പ്രാണേശ്വരി 3

” ഒരു കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ, ”

” അമ്മയോ എടാ പൊട്ടാ നീ വീട്ടിലല്ല, ഞാൻ മാളുവാ അമ്മയല്ല ”

പറഞ്ഞു തീർന്നതും ചന്തിക്കു ഒരു പെട കിട്ടി

ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ കയ്യിൽ ഒരു ചായ ഗ്ലാസും ആയി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുവാണ് പിശാശ്

“പോയി വാ കഴുകി വന്നിട്ട് ചായ കുടിക്കു”

“ഹ്മ്മ് ”

” എന്നാ നീ കുളിയും ജപവും എല്ലാം കഴിഞ്ഞിട്ടു വാ, അമ്മ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്”

“ഹ്മ്മ് ശരി ഞാൻ വന്നേക്കാം ചേച്ചി പൊക്കോ ”

“ഞാൻ പോയാൽ വീണ്ടും കിടന്നുറങ്ങരുത് ”

“ഇല്ല നീ പൊക്കോ ഞാൻ വരാം ”

ഞാൻ കുളിച്ചിട്ടു ചെന്നതും മേശയിൽ ഭക്ഷണം എല്ലാം എത്തിയിട്ടുണ്ട്, ആന്റി അടുക്കളയിൽ ആണെന്ന് തോന്നുന്നു ചേച്ചിയേം കാണാനില്ല

“ആന്റീ ”

ഞാനാ അവിടെ നിന്നും തന്നെ വിളിച്ചു കൂവി

” വരുവാടാ നീ കൈ കഴുകി ഇരുന്നോ ”

ഞാൻ കൈ കഴുകി ഇരുന്നതും ചേച്ചിയും വന്നു കഴിക്കാൻ

ഭക്ഷണവും കഴിഞ്ഞു ആന്റിയോട്‌ യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി, ഓരോന്ന് സംസാരിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല

” ചേച്ചീ നീ പൊയ്ക്കോ ഞാൻ റൂമിൽ പോയി ഡ്രെസ്സും മാറി വന്നേക്കാം ”

“ആ ശരി പെട്ടന്ന് വന്നേക്കണം, ഇപ്പൊ തന്നെ ലേറ്റ് ആയി, ലേറ്റ് ആയി ക്ലാസ്സിൽ കയറിയാൽ അറ്റന്റൻസ് കിട്ടില്ല ”

“ആ ഞാൻ പെട്ടന്ന് വന്നോളാം നീ പോകാൻ നോക്ക് ”

അതും പറഞ്ഞു ഞാൻ റൂമിലേക്കും അവൾ കോളേജിലേക്കും നടന്നു, പോകുന്ന വഴിക്കു അവന്മാരെ കണ്ടു റെഡി ആയി കോളേജിലേക്ക് പോവുകയാണ്

” നീ എവിടെ ആയിരുന്നു മൈ#&$ എത്ര നേരം നോക്കി നിക്കണം ”

“ഞാൻ വന്നോളാം നിങ്ങൾ പൊയ്ക്കോ ”

അവർ പിന്നെ ഒന്നും പറയാതെ കോളേജിലേക്ക് പോയി, ഞാൻ ചെന്ന് ഡ്രെസ്സും മാറി ചെന്നപ്പോളേക്കും ക്ലാസ്സ്‌ തുടങ്ങി, രാവിലെ തന്നെ HOD യുടെ വകയാണ് ക്ലാസ്സ്‌

“sir may i come in”

” ക്ലാസ്സിൽ കയറിക്കോ പക്ഷെ ഞാൻ അറ്റന്റൻസ് തരൂല്ല ”

അറ്റന്റൻസ് ഇല്ലാതെ പിന്നെന്തിനാ ക്ലാസ്സിൽ കയറുന്നതു എന്ന് ചോദിക്കാനാ ആദ്യം തോന്നിയത്.പിന്നെ വേണ്ടാന്ന് വച്ചു ചെന്ന ഉടനെ എന്തിനാ ആളെ വെറുപ്പിക്കുന്നതു

“ശരി സർ ”

ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ തന്നെ കണ്ടു നാലെണ്ണവും കൂടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് മുൻ ബെഞ്ചിൽ തന്നെ ഇരിപ്പുണ്ട്

” എന്താടാ കോപ്പേ ചിരിക്കൂന്നേ ”

” മോന്റെ ഹാഫ് ഡേ അറ്റന്റൻസ് പോയില്ലേ ”

“അതിനു പുള്ളി അറ്റന്റൻസ് എടുത്തോ ”

“ഇല്ല ”

“ആ അപ്പൊ കുഴപ്പമില്ല, പുള്ളി അപ്പോഴേക്കും മറന്നു പൊയ്‌ക്കോളൂം ”

ഞാൻ പറഞ്ഞതുപോലെ തന്നെ നടന്നു രണ്ടു പിരീഡും കഴിഞ്ഞു പോകാൻ നേരത്താണ് പുള്ളി അറ്റന്റൻസ് എടുത്തത്, അപ്പോഴേക്കും പുള്ളി ഞാൻ താമസിച്ചു വന്നതൊക്കെ മറന്നുപോയി

രാവിലെ താമസിച്ചു വന്നതുകൊണ്ട് ലക്ഷ്മിയെ കാണാൻ പറ്റിയില്ല, ഇന്റർവെൽ ടൈമിൽ അവളെ പോയി കാണാം എന്ന് കരുതി കോളേജ് മുഴുവൻ നടന്നു, നോക്കിയപ്പോൾ അവൾ കഴിഞ്ഞ ദിവസം നിന്ന സ്ഥലത്തു തന്നെ നിൽപ്പുണ്ട്.

നേരെ അങ്ങോട്ടേക്ക് വച്ചു പിടിച്ചു

“ലക്ഷ്മീ ”

അവൾ തിരിഞ്ഞു നോക്കി

” ആ നീയോ, എന്താടാ ”

അവളുടെ മുഖത്തു ഒരു ക്ഷീണം ഉണ്ട്.

” നിനക്കെന്തു പറ്റി, മുഖം എന്താ വല്ലാതെ ഇരിക്കുന്നെ ”

“ഒന്നൂല്ലടാ ഒരു ചെറിയ തലവേദന ”

“തലവേദന ആയിട്ട് നീ എന്തിനാ വന്നത്, തലവേദന ആയിട്ടാണോ നീ ഇന്നലെ നേരത്തെ പോയത് ”

” ഞാൻ ഇന്നലെ നേരത്തെ പോയെന്നു നീ എങ്ങനെ അറിഞ്ഞു ”

“ഞാൻ ഇന്നലെ ക്ലാസ്സ്‌ കഴിഞ്ഞു കോളേജ് മുഴുവൻ തപ്പി, നിന്നെ കണ്ടില്ല അപ്പൊ ഊഹിച്ചു ”

” നീ എന്തിനാ എന്നെ തപ്പിയത് ”

അത് ചോദിക്കുമ്പോൾ അവളുടെ മുഖത്തു ഒരു ചിരിയുണ്ടായിരുന്നു

“ചുമ്മാ സംസാരിക്കാൻ ”

” നിനക്ക് സംസാരിക്കാൻ നിന്റെ കൂട്ടുകാരില്ലേ ”

“അതിനു നീ അല്ലല്ലോ അവർ, പിന്നെ ഇവിടുന്നു പോയാലും അവർ എന്റെ ഒപ്പം തന്നെ അല്ലെ ”

“എന്താ മോന്റെ ഉദ്ദേശം? ”

“എന്ത് ഉദ്ദേശം ”

“വന്നപ്പോ മുതൽ നീ എന്റെ പിന്നാലെ ആണല്ലോ ”

” നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടം”

(ഞാൻ അന്ന് പറഞ്ഞ ഡയലോഗ് ആണ് അത് കേട്ട ആരോ എടുത്തു ഒരു സിനിമയിലും ഇട്ടു )

അവൾ അതുകേട്ടൊന്നു ചിരിച്ചു

” നിന്റെ ഡയലോഗ് ഒക്കെ എനിക്കിഷ്ടായി, പക്ഷെ ഞാൻ നിന്റെ സീനിയർ ആണ് അതോർമ ഇരുന്നോട്ടെ ”

“ദേ വീണ്ടും, നീ ഒരു കാര്യം ചെയ്യ് ഒരു പേപ്പറിൽ എഴുതി നെറ്റിയിൽ ഒട്ടിച്ചു വക്കു ‘ഞാൻ സീനിയർ ആണ് ‘ എന്ന്”

അവൾ വീണ്ടും ഒന്ന് ചിരിച്ചു

” എന്താ മോന്റെ ബാച്ചിൽ നല്ല പെൺപിള്ളേരൊന്നും ഇല്ലേ ”

“ഞാൻ നോക്കിയില്ല, നിന്നെ കണ്ടതിൽ പിന്നെ വേറെ ആരേം ഞാൻ നോക്കിയിട്ടില്ല ”

” പിന്നെ എന്നിട്ട് ഞാൻ അറിഞ്ഞത് അങ്ങനല്ലല്ലോ ”

“അതിനു നീ എന്താ അറിഞ്ഞത് ”

“നീ ക്യാന്റീനിൽ വച്ചു വാണി മിസ്സിനെ വായിൽ നോക്കിയെന്നോ, മിസ്സ്‌ നൈസായിട്ടു നിനക്കിട്ടൊന്നു ട്രോള്ളിയെന്നോ ഒക്കെ ഞാൻ അറിഞ്ഞു ”

“ആ അതാണോ, വാണി മിസ്സ്‌ എന്റെ ചേച്ചിയാണ് പെട്ടന്ന് അവിടെ വച്ചു കണ്ടപ്പോൾ എന്റെ കിളി പോയതാണ്, അല്ലാതെ നീ ഉദ്ദേശിക്കുന്നത് പോലെ ഒന്നും ഇല്ല ”

പെട്ടന്ന് അവളിൽ നിന്ന് രക്ഷപെടാൻ ഒരു നുണ പറഞ്ഞെന്നെ ഉള്ളു, സത്യം നമുക്കല്ലേ അറിയൂ

“വാണി മിസ്സ്‌ നിന്റെ ചേച്ചിയോ, എന്നിട്ട് ചേച്ചി എവിടാ ജോലി ചെയ്യുന്നത് എന്ന് പോലും അനിയന് അറിയില്ലായിരുന്നോ? പറയുമ്പോ വിശ്വസിക്കാൻ പറ്റുന്ന നുണ പറയടാ ”

“ചേച്ചി എന്റെ സ്വന്തം ചേച്ചി അല്ല ”

ഞാൻ ഉള്ള കഥ മുഴുവൻ പറഞ്ഞു കൊടുത്തു, ഒരു ചെറിയ മാറ്റം മാത്രം വരുത്തി എനിക്ക് ചേച്ചിയെ കണ്ടപോഴെ മനസ്സിലായി എന്നാക്കി

“ഇപ്പോഴും എനിക്ക് വിശ്വാസം ഇല്ല ”

“എന്നാ ശരി നീ എന്റെ കൂടെ വാ ”

“എങ്ങോട്ടാ ”

പെട്ടന്നുള്ള ആവേശത്തിൽ ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു

“വിടെടാ ആരെങ്കിലും കണ്ടാൽ നിനക്ക് അടുത്ത തല്ലു കിട്ടും, ഞാൻ വരാം ”

ഞാൻ അവളെയും കൂട്ടി നേരെ നടന്നത് സ്റ്റാഫ് റൂമിലേക്കാണ്, ഞാൻ ചെന്നപ്പോൾ മാളുചേച്ചി ഏതോ ബുക്കും വായിച്ചു ഇരിപ്പാണ്, അടുത്ത ക്ലാസ്സിനുള്ള പ്രീപെറേഷൻ ആവും

” വാണി മിസ്സ്‌ ”

ഞാൻ പുറത്തുനിന്നു വിളിച്ചു

അവൾ തിരിഞ്ഞു നോക്കി

“എന്താ അഖിൽ ”

“മിസ്സ്‌ ഒന്ന് പുറത്തേക്കു വരുമോ ”

അവൾ ഒന്നും മിണ്ടാതെ പുറത്തേക്കു വന്നു

” എന്താടാ തെണ്ടി ഞാൻ ഞാൻ നിന്റെ കെട്യോൾ ആണോ പുറത്തു ഇറക്കി കാര്യം പറയാൻ ”

അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവൾ എന്റെ അടുത്ത് നിൽക്കുന്ന ലക്ഷ്മിയെ കണ്ടത്, പാവം മാളു ചേച്ചിയുടെ വർത്താനം കേട്ടു കിളി പറന്നു നിൽക്കുവാ

“ആ ലക്ഷ്മിയോ എന്താ ഇയാളുടെ ഒപ്പം ”

“ഏയ്യ് ഞാൻ ചുമ്മാ, ഇവൻ പറഞ്ഞു മിസ്സ്‌ ഇവന്റെ ചേച്ചിയാണ് എന്ന്.
അതൊന്നറിയാൻ വന്നതാ ”

“ഏയ്യ് ഞാൻ ഇവന്റെ ചേച്ചി ഒന്നും അല്ല ഇവൻ വെറുതെ ഓരോ നമ്പർ ഇടുന്നതാ നീ അതിലൊന്നും വീഴല്ലേ കൊച്ചേ ”

എടി തെണ്ടി ചേച്ചീ നിന്നെ എന്റെ കയ്യിൽ കിട്ടും, ഞാൻ മനസ്സിൽ ചിന്തിച്ചു

“അത് ആദ്യത്തെ ആ സംസാരം കേട്ടപ്പോഴേ മനസ്സിലായി നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലാ എന്ന് ”

ഹാവു ചേച്ചി ഒന്ന് താങ്ങി നോക്കിയെങ്കിലും അത് ഏറ്റില്ല, വിട്ടുകൊടുക്കുമോ ആ പിശാശ് അപ്പൊ തന്നെ തിരിച്ചു കൊടുത്തു

“ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം ഒക്കെ അവിടെ നിൽക്കട്ടെ, നിങ്ങൾ തമ്മിൽ എന്താ ബന്ധം ”

അവൾ ലക്ഷ്മിയോടായി ചോദിച്ചു

അത് കേട്ടു അവൾ ഒന്ന് പരുങ്ങി,

“എന്ത് ബന്ധം ഒരു ബന്ധവും ഇല്ല, വെറുതെ കണ്ടപ്പോൾ സംസാരിച്ചതാ അപ്പോഴാ ഇവൻ പറഞ്ഞത് മിസ്സ്‌ ഇവന്റെ ചേച്ചിയാണ് എന്ന് അപ്പോ അതൊന്നു അറിയാല്ലോ എന്നോർത്ത് വന്നതാ ”

“എന്റെ കാര്യം പറയാനുണ്ടായ സാഹചര്യം ”

“അത് ഇന്നലത്തെ ക്യാന്റീനിലെ ഇൻസിഡന്റ് പറഞ്ഞതാ, അപ്പോഴാ ഇവൻ പറഞ്ഞത് അവൻ ചേച്ചിയെ പെട്ടന്ന് കണ്ടതിലുള്ള അത്ഭുതം കൊണ്ട് നോക്കിയതാ, അല്ലാതെ വേറൊന്നും അല്ല എന്ന് ”

ഇത്രയും കേട്ടാൽ പോരെ പിശാശിനു അപ്പൊ തന്നെ അത് വച്ചു എനിക്കിട്ടു വീണ്ടും താങ്ങി

“അതിനു ആ സമയത്തു ഇവന് എന്നെ മനസ്സിലായില്ലല്ലോ, പിന്നെ ഞാൻ ആണ് അങ്ങോട്ട്‌ പോയി സംസാരിച്ചത്, അവൻ ക്യാന്റീനിൽ ഇരുന്നു വായിൽ നോക്കുക തന്നെ ആയിരുന്നു ”

ഇത് കേട്ടതും ലക്ഷ്മി എന്നെ സൂക്ഷിച്ചു ഒരു നോട്ടം നോക്കി, ആ നോട്ടം പന്തിയല്ലെന്ന് എനിക്കപ്പോഴേ തോന്നി .”എന്നാ ശരി മിസ്സേ ഞാൻ പൊയ്ക്കോട്ടേ ”

അവൾ പിന്നെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്നു

“എടി പിശാശേ, നീ സഹായിക്കില്ല എന്നല്ലേ പറഞ്ഞെ. സഹായിക്കേണ്ട ഇങ്ങനെ ഉപദ്രവിക്കണോ ”

ഞാൻ അത് പറഞ്ഞപ്പോളും അവൾ ചുമ്മാ ചിരിച്ചോണ്ട് ഇരിക്കുവാ

“ഞാൻ ഒരു തരത്തിൽ വളച്ചു ട്രാക്കിലേക്ക് കൊണ്ട് വന്നുകൊണ്ടിരുന്നതാ അവൾ വന്നു വീണ്ടും നശിപ്പിച്ചു, ദ്രോഹി ”

അവളുടെ ചിരി കാണുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട്

“മാളു നീ ചിരിക്കല്ലെട്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട് ”

“നിനക്ക് ദേഷ്യം വരുന്നുണ്ടോടാ, നിനക്ക് തല്ലാൻ തോന്നുന്നുണ്ടോടാ,തല്ലടാ തല്ലി നോക്കടാ ”

അവള് സിനിമ ഡയലോഗ് പറഞ്ഞു വീണ്ടും വെറുപ്പിക്കുകയാണ്

“ഞാൻ നിന്നെ തല്ലുവോന്നും ഇല്ല ആന്റീടെ അടുത്ത് എല്ലാ കാര്യവും ഞാൻ പറഞ്ഞു കൊടുക്കും, അപ്പോഴും ഈ ചിരി കാണണം ”

ഞാൻ അത് പറഞ്ഞതും അവളുടെ ചിരി മാഞ്ഞു

“എടാ ഞാൻ ചുമ്മാ തമാശക്ക് കാണിച്ചതാ, നീ സീരിയസ് ആക്കി എടുക്കല്ലേ, ”

“പിന്നെ നിന്റെ തമാശ, മനുഷ്യന്റെ ജീവിതം വച്ചല്ലേ നിന്റെ തമാശ ”

“ഓഹ്‌ ഇത്രപെട്ടെന്ന് അത് നിന്റെ ജീവിതം ആയോ ”

“ദേ മാളു നീ വീണ്ടും തമാശിക്കല്ലേ… ”

“എന്റെ ശബ്ദം കുറച്ചു ഉയർന്നു ”

“എടാ പയ്യെ, ഇത് കോളേജ് ആണ്”

“ഞാൻ പോണു ”

“ടാ അഖിലേ”

അവൾ പുറകീന്നു വിളിച്ചു

“എന്താ വാണി മിസ്സ്‌? ”

“ആ ഇതിനു തന്നെയാ വിളിച്ചേ നീ ഇവിടെ വച്ചു എന്നെ അങ്ങനെ വിളിച്ചാൽ മതി”

“ഓഹ് ആയിക്കോട്ടെ മിസ്സ്‌ ”

” നീ ചൂടാവാണ്ട ഞാൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു കുറച്ചു കഴിയുമ്പോൾ മനസ്സിലാകും ”

“ആയിക്കോട്ടെ, അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ”

“ശരി നീ പൊക്കോ ഞാൻ വൈകിട്ട് വിളിക്കാം ”

“ഓഹ്‌ വേണമെന്നില്ല ”

ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് പൊന്നു, വൈകിട്ടും ഒക്കെ ലക്ഷ്മിയെ കാണാൻ ചെന്നെങ്കിലും അവൾ ഒന്നും സംസാരിച്ചില്ല

വൈകിട്ട് ക്ലാസും കഴിഞ്ഞു റൂമിൽ എത്തിയപ്പോളാണ്, സീനിയർസ് ഒക്കെ ഫുട് ബോളും എടുത്തു കളിക്കാൻ പോകുന്നതു കണ്ടത്,

“വരുന്നോടാ ഫുട്ബോൾ കളിക്കാൻ ”

ഞങ്ങളെ കണ്ടതും അരുൺ ചേട്ടൻ ചോദിച്ചു

“എനിക്ക് ഫുട്ബോൾ അറിയില്ല ചേട്ടാ ”

“അതൊന്നും കുഴപ്പമില്ല നീ വാ ”

ആഷിക്കിനും ചന്തുവിനും കളിക്കാൻ അറിയാവുന്നത് കൊണ്ട് അവന്മാരും വന്നു, വിഷ്ണുവിന് അറിയില്ലെങ്കിലും അറിയാം എന്നും പറഞ്ഞാണ് നടപ്പ്, pv ക്കു ഇങ്ങനെ ഉള്ള കളികളോടൊന്നും താല്പര്യം ഇല്ലാ എന്നും പറഞ്ഞു അവൻ വന്നില്ല

അന്നാണ് വിഷ്ണുവിന് പാറ്റ എന്നുള്ള പേര് ചാർത്തി കിട്ടുന്നത്,

കളിക്കാൻ അറിയാത്ത ഞാൻ ഗോൾകീപ്പർ ആയി, ആഷിക്കും ചന്തുവും നന്നായി കളിക്കുന്നുണ്ട് വിഷ്ണു പന്തിന്റെ ചുറ്റും കിടന്നു വെറുതെ ഓടുന്നുണ്ട് ഒരെണ്ണം പോലും കാലിൽ കൊള്ളുന്നില്ല

അങ്ങനെ ഇരിക്കെ ഒരു സമയത്തു അവൻ നിൽക്കുന്ന ഏരിയയിൽ ബോൾ വന്നു വേറെ ആരും ആ ഭാഗത്തില്ല, ഞാൻ നോക്കുമ്പോൾ ഇവൻ ഓടിപ്പോകുന്നുണ്ട് ബോളിനടുത്തേക്ക്, ഓടിച്ചെന്നു ബോളിന്റെ മുകളിൽ കൂടെ ഉയർന്നു ചാടി അപ്പുറം എത്തി ബോളിൽ കാലു കൊണ്ടതെ ഇല്ല

അത് കണ്ട ഒരു സീനിയർ ചേട്ടൻ പറഞ്ഞതാണ്

“നോക്കെടാ ആ ചെക്കൻ ബോളിന്റെ മേലേക്കൂടെ പാറ്റയെപോലെ പറക്കുന്നു ”

അങ്ങനെ വീണ പേരാണ് പാറ്റ.


പിറ്റേന്ന് ക്ലാസ്സ്‌സിലേക്കു പോകുന്നവഴിക്കു കുറെ ചേട്ടന്മാർ കാവി കൊടിയൊക്കെ കയ്യിൽ പിടിച്ചു നിൽപ്പുണ്ട്

“ഡാ കണ്ടിട്ട് ഇന്ന് സ്ട്രൈക്ക് ആണെന്ന് തോന്നുന്നു. കോളേജ് തുടങ്ങി ആദ്യത്തെ സ്ട്രൈക്ക് “

“സ്ട്രൈക്ക് ആണെങ്കിൽ നമുക്ക് ഭൂതത്താൻകെട്ട് കാണാൻ പോയാലോ “

ചന്തുവിൻറെയാണ് ഐഡിയ

“ആ പോകാം, ഞാനും കേട്ടിട്ടു മാത്രമേ ഉള്ളു കണ്ടിട്ടില്ല “

ആഷിക്കും പിന്താങ്ങി

“ആ ആദ്യം സ്ട്രൈക്ക് ആണോ, അതോ വല്ല പ്രതിക്ഷേധവും ആണോ എന്ന് നോക്കാം “

പാറ്റയാണ്, അവൻ പിന്നെ എന്തുപറഞ്ഞാലും ആദ്യം നെഗറ്റീവ് മാത്രേ അടിക്കൂ

“കരിനാക്ക് വളച്ചു ഒന്നും പറയല്ലേടാ തെണ്ടീ “

പാറ്റയുടെ ഡയലോഗ് കേട്ടതും p.v ചൂടായി

“ഞാൻ ഒരു സാധ്യത പറഞ്ഞതല്ലേ അതിനെന്തിനാ നീ ചൂടാവുന്നതു “

അങ്ങനെ ഓരോന്ന് പറഞ്ഞു നടക്കുന്ന വഴിക്കാണ് ലക്ഷ്മി ഞങ്ങളുടെ സ്ഥിരം സ്ഥലത്തു നിൽക്കുന്നത് കാണുന്നത്

“ഡാ നിങ്ങൾ വിട്ടോ ഞാൻ ഇപ്പൊ വന്നേക്കാം “

അതും പറഞ്ഞു ഞാൻ അവരുടെ അടുത്തുനിന്നും ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു

“ലക്ഷ്മീ ”

“മ്മ്, എന്താ ”

“നീ ദേഷ്യത്തിലാണോ ”

“ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ ”

” എടി ആ സാധനം നമ്മളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നതാ, അവളോട്‌ ഞാൻ എല്ലാ കാര്യവും പറഞ്ഞതാണ് ”

” എന്ത് എല്ലാ കാര്യവും ”

ഫുൾ കലിപ്പ് ആണ്

” നിനക്കിപ്പോ എന്താ പ്രശ്നം ഞാൻ അവളെ നോക്കിയതാണോ, ശരിയാണ് നോക്കി പെട്ടന്ന് അങ്ങനെ കയറി വന്നപ്പോ നോക്കിപ്പോയി അതാരായാലും നോക്കില്ലേ ”

“എനിക്ക് ഒരു പ്രശ്നവും ഇല്ലന്നെ നീ ആരെ വേണേലും നോക്കിക്കോ ”

“ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി.”

അപ്പോഴാണ് രേഷ്മയുടെ കാര്യം ഓർത്തത്‌

“അല്ല രണ്ടാമത് ആയി പുറകെ നടക്കുന്ന പെണ്ണാണ് നീ”

ഉള്ള കാര്യം എല്ലാം പറഞ്ഞു സത്യസന്ധൻ ആവാൻ നോക്കിയതാ പണി പാളി

“ഓഹ്‌ അപ്പൊ വേറെ ആളും ഉണ്ടോ, ഇനി നീ അവളുടെ പുറകെ നടന്നാൽ മതി”

“അവളൊന്നും ഇല്ലടി അവൾ മരിച്ചു പോയി ”

“നീ എന്തിനാ അഖിലേ ഇങ്ങനെ നുണ പറയുന്നത്”

“ഞാൻ പറഞ്ഞത് സത്യമാണ്, വിശ്വസിക്കാമെങ്കിൽ വിശ്വാസിക്ക് അല്ലെങ്കിൽ പാറ്റയോട് ചോദിക്ക് ”

“ഏതു പാറ്റ ”

“ഓഹ്‌ അത് മറന്നു, വിഷ്ണുവിന്റെ പുതിയ പേരാണ് പാറ്റ, അവൻ എന്റെ കൂടെ 5-6 വർഷമായി ഉണ്ട് അവൻ അറിയാത്ത എന്റെ രഹസ്യങ്ങൾ ഒന്നും ഇല്ല ”

” എനിക്ക് ആരോടും ഒന്നും ചോദിക്കാനില്ല ”

അതും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് നടന്നു, പിന്നെ അവിടെ നിന്നിട്ടു കാര്യം ഇല്ലല്ലോ ഞാനും പോയി ക്ലാസ്സിലേക്ക്

എന്തായാലും അന്ന് സ്ട്രൈക്ക് നടന്നു, ക്ലാസ്സ്‌ തുടങ്ങി ഒരു 10 min ആയിട്ടുണ്ടാവും അങ്ങ് ദൂരെ നിന്ന് മുദ്രാവാക്യം വിളിക്കുന്ന ശബ്ദങ്ങൾ കേട്ടുതുടങ്ങി

“ദിഗന്തങ്ങൾ മുഴങ്ങട്ടെ ഭൂമി കോരി തരിക്കട്ടെ അതിൽ നിന്നും ഉയരട്ടെ വന്ദേ മാതരം “

ശബ്ദം കേട്ടിട്ട് ഒരുപാട് പേര് ഉണ്ടെന്നു തോന്നുന്നു, കോളേജ് മുഴുവൻ മുഴങ്ങുന്ന രീതിയിലാണ് മുദ്രാവാക്യം വിളി

“നളന്ദ തക്ഷശ്ശിലകളിലെഴുതിയ വിദ്യാമന്ത്ര ധ്വനികളിതേന്തി യമുനാനദിയിൽ ഗോദാവരിയിൽ സരയൂനദിയുടെ താഴ്വരയിൽ പുളകം കൊണ്ടൊരു പ്രസ്ഥാനം കുളമ്പടിച്ചു കുതിച്ചു വരുമ്പോൾ ആരുതടുക്കാൻ ആരുചെറുക്കാൻ ആരുണ്ടിവിടെ കാണട്ടെ “

ഈ പ്രാവശ്യം ഞങ്ങളുടെ ക്ലസ്സിനു മുന്നിൽനിന്നാണ് വിളി, ശബ്ദം കെട്ട് പ്രതീക്ഷിച്ച അത്ര ആളുകൾ ഒന്നും ഇല്ല പക്ഷെ ഉള്ള ആളുകൾ വച്ചു അവർ ഉണ്ടാക്കുന്ന ശബ്ദം കോളേജ് മുഴുവൻ മുഴങ്ങും

“സർ ഇന്ന് സ്ട്രൈക്ക് ആണ്, ഞങ്ങൾക്കൊന്നു ഇവരോട് സംസാരിക്കണം “

സ്ട്രൈക്ക് വിളിച്ചു വന്ന ആളുകളിൽ ഒരാൾ ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്ന സാറിനോട് പറഞ്ഞു, അത് കേട്ടതും ആള് ബുക്കും എടുത്തു വെളിയിലേക്കു പോയി

സ്ട്രൈക്കിനുള്ള കാരണം പറയുവാനായി ഒരാൾ അകത്തേക്ക് കയറാൻ തുടങ്ങിയതും, ഒരു കൈ അയാളെ തടഞ്ഞുനിർത്തി

“അത് വേണ്ടമോനെ മെക്കാനിക്കൽ ക്ലാസ്സിൽ ഞങ്ങൾ തന്നെ പറഞ്ഞോളാം,അതിനായി നീ ഉള്ളിൽ കേറണ്ട “

ആദ്യം ക്ലാസ്സിൽ കയറാൻ നോക്കിയ ആൾ ഇലക്ട്രോണിക്സ് ആണ്, തടഞ്ഞു നിർത്തിയ ആൾ മെക്കും.
ആ ഒരു സംഭവത്തോടെ ഇവിടെ ബ്രാഞ്ച് സ്പിരിറ്റ്‌ എത്രത്തോളം ഉണ്ടെന്നു മനസ്സിലായി

തടഞ്ഞു നിർത്തിയ ആൾ തന്നെ ഉള്ളിൽ കയറി സംസാരിച്ചു തുടങ്ങി

“സുഹൃത്തുക്കളെ. നിങ്ങൾ ഇന്ന് പത്രത്തിൽ വായിച്ചുകാണും സമാധാനപരമായി റോഡ് ഉപരോധം നടത്തിക്കൊണ്ടിരുന്ന നമ്മുടെ കുറച്ചു പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ പോലീസ് പേപ്പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിച്ചതച്ചത്, അതിനു പ്രതിക്ഷേധ സൂചകമായി ABBP ഇന്ന് കേരളം മുഴുവൻ പഠിപ്പു മുടക്കുകയാണ്.എല്ലാവരും ഞങ്ങളോട് സഹകരിക്കണം “

അയാൾ പറഞ്ഞു നിർത്തിയതും അതുകേൾക്കാൻ കാത്തുനിന്ന ഞങ്ങൾ ചാടി എഴുന്നേറ്റു, കുറച്ചുപേർ മാത്രം എഴുന്നേൽക്കാതെ അവിടെ ഇരുന്നു

“ഞങ്ങൾ പോകില്ല ഞങ്ങൾ പഠിക്കാൻ വന്നതാ “ പോകാതെ ഇരുന്നതിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു

“നീ പോകണ്ട, അവിടെ തന്നെ ഇരുന്നോ ആര് നിന്നെയൊക്കെ പഠിപ്പിക്കും എന്ന് ഞങ്ങൾ ഒന്ന് നോക്കട്ടെ”

ആദ്യം ക്ലാസ്സിൽ കയറാൻ നോക്കി ചമ്മിപ്പോയ ആളാണ്

“ഡാ വിഷയമാക്കണ്ട, പുതിയ പിള്ളേരല്ലേ ഞാൻ ഡീൽ ചെയ്തോളാം,”

ക്ലാസ്സിൽ കയറി സ്ട്രൈക്ക് പറഞ്ഞ ചേട്ടൻ അവനെ സമാധാനിപ്പിച്ചു, എന്നിട്ട് എഴുന്നേൽക്കാതെ ഇരുന്ന പിള്ളേരുടെ അടുത്തേക്ക് ചെന്ന് ചെവിയിൽ എന്തോ പറഞ്ഞു, അത്രയും നേരം എഴുന്നേൽക്കാതെ ഇരുന്നവന്മാർ അത് കഴിഞ്ഞതും എഴുന്നേറ്റു. ഒരു അടി പ്രതീക്ഷിച്ചതു അങ്ങനെ ഒഴിവായിപ്പോയി

സ്ട്രൈക്ക് കഴിഞ്ഞു ഇറങ്ങിയതും അവളെ കാണാൻ നോക്കി പറ്റിയില്ല, പിന്നെ അവന്മാർ തെറിപറഞ്ഞപ്പോൾ അവരുടെ കൂടെ കേറിപ്പോയി, കോളേജിൽ നിന്നും 10 min ദൂരമേയുള്ളൂ ഭൂതത്താൻകെട്ട് ഡാം, ഞാൻ ആഷിക്കിന്റെ പിന്നിലും പാറ്റയും ചന്തുവും p.v യുടെ പിന്നിലും ആണ് കയറിയിരിക്കുന്നത്. ആഷിക് മര്യാദക്ക് മാത്രേ വണ്ടി ഓടിക്കൂ, pv അങ്ങനല്ല അവനു വണ്ടി എടുത്തുകഴിഞ്ഞാൽ പ്രാന്താണ്, ചന്തു വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. പാറ്റക്ക് പിന്നെ ഇതൊന്നും ഒരു വിഷയമല്ല വണ്ടി ഓടിക്കാൻ അറിയാത്തതുകൊണ്ടാവും

ഭൂതത്താൻകെട്ട് ഡാം എത്തുന്നതിനു മുന്പായി ഒരു ആർച് ഉണ്ട് അത് കണ്ടപ്പോൾ മനസ്സിലായി സ്ഥലം എത്തിയെന്നു .എല്ലാവരും ഇവിടെ ആദ്യമായാണ് വരുന്നത് അതിന്റെ ഒരു സന്തോഷം ഉണ്ട് എല്ലാവർക്കും ,ഡാം എത്തിയപ്പോൾ കുറേപ്പേർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചൂണ്ട ഇടുന്നുണ്ട്, നമ്മൾ പിന്നെ വന്നത് അതിനല്ലല്ലോ

വന്നതും എല്ലാം പണി തുടങ്ങി, ദൂരെ നിന്ന് വന്ന ആളുകൾ ഒക്കെ ഉണ്ട് അവരുടെ കൂടെ ഉള്ള പെണ്ണുങ്ങളെ എല്ലാം വായിൽ നോക്കുകയാണ്, തെണ്ടികൾ എന്നോടും കൂടെ പറഞ്ഞൂടെ ഞാനും കൂടുമല്ലോ, അല്ല വിളിച്ചില്ലേലും നമ്മൾ കൂടും അങ്ങനെ അവരുടെ കൂടെ വായിൽ നോട്ടം തുടർന്നു വണ്ടിയിൽ നിന്നും ഇറങ്ങി പാലം കടന്നു പഴയ ഭൂതത്താൻ കെട്ടിലേക്കു നടന്നു, ആദ്യമായി ചെല്ലുന്നവർക്കും വഴി മനസ്സിലാക്കാൻ വല്യ ബുദ്ധിമുട്ടുണ്ടാവില്ല കാടിനുള്ളിലേക്ക് ഒരു വഴിയേ ഉള്ളു അത് അവസാനിക്കുന്നത് പഴയ ഭൂതത്താന്കെട്ടിലാണ്. എനിക്കിപ്പോഴും അറിയില്ല ആ സ്ഥലത്തിന് ആ പേരെങ്ങനെ വന്നു എന്ന് പലരും പല കഥകൾ പറയുന്നു, എന്തായാലും സ്ഥലം കാണാൻ നല്ല ഭംഗിയാണ് ഒരുപാട് വല്യ പാറക്കല്ലുകൾ അടുങ്ങിക്കിടക്കുന്ന ഒരു സ്ഥലം.

അങ്ങനെ കോളേജ് തുടങ്ങി ആദ്യത്തെ സ്ട്രൈക്ക് നു ഭൂതത്താൻകെട്ട് കണ്ടു അടുത്ത പ്രാവശ്യം തട്ടേക്കാട് പോകണം എന്നും പറഞ്ഞാണ് അവിടുന്ന് തിരിച്ചു റൂമിലേക്ക്‌ പോന്നത്

പിന്നെയും ദിവസങ്ങൾ സാധാരണ പോലെ തന്നെ കടന്നുപോയി, ലക്ഷ്മി മാത്രം എന്നോടുള്ള ദേഷ്യം മാറ്റിയില്ല

അത് കാരണം ഇതിനിടയിൽ നടന്ന ഫ്രഷേഴ്‌സ് ഡേ പോലും എനിക്ക് ആസ്വദിക്കാൻ പറ്റിയില്ല, ഞങ്ങൾക്ക് റൂമിൽ നിന്നും റാഗിംഗ് കിട്ടിയതുകൊണ്ട് ഞങ്ങളെക്കൊണ്ട് ഒന്നും ചെയ്യിച്ചില്ല, എന്നാൽ വീട്ടിൽപോയി വരുന്ന പിള്ളേരെക്കൊണ്ടെല്ലാം ഓരോന്ന് ചെയ്യിപ്പിച്ചു ഡാൻസ് കളിപ്പിക്കലോ പാട്ടുപാടിക്കലോ അങ്ങനെ എന്തെല്ലാമോ. നമ്മൾ പിന്നെ ഇതിനൊന്നും ഉള്ള മൂഡിൽ അല്ലാത്തതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാൻ പോയില്ല

ഇതിനിടയിൽ പാറ്റയോട് എന്നെക്കുറിച്ചും രേഷ്മയെക്കുറിച്ചും ഒക്കെ അവൾ അന്വേഷിച്ചു എന്ന് അവൻ പറഞ്ഞു , എന്നാലും അവൾ എന്നെകാണുമ്പോൾ മുഖം തിരിച്ചു നടക്കും

അടുത്ത ഞായറാഴ്ച ആഷിക്കിന്റെ ബൈക്കും എടുത്തു മാളു ചേച്ചിടെ വീട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ അവൾ അതാ നടന്നു പോകുന്നു, വീട്ടിൽ പോയിട്ട് വന്നതാണ് എന്ന് തോന്നുന്നു വല്യ ഒരു ബാഗുണ്ട് കയ്യിൽ ഞാൻ ഒന്നൂടെ നോക്കിയപ്പോളാണ് കണ്ടത് അവളുടെ അടുത്ത് ഒരു ബൈക്ക് പയ്യെ നിരക്കിക്കൊണ്ടിരിക്കുന്നു.

അവർ അവളോട്‌ എന്തൊക്കെയോ പറയുന്നുണ്ട്, അവൾ തിരിച്ചൊന്നും പറയുന്നില്ല അവളുടെ തല താഴ്ന്നിരിക്കുന്നു, അവൾ അവളെക്കൊണ്ട് പറ്റുന്ന സ്പീഡിൽ നടക്കുകയാണ്

ഞാൻ പെട്ടന്ന് തന്നെ വണ്ടി അവളുടെ മുന്നിൽ കൊണ്ടേ ചവിട്ടി,

“നിന്നോട് ഞാൻ പറഞ്ഞതല്ലേ ബസ്റ്റോപ്പിൽ നിന്നാ മതി ഞാൻ വന്നു പിക്ക് ചെയ്തോളാം എന്ന് പിന്നെ എന്തിനാടി നടക്കുന്നെ ”

എന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് പേടിച്ചു, ഞാൻ ആണെന്ന് കണ്ടതും പേടി മാറി ആ മുഖത്തു ഒരു ആശ്വാസം വന്നു

“മിഴിച്ചു നിക്കാണ്ടു വന്നു വണ്ടീൽ കേറെടി ”

അവൾ അപ്പൊ തന്നെ ഒന്നും മിണ്ടാതെ വന്നു വണ്ടിയിൽ കയറി ഞാൻ പെട്ടന്ന് തന്നെ വണ്ടി എടുത്തു പോന്നു, ഞാൻ കണ്ണാടിയിൽ കൂടെ നോക്കുമ്പോൾ ആ ബൈക്കിൽ ഉണ്ടായിരുന്നവർ എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ അന്തം വീട്ടു ഇരിപ്പുണ്ട്

പുറത്തു ഒരു നനവ് അനുഭവപ്പെട്ടപ്പോൾ ആണ് മനസ്സിലായത് അവൾ കരയുകയായിരുന്നു എന്ന്, വണ്ടി ഞാൻ നേരെ ക്യാന്റീനിലേക്കു വിട്ടു, സൺ‌ഡേ ആയാലും കാന്റീൻ തുറന്നിട്ടുണ്ടാവും ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾ എല്ലാം അവിടുന്നാണ് ഭക്ഷണം

ഞാൻ വണ്ടി പുറത്തുവച്ചു അവളെയും കൂട്ടി അകത്തു കയറി, ഭാഗ്യത്തിന് ആ സമയത്തു അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല, കാന്റീൻ നടത്തുന്ന അങ്കിൾ മാത്രമേ ഉണ്ടായിരുന്നുള്ളു ,

അകത്തു കയറിയിട്ടും അവളുടെ കരച്ചിൽ നിന്നില്ല

“ലക്ഷ്മി ”

“ഹ്മ്മ് ”

“നീ എന്തിനാ കരയുന്നത് ”

“ഞാൻ പേടിച്ചു പോയി ”

“അതൊക്കെ കഴിഞ്ഞില്ലേ, പിന്നെന്താ അതൊക്കെ വിട്”

“ഹ്മ്മ് ”

“അല്ല അതൊക്കെ പോട്ടെ, നിനക്ക് എന്നോടുള്ള ദേഷ്യം ഒക്കെ പോയോ ”

“ദേഷ്യം ഒന്നും പോയില്ല ”

“പിന്നെന്തിനാ ഞാൻ വിളിച്ചപ്പോൾ എന്റെ പിറകിൽ കേറി ഇരുന്നു പോന്നത് ”

അവൾ ഒന്നും മിണ്ടിയില്ല,

“അല്ല നിനക്കെന്തിനാ എന്നോട് ദേഷ്യം ”

“നീ എന്തിനാ എന്നോട് നുണ പറഞ്ഞത് ”

“എന്ത് നുണ ”

“നിനക്ക് മിസ്സിനെ മനസ്സിലായിട്ട നോക്കിയിരുന്നത് എന്ന്, ഉള്ള കാര്യം പറഞ്ഞാൽ പോരെ ”

” ഓ അതാണോ, പെട്ടന്ന് നീ അത് ചോദിച്ചപ്പോൾ എനിക്ക് വായിൽ വന്നത് അതാ, സത്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ എന്ന് പേടിച്ചു ”

“ഞാൻ എന്തിനാ ദേഷ്യപ്പെടുന്നത് നീ ആരെ നോക്കിയാൽ എനിക്കെന്താ ”

“ഞാൻ ആരെ നോക്കിയാലും നിനക്കൊന്നും ഇല്ല? ”

” ഇല്ല, നിന്റെ കണ്ണ് നിന്റെ ഇഷ്ടം ”

“ലക്ഷ്മി നിനക്ക് മനസ്സിലാവാഞ്ഞിട്ടാണോ അതോ നീ എന്നെ പൊട്ടൻ കളിപ്പിക്കുവാണോ? ”

ഞാൻ കുറച്ചൊന്നു ദേഷ്യപ്പെട്ടു നോക്കി

“അതിനി എന്ത് കളിപ്പിക്കാനാ ”

“നീ തമാശ കള ലക്ഷ്മി, എനിക്ക് നിന്നെ ഇഷ്ടമാണ് ”

ഞാൻ കൂടുതൽ മുഖവുര ഒന്നും ഇല്ലാതെ കാര്യം പറഞ്ഞു

ഞാൻ ഇത് പെട്ടന്ന് പറയുമ്പോൾ ഞാൻ അവളിൽ ഒരു ഞെട്ടൽ പ്രതീക്ഷിച്ചാണ്, പക്ഷെ അതുണ്ടായില്ല അവൾ വെറുതെ കൂൾ ആയിട്ടാണ് ഇരിപ്പു,

“ലക്ഷ്മി ഞാൻ പറഞ്ഞത് നീ കേട്ടോ ”

“ആ, നിനക്ക് എന്നെ ഇഷ്ടമാണെന്നല്ലേ ”

“അതെ, അതുകേട്ടിട്ടു നീ എന്താ ഞെട്ടാതെ ”

” എന്താ ഞാൻ ഞെട്ടണോ, വേണേൽ ഞെട്ടാം നീ ഒന്നൂടെ പറ ”

ഞാൻ പറയുന്നത് എല്ലാം അവൾ വെറും കോമഡി ആക്കുകയാണ്, അവളെ ഞെട്ടിക്കാൻ നോക്കിയിട്ട് ഞെട്ടിയത് ഞാൻ ആണ്,

” നീ എന്തൊരു സാധനമാണ്, ഒരാൾ ഇഷ്ടമാണ് എന്ന് പറഞ്ഞാൽ ഒന്നുകിൽ ഇഷ്ടമാണ് എന്ന് പറയണം, അല്ലെ ഇഷ്ടമല്ല എന്ന് പറയണം നീ ഇതൊരുമാതിരി ”

” എടാ ചെറുക്കാ നിനക്ക് എത്ര നാളായി എന്നെ അറിയാം”

” രണ്ടാഴ്ച ”

“അതിനുള്ളിൽ നിനക്ക് പ്രേമവും തുടങ്ങിയോ ”

“ശരിക്കു പറഞ്ഞാൽ നിന്നെ കണ്ട അന്ന് തുടങ്ങിയതാ പിന്നെ പറയാനുണ്ടായ പേടി കൊണ്ട് താമസിച്ചതാ ”

” കണ്ട അന്നോ ! ”

” അതെ കണ്ട അന്ന്, ആദ്യം കണ്ടപ്പോൾ ദേഷ്യം ആയിരുന്നു പിന്നെ എന്നെ അവർ അടിച്ചപ്പോൾ നിന്റെ മുഖം ഞാൻ കണ്ടു, നീ കാരണം ഒരാൾ അടിവാങ്ങുന്നതിന്റെ കുറ്റബോധം ഉണ്ടായിരുന്നു നിന്റെ കണ്ണിൽ ”

അടിവാങ്ങുന്നതിന്റെ ഇടയിൽ ഞാൻ ഒന്നും കണ്ടില്ല, പിന്നെ ഇതൊക്കെ ആയിരിക്കും സംഭവിച്ചിരിക്കുക എന്നറിയാവുന്നതു കൊണ്ട് വെറുതെ തള്ളി മറിച്ചതാ

” പിന്നെ ഞാൻ നിന്നെ കാണുന്നത് കഴിച്ചിട്ട് വരുമ്പോൾ കൂട്ടുകാരികളുടെ ഒപ്പം നിൽക്കുന്നതാണ്, അപ്പോഴാണ് ഞാൻ നിന്ന് ശരിക്കും ശ്രദ്ധിക്കുന്നത്, അപ്പൊ വീണതാ ”

അവൾ ഒന്നും മിണ്ടാതെ എല്ലാം ഒരു ചിരിയോടെ കേട്ടുകൊണ്ട് നിൽക്കുകയാണ്

“അന്ന് തന്നെ വീണ്ടും അവന്മാർ പ്രശ്നം ഉണ്ടാക്കാൻ വന്നപ്പോൾ നീ അവരെ തടഞ്ഞു, അപ്പൊ നിന്നോടുള്ള ഇഷ്ടം കൂടി”

എന്നിട്ടും അവൾ ഒന്നും മിണ്ടുന്നില്ല

“പിന്നെ ഞാൻ എന്ത് ചളി പറഞ്ഞാലും അതിനപ്പുറം കട്ട ചളി പറഞ്ഞു പിടിച്ചു നിൽക്കുന്നില്ലേ പിന്നെ വേറെന്തു വേണം ”

“പോടാ ഞാൻ ചളി ഒന്നും പറയാറില്ല, നല്ല സ്റ്റാൻഡേർഡ് കോമഡി മാത്രേ പറയാറുള്ളൂ ”

“ഓ ശരി ”

“ഇനി ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു എന്ന് വിചാരിക്കു”

” ശരിക്കും !!!”

“അയ്യടാ,… ചുമ്മാ വിചാരിക്കാൻ ”

“ഹ്മ്മ് ശരി വിചാരിച്ചു ”

“2 വർഷമായി ഒരുത്തൻ എന്റെ പിന്നാലെ ഉണ്ട്, അവൻ നിന്റെ കാര്യം അറിഞ്ഞാൽ വീണ്ടും നിന്നെ തല്ലും ”

” വീണ്ടും തല്ലുമോ, അപ്പൊ, അന്ന് തല്ലിയവനാണോ ആള്”

“അതെ ”

“അടിപൊളി, അല്ല പേടിക്കണ്ട കാര്യം ഇല്ല എന്റെ കൂടെ അരുൺചേട്ടൻ ഉണ്ടല്ലോ ”

” അരുൺ… ഈ കാര്യത്തിന്… നിന്റെ കൂടെ.,…, ഉവ്വ ഉറപ്പായും നില്കും ”

അവൾ ഒരു പുച്ഛത്തോടെ തുടർന്നു

” നിനക്ക് അവന്റെ ക്ലാസ്സ്‌ അറിയോ ”

” ആരുടെ അരുൺ ചേട്ടന്റെയോ, അറിയാല്ലോ S5 MECH ”

“അതെ S5 MECH , ആ ക്ലാസിന്റെ ഫ്രണ്ടിൽ ഒരു ബോർഡ്‌ തൂക്കിയിട്ടുണ്ട് കണ്ടിട്ടുണ്ടോ ”

“ആ കണ്ടിട്ടുണ്ട്, ROYAL MECH എന്നെഴുതിയ ബോർഡ്‌ ല്ലേ, അതിനെന്താ ”

” ആ ബോർഡിൻറെ അടിയിൽ ചെറുതായി വേറൊന്നു കൂടെ എഴുതിയിട്ടുണ്ട് കണ്ടിട്ടുണ്ടോ “.

“ഇല്ല ഞാൻ ശ്രദ്ധിച്ചില്ല ”

“അതൊക്കെ വേണ്ടേ ശ്രദ്ധിക്കാൻ, ആ ബോർഡിൽ ‘പെണ്ണിന് പകരം ഇരുമ്പിനെ സ്നേഹിച്ചവർ ‘ എന്ന് എഴുതി വച്ചിട്ടുണ്ട് ”

അതുകേട്ടപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായി, വേറെ എന്തൊക്കെ തല്ലുകൊള്ളിത്തരം കാണിച്ചാലും സീനിയർസ് കൂടെ നിൽക്കും പക്ഷെ ഈ കാര്യത്തിന് ഉണ്ടാവില്ല, അതും പോരാഞ്ഞിട്ട് അവൾ ഇലക്ട്രോണിക്സ് കൂടെ ആണെന്നറിയുമ്പോൾ എന്നെ അവർ സ്പാനർ വച്ചു അടിക്കാതിരുന്നാൽ ഭാഗ്യം

“ആ വഴിയും അടഞ്ഞു, അപ്പൊ ഇനി എന്ത് ചെയ്യും, ആ വരുന്നോടുത്തു വച്ചു കാണാം, എനിക്ക് പേടിയില്ല ”

” അവന്മാർ തല്ലാൻ വരുമ്പോളും ഈ ധൈര്യം ഉണ്ടാവണം”

” ആ അതൊക്കെ അപ്പോളല്ലേ,അപ്പൊ നോക്കാം ”

” എടാ എനിക്ക് പോകാൻ സമയമായി, ഇനിയും എത്തിയില്ലെങ്കിൽ റൂമിൽ നിന്നും ആൾ അന്വേഷിച്ചു ഇറങ്ങും ”

” ഹാ… നീ എന്തേലും ഒന്ന് പറഞ്ഞിട്ട് പോ ”

” എന്ത് പറയാൻ ”

” ഒന്നുകിൽ ഇഷ്ടമല്ല എന്ന് പറ, അല്ലെങ്കിൽ ഇഷ്ടമാണ് എന്ന് പറ ”

“ഇഷ്ടമല്ല എന്ന് പറഞ്ഞാൽ നീ എന്ത് ചെയ്യും ”

” എന്ത് ചെയ്യാൻ, നീ ഇഷ്ടമാണ് എന്ന് പറയുന്നത് വരെ പുറകെ നടക്കും ”

അത് കേട്ടതും വീണ്ടും അവൾ ചിരിച്ചു,

” എന്നാൽ ഇഷ്ടമല്ല ”

അത് കേട്ടപ്പോൾ വീണ്ടും കൺഫ്യൂഷൻ, ഇവൾ അത് ശരിക്കും പറഞ്ഞതാണോ അതോ എന്നെ പിറകെ നടത്തിക്കാൻ വേണ്ടി പറഞ്ഞതാണോ

” അതെ ലക്ഷ്മീ…,”

ഞാൻ ഒന്ന് ചിന്തിച്ചു നോക്കിയ സമയം കൊണ്ട് അവൾ മുങ്ങി,

” ആ നിന്നെ ഞാൻ നാളെ എടുത്തോളാം ”

അവൾ പോയതും ഞാൻ വണ്ടി എടുത്തു നേരെ റൂമിലേക്ക്‌ വിട്ടു, റൂമിൽ ചെന്ന് നോക്കിയപ്പോൾ റൂം ഉള്ളിൽ നിന്നും പൂട്ടിയിരുന്നു, കുറച്ചു നേരം മുട്ടിക്കഴിഞ്ഞാണ് വാതിൽ തുറന്നത്

“വാതിൽ അടച്ചു ഉള്ളിൽ എന്തായിരുന്നു പരിപാടി ”

ഞാൻ ചോദിച്ചതിന് മറുപടി തെറിയായാണ് വന്നത്

“കള്ള #&$&#&$&#*!! നിനക്ക് കതകിൽ മുട്ടുമ്പോൾ നീയാണെന്നു പറഞ്ഞൂടെ, ഞങ്ങൾ വെറുതെ പേടിച്ചു ”

“അപ്പൊ പേടിക്കാൻ പാകത്തിനുള്ള പരിപാടി ആയിരുന്നു”

” ഞങ്ങൾ 4 പേരും കൂടെ 4 ബിയർ എടുത്തു, നിനക്ക് വേണ്ടല്ലോ നീ ഒന്നും കുടിക്കില്ലല്ലോ ”

“ആ എനിക്ക് വേണ്ട നിങ്ങൾ കുടിച്ചോ ”

ഞാൻ റൂമിൽ കയറിയതും അവന്മാർ വീണ്ടും അടി തുടങ്ങി, അടി തുടങ്ങി കുറച്ചു കഴിഞ്ഞതും അവരുടെ സംസാരത്തിന്റെ സ്റ്റൈൽ മാറാൻ തുടങ്ങി, ചന്തു പാട്ട് പാടാൻ തുടങ്ങി ഇതൊക്കെ കണ്ടപ്പോൾ എനിക്കും ഒന്ന് കഴിച്ചാൽ കൊള്ളാം എന്ന് തോന്നി

“എടാ എനിക്കും ഒരു ഗ്ലാസ് വേണം ”

” ഇത് കോള അല്ല ബിയർ ആണ്, അതിനു മോൻ കുറച്ചുകൂടെ മുക്കണം”

പാറ്റയുടെ വക

” ഇയാള് കൂടുതല് കഥ ഒന്നും പറയണ്ട തരാൻ പറ്റുമോ ഇല്ലയോ ”

” ഇല്ല “..

അവൻ അറുത്തു മുറിച്ചു പറഞ്ഞു

അവൻ പറഞ്ഞു തീർത്തതും ഞാൻ അടുത്തിരുന്ന കുപ്പി എടുത്തു വായിൽ കമിഴ്ത്തി, കുറച്ചു കവിൾ കുടിച്ചു കഴിഞ്ഞാണ് കുപ്പി വായിൽ നിന്നും എടുക്കുന്നത്

” അയ്യേ ഇതടിച്ചിട്ടാണോ നിങ്ങൾ കിടന്നാടുന്നത്, എനിക്ക് കുടിച്ചിട്ട് ഒന്നും തോന്നുന്നില്ല. ആകെ തോന്നുന്നത് വായിൽ ഒരു കൈപ്പാണ് ”

വീണ്ടും ഒരിക്കൽകൂടി കുപ്പി വായിൽ കമിഴ്ത്തി..

കുടിക്കഴിഞ്ഞതും അവന്മാർക്ക് കനാൽ ബണ്ടിൽ പോയിരിക്കണം എന്ന്

ഞങ്ങളുടെ കോളേജിന്റെ അടുത്താണ് ഭൂതത്താൻകെട്ട് ഡാം, അതിൽ നിന്ന് വരുന്ന ഒരു കനാൽ ഞങ്ങളുടെ റൂമിന്റെ സൈഡിൽ കൂടെ ഒഴുകുന്നുണ്ട്, അതിന്റെ ബണ്ടിൽ പോയിരിക്കാം എന്നാണ് ഇവർ പറയുന്നത്,

കുടിയും കഴിഞ്ഞു അവിടെ പോയിരുന്നു, സമയം വൈകിട്ട് ഒരു ആറ് ആറര ആയിട്ടുണ്ടാവും, പതിയെ ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു, ആ സമയത്തു ആ ചെരിവില് ആ പുല്ലിൽ ഇരിക്കുന്നത് ഒരു പ്രിത്യേക സുഖമാണ്,

ഞാൻ ആ ചെരുവിൽ കിടന്നു, ആകാശത്തേക്ക് നോക്കി അതാ ചന്ദ്രൻ നിൽക്കുന്നു, ഞാൻ തല ഒരു സൈഡിൽ നിന്നും മറ്റേ സൈഡിലേക്ക് ചെരിച്ചു അപ്പോ ദാ വരുന്നു ചന്ദ്രൻ ആ കൂടെ

ഞാൻ ബസ്സിൽ പോകുമ്പോൾ ഒക്കെ കണ്ടിട്ടുണ്ട് നമ്മുടെ ബസ്സിന്റെ ഒപ്പം ചന്ദ്രൻ വരുന്നത് പക്ഷെ ഇങ്ങനെ ആദ്യമായാണ് കാണുന്നത്, ഞാൻ അത് അവന്മാരോട് പറയുകയും ചെയ്തു

” ടാ ഇത് കൊള്ളാട്ടോ, ഞാൻ തല തിരിക്കുമ്പോൾ എന്റൊപ്പം ചന്ദ്രനും തിരിയുന്നു ”

” ഒന്ന് ഷോ ഇറക്കാതെ പോയെടാ ചെക്കാ, ആകെ രണ്ടു കവിളും കുടിച്ചിട്ട് രണ്ടു കുപ്പി കുടിച്ച കോപ്രായം ആണ് കാണിക്കുന്നത് ”

” ആരാ പറഞ്ഞെ ഞാൻ രണ്ടുകവിളെ കുടിച്ചുള്ളു എന്ന്, ഞാനാണ് ആ കുപ്പി മുഴുവൻ കുടിച്ചു തീർത്തത് ”

” ആ അത് ശരിയാ ആ കുപ്പി കുടിച്ചു തീർത്തത് നീയാ, പക്ഷെ ആ കുപ്പിയിൽ ആകെ കുറച്ചേ ബാക്കി ഉണ്ടാരുന്നുള്ളൂ”

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല,പിന്നേം കൊറേ നേരം എന്തൊക്കെയോ സംസാരിച്ചു പക്ഷെ എനിക്കൊന്നും ഓർമയില്ല, രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ എന്റെ കട്ടിലിൽ ഉണ്ട്, എപ്പോ വന്നെന്നോ എങ്ങനെ വന്നെന്നോ അറിയില്ല

പിന്നെയും സ്ഥിരം പരിപാടി, എഴുന്നേൽക്കുന്നു പല്ലുതേക്കുന്നു, കുളിക്കുന്നു ക്യാന്റീനിൽ പോണു കഴിക്കുന്നു ക്ലാസിൽ പോണു, അങ്ങ് ദൂരെ നിന്നൊക്കെ കോളേജിൽ എത്തുന്ന പിള്ളേരൊക്കെ സമയത്തു ക്ലാസ്സിൽ കേറും തൊട്ടടുത്തു കിടക്കുന്ന ഞങ്ങൾ എന്നും എത്തുമ്പോ കാൽ മണിക്കൂർ വൈകും. പിന്നെ അതിനുള്ള വഴക്കും കൂടെ കേട്ടിട്ട് വേണം ക്ലാസ്സിൽ കേറാൻ

ക്ലാസ്സിൽ കേറാൻ ലേറ്റ് ആയതുകൊണ്ട് തന്നെ രാവിലെ ലക്ഷ്മിയെ കാണാൻ പറ്റീല്ല, പിന്നെ ഇന്റെർവെല്ലിനു ഇറങ്ങിയാണ് അവളെ കാണാൻ പോയത്,

ഞാൻ കോളേജ് മുഴുവൻ നോക്കിയിട്ടും അവളെ കണ്ടില്ല, ഇനി പോകാൻ ഒരു സ്ഥലവും ബാക്കിയില്ല ലൈബ്രറി അല്ലാതെ, അവിടെ ആരും അങ്ങനെ പോയിരിക്കാറില്ലാത്തതു കൊണ്ട് അവിടെ ഉണ്ടാവാൻ സാധ്യത ഇല്ല,

എന്തായാലും അവിടെ കൂടെ നോക്കാം എന്ന് കരുതിയാണ് അങ്ങോട്ട്‌ ചെന്നത്, അവിടെ ചെന്നപ്പോൾ അവൾ ഏതോ ഒരു ബുക്കും നോക്കി എന്തോ എഴുതുന്നുണ്ട്

” ലച്ചൂ ”

ഞാൻ അങ്ങനെ വിളിച്ചപ്പോൾ അവളുടെ മുഖത്തൊരു ചെറിയ ഞെട്ടൽ ഉണ്ടായിരുന്നു

” ലച്ചുവോ, അതെപ്പോ മുതൽ ”

” ഇപ്പൊ മുതൽ ഞാൻ അങ്ങനെയേ വിളിക്കൂ ”

” ആ നീ എന്തേലും വിളിക്കു”

“നീ എന്താ ഈ എഴുതുന്നത്, ഒരു അസ്സിഗ്ന്മേന്റ്റ് ഉണ്ട് “

“അതൊക്കെ ഇവിടെ വച്ചാണോ എഴുതുന്നത്.നേരത്തെ എഴുതണ്ടേ “

“ഞാൻ എഴുതിയതാ, ഇത് എനിക്കല്ല നിതിനാ “

അവന്റെ പേര് കേട്ടതും എനിക്ക് ദേഷ്യം വന്നു

“നീ എന്തിനാ അവന് എഴുതിക്കൊടുക്കുന്നതു അവനു കയ്യില്ലേ “

“സംസാരിക്കണം എങ്കിൽ പുറത്തു പോണം ഇവിടെ ബഹളം വക്കാൻ പറ്റില്ല “

എന്റെ ഒച്ച കുറച്ചു കൂടിയപ്പോൾ ലൈബ്രേറിയൻ വഴക്ക് പറഞ്ഞു

“ഡാ നീ പുറത്തേക്കു പോ ഞാൻ വരാം “

അവൾ അത് പറഞ്ഞതും ഞാൻ പുറത്തേക്കു നടന്നു, ഞാൻ എത്തി ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും അവളും വന്നു

“ഇനി പറ എന്താ നിന്റെ പ്രശനം “

“നീ എന്തിനാ അവന്റെ നോട്ട് എഴുതുന്നത് “

“ഒന്നൂല്ല ചുമ്മാ, അവൻ എന്റെ കൂട്ടുകാരൻ അല്ലെ അവൻ ചോദിച്ചാൽ പറ്റില്ല എങ്ങനെയാ പറയുന്നെ “

“നാക്കുകൊണ്ടു പറയണം”

ഞാൻ ചൂടാവുന്നതു കണ്ടിട്ടാവണം അവൾ വിഷയം മാറ്റി

“അല്ല രാവിലെ എവിടെപ്പോയി കണ്ടില്ലല്ലോ ”

” ഞാൻ എവിടെപ്പോയാലും നിനക്കെന്താ, നിനക്കെന്നെ ഇഷ്ടമല്ലല്ലോ ”

“കാണാത്തതു കൊണ്ട് ചോദിച്ചു എന്നെ ഉള്ളു ”

” നീയല്ലേ പറഞ്ഞതു വേറെ വല്ല പെണ്ണുങ്ങളെയും നോക്കാൻ, വേറെ നല്ല പെണ്ണുങ്ങൾ ഉണ്ടോ എന്ന് നോക്കാൻ പോയതാ ”

വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നു എങ്കിൽ ഞാൻ ഈ പറഞ്ഞതിന് ചെറിയൊരു അസൂയയയോ കുശുമ്പോ എന്തെങ്കിലും തോന്നും, ഇതിനു യാതൊരു വിധ കുലുക്കവും ഇല്ല

” ആ എന്നിട്ട് നല്ല വല്ലതിനെയും കണ്ടോ ”

” ഞാൻ ഈ കോളേജ് മുഴുവൻ നോക്കിയിട്ടും നിന്നെപ്പോലെ സൗന്ദര്യം ഉള്ള വേറൊന്നിനെ കാണാൻ പറ്റീല്ല ”

ചെറുതായിട്ട് ഒന്ന് സുഖിപ്പിക്കാൻ നോക്കിയതാ , അതെന്തായാലും ഏറ്റു എന്ന് തോന്നുന്നു പിന്നെ അവൾ വേറൊന്നും ചോദിച്ചില്ല എല്ലാം ഒരു ചിരിയിൽ ഒതുക്കി

ഞങ്ങൾ സംസാരിക്കുന്ന സമയത്തു തന്നെ നിതിൻ ഞങ്ങളെ ഒന്ന് നോക്കിക്കൊണ്ടു കടന്നു പോയി

“ഡാ നീ പൊക്കോ ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്, ഇനി ഇവിടെ നിന്നാൽ പ്രശ്‌നമാകും ”

“എന്ത് പ്രശനം, ഒരു പ്രശ്നവും ഇല്ല. ഞാൻ നിന്നോട് സംസാരിക്കുന്നതു നിനക്കിഷ്ടമല്ലെങ്കിൽ പറ ഞാൻ പൊക്കോളാം ”

” ഞാൻ അങ്ങനാണോ പറഞ്ഞത് ”

” പിന്നെന്താ നിനക്കവനെ ഇഷ്ടമാണോ ”

അവൾ കുറച്ചു സമയം ആലോചിച്ചു, അവൾ ആലോചിച്ച സമയം മുഴുവൻ എന്റെ ചങ്കു കിടന്നു പിടക്കുകയായിരുന്നു,

അധികം താമസിക്കാതെ അവൾ മറുപടിയും തന്നു

” അങ്ങനെ ചോദിച്ചാൽ ഇഷ്ടക്കുറവൊന്നും ഇല്ല ”

” അപ്പൊ നീ എന്നോട് കാണിച്ച അടുപ്പം ഒക്കെ ”

“നിന്നോട് ഞാൻ എപ്പോഴെങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞോ ”

ഞാൻ ഒന്നും മിണ്ടിയില്ല

“ഡാ അഖിലേ നിന്നോട് സംസാരിക്കാൻ നല്ല രസമാണ് അതുകൊണ്ടാണ് നിന്നോട് ഞാൻ എപ്പോളും സംസാരിക്കുന്നതു, അല്ലാതെ നിന്നോട് ഇഷ്ടമുണ്ടായിട്ടല്ല”

ആ വാക്കുകൾ എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്, ഞാൻ പിന്നെ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു

Comments:

No comments!

Please sign up or log in to post a comment!