അനുപമ ! എന്റെ സ്വപ്ന സുന്ദരി

ട്രാഫിക്കിൽ ബൈക്ക് നിർത്തി ഹെൽമറ്റ് മാറ്റി തലമുടിയിലൂടെ വിരലോടിച്ച ശേഷം വീണ്ടും ഹെൽമറ്റ് തിരിച്ച് തലയിൽ വച്ചു. ചുറ്റും നോക്കിയപ്പോഴാണ് അടുത്തുള്ള വണ്ടിയിൽ ഉള്ളവർ എന്നെയും എന്റെ ബൈക്കിനെയും മാറി മാറി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിന് കാരണം ഉണ്ട്. BMW 750 GS ആണ് ഞാൻ ഓടിക്കുന്ന ബൈക്ക് ,സാധരണ ആരും നേരിട്ട് കണ്ടിട്ടുണ്ടാകില്ല ഈ വിലകൂടിയ ബൈക്ക്. ട്രാഫിക് സിഗ്നൽ ചുവപ്പിൽ നിന്നും മഞ്ഞയിലേക്ക് നീങ്ങിയതും ആക്സിലേറ്റർ കൂട്ടി ബൈക്ക് ഞാൻ ഒന്ന് റൈസ് ചെയ്തു ബൈക്കിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം പുറപ്പെട്ടു. ട്രാഫിക് എനിക്ക് പച്ചക്കൊടി കാണിച്ചതും ബൈക്ക് ഞാൻ മുൻപോട്ട് എടുത്തു.

ഒരു ഷോപ്പിംഗ് മാളിന്റെ മുൻപിൽ ബൈക്ക് പാർക്ക് ചെയ്ത് ഞാൻ മാളിനുള്ളിലേക്ക് നടന്നുകയറി.

എന്റെ പേര് രാഹുൽ (28) , അത്യാവശ്യം നല്ല ഉയരം നിറം, ഉറച്ച ശരീരം .ബിരുദ പഠനത്തിനും ഗവൺമെന്റ് ജോലിക്കും താൽപര്യമില്ലാത്തതിനാലും വണ്ടി പ്രാന്ത് ചെറുപ്പം മുതലേ തലയ്ക്കു പിടിച്ചതിനാലും ഞാൻ ഒരു ഷോറൂം നടത്തുകയാണ്. വിലകൂടിയ ആഢംബര ബൈക്കുകൾ മാത്രം വിൽക്കുന്ന ഷോറും . എന്റെ പ്രയത്നം കൊണ്ട് ഈ ജില്ലയിൽ ഒന്നാം സ്ഥാനത്തു തന്നെ എന്റെ ഷോറൂം നിൽക്കുന്നു. ഇനി എന്റെ കുടുംബ പശ്ചാത്തലം പറയാം. അച്ഛന്റെ പേര് രഘുനാഥ് ,ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ S I ആണ് അച്ഛൻ . കോൺസ്റ്റബിളായാണ് അച്ഛൻ സർവ്വീസിൽ കയറിയത്, ഇപ്പോൾ പ്രമോഷൻ കിട്ടി S I പോസ്റ്റിൽ എത്തി നിൽക്കുന്നു. അമ്മയുടെ പേര് സരസ്വതി , സാക്ഷാൽ സരസ്വതി ദേവി തന്നെയാണ് അമ്മ . അടുത്തുള്ള ഒരു സ്കൂളിൽ പ്രിൻസിപ്പാൾ ആണ് അമ്മ.ഞാൻ ഒറ്റ മകനാണ് ഇവർക്ക് . ലാളിച്ച് വഷളാക്കി എന്നു പറയാൻ പറ്റില്ല കാരണം സ്കൂളിലെ അമ്മ തന്നെയാണ് വീട്ടിലും ,അതേ അച്ചടക്കവും സ്വഭാവവും. എല്ലാവരും പറയും ആൺകുട്ടികൾക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടമെന്ന് പക്ഷെ എനിക്ക് തിരിച്ചാണ് . അച്ഛനാണ് എല്ലാം , സ്റ്റേഷനിൽ മാത്രമാണ് അച്ഛൻ പോലീസ് ,വീട്ടിൽ ഏറ്റുവും നല്ല അച്ഛനും ഭർത്താവുമാണ് അച്ഛൻ. എന്റെ ഏറ്റുവും ബസ്റ്റ് ഫ്രണ്ട് അച്ഛനാണ് ,തോളിൽ കയ്യിട്ട് സംസാരിക്കനുള്ള സ്വാതന്ത്ര്യം പോലും അച്ഛൻ എനിക്ക് നൽകിയിട്ടുണ്ട്.

ഞാൻ എസ്കലേറ്റർ വഴി രണ്ടാം നിലയിലെത്തി. ഫോൺ കയ്യിലെടുത്ത് അതിലും നോക്കി മുന്നോട്ട് നടന്നു. വാട്ട്സ് ആപ്പും നോക്കിയാണ് നടക്കുന്നത്. ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ് പഠനം എന്റെ ഇഷ്ടവും താൽപര്യവും അച്ഛനും അമ്മയും അംഗീകരിച്ചതു കൊണ്ട് അച്ഛന്റെ സഹായത്തോടെയാണ് ഞാൻ ഷോറൂം തുടങ്ങിയത്.

നമ്മുടെ നാട്ടിൽ വില കൂടിയ ബൈക്കിനെ പ്രണയിക്കുന്ന ചെറുപ്പക്കാർ കൂടി വരുന്നതുകൊണ്ട് ഷോറൂം നല്ല നിലയിൽ പോകുന്നു. ഡിഗ്രിയോടെ പഠനം നിർത്തിയെങ്കിലും ഇതുവരെ കൂടെ പഠിച്ച സുഹൃത്തുക്കളെ മറന്നിട്ടില്ല അവരുടെ മെസേജും നോക്കി ഞാൻ മുന്നോട്ട് നടന്നു.

പെട്ടെന്ന് ശക്തിയായി ഒരു കൈ എന്റെ വലത്തെ തോളിൽ വന്ന് പതിച്ചു. ആ കൈ എന്നെ തിരിച്ചു നിർത്തി. അത് ഒരു പെൺകുട്ടിയായിരുന്നു. മഞ്ഞ ടോപ്പും ജീൻസും ഷോളുമാണ് വേഷം .കൈയിൽ ഒരു ഷോപ്പിംഗ് ബാഗുണ്ട്. നല്ല സ്വർണ്ണ നിറമുള്ള പെൺകുട്ടി . അത്യാവശ്യം മേക്ക് അപ്പ് ഒക്കെ മുഖത്തുണ്ട്. അത്യാവശ്യം കൊഴുത്ത ശരീരം എന്നാലും സ്ലിം ബ്യൂട്ടിയാണ്.ഇത്രയും ഞാൻ സെക്കന്റുകൾ കൊണ്ട് നിരീക്ഷിച്ചറിഞ്ഞതാണ്.

എന്നെ തിരിച്ച് നിർത്തിയതും ശക്തിയായി അവളുടെ വലത്തെ കൈ എന്റെ ഇടത്തെ കരണത്തു പതിച്ചു.

“ഠോ” ………..

ഈരേഴു പതിനാലു ലോകവും ഞാൻ ആ നിമിഷം കണ്ടു. എന്റെ തലയ്ക്കു ചുറ്റും ഒരായിരം പൂമ്പാറ്റകൾ വട്ടമിട്ട് പറന്നു . കണ്ണുകളിൽ ഇരുട്ട് കയറി ചെവിയിൽ ഒരു മൂളലു മാത്രം.

” കൂ …………………. ”

എന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തെറിച്ച് തറയിൽ വീണിരുന്നു. സമയം ഉച്ചയായതു കൊണ്ട് തിരക്കില്ല എന്നാലും അവിടെ നിന്നവർ എന്നെയും അവളെയും മാറിമാറി നോക്കുന്നു. ഞാൻ എന്തെന്നറിയാതെ സ്തംഭിച്ചു നിൽക്കുകയാണ്.

“അനൂ ഒന്നും ചെയ്യല്ലേ ”

ഒരു പെൺകുട്ടി വിളിച്ച് പറഞ്ഞു കൊണ്ട് ഓടി എന്നെ അടിച്ച പെൺകുട്ടിയുടെ അടുത്ത് വന്നു.

“എടി ഇത് അവനല്ല നിനക്ക് ആള് മാറി .അവൻ ദാ താഴെ നിൽക്കുന്നു. ”

ഓടി വന്ന പെൺകുട്ടി എന്നെ അടിച്ച ആ സുന്ദരിയോട് കിതച്ചു കൊണ്ട് പറഞ്ഞു. ഒരു നിമിഷം അവൾ ഞ്ഞെട്ടി വിറച്ചു നിന്നു.

അതിൽ നിന്നും അവൾ ആള് മാറിയാണ് എന്നെ അടിച്ചത് എന്ന് എനിക്ക് മനസ്സിലായി. എന്റെ വായ്ക്കുള്ളിൽ ഒരു നനവ് പടർന്നു അത് ചുണ്ടുകളിൽ എത്തി ചുണ്ടിൽ തൊട്ട് നോക്കിയപ്പോൾ ചോര അടിയുടെ ആഘാതത്തിൽ കവിളിന്റെ ഉൾവശം പല്ലിൽ തട്ടി മുറിഞ്ഞതാണ്. അവൾ തല താഴ്ത്തി നിൽക്കുകയാണ്. എനിക്ക് ദേഷ്യം ഇരച്ചുകയറി.

“ർ ർ ർ ർ………”

എന്റെ മൊബൈൽ റിംഗ് ചെയ്തപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. ഞാൻ നിലത്ത് ചുറ്റും നോക്കി ,തറയിൽ കിടക്കുകയാണ് മൊബൈൽ .ഞാൻ അത് വേഗം കയ്യിലെടുത്തു. ഭാഗ്യത്തിന് ഫോണിന് ഒന്നും പറ്റിയിട്ടില്ല. ഞാൻ സ്ക്രീനിൽ നോക്കി ജിത്തുവാണ്, ഒരു കണക്കിന് ഇതിനെല്ലാം കാരണക്കാരൻ ഇവനാണ്. ഞാൻ വേഗം ഫോണെടുത്തു.


“ഹലോ ”

“എടാ ഞാൻ നിന്റോടെ മലയാളത്തിൽ പറഞ്ഞതല്ലേ എന്റെ ഷോറൂമിൽ വച്ച് കാണാമെന്ന് ” ഞാനവനോട് ദേഷ്യപ്പെട്ടു, അവളോടുള്ള എന്റെ ദേഷ്യം മൊത്തം ഞാൻ അവനോട് നിർത്തു.

ഞാൻ ഫോണിൽ ദേഷ്യപ്പെടുന്നത് കണ്ട് പേടിച്ച് നിൽക്കുകയാണ് അവൾ.

“എടാ അതിന് ഞാനെന്ത് ചെയ്തു ” ജിത്തു ഒന്നുമറിയാതെ എന്നോട് ചോദിച്ചു.

“ഒന്നുമില്ല. നീ എത്തിയോ?” ഞാൻ തിരക്കി.

“മം ..”

“ഞാൻ ദാ വരുന്നു “.

അവൾ എന്തോ പറയാനായി വന്നുവെങ്കിലും എന്റെ മുഖത്തെ ദേഷ്യം കണ്ട് നിശ്ചലയായി.

ഞാൻ അവിടുന്ന് തിരിഞ്ഞ് നടന്നു. ഞാൻ നേരെ കോഫി ഷോപ്പിലെ വാഷ് റൂമിലേക്ക് പോയി വായ കഴുകി തുപ്പിയപ്പോൾ അത് മുഴുവൻ രക്തം ആയിരുന്നു. ഞാൻ ഒന്നുകൂടെ കഴുകിയ ശേഷം വാഷ് റൂമിൽ നിന്ന് പുറത്ത് ഇറങ്ങി . കവളിൽ ഉള്ളിലും പുറത്തും നല്ല നീറ്റലുണ്ട്.

“ഉരുക്കു കൊണ്ടാണോ അവളുടെ കൈ ഉണ്ടാക്കിയിരിക്കുന്നത് ” ഞാൻ അലോചിച്ചു.

ഞാൻ എന്നെ കാത്തിരിക്കുന്ന ജിത്തുവിന്റെ ടേബിളിന് നേരെ നടന്നു. എന്റെ കോളേജ് ഫ്രണ്ട് ആണ് ജിത്തു. ഫ്രണ്ട് എന്നു പറഞ്ഞാൽ കട്ട ചങ്ക്. അവന്റെ എന്തോ ആവശ്യത്തിന് കുറച്ച് പണം എന്നോട് കടമായി ചോദിച്ചിരുന്നു. ഞാൻ ഷോറൂമിൽ വരാൻ പറഞ്ഞപ്പോഴാണ് അവൻ ഇവിടെ വച്ച് കാണാമെന്ന് പറഞ്ഞത്. അത് കാരണം എനിക്ക് നല്ല ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് തല്ല് കിട്ടി.

ഞാൻ ചെയറ് വലിച്ചിട്ട് അതിൽ ഇരുന്നു.

“ഇതെന്തു പറ്റിയെടാ നിന്റെ കവളിൽ , ചുവന്നു കിടക്കുന്നു ” .

അവൻ കണ്ടപാടെ ചോദിച്ചു. വെളുത്ത മുഖമായതു കൊണ്ട് അടി കിട്ടിയാലും ദേഷ്യം വന്നാലും എന്റെ മുഖം ചുവക്കും. ഞാൻ നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞു.

കേട്ട് കഴിഞ്ഞതും ജിത്തു പൊട്ടിചിരിക്കുകയാണ്.

” അപ്പൊ ആ ദേഷ്യമാണ് നേരത്തെ ഫോണിൽ നീ എന്നോട് തീർത്തത്. ഞാൻ അലോചിക്കുകയും ചെയ്തു ഇതെന്ത് കൂത്തെന്ന് . ഒരു കണക്കിന് നിനക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു.”

ഇതും പറഞ്ഞ് അവൻ വീണ്ടും ചിരി തുടങ്ങി. എനിക്ക് ദേഷ്യവും സങ്കടവും ഒത്തു വന്നു. വെറുതെ ഒരു അടി വാങ്ങുകയും ചെയ്തു ആൾക്കാർക്കു മുന്നിൽ നാണം കെടുകയും ചെയ്തു.

“എടാ നീ ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ ?” ഞാനവനോട് ദേഷ്യപ്പെട്ടു.

“ആ ശരി ഞാൻ മിണ്ടുന്നില്ല. എടാ ഞാൻ പറഞ്ഞ കാര്യം ” .

അവൻ പറഞ്ഞു നിർത്തിയതും പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുത്ത് ഞാൻ ടേബിളിൽ വച്ചു.അവൻ അത് കയ്യിലെടുത്തു.

“എടാ പലിശ ”

അവൻ ഒരു പേടിയോടെയാണ് എന്നോട് അത് ചോദിച്ചത്.


“അത് നിന്റെ അപ്പൻ ഗോപാലൻ നായർക്ക് കൊടുത്താൽ മതി. ”

ഞാൻ അതു പറഞ്ഞു തീർന്നതും എനിക്ക് മുന്നേ അവൻ പൊട്ടി ചിരിച്ചു. അവന്റെ ചിരികണ്ട് ഞാനും ചിരിച്ചു.

“സ്വന്തം തന്തയ്ക്ക് വിളി കേട്ട് ചിരിക്കുന്ന നീ എന്തുവാടെ ഇങ്ങനെ ”

അത് കേട്ടതും അവൻ ഒന്നുകൂടെ ചിരിച്ചു.

“ഇതെന്ത് ജന്മം, ” ഞാൻ മനസ്സിൽ പറഞ്ഞു.

“എടാ നിനക്ക് കോഫി പറയട്ടെ ” ജിത്തു എന്നോട് ചോദിച്ചു.

“വേണ്ടടാ ഇപ്പൊ കുടിച്ചാൽ ശരിയാകില്ല ”

” നല്ലപോലെ കിട്ടിയല്ലേ , പല്ലു വല്ലതും ഇളകിയോ” ?

” ഒന്നു പോടാ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അത് പെണ്ണായതു കൊണ്ട് അവൾ രക്ഷപ്പെട്ടു. നിന്റെ സ്വഭാവം വച്ച് ആണായിരുന്നെങ്കിൽ അവൻ ഇപ്പൊ തീർന്നേനെ , നിനക്ക് ഒമ്മയുണ്ടോ കോളേജിലേ ടൂറിന്റെ അന്ന് നടന്ന സംഭവം. അതോടെ നീ കോളേജിൽ ഫാമസായി . ജിത്തു അതും പറഞ്ഞ് ചിരിച്ചു .

അത് എന്നെ കുറച്ച് വർഷം പിറകോട്ട് ചിന്തിപ്പിച്ചു.

കോളേജിൽ സെക്കന്റിയറിൽ വച്ച് ഒരു ക്ലാസ് ടൂർ ഉണ്ടായിരുന്നു. അന്നും ഇതുപോലെ സിങ്കിൾ ലൈഫ് ആയിരുന്നു. മനസ്സിനു പിടിച്ച ഒരുത്തിയും കോളേജിൽ ഇല്ലാത്തതു കൊണ്ട് സിങ്കിൾ ലൈഫുമായി മുന്നോട്ട് പോയിരുന്ന കാലം. നമ്മുടെ കുറച്ച് ചങ്ക് കൂട്ടുകാർ മാത്രം കൂടെയുള്ള കാലം.

ടൂറിന്റെ ലാസ്റ്റ് ഡേ സൂര്യ അസ്തമയം കാണാൻ വേണ്ടി എല്ലാരും ബീച്ചിൽ നിന്നു. ഞാനും എന്റെ ചങ്കുകളും തിരയിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരയിൽ വലിച്ചിട്ട് കുളിപ്പിച്ച് രസിച്ചു കൊണ്ടിരുന്നു. ക്ലാസ്സിലെ എല്ലാ കുട്ടികളും ടൂറിന് ഉണ്ടായിരുന്നു. ഒരു ടീച്ചറും സാറുമാണ് അദ്ധ്യാപകരായി ഉണ്ടായിരുന്നത്. തിരയുടെ അടുത്ത് പെൺകുട്ടികളോടൊപ്പം നിന്ന അഞ്ചന ടീച്ചറിനെ ഏതോ ഒരുത്തൻ വന്ന് തിരയിൽ തള്ളിയിട്ട് കയറി പിടിക്കാൻ ശ്രമിച്ചു. ഞാനിത് കാണുന്നുണ്ടായിരുന്നു. പിന്നെ അവിടെ നടന്നത് നല്ല ഒന്നാന്തരം ഫൈറ്റായിരുന്നു. ഞാനും അവനും കൂടെ. അവൻ കഞ്ചാവ് വലിച്ച് മൂത്താണ് ഇങ്ങനെ ചെയ്തത്. ഞാൻ അവന്റെ കൈയും കാലും തല്ലി ഒടിച്ചു. അത് കഴിഞ്ഞ് അവിടെ നിന്നില്ല എല്ലാവരും വണ്ടിയിൽ കയറി സ്ഥലം വിട്ടു. അടി കൊണ്ടവൻ മണലിൽ കിടന്ന് നീന്തുന്നതാണ് ഞാനവസാനം കണ്ടത്. അതോടെ ഞാൻ കോളേജിൽ ഫാമസായി . ടീച്ചറുടെ മാനം രക്ഷിച്ച വീരൻ എന്നൊക്കെ പിന്നെ എന്റെ ചങ്കുകൾ കളിയാക്കാനും തുടങ്ങി.

ഓരോന്ന് ആലോചിച്ച് സമയം പോയി ………..

“ഞാൻ ഇറങ്ങുവാ ഇനി ഷോറൂമിൽ പോകുന്നില്ല വീട്ടിൽ പോയി കിടന്നുറങ്ങണം എന്നാലേ പറന്നുപോയ കിളികൾ തിരിച്ചു വരൂ.
” ഞാനവനോട് പറഞ്ഞു.

“ആ പോ ,പോയി വല്ല ഞവര കിഴിയും കവളിൽ പിടി എന്നാലെ ശരിയാകൂ”. അവനതും പറഞ്ഞ് ചിരിച്ചു.

ഞാനവിടന്ന് ഇറങ്ങി. എനിക്ക് അടി കിട്ടിയ സ്ഥലമായപ്പോൾ ഒന്ന് സ്ലോ ആയി . അവിടെ ഇങ്ങനെ ഒരു സംഭവം നടന്ന ലക്ഷണമില്ല. ഞാൻ താഴെ ഇറങ്ങി മാളിന്റെ പുറത്തു വന്നപ്പോൾ എനിക്ക് സന്തോഷമായി. പുറത്ത് ജീപ്പില് ചാരി അച്ഛൻ നിൽക്കുന്നു , പോലീസ് ഡ്രസിൽ തന്നെ .ഞാൻ അങ്ങോട്ട് നടന്നു.

എന്നെ കണ്ടതും ഒന്ന് ചിരിച്ചു …പിന്നെ ചിരി മങ്ങി.

“എന്താടാ നിന്റെ മുഖത്ത് പറ്റിയത് ” .

തനി പോലീസുകാരന്റെ ഗാംഭീര്യത്തിൽ ചോദിച്ചു.

എന്റെ കണ്ണ് നേരെ മാളിന്റെ മുന്നിലെ മെയിൽ ഗ്ലാസ് ഡോറിലേക്ക് പോയി. എന്റെ കൈ ഞാനറിയാതെ തന്നെ എന്റെ കവളിൽ വന്നു. അതാ അവൾ ……എന്നെ അടിച്ച അവളും കൂട്ടുകാരിയും മെയിൽ ഡോർ തുറന്ന് വരുന്നു. അവളുടെ കൂട്ടുകാരി എന്നെ കണ്ടതും അവൾ എന്നെ അടിച്ച പെൺകുട്ടിയെ വിളിച്ച് കാണിച്ചു കൊടുത്തു. രണ്ടുപേരുടെയും മുഖത്ത് ഒരു ഭയം നിഴലിച്ചു. കാരണം എനിക്ക് മനസ്സിലായി, പോലീസ് ഡ്രസ്സിൽ നിൽക്കുന്ന എന്റെ അച്ഛനെ കണ്ടാണ് അവർ ഭയക്കുന്നത്.

അവർ പതിയെ നടന്ന് അച്ഛന്റെ മുന്നിൽ വന്നു.

“സർ ഒരു അബന്ധം പറ്റിയതാണ്. ആള് മാറി സംഭവിച്ചതാണ്. ദാ ഇവളെ കുറേദിവസമായി ഒരുത്തൻ ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇന്നവൻ ഇവിടയും വന്ന് ഇവളെ കയറി പിടിച്ചു. ആളുകളെ കണ്ടപ്പോൾ ആണ് അവൻ അവിടെ നിന്നും രക്ഷപ്പെട്ടത്. ഇവളാണ് ആദ്യം മാളിൽ വന്നത് ഞാനീ സംഭവം ഇവൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാൻ അവനെ കണ്ടിട്ടില്ല. ഇവൾ പറഞ്ഞ ഡ്രസ് കോഡ് വച്ച് ഞാനവിടെ അന്വേഷിച്ചപ്പോഴാണ് ഇയാളെ കണ്ടത്. ഞാൻ അയാളാണെന്ന് വിജാരിച്ചാണ് ദേഷ്യത്തിൽ ഇയാളെ തല്ലിയത്. സാർ കേസാക്കരുത് ………”

എന്നെ തല്ലിയ പെൺകുട്ടി ഇത്രയും പറഞ്ഞ് അച്ഛനെ ദയനീയമായി നോക്കുന്നത് ഞാൻ കണ്ടു. അവളുടെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു.

ഞാൻ അച്ഛന്റെ തോളിൽ കയ്യിട്ട് പൊട്ടി ചിരിച്ചു. എന്റെ ചിരികണ്ട് അച്ഛനും കുടുകുടാ ചിരിച്ചു.

ഒന്നും മനസ്സിലാകാതെ നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ് ഞാൻ കണ്ടത്.

“അച്ഛന് ഇപ്പോൾ എന്റെ മുഖത്ത് എന്ത് പറ്റി എന്ന് മനസ്സിലായല്ലോ?”

ഞാൻ അച്ഛാ എന്ന് വിളിച്ചത് കേട്ട് ഞ്ഞെട്ടി നിൽക്കുകയാണ് അവർ.

“അച്ഛാ ഞാൻ പോണു. ”

” ഷോറൂമിലോട്ടാണേടാ? ” അച്ഛൻ തിരക്കി.

“അല്ല വീട്ടിലോട്ട് ”

എന്നും പറഞ്ഞ് ഞാൻ ബൈക്കിൽ കയറി.

“സ്പീഡ് കുറച്ച് പോയാൽ മതി. കഴിഞ്ഞ ആഴ്ചത്തപ്പോലെ ഓവർ സ്പീഡിന് പോലീസ് പൊക്കീട്ട് എന്റെ അടുത്ത് വരരുത്. ബൈക്ക് അവർ കൊണ്ടുപോകും ”

അച്ഛൻ ഉത്തരവിട്ടു.

“എങ്കിൽ അച്ഛൻ വിവരമറിയും “എന്ന് പറഞ്ഞ് ഞാൻ ബൈക്ക് മുന്നോട്ട് പറത്തി.

അച്ഛനോട് അവർ എന്തോ സംസാരിക്കുന്നത് ഞാൻ ബൈക്കിന്റെ കണ്ണാടിയിലൂടെ കണ്ടു. എന്തായാലും ഉള്ളിലെ ദേഷ്യം അച്ഛന്റെ മുൻപിൽ അവർ ചമ്മിയപ്പോൾ തന്നെ മാറി.

” ഇനി അമ്മയോട് എന്തും പറയും ” എന്നാലോചിച്ച് ഞാൻ ബൈക്ക് മുന്നോട്ട് പായിച്ചു.

ബൈക്ക് വീടിനു മുന്നിൽ നിർത്തി. കതക് തുറന്നു കിടക്കുന്നു.

“ദൈവമേ !അമ്മ നേരത്തെ എത്തിയോ? ”

ഞാൻ ആത്മഗതം പറഞ്ഞതാണെങ്കിലും അത് എന്റെ വായിൽ നിന്ന് പുറത്തു വന്നു.

ഞാൻ പതിയെ അകത്ത് കയറി സ്റ്റെപ്പ് വഴി രണ്ടാം നിലയിലേക്ക് കയറാൻ ഒരുങ്ങിയതും.

“എന്താ മോനേ പൂച്ചയെ പോലെ പതുങ്ങി പോകുന്നേ .”

അമ്മ എന്നെ കണ്ടു എന്ന് എനിക്ക് മനസ്സിലായി.

“നിന്റെ കവിളെന്താ ചുവന്നു കിടക്കുന്നേ?”

” ഒന്നുമില്ല അമ്മേ”

“ടാ …… സത്യം പറയടാ ആരോടെങ്കിലും തല്ലുണ്ടാക്കിയോ ? തന്ത പോലീസാണെന്നുള്ള അഹങ്കാരമാണാ നിനക്ക് ?.”

അമ്മ ചൂടായി … ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.

“ഹാ ഹാ … ” അമ്മ പൊട്ടിചിരിക്കുന്നതാണ് ഞാൻ കണ്ടത്.

“ഒന്നുമില്ലങ്കിലും നിനക്ക് ഒരടിയുടെ ആവശ്യമുണ്ടായിരുന്നു. ആള് മാറിയിട്ടാണെങ്കിലും നിനക്ക് ആ കൊച്ച് തന്നത് നന്നായി. ”

” അമ്മേ …” ഞാൻ അപേക്ഷ ഭാവത്തിൽ വിളിച്ചു.

“എങ്ങനെ ഉണ്ടടാ ആ കൊച്ച് കാണാൻ കൊള്ളാവോ ?” അമ്മ എന്നോട് കളിയാക്കി കൊണ്ട് ചോദിച്ചു.

“എന്തിനാ കല്യാണം ആലോചിക്കാനോ?” ഞാൻ ദേഷ്യത്തിൽ ചോദിച്ചു.

“‘അങ്ങനെയെങ്കിലും നീ ഒന്ന് കെട്ടി കണ്ടാൽ മതി .”

” ഞാൻ ഫ്രീ ആയി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

പിന്നെ ഞാനവിടെ നിന്നില്ല വേഗം റൂമിലെത്തി. നേരെ ബെഡിൽ മുഖം പൂഴ്ത്തി .

“ർ ർ ർ ർ………”

മൊബൈൽ റിംഗ് ചെയ്ത സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ കോള് എടുത്തു.

“മച്ചാനെ ഞാനാ അബു .നാളെ ഒരു റൈഡ് പോകുന്നുണ്ട് മച്ചാൻ വരുന്നുണ്ടോ ? പുതിയ പിള്ളേരെം കൊണ്ടാ പോകുന്നേ.”

“എങ്ങോട്ടാ .” ഞാൻ തിരക്കി

” നേരെ കാശ്മീർ ,ലോങ്ങാ …..”

“എടാ ഞാൻ വരുന്നില്ല .നിങ്ങള് വിട്ടോ ഞാൻ അടുത്തതിൽ വരാം ”

” ശരി ”

ഞാൻ ഫോൺ വച്ചു. ഞാനിവിടത്തെ റൈഡിംഗ് ക്ലബിലെ മെമ്പറാണ്. ഇടയ്കൊക്കെ പോകാറുണ്ട് , മനസ്സിലെ സങ്കടങ്ങളെല്ലാം ബൈക്കിന്റെ ബാക്കിൽ കെട്ടിവച്ച് ആക്സിലേറ്ററിൽ കൈ കൊടുത്ത് പോകും .അവസാനം നിൽക്കുന്നത് ഹിമാലയത്തിലെ തണുപ്പൻ മലനിരകൾക്ക് മുകളിലാണ്.

മൊബൈൽ ബഡിലിട്ട് ഞാൻ ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ് മാറ്റി.

പുറത്ത് വന്ന് മൊബൈൽ ഫോൺ കയ്യിലെടുത്ത് നെറ്റ് ഓൺ ആക്കി വാട്സാപ്പ് ഓപ്പൺ ആക്കി. ഒരു സോറി വന്ന് കിടപ്പുണ്ട് നമ്പർ പരിചയമില്ല. ഞാൻ പ്രൊഫൈൽ ചെക്ക് ചെയ്തപ്പോഴാണ് ഇന്ന് എന്റെ കരണത്ത് തല്ലിയ കക്ഷിയാണെന്ന് മനസ്സിലായത്.

“എന്റെ നമ്പർ എങ്ങനെ കിട്ടിയതാണോ എന്തോ?” എന്ന് അലോചിച്ചപ്പോഴാണ് അച്ഛനോട് അവർ സംസാരിച്ചു നിന്ന രംഗം ഓർമ്മയിൽ വന്നത്. അപ്പോൾ നമ്പർ കൊടുത്ത കക്ഷിയെ പിടികിട്ടി ,എന്റെ അച്ഛൻ തന്നെ.

“ഞാൻ ദേഷ്യപ്പെടുന്ന (😠😠😠) ഇമോജി സെന്റ് ചെയ്ത് മൊബൈൽ മാറ്റിവച്ച് താഴത്തേക്ക് പോയി.

നേരെ അടുക്കളയിൽ പോയി എനിക്ക് മാറ്റിവച്ചിരുന്ന ചായയും കയിലെടുത്ത് ടി.വി യുടെ മുന്നിലെ സെറ്റിയിൽ ഇരുന്നു.

“വിളി വന്നോ .” എന്നും ചോദിച്ചുകൊണ്ട് അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു.

“ആ ഇന്ന് നേരത്തെ എത്തിയോ ?” ഞാൻ തിരിച്ച് ചോദിച്ചു.

“നീ റൂട്ട് മാറ്റണ്ട , പറ അവള് നിന്നെ വിളിച്ചോ?

” ഏതവള് ”

” നീ ഉരുണ്ട് കളിക്കണ്ട പറ രാഹുലേ ”

” വിളിച്ചില്ല വാട്സ് ആപ്പിൽ ‘സോറി’ എന്ന് മെസേജിട്ടു. അച്ഛനാണല്ലേ നമ്പറ് കൊടുത്തത്.

” അത് ആ കുട്ടിക്ക് നിന്നോട് മാപ്പ് പറയണം എന്നു പറഞ്ഞു അത് കൊണ്ട് കൊടുത്ത താ”

“ശരി”

“നിനക്ക് അത്താഴത്തിനെന്ത് വേണം ” . അമ്മ എന്നോട് ചോറിച്ചു.

“ഒന്നും വേണ്ട ”

ഞാൻ ചായയും വലിച്ച് കുടിച്ച് റൂമിൽ പോയി . സിസ്റ്റം ഓണാക്കി പാട്ടും വച്ച് കയറി കിടന്നു. ഉറക്കം വന്നപ്പോൾ സിസ്റ്റം ഓഫാക്കി പുതപ്പിനുള്ളിൽ കയറി.

“ചേട്ടന്റെ ഈ കവിളിലല്ലേ ഞാൻ തല്ലിയത്. ” അവൾ അതും പറഞ്ഞ് ഒരു ചുടു ചുംബനം എന്റെ ഇടത്തെ കവിളിൽ തന്നു.

പയ്യപയ്യെ ചൂട് കവളിൽകൂടി വന്നു. ഞാൻ ഞെട്ടി ഉണർന്നു.ചായകപ്പും എന്റെ കവളിൽ വച്ച് നിൽക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്. അങ്ങനെയാണ് എന്റെ കവളിൽ ചൂട് പറ്റിയത്.

“എന്താ അമ്മേ ഈ കാണിക്കുന്നേ? ”

“എന്റെ പുന്നാര മോനെ എത്ര നേരമായി ഈ അമ്മ വിളിക്കുന്നുവെന്ന് അറിയോ? പോയി കുളിച്ച് വലതും തിന്ന് ഷോറൂമിൽ പോടാ . എനിക്ക് സ്കൂളിൽ പോകാനുള്ളതാ” .

അമ്മ അതും പറഞ്ഞ് ചായ കപ്പും ടേബിളിൽ വച്ച് താഴേക്ക് പോയി.

“ഞാനെന്തിനാ അവള് എന്നെ ഉമ്മ വയ്ക്കുന്നത് സ്വപ്നം കണ്ടത്. ഛേ … ഇന്നലെ കണി കണ്ടവനെ ഇന്ന് കാണല്ലേ “.

അതും മനസ്സിൽ വിജാരിച്ച് എണീറ്റ് ഞാൻ ഫ്രഷായി, കാപ്പിയും കുടിച്ച് ഷോറൂമിലേക്ക് വിട്ടു.

എന്നെ കൂടാതെ അഞ്ച് സ്റ്റാഫ് എന്റെ ഷോറൂമിൽ ഉണ്ട്. മൂന്ന് ജെൻസും രണ്ട് ലേഡീസും . ഞാനെത്തുന്നതിനുമുൻപ് തന്നെ ഷോറൂം തുറന്ന് വൃത്തിയാക്കിയിരിക്കും.

ഞാൻ എന്റെ ക്യാമ്പിനിൽ കയറി ചെയറിൽ ഇരുന്നു.

” ചേട്ടാ ,നമ്മൾ കൊടുത്ത പരസ്യം പത്രത്തിൽ വന്നിട്ടുണ്ട് ഇന്റർവ്യൂ നാളെ രാവിലെ 10 മണിക്കാണ് ” .

കിരൺ ആണ് അത് വന്ന് പറഞ്ഞത്. കിരൺ ഇവിടുത്തെ സെയിൽസ് മാൻ ആണ്. ഞാൻ എല്ലാവർക്കും എന്റെ പേരോ അല്ലെങ്കിൽ ഏട്ടാ എന്നോ വിളിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്.

ഇവിടെ അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് അതിന്റെ പത്രപരസ്യം കൊടുത്ത കാര്യമാണ് കിരൺ പറഞ്ഞത്.

“ആ ശരി”

“ഇന്ന് KTM Duke 790 ഓർഡർ വന്നിട്ടുണ്ട് അവർ കുറച്ചു കഴിയുമ്പോൾ വരും. ”

അതും പറഞ്ഞ് കിരൺ അവിടുന്നു പോയി. ഉച്ചയ്ക്ക് ആ ബൈക്കിന്റെ സെയിൽ നടന്നു.

വൈകിട്ട് വീട്ടിലെത്തി പതിവു പോലെ ഞാൻ ഫ്രഷായി ചായയുമെടുത്ത് ടി.വി കണ്ടു കൊണ്ടിരുന്നപ്പോൾ അച്ഛൻ എന്റെ അടുത്തു വന്നിരുന്നു.

“എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”

“എന്താ അച്ഛാ”

” മറ്റെന്നാൾ ഒരു പെണ്ണ് കാണാൻ പോണം ”

“ആർക്ക് !അച്ഛൻ വീണ്ടും കെട്ടാൻ പോണാ ! അമ്മ അറിഞ്ഞോ ഇത്. ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എടാ നീ എന്റെ കയ്യിൽ നിന്നും വാങ്ങും. എനിക്കല്ല നിനക്കാ പെണ്ണുകാണാൻ പോകുന്നത്”

“അപ്പൊ എന്റെ സ്‌പ്നങ്ങൾ ” .

” നിന്റെ സ്വപ്നം ഞാനൊന്ന് തരും നിനക്ക് ” അതും പറഞ്ഞ് അമ്മ അടുക്കളയിൽ നിന്ന് എത്തി.

“നിന്റെ ഏറെകുറെ സ്വപ്നങ്ങൾ ഈ ആലോചനയ്ക്കകത്തുണ്ട്. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരിക്കണം , നല്ല സ്വഭാവം നല്ല പഠിത്തം, കാണാനും ഭംഗിവേണം – നിന്റെ ഈ സ്വപ്നങ്ങല്ലാം ആ പെൺകുട്ടിക്കുണ്ട്. പിന്നെ പ്രേമിച്ച് കെട്ടണം എന്ന് നീ പറഞ്ഞത് , നീ കെട്ടീട്ട് പ്രേമിച്ചാൽ മതി. ”

അമ്മ ഇത്രയും പറഞ്ഞ് ചാടി തുള്ളി അടുക്കളയിൽ തിരിച്ചു പോയി.

“എടാ ഒന്ന് പോയി കാണാം .നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിടാം” അച്ഛൻ അത് പറഞ്ഞു.

“ശരി” ഞാൻ സമ്മതം മൂളി. ഇനി സമ്മതിച്ചില്ലേൽ സരസ്വതി ചിലപ്പോൾ ഭദ്രകാളിയാകും.

പിന്നെ ഒന്നും അലോചിക്കാൻ നിന്നില്ല , കഴിച്ചിട്ട് വേഗം കട്ടിലുപിടിച്ചു.

അങ്ങനെ ആ ദിവസവും കടന്നുപോയി.

പിറ്റേന്ന് ഞാൻ നേരത്തെ ഷോറൂമിലെത്തി ഇന്നാണ് അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ഇന്റർവ്യൂ ഉള്ളത്. ഞാൻ സ്റ്റാഫുകളെ നിയമിക്കുമ്പോൾ ഇൻറർവ്യൂ ഒക്കെ നടത്തിയാണ് നിയമിക്കുന്നത്. 10 മണിയായപ്പോൾ കിരൺ വന്നു പറഞ്ഞു.

“ചേട്ടാ പരസ്യം കണ്ട് അഞ്ച് പേർ വന്നിട്ടുണ്ട്. ”

” ആ ശരി ഓരോരുത്തരെയായി കയറ്റി വിട്. ”

അങ്ങനെ നാല് പേരുടെ ഇന്റർവ്യൂ കഴിഞ്ഞു.

“ആ നെക്സ്റ്റ് . ”

അതു പറഞ്ഞതും അഞ്ചാമത്തെ ആൾ അകത്തു കയറി. കയറി വന്ന പെൺകുട്ടിയെ കണ്ട് ഞാനും എന്നെ കണ്ട് ആ പെൺകുട്ടിയും ഒരുപോലെ ഞ്ഞെട്ടി. രണ്ട് ദിവസം മുൻപ് എന്റെ കരണം തകർത്ത പെൺകുട്ടി. അറിയാതെ തന്നെ എന്റെ കൈ എന്റെ കവിളിൽ പോയി. പിന്നെയാണ് ഞാൻ സ്വബോധത്തിലെത്തിയത്.

“ഇരിക്കൂ ” മുൻപിൽ കിടന്ന ചെയറിൽ ചൂണ്ടി ഞാൻ പറഞ്ഞു.

അവൾ വന്ന് ചെയറിലിരുന്ന് സർട്ടിഫിക്കറ്റുകൾ എന്റെ നേരെ നീട്ടി. അവളുടെ ആ വെളുത്ത മുഖത്ത് ഒരു ഭയം നിഴലിച്ചിരുന്നു.

ഞാൻ ആ സർട്ടിഫിക്കറ്റുകൾ വാങ്ങി നോക്കി.

” അനുപമ അല്ലേ ”

“അതെ”

” ആദ്യത്തെ ചോദ്യം -ഒരു പെൺകുട്ടിയുടെ കൈ എത്ര കിലോമീറ്റർ സ്പീഡിൽ ചലിപ്പിച്ചാൽ ഒരാണിന്റെ കരണം അടിച്ച് പൊളിക്കാം ” . ഞാനിത് ചോദിച്ചതും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

” ഞാനന്ന് ആളുമാറി അടിച്ചതാ ” അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

“അയ്യോ പണി പാളിയോ ! അനൂ ഞാൻ വെറുതേ ചോദിച്ചതാ ,താൻ കരയാതെ ” എന്റെ അനൂ എന്നുള്ള വിളി കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

“സാറിന് എന്നോട് ദേഷ്യമുണ്ടോ?” ഒരു ഭയത്തോടെ അനുപമ ചോദിച്ചു.

” ദേഷ്യം ! ഉണ്ടായിരുന്നു പക്ഷെ എന്റെ അച്ഛന്റെ മുന്നിൽ താൻ ചമ്മിനാറി നിന്നപ്പോൾ ദേഷ്യമൊക്കെ പോയി. പിന്നെ താൻ എന്നെ സാറെന്നൊന്നും വിളിക്കണ്ട എന്റെ പേര് രാഹുൽ ,ഒന്നുകിൽ പേര് വിളിക്കുക അല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ടതുപോലെ എടാ ന്നോ പോടാ ന്നോ വിളിച്ചോ ” ഞാനതു പറഞ്ഞതും അവളുടെ മുഖം ചിരി കൊണ്ട് സൂര്യനെക്കാൾ പ്രകാശിതമായി തോന്നി.

“ആ അനുപമക്ക് പുതിയ മോഡേൺ ബൈക്ക് കളെ കുറിച്ച് എന്തൊക്കെ അറിയാം, ബ്രാൻഡ് , മോഡൽ അങ്ങനെ എന്തെങ്കിലും ”

“ഒന്നുമറിയില്ല ” അവൾ നിരാശ ഭാവത്തിൽ പറഞ്ഞു.

“അടിപൊളി….. കിരണേ …” ഞാൻ പുറത്തോട്ട് നോക്കി വിളിച്ചു.

“എന്താ ചേട്ടാ ” കിരൺ അകത്തു വന്ന് ചോദിച്ചു.

” അവിടെ വെയിറ്റ് ചെയ്യുന്നവരോട് പോകാൻ പറ . ”

“ആ ശരി”

“അനുപമ യു ആർ സെലക്ടട്. ” ഞാനതും പറഞ്ഞ് അപമയുടെ മുഖത്ത് നോക്കി ചിരിച്ചു.

“സർ !അല്ല . ചേട്ടാ എനിക്ക് ബൈക്കുകളെ കുറിച്ചൊന്നും അറിയില്ല ”

” തന്നെ സെയിൽസ് ഗേൾ പോസ്റ്റിലേക്കല്ല അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആണ് ഇന്റർവ്യൂ ചെയ്തത്. തനിക്കതിനുള്ള കോളിഫിക്കേഷൻ ഉണ്ട്. എന്നാ ജോയിൻ ചെയ്യുന്നേ നാളെയാണോ ?”

“അല്ല ,നാളെ ഒരു ഫാമിലി ഫംങ്ഷൻ ഉണ്ട് മറ്റെന്നാൾ ജോയിൻ ചെയ്യാം ” .

“ആ ശരി”

ഞങ്ങൾ ഒരു ഷേക്കന്റ് കൊടുത്ത് പിരിഞ്ഞു. അവൾ അടുത്തുണ്ടായിരുന്നപ്പോൾ മനസ്സ് മുഴുവനും കൂൾ ആയിരുന്നു. ഹിമാലയത്തിൽ നിൽക്കുന്നപോലെ .പിന്നെ ഒരു പോസിറ്റീവ് എനർജിയും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.

അങ്ങനെ അന്നത്തെ ഷോറൂമിലെ ജോലികൾ തീർത്ത് ഞാൻ വീട്ടിലെത്തി. നേരെ പോയി ഫ്രഷായി ടി.വിയുടെ മുന്നിലെത്തി. അച്ഛൻ പതിവു പോലെ വന്ന് അടുത്തിരുന്നു.

” നാളത്തെ കര്യം മറന്നിട്ടില്ലല്ലോ? ”

“എന്ത് കാര്യം?” ഞാൻ ഒന്നും അറിയാത്തപോലെ ചോദിച്ചു.

“എടാ നാളെ നിനക്ക് പെണ്ണ് കാണാൻ പോകുന്ന കാര്യം. ”

“ആ നോക്കാം ” ഞാൻ ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.

” അത് അവിടെ പോയിട്ട് വ്യക്തമായി ‘പെണ്ണിനെ നോക്കിയാൽ മതി. ” അച്ഛൻ എനിക്കിട്ട് താങ്ങി.

അങ്ങനെ ഓരോന്ന് സംസാരിച്ച് സമയം വൈകിയപ്പോൾ റൂമിലെത്തി ബഡിലേക്ക് ചരിഞ്ഞു കണ്ണുകളടച്ചു.. എന്റെ കണ്ണുകളിൽ അവളുടെ മുഖം തെളിഞ്ഞു വന്നു. എന്നെ അടിച്ച രംഗവും ഇന്റർവ്യൂനിടക്ക് അവളുടെ മുഖത്തു വന്ന ചിരിയും ഒക്കെ കണ്ണുകളിൽ നിറഞ്ഞു. അതെന്റെ ഉറക്കം കെടുത്തി.

“എനിക്ക് എന്താണ് പറ്റിയത് ഈശ്വരാ ! ” ഞാൻ സ്വയം ചിന്തിച്ചു.

“ഇനി നാളെ പെണ്ണ് കാണാനും പോണം അധവാ കല്യാണം കഴിഞ്ഞാ കൂട്ടിലടച്ച കിളിയുടെ അവസ്ഥയാകും എന്റേത് , എന്തായാലും അന്തിമ തീരുമനം എന്റേതാണ് .” അങ്ങനെ ഓരോന്നാലോചിച്ച് ഉറങ്ങി.

“എടാ എണീക്ക് ഇത്രയും വയസ്സായിട്ട് പോത്ത് പോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ. ”

അമ്മയുടെ ശകാരമാണ് എന്നെ ഉറക്കത്തിൽ നിന്ന് എണിപ്പിച്ചത്.

“എടാ പോയി കുളിച്ച് വാ ഒരു 10 മണിയാകുമ്പോൾ അവിടെ എത്തണം ഇവിടെ നിന്ന് കുറച്ച് ദൂരമുണ്ട് . നിനക്കുള്ള ഡ്രസ് ടേബിളിൽ എടുത്ത് വച്ചിട്ടുണ്ട്. ” .

അതും പറഞ്ഞ് അമ്മ താഴേക്ക് പോയി.

ഞാൻ പതിയെ പുതപ്പ് മാറ്റി ബഡിൽ നിന്ന് എണീറ്റു. കൈകൾ നിവർത്തി നെടുവീർപ്പിട്ടു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം 8.10 am. ഞാൻ ബാത്ത്റൂമിൽ കയറി ഫ്രഷായി.

പുറത്ത് വന്ന് ഇടാനുള്ള ഡ്രസ് നോക്കിയപ്പോൾ സത്യത്തിൽ ഞാനൊന്ന് ഞെട്ടി. അന്ന് ഷോപ്പിംഗ് മാളിൽ ഇട്ടോണ്ടു പോയി അടിവാങ്ങിച്ച വേഷം.

” ഇന്നും അടി വാങ്ങേണ്ടിവരുമോ?”. ഞനതും മനസ്സിൽ വിജാരിച്ച് ആ ഡ്രസ് എടുത്തിട്ടു.

താഴെ എത്തിയപ്പോൾ അമ്മ ഡൈനിംഗ് ടേബിളിൽ കാപ്പി ഒരുക്കി വച്ചിട്ടുണ്ട്. അതും കഴിച്ച് സെറ്റിയിൽ ഇരുന്നപ്പോൾ അച്ഛനും അമ്മയും റെഡിയായി വന്നു.

“പോയി വണ്ടി പോർച്ചിൽ നിന്ന് ഇറക്ക്”

അച്ഛനതു പറഞ്ഞപ്പോൾ ഞാൻ ചാവിയുമെടുത്ത് പുറത്തു വന്ന് വണ്ടിസ്റ്റർട്ടാക്കി പോർച്ചിന് പുറത്തിട്ടു. മഹീന്ദ്ര ത്ഥാർ അതാണ് എനിക്കിഷ്ടപ്പെട്ട ഫോർ വീലർ. അപ്പോഴേക്കും വീട് ലോക്ക് ചെയ്ത് അച്ഛൻ മുൻപിലും അമ്മ പുറകിലും കയറി.

“എങ്ങോട്ടാ എവിടെയാ സ്ഥലം . ” ഞാൻ തിരക്കി.

“നീ വണ്ടിയെട് ഞാൻ വഴി പറഞ്ഞ് തരാം , മോന് ഇടതും വലതുമൊക്കെ അറിയാമല്ലോ അല്ലേ ”

അച്ഛനത് പറഞ്ഞ് ഒന്ന് ആക്കി ചിരിച്ചു.

അങ്ങനെ ജീപ്പ് സിറ്റിയിൽ നിന്നും മാറി ഒരു സാധാ ഗ്രാമപ്രദേശത്തേക്ക് നീങ്ങി. ഒരു റോഡും രണ്ടുവശം മുഴുവൻ വയലും , കാണാൻ സൗന്ദര്യമേറിയ സ്ഥലം.

” നല്ല സ്ഥലം ” എന്റെ നാവിൽ നിന്ന് അറിയാതെ വീണു പോയി.

” അപ്പോ പെണ്ണും കൊള്ളാമായിരിക്കും ” അമ്മ അപ്പൊ തന്നെ ഒരു ഗോൾ അടിച്ചു. ”

ജീപ്പ് നേരെ ഒരു ഓടിട്ട തീരെ ചെറുതല്ലാത്ത ഒരു വീടിനു മുന്നിലെത്തി.

അച്ഛനും അമ്മയും ഞാനും ജീപ്പിൽ നിന്ന് പുറത്തിറങ്ങി.

എന്റെ അച്ഛന്റെ പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തു വന്ന് “കയറി വരൂ ” എന്ന് പറഞ്ഞ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ അകത്തു കയറി ഉള്ളിലുള്ള സെറ്റിയിൽ സ്ഥാനം ഉറപ്പിച്ചു. അപ്പോൾ ഒരു സ്ത്രി അവിടെ വന്നു എന്റെ അമ്മയുടെ പ്രായം കാണും .ഇവർ രണ്ടു പേരും പെണ്ണിന്റെ അച്ഛനും അമ്മയുമാണെന്ന് എനിക്ക് മനസ്സിലായി.

“എനിക്ക് മക്കൾ രണ്ടു പേരാണ് മൂത്തത് മോൾ അവളെ കാണാനാണ് നിങ്ങൾ വന്നത് ഇളയത് മോനാണ് അവൻ കോളേജിൽ പഠിക്കുകയാണ് ഹോസ്റ്റലിലാണ്. ”

പിന്നെയും അയാൾ അച്ഛനോട് എന്തൊക്കെയോ സംസാരിച്ചു.

അതിന് ശേഷം മോളെ വിളിക്കാൻ അയാൾ പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു.

അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ കുറച്ചു കപ്പുകളുമായി ഒരു പെൺകുട്ടി വരുന്നത് ഞാൻ കണ്ടു അവളെ കണ്ട് ഞാൻ ഞ്ഞെട്ടി. അനുപമ ! പക്ഷെ അവൾക്ക് ഭാവ വ്യത്യാസമൊന്നുമില്ല. ഞാൻ ഒരു കപ്പ് ചായ എടുത്തു. ഞാൻ കിളി പോയ അവസ്ഥയിൽ ഇരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ അവൾ അകത്തു കയറിപോയി.

ഞാൻ അച്ഛന്റെ മുഖത്തു നോക്കി , കക്ഷിയുടെ മുഖത്ത് ഒരു ഇളിച്ച ചിരിയുണ്ട്.

“എനിക്കിട്ട് പണിതതാണല്ലേ ”

ഞാൻ അച്ഛന്റെ ചെവിയിൽ പതുക്കെ ചോദിച്ചു.

“മോനെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവൾ അകത്തുണ്ട് .” അനുപമയുടെ അച്ഛനതു പറഞ്ഞതും എന്റെ അച്ഛൻ ഉന്തി തള്ളി അകത്തു വിട്ടു. ഞാൻ അകത്തു കയറിയപ്പോഴാണ് വീട് തീരെ ചെറുതല്ല എന്നു മനസ്സിലായത് മുന്നോട്ട് പോയപ്പോൾ ഒരു മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് ഞാൻ കണ്ടു. അകത്ത് കയറിയപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.

“അനൂ ” ഞാൻ അവളെ വിളിച്ചു.

” സോറി ചേട്ടാ ! എനിക്ക് ഒരാളെ ഇഷ്ടമാണ്.”

എന്ന മറുപടിയാണ് അവളിൽ നിന്ന് എനിക്ക് കിട്ടിയത്. അവൾ എന്നെ നോക്കാതെ പുറത്തേക്ക് നോക്കിയാണ് ഇത് പറഞ്ഞതും .

എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി. എന്റെ ശരീരം മുഴുവൻ തളർന്ന അവസ്ഥയായി. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ അവളെ മുൻപേ തന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന്.

തുടരും (തുടരണോ ? 🤔🤔🤔)

Comments:

No comments!

Please sign up or log in to post a comment!