ശ്രീഭദ്രം ഭാഗം 7

എന്താടോ… പരാതിയൊക്കെ കൊടുത്തോ… ??? വണ്ടിക്കെങ്ങനെയുണ്ട് ???

അകത്തേക്ക് കാലുവെച്ചതേ സാറിന്റെ വക ചോദ്യം. ഒന്നു പകച്ചു. ഇന്നേവരെ ആരെങ്കിലും ചത്തെന്നറിഞ്ഞാൽപോലും ഒരു വാക്ക് ചോദിക്കാത്ത ടീമാണ്. ഇയാൾക്കിപ്പോഴെന്തിന്റെ സൂക്കേടാ…. മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെയൊന്നു പാളിനോക്കി. ഞാനെന്തു പറയുമെന്നറിയാത്തതിന്റെ ടെൻഷൻ മുഴുവനുമുണ്ട് മുഖത്ത്.!!!. പ്രിൻസിപ്പാളിന്റെ റൂമിൽ പറഞ്ഞതുപോലുള്ള ഡയലോഗ് വല്ലതും വിട്ടാൽ ക്ലാസിൽ ആകെ നാറുമെല്ലോയെന്നുള്ള പേടിയാവാം കാരണം.

എന്തായാലും അത്തരം ഡയലോഗോന്നുംവിട്ട് സ്വയം നാറാൻ ഞാനും ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് ഓ എന്തിനാ സാർ… എന്നൊരു ഒഴുക്കൻ മട്ടിലുള്ള ഡയലോഗിൽ ഞാനെന്റെ ഉത്തരമങ്ങോട്ടൊതുക്കി. എന്നിട്ട് സീറ്റിലേക്ക് പോയിരുന്നു.

അതെന്തുപറ്റി ??? ന്യായം പണിയില്ലേ വണ്ടിക്ക് ???

കാലമാടന് സംശയം തീരുന്നില്ല. നോക്കുമ്പോൾ ഇങ്ങേർക്കിതെന്തിന്റെ സൂക്കേടാ എന്ന മട്ടിലാണ് നമ്മുടെ കഥാനായികയുടെയും നോട്ടം. ആ ഉണ്ടക്കണ്ണുംതുറിച്ചുള്ള നോട്ടം കണ്ടാലേ ചിരിവരും.

അയ്യോ… അതിന് ചെയ്‌തത് ഭദ്രയാകുമ്പോ ശ്രീഹരി കേസൊന്നും കൊടുക്കൂല്ല സാർ…

ഞാനെന്തെങ്കിലും ഒഴികഴിവ്‌ പറയുന്നതിനും മുമ്പേ ആരോ വെടിപൊട്ടിച്ചു. ഞാനും ഭദ്രയും ഒരുപോലെയൊന്നു ഞെട്ടി. വല്ലാത്തൊരു ഭാവത്തോടെ അവളെന്നെ നോക്കിയതും ഉമിനീരുവറ്റിപ്പോയ അവസ്‌ഥയിലായി ഞാൻ.

അതെന്താ അങ്ങനെ ???

ഇയാളെക്കൊണ്ടു തോറ്റല്ലോ എന്ന് മനസ്സിലോർത്തുകൊണ്ട് എന്തുപറയണം എന്നാലോചിക്കാനാണ് ഞാനപ്പോൾ ശ്രമിച്ചത്. ഇൻഷുറൻസ് കിട്ടുമെന്ന് പറയാൻ പറ്റില്ല. അവളെപ്പോലല്ല, ബാക്കിയുള്ളവർക്ക് വെളിവുണ്ട്. കേസില്ലാതെ ചെന്നാൽ ക്ലെയിമൊന്നും കിട്ടൂല്ലല്ലോ എന്നാരെങ്കിലും പറഞ്ഞാൽ… എന്നെ നേരെ തെക്കോട്ടെടുത്തേച്ചാൽ.

അല്ല സാർ… ഭദ്ര വണ്ടി പണിയാനുള്ള പൈസ തരാമെന്നു പറഞ്ഞു. പിന്നെ കേസൊന്നും വേണ്ടല്ലോന്നോർത്താ… !!!

ഞാൻ ആലോചിച്ചുപാതിയായപ്പോഴേക്കും ഡിബിൻ ഉത്തരം പറഞ്ഞു കഴിഞ്ഞിരുന്നു. ഞാനവനെ നന്ദിയോടെയൊന്നു നോക്കി. പക്ഷേ അവനെന്നെനോക്കി മുരളുകയാണ് ചെയ്തത്. ഇവനെന്തിനാ ഇതിനുംമാത്രം കലിപ്പിടുന്നതെന്ന് എനിക്കൊരു ഐഡിയയും കിട്ടിയില്ല. പിന്നെ മീശ വലിച്ചു പറിച്ചതിന്റെ കലിപ്പാവുമെന്ന്‌ കരുതി സ്വയം സമാധാനിച്ചു. അവനാക്കാര്യം പിന്നീടൊന്നും പറയാത്തതുകൊണ്ടുതന്നെ ഞാൻ പിന്നീടതിനെക്കുറിച്ചൊട്ടു ചോദിച്ചതുമില്ല.

എന്തായാലും അവന്റെ ഉത്തരം ന്യായീകരിക്കാനാവുന്നതാന്നെന്ന തോന്നലിലാവണം നീട്ടിയൊരു മൂളലിൽ സാറുതന്റെ മറുപടിയൊതുക്കി.

പക്ഷേ പിള്ളേര്മൊത്തം എന്തൊവലിയ ഫലിതം കേട്ടതുപോലെ അടക്കംപറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അവരുദ്ദേശിക്കുന്നത് എന്താണെന്നറിയാവുന്നത് കൊണ്ടാവും എന്റെ നോട്ടം വീണ്ടും നമ്മുടെ നായികയിലേക്ക്തന്നെ പോയെന്നത് പ്രത്യേകം പറയേണ്ടല്ലോ… !!! പക്ഷേ ആ നോട്ടമേ വേണ്ടായിരുന്നൂന്നു തോന്നിപ്പോയി. എന്നെ അരച്ചുകലക്കിയങ്ങു കൊടുത്താൽ, ഒരുതുള്ളിപോലും ബാക്കിവെയ്ക്കാതെ ഒറ്റവലിക്കു കുടിക്കാൻപാകത്തിന് ദേഷ്യമുണ്ടായിരുന്നു അപ്പോഴാ മുഖത്ത്. അതുകൂടി കണ്ടതോടെ ഞാനപ്പഴേ നോട്ടം മാറ്റി. പിന്നെ നോക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല താനും. !!!.

അന്ന് വൈകുന്നേരം വരെ അതേ അവസ്ഥയായിരുന്നു. അവളുടെ മുമ്പിൽ ചെല്ലാതെ മുങ്ങിനടക്കുകയായിരുന്നു ഞാൻ. എന്താന്നറിയില്ല, അവളോട് എന്തൊവലിയ തെറ്റുചെയ്തതുപോലൊരു ഫീലായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ ഇന്റർവെൽ സമയത്ത് പുറത്തേക്ക് ചാടിയാൽ സാറെത്തുന്നതിന് തൊട്ടുമുമ്പാകും ഞങ്ങള് തിരിച്ചു വന്നുകയറുക. എന്റെ ഉദ്ദേശമറിയാതെ കൂടെവന്ന ഡിബിനെ എന്റെ മനസ്സിലുള്ളതൊന്നും ഞാൻ അറിയിച്ചതുമില്ല. പൊതുവേ ക്ലാസിൽ കയാറാനിഷ്ടമില്ലാത്ത അവന് ഞാനൊരു കമ്പനി കൊടുക്കുകയാണെന്നാവും അവനപ്പോൾ ചിന്തിച്ചിരിക്കുക.

ഒന്നുരണ്ടുവട്ടം ഞങ്ങൾ കയറിവന്നപ്പോൾ എന്തോ പറയാനായി അവളെണീക്കാൻ നോക്കിയെങ്കിലും കൃത്യസമയത്ത് വന്നുകയറി വിജേഷ് സാറും ബെറ്റിമാമും എന്നെ രക്ഷിച്ചു. പറയാനുള്ളത് പറയാൻ പറ്റാത്തതിന്റെ വീർപ്പുമുട്ടലിൽ അവളിരുന്നു ഞെളിപിരികൊണ്ടപ്പോൾ, എങ്ങനെയെങ്കിലും അവളുടെ അടുത്തൂന്ന് രക്ഷപെടണമല്ലോയെന്ന ചിന്തയിൽ ഞാനും അസ്വസ്ഥനായിരുന്നു. പക്ഷേ എന്തായാലും അവസാനം അവള് തന്നെയാണ് ജയിച്ചത്. സംഭവം നടന്നത് അന്നു വൈകിട്ടായിരുന്നു. ബെല്ലടിച്ചതും ചാടിയെണീറ്റ് ബാഗുമെടുത്തു മുങ്ങാൻ നോക്കിയ എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ സ്വരം പെട്ടന്നുയർന്നു.

ശ്രീഹരീ… വൺ മിനിറ്റ്… ഐ വാണ്ട് റ്റു ടോക്ക് റ്റു യു…

ആ വിളിയിൽ ഞാൻ മാത്രമല്ല ക്ലാസ് മുഴുവനും ഒരുപോലെ തിരിഞ്ഞുനോക്കി. എന്തോ പന്തികേട് തോന്നിയിട്ടാവും എന്താണെന്ന മട്ടിൽ ഡിബിൻ എന്നെനോക്കിയൊന്നു കണ്ണുകാട്ടി. ഒന്നുമില്ലെന്ന മട്ടിൽ ഞാനുമൊന്നു കണ്ണടച്ചുകാട്ടിയെങ്കിലും എന്തോ ഉണ്ടെന്ന തോന്നലിലാവണം അവനെന്നെ വല്ലാത്ത ഭാവത്തോടെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. സാധാരണ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരെ എന്റെയടുത്തേക്ക് വന്നോണ്ടിരുന്നെ നമ്മുടെ നായിക, അന്നെന്തായാലും യാതൊരു ധൃതിയുമില്ലെന്ന ഭാവമായിരുന്നു.
സാവധാനത്തിൽ ബുക്കൊക്കെ ബാഗിലേക്ക് പെറുക്കിവെച്ച് ബാഗെടുത്തു തോളിലിട്ട് പോകാനുള്ള സെറ്റപ്പിലാണ് പുറത്തേക്ക് വന്നത്.

പക്ഷേ അതൊക്കെ പെറുക്കി വെയ്ക്കുന്ന സമയത്തും ഞാൻ വീണ്ടും മുങ്ങാൻ ശ്രമിക്കുന്നുണ്ടോയെന്നു നോക്കുമ്പോലെ ഇടയ്ക്കിടെയെന്നെ പാളിനോക്കുന്നുണ്ടായിരുന്നു. അതികം ദേഷ്യത്തിലല്ല മുഖമെങ്കിലും, ആ മനസ്സിലുള്ളത് എന്താണെന്നോ പ്രതികരണം എങ്ങനെയാവുമെന്നോ അറിയാത്തതിന്റെ സർവ ടെൻഷനുമുണ്ടായിരുന്നു എന്റെ മുഖത്ത്. നല്ലൊരു അടി പ്രതീക്ഷിച്ചാവും ക്ലാസിലെ ഒറ്റയെണ്ണംപോലും പുറത്തേക്ക്‌ പോയിട്ടില്ല. എല്ലാവരും എന്നെയും അവളെയും മാറിമാറി നോക്കി നിൽപ്പാണ്. അതത്ര ഇഷ്ടപ്പെടാത്തപോലെ മുഖം കറുപ്പിക്കുന്നുണ്ടെങ്കിലും കഥാനായികയും ഒന്നും പറയുന്നില്ല. ആ നിശബ്ദതയും സവധാനത്തിലുള്ള പ്രവർത്തികളും എന്നെക്കാളേറെ മറ്റുള്ളവരിലാണ് അത്ഭുതമുളവാക്കിയത്. എനിക്കുപിന്നെ അത്ഭുതമൊന്നുമുണ്ടായിരുന്നില്ല. കാരണം എന്തായാലും ഞാനോടില്ലെന്ന് അവൾക്കറിയാമല്ലോ… ??? പിന്നെന്തിന് ധൃതി കാണിക്കണം. ???!!!.

ബാഗെടുത്തു രണ്ടു തോളിലുമായിട്ട്, ബാഗിന്റെയും ശരീരത്തിന്റെയും ഇടയിൽനിന്ന് മുടിമൊത്തമായി വലിച്ചെടുത്ത് മാറിലേക്കിട്ട് ആടിയാടിയാണ് അവളെന്റെയടുത്തേക്ക് വന്നത്. അവളുടെ പ്രവർത്തികളെല്ലാം ഞാൻ സസൂക്ഷ്മം നോക്കിനിന്നതിന്റെ ദേഷ്യമൊന്നു മിന്നിമറഞ്ഞെങ്കിലും ഡെസ്ക്കിനടുത്തുനിന്ന് പോന്നപ്പോഴേക്കും ആ സ്ഥിരം നിസ്സംഗഭാവം മുഖത്തു നിറഞ്ഞിരുന്നു. മൊണാലിസ തോറ്റുപോകും ചില സമയത്തവളുടെ മുഖത്തേയ്ക്ക് നോക്കിയാൽ. എന്താണ് ഭാവമെന്ന് യാതൊരു ഐഡിയയും കിട്ടില്ല. അതുകൊണ്ടുതന്നെ ചെറിയൊരങ്കലാപ്പിലായിരുന്നു ഞാനും. പിന്നെ ആദ്യമേ ഒരടി പ്രതീക്ഷിച്ചിരുന്നതിനാൽ ഒന്ന് ശ്വാസമൊക്കെ എടുത്തുവിട്ട് എന്തും നേരിടാൻ തയ്യാറായി ഒന്ന് റിലാക്‌സായി നിന്നു.

ശ്രീഹരീ… ഞാനെന്തെങ്കിലും പറയുമ്പഴും ചെയ്യുമ്പോഴും ക്ലാസിലുള്ള ആ പുഴുങ്ങിയ ചിരിയുണ്ടല്ലോ… അതങ്ങോട്ടു നിർത്തിക്കോളാൻ പറഞ്ഞോ എല്ലാരോടും… !!! നീ ഒറ്റ ഒരുത്തൻ കാരണമാണ് അതുണ്ടായത്. അതുകൊണ്ട് അത് നിർത്തേണ്ടതും നിന്റെ ചുമതലയാ… അതാ നിന്നോട് പറയുന്നേ… നീയായിട്ടു നിർത്തിയാൽ എല്ലാവർക്കും നല്ലത്… ഇല്ലെങ്കിൽ…

(അവളൊന്നു നിർത്തി. എന്നിട്ട് എല്ലാവരെയുമൊന്നു നോക്കി. എന്നിട്ടാണ് ബാക്കി പറഞ്ഞത്.)

നിർത്തിക്കാനെനിക്കറിയാം… എന്നെക്കൊണ്ടത് ചെയ്യിക്കരുത്… !!!

നല്ലൊരു പഞ്ച് ഡയലോഗും വീശിയിട്ട് അവളങ്ങു പോയി. ഞാനൊരു ദീർഘനിശ്വാസം വിട്ടു.
അവളുടെ തുടക്കം കേട്ടപ്പഴേ തെറി പ്രതീക്ഷിച്ചുനിന്ന ബാക്കിയുള്ളവരുടെയും അവസ്ഥ അതുതന്നെയായിരുന്നു. എല്ലാരും പരസ്പരം നോക്കിയൊന്നാശ്വസിപ്പിച്ചു വരുമ്പോഴേക്കും ആ നാറി ഒരാവശ്യവുമില്ലാതെയൊരു ഡയലോഗ്.

എന്താ ആരേലുമെന്തെലുമൊക്കെ പറഞ്ഞോണ്ട് നടന്നാൽ അവസാനം ഇവനോട് പ്രേമമായിപ്പോകുവോന്നു പേടിച്ചിട്ടാണോ ???

നായിന്റെ മോനേയെന്ന് വിളിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു വന്നപ്പോഴേക്കും വാതിൽക്കലെത്തിയിരുന്നവളും അവിടെ നിശ്ചലയായി. ഞാൻ വിളിച്ചത് പതുക്കെയായിരുന്നതിനാൽ ഡിബിൻ മാത്രമാണത് കേട്ടത്. അവനെന്നെ നോക്കിയൊന്നു പല്ലിളിച്ചത് ഞാൻ മാത്രമാണ് കണ്ടതും. കാരണം ബാക്കിയെല്ലാവരും അവളെയാണ് നോക്കിനിന്നത് എന്നതുതന്നെ. അവനെ നോക്കി പല്ലിറുമ്മിക്കൊണ്ടു ഞാൻ വാതിൽക്കലേക്ക് നോക്കുമ്പോഴേക്കും ആകാശത്തോടെപോയ പണി തോട്ടിയിട്ടു പിടിച്ചിട്ടപ്പോലെ ആ പോയ സാധനം വീണ്ടുമെന്റെ നേർക്ക് വരുന്നതാണ് കണ്ടത്. പക്ഷേ പോയപ്പോഴുള്ള ഭാവമല്ല, നല്ല കലിപ്പിലാണ് വരവ്.

ഞാൻ പ്രേമിക്കുവോ ഇല്ലയൊന്ന് നിനക്കാണോടാ അറിയാവുന്നത് ????

വന്നതേ ഒറ്റ അലർച്ച. എന്നോടായിരുന്നില്ല, ഡിബിനോട്. ഗ്യാസ്‌പോയപോലെയാണ് ഡിബിൻ ഫ്യുസായത്. പേടിയുള്ള ആരെയെങ്കിലും കാണുമ്പോൾ കൊച്ചുകുട്ടികൾ അമ്മമാരുടെ പിറകിൽ മറയുന്നതുപോലെ അവനെന്റെ പിന്നിലേക്ക് മറഞ്ഞു. അതുകണ്ട് ചിരിയാണ് വന്നതെങ്കിലും മുമ്പിൽ നിൽക്കുന്ന ഭദ്രകാളിയെക്കുറിച്ചുള്ള ഓർമയിൽ കഷ്ടപ്പെട്ട് ഞാനതങ്ങടക്കി. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. അവനോടുള്ള ദേഷ്യം മുഴുവൻ ഭദ്രകാളി എന്റെ നെഞ്ചത്തു തീർത്തു.

ശ്രീഹരീ… മര്യാദക്ക് ഞാമ്പറഞ്ഞു എനിക്കീ പ്രേമത്തിലും മണ്ണാങ്കട്ടായിലുമൊന്നും യാതൊരു താല്പര്യവുമില്ലാന്ന്… പിന്നെന്തോന്നിനാ നീയൊക്കെയെന്റെ പിന്നാലെയിങ്ങനെ നടക്കുന്നെ… ??? അവന്റെയൊരു ചിരിയും തൊലിയും… !!!

ഒരലർച്ച. നിന്നനിൽപ്പിൽ ഞാനൊന്നു കിടുങ്ങിപ്പോയി. അവനോട് തെറി പറഞ്ഞോണ്ടിരുന്നവള് ഒറ്റ സെക്കന്റിനുള്ളിൽ എന്റെ നെഞ്ചത്തോട്ടു കേറുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ലല്ലോ… അതുകൊണ്ടുതന്നെ യാതൊരു പ്രിക്കോഷനും ഞാനെടുത്തിരുന്നുമില്ല. അതാണ് അത്രക്കങ്ങോട്ടു ഞെട്ടാൻ കാരണം. അവളുടെ അലർച്ചയിൽ കണ്ണുംമിഴിച്ചു നോക്കിനിൽക്കാൻ മാത്രമാണ് അപ്പോഴെനിക്കു കഴിഞ്ഞത്. അതുകൂടി കണ്ടതേ ഭദ്രകാളിക്കു വീണ്ടും ഭ്രാന്തിളകി.

ഒന്നാമതേ ബാക്കിയുള്ളവന് തലയ്ക്കു വെളിവില്ല. അതിന്റെടയ്ക്കാ അവന്റെയൊക്കെയൊരു പ്രേമോം കോപ്പും കോടച്ചക്രോമൊക്കെ… അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ… നിനക്കൊക്കെ എന്താ വേണ്ടേ ??? ഈ കോളേജില് ഇതിനുംമാത്രം പെമ്പിള്ളേരുണ്ടായിട്ടും നീയൊക്കെയെന്തോന്നിനാന്നേ എന്റെ മുതുകത്തോട്ട് കേറുന്നെ… ??? എന്റെ പൊന്നു കൂടപ്പിറപ്പേ… എന്നെയൊന്നു വിട്ടുപിടി… പ്ലീസ്…എന്നെക്കൊണ്ട് വയ്യാഞ്ഞിട്ടാ… എനിക്കിഷ്ടമില്ലാത്ത ഒരാളോടെങ്ങനെയാടോ ഞാനിഷ്ടമാന്നു പറയുക… ??? അതാ… എന്നെ വിട്ടേക്കെടാ പ്ലീസ്… !!!

ആദ്യം കലിപ്പിലാണ് പറഞ്ഞുതുടങ്ങിയതെങ്കിലും അവസാന ഭാഗത്തേക്ക് വന്നപ്പോഴെക്കും കൈകൂപ്പി അപേക്ഷിക്കുന്നപോലെയാണ് അവളത് പറഞ്ഞുനിർത്തിയത്.
ആദ്യത്തേത് ഞാനത്ര കാര്യമാക്കിയില്ലെങ്കിലും അവസാനത്തെ വരികൾ… അതെന്നേ തകർത്തുകളഞ്ഞു. അവളെന്നെ ഇഷ്ടമല്ലാന്നല്ലേ ആ പറഞ്ഞത് ??? ആ ചോദ്യമെന്റെ തലച്ചോറിന് മനസ്സിലാകും മുന്നേ ഞാൻപോലുംമറിയാതെയെന്റെ നാവ് ചലിച്ചിരുന്നു…. !!!

അപ്പോ… ??? അപ്പോഴേന്നെയൊട്ടും ഇഷ്ടമല്ലേ ഭദ്രേ നിനക്ക്… ???

കരയുന്ന പോലെയാണ് ഞാനത് ചോദിച്ചത്. ഉള്ളിലെ സ്വപ്നങ്ങളെല്ലാം ഒറ്റയടിക്ക് തകർന്നടിഞ്ഞതുപോലെ തളർന്നിരുന്നു ഞാനപ്പോൾ. ആ തളർച്ച പൂർണ്ണമാക്കിക്കൊണ്ടാണ് അവളുടെ മറുപടി വന്നതും.

നിന്നോട് ആദ്യമേ ഞാനത് പറഞ്ഞതല്ലേ ശ്രീഹരീ… ??? എന്നിട്ടും മനസ്സിലായില്ലെ…??? എന്നാൽ ഒന്നുകൂടി കേട്ടോ… എനിക്ക് നിന്നെ ഇഷ്ടമാണ്…. പക്ഷേ അതൊരു ഫ്രണ്ട് എന്നതിലുപരി മറ്റൊന്നുമില്ല….!!! അതായത് കുറച്ചുകൂടി വിശദമായി പറഞ്ഞാൽ… ഈ ലോകത്ത് മാറ്റാരെ പ്രണയിച്ചാലും വിവാഹം കഴിച്ചാലും നിന്നെ ഞാൻ പ്രേമിക്കില്ലാ… വിവാഹം കഴിക്കില്ലാന്ന്… !!! എന്താ മനസ്സിലായോ… ???

കാരണം… ???

എന്റെ ചോദ്യം വളരെ പെട്ടന്നായിരുന്നു. അതും നല്ല ഉച്ചത്തിൽ. അതുവരെയുള്ള എന്റെ ഭാവമായിരുന്നില്ല പിന്നെ ക്ലാസിലുള്ളവർ കണ്ടത്. അത് ചോദിക്കുമ്പോൾ അവളെക്കാളും വാശിയും ദേഷ്യവുമുള്ള ഒറിജിനൽ ശ്രീഹരിയായിരുന്നു ഞാൻ.

എന്താ… ??? എന്റെ ചോദ്യം മനസ്സിലാവാതെ അവളെന്നോടൊരു മറുചോദ്യമാണ് ചോദിച്ചത്.

എന്നെ ഇഷ്ടമല്ലാന്നു പറയാനുള്ള കാരണമെന്താണെന്ന് പറയാൻ… !!!

ഞാനും അലറുകയായിരുന്നു. എന്റെ ഭാവമാറ്റം കണ്ടിട്ടാവണം അവളുമൊന്നു പകച്ചപോലെ. പക്ഷേ ഒരു നിമിഷത്തെ പകപ്പിന് ശേഷം അവളും ഫോമായതോടെ ക്ലാസിലൊരു ട്വന്റി ട്വന്റി മാച്ചിന്റെ ത്രില്ലിംഗ് ഇന്നിങ്സിന് തുടക്കമാവുകയായിരുന്നു.

ഇഷ്ടമല്ല അത്രതന്നെ… !!! അവളുടെ ഉത്തരം ഒറ്റ വരിയിലായിരുന്നു.

അതെന്താടി നിനക്കു മാത്രമെന്നെ ഇഷ്ടപ്പെടാത്തെ… ??? ഇഷ്ടമായില്ലെങ്കി അതിനൊരു കാരണം വേണ്ടേ… ?? അതെന്താണെന്ന് പറാ… എനിക്കെന്താ സൗന്ദര്യമില്ലേ… ??? പണവില്ലേ… ??? അത്യാവശ്യത്തിന് പഠിക്കുന്നില്ലെ… ??? ഇല്ലേ…??? ഇല്ലെങ്കിൽ നീ പറാ… ഇതിൽക്കൂടുതല് നിനക്കെന്നാഡീ വേണ്ടത്… ???

ആണത്തം… !!! പ്രേമിക്കുന്ന പെണ്ണിനോട് നെഞ്ചുവിരിച്ചുനിന്ന് ഇഷ്ടമാണെന്ന് പറയാൻ പോലും കഴിയില്ലാത്തൊരു മൊണ്ണയെ എനിക്ക് വേണ്ടന്നാ പറഞ്ഞത്. !!!

എന്റെ ആണത്തം നീയെപ്പഴാടീ കണ്ടത്… ???

ഞാൻ സ്വയം മറന്നലറി. എന്താണ് ചോദിക്കുന്നതെന്നുപോലും എനിക്കപ്പോൾ അറിയില്ലായിരുന്നു എന്നതാണ് സത്യം. തന്റെ ന്യായീകരണത്തിന് കൊടുത്ത വെറുമൊരു സപ്പോർട്ട് മാത്രമാണാ വാക്കുകളെന്നു പോലും ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോളെന്നതാണ് സത്യം. കലിപൂണ്ടുള്ള എന്റെ ചോദ്യത്തിന് അവള് തന്ന മറുപടിയൊന്നും ഞാൻ ശെരിക്കും കേട്ടത്കൂടിയില്ല. അവള് പറയുന്ന മറുപടികളിലെ ഏതെങ്കിലുമൊക്കെ വരിയെടുത്തു വീട്ടിൽ വീണ്ടും ഞാനവളെ ചോദ്യം ചെയ്തുകൊണ്ടിരുന്നു.

അവളുടെ മുട്ടാപ്പോക്കു ന്യായങ്ങളൊന്നുമെനിക്കു കേൾക്കണ്ടാന്ന മട്ടിൽ ഞാനും എനിക്കുനിന്നെ ഇഷ്ടമല്ലാന്നു പറഞ്ഞാൽ ഇഷ്ടമല്ല എന്ന ഒരേ പല്ലവിയിൽ അവളും ചീറിനിന്നതോടെ പിള്ളേർക്കുമൊത്തം ചിരിക്കാനുളള വകയായത് മാറി. എന്തൊക്കെ വിളിച്ചുകൂവിയെന്ന് എനിക്കുപോലുമറിയില്ല. ഉള്ളിലെ ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചടിച്ചു വന്നപ്പോൾ അവളെക്കാളും വലിയ ഭദ്രകാളി ഞാനായി മാറി. അവസാനം തോൽവി സമ്മതിച്ചുപോകുമെന്ന അവസ്ഥ വന്നപ്പോഴാണ് അവളവളുടെ അവസാന അടവെടുത്തു പ്രയോഗിച്ചത്.

ശെരി… ഞാനെല്ലാം സമ്മതിച്ചു… !!! നിനക്കെന്നെ ആദ്യം മുതലേ ഇഷ്ടമായിരുന്നു… ഞാൻ ദേഷ്യപ്പെടുന്നത് കൊണ്ടാണ് നിനക്കെന്നോട് പറയാൻ മടിയായത് എന്നൊക്കെ… !!! ശെരി… എല്ലാം ഞാൻ അംഗീകരിക്കുന്നു… !!! പക്ഷേ ഒരു ചോദ്യത്തിന് മാത്രം നീ ഉത്തരം പറ… അത് പറഞ്ഞാൽ ഈ പറഞ്ഞത് മുഴുവനും ഞാൻ അംഗീകരിക്കാം… !!! അംഗീകരിക്കുക മാത്രമല്ല നിനക്കു കെട്ടാൻ കഴുത്തും നീട്ടിത്തരാം ഞാൻ… പറ… എന്തറിയാം നിനക്കെന്നെക്കുറിച്ച്… ???

എന്താ… ???

നിനക്കെന്നെക്കുറിച്ച് എന്തറിയാമെന്ന്… ?? എന്റെ വീടോ നാടോ അച്ഛന്റെ പേരോ അമ്മയുടെ പേരോ അങ്ങനെ എന്തെങ്കിലും… ??? അങ്ങനെ എന്തെങ്കിലുമറിയാമോടാ നിനക്ക്… ??? അറിയാമെങ്കിൽ പറാ… അവനൊക്കെ പ്രേമിക്കാൻ നടക്കുന്നു… !!!

പരമ പുച്ഛത്തോടെയാണ് അവളത് പറഞ്ഞു നിർത്തിയത്. സത്യത്തിലെന്റെ വായടഞ്ഞുപോയി. കാരണം എനിക്കാകെ അവളെക്കുറിച്ചറിയാവുന്നത് ഭദ്ര എന്ന പേരു മാത്രമായിരുന്നു. തികച്ചും നിസ്സഹായനായി ഞാൻ ചുറ്റുപാടുമൊന്നു നോക്കി. എല്ലാവരുടെ മുഖത്തും ഞാനതിന് മറുപടി കൊടുക്കുമെന്നുള്ള ഭാവമായിരുന്നുവെങ്കിലും ആരുമതിന്റെ ഉത്തരമെനിക്കു പറഞ്ഞു തന്നില്ല. അതോടെ മറ്റൊന്നും പറയാനാവാതെ മുഖം താഴ്ത്തുമ്പോൾ അവളുടെ പുച്ഛം നിറഞ്ഞൊരു ചിരിയാണ് ചെവിയിൽ പതിച്ചത്. കൂട്ടത്തിൽ അവനൊക്കെ പ്രേമിക്കാൻ നടക്കുന്നൂന്നൊരാട്ടും. !!!.

ശരി. അവനൊന്നുമറിയില്ല. സമ്മതിച്ചു. പക്ഷേ നിനക്കെന്തറിയാം ഇവനെക്കുറിച്ച്… ??? എടീ ഇവനൊന്നു വിരൽ ഞൊടിച്ചാൽ സിനിമാനടിമാരുവരെ ഇവിടെവന്നു ക്യു നിൽക്കും. ആ ഇവന് നിന്നോടൊക്കെയൊന്നു പ്രേമം തോന്നീന്നു പറയുന്നതുതന്നെ നിനക്കൊക്കെക്കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാ… !!! അല്ല ഇത്രക്കഹങ്കാരം കാണിക്കാൻ മാത്രം നിനക്കെന്നാടീ അരയ്ക്ക് ചുറ്റുമുണ്ടോ… ??? അവളിറങ്ങിയെക്കുന്നു… ഒന്ന് പോടീ പൂറീ… നീയല്ലെങ്കി ഇവന് വേറെ പെണ്ണ് കിട്ടാത്ത പോലെ… !!! കളഞ്ഞിട്ടു വാടാ മൈരേ… നാണംകെട്ടു മതിയായില്ലേ നിനക്ക്… ???

ഞാൻ നിശ്ശബ്ദനായതും അത്രനേരം മിണ്ടാതിരുന്ന ഡിബിൻ പെട്ടന്ന് പൊട്ടിത്തെറിച്ചു. പിന്നെ എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചു. ഞാനിനിയും നാണംകെടുന്നത് അവന് സഹിക്കാൻ കഴിയുന്നില്ലെന്നെനിക്കു തോന്നി. അവളോട് പൊട്ടിത്തെറിക്കുകയായിരുന്നെങ്കിലും വല്ലാതെ ഇടറിയിരുന്നു അവന്റെ സ്വരവും.

ഇതല്ലേ ഞാനും ആദ്യം പറഞ്ഞത്… ??? വെറുതേ എന്റെ പുറകേ നടക്കാതെ വേറെവല്ലൊരുടെയും പുറകേ പോകാൻ.. ???!!!.

ഞാനും ഡിബിനും പുറത്തേക്ക് നീങ്ങിയതും പിന്നിൽനിന്ന് വീണ്ടുമവളുടെ സ്വരം കേട്ടു. തലതാഴ്ത്തി യാന്ത്രികമായിട്ടവനെ പിന്തുടരുമ്പോഴും അവളവസനം പറഞ്ഞ ആ ഒരു ചോദ്യത്തിൽ മുങ്ങി നിൽക്കുകയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ അവളുടെ ആ പിൻവിളിക്കു മറുപടി കൊടുക്കാനുള്ള ത്രാണിയൊന്നും അപ്പോഴെനിക്കുണ്ടായിരുന്നില്ല. എന്നാൽ ഡിബിൻ അതങ്ങേറ്റെടുത്തു.

എന്തു കണ്ടിട്ടാഡീ നിന്റെയീ അഹങ്കാരം.. ??? എടീ നീ വല്യ ഡയലോഗ് വിട്ടല്ലോ നിന്റെ ഡീറ്റൈൽസൊന്നും അവനറിയില്ലല്ലൊന്നു പറഞ്ഞ്… ???!!!. അല്ലാ എന്തറിയാം നിനക്കവനെക്കുറിച്ച്.. ??? എടീ അവന്റെ ഒരുമാസത്തെ വരുമാനം പോലുംവേണ്ടാ നിന്റെയൊക്കെ ആയുഷ്കാല സമ്പാദ്യത്തോട്‌ മത്സരിക്കാൻ… ആ നീയൊക്കെ എന്ത് കണ്ടിട്ടാഡീ ഇത്രക്കഹങ്കരിക്കുന്നെ… ??? ഏ… ??? നിനക്കൊക്കെ ഇതിലും കൂടുതലെന്നാ വേണ്ടേ… ??? അതോ അവനേക്കാളും വലിയ അംബാനിയാണോ നിന്റപ്പൻ… ???

ഡിബിനെ… കാശ് നോക്കിയല്ല ഞാനെന്റെ തീരുമാനം പറഞ്ഞത്. നീ പറഞ്ഞില്ലേ എനിക്കവനെക്കുറിച്ചും ഒന്നുമറിയില്ലാന്ന്… !!! ശെരിയായിരിക്കാം… എനിക്കും അറിയില്ല. അവന്റെ സ്വത്തിന്റെ അളവെനിക്കറിയത്തില്ല… അവനിഷ്ടപ്പെട്ട നിറമോ സ്വരമോ ഒന്നുമറിയത്തില്ല. എന്നാലും കഴിഞ്ഞവർഷം ആയിരത്തിയിരുനൂറു കോടി രൂപയുടെ വിറ്റുവരവുള്ള ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഓണറായ ഈശ്വരമേനോന്റെ മോനാണ് അവനെന്നെങ്കിലും എനിക്കറിയാം. പക്ഷേ അതുപോലും എന്നെക്കുറിച്ച് അവനറിയില്ല. അതാണ് ഞാൻ പറഞ്ഞത്. എന്നെക്കുറിച്ചൊന്നുമറിയാത്ത… എനിക്കിഷ്ടമില്ലാത്തൊരാളെ ഞാനെങ്ങനെയാടാ ഇഷ്ടപ്പെടുന്നെ… ??? അത് പറ നീയ് ….

ഡിബിൻ പൊട്ടിത്തെറിച്ചാണ് ചോദിച്ചതെങ്കിലും ഭദ്ര തികച്ചും സൗമ്യമായിത്തന്നെയാണ് മറുപടി കൊടുത്തത്.

അപ്പോ… അപ്പൊ നിന്റെ അച്ഛന്റെ പേരെങ്കിലും അറിയാമായിരുന്നെങ്കിൽ എന്നോട് നീ ഇഷ്ടമാണെന്ന് പറയുമായിരുന്നോ ഭദ്രേ… ???

അവളുടെയാ ഉത്തരം തികച്ചും ന്യായമാണെന്ന് തോന്നിയതിനാലാവും എന്റെ സ്വരവും തീരെ പതിഞ്ഞതായിരുന്നു. അതും തികച്ചും ദയനീയമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മനസ്സ് മനസ്സിലാക്കിയിട്ടാവും അവളും എനിക്കൊരു ഓഫർ തന്നു.

ആം. പറ… എന്റെ അച്ഛന്റെ പേരെങ്കിലും പറ നീ…

എവിടെയോ കേട്ടുമറന്ന അവളുടെ ഫുൾനെയിം ഞാനപ്പോൾ മനസ്സിൽ തിരയുകയായിരുന്നു. വല്ലാത്ത പരിഭ്രാന്തിയോടെയുള്ള എന്റെയാ പരിശോധനയുടെ ഉദ്ദേശമറിയാവുന്നത് കൊണ്ടാവും പെട്ടെന്നുതന്നെ തലച്ചോറത് കണ്ടത്തി. വല്ലാത്തൊരു ഉത്സാഹത്തോടെ ഞാനത് മനസ്സിലൊന്നു വായിച്ചു.

ഭദ്ര വി സേതു… !!! വീ എന്നത്കൂട്ടി വീട്ടുപേരാകുമ്പോ അച്ഛന്റെ പേര് സേതു… !!! അതേ.. അതുതന്നെ… സേതു…

ജാക്ക്പോട്ടു വിൻ ചെയ്യുന്ന പോരാളിയുടെ ഉത്സാഹത്തോടെ ഞാനവളെ നോക്കി അലറുന്നപോലെ ആ പേര് ഞാൻ വിളിച്ചുകൂവി.

സേതു… !!! നിന്റെ അച്ഛന്റെ പേര്… !!!

(തുടരും)

Comments:

No comments!

Please sign up or log in to post a comment!