അനുരാഗപുഷ്പങ്ങൾ 2
” തോന്നിവാസം പറയുന്നോടി….. വേണ്ടാ വേണ്ടന്ന് വയ്ക്കുമ്പോൾ…. ”
” തല്ലിക്കൊ…. തല്ലി കൊന്നോ…. പക്ഷെ അയാളെയും കൊണ്ട് എന്നെ കെട്ടിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ല….. തീരെ നാണമില്ലാത്ത ഒരുത്തനായിട്ടല്ലേ കൂട്ടുകാരന്റെ വീട്ടിൽ വലിഞ്ഞു കയറി ….. ”
അതവൾക്ക് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല…. അതിന് മുൻപേ അവളുടെ അടക്കം എല്ലാവരുടെയും കണ്ണുകൾ ഉമ്മറത്ത് നിൽക്കുന്ന അവനിൽ എത്തിയിരുന്നു…
അവിടെ ആകമാനം നിശബ്ദത തളം കെട്ടിക്കിടന്നു…… നിറഞ്ഞ കണ്ണുകൾ അവർ കാണാതെ മറച്ചു പിടിക്കാൻ അവൻ ആവുന്നതും ശ്രമിച്ചുകൊണ്ടിരിന്നു….. ഇന്ദു അവന്റെ മുഖത്തു നോക്കാനാവാതെ കുനിഞ്ഞു നിന്നിരുന്നു….. മുഖത്ത് വിഫലമായ ഒരു പുഞ്ചിരിയുണ്ടാക്കി അവൻ മുറിയിലേക്ക് നടന്നു…. സാധനങ്ങൾ എല്ലാം ബാഗിൽ കുത്തി നിറയ്ക്കുമ്പോളും കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു കൊണ്ടേ ഇരുന്നു…. ഹൃദയം നുറുങ്ങിയ വേദന അവൻ അനുഭവിച്ചറിയുകയായിരുന്നു…. പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് അവൻ തിരിഞ്ഞു നോക്കി….
” ഇപ്പളാ ഞാൻ ഓർത്തത്…. ഇന്ന് തന്നെ പോയാലെ അവിടുത്തെ കാര്യങ്ങൾ ശരിയാക്കാൻ പറ്റു…. പരിചയക്കാരൊന്നും ഇല്ലാത്ത സ്ഥലമല്ലേ…. ഒറ്റയ്ക്ക് പോകണ്ടേ…. ഇനി അങ്ങോട്ട്…. ”
പിന്നിൽ നിൽക്കുന്ന അരവിന്ദിനോട് അമൽ പറഞ്ഞു…. തിരിച്ചൊന്നും പറയാനാകാതെ അവൻ ശില കണക്കെ നിന്നു….. അമൽ അവന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി….. ഹാളിൽ അച്ഛനും അമ്മയും
അവനെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്നുണ്ടായിരുന്നു…. അവരോടും ഒരു പുഞ്ചിരിയോടെ അവൻ യാത്ര ചോദിച്ചു….. തല താഴ്ത്തി മാറി നിൽക്കുന്ന ഇന്ദുവിന്റെ അടുത്തേക്ക് അവൻ നടന്നു…
” ക്ഷമിക്കണം താൻ….. ഞാൻ…. എന്റെ പോട്ട ബുദ്ധിക്ക് എന്തൊക്കെയോ…. സോറി…. ”
കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു…. അവൻ ബൈക്കിനടുത്ത് എത്തിയപ്പോളേക്കും അരവിന്ദ് ഓടി അവന്റെ അടുത്ത് എത്തിയിരുന്നു….
” സോറി ഡാ… ”
മാസങ്ങൾക്ക് ശേഷം വീണ്ടും അതേ പടിപ്പുര വാതിലിനു മുൻപിൽ…. ഇന്നും ഇവിടെ ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്….. ഇന്ദുവിന്റെ കല്യാണം….. അവൻ ഒന്നുകൂടി ആ പടിപ്പുര വാതിൽ കടന്ന് ആ വീടിന്റെ ഉമ്മറത്തെത്തി…. അവന്റെ കണ്ണുകൾ ആളുകൾക്കിടയിൽ
അരവിന്ദിനെ തിരക്കി നടന്നു…. പക്ഷെ അവനെ വരവേറ്റത് കിലുങ്ങുന്ന പദസരത്തിന്റെ ശബ്ദമായിരുന്നു…. അവന്റ ഹൃദയമിടിപ്പ് കൂടി….. ശബ്ദം കേട്ട ഭാഗത്തേക്ക് അവന്റെ മിഴികൾ പാഞ്ഞു….
ഇന്ദു…. അവളും അവനെ കണ്ടിരുന്നു…. ആ കാലുകളുടെ വേഗം കുറഞ്ഞു…. അവളുടെയും അവന്റെയും കണ്ണുകൾ തമ്മിൽ കോർത്ത് നിന്നു…. അവൻ അവളെ ആകമാനം ഒന്ന് നോക്കി…. എന്നും അവൻ വരുമ്പോൾ കാണാറുള്ള ആ ചൈതന്യം ഇന്ന് ആ മുഖത്തില്ല… ആകെ ക്ഷീണിച്ചിരിക്കുന്നു…. കല്യാണപെണ്ണിന്റെ യാതൊരു പ്രൗഢിയും അവളിലുണ്ടായിരുന്നില്ല… പക്ഷെ ഇപ്പോളും ആ മിഴികൾക്ക് എന്തോ പറയാനുള്ളത് പോലെ….. അവന്റെ ശ്രദ്ധ ചെറുതായി ഉന്തിയ അവളുടെ വയറിൽ ചെന്നവസാനിച്ചു…. അരുതെന്ന് വിചാരിച്ചിരുന്നിട്ടും ഒരു കൊള്ളിയാൻ അവന്റെയുള്ളിലൂടെ പാഞ്ഞു… അവൾ ഒരു അമ്മയാകാൻ പോവുകയാണ്…. ഒരു ഭാര്യയാകാൻ പോവുകയാണ്…. അവൻ സ്വയം പറഞ്ഞാശ്വസിക്കാൻ ശ്രമിച്ചു…. പക്ഷെ ഒരു കൈയകലത്തിൽ അവൾ നിൽക്കുമ്പോൾ അവന്റെ മനസ്സ് കേട്ട് പൊട്ടിയ പട്ടം പോലെയാകുന്നു…. എങ്കിലും അവസാനം അവൾ പറഞ്ഞ വാക്കുകൾ അവന്റെയുള്ളിൽ അലയടിച്ചു കൊണ്ടിരുന്നു….
” അല്ല…. ആരാ ഇത്… അമലേട്ടനോ??.. ഇതെപ്പോ വന്നു..??.. ” എവിടെ നിന്നോ ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി….ചുരിദാർ ഇട്ട ഒരു പെൺകുട്ടി…. എന്നോ കണ്ടു മറന്ന മുഖം…. പക്ഷെ ഓർമ വരുന്നില്ല….. അവൾ വന്നപാടെ അവന്റെ കൈയിലെ ബാഗ് വാങ്ങി കൈയിൽ പിടിച്ചു…. എന്നിട്ട് അകത്തേക്ക് നടക്കാൻ തുടങ്ങി…. അതു കണ്ടപ്പോൾ ഇന്ദുവും അകത്തേക്ക് കയറിപ്പോയി…. അവൻ ശില കണക്കെ അവൾ പോകുന്ന വഴി നോക്കി നിന്നു….
” എന്താണ് മാഷേ…. അകത്തേക്ക് വരുന്നില്ലേ…. അരവിന്ദേട്ടൻ പറഞ്ഞിരുന്നു വരാൻ സാധ്യതയുണ്ടെന്ന്…. അതുകൊണ്ട് മുറി ശരിയാക്കി ഇട്ടിട്ടുണ്ട്…. പിന്നെ പുള്ളിക്കാരൻ സദ്യയുടെ കാര്യത്തിന് പുറത്തേക്ക് പോയേക്കുവാ…. ” അവൾ പടികൾ കയറുന്ന വഴി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു….. അപ്പോളും ആ പെൺകുട്ടിയെ മനസ്സിലാകാത്തതിനാൽ അവൻ സംശയത്തോടെ അവിടെ തന്നെ നിന്നു….
” ശെടാ….. ഈ മാഷ്ക്ക് എന്നെ മനസിലായില്ലേ…. ഇത് ഞാനാ… ആരതി…. നമ്മൾ ഒരിക്കൽ ക്ഷേത്രത്തിൽവച്ചു കണ്ടില്ലേ…. ഇന്ദുവിന്റെ കൂട്ടുകാരി…. ” പെട്ടന്ന് അമലിന് ആ സംഭവം ഓർമ വന്നു…. ഒപ്പം ഇന്ദു അന്ന് പറഞ്ഞ കാര്യവും അവന്റെ ചെവിയിൽ മുഴങ്ങി….
” ഉവ്വ്…. കഴിഞ്ഞിട്ട് കുറച്ചായി…. ഇപ്പോൾ വീട്ടിൽ കല്യാണം ഒക്കെ ആലോചിച്ചു തുടങ്ങി…. ” അവളുടെ നോട്ടത്തിൽ പ്രതീക്ഷയുടെ ഒരു കണികയുള്ളത് പോലെ അവന് തോന്നി… അവളെ നോക്കാനാകാതെ അവൻ മുഖം തിരിച്ചു…. വീട്ടിലേക്ക് കയറിയപ്പോൾ പണ്ട് ചേച്ചിയുടെ കല്യാണത്തിന് കണ്ടു പരിചയമുള്ള പല മുഖങ്ങളും കണ്ടു… അതിനിടയിൽ അമ്മയുടെയും… അവർ അവനെ നോക്കി വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു….
” താൻ ശരിക്കും ഇവിടെയങ്ങ് കൂടിയല്ലേ??… ” അവൻ ആരതിയോട് ചോദിച്ചു…
“അതേല്ലോ…. എന്റെ ബാല്യകാലസഖിയുടെ കല്യാണമല്ലേ…. അതും പ്രേമവിവാഹം… അപ്പൊ ഞാൻ എപ്പോളും കൂടെ വേണ്ടേ… ” അവളുടെ വാക്കുകൾ ചാട്ടുളി പോലെ അവന്റെ ഉള്ളിൽ പതിച്ചു….
” പ്രേ… പ്രേമവിവാഹമോ..?? അവൻ വിക്കിക്കൊണ്ട് ചോദിച്ചു….
” അതേന്നെ…. എല്ലാവരും അങ്ങനാണല്ലോ പറയുന്നത്…. എങ്കിലും അവൾ ആ രാജുവിനെ പ്രേമിച്ചു കളയുമെന്ന് ആരും വിചാരിച്ചില്ല…. ഇവിടെ ആർക്കും താല്പര്യം ഉണ്ടായിരുന്നില്ല…. പിന്നെ അവൻ വന്ന് അവന്റെ കുഞ്ഞിനെയും അമ്മയെയും വേണമെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കി എന്നൊക്കെയാണ് പറയുന്നത്….. അവളോട് ചോദിച്ചിട്ട് ഒന്നും മിണ്ടുന്നതുമില്ല…. ” ആരതി പറഞ്ഞു നിർത്തി…. അമൽ ഒന്നും മിണ്ടാതെ നിന്നു…. ഇന്ദു വേറെ ഒരാളെ സ്നേഹിച്ചിരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ കാരമുള്ള് ഹൃദയത്തിൽ തറയ്ക്കുന്ന വേദനയാണ് അവന് അനുഭവപ്പെടുന്നത്….. അപ്പോൾ അവൾ വേറെ ഒരാളുടേതാകുന്നത് അവന് എങ്ങനെ സഹിക്കാനാകും എന്ന് അവൻ ചിന്തിച്ചു….
” അതേ…. സ്വപ്നം കാണുവാണോ മാഷേ…. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി കേട്ടോ… ” ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ കടന്നു പോയി…. മനസ്സ് തകർന്ന് നിൽക്കുമ്പോളും പുഞ്ചിരിയുടെ മുഖപടമണിഞ്ഞ് അവൻ കട്ടിലിലേക്ക് വീണു….
എവിടെയൊ ഒരു കുഞ്ഞ് കരയുന്ന ശബ്ദം കേട്ടിട്ടാണ് അമൽ ഞെട്ടിയുണർന്നത്…. എവിടെയാണെന്നോ സമയം എന്താണെന്നോ ഉള്ള ബോധം അവന് വരാൻ അൽപ്പം സമയം എടുത്തു….. ഉച്ച കഴിഞ്ഞിരുന്നു…. തലയ്ക്ക് ആകെ പെരുപ്പ് പോലെ അവന് തോന്നി…. കുളത്തിൽ ഒന്ന് മുങ്ങി കുളിക്കാൻ അവൻ ഡ്രെസ്സും എടുത്ത് പുറത്തേക്ക് ഇറങ്ങി…. വീട്ടിൽ ആകെ ആളുകളുടെ എണ്ണം കൂടിയത് അവൻ ശ്രദ്ധിച്ചു…. പക്ഷെ അന്ന് ചേച്ചിയുടെ കല്യാണത്തിന് കണ്ടത് പോലെയുള്ള സന്തോഷം ആരുടേയും മുഖത്ത് ഉണ്ടായിരുന്നില്ല…. എല്ലാവരും തമ്മിൽ എന്തൊക്കെയൊ കുശുകുശുക്കുന്നുണ്ട്…. ‘ഇന്ദുവിനെ പറ്റി കുറ്റം പറയുകയായിരിക്കും…. ‘ അവൻ മനസ്സിലൊർത്തു… അവന്റെ ചുണ്ടിൽ അവരോട് ഒരു പുശ്ചത്തിന്റെ ചിരി വന്നു….
കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ മുകളിലേക്ക് കയറി വന്നു… അപ്രതീക്ഷിതമായി അമലിനെ കണ്ടപ്പോൾ മുഖം ഒളിപ്പിക്കാൻ അവൾ ഒരു പാഴ് ശ്രമം നടത്തി നോക്കി….
കുളിച്ചു വന്നപ്പോൾ തന്നെ അരവിന്ദിനെയും അച്ഛനെയും കണ്ടു…. അരവിന്ദിന് അവനോട് എങ്ങനെ സംസാരിച്ചു തുടങ്ങുമെന്നറിയാതെ ഒരു പരുങ്ങൽ ഉണ്ടായിരുന്നു…. പക്ഷെ അമലിന്റെ ഒരു കെട്ടിപിടിത്തത്തിൽ അവസാനിക്കുന്നത് മാത്രമായിരുന്നു അത്…. പണ്ടത്തേത് പോലെ അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു…. പുതിയ ജോലിയെ പറ്റി പഴയ കൂട്ടുകാരെ പറ്റി അങ്ങനങ്ങനെ…. പക്ഷെ പണ്ടത്തേത് പോലെ അവന്റെ കൂടെ നടന്ന് ഓരോ ജോലികൾ ചെയ്യാൻ അവൻ കൂട്ടാക്കിയില്ല…. ചെയ്തു തീർക്കാൻ വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് ആരോ മനസ്സിൽ ഇരുന്ന് പറയുന്നുണ്ടായിരുന്നു….
” എന്താണ് മാഷേ…. എന്താണ് ഇത്ര വലിയ ആലോചന…. ” സന്ധ്യ സമയത്ത് പുറത്തേക്ക് നോക്കിയിരുക്കുന്ന അവനോട് ആരതി പിന്നിലൂടെ വന്ന് അവന്റെയടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു
” യേ…. വെറുതെ ഇങ്ങനെ…. അല്ല താൻ വീട്ടിലൊന്നും പോണില്ലേ….?.. ” അമൽ ചോദിച്ചു…
” ഓ… നമ്മളെ പറഞ്ഞു വിടാഞ്ഞിട്ടാണല്ലേ…. എന്നാലെ ഞാൻ രണ്ടു ദിവസത്തേക്ക് എങ്ങും പോണില്ല… ഇന്ദുവിന്റെ കൂടെ നിക്കാൻ പോവാ…. ” അവൾ ഒരു ചിരിയോടെ പറഞ്ഞു…
” യേ… ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല… അല്ല… ഈ ഇന്ദുവിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ…. സാധാരണ പ്രമിച്ച പുരുഷനെ ഭർത്താവ് ആയിട്ട് കിട്ടുമ്പോൾ നല്ല സന്തോഷം ഉണ്ടാകേണ്ടതല്ലേ…??.. ”
” ആവോ… ഞാനും അത് അവളോട് ചോദിച്ചു….
” മ്മ്… പിന്നെ തനിക്ക് ഈ രാജുവിന്റെ വീട് അറിയാമോ…. ഇന്ദുവിനെ കെട്ടാൻ പോകുന്ന….” അമൽ മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു….
” ഉവ്വ… ആ പാടം കടന്ന് അപ്പുറത്ത് പോയാൽ മതി… എല്ലാവരും പറഞ്ഞു തരും…. എന്തിനാ ഇപ്പൊ അയാളുടെ വീട്ടിൽ പോകുന്നെ…. ആൾ അത്ര നല്ലവനല്ല കെട്ടോ… ” അവൾ ഒരു താക്കീത് പോലെ പറഞ്ഞു…
” ഞാനും… ” ഒരു ചിരിയോടെ അവനും പറഞ്ഞു…
” ആരതി…ചുമ്മ സൊറ പറഞ്ഞിരിക്കാതെ നീ ഇങ്ങോട്ട് ഒന്ന് വരണുണ്ടോ??…” പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞ് നോക്കി…. ഇന്ദുവായിരുന്നു അത്…. അന്ന് അമ്പലത്തിൽ വച്ച് തന്നെയും ആരതിയെയും ഒരുമിച്ച് കണ്ടപ്പോൾ മുഖത്തു വന്ന അതേ ഭാവമല്ലേ അതെന്ന് അമലിന് തോന്നി…. ആരതി അവളുടെ അടുത്ത് ചെന്നിട്ടും അതേ പോലെ തന്നെ അവൾ അവനെ നോക്കി നിന്നു…. അൽപ്പം കഴിഞ്ഞ് ചവിട്ടി കുലുക്കി അകത്തേക്ക് പോയി….
കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് ആരും കാണാതെ അമൽ അവിടെ നിന്നും ഇറങ്ങി നടന്നു…. രാജുവിനെ കാണണം എന്നുള്ളതായിരുന്നു ലക്ഷ്യം…. പാടത്തിലൂടെ നടന്ന് അവന് പഴയ ഓലപ്പുരയുടെ അടുത്തെത്തി… അപ്പോളാണ് അവിടെ നിന്നും ആരൊക്കെയോ സംസാരിക്കുന്നത് അവൻ കേട്ടത്…. അതിനിടയ്ക്ക് ആരോ ഇന്ദുവെന്ന് പറയുന്നതും എല്ലാവരും കൂടി ആർത്തു ചിരിക്കുന്നതും കേട്ട് അവൻ നടത്തം അവസാനിപ്പിച്ചു…. അവൻ ഓലപ്പുരയുടെ പിന്നിൽ പോയി നിന്ന് അത് ആരൊക്കയാണെന്ന് വിടവിലൂടെ നോക്കി…. ഒന്ന് രാജുവായിരുന്നു… കൂടെ ഒരു നാലഞ്ചു പേരുകൂടി ഇരുന്നു മദ്യപിക്കുകയാണ്…. എല്ലാവരും എന്തോ പറഞ്ഞു ചിരിക്കുന്നുമുണ്ട്….
” എന്നാലും മുതലാളിയെ സമ്മതിച്ചിരിക്കുന്നു… ഒരിക്കലും പിടി തരില്ലെന്ന് പറഞ്ഞു മാറിക്കൊണ്ടിരുന്ന ആ ഇന്ദുവിന്റെ വയറ്റിലും ഉണ്ടാക്കി നാളെ കഴിഞ്ഞ് കെട്ടാനും പോകുന്നു….വേറെ ആരെ കൊണ്ട് പറ്റും… ” അതിലൊരുത്തൻ പറഞ്ഞു….
” എങ്കിലും സാധാരണ ആവശ്യം കഴിഞ്ഞാൽ മുതലാളി എല്ലാ പെണ്ണുങ്ങളെയും ഒഴിവാക്കാറാണല്ലോ പതിവ്…. പക്ഷെ ഇവിടെ എന്ത് പറ്റി… ”
” അതിന് അവൾ എവിടോ പോയി ആരുടെയോ കൊച്ചിനെ വയറ്റിൽ ഇട്ടോണ്ട് വന്നാൽ എന്റെ ആവശ്യം എങ്ങനാടാ തീരുക….” ഒരു ചിരിയോടെ രാജു പറഞ്ഞു…. അതു കേട്ട് അമലും അവിടെ ഇരുന്നവരും ഒരുപോലെ ഞെട്ടി….
” മുതലാളി ഇത് എന്താ പറയുന്നേ???.. ” വേറെ ഒരുത്തൻ ചോദിച്ചു….
“‘സത്യമാഡാ…. അവളെ ഞാൻ ഒന്ന് തൊട്ടിട്ടു കൂടിയില്ല…. അവളുടെ കൊച്ചിന്റെ തന്ത വേറെ ആരോ ആണ്… എനിക്കതിൽ യാതൊരു പങ്കുമില്ല…. ” അപ്പോളും അയാളുടെ ക്രൂരമായ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല…..
” അവിടെ പുറം പണിക്ക് പോയ ഒരുത്തനാണ് അവൾ ഗർഭിണി ആണെന്നും ആരൊക്കെ എത്രയൊക്കെ പലതരത്തിൽ ചോദിച്ചിട്ടും അവൾ കൊച്ചിന്റെ തന്ത ആരാണെന്ന് പറഞ്ഞില്ലെന്നും അറിയുന്നേ…. പിന്നെ എല്ലാം ഒരു ഞാണിൻ മേൽ കളിയായിരുന്നു മോനെ…. ആ കുഞ്ഞ് എന്റേതാണെന്ന് ഞാൻ തന്നെ നാട്ടിൽ അങ്ങ് പറഞ്ഞു പരത്തി…. അവളുടെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കി…. അവളുടെ ഭാഗം കേൾക്കാൻ പോലും ആരും സമ്മതിച്ചിട്ടുണ്ടാകില്ല…..
” നിർത്തിനെഡാ…. നിങ്ങൾ എന്താ വിചാരിച്ചേ…. അവളെ കെട്ടിലമ്മയായിട്ടു വഴിക്കാനാണ് ഞാൻ അവളെ കെട്ടാൻ പോകുന്നതെന്നോ….തുഫൂ… ” അയാൾ നിലത്തേക്ക് ആഞ്ഞു തുപ്പി
” അവൾ അനുഭവിക്കാൻ പോകുന്നതേയുള്ളു…. പലയിടങ്ങളിൽ നാട്ടുകാരുടെ മുന്പിലിട്ട് അവൾ എന്നെ അപമാനിച്ചു… മുഖത്തു കാർക്കിച്ചു തുപ്പി… അവസാനം അവളുടെ പേര് പറഞ്ഞ് ഏതോ ഒരു വരുത്തൻ എന്റെ ദേഹത്ത് കൈ വച്ചു… നരകിപ്പിക്കും അവളെ ഞാൻ… കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കും…. ” വീറോടെ ഒരു ഗ്ലാസ് കൂടി വായിലേക്ക് കമത്തിക്കൊണ്ട് അയാൾ പറഞ്ഞു….
” എന്നാലും ആരായിരിക്കും ആ കൊച്ചിന്റെ തന്ത..??.. ” ഏതോ ഒരുത്തൻ അതിനിടയ്ക്ക് ചോദിച്ചു…
” ആ…. ഒരുത്തൻ നടക്കുന്നുണ്ടായിരുന്നല്ലോ അനിയത്തികുട്ടിയാ അനിയത്തികുട്ടിയാന്ന് പറഞ്ഞ്…. ചിലപ്പോൾ അവൻ തന്നാകും… ആ അരവിന്ദൻ… എന്തൊക്കെ പറഞ്ഞാലും സ്വന്തം ചോരയൊന്നും അല്ലല്ലോ…. അല്ലെങ്കിൽ പിന്നെ ആ പെണ്ണ് വാ തുറന്ന് പറയില്ലായിരുന്നോ…. ” കൂടെയുള്ള ഒരുത്തൻ പറഞ്ഞു… അവരുടെ സംഭാഷണം എല്ലാം കേട്ട് തരിച്ചു നിൽക്കുകയായിരുന്നു അമൽ…. ഇനിയും അവിടെ നിന്നാൽ അവരെ കൈ വച്ചു പോകും എന്ന് തോന്നിയപ്പോൾ അവൻ അവിടെ നിന്നും തിരികെ നടന്നു…. അവന്റെ മനസ്സ് നീറി പുകയുകയായിരുന്നു…. എന്താണ് ഇന്ദുവിന് പറ്റിയത്…. എന്തിനാണ് അവൾ ഇതൊക്കെ ചെയ്യുന്നത്…. ആരാണവളെ… അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവൻ വിറച്ച കാലടികളോടെ നടന്നു…..
തിരികെ വീട്ടിൽ എത്തിയപ്പോളേക്കും എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചിരുന്നു…. ആരതി അമലിനും അരവിന്ദിനും കൂടി ഭക്ഷണം വിളമ്പി…. ഇതിനിടെ പല തവണ ഇന്ദുവിനെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും അത് നടന്നില്ല…. എന്തായാലും ഈ കല്യാണം നടത്താൻ സമ്മതിക്കില്ല എന്നവൻ ഉറപ്പിച്ചിരുന്നു…. ഏത് വിധേനയും കല്യാണം മുടക്കാനുള്ള വഴി അവൻ ആലോചിച്ചു കൊണ്ടിരിന്നു…. മുൻപിൽ ആകെ ഒരു ദിവസം മാത്രമാണ് ഉള്ളതെന്ന ബോധം അവനെ കൂടുതൽ അങ്കലാപ്പിലാക്കി…. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല… സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു….
സമയം എത്ര കഴിഞ്ഞിട്ടും അമലിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല….. പ്രീയപ്പെട്ടത് ഒക്കെ കൈവിട്ടു പോകുന്ന എന്ന തോന്നൽ ഒരു പാമ്പിനെപ്പോലെ അവനെ ചുറ്റി വരിഞ്ഞിരുന്നു….. ഉത്തരമറിയാത്ത ഒരായിരം ചോദ്യങ്ങൾ അവന്റയുള്ളിൽ പ്രകമ്പനം കൊണ്ടു….. ഒട്ടും സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൻ ഫോൺ എടുത്ത് അമ്മയെ വിളിച്ചു….. എല്ലാ ആശ്രയങ്ങളും ഇല്ലാതാകുമ്പോൾ അവസാനം എത്തിച്ചേരുന്ന സ്ഥലം അമ്മയുടെ മടിത്തട്ടായിരുന്നു…. അസമയത്ത് മകന്റെ കാൾ കണ്ട് ആ അമ്മ ഭയപ്പെട്ടു…. ഫോൺ എടുത്തപാടെ ആദ്യം മുതലുള്ള എല്ലാ സംഭവങ്ങളും ഏറ്റു പറഞ്ഞ് അവൻ വാവിട്ടുകരഞ്ഞു…. എല്ലാം സമാധാനമായി കേട്ട ശേഷം അവർ സംസാരിച്ചു തുടങ്ങി….
” മോനെ…. നീ പറഞ്ഞതു വച്ച് അവൾ വളരെ നല്ല കുട്ടിയാണ്…. അവളും നിന്നെ സ്നേഹിച്ചിരുന്നെങ്കിൽ നീ അവളെ വിളിച്ചുകൊണ്ട് വന്നിരുന്നെങ്കിൽ ഇരുകൈയും നീട്ടി ഞാൻ അവളെ സ്വീകരിക്കിച്ചേനെ…. പക്ഷെ ഇത്…. ഒരു സ്ത്രീ അവളുടെ കുഞ്ഞിന്റെ അച്ഛന്റെ പേര് തുറന്നു പറയുന്നില്ലെങ്കിൽ അതിന് തക്കതായ ഒരു കാരണം ഉണ്ടാകും…. അവളുടെ രഹസ്യങ്ങൾ അവളുടെതാണ്…. എന്റെ മോൻ അതിൽ കൈ കടത്തരുത്…. അവൾക്ക് ഇഷ്ടമല്ലാത്ത പക്ഷം നീ ആ കുഞ്ഞിന്റെ അച്ഛൻ ആരെന്ന് അവളോട് ചോദിക്കരുത്…. സമനില തെറ്റിയിരിക്കുകയായിരിക്കും ആ കുട്ടി…. കൂടുതൽ സങ്കടത്തിലാക്കിയാൽ വല്ല അവിവേകവും ആ കുട്ടി കാണിച്ചാൽ എന്റെ കുഞ്ഞിന് ഈ ജന്മത്തിൽ മനസമാധാനം കിട്ടില്ല …. ”
” പക്ഷെ അമ്മേ…. ആ രാജു…. ” അവൻ ഇടയ്ക്ക് കയറി പറഞ്ഞു…
” ഞാൻ പറയട്ടടാ…. ഈ കാര്യം അവളോട് തിരക്കരുതെന്നേ ഞാൻ പറഞ്ഞുള്ളു…. ആ ദുഷ്ടന്റെ കൈയിൽ അവളെ വിട്ടു കൊടുക്കാൻ പറഞ്ഞില്ല….ആ കല്യാണം നടക്കരുത്…. എന്ത് ചെയ്തും അത് മുടക്കണം…. ആ കുട്ടിയെ സങ്കടകടലിൽ നിന്നും രക്ഷിക്കാൻ എന്റെ കുട്ടിക്ക് കഴിയും….” അമ്മയുടെ വാക്കുകൾ അവന്റെ മുന്നിൽ പുതിയ ഒരു വഴി തുറക്കുകയായിരുന്നു…. എങ്ങനെയും ഈ കല്യാണം മുടക്കുമെന്ന് അവൻ മനസ്സിലുറപ്പിച്ചു…. അതോടൊപ്പം ഇവിടെ നിന്നും തിരികെ പോകുമ്പോൾ ഒരു നല്ല കൂട്ടുകാരിയുടെ സ്ഥാനമായിരിക്കണം ഇന്ദുവിനെന്നും അവൻ തീരുമാനിച്ചു…. അവളുടെ രഹസ്യങ്ങൾ അവളുടേത് മാത്രമാകട്ടെ…..
ഈ സമയം കുളപ്പടവിൽ ഇന്ദു ഇരിക്കുന്നുണ്ടായിരുന്നു…. തല കാൽ മുട്ടിനു മുകളിൽ വച്ച് ചുരുണ്ടു കൂടിയിരുന്ന് ഏങ്ങലടിക്കുകയായിരുന്നു അവൾ…..
” ഡി… നീ എന്താ ഇങ്ങനെ…. കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു… എന്നും നട്ടപാതിരായ്ക്ക് ഇവിടെ വന്നിരുന്ന് എന്തിനാ നീ കരയുന്നത്..??… നിനക്ക് ഇഷ്ടമല്ലാത്ത കല്യാണമാണെങ്കിൽ അത് അങ്ങ് തുറന്ന് പറഞ്ഞൂടെ….” ആരതിയുടെ ശബ്ദമായിരുന്നു അത്…. രാത്രിയിൽ ആരോടും പറയാതെ ഇന്ദു റൂമിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ പിന്നാലെ വന്നതായിരുന്നു അവൾ….
” നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്…. എനിക്ക് കുറച്ചു സമയം ഒറ്റയ്ക്ക് ഇരിക്കണം….” ഇന്ദു ഉറച്ച ശബ്ദത്തിൽ പറഞ്ഞു….
” എന്താടി നിനക്ക് പട്ടിയെ…. ഇങ്ങനൊന്നുമല്ലായിരുന്നല്ലോ നീ…. ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര നാളായി…. എന്താ നിനക്ക് പറ്റിയെ???.. ” ആരതി അപേക്ഷയുടെ സ്വരത്തിൽ ചോദിച്ചു….
” എങ്ങനെയാടി ഞാൻ ചിരിക്കൂന്നേ…. എന്തൊക്കെയാ എന്റെ ചുറ്റും നടക്കുന്നേ….. ആരെങ്കിലും എന്റെ ഭാഗം കേൾക്കാൻ സമ്മതിച്ചോ….എന്നെ ഓർത്തിട്ടല്ല…. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്തിട്ടാണ് എന്റെ സങ്കടം….” കരഞ്ഞുകൊണ്ട് ഇന്ദു പറഞ്ഞു….
” ശെടാ…. ഇതാണിപ്പോ പ്രശ്നമായേ…. ഡി നിന്റെ കുഞ്ഞിന്റെ അച്ഛൻ തന്നല്ലേ നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നെ…. സ്വന്തം കുഞ്ഞിന്റെ ഭാവി ഒരു അച്ഛന്റെ കൈയിൽ സുരക്ഷിതമല്ലേ…. സത്യം പറ… വേറെ ആരെയൊക്കെ പ്രേമിച്ചാലും നീ ആ രാജുവിനെ പോലെ ഒരു ആഭാസനെ ഇഷ്ടപെടില്ലന്ന് എനിക്ക് നല്ലപോലെ അറിയാം…. പിന്നെ എല്ലാവരും ഇത്രയും ഉറപ്പിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കേണ്ടി വന്നു…. ഇതോടെ ആ തെറ്റിദ്ധാരണ മാറി…. ഡി…. അയാൾ നിന്നെ ബലമായിട്ട്….. ”
” പിന്നെ ഇത് എന്താടി ദിവ്യ ഗർഭമോ…. നിനക്ക് വല്ല ഗന്ധർവൻമാരുമായി ബന്ധം ഉണ്ടായിരുന്നോ…??.. ” ആരതി ദേഷ്യത്തോടെ ചോദിച്ചു…. അതിന് മറുപടിയൊന്നും പറയാതെ ഇന്ദു അതേപടി കുറേ നേരം ഇരുന്നു….. കണ്ണീരിനിടയിലും എന്തോ ഓർത്തപോലെ അവൾ പുഞ്ചിരിച്ചു….
” നീ ഞാൻ പറഞ്ഞത് കേട്ടില്ലെന്ന് ഉണ്ടോ..?? നിനക്ക് എന്താ ഭ്രാന്താണോ ഇങ്ങനെ ചിരിക്കാൻ ??… ” ആരതി ദേഷ്യത്തോടെ ചോദിച്ചു…. കുറച്ചു നേരം അവിടെ നിശബ്ദത കളിയാടി…. എന്തോ ഓർത്ത് ഇന്ദുവിന്റെ മുഖത്തെ പുഞ്ചിരി കൂടി….
” നീ പറഞ്ഞത് സത്യമാണ്…. എനിക്ക് ഒരു ഗന്ധർവനുമായി ബന്ധമുണ്ടായിരുന്നു…. ” ഇന്ദു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ആരതി അത്ഭുതത്തോടെ നിന്നു….
” ഇന്ദുവിന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരാവകാശിയെ ഉണ്ടാകു…. എന്റെ സ്വന്തം ഗന്ധർവ്വൻ…. എന്റെ അമലേട്ടൻ…..” മുഖത്തെ പുഞ്ചിരിമായാതെ നെഞ്ചിൽ കൈ വച്ച് അവൾ അത് പറഞ്ഞപ്പോൾ അകമ്പടിയായി രണ്ടു തുള്ളി കണ്ണീർ നിലത്തേക്ക് ഇറ്റു വീണു….. ആരതി ഞെട്ടിത്തരിച്ചു നിന്നു….
” നീ എന്താണ് ഈ പറയുന്നത്…. അമലേട്ടനോ…. നിനക്ക് ഇഷ്ടമായിരുന്നോ അമലേട്ടനെ…. നിങ്ങൾ തമ്മിൽ അങ്ങനെയുള്ള ബന്ധം ഉണ്ടായിട്ടുണ്ടോ….. പിന്നെ… പിന്നെ എന്തിനാണ് നീ അന്ന് അയാളെ ഈ വീട്ടിൽ നിന്നും ആട്ടി ഇറക്കിയത്….. നിനക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ചിട്ട് എന്ത് ധൈര്യത്തിലാണ് ആ പിതൃത്വം വേറെ ഒരാളിൽ കെട്ടി വയ്ക്കാൻ അയാൾ ഈ വീട്ടിലേക്ക് തിരിച്ചു വന്നത്…??.. ” ചോദ്യങ്ങൾ ഏറെയായിരുന്നു ആരതിയുടെയുള്ളിൽ….
” ഏട്ടനെ ഒന്നും പറയണ്ടാ…. ഓർമ പോലും കാണില്ല അങ്ങനെ ഒരു സംഭവത്തെപ്പറ്റി…. ഓർമയുണ്ടായിരുന്നെങ്കിൽ മറ്റൊരാളുടെ താലി ഏറ്റുവാങ്ങാൻ എന്നെ അനുവദിക്കു മായിരുന്നില്ല…. തെറ്റ് എല്ലാം എന്റെ ഭാഗത്താണ്…. ” ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ആരതി ഒന്നും മനസ്സിലാകാതെ…
” അമലേട്ടനെ ഞാൻ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നും അല്ല… അതിന് വർഷങ്ങളുടെ പഴക്കമുണ്ട്…. നേരിട്ട് കാണുന്നതിനും ഒരുപാട് വർഷങ്ങൾക്ക് മുൻപ് അരവിന്ദേട്ടന്റെ വാക്കുകളിലൂടെ അറിഞ്ഞു തുടങ്ങിയതാണ് എന്തിനും കൂടെ നിൽക്കുന്ന ആ കൂട്ടുകാരനെപ്പറ്റി…. ആദ്യം തോന്നിയ മതിപ്പ് പതിയെ ആരാധനയായി മാറി…. ആരാധന പ്രണയമായി മാറാൻ അധികം കാലം വേണ്ടി വന്നില്ല…. നേരിട്ട് ഒന്ന് കാണുക പോലും ചെയ്യാതെ വർഷങ്ങളോളം അരവിന്ദേട്ടന്റെ വാക്കുകളിലൂടെ ഞാൻ ആ മനുഷ്യനെ പ്രണയിച്ചു…. ഓരോ പ്രാവശ്യം അരവിന്ദേട്ടൻ വരുമ്പോളും ഞാൻ കാതോർത്തിരുന്നത് അമലേട്ടന്റെ വിശേഷങ്ങൾ അറിയാനായിരുന്നു…. ആ മനസ്സിൽ വേറെ ഒരു പെണ്ണും കയറരുതേയെന്ന് എന്നും ഞാൻ പ്രാർത്ഥിച്ചു…. ഒന്ന് കാണാൻ വേണ്ടി കൊതിച്ചു….
” പക്ഷെ എന്തിനാടി നീ ആ മനുഷ്യനെ ഒരു പട്ടിയെ ആട്ടി പായിക്കും പോലെ ഈ വീട്ടിൽ നിന്നും ഓടിച്ചത്…. അന്നത്തെ സംഭവത്തെ പറ്റി അരവിന്ദേട്ടൻ എന്നോട് പറഞ്ഞിരുന്നു….. നിന്നെ കല്യാണം ആലോചിക്കാനല്ലേ ആ പാവം ഇവിടെ വന്നത്…. ” സ്വഭാവികമായും തോന്നാവുന്ന ഒരു സംശയം ആരതി അവളോട് ചോദിച്ചു….
” അതിന്റെ കാരണമാണ് ഞാൻ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത സംഭവം….. നടന്ന സംഭവങ്ങളൊന്നും അമലേട്ടന് ഓർമയില്ലന്ന് മനസ്സിലായപ്പോൾ ആദ്യം ഞാൻ തളർന്നു പോയി…… എല്ലാം തുറന്നു പറയാനുള്ള ധൈര്യത്തിനായാണ് അമലേട്ടൻ എഴുന്നേൽക്കുന്നതിന് മുൻപ് ഞാൻ ക്ഷേത്രത്തിലേക്ക് പോയത്….. പക്ഷെ അവിടെ എന്നെ കാത്ത് ഒരു അതിഥിയുണ്ടായിരുന്നു……
അന്നത്തെ സംഭവത്തിലേക്ക്……
എല്ലാകാര്യങ്ങളും ചെയ്തു പോയ തെറ്റടക്കം ഭഗവാനോട് പറഞ്ഞ് അവിടെ നിന്നും സമ്മതം വാങ്ങാൻ വേണ്ടിയാണ് അമൽ മയക്കത്തിൽ നിന്നും ഉണരുന്നതിന് ഇന്ദു അമ്പലത്തിലേക്ക് പുറപ്പെട്ടത്…. മനസ്സിൽ നിറയെ സന്തോഷമായിരുന്നു…. ജോലി കിട്ടിയ കാര്യം അറിയിക്കാനും തന്നെ വിവാഹം ചെയ്തു കൊടുക്കുമോ എന്ന് ചോദിക്കാനും വേണ്ടിയാണ് അമൽ അവിടെ വന്നതെന്ന് തലേന്ന് അരവിന്ദിനോട് പറയുന്നത് അവളും കേട്ടിരുന്നു…. അപ്പോൾ മുതൽ കേട്ട് പൊട്ടിയ പട്ടം പോലെ പറന്നു നടക്കുകയായിരുന്നു അവളുടെ മനസ്സ്…. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം ആകുന്നതിന്റെ എല്ലാ സന്തോഷവും അവൾക്ക് ഉണ്ടായിരുന്നു…. നന്ദി പറഞ്ഞ് ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങുമ്പോൾ മഴ ചെറുതായി ചാറി തുടങ്ങിയിരുന്നു…. ധാവണിയുടെ അറ്റം തലയിലൂടെ ഇട്ട് അവൾ നടന്നു തുടങ്ങി…. എത്രയും പെട്ടന്ന് വീട്ടിൽ എത്താനുള്ള തിടുക്കമായിരുന്നു….. കാരണം അവളുടെ ജീവൻ അവിടെയാണ് ഉണ്ടായിരുന്നത്…. പക്ഷെ ആലിന്റെ ചുവട്ടിൽ എത്തിയപ്പോളേക്കും ഒരു വൈറ്റ് കളർ ബെൻസ് കാർ അവളുടെ മുൻപിലായി വഴിമുടക്കി സഡൻ ബ്രേക്ക് ഇട്ട് നിന്നു…. അതിന്റെ വരവ് കണ്ട് പേടിച്ച ഇന്ദു പിന്നിലേക്ക് ചാടി…. ബാലൻസ് കിട്ടാതെ അവൾ പിന്നിലേക്ക് മറിഞ്ഞു വീണു…. നെറ്റി തറയിലിടിച്ചു ചെറുതായി മുറിഞ്ഞു… കൈകൾ ഉരഞ്ഞു…. കൈയിൽ കരുതിയിരുന്ന പ്രസാദം ചെളിയിലേക്ക് വീണു…. ഒരു ഇലച്ചീന്തിൽ ചന്ദനം മാത്രം അവൾ മുറുകെ പിടിച്ചിരുന്നു… അവളുടെ ദേഹത്തും ഡ്രസ്സിലും എല്ലാം ചെളി പുരണ്ടു…. അവൾ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയത്ത് വെളുത്ത മുണ്ടും അതേ കളർ ഷർട്ടും അണിഞ്ഞു മാന്യൻ എന്ന് തോന്നുന്ന മധ്യവയസ്കനായ ഒരാൾ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി…
” അയ്യോ… സോറി മോളെ… വല്ലതും പറ്റിയോ??… ” അയാൾ പെട്ടന്ന് ഇന്ദുവിന്റെ അടുത്തേക്ക് വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…. അവൾക്ക് ആദ്യം തോന്നിയ ഈർഷ്യ അയാളുടെ ആ പെരുമാറ്റം കണ്ട് അത് ഇല്ലാതായി….
” സാരമില്ല അങ്കിൾ…. ” നെറ്റിയിൽ കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു….
” അയ്യോ ചോര വരുന്നുണ്ടല്ലോ…. ആശുപത്രിയിൽ പോണോ??… ” അയാൾ അങ്കലാപ്പോടെ ചോദിച്ചു…
” വേണ്ട അങ്കിൾ… കുഴപ്പം ഒന്നുമില്ല…. ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടേ… അല്ലെങ്കിൽ അവർ കാണാതെ വിഷമിക്കും…” അവൾ അയാളെ മറികടന്ന് മുന്നിലേക്ക് നടന്നു….
” ഈ അവർ എന്ന് പറയുമ്പോൾ അതിൽ അമലും പെടുമായിരിക്കും അല്ലെ ഇന്ദുമോളെ … ” അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞപ്പോൾ ഇന്ദു ഞെട്ടലോടെ നടത്തം അവസാനിപ്പിച്ചു…. ഒരു പാവ കണക്കെ അവൾ തിരിഞ്ഞു നോക്കി…. അയാൾ അപ്പോളും തിരിഞ്ഞു തന്നെ നിൽക്കുകയാണ്… മഴ അപ്പോളും ചെറുതായി ചാറുന്നുണ്ടായിരുന്നു….
” അവൻ കാണുമെന്നല്ല…. അവൻ ആയിരിക്കുമല്ലേ ഇപ്പോൾ നിന്റെ മനസ്സിൽ മുഴുവൻ … ” ചുണ്ടിൽ എരിയുന്ന സിഗെരെറ്റും ക്രൂരമായ ഒരു പുഞ്ചിരിയോടും കൂടി അയാൾ ഇന്ദുവിന് അഭിമുഖമായി നിന്നു…
” ഈ കാർ നിന്റെ നെഞ്ചത്തോട്ട് അങ്ങ് കയറ്റമെന്നാ ആദ്യം വിചാരിച്ചെ…. പക്ഷെ അങ്ങനെ ചെയ്‌താൽ അവൻ നിന്നെയും ഓർത്ത് ജീവിതം നശിപ്പിക്കും….അത് പറ്റില്ല…. എനിക്ക് അവനെ കൊണ്ട് കുറച്ചു കാര്യങ്ങൾ സാധിക്കാനുണ്ടെ…. അതാണ് അവസാനം ആ തീരുമാനം അങ്ങ് മാറ്റിയത്… അവൻ അങ്ങനെ ഒരു ഇമോഷണൽ ഫൂൾ…. ”
” ശോ… അത് ഞാൻ മറന്നു…. നമ്മൾ പരിചയപ്പെട്ടില്ലല്ലേ…. എന്നെ ഇന്ദുമോൾക്കറിയില്ല…. പക്ഷെ ഇന്ദുവിനെ പറ്റി എല്ലാം എനിക്കറിയാം… എല്ലാം… ” വീണ്ടും ഒരു പുകച്ചുരുൾ കൂടി ഊതിവിട്ടിട്ട് അയാൾ തുടർന്നു….
” എന്റെ പേര് മഹാദേവൻ…. ചിലർ മഹാദേവൻ മുതലാളിന്ന് വിളിക്കും…. ഞാനും നീ ഇപ്പൊ കൊണ്ടു നടക്കുന്നവനുണ്ടല്ലോ അമൽ…. ഞങ്ങൾ തമ്മിൽ ചെറിയ ഒരു ബന്ധമുണ്ട്…. അവനെ ജനിപ്പിച്ചവനാണ് ഞാൻ….. അവന്റെ തന്ത…. ” അയാളുടെ മുഖത്ത് ആ നിമിഷം ക്രൂരത മാത്രമാണ് ഉണ്ടായിരുന്നത്…. അത് കേട്ടപ്പോൾ ഇന്ദു ഒന്നുകൂടി ഞെട്ടി…. അമലിന്റെ അച്ഛനെ പറ്റി നല്ലതൊന്നും അമലോ അരവിന്ദോ പറഞ്ഞ് അവൾ കേട്ടിട്ടില്ല….
” അവന്റെ ഇങ്ങോട്ടുള്ള വരവും പോക്കും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കുറച്ചു നളായന്നെ…. അവന്റെ മാറ്റങ്ങൾ ഒക്കെ മനസ്സിലാക്കാൻ എനിക്ക് ആരുടേയും സഹായം ഒന്നും വേണ്ടാ…. ഒന്നുമില്ലെങ്കിലും ഞാൻ അവന്റെ തന്തയല്ലേ…. അങ്ങനെ അന്വേഷിച്ച് അന്വേഷിച്ച് ദേ ഈ ആലിന്റെ ചുവട്ടിൽ നിന്റെ മുൻപിൽ വന്ന് നിൽക്കുന്നു…. ” അയാൾ സിഗെരെറ്റ് നിലത്തേക്ക് എറിഞ്ഞ് കാൽ വച്ചു ഞെരിച്ചു….
” എനിക്ക് പോണം… ” ഇന്ദു തിരിച്ചു നടക്കാൻ തുടങ്ങി….
” അങ്ങനെയങ്ങ് പോയാലോ മോളെ… അങ്കിളിന് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പോകാന്നേ… ” അയാൾ ഇന്ദുവിനെ തടഞ്ഞു… അവൾ പേടിയോടെ അയാളെ നോക്കി…. പിന്നെ തല താഴ്ത്തി നിന്നു…
” ദേ മോളായിട്ട് ഒഴിഞ്ഞു പോയില്ലെങ്കിൽ മോളെ കൊന്ന് കുഴിച്ചു മൂടും എന്നൊക്കെ പറയുന്ന യൂഷ്വൽ വില്ലൻ ആണ് ഞാനെന്ന് മോൾ വിചാരിക്കരുത്…. ഞാൻ അങ്ങനൊന്നും ചെയ്യില്ല…. ” ഇന്ദു വീണ്ടും തലയുയർത്തി അയാളെ നോക്കി….
” അവനെ കെട്ടി കൂടെ പൊറുക്കാമെന്ന് എന്തെങ്കിലും ചിന്ത നിന്റെ മനസ്സിലുണ്ടെങ്കിൽ അത് ഇപ്പോളെ കളഞ്ഞേക്ക്…. അതല്ലെന്നാണെങ്കിൽ ആദ്യം ഞാൻ എന്റെ മോനെ അങ്ങ് കൊല്ലും…. ” ഇത്തവണ ഇന്ദു ശരിക്കും ഞെട്ടി വിറച്ചു….
” അതുകണ്ട് നീ വിറങ്ങലിച്ചു നിക്കുമ്പോൾ നിന്റെ വളർത്തഛനും അമ്മയും എന്തിനേറെ കെട്ടിച്ചയച്ച നിന്റെ ചേച്ചിയെയും അവളുടെ ഭർത്താവിനെയും വരെ ഓരോന്നായി ഞാൻ കൊല്ലും….. എല്ലാം കണ്ട് അനുഭവിക്കാനായി നിന്നെ മാത്രം ബാക്കി വയ്ക്കും…. ” അയാളുടെ മുഖത്തെ ക്രൂരത കൂടി കൂടി വന്നു…. ഇന്ദു സംസാരിക്കാൻ പോലുമാകാതെ പേടിച്ചു നിൽക്കുകയായിരുന്നു….
” ഇത് ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഞാൻ വെറുതെ പറയുന്നതാണെന്ന് എന്തെങ്കിലും വിചാരം മോൾക്ക് ഉണ്ടെങ്കിൽ മഹാദേവൻ മുതലാളിയെപ്പറ്റി ചുമ്മ ഒന്ന് അന്വേഷിച്ചു നോക്കിയാൽ മതി…. എന്റെ തീരുമാനങ്ങൾക്കെതിരെ നിൽക്കുന്നത് എന്റെ തന്നെ ചോരയാണെങ്കിൽ പോലും അറത്തു മാറ്റിയിരിക്കും ഞാൻ….”
” എന്നാൽ ഞാൻ അങ്ങോട്ട് പോട്ടെ മോളെ…. ഇനി ഇങ്ങോട്ട് വരാൻ ഇടയുണ്ടാകല്ലെന്നാണ് എന്റെ പ്രാർത്ഥന…. ബാക്കി ഒക്കെ മോളുടെ ഇഷ്ടം… ” അയാൾ ഒരു ചിരിയോടെ കാറിൽ കയറി വളരെ വേഗത്തിൽ ഓടിച്ചു പോയി…. അപ്പോളേക്കും മഴ ശക്തി പ്രാപിച്ചിരുന്നു… അവളുടെ കണ്ണുനീർ തുള്ളികൾ മഴയോടൊപ്പം അലിഞ്ഞു ചേർന്നു …
“എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിപ്പോയി ഞാൻ…. സത്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും അമലേട്ടൻ എന്നെ വിട്ടു പോകില്ലായിരുന്നു…. പക്ഷെ അയാൾ പറഞ്ഞത് പോലെ തന്നെ ചെയ്താൽ… എന്റെ അമലേട്ടനെ അയാൾ…. അങ്ങനെ വന്നാൽ ഈ ജന്മം എനിക്ക് സമാധാനം കിട്ടുമോ… നീറി നീറി ഒടുങ്ങില്ലേ ഞാൻ….” ഇന്ദു വാവിട്ടു കരയാൻ തുടങ്ങി….. ആരതി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു….
” ചിലപ്പോൾ അയാൾ വെറുതെ പറഞ്ഞതാണെങ്കിലോ…. സ്വന്തം മകനെ കൊല്ലാൻ മാത്രം മനക്കട്ടി ഒക്കെ ആർക്കെങ്കിലും കാണുമോ???… ” ആരതി ഇന്ദുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….
” അയാളുടെ കണ്ണിൽ മകനോടുള്ള സ്നേഹമോ വാത്സല്യമോ ഒന്നും അപ്പോൾ കണ്ടില്ല…. ഇരയെ കണ്ട വേട്ട മൃഗത്തിന്റെ ഭാവമായിരുന്നു…. ഇനി മകൻ ആയതുകൊണ്ട് അമലേട്ടനെ ഒന്നും ചെയ്തില്ലെങ്കിൽ പോലും ബാക്കിയുള്ളവരുടെ കാര്യമോ??… ആരോരും ഇല്ലാത്തവളെ സ്വന്തം മോളെപ്പോലെ നോക്കിയതിന് അവർക്ക് അങ്ങനെ ഒരു ശിക്ഷ നൽകണോ ഞാൻ..???.. ” ആരതി ഒന്നും പറയാനില്ലാതെ ദൂരേക്ക് നോക്കി നിന്നു….
” അവസാനം…. എല്ലാവരുടെയും നല്ലതിന് വേണ്ടി എന്റെ പ്രാണൻ വേണ്ടായെന്ന് ഞാൻ തീരുമാനിച്ചു…. ചങ്ക് പിടഞ്ഞാ അന്ന് അമലേട്ടൻ ഇവിടെ നിന്നും പടിയിറങ്ങുന്ന കാഴ്ച നോക്കി നിന്നത്…. അല്ലാതെ ഞാൻ എന്താ ചെയ്യാ…. ” ശ്രീക്കുട്ടി വീണ്ടും ഏങ്ങലടിച്ചു കരഞ്ഞു…
” പിന്നെയുള്ള ഓരോ ദിവസവും എന്തിനാണ് ജീവിക്കുന്നതെന്ന് പോലും അറിയാതെ നീറി നീറിയാണ് ഞാൻ കഴിഞ്ഞത്…. പക്ഷെ പോയി കഴിഞ്ഞിട്ടും അമലേട്ടൻ എനിക്ക് ഒരു സന്തോഷം ബാക്കി വച്ചിരുന്നു…. രണ്ടു മാസം കൂടി കഴിഞ്ഞിട്ടാ ഞാൻ അത് അറിയുന്നത്…. എന്റെ പ്രണയത്തിന്റെ പ്രതിഫലമായി അമലേട്ടന്റെ ഒരു തുള്ളി രക്തം എന്റെ ഉദരത്തിൽ വളരുന്നുണ്ടെന്ന സത്യം…. ” ഇന്ദു വയറിൽ കൈവച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…..
” പിന്നീട് നടന്നതൊക്കെ നിനക്കും അറിയാല്ലോ…. എല്ലാവരും കൂടി വളഞ്ഞു വച്ച് ആക്രമിച്ചു…. ആരാണ് ഉത്തരവാദിയെന്ന് അറിയാൻ…. എന്നെ കൂടുതൽ ഞെട്ടിച്ചു കൊണ്ടാണ് ആ രാജു ഇവിടേക്ക് വന്നത്…. പിന്നെ എല്ലാം പെട്ടന്നായിരുന്നു…. എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും ആരും കൂട്ടാക്കിയില്ല… അരവിന്ദേട്ടൻ പോലും… എന്റെയുള്ളിൽ ഒരു ജീവൻ കൂടിയുണ്ടായിട്ടാ…. അല്ലെങ്കിൽ എന്നെ ഞാൻ ആത്മഹത്യ ചെയ്തേനെ…. ”
പിറ്റേന്ന് രാവിലെ അമൽ ഒരുപാട് താമസിച്ചാണ് എഴുന്നേറ്റത്…. സമയം കുറേ കഴിഞ്ഞിട്ടും അവനെ കാണാത്തതിനാൽ ഇന്ദു ആരതിയെ അവനെ നോക്കാൻ പറഞ്ഞേൽപ്പിച്ചു…. ആരതി വാതിലിൽ പോയി തട്ടി വിളിച്ചപ്പോളാണ് അവൻ എഴുന്നേറ്റത്…. ഭക്ഷണം കഴിക്കുമ്പോൾ പതിവില്ലാത്ത ഒരു പ്രസരിപ്പ് അവനിൽ ഉള്ളതായി ആരതിയ്ക്കും അരവിന്ദിനും തോന്നി….
” എന്താണ് മാഷേ…. വല്യ സന്തോഷത്തിലാണല്ലോ…. വല്ല ലോട്ടറിയും അടിച്ചോ???.. ” ആരതി ചോദിച്ചു…
” അതേല്ലോ…. ഇന്നലെ രാത്രി ഏകദേശം ഒരു പന്ത്രണ്ടു മണി ഒക്കെ കഴിഞ്ഞപ്പോൾ ഒരു ലോട്ടറി അടിച്ചു….. ഒരു ലൈഫ് ടൈം ബമ്പർ…. ” അമൽ ചിരിയോടെ പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു…. അരവിന്ദും ആരതിയും അത്ഭുതത്തോടെ അവനെ നോക്കി…. അവിടെ വന്ന ശേഷം ഇത്രയും സന്തോഷമായി അവൻ അന്നാണ് സംസാരിച്ചത്…. അടുക്കളയുടെ മറവിൽ നിന്നും ഒളിഞ്ഞു നോക്കുന്ന ഇന്ദുവിനെയും അവൻ കണ്ടിരുന്നു….
” ഇന്ന് ഭക്ഷണം ഉണ്ടാക്കിയത് അമ്മയല്ലല്ലേ…. അതുകൊണ്ട് ഒരു രുചിക്കേട്… ” അവൻ മുഖം വല്ലാതെയാക്കിക്കൊണ്ട് പറഞ്ഞു…. അത് കേട്ടതും ഇന്ദു ചാടിത്തുള്ളി അകത്തേക്ക് പോയി… പറഞ്ഞത് ഇഷ്ടപ്പെട്ടില്ലന്ന് ആ പോക്കിൽ നിന്നും മനസ്സിലാകുമായിരുന്നു….. അമൽ ഊറി ചിരിച്ചുകൊണ്ട് വീണ്ടും കഴിച്ചു…
പിന്നെ ഉച്ചവരെ അവളെ കണ്ടതെയില്ല… അത്യാവശ്യം ബന്ധുജനങ്ങൾ ഒക്കെ രാവിലെ ഹാജരായതിനാൽ അകത്തു കയറി കാണാനും പറ്റില്ലായിരുന്നു….. ഇടയ്ക്കിടെ അവൻ കുളപ്പടവിൽ പോയി നോക്കികൊണ്ടിരുന്നു…. എപ്പോളെങ്കിലും അവൾ അവിടെ വരുമെന്ന് അവന് ഉറപ്പായിരുന്നു…. അവന്റെ ഉദ്ദേശം പോലെ ഏകദേശം ഉച്ച സമയമായപ്പോൾ ഇന്ദു കുളപ്പടവിലെത്തി.. അവൾ അവിടെയിരുന്നു എന്തോ പതം പറയുന്നുണ്ടായിരുന്നു…. അവൻ വന്നത് പോലുമറിയാതെ അവൾ എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു….
” രുചിക്കേടല്ലേ… എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിതാണെന്ന് അറിയാമോ…. അടുക്കളയിൽ ചെന്നാൽ അപ്പോ ഛർദിക്കാൻ തോന്നും… അമ്മയുടെ വാക്ക്പോലും വകവയ്ക്കാതെ ഓരോന്ന് ഉണ്ടാക്കാൻ പോയ എന്നെ പറഞ്ഞാൽ മതി…. അല്ലെങ്കിൽ തന്നെ ഞാനാരാ…. അടിച്ചിറക്കിയതല്ലേ ഇവിടുന്ന്…. നാളെത്തോടെ ഒരു ബന്ധവും ഇല്ലാതാകും…. എന്നാലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ…. ” അവളുടെ സംസാരം കേട്ട് അവന് ശരിക്കും അത്ഭുതം തോന്നി… നാളത്തെ ദിവസത്തെ കുറിച്ചുള്ള ടെൻഷനേക്കാൾ അവൾക്ക് വലുത് താൻ അവളുണ്ടാക്കിയ ഭക്ഷണത്തെ കുറ്റം പറഞ്ഞതാണ്…. പെണ്ണിനെ മനസ്സിലാക്കാൻ ആർക്കും പറ്റില്ലെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണെന്ന് അവൻ മനസ്സിലോർത്തു… അവൻ ശബ്ദമുണ്ടാക്കാതെ അവളുടെയടുത്ത് പോയി ഇരുന്നു…. അടുത്ത് ആരോ ഇരിക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോളാണ് അവൾ അവനെ കണ്ടത്…. ധൃതിയിൽ ചാടി എഴുന്നേൽക്കാൻ അവൾ നോക്കിയെങ്കിലും അതിനു മുൻപ് അവളുടെ കൈയിൽ അവൻ പിടുത്തമിട്ടിരുന്നു….
” അവിടെ ഇരിക്ക് പെണ്ണേ…. ഇന്നും കൂടെയല്ലേ നിന്റെയടുത്ത് എനിക്ക് ഇങ്ങനെ ഇരിക്കാൻ പറ്റു…. നാളെത്തോട്ട് നീ വേറെ ആരുടെയോ അല്ലെ… ”
” അപ്പൊ ആരെങ്കിലും കണ്ടാലേ കുഴപ്പമുള്ളു…. അല്ലാതെ എന്റെ ഇന്ദുവിന് കുഴപ്പമില്ലല്ലേ…. അത് മതി… ചാടി എഴുന്നേറ്റ് കളയല്ലേ…. ഞാൻ തലയിടിച്ചു വീണു പോകും.. ” അവൾ എഴുന്നേൽക്കില്ലന്ന് അവന് ഉറപ്പായിരുന്നു…. അവൻ പതിയെ കാത് അവളുടെ വയറ്റിലേക്ക് ചേർത്തു വച്ച് കണ്ണടച്ചിരുന്നു…. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു….
” അതേ… എഴുന്നേൽക്കുന്നുണ്ടോ…. എന്ത് അധികാരത്തിലാ ഇങ്ങനെ കയറി കിടക്കുന്നെ… ഞാൻ ആളെ വിളിച്ചു കൂട്ടും…. ” അവൾ കപട ദേഷ്യത്തോടെ പറഞ്ഞു…
” ശരി ആളെ വിളിച്ചു കൂട്ടിക്കോ… എന്നാലും തത്കാലം എഴുന്നേൽക്കാൻ ഉദേശമില്ല…. നീ പിടയ്ക്കാതെ അടങ്ങി ഇരിക്ക് പെണ്ണെ… കുഞ്ഞ് അനങ്ങുന്നോന്ന് നോക്കട്ടെ… ” അവൻ വീണ്ടും കാത് അവളുടെ വയറിലേക്ക് ചേർത്ത് വച്ചു… അവളുടെയുള്ളിൽ ഒരു പുഞ്ചിരി വന്നെങ്കിലും അവൾ അത് വിദഗ്ധമായി മറച്ചു…
” ശോ… ഒന്നും കേൾക്കുന്നില്ലല്ലോ…. ഇനി ഞാൻ വന്നത് കുഞ്ഞ് അറിഞ്ഞില്ലേ… ” അവന്റെ ആത്മഗതം അൽപ്പം ഉച്ചത്തിലായി പോയി…. ഇന്ദു അവനെ രൂക്ഷമായി നോക്കി….അവൻ അത് ശ്രദ്ധിക്കാതെ അവളുടെ ചെറുതായി വീർത്തു തുടങ്ങിയ വയറ്റിൽ അമർത്തി ചുംബിച്ചു… അവളുടെ കൈയിൽ നിന്നും അടി കിട്ടുന്നതിന് മുൻപ് ചാടി എഴുന്നേറ്റ് രണ്ടു പടവുകൾ ചാടിക്കയറി…..
” താനിത് എന്ത് തോന്നിവാസമാ കാണിച്ചേ… ഞാൻ ഇത് എല്ലാവരോടും പറഞ്ഞു കൊടുക്കും… എല്ലാവരും അറിയട്ടെ ഇയാളുടെ തനിക്കൊണം… ” അവൾ ദേഷ്യത്തോടെ പറഞ്ഞു….
” ഇനി എന്തറിയാനാ… നീ തന്നല്ലേ വിളിച്ചു കൂവിയത് ഞാൻ ഒരു ആഭാസനാണെന്ന്… ഒരു കുഞ്ഞ് ആഭാസത്തരം ആണെന്ന് വിചാരിച്ചാൽ മതി… അതേ ഞാൻ നിനക്ക് തന്നതല്ല…. കുഞ്ഞിനുള്ളതാ…. ” അവൻ വീണ്ടും പടവുകൾ കയറാനൊരുങ്ങി….
“അതേ… നാളത്തെ കാര്യം ഓർത്ത് ടെൻഷൻ ഉണ്ടോ…? ” അവൻ തിരിഞ്ഞു നിന്ന് ചോദിച്ചു….
” ടെൻഷൻ ഒന്നും വേണ്ട കേട്ടോ…. ആ കുഞ്ഞ് അവന്റെ അച്ഛന്റെ കൂടെ തന്നെ വളരും…. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്… ” അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ തലകുനിച്ചു….
” ഇന്ദു…. നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ??… ” അവൻ ശബ്ദം ആർദ്രമാക്കി ചോദിച്ചു….
” എന്ത്… എനിക്ക് ഒന്നും പറയാനില്ല… ” അവൾ തലകുനിച്ചു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു…
” മ്മ്… ശരി…. പിന്നെ വേറൊരു കാര്യം…. രാവിലത്തെ ഭക്ഷണം… നന്നായിരുന്നു…. വായിൽ വച്ചപ്പോളെ മനസ്സിലായി ഇവിടുത്തെ സൃഷ്ടിയാണെന്ന്…. പിന്നെ ചുമ്മ വട്ടാക്കാൻ വേണ്ടി കൊള്ളില്ലന്ന് പറഞ്ഞതാ…. ” ഒരു ചിരിയോടെ അവൻ കടന്നുപോയപ്പോൾ അവൻ പോയ വഴി നോക്കി അവൾ നിന്നു…. ഗർഭിണിയാണെന്ന് മനസ്സിലായ അന്ന് തൊട്ട് അവൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് കുറച്ചു മുൻപ് നടന്നത്….
കുളിച്ച് കസവു മുണ്ടും ഷർട്ടും ഇട്ട് അമൽ രാവിലേ തന്നെ ഇന്ദുവിന്റെ റൂമിലെത്തി…. അതിനകത്ത് അവളെ കൂടാതെ വലിയ ഒരു പെൺപടയുണ്ടായിരുന്നു…. അതിന് ചുക്കാൻ പിടിക്കാൻ ആരതിയും…. ആ പെണ്ണുങ്ങളുടെ ഇടയിൽ നിർജീവമായ ഒരു പാവ കണക്കെ ഇന്ദുവും…. ദൂരെ നിന്നും അവളെ ഒരു നോക്ക് കണ്ട് കണ്ണുകൾ തുടച്ചുകൊണ്ട് അവൻ തിരികെ നടന്നു….
ചേച്ചിയുടെ കല്യാണത്തിന്റെയത്രയും ആളുകൾ ഇല്ലായിരുന്നെങ്കിലും അത്യാവശ്യം ആളുകൾ അവിടെ കൂടിയിട്ടുണ്ടായിരുന്നു….. പക്ഷെ സമയം എത്ര കഴിഞ്ഞിട്ടും രാജു അവിടെ എത്തിയിരുന്നില്ല…. ചെറുക്കനെ കാണാതെ ആളുകൾ അത്യാവശ്യം മുറുമുറുപ്പ് തുടങ്ങിയിരുന്നു…. അരവിന്ദിന്റെ അച്ഛൻ വിളറി പിടിച്ചത് പോലെ ഓടി നടന്ന് ഫോൺ വിളിക്കുന്നുണ്ടായിരുന്നു …. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാജുവിന്റെ കൂട്ടാളികളിൽ ഒരാൾ അവിടെയെത്തി അരവിന്ദിനോടും അച്ഛനോടും എന്തോ സംസാരിച്ചു…. അച്ഛൻ തളർന്നത് പോലെ നിലത്തിരിന്നു…. അരവിന്ദ് അച്ഛനെയും വിളിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് പോയി…. പിന്നാലെ ഒരു ചിരിയോടെ അമലും….
” ഈ കല്യാണം നടക്കില്ല…. രാജുവിന് ഈ വിവാഹത്തിന് താല്പര്യമില്ലന്ന്…. ” അകത്തു കൂടി നിന്ന ബന്ധുക്കളോടും ഇന്ദുവിനോടുമായി അരവിന്ദ് പറഞ്ഞു…. കേട്ടപാടെ അമ്മ വലിയ വായിൽ കരയാൻ തുടങ്ങി…. ഇന്ദുവിന് പക്ഷെ ആശ്വാസമാണ് തോന്നിയത്….
” അങ്ങനെ പറഞ്ഞാൽ എങ്ങനാ… അവന്റെ കുഞ്ഞല്ലേ ഇവളുടെ വയറ്റിൽ… ” ഏതോ ഒരു അമ്മാവൻ പറഞ്ഞു…. എല്ലാവരും അത് ഏറ്റുപിടിച്ചു..
” ഈ കുഞ്ഞ് അവന്റേതല്ലെന്നാണ് അവൻ പറയുന്നത്….. അത് അവൻ ഏത് കോടതിയിൽ വേണമെങ്കിലും തെളിയിക്കാമെന്ന്…. ” അരവിന്ദ് ഇന്ദുവിനെ നോക്കികൊണ്ടാണ് പറഞ്ഞത്… ഇത്തവണ അവൾ ഞെട്ടി…. എല്ലാ കണ്ണുകളും അവളിലേക്ക് നീണ്ടു…. ആരതി നിസ്സഹായയായി അവളെ നോക്കി…. പിന്നീട് അങ്ങോട്ട് ഒരു ആക്രമണമായിരുന്നു… അനാഥ പെണ്ണിനെ എടുത്ത് വളർത്തിയതിന് അച്ഛനെയും അമ്മയെയും തൊട്ട് ഇന്ദുവിന്റെ പെട്ടമ്മെയെ പോലും പലരും ഓരോന്ന് പറയാൻ തുടങ്ങി…. എല്ലാം കേട്ട് തലയും കുനിച്ച് ഇരിക്കാനേ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളു….
“എനിക്ക് ഒരു കാര്യം പറയാനുണ്ട്…. ” ആ ബഹളത്തിനിടയ്ക്ക് അമൽ വിളിച്ചു പറഞ്ഞു…. എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു….. ഇന്ദുവിന്റേയും….
” നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഇന്ദുവിനെ കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമുണ്ട്…. ” അമലിന്റെ വാക്കുകൾ ഒരു കുളിർ മഴ പോലെയാണ് അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ പെയ്തു വീണത്….
” മോനെ… പക്ഷെ… അവൾ…. ” അച്ഛൻ എന്തോ പറയാനാഞ്ഞു…. അപ്പോളേക്കും ഇന്ദുവിന്റെ ശബ്ദം അവിടെ മുഴങ്ങി….
” എനിക്ക് സമ്മതമല്ല…. ഈ കല്യാണത്തിന് എനിക്ക് സമ്മതമല്ല…. ” അവൾ വിളിച്ചു കൂവി…. എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി….
” അതെന്താടി നിനക്ക് സമ്മതമല്ലാത്തെ…” ആ ശബ്ദം അമലിന്റേതായിരുന്നു…. ഇപ്രാവശ്യം ഇന്ദുവും ആരതിയും അച്ഛനും അമ്മയും എല്ലാവരും ഞെട്ടി…. അത്രയ്ക്ക് ദേഷ്യത്തിലായിരുന്നു അവൻ….
” എന്താടി നിന്റെ നാവിറങ്ങി പോയോ???… പറയടി…. എന്താ നിനക്ക് സമ്മതമല്ലാത്തെ…???.. ” അവൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു…. അവന്റെ ഭാവം അവളെ ഭയത്തിലാഴ്ത്തി…. അവനെ തടയാൻ തുനിഞ്ഞ അച്ഛനെ അരവിന്ദ് തടഞ്ഞു നിർത്തി….
” അത്… അത്… ഞാൻ ഗർഭിണിയാണ്.. ” അവൾ അവന്റെ മുഖത്തേക്ക് നോക്കാനാവാതെ പറഞ്ഞു…
” ശരി….എങ്കിൽ ആ കൊച്ചിന് ഒരു അച്ഛൻ ഉണ്ടകുല്ലോ… ആരാ അത്…??.. ” അപ്പോളേക്കും അവൻ അവളുടെ അടുത്ത് എത്തിയിരുന്നു…. ഇന്ദു ഒന്നും മിണ്ടാതെ നിന്നു….
” ചോദിച്ചത് കേട്ടില്ലെടി….പറയടി… ” അവന്റെ കൈകൾ ശക്തമായി അവളുടെ കവിളിൽ പതിഞ്ഞു…. വേച്ചുപോയ അവളെ ആരതി പിടിച്ചു നിർത്തി…. അവൻ വീണ്ടും അവളുടെ കൈയിൽ പിടിച്ചു വലിച്ച് നേരെ നിർത്തി ഒരടി കൂടി കൊടുത്തു…. ഇന്ദുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു…. അവനെ പിടിച്ചു മാറ്റാൻ ആരെയും അരവിന്ദ് അനുവദിച്ചില്ല…
” ഈ നിൽക്കുന്ന ആളുകളെയെല്ലാം സാക്ഷിയാക്കി നെഞ്ചിൽ കൈ വച്ചു നിനക്ക് പറയമോടി നിന്റെ വയറ്റിൽ വളരുന്ന കൊച്ചിന്റെ അച്ഛൻ ഞാനല്ലന്ന്…. ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ലന്ന്…. നീ എന്നെ സ്നേഹിച്ചിട്ടില്ലന്ന്…. ” അവനും അപ്പോളേക്കും കരഞ്ഞിരുന്നു…. അമലിന്റെ ആ ചോദ്യത്തിൽ ഇന്ദുവും ചുറ്റും കൂടി നിന്നവരും ഒരുപോലെ ഞെട്ടി…. ഇന്ദു തൂണിൽ ചാരി നിന്നു വാ വിട്ടു കരയാൻ തുടങ്ങി…. അവൻ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു…. അവളെ പിടിച്ചു മുൻപിലേക്ക് നിർത്തി കൈകളാൽ മുഖം കോരിയെടുത്തു….
” എന്റെ കുഞ്ഞിനെ പോലും എന്നിൽ നിന്നും അകറ്റാൻ മാത്രം എന്ത് തെറ്റാണ് മോളെ ഞാൻ നിന്നോട് ചെയ്തേ…. ഒന്ന് പറഞ്ഞുകൂടാരുന്നോ നിനക്ക് എന്നോട്… ” കരഞ്ഞുകൊണ്ട് അവനത് ചോദിച്ചപ്പോൾ പിടിച്ചു നിൽക്കാനാവാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. ചുറ്റും നിന്നവരുടെ കണ്ണുകളും അറിയാതെ ഒന്ന് നിറഞ്ഞു….എങ്കിലും എല്ലാവർക്കും സംശയം ബാക്കിയായിരുന്നു…. സീൻ സെന്റിയാണെന്ന് മനസ്സിലായ അരവിന്ദും ആരതിയും ഇന്ദുവിനെയും അമലിനെയും അവിടെ നിർത്തി ബാക്കിയുള്ളവരെ പുറത്തേക്ക് ഇറക്കി…..
ഏറെ നേരം അവന്റെ നെഞ്ചിൽ ചാഞ്ഞ് അവൾ നിന്നു…. അവളുടെ സങ്കടമെല്ലാം അവന്റെ ഷർട്ട് നനച്ചുകൊണ്ട് പെയ്തൊഴിഞ്ഞു…. അവനിൽ നിന്നും അകന്ന് മാറി എന്തോ പറയാൻ തുനിഞ്ഞ അവളെ അവൻ വീണ്ടും ചേർത്ത് പിടിച്ചു….
” ഒന്നും പറയണ്ടാ…. എല്ലാം ഞാനറിഞ്ഞു….എന്റെ അച്ഛൻ എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റിയല്ലോ ദുഷ്ടെ നീ…. എന്ത് മനസാടി…. ”
” അയ്യടാ…. എന്തൊരു നാണം…. എന്തിനാടി നീ ഇപ്പോൾ മാറുന്നെ… ഓരോന്ന് ചെയ്തു വച്ചിട്ട്….” അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞ് അമലിനെയും വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി…. അവൻ അവളെ വിട്ട് പോകാൻ താല്പര്യമില്ലത്തത് പോലെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പുറത്തേക്ക് ഇറങ്ങി….. അവർ പുറത്ത് ഇറങ്ങിയതും ആരതിയും ചേച്ചിയും കൂടി അകത്തേക്ക് വന്ന് ഒന്നുകൂടി അവൾക്ക് മേക്കപ്പിന്റെ പരുപാടി തുടങ്ങി…. ഇടയ്ക്കിടെ അവളെ ഒന്നാക്കാനും അവർ മറന്നില്ല…..
തീരുമാനിച്ച സമയത്തു തന്നെ ഇന്ദുവിന്റെ വിവാഹം കഴിഞ്ഞു…. അമലുമായി….അവൻ അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ വർഷങ്ങളായുള്ള തന്റെ കാത്തിരിപ്പ് സമ്പൂർണമായതിന്റെ നിർവൃതിയിൽ അവൾ കണ്ണടച്ചിരുന്നു…. അവളുടെ സീമന്ത രേഖ അവന്റെ കൈകളാൽ ചുവക്കുമ്പോൾ മരണം വരെ അത് മയരുതേയെന്ന് അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…. ശോകമൂകമായിരുന്ന അന്തരീക്ഷം വളരെ പെട്ടന്ന് തന്നെ സന്തോഷമയമായി…. മാസങ്ങൾക്ക് ശേഷം അമലും ഇന്ദുവും മനസ്സറിഞ്ഞു സന്തോഷിച്ച ഒരു ദിവസം അതായിരുന്നു…..
അന്ന് രാത്രി…. ഇന്ദുവിന്റേയും അമലിന്റെയും ആദ്യരാത്രി….
ഇന്ദുവിന്റെ മുറിയിൽ കട്ടിലിലിരുന്ന് എന്തോ ഗഹനമായ ആലോചനയിലായിരുന്നു അമൽ…. ഇന്ദു ഒരു ഗ്ലാസ് പാലുമായി മുറിക്കുള്ളിലേക്ക് വന്നു…. അവൾ വന്നത് പോലും അറിയാതെ അവൻ ആലോചനായിൽ തന്നെയാണ്…. ഇന്ദു പാൽ ഗ്ലാസ് ടേബിളിൽ വച്ചു….
” അതേ… എന്താണ് ഇത്ര വലിയ ആലോചന…??.. ” അവന്റെ ഇരിപ്പ് കണ്ട് അവൾ ചോദിച്ചു…
” അല്ല… ഞാൻ ആലോചിക്കുവായിരുന്നു… നീ ആയിരുന്നല്ലേ ആ മത്സ്യകന്യക…. ” അവൻ എന്തോ കണ്ടുപിടിച്ച മുഖഭാവത്തോടെ അവളോട് ചോദിച്ചു…
” ഏത് മത്സ്യകന്യക…. ഇയാൾക്ക് വട്ടായോ..??.. ” അവന്റെയടുത്ത് ഇരുന്നുകൊണ്ട് അവൾ ചോദിച്ചു….
” അല്ലെടി…. അന്ന് വാറ്റ് ചാരായം അടിച്ചു ബോധം പോയി ഓലപുരയിൽ കിടന്നില്ലേ…. അന്ന് ഞാൻ ഒരു മത്സ്യകന്യകയെയാണ് സ്വപ്നം കണ്ടെത്…. അപ്പോളായിരിക്കും നീ കയറി വന്നത്… ” അവൻ ഒരു ചിരിയോടെ പറഞ്ഞു…
” ദേ വികടത്തരം പറഞ്ഞാൽ കെട്ടിയോനാണ് എന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന് ഒന്നും ഞാൻ നോക്കില്ല… ” അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു…
” ആ… ഇതെന്താണിത്…. ഇത്രയും നാൾ അമലേട്ടാന്ന് വിളിച്ചു നടന്ന പെണ്ണാ… ഇപ്പൊ ഉപദ്രവവും തുടങ്ങി…. ഇത് പണിയാകും… ”
” ഉവ്വ… സഹിച്ചോ…. ഓരോന്ന് ഒപ്പിച്ചു വച്ചിട്ടല്ലേ…. ” അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി…
” ഏട്ടൻ എങ്ങനെ അറിഞ്ഞു… സത്യങ്ങളെല്ലാം…. ” അവൾ തലയുയർത്തി നോക്കിക്കൊണ്ട് ചോദിച്ചു….അവൻ ഒന്നു ചിരിച്ചു…
” എന്റെ ഇന്ദൂട്ടി രണ്ടു ദിവസം മുൻപ് കുളക്കടവിൽ വച്ച് ഒരു കുമ്പസാരം നടത്തിയില്ലായിരുന്നോ…. അത് നിന്റെ പൊന്നാങ്ങള വൃത്തിയായി ഒളിഞ്ഞു കേട്ടു… അന്ന് രാജുവിന്റെ ശരിക്കുമുള്ള ഉദ്ദേശം മനസ്സിലായിട്ട് ഉള്ള ഉറക്കവും പോയി രാത്രിയിൽ അമ്മയുടെ ഉറക്കവും കളഞ്ഞ് എന്നിട്ടും സമാധാനമാകാതെ കിടക്കുന്ന ടൈമിലാണ് എന്റെ പൊന്നളിയൻ ദൈവം ദൂതനെപ്പോലെ വരുന്നത്…. അപ്പോൾ തന്നെ പിന്നേം അമ്മയെ വിളിച്ച് മരുമോളെ കൊണ്ടുവരാനുള്ള അനുവാദം അങ്ങ് വാങ്ങി….. ഞാൻ പറഞ്ഞില്ലേ അന്ന് രാത്രിയിൽ എനിക്കൊരു ലൈഫ് ടൈം ബമ്പർ അടിച്ചെന്ന്…. ഇതാണ് ആ ബമ്പർ…. ഒരു വലിയ ലോട്ടറിയും കൂടെ ഒരു കുഞ്ഞു ലോട്ടറിയും… ആ പാതിരാത്രി തന്നെ അളിയൻ റിപ്പോർട്ടു ചെയ്തത്തിന്റെ ധൈര്യത്തിലല്ലേ പെണ്ണേ ഞാൻ എന്റെ കുഞ്ഞിന് ഒരു ഉമ്മ കൊടുത്തത്… അല്ലെങ്കിൽ ഈ ട്രെയിനിന് ആരെങ്കിലും തല വയ്ക്കുവോ.. ” അവൻ പറഞ്ഞു തീർന്നതും അവൾ കേറുവോടെ അവന്റെ നെഞ്ചിൽ നിന്നും മാറി തിരിഞ്ഞിരുന്നു…. പെട്ടന്ന് എന്തോ ആലോചിച്ചത് പോലെ വീണ്ടും അവന്റെയടുത്തേക്ക് തിരിഞ്ഞു…
” അപ്പോൾ ആ രാജുവിനെ എങ്ങനെ ഓടിച്ചു… ”
” നീ കൊള്ളാല്ലോ… കാര്യം അറിയാൻ ഭയങ്കര സ്നേഹം…. അല്ലാത്തപ്പോ ആലുവ മണൽപുറത്തു വച്ചു കണ്ട പരിചയമില്ല… ” അവൻ വീണ്ടും അവൾക്കിട്ട് ചൊറിഞ്ഞു… അവൾ പിന്നെയും കെറുവിച്ച് തിരിഞ്ഞിരുന്നു… അവൻ ഒരു ചിരിയോടെ പിന്നിൽ നിന്നും അവളെ ചേർത്ത് പിടിച്ചു…
“ആദ്യം ഞാനും അരവിന്ദും അവനോട് മര്യാദയ്ക്ക് പറഞ്ഞു… കേൾക്കില്ലന്ന് ആയപ്പോൾ കൈയും കാലും തല്ലിയോടിച്ച് മെഡിക്കൽ കോളേജിലാക്കി…. അവന്റെ ഒരു കൂട്ടാളിയെ രാവിലേ വിവരം പറയാൻ വരാൻ ഏർപ്പാടാക്കി…. ” അവൾ അത്ഭുതത്തോടെ അവനെ തിരിഞ്ഞു നോക്കി….
” നീ ഇങ്ങനെ ഉണ്ട കണ്ണ് ഇട്ട് ഉരുട്ടണ്ട…. അവൻ ഇത് ആദ്യമയല്ല എന്റെ കൈയിൽ നിന്നും കിട്ടുന്നെ…. തന്നെയുമല്ല അവന് അത് അത്യാവശ്യമായിരുന്നു… ”
” അമലേട്ടൻ ഇനി അടിയ്ക്കും വഴക്കിനും ഒന്നും പോകണ്ട കെട്ടോ… എനിക്ക് പേടിയാ… ” അവൾ അവനോട് കൂടുതൽ ചേർന്നു…
” ഉറപ്പില്ല പെണ്ണേ…. ഒന്നുമില്ലങ്കിലും ഞാൻ മഹാദേവൻ മുതലാളിയുടെ സന്താനമല്ലേ… ആ ഗുണം കാണാതിരിക്കുമോ… ” ആ പേര് കേട്ടപ്പോൾ അവൾക്കുണ്ടായ ഭയം ആ കണ്ണിൽ നിന്നും അവന് മനസ്സിലായി…. കുറച്ചു നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല….
” അല്ല പെണ്ണേ… ഞാൻ ആലോചിക്കുവായിരുന്നു… ” അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ പറഞ്ഞു…
” എന്തേ… ”
” കഞ്ചാവിട്ടു വാറ്റിയ ചാരായത്തിന് നല്ല വീര്യമാണെന്ന് നീ പറഞ്ഞപ്പോൾ ഇത്രയും വീര്യം ഞാൻ പ്രതീക്ഷിച്ചില്ല…. ” സാരിക്ക് മുകളിലൂടെ അവളുടെ വയർ ഒന്നും ഉഴിഞ്ഞുകൊണ്ട് അവൻ പറഞ്ഞു…
” പോ.. വൃത്തികെട്ടതെ…” അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ഇടിക്കാനും കുത്താനും ഒക്കെ തുടങ്ങി… അധികം വൈകാതെ അവളുടെ കൈയിൽ പിടിച്ചു വലിച്ച് അവളെ കെട്ടി പിടിച്ചു…
” ഇന്ദൂട്ടി…. ” അവൻ പതിയെ വിളിച്ചു… അവൾ മുഖം ഉയർത്താതെ മൂളുക മാത്രം ചെയ്തു…
” അന്നത്തെ കാര്യങ്ങൾ ഒക്കെ ഒരു പുക മറപോലെ കുറച്ചു കുറച്ചേ ഓർമയുള്ളു…. അതുകൊണ്ട് നമ്മുക്ക് അതൊന്നൂടെ റിപീറ്റ് ചെയ്താലോ… ”
” ദേ… മനുഷ്യാ…. ” അവൾ കപട ദേഷ്യത്തോടെ ചാടി എഴുന്നേറ്റു…
” വേണ്ടാ… വേണ്ടന്നെ… എന്റെ ഇന്ദൂട്ടി വാ… നമ്മുക്ക് ചാച്ചാം… ” ഒരു ചിരിയോടെ അവൻ വീണ്ടും അവളെ വലിച്ചടുപ്പിച്ചു…. രാത്രിയുടെ ഏതോ യാമത്തിൽ അവർ ഉറക്കത്തിലേക്ക് വഴുതി വീണു…..
രണ്ടു ദിവസം അവിടെ നിന്നിട്ട് അവളെയും കൊണ്ട് അവൻ ഫ്ലാറ്റിലേക്ക് വന്നു… അമ്മയോട് അവൻ തന്നെ എല്ലാം വിളിച്ചു പറഞ്ഞിരുന്നു… ഇടയ്ക്ക് കല്യാണത്തിന് പോകുകയാണെന്ന വ്യാജേന അമ്മ ഇന്ദുവിനെ വന്ന് കാണുകയും ചെയ്തു…. കുഞ്ഞ് ജനിക്കുന്നത് വരെ അച്ഛൻ ഒന്നും അറിയരുത് എന്ന് അമൽ നിശ്ചയിച്ചിരുന്നു…
ഒരു മാസത്തിന് ശേഷം…. അമൽ ജോലിക്ക് പോയിരുന്നു…. ഇന്ദുവിന് കൂട്ട് നിൽക്കാൻ വരുന്ന സ്ത്രീ പനിയായത് കൊണ്ട് വന്നിരുന്നില്ല…. പോകുന്നില്ലെന്ന് പറഞ്ഞ് അവിടെ നിന്ന അമലിനെ ഒരുവിധമാണ് ഇന്ദു തള്ളി പറഞ്ഞയച്ചത്…. അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ പുറത്തു കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ ഹാളിലേക്ക് വന്നു….
” എന്താണ് ഏട്ടാ… ഞാൻ പറഞ്ഞതല്ലേ ഒറ്റയ്ക്ക് നിക്കാമെന്ന്… മര്യാദയ്ക്ക് ജോലിയ്ക്ക് പോകുന്നുണ്ടോ… ” അമൽ തിരിച്ചു വന്നതായിരിക്കും എന്ന് വിചാരിച്ച് അവൾ വഴക്ക് പറഞ്ഞു കൊണ്ട് വാതിൽ തുറന്നു…. പക്ഷെ മുൻപിൽ നിൽക്കുന്ന വെള്ള വസ്ത്രധാരിയെ കണ്ട് അവൾ ഞെട്ടി…
” മോൾക്ക് എന്നെ ഓർമ്മയുണ്ടോ..?? ” അയാൾ ഒരു ചിരിയോടെ ചോദിച്ചു….
” അമലേട്ടന്റെ അച്ഛൻ…. ” അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു…..
—————————————————————–
നാലു വർഷങ്ങൾക്ക് ശേഷം ഒരു സായാഹ്നം…..
” എഞ്ഞിട്ട്…. എഞ്ഞിട്ട് അപ്പൂപ്പൻ അമ്മേനെ കൊന്നോ???… ” വീടിന്റെ ഉമ്മറത്തു ചാരുകസേരയിൽ ഇരിക്കുന്ന മഹാദേവന്റെ വയറിനു പുറത്ത് ഇരുന്നുകൊണ്ട് നാലു വയസ്സുകാരി മിന്നു എന്ന മീനാക്ഷി ചോദിച്ചു….
” അച്ചോടാ… മിന്നൂന്റെ അപ്പൂപ്പൻ പാവമല്ലേ….അപ്പൂപ്പൻ ആരേം കൊല്ലൂല്ലല്ലൊ…. അങ്ങനെ കൊന്നാരുന്നേൽ അപ്പൂപ്പന് മിന്നൂനെ കിട്ടൂല്ലാരുന്നുല്ലോ…. ” അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അയാൾ പറഞ്ഞു….
“അപ്പോ അച്ചയെ കൊന്നോ??..”
” മിന്നൂന്റെ അച്ചയെ അപ്പൂപ്പൻ കൊല്ലുവോ…. മിന്നു അപ്പൂപ്പന്റെ ജീവനല്ലേ… ” അയാൾ വീണ്ടും അവളെ കൊഞ്ചിച്ചു…
” പിഞ്ഞേ അപ്പൂപ്പൻ പരഞ്ഞയോ കൊല്ലൂന്ന്…. ” അവളുടെ സംശയം തീരുന്നില്ലായിരുന്നു….
” അതൊക്കെ അപ്പൂപ്പൻ ചുമ്മ പറഞ്ഞതല്ലിയോ…. മിന്നൂന്റെ അമ്മ ഒരു മണ്ടിയായൊണ്ട് എല്ലാം അത് പോലെ വിശ്വസിച്ചു…. ഒഴിഞ്ഞു പോന്നെ പോട്ടെന്നു വച്ചതാ മിന്നൂസേ…. അപ്പൂപ്പൻ അറിഞ്ഞില്ലല്ലോ മിന്നൂസ് അപ്പൊ അമ്മേടെ വയറ്റിൽ ഉണ്ടാരുന്ന കാര്യം…. ”
” അപ്പോ അമ്മ എഞ്ഞെ തിഞ്ഞാരുന്നോ..?? ” അവളുടെ സംശയം കേട്ട് അയാൾ ചിരിച്ചു…
” മിന്നുവെ… നീ അപ്പൂപ്പനെ ബുദ്ധിമുട്ടിക്കാതെ വന്നേ… വാ കുളിക്കാം..” ഇന്ദു അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞു…..
” വേന്റ… മിന്നൂന് കുളിച്ചണ്ടാ…. മിന്നു കച കേക്കുവാ…. ” അവൾ ചിണുങ്ങികൊണ്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു….
” അപ്പൂപ്പന്റെ മിന്നൂസ് പോയി കുളിച്ചിട്ട് വാ… ഇനിയും കഥ പറഞ്ഞു തരാം… ”
” ചക്കര അപ്പൂപ്പൻ… ഉമ്മ… ” മിന്നു അയാളുടെ കവിളിൽ ഉമ്മ വച്ചു… അപ്പോളേക്കും ഇന്ദു അവളെ വന്ന് എടുത്തു…
” ഈ അച്ഛനാ ഇവളെ വഷളാക്കുന്നത്…. പെണ്ണ് ഇപ്പോ ആരു പറഞ്ഞാലും കേൾക്കില്ലന്നായി… ” ഇന്ദു പരിഭവം പറഞ്ഞു….
” കുഞ്ഞല്ലേടി… സാരമില്ല മാറിക്കോളും… അവൻ എത്താറായില്ലേ… ”
” എത്താറായിന്ന വിളിച്ചപ്പോ പറഞ്ഞേ… ദേ വന്നല്ലോ… ” അപ്പോളേക്കും മുറ്റത്ത് ഒരു കാർ വന്നു നിന്നു…. അമൽ ഒരു പെട്ടിയുമായി അതിൽ നിന്നും ഇറങ്ങി അകത്തേക്ക് വന്നു…
” എന്റച്ചാ എനിക്ക് ഇത് വയ്യ…. തൊഴിലാളി പ്രശ്നം തീർക്കാൻ ചെന്ന് അവരുടെ എല്ലാ ഡിമാൻഡും അംഗീകരിക്കാമെന്ന് സമ്മതിച്ചപ്പോൾ ഇപ്പൊ അത് വേണ്ടന്ന്… സംഗതി നേതാക്കൻമാർക്ക് പണം വേണം… തൊഴിലാളികൾക്ക് ഒന്നും കൊടുത്തില്ലെങ്കിലും അവന്മാർക്ക് ഒന്നുമില്ല… നേതാക്കൻമാരെ എല്ലാത്തിനെയും തല്ലിക്കൊന്ന് കിണറ്റിൽ താഴ്ത്താനാ തോന്നുന്നേ…” അവൻ വന്ന് കേറിയ പാടെ പരാതിക്കെട്ട് അഴിച്ചു….
” ആ… ഇതൊക്കെ തന്നാ എനിക്കും തോന്നിയിരുന്നത്… പിന്നെ ഒരു വ്യത്യാസം ഞാൻ അത് അങ്ങ് ചെയ്തുന്നുള്ളതാ…. അപ്പോൾ ഞാൻ നിനക്ക് കൊള്ളരുതാത്തവൻ….” അയാൾ ഒരു ചിരിയോടെ പറഞ്ഞു… അതുകേട്ട് ഇന്ദുവും അമലും അമ്മയും ചിരിച്ചു…. മിന്നു അമലിന്റെ തോളിലേക്ക് ചാഞ്ഞു…. അവൻ അവളെ ഇന്ദുവിന്റെ കൈയിൽ നിന്നും വാങ്ങി….
മഹാദേവൻ മിന്നുവിനോട് പെരുമാറുന്നത് പോലെ ഒരിക്കലും അമലിനോട് പെരുമാറിയിട്ടില്ല…. അല്ലെങ്കിലും കർക്കശ്യക്കാരായ പല അച്ഛൻമാരുമാണ് പിന്നീട് കൊച്ചുമക്കളുടെ കളിക്കൂട്ടുകാരായി മാറുന്നത്….
അനുരാഗപുഷ്പവും തേടിയുള്ള അമലിന്റെ യാത്ര ഇന്ദുവിലും മിന്നുവിലും ചെന്ന് അവസാനിച്ചു…. പക്ഷെ അവരുടെ ജീവിതം ഇനിയും ബാക്കിയാണ് …… എല്ലാവരുടെയും യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട്……
സ്നേഹത്തോടെ “രുദ്ര ”
Comments:
No comments!
Please sign up or log in to post a comment!