കിനാവ് പോലെ 3
റൂമിലെത്തി ബെഡിൽ പോയിരുന്നു .ഇന്നത്തെ അധ്വാനം കൊണ്ടാണോ എന്തോ വല്ലാത്ത ക്ഷീണം തോന്നുന്നു . ശരീരമാകെ ഇടിച്ചുപിഴിഞ്ഞ പോലുള്ള വേദന .ഒന്നും പറയാനില്ല ,ഞാനായിട്ട് വരുത്തി വെച്ചതല്ലേ , സഹിക്കാം …
പുതപ്പെടുത്തു മൂടിപുതച്ചു കെടക്കാൻ തോന്നി ,മനസിന്റെ അസുഖത്തിന് മാറ്റം വന്നുതുടങ്ങിയപ്പോൾ ശരീരത്തിന് എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടല്ലോ ദൈവമേ ! ശ്വാസത്തിനൊക്കെ വല്ലാത്ത ചൂട് തോന്നുന്നുണ്ടോ …ഏയ് തോന്നലാവും …!!
ഇങ്ങനെയെല്ലാം സ്വയം ആശ്വസിച്ചു പുതപ്പ് കൊണ്ട് തലവഴി മൂടി കിടന്നു …
ആരോ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നപോലെ തോന്നിയപ്പോളാണ് ഉണർന്നത്.നെഞ്ചിൽ ശ്വാസം തിങ്ങിനിൽക്കുന്നു ..കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചപ്പോൾ കണ്പോളകൾക്കു മീതെ കല്ല് വെച്ചതുപോലെ ഭാരം അനുഭവപ്പെട്ടു .ഒരു വിധത്തിൽ എണീക്കാൻ ശ്രമിച്ചപ്പോൾ ആകെ വേദനയോടു വേദന …
എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല ..വല്ലാത്ത ദാഹം തോന്നിയപ്പോൾ അമ്മയെ വിളിച്ചു , ശബ്ദം പുറത്തുവരാത്തത്കൊണ്ട് അമ്മ പോയിട്ട് എനിക്ക് തന്നെ കേട്ടില്ല.. ശബ്ദമെടുത്തു ഒന്ന് രണ്ടു വട്ടം വിളിച്ചപ്പോൾ ഉറക്കച്ചടവോടെ അമ്മ വന്നു ലൈറ്റിട്ടു . എന്റെ മട്ടും ഭാവവും കണ്ടാകണം വേഗം നെറ്റിയിലും നെഞ്ചിലും തൊട്ട് നോക്കി
” ആഹാ …നല്ല പനിയുണ്ടല്ലോ….ഇവിടിരിക്ക് ഞാൻ ഗുളിക നോക്കട്ടെ ”
അമ്മ പോയി പാരസെറ്റമോളും ,വെള്ളവും കൊണ്ടുതന്നു , അത് കുടിച്ചു കഴിഞ്ഞപ്പോളേക്കും കിടക്കാൻ തോന്നി ..
തലയൊക്കെ പൊട്ടിപിളരുന്ന വേദന ..
” കുറവില്ലെങ്കി നാളെ രാവിലെത്തന്നെ ഒരു ഡോക്ടറെ കാണിക്കണംട്ടോ ” അതും പറഞ്ഞു പുതപ്പെടുത്തു മൂടി തന്നു ,
കുറച്ചു സമയം കൂടി നിന്ന ശേഷം അമ്മ തിരിച്ചു പോയി .
ഞാൻ ഞെരങ്ങിയും മൂളിയും ഉറങ്ങാനുള്ള ശ്രമം തുടങ്ങി ,പക്ഷെ കുറച്ചുകൂടി കഴിഞ്ഞതോടെ മൂത്രശങ്ക കലശലായി …
മടി പിടിച്ചുകിടന്നു നോക്കിയെങ്കിലും പണി പാളി , അവസാനം കിടക്കയിൽ പോകും എന്നുള്ള അവസ്ഥയിൽ എണീച്ചു , ദേഹം മൊത്തം നുറുങ്ങുന്ന വേദന .ഒരു വിധത്തിൽ തപ്പിപിടിച്ചു ലൈറ്റ് ഇട്ടു വാതിൽ തുറന്നു ..അമ്മയെ വീണ്ടും വിളിക്കാൻ ഒരു മടി .
ചുമരിൽ പിടിച്ചു പിടിച്ചു മെല്ലെ ബാത്റൂമിലേക്ക് നടന്നു .മൂത്രാശങ്കയും ,മേലുവേദനയും പനിയും,ക്ഷീണവും കൂടെ എനിക്ക് അകെ മടുത്തു .
മൂത്രമൊഴിച്ചു തിരിഞ്ഞത് മാത്രം ഓർമ്മയുണ്ട് .തല കറങ്ങി ബക്കറ്റിനു മുകളിലൂടെ താഴേക്ക് വീണു .
ശബ്ദം കേട്ടു അമ്മയും പെങ്ങളും പേടിച്ചു ഓടിവന്നു .
“എന്താടാ പറ്റിയത് …? എണീക്കണമെങ്കിൽ ഒന്ന് വിളിച്ചൂടെ , തീരെ വയ്യെങ്കിലും അഹങ്കാരം കുറക്കരുത് ” അമ്മക്ക് വിളിക്കാത്തതിലും വീണതിലുമുള്ള സങ്കടം പുറത്തുവന്നത് ഇങ്ങനെയാണ് ….
“ഏട്ടാ ,കുഴപ്പോന്നും ഇല്ലല്ലോ …വേദനിക്കുന്നുണ്ടെങ്കിൽ പറട്ടോ ,ഇനീം തല കറങ്ങിയാലോ പേടിച്ചാ മുറുകെ പിടിച്ചിരിക്കുന്നത് ” എന്നെ പൊക്കി എടുത്തു നടക്കാൻ രണ്ടുപേരും സഹായിക്കുന്നതിനിടെ പെങ്ങൾ എന്നോട് പറഞ്ഞു ..
“ഏയ് ..ഒന്നൂല്ല …” ഞാൻ പറഞ്ഞൊഴിഞ്ഞു .എനിക്ക് സത്യത്തിൽ സങ്കടമാണ് വന്നത് , നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ മതി നമ്മളെ സ്നേഹിക്കുന്നവർ കൂടെ ഉണ്ടോ ഇല്ലേ എന്നറിയുവാൻ …
റൂമിൽ എന്നെ ബെഡിൽ കിടത്തി അമ്മ താഴെ തന്നെ ഒരു ബെഡ് ഇട്ടു അവിടെ കിടക്കാൻ റെഡി ആയി … ” ചുക്കുകാപ്പിയോ , കഞ്ഞിയോ എന്തെങ്കിലും വേണോ ..?” ഞാൻ വേണ്ട എന്ന് കാണിച്ചു ബെഡിൽ ചെരിഞ്ഞുകിടന്നു , വീണ്ടും എന്നെ പുതപ്പിച്ചു അമ്മയും താഴെ കിടന്നു .
രാവിലെ എണീച്ചപ്പോളും അവസ്ഥ മാറ്റമില്ലാത്തതിനാൽ അമ്മ ശബരിയെ വിളിച്ചു കാര്യം പറഞ്ഞു ..അവൻ വരാമെന്നും സമ്മതിച്ചു . എന്നെ ഉണർത്തി ബാത്‌റൂമിൽ കൊണ്ടാക്കി പ്രാഥമിക കർമങ്ങൾ കഴിഞ്ഞു നല്ല ചൂടുകഞ്ഞിയും അച്ചാറും കഴിച്ചപ്പോളേക്കും ശബരി വന്നു ..എന്നെ ചേര്ത്തുപിടിച്ചു അവൻ ബൈക്കിനരികിൽ എത്തിച്ചു.
” നിനക്ക് ബൈക്കിലിരിക്കാൻ പ്രയാസമുണ്ടോ , അങ്ങനെയാണെങ്കിൽ ഓട്ടോ വിളിക്കാം ”
അവൻ ചോദിച്ചപ്പോൾ ഞാൻ കുഴപ്പമില്ലെന്ന് കണ്ണടച്ച് കാണിച്ചു .
പക്ഷെ ബൈക്കിൽ കേറി പോകുമ്പോൾ എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നിത്തുടങ്ങി ,തണുപ്പടിച്ചു വിറക്കാൻ തുടങ്ങിയിട്ടുണ്ട് ,ഞാൻ അവനെ മുറുകെ കെട്ടിപിടിച്ചു , എന്റെ അസുഖം കാരണമാണോ എന്തോ അവൻ മെല്ലെയാണ് ബൈക്ക് ഓടിച്ചത് .ഞങ്ങളുടെ വീടിനടുത്ത് നിന്നും 3 km ഉള്ളു ഡോക്ടറുടെ വീട്ടിലേക്കു , ഗേറ്റ് എത്തിയപ്പോൾ തന്നെ തിരക്ക് തോന്നി , ടോക്കൺ വാങ്ങി നോക്കിയപ്പോൾ നമ്പർ 45…ഇനി കേറാനുള്ളത് 22. ..അമ്മച്ചീ പോസ്റ്റ് ആയല്ലോ …ഭാഗ്യത്തിന് ഒരാൾ എണീച്ച സീറ്റിൽ ചെന്നു ഞാൻ ചാരിയിരുന്നു .ശബരിക്ക് ആദ്യം സീറ്റ് കിട്ടിയില്ല , നിൽക്കുന്ന സമയമത്രയും എന്തോ ഒരു ആലോചനയിലാണ് അവൻ നിൽക്കുന്നത് എന്ന് തോന്നിയിരുന്നു , അകെ ഒരു വിഷമം പോലെ .. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ അടുത്തുള്ള സ്ത്രീ എണീറ്റപ്പോൾ ഞാൻ അവനെ വിളിച്ചു അടുത്തിരുത്തി …
” ഇന്നലത്തെ ദേഷ്യത്തിൽ അങ്ങനെ ചെയ്യാനാണ് തോന്നിയത് , കുളത്തിൽ മുങ്ങിത്താണത് കൊണ്ടാകും പനി ഇത്രക്കും സ്ട്രോങ്ങ് ആയി വന്നത് , ഉറക്കത്തിൽ നീ 2,3 തവണ കരഞ്ഞെന്നൊക്കെ അമ്മ പറഞ്ഞു ..” അവൻ സങ്കടത്തോടെ പറഞ്ഞുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി .
” ഒന്ന് പോടാ പന്നീ , ചത്ത് കിടക്കുന്നതിനേക്കാളും നല്ലത് പനി തന്നെയാ…ഇന്നലെ ഒരു ദിവസം കൊണ്ട് കുറെ മണ്ടത്തരങ്ങൾ മനസിലായി , പിന്നെ ശ്രദ്ധിക്കാതെ പോയിരുന്ന ചില കാര്യങ്ങളും …ഇപ്പൊ ആലോചിക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നെന്നു തോന്നുന്നു .
അവൻ പൂർണമായി അല്ലെങ്കിലും സമാധാനത്തിൽ ചിരിച്ചു…
” ഡാ ….ഇതൊക്കെ ഒന്ന് മാറിയിട്ട് നമുക്ക് കുളത്തിൽ ഇനീം പോണം , നീന്തൽ പഠിച്ചിട്ടു തന്നെ ബാക്കി കാര്യം ..അപ്പൊ പിന്നെ നീയിനി എന്നെ എങ്ങനെ കൊല്ലാൻ നോക്കും എന്ന് കാണണല്ലോ ..!!”…
അവന്റെ കൈ എടുത്തുപിടിച്ചു ഞാൻ പറഞ്ഞു ..വിശ്വാസം വരാതെ അവൻ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു
” അല്ല നീ രാത്രിയിലെ പോലെ പിച്ചും പേയും പറയുന്നതല്ലല്ലോ ല്ലേ …”.
അത് കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത് ..ആ ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയപ്പോൾ ആ പന്നി ഒറ്റ ചിരി ആയിരുന്നു , അതുകണ്ട് എനിക്കും പിടിച്ചു നിൽക്കാൻ പറ്റിയില്ല ..ചിരിക്കു സൗണ്ട് ഇത്തിരി കൂടിപോയെന്നു അവിടെ വയ്യാണ്ടിരിക്കുന്നവരും കൂടെ വന്നവരും ഞങ്ങളെ അന്യഗ്രഹജീവികളെ കണ്ടു നോക്കുന്നത് പോലെ നോക്കുന്നത് കണ്ടപ്പോഴാണ് …
ചമ്മിയ ഞങ്ങൾ പിന്നൊന്നും മിണ്ടിയില്ല .സത്യത്തിൽ ആ സമയം കൊണ്ടുതന്നെ എനിക്ക് എന്തോ ആശ്വാസം തോന്നിയിരുന്നു .മനസ് സന്തോഷമാകുമ്പോൾ ബാക്കി രോഗങ്ങൾ കുറഞ്ഞതായി തോന്നുമല്ലോ ..ഏതായാലും കുറെ കഴിഞ്ഞപ്പോൾ എന്റെ ടോക്കൺ ആയി ,ഞങ്ങൾ വാതിൽക്കൽ നിൽക്കുന്ന സമയത്താണ് ഒരു മെഡിക്കൽ റെപ് വന്നു അടുത്തു നിന്നത് .നല്ല ഡ്രസിങും ട്രിം ചെയ്ത താടിമീശയുമായി ഒരു യുവാവ് ..കയ്യിലൊരു ബാഗും ഉണ്ട് ..അയാൾ ഒന്ന് പുഞ്ചിരിച്ചു , അത് കണ്ടപ്പോൾ ദേഷ്യം വന്ന ശബരി അയാൾ കേൾക്കാതെ തിരിഞ്ഞു എന്നോട് പറഞ്ഞു ” അങ്ങോട് നോക്കി ചിരിക്കണ്ട പുല്ലേ ,സോപ്പിട്ടു നമ്മടെ മുൻപിൽ കേറാനുള്ള പ്ലാൻ ആണ് “… പക്ഷെ അവൻ ഉദ്ദേശിച്ചത്ര പതുക്കെ ആയില്ല ആ പറഞ്ഞത് ..പണി പാളിയല്ലോ എന്ന് ഞാനും ആലോചിച്ചു .. ” നിങ്ങൾ പേടിക്കണ്ട ട്ടോ ഞാൻ നിങ്ങടെ കൂടെ കേറി പെട്ടെന്ന് ഇറങ്ങിക്കോളാം , ചിരിച്ചത് സോപ്പിടാനല്ല ഒരു മര്യാദ കാണിച്ചതാണ് “അയാൾ ഒന്നുകൂടി ചിരിച്ചുകൊണ്ട് പറഞ്ഞു …
ഞാനും ചിരിച്ചുകൊണ്ട് ശബരിയെ നോക്കിയപ്പോൾ അവൻ ഒരു വിളറിയ ചിരി ചിരിച്ചുകൊണ്ട് എന്നെയും നോക്കി..
വാതിൽ തുറന്നു മുൻപത്തെ ആൾ ഇറങ്ങിയപ്പോൾ ഞങ്ങൾ 3 പേരും കൂടി ഉള്ളിൽ കയറി .. ” ആ….ഇതാരപ്പാ ..അനീഷേ , നീ എവിടെയാടോ , കൊറേ ആയല്ലോ കണ്ടിട്ട് ..കഴിഞ്ഞ മാസം ടാർഗറ്റ് ആയപ്പോൾ പിന്നെ ഇങ്ങട് വരണ്ടാന്നു കരുതിക്കാണും അല്ലേ …?”
അയാളെ കണ്ടപ്പോൾ തന്നെ ഡോക്ടർ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു ..
“ഏയ് …അതൊന്നും അല്ല സാറേ , ഒരു ട്രെയിനിംഗ് ഉണ്ടായിരുന്നു ഹൈദരാബാദ് .
ഡോക്ടർ കാര്യങ്ങൾ തിരക്കി , കുളത്തിൽ ചാടിയെന്നാണ് പറഞ്ഞത് , രോഗം വിവരങ്ങളും ചുരുക്കി പറഞ്ഞു കൊടുത്തു ..ഡോക്ടർ അയാളുടെ നേരെ തിരിഞ്ഞു “നിന്റെ കയ്യിൽ അസ്കോറിൽ സിറപ്പ് ഇല്ലേ , അത് 2 സാമ്പിൾ കൊടുക്ക് ,പിന്നെ അമോക്സി ക്ലാവ് സാമ്പിൾ ഉണ്ടെങ്കിൽ അതൊരു 10 എണ്ണവും കഴിക്കുന്ന വിധം നീതന്നെ പറഞ്ഞുകൊടുത്തേക്ക് ” അയാൾ തലയാട്ടി ,
” വണ്ടിയിലുണ്ട് നിങ്ങൾ പുറത്തു നിന്നോളൂ ,ഞാൻ എടുത്തു തരാം ” ഞങ്ങളോടായി പറഞ്ഞു അയാൾ ഒരു i pad എടുത്തു, ഡോക്ടർ വേറെ 2 മരുന്ന് കൂടി വാങ്ങാൻ എഴുതി പ്രീസ്ക്രിപ്ഷൻ എന്റെ കയ്യിൽ തന്നു .ഞങ്ങൾ ഫീസ് കൊടുത്തപ്പോൾ ഡോക്ടർ വാങ്ങിയില്ല ” ഇവന്റെ കൂട്ടുകാരുടെൽന്നു ഞാൻ പൈസ വാങ്ങാൻ പറ്റൂല ,ഒന്ന് പോയി തന്നാൽ മതി ” ഞങ്ങൾ അമ്പരന്നു അയാളെ നോക്കിയപ്പോൾ അതേ പുഞ്ചിരിയോടെ പുള്ളി പൊക്കോളാൻ കണ്ണ് കാണിച്ചു പിന്നെ അവർ ഇംഗ്ലീഷിൽ മരുന്നിന്റെ എന്തൊക്കെയോ സംസാരിച്ചോണ്ടിരുന്നപ്പോൾ ഞങ്ങൾ ഇറങ്ങി പുറത്തു നിന്നു ..
എനിക്ക് സത്യത്തിൽ ചിരിയും അമ്പരപ്പും മാറിയിട്ടുണ്ടായിരുന്നില്ല …ശബരിയും അകെ വണ്ടറടിച്ചു നീക്കുകയായിരുന്നു ..
5 മിനിട്ട് കഴിഞ്ഞപ്പോൾ അയാൾ വന്നു വിളിച്ചു ബുള്ളറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി . മരുന്നുകൾ എടുത്തുതന്നു കഴിക്കണ്ട വിധവും പറഞ്ഞുതന്നു ശേഷം കൈ നീട്ടി പറഞ്ഞു ” ഞാൻ അനീഷ് ,ചെർപ്പുളശേരിയാണ് വീട് ” ഞങ്ങൾ ഓരോരുത്തരായി കൈ കൊടുത്തു പരിചയപ്പെട്ടു ..
” താങ്ക്സ് ,മരുന്നിനും ചെയ്ത ഉപകാരത്തിനും ” ഞാൻ കൈയിൽ വെച്ചു പറഞ്ഞപ്പോൾ അയാൾ പിന്നെയും ചിരിച്ചു .. ” അതൊന്നും വേണ്ട കൂട്ടുകാരേ ,ഇനി ഇങ്ങനെ ബാഗ് തൂക്കി നടക്കുന്നവരെ കാണുമ്പോൾ നിങ്ങളെ വെറുപ്പിക്കാൻ വരുന്നവരാണെന്നു തോന്നാതിരുന്നാൽ മതി ,ഇതെന്റെ കാർഡ് ആണ് ഇടക്കൊക്കെ വിളിക്കു .. അപ്പൊ പോട്ടെ , പിന്നെ കാണാം “.
അയാൾ വണ്ടിയെടുത്തു പോയി ,കാർഡ് പേഴ്സിൽ എടുത്തുവെച്ചു ശബരിയോട് ഞാൻ ബാക്കി വാങ്ങാനുള്ള മരുന്ന് വാങ്ങി വരാൻ പറഞ്ഞു , അവൻ പോയി വാങ്ങി വന്നു ബൈക്കെടുത്തു…പോകുന്ന വഴി ഞാൻ അവൻ ചോദിച്ചു ” ആളുകളെ നമ്മൾ ഒറ്റനോട്ടത്തിൽ മനസിലാക്കുന്ന രീതിയാകില്ല പരിചയപ്പെടുമ്പോ ലേ ..??
സത്യത്തിൽ ഞാനും അത് തന്നെ ആലോചിക്കുകയാരുന്നു ,ഞാൻ അവനോടു പറഞ്ഞു ” സത്യം , പിന്നെ എനിക്ക് തോന്നുന്നത് ഡിഗ്രി കഴിഞ്ഞു ഞാനും ഒരു മെഡിക്കൽ റെപ് ആയാലൊന്ന് അലോയ്ക്കുന്നുണ്ട് …നീ കണ്ടില്ലേ നല്ല ബ്രാൻഡഡ് ഡ്രസ്സ് ,വണ്ടി ,I pad, നല്ല പൈസയും ഉണ്ടാവും.
അവൻ ചിരിച്ചു ” നിന്നെ നിന്റെ അമ്മ b ed ന് വിടാൻ പ്ലാൻ ഇട്ടിരിക്കുന്നത് ഓര്മ്മയില്ലേ മോനെ …മിക്കവാറും നീ മെഡിക്കൽ റെപ് ആകും …നിന്നെ ഒരു മാഷായി കണ്ടിട്ട് സങ്കടം തീർക്കണം കരുതി ഇരിക്കുന്ന അമ്മ നീ വേറെ എന്തെങ്കിലും ആവും എന്നൊക്കെ പറഞ്ഞാൽ അടിച്ചു ചിലപ്പോൾ മോന്ത പൊളിക്കും ചെങ്ങായ് ..അതോണ്ട് ബാക്കി പിന്നെ ചിന്തിക്കാം ഇപ്പൊ ഈ പനി മരുന്ന് കഴിച്ചു മാറ്റാൻ നോക്ക് , ഇന്നത്തെ ക്ലാസ്സ് എന്തായാലും പോയി , നാളെയെങ്കിലും പോണം ,നീ ഇല്ലാതെ ഒറ്റയ്ക്ക് അവിടെ പോയിരിക്കാൻ വയ്യാത്തോണ്ടാണ് ,ഇല്ലെങ്കിൽ ഇന്നു വൈകിച്ചാലും ഞാൻ പോയേനെ …”
ഞങ്ങൾ അങ്ങനെയാണ് , ഒരാൾ ഇല്ലെങ്കിൽ മറ്റെയാൾ പോവാറില്ല …ഒരു ബോറടിയായിരിക്കും ആകെക്കൂടി ..
വീട്ടിലെത്തി എന്നെ ഹാളിൽ എത്തിച്ചു മരുന്നൊക്കെ പെങ്ങളുടെ കയ്യിൽ കൊടുത്തു നോക്കി എടുത്തു കഴിപ്പിക്കാൻ പറഞ്ഞു കുളിച്ചു കഴിച്ചിട്ട് വരാമെന്നു പറഞ്ഞു അവൻ പോയി …
ഇത്തിരി കൂടി കഞ്ഞി കുടിച്ചു ഞാൻ മരുന്നും കഴിച്ചു പോയി കിടന്നുറങ്ങി , അന്നത്തെ ദിവസം കിടന്നുറങ്ങിയും ശബരിയോട് സംസാരിച്ചും കഴിഞ്ഞുപോയി …പിറ്റേന്ന് ആയപ്പൊളേക്കും നല്ല ആശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ക്ലാസ്സ് മുടക്കണ്ടാന്നു കരുതി . പോകുന്ന വഴിക്ക് ശബരി എന്നോട് ചോദിച്ചു ” ഇന്നു തൊട്ടു കീർത്തന ,കാർത്തിക എന്നൊക്കെ പറഞ്ഞു സമയം കളയാതെ നമ്മുടെ കാര്യങ്ങൾ നോക്കണം …പഠിത്തം ,ക്രിക്കറ്റ് ഇത് 2ഉം ചിന്തിച്ചാൽ മതി തല്ക്കാലം ….അതും ക്രിക്കറ്റ് ഈ ശരീരം ഒന്ന് ശെരി ആയിട്ട് നോക്കാം , അകെ ഒരു ഞരമ്പല്ലേ ഉള്ളു അതും കൂടെ കളയണ്ടല്ലോ ..”
അവന്റെ പുറത്തു ഒരിടി കൊടുത്തു അതിനുള്ള മറുപടി ഞാൻ നൽകി . അണ്ണാറക്കണ്ണനും തന്നാലായത് …😝😝
പക്ഷെ അതുവരെ ഉണ്ടായിരുന്ന ധൈര്യം ഗേറ്റ് കഴിഞ്ഞപ്പോളേക്കും എനിക്ക് പോയി തുടങ്ങി , വീണ്ടും ആ കാര്യങ്ങൾ മനസിലേക്ക് തികട്ടി വന്നു .. കോപ്പ് , ആ കുരുപ്പിന് ഏത് നേരത്താണോ എല്ലാരുടെം മുന്നിൽന്നു പറയാൻ തോന്നിയത് , ആരും അറിയാതെ വിളിച്ചു പോയി പതുക്കെ പറഞ്ഞാലും മതിയാരുന്നില്ലേ …ഇതിപ്പോ മനഃപൂർവം എന്നെ നാണംകെടുത്തണം എന്ന് കരുതിയിട്ടുണ്ടാവണം , അവൾക്കെന്താ , കോളേജിലെ സുന്ദരി ,ഞാനോ ..അവളുടെ പിന്നാലെ നടക്കുന്ന നൂറിൽ ഒരാൾ ആവും , എന്ത് പറഞ്ഞാലും കേട്ടോളും എന്ന് അറിയാമായിരിക്കും …
ഞാൻ വീണ്ടും അസ്വസ്ഥനാകുന്നത് ശബരിക്കും മനസിലായി , ബൈക്ക് പാർക്ക് ചെയ്തു ക്ലാസിലേക്കു നടക്കുമ്പോൾ അവൻ പറഞ്ഞു ” കളിയാക്കാനും തളർത്താനും ഒരുപാട് ആളുകൾ ഉണ്ടാവും , ഒന്നും കാര്യമാക്കണ്ട ….നീ ചെയ്തത് ഒരു തെറ്റൊന്നും അല്ലല്ലോ ..ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മൈൻഡ് കൊടുക്കണ്ട ..കേട്ടല്ലോ ..??”
ഞാൻ മൂളി ….വേറെന്ത് ചെയ്യാൻ ..!!
ക്ലാസിൽ കേറി ചെല്ലുമ്പോൾ സമ്മിശ്രമായ വികാരമായിരുന്നു ഓരോരുത്തർക്കും ..ഒന്നിനും കൂടുതൽ ശ്രദ്ധ കൊടുക്കാതെ ഞങ്ങൾ സീറ്റിൽ പോയിരുന്നു …ക്ലാസ്സ് ടൈം ആയതിനാൽ പ്രശ്നമുണ്ടായില്ല ,ഉച്ചവരെ poetry ക്ലാസ്സ് ആയിരുന്നു …
മുൻപ് പറഞ്ഞിരുന്നല്ലോ ഞങ്ങൾ നല്ല പഠിപ്പിസ്റ്റുകളോ എന്നാൽ തീരെ പഠിക്കാത്തവരോ ആയിരുന്നില്ല , ഇതിന്റെ 2 ന് ഇടക്കുള്ള ടൈപ്പ് ആരുന്നു , ഒരു മിഡിൽ ബെഞ്ച് ടീം …മൊത്തം 62 പേരുള്ളതിൽ 45ഉം പെൺകുട്ടികളാണ്… ക്ലാസ്സിലെ എല്ലാവരോടും അത്യാവശ്യം കമ്പനി ഉണ്ടെങ്കിലും ഞങ്ങൾ പൊതുവേ ഞങ്ങളുടെ ക്ലാസിൽ ഫ്രീ ടൈമിൽ അധികം സമയം ചിലവഴിക്കാറില്ല .
കാരണം രാവിലെ എണീക്കാൻ 2 ആളും മടിയന്മാർ ആയതിനാലും വൈകി പോരുന്നത് കൊണ്ടും ക്ലാസ്സ് തുടങ്ങുവാനാകുമ്പോ മാത്രമേ ഞങ്ങൾ കോളേജിലെത്താറുള്ളു ..ക്ലാസ്സ് ടൈമിൽ സംസാരിക്കാനുള്ള ധൈര്യം കുറവായതുകൊണ്ട് ഉച്ചയ്ക്ക് ഫുഡ് ടൈമിൽ ആണ് പൊതുവേ എല്ലാവരോടും സംസാരിക്കാറുള്ളു ..ഇനി വൈകീട്ട് കുറെ കാലത്തേ ടൈം ടേബിൾ നേരത്തെ ഞാൻ പറഞ്ഞിരുന്നല്ലോ …അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ക്ലാസിലുള്ളതിനേക്കാൾ കമ്പനി ക്രിക്കറ്റ് ടീമിലെ പയ്യന്മാരും ആയിട്ടായിരുന്നു …സ്വഭാവികം !!
ഞങ്ങളുടേത് ഒരു ഗവണ്മെന്റ് കോളേജ് ആണ് , ഇവിടെ ലിറ്ററേച്ചർ കൂടാതെ Bba, Bsc, Bcom, പിന്നെ B A ബാക്കിയുള്ള വിഷയങ്ങളും ഉണ്ട് …അത്യാവശ്യം സൗകര്യമുള്ള ക്യാമ്പസ്സിൽ പൂവാക മരങ്ങളും ,നെല്ലിയും ,ആൽമരവും, പുളിയും എല്ലാം ഉണ്ടായിരുന്നു ..ഇനി കോളേജിൽ നടന്നു വരാനാണെങ്കിൽ ബസ്റ്റാന്റിൽ നിന്നും 1 km ചുറ്റും മരങ്ങൾ നിറഞ്ഞ റോഡും .. ചുരുക്കിപ്പറഞ്ഞാൽ പ്രേമിക്കേണ്ടവർക്കു സൗകര്യപ്രദമായ ഒരിടം .. എന്നെങ്കിലും അവൾ ok പറഞ്ഞാൽ ഇതെല്ലാം ഒന്ന് ആസ്വദിക്കണമെന്നു ഉണ്ടായിരുന്നു ഇനിയിപ്പോ കാര്യമില്ലല്ലോ ..!! ക്ലാസിൽ കുറച്ചു തല്ലിപൊളികൾ ഉണ്ടെങ്കിലും ഞങ്ങളെ അധികം അവർ മൈൻഡ് ചെയ്തിരുന്നില്ല , അതിലൊരു കാരണം ആദ്യ വർഷത്തിൽ അതിലൊരുത്തനുമായി ശബരി ഉടക്ക് ഉണ്ടാക്കിയിരുന്നു ..എന്തോ വാക്കുതർക്കത്തിൽ തുടങ്ങി ചെറിയൊരു അടിപിടി തന്നെ നടന്നു , അന്ന് അങ്ങോട്ടും ഇങ്ങോട്ടും നന്നായി ഇടി കൊണ്ടതിനാൽ 2 ആൾക്കും പരസ്പരം ഒരു ബഹുമാനം വന്നു എന്നുള്ളതാണ് ..സത്യത്തിൽ ക്ലാസിൽ എന്നല്ല ബാക്കി ബാച്ചിനും പേടിയുണ്ടായിരുന്ന ആ പയ്യൻ റോഷൻ മാത്യു ഇവനെ കാര്യമായി എടുത്തിരുന്നില്ല ..റോഷൻ കൊടുത്ത ഇടി ശബരി വാങ്ങിയെങ്കിലും അന്ന് ശബരിയുടെ 2,3 പഞ്ചും കിക്കും റോഷന് നന്നായിട്ട് കിട്ടിയിരുന്നു ..അടി കണ്ടു നിൽക്കുമ്പോൾ ചില സമയത്ത് റോഷന്റെ മുഖത്തു അതിന്റെ വ്യത്യാസം ഞാൻ കണ്ടിരുന്നു …എന്തിനേറെ പറയുന്നു പിടിച്ചുമാറ്റിയില്ലെങ്കിൽ മിക്യവാറും അതൊരു ചോരക്കളി ആയിരുന്നെന്നെ ..പക്ഷെ അതിനു ശേഷം അവർ ഡിസന്റ് ആയിപോയി …..അങ്ങോട്ടും ഇങ്ങോട്ടും കിട്ടിയതുകൊണ്ടാകാം പിന്നെ അവർ തമ്മിൽ തല്ല് ഉണ്ടായില്ല .അവർ മാത്രമല്ല റോഷന്റെ ഗാങ്ങിലുള്ള ബാക്കിയുള്ളവർക്കും ശബരിയെ തോണ്ടുവാൻ ഇത്തിരി പേടിയുണ്ട് ..ഇതാണ് കാരണം no 1.
ഇനി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം :ശബരിയും ഞാനും പണ്ട് ഭയങ്കര wwe ഫാൻസ് ആയിരുന്നു , എനിക്കിഷ്ടം റെയ് മിസ്റ്റീരിയോ യേ ആയിരുന്നെങ്കിൽ ചെങ്ങായ് ജോൺ സിനയുടെ കട്ട ഫാനായിരുന്നു( ആ കോപ്പ് അഭിനയമാണെന്ന് മനസിലായപ്പോൾ മെഗാ സീരിയൽ കഴിഞ്ഞ അമ്മച്ചിമാരെ പോലെ ഞങ്ങൾ സെന്റി അടിച്ചിരുന്നു ) ..അപ്പൊ പറഞ്ഞു വന്നതെന്താന്നു വെച്ചാൽ അവൻ അത് കണ്ടത് ലൈഫിൽ പലപ്പോഴായി ഉപകാരപ്പെട്ടു പക്ഷെ ഞാനതിനെ ഒരു വിനോദ മാർഗമായി മാത്രം കണ്ടുപോന്നു ..അല്ലെങ്കിലും ആരോഗ്യക്കുറവും ധൈര്യക്കുറവും ഉള്ളവര്ക്ക് പറ്റുന്ന പണിയല്ലല്ലോ തല്ലുപിടിക്കൽ ..
ഇനി ഉള്ളത് എന്താന്ന് വെച്ചാൽ ഞങ്ങൾ ആ ക്ലാസിൽ ഉള്ളത് ആർക്കും ഒരു ശല്യമാകാറില്ല എന്നതാണ് , ആരോടും ഒരുപാട് കേറി സംസാരിക്കുകയോ ,പെൺകുട്ടികളോട് പഞ്ചാരയടിച്ചു നടക്കുകയോ ചെയ്യാൻ എനിക്ക് കോൺഫിഡൻസും ശബരിക്ക് ഇന്ട്രെസ്റ്റും ഉണ്ടായില്ല ..പക്ഷെ ഒതുക്കത്തിൽ ഇരുന്നു സീൻ പിടിക്കാനും , വായ്‌നോക്കാനും ഞങ്ങക്ക് താല്പര്യമുണ്ടായിരുന്നു താനും …ക്ലാസിൽ അത്യാവശ്യം പഠിപ്പിസ്റ്റുകളൊക്കെ പെൺകുട്ടികളാണ് , അതിൽ തന്നെ 3,4 എണ്ണം ഒടുക്കത്തെ ഭംഗിയും പഠിപ്പികളും , അവരെ വായ്നോക്കിയും ക്രിക്കറ്റ് കാര്യങ്ങൾ സംസാരിച്ചും കളിച്ചും , കുറച്ചു പഠിച്ചും കോളേജ് ലൈബ്രറിയിൽ ഇഷ്ടപ്പെട്ട ബുക്സ് വായിച്ചുമായിരുന്നു ഞങ്ങൾ സമയം കളഞ്ഞിരുന്നത് ..അതുകൊണ്ട് തന്നെ ആര്ക്കെങ്കിലും ഞങ്ങളോട് വിരോധം ഉണ്ടാവാനോ ആരെയെങ്കിലും ശല്യപെടുത്താനോ ഞങ്ങൾ മുതിർന്നിരുന്നില്ല
എന്നതും ആയിരുന്നു രണ്ടാമത്തെ കാര്യം .പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ പോലും ഞങ്ങളെ അടുത്തറിയുന്ന ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഉദയൻ സാർ ..പുള്ളി കാരണമാണ് ലിറ്ററേച്ചറിന്റെ ലോകത്തേക്ക് കയറാൻ പറ്റിയത് …കുറച്ചു പ്രാന്തിന്റെയും ..😌😌
Poetry ക്ലാസ്സ് കഴിഞ്ഞു ലഞ്ച് ടൈമിൽ കഴിക്കുന്ന സമയത്താണ് ഞങ്ങളുടെ ബെഞ്ചിലെ അടുത്തു ഇരിക്കുന്ന ഹരിയും വൈശാഖും അന്നത്തെ സംഭവം എടുത്തിട്ടത് …
ഹരി : മനൂ , നീ ആ കീർത്തനയെ നോക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ലല്ലോ …
ഞാൻ മറുപടി എന്ത് കൊടുക്കുമെന്ന് സംശയിച്ചു നിൽക്കുന്നതിനിടയിൽ വൈശാഖ് പറഞ്ഞു ” അവൾ ജാഡ കാണിച്ചതാണ് , ഞങ്ങക്ക് ഒരു പരാതിയെ ഉള്ളു ,ഒരു ബെഞ്ചിലിരുന്നിട്ടും നീ ഞങ്ങളോട് 2 പേരോടും ഇതൊന്നും പറഞ്ഞില്ല …”
ഇതാണ് സംസാരം എന്ന് കേട്ടപ്പോൾ ക്ലാസിലുണ്ടായിരുന്ന ചില പെണ്കുട്ടികളും പയ്യന്മാരും ചുറ്റും കൂടി , എനിക്ക് പക്ഷെ ഇതിൽ അത്ഭുതമായത് അതിൽ പലർക്കും അവൾ അഹങ്കാരിയാണെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത് ,പിന്നെ ഞാൻ ഒരു ഉപദ്രവകാരി അല്ലാത്തതുകൊണ്ട് എന്നോട് കുറച്ചു സോഫ്റ്റ് കോർണർ ചിലർക്കെങ്കിലും ഉണ്ട് ..പക്ഷെ എല്ലാവർക്കും എന്റെ വായിൽ നിന്നും ഇതിനെപ്പറ്റി കേൾക്കണം എന്നായപ്പോ എനിക്ക് പറയേണ്ടി വന്നു ..
“അത് അങ്ങനെയല്ല , ഇഷ്ടമുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാം , പക്ഷെ അവളെ അറിയിക്കണമെന്നോ അവളെന്നെ പ്രേമിക്കണമെന്നോ ഞാൻ അത്രക്കൊന്നും ചിന്തിച്ചിട്ടില്ല , ഒരു ആകർഷണം തോന്നി അത് ഇങ്ങനൊരു നാണക്കേട് ആവുമെന്ന് വിചാരിച്ചില്ല ..”
ഇങ്ങനെ പറയാനാണ് എനിക്ക് കഴിഞ്ഞുള്ളൂ , എന്നെ അവൾ പ്രേമിക്കണം എന്ന് ഞാൻ ആഗ്രഹിച്ചെന്നു പറയുമ്പോ ആരെങ്കിലും ചുമ്മാ ഒരു പുച്ഛ ഭാവം കാണിച്ചാൽ ഞാൻ ഇതുവരെ പറഞ്ഞു മനസിലാക്കിയ എന്റെ മനസ് വീണ്ടും കൈവിടുമോ എന്നൊരു പേടി എനിക്കുണ്ടായി .. എന്തോ ഇനി ഞാൻ കാണാത്തതുകൊണ്ടാണോ ശെരിക്കും എന്നോടുള്ള സഹതാപം കൊണ്ടോ ഇത്രയും പറഞ്ഞതിന് ആരും പുച്ഛമിട്ടതായി ഞാൻ കണ്ടില്ല …
ശബരി ഇതിലൊന്നും റോൾ ഇടാതെ മാറിയിരിക്കുകയായിരുന്നു …ഞാൻ അവന്റെ അടുത്തു ചെന്നിരുന്നു .
” നീ എങ്ങനെയാണു ഈ സിറ്റുവേഷൻ കൈകാര്യം ചെയ്യുന്നതെന്ന് നോക്കാൻ വേണ്ടി മാറി ഇരുന്നതാണ്..കുഴപ്പമില്ല ,കുളത്തിലെ വെള്ളത്തിന് അത്യാവശ്യം മാന്ത്രിക ശക്തിയും ഉണ്ടെന്ന് തോന്നുന്നു “….
“ഫ…നാറി ” എനിക്ക് ദേഷ്യം വന്നു , ” എടുത്തു കുളത്തിൽ എറിഞ്ഞതും പോരാ പിന്നെ അതിന്റെ മോളിൽ ടോർച്ചർ ചെയ്യുന്നോ ..?? ”
അവൻ ചിരിച്ചു കൈകൂപ്പി കാണിച്ചു ….
ഉച്ചയ്ക്ക് ശേഷം സബ് പേപ്പർ ആയിരുന്നു , ബോറടിച്ചു മരിക്കാനായപ്പോൾ തലവേദനയാണെന്നും പറഞ്ഞു മിസിനോട് സമ്മതം വാങ്ങി ഡിസ്കിൽ തകർത്തു വെച്ചു കിടന്നു ചെറുതായൊന്നു മയങ്ങി .ആരോ തട്ടി വിളിച്ചപ്പോളാണ് കണ്ണ് തുറന്നത് ,എല്ലാവരും എന്നെ തന്നെ നോക്കി ചിരിക്കുന്നു … ദൈവമേ !!! രംഗം പന്തിയല്ലെന്ന് പെട്ടെന്ന് കത്തി . പക്ഷെ ഇതെന്തു കോപ്പാണെന്നു മനസിലാവാതെ ശബരിയെ നോക്കിയപ്പോൾ അവനും ചിരിക്കുന്നുണ്ട് …
മിസ്സ് ചെറിയൊരു കളിയാക്കലോടെ എന്നോട് ചോദിച്ചു ” എന്താ മനു …തല വേദന മാറിയോ ..? “..
ഞാൻ മെല്ലെ തലയാട്ടി , ശബരിയുടെ ചെവിയിൽ കാര്യം ചോദിച്ചു ..
” എടാ നാറി , തലവേദന പറഞ്ഞു വിശ്രമിക്കുമ്പോ ഉറങ്ങാതിരുന്നൂടെ …നിന്റെ കൂർക്കം വലി ഈ കോളേജ് മൊത്തം കേട്ടിട്ടുണ്ടാവും , നിന്റെ മോന്ത ഒന്ന് കണ്ണാടിയിൽ നോക്കിയാൽ നീ ഇനിയും ഞെരമ്പ് മുറിക്കേണ്ടിവരും തുപ്പലൊക്കെ ഒലിച്ചു ഈ സൈഡ് മൊത്തം നനഞ്ഞിട്ടുണ്ട് …പന്ന ***** മോനെ , എന്റെ നോട്ട് വരെ മഴ വെള്ളത്തിൽ ഇട്ടപോലെ ആയിപോയി ..ശവം ” പറഞ്ഞുകൊണ്ട് അവൻ കോക്രി കാണിച്ചു ..
അയ്യേ …സംഗതി ശെരിയാണല്ലോ , എന്റെ നോട്ടിന്റെയും അവന്റെ നോട്ടിന്റെയും മുകളിലായാണ് ഞാൻ കെടന്നിരുന്നത് ,വായിൽ നിന്നും തുപ്പലൊഴുകി അതിന്റെ 2 ന്റെ സൈഡും നനഞ്ഞിരിക്കുന്നു ..ഛെ ..നാണക്കേട് എഗൈൻ … ഇതിലും ഭേദം ആ കുളത്തിൽ വീണു ചത്താൽ മതിയാരുന്നു … എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി..തലവേദന പറഞ്ഞു കിടക്കാൻ വിചാരിച്ച നേരത്തിനെ പ്രാകി ബാക്കി സമയം ഞാൻ കഴിച്ചുകൂട്ടി …സംഗതി ദേഹം ക്ലാസിലായിരുന്നെങ്കിലും ദേഹി ഓടി രക്ഷപ്പെട്ടിരുന്നു . ..ഇതൊന്നു കഴിഞ്ഞിരുന്നെങ്കിൽ എന്നായി അവസ്ഥ…. !!!
പിന്നെ ഉള്ള ഓരോ നിമിഷവും മനസ്സിൽ സ്വയം പ്രാകി സമയം കഴിച്ചു. പിന്നെ കുറ്റം പറയരുതല്ലോ ഈ പൊളിറ്റിക്കൽ സയൻസ് എന്ന സാധനമാണ് സബ് പേപ്പർ ,ഇത്രേം വെറുപ്പിക്കുന്ന ഒരു ഐറ്റം ഞങ്ങക്ക് വേറെയില്ല ,പിനെ ആ ക്ലാസിനു ഇരിക്കാനുള്ള പ്രോചോദനം പ്രിയ മിസ്സ് മാത്രമാണ് …പഠിപ്പിക്കാൻ വല്ല്യേ അറിവൊന്നും ഇല്ലെങ്കിലും ആളൊരു പാവമായതിനാലും വെറുപ്പിക്കാൻ നിൽക്കാത്തതിനാലും ആരും അങ്ങനെ കട്ട് ചെയ്യാറില്ല …
പലപ്പോഴും പഠിപ്പിക്കുന്ന സമയത്ത് പഠിപ്പിസ്റ്റുകൾ ചോദ്യം ചോദിക്കുമ്പോൾ മൂപ്പത്തി ചെറുതായൊന്നു വിയര്ക്കും , പാവം …അത് കാണുമ്പോളെല്ലാം ഈ പഠിപ്പി തെണ്ടികൾക്കു എന്തിന്റെ കേടാണോ എന്ന് സ്വയം ചോദിച്ചിട്ടുണ്ട് . ഞങ്ങളെ സംബന്ധിച്ചിടത്തോളം മനസിലായത് പഠിക്കും എന്നല്ലാതെ മനസിലാവാത്ത ഭാഗങ്ങൾ ചോദിച്ചു മനസ്സിലാക്കാനോ വേറെ എവിടെയെങ്കിലും റെഫർ ചെയ്യാനോ ഒന്നിനും മെനക്കെടാറില്ല ..മടി തന്നെ കാര്യം !!
അതിനു വേണ്ടി ചിലവഴിക്കുന്ന സമയമുണ്ടെങ്കിൽ എന്തോരം പെൺപിള്ളേരെ വായ്‌നോക്കാം …😝😝
അങ്ങനെ ഉന്തിയും തള്ളിയും അന്നത്തെ ക്ലാസ്സ് തീർന്നു കിട്ടി ..വിട്ടയുടൻ ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോയി .പോകുന്ന വഴിക്ക് ശബരി കീർത്തനയെ കാണണ്ടേ എന്നും ചോദിച്ചിട്ടൊരു എനിക്കിട്ടൊരു കൊട്ട് കൊട്ടിയെങ്കിലും അതിനു മൈൻഡ് കൊടുക്കാതെ ഞാൻ മുന്നോട്ടു നടന്നു .
” നീയെന്താ ചോദിച്ചതിനു ഒന്നും പറയാത്തത് ..? നിന്റെ നാവെറങ്ങി പോയോട പട്ടി ..”
ശബരി ഫിലോമിനയെ അനുകരിച്ചു എന്നോട് ചോദിച്ചപ്പോൾ ഞാൻ അവന്റെ നേരെ തിരിഞ്ഞു ” കണ്ണിൽ കണ്ടവരൊക്കെ കേറി ചൊറിയാൻ ചാൻസുണ്ട് ,അതിനു മൈൻഡ് കൊടുക്കേണ്ടെന്നു എന്റെ ചങ്ക് എന്നോട് പറഞ്ഞിട്ടുണ്ട് ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആദ്യം കത്തിയില്ലെങ്കിലും പിന്നെ മനസിലായപ്പോ അവൻ ചവിട്ടുന്ന പോലെ കാണിച്ചു പേടിപ്പിച്ചു ..
ഗ്രൗണ്ടിൽ എത്തിയപ്പോൾ ടീം മെമ്പേഴ്‌സ് എല്ലാവരും വന്നുകൊണ്ടിരിക്കുന്നെ ഉണ്ടായിരുന്നുള്ളു .വന്നവരിൽ ചിലർ വാം അപ്പ് ചെയ്യുന്നു , ചിലർ ഷൂ കെട്ടികൊണ്ടിരിക്കുന്നു, ഞങ്ങളെ കണ്ടപ്പോൾ സുഹൈൽ എണീറ്റു
” ഹാ ..വന്നല്ലോ കാമുകൻ , ഇന്നു പോയില്ലെട..? ഓഹ് ..മിനിഞ്ഞാന്ന് കിട്ടിയതിന്റെ ക്ഷീണം മാറിയില്ലല്ലേ ..?? ”
അവനു ഒടുക്കത്തെ സംശയം ..
” ഏതോ ഒരു തെണ്ടി പണി തന്നെടോ , അതാണ് അത്രേം ഇഷ്യൂ ആയതു …” ഞാൻ സെന്റി അടിച്ചു ..അവിടെ ജാട കാണിച്ചാൽ ചിലപ്പോൾ ഇനിയും ഇട്ടു വാരും എന്നുറപ്പാണ് .
“അതെല്ലാം ഞാൻ അറിഞ്ഞു മോനേ ….എനിക്കൊരു ബിരിയാണി മേടിച്ചുതന്നാൽ കാര്യം ഞാൻ പറഞ്ഞുതരാം …” അവൻ മുഖത്തു നോക്കി ഇളിച്ചു .
പന്നൻ അവസരം മുതലെടുക്കുവാണല്ലോ ..ഞാൻ നിസഹായനായി ശബരിയുടെ നോക്കി , അവൻ സംശയത്തിൽ അവനെന്താണ് പറയുന്നതെന്ന് നോക്കിയിരിക്കുന്നു .
” എന്തിന്റെ കാര്യമാ പറയുന്നത് ..? ബിരിയാണി ഞാൻ വാങ്ങിത്തരാം .. നീ കാര്യം മുഴുവൻ പറ ” അവൻ സുഹൈലിനെ പ്രോലോഭിപ്പിച്ചു ..
” അതോ …അത് നമ്മുടെ ജിത്തു പറ്റിച്ച പണിയാണ് ..ജിത്തുന്റെ ക്ലാസിലല്ലേ അവൾ പഠിക്കുന്നത് …ഈ അടുത്ത് അവനും ആ പെണ്ണും തമ്മിൽ റെക്കോർഡ് സബ്മിറ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു എന്തോ കശപിശ ഉണ്ടായത്രേ , അവൾ കാരണം ഇവനും ഇവന്റെ ഒപ്പമുള്ള 3 പയ്യന്മാരും ക്ലാസിനു പുറത്തായെന്നോ ,അങ്ങനെ ഏതാണ്ട് സംഭവിച്ചിരുന്നു ..അതിനു ഇവൾക്കിട്ടൊരു പണി കൊടുക്കാൻ നോക്കിയിരിക്കുമ്പോളാണ് നിന്റെ വൺവേ പ്രേമം ഇവനറിഞ്ഞത് , നിന്റെ പേരും പറഞ്ഞു ഉഗ്രൻ ലവ് ലെറ്റർ എഴുതി നീ തന്നതാണെന്നും പറഞ്ഞു ക്ലാസിൽ വെച്ചു ഉറക്കെ വായിച്ചുകേൾപ്പിച്ചു ,അറിഞ്ഞിടത്തോളം സംഗതി കുറച്ചു ഹോട്ട് ആയിരുന്നെന്നാണ് കേട്ടത് .നിന്നെ അവൾക്കറിയാത്തതുകൊണ്ടു വേറെ പ്രശ്നമുണ്ടാകില്ലെന്നു കരുതിയാണ് നിന്റെ പേരിൽ ചെയ്തതത്രെ, അവൾ നിനക്ക് തന്ന കത്തിന്റെ മറുപടിയായി നീ എഴുതിയെന്ന രീതിയിലാണ് അവർ അവതരിപ്പിച്ചത് , ഉദ്ദേശിച്ചപോലെ അവൾ നന്നായിട്ട് നാണംകെട്ടു , ഇത്തിരി അഹങ്കാരം ഉള്ളതുകൊണ്ടും ക്ലാസിൽ കുറേ ശത്രുക്കൾ ഉള്ളതിനാലും പ്ലാൻ വളരെ വൻ വിജയമായി , പക്ഷെ അതോടുകൂടി ഇവൻ നോട്ടപ്പുള്ളി
ആയിട്ടുണ്ടാവും..പിന്നെയെന്തു സംഭവിച്ചെന്ന് എനിക്ക് അറിയില്ല ..”
അവൻ പറഞ്ഞു നിർത്തി ഞങ്ങളുടെ മുഖത്തു നോക്കി .. എനിക്ക് അകെ തല കറങ്ങി ..ഈ ജിത്തു ഞങ്ങളുടെ ടീമിലെ പ്ലയെർ ആണ് ,ഞാനുമായി തരക്കേടില്ലാത്ത കമ്പനി ഉള്ള ഒരുത്തൻ തന്നെയാ ..പക്ഷെ ഇതിപ്പോ ..!!!??🤔🤔
“ശ്ശേ …കേട്ടിടത്തോളം ഒരു ചീഞ്ഞു നാറിയ സംഭവമായി പോയി ..” ശബരി തലക്കു കൈകൊടുത്തു പറഞ്ഞു , എനിക്കും ഒരു രൂപവും ഉണ്ടായിരുന്നില്ല …അതിലേറെ മനസിലാകാത്തത് അവർ തമ്മിലുള്ള ഒരു പ്രശ്നത്തിലേക്ക് എന്നെ വലിച്ചിഴക്കാൻ ജിത്തുവിന് എങ്ങനെ പറ്റി എന്നതായിരുന്നു ..കള്ളപ്പട്ടി !!! ഞാൻ പല്ലിറുമ്മി …
കുറച്ചു സമയത്തേക്ക് ഒരു നിശബ്ദത തങ്ങിനിന്നു …ഞങ്ങളൊഴികെ മറ്റുള്ളവരൊക്കെ പ്രാക്ടീസ് തുടങ്ങി , ശബരിയും സുഹൈലും ഷൂ കെട്ടി കഴിഞ്ഞിരുന്നു ….ശബരിയാകട്ടെ കളിക്കാൻ വേണ്ടിയുള്ള ജേഴ്‌സീ കയ്യിലിരിക്കുന്നുണ്ട് , പക്ഷെ ഗഹനമായ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്നു എന്ന് മുഖഭാവത്തിൽ നിന്ന്തന്നെ വ്യക്തമാണ് ..അത് അല്ലെങ്കിലും അങ്ങനെയാണ് , എന്റെ കാര്യത്തിലെ പ്രശ്നങ്ങളിൽ പലപ്പോളും പരിഹാരം കാണുന്നത് അവനാണ്…നോക്കാം , അവൻ ആലോചിക്കട്ടെ ..
“സംഗതി ഈ പ്രശ്നത്തിന്റെ റൂട്ട് ഏതാണ്ട് പിടികിട്ടി ” ശബരി എണീറ്റു ഞങ്ങൾക്ക് അഭിമുഖമായി നിന്നു ” കത്ത് ബാക്കിയുള്ളവരെ പോലെ അവളും വിശ്വസിച്ചു , വ്യത്യാസം എന്താന്നുവെച്ചാൽ ബാക്കിയുള്ളവർ അവൾക്കുള്ള മറുപടി കത്തായി വിശ്വസിച്ചു , ഇവൾ ഇവൾക്കു ഏതോ ഒരു അലവലാതി പയ്യൻ കൊടുത്തതായും വിശ്വസിച്ചു ഒരേ ഒരു സംശയം ഉണ്ടായിട്ടുണ്ടാവുക ജിത്തു കെട്ടിച്ചമച്ച കഥയാണോ ഇത് എന്നുള്ളത് മാത്രമാകും , അന്വേഷിച്ചു നോക്കിയപ്പോൾ നീയെന്ന കഥാപാത്രം ശെരിക്കും ഉള്ളതാണെന്ന് മനസിലായി ,കൂടുതൽ അന്വേഷിച്ചപ്പോൾ നീ അവളെ അവളറിയാതെ എല്ലായിടത്തും ഫോളോ ചെയ്യുന്നുണ്ടെന്ന് പലരും പറഞ്ഞറിയുകയും ചെയ്തു ….പോരേ ….??? ഏതൊരു പെണ്ണും സ്വഭാവികമായി ചിന്തിക്കുന്നത് കോമ്മൺസെൻസ് വെച്ചു ചിന്തിച്ചാൽ നമുക്കും മനസിലാവുമല്ലോ …”
ഷെർലക് ഹോംസ് കുറ്റം തെളിയിച്ചു നിൽക്കുന്ന പോലെ അവൻ ഞെളിഞ്ഞു നിന്നു ..
” അമ്പടാ കേമാ ശബരിക്കുട്ട …..” മണിച്ചിത്രത്താഴിലെ തിലകനെ പോലെ ഞാൻ അവനെ കെട്ടിപ്പിടിച്ചു …പക്ഷെ പിന്നെയാണ് എനിക്ക് ആ സംശയം വന്നത് ..അല്ല ഇതിപ്പോ സംഭവിച്ച കാര്യം എന്താന്നല്ലേ മനസിലായുള്ളു , കോപ്പ് ഈ നാണക്കേടിൽ നിന്നും എങ്ങനെ തടിയൂരും എന്ന് മനസിലായില്ലല്ലോ …അപ്പൊ ഈ തെണ്ടിക്ക് അതും കൂടെ കണ്ടുപിടിച്ചൂടേ ….ഞാനൊരു ടിപ്പിക്കൽ മലയാളി ആയി..
” ശെരി ,നിങ്ങൾ പോയി പ്രാക്റ്റീസ് ചെയ്തോ ,ഞാൻ ഇവിടൊന്നു വിശ്രമിക്കാം ”
ഞാനതു പറഞ്ഞപ്പോൾ അവർ പ്രാക്റ്റീസ് സ്ഥലത്തേക്ക് ജോഗ് ചെയ്തു …ഞാൻ ബാഗ് താഴെ വെച്ചു ഗ്രൗണ്ടിലെക്ക് ഇറങ്ങുന്ന സ്റ്റെപ്പിൽ മലര്ന്നു കിടന്നു ,വീണ്ടും ഓരോ ചിന്തകളിലേക്ക് മനസ് പൊയ്ക്കൊണ്ടിരുന്നു ..
പണ്ടാരമടങ്ങാനായിട്ട് ഈയിടെയായി സമയം വളരെ മോശമാണെന്ന് തോന്നുന്നു…മാനഹാനിയാണ് മെയിൻ ..!! അല്ലേങ്കിപ്പിന്നെ നേർക്ക് നേർ കാണുമ്പോൾ മുട്ടുവിറക്കുന്ന ഞാൻ അവൾക്കു ബയോളജി ക്ലാസ്സ് വെച്ചു കത്തെഴുതി എന്നൊക്കെ അവൾ വിശ്വസിച്ചപ്പോളൊ …!! അല്ല അതിനു അവള്ക്ക് എന്നെ അറിയില്ലല്ലോ ല്ലേ …ശ്ശേ ഇത് ആലോചിക്കുംതോറും തല
പിന്നെ മെല്ലെ എഴുന്നേറ്റു പ്രാക്റ്റീസ് സ്ഥലത്തേക്ക് നടന്നു ..ശബരി ബാറ്റ് ചെയ്യുന്നുണ്ട് , അവൻ നല്ല ബിഗ് ഹിറ്റെർ ആണ് , ഓപ്പണിങ് ഇറങ്ങി ഫോമിലുള്ള ദിവസം അവൻ തകർത്തൊടുക്കും..ഞാൻ പക്ഷെ ബോളർ ആണ് ,ബാറ്റിങ്ങും ചെയ്യുമെങ്കിലും ഹൈറ്റ് ഉള്ളതുകൊണ്ട് അത് ഉപയോഗപ്പെടുത്തി ബോളിങ് ശ്രദ്ധിക്കാനായിരുന്നു കോച്ചിന്റെയും ഉപദേശം….ആ , അതൊക്കെ പിന്നെ എപ്പോളെങ്കിലുംവിവരിക്കാം , അല്ലേ …?
ഞാൻ ശബരിയുടെ പുറകിൽ ചെന്നു നിന്നു
” എന്തായാലും പ്രേമം പൊട്ടി ,അതെന്തെലും ആവട്ടെ പക്ഷെ എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം …നമ്മൾ അറിയാത്ത കാര്യത്തിന് കുറ്റക്കാരനാവാൻ സൌകര്യമില്ല..അതും ഈമാതിരി തീട്ടക്കേസിൽ ….” ഞാൻ രോക്ഷത്തോടെ ശബരിയോട് പറഞ്ഞു.. അവൻ തലകുലുക്കി ” വഴിയുണ്ടാക്കാം നീ സമാധാനപ്പെട് …പക്ഷെ അതിനു നീയൊരു കാര്യം ചെയ്യണം ” അവൻ ഒരു ചെറു ചിരിയോടെ എന്നെന്നോക്കി പറഞ്ഞു , ആ നോട്ടം കണ്ടപ്പോഴേ എനിക്കൊരു പണി ഫീൽ ചെയ്തു …ഞാനവനെ സംശയത്തോടെ നോക്കി.
തുടരും
എല്ലാ പ്രാവശ്യവും പറയുന്നതുപോലെ കാത്തിരുന്ന് വായിച്ച നിങ്ങൾക്കെല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു .എനിക്ക് ഒരു കഥ എഴുതാനുള്ള talent കുറവാണെന്ന് എനിക്ക് തന്നെ അറിയാം ..അതുകൊണ്ടുതന്നെ ലാഗ് ഫീൽ ചെയ്യാനും ചാൻസുണ്ട് , ക്ഷമിക്കുക .. ഞാൻ ആഗ്രഹിച്ച രീതിയിൽ ഒരു റീച്ചൊന്നും കഥക്കുണ്ടായില്ല എന്നത് ചെറുതായി വിഷമിപ്പിക്കുകയും ചെയ്തു .കാരണം കുറച്ചു ദിവസങ്ങളായി ഒഴിവു സമയങ്ങൾ മൊത്തം ഇതിനുവേണ്ടി ചിലവഴിക്കുകയാണ്…എന്തായാലും ഇനി അധികം കഥ നീട്ടണ്ട എന്ന തീരുമാനത്തിലാണ് …അടുത്ത ഭാഗത്തോടെ തീർക്കണം എന്നൊരു ഉദ്ദേശ്യമുണ്ട് …വായനക്കാരനായി ഇരിക്കുന്നതാണ് സുഖം …ഇതുവരെ കറച്ചുപേരെങ്കിലും കാണിച്ച സ്നേഹത്തിനു നന്ദി ..
സ്നേഹത്തോടെ
Comments:
No comments!
Please sign up or log in to post a comment!