പറയാൻ മറന്നത്
“””അച്ചൂത്താ….!!”””ശ്രീനാരായണ പുരം എൽപി സ്കൂളിന്റെ ഗേറ്റ് കടന്നുള്ള ചെറിയ കോംപൗണ്ടിൽ വണ്ടി പാർക്ക് ചെയ്തു പുറത്തിറങ്ങുമ്പോൾ അത്രയും നേരം സ്കൂൾ വരാന്തയിൽ കാത്തുനിന്ന എന്റെ ആരൂട്ടി എന്റടുക്കലേയ്ക്ക് ഓടി വന്നു…
“””ഇതെന്താ ന്റെ ആരൂട്ടി പുറത്തു നിന്നേ… ?? ന്റ വാവേന ടീച്ചറ്മാര് ക്ലാസ്സിന്ന് പുറത്താക്കിയോ… ??”””
അവളെയും എടുത്തുയർത്തി നെഞ്ചിലേയ്ക്കിട്ടു കൊണ്ട് ഞാൻ ചോദിച്ചതും അവളെന്റെ ചെവിയിൽ പിച്ചി…
“””….ല്ലാരേം അച്ഛയും അമ്മേക്കെ എപ്പയേ വന്നു… എന്നിട്ട് ആരൂത്തീന്റെ അച്ചൂത്തനെന്താ അപ്പ വരാത്തേ.. ??”””
എന്റെ തലയിലേയ്ക്ക് തല ചേർത്തുകൊണ്ടവൾ ചോദിച്ചു…
“””അതെന്റ വാവയ്ക്കറിയൂലേ… ഇന്ന് ആരൂട്ടീടമ്മീനെ ഹോസ്പിറ്റലിൽ കൊണ്ടോവേണ്ട ദിവസാന്ന്… അതോണ്ടല്ലേ മോൾടച്ചൂട്ടൻ ലേറ്റായേ…!!”””
ഞാനവളെയും കൂട്ടി സ്കൂൾ വരാന്തയിലേയ്ക്ക് കയറി…
“””അത്… അതു മോള് മറന്നോയി…!! ആരൂത്തി കൊറേ നേരായിട്ട് അവിട നിക്കാ… അച്ചൂത്തനെ കാണാത്തപ്പം സങ്കതമ്മന്നു…. അതോന്റാ വയക്ക് പരഞ്ഞേ… വയക്ക് പരഞ്ഞപ്പം വെശമായോ… ??”””
കുഞ്ഞിക്കണ്ണുകൾ എന്റെ മുഖത്തേയ്ക്ക് പറിച്ചു നട്ടുകൊണ്ടുള്ള ചോദ്യത്തിൽ ഞാനൊന്നു ചിരിച്ചു…
“””വെശമല്ലെടി… വിഷമം…!! എന്തോ… ?? പറഞ്ഞേ… വിഷമം..!!”””
ഞാനൊന്നു ചിരിച്ചപ്പോൾ ആരുമോളുടെ മുഖം മങ്ങി…
“””എനിക്ക് നിന്റെ ടീച്ചറ്മാരെയൊന്നു കാണണം…!! മുതുക്കായിട്ടും അക്ഷരം നേരേ ചൊവ്വേ തിരിയാത്തതിന്റെ കാരണമറിയാണോലോ…!! എന്താടീ നോക്കുന്നേ… ??”””
ഞാൻ ചിരിച്ചു കൊണ്ട് അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു…
“””എടീന്നല്ല… ന്നെ ആരൂത്തീന്ന് വിളിച്ചാതി..!!”””
കുഞ്ഞിക്കണ്ണുകളിൽ പിണക്കവും വിതറിയെറിഞ്ഞുള്ള തിരുത്തൽ കണ്ട് ഞാനൊന്നു പൊട്ടിച്ചിരിച്ചുകൊണ്ട് അവളുടെ കുഞ്ഞി നെറ്റിയിൽ എന്റെ ചുണ്ടുകളമർത്തി…
“സ്റ്റാൻഡേർഡ് മൂന്ന്” എന്ന് വാതിലിന് മുകളിലെ ഭിത്തിയിൽ കറുപ്പിൽ വെള്ള അക്ഷരങ്ങളാൽ കൊത്തി വെയ്ക്കപ്പെട്ട മുറിയിലേയ്ക്ക് ഞാൻ കുഞ്ഞിനെയും തോളിലേയ്ക്കിട്ടുകൊണ്ട് കയറി…
“””ഹാ… അർജ്ജുൻ സാറോ… ?? ഇന്നച്ഛൻ വരോന്ന് മോള് പറയുന്നുണ്ടായിരുന്നു… സാറ് വാ… ഇരിയ്ക്ക്…!!”””
ആരുമോളുടെ സ്കൂളെന്ന കൺസിഡറേഷനിൽ മാസാമാസം ഭീമമായൊരു തുക ഡൊണേഷനെന്ന പേരിൽ കമ്പനിയിൽ നിന്നും സ്കൂൾ അക്കൗണ്ടിലേയ്ക്ക് ചെല്ലുന്നതിന്റെ നന്ദി സൂചകമായി ക്ലാസ്സ്‌ടീച്ചർ എഴുന്നേറ്റ് അടുത്തു കിടന്നൊരു കസേരയിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു…
“””ഇവട വേണ്ടച്ചൂത്താ… അവടപ്പോവാം…!!”””
ടീച്ചർ ആദരപൂർവ്വം ചൂണ്ടിക്കാട്ടിയ ഇരിപ്പിടത്തെ സ്വീകരിയ്ക്കാനൊരുങ്ങിയ എന്നെ തടഞ്ഞു കൊണ്ട് ആരു മോള് മറ്റു രക്ഷകർത്താക്കളും കുട്ടികളുമിരിയ്‌ക്കുന്ന ഭാഗത്തേയ്ക്ക് ചൂണ്ടി വാശിപിടിച്ചു…
“””ഇറ്റ്സ് ഓക്കേ മാം…!! ഞാനവിടിരിയ്ക്കാം….
ടീച്ചറെ നോക്കിയൊന്നു ചിരിച്ച ശേഷം ഞാൻ മോളേയും കൊണ്ട് നിരത്തിയിട്ട ബെഞ്ചുകൾക്കിടയിലേയ്ക്ക് നടന്നു….
“””…ല്ലാരും അവിടേരിയ്ക്കമ്പം അച്ചൂത്തൻ മാത്രങ്ങന ശൈൻ ചെയ്യണ നിക്കിശ്ടല്ല….!!”””
അവളെന്റെ ഷെയ്പ്പ് ചെയ്തു നീട്ടിവളർത്തിയ താടിരോമങ്ങളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…
“””ഇത്രേമസൂയ പാടില്ലാട്ടോ വാവേ…!!”””
ഞാൻ ചിരിച്ചു കൊണ്ടവളുടെ കുഞ്ഞിക്കവിളിൽ പിച്ചിയപ്പോൾ കൈവിടുവിച്ചു കൊണ്ടവൾ എന്റെ തോളിലേയ്ക്ക് മുഖം പൂഴ്ത്തി…. മുന്നിൽ നിന്നും മൂന്നാമത്തെ വരിയിലെത്തിയപ്പോൾ വലതു വശത്തിരുന്ന സ്ത്രീ കുറച്ചൊതുങ്ങിക്കൊണ്ട് ഇരിപ്പിടമൊഴിച്ചു തന്നു….
സ്ത്രീകളിരുന്ന വശത്തിരിയ്ക്കുന്നതിൽ ചെറിയൊരു ജാള്യത തോന്നിയെങ്കിലും അവരെ വിഷമിപ്പിയ്ക്കണ്ട എന്നു കരുതി ആരൂട്ടിയെയും മടിയിലാക്കിക്കൊണ്ട് ഞാനവിടിരുന്നു….
മീറ്റിംഗ് പുരോഗമിയ്ക്കുമ്പോഴും എന്റെ ശ്രെദ്ധ മുഴുവൻ എന്റെ പോക്കറ്റിൽ നിന്നും ഫോണുമെടുത്ത് കളിച്ചു കൊണ്ടിരുന്ന ആരൂട്ടിയിലായിരുന്നു… ഇടയ്‌ക്കൊക്കെ കൊഞ്ചിക്കൊണ്ട് അവൾ പറയുന്ന വാക്കുകൾക്കാണ് ടീച്ചേഴ്സ് പറയുന്നതിനെക്കാളും ഞാൻ മുൻതൂക്കം നൽകിയതും….
“””അർജ്ജുൻ… ??”””
“””യെസ്…!!”””
അടുത്തിരുന്ന സ്ത്രീ സംശയപൂർവ്വം എന്നെ വിളിച്ചപ്പോൾ ഞാനവരെ തിരിഞ്ഞുനോക്കി….
“””അറിയോ എന്നെ… ??”””
വീണ്ടും സംശയം…!! പക്ഷേ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല…!! കാരണം അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയുന്നൊരു മുഖമായിരുന്നില്ല എനിക്കത്….!!
“””ആരതീ… താൻ… താനെന്താ ഇവിടെ… ??”””
പെട്ടെന്നാ മുഖം കണ്ടതിലുള്ള പകപ്പ് വിട്ടൊഴിഞ്ഞ വേളയിൽ ഞാൻ ചോദിച്ചു… പിന്നെയാണ് ചോദിച്ച മണ്ടത്തരം തലയിലുദിച്ചത്…
“””അച്ചൂത്താ… ഇത് അശ്ശിതിന്റെ….”””
ഫോണിൽ നിന്നും മുഖമുയർത്തി എന്നെ നോക്കിയ ആരൂട്ടിയെ പറഞ്ഞു മുഴുവിപ്പിയ്ക്കാൻ സമ്മതിയ്ക്കാതെ ഞാൻ ആരതിയുടെ നേരേ തിരിഞ്ഞു…..
“””സോറി… പെട്ടെന്ന് കണ്ടപ്പോൾ ചോദിച്ചു പോയതാ…!! അല്ല കുട്ടിയെവിടെ… ??”””
“””മുന്നിലിരിപ്പുണ്ട്…!!”””
എന്നെയൊന്നുറ്റു നോക്കിയ ശേഷം അവൾ മറുപടി പറഞ്ഞു…. എന്നാൽ അവളുടെ നോട്ടം സഹിയ്ക്കാനുള്ള ത്രാണിയെനിക്കപ്പോൾ ഉണ്ടായിരുന്നില്ല… ഒരു പരിധിയ്ക്ക് മേലെ അവളുടെ സാമീപ്യം പോലും എനിക്കസ്സഹമായി തോന്നി…
പിന്നിലെ ഡെസ്കിലേയ്ക്ക് ചാരിയിരുന്ന് ആരൂട്ടിയെ നെഞ്ചിലേയ്ക്കമർത്തിയപ്പോൾ മറക്കാൻ കൊതിച്ചിട്ടും കഴിയാതിരുന്ന ഭൂതകാലം എന്റെ മനസ്സിലേയ്ക്കൂളിയിട്ടിറങ്ങി…
ഡിഗ്രി മൂന്നാം വർഷം പഠിയ്‌ക്കുന്ന സമയം… സീനിയേഴ്സായതിന്റെ ഗമയിൽ ക്ലാസ്സാരംഭിച്ച് അരമണിക്കൂറിന് ശേഷം മാത്രം ക്ലാസ്സിൽ കയറാവൂയെന്ന ചെറിയൊരു നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു…
അങ്ങനെയിരിക്കേയൊരു ദിവസം കൂട്ടുകാർക്കൊപ്പം മൂന്നാം നിലയിലേയ്ക്കുള്ള പടവുകൾ ഓടിക്കയറുമ്പോൾ കോറിഡോറിനോട് ചേർന്ന് ഭിത്തിയിൽ ചാരി നിന്ന് പരുങ്ങിയ അവളെ എന്റെ കണ്ണിൽ പെട്ടു….
കാര്യമന്വേഷിച്ചപ്പോൾ കോളേജ് തുറന്നിട്ട് ആദ്യത്തെ ദിവസമാണെന്നും ക്ലാസ്സെവിടാണെന്നറിയില്ലെന്നും അവൾ മറുപടി തന്നു… പിന്നെ മറ്റൊന്നും ചിന്തിയ്ക്കാതെ അവളെയും കൂട്ടി അവൾ പറഞ്ഞ ക്ലാസ്സിലേയ്ക്ക് നടന്നു…
അന്നവൾ വിറയാർന്ന ചുണ്ടുകളെ വികസിപ്പിയ്ക്കാതെ കണ്ണുകൾ കൊണ്ട് കൃതജ്ഞതയറിയിച്ചപ്പോൾ ആ മുഖമൊന്ന് നെഞ്ചിൽ പതിഞ്ഞു…
അവളെ ക്ലാസ്സിലാക്കി ഒരു ചിരിയും സമ്മാനിച്ച് തിരിഞ്ഞു നടക്കുമ്പോൾ പേരറിയാത്ത ആ മുഖത്തെ പൂർണ്ണമായും മനസ്സിലാവാഹിച്ചിരുന്നു…
ഒരു നോക്ക് കണ്ടുടനെ പ്രണയം തുറന്നു പറഞ്ഞാൽ അവളെന്ത് കരുതുമെന്നുള്ള ചിന്തകൊണ്ടാണോ അതോ പറയാനുള്ള പേടികൊണ്ടാണോ എന്നറിയില്ല… പറഞ്ഞില്ല….!!
പിന്നെയും പലപ്രാവശ്യം കണ്ടു… ഇടനാഴികളിൽ…. പടവുകളിൽ… ക്ലാസ്സ് മുറിയിൽ… റോഡിൽ അങ്ങനെ പലയിടത്തും…. നെഞ്ചിലൊരു പിടപ്പും ശരീരം മൊത്തമായൊരു വിറയലും മാത്രമായി ഒതുങ്ങിപ്പോയ കുറേ കൂടികാഴ്ചകൾ….
അങ്ങനെയൊരു ബുധനാഴ്ച ദിവസം… ബസിറങ്ങി റോഡ് ക്രോസ്സ് ചെയ്യാനൊരുങ്ങുമ്പോൾ, കാലുകളെ പൂർണ്ണമായും മറച്ച ഒരു ഓറഞ്ച് സ്കർട്ടും കരിനീല ടോപ്പുമിട്ട് എന്റൊപ്പം റോഡ് ക്രോസ്സ് ചെയ്യാനായി വന്നു നിന്ന അവളെ ഞാൻ ശ്രെദ്ധിച്ചു…. ചീറിപ്പാഞ്ഞു പോകുന്ന വണ്ടികളെ ഭയം വിട്ടു മാറാത്ത കണ്ണുകളാൽ ഉറ്റുനോക്കി നിൽക്കുന്നത് കണ്ടപ്പോൾ, അപ്പോൾ തോന്നിയൊരു ധൈര്യത്തിന്റെ പുറത്ത് ഞാനാ കൈകളെ കവർന്നെടുത്തു…
രണ്ടു സൈഡും മാറിമാറി നോക്കി അവളെയും പിടിച്ചു കൊണ്ട് റോഡിനെതിർവശത്തേയ്ക്ക് നടക്കുമ്പോൾ സ്വപ്‌നമാണോ അതെന്നു പോലും ചിന്തിച്ച നിമിഷങ്ങളായിരുന്നു…
“””എന്താ പേര്… ??”””
റോഡിനിപ്പുറമെത്തി എന്റെ മുഖത്തേയ്ക്കൊരു നോട്ടം പായിച്ച അവളോടായി ഞാൻ ചോദിച്ചു…
“””ഇത്രേന്നാളായിട്ടും പേരറീലേൽ അറിയണ്ട….!!”””
അതായിരുന്നു ചിരിച്ചു കൊണ്ടുള്ള മറുപടി…
പിന്നീടൊന്നും മിണ്ടാതെ അവളോട് അകലം വിട്ടു നടക്കുമ്പോൾ പിന്നിൽ നിന്നുമൊരു വിളി വന്നു….
“””ആരതീ…!!”””
വിളി കേട്ട ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ രണ്ടു കൂട്ടുകാരികൾ അവരെ കാത്തുനിൽക്കാതെ നടന്നതിനുള്ള പരിഭവവുമായി അവൾക്കരികിലെത്തി…. ഒരു ചമ്മിയ ഭാവത്തോടെ എന്നെ നോക്കുമ്പോൾ ഞാനത് ചെറിയൊരു പുഞ്ചിരിയിലൊതുക്കി മുന്നിലേയ്ക്ക് നടന്നു…
“””അർജ്ജുൻ… മറ്റെന്നാളത്തെ ആർട്ട്സ് ഡേയ്‌ക്ക് വയലിൻ പ്ലേ കോംപറ്റീഷന് പങ്കെടുക്കുന്നുണ്ടോ… ??”””
അവളെന്റെ നേരേ ചോദ്യമെറിഞ്ഞപ്പോൾ ഞാനൊന്നമ്പരന്നു….
“””എന്തേ… പങ്കെടുക്കണ്ടേ… ??”””
“””അല്ല… അർജ്ജുൻ പങ്കെടുത്തില്ലെങ്കിൽ എനിക്ക് പങ്കെടുക്കണം എന്നുണ്ടായിരുന്നു…!!”””
“””അതിനെന്താ താനും പങ്കെടുത്തോന്നേ…!!”””
ഞാൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവളെന്നെയൊന്നു ചുഴിഞ്ഞു നോക്കി…
“””അതു വേണ്ട…!! അർജ്ജുൻ പങ്കെടുത്തോളൂ…!!”””
പറഞ്ഞിട്ട് അവൾ കൂട്ടുകാരികൾക്കൊപ്പം ഗേറ്റ് കടന്നു പോയി… അതിനിടയിൽ ഒരു പ്രാവശ്യമെന്നെ തിരിഞ്ഞു നോക്കുകയും ചെയ്തു….
രണ്ടു ദിവസങ്ങൾക്ക് ശേഷം കോളേജിലെ ബെസ്റ്റ് വയലിനിസ്റ്റിനുള്ള ട്രോഫിയും വാങ്ങി സ്റ്റേജിൽ നിന്നുമിറങ്ങുമ്പോൾ അവൾ വന്നൊരു ഷേക്ക് ഹാൻഡ് തന്നു… ഉൾപ്പുളകത്തോടെ ആ ഷേക്ക് ഹാൻഡിനായി കൈയ്യിൽ പിടിയ്ക്കുമ്പോഴും ഞാനറിഞ്ഞില്ല… യുവജനോത്സവ വേദികളിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലാത്ത പ്രൊഫഷണൽ വയലിനിസ്റ്റിന്റെ കൈയായിരുന്നു അതെന്ന്…!!
വെച്ചു നീട്ടിയ വിജയ മധുരത്തിന് നന്ദി പറയുവാനായി പിന്നാലെ നടന്ന കുറച്ചു ദിവസങ്ങൾ… അപ്പോഴെല്ലാം ഒരു പുഞ്ചിരിയും നല്കി അവൾ കടന്നു പൊയ്ക്കൊണ്ടിരുന്നു… എന്നാൽ ആ പുഞ്ചിരിയുമായി നടന്നു നീങ്ങിയ മുഖം അപ്പോഴേയ്ക്കും തേച്ചാലും മായ്ചാലും മായാത്ത തലത്തിൽ എന്റെ നെഞ്ചിന്റെ ഉളളറകളിൽ പച്ചകുത്തപ്പെട്ടു പോയി…
“””ഇതേതാടാ… ഈ മോതിരം… ??”””
പിന്നൊരിക്കൽ ക്യാന്റീനിലിരിയ്ക്കുമ്പോൾ എന്റെ കയ്യിൽ നോക്കി രാജേഷ് ചോദിച്ചു… അതിനൊപ്പം തന്നെ അതിനെ അവൻ വിരലിൽ നിന്നും മോചിപ്പിയ്ക്കുകയും ചെയ്തിരുന്നു…
“””ആഹാ… കൊള്ളാലോ… ആരതി- അർജ്ജുൻ…!!”””
പള്ളിപ്പറമ്പിൽ നിന്നും വാങ്ങിയ വെള്ള നിറത്തിലുള്ള അക്ഷരങ്ങളാൽ പേര് കൊത്തിവെച്ച കറുത്ത മോതിരത്തിലേയ്ക്ക് നോക്കി അവൻ പറഞ്ഞു…
“””എങ്ങനുണ്ട്… ?? ഇനിയിതാണെന്റെ ജീവൻ….!!”””
മറുപടിയ്‌ക്കൊപ്പം ഒരു ചിരി സമ്മാനിച്ചപ്പോൾ അവനെന്നെ വല്ലാത്തൊരു ഭാവത്തിൽ നോക്കി…
“””നീ സീരിയസായിട്ടാണോ… ?? വെറുതെ നേരംപോക്കിനാണെങ്കിൽ ഇതൊക്കെ മറ്റുള്ളവരെ കാണിച്ച് വെറുതെയാ കുട്ടിയ്ക്ക് ചീത്തപ്പേരുണ്ടാക്കരുത്…!!”””
“””അതേ… ഞാൻ സീരിയസായിട്ടാ…!! വെറുതെയൊരു പെണ്ണിന്റെ പിന്നാലെ നടന്ന് സമയം കളയാനെനിക്ക് പ്രാന്തൊന്നുമില്ല…!!”””
അവന്റെ വാക്കുകളാലുടലെടുത്ത ഈർഷ്യയോടെ ഞാൻ മറുപടി നൽകി…
“””നടന്ന തന്നെ….
അവന്റെ നിരീക്ഷണ പാടവത്തോടു കൂടിയുള്ള ഉപദേശം എന്നെ തെല്ലൊന്നു ചൊടിപ്പിച്ചു…
“””ഇനി രണ്ടുമൂന്നു മാസമല്ലേയുള്ളൂ ഡിഗ്രി കഴിയാൻ… കഴിയട്ടേ… ഒരു ജോലിയും വാങ്ങി ഞാൻ നേരേയവളുടെ വീട്ടിൽ ചെല്ലും…!! നോക്കിയ്‌ക്കോ നീ…!!”””
“””അവര് സമ്മതിച്ചില്ലെങ്കിലോ… ??”””
“””സമ്മതിച്ചില്ലെങ്കിൽ കൂടെ വരവോന്ന് ചോദിയ്ക്കും…!! വരുവാൻ സമ്മതാണെങ്കിൽ കൂട്ടിക്കൊണ്ടോവും ഞാൻ…!!”””
എന്റെ ഉറച്ച വാക്കുകൾ കേട്ട അവൻ വീണ്ടും മുഖം ചുളിച്ചു…
“””ഇനിയവള് വന്നില്ലെങ്കിലോ… ??”””
“””വരും…!! എനിക്കതുറപ്പാ…!! ആ ആരതിയേ… ആ ആരതി അർജ്ജുനുള്ളതാ… അർജ്ജുനുള്ളത് മാത്രം….!!”””
വെല്ലുവിളിയോടു കൂടിയ വാക്കുകളെയും വലിച്ചെറിഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ അവന്റെ കയ്യിൽ നിന്നും ആ മോതിരം തിരികെ വാങ്ങുവാൻ ഞാൻ മറന്നിരുന്നു… എന്റെ ജീവനെയും അവിടെ നഷ്ടമാക്കി വീട്ടിലേയ്ക്ക് പോരുമ്പോൾ ഞാനറിഞ്ഞിരുന്നില്ല അവിടെയെല്ലാം അവസാനിയ്ക്കുകയായിരുന്നെന്ന്….
വീട്ടിലേയ്ക്കുള്ള യാത്രാ മധ്യത്തിൽ അടുത്ത വീട്ടിലെ ചേച്ചിയുടെ ഫോൺ വന്നു…. അച്ഛന് പെട്ടെന്നൊരു നെഞ്ചുവേദന വന്നെന്നും ഇപ്പോൾ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോയെന്നുമായിരുന്നു അവരുടെ വാക്കുകളിലെ സാരാംശം….!! മണിക്കൂറിന്റെ വ്യത്യാസത്തിൽ അച്ഛൻ തിരിച്ചെടുക്കപ്പെട്ടത് എനിക്കും അമ്മയ്ക്കും മറികടക്കാൻ കഴിയാത്തൊരു ഷോക്കായി….
ആ ഷോക്കിൽ നിന്നും തിരിച്ചുവരാൻ കഴിയാഞ്ഞ അമ്മയെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് അച്ഛൻ ഡ്രൈവറായി സേവനമനുഷ്ടിച്ചിരുന്ന കമ്പനിയുടെ എംഡി ദേവദൂതനെ പോലെ ഞങ്ങളെ ആശ്വസിപ്പിയ്ക്കാനായി വീട്ടിലേയ്ക്ക് വരുന്നതും ഞങ്ങളുടെ അവസ്ഥ കണ്ടിട്ടെന്നോണം അദ്ദേഹത്തിന്റെ കമ്പനിയിൽ ആവശ്യമില്ലാഞ്ഞിട്ടും ഒരു അക്കൗണ്ടന്റായി എന്നെ നിയമിച്ചതും….
ജീവിതത്തിന്റെ കയ്പ്പു നീരറിഞ്ഞു തുടങ്ങിയതോടെ പല ആഗ്രഹങ്ങളും സ്വപ്‌നങ്ങൾ മാത്രമായി അവശേഷിക്കപ്പെട്ടു….
ഇടയ്‌ക്കൊക്കെ സ്ഥാപനത്തിൽ വന്നു പൊയ്ക്കൊണ്ടിരുന്ന എംഡിയുടെ മാനസിക രോഗിയായ മകൾക്ക് എന്നോട് തോന്നിയ കൗതുകം… അതുകേട്ട് കളിപ്പാട്ടം വാങ്ങിക്കൊടുക്കും പോലെ അയാളെന്നെ മകളുടെ ഭർത്താവായി വിലയ്ക്കെടുത്തപ്പോൾ ആരും ചോദിച്ചില്ല നിനക്കീ കല്യാണത്തിനിഷ്ടമാണോ എന്ന്…!! എന്തിന് അമ്മ പോലും…!!
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ കിടപ്പറയിൽ വെച്ചവളെ ഭോഗിയ്ക്കുമ്പോൾ എനിക്കൊരു മനസ്സാക്ഷിക്കുത്തും തോന്നിയില്ല… കാരണം അന്നപ്പോൾ കെട്ടിയടയ്ക്കാൻ കഴിയാത്ത കാമത്തിന്റെ തീയായിരുന്നില്ല എന്നിൽ… മറിച്ചൊരു ലക്ഷ്യമായിരുന്നു….
അവൾ ഗർഭിണിയായപ്പോൾ പുച്ഛത്തോടെ നോക്കിയ പലകണ്ണുകളിലും എനിക്കപ്പോൾ വെറുമൊരു പേപ്പട്ടിയുടെ പരിവേഷമായിരുന്നിരിയ്ക്കണം.. അന്ന് ലേബർ റൂമിന് മുന്നിൽ കാത്തുനിൽക്കുമ്പോൾ പുറത്തേയ്ക്ക് വന്ന നേഴ്സ് കയ്യിലൊരു പെൺകുഞ്ഞിനെ വെച്ചു തരുമ്പോൾ അവിടെ അവസാനിയ്ക്കുകയായിരുന്നു എന്റെ ആഗ്രഹങ്ങൾ സകലവും…
ജീവിതത്തിൽ കൂടുതലൊന്നും ആഗ്രഹിച്ചിട്ടില്ലാത്ത എനിക്ക് ആദ്യത്തെ മോഹം സഫലമാക്കിത്തരാൻ കഴിയാത്തതിനുള്ള പ്രതിവിധിയായിട്ടായിരിക്കണം രണ്ടാമതൊരാഗ്രഹം മനസ്സിലുദിച്ചപ്പോൾ മറ്റൊന്നും ചിന്തിയ്ക്കാതെ സർവ്വശക്തൻ നടപ്പിലാക്കിത്തന്നതും…
അവളുടെ പേരിടൽ ചടങ്ങിന് അന്നദ്യമായി ഞാനെന്റെ അമ്മായി അച്ഛനെ എതിർത്തു….
കാരണം ആരതിയിലും മികച്ചൊരു പേര് ഈ ജന്മം മുഴുവനലഞ്ഞാലും എനിക്ക് കണ്ടെത്താൻ സാധിയ്ക്കില്ല എന്നതുകൊണ്ട് തന്നെ… അന്നവളെ പ്രാപിയ്ക്കുമ്പോഴും എന്നും നെഞ്ചിലുറങ്ങാനായി എനിക്കൊരു ആരതിക്കുട്ടി വേണമെന്നുള്ള ലക്ഷ്യമല്ലേ ഉണ്ടായിരുന്നുള്ളൂ….
അമ്മായി അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ സർവ്വസ്വത്തിന്റെയും അധികാരത്തിന്റെമേൽ എന്നെ അവരോധിയ്ക്കുമ്പോഴും അതൊന്നും ആരതിമാർക്ക് മേൽ വിലയുള്ളതായി എനിക്ക് തോന്നിയില്ല…. ഞാനങ്ങനെ കണ്ടിട്ടുമില്ല….
“””അർജ്ജുൻ… ??””
ആരതിയെന്നെ തട്ടി വിളിയ്ക്കുമ്പോഴാണ് ഞാൻ ചിന്ത വിട്ടൊഴിഞ്ഞത്….
“””ഞാൻ പോട്ടേ… ?? മോൻ വരണുണ്ട്…!!”””
അവൾ ബെഞ്ചിൽ നിന്നുമെഴുന്നേറ്റപ്പോൾ പലരും മക്കളെയും കൂട്ടി പോയിക്കഴിഞ്ഞിരുന്നു…
“””ഹാ… ശരി…!!”””
ഞാനെന്ത് പറയണമെന്നറിയാതെ പെട്ടെന്ന് തലകുലുക്കി… അവൾ ചിരിയ്ക്കാൻ ശ്രെമിച്ചിട്ട് തിരിയുമ്പോൾ ആരുവിന്റെ പ്രായമുള്ള ഒരാൺകുട്ടി ഓടിവന്ന് അവളുടെ കൈയിൽ തൂങ്ങി…
“””നമുക്ക് പോവാമാന്റീ… ??”””
“””ആന്റിയോ… ?? അപ്പോളിത്… ഇതു തന്റെ മോനല്ലേ… ??”””
അവനവളെ മലർന്നു നോക്കി ചോദിച്ചപ്പോൾ ഞാനറിയാതെ ഉരുവിട്ടുപോയി…
“””അല്ല… ഇതെന്റാന്റിയാ…!!”””
അവൻ എന്റെ സംശയം ദൂരീകരിച്ചപ്പോൾ ആവശ്യമില്ലാത്തൊരു സംശയം കൂടി എന്റെയുള്ളിലുദിച്ചു…
“””അപ്പോൾ തന്റെ കുട്ടിയ്ക്ക് വേണ്ടിയല്ലേ വന്നത്… ??”””
“””ഇവനാ ന്റെ കുട്ടി…!! അല്ലേടാ കണ്ണാ… ??”””
എന്റെ ചോദ്യത്തിന് മറുപടിയായി ചിരിച്ചു കൊണ്ടവൾ പറഞ്ഞതും ഒന്നും മനസ്സിലാകാതെ ഞാൻ നോക്കിയിരുന്നു… അവന്റെ തോളിൽ പിടിച്ചു കൊണ്ട് തിരിഞ്ഞു നടന്ന ആരതിയെ തന്നെ…!!
“””അച്ചൂത്താ… ദാന്റൊരു മോതിരം…!!”””
എന്റെ മടിയിലിരുന്നു കൊണ്ട് ബെഞ്ചിലിരുന്ന മോതിരം ആരൂട്ടി കൈയെത്തിച്ചെടുത്തു….
“””ഇതാപ്പോവണ ആന്റീടാന്നാ തോന്നണേ അച്ചൂത്താ…!!”””
മോതിരമെന്റെ കൈയിൽ തന്നുകൊണ്ടവൾ പറഞ്ഞു….
ഞാനാ മോതിരത്തിലേയ്ക്ക് കണ്ണുകളയച്ചു… അന്ന് ആരതി-അർജ്ജുൻ എന്നെഴുതിയിരുന്ന ഭാഗത്ത് ഇന്ന് വെറും അർജ്ജുൻ തനിച്ചായി… എന്നാൽ ആരതിയുമുണ്ടായിരുന്നു… അർജ്ജുന്റെ വെറും നിഴലായി മാത്രം…!!
“””എണീച്ച് വാച്ചൂത്താ…. ദേയാ ആന്റി നോക്കണു… വാ… നമുക്കീ മോതിരം തിരികെ കൊണ്ടോയി കൊടുക്കാം… വാ…!!”””
അവളെന്റെ മടിയിൽ നിന്നും ഊർന്നിറങ്ങി എന്റെ കൈയിൽ നിന്നും മോതിരവും പിടിച്ചു വാങ്ങി എന്നെ എഴുന്നേൽപ്പിയ്ക്കാൻ ശ്രെമിയ്ക്കുമ്പോൾ ദേഹമൊന്നനക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ…!!
“””വേഗം എണീച്ചു വാ..ച്ചൂത്താ… ആ ആന്റി ദോ കരയുവാന്നാ തോന്നണേ…. ??”””
അവളെന്റെ കൈയിൽ ശക്തിയായി പിടിച്ചു വലിച്ചു… പക്ഷേ അവളുടെ കുഞ്ഞി കൈകളുടെ ശക്തി എന്റെ മുഖത്തേയ്‌ക്കൊന്നു നോക്കുന്നതു വരെ മാത്രമേ നീണ്ടു നിന്നുള്ളൂ… എന്റെ കൈയിൽ നിന്നും പിടിവിട്ട് വീണ്ടും മടിയിലേയ്ക്ക് വലിഞ്ഞു കേറിക്കൊണ്ട് ഇടറിയ ശബ്ദത്തോടെ എന്റെ ആരു മോള് ചോദിച്ചു…
“””…ന്തിനാ… എന്തിനാന്റെ അച്ചൂത്തൻ കരയണേ… ?? ഈ മോതിരം കൊടുക്കണോന്ന് പറഞ്ഞാന്നോ… ?? അച്ചൂട്ടന് കൊടുക്കാനിശ്ടോല്ലെങ്കി നമ്മക്ക്… നമ്മക്ക് കൊടുക്കണ്ടച്ചൂത്താ …!! ആ ആന്റിയോട് നമ്മക്ക് പറയേമ്മേണ്ട…!! ഒന്നും പറയണ്ടച്ചൂത്താ….!!”””
ആ കുഞ്ഞി കൈകൾ എന്റെ കണ്ണുനീരൊപ്പുമ്പോൾ ദൈവം എനിക്കായി വെച്ചു നീട്ടിയ സമ്മാനത്തെയും നെഞ്ചിലമർത്തിക്കൊണ്ട് ഞാനെഴുന്നേറ്റു…. ഇത്രയും നാൾ ആരതിയുടെ കൈയിൽ ഭദ്രമായിരുന്ന എന്റെ ജീവൻ ഇപ്പോൾ മറ്റൊരാരതിയുടെ കൈയിൽ ഭദ്രമായിരിക്കുന്നതു കണ്ടിട്ടുള്ള നെടുവീർപ്പോടു കൂടി….
Nb: പൂർണ്ണമല്ലെന്ന് അറിയാം… എങ്കിലും ഉള്ളിലുദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സ്വയം കണ്ടെത്തും എന്ന വിശ്വാസത്തോടെ….
അർജ്ജുൻ ദേവ്…
Comments:
No comments!
Please sign up or log in to post a comment!