ശംഭുവിന്റെ ഒളിയമ്പുകൾ 33

വീണ ഉണർന്നപ്പോഴെക്കും വൈകിട്ടായി. ശംഭുവപ്പോൾ കസേരയിൽ ചാരി നല്ല ഉറക്കത്തിലാണ്.അവന്റെ ഫോൺ അടുത്തുള്ള ടേബിളിൽ ചാർജ് ചെയ്യാൻ ഇട്ടിരിക്കുന്നു.അത് നിൽക്കാതെ ചിലക്കുന്നുമുണ്ട്.അത് കേട്ടാണ് അവളുടെ ഉറക്കം വിട്ടതും. അവൾ കൈ നീട്ടി ഫോണെടുത്ത് തന്റെ ചെവിയോട് ചേർത്തു.

മറുതലക്കൽ സാവിത്രിയാണ്. വൈകിട്ട് സ്കൂളിൽ നിന്നും വന്നത് മുതൽ പരിഭ്രാന്തയായിരുന്നു അവൾ. ശംഭുവും വീണയും പറയാതെ ഇത് എങ്ങോട്ട് പോയി എന്നുള്ള കുഞ്ഞ് ചിന്ത അവരെ ഫോണിൽ കിട്ടാതെ വന്നപ്പോൾ വേവലാതിയായി മാറി.

വീണയുടെ ഫോൺ മുറിയിലുണ്ട്, അത് ബെൽ ചെയ്യുന്നത് കേട്ട് തപ്പി ചെന്ന സാവിത്രിക്ക് അത്രയും കൂടി മതിയായിരുന്നു ആധി കൂടാൻ.ശംഭു ഫോൺ എടുക്കാത്തതും കൂടെ ആയപ്പോൾ നിക്കപ്പൊറുതി ഉണ്ടായിരുന്നില്ല സാവിത്രിക്ക്.ശ്യേ…… ആ ജാനകിയും ഇന്ന് അവധിയായി അല്ലെങ്കിൽ…….ജോലിക്കാരി അവധി എടുത്തതിനും അറിയാതെ സാവിത്രി പഴി പറഞ്ഞു.

മനസ്സിൽ പേടി തട്ടിയിരുന്നു ഗായത്രിക്കും.അവൾ കാര്യങ്ങൾ മാധവനെ വിളിച്ചറിയിച്ചു.അത് കേട്ട മാധവൻ തിരക്കിട്ടു തന്നെ തന്റെ ഓഫീസിൽ നിന്നും മടങ്ങി.

“നീയിത് എവിടെയാടാ……..?”വീണ ഫോൺ അറ്റൻഡ് ചെയ്തതും കലി തുള്ളിയാണ് സാവിത്രി ചോദിച്ചത്.

“അമ്മ…….ഞാനാണ്,വീണ.ശംഭു ദാ ഇവിടുണ്ട്.”

“മനുഷ്യനെ തീ തീറ്റിക്കാൻ ആയിട്ട്. നിങ്ങൾ ഇതെവിടെയാ പിള്ളേരെ. വിളിച്ചാലൊട്ട് കിട്ടത്തുമില്ല.”സാവിത്രി ദേഷ്യത്തിൽ തന്നെയാണ്.

“അത്……അമ്മ.ഞാനൊന്ന്…….”

“എന്താടി………എന്താ പറ്റിയെ?” അവളുടെ ശബ്ദത്തിലെ തളർച്ച തിരിച്ചറിഞ്ഞ സാവിത്രി ചോദിച്ചു.

“ഒന്നുല്ലമ്മാ…..ഒരു തല ചുറ്റല്.ഇവിടെ ഒരാള് പേടിച്ചിട്ട് മിഷൻ ഹോസ്പിറ്റൽ വരെ കൊണ്ടുവന്നു.ഡ്രിപ് ഇട്ടു കിടത്തി.വൈകിട്ട് ഡോക്ടർ വന്നിട്ട് വീട്ടിൽ പോകാന്നാ പറഞ്ഞത്.അമ്മ പേടിക്കാതെ…….ഞങ്ങള് വന്നോളാം.”

“ഞാൻ അങ്ങോട്ട് വരുവാ.എന്നിട്ട് പോന്നാൽ മതി.”ഹോസ്പിറ്റലിൽ എന്ന് അറിഞ്ഞതും സാവിത്രി കട്ടായം പറഞ്ഞു.ഇപ്പോഴുള്ള പിള്ളേരല്ലെ എന്തുണ്ടെങ്കിലും ഒന്നും വിട്ടുപറയില്ല, പ്രത്യേകിച്ച് വീണ.അത് അടുത്തിടെ നടന്ന സംഭവങ്ങൾ സാവിത്രിയെ പഠിപ്പിച്ചതാണ്.നേരിട്ട് തന്നെ ഡോക്ടറുടെ വായിൽ നിന്നും കേട്ടില്ല എങ്കിൽ ഒരു സമാധാനം കിട്ടില്ല എന്ന ഒരു കാര്യവും അതിലുണ്ട്.

വീണയോടുള്ള സംസാരം നിർത്തി അപ്പോൾ തന്നെ ഗായത്രിയെയും കൂട്ടിയവളിറങ്ങി.ഗായത്രി വണ്ടി മിഷൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പായിച്ചു.”എനിക്കെന്റെ കൊച്ചിനെ ഒന്ന് കണ്ടാൽ മതി.

”സാവിത്രി ഇടക്ക് പറഞ്ഞുകൊണ്ടിരുന്നു.

വീണ ഫോൺ വച്ചതും ശംഭു ഉണർന്നിരുന്നു.”എണീറ്റോ…….നീ ഒറ്റ ആള് കാരണാ അമ്മയുടെ വായിന്ന് ഞാൻ കേട്ടത്.ഇങ്ങോട്ട് വരുന്നുണ്ട്. വരുമ്പൊ ബാക്കികൂടി എന്റെ ശംഭു കേട്ടോണം.അപ്പഴെ പറഞ്ഞതാ ഒന്നും ഇല്ലാന്ന്,ഇവിടെ വന്നപ്പൊ ഡോക്ടർ പറഞ്ഞതും അത് തന്നെ.എന്നിവിടെ കിടത്തിയപ്പൊ തൃപ്തിയായല്ലോ എന്റെ ശംഭുസിന്.”അവളുടെ പരിഭവം അപ്പോഴും മാറിയിരുന്നില്ല.

“അതിന് ഒന്നുമില്ലെന്ന് ആരാണ് പറഞ്ഞെ?”

“എന്റെ വായിന്ന് കേക്കല്ലേ ചെക്കാ. എമർജൻസിയിലെ ഡോക്ടർ പറഞ്ഞത് ഞാനും കേട്ടതാ.നിന്റെ സമാധാനത്തിനാ കിടന്നതും.ഒന്ന് മയങ്ങിപ്പൊയി,അതിനിടയിൽ എന്ത് കുന്തം സംഭവിച്ചുന്നാ.അമ്മ പറയാൻ ബാക്കിയൊന്നുമില്ല.കേട്ടത് ഞാനും. നിനക്കൊന്നും അറിയണ്ടല്ലോ.” സാവിത്രി വഴക്കിട്ട ദേഷ്യം അവൾ ശംഭുവിനോട് തീർത്തു

പക്ഷെ അവൻ അവൾക്കരികിൽ ഇരുന്ന് അവളുടെ നെറുകയിൽ തലോടി.അവന്റെ തോളിലേക്ക് ചാഞ്ഞ അവളുടെ വയറിലൂടെ കൈ ഒടിച്ചപ്പോൾ അവളവനെ നുള്ളിയിട്ട് കണ്ണുരുട്ടിക്കാണിച്ചു.

“സ്ഥലകാലബോധമില്ലാത്ത സാധനം. വേണ്ട സമയം ഇതൊന്നുമില്ല.എന്നിട്ട് തോന്നും പോലെയാ സ്നേഹം കാട്ടല്. ആരേലും കേറിവരുമെന്നുള്ള ചിന്ത പോലുമില്ല.ജന്തു”വീണ പറഞ്ഞു.

“ഓഹ്……അത്രക്ക് ജാടയാ.”

“ഒന്ന് പോ ചെക്കാ ചിണുങ്ങാതെ.”

“ഞാൻ പോകുവാ…….”

“എങ്ങോട്ടാ?”

“ഒരു ചായ കുടിച്ചാലെ ഒരുന്മേഷം കിട്ടൂ.വല്ലോം വേണോ?”

“എന്നാ എനിക്കൂടെ വാങ്ങി വാ.കടി എന്തെങ്കിലും വേണം.വയറു കാളുന്നുണ്ട്.”

ഒന്ന് മുഖവും കഴുകി മുടിയും ഒതുക്കി അവൻ പുറത്തേക്കിറങ്ങി.കാന്റീൻ താഴെയാണ്.അവിടേക്ക് ലിഫ്റ്റിൽ ചെന്നിറങ്ങുമ്പോൾ തൊട്ടടുത്ത ലിഫ്റ്റിലേക്ക് ഗായത്രി കയറുന്നത് അവൻ കണ്ടു.അപ്പോൾ തന്നെ അത് അടയുകയും ചെയ്തു.

ചായയും കുടിച്ചു,വന്നവർക്കുൾപ്പടെ ചായയും പലഹാരവും വാങ്ങി മുറിയിലെത്തുമ്പോൾ അരമണിക്കൂർ പിന്നിട്ടിരുന്നു.

“ഈ പെണ്ണിനെ ഒറ്റക്കിട്ടിട്ട് ഇതെങ്ങോട്ട് പോയി ചെക്കാ?അവനെ കണ്ടതും സാവിത്രിയൊന്ന് കടുപ്പിച്ചു ചോദിച്ചു.

“പറഞ്ഞിട്ടാ പോയത്,അവിടെ സിസ്റ്ററിനോടും പറഞ്ഞു.”

“എന്നിട്ട്……..”

“എന്നിട്ടെന്താ,ഞാൻ വന്നില്ലേ.പിന്നെ നിങ്ങൾ ലിഫ്റ്റ് പിടിച്ചതും കണ്ടിരുന്നു’

“അത് മുതലാക്കിയാണമ്മെ ഈ വൈകിവരവ്.”ഗായത്രി അതിനിടക്ക് അവനിട്ടൊന്ന് കൊട്ടി.

“ദെ ചേച്ചി………അതിനിടക്കൂടെ താങ്ങല്ലേ.”

“ഓഹ്,ഞാൻ പറഞ്ഞതായി കുറ്റം.
ഭാര്യക്ക് കൂട്ടിരിക്കേണ്ട സമയം നിരങ്ങാൻ പൊക്കോളും.ഞങ്ങൾ വന്നവരെ ഒന്ന് ക്ഷമിച്ചൂടാരുന്നൊ?”

“എന്തോന്ന്……..?”

“ഒരു കുത്ത് വച്ചു തരും ഞാൻ.നിന്നെ രണ്ട് പറയണം എന്ന് കരുതി വന്നപ്പഴാ സിസ്റ്ററ് വന്നതും കാര്യം പറഞ്ഞതും.ഇവക്കിത് മാസം രണ്ടാ. ഒന്ന് ബാത്‌റൂമിൽ പോകുന്ന വഴിക്ക് രാവിലത്തെപോലെ വീണാൽ……വല്ല ബോധോം ഉണ്ടോടാ നിനക്ക്?” സാവിത്രിയാണത് ചോദിച്ചത്.അത് കേട്ട ശംഭു വീണയുടെ മുഖത്തേക്ക് നോക്കി.അവളുടെ മുഖം ചുവന്നു തുടുത്തു രക്തം തൊട്ടെടുക്കാവുന്ന പരുവത്തിലുണ്ട്.ചെറിയ നാണം ആ മുഖത്തിന്റെ അഴക് കൂട്ടി.അവന്റെ നോട്ടം നേരിടാനാവാതെ അവൾ മുഖം കുനിച്ചു.

“മ്മ്മ്മ്…….ഒന്ന് പേടിച്ചു എങ്കിലും സന്തോഷം തരുന്ന കാര്യമായാത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. നീ അച്ഛനെ വിളിച്ചോടി?”സാവിത്രി ചോദിച്ചു.

“പറഞ്ഞു അമ്മെ…….ഇങ്ങോട്ടേക്കു വരാമെന്നാ പറഞ്ഞത്.”

“എന്തായാലും വിമല ഡോക്ടറെ തന്നെ കാണിച്ചത് നന്നായി.അവര് വരട്ടെ,എന്നിട്ട് മതി വീട്ടിലേക്കുള്ള പോക്ക്.അതിനി എന്ന് പോകാം എന്ന് അവർ പറയുന്നോ അന്ന്.”സാവിത്രി വീണയെ നോക്കിയാണത് പറഞ്ഞത്. വീട്ടിലേക്ക് പോകാനുള്ള അവളുടെ തിടുക്കം കൊണ്ടാണ് സാവിത്രിയാത് പറഞ്ഞതും.

വൈകാതെ മാധവനും വന്നു.വിമല ഡോക്ടർ കുഴപ്പമില്ല പോകാമെന്നും കൃത്യമായി പരിശോധനക്ക് വരണം എന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞത് കേട്ട് ഏറ്റവും ആശ്വാസം കണ്ടത് സാവിത്രിയുടെ മുഖത്താണ് അതിൽ കൂടുതൽ സന്തോഷവും.അവിടെ വരുന്നത് വരെ ടെൻഷനിലായിരുന്ന മാധവൻ ശംഭുവിന്റെ തോളിൽ ഒന്ന് തട്ടി തന്നോടു ചേർത്ത് പിടിച്ചാണ് സന്തോഷം പങ്കുവച്ചത്.

കാര്യം ശംഭു വീണയെ ഹോസ്പിറ്റലിലെത്തിക്കുമ്പോൾ സമയം ഉച്ചയായിരുന്നു.എമർജൻസി വിഭാഗത്തിൽ കാണിച്ചു റുട്ടീൻ ടെസ്റ്റ്‌ നടത്തുന്നതിന്റെ കൂടെ യൂറിനും ടെസ്റ്റ്‌ ചെയ്തിരുന്നു.ക്ഷീണം മൂലം ഉറക്കം പിടിച്ച വീണയെ ഒബ്സെർവേഷനിൽ കിടത്തിയ സമയമാണ് ആർ എം ഓ ശംഭുവിനോട് റിസൾട്ട്‌ പറയുന്നതും വിമല ഡോക്ടർക്ക് റഫർ ചെയ്യുന്നതും.തുടർന്നു നടന്ന സ്കാനിങും,വിമല ഒരു വട്ടം കണ്ടിട്ട് പോയതും മയക്കത്തിലായിരുന്ന വീണ അറിഞ്ഞില്ല എന്നതാണ് വാസ്തവം.സ്വകാര്യത കിട്ടാൻ വേണ്ടി ശംഭു തന്നെയാണ് പിന്നീട് പ്രൈവറ്റ് റൂമിലേക്ക് മാറ്റിച്ചതും.

അവർ തിരികെയെത്തിയപ്പോൾ സമയം പത്തുകഴിഞ്ഞിരുന്നു.ഉള്ളത് കൊണ്ട് കഴിച്ചശേഷം പ്രശ്നങ്ങൾക്ക് ഇടയിലും കിട്ടിയ വലിയ സന്തോഷം ഉള്ളിലിട്ടുകൊണ്ട് അവർ സ്വകാര്യതയിലേക്ക് നടന്നുകയറി.

“ഒന്ന് പേടിച്ചെങ്കിലും സന്തോഷമുണ്ട് ഇപ്പോൾ”മുറിയിലെത്തിയ ശേഷമാണ് മാധവനത് പറയുന്നത്.
സാവിത്രിയും അത് ശരിവച്ചു. “നന്നായി ശ്രദ്ധിക്കണം സാവിത്രി” കിടക്കുന്ന സമയം മാഷത് പ്രത്യേകം പറയുകയും ചെയ്തു.

വീണയും ശംഭുവിനൊപ്പം അവരുടെ സ്വകാര്യതയിലാണ്.അവന്റെ നെഞ്ചിൽ ചാരിയിരുന്ന അവൾ അവന്റെ കൈ പിടിച്ചു തന്റെ വയറിൽ വച്ചു.”സോറി ട്ടൊ ചക്കരെ”

“എന്താ ഇപ്പോൾ ഒരു സോറി?”

“നമ്മുടെ കുഞ്ഞിനെ തലോടിയപ്പൊ തടഞ്ഞില്ലേ,അതിന്.എന്നാലും ഒന്ന് പറഞ്ഞില്ല ദുഷ്ടൻ,ആ നഴ്സ് വന്നു പറഞ്ഞപ്പോൾ ആകെ ചമ്മലായി. പോരാഞ്ഞിട്ട് ഗായത്രിയുടെ ഒരുതരം ആക്കിയുള്ള ചിരിയും.ഒന്നുണ്ടായി, അതുവരെ വഴക്കിട്ടുകൊണ്ടിരുന്ന അമ്മ അതോടെ നിർത്തി.”

“മ്മ്മ്…ഇന്നൊരു കാര്യമുണ്ടായിരുന്നു. ഈ പെണ്ണിന് സന്തോഷം നൽകുന്ന ഒന്ന്,അത് നടന്നില്ല.”

“ഇതിൽ കൂടുതൽ എനിക്കെന്താ സന്തോഷം ശംഭുസെ.എന്റെ ചെക്കൻ നൽകിയ ജീവൻ എന്റെ വയറ്റിൽ ഉരുവായതിനേക്കാൾ ഒന്നും അല്ല വേറെന്തും.പക്ഷെ ഒന്നെനിക്ക് ഉറപ്പ്‌ വരുത്തണം,എന്റെ കുഞ്ഞ് ഈ ലോകം കാണുന്നതിന് മുൻപ് അവൻ തീർന്നിരിക്കണം.”അപ്പോഴവളുടെ കണ്ണുകളിൽ കണ്ടത് തീയായിരുന്നു. അവളുടെ കയ്യിൽ മുറുകെ പിടിക്കുക മാത്രമാണ് ശംഭു ചെയ്തത്.അതിന്റെ അർത്ഥം മനസിലായി എന്നവണ്ണം അവൾ അവന്റെ നെഞ്ചിലേക്ക് പതുങ്ങിക്കിടന്നു. ***** വിക്രമൻ…….ആദ്യം മുതൽ ഒന്ന് കൂടി കൂട്ടിക്കിഴിക്കുകയാണ്.തന്റെ ഫ്ലാറ്റിൽ നടന്ന മരണം അന്വേഷിക്കുന്നതിൽ അതും സ്വന്തം കൂട്ടുകാരന്റെ മരണം ആരുമൂലം എന്നറിയുന്നതിൽ ഗോവിന്ദൻ ശുഷ്‌കാന്തി കാണിക്കാത്തതും സെക്യൂരിറ്റിയിൽ നിന്നറിഞ്ഞതും വച്ച് അയാൾ ഒരു ഫോർമുലയിലെത്തി.

തന്റെ കൂട്ടുകാരന്റെ ഇഷ്ട്ടമറിയുന്ന ഗോവിന്ദ് ഒരു രാത്രി അയാൾക്കായി മറ്റൊരിടം കണ്ടെത്തി.ഇനി അവർ തമ്മിൽ ഒരു പ്രശ്നം,ഇനി ഒരു പക്ഷെ വില്ല്യം തീരേണ്ടത് ഗോവിന്ദിന്റെ ആവശ്യമായിരുന്നു എങ്കിൽ?ആ കാറിൽ കില്ലർ വുമണിനെയും കാത്തിരുന്നത് ഗോവിന്ദനാണെങ്കിൽ? പ്രധാനമായും സെക്യൂരിറ്റിയുടെ മൊഴി തന്നെയായിരുന്നു വിക്രമനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മാത്രവുമല്ല അയാൾക്ക് ജോലി ലഭിച്ചത് ഗോവിന്ദിന്റെ ബന്ധുവിന്റെ സ്ഥാപനത്തിലും.

വില്ല്യം കുപ്പി വാങ്ങി നൽകിയത് മനസ്സിലാവും,പക്ഷെ ആ കില്ലർ വുമൺ മുന്നിലൂടെ തന്നെ ഇറങ്ങി പോയതും വിക്രമനെ കുറച്ചല്ല കുഴക്കിയത്.ഇത്ര കൂൾ ആയി ഫ്രന്റ്‌ ഗേറ്റ് കടന്നു പോകണമെങ്കിൽ അതും ഒരു വുമൺ,ഒരു പ്രഫഷണൽ പോലും ഇങ്ങനെയൊരു റിസ്ക് എടുക്കാൻ മുതിരാത്തപ്പോൾ………

കൃത്യമായി ഒരു സൂചനപോലും നൽകാതെ,നേരിട്ട് തന്നിലേക്കുള്ള തെളിവ് പോലും മറച്ചുപിടിച്ച ആ ബുദ്ധിക്ക് മുകളിൽ തനിക്ക് പറക്കണം,വിക്രമൻ ഉറപ്പിച്ചു.
അപ്പോഴും മുന്നോട്ടുള്ള വഴി ദുർഘടമായതിൽ അയാളുടെ മനസ്സ് കലുഷിതമായിരുന്നു. ***** പത്രോസ് രാവിലെ തന്നെ ദാമോദരനെയും കൂട്ടിയിറങ്ങി.ചിത്ര നൽകിയ പരാതി ഒന്നന്വേഷിക്കണം. ദാമോദരനെ ഒപ്പം കൂട്ടാൻ സലിമിനെ ഏൽപ്പിച്ച കാര്യം പത്രോസ് ഏറ്റെടുക്കുകയായിരുന്നു.

സെക്കന്റ്‌ സാറ്റർഡേയാണ്,അന്ന് ചിത്ര വീട്ടിലുണ്ട്.പോലീസിൽ പരാതി നൽകിയതിനാലും അവർ വന്നുകണ്ട് പോയിരുന്നില്ല എന്നതുകൊണ്ടും മോഷണം നടന്ന മുറി അതുപോലെ സൂക്ഷിച്ചിരുന്നു അവൾ.

“ഇത്ര കാര്യക്ഷമത നമ്മുടെ പോലീസിനുണ്ടെന്ന് ഞാൻ കരുതിയതല്ല”പത്രോസിനെ കണ്ടതും ചിത്ര ഒരല്പം പുച്ഛം കലർത്തി ആക്ഷേപിച്ചുകൊണ്ടാണ് പറഞ്ഞത്.

“പോലീസിന്റെ കാര്യക്ഷമതയെന്തെന്ന് കുറെ അറിഞ്ഞതല്ലെ ടീച്ചറേ?”പത്രോസും വിട്ടുകൊടുത്തില്ല.

“അത് കണ്ടു……..അത് ചക്കിനുള്ളിൽ ആക്കി മുന്നിലെത്തിയിട്ടും സാറിന് മനസ്സിലായില്ല എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും.പെണ്ണിനെ കണ്ട് വികാരം കൊണ്ടാൽ മാത്രം പോരാ നട്ടെല്ല് കൂടി വേണം ആണുങ്ങളായാൽ.”ചിത്രയും ഏറ്റു പിടിച്ചു.

“ഇങ്ങനെ കിടന്നു കടിച്ചു കീറാതെ ആ മുറിയൊന്ന് കാണിക്ക് ടീച്ചറെ” അതൊക്കെ കേട്ട് നിന്ന ദാമോദരൻ സഹികെട്ട് അങ്ങനെ പറയെണ്ടിവന്നു

ചില്ല് പൊട്ടിച്ചശേഷം കമ്പി അറുത്തുമാറ്റിയായിരുന്നു അവിടെ കള്ളൻ കയറിയതെന്ന് ഒറ്റ നോട്ടം കൊണ്ട് തന്നെ വ്യക്തമായി.അത് അതേപടി തന്നെയുണ്ട്.തിരികെ എത്തിയ ശേഷം ചിത്ര അത്യാവശ്യം സാധനമെടുത്തുകൊണ്ട് മറ്റൊരു മുറിയിലേക്ക് മാറുകയും ചെയ്തു. കുറച്ചു സ്വർണ്ണമാണ് നഷ്ട്ടമായത്. പരാതിയിലുള്ള കണക്കനുസരിച്ച് ഇരുപത് പവനോളം ഉണ്ടത്.മുറി ഒന്ന് നോക്കിയശേഷം അയൽക്കാരിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ അവർ അവിടെനിന്നിറങ്ങി.

“തനിക്ക് എന്ത് തോന്നുന്നു?”തിരികെ പോകുബോൾ ദാമോദരനോട്‌ പത്രോസ് വെറുതെയൊന്ന് ചോദിച്ചു.

“കണ്ടിട്ട് എലുമ്പൻ വാസു ആണെന്ന് തോന്നുന്നു.അവനാ സാധാരണ കമ്പി അറുത്ത് നുഴഞ്ഞകത്തു കയറുന്നത്”

പത്രോസ് അതിനൊന്നു മൂളുക മാത്രം ചെയ്തു.പിന്നീടവർ ചില ജ്യൂവലറികളിലും മറ്റും ഒന്ന് തിരക്കി. പക്ഷെ ആരും അത്ര അളവിലുള്ള സ്വർണ്ണം വിൽക്കാൻ ചെന്നതായി വിവരം ലഭിച്ചില്ല.കൂടാതെ ചില ഫിനാൻസ് സ്ഥാപനങ്ങളിൽ അന്വേഷിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം.

സമയം ഉച്ച തിരിഞ്ഞു.രണ്ടാൾക്കും വിശപ്പ് തുടങ്ങിയിരുന്നു.ആദ്യം കണ്ട ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണവും കഴിച്ച അവർ യാത്ര തുടർന്നു.ഇടക്ക് ആളൊഴിഞ്ഞ സ്ഥലം നോക്കി പത്രോസ് വണ്ടിയൊതുക്കി.”ഒന്ന് പുകച്ചിട്ട് പോകാടോ”അയാൾ ദാമോദരനോട്‌ പറഞ്ഞുകൊണ്ട് പത്രോസ് വണ്ടിയിൽ നിന്നിറങ്ങി. ആഹ് ഒന്ന് പുകച്ചുകളയാം എന്ന് കരുതി ദാമോദരനും.പത്രോസ് അപ്പോഴും ഒരു നല്ല സമയം കാത്തു നിൽക്കുകയായിരുന്നു.

“ഒന്ന് നടന്നാലൊ ദാമോദരാ?ഒന്ന് മുള്ളിയെച്ചു വരാം.”പുക ഒന്ന് എടുത്തു ഊതിവിട്ടുകൊണ്ടുള്ള ചോദ്യം കേട്ട് ദാമോദരൻ അയാളെ നോക്കി.

“കുറച്ചു നേരമായി വണ്ടിയിൽ തന്നെ ഇരുപ്പല്ലെ,ആയിക്കളയാം” ചുണ്ടിലിരുന്ന സിഗരറ്റ് കൊളുത്തി ലൈറ്ററും പോക്കറ്റിലിട്ട് വലതു കയ്യുടെ നടുവിരലും ചൂണ്ടു വിരലും കൊണ്ട് സിഗരറ്റ് എടുത്തു പിടിച്ചശേഷം ദാമോദരനും അതിന് സമ്മതം മൂളി.

പൊതുവഴിയായിരുന്നു എങ്കിലും ഒറ്റപ്പെട്ടപ്രാദേശമായിരുന്നു അത്. വഴിയേ വാഹനങ്ങൾ പോകുന്നുണ്ട്. തങ്ങളുടെ സ്വകാര്യതക്കു വേണ്ടി അടുത്ത് കണ്ട പറമ്പിലേക്കവർ കയറി സ്വല്പം മുന്നോട്ട് നടന്നു.

പത്രോസ് അപ്പോഴും ചുറ്റിലും ശ്രദ്ധ കൊടുക്കുന്നുണ്ട്.ഒത്തുവരുമ്പോൾ തീർക്കുക,ദൃസാക്ഷിയുണ്ടാവരുത് എന്ന് മാത്രമായിരുന്നു രാജീവന്റെ കല്പന.റോഡിൽ നിന്നും അധികമാരും കാണില്ല എന്നുറപ്പ് വരുത്തിയ ശേഷം അവരവിടെ കണ്ട മരത്തിന് ചുവട്ടിൽ കാര്യം സാധിക്കുകയും ചെയ്തു.

“ആ മോഷണം,അത്……..തനിക്ക് എന്ത് തോന്നുന്നെടോ?”പാന്റ് പൂട്ടി സിബ് ഇടുന്നതിനിടയിൽ പത്രോസ് ചോദിച്ചു.

“സാറെ……..അതിപ്പോ.ദിവസം കുറച്ച് കഴിഞ്ഞില്ലേ.പിന്നിൽ ആരാണെങ്കിലും രക്ഷപെടാനൊ, തൊണ്ടി ഒളിപ്പിക്കാനൊ നല്ല സമയം കിട്ടിയിട്ടുണ്ട്.ഒപ്പം അതാര് ചെയ്തത് ആയാലും പിടി തരാനുള്ള എല്ലാ സൂചനയും അവിടെ ഇട്ടിട്ടുമുണ്ട്.”

“അതെന്താടോ അങ്ങനെ തോന്നാൻ” അത് ചോദിക്കുമ്പോൾ പത്രോസ് ദാമോദരന് അല്പം പിന്നിലായാണ് നടന്നതും,അല്ലെങ്കിൽ പിന്നിലേക്ക് വലിഞ്ഞു എന്ന് തന്നെ പറയാം.ഒപ്പം അയാളുടെ കൈ പന്റിന് പോക്കറ്റിലെക്കും നീണ്ടു.

“അത് പിന്നെ……..എലുമ്പൻ വാസു തന്നെയാണ് സാറെ.ഒന്നാമത് കമ്പി അറുത്തു കയറുന്നതാണവന്റെ രീതി. പിന്നെ മുറിക്കുള്ളിൽ അങ്ങിങ്ങായി കണ്ട തമ്പാക്ക് ചവച്ചു തുപ്പിയതിന്റെ കറ,ഇങ്ങനെ കാണുന്നിടത്തു തുപ്പുന്ന ശീലം അവന് പണ്ടേ ഉള്ളതാ’

അതിനിടയിൽ പത്രോസ് പോക്കറ്റിൽ നിന്നെടുത്ത പ്ലാസ്റ്റിക് കയർ തന്റെ കൈപ്പത്തിയിൽ ചുറ്റി തയ്യാറെടുക്കുകയായിരുന്നു. അപ്പോഴും ദാമോദരൻ തന്റെ ഭാഗം പറയുകയായിരുന്നു.

“ഇതിൽ അവൻ അറിഞ്ഞോ അറിയാതെയൊ ഒരബദ്ധം കാണിച്ചു വച്ചിട്ടുണ്ട്,ഒന്നുകിൽ അറിയാതെ പറ്റിയത്,അല്ലെങ്കിൽ നമ്മളവനെ പിടിക്കണം എന്നവനാഗ്രഹിക്കുന്നു…” ദാമോദരൻ പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നെ പത്രോസ് കയറുകൊണ്ട് ദാമോദരന്റെ കഴുത്തിൽ മുറുക്കിക്കഴിഞ്ഞിരുന്നു.

പക്ഷെ പത്രോസ് പ്രതീക്ഷിക്കാത്ത ഒന്നവിടെ സംഭവിച്ചു.ശ്വാസം കിട്ടാതെ പിടയുന്നതിനിടയിൽ തന്റെ കയ്യിൽ ഇരുന്ന കത്തുന്ന സിഗരറ്റ് കുറ്റികൊണ്ട് പത്രോസിന്റെ കയ്യിൽ കുത്തി പൊള്ളിച്ചു.ചെറിയ നീറ്റൽ എങ്കിലും പത്രോസിന്റെ പിടി ഒന്നയഞ്ഞു.ആ ഒരു നിമിഷം ശ്വാസം എടുക്കുന്നതിനൊപ്പം പിന്നിലേക്ക് കാല് നീട്ടി പത്രോസിന്റെ കാൽ പാദത്തിൽത്തന്നെ ഒരു ചവിട്ടു കൊടുത്തു ദാമോദരൻ.

ചവിട്ട് കിട്ടിയ പത്രോസ് അതിന്റെ വേദനയിൽ കയറിലെ പിടുത്തം വിട്ടതും ദാമോദരൻ കയർ കൈക്കലാക്കിയിട്ട് പത്രോസിന് നേരെ തിരിഞ്ഞു.ദാമോദരനപ്പോഴും ചുമക്കുകയും ശ്വാസമെടുക്കാൻ സ്വല്പം ബുദ്ധിമുട്ടുകയും ചെയ്തു, എങ്കിലും അതിനൊപ്പം തന്നെ പത്രോസിന്റെ തുടയിലും അയാൾ ആഞ്ഞു ചവിട്ടി.അതോടെ പത്രോസ് നിലത്തേക്കിരുന്നുപോയി.

“ഇങ്ങനെയൊരു പണി വരും എന്ന് പ്രതീക്ഷിച്ചു തന്നെയാ പത്രോസ് സാറെ ദാമോദരൻ കൂടെ നടന്നതും. ശരിയാ, ഞാൻ കുടിക്കും എന്ന് കരുതി മദ്യം എന്നെ ഭരിക്കാൻ ഞാൻ അവസരം കൊടുത്തിട്ടില്ല.പിന്നെ മാധവൻ എന്ത് പറഞ്ഞാലും ഞാൻ ചെയ്യും,അതിപ്പോ എന്റെ ജോലി പോകുന്ന കാര്യമായാലും ശരി ഞാൻ അത് ചെയ്യും.കാരണം ആ മനുഷ്യനോട്‌ കൂറുള്ളവരിൽ ഞാനും പെടും.”

അതു കേട്ട പത്രോസ് ഒന്ന് കാർക്കിച്ച് തുപ്പി.”സ്വന്തം തൊഴിലിനെ വ്യഭിചരിക്കുന്നോ നായെ?”അയാൾ ചാടി എണീറ്റ് ദാമോദരന്റെ കോളറിൽ പിടുത്തമിട്ടു.

“അപ്പൊ സർ ചെയ്യുന്നതൊ?ഒന്നും എനിക്കറിയില്ല എന്ന് കരുതരുത് പത്രോസേ.”ദാമോദരന്റെ ഭാവം മാറി തുടങ്ങിയിരുന്നു.

“ഒരു കുറ്റവാളിയെ രക്ഷിക്കാൻ നോക്കുന്ന നീ എന്നെ ന്യായം പഠിപ്പിക്കുന്നോ?”പത്രോസിന് ദേഷ്യം അടക്കാനായില്ല.അയാൾ ദാമോദരനെ നിലത്തേക്ക് തള്ളിയിട്ടു.

“പത്രോസ് സാറെ………അപ്പോഴാ കുട്ടികൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ?”ദാമോദരൻ എണീറ്റ് വീണ്ടും പറഞ്ഞു തുടങ്ങി. “മാധവനെ ഒതുക്കാൻ നിങ്ങൾ കച്ചകെട്ടി ഇറങ്ങിയത് എസ് ഐ സാറിന്റെ വ്യക്തിവിരോധം.അതിന്

“പക്ഷെ ആ നീതി ക്രിമിനലുകൾക്ക് നേടിക്കൊടുക്കാൻ കഷ്ട്ടപ്പെടണ്ട, അതുകൊണ്ട് സാർ ഇനി വേണ്ട സാറെ…….”

“താൻ എന്നെയങ്ങു തീർക്കുവൊ? എങ്കിൽ അതൊന്ന് കാണണമല്ലോ.”

“അതിനെന്താ സംശയം”ദാമോദരൻ തിരിച്ചുചോദിച്ചു.

അതുകേട്ട പത്രോസ് അയാളെ നോക്കി പുച്ഛിച്ചു ചിരിച്ചു.പക്ഷെ അത് കാര്യമാക്കാതെ ദാമോദരൻ അയാളുടെ ശ്രദ്ധ മാറിയ നിമിഷം കൊണ്ട് പത്രോസിന്റെ വയറിൽ ചവിട്ടി.ചവിട്ടേറ്റ് നിലത്തേക്കിരുന്നു പോയപത്രോസിന്റെ കഴുത്തിൽ കയർ മുറുകിയതും പെട്ടെന്നായിരുന്നു.

അയാൾ കിടന്നുപിടഞ്ഞു.ആ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞു നിന്നു.പക്ഷെ ഒരു നിമിഷം ദാമോദരൻ പിടി അയച്ചു.

“സാറെ……..ഒരവസരം.കൂടെ നിന്നാൽ ജീവൻ തിരിച്ചു കിട്ടും.ഇനി എന്നെ തീർത്താലും എനിക്ക് ഒരു ചുക്കുമില്ല.എന്റെ കുടുംബം ജീവിക്കും അന്തസായി തന്നെ.പക്ഷെ സാറിന്റെ കാര്യം അങ്ങനെയല്ല. വയ്യാത്ത ഭാര്യയെയും പ്രായം തികയാത്ത മകളെയും ഓർക്കുന്നത് നല്ലതാ.ഞാനല്ലെങ്കിൽ മറ്റൊരാൾ തന്റെ പള്ളക്ക് പിച്ചാത്തി കയറ്റും. അത് വേണോ?”

“ദാമോദരാ…..”പത്രോസ് ഒന്ന് വിളിച്ചു പോയി.

“ഒപ്പം നിന്നാൽ ജീവനും ജീവിതവും കയ്യിലിരിക്കും.അല്ലെങ്കിൽ മുറുകുന്ന ഈ കയറിൽ സർ തീരും.”

“എനിക്ക് ജീവിക്കണം.”

“എങ്കിലിപ്പൊ ഒരിടം വരെ പോകണം. ബാക്കി അവിടെ ചെന്നിട്ട്.”

ദാമോദരൻ കഴുത്തിൽ കുരുക്കിയ കയറുകൊണ്ട് പത്രോസിന്റെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി. തനിക്ക് തന്റെ ജീവനാണ് വലുതെന്ന് പത്രോസിനറിയാമായിരുന്നു.തന്റെ ജീവൻ നഷ്ട്ടമായാൽ തന്റെ കുടുംബം അവരുടെ ജീവിതം……….. അതു മാത്രം ചിന്തിച്ച പത്രോസിന് ദാമോദരനെ അനുസരിക്കാനെ കഴിഞ്ഞുള്ളു.അയാൾ ദാമോദരനൊപ്പം നടന്നു.കുറച്ചു മാറി നിർത്തിയിട്ടിരുന്ന ജീപ്പിലേക്ക് അവർ കയറി.ദാമോദരനായിരുന്നു ഡ്രൈവിങ് സീറ്റിൽ.പത്രോസ് മുൻ നിരയിൽ കൂടെത്തന്നെയുണ്ട്.

“സാറെ പഴയ പോലീസ് വണ്ടിയാ. ഇടക്ക് പുറത്തേക്ക് ചാടണം എന്ന് തോന്നുവൊ?”ദാമോദരൻ ആ ഒരു സാധ്യത തള്ളിക്കളയാതിരുന്നില്ല. അത് തുറന്നു ചോദിക്കുകയും ചെയ്തു.

“അതെന്താ ദാമോദരാ അങ്ങനെ ഒരു വർത്തമാനം”

“അല്ല മനുഷ്യന്റെ കാര്യമല്ലെ,ഒരു നിമിഷം കൊണ്ട് നിറം മാറും.പിന്നെ സർ ആയതുകൊണ്ട് അങ്ങനെ ചിന്തിച്ചേ പറ്റൂ.അതുകൊണ്ടാ ദാ ഇത് എന്റെ കൈവാക്കിന് തന്നെ വച്ചതും.” അതും പറഞ്ഞു കൊണ്ട് ദാമോദരൻ തന്റെ അരയിലെ തോക്ക് എടുത്തിട്ട് തിരികെ വച്ചു.

“വല്ല ദുരുദ്ധേശവും തോന്നി തീരുമാനം മാറുകയോ ബുദ്ധിമോശം കാണിക്കുകയോ ചെയ്‌താൽ വെടി കൊണ്ടോ വണ്ടി കയറിയോ അങ്ങ് തീരും.”ദാമോദരൻ പുറത്തേക്ക് നോക്കി പറഞ്ഞുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

രക്ഷപെടാൻ നേരിയ സാധ്യത പോലും ഇല്ലെന്ന് പത്രോസ് മനസിലാക്കുകയായിരുന്നു. അവിടെനിന്നും അവരുടെ ജീപ്പ് പുറപ്പെടുമ്പോൾ രാവേറെയായിരുന്നു ***** രാജീവ്,ചെട്ടിയാരുമായൊരു സന്ധി സംഭാഷണത്തിലാണയാൾ…. ഗോവിന്ദ് തരാനുള്ള പണം നൽകി ആർക്കും അവനെ കൊണ്ടുപോകാം എന്ന നിലപാടിലാണ് ചെട്ടിയാരും.

ഗോവിന്ദൻ നൽകിയ സൂചനകൾ വച്ച് ചെട്ടിയാരുടെ നമ്പർ രാജീവ് സൈബർ സെല്ലിന് കൈമാറിയിരുന്നു.അവർ നൽകിയ ടവർ ലൊക്കേഷനുകളും ചോർത്തി നൽകിയ ചില ഫോൺ സംഭാഷണവും ചേർത്ത് വായിച്ചാണ് രാജീവ് ഗോവിന്ദൻ ചെട്ടിയാരുടെ കൈകളിലുണ്ടെന്നുറപ്പിച്ചതും അയാൾക്ക് മുന്നിലെത്തിയതും.

കാര്യങ്ങൾ മനസ്സിലാക്കിയ രാജീവ്‌ ചെട്ടിയാരുടെ വരവിനായി വഴിയിൽ കാത്തു കിടന്നു.പ്രതീക്ഷ പോലെ ചെട്ടിയാർ വരുന്നത് കണ്ട രാജീവ്‌ തന്റെ ജിപ്സി അയാളുടെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചതും ചെട്ടിയാരുടെ വണ്ടി വെട്ടിച്ചു മൈൽക്കുറ്റിയിൽ ചെന്നിടിച്ചുനിന്നു.

അപ്പോഴേക്കും രാജീവ്‌ എടുത്തു വിട്ടിരുന്നു.അപ്രതീക്ഷിതമായി നടന്ന കാര്യത്തിൽ പകച്ചുപോയ ചെട്ടിയാർ സംയമനം വീണ്ടെടുത്തു.”വിടരുത് അവനെ”ചെട്ടിയാർ തന്റെ ഡ്രൈവറോടു പറഞ്ഞു.

ഡ്രൈവർ ചെട്ടിയാരുമായി രാജീവന് പിന്നാലെ വച്ചുപിടിച്ചു.ചെട്ടിയാരുടെ ജാഗ്വർ തനിക്ക് പിന്നാലെയുണ്ടെന്ന് ഉറപ്പുവരുത്തിയ രാജീവ്‌ തന്റെ ജിപ്സിയുടെ വേഗം വർദ്ധിപ്പിച്ചു. രാജീവന് പിന്നാലെ ചെട്ടിയാരും.

കൃത്യമായി ഗോവിന്ദിനെ പാർപ്പിച്ച ഇടം മനസിലാക്കിയിരുന്ന രാജീവ്‌ അങ്ങോട്ട്‌ തന്നെയാണ് എത്തിയതും. ശിങ്കിടികളുടെ കാവലിലുള്ള ഗോവിന്ദിനെ കായികമായിട്ടുള്ള ഒരു ഏറ്റുമുട്ടലിലൂടെ മോചിപ്പിക്കുക എന്നത് ബുദ്ധിയല്ല എന്നത് രാജീവ്‌ മനസ്സിലാക്കിയിരുന്നു.അതുകൊണ്ട് തന്നെ ചെട്ടിയാരെ ഒരു ചെറിയ പൊടികൈ കാട്ടി അവിടെ എത്തിക്കുകയായിരുന്നു രാജീവന്റെ ലക്ഷ്യം.രാജീവതിൽ വിജയിക്കുകയും ചെയ്തു.

ഒരു പഴയ വീടായിരുന്നു അത്.ഒരു ഒറ്റപ്പെട്ട പ്രദേശം.അടുത്ത് അധികം ആൾതാമസമില്ലാത്തതുകൊണ്ട് ഇങ്ങനെയുള്ള ചില ഇടപാടുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുകയും ഇല്ല എന്നത് ചെട്ടിയാർക്ക് ഗുണകരമായിരുന്നു.ചുറ്റും പറമ്പ് കാടുകയറിക്കിടക്കുന്നുണ്ട്.അതിന് മുന്നിൽ തന്റെ വണ്ടി നിർത്തിയിറങ്ങിയ രാജീവന് പിറകെ ചെട്ടിയാരും അവിടെയെത്തി

“എന്നാ തമ്പി……..എന്നാ വേണം ഉനക്ക്.?”ഇറങ്ങിയപാടെ ചെട്ടിയാർ രാജീവനോട്‌ ചോദിച്ചു.

അതിനുള്ള ഉത്തരമാണ് അകത്തു മേശക്ക് ഇരുപുറവും ഇരുന്നുള്ള സംസാരം വരെ എത്തിനിൽക്കുന്നത്.

“ചെട്ടിയാരെ……..താനിവന്റെ ഫ്ലാറ്റ് സ്വന്തം പേരിലേക്ക് എഴുതിക്കൊ, അത് പലിശയിൽ കൂട്ടിയിട്ട് ഒരവസരം കൂടി കൊടുക്ക്.”രാജീവ്‌ ഗോവിന്ദന്റെ പക്ഷം പറഞ്ഞു.

“ഇതിപ്പോ കുറെ ആയി സാറെ…… ഇനിയില്ല.പിന്നെ ഇവന്റെ ഫ്ലാറ്റ്,അത് അങ്ങ് പലിശയിൽ കൂട്ടാൻ തന്നെയാ തീരുമാനവും.പക്ഷെ മുഴുവൻ തുക കിട്ടാതെ ഇവൻ പുറം ലോകം കാണില്ല.”

“ഗോവിന്ദിനെ തടഞ്ഞുവച്ചത് കൊണ്ട് മാത്രം നിങ്ങൾക്ക് പണം കിട്ടുവോ?”

“സാറെ………ദിവസം നാല് കഴിഞ്ഞേ ഉള്ളൂ.പലിശക്ക് ഫ്ലാറ്റും കിട്ടി,ആളെ അന്വേഷിച്ചു സാറും വന്നെങ്കിൽ എനിക്ക് കിട്ടാനുള്ള മുഴുവൻ തുകയും കിട്ടുമെന്ന് എനിക്കുറപ്പായി. അതുകൊണ്ട് അവനെയങ്ങനെ വിട്ടു കിട്ടും എന്ന ചിന്ത വിട്ടേക്ക് സാറെ.”

“ചെട്ടിയാരെ…….ശരിയാ ദിവസം നാല് കഴിഞ്ഞു.അതിനുള്ളിൽ ഞാൻ തന്റെ മുന്നിൽ വന്നുവെങ്കിൽ,തന്നെ ഗോവിന്ദനുള്ള ഇടത്തിൽ വിളിക്കാതെ കൊണ്ടിരുത്തിയെങ്കിൽ തിരിച്ചുപോകുമ്പോൾ അയാളും കൂടെ കാണും എന്നുറപ്പുള്ളത് കൊണ്ട് തന്നെയാ.അതങ്ങനെയാണ് താനും.”

“അത്ര ആത്മവിശ്വാസം വേണോ സാറെ,അതും എന്റെ ആൾക്കാരോട് മല്ലിട്ട്?”

“ആ കോൺഫിഡൻസ് എനിക്കുണ്ട് ചെട്ടിയാരെ,പക്ഷെ ഒരു ഫൈറ്റ് സീൻ അതുണ്ടാവില്ല.അതില്ലാതെ തന്നെ ചെട്ടിയാർ സമ്മതിക്കും.”

“സർ…ഒന്ന് മനസിലായി.സാറിനവനെ വേണം,അതുറപ്പ്.അല്ലെങ്കിലിത്രയും കടിച്ചുതൂങ്ങുവൊ.ഇവൻ തരാനുള്ള തുക തന്നിട്ട് സാറ് കൊണ്ട്പൊക്കോ. അല്ലെങ്കിൽ അത് തരുന്ന മറ്റൊരാൾ, അതുവരെ ഇവനെ മറന്നേക്ക്.” ചെട്ടിയാർ തീർത്തുപറഞ്ഞു.

“ഇനിയിപ്പോ താൻ പലിശയും മുതലും മറക്കേണ്ടിവരുമല്ലോ ചെട്ടിയാരെ.” മര്യാദക്ക് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ രാജീവ്‌ പറഞ്ഞു. രാജീവും ചെട്ടിയാരുടെ ലൈനിൽ സംസാരിക്കാൻ തുടങ്ങുകയായിരുന്നു.

“ചെട്ടിയാർ അങ്ങനെ ഒന്നും നഷ്ട്ടപ്പെടുത്തിയ ചരിത്രമില്ല സാറെ. കൊടുത്തിട്ടുണ്ടൊ പലിശയടക്കം തിരികെ വാങ്ങിയിട്ടുമുണ്ട്.”

“എങ്കിൽ ഈ പ്രാവശ്യം അതിന് മാറ്റം വരും.”

“ചിലത് മാറാതെ നിൽക്കും,അതിൽ ഈ ചെട്ടിയാരും പെടും.”

“എങ്കിൽ ശരി ഞാൻ ഇറങ്ങുന്നു.”

“അതാ സാറിന് നല്ലത്.”

ജിപ്സിയുടെ താക്കോലും കറക്കി രാജീവ്‌ ഇറങ്ങാൻ തുടങ്ങി.തിരിഞ്ഞു നടക്കവെ ചെട്ടിയാരുടെ നേരെ ഒന്ന് കൂടി നോക്കി.”വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു,ഒരു ടെൻഷൻ മുഖത്ത് കാണുന്നുണ്ടല്ലോ ചെട്ടിയാരെ?കൊല്ലത്തു ചെല്ലേണ്ട ടൂ സി ആർ അങ്ങ് ചെന്നില്ല അല്ലെ?ഇവിടെ മൊത്തം അഞ്ചു കോടി കിടക്കുമ്പോ രണ്ടുകോടി പോയാൽ എന്ത് അല്ലെ? പക്ഷെ ഹവാലയിൽ വിശ്വാസം നഷ്ടം വന്നാൽ എന്താവുമെന്ന് ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ ചേട്ടിയാർക്ക് മനസ്സിലാവാൻ.” അത്രയും പറഞ്ഞു രാജീവ്‌ പുറത്തേക്ക് നടന്നു.

“നിൽക്ക്.നിനക്കെന്താ വേണ്ടത്?” കളി മനസിലായ ചെട്ടിയാർ കളം മാറ്റി ചവിട്ടി.

“ഇന്ന് വൈകിട്ട് ഗോവിന്ദിനൊപ്പം അവൻ നൽകിയ പ്രോമിസറി നോട്ട് സഹിതം എന്തൊക്കെ അവൻ ഒപ്പിട്ട് തന്നിട്ടുണ്ടോ അത് മുഴുവൻ ഞാൻ പറയുന്ന സ്ഥലത്തെത്തിയാൽ ഇന്ന് രാത്രി തന്നെ മരുത് കൊല്ലത്തും ചെല്ലും.”

രാജീവ്‌ പോയതും ചെട്ടിയാർ മുഷ്ട്ടി ചുരുട്ടി മേശമേൽ ഇടിച്ചു.കസേര എടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു. തന്റെ ആദ്യ പരാജയത്തിന്റെ കയ്‌പ്പ് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

തന്റെ ഫോണിലേക്ക് അപ്പോൾ വന്ന മെസ്സേജ് അയാൾ തുറന്നു നോക്കി. ഗോവിന്ദിനെ എത്തിക്കേണ്ട ലൊക്കേഷൻ രാജീവ്‌ അയച്ചു കൊടുത്തതായിരുന്നു അത്.ദേഷ്യം കൊണ്ട് വിറച്ച അയാൾ പല്ല് കടിച്ചു.

ഗോവിന്ദൻ നൽകിയ സൂചനകളിൽ ഒന്നായിരുന്നു ചെട്ടിയാരുടെ ഹവാല ബന്ധം.അത് കൈകാര്യം ചെയ്യുന്നത് മരുത് എന്ന വിശ്വസ്‌തനും.ഒരു വില പേശൽ നടത്തണമെങ്കിൽ അതിൽ തന്നെ പിടിക്കണമെന്ന് രാജീവ്‌

ഉറപ്പിച്ചു.അല്ലാതെ മസിൽ പവർ കൊണ്ട് ചെട്ടിയരെ ഒതുക്കി ഗോവിന്ദിനെ തനിക്കൊപ്പമെത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണെന്ന് രാജീവന് നന്നായിട്ടറിയാമായിരുന്നു.

കൃത്യമായി ഗോവിന്ദൻ നൽകിയ സൂചനയിലൂടെ മുന്നേറിയ രാജീവന് ഗോവിന്ദൻ പറഞ്ഞത് പ്രകാരം ആ ഹവാല ഇടപാടുകളുടെ ഏകദേശം റൂട്ട് അറിയാമായിരുന്നു.മലബാർ മേഖലയിൽ ശക്തമായി വേരോട്ടമുള്ള ചെട്ടിയാരുടെ തെക്കൻ കേരളത്തിലെ ഇടപാട് മുഴുവൻ കമ്പം തേനി കേന്ദ്രീകരിച്ചു നിയന്ത്രിച്ചിരുന്നത് മരുതായിരുന്നു.

കൃത്യമായി ഫോൺ ചോർത്തിക്കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജീവ്‌ തന്റെ ചില വിശ്വസ്‌തരെ മരുതിന് പിന്നാലെ നിയോഗിച്ചിരുന്നു. ഇടപാട് കഴിയുന്നതിന് മുന്നേ മരുത് രാജീവന്റെ കസ്റ്റടിയിൽ എത്തുകയും ചെയ്തു.ആ ബലത്തിലാണ് രാജീവ്‌ ചെട്ടിയാരോട് നേരിട്ട് മുട്ടാൻ ഇറങ്ങിത്തിരിച്ചതും. ****** വളരെ പരിഭ്രമിച്ചുള്ള വരവായിരുന്നു ചന്ദ്രചൂടന്റെത്.തന്റെ ഓഫീസിൽ ക്യാബിനിലേക്ക് നടക്കുമ്പോൾ ലഭിച്ച അഭിവാദ്യങ്ങൾ പോലും അയാൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.അത്രയും തിടുക്കപ്പെട്ടാണ് ചന്ദ്രചൂടൻ തന്റെ ഓഫിസ് മുറിയിലേക്ക് നടന്നതും.

തന്റെ ഓഫീസിലിരിക്കുമ്പോഴും അയാൾ അസ്വസ്ഥനായിരുന്നു. ഇടയിൽ ആരെയൊക്കെയോ ഫോൺ ചെയ്യുന്നുന്നുണ്ട്.രാജ്യം നഷ്ട്ടപ്പെട്ട രാജാവിന്റെ അല്ലെങ്കിൽ കളിപ്പാട്ടം വീണുടഞ്ഞ കുഞ്ഞിന്റെ അവസ്ഥയിലായിരുന്നു അയാളപ്പോൾ.ഒടുവിൽ അത് ഉറപ്പിക്കുമ്പോൾ അയാളുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു.

ഒരിക്കലും തന്റെ ബിസിനസ്സിൽ കുറുകെ വരുകയില്ലാത്ത മാധവൻ ഇപ്പൊൾ അത് ചെയ്തിരിക്കുന്നു. താനങ്ങോട്ടും അങ്ങനെയായിരുന്നു. ഏതാണ്ട് ഒരേ മേഖലയിലുള്ള ബിസിനസുകൾ.പരസ്പരധാരണ വച്ചുപുലർത്തിയിരുന്നവർ. മാധവന്നത് തെറ്റിച്ചത് ചന്ദ്രചൂടനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.

താനേറെ സ്വപ്നം കണ്ട വില്ല പ്രൊജക്റ്റ്‌ അവസാനനിമിഷത്തെ അട്ടിമറിയിലൂടെ മാധവൻ നേടിയത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ചന്ദ്രചൂഡന് തന്റെ ആഗ്രഹം മനസ്സിലാക്കി അതിലേക്കില്ല എന്ന് പറഞ്ഞു മാറി നിന്നിരുന്ന മാധവനിൽ നിന്ന് അങ്ങനെയൊരു പ്രവർത്തി തന്നോടുള്ള ചതിയായി കണ്ടു അയാൾ.ഒട്ടും ക്ഷമ കാണിക്കാതെ അയാൾ മാധവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.ഓഫീസിൽ തിരക്കിലായിരുന്ന മാധവനെ രണ്ട് വട്ടം നിർത്താതെ ബെൽ നൽകിയ ശേഷമാണ് അയാൾക്ക് ലൈനിൽ കിട്ടിയതും.

“എന്താണ് അളിയാ ഈ സമയം ഒരു വിളി?”കാര്യം മനസിലായിട്ടും അറിയാത്ത ഭാവത്തിൽ മാധവൻ ചോദിച്ചു.

“ചില കാര്യങ്ങൾ കേൾക്കുമ്പോൾ വിളിച്ചല്ലെ പറ്റൂ മാധവാ.”ചന്ദ്രചൂഡൻ തിരിച്ചടിച്ചു.

“നമ്മൾ പ്രതീക്ഷിക്കാത്തത് പലതും നടക്കുമ്പോൾ എനിക്കും മാറി ചിന്തിച്ചല്ലെ പറ്റൂ എന്റെ അളിയാ?” മറിച്ചൊരു ചോദ്യമായിരുന്നു മറുപടി.

“ഇതുവരെ ഒരു ധാരണയുണ്ടായിരുന്നു.അത് അളിയൻ തെറ്റിച്ചു.”

“അതിന് കാരണവും അറിയാമല്ലോ?” മാധവൻ വിട്ടുകൊടുത്തില്ല.

“ഒന്ന് കാണണം”

“കണ്ടുകളയാം,സ്ഥലവും സമയവും തീരുമാനിച്ചിട്ട് അറിയിച്ചാൽ മതി.”

മാധവന്റെ കൂസലില്ലായ്‌മ കണ്ട് ചന്ദ്രചൂടന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.മാധവൻ എന്തോ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ചു കൊണ്ടുതന്നെ ചന്ദ്രചൂടൻ കൂടിക്കാഴ്ച്ചക്കുള്ള സന്നാഹമൊരുക്കി. *****

“എന്തായാലും ചെട്ടിയാരുടെ പ്രശ്നം സോൾവ്ഡ്.”അതും പറഞ്ഞാണവർ വണ്ടിയിൽ നിന്നിറങ്ങിയത്

“എന്നാലും ഒന്ന് സൂക്ഷിച്ചോ ഗോവിന്ദ് തന്റെ ആദ്യ പരാജയത്തിന്റെ പക ചെട്ടിയാർ മറക്കാൻ വഴിയില്ല.”

“മ്മ്……അത് ഞാൻ നോക്കിക്കോളാം രാജീവ്‌.അതിനുള്ള വഴിയുമറിയാം”

കാർ പാർക്ക് ചെയ്തിറങ്ങുമ്പോൾ മുറ്റത്ത്‌ പരിചയം ഇല്ലാത്തൊരു വണ്ടി കിടപ്പുണ്ട്.മെയിൻ ഡോർ തുറന്നു തന്നെ കിടക്കുന്നു.ആരോ ഗസ്റ്റ് ഉണ്ട്, അതാരാവും,അതും ഈ സമയത്ത് എന്ന ചിന്തയോടെയാണ് രാജീവ്‌ ഗോവിന്ദനുമായി സംസാരിച്ചുകൊണ്ട് അകത്തേക്ക് കയറിയത്.തന്നെയും കാത്തിരിക്കുന്ന അഥിതിയെ,തന്റെ ഭാര്യ നൽകിയ ചായയും ഊതിക്കുടിച്ചുകൊണ്ട് തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന വ്യക്തിയെ കണ്ട രാജീവൻ ഗോവിന്ദിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.

ആ ഒരു നോട്ടത്തിൽ തന്നെ എല്ലാമുണ്ടായിരുന്നു.പ്രതീക്ഷിച്ച ആള് എത്തിയ സന്തോഷത്തിൽ അതിഥിയും. ***** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!