കിനാവ് പോലെ 6

( പ്രണയവും ,സൗഹൃദവും ചേർന്ന കഥയാണ് , ദയവു ചെയ്തു ടാഗ് നോക്കി വായിക്കാൻ അപേക്ഷിക്കുന്നു )

പ്രിയപ്പെട്ടവരെ , ഈ കുഞ്ഞുകഥയെ കാത്തിരുന്ന് വായിച്ച്‌ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയകൂട്ടുക്കാർക്കുള്ള സ്നേഹം ആദ്യം തന്നെ ഞാൻ അറിയിക്കുന്നു…കമന്റ്‌ തന്ന എല്ലാവർക്കും മറുപടിയും സ്നേഹവും ഞാൻ അറിയിച്ചിട്ടുണ്ട് …അതുപോലെ വിമർശിച്ച tritheya നോടുള്ള എല്ലാ ബഹുമാനത്തോടെയും എനിക്ക് പറയാനുള്ളത് ഈ കഥ എന്റെ കഴിവിന്റെ മാക്സിമം പ്രയത്നത്തിൽ എഴുതുന്ന ഒന്നാണ് , അതുകൊണ്ട് ലാഗ് അടിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്തു സൈറ്റിലെ മറ്റേതെങ്കിലും അടിപൊളി എഴുത്തുകാരുടെ കഥകൾ വായിക്കേണ്ടതാണ് …

ഈ കഥയെ ഈ ലാഗോട് കൂടിത്തന്നെ ആദ്യം മുതൽ ഇഷ്ടപ്പെടുന്ന ഒരു ചെറിയ ടീം ഇവിടെയുണ്ട് , എന്റെ ശക്തിയും , പ്രോത്സാഹനവും അവരാണ് , അവർക്കുള്ളതാണ് ഈ കുഞ്ഞുകഥ….

ഇത്തവണ എന്നെകൊണ്ട്‌ ആവുന്ന വിധം ഒരു പ്രണയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് , നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു…

ലാഗ് ഫീൽ ചെയ്യുകയോ എന്റെ എഴുത്തിന്റെ ശൈലി ഫോളോ ചെയ്യാൻ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താൽ സദയം ക്ഷമിക്കുക….

എന്റെ കയ്യിന്റെ മുകളിലുള്ള കൈ ശബരിയുടേതായിരുന്നു , ഞാൻ അവനെ നോക്കുമ്പോൾ വലിയൊരു സങ്കടം ആ കണ്ണുകളിൽ ഞാൻ കണ്ടു , എന്നെപോലെ നിറഞ്ഞ കണ്ണുകളുമായി എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു അവൻ അവളുടെ ആ പോക്ക് നോക്കിനിന്നു ..മറ്റ് പ്രയാസങ്ങളില്ലാതെ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പം ഏന്തി വലിഞ്ഞു അമ്മുവും നടക്കുന്നുണ്ടായിരുന്നു …എന്തിനാണെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..

” നിനക്കാ കുട്ടിയെ മുൻപ് അറിയാം ലേ …?? ”

ശബരി ചോദിച്ചപ്പോൾ ഞാൻ തലയാട്ടി …

” പത്രമിടുമ്പോൾ കണ്ടുള്ള പരിചയമാണോ . , നിന്റെകൂടെ ഞാനില്ലാത്ത ഒരേഒരു സമയം എന്റെ അറിവിൽ അതല്ലേ ഉള്ളു ..”

അവനു അവളെപ്പറ്റി കൂടുതലറിയാനുള്ള ആകാംഷ എനിക്ക് മനസിലായി ..ഞാൻ ചുരുക്കത്തിൽ അവരുടെ വീടിനെപ്പറ്റിയും ,കാരണവരെപ്പറ്റിയും , തോറ്റുകൊടുക്കാത്ത ഇവളുടെ മനസിനെപ്പറ്റിയും അറിയുന്ന കാര്യങ്ങൾ അവനോടും പറഞ്ഞു …

” എനിക്കും അവളെപ്പറ്റി കൂടുതൽ അറിയണം ചെങ്ങായ് …അവളെ കണ്ടതുമുതൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ട് ചുറ്റിനും …ജീവിതത്തിലെ പ്രശ്നങ്ങൾക്കു എതിർക്കുന്നതിനു മുൻപ് തോറ്റുകൊടുക്കുന്ന എന്നെപോലുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന ഈ കുട്ടിയെ ഒക്കെയാണ് തൊഴേണ്ടത് …””

എന്റെ മനസ് അവിടെ തുറക്കുകയായിരുന്നു , എന്നോ അവളോട്‌ ആദ്യം തോന്നിയ സഹതാപം , അതുപിന്നെ ബഹുമാനമായി ,ഇപ്പൊ ഈ നിമിഷം എനിക്ക് തോന്നുന്നത് പ്രണയമാണ് .

.ആ വയ്യാത്ത കാൽ എന്റെ മടിയിൽ വെച്ചു അതിൽ ചുംബിച്ചുകൊണ്ട് എന്നേക്കാൾ കൂടുതൽ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു പെണ്ണെ എന്ന് അവളുടെ മുഖത്തുനോക്കി പറയാൻ തോന്നിപ്പോയി ….മുൻപ് എനിക്കുണ്ടായിരുന്ന അപകർഷതാബോധം ഇവിടെ എന്നെ തെല്ലും അലട്ടിയില്ല…ഞാൻ ശബരിയുടെ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു ..

” ടാ , നീ എനിക്കെന്നും എന്റെ കാര്യങ്ങൾ നടത്തി കൂടെ നിന്നിട്ടില്ലേ …ഒരു കാര്യം കൂടെ എനിക്ക് സാധിക്കണം , ഈ ലോകത്ത് മറ്റേതു കാര്യം ഇനിയെന്റെ സാധിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല , പക്ഷെ …..”

” എനിക്ക് മനസിലായി ചെങ്ങായ് , നീ പറഞ്ഞു ബുദ്ധിമുട്ടണ്ട …അവളെ നിനക്ക് വേണം ,അതല്ലേ കാര്യം ..?? നമുക്ക് കാത്തിരിക്കാം അതുവരെ നീ പ്രണയിക്ക് , മെല്ലെ അവളെപ്പറ്റി കൂടുതൽ അറിഞ്ഞു , സഹതാപത്തിന്റെ പുറത്തല്ല പ്രേമിച്ചതെന്നു അവൾ മനസിലാക്കുന്നത്‌ വരെ നമുക്ക് കാത്തിരിക്കണം …നല്ല കുട്ടിയാട്ടോ , സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ ദൈവത്തിനു അസൂയ തോന്നിക്കാണും , അപ്പൊ ചെറുതായൊരു വികൃതി കാണിച്ചതായിരിക്കും …അല്ലാതെ വേറെ ഒന്നും നോക്കീട്ടു കാണാനില്ല …”

എനിക്ക് മനസ് നിറഞ്ഞു , പക്ഷെ കീർത്തനയുടെ ഓർമ്മകൾ അതേസമയം എന്നെ പുറകോട്ടടിച്ചു , വേറൊന്നുമല്ല ഞങ്ങൾ ഈ പ്ലാൻ ചെയ്തത് അവൾക്കു മറ്റേതെങ്കിലും ഇഷ്ടമുണ്ടോ എന്നറിയുന്നതിനും മുൻപാണല്ലോ എന്ന പേടി , ചൂടുവെള്ളത്തിൽ ഒരുവട്ടം വീണതുകൊണ്ടു ഇത്തവണ ഒരു പേടി സ്വഭാവികമാണല്ലോ..!!എന്തോ ആ അന്തരീക്ഷത്തിൽ നിന്ന് കുറേയേറെ വർഷങ്ങൾക്കു ശേഷം ആദ്യമായി എനിക്ക് അവളെത്തന്നെ ഇണയായി തരുവാൻ ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു…

“നീ വന്നേ , നമുക്കൊന്ന് ഉള്ളിൽ പോകാം ” ശബരി വിളിച്ചപ്പോൾ ഞാൻ എണീറ്റു.

ഉള്ളിൽ ദീപാരാധന ഏതാണ്ട് തീരാറായിട്ടുണ്ട് , അവസാന പ്രദക്ഷിണത്തിലാണ് എല്ലാവരും..സാധാരണ ദിവസങ്ങളിൽ പത്തോ പതിനഞ്ചോ മാത്രം ഉണ്ടാവാറുള്ള കൂട്ടമാണ് ദീപാരാധനയിൽ പ്രദക്ഷിണത്തിനു ഉണ്ടാവൂ , ഇന്ന് ഒരുപാട് പേരുണ്ട് , നാളെ ഇതിനെക്കാൾ ഉണ്ടാവും..അതുകൊണ്ട്തന്നെ സ്പീഡിലാണ് അമ്പലത്തിനെ ചുറ്റുന്നതും ..തിരക്ക് കൊണ്ട് വാലും തലയും അറിയാത്ത കറങ്ങുന്ന ഒരു മനുഷ്യ വൃത്തമായി മാറിയിട്ടുണ്ട് പ്രദക്ഷിണം..ഞങ്ങൾ മാറി നിന്നു, അമ്മമാരും , പെൺപിള്ളേരും എല്ലാം അതിനകത്തുണ്ട് ..അവർക്കിടയിൽ പാട്ടുപാവാടയുടെ അറ്റം ഇത്തിരി പൊന്തിച്ചു കാലിന്റെ മുട്ടിനു താങ്ങ് കൊടുത്തുകൊണ്ട് അമ്മുവും നടക്കുന്നുണ്ടായിരുന്നു , തിരക്കിൽ പലപ്പോളും അവൾ തട്ടി ബാലൻസ് പോവുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ വലതുകൈ മാറോടടക്കി പ്രാർഥനഭാവത്തിൽ വെച്ചു ഇടയ്ക്കിടെ കണ്ണുകളടച്ചു ആ വലിയ കൂട്ടത്തിനൊപ്പം നാമം ജപിച്ചു അവളും പ്രദക്ഷിണം നടത്തി…

പ്രദക്ഷിണം കഴിഞ്ഞപ്പോൾ നടതുറക്കുന്നത് വരെ നാമം ചൊല്ലി ശ്രീകോവിലിന്റെ മുൻപിൽ നിൽക്കുന്നതാണ് പതിവ്, അതിൽ ഞങ്ങളും പങ്കുചേർന്നു…എല്ലാം മറന്നു രാമനാമം ജപിച്ചു കണ്ണുകളടച്ചപ്പോൾ വല്ലാത്തൊരു ശാന്തി മനസ്സിൽ നിറഞ്ഞു…ആ നെയ്യും ,ചന്ദനത്തിരിയും , കർപ്പൂരവും ,ചന്ദനവും എല്ലാം ചേർന്ന് സുഗന്ധപൂരിതമായ അന്തരീക്ഷവും അതിനു മേലെ നിറഞ്ഞുനിൽക്കുന്ന രാമനാമവും ശ്രീകോവിൽ തുറക്കുമ്പോളുള്ള മണിയടി ശബ്ദവും അതൊരു വല്ലാത്ത ഫീൽ തന്നെയാണ് .
.പ്രത്യേകിച്ച് ഹൃദയത്തിനു ഇഷ്ടപ്പെട്ട ഒരാൾ കൂടി ഉൾക്കൊള്ളുന്ന ആ അന്തരീക്ഷം…

ദീപാരാധനയും ,പ്രാർത്ഥനയും കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി…ആദ്യം ഇരുന്ന സ്ഥലത്തേക്ക് നടന്നു , സൂര്യൻ അസ്തമിച്ചു ആകാശത്തു ഒരു പ്രത്യേകവെളിച്ചം തൂവി നിൽപ്പുണ്ടായിരുന്നു , പക്ഷികൾ കൂടണയാനുള്ള തത്രപ്പാടിൽ വരിവരിയായി പറക്കുന്നുണ്ട്..ഏകദേശം 15 മിനിട്ട് കഴിഞ്ഞു ഞങ്ങടെ ടീമെല്ലാം പുറത്തുവന്നു…അമ്മുവും നിത്യയും ആ കൂട്ടത്തിൽ ഇല്ല…അവർ ഞങ്ങൾ ഇരിക്കുന്നിടത്തു വന്നു ചന്ദനമെല്ലാം തൊട്ടുതന്നു ശേഷം നേരത്തെ ഇരുന്നകണക്ക് അരമതിലിൽ ഞങ്ങൾക്ക് ചേർന്ന് ഇരുന്നു….

” നിത്യയും മറ്റേ കുട്ടിയും എവിടെപോയി അമ്മാ …” ശബരി ചോദിച്ചു ..

” ആ കുട്ടി പ്രാർത്ഥിച്ചുകഴിഞ്ഞില്ലെന്ന് പറഞ്ഞു അവിടെയുണ്ട് രണ്ടും കൂടെ…കാലു വയ്യാത്തതുകൊണ്ടു പ്രദക്ഷിണ സമയത്ത് അതിനു നല്ല ബുദ്ധിമുട്ടായിരുന്നു …പാവം ..!! “” മറുപടി എന്റെ അമ്മയുടേതായിരുന്നു…മഞ്ജിമ മെല്ലെ എഴുന്നേറ്റു എന്റെ ഇപ്പുറം വന്നിരുന്നു .. കുറച്ചു സമയം മിണ്ടാതിരുന്ന ശേഷം എന്റെ കയ്യിൽ തോണ്ടി എന്റെ മുഖത്തേക്ക് അടുത്ത വരാൻ ആംഗ്യം കാണിച്ചു..ഞാൻ ചെവി അവളുടെ ചുണ്ടിനോട് അടുപ്പിച്ചു..

” എന്താ ഉദ്ദേശ്യം ..?? ഏട്ടൻ കുറച്ചു ടൈമായി ഈ ലോകത്തൊന്നും അല്ലല്ലോ, സത്യം പറഞ്ഞോ എന്തോ ചീഞ്ഞുനാറുന്നുണ്ട്…””

അവളതു പറഞ്ഞു എന്റെ കണ്ണിൽ നോക്കി കെറുവിച്ചു , അനിയത്തി ആണെങ്കിലും വെറുതെ പറയുകയല്ല ചില സമയത്ത് അവൾ മൂത്തചേച്ചി കളിക്കും….ഓഹോ , അത്രക്കായോ എന്നാപിന്നെ ഒരു പണി കൊടുക്കാന്നു കരുതി , ഞാൻ അവളോട്‌ മുഖം അടുത്തുകൊണ്ടുവരാൻ ആംഗ്യം കാണിച്ചു.

” ശബരിക്ക് ആ കൊച്ചിനോട് ഇഷ്ടമാണെന്ന് പറയുന്നുണ്ട് , നീ അഞ്ജുവിനേം കൂട്ടി അതിനെ ഒന്ന് സെറ്റ് ആക്കികൊടുക്കുമോ ..??”‘ …

ഞാൻ മെല്ലെ ചോദിച്ചു , വേറൊന്നുമല്ല എന്റെ ഇപ്പുറത്തെ സൈഡിൽ ഇരിക്കുന്ന അവനെങ്ങാൻ ഇതുകേട്ടാൽ എന്റെ എല്ലൂരി കോൽകളി കളിക്കും ….

” സത്യാണോ ഏട്ടാ…കുഞ്ഞേട്ടന് ഇഷ്ടായോ അമ്മൂനെ ..??”

ഞാൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടി ..അവൾ വിശ്വസിച്ച മട്ടാണ്, ഐവാ , ഇത്ര പെട്ടെന്ന് ഏറ്റോ..ഞാൻ നൈസായിട്ട് തിരിഞ്ഞുനോക്കി, ഭാഗ്യം ചെങ്ങായ് കേട്ടിട്ടൊന്നും ഇല്ല ..അവൻ ഞങ്ങൾക്ക് ഓപ്പോസിറ്റ് നിൽക്കുന്ന ഫാമിലിയിലുള്ള ഒരു സുന്ദരിപ്പെണ്ണിനെ തഞ്ചത്തിലിരുന്നു വായ്നോക്കുകയാണ്…അവളും ഇടയ്ക്കു ഇങ്ങോട്ട് കണ്ണെറിയുന്നുണ്ട്…

മഞ്ജിമ എണീറ്റു അഞ്ജുവിന്റെ അടുത്തുപോയി.
.അവർ തമ്മിൽ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട് ,ഇടക്ക് ഇങ്ങോട്ട് ശബരിയെ നോക്കുന്നുണ്ട് …ഞാൻ ഉളിലൊളിപ്പിച്ച ചിരിയുമായി ശബരി വായ്നോക്കുന്ന കുട്ടിയെ നോക്കികൊണ്ടിരുന്നു….

ആ സമയത്താണ് അമ്മുവും നിത്യയും കൂടി അമ്പലത്തിൽ നിന്നു ഇറങ്ങി വരുന്നത് കണ്ടത്….എന്റെ ഇപ്പുറം ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നു , നിത്യ നേരെ വന്നു എനിക്കരികിൽ ഇരുന്നു , കൂടെ അമ്മുവും ….എന്റെ ഹൃദയം പെരുമ്പറകൊട്ടി , ഉള്ളിൽ ഒരു കള്ളത്തരമുള്ളതുകൊണ്ടോ എന്തോ ഞാനാകെ നേർവെസ് ആയി ..

” മനുവേട്ടാ , സോറി ട്ടോ …” നിത്യ എന്നോട് പറഞ്ഞു …..

” സോറിയോ , എന്തിന് ..??”” ഞാൻ അന്തം വിട്ടു …

” അന്ന് അവർ കളിയാക്കിയപ്പോൾ ഞാനും കൂടെ കൂടിയില്ലേ , അതോണ്ടാ..”

അവൾ നിഷ്കളങ്കമായി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു…അതിനിടക്ക് അഞ്ചു ,മഞ്ജിമയുമായി വന്നു ശബരിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..

” ഏയ്‌ ,അതൊന്നും കൊഴപ്പല്ല പെണ്ണെ , അന്ന് എന്തോ പെട്ടെന്ന് മൂഡ്‌ പോയി , അങ്ങനെ ദേഷ്യപ്പെട്ടു പോവാനാണ് തോന്നിയത് ,അത് ചെയ്തു ..” ഞാൻ ഉള്ളകാര്യം പറഞ്ഞു ..അമ്മു ഞങ്ങടെ സംസാരം കേട്ടു വെറുതെ മുടിയിൽ വിരൽകൊരുത്തു ഇരിക്കുന്നുണ്ടായിരുന്നു ..

” അല്ലെടീ , എന്തായിരുന്നു ഉള്ളിൽ പിന്നേം കുറേ സമയം ..ഭഗവാനെ മണിയടിച്ചു വല്ല കാര്യവും നേടാനുണ്ടോ …?? “” ഞാൻ നിത്യയോടായി ചോദിച്ചു..

” അതൊക്കെ ഈ പെണ്ണിന് വേണ്ടിയാ , ഇവൾ കണ്ണനെ മൊത്തത്തിൽ കൊണ്ടുപോകുംന്നാണ് തോന്നണത് , എപ്പോ വന്നാലും കുറേ പറയാനുണ്ടാവും …കള്ളിയാ പെണ്ണ് …” നിത്യ അത് പറഞ്ഞപ്പോൾ നാണിച്ചുചൂളിയ അമ്മു ‘ശ്ശേ ‘എന്നും പറഞ്ഞു നിത്യയുടെ തുടയിൽ മെല്ലെ നുള്ളി …എനിക്ക് അ എക്സ്പ്രെഷൻ ഒരുപാട് ഇഷ്ടപ്പെട്ടു , ..

ആ സമയത്താണ് ശബരിയും പെങ്ങന്മാരും എന്റെ അടുത്തുവന്നത് …ശബരി മുഷ്ടി ചുരുട്ടി എന്റെ തുട നോക്കി നല്ലൊരു കുത്ത് തന്നു .. ” *അമ്മേ* !!!! “.. എന്റെ കണ്ണിൽ നിന്നും പൊന്നീച്ചകൾ പാറി , അവന്റെ മുഖവും പെങ്ങന്മാരുടെ മുഖവും കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി …ദയനീയമായി അമ്മുവിനെനോക്കിയപ്പോൾ അവൾ അമ്പരപ്പോടെ എന്നെയും അവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു …ശബരി എന്നെ വലിച്ചെണീപ്പിച്ചു , അമ്മമാർ ഞങ്ങടെ കാട്ടിക്കൂട്ടൽ കണ്ടു ഞങ്ങളെ കുറ്റം പറഞ്ഞു അപ്പുറത്തിരുപ്പു തന്നെ ..എന്നെ ആ നാറി സ്റ്റേജിന്റെ അടുത്തുള്ള കൈവരിയിൽ ചേർത്തുനിർത്തി , പെങ്ങന്മാരും പിന്നാലെ വന്നു..

” ഒന്നൂടെ കൊടുക്ക് കുഞ്ഞേട്ടാ , അവനു അതു കിട്ടിയാൽ പോരാ .
.” സ്വന്തം പെങ്ങൾപട്ടി എന്നെ കൊലക്ക് കൊടുക്കാൻ വേണ്ടി വന്നതാണെന്ന് തോന്നുന്നു …

” ആർക്കാട ഊളെ ആ കൊച്ചിനോട് പ്രേമം …എനിക്കാണോ നിനക്കാണോ ….?? ” അവൻ ദേഷ്യപ്പെട്ടു … .ഞാൻ ഒന്നും മിണ്ടാതെ നിന്നു , പെട്ടെന്ന് ആ കുരുപ്പ് എന്റെ മുണ്ടും ചുക്കാമണിയും കൂട്ടി ഒരു പിടുത്തമായിരുന്നു..നല്ല ജീവൻ മൊത്തം പറന്നുപോയി ….

” ആ…ആ…..വിട് ……വിട് “” ഞാൻ വേദന കൊണ്ട് അലറി ..

” വിടാം ,നീ ആദ്യം ഉത്തരം പറ . ..അല്ലെങ്കിൽ ഞാനിതു ഒടക്കും….” അവൻ ഭീഷണിപ്പെടുത്തി..പെണ്ണുങ്ങൾ 2ഉം വായ പൊത്തി ചിരിക്കുന്നുണ്ട് ..

” എനിക്കാണ് പ്രേമം ….ആവൂ , …!!!! ഇനി വിടെടാ പന്നീ ….” ഞാൻ കെഞ്ചി …

” നീ ഇവർക്ക് സംശയമില്ലാത്ത രീതിയിൽ പറഞ്ഞേ ,കേക്കട്ടെ ….ആ അമ്മുവിനോട് ആർക്കാ പ്രേമം..? ” എന്റെ വീക്നെസ്സിൽ ഒന്നുകൂടി അമർത്തി അവൻ വീണ്ടും ചോദിച്ചു….

” എനിക്കാണ് പ്രേമം , അയ്യോ . ….അമ്മുവിനോട് പ്രേമം എനിക്കാണ് …..ഇവനല്ല ..ഞാൻ കള്ളം പറഞ്ഞതാണെ ….ഇനി വിട് ……!!!!

എന്റെ കണ്ണിൽ നിന്നും വെള്ളം ചാടി , അവൻ പിടി വിട്ടു , ഞാൻ രണ്ടുമൂന്നു ചാട്ടം ചാടി…

” ഒടഞ്ഞില്ലല്ലോ എന്ന് നോക്കീട്ടു മെല്ലെ വന്നാൽ മതി , അങ്ങനെ തന്നെ വേണം …” അഞ്ചു കെറുവിച്ചുകൊണ്ടു പറഞ്ഞു…പിന്നെ മൂന്നും കൂടി തിരിച്ചുപോയി …

ഞാൻ മെല്ലെ മൂത്രപ്പുരയിൽ പോയി , അകെ പുകച്ചിൽ തന്നെ , മൂത്രോഴിക്കാൻ ശ്രമം തുടങ്ങി, കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ കാറ്റടിക്കുമ്പോൾ 2 തുള്ളി വീതം ഒഴിച്ച് മനസ്സിൽ ശബരിയെ പച്ചത്തെറിയും വിളിച്ചു ഞാൻ ഒരുവിധത്തിൽ തിരികെ ചെന്നു…

അവർ വീണ്ടും ഒന്നും സംഭവിക്കാത്തപോലെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട് ..ഞാൻ പഴയ സ്ഥലത്ത് തന്നെ ചെന്നിരുന്നു..നിത്യയും അമ്മുവും കാര്യം മനസിലാകാതെ എന്റെ മുഖത്ത് നോക്കി ഇരിക്കുന്നുണ്ട് ..ഞാൻ മെല്ലെ ചിരി വരുത്തി നിശബ്ദനായി അവർക്കിടയിൽ ഇരുന്നു…അപ്പോളാണ് അമ്മുവിനെ കൊണ്ടുപോകാനായി അച്ഛൻ വന്നത് , എന്നെ കണ്ടപ്പോൾ അങ്ങേര് കുശലം പറഞ്ഞു , പിന്നെ അമ്മമാരോടും പെണ്ണുങ്ങളോടും എല്ലാം സംസാരിച്ചു ,അവളേം കൊണ്ട് പോയി..പോകുമ്പോൾ ഒരു ചിരി ഞാൻ പ്രതീക്ഷിച്ചെങ്കിലും ഒന്നും

ഉണ്ടായില്ല….അവർ കൺമറയത്തുനിന്നും മറയുന്നത് വരെ ഞാൻ സ്വയം മറന്നു നോക്കികൊണ്ടിരുന്നു…അവൾ മെല്ലെ നടക്കുമ്പോൾ അവള്ക്ക് കൈ കൊണ്ട് താങ്ങുകൊടുക്കേണ്ട കാര്യമില്ല , ദൃതിയിൽ പോകുമ്പോളാണ് അങ്ങനെ ചെയ്യുന്നത് ..നീളകുറവാണോ അതോ ശോഷിച്ചതാണോ എന്ന് മനസിലാകാത്ത വിധം പാവാട താഴ്ന്നു കിടന്നിരുന്നതിനാൽ അത് മനസിലാകുന്നില്ല….ഒരു പുഞ്ചിരിയോടെ ആലോചന കഴിഞ്ഞു കണ്ണുകൾ മാറ്റിയപ്പോൾ എന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കികൊണ്ടിരുന്നു നിത്യയെ ആണ് ഞാൻ കണ്ടത്..പെട്ടെന്ന് ആ നോട്ടം നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി …

മെല്ലെ കണ്ണുകൾ ഉയർത്തിയപ്പോൾ അവൾ നോട്ടം മാറ്റിയിരിക്കുന്നു , ഞാനൊന്നു ആശ്വസിച്ചു …ശബരി വന്നു നിത്യയെ ഞങ്ങളുടെ നടുവിലാക്കി അവളുടെ അപ്പുറത്തിരുന്നു…

” ഡീ , ആ കുട്ടിയെപറ്റി നിനക്ക് എന്തൊക്കെ അറിയാം …ഇവന് അതിനെ ഇഷ്ടമാണത്രെ …”

ശബരി ഒറ്റയടിക്ക് കാര്യം അവതരിപ്പിച്ചപ്പോൾ ഞാൻ അമ്മമാരേ പാളിനോക്കി , ഭാഗ്യം ! അവർ വേറെ എന്തോ പരദൂഷണത്തിലാണ് ….

കേട്ടുകഴിഞ്ഞ നിത്യയുടെ ഭാവമെന്താണെന്ന് എനിക്ക് പിടികിട്ടിയില്ല …ആകാംഷയോടെ ശബരി പറയുമ്പോൾ കേട്ടിരുന്ന അവൾ കേട്ടു കഴിഞ്ഞു അവിശ്വസനീയതയോടെ എന്നെ നോക്കി …അവളെന്താണ് പറയാൻ പോകുന്നതെന്ന് നല്ല ടെൻഷൻ എനിക്കുണ്ടായിരുന്നു ..പക്ഷെ അവൾ ഒന്നും മിണ്ടാതെ കുറച്ചു മുന്നിലായി കത്തിനിൽക്കുന്ന വലിയ ലൈറ്റിലേക്ക് നോക്കി ഇരുന്നു ….

” നിത്യാ ..” ഞാൻ പതിയെ വിളിച്ചു ..

” കേട്ടു മനുവേട്ടാ , സഹതാപം കൊണ്ടാണോ ഈ തോന്നൽ …? “”

അവൾ മറുപടിക്ക് പകരം മറുചോദ്യമായിരുന്നു …

” ആയിരുന്നു , പക്ഷെ ഇപ്പൊ അല്ല …”

എനിക്കെന്തോ കള്ളം പറയാൻ തോന്നിയില്ല ..സഹതാപം തന്നെയാണ് ആദ്യം ഉണ്ടായിരുന്നത് , പക്ഷെ ഉറപ്പുള്ള കാര്യം ഇപ്പൊ ഈ നിമിഷം അതല്ല എന്റെ തോന്നൽ…

” അവളെക്കുറിച്ചു എന്താ മനുവേട്ടന് അറിയേണ്ടത്..?? “” അവൾക്കു വീണ്ടും സംശയം തന്നെ….

” തുടക്കം മുതൽ പറഞ്ഞാൽ അവളെ ഞാൻ പരിചയപ്പെടുന്നത് ഒന്നാം ക്ലാസിൽ വെച്ചാണ്‌ , പുത്തൻപുരക്കൽ നാരായണന്റെ മൂന്നുമക്കളിൽ ഏറ്റവും ഇളയതായി ജനിച്ച കൃഷ്ണപ്രിയ എന്ന അമ്മു …ജനിച്ച സമയത്തുള്ള എന്തോ കോംപ്ലിക്കേഷൻ കാരണം ജനനത്തോടെ അവളൊരു കാലിനു വയ്യാത്ത കുട്ടി ആയി… സത്യത്തിൽ അവളെന്നേക്കാൾ ഒരു വയസിനു മൂത്തതാണ്, ആദ്യമായി ഒന്നാം ക്ലാസ്സിൽ ചേർന്ന അവൾ രണ്ടു മാസം കൊണ്ട് നിർത്തി , സഹപാഠികളുടെ മുടന്തി എന്ന് വിളിച്ചുള്ള കളിയാക്കലും , അല്ലാത്തവരുടെ സഹതാപവും അവളെ വല്ലാതെ മടുപ്പിച്ചു…..അങ്ങനെയാണ് അന്ന് നിർത്തിയത്..പിന്നീട് തൊട്ടടുത്ത വർഷം തന്നെ അവൾ വീണ്ടും എന്റെ കൂട്ടുകാരിയായി ഒരേ ബെഞ്ചിൽ വന്നു, പിന്നെയും ഒരുപാട് കളിയാക്കലും സഹതാപവും അവൾക്ക് അനുഭവിക്കേണ്ടിവന്നെങ്കിലും അവളതൊന്നും ശ്രദ്ധിക്കാതെ പഠിച്ചു പോന്നു……അവളെ കളിയാക്കുന്നവരേക്കാൾ അവൾക്കു ദേഷ്യം സഹതാപം കാണിക്കുന്നവരോടാണ് ..”

അവൾ ഒന്ന് നിർത്തി ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി , ഞാൻ ഒരു പ്രത്യേക അവസ്ഥയിലിരുന്നാണ് ഇതെല്ലാം കേട്ടുകൊണ്ടിരുന്നത് ..ശബരിയുടെയും അവസ്ഥ മറിച്ചല്ലെന്നു അവന്റെ മുഖം പറഞ്ഞു…പെങ്ങന്മാർക്ക് മാത്രം ചിലതൊക്കെ അറിയാവുന്ന കാര്യമായതുകൊണ്ടു സാധാരണ ഫീൽ ഉണ്ടായിരുന്നുള്ളു…

” എന്നും അവളൊരു വയ്യാത്ത കുട്ടിയാണെന്ന് കാണിക്കാൻ അവൾക്കു മനസ്സില്ലായിരുന്നു, സാധാരണ നടക്കുമ്പോളും അവൾക്കു വേണ്ടി മറ്റുള്ളവരുടെ സ്പീഡ് കുറക്കുന്നതിന് പകരം മറ്റുള്ളവർക്കൊപ്പം നടന്നെത്താനാണ് അവൾ ശ്രമിച്ചത് , അവളുടെ ആ വാശിതന്നെയാണ് അവളെ ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടായി തിരഞ്ഞെടുക്കാനും കാരണം , എന്നെങ്കിലും ഞാൻ ഒന്ന് മനസ് മടുക്കുമ്പോൾ അവൾ പൊക്കിയെടുക്കും….ആരോടും ഒന്നും ആഗ്രഹിക്കാതെ അവളെക്കൊണ്ട് സാധിക്കുന്ന എന്ത് വേണെങ്കിലും ചെയ്തുകൊടുക്കും..പരാതിയില്ല , കുശുമ്പില്ല , അവളുടെ കുറവുകളിൽ അവള്ക്കൊരു പ്രശ്നവും ഇല്ല , എത്ര വലിയ സങ്കടവും ഒറ്റയ്ക്ക് കടിച്ചുപിടിച്ചോളും അല്ലെങ്കിൽ കരഞ്ഞു തീർക്കും , പിന്നെ ,അവളുടെ അച്ഛനമ്മമാർ അറിഞ്ഞിട്ട പേരാണ്‌ കൃഷ്ണപ്രിയ എന്നുള്ളത് …കാരണം കൃഷ്ണൻ അത്രയ്ക്ക് അവളുടെ കൂടെയുണ്ടെന്ന് എനിക്കുതന്നെ പലപ്പോളും തോന്നിയിട്ടുണ്ട് മനുവേട്ടാ ….”

അമ്മുവിനെ പറ്റി നിത്യ പറയുന്ന ഓരോന്നും അവളുടെ ഹൃദയത്തിൽ തട്ടിയായിരുന്നു , അതിനു ഉത്തമ തെളിവായിരുന്നു ആ കരിമഷിക്കണ്ണുകളിൽ ഞങ്ങൾ കണ്ട നീർത്തിളക്കം….എന്റെ മനസ് നിറഞ്ഞു വീണ്ടും വീണ്ടും വിങ്ങാൻ തുടങ്ങി , സന്തോഷത്തിന്റെയാവാം , അല്ലെങ്കിൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ പോലും നിറഞ്ഞുകവിഞ്ഞു പറയാനാകാത്ത ഒരു തലത്തിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നതാവാം …നിത്യ പറയുന്ന ഓരോ വാക്കിലും ഞാൻ അമ്മുവിനെ , അവൾ കടന്നുവന്ന വഴികളെ ഞാനറിയാതെ ഒരു സിനിമ പോലെ മനസാൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു…..നിത്യക്കല്ലാതെ മറ്റൊരാൾക്കു അവിടെ ശബ്ദമില്ലെന്നു തോന്നുന്നവിധം നിശ്ശബ്ദരായിരുന്നു ഞങ്ങൾ നാലു പേരും….

” മനുവേട്ടനോട് ഞാൻ സഹതാപം കൊണ്ടുള്ള ഇഷ്ടമാണോ അവളോട്‌ എന്ന് ചോദിക്കാൻ കാരണം ഇതൊക്കെയാണ് ..അവളെ സംബന്ധിച്ചിടത്തോളം അവള്ക്കൊരു കുറവും ഇല്ല , പക്ഷെ മനുവേട്ടൻ എന്തെങ്കിലും തരത്തിൽ അറിയാതെയെങ്കിലും അത് പ്രകടിപ്പിച്ചാൽ ഏട്ടന് ഒരിക്കലും അവളെ കിട്ടില്ല…അക്കാര്യത്തിൽ മാത്രം അവൾ വാശിക്കാരിയാ ….ഈ ലോകം ജയിക്കുന്നവർക്കൊപ്പം നിൽക്കുന്ന ഒന്നാണെന്ന് എപ്പോളും പറയും അതുകൊണ്ട് ജീവിതത്തിനോട്തന്നെ വാശിയിലാണ് അവൾ ജീവിക്കുന്നത്….”

” മതി ……എനിക്ക് ഇനി ഒന്നും കേൾക്കണ്ടടീ….എനിക്കെന്തോ ഞാനവൾക്കു ചേരില്ലെന്നൊരു തോന്നൽ ….ഞങ്ങളുടെ രണ്ടുപേരുടെയും മനോനില രണ്ടു ദിശയിലാണു പോവുന്നത് , അവളെ എനിക്ക് കിട്ടിയാൽ എനിക്കത് ഒരുപക്ഷേ ലോട്ടറി ആയേക്കും , പക്ഷെ എന്നെപോലെ ജീവിതത്തിൽ പൊരുതാനറിയാത്ത ഒരുത്തനെ കിട്ടിയാൽ അവൾക്കു അത് താങ്ങാൻ പറ്റിയേക്കില്ല…..ജീവിതം മുന്നോട്ട്പോവുന്ന ഏതെങ്കിലും അവസ്ഥയിൽ ആ ഒരു കാരണം ഞങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയാൽ അന്നത്തെ വീഴ്ചക്ക് ഇന്നത്തേക്കാൾ ആഘാതം കൂടും…..വേണ്ട , ഒരു പകൽക്കിനാവ് കണ്ടു ഉണർന്ന ഫീലിൽ ഇരുന്നോട്ടെ ഇതെല്ലാം…”

അവൾ മുഴുമിക്കുന്നതിനു മുൻപേ ഞാൻ കേറി ഇതുപറഞ്ഞു , നിത്യ പറയുന്ന ഓരോ കാര്യവും അമ്മുവിന്റെയും എന്റെയും ജീവിതത്തിന്റെ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരം എനിക്ക് മുൻപിൽ തുറന്നുകാണിക്കുന്നതായിരുന്നു…..മനസ്സ് നിറയെ നിശ്ചയദാർഢ്യം കൊണ്ടുനടക്കുന്ന അവൾക്കു ഞാനൊരു കുരിശാകുമോ എന്ന പേടി നന്നായിത്തന്നെ എന്നെ വേട്ടയാടി , അതിലെല്ലാം നല്ലത് അവൾ അറിയുന്നതിന് മുൻപ് ഈ മോഹവും മുളയിലെ കരിഞ്ഞു പൊയ്ക്കോട്ടേ …എവിടെയോ വായിച്ചതുപോലെ ഒരുപാട് സ്നേഹിക്കുന്നതിനെ സ്വന്തമാക്കാതിരിക്കുക , സ്വന്തമായാൽ അതിനോടുള്ള മോഹം നഷ്ടപ്പെടും ….പക്ഷെ എനിക്ക് സമാധാനിക്കാം കീർത്തനയെപോലെ റോങ്‌ ചോയ്സ് ആയതുകൊണ്ടല്ലാതെ മനസ് നിറഞ്ഞു ഒരു കുട്ടിയുടെ നന്മക്കു വേണ്ടി വിട്ടുകൊടുക്കാം…

” നീ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് തീരുമാനമെടുക്കേണ്ട , ഇപ്പോൾ അവളെ ഇഷ്ടപ്പെടാനോ വിട്ടുകളയാനോ ഒന്നും ചിന്തിക്കണ്ട , ഞാൻ പറഞ്ഞില്ലേ ഇപ്പോ അവളെ അവളുടെ പാട്ടിനു വിട്ടേക്ക് , നീ നീയായിത്തന്നെ ജീവിക്ക് ….അവളോട്‌ ആദ്യം പരിചയമായി , പരസ്പരം ഒന്ന് അറിഞ്ഞുതുടങ്ങുമ്പോൾ നിന്റെ കാരക്ടർ അവൾക്കു അംഗീകരിക്കാൻ പറ്റുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അന്ന് നീ ഈ ഇഷ്ടം അവളോട്‌ പറയണം…അവള്ക്ക് സമ്മതമാണെങ്കിൽ അവൾ പറയട്ടെ …പക്ഷെ അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഒരിക്കലും കാരക്ടർ മാറ്റരുത് നിനക്ക് മനസുകൊണ്ട് മാറ്റണം എന്നുള്ള കാര്യങ്ങൾ മാത്രം മാറ്റിയാൽ മതി …അതല്ലേ നല്ലത് ..?? “”

എപ്പോഴത്തെയും പോലെ ശബരി ഒരു സൊല്യൂഷൻ അതിനും കണ്ടെത്തി…

അതുതന്നെയാണ് ശെരി എന്ന് എനിക്കുമാത്രമല്ല മറ്റുള്ളവര്ക്കും തോന്നി, അവർ അതിനെ അനുകൂലിച്ചു….കുറേ സമയമായി പോകാം പോകാം എന്ന് പറഞ്ഞിരുന്ന അമ്മമാർ ഞങ്ങൾ ചർച്ച നിർത്തിയെന്നു കണ്ടപ്പോൾ വീണ്ടും തെരക്ക് കൂട്ടി…പോകുന്ന സമയം മുഴുവൻ ഞങ്ങളെല്ലാവരും നിശ്ശബ്ദരായിരുന്നു , എല്ലാവരും ഇതിനെപ്പറ്റി ഓരോ രീതിയിൽ ചിന്തിക്കയാണെന്നു ഉറപ്പാണ്‌…

” മനുവേട്ടാ , അവളെ കിട്ടിയാൽ ചെലപ്പോ ഏട്ടന്റെ പ്രശ്നങ്ങൾ എല്ലാം ശെരിയാവുമായിരിക്കും , അങ്ങനേം ചിന്തിക്കാലോ ….2 ആളുകൾ ഒന്നിക്കുമ്പോ ഒരാളുടെ വീക്ക് കാര്യങ്ങൾ മറ്റെയാൾ സപ്പോർട്ട് ചെയ്താൽ ശെരിയാകുമല്ലോ …..അങ്ങനെയല്ലേ വേണ്ടത് ..?? ഇപ്പൊ മനുവേട്ടനുള്ള കൺഫ്യൂഷൻ മാറാൻ ഞാനും പ്രാർത്ഥിക്കാം…അതിനൊക്കെ മുൻപ് ഒന്ന് ചോയ്ക്കട്ടെ ..? ഏട്ടന് അമ്മുവിനേം അച്ചനേം മുൻപ് കണ്ടു പരിചയമുണ്ടല്ലേ …?? നിത്യ എന്നോട് ചോദിച്ചു ..

” ഉവ്വ്… അവരുടെ ഫാമിലിയെ ഞാൻ പേപ്പർ ഇടാൻ പോവുമ്പോൾ കണ്ടു പരിചയമുണ്ട് …ആ അച്ഛൻ ഒരു പാവമാണ് , ആ വീട്ടിൽ പോവുമ്പോളെല്ലാം കണ്ടിട്ടുണ്ട് ഈ കൊച്ചിന്റെ പരാക്രമങ്ങൾ , അന്നേ തോന്നിയിട്ടുണ്ട് അവൾ ഒരു ഫൈറ്റർ ആണെന്ന്… ഇവളുടെ ചേച്ചിമാരെയൊന്നും കണ്ടിട്ട് കൂടിയില്ല …”

ഇത്രേം പറഞ്ഞപ്പോളേക്കും അവളുടെ വീടിനടുത്തെത്തിയിരുന്നു , അവളെ വീട്ടിലാക്കി ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്കു നടന്നു …ഈ പ്രേമകാര്യത്തിൽ എനിക്ക് വല്ല്യേ ഭാഗ്യമൊന്നും ഇല്ല എന്നാണ് എന്റെ ഇപ്പോളത്തെ കണ്ടുപിടിത്തം , പക്ഷെ ഞാൻ മറ്റൊരു കാര്യം ഉറപ്പിച്ചു എന്നെങ്കിലും കെട്ടാൻ പറ്റിയാൽ അത് അമ്മു മതി ,അല്ലെങ്കിൽ എന്നിലേക്ക്‌ ഒതുങ്ങുന്ന ഒരു ജീവിതവുമായി മുന്നോട്ടു പോകാം….

അമ്മമാരുടെ കലപില ശബ്ദവും കേട്ടു ഞങ്ങൾ വീടണഞ്ഞത് അറിഞ്ഞില്ല , കൂടുതലൊന്നും പറയാനില്ലാത്തതുകൊണ്ടു യാത്രപോലും പറയാതെ ഞാനും ശബരിയും അവരവരുടെ വീടിനുള്ളിൽ കേറി , അധികം വൈകാതെ ഭക്ഷണം കഴിച്ചു ഞാൻ റൂമിൽ പോയി കിടന്നു , കൂടുതൽ ആലോചനകൾക്കു മനസിനെ പറഞ്ഞയക്കാതെ ഉറങ്ങാൻ നോക്കി , ഇത്തിരി മെനക്കെട്ടെങ്കിലും അവസാനം ഞാൻ ജയിച്ചു ..പിറ്റേന്ന് പതിവ് സമയത്ത് എണീറ്റു , ഈ രണ്ടു ദിവസ്സം പഴങ്കഞ്ഞി കഴിക്കാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞിരുന്നു അമ്പലത്തിൽ പോകുമ്പോ പഴങ്കഞ്ഞി കഴിക്കാൻ പാടില്ല…..സാധാരണരീതിയിൽ പ്രതിഷ്ഠ ദിവസം വേറെ ഒന്നും ചെയ്യാൻ എനിക്ക് താല്പര്യമില്ലാത്തതാണ് പക്ഷെ അവളെ വെറുതെ കാണാലോ എന്ന് ആലോചിച്ചപ്പോൾ എന്തോ ഉള്ളിൽ ഒരു ഒരു സുഖമുള്ള നോവ്‌ …

പത്രമൊക്കെ ഇട്ടു അവരുടെ വീട്ടിലെത്തിയപ്പോൾ പതിവ് പരിപാടികളുമായി അമ്മുവിൻറെ അച്ഛൻ പുറത്തുണ്ട് , കട്ടൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ നിരസിച്ചില്ല , പുറകിൽ എവിടെയോ അടിച്ചുവാരുന്ന ശബ്ദം കേക്കാനുണ്ട് , ചൂട് ചായ ആ തണുപ്പിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആ ചൂട് ഉള്ളിലേക്ക് ചെല്ലുമ്പോൾ ഒരു സുഖം , അതിനിടയിൽ അവൾ അടിച്ചുവാരി ഉമ്മറമുറ്റത്തെത്തി….അവളുടെ അച്ഛൻ പേപ്പറിൽ ശ്രദ്ധ കൊടുത്തു

എന്തൊക്കെയോ പറയുന്നുണ്ട് , ഞാൻ ചുമ്മാ അതിനു മൂളികൊണ്ടും ചായ കുടി തുടർന്നു …അര മണിക്കൂർ വൈകിയാലും അത്രേം സമയം അവളെ കാണാലോ എന്നാണ് ആ സമയത്ത് എന്റെ തോന്നൽ …..അമ്മുവിൻറെ മുടി അതൊരു സംഭവം തന്നെയാണ് , ഇടതൂർന്നു കറുത്ത തിങ്ങിയ മുടി , ഇടക്കെപ്പഴോ കുടുമ പോലെ കെട്ടിവെച്ചിരുന്ന മുടി അഴിഞ്ഞു വീണപ്പോൾ എന്റെ നോട്ടം അതിലായിരുന്നു…..ആ തോന്നൽ കൊണ്ടോ എന്തോ അവൾ എന്നെ നോക്കിയപ്പോൾ പെട്ടെന്ന് ഞാൻ നോട്ടം മാറ്റി , തിരിച്ചു അവളെ നോക്കിയപ്പോളും അവളെന്നെ നോക്കികൊണ്ട് മുടി മുകളിലേക്ക് കെട്ടിവക്കുകയായിരുന്നു , സാധാരണ തരാറുള്ള അതേ ചിരിയുമായി , ഞാനും ഒരുതരത്തിൽ അതുപോലെ തിരിച്ചു കൊടുത്തു….

” അമ്മു നിത്യയുടെ ഫ്രണ്ട് ആണെന്ന് ഇന്നലെയാ മനസ്സിൽ ആയതു ..” ഞാൻ വെറുതെ ഒന്ന് എറിഞ്ഞുനോക്കി..അവൾ എന്നെ നോക്കിയപ്പോൾ എന്തെങ്കിലും ചോദിക്കണമല്ലോ ..!!

” ഉം….കുഞ്ഞുനാൾ മുതൽ ഒരുമിച്ചുണ്ട്…..” അവൾ മറുപടി തന്നു ,വളരെ പതിഞ്ഞ ശബ്ദം…..ചിരികുമ്പോൾ വീണ്ടും ആ മുല്ലമൊട്ടിന്റെ ദർശനം …ഇനി നിന്നാൽ ശെരിയാകില്ലെന്നു തോന്നിയപ്പോൾ ചായ കാലിയാക്കി അമ്പലത്തിൽ കാണാമെന്നും യാത്ര പറഞ്ഞിറങ്ങി…..

പിന്നെ ഒരു യുദ്ധമായിരുന്നു , കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങളെല്ലാം തീർത്തു ഞാൻ വീട്ടിലെത്തി, കുളിയും കഴിക്കലും എല്ലാം തീർന്നു ശബരിയേം കൂട്ടി അമ്പലത്തിൽ പോയി , അവിടെ അല്ലറചില്ലറ ഓട്ടങ്ങൾ തീർത്തു ഉച്ചയ്ക്ക് ഫുഡ് കഴിച്ചു തലേദിവസത്തെ പോലെ വന്നു കിടന്നുറങ്ങി വൈകീട്ടൊരു 5 മണി ആയപ്പോൾ അമ്പലത്തിൽ കേറി…..അവളുണ്ടാകുമല്ലോ എന്നാലോചിച്ചപ്പോൾ ഹൃദയം വീണ്ടും എന്തിനാണെന്നറിയാതെ വിങ്ങിക്കൊണ്ടിരുന്നു..അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാൻ പോലും ശെരിക്കും കഴിഞ്ഞില്ല….

മേളങ്ങളും , വെടിവഴിപ്പാടുകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്…..അതെല്ലാം കാണുന്നുണ്ടെങ്കിലും പലപ്പോളും അതിൽ നിന്നെല്ലാം ശ്രദ്ധ മാറിക്കൊണ്ടിരുന്നു ..ശബരി ആണെങ്കിൽ ഞങ്ങൾ സംസാരിക്കുമ്പോളെല്ലാം ക്രിക്കറ്റിനെകുറിച്ചോ , കോളേജിലെ കാര്യങ്ങളെയോപറ്റി മാത്രം സംസാരിച്ചു , അമ്പലത്തിലും പരിസരത്തിലും ഒരുപാട് ആളുകൾ തിരക്കായി തുടങ്ങിയിരുന്നു …..ഞങ്ങളും പതിയെ ആ തിരക്കിലേക്ക് ഊളിയിട്ടു….വായ്നോട്ടവും , പൊരി വാരിയും ,മുറുക്കും എണ്ണയിൽ കോരുന്ന ശർക്കര ജിലേബി കഴിച്ചും അമ്പലആവശ്യങ്ങളിൽ സഹകരിച്ചും സമയം പോയി..ഡാൻസ് പരിപാടികൾ 8 മണിക്കാണ് പറഞ്ഞിരുന്നതെങ്കിലും അതിനു മുൻപുള്ള പരിപാടികളിലെ പാളിച്ച കാരണം 9.30 ആയി ആരംഭിക്കാൻ….

അമ്മമാരും ,ശാന്തിച്ചേച്ചിയും , മുൻപിൽ തന്നെ സ്ഥലം പിടിച്ചിട്ടുണ്ട് ..അതിനിടക്ക് അമ്മുവിനെയും അവളുടെ അമ്മയെയും അച്ഛൻ ഇവരുടെ അരികിലേക്ക് ആക്കി..ഞങ്ങളും ഇവരെ എല്ലാവരെയും കാണുന്ന സ്ഥലത്ത് തന്നെ സ്ഥലം പിടിച്ചു…എന്റെ നോട്ടം ആദ്യമാദ്യം ചുറ്റിനും കറങ്ങുകയായിരുന്നെങ്കിൽ പിന്നെ പിന്നെ അമ്മുവിൽ മാത്രമായി ഒതുങ്ങി , സ്റ്റേജിലെ ഡാൻസിംഗ് ലൈറ്റ് അറേഞ്ച്മെന്റ് ഇവളുടെ മുഖത്ത് തെളിക്കുന്ന പലപല നിറങ്ങൾ ആസ്വദിച്ചു ഞാനും ഇരുന്നു..സ്റ്റേജിൽ തന്നെ കണ്ണ് നട്ടിരിക്കുന്നതിനാൽ ഒരിക്കൽപ്പോലും അവൾ എന്നെയോ മറ്റൊന്നിലും ശ്രദ്ധിച്ചതേ ഇല്ല….അവരെല്ലാം ഇരിക്കുന്നിടത് നിന്നും ഒരു ടീം എണീറ്റപ്പോൾ ഞാൻ ശബരിയെ വിളിച്ചു അവിടെ പോയിരുന്നു…

അമ്മയോട് പറഞ്ഞു കയ്യിലുള്ള വെള്ളം വാങ്ങികുടിച്ച ശേഷം ഞാനും അവരുടെകൂടെ ഇരുന്നു…അമ്മയുടെ ഇടതുവശത്തു പുറകിലായി അവൾക്കു ചേർന്ന് ഞാനും എന്റെ മുന്നിലായി ശബരിയും ഇരുന്നു …സൈഡ് ആയതിനാൽ എനിക്ക് മുഖംനോക്കാൻ പ്രയാസമായിരുന്നു ,പക്ഷെ അവളുടെ തൊട്ട് ഇരിക്കുന്നു എന്നത് എന്നെ പുളകിതനാക്കി , അവളുടെ പരത്തിയിട്ട മുടിയിലെ ഈറൻ എനിക്ക് ഫീൽ ചെയ്തു , ചമ്രം പടിഞ്ഞിരിക്കുന്ന അവൾ ഇടയ്ക്കു വെച്ചു പാവാട ഒന്ന് ശെരിയാക്കിയപ്പോൾ വണ്ണമില്ലാതെ കൊലുന്നനെയുള്ള ഇടതുകാൽ ഞാൻ മിന്നായം പോലെ കണ്ടു , ഞാൻ അതുകണ്ട് അവളുടെ മുഖത്ത് നോക്കിയപ്പോൾ ചുണ്ടിലെ ചിരിയുമായിത്തന്നെ രണ്ടു കണ്ണുമടച്ചു കാണിച്ചു അവൾ വീണ്ടും സ്റ്റേജിലേക് നോക്കി….

കുറച്ചു സമയത്തിനുള്ളിൽ നിത്യയും ,പെങ്ങന്മാരും കളിക്കുന്ന ഡാൻസ് കഴിഞ്ഞു , ഇടയ്ക്കു കടല കൊണ്ടുവന്ന പയ്യന്റെ കയ്യിൽ നിന്നും എല്ലാർക്കും നല്ല ചൂട്കടല ഞാൻ വാങ്ങിക്കൊടുത്തു , പിന്നെയും കുറച്ചു സമയത്തിനുള്ളിൽ അവരുടെ ഒറ്റക്കുള്ള ഡാൻസും തീർന്നു , ഒരു സമയത്ത് അമ്മുവിൻറെ മുഖത്തേക്ക് ചുമ്മാ പാളിനോക്കിയ ഞാൻ കണ്ടത് കവിളിന്റെ സൈഡിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീരായിരുന്നു , എന്റെ നെഞ്ച് പിടഞ്ഞു , അവളെ വേണോ വേണോ എന്ന ആലോചനയിലും ധൈര്യമില്ലാത്ത കാര്യങ്ങൾ ആദ്യം ചെയ്യണമെന്ന ശബരി മുൻപ് തന്ന ഉപദേശം തലയിൽ നിറച്ചു ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു ടെൻഷൻ കുറച്ചു അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു …അവളുടെ അമ്മ പകുതി ഉറക്കത്തിൽ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആശ്വാസം കൂടി ….

” അമ്മുട്ടി എന്തിനാ കരയണേ ..?? “” വളരെ പതുക്കെ അവളുടെ മുഖത്തിനോടടുത്തു ഞാൻ ചോദിച്ചു , അവൾ ഒന്ന് തിരിഞ്ഞാൽ നിശ്വാസം എന്റെ മുഖത്ത് തട്ടും അത്രയ്ക്ക് അടുത്തു ചെന്നു ഇത് ചോദിയ്ക്കാൻ എങ്ങനെ ധൈര്യം വന്നെന്നു എനിക്കുതന്നെ നിശ്ചയമില്ലായിരുന്നു…കാച്ചെണ്ണയുടെയും അവളുടെ വിയർപ്പിന്റെയും സമ്മിശ്രമായ ഗന്ധം അവളുടെ മുഖത്തിന്‌ ചുറ്റും ഉണ്ടായിരുന്നു ….സ്റ്റേജിൽ നിന്നും ഇടയ്കിടെ വരുന്ന ലൈറ്റിൽ അവളുടെ മുക്കുത്തി തിളങ്ങി , ഇത് ഇന്നലെ ഉണ്ടായിരുന്നോ …ആ ,ഓർമ്മയില്ല ….!! ഞാൻ അത്ര അടുത്തു ചെന്നതിനാലോ എന്തോ അവൾ ഞെട്ടി ഒന്ന് പിടഞ്ഞു …പിന്നെ ഒന്നുമില്ലെന്ന്‌ ചുമൽകൂച്ചി കാണിച്ച ശേഷം അപ്പുറം തിരിഞ്ഞു കണ്ണുകൾ നൈസായി തുടച്ചു ….എനിക്കാണെങ്കിൽ വീണ്ടും ആ ഗന്ധം കിട്ടണമെന്ന് ഉള്ളിൽ നിന്നാരോ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു ….കാര്യം അവളുടെ ചെവിക്കരികിൽ സ്വകാര്യം ചോദിച്ചതാണെങ്കിലും എന്റെ ഉള്ളിലൊരു ഉമ്മ കൊടുത്ത പ്രതീതിയായിരുന്നു …ഞാനൊരു മോശക്കാരനാവുകയാണോ എന്ന് വീണ്ടുവിചാരം തോന്നാതിരുന്നില്ല….പക്ഷെ അതെല്ലാം കാറ്റിൽ പറത്തി വീണ്ടും ഞാൻ അവൾക്കടുത്തേക്ക് മുഖം ചേർത്തു , ആ വരവ് പ്രതീക്ഷിച്ചപോലെ അവൾ എന്റെ നേർക്ക്‌ തിരിഞ്ഞു , ആ തവണ ചെവിയിലല്ല നിറഞ്ഞു നിന്ന അവളുടെ കണ്ണിൽ നോക്കിയാണ് ഞാൻ അത് ചോദിച്ചത് ..

” ഇല്ലെന്നു പറയണ്ട , കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു ,ഇപ്പോ തുടച്ചതല്ലേ ….പറയെന്നെ..!! ഞാൻ ഞാൻ പോലുമറിയാതെ കെഞ്ചി ..പക്ഷെ ആ നിൽപ്പിൽ നിന്നും ഒരിഞ്ചു പോലും പുറകോട്ടു ഞാൻ മുഖം മാറ്റിയില്ല , അവൾമുഖം കർചീഫ് കൊണ്ട് ഒപ്പി ഒന്ന് നിശ്വസിച്ചു ….പിന്നെ എന്റെ കണ്ണിലേക്കു ആ നിറഞ്ഞു വന്ന സുന്ദരമായ മിഴികൾ കോർത്തു …

“എന്നെങ്കിലും ……ഒരു..ഒരു .. ഡാൻസ് ചെയ്യാൻ പറ്റണമെന്നു പ്രാർത്ഥിക്കുവാരുന്നു, പക്ഷെ വെറുതെ ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ ന്നു ആലോചിക്കുമ്പോ…….” സങ്കടത്താൽ വിക്കി വിക്കി പറഞ്ഞു തീർന്നപ്പോളേക്കും കണ്ണീർ ധാര ധാരയായി പ്രവഹിച്ചു ..ചുണ്ട് കടിച്ചുപിടിച്ചു അവൾ കരച്ചിലടക്കി മുന്നോട്ടു നോക്കിയിരുന്നു ….ഞാൻ വല്ലാണ്ടായിപ്പോയി …ഇങ്ങനൊരു അവസരത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവും മനസ്സിൽ വന്നില്ല…ചുറ്റുമുള്ളവർ കാണുന്നില്ല എന്ന് നൈസായി ഒരിക്കൽകൂടി ഉറപ്പുവരുത്തി … കുറച്ചു സമയം ഞാൻ സ്റ്റേജിലേക്ക് നോക്കി വെറുതെ സമയം കഴിച്ചു….നിത്യ പറഞ്ഞത് വെച്ചു നോക്കുമ്പോൾ അവളെപോലെ ഒരു കുട്ടിയിൽ നിന്നും തീരെ

പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഇപ്പൊ നടന്നത് …ഒരു മനുഷ്യൻ എത്രത്തോളം അഭിനയിച്ചാലും ഏതെങ്കിലും ഒരു സമയം അയാളുടെ ഉള്ള് മനസിലാക്കാൻ സാധിക്കുമെന്ന് ഇതോടുകൂടി എനിക്കും ഉറപ്പായി…പാവം , അവളെക്കാൾ പ്രായം കുറഞ്ഞവർ തൊട്ടു പ്രായമുള്ളവർ വരെ ഇഷ്ടത്തോടെ ഡാൻസ് ചെയ്യുമ്പോൾ അങ്ങനൊന്നു ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് ..? എനിക്കാണ് ഈ അവസ്ഥയെങ്കിൽ മറ്റുള്ളവർ ക്രിക്കറ്റ്‌ കളിക്കുന്നത് കാണുമ്പോൾ എന്റെ അവസ്ഥ എന്തായിരിക്കും ….!!!അങ്ങനെയാകാത്തതിൽ ഞാൻ ദൈവത്തിനെ നന്ദിയോടെ ഓർത്തുകൊണ്ട് ഒന്ന് ശ്വാസം വലിച്ചുവിട്ടു പിന്നെ അവളെ നോക്കി…അവളുടെ എത്രത്തോളം അടുത്തു പോകാമോ അത്രത്തോളം പോകാൻ ഉള്ളം തുടിച്ചുകൊണ്ടിരുന്നു …എപ്പോളൊക്കെ അങ്ങനെ തോന്നുന്നോ അപ്പോളെല്ലാം ഞാൻ ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തി ,പ്രത്യേകിച്ച് അവളുടെ അമ്മ ,പാവം അത് അടുത്തുള്ള വേലിത്തൂണിൽ ചാരി മയങ്ങിയിരുന്നു …ഞാൻ പിന്നിലേക്ക്‌ ചുമ്മാ നോക്കിയപ്പോൾ പുറകിൽ കുറച്ചു കുട്ടികളാണ് ഉണ്ടായിരുന്നത് അവർ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളം വെട്ടിക്കളിയും മറ്റ് പരിപാടികളിലുമായിരുന്നു …

” അമ്മുട്ടീ …..”

ഞാൻ വീണ്ടും വിളിച്ചു ….അങ്ങനെ വിളിക്കാൻ എന്ത് അവകാശമാണ് എനിക്കുള്ളത് എന്നൊന്നും ഞാൻ ചിന്തിക്കാൻ നിന്നില്ല …

” ഉം ….. ” അവൾ എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി..

ഞാൻ വീണ്ടും മുഖം അടുപ്പിച്ചു , അടുത്തുവരുന്ന എന്റെ കണ്ണുകളിൽ നോക്കി അവളും നിന്നു , ഒരുപക്ഷേ മുഖം മാറ്റിയേക്കാമെന്നു എനിക്ക് സംശയമുണ്ടായില്ലെങ്കിലും അതുണ്ടായില്ല ,

” മനുവേട്ടന് എന്നോടെന്തെങ്കിലും പറയാനുണ്ടോ …?? ” അവൾ പെട്ടെന്ന് ചോദിച്ചപ്പോൾ എനിക്ക് കണ്ണുകൾ താഴ്ന്നു , അതുവരെ ഏതോ സ്വപ്നലോകത്തായിരുനെങ്കിൽ അതിൽനിന്നും ഞാൻ ഉണർന്നു….ദൈവമേ ..!! ഞാൻ വിയർത്തു കുളിച്ചു , തൊണ്ടയിൽ ഉമിനീർ തടഞ്ഞു ….മുന്നിൽ ഇരിക്കുന്ന ശബരി ഒന്ന് ചിരിച്ചോ ….ഏയ്‌ …തോന്നിയതാവും …ഞാൻ മുഖം വലിച്ചു ആദ്യത്തെപോലെ ഇരുന്നപ്പോളും അവള്ക്കു ഭാവമാറ്റമുണ്ടായിരുന്നില്ല ….എന്ത് മറുപടി പറയണമെന്നു ഒരു ചിന്തയും വന്നില്ല …അവളാണെങ്കിൽ എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട് ..മറുപടി കൊടുക്കാത്തത് കൊണ്ടാകണം …അല്ല അവളെന്റെ പേരല്ലേ വിളിച്ചത് .!! ഇവൾ ഇതിനിടക്ക് എന്റെ പേരും പഠിച്ചോ ….ഹമ് …നിത്യ പറഞ്ഞുകൊടുത്തുകാണും….ഞാൻ ഒന്നുകൂടി അവൾക്കരികിലേക്ക് നിരങ്ങി ഇരുന്നു , അവൾ സംശയത്തിൽ എന്നെ നോക്കി നെറ്റി ചുളിച്ചു ..ഞാൻ തലകൊണ്ട് അടുത്തുവരാൻ ആംഗ്യം കാണിച്ചു , വീണ്ടും മുഖങ്ങൾ അടുത്തു …

” എനിക്ക് ആ വയ്യാത്ത കാലൊന്നു കാണിച്ചുതരാമോ …”

ഞാനെന്റെ സ്വരത്തിൽ പരമാവധി നിഷ്കളങ്കത വരുത്തിക്കൊണ്ട് ചോദിച്ചു…

” ങേ …അതെന്തിനാ …???? “”.. അവൾ അമ്പരപ്പോടെ മറുചോദ്യം ചോദിച്ചു …

” കാണിച്ചു താടോ …” ഞാൻ വീണ്ടും ശബ്ദം കുറച്ചു ആവശ്യപ്പെട്ടു ..അവൾ ഇല്ലെന്നു തലയാട്ടി …എനിക്കെന്തോപോലെയായി …

” അമ്മുട്ടീ …..പ്ലീസ്‌ , നീയൊരു ധൈര്യമുള്ള കുട്ടിയാണെന്ന് നിത്യ ഒരുപാട് തവണ പറഞ്ഞു..അങ്ങനൊരാൾ നേരത്തെ പോലെ കരയാൻ കാരണമായ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിച്ചത് ….നിന്നെപ്പോലെ ഞാനാണെങ്കിൽ ഹൃദയം പൊട്ടി എന്നേ മരിച്ചിട്ടുണ്ടാകുമായിരുന്നു …”

ഞാനെന്റെ മനസിന്റെ ഒരു ഭാഗം അവൾക്കു മുന്നിൽ തുറന്നു …അത് കേട്ടപ്പോൾ അവളെന്തോ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചു സ്റ്റേജിലേക്ക് തന്നെ കണ്ണ് നട്ടു ….ഇടയ്ക്കിടെ ഉയരുന്ന കയ്യടികളും കൂവലും എല്ലാം ഞങ്ങളുടെ സംസാരത്തിൽ നിശബ്ദത വരുത്തിക്കൊണ്ടിരുന്നു …ഞാൻ കാത്തിരുന്നെങ്കിലും അവൾ കാല് കാണിച്ചില്ല ..എനിക്ക് ഒട്ടേറെ വിഷമം തോന്നിയെങ്കിലും അത് കാണിച്ചുതരാൻ മാത്രം എന്ത് ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉള്ളതെന്ന് ആശ്വസിച്ചു , അതേ സമയം മുൻപ് ചിന്തിച്ചിരുന്നപോലെ അവളെ നഷ്ടപ്പെടുത്താൻ സാധിക്കില്ലെന്ന ചിന്തയും തലയിലൊരു മുൾക്കിരീടം പോലെ തറഞ്ഞുകയറി …..വേദന തരുന്നെങ്കിലും കിരീടമായതുകൊണ്ടു എനിക്ക് ഉപേക്ഷിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ .!!!

ഒടുവിൽ ഒരിക്കൽക്കൂടി ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചു , അവളുടെ കണ്ണിൽ തന്നെ നോക്കി , ഇടതുകൈ കൊണ്ട് അവളുടെ കൈകൾക്കു മേലെ കൈ വെച്ചു, അത് പ്രതീക്ഷിക്കാത്തതിനാൽ അവൾ ഞെട്ടിത്തരിച്ചുപോയി ..

” ഒരു ആറേഴു വർഷങ്ങൾക്കപ്പുറം എന്നെങ്കിലും നിന്റെ അച്ഛനോട് ഈ പെണ്ണിനെ എനിക്ക് കെട്ടിച്ചുതരാമോന്നു ചോദിക്കുമ്പോൾ അച്ഛൻ നിന്നോട് അഭിപ്രായം ചോദിച്ചാൽ നീയെന്തായിരിക്കും ഉത്തരം കൊടുക്കാ അമ്മുട്ട്യേ ….??

അവൾക്കു എന്റെ ചോദ്യം കേട്ടു കിളി പാറിയെന്നു തോന്നി..അതേസമയം സ്റ്റേജിലുള്ളവർക്ക് വേണ്ടിയോ എന്തിനോ ശബരി കയ്യടിച്ചു , ഞാൻ തിരികെ അമ്മുവിനെ നോക്കി …ഒരുപക്ഷേ ഞാൻ ഇഷ്ടം പറഞ്ഞാലോ , എന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചാലോ നോ എന്നായിരിക്കും അവൾക്കുത്തരം തരാനുള്ളത്‌ …പക്ഷെ ഇങ്ങനൊരു ചോദ്യത്തിന് എന്തുത്തരം തരും എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയിട്ടില്ല….അവളെപ്പോലെ ഒരാളോട് ബുദ്ധിപരമായി സംസാരിച്ചില്ലെങ്കിൽ എപ്പോ പണി പാളിയെന്ന് ചോദിച്ചാൽ മതിയല്ലോ ..!!

“അമ്മുട്ട്യേ …..” ഞാൻ വീണ്ടും വിളിച്ചു …

” എനിക്ക് അറിയില്ല മനുവേട്ടാ….. അച്ഛൻ എന്നോട് ചോദിക്കുവാണെങ്കിൽ നോ എന്നായിരിക്കില്ല എന്റെ ഉത്തരം എന്ന് തോന്നുന്നു …. അച്ഛൻ ചോദിച്ചാൽ മാത്രം ….””

അവൾ ഇത്തിരി ആലോചനയോടെ എന്റെ കണ്ണിൽ നോക്കിത്തന്നെ പറഞ്ഞുതീർത്തു …

“എങ്കിൽ ഞാൻ വരും , കുറവുകളുള്ള ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കാനല്ല , മനസിന്‌ കുറവുകളുള്ള എനിക്ക് ഒരു ജീവിതം തരാൻ അന്ന് നീ വരണം ….ഇന്നു വരെ ഒന്നും നേടാൻ പറ്റാത്ത ഒരുത്തനാണ് ഞാൻ ഈ നിമിഷത്തിലാണ് എന്റെ പോരായ്മ മറന്നു ഞാനൊരു കാര്യം ചെയ്യുന്നത് …നിനക്ക് വേണ്ടി എനിക്കത് സാധിക്കും … ആദ്യം കണ്ടതുമുതൽ ഈ നിമിഷം വരെ നിന്നോടെനിക്ക് പറയാൻ സാധിക്കുമെന്നൊരു വിശ്വാസമുണ്ടായിരുന്നു …ഇനിയും ഒരുപാട് ദൂരം ബാക്കിയുണ്ട് , അതുവരെ ഞാൻ കാത്തിരിക്കാം …”

ഇത്രയും ഞാൻ പറഞ്ഞപ്പോളേക്കും കണ്ണീർ ഒഴുകിയത് എന്റെ കണ്ണിൽ നിന്നായിരുന്നു …എന്റെ ബഹീനതയെ മറികടന്നു ഒരു കാര്യം അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷവും , അവതരിപ്പിച്ച ആ കാര്യം ഇന്നെന്റെ ജീവന്റെ ജീവനായ ഒന്നിന് വേണ്ടിയുള്ളതാണെന്നും ഓർക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷമാണ് എനിക്ക് ഫീൽ ചെയ്തത് ….ആരെങ്കിലും കണ്ടോ എന്നോ ,കേട്ടോ എന്നോ ആലോചിച്ചു ടെൻഷൻ അടിക്കാൻ എനിക്ക് തോന്നിയില്ല , ഇതിനൊക്കെ ധൈര്യം തന്ന എന്റെ ശബരി അടുത്തുണ്ടല്ലോ എന്ന ധൈര്യം മാത്രമേ

മനസിലുണ്ടായുള്ളു …ഞാൻ പഴയ പോലെ അവളിൽ നിന്നും കുറച്ചു ഗ്യാപ്പിട്ട് ഇരുന്നു , കുറച്ചു സമയത്തിന് ശേഷം എന്റെകൈ അവൾ എടുത്തു , അന്തം വിട്ടു നോക്കിയ ഞാൻ സ്റ്റേജിലേക് നോക്കിയിരിക്കുന്ന അവളെയാണ് കണ്ടത് ..

എന്റെ കൈ കൊണ്ടുപോയി അവളുടെ വയ്യാത്ത കാലിൽ മുട്ടിനു താഴെ കൊണ്ട് വെച്ചു ,ഞാൻ കണ്ണടച്ചുകൊണ്ടു വണ്ണക്കുറവ് സ്പര്ശനത്തിലൂടെ അറിഞ്ഞു , വളരെ വണ്ണക്കുറവല്ല , എന്നാലും കാല്പാദത്തിനു അടുത്തെത്തുമ്പോളേക്കും കുറവുകൾ ഫീൽ ചെയ്യുന്നുണ്ട് ….എനിക്ക് അവൾ തന്ന ആ ഫ്രീഡം എന്നെ ശെരിക്കും സന്തോഷിപ്പിച്ചു ….

പെങ്ങന്മാരും നിത്യയും വരുന്നതുകണ്ടപ്പോൾ ഞാൻ കൈകൾ പിൻവലിച്ചു , ശേഷം കടന്നുപോയ മനോഹരനിമിഷങ്ങളെ മനസ്സിൽ താലോലിച്ച് സ്റ്റേജിൽ നോക്കി ഇരുന്നു , ഡാൻസ് പരിപാടികൾ ഏകദേശം അവസാനിക്കാറായിരുന്നു ..അവർ ഡ്രസ്സ്‌ മാറ്റിയിട്ടുണ്ട് , മുഖത്തുള്ള ചായം അങ്ങനെ ഇരുപ്പുണ്ട്‌ ..വന്നപാടെ കലപില ശബ്ദത്തിൽ ചിലക്കാൻ തൊടങ്ങി , ഞാനും ശബരിയും ഇത്തിരി മാറി നിന്നു ഇതൊകെ നോക്കി…അവരുടെ തമാശയും ചിരിയും കളിയാക്കലും കേട്ടു അമ്മുവിൻറെ അമ്മയും എണീറ്റിട്ടുണ്ട് …അമ്മു അവരുടെകൂടെ നിന്നു എല്ലാം കേട്ടു ചിരിക്കുന്നുണ്ട് , ഇടയ്ക്കിടെ എന്നെ പാളിനോക്കുന്നതും ഞാൻ കണ്ടു ……ഡാൻസ് കഴിയാറായതുകൊണ്ടു കുറേ ആളുകൾ എണീറ്റുപോവാനും തുടങ്ങിയിട്ടുണ്ട് , ഇനി ഗാനമേളയാണ് ,പക്ഷെ തുടങ്ങാൻ സമയം ഒരുപാട് ആകും,മാത്രമല്ല ഫാമിലികൾ ഗാനമേളക്ക് അപൂർവമേ നിൽകാറുള്ളു …കള്ളുകുടിയന്മാരുടെ ശല്യം ഉണ്ടാവാറുള്ളതുകൊണ്ടും ലേറ്റ് ആയാണ് തീരാറു എന്നുള്ളതുകൊണ്ടും വിരലിലെണ്ണാവുന്ന ഫാമിലി മാത്രമേ ബാക്കിയാകൂ …ശബരി എന്നെ വിളിച്ചു മറ്റൊരു സൈഡിലേക്ക് കൊണ്ടുപോയി …

അവിടെയെത്തി ആദ്യം അവനെന്നെ മുറുകെ കെട്ടിപിടിച്ചു ….ഞാൻ തിരിച്ചും …അവൻ അവന്റെ കൈയിലെ രോമം കാണിച്ച് എന്നോട് പറഞ്ഞു …

” രോമാഞ്ചം ഇതുവരെ പോയിട്ടില്ല പൊന്നുമോനെ ….പൊളിച്ചെട ,പൊളിച്ചു …..നീയിത്രക്ക് സൂപ്പെറായി അവതരിപ്പിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻപോലും പറ്റുന്നില്ല….കണ്ട്രോൾ ചെയ്തു ഇരുന്നതാണ് ഞാൻ , ഹോ !!! അമ്മമാർ ശ്രധിച്ചാലോന്ന് കരുതിയാ ,അല്ലെങ്കിൽ ചിലപ്പോൾ ഞാൻ വിസിലടിച്ചേനെ മോനെ ….””

അതും പറഞ്ഞു അവനെന്നെ എടുത്തുപൊക്കി ….

എനിക്കും സന്തോഷം സഹിക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു …അവൾ നോ എന്ന് പറഞ്ഞാലും ഒരുപക്ഷേ ഞാൻ ഹാപ്പി ആയിരിക്കും എന്നുവരെ തോന്നി , കാരണം എന്നെക്കൊണ്ട് സാധിക്കില്ലെന്ന് കരുതുന്ന കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുക എന്നതിലൂടെ കിട്ടുന്ന ഊര്ജ്ജം അത് അനുഭവിച്ചവർക്കേ മനസിലാക്കാൻ സാധിക്കൂ ….കഴിവുള്ളവരിൽ നിന്നും അതിനൊരു പ്രശംസ കൂടി കിട്ടുന്നത് വേറെ ലെവൽ ഫീലിങ്ങും ..

” നീ നോക്കിക്കോ , അവൾ വരും ….എനിക്ക് വിശ്വാസമുണ്ട് …” അവൻ ആത്മവിശ്വാസത്തോടെ അവന്റെ നെഞ്ചിൽ കൈവെച്ചു പറഞ്ഞു …ഞാൻ ചിരിച്ചുകൊണ്ട് അവനെ വീണ്ടും കെട്ടിപിടിച്ചു …

” നീയില്ലെങ്കിൽ ഇതൊന്നും നടക്കൂലാർന്നു മുത്തേ…പ്ലാൻ ഒക്കെ നിന്റെയല്ലേ , അത് ജസ്റ്റ്‌ ചെയ്യൽ മാത്രല്ലേ എന്റെയുള്ളു…”

ഞാൻ അർഹിക്കാത്ത ക്രെഡിറ്റ്‌ എടുത്തില്ല …അവൻ സന്തോഷത്തോടെ തലകുലുക്കി ….ശേഷം ഞങ്ങൾ തിരികെ അവരുടെ അരികിൽ പോയി …നിത്യ ചിരിച്ചു കളിച്ചു ഞങ്ങടെ അരികിൽ വന്നു …

” ഡാൻസ് എങ്ങനുണ്ടാർന്നു മനുവേട്ടാ ….?? ” അവൾ ചോദിച്ചപ്പോൾ ഞാൻ ഉത്തരം മുട്ടി നിന്നു , അയ്യോ…! അങ്ങനൊരു സംഭവം ഉണ്ടായിരുന്നല്ലോ , പെങ്ങന്മാരുടെ റിഹേഴ്സൽ ഇടക്ക് കണ്ടിരുന്ന ഓർമ്മയെങ്കിലും ഉണ്ട് ,ഇത് ഒരു പിടിയും ഇല്ല ….

” അടിപൊളി ആയിരുന്നല്ലോ ….നിന്റെ പെർഫോമൻസ് സൂപ്പർ …!! ” ഒന്നും നോക്കീല ,ഞാൻ ചുമ്മാ കത്തിച്ചു …ശബരി തലയറഞ്ഞു ചിരിച്ചു …അവന്റെ ചിരി കണ്ടപ്പോൾ അവൾക്കു ഏതാണ്ട് കാര്യം മനസ്സിലായെന്നു തോന്നുന്നു ..

” ഓഹ് …..ശെരി , താങ്ക്സ് ….” അവൾ കെറുവിച്ചുകൊണ്ടു പറഞ്ഞു …

” എന്റെടീ നീ പിണങ്ങോന്നും വേണ്ട , ഇവൻ ആ ടൈമിലോക്കെ നിന്റെ ഫ്രണ്ടിന്റെ അടുത്തു പുഷ്പിച്ചുകൊണ്ടിരിക്കുവാരുന്നു ….നിന്റെ ഡാൻസൊന്നും കാണാൻ ചെങ്ങായ്‌ക്ക് സമയം കിട്ടീല ….നീ ക്ഷമി …..

അവൻ അതുപറഞ്ഞു വീണ്ടും ചിരിയോടു ചിരി …അതും കണ്ടുകൊണ്ടാണ് പെങ്ങന്മാർ വന്നത് …

” എന്താണ് ഇത്ര വല്ല്യേ തമാശ ….” മഞ്ജിമയുടേതാണ് ചോദ്യം , പക്ഷെ അതിനിടക്ക് കേറി നിത്യ വക വേറൊരു ചോദ്യം …

” പുഷ്പ്പിച്ചെന്നോ , ആരോട് ….?? ഹ്മം ….അമ്മുവിനോടാണോ ..?? എപ്പോ …? ന്നിട്ട് എന്താ ഉണ്ടായേ …??? ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യം ചോദിച്ചു അവൾ ഉണ്ടക്കണ്ണും തുറിച്ചു നിന്നു …ആ ചോദ്യം കേട്ടു പെങ്ങന്മാരും അവിശ്വസനീയതയോടെ എന്നെ നോക്കി …അമ്മു ആ സമയത്തുതന്നെ ഞങ്ങളെ നോക്കി കൂട്ടത്തിലേക്കു വന്നു …അതോടെ എല്ലാവരും നിശബ്ദരായി ….അവൾ വന്നത് അബദ്ധമായോ എന്ന മട്ടിൽ എല്ലാരേയും നോക്കി , ഞാൻ അവളുടെ മുഖത്ത് നോക്കി ചിരിച്ചു , അത് കണ്ടപ്പോൾ അവളുടെ മുഖത്തേക്ക് നാണം ഇരച്ചുകയറി ….ഇത് നോക്കി നിന്ന മറ്റുള്ളവർ ഓരോരുത്തരും ചിരി തുടങ്ങി …അവസാനം കൂട്ടച്ചിരിയായി മാറി ..എന്തായിരുന്നു ഞങ്ങൾ സംസാരിച്ച വിഷയമെന്നു ഇപ്പൊ അമ്മുവിന് മനസിലായിട്ടുണ്ടാകും …അതുകൊണ്ടാകാം അവൾ തിരികെ അമ്മമാരുടെ ഇടയിലേക്ക് പോയി നിത്യയെ കൊഞ്ഞനം കാണിച്ചു …

” മനുവേട്ടാ ….അവൾ സമ്മതിച്ചോ …ഒന്ന് പറ …!! “” നിത്യക്ക് വീണ്ടും സംശയം …

” അങ്ങനെയൊന്നും പറഞ്ഞില്ല , പക്ഷെ നോ എന്നും പറഞ്ഞില്ല ….ഇവൻ കോനിഷ്ടു പിടിച്ച ചോദ്യമാണ് ചോദിച്ചത് , അതിനുള്ള ഉത്തരമേ കിട്ടിയുള്ളൂ …”

ശബരി പറഞ്ഞത് ആർക്കും ഒന്നും മനസിലായില്ല ..അപ്പോഴാണ് അമ്മ കൈകാട്ടി വിളിച്ചത് …ഞാൻ ശബരിയോട് പറഞ്ഞുകൊടുക്കാൻ പറഞ്ഞു അങ്ങോട്ട്‌ ചെന്നു …

” അമ്മുവിന് ബാത്‌റൂമിൽ പോണംത്രെ , നീ അവരുടെ കൂടെ ഒന്ന് ചെന്നുകൊടുക്ക് …” അമ്മ പറഞ്ഞു , ഞാൻ തലയാട്ടി …അമ്മു അമ്മയെ കൂട്ടി മുന്നിൽ നടന്നു , അവളുടെ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു , അവരെ വെറുപ്പിക്കാതിരിക്കാൻ ഇടയ്ക്കു ഞാൻ മൂളിക്കൊടുത്തു, അതിനൊപ്പം അവളുടെ നടത്തം നോക്കി പിന്നാലെ നടന്നു ..ബാത്റൂമിന് 3 സ്റ്റെപ്പുകൾ ഉണ്ട് , അത് കേറിയപ്പോൾ അവൾ തട്ടി വീഴാതിരിക്കാൻ പാട്ടുപാവാട കണങ്കാൽ വരെ പൊക്കി , അപ്പോൾ ഞാൻ അവളുടെ കാലുകൾ കണ്ടു , വെളുത്തു

ആകൃതിയൊത്ത ചെറു രോമങ്ങളുള്ള വലതുകാൽ , അതിനെക്കാൾ വണ്ണം കുറഞ്ഞു കുറച്ചുകൂടി വെളുപ്പും നേരിയ രോമവും ഉള്ള ഇടതുകാൽ …..ആ കാൽ അമർത്തിച്ചവിട്ടുമ്പോൾ എന്തോ കാരണം കൊണ്ട് മുടന്തു വരുന്നുണ്ട് ..അത് മാത്രം മനസിലാകുന്നില്ല …..ഡോർ തുറന്നു കേറുന്നതിനു മുൻപായി എന്നെ അവൾ തിരിഞ്ഞു നോക്കി , ഞാൻ നോക്കുന്നത് കാലിൽ തന്നെയാണെന്ന് കണ്ടപ്പോൾ പതിവ് പുഞ്ചിരിയോടെ ഡോർ തുറന്നു അകത്തു കയറി ….അവളുടെ അമ്മയാകട്ടെ എന്നെ അപ്പോളും കത്തിയടിച്ചു തോൽപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ….നല്ല ഐശ്വര്യമുള്ളൊരു നാടൻ സ്ത്രീ , അവരുടെ മുഖഭംഗിയാണു അമ്മുവിനും കിട്ടിയിട്ടുള്ളത് ….അമ്മയുടെ മുഖത്ത് നോക്കി അവർ പറയുന്നതിന് മൂളിക്കൊടുക്കുന്നുണ്ടെങ്കിലും എന്റെ മനസ് അമ്മുവിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെ ഓർത്തു പുറകിലേക്ക് പോയി …..ഇനി ഈയടുത്ത് ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത മനോഹരമായ നിമിഷങ്ങൾ….!! അവളുടെ സാമീപ്യം തന്ന ആ ഫീൽ… ഉഫ്ഫ്‌ ..!!!

അമ്മു വാതിൽ തുറന്നു ഇറങ്ങിയപ്പോൾ അമ്മ കയറി , ഇത്തിരി ക്ലേശിച്ചു സ്റ്റെപ്പുകൾ ഇറങ്ങുന്നത് കണ്ടപ്പോൾ ഞാൻ അവൾക്കു നേരെ കൈകൾ നീട്ടി ….ഒന്ന് ശങ്കിച്ച ശേഷം അവൾ ഒരു ചെറുചിരിയോടെ നിരസിച്ചു …

” ഇത്തിരി പ്രയാസപ്പെട്ടാലും ഒറ്റക്കിറങ്ങുന്നതാണ് എനിക്കിഷ്ടം … വേറൊന്നുമല്ല ആരും ഒപ്പമില്ലാത്തപ്പോഴും ഇങ്ങനെ ഇറങ്ങേണ്ടി വരില്ലേ മനുവേട്ടാ …”

അവളുടെ മറുപടി എനിക്ക് നിരാശ സമ്മാനിച്ചു…ഒരിക്കൽക്കൂടി ആ കൈയിലൊന്നു തൊടാൻ വല്ലാത്തൊരു ആഗ്രഹം തോന്നി…എന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ എനിക്ക് തന്നെ പരിചയമില്ലാത്തതായിരുന്നു ….

” ഇത് നിനക്ക് വേണ്ടിയല്ല അമ്മുട്ട്യേ , എനിക്ക് വേണ്ടിയാണു …ഈ അവസാന സ്റ്റപ്പെങ്കിലും എന്റെ കൈയിൽ പിടിച്ചു ഇറങ്ങാമോ ….?? “”

ഞാൻ പ്രതീക്ഷയോടെ കൈനീട്ടി , എന്നെ കുസൃതിയോടെ നോക്കി ‘വിടില്ലല്ലേ ‘എന്ന ഭാവത്തിൽ നിശ്വസിച്ചശേഷം എന്റെ കൈയിൽ പിടിച്ചു …വല്ലാത്തൊരു മർദ്ദവമുള്ള ആ സുന്ദരിക്കൈകളിൽ ഞാൻ അമർത്തിപ്പിടിച്ചു …ഇളം ചൂടുള്ള ചെറിയ നനവുള്ള വിരലിൽ ഒരു വെള്ളികളറുള്ള മോതിരം കണ്ടു , അവൾ എന്റെ കൈകളിൽ പിടിച്ചു ആയാസമില്ലാതെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ പ്രതികരിക്കാൻ പറ്റുന്നതിനു മുൻപ് ആ മോതിരം ഞാൻ ഊരിയെടുത്തു , വല്ലാതെ മുറുകി കിടക്കാത്തതുകൊണ്ടു ഊരാൻ അത്ര പ്രയാസമുണ്ടായില്ലെങ്കിലും ആ എടുത്ത രീതി അവളെ ഇത്തിരി വേദനിപ്പിച്ചിട്ടുണ്ടെന്നു മുഖഭാവത്തിൽ നിന്നും മനസിലായി….കെറുവിച്ചുകൊണ്ടു എന്തോ പറയാൻ വന്നെങ്കിലും ആ സമയത്താണ് അമ്മ ഡോർ തുറന്നു ഇറങ്ങിയത് , അതുകണ്ടതോടെ പറയാൻ വന്നത് അവൾ വിഴുങ്ങി..പക്ഷെ മുഖം ഇത്തിരി ദേഷ്യം ഫീൽ ചെയ്തു…ഞാൻ തിരിഞ്ഞു നടന്നു പിന്നാലെ അവരും ….

ഞാൻ കുറച്ചധികം പൈങ്കിളി ടൈപ്പ് ആകുന്നുണ്ടോ എന്ന് എന്റെയുള്ളിൽ തന്നെ തോന്നി തുടങ്ങി , മുൻപ് കേട്ടിരുന്ന പൈങ്കിളി പ്രേമക്കഥകളെല്ലാം പുച്ഛത്തോടെ മാത്രം കണ്ടിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് അതിലേറെ പൈങ്കിളി ആയി മാറിയിരിക്കുന്നു…പലപ്പോളും അതങ്ങനെതന്നെ വരൂ …എത്ര നമ്മൾ അങ്ങനെ ആകരുതെന്നു ആഗ്രഹിക്കുന്നുവോ അത്രത്തോളം വിധി നമ്മളെ അതിലേക്കടുപ്പിക്കും….

ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ അവർ 4 പേരും ഞങ്ങളെനോക്കി ചിരിക്കുന്നുണ്ടായിരുന്നു…അത് ഞങ്ങളെപ്പറ്റി ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു……സംഭവിച്ച കാര്യങ്ങൾ അവൻ പറഞ്ഞുകൊടുത്തതിന്റെ എഫക്ട് ആയിരിക്കും …..വെറുതെ ഇടംകണ്ണിട്ട് അമ്മുവിനെ ഒന്ന് പാളിനോക്കിയപ്പോൾ അവളുടെ മുഖമാകെ ചുവന്നുതുടുത്തിരിക്കുന്നു …എന്നെപോലെ അവരുടെ കളിയാക്കലുകൾ നേരിടാൻ മാത്രം പ്രണയം അവൾക്കെന്നോടില്ലെന്നു ഇവരെന്താണ് ആലോചിക്കാത്തത്….ഞാൻ അവളോട്‌ ഇഷ്ടം പറഞ്ഞെന്നല്ലേ ഉള്ളൂ , എന്ത് ചെയ്യും …!!!

ശബരിയുടെ അച്ഛനും അമ്മുവിൻറെ അച്ഛനും വരാനുള്ളത് കൊണ്ട് എല്ലാവരും അവിടെത്തന്നെ നിക്കേണ്ടിവന്നതുകൊണ്ട് കുറച്ചു സമയം കൂടി അവളെ കാണാനുള്ള ഭാഗ്യം കിട്ടി ….

ഞാൻ മറ്റുള്ളവർ ശ്രദ്ധിക്കാതെ അവരോടു 4 നോടും കണ്ണുകാട്ടി , എന്നിട്ട് ഇത്തിരി മാറി നിന്നു ആദ്യം ശബരിയും ശേഷം പെങ്ങന്മാരും വന്നു ..

” ഡാ , അവൾ ഇതുവരെ നോ പറഞ്ഞിട്ടില്ല എന്നെ ഉള്ളൂ , അത് പക്ഷെ എന്റെ ഇഷ്ടമാണോ എന്നുള്ള ചോദ്യത്തിനല്ല എന്ന് നിങ്ങള്ക്കും അറിയാലോ …..ഇത് കുളമാക്കല്ലെട്ടോ , എനിക്ക് നിങ്ങടെ കാട്ടിക്കൂട്ടൽ കാണുമ്പോ എന്തോ പേടിതോന്നുണു …”

ഞാനെന്റെ ടെൻഷൻ പറഞ്ഞപ്പോൾ അവർക്ക് കാര്യം മനസിലായി…ശബരി ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു എന്റെ തോളിൽ മെല്ലെ തട്ടി…അതേ സമയം നിത്യ അമ്മുവിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് , ഇടക്ക് എന്നെ നോക്കുനത് കണ്ടപ്പോൾ എന്നെ സംബന്ധിക്കുന്ന എന്തോ കാര്യമായിരിക്കുമെന്നു എനിക്ക് മനസിലായി …..വിട്ടുമറഞ്ഞു പോയ ടെൻഷൻ വീണ്ടും എന്നെ പതിയെ കീഴ്‌പ്പെടുത്തി ….ചില സമയത്ത് ധൈര്യക്കുറവ് ഒരു ബാധ്യതയാണ് ..

ഞാൻ അവരിൽ നിന്നെല്ലാം മാറി അമ്പലത്തിന്റെ മുൻപിൽ കത്തിച്ചുവെച്ച ദീപസ്തംഭത്തിന്റെ അവിടെ നിന്നും ഉള്ളിലേക്ക് നോക്കി കൈകൂപ്പി നിന്നു …ചരട് കൈവിട്ട പട്ടം പോലെ മനസാകെ നിലയില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തി …ഇന്നലെ ഇത് വേണോ വേണ്ടേ എന്നുള്ള അവസ്ഥയിൽ നിന്നും ഇന്നത്തേക്ക് ഒട്ടേറെ ദൂരം പോയിക്കഴിഞ്ഞു …ഞാൻ ഒരു മരംചുറ്റി പ്രണയവുമായി ബുദ്ധിമുട്ടിക്കില്ലെന്ന വിശ്വാസമായിരിക്കാം അവൾ നോ പറയാഞ്ഞതെന്നു ഒരു തോന്നൽ മനസ്സിൽ നുരഞ്ഞുപൊന്തി …അതിനുശേഷം ചെയ്ത എല്ലാം ആ വിശ്വാസം നഷ്ടപ്പെടുത്താൻ പോന്ന ഓരോന്നായിരുന്നില്ലേ ….ദൈവമേ ഈ ആശയക്കുഴപ്പത്തിൽ നിന്നും കരകേറ്റണമേ …!!!

അടുത്തൊരു ഇളക്കം കേട്ട് നോക്കിയപ്പോൾ നിത്യ അരികിൽ നില്ക്കുന്നു …മുഖഭാവം എന്താണെന്നു മനസിലാകുന്നില്ല ….മുൻപ് അമ്മുവിനരികിൽ ഇരുന്നു ഈ കാര്യം അവതരിപ്പിച്ചതിനേക്കാൾ ടെൻഷൻ നിത്യ അരികിൽ നിൽക്കുമ്പോൾ എനിക്ക് ഫീൽ ചെയ്തു …..കൊല്ലാനാണോ വളർത്താനാണോ എന്നറിയൂല്ലല്ലോ ….

” മനുവേട്ടാ ….”

പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിളിയിൽ എന്റെ ഹൃദയമിടിപ്പ് അതിവേഗതയിലായി …ഞാൻ അവളുടെ മുഖത്തേക്കുനോക്കി ..

” മനുവേട്ടൻ പ്രേമിക്കാനാണോ അവളുടെ പുറകെ നടക്കണത് …?? ”

എനിക്ക് അതിനെന്തുത്തരം കൊടുക്കുമെന്ന്

അറിയില്ലായിരുന്നു…അതുകൊണ്ട്‌തന്നെ ഞാൻ തല താഴ്ത്തി നിന്നതേ ഉള്ളൂ …

” ഇന്നത്തെപ്പോലെ അതിനെ വിഷമിപ്പിക്കരുത് ട്ടോ , സമയം കൊടുക്കൂ … ഞാനുണ്ടാവും കൂടെ ….”

അവൾ അത്രയുമേ പറഞ്ഞുള്ളൂ … ഞാൻ അവളുടെ കൈ പിടിച്ച്‌ പതിയെ അമർത്തി…

” നീ കേട്ടിട്ടില്ലേ അൽപ്പന് നിധി കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കുമെന്ന് ….നോ പ്രതീക്ഷിച്ചു കാര്യം പറഞ്ഞ എനിക്ക് പോസിറ്റീവ് റിപ്ലൈ കിട്ടിയപ്പോൾ സ്വയമറിയാതെ ഒന്ന് തുള്ളിയതാണ് …ക്ഷമിക്കാൻ പറട്ടോ അവളോട്‌ …”

ഞാൻ തിരുനടയിലേക്ക് നോക്കികൊണ്ടാണ് പറഞ്ഞുതീർത്തത്, അത് പറഞ്ഞപ്പോൾ ഒരുപാട് ആശ്വാസം എനിക്ക് തന്നെ ഫീൽ ചെയ്തു …പിന്നെ ഒന്ന് നന്നായി പ്രാർത്ഥിച്ചു ഇതുവരെ തന്ന എല്ലാ മനോഹരനിമിഷങ്ങൾക്കും നന്ദി അറിയിക്കാനും ഉണ്ടായിരുന്നു ….മനം നിറഞ്ഞു ഞാൻ നന്ദി അറിയിച്ചു , കണ്ണുകൾ അടച്ചു തൊഴുകൈയ്യോടെ എത്ര നേരം നിന്നെന്നു എനിക്കോർമ്മയില്ല …ആരോ തോണ്ടി, തിരിഞ്ഞുനോക്കുമ്പോൾ അമ്മു നിത്യക്കരികിൽ നില്ക്കുന്നു , കൈകെട്ടി എന്നെത്തന്നെ നോക്കിയാണ് നിൽപ്പ്…ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു …

” എന്തിനാ മനുവേട്ടൻ കരയണത് …?? “”

ചോദ്യം നിത്യയുടെ ആയിരുന്നു , അപ്പോഴാണ് കണ്ണ് ഞാനറിയാതെ എന്നെ ചതിച്ചത് ഞാൻ മനസിലാക്കിയത്….ഞാൻ ചമ്മിയെങ്കിലും വീണ്ടുമൊന്നുകൂടി ചിരിക്കാൻ ശ്രമിച്ചു പക്ഷെ അത് ഒരു ഗോഷ്ടിയായി മാറി ….ഞാൻ കയ്യിൽ ഇട്ട അമ്മുവിൻറെ മോതിരം ഊരി അവൾക്കു നേരെ നീട്ടി …

” ഞാനൊരു തെറ്റ് ചെയ്തു , അതിനുള്ള മാപ്പ് ഭഗവാനോട് പറയുവാരുന്നു….”

പറഞ്ഞുകൊണ്ട് ഞാൻ നീട്ടിയ മോതിരം വാങ്ങാതെ അവൾ ആ ട്രേഡ്മാർക് ചിരി സമ്മാനിച്ചു ….

” അത് കയ്യിലിരിക്കട്ടെ , ആറേഴു വർഷം കഴിഞ്ഞു എന്റെ കയ്യിൽ ഇട്ടുതന്നാൽ മതി , പക്ഷെ അതുവരെ എന്നെ പ്രഷർ ആക്കരുത്ട്ടോ , അച്ഛന്റേം അമ്മേൻറേം മുന്നിൽ എനിക്ക് ഇപ്പൊ ഉള്ളതുപോലെ പോണമെങ്കിൽ എന്റെയുള്ളിൽ ഒരു കുഞ്ഞു കള്ളം പോലും ഉണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം …..ഇനി എന്നെങ്കിലും ഏട്ടന്റെ ഈ പ്ലാൻ മാറുവാണെങ്കിൽ ഈ മോതിരം നിത്യയുടെ കയ്യിൽ കൊടുത്താൽ മതി , മാറില്ലെന്നാണ് എന്റെ വിശ്വാസം , എന്റെ ഉറപ്പിനാണ് ഇത് ഞാൻ തന്നത് …””

അവൾ ആത്മവിശ്വാസത്തോടെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു…ശേഷം വിരിഞ്ഞ ആ മുല്ലമൊട്ടുകളുടെ മനോഹാരിതയിൽ ഞാൻ ഒരു നിമിഷം പ്രതിമകണക്കെ നിന്നു ….”ശെന്റമ്മോ എന്തൊരു ഭംഗി ..”

” ഹെലോ ……കിളി പോയോ കുട്ടാ ….”

നിത്യ എന്നെ കുലുക്കിയപ്പോളാണ് ഞാൻ ഉണർന്നത് …അമ്മു ഇപ്പോളും കൈകൊണ്ടു വാ പൊത്തി ശബ്ദമില്ലാതെ ചിരിക്കുന്നുണ്ട് ….

” അതെയ് ….പറഞ്ഞത് ശെരിക്കും മനസിലായല്ലോ ല്ലേ …പ്രേമിച്ചു നടക്കാംന്നല്ല , കല്യാണംകഴിക്കാം എന്നാണ് കവി ഉദ്ദേശിച്ചത് ….ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറയരുത് ..”

നിത്യ കട്ടക്ക് കാര്യം പറഞ്ഞപ്പോൾ ഞാൻ ആണോ എന്ന അർത്ഥത്തിൽ അമ്മുവിനെ നോക്കി ….അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി …

” അപ്പൊ ചുരുക്കം പറഞ്ഞാൽ നീ എന്റെയാണോ എന്ന് ചോദിച്ചാൽ എന്നെങ്കിലും ആവുമെന്ന് കരുതാം , പക്ഷെ അതുവരെ എന്റെ കാമുകി അല്ലതാനും ….ലേ …??

ഞാൻ അമ്മുവിനോട് ചോദിച്ചു ….അവൾ വീണ്ടും തലയാട്ടി ….

” ഈശ്വരാ ….എനിക്ക് കണ്ട്രോൾ തരണേ…., ഇത് തരക്കേടില്ലാത്ത ഡീൽ ആണ് , നേരമ്പോക്കിന് അതുവരെ വേറെ ആരെയെങ്കിലും പ്രേമിച്ചാലും കുഴപ്പല്ലല്ലോ ….!! “‘….

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ ചിരി മാറി ,മറുപടി ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കി ഒന്ന് ആക്കിയ രീതിയിൽ തലകുലുക്കി കാണിച്ചു പിന്നെ നിത്യയെ നോക്കി തിരിച്ചു നടന്നു …നിത്യയാകട്ടെ എന്ത് കോപ്പാണ് ഇതൊക്കെ എന്ന അർത്ഥത്തിൽ കൈകൊണ്ടു ആംഗ്യത്തിൽ ചോദിച്ചുകൊണ്ട് അവളുടെ ഒപ്പം എത്താൻ സ്പീഡിൽ നടന്നു ….അപ്പോളേക്കും ശബരി കുറച്ചു ദൂരെ നിന്നും പോവാൻ വേണ്ടി കൈകാട്ടി വിളിച്ചു ……

ഞാൻ ഒന്നുകൂടി പ്രാർത്ഥിച്ചശേഷം അവനരികിൽ ചെന്നു മോതിരം കാണിച്ചുകൊടുത്തു …അവന്റെ കണ്ണ് തുറിച്ചു ….

” ഓ…ഫക്ക് …..!! അവൾ ഇട്ടുതന്നതാണോ ….??? “”

അവന്റെ ശബ്ദം ആകാംഷ കൊണ്ട് കരയുന്ന പോലെ ആയിരുന്നു ….

” അങ്ങനെയല്ലേടാ , ഇതൊരു ഡീൽ ആണ് , എന്റെ ജീവിതം തീരുമാനിക്കുന്ന ഒരു സാധനമാണ് ഇനി മുതൽ ഈ റിംഗ് …”

ശേഷം സംഭവിച്ച കാര്യങ്ങൾ ഞാൻ അവനോടു വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു …കേട്ടിരിക്കുമ്പോൾ അവന്റെ സന്തോഷം കൂടി കൂടി ചെങ്ങായ് വല്ലാത്തൊരു അവസ്ഥേലെത്തി ….അവസാനം അവൾ പറഞ്ഞ കാര്യം കേട്ടപ്പോൾ അവൻ ചിരിച്ചു …

” നാളെ മുതൽ നീ പഴയ ജീവിതത്തിലേക്ക് മടങ്ങണം മോനെ , ഇന്നത്തെ സമയം അത് കഴിഞ്ഞുപോയി , ഒരിക്കലും ഇത് ആലോചിച്ചു ലൈഫ് നശിപ്പിക്കരുത് …അവൾ ഉദ്ദേശിച്ചത് നീ ഈ കാര്യം കൊണ്ട് നിനക്ക് എത്താൻപറ്റുന്ന ഉയരങ്ങളിൽ എത്താതിരിക്കരുതെന്നാണ് ……അവൾ ജീവിതത്തിൽ വരുമ്പോൾ ആ കുറവോട്കൂടി ഇന്നത്തെപ്പോലെ അന്നും സ്വീകരിക്കാൻ നിനക്ക് കഴിയണമെന്നാണ് ….there is love after marriage എന്ന് കേട്ടിട്ടില്ലേ …..അതാണ് നമ്മടെ ലക്‌ഷ്യം …..അപ്പോ ok അല്ലേ ,ബാ പോകാം …””

അവനും ഞാനും മറ്റുള്ളവരുടെ അരികിലേക്ക് ചെന്നു , അവർ ഞങ്ങളെ കാത്ത് നീക്കുകയായിരുന്നു…..അമ്മുവിൻറെ അച്ഛൻ എത്തിയതുകൊണ്ടു അവരും യാത്ര പറഞ്ഞു പോവാനൊരുങ്ങി …പോകുമ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു പിന്നെ അടുത്തു വന്നു മെല്ലെ പറഞ്ഞു

” മോതിരം കളയരുത് ട്ടോ…എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണത് …”

പിന്നെ അവരോടൊപ്പം യാത്ര പറഞ്ഞുപോയി , ഞാൻ തിരിഞ്ഞുനോക്കിയില്ല ….മനു വന്ന് എന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കിപിടിച്ചു നടന്നു ,

” എന്താടാ അവളെ നോക്കാഞ്ഞത് , നിന്നെ രണ്ടുമൂന്നു തവണ നോക്കിയിരുന്നു …”

അവൻ ചെവിയിൽ ചോദിച്ചപ്പോൾ ഞാൻ കണ്ണിറുക്കി കാണിച്ചു ,

” നീയല്ലേ മൈരേ പറഞ്ഞത് ഇനി ഒലിപ്പിക്കരുതെന്നു …അതുകൊണ്ട് ഇപ്പോളെ നിർത്തി …”

ഞാൻ കൈമലർത്തി കാണിച്ചു ….അവൻ നാക്ക് കടിച്ചു പേടിപ്പിച്ചു ..

” ഞാൻ എപ്പളാടാ മൈ ..അങ്ങനെ പറഞ്ഞത് …!??? ഇടിച്ചു നിന്റെ മോന്ത ഞാൻ പൊളിക്കും …”

അവൻ മുഷ്ടി ചുരുട്ടി കാണിച്ചു ..

” അവളെ ഡിസ്റ്റർബ് ചെയ്യണ്ടാന്ന് വിചാരിച്ചു , ഇന്നലെ വരെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നപോലെ ഒരു ബന്ധം മാത്രം ഉണ്ടായാൽ മതിയെന്നാണ് അവൾ ഉദ്ദേശിച്ചത്…..ബാക്കി നീ പറഞ്ഞപോലെ എന്നെങ്കിലും ഒന്നാവാൻ പറ്റിയാൽ അതിനു ശേഷം …”

ഞാൻ എന്റെ തോന്നൽ അവനോടും പങ്കുവെച്ചു …അവൻ ഉറക്കെ ചിരിച്ചു …

” ശബരീ ……ടോ എനിക്കൊരു പേടി , ഇനി എല്ലാം പഴേപോലെ ആവുമ്പോ ഇപ്പൊ എനിക്ക് അവളോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാണ്ടാകുമോ …?? ”

എന്റെയുള്ളിൽ ആശങ്ക വീണ്ടും ഉണർന്നു ….അത് കേട്ടു ആ നാറി വീണ്ടും ചിരിച്ചുകൊണ്ട് എന്നെ വലിച്ചു നടന്നു ….ഞങ്ങൾ പൊരിയും , മുറുക്കും , ഒരു രൂപയ്ക്കു കിട്ടുന്ന പരിപ്പുവടയും വാങ്ങി..വീട്ടുകാർ കുറച്ചു മുന്പിലും ഞങ്ങൾ കുറച്ചു പിന്നിലുമായി നടത്തം തുടർന്നു….

” ടാ , നിനക്കറിയാലോ ഈ ലോകത്തെ എല്ലാം മനുഷ്യന്മാർക്കും ഇഷ്ടോം അഗ്രഹോം സ്വപ്നോം എല്ലാം ഉണ്ടെന്ന് , പക്ഷെ നിന്റെം എന്റേം ഒക്കെ പ്രശ്നം എന്താന്ന് വെച്ചാൽ നമുക്ക് ഇതെല്ലാം ഇന്നു ഒന്ന് ,നാളെ വേറൊന്ന് ,മറ്റന്നാൾ ഇതൊന്നുമല്ലാത്ത ഒന്ന് എന്ന രീതിയാണ്‌ …എനിക്ക് ഇനീം അങ്ങനെതന്നെ ആയാലും പ്രത്യേകിച്ച് കുഴപ്പൊന്നും ഇല്ല , നിനക്കിനി അത് പറ്റൂല …നിന്റെ അഗ്രഹോം ഇഷ്ടോം സ്വപ്നോം എല്ലാം ഇനി മുതൽ ഒറ്റ ഒന്നേ ഉള്ളൂ , അതിലേക്കെത്താനുള്ള കടമ്പ മാത്രാണ് ഇനി ഇവിടുന്നങ്ങോട്ടുള്ള നിന്റെ ഓരോ കാര്യവും ….അവൾക്കും എത്തിച്ചേരാനുള്ള എന്തോ ഒരു കാര്യമുണ്ടെടാ ,അത് എത്തുന്നത്‌ വരെ നിന്റെ ഓർമ്മകൾ അവൾക്കു ചിലപ്പോൾ പ്രശ്നമാണ് എന്ന് കരുതിക്കാണും ..നീ അവളെ അതുവരെ ശല്യപ്പെടുത്തരുത് , നീ ഉദ്ദേശിച്ച ജീവിതം ആവുമ്പോൾ എല്ലാം സെറ്റ് ആവും …ഡോണ്ട് വറി മാൻ ..!!

അവൻ ആശ്വസിപ്പിച്ചു , പിന്നെ വീണ്ടും ചിരിച്ചു ….

” നിങ്ങൾ എങ്ങാനും പ്രേമിച്ചു നടന്നാൽ ഞാൻ മാത്രം ശശി ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു , ഇപ്പൊ നല്ല ആശ്വാസം തോന്നുന്നുണ്ട് ചെങ്ങായ് ……”

ഇതും പറഞ്ഞു അവൻ വീണ്ടും ചിരിച്ചപ്പോ എനിക്ക് കലിയിളകി …

” ഫ ….പട്ടി ….!!! നിന്റൊരു ആശ്വാസം ….പന്ന ********* നായെ … “”

അവന്റെ മുഖത്തിട്ടു ഞാൻ നന്നായൊന്നു ആട്ടി…..അവനപ്പോഴും ചിരി ആയിരുന്നു …ഞങ്ങളുടെ ബഹളം കേട്ടു മുൻപിൽ പോയ ഞങ്ങടെ ടീം തിരിഞ്ഞുനോക്കി …പെങ്ങന്മാരും നിത്യയും പിന്നെ അവിടെ ഞങ്ങളെ വെയിറ്റ് ചെയ്തു , ഞങ്ങൾ നടന്നു അടുത്തെത്തി ഒരുമിച്ചായി പിന്നെ നടത്തം…..

” നിങ്ങളറിഞ്ഞോടി ചെക്കന്റെ മോതിരമാറ്റമൊക്കെ കഴിഞ്ഞു ട്ടോ ….”

ശബരി അവരോടായി പറഞ്ഞു ….അത് കേട്ട് തെണ്ടികൾ രണ്ടും അത്ഭുതപ്പെട്ടു , നിത്യ അറിഞ്ഞതാണല്ലോ ..പിന്നെ അഞ്ചു വന്ന് കൈ പിടിച്ചു നോക്കി സംഗതി ഉറപ്പിച്ചു ..

” അമ്പടാ കള്ളാ…..ഇതൊക്കെ എപ്പ …???

മഞ്ജിമയാണ് ചോദിച്ചത്….ഞാൻ ഇതൊന്നും അത്ര കാര്യമല്ലാത്ത മട്ടിൽ നടത്തം തുടർന്നു…

” ഓ ….എന്തൊരു ജാട , നമുക്കൊന്നും കേക്കണ്ട പൊന്നോ ….അല്ലെടീ ..??? ” അവൾ അഞ്ജുവിനോടായി പറഞ്ഞു …..

” എടീ പോത്തുകളെ , ഇവൻ എന്തേലും പറയുമ്പോളേക്കും അത് വിശ്വസിച്ചു ഇങ്ങനെ ചോദിച്ചാൽ പിന്നെ ഞാനെന്തു വേണം …?? ” ഞാൻ തിരികെ അവരോടായി ചോദിച്ചു …

” അവളുടെ മോതിരം തന്നെയാണ് , പക്ഷെ അത് മോതിരമാറ്റം നടത്തിയതൊന്നുമല്ല , ഒരു ആവേശത്തിന്റെപുറത്തു എടുത്തതാണെങ്കിലും ഇപ്പോ ഇതിന് ഒരു വാക്കിന്റെ വിലയുണ്ട്…ഇനിയുള്ള കാലം എന്താകണമെന്നു ഈ മോതിരം തീരുമാനിക്കും….ഞാൻ അവളോട്‌ പറഞ്ഞിരിക്കുന്ന സമയം

കുറച്ചു നിർണായകമാണ്…ഇവൻ പറഞ്ഞതുപോലെ ഇതുവരെ ഒരു ലക്ഷ്യബോധമോ സ്വപ്നമോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ ..ഇനി ആവുമൊന്നു നോക്കണം …പക്ഷെ ഇതിലൊക്കെ ഉള്ള ഒരു പ്രശ്നം എന്താന്ന് വെച്ചാൽ അവൾ പ്രേമിക്കാനല്ല , കല്യാണപ്രായമാകുമ്പോ അച്ഛനോട് ചോദിച്ചു കെട്ടിക്കോട്ടെ എന്ന ചോദ്യത്തിനാണ് സമ്മതം തന്നത് …..അച്ഛനോ അമ്മയോ ആര്ക്കെങ്കിലും എന്നെ ഇഷ്ടായില്ലെങ്കി അവൾ നോ പറയും എന്നല്ലേ അതിന്റെ അർത്ഥം ..അല്ലെടീ ..???

ഞാൻ നിത്യയോട്‌ ചോദിച്ചു , അവൾ കുറച്ചുസമയം ഒന്നും മിണ്ടിയില്ല..പിന്നെ പെങ്ങന്മാരോടായി പറഞ്ഞു ..

” അവൾ എന്നെക്കാളും സ്വപ്നങ്ങളുള്ള കുട്ടിയാണ്..അവളതു നേടും എന്ന് എനിക്കുറപ്പുണ്ട് , അവൾ എടുക്കുന്ന ഓരോ തീരുമാനവും ആലോചിച്ചായിരിക്കും ,അതിനു കുറച്ചെങ്കിലും മാറ്റം വന്നത് മനുവേട്ടന്റെ കാര്യത്തിൽ മാത്രമാണ് , അത് ഒരുപക്ഷേ ഈ തരത്തിലുള്ളൊരു പ്രൊപോസൽ ആയതുകൊണ്ടാവാം …പിന്നെ ഇതിന് മുൻപ് ഏട്ടന്റെ കാര്യം അവൾ ചിന്തിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ലാട്ടോ ,എന്നോട് ഒന്നും പറഞ്ഞിട്ടില്ല …..കാരണം അവൾക്കു നിങ്ങളെയൊക്കെ ഞാൻ പറഞ്ഞു ഒരുപാട് അടുത്തറിയാം…..നിങ്ങൾ കുറച്ചൊക്കെ പരിചയവും ഉണ്ടല്ലോ…..”

നിത്യ പറഞ്ഞുനിർത്തി…..ഭാഗ്യം എല്ലാവരും ok ആയി തോന്നി…

” മനുവേട്ടാ ….അവൾ വേറൊരു കാര്യം കൂടി എന്നോട് പറഞ്ഞിരുന്നു , ഈ പറഞ്ഞ സമയത്തിനിടയിൽ എന്നെങ്കിലും അവളുടെ വൈകല്യം ഒരു ബാധ്യതയായി മാറും എന്ന് ഏട്ടന് തോന്നിയാൽ ആ മോതിരം തിരികെകൊടുത്ത് ചേരുന്ന വേറൊരു കുട്ടിയെ തിരഞ്ഞെടുക്കണം എന്നും , അവൾ സന്തോഷത്തോടെ അത് അംഗീകരിക്കും പക്ഷെ അതുവരെ മറ്റൊരാൾക്ക്‌ മുന്നിൽ തല കുനിച്ചുകൊടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട് …”

അത് കേട്ടു എനിക്ക് കരയണോ ചിരിക്കണോ എന്നൊരു അവസ്ഥയിലായി പോയി ….ഒരേ സമയം ചേർത്തുനിർത്തുകയും എന്നാൽ അച്ഛനമ്മമാരുടെയും എന്റെയും ഇഷ്ടങ്ങൾക്കു ഒരുപോലെ പ്രാധാന്യം നൽകാൻ അവൾ ശ്രമിക്കുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലും വലിയൊരു കാര്യമായിരുന്നു ….എനിക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറാവുന്ന അതേ സമയം എല്ലാവരുടെയും സമ്മതവും ആഗ്രഹിക്കുന്ന മനസ്…..

” അല്ല അവളുടെ വീട്ടിൽ എങ്ങനാ സ്വത്തൊക്കെ ഉണ്ടോ …?? ”

ആ ചോദ്യം ശബരി വകയായിരുന്നു …

” തീരെ ഇല്ലാത്ത ഫാമിലിയല്ല …അത്യാവശ്യത്തിനുള്ളത് ഉണ്ട് , പറമ്പും ,പാടവും ഒക്കെ ഉള്ളതല്ലേ, …..”

നിത്യ ഉള്ള അറിവ് വെച്ചു പറഞ്ഞു ..

” അമ്പടാ ….കോളടിച്ചല്ലോ ..!! അപ്പൊ അവളെകെട്ടിയാൽ നിനക്ക് ആ പാടവും പറമ്പും ഒക്കെ വിറ്റിട്ട് പൈസക്കാരനാവാം ലേ മനുക്കുട്ടാ ….”

അവന്റെ അടുത്ത ഒടുക്കത്തെ കണ്ടുപിടുത്തം ..ഈ തെണ്ടിയെകൊണ്ട് ഈയിടെയായി ഉപദ്രവം കൂടീട്ടുണ്ടല്ലോ…..എത്രയോ തേങ്ങകൾ വെറുതെ വീണു പോകുന്നു ദൈവമേ ,ഒന്നെങ്കിലും …..😷😷

” ആ ….. ഇപ്പളാണ് ഓർത്തത്‌ , നീയല്ലേടീ പറഞ്ഞത് അവൾ 3 മക്കളിൽ ഇളയതാണെന്ന് …അപ്പൊ മൂത്ത രണ്ടാൾ ആരൊക്കെയ …??? “”

അതും ശബരിയുടെ സംശയം തന്നെ , ഞാൻ ചിന്തിക്കാതിരുന്ന ഒരു കാര്യം ….!! അവളുടെ മുകളിലുള്ള രണ്ടാളെപ്പറ്റിയും ഒരു കാര്യവും ഞാൻ

അന്വേഷിച്ചില്ലല്ലോ ….അതിനും ഈ മലരൻ ഉള്ളതുകൊണ്ട് കൊഴപ്പമില്ല ….!! പാവം ചെങ്ങായി ..

” മൂത്ത രണ്ടും ചേച്ചിമാരാണ്…ഏറ്റവും വലിയ ചേച്ചീ Pg ചെയ്തോണ്ടിരിക്കുന്നു , നേരെ മുകളിലുള്ളത് നിങ്ങടെ പ്രായമാവും ..അവർ രണ്ടും മാമന്റെ വീട്ടിൽ നിന്നാണ് ചെറുപ്പം തൊട്ട് പഠിക്കുന്നത് , ഇവിടെ വല്ലപ്പോഴുമേ വരാറുള്ളൂ …..അവർക്കു ഇവിടെ സൗകര്യം കുറവാണത്രേ ..മാമനു മക്കളില്ല , അവിടെയാകുമ്പോ നല്ല സൗകര്യമല്ലേ ടൌണിൽ തന്നെയാണ് ,എല്ലാം ഉണ്ട് ,കാർ , നല്ല വീട് , പൈസ ,അച്ഛനും അമ്മയ്ക്കും നല്ല സങ്കടമാണത്രെ ആ കാര്യത്തിൽ .. …പാവം ഇവൾ ഉള്ളോണ്ട് പ്രശ്നമില്ല, അമ്മാവനാണെങ്കിൽ മക്കളില്ലാത്തോണ്ട് സ്നേഹം മൊത്തം ഇവരോടുമാണ് , വയ്യാത്ത കുട്ടി ആയോണ്ട് അമ്മുവിന് പിന്നെ ചെറുപ്പം തൊട്ടു അച്ഛനോടും അമ്മയോടും തന്നാ കൂട്ട് , ….അവൾടെ ആ ചേച്ചിമാരോട് എനിക്കും വല്ല്യേ കമ്പനിയൊന്നും ഇല്ല , എന്നോടെന്നല്ല അമ്മുവിനോട് പോലും കുറവാണത്രേ , അവർ തമ്മിൽ കൂട്ടാണെങ്കിലും ഇവളെ അത്ര ഇഷ്ടമല്ലെന്നോ മറ്റോ പറഞ്ഞിരുന്നു , അവർ വേറെ ഒരു രീതിയാണെന്നു എപ്പളും പറയും ..”

നിത്യ പറഞ്ഞു നിർത്തി ഒരു ദീർഘനിശ്വാസം വിട്ടു …..എല്ലാ സങ്കടങ്ങളും സംസാരിക്കാനും ഷെയർ ചെയ്യാനും ഒരു സുഹൃത്ത്‌ എല്ലാവർക്കും ഉണ്ടാവേണ്ട തിന്റെ ആവശ്യകത ഇതൊക്കെയാണ്….നമ്മുടെ സങ്കടങ്ങൾ അവരുടെ സങ്കടങ്ങളായിത്തന്നെ കണ്ടു ആശ്വസിപ്പിക്കുമ്പോൾ കിട്ടുന്നൊരു സമാധാനം ….ഹോ , ഒന്നും പറയാനില്ല…..

” അപ്പൊ പണി പാളി , രണ്ടെണ്ണത്തിന്റെ കല്യാണം കഴിയുമ്പോളേക്കും ഉള്ള സ്വത്തൊക്കെ തീരും ….ഹിഹിഹി ….പാവം മനുക്കുട്ടൻ ….!! “”

ആ പന്നി വീണ്ടും അവന്റെ കോപ്പിലെ സ്വഭാവമിറക്കി…പാവം ഞാൻ കൌണ്ടർ അടിക്കാൻ ഇല്ലാത്തതുകൊണ്ട് മിണ്ടാണ്ടിരുന്നു…എന്തെങ്കിലും കൌണ്ടർ അടിച്ചാലും അതൊക്കെ കറങ്ങിത്തിരിഞ്ഞ് എന്റെ തലയിൽത്തന്നെ വന്ന് വീഴും എന്നെനിക്കറിയാം…

അപ്പോളേക്കും നിത്യയുടെ വീട്ടിലെത്തിയിരുന്നു , അവരെ അങ്ങോട്ട്‌ ആക്കി ഞങ്ങൾ വീട്ടിലേക്കു നടന്നു…

” അപ്പൊ ഇനി എങ്ങനാ ഏട്ടാ കാര്യങ്ങൾ …? ” മഞ്ജിമ എന്നോട് ചോദിച്ചു …

” എന്താക്കാൻ …. കൂടുതൽ ഒന്നും തലയിലെടുത്തുവെക്കാതെ സാധാരണ പോക്ക് പോണം…..അവളെന്നോട് പറഞ്ഞിട്ടുള്ളത് അച്ഛന്റേം അമ്മെന്റേം മുൻപിൽ അഭിനയിക്കാൻ വയ്യെന്നാണ് …അതെനിക്ക് കഴിയുന്നത്ര നന്നായി പാലിക്കണം…അതിനു എനിക്ക് പറ്റണമെങ്കിൽ ഇവൻ പറഞ്ഞത് പോലെ എന്റെയുള്ളിൽ പ്രണയത്തിനു പകരം അമ്മു ഒരു സ്വപ്നമായി മാത്രം നിക്കണം , എനിക്ക് എത്തിച്ചേരേണ്ട എന്റെ സ്വപ്നം…..മാർഗങ്ങൾ ഒന്നും പ്ലാൻ ചെയ്യുന്നില്ല , പോകെ പോകെ എല്ലാം ശെരിയാകും …ഇന്നുള്ള ഈ വെപ്രാളം തുടക്കത്തിന്റെയാണ് ….ചെയ്യാനുള്ളത് ചെയ്യാം റിസൾട്ട്‌ പതുക്കെ വന്നോളും ….”

അവരോടെന്നതിലുപരി എന്നോടുതന്നെ ഞാൻ പറഞ്ഞതാണ്‌ ഇത്രയും …അവളോട്‌ ഈ കാര്യങ്ങൾ ധൈര്യത്തോടെ അവതരിപ്പിച്ച എനിക്ക് ഇനിയും ഇതിനെക്കാൾ വലിയ പ്രേഷറുകളും ഫേസ് ചെയ്യാൻ പറ്റും എന്നൊരു വിശ്വാസം ഉള്ളിൽ ഉറഞ്ഞുകൂടി…..എന്റെ ആത്മവിശ്വാസം കൂടാൻവേണ്ടി ദൈവം തന്ന പരീക്ഷണങ്ങളായിരിക്കും ഇതുവരെ കീർത്തനയുടേത് ഉൾപ്പടെ നടന്ന എല്ലാം….

എന്റെ കാഴ്ചപ്പാടിൽ മാതാപിതാക്കൾ മക്കൾക്കു നൽകേണ്ട ഏറ്റവും പ്രധാനപെട്ട കാര്യങ്ങൾ ധനമോ, സുഖപ്രദമായ ജീവിതമോ സ്വത്തുക്കളോ ഒന്നുമല്ല , അതിനെക്കാളും മുൻപ് അവരവരുടെ കഴിവുകളിൽ വിശ്വസിച്ചു മുന്നോട്ടു പോവാനുള്ള ആത്മവിശ്വാസവും , സമൂഹത്തിൽ ഇടപെടാൻ ആവശ്യമായ വിദ്യാഭ്യാസവും ആണ് നല്കേണ്ടത്…….ഈ രണ്ടും കൈമുതലായുള്ള ഒരാൾക്ക് സന്തോഷത്തോടെ സംതൃപ്തിയോടെയും ജീവിക്കാനും , ബാക്കി മുൻപ് എല്ലാം സുഖങ്ങളും താനേ വന്നുചേരും ….

പിന്നെ ഒരു മനുഷ്യനെന്ന നിലയിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും അത്യാവശ്യകാര്യം നമ്മളെ നന്നായി മനസിലാക്കാനും ഏത് പ്രതിസന്ധിഘട്ടത്തിലും കൂടെനിന്നു നമ്മളെ നേർവഴിക്കു നടത്താനും പ്രാപ്തനായ ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുക എന്നതുമാണ് …. ശബരി ഉള്ളിടത്തോളം ഈ രണ്ടാമത്തെ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്, ആരെക്കാളും …..

തുടരും……….

ഇതുവരെ ഞാനെഴുതിയതിൽ എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട പാർട്ടാണ് ഇത്…..അമ്മുവിന്റെയും മനുവിന്റെയും പ്രണയം ഒരു സാധാരണ പ്രണയമായി എഴുതിച്ചേർക്കാൻ തോന്നിയില്ല….പ്രണയം എല്ലായ്പ്പോഴും സ്മൂത്ത്‌ അല്ലല്ലോ , ജീവിതം പോലെ ഉയർച്ച താഴ്ചകൾ നിറഞ്ഞതല്ലേ ….

ഈ പ്രണയത്തെ ഈ സൈറ്റിലെ മഹാരഥന്മാരായ എഴുത്തുകാരുടെ കഥകളിലെ പ്രണയവുമായി താരതമ്യപ്പെടുത്തരുതെന്നൊരു അപേക്ഷയുണ്ട്……എനിക്ക് സാധിക്കുന്ന തരത്തിലൊരു ഫീൽ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട് …വിജയിച്ചോ എന്നുള്ളത് നിങ്ങളാണ് തീരുമാനിക്കേണ്ടത് …എന്നത്തേയും പോലെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി …..

ഒത്തിരി സ്നേഹത്തോടെ

Fire blade

Comments:

No comments!

Please sign up or log in to post a comment!