ശംഭുവിന്റെ ഒളിയമ്പുകൾ 32

“എന്നായാലും ഒരിക്കൽ ടീച്ചറും ഇതറിയണം.സമയം നോക്കി മാഷ് തന്നെ പറയ്‌.വിശ്വസിക്കാൻ പ്രയാസമാവും എന്നാലും സത്യത്തിന് നേരെ മുഖം തിരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലല്ലോ ആർക്കും.” ശംഭു പറഞ്ഞു.

“അയാൾ ഇതെന്തിന്?എവിടെയാ പിഴച്ചത്?”മാധവൻ വീണ്ടും പറഞ്ഞു. അപ്പോഴും അപ്രിയസത്യം കേട്ടതിന്റെ ഞെട്ടൽ മാറിയിരുന്നില്ല.

“കാരണം എന്തുതന്നെയായാലും അത് നല്ലതിനല്ല മാഷെ.അതെന്താ എന്ന് ഇനിയും ഒരു രൂപമില്ല എന്നതാ സത്യം.ഒരുറപ്പിന് വേണമെങ്കിൽ മാഷിന് നേരിട്ട് തിരക്കാം.”കമാൽ പറഞ്ഞു.

“ഞാൻ……അത്….പെട്ടന്ന് കേട്ടപ്പോൾ എന്തോ ഒരു..സത്യം ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ ഞാനെന്തുകൊണ്ട് വിശ്വസിക്കാതെയിരിക്കണം.ഇപ്പോൾ മാർഗം വ്യക്തമാണ്,ഇനിയത് കടന്നു പോകാനുള്ള വെളിച്ചമാണ് വേണ്ടത്.” മാധവൻ പറഞ്ഞു.

“അതെ മാഷെ……പക്ഷെ…….”

“എന്താ ഇരുമ്പേ ഒരു പക്ഷെ?”

“അത് പിന്നെ മാഷേ……. മറുഭാഗത്തു വേണ്ടപ്പെട്ടവരാകുമ്പോ?”

“കായ്‌ഫലമുള്ള വൃക്ഷമായാലും പുരപ്പുറത്തേക്ക് ചാഞ്ഞാൽ വെട്ടണം ഇവിടെയും നിയമം അത് തന്നെ. പക്ഷെ അതിന് മുൻപ് സാവിത്രിയെ കാര്യങ്ങൾ ബോധിപ്പിക്കണം,പിന്നെ എന്തിനെന്നറിയണം.”

“അതുതന്നെയല്ല മാഷെ,ഇപ്പോൾ ഗോവിന്ദ് രാജീവനൊപ്പം കൂടിയെന്നാ കേട്ടത്.ഒപ്പം ദാമോദരൻ ഒന്ന് കൂടി പറഞ്ഞു ലീവിലെങ്കിലും രാജീവ് ഓഫിസിൽ എത്താറുണ്ടെന്ന്, കൂടാതെ രാജീവന്റെ കൂടെ ഈയാളെ കണ്ടിട്ടുണ്ടെന്ന്”കമാൽ പറഞ്ഞു.

“മ്മ്മ്,അപ്പോൾ ഒരുങ്ങിത്തന്നെയാണ് കാര്യങ്ങൾ നമ്മുടെ കയ്യിലാണെന്ന് കരുതിയ നമുക്ക് തെറ്റി.പ്രശ്നം വിചാരിച്ചതിലും ഗുരുതരമാണ്.ഇനി എങ്കിലും ശ്രദ്ധിച്ചില്ലയെങ്കിൽ അത് നമ്മുടെ നാശത്തിനാവും.”മാധവൻ പറഞ്ഞു.

“ഇനി എങ്ങനെയാണ് മാഷേ?”

“മ്മ്മ്……അളിയന്റെ കാര്യം എനിക്ക് വിട്,എനിക്കറിയണം എന്തിനെന്ന്. പിന്നെ രാജീവ്‌,അവനിപ്പൊൾ ഒരു ശത്രുവെ അല്ല എന്ന അവസ്ഥയിൽ എത്തി.കാരണം അവന് പ്രതികാരം ആണ് ലക്ഷ്യം.പക്ഷെ ചന്ദ്രചൂടനെ സൂക്ഷിക്കണം,കാരണം അറിയാത്ത ഒന്ന് അയാളുടെ ഉള്ളിലുണ്ട്.എന്ത്‌ തന്നെയായാലും അത് അളിയന്റെ നാശത്തിനാണ്.”

“പറഞ്ഞാൽ മതി മാഷേ,ഇനിയും വൈകിയാൽ…..”സുരയുടെ നിയന്ത്രണം വിട്ടുതുടങ്ങിയിരുന്നു.

“ഇരുമ്പേ……….ഒന്ന് പിഴച്ചാൽ കാര്യം കയ്യിൽ നിന്ന് പോകും.ആവേശമല്ല വിവേകമാണ് ഇവിടെ വേണ്ടത്. കേസിൽ നിന്ന് ഊരണം,ഒപ്പം എതിരെയുള്ളവരെ ഒതുക്കുകയും വേണം.അതിനുള്ള വഴിയെയാണ് ഇനി നമ്മൾ സഞ്ചരിക്കേണ്ടത്. തത്കാലം ആ ടീച്ചറിന്റെ കാര്യം വേണ്ടത് ചെയ്യ്.

ബാക്കി ഞാൻ വഴിയേ പറയാം.”മാധവൻ പറഞ്ഞു.

മുന്നോട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയശേഷമാണ് അവർ പിരിഞ്ഞത്.അപ്പോഴേക്കും നേരം പുലർന്നിരുന്നു.അതിന്റെ പരിഭവം സാവിത്രി മാധവനോട് തീർത്തത് മുഖം വീർപ്പിച്ചാണെങ്കിൽ ശംഭുവിന്റെ കൂമ്പിനിട്ട് ഒരു കുത്തുവച്ചുകൊടുത്തുകൊണ്ടാണ് വീണ അരിശം തീർത്തത്. ***** ഗോവിന്ദിനെ വിളിച്ചിട്ട് കിട്ടാതെ രാജീവ് പരിഭ്രാന്തനായിരുന്നു.ഇറങ്ങി എന്ന് പറഞ്ഞയാളുടെ ഫോൺ കട്ട് ചെയ്തതും പിന്നീട് സ്വിച്ച് ഓഫ് എന്ന സന്ദേശം ലഭിച്ചുകൊണ്ടിരുന്നതും രാജീവനെ കുറച്ചൊന്നുമല്ല വലച്ചത്.

ഹൈവെയിൽ വച്ചാണ് ഫോൺ ഓഫ് ആയിരിക്കുന്നത്.അതുകൊണ്ട് തന്നെ രാജീവ്‌ ടവർ ലൊക്കെഷൻ കണ്ടെത്തിയ ശേഷം അതുവഴി ഒന്ന് സഞ്ചരിച്ചു.അന്വേഷണത്തിൽ ടോൾ പ്ലാസ ഗോവിന്ദ് പിന്നിട്ടിരുന്നതായി കണ്ടെത്തിയ രാജീവ്‌ അതെ സമയം അതുവഴി പാസ്സ് ചെയ്തുപോയ വണ്ടികളുടെ സി സി ടി വി ഫുട്ടെജും എടുത്തിട്ടാണ് തിരികെ പോന്നത്.

തന്റെ ലക്ഷ്യത്തിലെക്കുള്ള വഴിയിൽ പ്രധാന കണ്ണിയാണ് ഗോവിന്ദ്.അതു കൊണ്ട് തന്നെ കണ്ടെത്തിയെ തീരു. ഗോവിന്ദിന്റെ കാർ ടോൾ കടന്നതായി ദൃശ്യങ്ങളിലുണ്ട്.അതിന് ശേഷമുള്ള ഒഴിഞ്ഞ കട്ട് റോഡിന് അടുത്തു വച്ച് ആവണം സംഭവം നടന്നിരിക്കുക എന്ന് രാജീവൻ ഊഹിച്ചു.കാറ് വഴി വക്കിൽ നിന്നും ലഭിക്കാത്ത സ്ഥിതിക്ക് ഒരു ഗാങ് ആയിരിക്കണം ഇതിന്റെ പിന്നിലെന്ന നിഗമനത്തിൽ രാജീവനെത്തി.

തനിക്ക് ഏറ്റവും പ്രധാനപ്പെട്ട,തന്റെ പ്രാഥമിക ലക്ഷ്യത്തിലേക്ക് വെളിച്ചം വീശുന്ന ചില സൂചനകൾ ഗോവിന്ദിന് ലഭിച്ചതായി പറഞ്ഞിരുന്നു.അതിനു വേണ്ടിയാണ് തനിച്ചൊരിടം വേണം എന്ന നിർബന്ധത്തിൽ മീറ്റിങ് ഫിക്സ് ചെയ്തതും.പക്ഷെ അതിന് മുൻപ്………..

രണ്ട് സാധ്യതകളായിരുന്നു രാജീവനു മുന്നിൽ തെളിഞ്ഞത്.ഒന്നുകിൽ ഗോവിന്ദിന്റെ നീക്കങ്ങളറിഞ്ഞു മാധവൻ,അല്ലെങ്കിൽ പലിശക്കാരൻ ചെട്ടിയാർ.രാജീവ്‌ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തിക്കൊണ്ട് തന്റെ വണ്ടിയുമെടുത്തിറങ്ങി. ***** ചെട്ടിയാരുടെ താവളത്തിലാണ് ഗോവിന്ദ്.മുറിക്കുള്ളിൽ പൂട്ടിയിട്ട അവസ്ഥ.താൻ പെട്ടുകഴിഞ്ഞു എന്ന് ഗോവിന്ദ് മനസ്സിലാക്കി,ഇനി പുറം ലോകം കാണുക എന്നത് കാഠിന്യം നിറഞ്ഞ ഒന്നാണെന്നും അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു.

ആകെയുള്ള പ്രതീക്ഷ രാജീവാണ്, പക്ഷെ അതും വളരെ നേരിയ സാധ്യത മാത്രം,എങ്കിലും അത് പ്രതീക്ഷിക്കുന്നുണ്ട് ഗോവിന്ദ്.

അന്നത്തെ ദിവസം ഇരുട്ടിവെളുത്തു. ഗോവിന്ദ് തളർന്നുറങ്ങുകയാണ്. എപ്പോഴോ ഡോർ തുറന്ന് ആരോ ഒരു അലുമിനിയപ്പാത്രത്തിൽ ചോറും കറിയുമായി മുന്നോട്ട് നിരക്കിക്കൊടുത്തു,ഒപ്പം ഒരു കുപ്പി വെള്ളവും.
ആളനക്കം തിരിച്ചറിഞ്ഞ ഗോവിന്ദ് ഉറക്കം വിട്ടുണർന്നിരുന്നു. വിശപ്പും ദാഹവും കലശലായിരുന്ന ഗോവിന്ദ് കിട്ടിയപാടെ മുഴുവൻ കഴിച്ചുതീർത്തശേഷം വീണ്ടും ഒരു മൂലയിലേക്ക് ചുരുണ്ടു.

വായ്ക്ക് രുചി ഒട്ടും തന്നെയില്ലാത്ത ഭക്ഷണം ഒരു വിധത്തിൽ കഴിക്കുകയായിരുന്നു ഗോവിന്ദ്.തന്റെ നിവർത്തികേട് അവൻ ഓർത്തുപോയി.എങ്ങനെയെങ്കിലും രക്ഷപെടണം എന്ന ചിന്ത മാത്രമായി ഗോവിന്ദിന്.ഒരവസരത്തിനായി പ്രതീക്ഷിച്ചുകൊണ്ട്,ക്ഷമയോടെ അതിനായി ചിന്തിച്ചുകൊണ്ട് അവൻ കാത്തിരിക്കുകയാണ് തനിക്കുള്ള ശരിയായ സമയത്തിനായി. ***** ചിത്ര……………അവൾ സ്റ്റേഷനിലേക്ക് കയറിവരുന്നത് കണ്ട പത്രോസ് ഒന്ന് ഞെട്ടി.ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ വരവ് കണ്ടതും മനസ്സ് മുഴുവൻ ശൂന്യമായതുപോലെതോന്നി എ എസ് ഐ പത്രോസിന്.അകത്തു വന്നതും ചിത്ര അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.സുരയുടെ കയ്യിൽ നിന്ന് ഇവളെങ്ങനെ,അയാളുടെ മനസ്സിൽ ഒരു ആത്മവിശ്വാസവും ഒപ്പം ചില ആശങ്കകളും നിറഞ്ഞു.

“സർ……എസ് ഐ?”അവൾ ചോദിച്ചു

“സർ ലീവിലാണ്,ഇപ്പൊൾ ചാർജ് എനിക്കും”

“ഫൈൻ…..അപ്പൊപ്പിന്നെ വന്നകാര്യം സാറിനോട് പറയാല്ലോ.ഒരു മിസ്സിങ് കേസ് കിടപ്പുണ്ടിവിടെ,അതിൽ വിക്ടിമിന്റെ പേര് ചിത്ര എന്നാണ്. അതായത് ഞാൻ.അതിന്റെ കാര്യം തീർത്തിട്ട് പോവാം എന്ന് കരുതി.”

“മ്മ്മ്……..വരൂ”പത്രോസ് അവളെയും കൊണ്ട് ഓഫീസിലേക്ക് ഇരുന്നു.

അല്പം ഗൗരവത്തോടെയാണ് പത്രോസ് അവളെ ക്ഷണിച്ചത്.

“അത് പിന്നെ……….ഞാൻ പരാതി പിൻവലിക്കാൻ വന്നതാണ് സർ”

പത്രോസ് വീണ്ടും ഞെട്ടി.ഇത്രനാളും സുരയുടെ തടങ്കലിൽ കഴിഞ്ഞിട്ടും പരാതിയൊന്നുമില്ലെന്നുള്ള മൊഴി അയാളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു.മാധവൻ ഇവളെ വിലക്കെടുത്തു കഴിഞ്ഞു എന്ന് പത്രോസ് ഉറപ്പിച്ചു.

“നിങ്ങളിത് ചിന്തിച്ചുറപ്പിച്ചുതന്നെ പറയുന്നതാണോ?”പത്രോസ് ചോദിച്ചു.

“അതെ സർ………എനിക്ക് കുഴപ്പം ഒന്നുമില്ല.കുറച്ചു നാൾ ഞാനൊന്ന് മാറിനിന്നു എന്നേയുള്ളു.അല്ലാതെ അതിൽ വേറെ ഒന്നും തന്നെയില്ല. എന്നെ കാണാതെ വന്നപ്പോൾ,ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള വ്യക്തിയെന്ന നിലയിൽ പ്രിൻസിപ്പൽ പരാതി തന്നു.സ്കൂളിന് പ്രശ്നം ആകരുതല്ലോ,അതിനെ അങ്ങനെ കണ്ടാൽ മതി.”

“നിങ്ങളിത് ആലോചിച്ചു തന്നെ പറയുന്നതാണോ?”അയാൾ വീണ്ടും ചോദിച്ചു.

“അതെ സർ……..പ്രിൻസിപ്പൽ തന്ന പരാതിയിൽ വിക്‌ടിം ഞാനാണ്.ആ എനിക്കില്ലാത്ത എന്ത് പ്രശ്നമാണ് സാറിന്?”

“നോക്കൂ…….നിങ്ങൾ എവിടെ,ഏത് സാഹചര്യത്തിലായിരുന്നു എന്ന് നിങ്ങൾക്കുമറിയാം എനിക്കുമറിയാം.
ടീച്ചർ ആരെയാണ് ഭയക്കുന്നത്?” പത്രോസിന്റെ സംസാരം ചെറുതായി ഒന്ന് മാറി.

“സർ……..ഞാൻ ആരെ ഭയക്കണം, എന്തിന് ഭയക്കണം.ഞാനൊരു യാത്രയിലായിരുന്നു,ഇന്നലെ രാത്രി തിരികെയെത്തി.പോകുന്നതിന് മുമ്പ് പ്രിൻസിപ്പലിനെ വിളിച്ചിരുന്നു,പക്ഷെ കിട്ടിയിരുന്നില്ല.അതുകൊണ്ട് തന്നെ സർ ന്റെ വൈഫിനെ വിളിച്ചാണ് ലീവ് പറഞ്ഞത്.അവരത് സാറിനെ അറിയിക്കാമെന്നും ഏറ്റിരുന്നു.

പക്ഷെ അവരുടെ അമ്മക്ക് അസുഖം കൂടുതലായി ഹോസ്പിറ്റലൈസ്ഡ് ആയിരുന്നതിനാൻ പറയാൻ വിട്ടു പോയി,അറ്റാക്ക് ആയിരുന്നെ.ഇന്ന് ഞാൻ സാറിനെ വിളിച്ചിരുന്നു.

“ടീച്ചറെ……ഒന്ന് മനസിലാക്കണം.ഇത് കുട്ടിക്കളിയല്ല.എന്താണ് സംഭവിച്ചതെന്നും ആരാണിതിന്റെ പിന്നിലെന്നും വ്യക്തമായിട്ടറിയാം. നിങ്ങളുടെ ഒരു മൊഴി മാത്രം മതി, സുരയും മാധവനും അഴിയെണ്ണും. എന്നിട്ടും മാധവന്റെ അപ്പക്കഷ്ണം കണ്ടപ്പോൾ അതിന് പിന്നാലെ പോയ നിങ്ങളെ ഓർത്ത്…….. ഛേ…..” പത്രോസ് ഒന്ന് പിരി കയറ്റാൻ ശ്രമിച്ചു നോക്കി.

“സാറെ,കാര്യങ്ങളറിഞ്ഞിട്ടും നിങ്ങൾ ചെറുവിരലെങ്കിലുമനക്കിയോ. എന്താ,മാധവൻ എന്ന് കേക്കുമ്പോൾ മുട്ടിടിക്കുന്നുണ്ടോ.അതോ സുരയോട് മുട്ടാനുള്ള ധൈര്യം പോരായിരുന്നൊ? കാക്കിക്കുള്ളിലെ ഭീരുക്കളെ വിശ്വസിച്ചു മുന്നോട്ട് പോകുന്നതിലും നല്ലത് തന്റേടമുള്ളവന്റെ വാക്കിനു മുന്നിൽ കീഴടങ്ങുന്നതാണ്.”

“ഇതിൽ പെട്ടതും അനുഭവിച്ചതും ഞങ്ങളുടെ കൂട്ടത്തിൽ ഒരാള് കൂടിയ”

“അറിയാം……..എന്നിട്ടും എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കായൊ?ഇല്ല. അതിന് കഴിയില്ല.അതുകൊണ്ട് അത് എടുത്തുവച്ചിട്ട് എന്നെ ഒഴിവാക്കിവിട് സാറെ.പോയിട്ട് കുറച്ചു തിരക്കുണ്ട്, കൂടാതെ കുറച്ചു പ്രാരാബ്ധങ്ങളും.”

പത്രോസിന് മറുപടിയുണ്ടായിരുന്നില്ല. കാര്യങ്ങൾ തിരിഞ്ഞു എന്നയാൾ മനസ്സിലാക്കി.അത്രയും പറഞ്ഞു പോകാൻ ഇറങ്ങിയ ചിത്ര ഡോറിനടുത്തെത്തിയപ്പോൾ ഒന്ന് തിരിഞ്ഞു.

“എന്തായാലും പരാതി വല്ലതും ഉണ്ടോ എന്ന് ചോദിച്ചതല്ലെ?നിങ്ങൾക്ക് പറ്റിയ ഒന്ന് ഞാൻ തരാം.അതൊക്കെ നിങ്ങൾക്ക് പറഞ്ഞിട്ടുള്ളൂ.”അത്രയും പറഞ്ഞുകൊണ്ട് ഒരു പേപ്പർ വാങ്ങി ചിത്ര തന്റെ പരാതിയെഴുതി.

താൻ ഇല്ലാതിരുന്ന സമയങ്ങളിൽ എപ്പഴൊ തന്റെ വീട്ടിൽ നടന്ന മോഷണത്തെ കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു അതിലെ ആവശ്യം.തത്കാലം വേറെ വഴിയില്ലാതെ പത്രോസ് അവളുടെ രണ്ട് റിക്വസ്റ്റും ഫയലിൽ സ്വീകരിച്ചു. ***** ഗോവിന്ദ് പരുവപ്പെട്ടുകാണും എന്ന് തോന്നിയതിനാലാവണം അന്ന് രാത്രി ചെട്ടിയാരുടെ മുന്നിലെത്തിക്കപ്പെട്ടു.
ആ ഇരുട്ട് മുറിയിൽ നിന്നും അണ്ടർ ഗ്രൗണ്ടെന്ന് തോന്നിക്കുന്ന ഇടത്തേക്കാണ് ഗോവിന്ദ് എത്തപ്പെട്ടത്.വെളിച്ചം നന്നേ കുറവ്. മങ്ങിയ വെളിച്ചത്തിലും കാഴ്ച്ചക്ക് വ്യക്തതയുണ്ട്.പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചറുകൾ അങ്ങിങ്ങായി കൂട്ടിയിട്ടിട്ടുണ്ട്.കേടായ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സ്ഥലം എന്നത് വ്യക്തം.

ചെട്ടിയാർ ഒരു കസേരയിൽ എന്തോ ആലോചിച്ചിരിപ്പുണ്ട്.പുറകോട്ടു ചരിഞ്ഞിരുന്ന് മുന്നിലുള്ള മേശയിലേക്ക് വലതുകാൽ സപ്പോർട്ട് ചെയ്തു കസേരയിലേക്ക് മടക്കിവച്ചുകൊണ്ട് കാര്യമായെന്തോ ചിന്തിച്ചുകൂട്ടുന്ന ചെട്ടിയാരുടെ മുന്നിലേക്ക് ഗോവിന്ദിനെ ഇട്ടുകൊടുത്തിട്ട് ശിങ്കിടിക്കൂട്ടം അടുത്ത ഉത്തരവിനായി കാത്തു നിന്നു.

ആളനക്കം തിരിച്ചറിഞ്ഞ ചെട്ടിയാർ കണ്ണുകൾ തുറന്നു.ചുണ്ടിലും നെറ്റിയിലും മുറിവുകളുമായി ചോരയൊലിച്ചു നിൽക്കുന്ന ഗോവിന്ദിനെ ഒന്നിരുത്തി നോക്കി.

മുറിയിൽ നിന്നും പുറത്ത് കൊണ്ടു വരുന്നവഴിയിൽ രക്ഷപെടാനൊരു ചാൻസ് എടുത്തുനോക്കി ഗോവിന്ദ്, പക്ഷെ തടിമിടുക്കുള്ള ഗുണ്ടകളെ ഒറ്റക്കിടിച്ചു തോൽപ്പിക്കാൻ രജനി അല്ലാത്തത് കാരണം ഒന്ന് പഞ്ചറായ കോലത്തിലാണ് ചെട്ടിയാരുടെ മുന്നിൽ നിൽക്കുന്നത്.

“ചെട്ടിയാരെ…….എന്നെ പിടിച്ചുവച്ചിട്ട് ഒരു പ്രയോജനവും തനിക്കില്ല.ഏറി വന്നാൽ കൊല്ലാം,പലിശ മുതലാക്കാൻ വേണമെങ്കിൽ വല്ലോം മുറിച്ചു വിക്കുകയും ചെയ്യാം.അതാ അവസ്ഥ.”ഗോവിന്ദ് ഉള്ളതങ്ങു പറഞ്ഞു.

“പൊറുക്കി നായെ……..നാണമുണ്ടോ നിനക്ക്.ഓരോന്ന് പറഞ്ഞു എണ്ണി വാങ്ങിയിട്ട് ഒരു ഉളുപ്പുമില്ലാതെ നിന്ന് ചിലക്കുന്നു.”

“എന്റെ അവസ്ഥയതാണ് ചെട്ടിയാരെ ഇപ്പൊ ഒന്ന് കരപറ്റാനുള്ള ഓട്ടത്തിൽ ആണ്.മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നഎനിക്കൊരു പിടിവള്ളി കിട്ടി.അതിന് പിറകെ പായുമ്പോഴാ നിങ്ങൾ…..ഒരു സാവകാശം അത്രെ ചോദിക്കുന്നുള്ളൂ,വക്കുടയാതെ ഞാൻ തന്നിരിക്കും.”

“മോനെ ഗോവിന്ദ്…….കാര്യം ശരിയാ, കുറച്ചു നാൾ മുന്നേ വരെ നീ പലിശ എങ്കിലും തന്നിരുന്നു.കഴിഞ്ഞ എട്ട് പത്തു മാസമായി അതുമില്ല.ഒന്നും രണ്ടും അല്ല,വട്ടി ഉൾപ്പെടെ അഞ്ചു കോടിയാ.കിള്ളിമംഗലം മാധവന്റെ മകൻ എന്ന പേരിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ് വെറും ചെക്ക് ലീഫിന്റെ പുറത്ത് നിനക്ക് പണം തന്നതും.ഇന്ന് ആ പേര്പോലും മാഞ്ഞുപോയിരിക്കുന്നു.നിന്നെ പരിചയപ്പെടുത്തിയ വില്ല്യം ഇന്നില്ല താനും.”

“ചെട്ടിയാരെ……..നിങ്ങൾ പറയുന്നത് ശരിയാണ്.പക്ഷെ എന്നെ പിടിച്ചു വച്ചതുകൊണ്ട് നിങ്ങളുടെ പണം കിട്ടുവോ,ഒരിക്കലുമില്ല.ഒരവധി തന്നാൽ ഞാൻ ഒരു വഴിയുണ്ടാക്കാം”

“എന്ത്‌ വഴി?എങ്ങനെ?വെറുതെ സെന്റിമെൻസ് വർക്ക്‌ ഔട്ട് ചെയ്യാൻ നോക്കാതെ മോനെ.ഞാനൊരു പലിശക്കാരനാണ്.ഇതുപോലെയുള്ള കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാൻ എന്റേതായ വഴികളുമുണ്ട്.”

“വൈപ്പിനിലുള്ള എന്റെ ഫ്ലാറ്റ്,ഇപ്പൊ ഒരു രണ്ട് കോടി മതിപ്പ് വരും.അത് നിങ്ങളെടുത്തോ.ബാക്കിക്ക് കുറച്ചു സമയം താ.”

“ഫ്ലാറ്റ്………?അതും നിനക്കോ?”അല്പം ചെട്ടിയാർ പുച്ഛം കലർത്തിയാണത് ചോദിച്ചത്.

“അതെ,നിങ്ങളെന്നെ തിരക്കിവന്ന ഫ്ലാറ്റ്.അത് വിറ്റിട്ടൊ,രജിസ്റ്റർ ചെയ്തോ തരാം.ബാക്കി ഒരു മാസം കൊണ്ട്.അല്ലാതെ എന്നെ പൂട്ടിയിട്ടിട്ട് എന്ത് കാര്യം.”

അവസാനത്തെ പ്രതീക്ഷയെന്ന നിലയിൽ ഗോവിന്ദൻ രക്ഷപെടാനുള്ള വഴി തേടുകയായിരുന്നു.ചെട്ടിയാർ ഒരു നിമിഷം ആലോചിച്ചിരുന്നു.ശേഷം അയാൾ പറഞ്ഞുതുടങ്ങി.

“അല്ലെങ്കിലും നിന്നെ കൊല്ലാനുള്ള ഉദ്ദേശമൊന്നും എനിക്കില്ല ഗോവിന്ദ്. എനിക്കെന്റെ പണം കിട്ടണം അത്ര മാത്രം.ഫ്ലാറ്റ് എനിക്ക് തരാം എന്ന് പറഞ്ഞത് ശരി,അപ്പൊ ബാക്കി മൂന് കോടി,അതും ഒരു മാസം കൊണ്ട്. നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കൂട്ടിയാൽ കൂടില്ലത്.അതുകൊണ്ട് ആരെങ്കിലും തിരക്കിവരുന്നത് വരെ നിന്നക്ക് സുഖചികിത്സ നൽകാനാ ഉദ്ദേശവും.

പിന്നെ ഞാനൊരു പലിശക്കാരനാ, ലാഭം മാത്രം കണക്ക് കൂട്ടുന്നവൻ.ആ എനിക്ക് കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ മുതല് പോലും കിട്ടാത്ത ഫ്ലാറ്റും,ഒരു മാസം കഴിഞ്ഞു കിട്ടുമെന്നുറപ്പില്ലാത്ത ബാക്കി പണവും നിന്റെ വാക്കും വിശ്വസിച്ചു പ്രതീക്ഷിക്കുന്നതിനേക്കാൾ നല്ലത് എനിക്ക് ലാഭം തരുന്ന വഴിയേ പോകുന്നതാണ്.”

“തനിക്ക് തന്റെ പണം കിട്ടണം, എനിക്കെന്റെ ജീവനും.ചെട്ടിയാരെ….. എനിക്കറിയാം താൻ എന്റെ പിന്നാലെയുണ്ടെന്നും,ഒരിക്കൽ പിടി വീഴുമെന്നും.അതു മുന്നിൽ കണ്ട് തന്നെയാ ഞാൻ ഓരോ ചുവടും വച്ചത്.ഞാൻ മിസ്സിങ് ആയ സമയം മുതൽ എന്നെ ആവശ്യമുള്ള മറ്റു ചിലർ അന്വേഷിച്ചിറങ്ങിയിട്ടുണ്ടാവും. അതും തന്നെ നന്നായറിയുന്നവർ.”

“ഭയപ്പെടുത്തുകയാണോ ഗോവിന്ദ്. നിന്നെ ഒരു വട്ടം നമ്പിയതിന്റെയാ ഇപ്പോൾ ഇങ്ങനെയൊരു സീൻ.ആ നിന്നെ ഒരിക്കൽ കൂടി…….അത്രയും മണ്ടനല്ല ചെട്ടിയാർ.”ഗോവിന്ദിന്റെ വാക്കുകൾക്ക് വിലകൊടുക്കാതെ ചെട്ടിയാർ പറഞ്ഞു.

“ഹാ…….ഞാൻ പറയട്ടെ ചെട്ടിയാരെ. ഞാൻ വെറുതെ പറഞ്ഞതാണെന്ന് തനിക്ക് തോന്നുന്നുണ്ടോ?”

“മോനെ……ഊതല്ലേ.ഒരൊറ്റ കുത്തിന് തീരും നീ,അവിടെ തീരും നിന്റെ ഭീഷണിയും.കുറച്ചു പണം നഷ്ടം. അത് ഞാനങ്ങു സഹിക്കും.”

“അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.ഞാൻ പറയാനുള്ളത് പറഞ്ഞു.ഇനി നിങ്ങളുടെ ഇഷ്ട്ടം”

“തത്കാലം മോനാ ഇരുട്ടുമുറിയിൽ തന്നെ കിടക്ക്.എനിക്കെന്റെ പണം മുതലായി എന്ന് തോന്നുമ്പോൾ അന്ന് നീ ജീവനോടെയുണ്ടെങ്കിൽ പുറം ലോകം കാണാം.”

“ചെട്ടിയാരെ……….”ഗോവിന്ദ് പല്ലു ഞെരിച്ചുകൊണ്ട് അയാളുടെ നേരെ കുതിക്കാൻ തുനിഞ്ഞതും ശിങ്കിടികളവനെ തടഞ്ഞുകഴിഞ്ഞിരുന്നു.അവരുടെ പിടിയിൽ നിന്നും കുതറിമാറാൻ ഗോവിന്ദ് ശ്രമിച്ചുവെങ്കിലും അവരുടെ കൈക്കരുത്തിന് മുന്നിൽ ആ ശ്രമം പരാജയപ്പെട്ടു.

“അധികം വിളച്ചിലെടുക്കാതെ ഗോവിന്ദ്.ഇതെ ദിവസം,ഇതെ സമയം ഞാൻ നിന്റെ മുന്നിലുണ്ടാവും.ഒന്ന് വാട്ടം വന്നപ്പോൾ പലിശക്കുള്ള വഴി തെളിഞ്ഞു.അതുകൊണ്ട് തത്കാലം ആ ഫ്ലാറ്റ് ഞാനിങ്ങെടുക്കുവാ. പലിശയിനത്തിലെങ്കിലും എനിക്കതു മുതലാവും.ഇനി പുകയത്തൊന്ന് വച്ചുപഴുപ്പിച്ചാൽ മുതലുമിങ്‌ പോരും. അത്രമാത്രം ഗോവിന്ദിനോടായി പറഞ്ഞുകൊണ്ട് ചെട്ടിയാർ പുറത്തേക്ക് നടന്നു.

“ഞാനിവിടെത്തന്നെ കാണും ചെട്ടിയാരെ.എന്റെ ഊഹം ശരിയാണെങ്കിൽ താൻ പറഞ്ഞ സമയത്തിന് മുൻപ് താനെന്റെ മുൻപിലുണ്ടാവും.” ചെട്ടിയാർ പോകുന്നതും നോക്കി ഗുണ്ടകളുടെ പിടിയിൽ കിടന്ന കുതറിക്കൊണ്ട് ഗോവിന്ദ് പറഞ്ഞു.

ഫ്ലാറ്റെങ്കിൽ ഫ്ലാറ്റ് ഉള്ളതാവട്ടെ.രണ്ട് നാൾ വെളിച്ചം കാണാതെ കിടന്നപ്പഴ് പലിശയിനത്തിൽ ഫ്ലാറ്റെങ്കിലും കിട്ടി എങ്കിൽ ഒന്ന് പിഴിഞ്ഞെടുത്താൽ ബാക്കി തുകക്കുള്ള വഴി ഗോവിന്ദൻ തന്നെ കാണിച്ചുതരുമെന്ന ചിന്തയിൽ ,അല്ലെങ്കിൽ അവനെയാരെങ്കിലും തിരഞ്ഞു വരും എന്നൂഹിച്ചുകൊണ്ട് ഗോവിന്ദന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ,അവന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന അപകടം മനസിലാക്കാതെ അയാൾ പുറത്തേക്ക് നടന്നു. ***** വിക്രമൻ……..അയാൾ കാത്തുനിന്നു. തന്റെ വഴിയിൽ വെളിച്ചമേകാനുള്ള വ്യക്തിയെയും കാത്ത്.സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.വിക്രം പ്രതീക്ഷിച്ചതുപോലെ തന്നെ അയാൾ ദൂരെനിന്നും വരുന്നത് കണ്ടു,”നമ്മുടെ സെക്യൂരിറ്റി ചേട്ടൻ”അയാളിൽ നിന്ന് ഒരു സൂചനയെങ്കിലും കിട്ടുമെന്ന് വിക്രമൻ പ്രതീക്ഷിക്കുന്നുണ്ട്.അത് കാരണമാണ് ഈയൊരു കാത്തു നിൽക്കലും.

എംപയർ ഗ്രൂപ്പ്‌ അവരുടെ പോളിസി തെറ്റിച്ചതെന്തിനെന്നറിയണം.അതിൽ കൊലപാതകത്തെക്കുറിച്ചുള്ള സൂചനകൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന് വിക്രമന്റെ മനസ്സ് അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ചിലപ്പോൾ ഇതായിരിക്കും ദൈവം കരുതിവച്ച അടയാളം എന്നയാൾ ചിന്തിച്ചുതുടങ്ങിയിരുന്നു.

തന്നെ കടന്നുപോയ മനുഷ്യനെ വിക്രമൻ കൈ കൊട്ടി വിളിച്ചു.ആളെ മനസ്സിലായതും വേഗം തന്നെ അയാൾ വിക്രമനരുകിലെത്തി.

“എന്താ സാറെ……..എന്താ പതിവ് തെറ്റിച്ചുകൊണ്ട് ഈ വഴിയരികിൽ?” അയാൾ ചോദിച്ചു.

“താൻ കേറ്,വഴിയെ പറയാം.” അത്രയും പറഞ്ഞുകൊണ്ട് വിക്രമൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.കാര്യം അറിയാത്തതുകൊണ്ടുള്ള അങ്കലാപ്പോടെ സെക്യൂരിറ്റി ചേട്ടനും വണ്ടിയിൽ കയറി.

വിക്രമൻ നേരെ പോയത് ബാറിലെക്കാണ്.”എന്താ സാറെ ഇവിടെ?”എന്നയാൾ ചോദിക്കുകയും ചെയ്തു.

“താൻ വാടോ.”വിക്രമൻ അയാളെയും കൊണ്ട് അകത്തേക്ക് കയറി. ഏകദേശം ഒഴിഞ്ഞ കോണിലായി കാബിനിനുള്ളിൽ അവർ ഇരിപ്പിടം കണ്ടെത്തി.

“ഒരു ഓൾഡ് മങ്ക് ഫുള്ള്,സോഡാ, ചില്ലിച്ചിക്കൻ ബോൺ ലെസ്സ് ഡ്രൈ ഫുള്ള്”ഓർഡർ എടുക്കാൻ വന്ന പയ്യനോട് വിക്രമൻ വേണ്ടുന്നത് പറഞ്ഞശേഷം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു.

“എന്താടോ?”അന്തം വിട്ടു തന്നെ നോക്കിയിരിക്കുന്ന സെക്യൂരിറ്റിയോട് വിക്രമൻ ചോദിച്ചു.

“എനിക്കൊന്നും മനസിലാകുന്നില്ല സർ.”അയാൾ മറുപടി നൽകി.

“ഒന്നുല്ല….ഒന്ന് കൂടണം എന്ന് തോന്നി. അത്രതന്നെ.”വിക്രമൻ മറുപടി നൽകിയതോടൊപ്പം ഒരു സിഗരറ്റ് അയാൾക്ക് നേരെയും നീട്ടിക്കൊണ്ട് പുക ഊതിവിട്ടു.

അപ്പൊഴേക്കും അവരുടെ ഓർഡർ എത്തിയിരുന്നു.വിക്രമൻ തന്നെ അയാൾക്ക് മദ്യം വിളമ്പിനൽകി. അവരുടെ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടി മുട്ടി.സെക്യൂരിറ്റിയുടെ പേടി പതിയെ മാറിത്തുടങ്ങിയിരുന്നു.ഒന്ന് കിക്ക് കൂടാൻ രണ്ടാളും ഇടക്ക് ഓരോ പുകയെടുക്കും.ഓരോ നാട്ടു വർത്താനവും പറഞ്ഞുകൊണ്ട് അവർ ഗ്ലാസ്‌ കാലിയാക്കിക്കൊണ്ടിരുന്നു.അതിന് ഒപ്പം തന്നെ ഒഴിഞ്ഞ ഗ്ലാസ്സുകൾ നിറഞ്ഞുകൊണ്ടുമിരുന്നു.

“എങ്ങനെയുണ്ടെടൊ തന്റെ പുതിയ ജോലി?”ഒന്ന് മൂഡായി എന്ന് തോന്നിയ വിക്രമൻ സാധാരണ എന്ന മട്ടിൽ ചോദിച്ചു.

“കുഴപ്പമില്ല സർ.നന്നായി പോകുന്നു. മുൻപത്തെ ജോലിയെക്കാളും വളരെ മെച്ചമുണ്ട്.അല്പം ദൂരക്കൂടുതലുണ്ട് എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല.”അയാൾ മറുപടി നൽകി.

“എന്നാലും തന്റെയൊരു ഭാഗ്യം.ഇത്ര വലിയ കമ്പനിയിലൊക്കെ ജോലി കിട്ടാൻ തന്നെ ഒരു യോഗം വേണം.” വിക്രം ഒന്നുകൂടി എറിഞ്ഞു.

“അത് ശരിയാ സാറെ,ഇന്ന് സാറെന്നെ കൂട്ടി ഇങ്ങോട്ട് വന്നില്ലേ. അത് പോലെയായിരുന്നു മേടവും. ഒരിക്കൽ വഴിയിൽ വണ്ടി കുറുകെ നിർത്തി കേറ്റിക്കൊണ്ട് പോകുവാരുന്നു.എന്നിട്ട് ജോലിയും തന്നു.അതൊക്കെയോർക്കുമ്പോൾ ഇപ്പോഴും ഒരു വിശ്വാസക്കുറവ് തോന്നും സർ.”

“അതെന്താടൊ അങ്ങനെ?മറ്റാർക്കും ഇല്ലാത്ത പരിഗണന തനിക്ക് മാത്രം.”

“അറിയില്ല സാറെ.ഞാൻ ചോദിച്ചിട്ടും വ്യക്തമായൊരു മറുപടി ലഭിച്ചില്ല. പിന്നെ വേലയും കൂലിയും ഇല്ലാതെ നടന്നപ്പോൾ കിട്ടിയ ജോലി, അതുകൊണ്ട് കൂടുതൽ തിരക്കാനും പോയില്ല.”

“അത് നന്നായി.കേസിലെ സാക്ഷി ആണെന്നൊക്കെ അറിഞ്ഞാൽ ചിലപ്പോൾ ഇവന്മാരൊക്കെ തൂക്കി എടുത്തു കളയാനും മതി.”വിക്രം അയാളെ പതിയെ സ്ക്രൂ ചെയ്തു കൊണ്ടിരുന്നു.ഒപ്പം തീരുന്ന മുറക്ക് മദ്യവും ഒഴിച്ചുനൽകി.

“അത് പിന്നെ സാറെ അതറിഞ്ഞത് കൊണ്ട് തന്നാ ജോലി കിട്ടിയെ.ആ മരിച്ചയാളെ മേടത്തിന് അടുത്തറിയാം പോലും.”

“അങ്ങനെയൊന്നുണ്ടൊ?”വിക്രം അതിശയോക്തിയിൽ ചോദിച്ചു.

“എങ്ങനെയെന്ന് അറിയില്ല സാറെ. പക്ഷെ വില്ല്യം സാറിന്റെ കൂടെ ഉണ്ടായിരുന്ന സാറ് മുതലാളിയുടെ വളരെയടുത്ത ബന്ധുവാണ്.എപ്പഴൊ പറഞ്ഞു കേട്ടതാണ്.”സെക്യൂരിറ്റി കിക്കിന്റെ പുറത്ത് തന്റെ മനസ്സ് വിക്രമന് മുന്നിൽ തുറക്കുകയായിരുന്നു.

വിക്രമൻ ബുദ്ധിപൂർവ്വം തന്റെ കള്ള് സേവ രണ്ടെണ്ണത്തിൽ നിർത്തിയിട്ട് അയാളെക്കൊണ്ട് തനിക്ക് വേണ്ടുന്ന കാര്യങ്ങൾ പറയിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്.ഒടുവിൽ ഓഫ് ആയ തന്റെ സഹ കുടിയനെ ബാറിൽ തന്നെ ഉപേക്ഷിച്ചിട്ട് തനിക്ക് ലഭിച്ച വിവരങ്ങളുമായി പുറത്തേക്കിറങ്ങി.

തിരികെ വിക്രം വീട്ടിലേക്ക് മടങ്ങുമ്പോൾ തനിക്ക് പുതിയ വഴി തുറന്നുകിട്ടിയതിന്റെ ത്രില്ലിൽ ആയിരുന്നു അയാൾ.ആ സന്തോഷം ആസ്വദിച്ചുകൊണ്ട് അയാൾ ഗിയർ ഷിഫ്റ്റ് ചെയ്തു ഇടത്തേക്ക് തിരിഞ്ഞു.

അന്ന് വന്ന പെണ്ണിന്റെ മുഖം അയാൾ കണ്ടിട്ടില്ല.പക്ഷെ പറഞ്ഞുകേട്ടത് വച്ച് തന്റെയൊരു പൊക്കവും അല്പം കൂടി വണ്ണവുമുണ്ട്.കൂടാതെ മരിച്ചയാൾ എംപയർ ഗ്രൂപ്പിന്റെ മേധാവികൾക്ക് അറിയുന്ന ഒരാൾ,അത് വിക്രമന് പുതിയ അറിവായിരുന്നു.ഒപ്പം ഗോവിന്ദനുമായിട്ടുള്ള ബന്ധവും. അങ്ങനെയുള്ളപ്പോൾ അതിലെ സാക്ഷികളിൽ ഒരാൾക്ക് ഒന്നും നോക്കാതെ ജോലി കൊടുക്കുക. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് വിക്രമൻ ഉറപ്പിച്ചു.ഒരിക്കൽ കൂടി ഗോവിന്ദിനെ കാണണം,കുറച്ചു കൂടുതൽ കാര്യം ചോദിച്ചറിയണം.അതിൽ നിന്നും കേസിനെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിക്കുമെന്ന് വിക്രമൻ കണക്കുകൂട്ടി.ഒപ്പം താൻ ശരിയായ വഴിയേ ആണെന്നുള്ള തോന്നലും അയാൾക്കുണ്ടായി. ***** അവരുടെ സ്വകാര്യതയിലായിരുന്നു മാധവനും സാവിത്രിയും.എങ്ങനെ പ്രശ്നങ്ങൾക്കൊരു പരിഹാരം കണ്ടു പിടിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് മാധവൻ.ആദ്യം രാജീവ്‌ മാത്രമായിരുന്നു എതിരെയെങ്കിൽ ഇപ്പോൾ അളിയൻ തന്റെ ശത്രു ആണെന്നുള്ള തിരിച്ചറിവ്‌ മാധവനെ വല്ലാതെ ഉലച്ചിരുന്നു.

“എന്താ ഏട്ടാ………കുറച്ചുനേരമായി ശ്രദ്ധിക്കുന്നു.എന്താ ഇത്രയും ചിന്തിച്ചുകൂട്ടാൻ?ഏത്രയൊക്കെ പ്രശ്നങ്ങൾ നേരിട്ടപ്പോഴും സംയമനം പാലിച്ചുകൊണ്ട് അതൊക്കെ നേരിട്ട എന്റെ മാഷിന് ഇതെന്തു പറ്റി?”കുളി കഴിഞ്ഞു ഈറനോടെ വന്ന സാവിത്രി കട്ടിലിൽ ചാരിയിരുന്നുകൊണ്ട് ആലോചനയിലായിരുന്ന മാഷിനോട്‌ ചോദിച്ചു.

“ഇപ്പൊഴുള്ള കാര്യങ്ങളൊക്കെ ഒന്ന് ഓർത്തുപോയതാണ് സാവിത്രി.ഇത് പോലെ ഒന്ന് മുന്നേ ഉണ്ടായിട്ടുമില്ല.”

“അറിയാം മാഷെ.ആ പിള്ളേരുടെ കാര്യമോർക്കുമ്പഴാ ഒരു വിഷമം. പാവം ഒരു പെണ്ണ് ഈ വീട്ടിൽ കയറി വന്നിട്ട് എന്തെല്ലാം അനുഭവിക്കണം. ഗോവിന്ദിനെക്കൊണ്ടുള്ള ശല്യം ആയിരുന്നു മുന്നേയെങ്കിൽ ശംഭുവിന്റെ പോക്ക് കണ്ടിട്ടുള്ള ആധിയാ ഇപ്പൊ അതിന്.”

“അവന് പ്രായത്തിന്റെ ആവേശം കൂടും.അടങ്ങിനിൽക്കാൻ പറഞ്ഞു ഞാൻ.അവനെന്തെങ്കിലും പറ്റിയാൽ ആ പെണ്ണിനോട് സമാധാനം പറയുക ബുദ്ധിമുട്ടാകും.”

“മ്മ്മ്മ്…….ജീവിച്ചുതുടങ്ങിയിട്ടേയുള്ളൂ അവര്.അതിനുള്ള തടസം അതെന്ത്‌ തന്നെയായാലും മാറ്റിക്കൊടുക്കണം.”

“അത് പറയുമ്പോൾ എന്താ ടീച്ചർക്ക് ഒരു വിഷമം പോലെ?”

“ഒന്ന് പോ മാഷെ………..അവര് ജീവിക്കട്ടെ.അതിലൊരു കരടായി ഞാൻ വേണ്ട. അവർ ഈ കൂട് വിട്ടു പോവാതിരുന്നാൽ മാത്രം മതി.” സാവിത്രിയല്പം ആശങ്കയോടെയാണ് അത് പറഞ്ഞതും.

“ഹേയ്…….വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.അവര് നമ്മുടെ പിള്ളേരല്ലെ.”മാധവൻ സാവിത്രിയെ തന്റെ മാറോട് ചേർത്ത് പിടിച്ചു.”അഹ് പിന്നെ……ഗായത്രിയോട് വീട്ടിൽ തന്നെ കാണണം എന്ന് പറയൂ.അത് വീണക്ക് ആശ്വാസമാവും.”അവളുടെ മുടിയിൽ തലോടിക്കൊണ്ട് മാധവൻ പറഞ്ഞു.

“മ്മ്മ്മ്മ്…..പറയാം മാഷെ.”സാവിത്രി ഒന്നുകൂടി അയാളോട് പറ്റിച്ചേർന്നു.

കുറച്ചു നേരം അവർക്കിടയിൽ മൗനം ആയിരുന്നു ഭാഷ.മാധവന്റെ ഹൃദയ താളം അവളോട് സംസാരിച്ചു.അത് കേട്ടുകൊണ്ട് അവളങ്ങനെ കിടന്നു. ഇറുക്കിപ്പിടിച്ചും നെഞ്ചിലൂടെ വിരൽ ചലിപ്പിച്ചും ഉയരുന്ന ശ്വാസഗതിയിലൂടെയും ആണ് സാവിത്രിയതിന് മറുപടി നൽകിയത്.

“ഈ പ്രശ്നം ഒക്കെയൊന്ന് വേഗം തീർക്കണം മാഷെ.അല്ലാണ്ട് ഒരു സ്വസ്ഥതയില്ല.ഈ വീട്ടിലൊരു സന്തോഷം കണ്ടിട്ട് ഏത്രയായീന്നാ.” ഏതോ ഒരു നിമിഷത്തിൽ സാവിത്രി പറഞ്ഞു.

“എല്ലാം ശരിയാകും സാവിത്രി. നമ്മുടെ സന്തോഷം ഞാൻ തിരിച്ചു പിടിക്കും.”

“മ്മ്മ്……”അവളൊന്ന് മൂളുക മാത്രം ചെയ്തു.

“സാവിത്രി……..”

“എന്താ മാഷെ……..എന്തെങ്കിലും പറയാനുണ്ടോ എന്നോട്.”അയാളുടെ കൈകൾക്കുള്ളിൽ കിടന്നുകൊണ്ട് അവൾ ചോദിച്ചു.

“നമ്മൾ കാണുന്നതുപോലെയല്ല കാര്യങ്ങൾ.അടുത്തറിയുമ്പോൾ പലതും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ.”

“ചിലത് അങ്ങനെയാണ് മാഷേ. ചൂഴ്ന്ന് നോക്കാൻ ഒരിക്കലും സാധിക്കില്ലല്ലോ.”

“അതെ സാവിത്രി………ഇനിയങ്ങോട്ട് ചിലത് കേൾക്കുമ്പോൾ നിനക്ക് പ്രയാസം തോന്നും.അംഗീകരിക്കാൻ കഴിഞ്ഞു എന്നും വരില്ല.തടയരുത്….”

“ഇന്നുവരെ എതിര് പറഞ്ഞിട്ടില്ല.മാഷ് ധൈര്യം ആയിട്ട് മുന്നോട്ട് പൊക്കോ, ഈ കുടുംബത്തിന്റെ വേരറുക്കാൻ വരുന്നത് ആരായാലും മുഖം നോക്കരുത്.”

അത്രയും മതിയായിരുന്നു മാധവന്. പക്ഷെ സ്വന്തം ഏട്ടനാണ് എതിരെ എന്ന് സാവിത്രിയറിയുമ്പോൾ അത് എങ്ങനെ അംഗീകരിക്കുമെന്നുള്ളത് അപ്പോഴും മാധവന് മുന്നിൽ ചോദ്യം ആയിത്തന്നെ നിന്നു.സാവകാശം മനസിലാക്കിയെടുക്കാം എന്നായാളും കണക്ക് കൂട്ടി.

“ഇതൊരു കളിയാണ് പത്രോസ് സാറെ.മാധവൻ ചൂണ്ടയെറിഞ്ഞു, അതിൽ കൊരുത്തിരിക്കുന്ന ഇര ആ ടീച്ചറും.അവർ പരാതി പിൻവലിച്ചത് തന്നെ മാധവന്റെ ഒരു തലവേദന കുറച്ചുകാണും.പിന്നെ അവളുടെ പരാതി,എന്റെ മനസ്സ് പറയുന്നു അത് മുന്നോട്ട് നീക്കിയാൽ ആരോ നമുക്ക് പിടിതരും.മാധവൻ എന്തോ കരുതി കൂട്ടിയാണ് അതുറപ്പാ”സലിം പറഞ്ഞു

“അതെ പത്രോസെ…….മാധവൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്.അത് തത്കാലം അറിയില്ലെങ്കിലും ഒന്ന് കരുതിയിരിക്കണം.അയാളുടെ കളിയിൽ ചേർന്നുകൊണ്ട് മാധവന് എതിരെ തിരിഞ്ഞു കളിക്കുക,അതാ നമ്മൾ ചെയ്യാൻ പോകുന്നത്.അതിന് അവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ കിട്ടണം.”അത്രയും പറഞ്ഞുകൊണ്ട് പത്രോസിന്റെ തോളിൽ തട്ടി രാജീവ്‌ ആശ്വസിപ്പിച്ചു.

“ഒന്ന് പിടിപ്പിച്ചിട്ട് കൂളാക് പത്രോസ് സാറെ.അളിയൻ പറഞ്ഞതുപോലെ അവരിൽ ഒരുത്തനെ നമുക്കനുകൂലമാക്കിയാൽ കാര്യങൾ എളുപ്പമാകും.”സലിം രാജീവന്റെ വാക്കുകൾ ശരിവച്ചു.

“അവരിൽ നിന്നും ഒരുവൻ എന്ന് പറയുമ്പോൾ?”പത്രോസ് തന്റെ സംശയം പറഞ്ഞു.

“പത്രോസ് സാറെ………അവരുടെ കൂട്ടത്തിൽ നിൽക്കുന്നതുകൊണ്ട് തൃപ്തിയില്ലാത്ത ഒരുവൻ,അങ്ങനെ ഒരാൾ ഏത് കൂട്ടത്തിലും കാണും. ഉദാഹരണം ഇവിടെത്തന്നെയുണ്ട്, നമ്മുടെ ദാമോദരൻ.അതൊരു പൊതുവായ കാര്യമാണ്.അങ്ങനെ ഒരുവനുണ്ടെങ്കിൽ അവൻ നമുക്ക് ഉപകാരപ്പെടും.”

“അല്ല ദാമോദരന്റെ കാര്യം എങ്ങനാ?”

പത്രോസ് ചോദിച്ചു.”നമ്മൾ ജാഗ്രത പാലിക്കുക,അതാണ് ചെയ്യാൻ കഴിയുന്നത്.ട്രാൻസ്ഫർ ചെയ്യിക്കാൻ നോക്കി,മാധവന്റെ പിടിപാട് തനിക്കറിയാല്ലോ.അയാളെ വഴിയിൽ നിന്നും ഒഴിവാക്കുക എന്ന് വച്ചാൽ അത് അറ്റ കൈ ആണ്.”

“എങ്കിൽ അത് തന്നെ വഴി അളിയാ. മാധവനിലേക്ക് കൂടുതലടുക്കാൻ അത് പ്രയോജനപ്പെടുത്തണം.ഒപ്പം ഉള്ള കേസിന്റെ കാര്യങ്ങൾ മുന്നോട്ട് നീക്കാനും.”സലിം പറഞ്ഞു.

“അളിയൻ കാര്യമായിട്ട് തന്നെയാണോ?”രാജീവ് ചോദിച്ചു.

“അതെ അളിയാ…….നമുക്ക് കുറച്ചു ദൂരം താണ്ടാനുണ്ട്.അളിയനീ കൈ കണ്ടില്ലേ?കൂടാതെ അളിയനും കിടന്നു കുറച്ചു നാള്.എന്നിട്ടും ഒന്നും ചെയ്യാൻ സാധിക്കാഞ്ഞതിന് കാരണവും അറിയാല്ലോ.ഭൈരവന് ആ ശംഭുവുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ നോക്കിയിട്ട് അതും ആസ്ഥാനത്തായി.ഇനി ഒരു വഴിയുള്ളത് പോലീസ് ബുദ്ധി വിട്ടിട്ട് പക്കാ ക്രിമിനൽ മൈൻഡിൽ ചിന്തിക്കുക എന്നതാണ്.”സലിം പറഞ്ഞു നിർത്തി.

“സലിം പറയുന്നതിലും കാര്യമുണ്ട് സാറെ.കൂട്ടത്തിലുള്ള ഒരുവൻ നമ്മെ ഒറ്റുമ്പോൾ അയാളെ മറക്കുന്നതിൽ തെറ്റില്ല.തന്നെയുമല്ല അത് ശംഭുവിൽ ചെന്നുനിൽക്കണം.അത് മാധവനിലേക്കുള്ള ദൂരം കുറക്കുകയെയുള്ളൂ.ഒന്ന് നന്നായി ഫ്രെയിം ചെയ്‌താൽ ഭൈരവന്റെ കേസിന് വേണ്ടതുൾപ്പടെ,എന്തിന് ആ പെണ്ണുങ്ങളെ സഹിതം അവിടെ, മാധവന്റെ വീട്ടിൽ കയറി പൊക്കാം.” പത്രോസ് പറഞ്ഞു.

“എങ്കിൽ പത്രോസ് തന്നെയത് ഫ്രെയിം ചെയ്യ്.തങ്ങൾക്ക് വേണ്ടുന്ന വിവരങ്ങൾ തന്നുകൊണ്ടിരുന്ന ദാമോദരന് മനസാന്തരം വന്നത് മാധവനെ കുഴപ്പത്തിലാക്കി.ഒപ്പം മാധവനെതിരെ തിരിഞ്ഞു ഭൈരവൻ കേസിൽ മാപ്പ് സാക്ഷിയാവാൻ തയ്യാറായ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതിനാൽ…………..” രാജീവ്‌ അത്രയും പറഞ്ഞപ്പോഴെക്ക് തന്നെ മതി എന്ന് പത്രോസ് കൈ കാട്ടി.ഇനിയത് എനിക്ക് വിട്ടേക്ക് എന്നതായിരുന്നു അയാളുടെ കണ്ണുകളിൽ.അത് മനസ്സിലാക്കിയ രാജീവ്‌ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

“ഗോവിന്ദിനെക്കുറിച്ച് എന്തെങ്കിലും?” എന്തോ ഓർത്തെന്നപോലെ സലിം ചോദിച്ചു.

“ആരുടെ കയ്യിലാവും എന്നെനിക്ക് ചില ഊഹങ്ങലുണ്ട്.ഇങ്ങനെയൊന്ന് സംഭവിച്ചാൽ അയാളിലേക്ക് എത്താൻ ചില റൂട്ടുകളും ഗോവിന്ദ് പറഞ്ഞുതന്നിട്ടുണ്ട്.എനിക്ക് വേണം ഗോവിന്ദിനെ,എന്റെ കളിയിലെ തുറുപ്പുചീട്ടാണവൻ.”രാജീവ്‌ പറഞ്ഞു

“എന്താ ഒരു വഴി?”പത്രോസ് ചോദിച്ചു

“ഞാൻ നാളെ ചാർജ് എടുക്കുന്നു പത്രോസ് സാറെ.ഞാൻ ഗോവിന്ദ് പറഞ്ഞ വഴിയേ പോകുന്നു.അയാൾ പറഞ്ഞ കാര്യങ്ങൾ,കൂടാതെ വില്ല്യം മരണപ്പെട്ടത് ഒക്കെ നമുക്ക് ഉപകാരപ്പെടുന്ന പരുവത്തിലാക്കാൻ കഴിയും.കൂടാതെ എന്റെ ഏട്ടനെ കുറിച്ച് എന്തോ ഒരു വിവരം ഗോവിന്ദ് അറിഞ്ഞിരുന്നു.നേരിൽ പറയാം എന്നും പറഞ്ഞിരുന്നു.അതാണ് ഒന്ന് ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ പുഴക്കരയിലുള്ള റിസോർട്ടിലേക്ക് വിളിപ്പിച്ചതും.പക്ഷെ അങ്ങോട്ടേക്ക് പുറപ്പെട്ട ഗോവിന്ദ് ബൈ പാസ്സിൽ വച്ച് എങ്ങോട്ടോ ഡീവിയെറ്റ് ചെയ്തു, അല്ലെങ്കിൽ ആരുടെയൊ കയ്യിൽ പെട്ടു.ടോൾ പ്ലാസ കഴിഞ്ഞു ഓഫ് ആയ ഫോൺ ഇതുവരെ ഓണായിട്ടുമില്ല.”

“ഇനി സാറിന്റെ നീക്കം എങ്ങനെയാ?” പത്രോസ് ചോദിച്ചു.

“ഞാൻ പറഞ്ഞില്ലേ,ആരുടെ കയ്യിൽ ആകുമെന്ന് ഒരൂഹമുണ്ട്.അങ്ങോട്ട്‌ എത്താനുള്ള ചില റൂട്ടുകൾ ഗോവിന്ദ് പറഞ്ഞിരുന്നു.ഇങ്ങനെയൊന്നയാൾ പ്രതീക്ഷിച്ചിരുന്നു എന്ന് വേണം കരുതാൻ.”

“ഞാൻ എന്താണ് വേണ്ടാത് സർ?”

“പത്രോസ് സാറെ,ഗോവിന്ദൻ എന്റെ കയ്യിലാകുമ്പോൽ ദാമോദരന്റെ കാര്യത്തിലൊരു തീരുമാനം ഉണ്ടാക്കിയിരിക്കണം.അത് പത്രോസ് തന്നെ കോർഡിനേറ്റ് ചെയ്യണം.ഒട്ടും സമയമില്ല.ഇത് രണ്ടും നടന്നാൽ ശംഭുവിനെ നമ്മളൊന്നു കാണും. അവനിലൂടെ മറ്റുള്ളവരിലേക്കും. പിന്നെ അളിയൻ നാളെ ചിത്രയെ ഒന്ന് കാണണം,പറ്റുമെങ്കിൽ മോഷണം നടന്നു എന്ന് പറയുന്ന സ്ഥലം തന്നെ കാണണം.നോക്കാം ആരെയാവും മാധവൻ നൂലിൽ കെട്ടി ഇറക്കിത്തരിക എന്നത്.”

അന്ന് അവർ അവിടെ നിർത്തി.മൂന് പേരും മൂന് വഴിയേ അവരവർ ഏറ്റ കാര്യങ്ങൾ ഒന്ന് കൂടി ധാരണയിൽ വരുത്തിയ ശേഷം രാത്രിയോടും തമ്മിലും യാത്രപിരിഞ്ഞു. ***** ഇപ്പൊ ശംഭുവിനെ തന്റെ കൺ വെട്ടത്തിൽ തന്നെ നിർത്തിയിരിക്കുകയാണ് വീണ. മാധവനും അവന്റെ പോക്കിന് ചില പരിമിതികൾ നിശ്ചയിച്ചിരുന്നു. സാവിത്രി പതിവ് പോലെ സ്കൂളിന്റെ കാര്യങ്ങളുമായി തിരക്കിലാണ്,ഒപ്പം സഹായത്തിനു ഗായത്രിയും.

വില്ല്യമിന്റെ മരണത്തെക്കുറിച്ച് ഇടക്കിടെ വീണ ചോദിക്കുന്നുണ്ട് എങ്കിലും സമയമാകുമ്പോൾ അത് സ്വയം മനസിലാകും എന്ന് പറഞ്ഞു ശംഭു ഒഴിഞ്ഞുമാറുകയാണ് പതിവ്.

ഗോവിന്ദ്……അതായിരുന്നു വീണയെ കൂടുതൽ വേദനിപ്പിച്ചിരുന്ന മറ്റൊരു ഘടകം.ശംഭുവിന്റെ എടുത്തുചാട്ടം അവൾക്ക് പേടിയായിരുന്നുവെങ്കിൽ ഗോവിന്ദിന് ലഭിക്കുന്ന സമയം അവളുടെ മനസ്സിലെറ്റ മുറിവിനെ നീറിപ്പുകക്കുന്ന ഒന്നായിരുന്നു.

ഗോവിന്ദിന്റെ വാദങ്ങൾ തള്ളിക്കളഞ കോടതിയും അവൾക്കനുകൂലമായി വിധിച്ചപ്പോൾ സ്വാതന്ത്ര്യം നേടിയ വീണ ഇപ്പൊൾ ശംഭുവിന്റെത് മാത്രം ആയി ജീവിക്കാൻ തുടങ്ങിയിരുന്നു. അവരെ പറന്നുനടക്കാൻ വിടാനുള്ള നല്ല സമയം നോക്കിയിരിക്കുകയാണ് ഇരു കുടുംബങ്ങളും,അതിനായി ശ്രമിക്കുന്ന സമയം കൂടുതൽ പ്രശ്നം വേണ്ട എന്നതുകൊണ്ട് തന്നെയാണ് അവരിൽ ചില നിയന്ത്രണങ്ങൾ പോലും.

അങ്ങനെയുള്ള സാഹചര്യത്തിൽ തന്റെ ഫോണിൽ കളിച്ചും വീണയോട് കൊഞ്ചിയും നേരം കളയുകയാണ് ശംഭുവിന് ഇപ്പോൾ ആകെയുള്ള

പണി.ഗോവിന്ദിനോടുള്ള പകയും മനസ്സിലിട്ടുകൊണ്ട്,അവനെ തന്റെ കാൽച്ചുവട്ടിൽ കിട്ടുന്നതിനുള്ള അവസരവും കാത്ത് വീണയും ഒപ്പം തന്നെയുണ്ട്.എന്തൊക്കെയാണ് എങ്കിലും ശംഭുവിന്റെ സാന്നിധ്യമാണ് അവളെ വീണ്ടും സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്നതും.

സമയം ഉച്ചയോടടുക്കുന്നു.അവന് കുടിക്കാൻ എന്തെങ്കിലും കൊടുക്കണം എന്ന് കരുതിയാണ് വീണ ജ്യുസുമായി മുകളിലെത്തിയത്. ബാൽക്കണിയിൽ ശംഭു ആരോടോ ഗൗരവത്തിൽ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് അവൾ അങ്ങോട്ട്‌ ചെല്ലുന്നതും.അവളടുത്തെത്തിയതും അവരുടെ സംസാരം കഴിഞ്ഞിരുന്നു.

“ആരാണ് ഇത്രയും കാര്യമായി ഫോണില്?”ആ ജ്യൂസ്‌ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.

“ഒരു പരിചയക്കാരനാ.എന്തോ ഒരു അത്യാവശ്യം.ഒന്ന് കാണണമെന്ന്.”

“അയ്യടാ……….അങ്ങനെ ഒരത്യാവശ്യം ഉണ്ടെന്ന് എനിക്കൂടെ തോന്നട്ടെ. എന്നിട്ട് വിടാം അതെങ്ങോട്ടായാലും.” അവന്റെ സ്വഭാവം അറിയുന്ന വീണ അത് മുളയിലേ നുള്ളി.

“ഒന്ന് പുറത്ത് പോകാൻ സമ്മതിക്കില്ലെന്ന് വച്ചാ.മുറിയിൽ അടച്ചിരുന്നു മടുത്തു.”

“എനിക്ക് നിന്നെ ഇങ്ങനെതന്നെ വേണം മോനെ,അതുകൊണ്ടാ.ബലം പിടിച്ചിട്ടൊ,കൊഞ്ചിയിട്ടോ ഒരു കാര്യവുമില്ല.ഞാൻ സമ്മതിക്കില്ല.”

അവനോട് കട്ടായം പറഞ്ഞുകൊണ്ട് ഒഴിഞ്ഞ ഗ്ലാസുമായി അവൾ തിരികെ നടന്നു.”ശ്യേ…….ഇത് വലിയ കഷ്ട്ടം തന്നെ”എന്ന് മനസ്സിൽ കരുതിക്കൊണ്ട് ശംഭു ആ നിൽപ്പ് അങ്ങനെ നിന്നു.

മുറിക്ക് പുറത്തേക്ക് ഇറങ്ങവെ ഒരു അസ്വസ്ഥതയോടെ വീണ ഭിത്തിയിൽ പിടിച്ചുനിന്നു.ഒന്ന് ബാലൻസ് ചെയ്ത അവൾ മുന്നോട്ട് നടന്നുവെങ്കിലും അധികം പോകുവാൻ കഴിയാതെ നിലത്തേക്ക് വേച്ചുപോയി.

എന്തെങ്കിലും ആവട്ടെ എന്ന് കരുതി ശംഭുവും പിന്നാലെ ഇറങ്ങി.”ഒന്ന് പുറത്തേക്ക് പോകുകയും വേണം,ഇ പെണ്ണ് സമ്മതിക്കുന്നുമില്ല”എന്ന വിചാരവും മനസ്സിലിട്ട് അവൻ ഒരു വഴി ആലോചിച്ചുകൊണ്ട് മുറിയിൽ തന്നെ നിന്നുതിരിഞ്ഞു.തത്കാലം മുങ്ങാം എന്ന് കരുതിയ ശംഭു വേഷം മാറി പുറത്തേക്കിറങ്ങി.

പടികളിറങ്ങാൻ തുടങ്ങവെ വീണ ആ പരിസരത്ത് എവിടെയെങ്കിലുമുണ്ടോ എന്ന് മുകളിൽ നിന്നും എത്തി നോക്കിയ ശംഭു കാണുന്നത് പടിക്കെട്ടിന് താഴെ അവശതയോടെ കിടക്കുന്ന വീണയെയാണ്.അവൻ ഓടിയിറങ്ങി അവളുടെയടുക്കൽ എത്തി.ബുദ്ധിമുട്ടിയാണെങ്കിലും എണീക്കാൻ ശ്രമിക്കുകയായിരുന്ന വീണയെ അവൻ താങ്ങി തന്നോട് ചേർത്ത് പിടിച്ചു.

“എന്താടോ……..?എന്താ പറ്റിയെ?” അവൻ കുലുക്കിവിളിച്ചു.

“ഒന്നുല്ലടാ,എനിക്കൊന്നുല്ലാ.ഒരു തലചുറ്റൽ പോലെ.രാവിലെയും ഒന്ന് തോന്നിയിരുന്നു.പ്രഷർ വല്ലോം താന്നിട്ടാവും.എന്റെ ചെക്കൻ പേടിക്കാതെ,ഒന്ന് കിടന്നാൽ ഇതങ്ങു മാറിക്കോളും.”ശംഭുവിന്റെ പരിഭ്രമം കണ്ട വീണ പറഞ്ഞു.പക്ഷെ ആ ശബ്ദം പതിഞ്ഞതായിരുന്നു.

“ഒന്നും ഇല്ലാഞ്ഞിട്ടാ ഈ കിടപ്പ്,ഞാൻ കണ്ടതല്ലെ? നന്നായിട്ടുണ്ട്.എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?എന്നാ വല്ലായ്‌മ തോന്നിയാൽ എവിടെയേലും അടങ്ങിയിരിക്കുക, അത് ചെയ്യില്ല.ഇങ്ങനെ നടന്നോളും. അതൊക്കെ പോട്ടേ വല്ലായ്മ വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറയുക,

“എനിക്ക് കുഴപ്പം ഒന്നുമില്ല ശംഭുസെ” അവശതയോടെയാണ് അവളത് പറഞ്ഞതും.

“അത് മുഖത്ത് കാണാനുണ്ട്.”അതും പറഞ്ഞു അവളെയവിടെ കിടത്തി അവൻ അകത്തേക്ക് പോയി.വേഗം തന്നെ ഒരു ലെമൺ പിഴിഞ്ഞു ഉപ്പും ചേർത്ത വെള്ളം അവൾക്ക് വേണ്ടി അവൻ തയ്യാറാക്കി.

“എണീക്ക് ഏതായാലും ഒന്ന് ചെക്കപ്പ് ചെയ്തു വരാം”വെള്ളം കുടിപ്പിച്ചു കഴിഞ്ഞതും ശംഭു പറഞ്ഞു.

“അതൊന്നും വേണ്ട പൊന്നെ. എനിക്ക് ഒന്നുറങ്ങിയാൽ മതി.”വീണ മടിപിടിച്ചു.

“അത് നീയാണോ തീരുമാനിക്കുന്നത്. മറുത്തൊന്നും പറയാൻ നിക്കണ്ട, ഹോസ്പിറ്റലിൽ കാണിച്ചിട്ടെയുള്ളൂ. എന്റെ കാര്യത്തിൽ എങ്ങനെയൊ അതേ ഉത്തരവാദിത്വം എനിക്കുമുണ്ട് ” ശംഭു കടുപ്പത്തിൽ പറഞ്ഞപ്പോൾ അവൾ പത്തി താഴ്ത്തി.അവനോട് മാത്രം മറുത്തുപറയാൻ അവൾക്ക് കഴിയില്ല.അവളിലെ ആ മാറ്റം ഇടക്ക് ഗായത്രി പറയാറുമുണ്ട്.സാധാരണ അവസരങ്ങളിൽ പോലും ചിലപ്പോൾ സാവിത്രിയോടും വീണ വാശി പിടിക്കാറുണ്ട്.പക്ഷെ അവന് മുന്നിൽ അവളുടെ വാശിക്ക് അധികം ആയുസ്സില്ല എന്ന് സാവിത്രിക്കും അറിയുന്ന കാര്യമാണ്.ഒരു പക്ഷെ പിടിവീണാലും ഒന്ന് പറഞ്ഞാൽ അവൾ വഴങ്ങും എന്നറിവുള്ളതു കൊണ്ട് തന്നെയാണ് ശംഭു ഒരുങ്ങി ഇറങ്ങിയത് പോലും.

അവൻ തന്നെയാണ് അവളുടെ ഉടുപ്പ് മാറ്റിയതും.അവശതയിലും അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു. വളരെ ശ്രദ്ധയോടെയാണ് അവൻ അവളെയും കൈകളിലെടുത്തുകൊണ്ടാണ്ട് മുറ്റത്തെക്കിറങ്ങിയത് പോലും.

ഹോസ്പിറ്റലിലേക്കുള്ള വഴിമദ്ധ്യേ ശംഭുവിന്റെ ഫോൺ വീണ്ടും ചിലച്ചു. ചെറിയ തളർച്ചയിലും അല്പം ദേഷ്യം മുഖത്ത് വരുത്തി അവളവനെ നോക്കി.തന്റെ പരിഭവം കാണിക്കാൻ വേറെ വഴിയില്ലല്ലോ അവൾക്ക്. മറുതലക്കൽ പറഞ്ഞത് അവനൊന്ന് മൂളിക്കേൽക്കുകമാത്രം ചെയ്തു. വഴിവക്കിൽ നിർത്തിയുള്ള ഫോൺ വിളിക്കിടയിൽ അവൾ കാട്ടിയ കുസൃതി അവൻ കാര്യമാക്കിയതും ഇല്ല.

“അതെ,ചെക്കപ്പ് കഴിഞ്ഞിട്ട് ഒരിടം വരെ പോകണം.എന്റെ പെണ്ണിനൊരു സമ്മാനം തരുന്നുണ്ട് ഞാൻ.”ഫോൺ വച്ചു വണ്ടി മുന്നോട്ടെടുത്തുകൊണ്ട് ശംഭു പറഞ്ഞു. ********** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!