുന്നവനെ മറച്ചുപിടിക്കുന്ന ഈ ഇരുട്ടിൽ.
തലച്ചോറിന് ഒരു രാസപ്രക്രിയയെ വശമുള്ളൂ സാബ്.അത് ഭയത്തിന്റെതാണ്.”

“ഗംഗാറാം നീയെനിക്കൊരു ഉപകാരം ചെയ്യണം.”

“പറയൂ സാബ് “

“എനിക്ക് ഗ്രാമത്തിലേക്ക് പോവണ്ട “

“പിന്നെ?? “

“നീയെന്നെ നാരീഘട്ടിലേക്ക് കൊണ്ടുപോകു.”

“സാബ് !!! അവിടെ ആണുങ്ങൾക്ക് പ്രവേശനമില്ല”

“ദൂരെ നിന്നൊന്ന് കണ്ടാൽ മതി “അലക്സ്‌ കുറച്ച് പണം കൂടി അയാളുടെ മുന്നിലേക്ക് വെച്ചു.

തുഴയുടെ ദിക്ക് ഗ്രാമത്തിന്റെ വലതു വശത്തേക്ക് മാറിയിരുന്നു.നാരീഭാഗിനെ തൊടാതെ വള്ളം പെൺ മലയിലേക്ക് യാത്രയായി.കാഴ്ചയുടെ വരമ്പുകൾക്കപ്പുറം അവളുടെ തുടകൾ ദൃശ്യമായി.വള്ളം അതിലേക്ക് കൂടുതൽ അടുത്തു.

“ഇതിനപ്പുറം അപകടമാണ് സാബ്.മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു എഴുത്തുകാരന്റെ നിർബന്ധത്തിന് വഴങ്ങി ഞാനയാളെ ഇവിടെവരെ കൊണ്ടുവന്നു.ഞാൻ നോക്കിനിൽക്കേ അയാൾ വെള്ളത്തിലേക്കെടുത്ത് ചാടി പെണ്മലയിലേക്ക്ക് നീന്തി കയറി കാട്ടിൽ മറഞ്ഞു.ആ വർഷം കറുത്ത വാവിന്റെയന്ന് ഗ്രാമത്തിലെത്തിയ പെൺപടയുടെ മുന്നിൽ നടന്ന പെണ്ണിന്റെ കയ്യിൽ അയാളുടെ ചേതനയറ്റ ശിരസ്സുണ്ടായിരുന്നു.

മുന്നറിയിപ്പാണ് സാബ് മുന്നറിയിപ്പ് …. ആണുങ്ങൾക്ക് അവിടെ പ്രവേശനമില്ല.”

ഗംഗാറാം അത് പറഞ്ഞുതീർന്നതും അയാളെ ഞെട്ടിച്ചുകൊണ്ട് അലക്സ്‌ വെള്ളത്തിലേക്കെടുത്ത് ചാടി.പിന്നിൽ നിന്നുള്ള വിളികളെ അയാൾ ചെവിക്കൊണ്ടില്ല.ഗംഗാറാം നിസ്സഹായനായി നോക്കിനിൽക്കേ അലക്സ്‌ പെണ്മലയുടെ ഇരുട്ടിൽ മറഞ്ഞു.മണിക്കൂറുകൾ കാത്തിരുന്ന ശേഷം നിരാശനായി അയാൾ ഗ്രാമത്തിലേക്ക് മടങ്ങി.

കറുത്തവാവിന്റെ ഇരുട്ട് ഗ്രാമത്തെ മൂടിയിരുന്നു.പെൺപടയുടെ വരവിനായി കാതോർത്തുകൊണ്ട് മനുഷ്യർ കൂരകളിൽ ഉറക്കമഭിനയിച്ച് കിടന്നു.ഗ്രാമത്തിന്റെ നനഞ്ഞ മണ്ണിൽ കാൽ പാദങ്ങൾ പതിഞ്ഞു.വലിയൊരു ആരവത്തോടെ ഗ്രാമമധ്യത്തിലേക്ക് പെൺപടയെത്തി.നിർഭാഗ്യകരമായ വാർത്തയുടെ സ്ഥിരീകരണത്തിനായി ഗംഗാറാം ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് നോക്കി.

പെൺപടയുടെ മുന്നിലായി നടന്ന പെണ്ണിന്റെ കൈകളിലേക്ക് അയാളുടെ നോട്ടം പതിഞ്ഞു.തന്റെ ഉച്ചത്തിലുള്ള ഹൃദയതാളം മറ്റാരും കേൾക്കാതിരിക്കാൻ അയാൾ ശ്വാസമടക്കി.ഇരുട്ടിൽ പ്രതീക്ഷയുടെ ഒരു തിരി തെളിഞ്ഞു.അവളുടെ കൈകൾ ശൂന്യമായിരുന്നു.

എന്നാലവളുടെ മുഖം കണ്ട ഗംഗാറാം നടുങ്ങി.യഥാർഥ്യത്തെ ഉറപ്പിക്കുവാനായി അയാൾ വീണ്ടും വീണ്ടും കണ്ണുകൾ തിരുമി.കണ്മുന്നിൽ കണ്ട കാഴ്ചയുടെ തീർച്ചയിൽ അത്ഭുതത്താൽ ആ കണ്ണുകൾ നിറഞ്ഞു.

പെൺപടയുടെ മുന്നിൽ നടന്ന പെണ്ണ്….
അത്… അലക്സായിരുന്നു!!!

കൂട്ടുകാർ കളിയാക്കിയിരുന്ന.വീട്ടുകാർ വെറുത്തിരുന്ന.മതം അംഗീകരിക്കാതിരുന്ന.സമൂഹം ഒറ്റപ്പെടുത്തിയിരുന്ന.അവന്റെ ഉള്ളിലെ പെണ്ണിനെ ഒരു നോട്ടം കൊണ്ടുമാത്രം അവർ തിരിച്ചറിഞ്ഞു.

പെൺപടയിലൊരാളായി അവൾ നടന്നു.അവരുടെ കൊലുസ്സുകളുടെ താളങ്ങൾ ഗ്രാമത്തിന് മേൽ പേമാരിപോലെ പെയ്തിറങ്ങി.

അതിൽ ഏറ്റവും മുഴക്കമുള്ള കൊലുസ്സുകൾ അവളുടേതായിരുന്നു അലക്സിന്റെതായിരുന്നു.

ഗ്രാമത്തിന്റെയും കാലത്തിന്റെയും ഇരുട്ടിലേക്ക് അവർ നടന്നകന്നു.പിന്നീടാരും പെൺപടയെ കണ്ടതുമില്ല കേട്ടതുമില്ല.

Comments:

No comments!

Please sign up or log in to post a comment!