ആർദ്രം

” അച്ചു…മഴ പെയ്യുന്നുണ്ട്….”

“കേൾക്കാം അപ്പുവേട്ടാ..”

“നനയണോ…?”

അവൾ ഒന്നും പറഞ്ഞില്ല… പകരം കട്ടിലിനോട് ചേർന്നുള്ള ചുമരിലേക്ക് തിരിഞ്ഞ് കിടന്നു……

അപ്പോൾ അവളുടെ തല മറച്ചിരുന്ന ആ കടുംനീല ശീല തലയിൽ നിന്ന് പതുക്കെ ഇടറി വീണു… ആ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ അവളുടെ തലയോട് വജ്രം പോലെ തിളങ്ങി കണ്ടു……

ക്ഷീണിച്ച് ചുറ്റും പുക പോലെ കറുപ്പ് കയറിയ കണ്ണുകൾ കാർമേഘങ്ങളെ പോലെ പെയ്തിറങ്ങി…… അവൾ നീറി നീറി കരയുകയാണ്…….

“അച്ചു…!”

അവന്റെ ആ വിളിയിൽ… അത് വരെ അണിഞ്ഞിരുന്ന അവളുടെ ധൈര്യത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു…

ഒരു കൊച്ചുകുട്ടിയെ പോലെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു.. അവളുടെ കണ്ണീര് പൊള്ളുന്നുണ്ടെന്ന് തോന്നുന്നു. പൊള്ളലേറ്റ വേദന കൊണ്ടാവണം അവന്റെ കൺക്കോണിൽ ഒരു മഴത്തുള്ളി പേമാരിയായ് പെയ്യാൻ കാത്തു നിൽക്കുന്നത്…

“അപ്പുവേട്ടാ… പഴയ പോലെ ആവണം…”

“എല്ലാം പഴയ പോലെ തന്നെ ആണല്ലോ… പിന്നെന്താ ?”

“അല്ല…എല്ലാം മാറി.. പഴേ പോലെ…എല്ലാവർക്കും കൂടെ തറവാട്ടിൽ ഒന്ന് കൂടണം…അമ്മേം അച്ഛനും അച്ചോളും വല്ലിമാമേം കുഞ്ഞിമ്മായീം… എല്ലാവരും കൂടെ…. അപ്പുവേട്ടനും, അനന്തുവേട്ടനും, അച്ചൂം, കുട്ടനും… പഴയ പോലെ അവിടെ ഒക്കെ കുറുമ്പ് കാട്ടി നടക്കണം… ഇനി എനിക്ക് അതിനൊന്നും പറ്റീല്ലെങ്കിലോ…” അവൾ അവന്റെ നെഞ്ചിൽ പറ്റിപിടിച്ച് കിടന്നു കരഞ്ഞു …!

“അച്ചു….എഴുന്നേൽക്ക്.” അവൻ അവളുടെ മുഖം നെഞ്ചിൽ നിന്ന് ഉയർത്താൻ നോക്കി…

“മ്..മ്…” അവൾ വീണ്ടും ചൂട് പറ്റി ചേർന്ന് കിടന്നു…

“നീ എണീറ്റേ….നമുക്ക് മഴ നനയാം…വാ…. പഴേത് ഒക്കെ തിരിച്ച് വേണംന്ന് അല്ലേ പറഞ്ഞേ..”

അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു… കടുംനീല ശീല കൊണ്ട് അവളുടെ തല മറച്ചു… അവളുടെ വട്ടം മുഖം കൈക്കുള്ളിൽ കോരിയെടുത്ത്… കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു….

” എന്റെ അച്ചു ഇങ്ങനെ അല്ല….. വാശിക്കാരിയാ..മരംകേറിയാ..ആ കുറുമ്പൊക്കെ തിരിച്ച് താ…അപ്പൊ പഴേത് എല്ലാം തിരിച്ച് വരും.”

കവിൾ നനച്ചൊഴുകിയ ആ പുഴ അവൻ കൈ കൊണ്ട് തുടച്ചെടുത്തു.. അവളുടെ കൈ പിടിച്ച് ബാൽക്കണിയിലേക്ക് നടന്നു….

പുറത്ത് മഴ കനത്ത് പെയ്യുന്നു…

കാർമേഘങ്ങൾ ഉരുണ്ടു കൂടി മഴത്തുള്ളികൾ ശരവേഗത്തിൽ ഭൂമിയിൽ സ്പർശിച്ചുകൊണ്ടിരുന്നു… ശക്തിയായ കാറ്റു വീശുന്നുണ്ട്, ഭൂമി പിളർക്കുന്ന തരത്തിൽ നിലത്തേക്കിറങ്ങി വന്നു വലിയ ശബ്ദത്തോടെ ഇടിയും മിന്നലും ഒരുമിച്ചു പൊട്ടുന്നു… ശക്തമായ കാറ്റിൽ മരങ്ങളും തെങ്ങുകളുമെല്ലാം ആടിയുലഞ്ഞു….

. അവിടെവിടെയായ് മരങ്ങൾ കടപുഴകി വീഴുകയും, കൊമ്പുകൾ പൊട്ടി നിലംപതിക്കുകയും ചെയ്യുന്നുണ്ട്……

ഓരോ തുള്ളിയും മുകളിലെ അലുമിനിയം ഷീറ്റിൽ തട്ടി ഉടഞ്ഞ് തകരുന്നു.. മുറ്റത്തെ ചരൽ കല്ലിൽ വന്ന് വീണത് കൊണ്ടായിരിക്കാം… വേനൽമഴയ്ക്ക് പുതുമണ്ണിന്റെ മണമില്ല… അല്ലെങ്കിലും ടൗണിലെ മഴ ഗ്രാമത്തിലെ മഴയിൽ നിന്ന് തികച്ചും വ്യത്യസ്തയാണ്… അത് അങ്ങനെ തന്നെ ആണല്ലോ.. നാട് ഓടുമ്പോ നടുവേ ഓടണം… മഴയും അതൊന്ന് പയറ്റി നോക്കി കാണണം….!

“അപ്പുവേട്ടന്റെ അവ്ടത്തെ കുളം നിറഞ്ഞ് കാണുംലേ…?”

അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് മഴയെ നോക്കി അവൾ പറഞ്ഞു….

“അതിന് ഇപ്പൊ അവിടെ മഴ പെയ്തിണ്ടാവില്ലല്ലോ. പിന്നെ എങ്ങന്യാടീ..”

“അല്ല…അവിടേം മഴ പെയിണ്ട്…”

“എന്താ ഇത്ര ഉറപ്പ്..?”

“ദേ ഈ മഴത്തുള്ളി പറഞ്ഞതാ…”

“മഴ പെയ്തല്ലേ ഉള്ളൂ …. അപ്പോഴേക്കും ചളി തെറിച്ച് തുടങ്ങീലോ…”

“തമാശിക്കല്ലേ…ഞാൻ അച്ഛനോട് ആ കുളം ഒന്ന് വൃത്തിയാക്കാൻ പറഞ്ഞിരുന്നു.. ചെയ്പ്പിച്ചോ ആവോ..”

“ഇതൊക്കെ എപ്പൊ പറഞ്ഞ്…? അല്ല ആ കുളം ഇപ്പൊ നേര്യാക്കീട്ട് എന്തിനാ..?”

അവൾ തിരിച്ച് ഒന്നും പറയാതെ എന്തോ ഓർത്ത് ചിരിച്ചു…. മാസങ്ങളായി അവളുടെ മുഖത്ത് ഇങ്ങനെ ഒരു പ്രസാദം കണ്ടിട്ട്… ആ നനുത്ത ഓർമകൾ കൊടുത്ത സന്തോഷം കളയണ്ടെന്ന് വെച്ച് അവൻ പിന്നീട് ഒന്നും മിണ്ടിയില്ല… അവളെ അവളുടെ സ്വപ്നലോകത്തേക്ക് വിട്ടു….

ആ നിശബ്ദതയിൽ അവൻ കുറച്ച് കാലം പുറകിലോട്ട് പോയി….

**************

അനന്തുവിന്റെ കുഞ്ഞമ്മാവന്റെ മകളെ കാണാനില്ലെന്ന് കുട്ടനാണ് ഓടി വന്ന് പറഞ്ഞത്… മഴയായത് കൊണ്ട് പുറത്തിറങ്ങരുതെന്ന് താക്കീത് തന്നിട്ടാണ് അച്ഛൻ രാവിലെ പോയത്… പക്ഷേ കൂട്ടുക്കാരന് ഒരു പ്രശ്നം വന്നാൽ പോവാതിരിക്കാൻ പറ്റുവോ…

അമ്മയോട് ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ അനന്തുവിന്റെ വീട്ടിലേക്ക് ഓടി.. പിന്നാലെ കുട്ടനും.. അനന്തു പടിക്കൽ തന്നെ ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു.. കാര്യങ്ങളൊക്കെ തിരക്കി…. അച്ചുവിനെ അന്വേഷിക്കാനായി ഞങ്ങൾ മൂന്ന് പേരും മൂന്ന് വഴിക്ക് തിരിഞ്ഞു…

എവിടെ കണ്ടാലും ഒന്ന് കൊടുത്തിട്ട് കൊണ്ടു വന്നാ മതി എന്നാ വല്ല്യച്ഛൻ പറഞ്ഞിരിക്കുന്നത്… അതൊക്കെ എന്തെങ്കിലും ആവട്ടെ… ആ മരംകേറി എങ്ങോട്ട് പോയി എന്ന അങ്കലാപ്പായിരുന്നു ഞങ്ങൾക്ക്…….

അച്ചൂന് അല്ലറ ചില്ലറ കുറുമ്പൊന്നും അല്ലെന്ന് ഞങ്ങളേക്കാൾ നന്നായി അറിയാവുന്നവർ വേറെ ഇല്ല… പോരാത്തതിന് അവളെ കൊണ്ട് നടന്ന് ചീത്തയാക്കുന്നത് ഞങ്ങളാണെന്നാണ് എല്ലാവരുടെയും ഭാവവും…

അതുകൊണ്ട് അച്ചുവിന്റെ ഈ കുഞ്ഞ് തിരോധാനം ഞങ്ങളിൽ എത്രത്തോളം പ്രഹരമേൽപ്പിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു…

കുഞ്ഞച്ഛനും, അമ്മാവനും ഒരു വഴിക്ക് അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്… അവരുടെ കൈയിൽ ആണ് ആദ്യം കിട്ടുന്നതെങ്കിൽ അവളുടെ കാര്യം പോക്കാ….


ആ പെരുംമഴയത്ത് ഞങ്ങൾ ആ നാട് മുഴുവൻ അവളെ അന്വേഷിച്ച് ഓടി.. അമ്പലത്തിനടുത്ത്, ആലിന്റെ ചോട്ടിൽ , കവലയിൽ, മാതാവിന്റെ രൂപക്കൂടിന് മുന്നിൽ, അവൾ എന്നും ചെന്നിരിക്കുന്ന പാറയുടെ അടുത്ത്, പാടത്തും പറമ്പിലും എല്ലാം…

പിന്നെ അവളുടെ ഏറ്റവും പ്രിയപ്പെട്ട അവളുടെ കലാക്ഷേത്രത്തിലും… കണ്ടവരോട് ഒക്കെ ചോദിച്ചു…. ആരും അവളെ അന്ന് കണ്ടട്ടില്ല….

അതും കൂടി കേട്ടപ്പോൾ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോകുന്ന പോലെ… എന്തെങ്കിലും പറ്റി കാണുമോ എന്നൊരു ഭയം…

ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അന്ധാളിച്ചു നിന്നു.. കൈ കാലുകൾ കുഴയുന്ന

പോലെ…. ഞാൻ അടുത്ത് കണ്ട ഒരു കരിങ്കല്ലിൽ ഇരുന്നു… ഇതിനിടയ്ക്ക് മഴയുടെ ശക്തി ഒന്ന് കുറഞ്ഞിട്ടുണ്ട്… വല്ലാത്തൊരു പേടി എന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടികൊണ്ടിരുന്നു…….

അകലെ നിന്ന് കുട്ടൻ ഓടി വരുന്നുണ്ട്… അവൻ എന്തോ ഉറക്കെ വിളിച്ച് കൂവുന്നുമുണ്ട്….

“അപ്പൂ…അച്ചു അവിടെ…”

അവൻ എന്റെ അടുത്ത് എത്തുന്നതിന് മുന്നേ ഞാൻ അവന്റെ അടുത്തേക്ക് നടന്നു… അവൻ നന്നായി കിതക്കുന്നുണ്ട്…. പറയാൻ വാ തുറക്കുമ്പോഴൊക്കെ വെറും കാറ്റ് മാത്രമാണ് പുറത്തേക്ക് വന്നത്….

“അച്ചു…. നിന്റെ…. നിന്റെ…. വീടിന്റെ… പുറകിലെ കുളത്തിൽ…”

അവൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപേ ഞാൻ അവിടെ നിന്ന് ഓടി…….

അച്ചു എനിക്ക് വെറും കളിക്കൂട്ടുകാരിയല്ല എന്ന് അന്നാണ് എനിക്ക് മനസ്സിലായത്…..അവളെ കാണാതായപ്പോൾ എനിക്ക് ഉണ്ടായ ആ പിടച്ചിലിൽ നിന്ന് അവളെനിക്ക് ആരെല്ലാമോ ആണെന്ന് മനസ്സിലായി…..

ഓടി കിതച്ച് വീടിന് പുറകിലെ കുളക്കടവിൽ എത്തി… അനന്തുവിന്റെ മുന്നിൽ ഒരു കുസൃതിചിരിയുമായ് ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിന് ഒരു തണുപ്പ്… അതു വരെ ഓടിയതിന്റെ ക്ഷീണം ആ കാഴ്ചയിൽ അലിഞ്ഞില്ലാണ്ടായി….

“ഡീ…നിനക്ക് എന്താ ബോധല്ല്യേ……” ഞാൻ അവൾക്ക് നേരെ കൈ ഓങ്ങി നിന്നു…. അവൾ വീണ്ടും ചിരിച്ചു…. അത് കണ്ടപ്പോൾ എന്റെ ദേഷ്യം മൂർധന്യാവസ്ഥയിൽ എത്തി…. അടുത്ത നിമിഷം എന്റെ കൈ അവളുടെ മുഖത്ത് വീഴും എന്ന് ഉറപ്പ് ആയ ആ നിമിഷം…

“എവ്ട്രാ അവള്… പെൺകുട്ട്യോള് ആയാൽ ഇത്ര അഹങ്കാരം പാടില്ല…” കൈയിൽ ഒരു കൊന്ന വടിയുമായി കുഞ്ഞച്ഛനും അമ്മാവനും എത്തി…. അവളുടെ പുറത്ത് വടി വീണു….

“ഹൂ…. കുഞ്ഞ്ച്ഛാ….. തല്ലല്ലേ…” അവൾ ഓടി അനന്തുവിന്റെ പിന്നിൽ ഒളിച്ചു….

അടി കൊണ്ടിടം കൈ എത്തിച്ച് ഉഴിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ പാവം തോന്നി.
.

അടി ഒന്നും അച്ചുവിന് പുത്തരി അല്ലായിരുന്നു….. വെറുതെ പോവുന്ന തല്ല് വരെ അവൾ ചോദിച്ച് വാങ്ങും….

അമ്മാവൻ അവളുടെ കൈ പിടിച്ച് വലിച്ച് അവിടെ നിന്ന് കൊണ്ടുപോവുമ്പോ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു….

അന്ന് ആദ്യമായി ആ കാന്താരിയോട് എനിക്ക് പ്രണയം തോന്നി….

ഇതെല്ലാം കണ്ട് എന്റെ തോളിൽ കൈയിട്ട് ഒരുത്തൻ നിൽപ്പുണ്ടെന്ന് ഞാൻ അപ്പോഴാണ് ഓർത്തത്… അവളുടെ ആങ്ങള… അവനോട് പറയാൻ മുതിർന്നപ്പോഴേക്കും…. അവൻ ആ കാര്യം ഇങ്ങോട്ട് ചോദിച്ചു…

അവനെ പോലെ എന്നെ അറിയാവുന്നൊരാൾ വേറെ ഇല്ല… നാളെ കാണാം എന്ന് പറഞ്ഞ് അവൻ പോവുമ്പോ തോന്നി, ‘ അച്ചൂന് തല്ല് കിട്ടാതെ നോക്കണേടാ ‘ എന്ന് പറയാൻ… പിന്നെ ഒന്നും പറയാൻ നിന്നില്ല….

പിറ്റേദിവസം ക്ലാസിൽ പോകാൻ തയ്യാറായി…. അനന്തുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ പതിവില്ലാത്ത ഒരു പേടി…

അവൻ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞ് കാണുവോ….അവൾക്കാണേൽ നാക്കിന് ഒരു ലൈസൻസും ഇല്ലാത്തതാ…

കണ്ണിൽ കണ്ട പട്ടിയോടും, പൂച്ചയോടും, ചെടികളോടും വരെ അവളത് പറയും……

ഓരോന്ന് ആലോചിച്ച് അവരുടെ പടിപ്പുര വരെ എത്തി.. ഇന്ന് അനന്തു മാത്രേള്ളൂ… വാൽകഷ്ണം അച്ചുവിനെ ആ ഭാഗത്ത് ഒന്നും കാണാനില്ല… ഞാൻ കുനിഞ്ഞും ചെരിഞ്ഞും നോക്കി…..

“എന്തുവാടേയ്…? അവൾ ഇവിടെ ഇല്ല…. നീ വല്ലാണ്ട് ചൂഴ്ന്ന് നോക്കണ്ട…”

അവൻ എന്നെ കടന്ന് നടന്നു… ആ ചമ്മൽ മറച്ചു പിടിച്ച് ഞാൻ അവന്റെ ഒപ്പം എത്താൻ നടന്നു….

“അവള് എവിടെ പോയ്…?” എന്റെ ഈ പുതിയ ജിജ്ഞാസ കണ്ട് അവന് ചിരി വന്നു….

“അവൾ ആ കലാക്ഷേത്രത്തിലിണ്ട്.. അവ്ടെന്ന് കൂട്ടണം…”

അത് കേട്ടപ്പോൾ ഒരു സമാധാനം…. കൂടുതലൊന്നും ചോദിക്കാതെ ഞാൻ വേഗം നടന്നു…..

കലാക്ഷേത്രത്തിന്റെ മുന്നിൽ അവൾ ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു…. രണ്ട് വശത്ത് മെടഞ്ഞിട്ട അവളുടെ നീളൻമുടിയുടെ തുമ്പിൽ ഒരു കൂവളത്തില തിരുകി വെച്ചിട്ടുണ്ട്….

നെറ്റിയിലെ ചന്ദനകുറിയും , നീട്ടി എഴുതിയ കണ്ണും…. അന്ന് ആദ്യമായിട്ടാണ് അവളെ കാണുന്നതെന്ന് എനിക്ക് തോന്നി…..

ഞങ്ങളെ കണ്ടപ്പോൾ താഴെ ഇറക്കി വെച്ചിരുന്ന ബാഗ് തോളിലേക്ക് ഏറ്റി അവൾ പിന്നാലെ കൂടി..

അടുത്ത തിരിവിൽ നിന്ന് ഞങ്ങളുടെ ഒപ്പം കുട്ടനും കൂടി… പതിവില്ലാതെ കാന്താരി ഇന്ന് മിണ്ടാപൂച്ചയാണ്….

എനിക്ക് അവളോട് മിണ്ടണം എന്ന് മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു…. അനന്തു കുട്ടന്റെ കൂടെ അല്പം വേഗത്തിൽ നടന്നു.


ഇന്ന് ഞാൻ ആണ് പതിവില്ലാതെ അവളോട് കേറി സംസാരിച്ചത്….

“അച്ചൂ….ഇന്നലെ കുറെ തല്ല് കിട്ടിയോ..?”

“ഏയ്… രണ്ടണ്ണം…”

“വെല്ല ആവശ്യണ്ടാർന്നാ…നീ എന്തിനാ ആ മഴേത്ത് അവിടെ വന്നിരുന്നേ…?”

“അത് മഴ വന്നപ്പോ കേറി നിന്നതല്ലേ…”

“കുളക്കടവിലോ… അപ്പൊ നിനക്ക് വീട്ടിക്ക് കേറായിരുന്നില്ലേ…”

“അത് പിന്നെ…”

“ഏത് പിന്നെ…”

“സത്യം പറഞ്ഞാൽ… കുളത്തിൽ മഴ പെയ്യണ കാണാൻ വന്നതാ..”

“ചെറിയ വട്ടൊന്നും അല്ലാലേ…?”

“വട്ടോ… കുളത്തിൽ മഴ പെയ്യുന്ന കണ്ടിണ്ടോ.. നല്ല രസാ… വെള്ളത്തിൽ മഴത്തുള്ളി വന്ന് വീഴുന്ന ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ..?”

“ഇല്ല.. എനിക്ക് നിന്നെ പോലെ വിട്ടില്ലല്ലോ..”

“ഹ്ം… ഒന്ന് കേട്ട് നോക്കു…ഒരു താളണ്ട് … അതേ താളാ ചില നേരത്ത് എന്റെ ചിലങ്കയ്ക്കും.”

“ഹോ…മനസ്സിലായേ… അല്ല ഇപ്പൊ എന്താ കലാക്ഷേത്രത്തില്..?”

“ടീച്ചറെ കാണാൻ വന്നതാ.. ഒരു കിടുക്കൻ ആശയം കിട്ടി ഇന്നലെ…. അത് ഒന്ന് ചിട്ടപ്പെടുത്തി തരാൻ പറയാൻ…”

“ആ… എന്നിട്ട് ഞങ്ങൾക്കൊക്കെ എന്ന് കാണാൻ പറ്റും ഡാൻസ്….”

“അപ്പുവേട്ടന് നാളെ കാണാലോ..”

“എങ്ങനെ..?”

“അതൊക്കെ ഇണ്ട്.”

ഓരോന്ന് പറഞ്ഞ് നടന്ന് ഞങ്ങൾ കവലയിൽ എത്തി….ഇനി രണ്ട് പേരും രണ്ട് വഴിക്ക് ആണ്… അവൾക്ക് അവിടെ നിന്നാൽ സ്കൂൾ ബസ് കിട്ടും… ഞങ്ങൾക്ക് ഇത്തിരി നടന്നാലേ ബസ് കിട്ടുള്ളൂ….

വന്ന് നിന്നതും അവളുടെ ബസ് വന്നു……… യൂണിഫോം പാവാട ഒതുക്കി പിടിച്ചവൾ ബസ്സിലേക്ക് കയറി……അവളുടെ സ്ഥിരം ജനലിനടുത്തുള്ള സീറ്റിലേക്ക് ഇരുന്നു…….

അനന്തുവിന് നേരെ എന്നത്തേയും പോലെ കൈ വീശി കാണിച്ചു… പതിവില്ലാതെ എന്നെ നോക്കി ഒന്ന് ചിരിച്ചു……

വണ്ടി നീങ്ങിയപ്പോൾ ജനലിലൂടെ തല പുറത്തേക്ക് ഇട്ടവൾ വിളിച്ചു പറഞ്ഞു……

“അനന്തുവേട്ടൻ എല്ലാം പറഞ്ഞൂട്ടോ..!”

എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അവളുടെ ബസ് അകലേക്ക് പോവുന്നത് നോക്കി നിന്നു….

ഒരു പുലർകാലത്ത്..! കരളിന്റെ കിളിവാതിലിലൂടെ കടന്നെത്തിയ അവളുടെ ഓർമകൾക്ക് നനുത്ത മഞ്ഞിന്റെ കുളിരുണ്ടായിരുന്നു… തണുത്ത പുലരിക്കാറ്റിന്റെ ആർദ്രതയുണ്ടായിരുന്നു… സൂര്യന്റെ സൗവർണ രശ്മികളാൽ എന്റെ മനസ്സിലെ ഹിമകണികകൾ അനന്ത പ്രഭ ചൊരിയുമ്പോൾ… ആ മഞ്ഞുതുള്ളിയിൽ കണ്ട ഏഴഴകുള്ള മഴവില്ല്…. അത് അവളായിരുന്നു…!

പിന്നീട് ചെറിയ നോട്ടങ്ങളും, പുഞ്ചിരികളും ആയി ദിവസങ്ങൾ കടന്ന് പോയി…….. ഇടയ്ക്കിടെ എന്നിലേക്ക് നീളുന്ന മിഴികൾ… കുസൃതിയോടെ ഞാൻ അവയെ നോക്കുമ്പോൾ നാണിക്കുന്ന കവിളിണകൾ…

അന്നാദ്യമായി ഇടവഴിയിലെ മൺതിട്ടയിൽ തട്ടി വീഴാൻ ആഞ്ഞപ്പോൾ അവളെ ചേർത്ത് പിടിച്ചത്… പകരമായി എന്റെ കൈകളിൽ മഴ നനഞ്ഞ ചുണ്ടുകൾ ചേർത്ത് മുത്തിയത്….

അച്ചൂ, ശരിക്കും ഈ പ്രണയം എന്നാൽ എന്താണ്…?

അവൾ എന്റെ വാക്കുകൾ കേട്ട്, പൊട്ടിച്ചിരിച്ചു…..

“നിന്നോട് ചിരിക്കാനല്ല പറഞ്ഞേ, മറുപടി താടി.. ”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു…

“പ്രണയം.. അത് പരമേശ്വരൻ ആണ്……… തന്റെ സതിക്ക് വേണ്ടി അവളുടെ പ്രണയത്തിനു വേണ്ടി പ്രളയം സൃഷ്ടിച്ച കൈലാസനാഥൻ…

തന്നുടലിന്റെ നേർ പാതി പകുത്തു നൽകികൊണ്ട് അവളോടുള്ള തന്റെ പ്രണയം തെളിയിച്ചവൻ…

തന്റെ പാതി അവൾ ആണെന്ന് തിരിച്ചറിഞ്ഞ്… അവൾ ഇല്ലെങ്കിൽ താനില്ല എന്നും താനില്ലെങ്കിൽ അവളില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചവൻ..

സതിയുടെ പുനർജ്ജൻമം എങ്കിലും പാർവതി ദേവിയെ ഒരു നോക്ക് കൊണ്ട് പോലും കളങ്കപ്പെടുത്താത്തവൻ.. പാർവതിയുടെ ഓർമകൾക്ക് ഉള്ളിൽ ജീവിക്കുന്ന എന്റെ സതിയിലേക്കുള്ള യാത്ര അവസാനിക്കുന്ന വരെ ഒരു സ്വയംഭൂവായി ഞാൻ മാറിടട്ടെ എന്ന് ഉറക്കെ പ്രഖ്യാപിച്ച പരമശിവനോടാണ് എനിക്ക് ആരാധന…. എന്റെ പ്രണയവും……

എന്നെ ഒന്ന് നോക്കിയതിനു ശേഷം അവൾ തുടർന്നു…

“എന്റെ പരമശിവൻ നീയാ.. അപ്പൊ എന്റെ പ്രണയവും….”

****************

ഒരു മഴത്തുള്ളി അവന്റെ കവിളിൽ വന്നു വീണു…. അവനെ ഓർമകളിൽ നിന്ന് ഉണർത്തി… വേദനയെല്ലാം മറന്ന്… അവളുടെ പ്രിയപ്പെട്ട മഴയുടെ താരാട്ട് കേട്ട് അവൾ അവന്റെ നെഞ്ചിൽ കിടന്ന് മയങ്ങുകയാണ്…..

അവൻ അടുത്തിരുന്ന ഫോൺ എടുത്ത് അനന്തുവിന് ഒരു മെസ്സേജ് അയച്ചു…..

“കലാക്ഷേത്രത്തിൽ ഒരു പ്രോഗ്രാം സെറ്റ് ചെയ്യണം… നാളെ നമുക്ക് അത് വരെ ഒന്ന് പോവാം….”

പിറ്റേ ദിവസം രാവിലെ തന്നെ അനന്തുവും , രമ്യയും, മാളുട്ടീം അവരുടെ വീട്ടിൽ എത്തി…….

അനന്തു കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറിയതും നീട്ടി വിളിച്ചു…..

“മരംകേറി അച്ചൂ…”

ആ വിളി കേട്ടാൽ സാധാരണ അവൾ ഓടി വന്ന് അവന്റെ താടി പിടിച്ച് വലിക്കും….. കുഞ്ഞനിയത്തി സ്നേഹം പ്രകടിപ്പിക്കുന്നത് എന്നും ഇങ്ങനെയാണ്…..

പതിവ് തെറ്റിക്കാതെ ഇന്നും അവൻ വിളിച്ചു…… പക്ഷേ അവൾ പതിവ് തെറ്റിച്ചു…….

തല മറച്ചിരുന്ന കറുത്ത തൂവാല ഒന്ന് ശരിയാക്കി അവൾ ഉമ്മറത്തേക്ക് പയ്യെ നടന്നു വന്നു…..

അനന്തുവിന്റെ കണ്ണ് നിറയുന്നുണ്ടോ.. ഉണ്ട്….. അപ്പു അത് കണ്ടു…. ആ നിമിഷം ഒന്ന് തണുപ്പിക്കാൻ.. അപ്പു കേറി സംസാരിച്ചു……..

” അനന്തുവേ… നിനക്ക് അവളുടെ കൈയിന്ന് ഒന്ന് കിട്ടിയാലേ വീട്ടിൽ കേറാൻ പറ്റുള്ളൂലേ..?” അവന്റെ തോളിൽ കൈ ഒന്ന് മുറുക്കി അപ്പു പറഞ്ഞു.. ആ പിടിയുടെ അർത്ഥം എന്താണെന്ന് അനന്തുവിന് കൃത്യമായി മനസ്സിലായി.. പെയ്യാൻ വെമ്പി നിന്ന കണ്ണുനീർ ഉള്ളിലൊതുക്കി അവർ അകത്തേക്ക് കടന്നു…..

അപ്പോഴാണ് അവർ മാളൂട്ടിയെ ശ്രദ്ധിക്കുന്നത്… കീമോ കഴിഞ്ഞ് ആദ്യമായിട്ടാണ് അവൾ അച്ചുവിനെ കാണുന്നത്… കുഞ്ഞല്ലേ അവൾ അച്ചുവിനെ വിഷമിപ്പിക്കും വിധത്തിൽ എന്തെങ്കിലും ചോദിച്ചാലോ എന്ന് എല്ലാവരും ഭയന്നു….

രമ്യയുടെ മടിയിൽ നിന്ന് ഇറങ്ങി ആ നാലുവയസ്സുക്കാരി അച്ചുവിന്റെ അടുത്തേക്ക് നടന്നു.. അച്ചുവിന്റെ തുടയിൽ ചാരി നിന്ന് കുറച്ച് നേരം അവളെ തന്നെ നോക്കി….

“അച്ചോള്ടെ മുടി എവിടെ പോയ്… അമ്പാട്ടിക്ക് കൊടുത്തതാ…?” അവൾ കൗതുകത്തോടെ ചോദിച്ചു….

“മ്മ്…അമ്പാട്ടിക്ക് കൊടുത്തതാ…”

“അപ്പൊ വേഗം മുടി വരും…മാളുട്ടിക്ക് വന്നല്ലോ..”

അത് കേട്ടതും അവൾ മാളുവിനെ വാരി എടുത്തു.. അവളുടെ കണ്ണിലും നെറ്റിയിലും ഉമ്മ വെച്ചു… അച്ചുവിന്റെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീർ മാളുട്ടി കുഞ്ഞികൈ കൊണ്ട് ഒപ്പിയെടുത്തു.. അച്ചു അവളുടെ വേദന എല്ലാം മറന്ന് അവളോടൊപ്പം അവളുടെ കുസൃതികളിൽ മുഴുകി…..

അച്ചുവിന് കൂട്ടായി രമ്യയെയും, മാളുവിനേം വീട്ടിലിരുത്തി അവർ നാട്ടിലേക്ക് തിരിച്ചു……

അവിടെ വലിയ മാറ്റങ്ങൾ ഒന്നുമില്ല….. പഴയ മണ്ണ് ഇട്ട വഴികൾ ഒക്കെ ഇപ്പോൾ ടാർ ചെയ്തു…. നാട്ടിൽ നിന്ന് ടൗണിലേക്കുള്ള ബസുകളുടെ എണ്ണം കൂടി… കവലയിൽ കുറെ പുതിയ കടകൾ വന്നു… അങ്ങനെ ചെറിയ മാറ്റങ്ങളെ അവിടെയുള്ളൂ…. കുട്ടന്റെ കടയുടെ ഉദ്ഘാടനത്തിനാണ് അവർ അവസാനമായി നാട്ടിൽ വന്നത്….

വണ്ടി കൈതോടിന് കുറുകെയുള്ള പാലം കടന്ന് കലാക്ഷേത്രത്തിന്റെ മുന്നിൽ എത്തി…..

വേനലവധി ആയത് കൊണ്ട് അവിടെ നിറയെ കുട്ടികളുണ്ടായിരുന്നു.. അവർ രണ്ടുപേരും കൂടെ അകത്തേക്ക് നടന്നു.. അകത്ത് നടരാജ വിഗ്രഹത്തിന്റെ മുന്നിൽ കുറച്ച് നീങ്ങിയിട്ട് ടീച്ചർ ഇരുന്നു താളം പിടിക്കുന്നു….

കുട്ടികളുടെ കാലിന്റെ താളം അതിനോടൊപ്പം ഇഴുകി ചേരുന്നു… അവരെ കണ്ടതും ടീച്ചർ പരിചയഭാവത്തിൽ ചിരിച്ചു.. ചൊല്ലികൊണ്ടിരുന്ന ചൊല്ല് അവസാനിപ്പിച്ച്, കൂട്ടത്തിലെ മുതിർന്ന കുട്ടിയോട് കൈതാളം കൊടുക്കാൻ പറഞ്ഞ് ടീച്ചർ അവരുടെ അടുത്തേക്ക് നടന്നു…..

“എന്താ അപ്പു ഈ വഴിക്കൊക്കെ… അനന്തൂം ഇണ്ടോ..?”

“അത്..പിന്നെ… ഒരു കാര്യം…” അപ്പു പറഞ്ഞ് തുടങ്ങുന്നതിന് മുൻപേ ടീച്ചർ അച്ചുവിനെ പറ്റി

ചോദിച്ചു.. ടീച്ചറോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു…

എല്ലാം കേട്ടു കഴിഞ്ഞ് ടീച്ചർ അപ്പുവിന്റെ തോളിൽ തട്ടി പറഞ്ഞു… “താൻ പേടിക്കണ്ടടോ..അച്ചൂന് ഒന്നും വരില്ല…… അവൾ ഒരു കലാകാരിയാ… ദൈവകടാക്ഷം ഉള്ള കുട്ടി… അവൾക്ക് ഒന്നും വരാതെ പരമേശ്വരൻ കാത്തോളും….”

അവരുടെ ആ വാക്കുകൾ അവന് വല്ലാത്ത ഊർജ്ജം നൽകി… അടുത്ത മാസം ഇരുപതിന് കലാക്ഷേത്രത്തിലെ കുട്ടികളുടെ പ്രോഗ്രാം നടത്താൻ തീരുമാനിച്ച് അവിടെ നിന്ന് ഇരുവരും ഇറങ്ങി…..

ഇറങ്ങാൻ നേരത്ത് ടീച്ചർ ഒരു കൂവളമാല അപ്പുവിന്റെ കൈയിൽ വെച്ച് കൊടുത്തു….

“അച്ചൂന്റെ നാൾ ആണ് ഇന്ന്… ശിവന്റെ അമ്പലത്തിൽ കഴിപ്പിച്ചതാ…” അവളെ ഓർത്ത് ടീച്ചറുടെ കണ്ണ് നനഞ്ഞോ….. ഇല്ല തോന്നിയതായിരിക്കും……..

അച്ചു പോലും മറന്ന അവളുടെ നാൾ ഓർത്ത് വെച്ച് വഴിപാടുകൾ കഴിച്ച്, അവൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഇത്ര പേര് ഉണ്ടായിട്ടും ഈ രോഗം എന്തിനാ അവളെ തന്നെ പിടികൂടിയത്….

ആ കൂവളമാല നെഞ്ചിലേക്ക് അടുപ്പിച്ച് പിടിച്ച് അപ്പു കാറിലേക്ക് കയറി…….

പിന്നെ തറവാട്ടിലേക്ക് വണ്ടി നീങ്ങി…….

തറവാട്ടിൽ ഇപ്പൊ വല്ല്യമാമേം, അമ്മായീം, അച്ഛനും, അമ്മയും മാത്രേള്ളൂ…. വല്ല്യമാമ തീരെ കിടപ്പിലായിയിട്ട് കുറച്ച് ആയി….

അച്ചുവിന്റെ കാര്യങ്ങൾ ഒന്നും ഇത് വരെ അറിയിച്ചിട്ടില്ല… ഒരുപക്ഷേ അത് അദ്ദേഹത്തിന് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല…

ഇന്ന് എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് അപ്പുവും അനന്തുവും അവിടേക്ക് പുറപ്പെട്ടത്….

ഉച്ചയൂണ് കഴിഞ്ഞ്.. വിശേഷങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിൽ അപ്പു ആ കാര്യം പതിയെ അവതരിപ്പിച്ചു….

അച്ഛന് മുന്നേ അറിയാവുന്നത് കൊണ്ട് ആ മുഖത്ത് മാത്രം ഞെട്ടലുണ്ടായില്ല….. അമ്മയും അമ്മായിയും പ്രശ്നമാക്കുമെന്നാണ് അവർ കരുതിയത്… പ്രായത്തിന്റെ പക്വതയായിരിക്കാം… അവർ തളർന്നില്ല….

അവരുടെ ആ ധൈര്യം മതി ഇനി അച്ചുവിന് പിടിച്ച് നിൽക്കാൻ എന്ന് അപ്പു ഗാഢമായി വിശ്വസിച്ചു…..

ഇതിനിടയിൽ കട്ടിലിൽ കിടന്ന് ഒരാൾ ഉരുകുന്നുണ്ടായിരുന്നു.. നരച്ച കുറ്റിതാടികൾക്ക് ഇടയിലൂടെ കനത്തിൽ കണ്ണീർ ഒലിച്ചിറങ്ങി….. അയാൾ പിന്നീട് ഒന്നും മിണ്ടിയില്ല… ശരീരം ആകെ മരവിച്ച പോലെ നീണ്ട് നിവർന്നു കിടന്നു.. ആ നിമിഷം എല്ലാവരുടെയും സമാധാനം നശിപ്പിക്കാൻ വന്ന രണ്ട് രാക്ഷസന്മാരാണ് തങ്ങളെന്ന് അവർക്ക് തോന്നി…..

നേരം ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ എത്തണമെന്നുള്ളത് കൊണ്ട് അവർ അവിടെ നിന്നിറങ്ങി….

ഒരിടത്ത് കൂടെ കയറണം… അപ്പുവിന്റെ വീട്ടിൽ… അച്ചു നിലവിളക്ക് പിടിച്ച് കയറി ചെന്ന ആ വീട്ടിൽ… അവളുടെ വരവും കാത്ത് ഇരിക്കുന്നുണ്ട് രണ്ട് പേർ അവിടെ…..

അപ്പുവിനെക്കാൾ ഏറെ അവളെ സ്നേഹിക്കുന്ന അവരുടെ അച്ഛനും അമ്മയും… മരുമകൾ….അല്ല മകൾ പറഞ്ഞപ്പോഴേക്കും കുളക്കടവ് വൃത്തിയാക്കാൻ തുടങ്ങിയൊരു അച്ഛൻ… അവൾക്ക് വേണ്ടി വ്രതവും വഴിപാടുമായി നടക്കുന്ന ഒരമ്മയും…

അവരെയും കണ്ട്…നാലഞ്ച് ദിവസത്തിനുള്ളിൽ അവളെയും കൊണ്ട് വരാം എന്ന് വാക്കും പറഞ്ഞ് അവർ ടൗണിലേക്ക് തിരിച്ചു…..

കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന കൂവളമാല വാടി തുടങ്ങിയിരിക്കുന്നു.. അത് കൊണ്ട് ചെല്ലുമ്പോൾ, അതിൽ നിന്ന് ഒരില നുള്ളി

തലമുടി തുമ്പിൽ വെക്കാൻ തന്റെ അച്ചുവിന് ഇന്ന് ആ കറുത്ത മുടിയിഴകൾ ഇല്ലെന്ന് ഓർത്തിട്ടാണെന്ന് തോന്നുന്നു, അപ്പു ആ കൂവളമാലയെ അവഞ്ജയോടെ നോക്കി..

അവൾക്ക് വേണ്ടി കാച്ചിയ എണ്ണ ഒരു കുപ്പിയിലാക്കി അതിന്റെ അടുത്ത് തന്നെ കൊണ്ട് വെച്ചിട്ടുണ്ട് അമ്മ… അവളുടെ പ്രിയപ്പെട്ട അമ്പഴങ്ങ കറിയും, ഉണ്ണിയപ്പവും മറ്റൊരു പൊതിയിൽ……

വീട്ടിലേക്കുള്ള വഴിയിൽ അവർ പരസ്പരം മിണ്ടിയില്ല… ദയനീയമായ ഒരു മൂകത ആ കാറിനുള്ളിൽ ശ്വാസം കിട്ടാതെ കിടന്ന് പിടഞ്ഞു…

അച്ചു…. രണ്ട് പേരുടെയും ചിന്തകളിൽ അവൾ മാത്രമായിരുന്നു… സൂര്യൻ പടിഞ്ഞാറ് മറഞ്ഞ് ഇരുട്ട് കയറി തുടങ്ങി…. അവർ വീട്ടുപടിക്കൽ എത്തി….

ഉമ്മറത്ത് മുഖം കടന്നൽ കുത്തിയ പോലെ വീർപ്പിച്ച് അവർ വന്നത് ഗൗനിക്കാതെ ഒരാൾ തിരിഞ്ഞ് ഇരിക്കുന്നു…

കാറിന്റെ ശബ്ദം കേട്ടപ്പോൾ അകത്ത് നിന്ന് രമ്യ ഇറങ്ങി വന്നു… അവളുടെ പിന്നാലെ മാളുട്ടിയും…

അച്ചുവിനോട് സംസാരിക്കാൻ ആംഗ്യം കാട്ടിയിട്ട് രമ്യ ചുമരിൽ ചാരി നിന്നു.. മാളുട്ടി അനന്തുവിന്റെ കാലിൽ പറ്റി ചേർന്ന് നിന്നു…. കൈയിൽ ഉണ്ടായിരുന്ന പൊതി ഏടത്തിയുടെ കൈയിൽ ഏൽപ്പിച്ച് അപ്പു അച്ചുവിന്റെ അടുത്തേക്ക് ചെന്നു……

“എന്താടീ.. കാന്താരി നിന്റെ മുഖം..മ്ം…ന്ന് ഇരിക്കണേ…?”

ഇത്രയും ചോദിച്ച് അനന്തു അവളുടെ മുന്നിൽ ചെന്ന് ഇരുന്നു… അച്ഛന്റെ മടിയിൽ സ്ഥാനം ഉറപ്പിച്ച് മാളുവും…

കൂവളമാല പിന്നിൽ ഒളിപ്പിച്ച് അപ്പു ചിരിച്ച് കൊണ്ട് അവളുടെ തോളിൽ കൈയിട്ട് ചേർത്ത് പിടിക്കാൻ നോക്കി….

“ഒന്ന് വിട്ടേ അപ്പുവേട്ടാ…. നിങ്ങൾ എന്നോട് പറയാതെ നാട്ടിൽ പോയല്ലേ.” അവൾ അവന്റെ പിടിയിൽ നിന്ന് കുതറി മാറി… മുഖം കനപ്പിച്ച് ഇരുന്നു….

“ഓഹൊ…. അതാണ് അപ്പൊ പ്രശ്നം…ആ ഞങ്ങൾ പോയി… എല്ലാട്ത്തേക്കും നിന്നെ കൊണ്ട് പോണോ…”

അപ്പു ഇത്തിരി ഗൗരവത്തോടെ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ പറഞ്ഞു….

അവളുടെ കണ്ണുകൾ കലങ്ങി… അവൾ തിരിച്ച് ഒന്നും പറഞ്ഞില്ല….

അപ്പു അവന്റെ കൈയിൽ ഇരുന്ന കൂവളമാല അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു….

“നാളെ വരെ ഒന്ന് കാക്ക് എന്റെ അച്ചു..” ഇതും പറഞ്ഞ് അവനും അനന്തുവും മുഖത്തോട് മുഖം നോക്കി ചിരിച്ചു… ഒന്നും മനസ്സിലാവാതെ മാളുട്ടിയും അവരുടെ ചിരിയിൽ കൂടി…..

അവളുടെ ആ കലങ്ങിയ കണ്ണുകൾ അവരുടെ നേർക്ക് നീണ്ടു… പുരികമില്ലാത്ത ആ മുഖം ചിരിക്കയാണോ കരയുകയാണോ എന്ന് ആർക്കും മനസ്സിലായില്ല….

പാതി ഉണങ്ങിയ കൂവളമാലയിൽ നിന്ന് അവൾ ഒരില അടർത്തി എടുത്തു…. ചൂടാൻ ഇപ്പോൾ മുടിത്തുമ്പില്ലെന്ന് ഓർത്തപ്പോൾ ഉള്ളം കൈയിൽ തന്നെ ചുരുട്ടി പിടിച്ചു….

അവളുടെ കാതിൽ പഴയൊരു ചിലങ്കയുടെ താളം മുറുകി…. ആ താളത്തിനൊപ്പം കൈ അളപത്മത്തിൽ നിന്ന് കടകാമുഖത്തിലേക്കും, തിരിച്ചും മാറി കൊണ്ടിരുന്നു…….

****************

” ഉണ്ണീ .. ആ താഴെ കാണുന്ന മാങ്ങ പൊട്ടിക്കെടാ…”

“അത് ആയിട്ടില്ല ചിറ്റേ…”

“സാരല്ല്യ….നീ പൊട്ടിക്ക്…. നമുക്ക് അമ്മീല് ഉപ്പും മൊളകും ഒക്കെ വെച്ച് ഇടിച്ച് എടുക്കാം….”

അച്ചുവും മാളുവും തറവാടിന് മുന്നിലെ മാവിൻചോട്ടിൽ നിന്നു…. മാവിന്റെ മുകളിൽ കുഞ്ഞച്ചന്റെ മകളുടെ മകൻ ഉണ്ണിയും…..

അവൾ ഈ ദിവസങ്ങൾ, എല്ലാം മറന്ന്

ആഘോഷിക്കുകയാണ്.. അവൾ പറഞ്ഞപോലെ തറവാട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട്… ഒരു ഉത്സവത്തിന്റെ ലഹരിയാണ് ഇപ്പോൾ അവിടെ…

അവളുടെ ചിരിയും കളിയും നോക്കി അപ്പുവും അനന്തുവും ഉമ്മറത്ത് ഇരുന്നു…..

ഞങ്ങൾ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് കുട്ടൻ അപ്പോഴാണ് വരുന്നത്.. അവനെ കണ്ടതും അച്ചു പടിപ്പുരയിലേക്ക് ഓടി ചെന്നു…..

“കുട്ടാ…നീ മാത്രേള്ളൂ..?അവരെ എന്താ കൊണ്ട് വരാഞ്ഞേ..?”

“ഞാൻ ഇപ്പൊ കടേന്ന് ആണ്… നീ വന്നൂന്ന് അറിഞ്ഞിട്ട് വന്നില്ലേൽ നീ എന്നെ കൊല്ലില്ലേ…”

“ഉവ്വ്…നീ കേറി വാ….അവര് ഉമ്മറത്ത് എന്തോ ഗൂഢാലോചന നടത്തിണ്ട്..”

അവർ രണ്ടുപേരും നടന്ന് ഉമ്മറത്തേക്ക് കയറി…

കുട്ടൻ അവരുടെ കൂടെ തിണ്ണയിൽ കയറി ഇരുന്നു.. പിന്നെ നാട്ടുവിശേഷങ്ങളും വീട്ടു വിശേഷങ്ങളുമായി… സന്ധ്യയായത് പോലും അവർ അറിഞ്ഞില്ല…..

രാത്രി അച്ചുവിന്റെ ഞെരുങ്ങി അമർന്നുള്ള കരച്ചിൽ കേട്ടാണ് അപ്പു എണീറ്റത്….

“അച്ചു… എന്താടാ..!” അവൻ അവളുടെ തലയിലെ കുറ്റിരോമങ്ങളിലൂടെ കൈയോടിച്ചു…

“വയ്യ…വേദനിക്കുന്നു…”

അടുത്ത കീമോ എത്രയും പെട്ടെന്ന് വേണം എന്നതിന്റെ മുന്നറിയിപ്പാണ് ഈ വേദന എന്ന് അവന് വ്യക്തമായിരുന്നു…

പെയ്ൻ കില്ലർ ഒരെണ്ണം കൊടുത്ത് തൽക്കാലം അവളെ കിടത്തിയുറക്കി.. പിന്നീട് അവൻ ഒരു പോള കണ്ണടച്ചില്ല… കുറച്ച് കാലമായി അവന്റെ രാത്രികൾ ഇങ്ങനെയാണ്….

രാവിലെ അവൾ ഉണർന്നു….. വേദന കുറഞ്ഞതാണോ പുറത്ത് കാണിക്കാത്തതാണോ എന്ന് അവൾക്ക് മാത്രമേ അറിയൂ.. കുളി കഴിഞ്ഞ് പൂജാ മുറിയിൽ കയറി ചിലങ്ക എടുത്ത് അവനെ വിളിച്ചുണർത്തി….

“അപ്പുവേട്ടാ….താളം പിടിച്ച് തര്യോ….?”

“നീ…ഈ പുലർച്ചെ തന്നെ തൊടങ്ങിയോ… കുറച്ച് കഴിയട്ടെ..”

“ഇല്ല ഇപ്പൊ തന്നെ വേണം.”

അവളുടെ വാശിക്ക് മുന്നിൽ അവൻ തോറ്റു കൊടുത്തു.. കുളിച്ച് വന്ന് തബലയ്ക്ക് മുന്നിൽ ഇരുന്നു.. അവൾ എന്തൊക്കെയോ ചൊല്ലുന്നുണ്ട് അതോടൊപ്പം കൈകൾ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു…….

അവൾ അല്പനേരം കണ്ണടച്ച് നിന്ന് എന്തോ ഓർത്തു….

“അപ്പുവേട്ടാ… ഈ താളത്തിൽ…തക തകിട തം തനന…തക തകിട തം തനന…”

ഗണപതികൈ കൊട്ടി അവൻ തബലയിൽ ആ താളം പിടിച്ചു.. മുന്നേ ചിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ചുവടുകൾ അവൾ ഒപ്പം ചവിട്ടി..

ഇടയ്ക്ക് നിർത്തിയിട്ട് പതുക്കെ കൊട്ടാനും താളം മുറുക്കി കൊട്ടാനും അവൾ പറയും.. അവൾ ഇപ്പോൾ പെട്ടെന്ന് ക്ഷീണിക്കുന്നു… പണ്ടത്തെ ആ ചുറുചുറുക്ക് ഇപ്പോൾ ഇല്ലാത്ത പോലെ..

നാലു ചുവട് വെക്കുമ്പോഴേക്കും അവൾ തളർന്നിരുന്നു.. ഇതെല്ലാം കാണുമ്പോൾ അവനിൽ എന്തെന്നില്ലാത്ത ഒരു ഭയം.. പക്ഷേ അവന് ഇത് ചെയ്ത് കൊടുത്തേ പറ്റൂ…

അവൾക്ക് വേണ്ടി ചെയ്യാൻ ഒരു പക്ഷേ ഇനി സമയം ലഭിച്ചില്ലെങ്കിലോ…..

ദിവസങ്ങൾ കടന്നു പോയി…….

ഇന്നാണ് കലാക്ഷേത്രത്തിലെ കുട്ടികളുടെ നൃത്തസന്ധ്യ… അവൾ ഒരുങ്ങുകയാണ്……

കണ്ണുകൾ നീട്ടിയെഴുതി…. കൊഴിഞ്ഞു പോയ പുരികങ്ങൾ വരച്ചു ചേർത്ത്.. ചുണ്ടിൽ കടുചുവപ്പ് ഛായം തേച്ച്… മയിൽപ്പീലി നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് അവൾ നിന്നു….

ആമാടപെട്ടിയിൽ നിന്ന് ആഭരണങ്ങൾ ഓരോന്നായി എടുത്ത് അണിഞ്ഞു…. ബാക്കി വന്നത് നീളൻ വാർമുടിയും, സൂര്യനും, ചന്ദ്രനും….

അവളുടെ കുറ്റിരോമങ്ങൾ മാത്രമുള്ള തലയിൽ വാർമുടി കെട്ടുന്നത് എങ്ങനെ എന്ന് ഓർത്ത് ഒരുക്കാൻ വന്നവർ നിന്നു….

“തലയിൽ മുടി വെക്കണ്ട… ആ സൂര്യനും ചന്ദ്രനും മാത്രം കെട്ടി തന്നാ മതി…”

അവൾ തന്നെ അതിനുള്ള പരിഹാരം കണ്ടെത്തിയിരുന്നു…. പൊടി പോലെ കറുപ്പ് കയറിയ അവളുടെ തലയിൽ സൂര്യചന്ദ്രന്മാർ സ്ഥാനമുറപ്പിച്ചു.. ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു..

ചിലങ്ക കൈയിൽ പിടിച്ച് അവൾ സ്റ്റേജിലേക്ക് നടന്നു…….

ചിലങ്ക അപ്പുവിന്റെ നേർക്ക് നീട്ടി ഒരു കുറുമ്പിചിരിയുമായ് അവൾ ബാക്ക് സ്റ്റേജിൽ വന്ന് ഇരുന്നു…

ആ ചിരിയുടെ അർത്ഥം അവനു മാത്രമേ മനസ്സിലാകൂ.. അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു.. കാൽപാദമെടുത്ത് നെഞ്ചിലേക്ക് വെച്ച് കണങ്കാലിൽ ചിലങ്ക മുറുക്കി കെട്ടി… അവൾ തയ്യാറായി……

അഞ്ചു മിനിട്ടിനുള്ളിൽ അവൾ വേദിയിൽ എത്തി.. തിരശ്ശീല ഉയരുന്നതോടൊപ്പം പതിഞ്ഞ സ്വരത്തിൽ മഴത്തുള്ളികൾ വീഴുന്ന താളം പരന്നു..

അവൾ ഒരു മയിലായി മാറി… മഴക്കാറു കണ്ട് മതിമറന്ന് നൃത്തം ചെയ്യുന്ന ഒരു മയിൽ…. അവിടം ആകെ അവൾ സംഗീതത്തോടൊപ്പം പറന്ന് നടന്നു… കാഴ്ചക്കാരെ പോലും നിശബ്ദമാക്കും വിധം ലാസ്യമായിരുന്നു അവളുടെ ഓരോ ചലനങ്ങളും….

പതുക്കെ സംഗീതത്തിന്റെ ഗതി മാറി…. അവളുടെ നൃത്ത ചുവടുകളുടെ ഝതിയും…..

വേനലിൽ പീലി കൊഴിച്ച് എല്ലാം നഷ്ടപ്പെട്ട മയിലായി മാറിയവൾ… അവിടെ കൂടിയവരിൽ ഒരു തുള്ളി കണ്ണീരെങ്കിലും അവൾ പരത്തി….

പിന്നീട് താളം വീണ്ടും മുറുകി…..

വസന്തത്തിന്റെ സംഗീതം അവിടെ ആകെ അലയടിച്ചു… ഝതി മുറുകി മുറുകി ഒറ്റ ശ്വാസത്തിൽ അവസാനിച്ചു…. മഴ…. പുറത്ത് മഴക്കാറ് കോരിചൊരിഞ്ഞു…..

ആ മഴയുടെ താളത്തിൽ അവളുടെ ചിലങ്ക പാടി കൊണ്ടിരുന്നു…….

പെട്ടെന്ന് ആ ചിലങ്ക നിലച്ചു……..

നീട്ടി വലിച്ച ഒരു ശ്വാസത്തോടൊപ്പം അവൾ നിലത്ത് വീണു… വായിൽ നിന്ന് നുരയൊഴുകി…

നിലത്ത് കിടന്ന് അവൾ വിറച്ചു.. ആളുകൾ ഓടി കൂടി… അനന്തു കാറ് എടുക്കാൻ ഓടി…. അപ്പു അവളെ കൈയിൽ കോരിയെടുത്ത് കാറിനടുത്തേക്കും…..

അവളുടെ ഇടംകാലിലെ ചിലങ്ക അഴിഞ്ഞ് വീണു… അവളുമായി ആ കാറ് പാടത്തിന്റെ നടുക്കുള്ള റോഡിലൂടെ തോട് കടന്ന് പാഞ്ഞു….

ഒരു നാട് മുഴുവൻ അവൾക്ക് വേണ്ടി അന്ന് മനസ്സുരുകി പ്രാർത്ഥിച്ചു…..

തിരികെ വരുമോ എന്ന് പോലും അറിയാതെ രണ്ട് തറവാടുകൾ അവൾക്ക് വേണ്ടി കാത്തിരുന്നു….

കുളത്തിൽ വീണ്ടും പായൽ നിറഞ്ഞു….. കലാക്ഷേത്രത്തിൽ ഒരു ഇടങ്കാൽ ചിലങ്ക അനാഥയായി അവളെ കാത്തിരുന്നു….

************

“അച്ഛാ… എന്റെ ചിലങ്ക എവിടെ..?”

ഗുരുവായൂർ പൂന്താനം ഓഡിറ്റോറിയത്തിന്റെ വലത് വശത്ത് ഒരു കുട്ടികുറുമ്പി മുഖം വീർപ്പിച്ചു നിന്നു….

“ചിലങ്ക സ്റ്റേജിൽ കേറുമ്പോഴാ കെട്ടാ…ഇപ്പൊ നല്ല കുട്ടിയായി നിൽക്ക്.” അപ്പു അവളെ അടുത്ത് പിടിച്ച് നിർത്തി…..

പക്കവാദ്യക്കാരെല്ലാം സ്റ്റേജിൽ ഇരുന്നു…. ഓരോ കുട്ടികളായി സ്റ്റേജിൽ കയറി… ഓരോരുത്തരായി ഗുരുവിന് ദക്ഷിണ വെച്ച് അനുഗ്രഹം വാങ്ങി…. കുഞ്ഞികാലുകളിൽ ചിലങ്ക കെട്ടി…

അടുത്തത് നമ്മുടെ കുട്ടികുറുമ്പിയാണ്….

ദക്ഷിണ വെച്ച് കാലിൽ തൊട്ട് തൊഴുത്… ചിലങ്ക കെട്ടാൻ കാല് നീട്ടി നിന്നു…..

അവളുടെ കുഞ്ഞികാലിൽ ചിലങ്ക കെട്ടി…..

“മുറുകിയോ..?”

“ഈ കാലിലെ മുറുകീല്ല അമ്മേ..” അവൾ ഇടംങ്കാൽ മുന്നിലേക്ക് വെച്ച് നിന്നു…. പുറകിൽ ഇനിയും കുട്ടികൾ കാത്ത് നിൽക്കുകയാണ്……

“അച്ഛനോട് മുറുക്കി കെട്ടി തരാൻ പറയാട്ടോ… അപ്പുവേട്ടാ… അമ്മൂന്റെ ചിലങ്ക ഒന്ന് ശരിക്ക് കെട്ടി കൊടുക്കോ..?”

അവൾ കിലുങ്ങി കിലുങ്ങി അപ്പുവിന്റെ അടുത്തേക്ക് നടന്നു.. അവളെ ഒരു കസേരയിൽ പിടിച്ച് ഇരുത്തി.. അവളുടെ കുഞ്ഞികാലെടുത്ത് നെഞ്ചിലേക്ക് വെച്ച്, ചിലങ്ക മുറുക്കി കെട്ടി….

അവൾ വേദിയിൽ കയറി… താളം പിടിക്കാൻ ഇരിക്കുന്ന അമ്മയേയും തൊട്ടടുത്ത് തബല വായിക്കാൻ ഇരിക്കുന്ന അച്ഛനെയും നോക്കി അവൾ പുഞ്ചിരിച്ചു….

“അച്ചൂ…നമ്മുടെ കാന്താരി ഇപ്പൊ നിന്നെ പോലെ തന്നെണ്ട്…”

“എന്റെ മോള് പിന്നെ എന്നെ പോലെ തന്നെ അല്ലേ ഇണ്ടാവാ മനുഷ്യാ…”

പാട്ട് തുടങ്ങി.. അമ്മു അവളുടെ അമ്മയെ പോലെ തന്നെ വേദിയിൽ നിറഞ്ഞ് കളിച്ചു.. അച്ചുവിന്റെ കണ്ണിൽ നിന്നും സന്തോഷം ധാരയായി പെയ്തു..

“” ഉണ്ണികണ്ണന്റെ മുറ്റത്ത് മഴ പെയ്തു… മഞ്ജുളാലിൽ നിന്ന് ഒരു കുളിർക്കാറ്റ് വന്ന് അവിടം ആകെ വട്ടമിട്ട് പറന്നു… ചിലങ്കയുടെ താളം ആ മഴയോടൊപ്പം അലിഞ്ഞ് ചേർന്നു…..””

******************************** ശുഭം ********************************

Comments:

No comments!

Please sign up or log in to post a comment!