കിനാവ് പോലെ 2

സുഹൃത്തുക്കളെ തുടക്കകാരനായിട്ടും നിങ്ങൾ തന്ന പ്രോത്സാഹനത്തിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു .ഈ ഭാഗവും നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് ..ഇഷ്ടമായെങ്കിൽ അറിയിക്കുക ..

കിനാവ് പോലെ- 2

കണ്ണുകളിലേക്കു വേദന ഇരച്ചുകയറുന്നത് അറിയാൻ തുടങ്ങി.പെട്ടെന്നാണ് ഡോറിൽ ശക്തമായ മുട്ടും കൂടെ ശബരിയുടെ ശബ്ദവും കേട്ടത് ” ടാ , ഒന്ന് ഡോർ തൊറന്നെ , ഒരു ചെറിയ പ്രശ്നമുണ്ട് , പെട്ടെന്ന് “..അവന്റെ പരിഭ്രാന്തി എന്നെ സ്വബോധത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു ഈ കോപ്പൻ പോയില്ലേ ,എങ്ങോട്ടോ പോകുമെന്ന് പറഞ്ഞു പോയതാരുന്നില്ലേ എന്റെ ആലോചനക്കിടയിൽ വാതിലിൽ വീണ്ടും ശക്തമായ മുട്ടൽ കേട്ടു . ഞാൻ ബ്ലേഡ് മേശയിലേക്ക് തന്നെ ഒളിപ്പിച്ചു ,കയ്യിൽ നോക്കിയപ്പോൾ ചെറുതായി രക്തം പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.ഒന്നുകൂടെ അമർന്നിരുന്നെങ്കിൽ…..വാതിൽ തുറന്ന് നോക്കിയപ്പോൾ ശബരി ധൃതിയിൽ വണ്ടി എടുക്കാൻ ഓടി , കാര്യം എന്തോ സീരിയസ് ആണെന്ന് തോന്നിയപ്പോൾ ഞാനും ഓടിച്ചെന്നു ബൈക്കിൽ കയറി. പോകുന്നതിനു മുൻപ് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അമ്മയും പെങ്ങളും കലങ്ങിയ കണ്ണുകളുമായി നില്ക്കുന്നതും കണ്ടു .ശബരി ബൈക്ക് മുന്നോട്ടെടുത്തു , മനസ്സിൽ അകെ പേടി നിറഞ്ഞു ഞാൻ അവനെ ചുറ്റിപിടിച്ചു . അത്യാവശ്യം സ്പീഡിൽ പോയി ഞങ്ങൾ സ്ഥിരം ഇരിക്കുന്ന കലുങ്കിനരികിൽ ചെന്നപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യമാണ് വന്നത് .ഇതായിരുന്നോ ഈ പന്നിയുടെ പ്രശ്നം …ഇതിനും വേണ്ടിയാരുന്നോ ഈ ഷോ കാണിച്ചതെല്ലാം …? അവൻ അടുത്തു നിന്നു എന്റെ കൈ എടുത്തു നോക്കി , രക്തം ചെറുതായി പൊടിഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു ചിരിച്ചു ..പിന്നെ പല്ലിറുമ്മി തെറി പറഞ്ഞുകൊണ്ട് എന്റെ മുഖം നോക്കി ആഞ്ഞ് അടിച്ചു , കിളി പോയ ഞാൻ കാര്യം മനസിലാകാതെ അവനെ നോക്കുമ്പോളേക്കും അടുത്ത അടിയും കിട്ടി ..എന്റെ നിലതെറ്റി ഞാൻ താഴെക്കിരുന്നു , എനിക്ക് അകെ അമ്പരപ്പായി.ഇനിയും കിട്ടുമെന്ന് ഉറപ്പായതിനാൽ ഇരുകൈ കൊണ്ടും മുഖം പൊത്തി ഞാൻ താഴെ ചടഞ്ഞിരുന്നു .പക്ഷെ പിന്നീട് അടി അല്ലായിരുന്നു .എന്റെ 55kg ശരീരം പൊക്കിയെടുത്തു ആ നാറി തൊട്ടടുത്തുള്ള കുളത്തിലേക്ക് നടന്നു.

( എന്റെ അപകർഷതാബോധത്തിനെ പറ്റി ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ ,അതുപോലെ എനിക്ക് പറ്റില്ലെന്നും അതുകൊണ്ടുള്ള പേടിയും വേട്ടയാടിരുന്ന മറ്റു 2 കാര്യങ്ങളായിരുന്നു നീന്തലും ,ബൈക്ക് ഓടിക്കലും .ഇത് 2ഉം എന്നെ കൊണ്ട് ഒരുകാലത്തും സാധിക്കില്ലെന്ന് ഞാൻ വിശ്വസിച്ചുപോന്നു .പലപ്പോളും ഇതെല്ലാം പഠിപ്പിക്കാൻ ശബരി ശ്രമിച്ചെങ്കിലും ഞാൻ ബഹളമുണ്ടാക്കി ഒഴിഞ്ഞു മാറുന്നതാണ് പതിവ്.

.ഇക്കാര്യത്തിൽ എല്ലാം എന്റെ ഓപ്പോസിറ്റ് ആണ് ശബരി ,ചെങ്ങായ് ഒരു ഒറ്റബുദ്ധിയാണ് ,പേടി എന്നൊരു സാധനമേ അവനുണ്ടോ എന്ന് സംശയമാണ് ..പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ഒരു സ്വഭാവം , മുൻപൊക്കെ ഇതിനെക്കാൾ മോശമായിരുന്നെങ്കിലും എന്റെ ഇടപെടൽ കാരണം ഈയിടെയായി കുറെ മാറ്റം വന്നു .കാരണം വേറൊന്നുമല്ല അവനുണ്ടാക്കുന്ന പൊല്ലാപ്പിനു എനിക്കുകൂടി ഇടി കൊള്ളേണ്ടി വന്നിരുന്നു എന്റെ ആരോഗ്യസ്ഥിതി വെച്ചു കിട്ടുന്നതല്ലാതെ തിരിച്ചു കൊടുക്കാൻ എന്നെ കൊണ്ട് സാധിക്കാറില്ല .അവസാനം ഞാൻ ബുദ്ധിപൂർവം എടുത്ത തീരുമാനമായിരുന്നു അവനെ നേർവഴിക്കു നയിക്കുക എന്നത് )

ഇതെല്ലാം ഇപ്പോൾ ഇവിടെ പറയാനുള്ള കാരണം നിങ്ങൾക്ക് ഇപ്പോൾ മനസിലാകും .

എന്നെ പൊക്കിപ്പിടിച്ചു അവൻ നേരെ പോയത്‌ അടുത്തുള്ള കുളത്തിലേക്കായിരുന്നു , ” എന്നെ താഴെ ഇറക്കെടാ” ഞാൻ കെഞ്ചിനോക്കി ,മറുപടി ഇല്ല. “മര്യാദക്ക് ഇറക്കിയില്ലെങ്കിൽ ചെവി കടിച്ചുമുറിക്കും പന്നീ ” ഞാനൊന്നു ഭീഷണിപ്പെടുത്തി നോക്കി കൂട്ടത്തിൽ നന്നായൊന്നു കുതറാൻ ശ്രമിച്ചു നോക്കി പക്ഷെ എന്നെക്കാളും ആരോഗ്യം ഉള്ളതുകൊണ്ട് ഒന്നും ഏറ്റില്ല . പഞ്ചായത്ത്‌ കുളത്തിലേക്കാണ് പോകുന്നത് അത്യാവശ്യം വലിയ കുളമാണ് ,വെള്ളം രണ്ടാമത്തെ പടി വരെ കേറി നില്ക്കുന്നു , എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായി .പക്ഷെ ഒന്നും നടക്കില്ല അവൻ മുഴുവൻ ശക്തിയും ഉപയോഗിച്ച് തോളിൽ ഇട്ടിരിക്കുകയാണ് ..ഇറങ്ങിപ്പോകാൻ ഒരുപാട് ശ്രമിച്ചെങ്കിലും നോ രക്ഷ , .മൂന്നാമത്തെ പടിയിൽ ഇറങ്ങി ആ തെണ്ടിയെന്നെ വെള്ളത്തിലേക്ക് ഇട്ടു ,ഇട്ടു എന്നല്ല യഥാർത്ഥത്തിൽ എടുത്തെറിയുകയായിരുന്നു ഞാൻ ഏതോ ലോകത്ത് നിന്നും ചെന്നു വീണ ഫീലാണ് ഉണ്ടായത് .ചെവിയിലൂടെയും മൂക്കിലൂടെയും വെള്ളം ഇരച്ചുകയറി ,പുറമടിച്ചു വീണതുകൊണ്ടു അവിടം വേദനിച്ചു വെള്ളത്തിനടിയിലേക് താഴ്ന്നപ്പോൾ എനിക്ക് ബോധം പോയതുപോലെയാണു തോന്നിയത് . രണ്ടു മൂന്നു ആൾക്ക് ഉയരത്തിൽ വെള്ളമുണ്ട് , ശ്വാസം മുട്ടി തുടങ്ങി , എപ്പഴോ എങ്ങനെയോ തല വെള്ളത്തിന്‌ മുകളിൽ പൊന്തിക്കാൻ പറ്റിയപ്പോൾ അവനെ നോക്കി അലറി ” പിടിക്കെടാ ,ഞാനിപ്പോ ചാവും ” അവൻ മൈൻഡ് ചെയ്തോ എന്ന് അറിയുന്നതിന് മുൻപ് വീണ്ടും താഴ്ന്നു ,തുറന്ന് വെച്ച വായിലൂടെ വെള്ളം ഇരച്ചുകയറി ,കൊറേ കുടിച്ചു കയറ്റി ,ശ്വാസം മുട്ടി കണ്ണൊക്കെ തുറിച്ചപ്പോ ഒന്നും കൂടെ പൊന്തി , ” എടാ പന്ന **** പിടിക്കെടാ , ശ്വാസം കിട്ടണില്ല , പ്ളീസ് “…ഞാൻ തളര്ന്നു പോയിരുന്നു , ” നീ എന്തായാലും ചവാനുള്ളതല്ലേ , വെള്ളം കുടിച്ചു ചത്താൽ മതി ” .
അവൻ കൂസലില്ലാതെ പറഞ്ഞു . അപ്പോളേക്കും ഞാൻ മുങ്ങിപ്പോയി , പിന്നെ പൊന്താൻ ശ്രമിച്ചിട്ടും നടന്നില്ല ,കയ്യും കാലും മരവിച്ചു അനങ്ങാതായി ,ശ്വാസം കിട്ടാതെ കണ്ണെല്ലാം തുറിച്ചു വന്നു ..കുറച്ചുമുമ്പ് ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച ഞാൻ ജീവന് വേണ്ടി ഇപ്പോളിതാ യുദ്ധം ചെയ്യുന്നു .എന്തൊരു വിരോധാഭാസം !!! നേരത്തെ കീർത്തനയുടെ അവഗണനയും മറ്റുള്ളവരുടെ പരിഹാസവും ചേര്ന്നാണ് അങ്ങനെ തിരുമാനമെടുത്തതെങ്കിൽ ഇപ്പോൾ ഈ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയിൽ അതെല്ലാം ഞാൻ മറന്നിരിക്കുന്നു , ഈ നിമിഷം ഞാൻ ചിന്തിക്കുന്നത് ഒരിറ്റു ശ്വാസം കിട്ടാനുള്ള വഴി മാത്രമാണ് .പക്ഷെ ഒരു ശ്രമത്തിനും കൂടെ ആവതില്ലാതെ എന്റെ ബോധം പതിയെ മറഞ്ഞുപോയി .

ദിശയറിയാതെ പതഞ്ഞുപോകുന്ന ഒരു മലവെള്ളപാച്ചിലിൽ ശ്വാസം മുട്ടി ഒഴുകിപ്പോകുന്ന പ്രതീതിയായിരുന്നു എനിക്ക് , കൈകാലുകൾ നിയന്ത്രണാതീതമായിരിക്കുന്നു ,എങ്ങോട്ടെന്നില്ലാതെ ആ ഒഴുക്കിൽ ഏതൊക്കെയോ പാറക്കെട്ടിൽ ശക്തമായി ഇടിച്ചും മുങ്ങിയും പൊങ്ങിയും ഞാൻ നിസഹായനായി ഒഴുകുന്നു , പിന്നെ നിലയില്ലാതെ തുള്ളി തെറിച്ചു താഴേക്ക്‌ ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്തെറിയപ്പെട്ടു . ” ആ ………

ഞാൻ അവനോടു ചോദിയ്ക്കാൻ പറഞ്ഞു .

“നീ ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നത് ആരെയാ ..? ”

ഞാൻ വീണ്ടും ക്ലീൻ ബൗൾഡ് ..”അത് അമ്മ …..അമ്മയെ അല്ലേ ..അല്ല അമ്മയെ ആണ് ” ഞാൻ ഒരു വിധത്തിൽ വിക്കി വിക്കി മറുപടി കൊടുത്തു ..

അവൻ പൊട്ടിച്ചിരിച്ചു . “കണ്ടോ നിനക്ക് അതുപോലും അറിയില്ല , പക്ഷെ എനിക്കറിയാം .നിനക്ക് അവളെയായിരുന്നു കൂടുതൽ ഇഷ്ടം ..ഇത്രേം കഷ്ടപ്പെട്ട് നിന്നെ വളര്ത്തുന്ന അമ്മയേക്കാൾ, സ്നേഹിക്കുന്ന പെങ്ങളേക്കാൾ , കൂടെ നിഴൽ പോലെ നടക്കുന്ന എന്നേക്കാൾ നീ സ്നേഹിച്ചത് നിന്നെ അറിയുകപോലും ചെയ്യാത്ത ഒരു പീറപ്പെണ്ണിനെ ആയിരുന്നു ..അതുകൊണ്ടല്ലേ അവൾ എന്തോ പറഞ്ഞതിന് നീ ചാവാൻ നോക്കിയത് “. അവൻ പറഞ്ഞു പറഞ്ഞു കത്തിക്കയറി …ദേഷ്യം സഹിക്കാതെ ഇടയ്ക്കിടയ്ക്ക് പല്ലുകടിക്കുന്നും ഉണ്ടായിരുന്നു .

എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി ..മെല്ലെ തലയാട്ടി കണ്ണുകളടച്ചു .അവൻ വാതിൽ ചാരി പുറത്തു പോയി .ഞാൻ സംഭവിച്ച കാര്യങ്ങൾ അത്രയും ചേർന്ന് തന്ന ഭാരത്തിൽ അമര്ന്നു നെടുവീർപ്പിട്ടു ..

പലപ്പോളും ജീവിതം ഇങ്ങനെയാണ് , നമ്മളെ നമ്മളാഗ്രഹിച്ചതിനേക്കാൾ ആഗ്രഹിക്കാത്ത കാര്യങ്ങളിലേക്കാണ് കൊണ്ടുപോവുക .ഈ ലോകത്ത് സ്വപ്നങ്ങളും ഇഷ്ടങ്ങളും എല്ലാം സാധിച്ചവർ വിരളമാണ് .
.അതിനെക്കാൾ കൂടുതൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും അത് നേടിയെടുക്കാനുള്ള വഴികളും അവസ്ഥയും ധൈര്യവും ഇല്ലാത്തവരായിരിക്കും .. അവര്ക്ക് എന്തെല്ലാമോ നേടാനുണ്ടാവും പക്ഷെ ഒന്നുമൊന്നും എത്തിപ്പിടിക്കാൻ പറ്റാത്ത വിധം പ്രയാസവും ..ഞാനും അങ്ങനെയായിരുന്നു .ആ വലിയ കോളേജിന്റെ ഏതൊക്കെയോ കോണുകളിൽ ഒന്നുമല്ലാതെ ജീവിച്ചുപോന്നു ..പ്രേമം കൊടുമ്പിരി കൊള്ളുന്ന തണല്മരങ്ങൾക്കു കീഴേയും , പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്ന ലൈബ്രറിയുടെ നിശ്ശബ്ദതയിലും കൈകോർത്തുപിടിച്ച നടക്കുന്ന ഇടനാഴികളിലും എല്ലാം ഞാനും ഉണ്ടായിരുന്നു പക്ഷെ അതെല്ലാം മറ്റുള്ളവരെപ്പോലെ പ്രണയിക്കുന്ന കുട്ടിയുമൊത്തല്ല ,എന്റെ ഉള്ളിലുള്ള ആഗ്രഹങ്ങളുമായി അല്ലെങ്കിൽ പറയാതെ കൊണ്ട് നടന്ന അവളോടുള്ള എന്റെ ഇഷ്ടവുമായി …

ഞാൻ എന്നും കാണാറുള്ള ഒരു സ്വപ്നമുണ്ടായിരുന്നു ചുവപ്പും വയലറ്റും നിറത്തിൽ പൂവുകളുമായി നീണ്ടുകിടക്കുന്ന വഴിത്താരക്ക് ഇരുവശവും നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ , അവയുടെ പൂക്കൾ വീണു ആ വഴിത്താരക്ക് മുഴുവൻ ആ സൌന്ദര്യം പുതപ്പിച്ചു പ്രകൃതി , അസ്തമയ സൂര്യന്റെ കരവിരുതിൽ പ്രഭാപൂരിതമായ ചെമ്മാനം .ഇളം കാറ്റിൽ ഇളകുന്ന മുടിയിഴകളുമായി എന്റെ കൈ പിടിച്ചു എന്നോട് ചേർന്ന് നടക്കുന്ന ഒരു പെൺകുട്ടി ..ആ കുട്ടിയുടെ മുഖം ഇന്നുവരെ ഞാൻ കണ്ടിട്ടില്ല .പക്ഷെ ആ കൈകളുടെ സ്നിഗ്ധതയും ആ ചുണ്ടുകളുടെ നനു നനുപ്പും ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് . നടന്നു ക്ഷീണിക്കുമ്പോൾ പോകെ പോകെ കാണുന്ന സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ

ഒന്നിച്ചിരുന്നു ജീവിതത്തിനെ പറ്റി സ്വപ്നങ്ങൾ നെയ്തു മനോഹരമായ നിമിഷങ്ങൾ തന്നു അനുഗ്രഹിച്ച സൃഷ്ടാവിനു നന്ദിപറയുന്നതും പിന്നെ അവളുടെ മടിത്തട്ടിൽ ആ മുഖം കണ്ടു അവൾ പാടിത്തരുന്ന പാട്ടും കേട്ടു കുറച്ചു സമയം മയങ്ങുന്ന ഒരു സ്വപ്നം.അത് കാണുന്ന ദിവസങ്ങളിൽ ഞാൻ പോലുമറിയാതെ എന്റെ ഉള്ളിൽ നിറയാറുള്ള പോസിറ്റീവ് എനർജി ഈ ലോകത്തെ മറ്റേതു കാര്യത്തിനും തരാൻ കഴിയില്ലെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.അത് തരുന്ന ലഹരിയിൽ ഈ ലോകം തന്നെ ചുവപ്പും നീലയും പൂക്കളുള്ള ഗുൽമോഹർ നിറഞ്ഞ ആ വഴിത്താരയായി എനിക്ക് അനുഭവപ്പെട്ടിരുന്നു …സത്യത്തിൽ മുഖമറിയാത്ത ആ കുട്ടിക്ക് വേണ്ടിയുള്ള അടക്കാനാകാത്ത ആഗ്രഹമായിരിക്കാം എനിക്ക് കീർത്തനയോടു ഇത്രയും ഇഷ്ടം തോന്നിക്കാനുള്ള കാരണം .ചിലപ്പോൾ ആ ആഗ്രഹം നഷ്ടപ്പെടുമോ എന്നുള്ള ഭയമായിരിക്കാം എന്നെ ഇത്രത്തോളം തകർത്തത്, ചെറുതെങ്കിലും ആർക്കും പറഞ്ഞുകൊടുക്കാൻ കഴിയാത്തവണ്ണം എന്നെ മുന്നോട്ടു പോവാൻ പ്രേരിപ്പിച്ചിരുന്ന എന്തോ ഒരു ശക്തി ആ സ്വപ്നത്തിനുണ്ടായിരുന്നില്ലേ …!!! എന്റെ ആഗ്രഹങ്ങൾക്ക് പഠിക്കുന്നത് ലിറ്ററേച്ചർ കൂടി ആയതുകൊണ്ടുതന്നെ മനസിനെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ കഴിഞ്ഞതാണ് .
.കണക്കിനെ പേടിച്ചു എടുത്തതാരുന്നെങ്കിലും കോഴ്സിന് ചേർന്ന് ആദ്യ വർഷം കഴിഞ്ഞു വായനയുടെ ലോകത്ത് എത്തിപ്പെട്ടപ്പോൾ ഞാൻ പോലും അറിയാതെ ലിറ്ററേച്ചറിന്റെ മാസ്മരികത ഒരു ലഹരിയായി ആഴ്ന്നിറങ്ങി ..സിൽവിയ പ്ലാത്തും ,ഹെമിങ്വേയും , കീറ്റ്സും ഷെല്ലിയും ഷേക്‌സ്പീയരും എന്നെ ഒന്നോടെ മാറ്റിക്കളഞ്ഞു .കണക്കിൽ നിന്നുള്ള ഒളിച്ചോട്ടം അക്ഷരാർത്ഥത്തിൽ അറിവിന്റെ മറ്റൊരു ലോകത്തേക്ക് പലായനമായിരുന്നു .പക്ഷെ സംഭവിച്ചതിൽ നെഗറ്റീവ് ആയതു ലിറ്ററേച്ചറിലേക്ക് അടുക്കുന്തോറും എന്റെ മനസികനിലയിൽ കാര്യമായ മാറ്റം വന്നതാണ്‌ , ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിഞ്ഞ പോലെ തീരെ ചെറിയ കാര്യങ്ങൾ എന്നെ സങ്കടപെടുത്താനും തുടങ്ങി.അതിന്റെയെല്ലാം ആകെത്തുകയായി മാറിയതാവാം ഇന്നത്തെ സംഭവങ്ങളും.

ഇങ്ങനെ ചിന്തിച്ചു ഓരോന്നിനും ഉത്തരങ്ങൾ കണ്ടെത്താൻ തുടങ്ങിയതോടു കൂടി എന്റെ മാനസിക പിരിമുറുക്കം അയഞ്ഞു തുടങ്ങി ..കീർത്തനയല്ല ആ കുട്ടി ഈ ലോകത്തെവിടെയോ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് വിശ്വസിക്കാൻ തിരുമാനിച്ചു .ഇനി ആരുടെയും മുഖം അതുമായി മാച്ച് ആക്കുവാൻ മനഃപൂർവം ശ്രമിക്കേണ്ടതില്ലെന്നും എന്നിലേക്ക്‌ ചേരുന്ന ഒന്നാവണം അതെന്നും മനസിനെ പഠിപ്പിക്കുകയാണ് ഇനിയുള്ള ലക്‌ഷ്യം …കാരണം സ്വയം ചികിത്സയേക്കാൾ നല്ലൊരു മരുന്ന് മനസിന്‌ വേറെ കിട്ടാൻ ബുദ്ധിമുട്ടാണ് … ഇനിയും ഏറെ ദൂരങ്ങൾ താണ്ടേണ്ട ഞാൻ ഇന്നു ചെയ്തത് ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ലെന്നും മനസിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി .മനുഷ്യർ എപ്പോളും സ്വാർത്ഥരാണ് , അവർ ഭംഗിയുള്ള എല്ലാം സ്വന്തമാക്കാൻ ആഗ്രഹിക്കും .കീർത്തന ഭംഗിയുള്ള ഒരു റോസാപ്പൂ ആയിരുന്നു , ഭംഗിയിൽ മതിമറന്നതുകൊണ്ടും സ്വപ്നലോകത്തായിരുന്നത്കൊണ്ടും അവൾക്കു ചുറ്റിനുള്ള മുള്ളിന്റെ കവചം ഞാൻ കണ്ടില്ല , ചെറുതായൊന്നു മുറിഞ്ഞപ്പോളേക്കും ഞാൻ ഇത്രയ്ക്കു തകർന്നെങ്കിൽ അതെന്റെ പരാജയം തന്നെയാണ് .

ഇങ്ങനെ ശെരിയും തെറ്റും തമ്മിലുള്ള മൽപ്പിടുത്തം മനസ്സിൽ നടന്നുകൊണ്ടേ ഇരുന്നു , അമ്മ ഇടയ്ക്കു ചോറ് കഴിക്കാൻ വിളിച്ചപ്പോളേക്കും ഞാനേതാണ്ടൊക്കെ സമാധാനപ്പെട്ടിരുന്നു .പോയിരുന്നു കഴിക്കുമ്പോൾ ആരുമൊന്നും സംസാരിച്ചില്ല ..എന്ത് പറയണമെന്നു അറിയാത്തതുകൊണ്ട് കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു ..തിരിച്ചു റൂമിലേക്ക്‌ കേറുന്നതിനു മുൻപ് അമ്മയോട് ഒരു സോറി മാത്രം പറയാൻ തോന്നി .

” അമ്മാ സോറി …”

മറുപടി ഒന്നും തന്നില്ലെങ്കിലും ചെറിയൊരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു .പെങ്ങളോടും ഒന്ന് ചരിച്ചപ്പോൾ എന്തോ ഒരു സമാധാനം തോന്നി .ആരൊക്കെ അവഗണിച്ചാലും സ്വന്തം വീട് തരുന്ന സുരക്ഷിതത്വം നമ്മൾ പലപ്പോഴും തിരിച്ചറിയാൻ വൈകും … അനുഭവം ഗുരു ….

തുടരും ……..

( ഈ പാർട്ട് ഞാനൊരു ഫീലിൽ എഴുതിയതാണ് , നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് ഒരു പിടിയുമില്ല .ഓരോന്നിനെക്കുറിച്ചും എഴുതാൻ തോന്നുന്നതെല്ലാം എഴുതി എന്നെ ഉള്ളു ..അഭിപ്രായങ്ങൾ അറിയിക്കുക .

(ഇതിലെ പല കാര്യങ്ങളിലും എന്നെത്തന്നെയാണ് ഞാൻ എഴുതിയത് , വളരെയേറെ കുറവുകളിലൂടെ ജീവിച്ചിരുന്ന ഞാൻ ഇന്നു ഈ കഥ എഴുതിയത് അങ്ങനെ സപ്പോർട്ട് തന്നു കൂടെ നിന്ന എന്റെ പ്രിയതമ കാരണമാണ് .ഓരോ വട്ടവും എഴുതിക്കഴിഞ്ഞാൽ ആദ്യം വായിച്ചു അഭിപ്രായം നേരിട്ട് പറയുന്നത് അവളാണ് .പിന്നെ ഇങ്ങനെയെങ്കിലും എത്താൻ കൈപിടിച്ച് മുന്നോട്ടു കൊണ്ടുപോയ ചങ്ക് കൂട്ടുകാരും , ..ഇവരെയൊക്കെ എനിക്ക് തന്നു അനുഗ്രഹിച്ച സർവേശ്വരനും ..എല്ലാർക്കും നന്ദി .)

പേജുകൾ കുറവായതിനു വീണ്ടും ക്ഷമ ചോദിക്കുന്നു .

സ്നേഹത്തോടെ

Fire blade

Comments:

No comments!

Please sign up or log in to post a comment!