പ്രാണേശ്വരി 8

“മണ്ണിൽ ഇന്ത കാതൽ ഇൻഡ്രി യാരും വാഴ്തൽ കൂടുമോ

എണ്ണം കണ്ണി പാവൈ ഇൻഡ്രി ഏഴു സ്വരം താൻ പാടുമോ

പെൺമൈ ഇൻഡ്രി മണ്ണിൽ ഇൻബം യേതടാ

കണ്ണയ് മൂടി കനവിൽ വാഴും മാനിട ”

ഇളയരാജ SPB കോംബോ, ആ പാട്ട് എപ്പോ കേട്ടാലും ഒരു പ്രിത്യേക ഫീൽ ആണ്. ഇപ്പൊ പിന്നെ സ്വന്തമായി ഒരു പ്രേമം കൂടി ആയപ്പോ ഇതുവരെ തോന്നാത്ത അർഥങ്ങൾ ഒക്കെ തോന്നുന്നു. എനിക്ക് പണ്ട് തൊട്ടേ ഉള്ള ശീലമാണ് നല്ല പാട്ട് കേട്ടാൽ അറിയാതെ ആ കൂടെ പാടിപ്പോകും, ഞാൻ പതിയെ കണ്ണടച്ച് കാറിൽ ചാരിക്കിടന്നു പതിയെ മൂളി… പാട്ട് നിന്നപ്പോളാണ് കണ്ണ് തുറക്കുന്നത്. പാട്ട് തീരാൻ ആയിട്ടില്ല പിന്നെ എങ്ങനെ ഓഫ്‌ ആയി എന്ന് നോക്കുമ്പോളാണ് എന്നെ നോക്കി ചിരിക്കുന്ന മാളു ചേച്ചിയെ കാണുന്നത്.

“എന്താടി പിശാശേ പാട്ട് നിർത്തിയത്… ”

“ഓ എന്തിനാ പാട്ട് വക്കുന്നത്. നീ പാടുന്നുണ്ടല്ലോ ”

“അത് ഞാൻ ചുമ്മാ പാടിയതല്ലേ, നീ വക്ക് നല്ല പാട്ടാണ് കേക്കട്ടെ ”

“ഡാ ചെക്കാ ഒന്നര മണിക്കൂർ യാത്രയുണ്ട് അവിടെ വരെ വല്ലതും സംസാരിച്ചോണ്ടിരിക്കടാ, അല്ലെങ്കിൽ ഞാൻ ബോർ അടിച്ചു മരിക്കും ”

“ബോർ അടിക്കാതെ ഇരിക്കാനല്ലേ പാട്ട് വക്കാൻ പറഞ്ഞത് ”

“അങ്ങനെ പാട്ട് വെക്കുന്നില്ല, നീ വല്ലതും സംസാരിക്ക്‌ ”

ഞങ്ങൾ ഇത്രയും ഒച്ചയെടുത്തിട്ടും പുറകിൽ നിന്നും ഒരാളുടെ ഒച്ച കേൾക്കാനില്ല, ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങുന്ന ആന്റിയെ ആണ്, അങ്ങനെ ഒരാൾ മാത്രമായ് സുഖിക്കണ്ട എന്ന് ഞാൻ ഉറപ്പിച്ചു. തല പതിയെ രണ്ട് സീറ്റിന്റെയും ഇടയിൽ കൂടെ ഇട്ട് നല്ല ഉച്ചത്തിൽ തന്നെ പേടിപ്പിച്ചു

“ഠോ… ”

ഞാൻ പേടിപ്പിച്ചതും ആൾ ഞെട്ടി ഉണർന്നു

“അമ്മേ… ”

ഞെട്ടി എഴുന്നേറ്റ് നെഞ്ച് തടവുകയാണ് ആന്റി, പിന്നെ എന്നെ നോക്കി ഒരു ദഹിപ്പിക്കലും

“ഡാ നിന്റെ കളി കുറച്ചു കൂടുന്നുണ്ട് കേട്ടോ, എന്റെ നല്ലജീവൻ പോയി ”

“അയ്യടാ അങ്ങനെ ഒറ്റയ്ക്ക് കിടന്നുറങ്ങണ്ട. വീട്ടിൽ ചെന്നിട്ട് രാത്രി കിടന്നുറങ്ങാം. ഇപ്പൊ വല്ലതും സംസാരിച്ച് ഇരിക്കാം ”

“എന്ത് സംസാരിക്കാൻ,… ആ നിന്റെ കോളേജിലെ വിശേഷങ്ങൾ പറ ”

“ഓഹ്‌ കോളേജിൽ എന്ത് വിശേഷം… അങ്ങനെ പോണു ”

“അങ്ങനെ പോയാൽ പോരല്ലോ.നന്നായി തന്നെ പോണം കുറെ കാലം കഴിഞ്ഞു ആലോചിക്കുമ്പോൾ ഓർത്തു വക്കാൻ വല്ലതും വേണം. ”

“ആ അതിനുള്ളതൊക്കെ അവൻ അവിടെ ഉണ്ടാക്കുന്നുണ്ടമ്മേ ”

എന്നോടുള്ള ആന്റിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് മാളു ചേച്ചി ആണ്.

അവൾ അത് പറഞ്ഞപ്പോൾ ആന്റി എന്നെ ഒന്ന് നോക്കി. എന്നിട്ട് അവളോടായി ചോദിച്ചു

“എന്താടി കാര്യം ”

“ഒന്നൂല്ലമ്മേ ഞാൻ ചുമ്മാ പറഞ്ഞതാ ”

“ചുമ്മാതെ ഒന്നും അല്ല, എന്തോ ഉണ്ട്… നീ പറയടാ മൊട്ടെ എന്താ സംഭവം ”

“ഒന്നൂല്ലാന്റി അവൾക്കു വട്ടാ ”

“അതൊന്നുമല്ല, എന്തോ ഉണ്ട്. എന്നോട് പറയടാ ഞാൻ ആരോടും പറയില്ല ”

എന്നെ ധര്മസങ്കടത്തിൽ ആക്കിയിട്ടു ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞു വണ്ടി ഓടിക്കുകയാണ് എന്റെ പുന്നാര ചേച്ചി. ഞാൻ അവളുടെ മുഖത്തു നോക്കിയപ്പോൾ ആ ചുണ്ടിൽ ഒരു ചെറിയ ചിരി ഉണ്ട്. നിന്നെ ശരിയാക്കി തരാം മോളെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു

“നീ ഇരുന്ന് ആലോചിക്കാതെ കാര്യം പറയടാ… എന്താ ഏതെങ്കിലും പെൺകുട്ടിയെ വളച്ചോ… ”

ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ഞാൻ മാത്രമല്ല മാളുവും ഞെട്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൾ തിരിഞ്ഞ് ആന്റിയെ ഒന്ന് നോക്കി. അതും കൂടി കണ്ടപ്പോൾ ആന്റിക്ക് ഉറപ്പായി അതാണ്‌ കാര്യമെന്ന്

“അപ്പൊ അത് തന്നെ കാര്യം, ഇനി എല്ലാം മുഴുവനായി പറ, ആരാ എന്താ എല്ലാം പോരട്ടെ ”

ഞാൻ ആലോചിച്ചപ്പോൾ പറഞ്ഞാലും കുഴപ്പമില്ല, അമ്മക്കറിയാം പിന്നെ ആന്റി അറിഞ്ഞാൽ എന്താ കുഴപ്പം, എന്നാലും പ്രേമ കഥ ആന്റിയോട് പറയുക എന്ന് വച്ചാൽ ആകെ ചളിപ്പാണ്. അതുകൊണ്ട് തന്നെ ഞാൻ കഥ മുഴുവനായ് ഒന്ന് ചുരുക്കി പറയാൻ ഉറപ്പിച്ചു

“ഞാൻ പറയാം പക്ഷെ എന്നെ കളിയാക്കരുത് ”

“ഏയ്‌, കളിയാക്കില്ല നീ പറ ”

“അത്… അവളുടെ പേര് ലക്ഷ്മി, അച്ഛൻ ഇല്ല അമ്മയും അനിയത്തിയും മാത്രമേ ഉള്ളു…. ”

പിന്നെ കഥ ഒന്ന് ചുരുക്കി പറഞ്ഞു. ആദ്യ ദിവസം തല്ലുകിട്ടിയതും, ഇന്നലെ അടി ഉണ്ടാക്കിയതും മാത്രം മറച്ചുവച്ചു. അടിയുടെ പാടൊക്കെ ഇന്നലെ തന്നെ മാഞ്ഞു പോയത് കൊണ്ട് അത് അറിഞ്ഞതും ഇല്ല

“ഹ്മ്മ്… കൊള്ളാല്ലോടാ നീ ”

“എന്നെ കളിയാക്കില്ല എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇത് പറഞ്ഞത്”

“ആ കളിയാക്കുന്നോന്നും ഇല്ല, പിന്നെ വേറൊരു കാര്യം ഇതൊന്നും അത്ര സീരിയസ് ആയി എടുക്കണ്ട. എല്ലാത്തിനും തയാറായി വേണം ഇരിക്കാൻ. എന്തെങ്കിലും സംഭവിച്ചാൽ തളർന്നു പോകരുത് ”

അമ്മയുടെ മോൾ തന്നെ , എത്ര പെട്ടന്നാ കോമഡിയിൽ നിന്നും ട്രാജഡി ആയത്,

“എന്റെ പൊന്നോ… തുടക്കം തന്നെ നെഗറ്റീവ് അടിക്കല്ലേ തള്ളേ… ”

“നെഗറ്റീവ് അടിച്ചതൊന്നും അല്ല. എല്ലാ പ്രണയങ്ങളും വിജയങ്ങൾ ആവില്ല ആ ഒരു സാധ്യത പറഞ്ഞതാ ”

അത് പറയുമ്പോൾ ആന്റിയുടെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നോ.
. എന്തായാലും ഒന്ന് കേറി ചൊറിഞ്ഞു നോക്കാം എന്തെങ്കിലും തടഞ്ഞാലോ

“എന്താണ് ആന്റി അത് പറയുമ്പോ ഒരു വിഷമം, ഒരു പൊട്ടിപൊളിഞ്ഞ പ്രേമം മണക്കുന്നുണ്ടല്ലോ ”

“ഒന്ന് പോയെടാ ചെക്കാ ”

ആന്റി പിന്നിൽ നിന്നും കൈ എത്തിച്ചു എന്റെ ഷോള്ഡറില് പതിയെ അടിച്ചു

“നാൺ വന്നു നാൺ വന്നു ലീലക്കുട്ടിക്ക് നാൺ വന്നു ”

“ഡാ മതി നിർത്തിക്കോ… ”

അവസാനം പറഞ്ഞത് കാര്യമായായിരുന്നു, ഓർക്കാൻ ഇഷ്ടമല്ലാത്ത കാര്യമാവും ഇനീപ്പോ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോ ശരിക്കും ദേഷ്യപ്പെടും അത് കൊണ്ട് ഞാൻ ആ സംസാരം അവിടെ നിർത്തി. അപ്പോഴും ഞങ്ങളുടെ സംസാരം എല്ലാം കേട്ട് ചെറിയ ചിരിയോടെ വണ്ടി ഓടിക്കുകയാണ് മാളു ചേച്ചി

“എന്താടി ചേച്ചി നിനക്കിപ്പോ ഒന്നും സംസാരിക്കാനില്ലേ, ഞാൻ ഒന്ന് കിടന്നപ്പോ എന്നെ കുത്തിപ്പൊക്കിയതാ എന്നിട്ടിപ്പോ അവൾ മിണ്ടാതെ ഇരിക്കുന്നു ”

“അതിന് എനിക്ക് സംസാരിക്കാൻ സമയം തരണ്ടേ… ആന്റിയും മകനും കൂടെ ഭയങ്കര സംസാരമല്ലായിരുന്നോ ”

“ആ ഞങ്ങളുടെ സംസാരം കഴിഞ്ഞു ഇനി നീ പറ “.

അവൾ പിന്നെ സംസാരിച്ചു തുടങ്ങിയാൽ നോണ്സ്റ്റോപ് ആണ്, സമയം പോകാൻ ഇതിലും നല്ല വഴി വേറെ ഇല്ല. സംസാരിച്ച് സംസാരിച്ച് വീട് എത്താറായി വണ്ടി തിരക്കിൽ നിന്നും അതികം വണ്ടികൾ ഒന്നും പോകാത്ത വഴിയിൽ എത്തി

“ഡാ മുത്തേ നിനക്ക് കാർ ഓടിക്കാൻ അറിയോ ”

“അറിയാം പക്ഷെ അത്ര എക്സ്പെർട് അല്ല ”

“നിനക്ക് കാർ ഓടിക്കണോ… ”

“വേണ്ടടി എനിക്ക് പേടിയാ … പുതിയ വണ്ടി അല്ലെ ”

“അതിനെന്താ നീ ഓടിച്ചോ ”

“എന്നാലും… ”

“ഒരെന്നാലും ഇല്ല, നീ ഓടിക്കുന്നു ”

അവൾ വണ്ടി ഇടതു സൈഡ് ചേർത്ത് നിർത്തി,ഞാൻ പേടിച്ചു പേടിച്ചാണ് ഡ്രൈവിംഗ് സീറ്റിൽ കയറിയത് . പേടി കൊണ്ടാണോ എന്തോ ആദ്യം തന്നെ പരാജയം ആയിരുന്നു ഗിയർ ഇട്ട് ക്ലച്ചിൽ നിന്നും കാൽ എടുത്തതും വണ്ടി മുന്നോട്ട് ഒന്ന് കുതിച്ച് ഓഫ്‌ ആയി. ഒരു രണ്ട് വട്ടം ഇങ്ങനെ തുടർന്നു മൂന്നാം വട്ടം വിജയിച്ചു. കുറച്ചു ദൂരം ഓടിച്ചപ്പോൾ പേടി ഒക്കെ മാറി. എന്നാലും സൂക്ഷിച്ചു പതിയെ ആണ് ഞാൻ വണ്ടി ഓടിച്ചത്.

ഞാൻ വണ്ടി ഓടിക്കുന്നത് കൊണ്ട് അവളുടെ വലത്തേ കൈ ഹാൻഡ് ബ്രേക്കിൽ ആണ് എന്തെങ്കിലും സംഭവിച്ചാൽ പെട്ടന്ന് വണ്ടി നിർത്തണ്ടേ. 15 km എത്താൻ അര മണിക്കൂർ എടുത്തു അത്രയും പതുക്കെ ആണ് ഞാൻ വണ്ടി ഓടിച്ചത്

വീട്ടിലേക്ക് കാർ വരുന്നത് കണ്ടപ്പോൾ എല്ലാം കൂടെ വീടിന്റെ വെളിയിലേക്കു വന്നു.
അമ്മയുണ്ട് അച്ഛനുണ്ട് പിന്നെ മാളു ചേച്ചി വരുന്നത് അറിഞ്ഞ് ചേച്ചിയും മോളും വന്നിട്ടുണ്ട്. ഒരു മാസത്തിനു ശേഷം എന്നെ കാണുന്നതിന്റെ സന്തോഷത്തിൽ അമ്മ എന്നെ വന്നു കെട്ടിപ്പിടിക്കും എന്ന് കരുതിയ എനിക്ക് തെറ്റി, എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്റെ മാതാശ്രീ ഇടത്തെ ഡോർ തുറന്ന് പുറത്തിറങ്ങിയ മാളുവിനെ പോയി കെട്ടിപ്പിടിച്ചു

രണ്ടും കൂടെ കെട്ടിപിടിച്ച് എന്തൊക്കെയോ പറയുന്നുണ്ട്, ഇത്രയും നാൾ കാണാത്തതിന്റെ വിഷമങ്ങൾ പറയുകയാണെന്ന് തോന്നുന്നു. മാളു ചേച്ചിയെ വിട്ടിട്ട് അമ്മ അടുത്തതായി ആന്റിയുടെ അടുത്തേക്ക് ചെന്ന് അവിടെയും ഇതുതന്നെ റിപീറ്റ്. അമ്മയുടെ പുറകെ ചേച്ചിയും അങ്ങോട്ട് പോയി. ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് തന്നെ എല്ലാവരും മറന്ന മട്ടാണ്. അച്ഛന് പിന്നെ ഈ സെന്റി സീനിലൊന്നും വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് എല്ലാം ഒരു ചിരിയിൽ ഒതുക്കും.

മുറ്റത്തുള്ള സ്നേഹപ്രകടനം എല്ലാം കഴിഞ്ഞപ്പോൾ അമ്മയും ചേച്ചിയും കൂടെ അവരെ കൂട്ടിക്കൊണ്ട് അകത്തേക്ക് പോയ്‌, അപ്പോഴെങ്കിലും എന്നെ വിളിക്കും എന്ന് പ്രതീക്ഷിച്ച എന്നെ അവിടെയും അവർ പരാജയപ്പെടുത്തി. ചേച്ചിടെ മോൾ കുഞ്ഞാറ്റക്ക് സംസാരിക്കാൻ പ്രായമാകാത്തതു നന്നായി അല്ലെങ്കിൽ അവൾ പോലും എന്നെ പുച്ചിക്കുമായിരുന്നു ആ സാഹചര്യത്തിൽ

എല്ലാവരും പോയ്‌ കഴിഞ്ഞപ്പോൾ പിന്നെ മുറ്റത്ത് നിന്നിട്ട് കാര്യം ഇല്ലല്ലോ. ഞാനും ബാഗൊക്കെ എടുത്തുകൊണ്ട് എന്റെ റൂമിലേക്ക്‌ പോയി. റൂമിൽ എത്തി ഡ്രസ്സ്‌ മാറുന്നതിനു മുൻപേ ലച്ചുവിന് വീട്ടിൽ എത്തി എന്നൊരു മെസ്സേജ് അയച്ചു. അതിന് കാത്തിരുന്നപോലെ തിരിച്ചും അപ്പൊ തന്നെ മറുപടി വന്നു…

“എപ്പോ വിളിക്കും ”

“കുറച്ചു കഴിയട്ടെ. ഇപ്പൊ വന്നതല്ലേ ഉള്ളു. ഒന്ന് കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ചു എല്ലാവരോടും കുറച്ചു സംസാരിച്ച് ഒക്കെ കഴിഞ്ഞ് ഫ്രീ ആകുമ്പോ വിളിക്കാം ”

ഇവിടെ ഇപ്പൊ ആർക്കും എന്നോട് സംസാരിക്കാം വല്യ താല്പര്യം ഇല്ലെന്നു നമുക്കല്ലേ അറിയൂ. എന്നാലും വെറുതെ ഒരു ജാട ഇട്ടതാ.

“ഓ… ”

ഞാൻ അയച്ച മെസ്സേജിന് ലച്ചുവിന്റെ മറുപടി ഒരു മൂളലായിരുന്നു. എന്നത്തേയും പോലെ സംസാരിക്കാൻ പറ്റാത്തതിലുള്ള വിഷമം ആ മൂളലിൽ വ്യക്തമായിരുന്നു

“ലച്ചു…. വിഷമമയോടാ… ഞാൻ പെട്ടന്ന് വരാൻ നോക്കാം”

“വേണ്ട കുഴപ്പമില്ല. വീട്ടിൽ ചെന്നതല്ലേ ഉള്ളു എല്ലാവരോടും സംസാരിച്ചു പയ്യെ വന്നാൽ മതി ഞാൻ കാത്തിരുന്നോളാം ”

“ശരി. എന്നാൽ ഞാൻ പോയി കുളിക്കട്ടെ.
. ”

“ok”

“ലച്ചു… I LOVE YOU ”

“I LOVE YOU TOO ”

ഞാൻ ഫോൺ വച്ചു കുളിയും കഴിഞ്ഞ് ഹാളിലേക്ക് ചെന്നു. കുഞ്ഞാറ്റ അവിടെ ഇരുന്നു കളിക്കുന്നുണ്ട് ഞാൻ കൈ നീട്ടിയിട്ടും വരാതെ ഭയങ്കര കളിയാണ് കക്ഷി.ഞാൻ രണ്ടും കല്പ്പിച്ചു അവളെ പൊക്കി എടുത്തു തോളിൽ വച്ചു. എടുത്തതും പെണ്ണ് വലിയ വായിൽ കരയാൻ തുടങ്ങി. ഞാൻ വീണ്ടും അവളെ തറയിൽ നിർത്തി തറയിൽ വിട്ടതും പെണ്ണ് സ്വിച്ചിട്ട പോലെ കരച്ചിൽ നിർത്തി.

അച്ഛൻ സോഫയിൽ ഇരുന്ന് വാർത്ത കാണുകയാണ് അതിനിടയിൽ കുഞ്ഞാറ്റയെയും നോക്കുന്നുണ്ട്

സ്ത്രീജനങ്ങൾ മൂന്നും അടുക്കളയിൽ ആണെന്ന് തോന്നുന്നു. അവിടെ നിന്നും സംസാരം കേൾക്കാം. അച്ഛന്റെ ഒപ്പം ഇരുന്നു വാർത്ത കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അടുക്കളയിലേക്ക് നടന്നു. അടുക്കള എത്താറായതും അവർ സംസാരിക്കുന്നത് കേൾക്കാൻ സാധിച്ചു

” പാവം കുട്ടിയാ ആന്റി, നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ട് ”

മാളു ചേച്ചിയുടെ ഒച്ച ആണ്, ആന്റി എന്ന് വിളിച്ചു സംസാരിക്കുന്നതു കൊണ്ട് പറയുന്നത് അമ്മയോടാണ് എന്നും മസസ്സിലായ്. ഏതോ ഒരു പെൺകുട്ടിയെ കുറിച്ചാണ് പറയുന്നത്. ഇനി ലച്ചുവിനെ കുറിച്ചെങ്ങാനും ആണോ… എന്തായാലും അതുറപ്പിച്ചിട്ടു അകത്തേക്ക് പോകാം എന്ന് തീരുമാനിച്ച് അവരുടെ അടുത്ത സംഭാഷണത്തിനായി കാതോർത്തു

“എന്നാലും ഇതൊക്കെ നടക്കുമോ… ഇതൊക്കെ ഈ പ്രായത്തിന്റെ വെറും തോന്നലുകൾ ആണെങ്കിലോ ”

അമ്മയുടെ മാളു ചേച്ചിയോടുള്ള മറുചോദ്യത്തിൽ അവർ സംസാരിക്കുന്നത് ഞങ്ങളെ കുറിച്ചാണെന്നു ഉറപ്പായി. ഇനി അങ്ങോട്ട്‌ കയറി ചെന്നാൽ വടി കൊടുത്തു അടി വാങ്ങുന്നതിനു തുല്യമാകും എന്നുറപ്പായി, എന്നാലും കുറച്ചു സമയം കൂടെ അവര് പറയുന്നത് കേൾക്കാൻ അവിടെ തന്നെ നിന്നു

“അതറിയില്ല ആന്റി എന്നാലും ആ കുട്ടി ഒരു പാവമാ കഴിഞ്ഞ ഒരു വർഷമായി എനിക്കാ കുട്ടിയെ നന്നായി അറിയാം”

“എന്തായാലും എനിക്ക് കുഴപ്പമില്ല പക്ഷെ അവസാനം അവൻ കരയാൻ ഇട വരാതെ ഇരുന്നാൽ മതി. അവൻ ഒരു പാവമാ പെട്ടന്ന് സങ്കടം വരും ”

“അങ്ങനെ ഒന്നും ഉണ്ടാകില്ല ആന്റി, ”

“ഹ്മ്മ് ”

“പിന്നെ ഇപ്പൊ അവൻ അവിടെ ഉള്ളത് ഞങ്ങൾക്ക് ഒരു സന്തോഷമാ, അവൻ വന്നതിൽ പിന്നെയാ ഞങ്ങൾക്കും ആരെങ്കിലും ഉണ്ടെന്നുള്ള തോന്നൽ വന്നത് ”

അവരുടെ സംഭാഷണം പയ്യെ സെന്റിയിലേക്കു കടക്കുകയാണ് ഇനി ഇവിടെ നിന്നാൽ അവർ എന്നെ കൂടെ കരയിക്കും എന്നുറപ്പായി അപ്പോ പിന്നെ തിരിച്ചു ഹാളിലേക്ക് പോന്നു… അച്ഛൻ വാർത്ത കണ്ടുകൊണ്ട് ഇരിക്കുന്നതിന്റെ അടുത്ത് തന്നെ ഞാനും ഇരുന്നു

“എങ്ങനെ ഉണ്ടെടാ കോളേജ് ഒക്കെ ”

അച്ഛൻ tv യിൽ നിന്നും കണ്ണെടുക്കാതെ തന്നെ എന്നോട് ചോദിച്ചു.

“കുഴപ്പമല്ലച്ഛാ… ”

“അവിടെ രാഷ്ട്രീയ പ്രവർത്തനം ഒക്കെ എങ്ങനെ ഉണ്ട് ”

ഇതാണ് കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ ആണെന്ന് പറയുന്നത്…

അച്ഛൻ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്, ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ്‌ എന്റെ അച്ഛനാണ്. നാട്ടുകാര്യം നോക്കാൻ നടന്നു വീട് നോക്കാൻ മറന്നു പോയ ഒരുപാട് സഖാക്കന്മാരിൽ ഒരാൾ.ആൾ ഒരു പരോപകാരി ആണ് നാട്ടുകാരുടെ എന്ത് കാര്യത്തിനും അച്ഛൻ മുന്നിൽ തന്നെ ഉണ്ടാകും ഒരു കാര്യത്തിനും ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും വാങ്ങില്ല.

അധികമായാൽ അമൃതും വിഷം എന്നാണല്ലോ..

അച്ഛന്റെ രാഷ്ട്രീയ പ്രവർത്തനവും വീടിന്റെ അവസ്ഥയും കണ്ടു വളർന്നത് കൊണ്ടാവാം ഞാൻ ഒരു പാർട്ടിയിലും പ്രവർത്തിക്കില്ല എന്ന ഉറച്ച തീരുമാനം ഞാൻ പണ്ടേ എടുത്തിരുന്നു. എന്നാലും കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളോട് ഒരു ആരാധന ഉണ്ട്

“അവിടെ രാഷ്ട്രീയം അത്ര ശക്തമല്ലച്ഛാ ”

“ഹ്മ്മ്… പിന്നെ പഠിക്കാൻ ഒക്കെ എങ്ങനെ ഉണ്ട് പാടാണോ ”

“ഏയ്യ് കുഴപ്പമില്ല. +2കഴിഞ്ഞു പോയത് കൊണ്ട് ഇപ്പൊ എളുപ്പമാണ് ”

“ആഹ് ”

അത്രയുമേ ഉള്ളു അച്ഛന്റ്റെ സംസാരം. സംസാരം കുറവാണെങ്കിലും ആൾക്ക് ഭയങ്കര സ്നേഹമാണ്

അപ്പോഴും കുഞ്ഞാറ്റ നിലത്തിരുന്നു ഭയങ്കര കളിയാണ്. ഞാൻ എന്തൊക്കെ ചെയ്തിട്ടും പെണ്ണ് അടുക്കുന്നില്ല. അപ്പോഴേക്കും സംസാരമെല്ലാം കഴിഞ്ഞു അമ്മയൊക്കെ അങ്ങോട്ടേക്ക് വന്നു

“അപ്പൊ കഴിച്ചാലോ.. സമയം 9 ആയില്ലേ.. ”

അമ്മയുടെ വക എന്നോടും അച്ഛനോടുമായാണ് ചോദ്യം, ഒരുമാസത്തിനു മുകളിലായി അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് അതിന്റെ ഒരു കൊതി ഉണ്ടെനിക്ക്, അതുകൊണ്ട് തന്നെ അപ്പൊ തന്നെ കൈ കഴുകി കഴിക്കാൻ തയാറായി വന്നു.

മേശയിൽ ഭക്ഷണങ്ങൾ നിരന്നു. കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നുണ്ട്. ചിക്കനും മീനും അച്ചാറും എല്ലാം ഉണ്ട് എന്നാലും നമ്മുടെ സ്പെഷ്യൽ ചക്കക്കുരുവും മാങ്ങയും ആണ്. ഞാൻ വരുന്നത് കൊണ്ട് എനിക്ക് വേണ്ടി ഉണ്ടാക്കിയതാവും അത്. അമ്മക്കറിയാം എനിക്ക് അത് ഭയങ്കര ഇഷ്ടമാണെന്ന്. കഴിച്ചു കഴിയുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും ഒരു ഉരുള കൂടെ വാങ്ങിക്കഴിക്കും അതിനൊരു പ്രിത്യേക രുചിയാണ്…

“ഡാ പയ്യെ കഴിച്ചാൽ മതി. ആരും കൊണ്ടുപോകില്ല ”

എന്റെ ആക്രാന്തത്തോടെ ഉള്ള തീറ്റ കണ്ടിട്ട് എന്റെ പെങ്ങളുടെ വകയാണ് കമെന്റ്. അവർക്കറിയില്ലല്ലോ ഈ ഹോസ്റ്റലിൽ നിക്കുന്ന പിള്ളേരുടെ അവസ്ഥ, പിന്നെയും ഒരു സമാധാനം ആന്റിയും മാളു ചേച്ചിയും അടുത്തുള്ളതാണ്.

കഴിക്കുന്നതിനിടയിൽ അവർ എന്തൊക്കെയോ പറയുന്നുണ്ട് ഏകാഗ്രമായി ഭക്ഷണത്തിൽ ശ്രദ്ധിച്ചത് കൊണ്ട് ഞാൻ ഒന്നും കേട്ടില്ല.

എല്ലാവരും കഴിച്ചു കഴിയുന്നതിനു മുന്പേ ഞാൻ കഴിഞ്ഞു, കഴിച്ചു കഴിഞ്ഞതും അമ്മയുടെ ഉരുളക്കായി വാ തുറന്നു. അത് കാത്തിരുന്നപോലെ അമ്മ എനിക്ക് വാരി തന്നു. ആ ഒരു ഉരുളയുടെ സ്വാദ് ഇത്രയും നേരം കഴിച്ച എല്ലാത്തിനെയും തോൽപ്പിച്ചു കളഞ്ഞു

“അയ്യോ ഒരു ള്ളാ കുഞ്ഞു വന്നിരിക്കുന്നു… ദേ നോക്ക് കുഞ്ഞാറ്റ പോലും സ്വന്താമായി കഴിക്കുകയാണ് അപ്പൊഴാണ് ഇവിടെ ഒരുത്തൻ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുന്നത്‌ ”

ചേച്ചിയുടെ മടിയിൽ ഇരുന്നു കഴിക്കുന്ന പത്രത്തിൽ കയ്യിട്ട് ഇളക്കുകയാണ് കുഞ്ഞാറ്റ, അത് എനിക്കിട്ട് താങ്ങാനുള്ള ഒരു അവസരമായി മുതലാക്കിയതാണ് മാളു ചേച്ചി

“നീ പോടീ… വേണമെങ്കിൽ നീയും വാങ്ങി കഴിച്ചോ ”

“ഡാ…. ”

അമ്മയുടെ വക ശാസനമാണ് മൂത്ത ആളുകളെ എടി പോടീ എന്നൊന്നും വിളിക്കുന്നത് അമ്മക്കിഷ്ടമല്ല, എന്റെ ചേച്ചിയെ ഒരേ ഒരു പ്രാവശ്യമേ ഞാൻ അങ്ങനെ വിളിച്ചിട്ടുള്ളു അതിനുള്ള മറുപടി അമ്മ തന്നത് പുളി വടി വെട്ടിയാണ് അതോടെ ആ പരിപാടി നിർത്തി എന്നാലും മാളു ചേച്ചിയെ അങ്ങനെ വിളിച്ചു ശീലിച്ചു പോയി അമ്മ കേട്ടാൽ ഇപ്പോഴും വഴക്ക് പറയും

ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിക്കാതെ കൈ കഴുകി റൂമിലേക്ക് നടന്നു, ലച്ചുവിനെ വിളിക്കണം അത് തന്നെയാണ് എന്റെ ലക്ഷ്യം

“ഓഹ്‌ അവന്റ തിരക്ക് കണ്ടോ… ആ ചെല്ല് ചെല്ല്. അവള് കാത്തിരിക്കുന്നുണ്ടാകും ”

ഞാൻ പോകുന്നതിന്റെ ഉദ്ദേശം മനസ്സിലായ മാളു ചേച്ചി എനിക്കിട്ട് താങ്ങുകയാണ്. പക്ഷെ എനിക്കൊരു ഞെട്ടലാണ് ഉണ്ടായത് അച്ഛൻ

കേൾക്കുമല്ലോ എന്ന പേടി. ഈ സമയത്തിനുള്ളിൽ അമ്മ എല്ലാം അച്ഛനോട് പറഞ്ഞിരിക്കും എന്നാലും അച്ഛൻ എങ്ങാനും ചോദിച്ചാൽ എന്ത് പറയും എന്ന ടെൻഷൻ

അച്ഛന്റെ മുഖത്തു നോക്കിയപ്പോൾ ഒരു ചിരിയുണ്ട് പക്ഷെ ആൾ എന്നെ നോക്കിയതോ ഒന്ന് പറഞ്ഞതോ ഇല്ല

ഞാൻ അവളെ നോക്കി കണ്ണുരുട്ടിയിട്ടു പുരികം ഉയർത്തി അച്ഛൻ ഉണ്ടെന്നു സൂചന കൊടുത്തു , അപ്പോളാണ് അവളും അതോർത്തത് എന്നു തോനുന്നു. അവിടെ ഇരുന്നു എന്നോട് ഒരു സോറി പറഞ്ഞു. ഞാൻ പയ്യെ റൂമിലേക്കും വലിഞ്ഞു

റൂമിലെത്തി ഉടൻ തന്നെ ലച്ചുവിന് വിളിച്ചു. ഞങ്ങൾ ഫോണിൽ കൂടെ സൊള്ളിക്കൊണ്ടിരിക്കുന്ന സമയത്താണ് അമ്മ റൂമിലേക്ക് വരുന്നത്, റൂം അടക്കാതെ ഇരുന്നത് കൊണ്ട് അമ്മ വന്നത് ഞാൻ അറിഞ്ഞില്ല.ഞാൻ എന്റെ കട്ടിലിൽ കമിഴ്ന്നു കിടന്നാണ് സംസാരം. പിന്നിൽ വന്ന അമ്മ എന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചപ്പോൾ ആണ് ഞാൻ അമ്മ വന്നു എന്നറിഞ്ഞത്

ഫോൺ എടുത്ത് അമ്മ ഒന്നും മിണ്ടാതെ തന്നെ ചെവിയിൽ വച്ചു. എന്റെ ഹൃദയത്തിന്റെ മിടിപ്പ് വേഗത്തിലായി കുറച്ചു കഴിഞ്ഞതും അമ്മയുടെ ചുണ്ടിൽ ഒരു ചിരി വന്നു. അത് കണ്ടപ്പോളാണ് ഒരു സമാധാനമായത്. പിന്നെ അമ്മയുടെ ചിരി ഒരു പൊട്ടിച്ചിരി ആയി. ചിരിച്ചു കൊണ്ട് തന്നെ അമ്മ ഫോൺ ചെവിയിൽ നിന്നും എടുത്ത് ഡിസ്‌പ്ലേയിൽ നോക്കി എന്നിട്ട് എനിക്ക് തിരിച്ചു തന്നു കാൾ കട്ടായിട്ടുണ്ട് അമ്മയുടെ ചിരി കേട്ട് പേടിച്ച് വച്ചതാവും.

ഫോൺ മേടിച്ച് അമ്മയുടെ മുഖത്തു നോക്കാനുള്ള നാണം കൊണ്ട് നിലത്തു നോക്കിയാണ് ഞാൻ ഇരിക്കുന്നത്

“മുത്തേ…”

“ഹ്മ്മ് ”

ഞാൻ അമ്മയുടെ മുഖത്തു നോക്കാതെ തന്നെ മൂളി

“മുഖത്തു നോക്കടാ ചെക്കാ.. അയ്യോടാ നാണമാണോ എന്റെ കൊച്ചിന് ”

അമ്മ അവിടെ നിന്ന് എന്നെ കളിയാക്കുകയാണ്,

“ഡാ മുത്തേ… എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് നീ മുഖത്തു നോക്ക്.. ”

അമ്മ കോമഡി മാറ്റി സീരിയസ് ആയി, ഞാൻ അമ്മയുടെ മുഖത്ത് നോക്കി. അമ്മ കട്ടിലിൽ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ അമ്മയെ കേൾക്കാൻ തയാറായി

“മാളു എന്നോട് എല്ലാം പറഞ്ഞു. ഞാൻ ഇപ്പോഴും പറയുന്നു നീ ഏതു പെണ്ണിനെ കല്യാണം കഴിച്ചാലും അമ്മക്ക് സന്തോഷം മാത്രമേ ഉള്ളു. പക്ഷെ കെട്ടുന്ന പെണ്ണിനെ കരയിക്കരുത് ”

അന്ന് കുഞ്ഞായിരുന്ന സമയത്ത് അമ്മ പറഞ്ഞതിന്റെ അർഥം മനസ്സിലായില്ലാ എങ്കിൽ ഇപ്പൊ അതിന്റെ അർഥം ശരിക്കും മനസ്സിലാകും എനിക്ക്. അത്രക്കും അനുഭവിച്ചിട്ടുണ്ട് പാവം

“ഇല്ലമ്മേ… ”

“അങ്ങനെ ആണെങ്കിൽ കൊള്ളാം, പിന്നെ വേറൊരു കാര്യം നിന്നെ ഞാൻ വളർത്തുന്നത് പോലെ തന്നെയാണ് ആ കുട്ടിയേയും… ലക്ഷ്മി എന്നല്ലേ പേര്… അവളെയും അവളുടെ അമ്മ വളർത്തുന്നത്. അവരെ വിഷമിപ്പിക്കരുത് ഒരിക്കലും ”

“ശരി അമ്മേ… ”

“എല്ലാം തലയാട്ടി മൂളുന്നുണ്ട്. എന്താകുമോ എന്തോ.. ”

അമ്മ ആത്മഗതം പറഞ്ഞതാണ്. ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

“അയ്യ.. അവന്റെ ചിരി നോക്ക്… പല്ല് മുപ്പത്തിരണ്ടും വെളിയിൽ കാണാം… അതികം ചിരിക്കേണ്ട സമയമാകുമ്പോ പറയാം ”

“ഈ… ”

അമ്മ പറഞ്ഞതിന് മറുപടി ആയി പല്ല് മുഴുവൻ വെളിയിൽ കാട്ടി ഒന്ന് കളിയാക്കി ചിരിച്ചു…

“ഇനി പറ അവളെ കുറിച്ചും അവളുടെ വീട്ടുകാരെ കുറിച്ചും എല്ലാം ”

ഞാൻ പണ്ട് മുതലേ അങ്ങനെ ആണ് എല്ലാ കാര്യങ്ങളും അമ്മയോട് പറയും, എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് അമ്മയാണ് അമ്മയോട് പറയാത്ത ഒരു കാര്യം മദ്യപാനം തുടങ്ങിയത് മാത്രമാണ്, അത് പറയാൻ അത്ര ധൈര്യം പോരാ.

ഞാൻ അമ്മയോട് അവളുടെ കാര്യങ്ങൾ എല്ലാം പറഞ്ഞു, പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മയ്ക്കും ദുർഗയെ ഒരുപാട് അങ്ങിഷ്ടമായി, ലച്ചുവിനെ മാത്രം ഇഷ്ടമായി എന്നോ അല്ലെന്നോ പറഞ്ഞില്ല

അമ്മയ്ക്കും ചെറിയ പേടി ഉണ്ടാകും ഇതൊക്കെ നടക്കുമോ എന്ന് അതാവും ഒന്നും പറയാത്തത്

പിന്നെ അമ്മ ആ കാര്യങ്ങൾ ഒക്കെ വിട്ട് കോളേജിലെ കാര്യം ഒക്കെ ചോദിച്ചു തുടങ്ങി, പിന്നെ പാറ്റയെ അമ്മക്ക് നന്നായി അറിയാം എന്നെപ്പോലെ തന്നെയാണ് അമ്മക്ക് പാറ്റയും അവന്റെ അമ്മക്ക് എന്നെയും അതുപോലെ തന്നെയാണ്

“ഡാ പിന്നെ എന്താ വിഷ്ണുവിന്റെ വിശേഷം… സുഖമാണോ അവന് ”

“അവനെന്താ കുഴപ്പം,.. സുഖം തന്നെ. പിന്നെ ഉള്ള വിശേഷം പറഞ്ഞാൽ അവനിപ്പോ വിഷ്ണു അല്ല പാറ്റയാണ് ”

“ആഹാ അവനു പുതിയ പേര് കിട്ടിയോ അതെന്താ സംഭവം ”

ഞാൻ അമ്മക്ക് ആ കഥ മുഴുവൻ വിവരിച്ചു കൊടുത്തു, അത് കേട്ട് അമ്മ ചിരിക്കുകയാണ്

“അപ്പൊ നിനക്കും എന്തെങ്കിലും ഒക്കെ പേര് കിട്ടിക്കാട്ടുമല്ലോ എന്താ അത് ”

“എനിക്ക് പുതിയ പേരൊന്നും കിട്ടിയില്ല പക്ഷെ ഈ മുത്ത്‌ എന്നുള്ള പേര് കോളേജ് മുഴുവൻ പാട്ടായി ”

“ആഹാ അത് കൊള്ളാം ”

ഞാനും അമ്മയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചി കുഞ്ഞാറ്റയുമായി അങ്ങോട്ട് വന്നു. വീണ്ടും ഞാൻ അവളെ എടുക്കാൻ പരമാവധി ശ്രമിച്ചു എങ്ങനെ ഒക്കെ നോക്കിയിട്ടും പെണ്ണ് അടുക്കുന്നില്ല

“കുഞ്ഞാറ്റെ… വാടി മാമൻ എടുക്കാം വാ ”

ഞാൻ നീട്ടിയ കയ്യും തട്ടിക്കളഞ്ഞു പെണ്ണ് വീണ്ടും ചേച്ചിയുടെ തോളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു

“നിന്നെ കണ്ടിട്ട് ഇവൾക്ക് വരെ പേടിയായി, എങ്ങനെ ആടാ ആ കൊച്ചിനു നിന്നെ ഇഷ്ടമായത് ”

സ്വന്തം പെങ്ങളാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നെ കളിയാക്കാനുള്ള ഒരവസരവും ഒഴിവാക്കില്ല തെണ്ടി, ഞാനും ചേച്ചിയും തമ്മിൽ പണ്ടൊക്കെ മുടിഞ്ഞ ഉടക്കായിരുന്നു ഞാൻ ചേച്ചിയെ അടിക്കും അപ്പൊ ചേച്ചി തിരിച്ച് എന്നെ കടിക്കും എന്നിട്ട് എന്നെ ഇവൻ അടിച്ചു എന്നും പറഞ്ഞു കിടന്ന് കരയും. ചേച്ചിയുടെ കരച്ചിൽ കേട്ട് വരുന്ന അമ്മ എന്നെ തല്ലുകയും ചെയ്യും

എന്തൊക്കെ വഴക്കാണെങ്കിലും ചേച്ചിക്കെന്നെ വല്യ ഇഷ്ടമാണ് അതെനിക്കും അറിയാം, എനിക്ക് അത്രയ്ക്ക് ഇഷ്ടമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ചേച്ചിക്ക് ആദ്യമായി ഒരു കല്യാണ ആലോചന വന്നപ്പോൾ ചേച്ചി പോകുമല്ലോ എന്നോർത്തു ഞാൻ കരഞ്ഞിരുന്നു ചിലപ്പോൾ അതാവും സ്നേഹം എന്ന് പറയുന്ന സാധനം

“ഡാ ആ കൊച്ചിന്റെ ഫോട്ടോ ഉണ്ടോ കയ്യിൽ ”

ചേച്ചിയുടെ ചോദ്യത്തിന് എന്റെ ഫോണിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ കാണിച്ചാണ് ഞാൻ മറുപടി കൊടുത്തത്. ഞാൻ ഫോട്ടോ കാട്ടിയതും അമ്മയും ചേച്ചിയുടെ കൂടെ കൂടി ആ ഫോട്ടോ നോക്കാൻ തുടങ്ങി

എനിക്ക് ആ സമയത്തും ടെൻഷൻ ആയിരുന്നു അവരുടെ മുഖത്തായിരുന്നു എന്റെ ശ്രദ്ധ, ഫോട്ടോ കണ്ടിട്ട് ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി

“നിനക്ക് ചേരില്ല ”

ചേച്ചിയുടെ മറുപടി എന്നെ ഒന്ന് വിഷമിപ്പിച്ചു. എന്നെ നോക്കി ചിരിച്ചു കൊണ്ട് ചേച്ചി തുടർന്നു

“ആ കുട്ടിക്ക് നിന്നെക്കാൾ നല്ല ചെക്കനെ കിട്ടും. എവിടെ നോക്കിയാണോ നിന്നെപ്പോലൊരു പൊട്ടനോട് ഇഷ്ടം തോന്നിയത് പോലും ”

ഇതാണ് എന്റെ പെങ്ങൾ. എന്നെ കളിയാക്കലാണ് മെയിൻ ഹോബി. സാധാരണ പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ എങ്കിലും മാറും ഇതിനു യാതൊരു മാറ്റവുമില്ല. അളിയനും അതിനൊരു കാരണമാണ്

അളിയൻ ആളൊരു പാവമാണ് ചേച്ചി എന്ന് പറഞ്ഞാൽ ജീവനാണ്. എന്നെയും വല്യ കാര്യമാ എന്റെ വായി നോട്ടത്തിന്റെ പാർട്ണർ ആയിരുന്നു അളിയൻ. ഏതെങ്കിലും നല്ല കുട്ടികളെ കണ്ടാൽ എനിക്ക് കാണിച്ചു തരും. അതിനെ നോക്കിക്കോടാ നല്ല കുട്ടിയാ എന്നൊക്കെ പറഞ്ഞു വെറുതെ മോട്ടിവേറ്റ് ചെയ്യും.

ചേച്ചിയുടെ കളിയാക്കലിന് ഒരു പുച്ഛം കൊടുത്ത് പതിയെ ഞാൻ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു, അമ്മ തലയിൽ മുടിയുടെ ഇടയിലൂടെ തടവുന്നുണ്ട് അതിന്റെ ഇടയ്ക്കു തലയിൽ നഖം കൊണ്ട് കുത്തി ഒരു ഒച്ച ഉണ്ടാകും അമ്മക്ക് മാത്രം അറിയാവുന്ന ഒരു വിദ്യ, ആരെങ്കിലും കേട്ടാൽ പേൻ കൊല്ലുകയാണെന്നേ തോന്നു. പക്ഷെ നല്ല സുഖമാണ് അതിന്

. പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മയുടെ മസ്സാജിങ് ന്റെ ഫലമായി ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. രാവിലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേൽക്കുന്നത്

ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ ഒരു കാര്യവും ഇല്ലെങ്കിലും അമ്മ രാവിലെ ആറരക്ക് തന്നെ എഴുന്നേൽപ്പിച്ച് ചായ തരും, ചിലപ്പോൾ ആ ചായയും കുടിച്ച് വീണ്ടും കിടന്നുറങ്ങും, ഇന്നും അത് തന്നെ ആയിരുന്നു ഉദ്ദേശം അതിനിടയിൽ വെറുതെ ഒന്ന് ഫോൺ എടുത്തു നോക്കി

ലച്ചു വിന്റെ 27 മിസ്സ്‌ കാൾ, അത് കണ്ടപ്പോളാണ് ഇന്നലെ അവളോട് അധികം സംസാരിച്ചില്ല എന്നും രാത്രി അറിയാതെ ഉറങ്ങിപ്പോയതാണെന്നും ഓർമ വരുന്നത്. അവസാനത്തെ കാൾ രാവിലെ 1.14നു ആണ് വന്നിരിക്കുന്നത്. അപ്പൊ ഈ പിണക്കം മാറ്റാൻ ഞാൻ കുറച്ചു കഷ്ടപ്പെടും എന്നുറപ്പായി. എന്തായാലും ഒന്ന് വിളിച്ചു നോക്കാൻ ഉറപ്പിച്ചു

അവൾക്കു ഡയൽ ചെയ്ത് ഒരു പ്രാവശ്യം മുഴുവനായും അടിച്ചു തീർന്നിട്ടും അവൾ എടുത്തില്ല. ഉറങ്ങുകയായിരിക്കും ശല്യപ്പെടുത്തേണ്ട എന്ന് കരുതി പിന്നെ വിളിക്കാൻ നിന്നില്ല.

പിന്നെ ഉറങ്ങാനും തോന്നാത്തത് കൊണ്ട് കുറച്ചു സമയം കൂടെ ഫോണിൽ പണിതു. പിന്നെ പല്ല് തേപ്പ് കഴിഞ്ഞു ഹാളിലേക്ക് ചെന്നു ഹാളിൽ ആരെയും കാണാത്തപ്പോൾ ഉറപ്പിച്ചു എല്ലാം അടുക്കളയിൽ ആയിരിക്കും എന്ന്. ഞാൻ ആ ഹാളിൽ നിന്നു തന്നെ വിളിച്ചു കൂവി

“അമ്മേ വിശക്കുന്നു കഴിക്കാൻ വല്ലതും താ ”

ഞാൻ പറഞ്ഞത് അമ്മയോട് ആണെങ്കിലും മറുപടി തന്നത് കുഞ്ഞാറ്റ ആണ്.അവൾ എഴുന്നേറ്റിട്ടില്ലായിരുന്നു എന്റെ അലർച്ച കേട്ട് ഉറക്കം ഉണർന്ന പെണ്ണ് കിടന്നു കരയാൻ തുടങ്ങി. അറിയാതെ ചെയ്തതാണെങ്കിലും ചേച്ചിക്ക് ഒരു പണി കൊടുത്തപ്പോൾ ഒരു ചെറിയ സന്തോഷം, കൊച്ചിന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നും ഇറങ്ങി വന്ന ചേച്ചി എന്നെ നോക്കി ദഹിപ്പിച്ചുകൊണ്ട് മുറിയിലേക്ക് പോയി. ചേച്ചി പോയ ഉടനെ അമ്മയും വന്നു വഴക്ക് പറഞ്ഞു.

പിന്നെ അന്നത്തെ ദിവസം മുഴുവൻ അടിപൊളി ആയിരുന്നു ഞാനും അമ്മയും ആന്റിയും ചേച്ചിമാരും കൂടി ഒരു ആഘോഷമായിരുന്നു. അച്ഛൻ പിന്നെ രാവിലെ തന്നെ എങ്ങോട്ടോ പോയി..

പണ്ട് മാളു ചേച്ചി ഒക്കെ താമസിച്ചിരുന്ന വീട്ടൽ ഇപ്പൊ പുതിയ താമസക്കാരുണ്ട് ആ വീട് ഞങ്ങൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒന്നാണ്. ഇത്രയും കാലം തോന്നാത്ത ഒരു പ്രിത്യേകത ഇന്ന് ആ വീടിനു തോന്നുന്നു. ചിലപ്പോ മാളു ചേച്ചി എന്റൊപ്പം ഉള്ളത് കൊണ്ടാവും. പിന്നെ എന്റെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന ആ പുളിമരം അതെല്ലാം ഇന്നൊരു ഗൃഹാതുരുത്വം ഉളവാക്കുന്ന ഓർമകളാണ്

രാവിലെ വിളിച്ചിട്ട് എടുക്കായതിരുന്ന ലച്ചു 10 മണി ആയിട്ടും തിരിച്ചു വിളിച്ചിട്ടില്ല അപ്പൊ പെണ്ണ് നല്ല കലിപ്പ് മൂഡിലാണെന്നു ഏറെക്കുറെ ഉറപ്പായി. ഞാൻ പതിയെ എല്ലാവരുടെയും അടുത്തു നിന്നു വലിഞ്ഞു റൂമിലേക്ക് പോയി. റൂമിൽ എത്തി വീണ്ടും അവളെ വിളിച്ചു ഈ പ്രാവശ്യവും പഴയപോലെ തന്നെ എടുക്കുന്നില്ല അവൾ.

എന്തായാലും എടുക്കുന്നത് വരെ വിളിച്ചുകൊണ്ടിരിക്കാൻ ഉറപ്പിച്ച് ഞാൻ വിളിക്കാൻ തുടങ്ങി ആദ്യം കാൾ എടുക്കാതെ ഇരുന്ന അവൾ പിന്നെ കാൾ കട്ട്‌ ചെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ചെറിയ ദേഷ്യം വന്നു തുടങ്ങി എന്തായാലും അവസാനമായി ഒരു പ്രാവശ്യം കൂടി വിളിച്ചു നോക്കിയിട്ട് പിന്നെ വിളിക്കണ്ട എന്നുറപ്പിച്ചു കാൾ ചെയ്തു എന്തായാലും ഈ പ്രാവശ്യം അവൾ എടുത്തു

“എന്താ… കുറച്ചു സമാധാനം തരോ… ”

കാൾ എടുത്ത ഉടനെ പെണ്ണ് കലിപ്പിക്കുകയാണ്. അത് കേട്ടപ്പോൾ എനിക്കും ചെറുതായി ദേഷ്യം വന്നു പിന്നെ ആലോചിച്ചപ്പോൾ അവൾ ദേഷ്യപ്പെടുന്നതിൽ തെറ്റില്ല എന്ന് തോന്നി. എനിക്ക് വേണ്ടി അവൾ പാതിരാത്രി വരെ ഉറങ്ങാതെ ഇരുന്നതാണ് അവളുടെ 27 മിസ്സ്‌ കാൾ ഉണ്ടായിരുന്നു ഒരു 10 പ്രാവശ്യം വിളിച്ചപ്പോൾ തന്നെ എനിക്ക് ദേഷ്യം വന്നു പിന്നെ അവളുടെ കാര്യം പറയണോ

“ലച്ചു സോറി… ഞാൻ ഇന്നലെ അമ്മയുടെ മടിയിൽ കിടന്നു ഉറങ്ങി പോയി ”

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ”

“ഒന്നും പറഞ്ഞില്ല… പക്ഷെ നിനക്ക് നല്ല ദേഷ്യം ഉണ്ടെന്നു മനസ്സിലായി ”

“എനിക്ക് ദേഷ്യം ഒന്നും ഇല്ല, ”

അവൾ അങ്ങനെ പറഞ്ഞത് പോലും നല്ല ദേഷ്യത്തിലാണ്

“ഉവ്വ അത് കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട് ”

“എന്ത് മനസ്സിലാകാൻ”

“ലച്ചു ഞാൻ സോറി പറഞ്ഞില്ലേ… അറിയാതെ പറ്റിപ്പോയതല്ലേ സോറി… ”

“ഹ്മ്മ് ”

“എന്ത് ഹ്മ്മ് ”

“ആ കുഴപ്പമില്ല. നീ ഉറങ്ങിയതിലല്ല എനിക്ക് ദേഷ്യം നീ ഒന്ന് പറയാതെ പോലും പോയില്ലേ… ഞാൻ നീ വരുന്നതും കാത്തു പാതിരാത്രി വരെ ഇരുന്നു ”

“സോറി… ”

“കുഴപ്പമില്ല…. ആ അതൊക്കെ പോട്ടെ ഇന്നലെ നീ ഫോൺ ആരുടെ കയ്യിലാ കൊടുത്തത് ചേച്ചി ആണോ ”

“ഞാൻ കൊടുത്തതൊന്നും അല്ല തട്ടി പറിച്ചു കൊണ്ടുപോയാണ്. ചേച്ചി അല്ല അമ്മ ”

“അയ്യോ… അമ്മയായിരുന്നോ.. ”

“ആം, അതിനു നീ എന്തിനാ ഫോൺ കട്ട്‌ ചെയ്തിട്ട് പോയത് ”

“പെട്ടന്ന് നിന്റെ അല്ലാതെ ഒരാളുടെ ഒച്ച കേട്ടപ്പോൾ പേടിച്ചു പോയി, അതാ.. ”

“ആ… കുഴപ്പമില്ല അമ്മക്കെല്ലാം അറിയാം ഞാൻ പറഞ്ഞു”

“പിന്നെ… ചുമ്മാ ”

“അല്ലാടി കാര്യമായിട്ട്… ഞാൻ എല്ലാം പറഞ്ഞു ”

“ആഹാ എന്നിട്ട് അമ്മ എന്ത് പറഞ്ഞു…”

“ഞാൻ പറഞ്ഞില്ലേ എന്റെ അമ്മ പാവമാണ് എന്ന്… അമ്മക്ക് എന്റെ ഇഷ്ടമാണ് പ്രധാനം so no problem “.

“ഹ്മ്മ് ”

അവളുടെ ആ മൂളലിന് അത്ര ശക്തി ഇല്ലായിരുന്നു, അവളുടെ വീട്ടിൽ ഈ കാര്യം അവതരിപ്പിക്കുന്ന കാര്യം ഓർത്തതാവും

പിന്നെയും കുറെ സമയം അവളോട് സംസാരിച്ചതിന് ശേഷമാണ് അമ്മയുടെ ഒക്കെ അടുത്തേക്ക് ചെല്ലുന്നത്, ഞാൻ ചെന്ന ഉടനെ രണ്ട് ചേച്ചിമാരും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. അവർക്കു സംഭവം മനസ്സിലായിട്ടുണ്ട് എന്തായാലും ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കാൻ പോയില്ല നമ്മളായിട്ട് എന്തിനാ വെറുതെ ചോദിച്ചു വാങ്ങുന്നത്. അന്ന് ബാക്കി ഉള്ള സമയം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. രാത്രി ആയപ്പോ അച്ചനും വന്നു

ആന്റിയും മാളു ചേച്ചിയും വന്നത് കൊണ്ട് അമ്മ സന്തോഷവതി ആണ് കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഭക്ഷണവും കഴിച്ച് ലച്ചുവിനെ വിളിച്ചു സംസാരിച്ചു കൊണ്ടിരുന്നു ആ സംസാരം നിർത്തിയത് രാത്രി 12മണിക്കാണ്

വീട്ടിൽ എല്ലാവരും ഉള്ളപ്പോൾ സമയം പോകുന്നത് അറിയില്ല. വന്നിട്ട് രണ്ടു ദിവസം ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. തിരിച്ചു പോകാൻ സമയമാകുന്നു അതിന്റെ വിഷമം എല്ലാവരുടെ മുഖത്തും ഉണ്ട് എന്നെ പിരിയുന്നതിലല്ല ആന്റിയെയും മാളു ചേച്ചിയെയും പിരിയുന്നതിലാണ് അമ്മയ്ക്കും ചേച്ചിക്കും വിഷമം

“മാളു… മോളെ ഇടയ്ക്കു അമ്മയെയും കൂട്ടി ഇതുപോലെ ഇടയ്ക്കു വരണം കേട്ടോ ”

പോകാൻ തയാറായി ഇറങ്ങിയ മാളു ചേച്ചിയോട് അമ്മ സങ്കടത്തോടെ പറഞ്ഞു.

“വരാം ആന്റി ”

ആ സമയം കൊണ്ട് കുഞ്ഞാറ്റ അവരോടൊക്കെ കൂട്ടായി അപ്പോഴും പെണ്ണ് എന്റെ അടുത്തു മാത്രം അടുത്തിട്ടില്ല. ഞങ്ങൾ പോകാൻ ഇറങ്ങിയത് മനസ്സിലായിട്ടാണോ എന്തോ പെണ്ണ് കയ്യും കാലും എടുത്ത് എന്തൊക്കെയോ പറയുന്നുണ്ട്

“കുഞ്ഞാറ്റെ… ആന്റി പോയിട്ട് വരാട്ടോ.. ”

അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞാറ്റയുടെ കവിളിൽ തലോടി കൊണ്ട് അവൾ കുഞ്ഞാറ്റയോടും യാത്ര പറഞ്ഞു. ഈ സമയമത്രയും ആന്റിയും ചേച്ചിയുമായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി മാളു ചേച്ചി നിർബന്ധിച്ചു എങ്കിലും ഞാൻ വണ്ടി ഓടിച്ചില്ല

വണ്ടി വീട്ടിൽ നിന്നും പോന്നതും ആന്റിയും മാളു ചേച്ചിയും സൈലന്റ് ആയി, എല്ലാവരെയും പിരിഞ്ഞതിൽ ഉള്ള വിഷമമാണ് ഈ അവസ്ഥയിൽ പോയാൽ ശരിയാകില്ല ഈ മൂഡ് മാറ്റാൻ എന്തെങ്കിലും ചെയ്യണമല്ലോ എന്നോർത്തപ്പോളാണ് മാളുവിന്റെ ഉണ്ണി ചേട്ടനെ കുറിച്ച് ഓർക്കുന്നത്.

“എടി ചേച്ചി… ഞാൻ നിന്റെ ഉണ്ണി ചേട്ടന്റെ കാര്യം ആന്റിയോട് പറയട്ടെ… നീ എന്റെ കാര്യം എല്ലാവരോടും പറഞ്ഞില്ലേ ”

ഞാൻ ആന്റി കേൾക്കാതെ പയ്യെ ആണ് ചോദിച്ചത്. അവൾ പെട്ടന്ന് ഞെട്ടി എന്നെ നോക്കി പിന്നെ തിരിഞ്ഞ് ആന്റിയെയും നോക്കി. ആന്റി കേട്ടില്ല എന്നറിഞ്ഞപ്പോളാണ് അവൾക്കു സമാധാനമായത്

“ചുമ്മാ ഇരി ചെക്കാ ”

“ആഹാ അതെന്ത് ന്യായം നിനക്ക് എന്തും ആകാം… ഞാൻ ഒന്നും പറയാൻ പാടില്ലേ ”

“ഡാ ഡാ പ്ലീസ് ചതിക്കല്ലേ… ”

“ഞാൻ ചതിക്കും ”

അപ്പോഴേക്കും ഞങ്ങളുടെ സംസാരം ആന്റിയും കേട്ടിരുന്നു

“എന്താ അവിടെ ചേച്ചിയും അനിയനും തമ്മിൽ ഒരു സ്വകാര്യം ഞാനും കൂടെ കേൾക്കട്ടെ ”

“ഒന്നൂല്ലമ്മേ. ഇവന് പ്രാന്താണ് ”

“ആഹാ എനിക്ക് പ്രാന്താനല്ലേ… എന്നാ ഞാൻ ഒരു പ്രാന്ത് പറയട്ടെ ”

ഞാൻ വീണ്ടും അവളെ ഒന്നു ഭീഷണി പെടുത്തി

“എന്തിനാടാ… പറയല്ലേ ”

ഞങ്ങൾ തമ്മിലുള്ള സംസാരം എല്ലാം പയ്യെ ആയിരുന്നത് കൊണ്ട് ആന്റിക്ക് കേൾക്കാൻ സാധിക്കുമായിരുന്നില്ല. എന്നാലും പുള്ളിക്കാരിക്ക് എന്തോ ഉടായിപ്പ് മണത്തു .

“രണ്ടും കൂടെ എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട് ഒരുദിവസം ഇതിനെല്ലാത്തിനും കൂടെ ഞാൻ തരുന്നുണ്ട് നോക്കിക്കോ ”

“ഒന്നൂല്ലാന്റി ഇവളുടെ കല്യാണ കാര്യം പറഞ്ഞതാ ”

“ഓഹ്‌ അതിനെ കുറിച്ച് ഞാൻ ഇനി ഒന്നും പറയുന്നില്ല അവൾക് ഇഷ്ടമുള്ളപ്പോൾ കെട്ടട്ടെ ”

“ആന്റി ഞാൻ ഒരു കാര്യം പറയട്ടെ. എന്റെ അറിവിൽ ഒരു ചേട്ടൻ ഉണ്ട് എന്റെ ഫ്രണ്ട് ന്റെ ചേട്ടൻ ആണ്, പുള്ളി എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞതാ ഇപ്പൊ ജോലി ഒന്നും ചെയ്യുന്നില്ല സിനിമ സംവിധാനം ചെയ്യാൻ പോകുകയാ ”

മാളുവിന്റെ ഉണ്ണിച്ചേട്ടന്റെ കാര്യം ഞാൻ ഒരു കള്ളത്തരത്തിൽ കൂടെ അവതരിപ്പിച്ചു. പിന്നെ വല്യ എതിർപ്പ് ഉണ്ടാകാൻ സാധ്യത ഇല്ല പുള്ളിക്കാരിക്ക് സിനിമ വല്യ ഇഷ്ടമാണ്. പിന്നെ ആരായാലും കുഴപ്പമില്ല ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ മതി എന്നൊരു അവസ്ഥ ആണ് കക്ഷിക്ക്‌ ഇപ്പൊ

“ഹ്മ്മ് വീട്ടിൽ ആരൊക്കെ ഉണ്ട് ”

ആ ഒരു ചോദ്യം എന്നെ ഞെട്ടിച്ചു, എനിക്കും ഇതിൽ കൂടുതൽ ഒന്നും അറിയില്ലല്ലോ ഞാൻ പയ്യെ ഇടം കണ്ണിട്ട് മാളു ചേച്ചിയെ ഒന്ന് നോക്കി. അവൾ ഇരുന്ന് വിയർക്കുകയാണ് ശ്വാസം വിടുന്ന ഒച്ച എനിക്ക് കേൾക്കാം. മുഖത്തു രക്തത്തിന്റെ അംശം ഇല്ല

കുറച്ചു സമയം എന്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ആന്റി വീണ്ടും ചോദിച്ചു

“ഡാ ഞാൻ ചോദിച്ചത് കേട്ടില്ലേ ”

“കേട്ട്.”

“എന്നാൽ പറ വീട്ടിൽ ആരൊക്കെ ഉണ്ട് ”

“അത് ആന്റി എനിക്ക് കൃത്യമായി അറിയില്ല ”

“നിന്റെ ഫ്രണ്ട്ന്റെ ചേട്ടൻ ആണെന്നല്ലേ പറഞ്ഞത് ”

“ചേട്ടൻ എന്ന് പറഞ്ഞാൽ സ്വന്തം ചേട്ടൻ അല്ല കസിൻ ആണ് ”

ഞാൻ തപ്പി തടഞ്ഞു പറയുന്നത് കേട്ടതേ ഞാൻ പറയുന്നത് നുണ ആണെന്ന് ആൾക്ക് കത്തി

“ഓഹ്‌… നീ ഇനി നുണ പറഞ്ഞു ബുദ്ധി മുട്ടണ്ട. നീ പറഞ്ഞ ഈ ചേട്ടന്റ പേര് ശരത് എന്നാണോ ഉണ്ണി എന്ന് വിളിക്കും?”

“അതെ എന്റിക്കെങ്ങനെ അറിയാം ”

“എന്റെ മോളുടെ ഒരു ഫ്രണ്ട് ന്റെ പേരും അങ്ങനെയാണ്. അവനും സിനിമ സംവിധാനം ചെയ്യാൻ പോകുകയാ എന്നാണ് പറഞ്ഞത്”

അത് കേട്ടപ്പോൾ കാര്യങ്ങൾ എല്ലാം എന്റെ കയ്യിൽ നിന്നും പോയി എനിക്കും ഉറപ്പായി. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ മാളുവിനെ സഹായിക്കാൻ ആയിരുന്നു എങ്കിൽ എല്ലാം ഇപ്പൊ അവൾക്കൊരു ദ്രോഹമായാണ് വന്നിരിക്കുന്നത്. എനിക്ക് തന്നെ ആ നിമിഷത്തിൽ എന്നോട് ദേഷ്യം തോന്നി. ഞാൻ മുഖമുയർത്തി മാളുചേച്ചിയെ നോക്കിയപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ട്. ആ നിമിഷത്തിൽ എനിക്കവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആകുമായിരുന്നില്ല. നമ്മൾ കാരണം മറ്റൊരാൾ വിഷമിക്കുന്നത് വല്ലാത്ത ഒരു വേദന ആണ് അത് നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളുകൾ കൂടെ ആകുമ്പോൾ നമ്മുടെ ചങ്കു പൊടിയും

പിന്നെ വീട്ടിൽ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല, വീട്ടിൽ എത്തിയ ഉടനെ ചേച്ചി വണ്ടി ഓഫ്‌ ആക്കി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. ഞാനും ആന്റിയും കൂടെ വണ്ടിയിൽ ഉണ്ടായിരുന്നതെല്ലാം വീട്ടിലേക്ക് കയറ്റി. അന്ന് ഭക്ഷണം അവിടെ നിന്നും കഴിച്ചിട്ടാണ് ഞാൻ റൂമിലേക്ക് പോയത്. അന്ന് കഴിക്കാൻ പോലും ചേച്ചി റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. അവൾ എന്നെ ഒന്ന് വഴക്ക് പറഞ്ഞിരുന്നു എങ്കിൽ എന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ചു. ആന്റിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു രണ്ടാളുകൾ ആണ് ഞാൻ കാരണം സംസാരിക്കാതെ ഇരിക്കുനത്. അന്നാദ്യമായി ഞാൻ ആ വീട്ടിൽ നിന്നും എങ്ങനെ എങ്കിലും പുറത്തിറങ്ങിയാൽ മതി എന്നാഗ്രഹിച്ചുപോയി

ഞാൻ അതികം വൈകാതെ തന്നെ ആന്റിയോട് യാത്രയും പറഞ്ഞു റൂമിലേക്ക് പോന്നു. അപ്പോഴും മാളു മാത്രം പുറത്തേക്കു വന്നില്ല

. റൂമിൽ എത്തിയപ്പോൾ എല്ലാം ഫോണിൽ പണിതു കൊണ്ടിരിപ്പാണ് പഠിക്കുന്ന കാര്യത്തിൽ ഞങ്ങൾ എല്ലാം ഒരുപോലെ ആണ് എക്സാമിന്റെ തലേന്ന് അല്ലാതെ ഒരുത്തനും ബുക്ക്‌ തുറക്കില്ല

കുറച്ചു സമയം അവന്മാരുടെ ഒപ്പം സംസാരിച്ചു. അപ്പോഴും എനിക്കവരോട് അധികം സംസാരിക്കാൻ പറ്റിയില്ല എന്റെ മനസ്സിൽ അപ്പോഴും ഞാൻ കാരണം ഉണ്ടായ അവർ തമ്മിൽ ഉണ്ടായ പിണക്കം ആയിരുന്നു

ലച്ചു വിളിച്ചപ്പോൾ അവരുടെ അടുത്തു നിന്നും എഴുന്നേറ്റു കോളിങിലേക്ക് പോയി….

“ലച്ചൂ… ”

എന്റെ ശബ്ദത്തിലെ സങ്കടം അവൾക്കു പെട്ടന്ന് മനസ്സിലായി

“എന്താടാ… എന്താ പറ്റിയെ… ”

“എടാ… ഞാൻ കാരണം ആന്റിയും മാളു ചേച്ചിയും തമ്മിൽ പിണങ്ങി ”

“നീ വിഷമിക്കാതെ കാര്യം പറയടാ… ”

“ഞാൻ… ഞാൻ മാളു ചേച്ചിയുടെ കാര്യം ആന്റിയോട് പറഞ്ഞു. ഉണ്ണി ചേട്ടനെ എന്റെ ഫ്രണ്ട് ന്റെ ചേട്ടൻ ആയി ആണ് അവതരിപ്പിച്ചത് പക്ഷെ ആന്റിക്ക് എല്ലാം മനസ്സിലായി ”

“എടാ നീ എന്ത് പണിയാണ് ഈ കാണിച്ചത് ”

ലച്ചുവും കൂടെ എന്നെ കുറ്റപ്പെടുത്തിയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല അത്രയും നേരം തടഞ്ഞു നിർത്തിയ കണ്ണുനീർ കവിളിൽ കൂടെ ഒഴുകി.

“ലച്ചു… നീയും കൂടെ എന്നെ കുറ്റപ്പെടുത്തല്ലേടാ… അറിഞ്ഞോണ്ട് ചെയ്തതല്ല അറിയാതെ പറ്റിയതാ… ”

“സാരമില്ല നീ വിഷമിക്കണ്ട അവരുടെ പിണക്കം ഒക്കെ മാറിക്കോളും അല്ലെങ്കിൽ നമുക്ക് മാറ്റാം ”

“ഹ്മ്മ്.. ”

“സാരല്ലടാ എല്ലാം ശരിയാക്കുക നീ വിഷമിക്കണ്ട,”

എല്ലാം അവളോട് പറഞ്ഞപ്പോൾ ഒരു ചെറിയ സമാധാനം കിട്ടി എന്നാലും ആ വിഷമം മുഴുവനായും അങ്ങ് മാറുന്നില്ല. അതുകൊണ്ട് തന്നെ അന്ന് അവളോട് അധികം സംസാരിക്കാൻ പറ്റിയില്ല പെട്ടന്ന് തന്നെ ഫോൺ വച്ചു കിടന്നു

അന്ന് രാത്രി നിദ്രാദേവി എന്നെ തിരിഞ്ഞു നോക്കിയില്ല. എങ്ങനെയോ നേരം വെളുപ്പിച്ചു. എല്ലാദിവസവും കോളേജിൽ പോകുന്നത് ലച്ചുവിനെ കാണണം എന്ന ആഗ്രഹം കൊണ്ടായിരുന്നു എങ്കിൽ ഇന്ന് പോകുന്നത് മാളു ചേച്ചിയേ കാണാനാണ്. കരഞ്ഞു കാല് പിടിച്ചാണെങ്കിലും ആ പിണക്കം മാറ്റണം

രാവിലെ ലച്ചുവിനെ കണ്ടെങ്കിലും അവളോട് മാളു ചേച്ചിയെ കാണാൻ പോകണം എന്ന കാര്യം പറഞ്ഞു അവിടെ നിന്നും പോയി. നേരെ പോയത് സ്റ്റാഫ്റൂമിലേക്കാണ് ചേച്ചി അവിടെ ഉണ്ട് കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നുണ്ട് ഇപ്പൊ പോയാൽ ഒന്നും സംസാരിക്കാൻ പറ്റില്ല ടീച്ചേർസ് എല്ലാം ഉണ്ട് കൂടെ അതുകൊണ്ട് അവളോട് ഒന്നും സംസാരിക്കാതെ തന്നെ ക്ലാസ്സിലേക്ക് തിരിച്ചു പോന്നു

ഇന്റർവെൽ സമയത്ത് അവൾ ക്യാന്റീനിലേക്ക് പോകുന്നത് കണ്ടപ്പോൾ ഞാനും അവളുടെ പിന്നാലെ പോയി. അവളുടെ കൂടെ ആ സമയത്ത് 2ടീച്ചേർസ് കൂടെ ഉണ്ട് പക്ഷെ അവർക്കു ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം അറിയാവന്നത് കൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല

ഞാൻ അവളുടെ പിന്നാലെ നടന്നു. അവർ നടന്നു ലൈബ്രറി യുടെ മുന്നിൽ എത്തിയപ്പോൾ ഞാൻ ചേച്ചിയെ വിളിച്ചു

“വാണി മിസ്സ്‌…”

എന്റെ ശബ്ദം കേട്ട് അവർ മൂന്നു പേരും തിരിഞ്ഞ് നോക്കി

“മിസ്സേ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ”

ഞാൻ മാളു ചേച്ചിയോട് പറഞ്ഞതിന് മറുപടി പറഞ്ഞത് കിരൺ മിസ്സ്‌ ആണ്

“അഖിലേ എന്താ പ്രശ്നം രാവിലെ മുതൽ ഒരാൾ ഭയങ്കര വിഷമത്തിലാണ് ചോദിച്ചിട്ട് കാര്യം പറയുന്നുമില്ല ”

“മിസ്സേ അത് ചെറിയൊരു വീട്ടിലുണ്ടായ വഴക്ക് കാരണമാണ്. ഞങ്ങൾ ഒന്ന് സംസാരിച്ചോട്ടെ… ”

“അതിനെന്താ നിങ്ങൾ സംസാരിക്ക്‌…. എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ ”

“ശരി മിസ്സ്‌ ”

ഇത്രയും സമയമായിട്ടും മാളു ചേച്ചി ഒന്നും മിണ്ടാത്തത് എന്നിൽ ചെറിയ ഒരു വിഷമം ഉണ്ടാക്കി. ഞാൻ അവളുടെ കയ്യിൽ പിടിച്ചു ലൈബ്രറിയുടെ ഉള്ളിൽ കയറ്റി ആ സമയത്ത് അവിടെ ലൈബ്രെറിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ചേച്ചി…. സോറി നീ രണ്ടു വഴക്കെങ്കിലും പറ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ… സഹിക്കാൻ പറ്റുന്നില്ല ”

അത് പറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു. അവൾ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി. പിന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ കൈ എന്റെ മുഖത്തു വന്നു പതിച്ചു

അടി കൊണ്ട് എന്റെ തല കറങ്ങിപ്പോയി അങ്ങനെ ഉള്ള അടിയായിരുന്നു. അടിയുടെ വേദനയിൽ എന്റെ രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി അത് കണ്ടപ്പോൾ അവൾക്കു ആകെ സങ്കടമായി. പെട്ടന്ന് തന്നെ അവൾ എന്നെ കെട്ടിപ്പിടിച്ചു പിന്നെ പെട്ടന്ന് തന്നെ വിട്ടുമാറി

“ഡാ മുത്തേ… സോറി പെട്ടന്നുള്ള ദേഷ്യത്തിൽ അറിയാതെ പറ്റിയതാ സോറി ”

“സാരമില്ല ചേച്ചി… നീ എന്നോട് മിണ്ടിയല്ലോ അത് മതി ”

“നീ എന്തിനാ ഇന്നലെ എല്ലാ കാര്യവും അമ്മയോട് പറഞ്ഞത്, അതുകൊണ്ടല്ലേ ”

“ഡി ഞാൻ അറിഞ്ഞോണ്ട് പറഞ്ഞതല്ല. ആന്റിക്ക് ഉണ്ണിച്ചേട്ടനെ അറിയാം എന്ന് ഞാൻ എങ്ങനെ അറിയാനാ ”

“നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇപ്പൊ അമ്മയോട് ഒന്നും പറയണ്ട എന്ന്…”

“എടി സോറി.. ”

“അവന്റെ ഒരു സോറി… ഇതുവരെ അമ്മ എന്നോട് ഒന്ന് മിണ്ടിയത് കൂടെ ഇല്ല. ആദ്യമായാ ഇങ്ങനെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ”

അത്രയും പറഞ്ഞപ്പോളേക്കും അവളുടെ പിടി വിട്ട് പോയിരുന്നു. അവൾ അവിടെ നിന്നു പൊട്ടി കരഞ്ഞു. ഞാൻ നോക്കുമ്പോൾ ലൈബ്രെറിയൻ നടക്കുന്നത് ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ചു നിൽക്കുകയാണ്.

“ചേച്ചി നമുക്ക് വീട്ടിൽ പോയാലോ ”

“എന്തിനു… നിനക്ക് ക്ലാസ്സില്ലേ ”

“ഇന്നൊരു ദിവസം കേറുന്നില്ല. നീയും പോയി ലീവ് പറഞ്ഞിട്ട് വാ നമുക്ക് പോയി ആന്റിയുടെ പിണക്കം മാറ്റാം ”

“ക്ലാസ് കട്ട്‌ ചെയ്തിട്ട് എങ്ങോട്ടും പോകണ്ട… ”

“ഇന്നൊരു ദിവസം ഞാൻ പറയുന്നത് നീ കേൾക്കു… പോയ്‌ ലീവ് പറഞ്ഞിട്ട് വാ നമുക്ക് പോകാം ”

ഒരുപാട് നേരം ഞാൻ പറഞ്ഞതിന് ശേഷമാണ് അവൾ സമ്മതിച്ചത്. അവൾ ലീവ് പറയാൻ പോയപ്പോൾ ഞാൻ ആഷിക്കിന്റെ കയ്യിൽ നിന്നും വണ്ടിയുടെ ചാവി വാങ്ങിയിട്ട് വന്നു

ആദ്യം ഒന്ന് മടിച്ചെങ്കിലും അവസാനം അവൾ വണ്ടിയിൽ കയറി. കോളേജിൽ ഒരു ടീച്ചറിനെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യുന്നത് അത്ര വല്യ കാര്യം ഒന്നുമല്ലല്ലോ. ഞാൻ അവളെയും കയറ്റി വീട്ടിലേക്കു പോയി

ഒരു ടീച്ചറിനെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യുന്നത് അത്ര വല്യ കാര്യമൊന്നും അല്ല പക്ഷെ ആ ടീച്ചറും സ്റുഡന്റും ആരും ഇല്ലാത്ത ലൈബ്രറിയിൽ ഒത്തിരി നേരം ഒറ്റയ്ക്ക് സംസാരിക്കുകയും ആ ടീച്ചർ അവനെ അടിക്കുകയും ചെയ്‌താൽ അവർ സംസാരിക്കുന്നതിന് ഇടയ്ക്കു കരഞ്ഞാൽ ആ ടീച്ചർ അവനെ കെട്ടിപ്പിടിച്ചാ ആ ടീച്ചർ തന്നെ അവന്റെ വണ്ടിയിൽ കയറി പോയാൽ അതൊരു വല്യ കാര്യം തന്നെയല്ലേ ഒരു കോളേജിനെ ഇളക്കി മറിക്കാൻ പോന്ന സംഭവം… ഈ സംഭവങ്ങൾ ഒക്കെ ഒരാൾ മൊബൈലിൽ വീഡിയോ കൂടെ എടുത്തിട്ടുണ്ടെങ്കിലോ …

Comments:

No comments!

Please sign up or log in to post a comment!