പ്രാണേശ്വരി 6

എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

“അമ്മേ…… “ ലച്ചുവിന്റെ അലറി ഉള്ള കരച്ചിലും ഒരു വണ്ടി ബ്രേക്ക് പിടിച്ചു റോഡിൽ ഉരഞ്ഞു നിൽക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് …

തിരിഞ്ഞു നോക്കിയതും ഞാൻ കാണുന്നത് റോഡിന്റെ നടുക്ക് നിൽക്കുന്ന ലച്ചുവിനെയും അവളുടെ തൊട്ടടുത്തായി നിർത്തിയിരിരിക്കുന്ന സ്കൂൾ ബസ്സും ആണ്, അത് കണ്ടതും എന്റെ നല്ലജീവൻ പോയി

“ഡാ ആഷിക്കേ വണ്ടി നിർത്തു ”

ഞാൻ പറഞ്ഞതും അവൻ വണ്ടി നിർത്തി, പിന്നെ അവനോടൊന്നും പറയാതെ വണ്ടിയിൽ നിന്നിറങ്ങി ഒരോട്ടമായിരുന്നു, ഞാൻ ഓടി അടുത്തെത്തിയിട്ടും അവൾ ഒരുമാറ്റവുമില്ലാതെ രണ്ടു കൈ കൊണ്ടും ചെവി പൊത്തി കണ്ണടച്ച് നിൽക്കുകയാണ്, കണ്ടാൽ തന്നെ അറിയാം പെണ്ണ് നന്നായി പേടിച്ചിട്ടുണ്ട്

“ലച്ചൂ … ”

ഞാൻ അടുത്തു ചെന്ന് വിളിക്കുമ്പോളാണ് പെണ്ണ് കണ്ണുതുറക്കുന്നത്, കണ്ണ് തുറന്നതും അവൾ എന്നെയും ബസ്സും മാറി മാറി നോക്കി പെട്ടന്ന് തന്നെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി

“ഡാ… ലച്ചു ഒന്നൂല്ലടാ… ഒന്നും പറ്റിട്ടില്ല… ”

ഞാൻ അവളെ പിടിച്ചു റോഡിന്റെ നടുക്ക് നിന്നും സൈഡിലേക്ക് മാറ്റി നിർത്തി, ആ ബസ് ഡ്രൈവറും നന്നായി പേടിച്ചിട്ടുണ്ട്, സ്കൂൾ ബസ് നിറച്ചും ചെറിയ കുട്ടികൾ ആയിരുന്നു അവർ എല്ലാം ബസ്സിന്റെ ജനലിൽ കൂടെ പുറത്തേക്കു നോക്കി നിൽക്കുന്നുണ്ട്

“മോനെ ആ കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ… ”

ആ ബസ് ഡ്രൈവറാണ്, തെറ്റ് അവളുടെ ഭാഗത്തായിട്ടും അയാൾ അവളെ ഒന്നും പറഞ്ഞില്ല ചിലപ്പോ അവളുടെ പേടിച്ച മുഖം കണ്ടിട്ടാവും

“ഇല്ല ചേട്ടാ കുഴപ്പം ഒന്നും ഇല്ല, ചേട്ടൻ പൊക്കോ… ”

ഞാൻ പറഞ്ഞിട്ടും കുറച്ചു സമയം അയാൾ ബസ് എടുക്കാതെ അവിടെ തന്നെ നിന്നു… പുറകിൽ ചില വണ്ടികൾ വന്നു ഹോൺ അടിക്കാൻ തുടങ്ങിയപ്പോൾ പുള്ളി വണ്ടി എടുത്തു, പിറകെ വന്ന വണ്ടിക്കാരൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്, അപ്പോഴേക്കും ആഷിക്കും അവിടെ എത്തി

“ഡാ എന്താ പറ്റിയെ? ”

ലച്ചു കരയുന്നത് കണ്ട ആഷിക് എന്നോട് ചോദിച്ചു

“ഒന്നൂല്ലടാ, വണ്ടി പെട്ടന്ന് വന്നു ബ്രേക്ക്‌ പിടിച്ചപ്പോൾ പേടിച്ചതാ… ഡാ നീ ഒരു കാര്യം ചെയ്യ് വണ്ടി ഇങ്ങു താ ഞാൻ ഇവളെ കൊണ്ടേ ആക്കീട്ട് വരാം ”

ആഷിക് വണ്ടി സ്റ്റാൻഡിൽ നിർത്തി ഇറങ്ങി അവനും അവളെ വിളിച്ചു

“ലക്ഷ്മീ ”

അവൾ തലയുയർത്തി അവനെ നോക്കി മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു.

എന്നാലും അവളുടെ ഭയം മുഖത്തു കാണാമായിരുന്നു

” ലച്ചൂ, നീ കേറൂ നിന്നെ ഞാൻ കൊണ്ടേ വിടാം ”

“വേണ്ടടാ ഞാൻ നടന്നു പൊയ്ക്കോളാം “

അവൾ ആദ്യമായി സംസാരിച്ചു

“ലച്ചു പറഞ്ഞാൽ കേൾക്കു,… ”

എന്റെ ശബ്ദം ചെറുതായി ഉയർന്നതും അവൾ വീണ്ടും നിന്ന് ചിണുങ്ങാൻ തുടങ്ങി

“ലച്ചു…. വാ വന്നു കേറൂ ”

ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു, അവൾ ആഷിക്കിനെ ഒന്ന് നോക്കി, അവൾക്കു ആഷിക് നിൽക്കുന്നതാണ് പ്രശ്നം അവനും അത് മനസ്സിലായി എന്ന് തോന്നുന്നു

“ലക്ഷ്മി താൻ കേറി പോകാൻ നോക്ക്, കുട്ടികൾ ഒക്കെ വന്നു തുടങ്ങുന്നു ”

കുറച്ചു പുറകിലായി ഞങ്ങളുടെ കോളേജിലെ കുട്ടികളെ നോക്കിക്കൊണ്ട് ആഷിക് പറഞ്ഞു, അവൾ പിന്നെ ഒന്നും മിണ്ടാത്തെ വണ്ടിയിൽ കേറി

“ഡാ എന്നാ നീ പൊയ്ക്കോ ഞാൻ വന്നേക്കാം ”

ഞാൻ ആഷിക്കിനോട് യാത്രയും പറഞ്ഞു വണ്ടി എടുത്തു, നേരെ ബസ്റ്റോപ് വഴി പോകാതെ ഇടവഴി കയറിയാണ് പോയത് ബസ്റ്റോപ്പിൽ അറിയുന്ന ആളുകൾ ഒക്കെ കണ്ടേക്കും എന്നെനിക്കറിയാമായിരുന്നു

കുറച്ചു സമയം കഴിഞ്ഞിട്ടും ലച്ചുവിന്റെ അനക്കം ഒന്നും കേൾക്കാതെ ഞാൻ അവളെ വിളിച്ചു

“ലച്ചൂ… ”

“മ്മ്… ”

ഒരു മൂളൽ മാത്രമായിരുന്നു മറുപടി

“ലച്ചു… ഒന്നും പറ്റിയില്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ”

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല, ഞാൻ ശരിക്കും പേടിച്ചു. മരിച്ചു എന്നുറപ്പിച്ചതാ…”

“ദേ എന്റെ വായിൽ നിന്നും ഒന്നും കേൾക്കരുത്… ”

“നീ പറയാനുള്ളതൊക്കെ ഇന്ദൂനോട് പറഞ്ഞാ മതി ”

പെണ്ണ് വീണ്ടും പഴയ ഫോമിലെത്തി, ഇപ്പോഴും അവൾക്കു ഇന്ദുനോട് കുശുമ്പുണ്ട്

“ഇന്ദൂനോട് പറയാനുള്ളതൊക്കെ ഞാൻ രാത്രി വിളിക്കുമ്പോ പറഞ്ഞോളാം ”

“ഏഹ്, അപ്പൊ നിങ്ങൾ ഇപ്പൊ വിളി ഒക്കെ ഉണ്ടോ ”

അവളുടെ ആ ചോദ്യത്തിനു കുറച്ചു ഒച്ച കൂടുതൽ ആയിരുന്നു

“അലറണ്ട പയ്യെ പറഞ്ഞാൽ മതി എനിക്ക് കേൾക്കാം ”

“ഓഹ്‌.. ”

“ഡീ അവൾ വിളിച്ചാ നിനക്കെന്താ… ”

” ആ എനിക്കൊന്നും ഇല്ല…”

അവളുടെ സംസാരത്തിൽ നേരത്തെ ഉണ്ടായിരുന്ന പേടി ഒക്കെ പോയി ദേഷ്യം വന്നു

“ലച്ചൂ… നമുക്കൊരു ചായ കുടിച്ചാലോ ”

കഴിഞ്ഞ ദിവസം മാളുച്ചേച്ചിയുടെ കൂടെ വന്ന ബേക്കറി ആയിരുന്നു എന്റെ ലക്ഷ്യം

” എനിക്ക് വേണ്ട, നീ ഒറ്റയ്ക്ക് കുടിച്ചാൽ മതി ”

“എടി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാറുണ്ട് ”

ഇടതുസൈഡിലെ കണ്ണാടി അവളുടെ മുഖം കാണുന്ന വിധത്തിലായതു കൊണ്ട് അവളുടെ ഭാവമാറ്റം ഒക്കെ എനിക്ക് ശരിക്കു കാണാം, അവളുടെ മുഖത്തു ഒരു ചിരി വന്നു പെട്ടന്ന് തന്നെ അത് മായുകയും ചെയ്തു

“എടാ ഇന്ന് പറ്റില്ല, തീരെ സമയമില്ല അമ്മയൊക്കെ വീട്ടിൽ കാത്തിരിക്കുവാ ”

“ആ എന്നാൽ പിന്നൊരിക്കലാവാം ”

“നിനക്ക് പറയാനുള്ളത് ഇപ്പൊ പറഞ്ഞോ ഞാൻ കേൾക്കാം ”

അവൾക്കു ഞാൻ പറയുന്നത് കേൾക്കണം എന്നുള്ള ആഗ്രഹം ഉണ്ട്.
സമയമില്ലാത്തതാണ് പ്രശ്നം

“ഏയ്യ് ഇപ്പൊ പറഞ്ഞാ ശരിയാവില്ല, ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ നീ വണ്ടിയിൽ നിന്ന് എടുത്തു ചാടിയാലോ”

ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞതും അവളുടെ മുഖത്തും ഒരു ചിരി വന്നു

“നീ പറ ഞാൻ ചാടുവൊന്നും ഇല്ല ”

“അതല്ല, നിന്നോട് പറയാനുള്ളത് നിന്റെ മുഖത്തു നോക്കി പറയണം, ഇങ്ങനെ പറയാൻ ഒരു സുഖമില്ല ”

“ഹ്മ്മ് ശരി.. ”

“ഡീ പിന്നെ നീ എങ്ങനാ ആ വണ്ടീടെ മുന്നിൽ വന്നത് ”

“അത്….. ”

“ആ പോരട്ടെ ”

“നീ തന്ന ആ ഗിഫ്റ്റും നോക്കി നടന്നതാ, നടന്നു വഴിയുടെ നടുക്കെത്തിയത് അറിഞ്ഞില്ല ”

അവൾ അത് മുഴുവൻ പറഞ്ഞത് ഒരു നാണത്തോടെ ആണ്, ആ സമയത്തുള്ള അവളുടെ മുഖം കാണണമായിരുന്നു ഓഹ്‌…

“നിന്നോട് ഞാൻ പറഞ്ഞതല്ലേ ലച്ചു വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി എന്ന്, ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ.. ”

ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു

“ചൂടാവല്ലേ ചെക്കാ…. നീ എന്താ വാങ്ങിയത് എന്നറിയാനുള്ള ആകാംഷ കൊണ്ട് നോക്കിയതാ ”

“അവളുടെ ഒരു ആകാംഷ”

” ഡാ എന്നെ ഇവിടെ വിട്ടാൽ മതി ഞാൻ ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു പൊയ്ക്കോളാം ”

“അതെന്തിനാ ഞാൻ കൊണ്ടേ വിടാം ”

“വേണ്ടടാ അറിയുന്ന ആരെങ്കിലും കാണും ”

ചിന്തിച്ചപ്പോൾ അവൾ പറയുന്നത് ശരിയാണെന്നു എനിക്കും തോന്നി,

“എന്നാൽ അങ്ങനെ ചെയ്യാം”

ഞാൻ വണ്ടി ഇടതുവശം ചേർത്ത് നിർത്തി, അവൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങി, പിന്നെയും അവൾ പോകാൻ താല്പര്യം ഇല്ലാത്തത് പോലെ മടിച്ചു നിൽക്കുകയാണ്

“എന്താ മോളെ പോണില്ലേ… ”

“ആ, പോണം ”

അത് പറയുമ്പോൾ അവൾക്കൊരു വിഷമം ഉണ്ടായിരുന്നു, അവൾ എന്തോ പറയാൻ വന്നു പിന്നെ വേണ്ടാന്ന് വച്ചു

“ലച്ചു,.. നിനക്കെന്തെങ്കിലും പറയാനുണ്ടോ ”

“അത്…. ”

“നീ പറ മോളെ… ”

“എടാ, ശരിക്കും നിന്റെ ഗിഫ്റ്റ് കിട്ടിയപ്പോൾ എന്റെ കിളി മുഴുവൻ പറന്നു പോയി…. ”

അവൾ ഒന്ന് നിർത്തിയിട്ട് വീണ്ടും തുടർന്നു

“ഞാൻ ഇന്നലെ മുതൽ നിന്നോട് പറയാൻ നോക്കുന്നതാ ഇന്ന് എന്റെ ബര്ത്ഡേ ആണെന്ന് പക്ഷെ നിന്നോട് ഒന്ന് സംസാരിക്കാൻ പറ്റണ്ടേ… ”

എനിക്കിതൊക്കെ കേൾക്കുമ്പോ ചിരി വരുന്നുണ്ട്, പക്ഷെ ഇപ്പൊ ചിരിച്ചാൽ അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത് പാതിക്കു നിർത്തി പോകും എന്നുള്ളത് കൊണ്ട് ചിരിച്ചില്ല

“ഇന്ന് രാവിലെയും നിന്നോട് പറഞ്ഞപ്പോൾ നീ ഒരു happy birthday പറഞ്ഞിട്ട് പോയി, എനിക്ക് ഭയങ്കര വിഷമമായി.
വൈകിട്ട് കണ്ടപ്പോളും നേരെ പോലും നോക്കിയില്ല… അപ്പൊ ഞാൻ ഉറപ്പിച്ചതാ തിരിച്ചുവന്നാൽ നിന്നോട് മിണ്ടില്ലാ എന്ന്… അപ്പോളാ നിന്റെ സർപ്രൈസ്. ഞാൻ ഈ ഇടക്കൊന്നും ഇത്രയ്ക്കു സന്തോഷിച്ചിട്ടില്ല മോനെ.. ”

ഞാൻ സംസാരിക്കാൻ തുടങ്ങിയതും അവൾ തടഞ്ഞു

“ഡാ ഞാൻ പറഞ്ഞു തീർക്കട്ടെ.. നീ അതിപ്പോ തുറക്കേണ്ട എന്ന് പറഞ്ഞെങ്കിലും എനിക്കപ്പോ തന്നെ കാണണം എന്ന് തോന്നി , അങ്ങനെ നടന്നുകൊണ്ടു തുറന്നു നോക്കിയതാ നേരെ നോക്കുമ്പോൾ എന്റെ മുന്നിൽ ഒരു ബസ്, ഞാൻ ഉറപ്പിച്ചതാ മരിച്ചു എന്ന്,… പിന്നെ കണ്ണ് തുറന്നു നോക്കുമ്പോ നീ എന്റെ മുൻപ് ”

“ഇതാണ് മൂത്തവർ പറഞ്ഞാൽ കേൾക്കണം എന്ന് പറയുന്നത്… ”

അവൾ എന്നെ സംശയത്തോടെ ഒന്ന് നോക്കി

“അതിനു നീ മൂത്തതാണ് എന്ന് ആര് പറഞ്ഞു…. അല്ല വേറൊരു കാര്യം ഇന്നെന്റെ ബർത്ത് ഡേ ആണെന്ന് ആരുപറഞ്ഞു ”

“അതൊക്കെ ഞാൻ അറിയും മോളെ…”

“ഇന്ദുവിനോട് ഞാൻ ഇന്നലെ രാത്രി ആണ് പറഞ്ഞത് അപ്പൊ അവൾ ആകാൻ വഴി ഇല്ല… പിന്നെ ആര് ”

ഞാൻ എല്ലാത്തിനും വെറുതെ ചിരിച്ചുകൊണ്ട് നിന്നതേ ഒള്ളു, ഇവളുടെ നിർത്താതെ ഉള്ള സംസാരം കേൾക്കാൻ നല്ല രസം

അവൾ കുറച്ചൊന്നു ആലോചിച്ചു

“ഓഹ്‌ അപ്പൊ അതാണല്ലേ ഈ അനിയത്തിക്കുള്ള സമ്മാനത്തിന്റെ കാര്യം, ഞാൻ അങ്ങ് ചെല്ലട്ടെ വെച്ചിട്ടുണ്ട് കുരിപ്പിനു… ”

അത് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്,

“അപ്പൊ എന്റെ പെണ്ണിന് ബുദ്ധി ഉണ്ട് “

“നിന്റെ പെണ്ണോ അതെപ്പോ മുതൽ ”

അത് പറയുമ്പോളും അവളുടെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു

“ഒന്നൂല്ല അറിയാതെ വായിൽ വന്നതാ. പിന്നെ എനിക്ക് പറായുനുള്ളതെല്ലാം ഞാൻ തന്ന ഗിഫ്റ്റ് പറയും ”

“ഡാ… എന്നാ ഞാൻ പൊയ്ക്കോട്ടേ സമയമായി ”

“ആ ശരി നാളെ കാണാം… നാളെ വരൂല്ലോ അല്ലെ… ”

“വരും ”

“എന്നാ ശരി, എനിക്കും റൂമിൽ പോയിട്ട് മാളു ചേച്ചിടെ വീട്ടിൽ പോണം ”

“ശരി ”

അവൾ അതും പറഞ്ഞു നടന്നു, അവൾ പോകുന്നതും നോക്കി ഞാൻ നിന്നു, അവൾ ഒന്ന് തിരിഞ്ഞ് നോക്കണേ എന്നെന്റെ മനസ്സാഗ്രഹിച്ചു…. അവൾ കുറച്ചു നടന്നിട്ട് എന്നെ തിരിഞ്ഞ് നോക്കി ആ മിഴികളിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു… എനിക്കപ്പോ തോന്നിയ സന്തോഷത്തിനു കണക്കില്ല

അവൾ എന്റെ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ തിരിച്ചു വണ്ടി എടുത്തു, ഞാൻ നേരെ നോക്കിയത് നിതിന്റെ മുഖത്തേക്ക് … ഇവൻ ഇതെപ്പോ വന്നോ എന്തോ. അപ്പൊ ഇത്രയും നേരം ഞങ്ങൾ സംസാരിച്ചതെല്ലാം അവൻ കണ്ടുകൊണ്ടു നിൽക്കുകയായിരുന്നു, കേൾക്കാൻ വഴിയില്ല.
എന്തായാലും ഞാൻ അവനെ മൈൻഡ് ചെയ്യാതെ വണ്ടി എടുത്തു പോന്നു

റൂമിൽ എത്തിയപ്പോൾ അവന്മാർ എല്ലാം റൂമിലുണ്ട്,

” ഡാ ലക്ഷ്മിക്ക് എങ്ങനെ ഉണ്ട് ”

ആഷിക്കാണ് ചോദിച്ചത്

“അവൾക്കു കുഴപ്പം ഒന്നും ഇല്ലടാ, പെട്ടന്ന് വണ്ടി വന്നപ്പോൾ പേടിച്ചതാ, ഞാൻ ബസ്റ്റാന്റിൽ കൊണ്ടേ വിട്ടിട്ടാ വന്നത് ”

“ഹ്മ്മ്, പിന്നെ അവൾ വേറെ എന്തേലും പറഞ്ഞോ ”

“വേറെ എന്ത് ”

“എന്തെങ്കിലും ”

“ഒന്നും പറഞ്ഞില്ല, നാളെ അറിയാം ”

“ഹാ… എപ്പോഴാ ഞങ്ങൾക്കുള്ള ബിയർ വരുന്നത് ”

അവന്മാർക്ക് അതാണ്‌ പ്രധാനം

“വാങ്ങാം ശനിയാഴ്ച ആവട്ടെ ”

“ആവട്ടെ… ”

ബിയർന്റെ കാര്യം കേട്ടപ്പോൾ എല്ലാവരുടെ മുഖത്തും ഭയങ്കര സന്തോഷം

“എടാ, ഞാൻ ഇന്ന് മാളു ചേച്ചിടെ വീട്ടിൽ പോകുവാ. വരാൻ സാധ്യത ഇല്ല ”

“ആണോ, എന്നാ ശരി ചെല്ലു,ഞങ്ങൾ ഞങ്ങൾ 5 ബിയർ എടുത്തിരുന്നു ഇനീപ്പോ നിനക്ക് വേണ്ടല്ലോ ”

ബിയർന്റെ കാര്യം കേട്ടപ്പോൾ എനിക്കും ഒരു സങ്കടം, പോണോ വേണ്ടയോ എന്ന് ഞാൻ ഒന്നു ആലോചിച്ചു, ആന്റിയുടെ മുഖം ഓർമ വന്നപ്പോൾ പോകാം എന്ന് തന്നെ വച്ചു

” പോകാതെ പറ്റില്ല, നിങ്ങൾ ഒരെണ്ണം ബാക്കി വച്ചാൽ മതി ഞാൻ നാളെ വന്നു അടിച്ചോളാം “

“ഓഹ്‌ വേണ്ട.. ഞങ്ങൾ തന്നെ അടിച്ചോളാം ”

അല്ലെങ്കിലും ആരെങ്കിലും മദ്യം ബാക്കി വെക്കുമോ, ഞാൻ പിന്നെ കുളിച്ചു ഡ്രെസ്സും മാറി മാളു ചേച്ചീടെ വീട്ടിലേക്കു പോയി

അവിടെ എത്തിയപ്പോൾ മുൻപിൽ ആരെയും കണ്ടില്ല, ഉമ്മറത്ത് വിളിക്ക് വച്ചിട്ടുണ്ട് വിളക്കിനു പിന്നിലായി ഒരു കൊരണ്ടിയും ഇരിക്കുന്നു. കണ്ടിട്ട് നാമം ജപിക്കൽ ഒക്കെ കഴിഞ്ഞു ഇപ്പൊ പോയതേ ഉള്ളു എന്ന് തോന്നുന്നു. വാതിൽ തുറന്നു കിടന്നതു കൊണ്ട് ഞാൻ അനുവാദം ഒന്നും ചോദിക്കാതെ അകത്തു കടന്നു

അടുക്കളയിൽ നിന്നും രണ്ടുപേരും സംസാരിക്കുന്ന ശബ്ദം കേൾക്കാം, ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ അടുക്കളയിലേക്കു ചെന്നു, മാളു ചേച്ചി സ്ലാബിൽ കയറി ഇരുന്നു എന്തോ കഴിക്കുകയാണ് ആന്റി കയ്യിൽ ഒരു ചട്ടുകവും പിടിച്ചാണ് സംസാരിക്കുന്നതു

ഞാൻ കയറി ചെന്നത് പയ്യെ ആണെങ്കിലും ചേച്ചി എന്റെ എതിരെ ഇരുന്നത് കൊണ്ട് എന്നെ കണ്ടു, ഞാൻ മിണ്ടരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചതും ആൾ ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ആന്റിയോട്‌ സംസാരിക്കാൻ തുടങ്ങി, ഞാൻ പതിയെ പതുങ്ങി ആന്റിയുടെ പിന്നിൽ എത്തി

“ഠോ…. ”

ഞാൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതും ആന്റിയുടെ കയ്യിൽ ഇരുന്ന ചട്ടുകം താഴെ പോയി, ആൾ നന്നായി ഒന്ന് പേടിച്ചു, തിരിഞ്ഞു നോക്കി എന്നെ കണ്ടതും കിട്ടി കൈക്കിട്ട് ഒന്ന്

“പേടിപ്പിക്കുന്നോടാ പൊട്ടാ…. ഇപ്പൊ ഹാർട് അറ്റാക് വന്നു ചത്തുപോയേനെ… ”

മുഖത്തു ഒരു ചിരി വന്നു അത് പറഞ്ഞപ്പോൾ, ഇതെല്ലാം കണ്ടു മാളുചേച്ചി ഇരുന്ന് ചിരിക്കുകയാണ്… ഞാനും നന്നായി ചിരിച്ചു

“ഹ്മ്മ്,.. എന്തിനാ ഇപ്പൊ ഇങ്ങു പോന്നത്.. ഇന്നലെ വന്നിട്ട് നിനക്ക് വീട്ടിൽ കേറാൻ പോലും സമയം ഇല്ലായിരുന്നല്ലോ”

ആൾ വീണ്ടും കലിപ്പ് മോഡിലായി

“ഇന്നലെ കുറച്ചു തിരക്കായതു കൊണ്ടല്ലേ എന്റെ ലീലക്കുട്ടി… അതല്ലേ ഞാൻ ഇന്ന് വന്നത് ”

ഞാൻ നൈസായി ഒന്ന് സോപ്പിട്ടു

“നിന്റെ സോപ്പിടൽ ഒന്നും വേണ്ട, നീ ഇന്നും കൂടെ വന്നില്ലെങ്കിൽ നിന്നോട് മിണ്ടില്ല എന്ന് ഞാൻ ഉറപ്പിച്ചതാ ”

“പിന്നെ അതൊക്കെ ചുമ്മാ… എന്റെ ആന്റിക്ക് എന്നോട് മിണ്ടാത്തെ ഇരിക്കാൻ പറ്റില്ല എന്നെനിക്കറിയില്ലേ ”

ഞാൻ ആ താടിയിൽ ഒന്ന് കുലുക്കി… ഞാൻ അത് ചെയ്തപ്പോൾ ആ മുഖത്തൊരു ചിരി വന്നു,

“കഴിഞ്ഞോ ആന്റീടേം മോന്റേം സ്നേഹ പ്രകടനം, എങ്കിൽ എനിക്കൊരു ദോശ കൂടെ താ ”

“ആഹാ നല്ല തട്ടാണല്ലേ… എനിക്കും വേണം”

ഞാൻ അവളുടെ പ്ലേറ്റിൽ കയ്യിടാൻ തുടങ്ങി,

“വേണേൽ വേറെ എടുത്തു കഴിച്ചോ. ഇത് തരില്ല ”

“പിന്നെ ഞാൻ ഇതിൽ നിന്ന് തന്നെ കഴിച്ചോളാം ”

“എന്നാൽ പോയ്‌ കയ്യെങ്കിലും കഴുകിയിട്ടു വാടാ ”

“ഓ… ഇനി കൈ കഴുകാനൊന്നും വയ്യ നീ വാരിത്തന്നാൽ മതി ”

“അയ്യടാ കുഞ്ഞു കുട്ടിയല്ലേ, വേണേൽ കഴിക്കടാ “

“എന്റെ ചക്കര ചേച്ചി അല്ലെ,… എനിക്കു വാരി താ ”

“ഹ്മ്മ്, നിന്റെ കൊഞ്ചൽ കുറച്ചു കൂടുന്നുണ്ട് ”

അവൾ ദോശ മുറിച്ചു ചമ്മന്തിയിൽ മുക്കി വായിൽ വച്ചു തന്നു,

എനിക്കിതുവരെ മനസ്സിലാവാത്ത ഒരു കാര്യമാണത്, ഇതേ ഭക്ഷണം നമ്മൾ സ്വന്തമായി കഴിച്ചാൽ ഇത്ര രുചി ഉണ്ടാവില്ല പക്ഷെ അമ്മയോ ചേച്ചിയോ ആരെങ്കിലും വാരി തരുമ്പോൾ ഭയങ്കര രുചി ആയിരിക്കും, ഞാൻ ഇപ്പോളും അമ്മയുടെ കയ്യിൽ നിന്നും ചോറ് ഇങ്ങനെ കഴിക്കാറുണ്ട്

കുറച്ചു കഴിച്ചതും എനിക്ക് മതിയായി,

“ഡീ എനിക്ക് മതി ഞാൻ വാ കഴുകിയിട്ടു വരാം ”

“അതിനു നീ കുറച്ചല്ലേ കഴിച്ചുള്ളൂ. കുറച്ചു കൂടെ കഴിക്ക് ”

“ഞാൻ ഇനി രാത്രി അത്താഴം കഴിച്ചോളാം ”

ഞാൻ വാ കഴുകാൻ പോയിട്ട് വന്നപ്പോളും ആൾ നല്ല തീറ്റയാണ്

“നിന്റെ വയറ്റിൽ വല്ല കൊക്കൊപ്പുഴുവും ഉണ്ടോ, കൊറേ ആയല്ലോ ഇത് ”

“പുഴു അല്ല പാമ്പ്… നിനക്കെന്താ ”

“എനിക്കൊന്നുമില്ല, വണ്ണം വച്ചു വീപ്പക്കുറ്റി പോലെ ആകും പിന്നെ ആരും നിന്നെ തിരഞ്ഞു നോക്കില്ല ”

“ആരും നോക്കണ്ട ഞാൻ സഹിച്ചു. പിന്നെ ഞാൻ എന്ത് കഴിച്ചാലും വണ്ണം വക്കില്ല ”

“വണ്ണം വക്കണെങ്കിൽ മനസ്സ് നന്നാവണം ”

അവൾ പിന്നെയും എന്തോ പറയാൻ വന്നപ്പോൾ ആന്റി തടഞ്ഞു,

“ഒന്ന് നിർത്തുവോ രണ്ടും, വന്നതേ തുടങ്ങി.. ഡാ മോട്ടേ നീ പോയി ഡ്രസ്സ്‌ മാറി വാ ”

“ഞാൻ കുളിയും എല്ലാം കഴിഞ്ഞാണ് പോന്നത്, … ”

അപ്പോഴാണ് ഞാൻ ഉമ്മറത്തിരിക്കുന്ന വിളക്കിന്റെ കാര്യം ഓർത്തത്‌

“ആ വിളക്കെടുക്കുന്നില്ലേ… കൊറേ നേരം ആയല്ലോ വച്ചിട്ട് ”

“അയ്യോ… അത് മറന്നു മിക്കവാറും ഇപ്പൊ കരിന്തിരി കത്തിയിട്ടുണ്ടാവും ”

ആന്റി പെട്ടന്ന് കൈ കഴുകി ഉമ്മറത്തേക്ക് പോയി, അപ്പോളേക്കും മാളുവിന്റെ കഴിക്കൽ കഴിഞ്ഞു

“ഡാ… ”

ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി

“എനിക്ക് നിന്നോട് കുറെ ചോദിക്കാനുണ്ട്… ഞാൻ റൂമിലേക്ക്‌ വരാം ”

അവൾ ചോദിക്കാൻ പോകുന്ന കാര്യം എന്താണെന്ന് എനിക്കറിയാമായിരുന്നു, എന്തായാലും നടന്നതെല്ലാം നല്ലതായതു കൊണ്ട് എനിക്ക് പറയാനും ബുദ്ധിമുട്ടില്ല

ആന്റി വിളിക്കു എടുത്തു വച്ചു തിരിച്ചു വന്നിട്ട് കുറച്ചു സമയം കൂടെ ഞങ്ങൾ സംസാരിച്ചു, പിന്നെ പഠിക്കാൻ ഉണ്ടെന്നും പറഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി. പഠിത്തം ഒന്നും നടക്കില്ല ഇന്ന് നടന്ന സംഭവങ്ങൾ ഓർത്തു ഇരിക്കാം എന്ന് മാത്രം

ഞാൻ പോയി കുറച്ചു കഴിഞ്ഞതും മാളു അങ്ങോട്ടേക്ക് വന്നു

“ഡാ ഇതാണോ നിന്റെ പഠിത്തം “

ഞാൻ വെറുതെ കട്ടിലിൽ ചിന്തിച്ചു കിടക്കുന്നത് കണ്ടതും മാളു എന്നോടായി ചോദിച്ചു

“എന്തായാലും എഴുന്നേൽക്കു നിന്നോട് സംസാരിക്കാൻ ഉണ്ട് ”

“ആന്റി എവിടെ ”

“അമ്മ സീരിയൽ ന്റെ മുന്നിൽ ഇരുന്ന് ഇനി കഴിക്കാൻ സമയം അല്ലാതെ എഴുന്നേൽക്കില്ല “.

“അപ്പൊ നീ സീരിയൽ ഒന്നും കാണാറില്ലേ ”

“എനിക്കീ ചവർ ഒന്നും ഇഷ്ടമല്ല, എല്ലാ സീരിയൽ നും ഒരേ കഥ പക്ഷെ ഈ കാണുന്ന ആളുകൾക്ക് മാത്രം അത് മനസ്സിലാകുന്നില്ല ”

“ആ എനിക്കറിയില്ല, നമ്മൾ ഗെയിം ഓഫ് ത്രോൺസ് ന്റെ ആളാണ്‌ ”

“അതെന്തു സാധനം? ”

“ഒരു ഇംഗ്ലീഷ് സീരീസ് ആണ് ”

“ആ അതെന്തെങ്കിലും ആകട്ടെ, ഇപ്പോ നീ ഇത് പറ എന്തായി ഇന്നത്തെ കാര്യം ”

“എന്താവാൻ ഞാൻ ഗിഫ്റ്റ് കൊടുത്തു അവൾ വാങ്ങി വീട്ടിൽ പോയി ”

“ഓഹ്‌ നശിപ്പിച്ചു… നടന്നത് മുഴുവൻ പറ ”

“അത്രേ നടന്നുള്ളു ”

“നിന്നിടൊക്കെ ചോദിച്ച എന്നെ വേണം പറയാൻ, ഞാൻ പോണു മോൻ കിടന്നു കിനാവ് കാണു ”

“ഡീ ചേച്ചി പോകല്ലേ, ഞാൻ പറയാം ”

“ആ അങ്ങനെ വഴിക്ക് വാ ”

അവൾ കേൾക്കാനുള്ള ആകാംഷയോടെ എന്റെ അടുത്തു വന്നിരുന്നു

ഞാൻ അവളെ രാവിലെ കണ്ടത് മുതൽ ബസ് ഇടിക്കാൻ വന്നതും ബസ്റ്റാന്റിൽ കൊണ്ടേ വിട്ടതും വരെ എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു

“ഡാ…. നീ സൂപ്പർ ആണല്ലോ… അപ്പോ അവൾക്കും നിന്നെ ഇഷ്ടമാണ് അല്ലെ ”

“അതെ എന്ന് തോന്നുന്നു, നാളെ അറിയാം ”

“ഡാ പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട, ഇത് നിന്റെ പഠനത്തെ ബാധിക്കാൻ പാടില്ല ”

അവൾ വീണ്ടും എന്റെ ചേച്ചി ആയി

“ഇല്ല, ഞാൻ പഠിച്ചോളാം ”

“ഹാ..”

ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു, ആന്റിയുടെ അത്താഴം കഴിക്കാനുള്ള വിളി വന്നപ്പോളാണ് അവിടെ നിന്നും എഴുന്നേൽക്കുന്നത്

ഞങ്ങക്ക് ചെന്നപ്പോഴേക്കും മേശയിൽ എല്ലാം നിരത്തിയിട്ടുണ്ട്

“ഡി, നിനക്ക് ആന്റിയെ ഒന്ന് സഹായിക്കാൻ പാടില്ലേ ”

ആന്റി കേൾക്കെ ഞാൻ അവളോട് ചോദിച്ചു, ആന്റിയുടെ വായിൽ നിന്നും അവളെ രണ്ടു കേൾപ്പിക്കണം അത് മാത്രമേ ഉള്ളു എന്റെ ഉദ്ദേശം

“ഉവ്വ, അവൾ സഹായിക്കും… നീ വന്നപ്പോൾ കണ്ടില്ലേ അത് തന്നെ സഹായം… അല്ലാതെ കമഴ്ന്നു വീഴുന്ന പ്ലാവില മലർത്തി ഇടില്ല എന്റെ മോൾ ”

അത് കേട്ടപ്പോൾ എന്റെ ചിരി പൊട്ടി, അവൾ എന്നെ നോക്കി പേടിപ്പിക്കുകയാണ്

“നീ അവനെ നോക്കുവൊന്നും വേണ്ട അവൻ പറഞ്ഞത് കാര്യമല്ലേ.. “

ഓഹ്‌ ഒരാളെ രണ്ടു വഴക്ക് കേൾപ്പിച്ചപ്പോൾ എന്തൊരു സന്തോഷം

“ഡാ മോട്ടേ നീ വീട്ടിൽ പോണില്ലേ, കുറെ ആയില്ലേ പോയിട്ട് ”

അപ്പോഴാ ഞാനും അതോർക്കുന്നതു, കോളേജിൽ വന്നതിൽ പിന്നെ വീട്ടിൽ പോകാൻ തോന്നിയിട്ടില്ല എപ്പോഴും അവന്മാരുടെ ഒപ്പം നടപ്പാണ്, പിന്നെ ആകെ വരുന്നത് ഇവിടെ മാത്രമാണ്

“ആ അടുത്ത ആഴ്ച പോണം ”

“പോകുമ്പോ ഈ വഴിക്കു വാ, ഞാൻ കുറച്ചു ചെടികൾ ഒക്കെ തന്നുവിടാം അമ്മയുടെ കയ്യിൽ കൊടുത്തേക്കു ”

“പിന്നെ ഞാൻ ബസ്സിനാ പോകുന്നത്. ഇതെല്ലാം കെട്ടിപ്പെറുക്കി പോകാൻ ഒന്നും പറ്റില്ല ”

“അമ്മക്കിതെന്താ… അവൻ എങ്ങനാ ബസ്സിൽ ഒക്കെ കൊണ്ടുപോകുന്നെ നാണക്കേടാകില്ലേ… നമുക്ക് പോകുമ്പോൾ കൊണ്ടേ കൊടുക്കാം ”

മാളു ആദ്യമായി എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചു

“ഹേ,.. അപ്പോ നിങ്ങൾ പോകുന്നുണ്ടോ . എന്നാൽ നമുക്ക് ഒരുമിച്ചു ഈ ആഴ്ച പോയാലോ ”

“ഈ ആഴ്ച… എന്താമ്മേ ഈ ആഴ്ച്ച പോയാലോ ”

അവൾ ആന്റിയോടായി ചോദിച്ചു

“ഞാൻ എപ്പോഴും റെഡി ആണ്, നിന്റെ സൗകര്യം നോക്കിയാൽ മതി ”

അങ്ങനെ ഈ ആഴ്ച വീട്ടിൽ പോകുന്ന കാര്യം തീരുമാനം ആയി, പിന്നെ ഭക്ഷണവും കഴിച്ചു ഞങ്ങൾ കിടക്കാൻ പോയി.

സാധാരണ പോലെ തന്നെ മാളുചേച്ചി ആണ് എന്നെ എഴുന്നേൽപ്പിച്ചത്, ഇന്നലെ കോളേജിൽ പോകാൻ റെഡി ആയി ആണ് പോന്നത് അത് കൊണ്ട് ഇനി റൂമിൽ പോകേണ്ട ആവശ്യമില്ല

കുളിച്ചു റെഡി ആയി ഭക്ഷണവും കഴിച്ചു ആന്റിയോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി

“ഡാ നിനക്ക് പേടി ഉണ്ടോ ”

“എന്തിന് ”

“അവൾ ഇന്ന് മൂക്കുത്തി ഇട്ടോണ്ട് വരുമോ ”

“ആ,.. അറിയില്ല നോക്കാം ”

കോളേജ് അടുക്കാറായതും അവൾ കുറച്ചു മുൻപിൽ ആയി നടക്കാൻ തുടങ്ങി, ഞങ്ങൾ ഒരുമിച്ചു വരുന്നത് ആരും കാണണ്ട എന്ന്…

ഞാൻ നടന്നു കോളേജ് ആർച്ചിനു മുന്നിലായി നിന്നു, ലച്ചു വരുമ്പോ തന്നെ കാണണം എന്നൊരു ആഗ്രഹം

കുറച്ചു നിന്ന് കഴിഞ്ഞപ്പോൾ പാറ്റയും ആഷിക്കും എല്ലാം വന്നു, ഒരുപാട് തരത്തിൽ അവന്മാരെ പറഞ്ഞുവിട്ടു വീണ്ടും അവിടെ തന്നെ നിന്നു

വീണ്ടും കുറെ കഴിഞ്ഞാണ് അവൾ വന്നത്, അവളെ അകലെ നിന്ന് കണ്ടപോലെ ചങ്കു കിടന്നു പിടക്കാൻ തുടങ്ങി. അവളുടെ കൂടെ ആരോ ഉണ്ട് അതുകൊണ്ട് സംസാരിക്കാൻ പറ്റില്ല

അവൾ അടുത്തു വന്നതും ആദ്യം ഞാൻ നോക്കിയത് അവളുടെ മൂക്കിലേക്കാണ്, അവളുടെ മൂക്കിൽ ആ പഴയ മൂക്കുത്തി കണ്ടപ്പോൾ എനിക്കാകെ വിഷമമായി,

“ഡാ അഖിലേ നീ എന്താ ഇവിടെ നിൽക്കുന്നത് ”

ലച്ചുവിന്റെ കൂടെ വന്ന ആളാണ്‌ സംസാരിക്കുന്നത്, ഞാൻ ഇവളുടെ മൂക്കും നോക്കി നിന്നത് കൊണ്ട് ആളെ കണ്ടിരുന്നില്ല,ആളെ നോക്കി

അനു ചേച്ചി, അന്ന് കല്യാണത്തിന് കണ്ടതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത്

“ഡാ നീ എന്താ ഇവിടെ നിൽക്കുന്നത് എന്ന് ”

ഞാൻ ഒന്നും സംസാരിക്കാതെ നിൽക്കുന്നത് കണ്ടു ചേച്ചി ഒന്നുകൂടെ ചോദിച്ചു

“ഒന്നുമില്ല ചേച്ചി കൂട്ടുകാരെ നോക്കി നിന്നതാ ”

“ഉവ്വ… കൂട്ടുകാരോ അതോ കൂട്ടുകാരിയോ ”

“നമുക്കൊക്കെ എവിടുന്നാ ചേച്ചി കൂട്ടുകാരി, നമ്മളെ ഒക്കെ ആർക്കാ ഇഷ്ടപ്പെടുന്നത് ”

ഞാൻ അത് ലച്ചുവിന്റെ മുഖത്തു നോക്കിയാണ് പറഞ്ഞത്

അവളുടെ മുഖത്തൊരു വിഷമം ഉണ്ട്, കൂടെ അനു ഉള്ളതുകൊണ്ടാവും അവൾ ഒന്നും പറഞ്ഞില്ല

“നിന്നെ എല്ലാർക്കും ഇഷ്ടപ്പെടും. നീ സൂപ്പർ അല്ലെ… അല്ലെ ലക്ഷ്മി ”

അനുചേച്ചി എന്നോടും ലക്ഷ്മിയോടും ആയി ചോദിച്ചു

ലച്ചു അതിനു മുഖം കുനിച്ചാണ് മറുപടി പറഞ്ഞത്

“ആ ഇഷ്ടപ്പെടും ”

അവളുടെ മുഖത്തു നിന്ന് ഭാവം ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല

“ഞാൻ എന്തായാലും ഇപ്പൊ ഇവിടെ നിൽക്കുന്നത് ആരെയും കാണാനല്ല ചേച്ചി, കൂട്ടുകാർ വരാനാണ് ”

ഞാൻ പറഞ്ഞു നിർത്തിയപ്പോൾ ലച്ചു എന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ആ മിഴികൾ ചെറുതായി നിറഞ്ഞിട്ടുണ്ട്

“ആ, എന്നാൽ നീ ഇവിടെ നിന്നോ. ഞങ്ങൾ പോകുവാ … വാ ലച്ചു നമുക്ക് പോകാം ”

അനുചേച്ചി അവളെയും കൂട്ടി നടന്നു നീങ്ങി, കുറച്ചു നടന്നു ലച്ചു എന്നെ ഒന്ന് തിരിഞ്ഞു നോക്കി.

ഈ പെൺപിള്ളേരെ മാത്രം മനസ്സിലാക്കാൻ പറ്റില്ല ഇന്നലെ അവൾക്കു എന്നോട് ഇഷ്ടമാണെന്ന് തോന്നി. അവളോട് എന്നെ ഇഷ്ടമാണെങ്കിൽ മൂക്കുത്തി ഇട്ട് വരാൻ പറഞ്ഞപ്പോ അതിടാതെ വന്നിരിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല

ഞാൻ പിന്നെയും അവർ പോകുന്നത് നോക്കി, അപ്പോളാണ് ക്യാന്റീന്റെ മുൻപിൽ ഒരാൾ ചായയും കുടിച്ചു ഭിത്തിയിൽ ചാരി നിൽക്കുന്നത് കണ്ടത്, അരുൺ ചേട്ടൻ. ആരെങ്കിലും കണ്ടാൽ വെറുതെ ചാരി നിന്ന് ചായ കുടിക്കുകയാണെന്നേ കരുതു പക്ഷെ ആൾ രാവിലെ അനുവിനെ കാണാനുള്ള കഷ്ടപ്പാടിലാണ്

അത് കണ്ടപ്പോൾ ആ സങ്കടത്തിനിടയിലും എനിക്ക് ചിരി വന്നു. പിന്നെയും കുറച്ചു സമയം കഴിഞ്ഞപ്പോൾ എനിക്ക് പിന്നെ ക്ലാസ്സിൽ കേറാൻ തോന്നിയില്ല ഞാൻ റൂമിലേക്ക് തിരിച്ചു പോയി

പോയി കിടന്നു ഉറങ്ങാം എന്ന് കരുതിയെങ്കിലും അവുടെയും പരാജയപ്പെട്ടു, ഇതുവരെ നടന്ന സംഭവങ്ങൾ എല്ലാം മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു

ഒരു 11മണി ആയപ്പോൾ ആഷിക് എന്നെ വിളിച്ചു

“ഡാ നീ ഇതെവിടാ, എന്താ കയറാത്തത് ”

“ഒന്നൂല്ല കയറാൻ തോന്നിയില്ല ”

“നിന്നെ വാണി മിസ്സ്‌ അന്വേഷിച്ചു, ഞാൻ നീ കേറിയില്ല എന്ന് പറഞ്ഞിട്ടുണ്ട് ”

“വളരെ നന്ദി “

“നീ പെട്ടന്ന് വരാൻ നോക്കു, വന്നു ക്ലാസ്സിൽ കയറു ”

“ഞാൻ ഇല്ലടാ, എനിക്കൊരു മൂഡ് ഇല്ല ”

“ആ എന്തെങ്കിലും ചെയ്യ്, ഞാൻ വക്കുവാ ”

അവൻ വച്ചു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും മാളുചേച്ചിയും വിളിച്ചു

“ഡാ ”

ആ വിളിയിൽ തന്നെ ഒരു ദേഷ്യം ഉണ്ട്..

“നീ എന്താ ഇന്ന് കയറാത്തതു ”

“ചേച്ചി… ഞാൻ പിന്നെ വിളിക്കാം ”

ഞാൻ പതിവില്ലാതെ ചേച്ചിഎന്നു വിളിച്ചിട്ടാവും അവളുടെ അടുത്ത വിളിയിൽ ഒരു മയം ഉണ്ടായിരുന്നു

“എടാ, എന്താ പറ്റിയെ”

“ഒന്നൂല്ല ഞാൻ ഉച്ച കഴിഞ്ഞു വരാം ”

“ഹ്മ്മ് വയ്യെങ്കിൽ കിടന്നോ, പക്ഷെ ഉച്ചക്ക് വരണം അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും ”

“ആ വന്നേക്കാം ”

“എന്നാ ശരി ”

ചേച്ചി ഫോൺ വച്ചതും ഞാൻ പിന്നെയും കിടന്നു, ഒരു12മണി കഴിഞ്ഞപ്പോൾ കോളേജിലേക്ക് തന്നെ പോയ്‌ വിശപ്പില്ലാത്തതു കൊണ്ട് കഴിക്കാൻ നിന്നില്ല, സ്റ്റെപ് കയറി മുകളിൽ എത്തിയപ്പോൾ ലച്ചു അവിടെ നിൽക്കുന്നുണ്ട്, ആദ്യം നോക്കിയത് അവളുടെ കണ്ണിൽ ആണ് അത് ചെറുതായി നിറഞ്ഞു നിൽക്കുന്നു പിന്നെയാണ് അവളുടെ മൂക്കിൽ നോക്കുന്നത് , ആ മൂക്കിൽ നോക്കിയതും എന്റെ കണ്ണ് ഒന്ന് വിടർന്നു

ഞാൻ വാങ്ങിക്കൊടുത്ത മൂക്കുത്തി ആ മൂക്കിൽ തിളങ്ങുന്നു, ഞാൻ പെട്ടന്ന് തന്നെ നോട്ടം അവളുടെ മുഖത്തേക്കാക്കി, പെണ്ണ് നിറഞ്ഞ കണ്ണുമായി ഒരു നാണിച്ച ചിരി ചിരിച്ചു

ഞാൻ നടന്നു അവളുടെ അടുത്തേക്ക് എത്തി

“ലച്ചു.. ”

“ഹ്മ്മ്… ”

“നീ എന്താ രാവിലെ ഇത് ഇട്ടുകൊണ്ട് വരാത്തത് ”

“എടാ ഞാൻ രാവിലെ വീട്ടിൽ നിന്നല്ലേ വന്നത്, അവിടെ നിന്ന് വരുമ്പോൾ എങ്ങനെ ഇതും ഇട്ടുകൊണ്ട് വരും. ചോദിക്കില്ലേ അവർ എവിടെ നിന്നാ ഇതെന്ന് ”

അത് കേട്ടപ്പോളാണ് ഒരു സമാധാനം ആയത്.

“അത് നിനക്ക് രാവിലെ പറയാൻ പാടില്ലായിരുന്നോ ”

“അതിന് ആ സമയത്തു എന്റൊപ്പം അനു ചേച്ചി ഇല്ലായിരുന്നോ. പിന്നെ ഞാൻ ഇവിടെ വന്നു നിനക്കായി വെയിറ്റ് ചെയ്തു നീ വന്നില്ല ”

“അത് പിന്നെ… നിന്നെ രാവിലെ കണ്ടപ്പോൾ ഉണ്ടായ വിഷമത്തിൽ ക്ലാസ്സിൽ കേറാൻ തോന്നിയില്ല അപ്പൊ തിരിച്ചു റൂമിലേക്ക്‌ പോയി “

“എന്തെങ്കിലും സ്വന്തമായി അങ്ങ് ചിന്തിച്ചു കൂട്ടും,.. നിനക്ക് എന്നോട് ഒന്ന് സംസാരിച്ചിട്ട് പോകാൻ പാടില്ലായിരുന്നോ ”

അപ്പോളാണ് ഞാനും അത് ചിന്തിക്കുന്നത്, രാവിലെ അവളോട് ഒന്ന് സംസാരിക്കാൻ പോലും തോന്നിയില്ല ഞാൻ തന്നെ എല്ലാം ചിന്തിച്ചു കൂട്ടി പോയതാണ്

“അപ്പോ നിനക്കെന്നെ ഇഷ്ടമാണോ… അതുകൊണ്ടല്ലേ ഞാൻ തന്ന മൂക്കുത്തി ഇട്ടതു ”

ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖത്തൊരു നാണം വന്നു, നാണിച്ചുള്ള ആ ചിരി കാണാൻ നല്ല രസമാണ്, ചിരിക്കുമ്പോൾ അവളുടെ നുണക്കുഴി നന്നായി തെളിഞ്ഞു വരുന്നു

ലച്ചു എന്തോ പറയാൻ ഒരുങ്ങി

“ഡാ മുത്തേ…. ”

മാളുചേച്ചിയുടെ ശബ്ദം കെട്ടു ഞാൻ തിരിഞ്ഞു നോക്കി, അവൾ എന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്

“എടി തെണ്ടി ചേച്ചീ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ വച്ചു എന്നെ അങ്ങനെ വിളിക്കരുത് എന്ന് ”

“ഞാൻ തോന്നിയത് വിളിക്കും, നീ ഇപ്പൊ ഇത് പറ നീ എന്തിനാ രാവിലെ ക്ലാസ്സിൽ കയറാതെ പോയത് ”

ചെറിയ കലിപ്പിലാണ് ആൾ, ഞാൻ തിരിഞ്ഞു ലച്ചുവിനെ നോക്കി

“നീ അവളെ നോക്കാതെ ഉത്തരം പറയടാ ”

“ഞാൻ എല്ലാം വൈകിട്ട് പറയാം നീ ഇപ്പൊ പോ ”

“ഹ്മ്മ് ശരി, … അല്ല ഇതാര് ലക്ഷ്മിയോ… എന്താ ഇവന്റെ ഒപ്പം ”

ലച്ചു ഉത്തരം പറയാനാവാതെ നാണിച്ചു നിന്നതും മാളു വീണ്ടും സംസാരിച്ചു തുടങ്ങി

“അല്ല… നല്ല മൂക്കുത്തി ആണല്ലോ പുതിയതാണോ ”

ലച്ചു നാണത്തോടെ സംസാരിച്ചു തുടങ്ങി

“അതെ മിസ്സേ,.. പുതിയതാ ”

“എന്താ ആരെങ്കിലും വാങ്ങി തന്നതാണോ ”

അവൾ ഒന്നും അറിയാത്ത പോലെ ലച്ചുവിനോട് അഭിനയിച്ചു തകർക്കുകയാണ്, ലച്ചു എന്നെ ഒന്ന് ഇടം കണ്ണിട്ട് നോക്കി

“എന്റെ പോന്നു ചേച്ചിയല്ലേ. ഒന്ന് പോയിത്താടി ”

“നീ പോടാ ഞാൻ എന്റെ സ്റ്റുഡന്റിനോടാണ് സംസാരിക്കുന്നതു വേണമെങ്കിൽ നീ പൊക്കോ ”

അതും കൂടെ കേട്ടതോടെ ഇവളുടെ അഭിനയം പൊളിക്കാൻ ഞാൻ ഉറപ്പിച്ചു

“ലച്ചു, നിനക്ക് ഈ മൂക്കുത്തി സെലക്ട്‌ ചെയ്തത് ഞാൻ ആണ് പക്ഷെ അതിന് കാശ് മുടക്കിയത് ഈ മുതലാണ് ”

ഞാൻ മാളുവിനെ നോക്കി പറഞ്ഞതും ലച്ചു അവളെ സംശയത്തോടെ നോക്കി, മാളു നിന്ന് ചിരിക്കുകയാണ്

“മിസ്സേ… ”

“പറ മോളെ ”

“മിസ്സാണോ ഇത് വാങ്ങിയത് ”

“അത് പിന്നെ ഇവൻ എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം എന്ന് പറഞ്ഞപ്പോൾ… ”

അവർ സംസാരിച്ചു നിർത്തിയതും ഞാൻ സംസാരിക്കാൻ തുടങ്ങി

“കഴിഞ്ഞില്ലേ രണ്ടുപേരുടെയും സംസാരം, ഇനി നീ ഒന്ന് പോ മാളു. ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ ”

“ഇല്ല ഞങ്ങളുടെ സംസാരം കഴിഞ്ഞിട്ടില്ല, ഇപ്പോ ഞാൻ ഇവളെ കൊണ്ടുപോവുകയാ. എനിക്ക് അവളോട്‌ കുറച്ചു പറയാനുണ്ട് ”

എന്റെ മറുപടിക്ക് കാത്തുനിക്കാതെ അവൾ ലച്ചുവിനെയും കൂട്ടി നടന്നു നീങ്ങി, ഞാൻ അണ്ടി പോയ അണ്ണാനെ പോലെ ആ വരാന്തയിൽ നിന്നു. ഒരു രണ്ടു മിനിറ്റ് കൂടെ താമസിച്ചു ആ പിശാശ് വന്നിരുന്നെങ്കിൽ ലച്ചുവിന്റെ വായിൽ നിന്നും ഇഷ്ടമാണ് എന്ന് കേൾക്കാമായിരുന്നു അത് നശിപ്പിച്ചു കയ്യിൽ തന്നു

ഞാൻ പിന്നെ വൈകിക്കാതെ ക്ലാസ്സിലേക്ക് പോയി, ക്ലാസ്സിൽ എത്തിയതും പറയാതെ പോയതിനു അവന്മാരുടെ വക തെറി കെട്ടു. എനിക്ക് എങ്ങനെ എങ്കിലും വൈകിട്ടാവണം ലച്ചുവിനെ കാണണം എന്ന ആഗ്രഹം ആയിരുന്നു

വൈകിട്ടും കണ്ടപ്പോൾ അവളുടെ ഒപ്പം കൂട്ടുകാരികൾ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അധികം സംസാരിക്കാൻ പറ്റിയില്ല, അന്ന് രാത്രി ഞാൻ അവളെ അങ്ങോട്ട്‌ ഫോൺ വിളിച്ചു

“ലച്ചു… ”

“ഹ്മ്മ് ”

പെണ്ണിന് ഇത്രയും നാൾ ഇല്ലാതിരുന്ന നാണമാണ് ഇപ്പൊ,

“ഞാൻ ചോദിച്ചതിനുള്ള ഉത്തരം കിട്ടിയില്ല ”

“എന്താ ”

“എന്നെ ഇഷ്ടമാണോ എന്ന് ”

കുറച്ചു സമയം അവൾ ഒന്നും പറഞ്ഞില്ല, എനിക്കാണെങ്കിൽ ടെൻഷൻ അടിച്ചിട്ട് എന്റെ ചങ്കിടിപ്പ് എന്റെ ചെവിയിൽ കേൾക്കാം എന്ന അവസ്ഥ

“ലച്ചു.. പറ എന്നെ ഇഷ്ടമാണോ ”

“മ്മ് ”

അവൾ അതിനു ഒന്ന് മൂളി, അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി എങ്കിലും അവളുടെ വായിൽ നിന്നും ഇഷ്ടമാണ് എന്ന് കേൾക്കാൻ ഒരു ആഗ്രഹം

“മൂളാനല്ല, വാ തുറന്നു പറ ”

“ഇഷ്ടമാണ് ”

അവൾ ഒരു പതിഞ്ഞ താളത്തിൽ പറഞ്ഞു

“ശരിക്കും ”

“മ്മ് ”

“മൂളാതെ വാ തുറന്ന് പറയടി ”

“ആ ശരിക്കും ”

ഇപ്പൊ കുറച്ചു ഒച്ച കൂട്ടി കലിപ്പിലാണ് സംസാരം, എനിക്കിതൊക്കെ കേൾക്കുമ്പോൾ തുള്ളിച്ചാടാൻ തോന്നുന്നുണ്ട്

അവിടെ മുതൽ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ തുടങ്ങി, ഇനി കോളേജിൽ വച്ചു അധികം സംസാരം വേണ്ട, ആളുകൾക്ക് സംശയിക്കാൻ ഇട ആക്കേണ്ട എന്ന് ഞങ്ങൾ ഉറപ്പിച്ചു, പക്ഷെ അപ്പൊ ഞങ്ങൾക്കു അറിയില്ലായിരുന്നു ഒരാൾ ഇതെല്ലാം അറിഞ്ഞെന്നും ഞങ്ങൾക്കുള്ള പണി വരുന്നുണ്ടെന്നും….

Comments:

No comments!

Please sign up or log in to post a comment!