കിനാവ് പോലെ
ചുറ്റും കൂടിയിരുന്നവർ പിരിഞ്ഞുതുടങ്ങിയിരുന്നു, ഞാൻ അവന്റെ കൈകളിൽ മുറുകെ പിടിച്ചു, സംസാരിക്കാനുള്ള ശക്തി കിട്ടാനായി ശ്വാസം ആഞ്ഞു വലിച്ചെടുത്തു .”ഞാൻ ..ഞാനൊന്നും ചെയ്തില്ലെടാ ,അവൾ …തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു “എന്റെ വാക്കുകൾ ഇടറിക്കൊണ്ടിരുന്നു .”നിനക്കറിയാലോ ഇന്നുവരെ സംസാരിക്കാനോ ശല്യപ്പെടുത്താനോ നിന്നിട്ടില്ല ,അതിനുള്ള ധൈര്യമില്ല എന്നതാണ് സത്യം “,എന്റെ മുഖം താഴ്ന്നു ..അവൻ നെടുവീർപ്പിട്ടു .”ഒരു തരത്തിൽ നന്നായി ,പ്രശ്നമാണെങ്കിലും നിനക്കവളോട് ഇഷ്ടമുണ്ടെന്നു അവൾ അറിഞ്ഞല്ലോ “..
സംഗതി ശെരിയാണെന്ന് എനിക്കും തോന്നി ,ഇല്ലെങ്കിൽ ഒരുപക്ഷേ ഈ ഇഷ്ടം എന്നോടുകൂടി മറഞ്ഞുപോയേനെ.അവളാണ് ശെരി അവൾക്കെന്നല്ല ഒരു പെണ്ണിനും പ്രേമിക്കാൻ തക്ക സൗന്ദര്യമോ ,കഴിവുകളോ ,സമ്പത്തോ തുടങ്ങി ഒരു പ്രത്യേകതയും എനിക്കില്ല .കോളേജിലെ ക്രിക്കറ്റ് ടീമിൽ ഉള്ളതും അത്യാവശ്യം ചിത്രം വരക്കാനുള്ള കഴിവും അവളെപോലെ ഒരുത്തിയെ സ്വാധീനിക്കാൻ തക്ക പ്രത്യേകതകൾ അല്ലാരുന്നിരിക്കും.പഠനത്തിലും നൃത്തത്തിലും ഏറെ മുന്നിലായതിനാൽ അവളെ അറിയാത്തവർ കുറവായിരുന്നു.
പക്ഷെ എന്നെ ആകർഷിച്ചത് ഇതൊന്നുമല്ല അവളുടെ കട്ടിയുള്ള പുരികങ്ങളും ചാരക്കളറുള്ള പീലികണ്ണുകളുമായിരുന്നു.
കളിക്കിടയിൽ ഫീൽഡിങ്ങിനായി ഓടുമ്പോൾ ശ്രദ്ധയില്ലാതെ കേറി ഇടിച്ചുവീണതാണ് ആദ്യ സമാഗമം.സോറി പറഞ്ഞു എണീക്കുമ്പോൾ ദേഷ്യം കൊണ്ട് ചുവന്ന മുഖവും വേദന കൊണ്ട് പാതി നിറഞ്ഞ ആ ചാരക്കണ്ണുകളുമായി അവൾ വെട്ടിത്തിരിഞ്ഞു പോയിക്കഴിഞ്ഞിരുന്നു .അന്ന് തൊട്ടു ആ കണ്ണുകളെ ഞാൻ അവളറിയാതെ പിന്തുടർന്നുകൊണ്ടിരുന്നു ,പറയാനുള്ള ധൈര്യം ഉണ്ടാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ .
പ്രണയിക്കുമ്പോൾ അത്യാവശ്യമായി ഒരാള്ക്കു വേണ്ടത് അത് തുറന്ന് പറയാനുള്ള ധൈര്യമാണ് എന്ന് ഉള്ളിലുണ്ടെങ്കിലും എനിക്ക് ആ ധൈര്യം ഒരിക്കലും ഉണ്ടായിരുന്നില്ല , സാധാരണ കോളേജ് കഴിയുന്നത് വൈകീട്ട് 3.15ന് ആണ് , അവൾ പോകുന്നത് 3.30ന്റെ ബസിനും .കോളേജ് സ്റ്റോപ്പിൽ അവൾ കൂട്ടുകാരോടൊപ്പം നിൽക്കുമ്പോൾ മുതൽ കാണാമറയത്ത് നിന്നും പോകുന്നതുവരെ നോക്കിനിൽക്കലായിരുന്നു എന്റെ പ്രണയം.3.30 മുതലുള്ള ക്രിക്കറ്റ് പ്രാക്ടിസ് ഞാൻ ചേരുമ്പോളേക്കും തുടങ്ങിയിട്ടുണ്ടാവും ..ആദ്യമൊക്കെ തെറി പറഞ്ഞിരുന്നെങ്കിലും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നോർത്തോ എന്തോ ഇപ്പൊ ഒന്നും പറയാറില്ല..
എന്റെ കുഞ്ഞുനാൾ മുതലുള്ള ഇഷ്ടങ്ങൾ ഒന്ന് ക്രിക്കറ്റും മറ്റൊന്ന് ശബരിയും ആയിരുന്നു , അടുത്തടുത്ത വീടുകളിൽ ആയതിനാലും ഒന്നിച്ചു കളിച്ചും പഠിച്ചും വളർന്നതിനാലും അവനില്ലാത്തൊരു സമയം ജീവിതത്തിൽ വളരെ കുറവാണു.
പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചത് …വെറും കുറച്ചു നിമിഷങ്ങൾ കൊണ്ട് ഭൂമിയിൽ കീഴ്മേൽ മറിഞ്ഞുപോയി , , ” ഡാ പോട്ടെ , നീ കരയാതെ വന്നേ ” ശബരി എന്നെ കുലുക്കിയുണർത്തി പറഞ്ഞപ്പോഴാണ് ഇപ്പോളും ആ പൂവാകതണലിൽ നിയന്ത്രണമില്ലാതെ ഒഴുകുന്ന കണ്ണീരും നെഞ്ചിൽ ചേർത്തു പിടിച്ചിരിക്കുന്ന അവന്റെ കയ്യുമായി ഞാൻ ഇരിക്കുകയാണെന്ന ബോധം വന്നത് ..എന്നെ ബലമായി പിടിച്ചെഴുന്നേല്പിച്ചു ക്ലാസിനു നേരെ നടക്കുമ്പോൾ ഞാൻ അവനോടു കെഞ്ചി “വീട്ടിൽ പോവാം ,എനിയ്ക്കിന്നു ഇനി ആരെയും ഫേസ് ചെയ്യാൻ വയ്യ “..
മറുത്തൊന്നും പറയാതെ എന്നെ അവിടെത്തന്നെ നിർത്തി ബാഗുകൾ എടുത്തു അവൻ പുറത്തുവന്നു , ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറകിൽ കേറ്റി അവൻ മെല്ലെ പോയിക്കൊണ്ടിരുന്നു , ഞാൻ എന്തോ ക്ഷീണിച്ചു അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു പുറത്തു തലചായ്ച്ചു കണ്ണുകൾ അടച്ചു …നഷ്ടപ്രണയം വൺവേ ആണെങ്കിലും, പരസ്പരം ഉണ്ടെങ്കിലും ആത്മാർത്ഥമായിട്ടാണെങ്കിൽ അത് തീർച്ചയായും നിങ്ങളുടെ ഹൃദയം മുറിച്ചിരിക്കും ..പ്രിയപ്പെട്ടതൊന്നു നഷ്ടപ്പെടുക എന്ന സമയം അതിജീവിക്കുക കഠിനമാണ്..
ഇനി എന്നെ കുറിച്ചൽപ്പം പറയാം ..ഞാൻ മനു , അമ്മയും പെങ്ങളും അടങ്ങുന്ന കുഞ്ഞു കുടുംബം .വളരെ കഷ്ടപാടുകളിലൂടെ ജീവിക്കുന്നു .അമ്മ ഒരു പ്രൈവറ്റ് പ്രീ പ്രൈമറി സ്കൂൾ ടീച്ചറാണ് ,വളരെ തുച്ചമായ ശമ്പളത്തിൽ 3 പേരും കഴിയുന്നതെങ്കിലും ഇതുവരെ പഠിക്കാനല്ലാതെ മറ്റൊന്നിനും അമ്മ സമ്മതിച്ചില്ല , പഠിക്കാൻ അതി സമർത്ഥൻ അല്ലെങ്കിലും 70-75%മാർക്കിൽ പോകുന്ന ഒരു മിഡിൽ ബെഞ്ചെർ .അച്ഛൻ കുഞ്ഞിലെ മരിച്ചതുകൊണ്ടു അമ്മ ഒരുപാട് മെനക്കെട്ടാണ് പഠിപ്പിക്കുന്നതെന്നു എന്നും നല്ല ബോധ്യമുണ്ടായിരുന്നു .മെലിഞ്ഞു ഇരുനിറത്തിൽ ആയിരുന്നതുകൊണ്ട് അപകർഷതാ ബോധം ഇത്തിരി കൂടിയ പ്രകൃതമാണ് എന്റെത് ..
പക്ഷെ ശബരിയുടെ കാര്യത്തിൽ എല്ലാം വേറെ ആണ് , അവൻ അത്യാവശ്യം സാമ്പത്തികസ്ഥിതിയും കാണാൻ സുന്ദരനും ആയിരിന്നു.അവന്റെ വീടും അച്ഛനമ്മമാരും പെങ്ങളും എന്റേം കൂടെ ആയിരുന്നു എന്നും ..എന്റെയും പെങ്ങളുടെയും പണത്തിന്റെ അത്യാവശ്യങ്ങൾ നിറവേറ്റിത്തരുവാൻ അവർ ശ്രദ്ധിച്ചിരുന്നത് ഞങ്ങൾക്ക് വലിയ അനുഗ്രഹമായിരുന്നു .
വേർതിരിവുകൾ ഇല്ലാതെ 4 മക്കളായി ഞങ്ങളും വളർന്നു .ഞാനും ശബരിയും സമപ്രായക്കാർ എന്നപോലെ ഞങ്ങളുടെ പെങ്ങന്മാരും ഒരേ പ്രായക്കാരായിരുന്നു .പൊതുവേ അന്തർമുഖനായിരുന്ന ഞാൻ പ്രണയിക്കുന്നതും അവളെ കാണാൻ എടുക്കുന്ന അഭ്യാസങ്ങളും ശബരിക്ക് ആദ്യമൊക്കെ അത്ഭുതമായിരുന്നു .പിന്നെ പിന്നെ ആത്മാർത്ഥ സുഹൃത്തിന്റെ ജോലി അവനും എടുത്തു തുടങ്ങി .ഞങ്ങൾ 2ആം വർഷം ലിറ്ററേച്ചർ വിദ്യാർത്ഥികളും അവൾ എന്നുവെച്ചാൽ കീർത്തന bsc മാത്‍സും ആണ് .
അവളറിയാതെ അവളെ മനോഹരമായി പ്രണയിച്ചുകൊണ്ടിരിക്കുമ്പോളാണ് നേരത്തെ സംഭവിച്ച പൊട്ടിത്തെറി .അത് എങ്ങനെ സംഭവിച്ചതാണെന്നു ബൈക്കിൽ ഇരുന്നു ആലോചിച്ചെങ്കിലും എത്തും പിടിയും കിട്ടിയില്ല .ഞങ്ങളുടെ നാട് കോളേജിൽ നിന്നും 7km ദൂരെയുള്ള പച്ചപ്പ് നിറഞ്ഞ ഒരു ഗ്രാമമാണ് ,എങ്കിലും പ്രധാന സൗകര്യങ്ങൾ എല്ലാം അവിടെ ലഭിച്ചിരുന്നു .വീടിന്റെ അവിടെ എത്തുന്നതിനു മുൻപുള്ള ചെറിയ കവലയിലെ ആല്മരച്ചോട്ടിൽ എത്തിയപ്പോൾ ശബരി വണ്ടി നിർത്തി എന്റെ നേർക്ക് തിരിഞ്ഞു ” ഇത്തിരി സമയം ഇവിടിരുന്നു പോയാൽ പോരെ ?? ഞാൻ സമ്മതം കാണിച്ചൊന്നു മൂളി .
വെയിൽ ആറിത്തുടങ്ങി ,ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോളും ഞാനെന്റെ ആലോചനകളിൽ നിന്നും മുക്തനായിരുന്നില്ല .കുറച്ചു സമയം എന്നെ ശല്യപ്പെടുത്താതെ നിന്ന ശബരി സഹികെട്ട് എന്റെ മുഖം അവന്റെ നേർക്ക് തിരിച്ചുപിടിച്ചു .”നിന്റെ പ്ലാനെന്താടാ പന്നീ , ഇന്നുവരെ നീ പ്രേമിച്ചിരുന്നെന്നു പോലും അറിയാത്ത ഒരുത്തി നിന്നോട് പിന്നാലെ നടക്കരുതെന്നു പറഞ്ഞതുകൊണ്ട് നിന്റെ ഇനിയുള്ള ജീവിതം ഇങ്ങനെ മണ്ടനായി ജീവിക്കാനാണോ ….?
അങ്ങനെയാണെങ്കിൽ എന്റെ തനി കൊണം നീ അറിയും “.അവന്റെ മുഖം കണ്ടപ്പോൾ എന്തെങ്കിലും ചെയ്യുമെന്നു എനിക്കും തോന്നി .ഞാൻ മെല്ലെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .” ഡാ …ഒരാളോട് ഇഷ്ടം തോന്നുമ്പോൾ നമുക്ക് ഓർക്കാൻ പോലും സാധിക്കാത്ത ഒരുകാര്യം ഇതെങ്ങാനും പൊളിഞ്ഞാൽ എങ്ങനെ ഫേസ് ചെയ്യും എന്നുള്ളതായിരിക്കും, അതുകൊണ്ടുതന്നെയാണ് പലരും സ്വന്തം ഇഷ്ടം തുറന്നുപറയാന്പോലും മടിക്കുന്നത്.അറിയാതെ ആണെങ്കിലും അവളെന്റെയാണെന്നു ചിന്തിക്കുന്ന ആ നിമിഷം , മാറി നിന്നാണെങ്കിലും അവളുടെ പുഞ്ചിരികളും കളി ചിരികളും കാണുമ്പോളും നമുക്ക് തോന്നുന്ന ഒരു ഫീലുണ്ട് ,
ആ ഫീലിന് നമുക്ക് അവളെ സ്നേഹിക്കാൻ അർഹതിയില്ലെന്നോ അവൾ എന്നെങ്കിലും അറിഞ്ഞാൽ പുച്ഛത്തോടെ ദേഷ്യപ്പെടും എന്നോ ചിന്തിക്കാൻ തോന്നിക്കില്ല .
ശബരി മെല്ലെ എഴുന്നേറ്റു താഴെ കിടന്ന ആലില എടുത്തു കയ്യിൽ വെച്ചു എന്നോട് പറഞ്ഞു ” പണ്ട് നമ്മൾ കുഞ്ഞായിരിക്കുമ്പോൾ പറഞ്ഞു കേട്ടിരുന്ന ഒരു കാര്യമുണ്ട് ,ആലില 7 തവണ നെടുകെ പിളർന്നാൽ അതിനുള്ളിൽ കുഞ്ഞുകൃഷ്ണൻ മറ്റൊരു ആലിലയിൽ കിടന്നുറങ്ങുന്നത് കാണാമെന്നു ,ഓർക്കുന്നുണ്ടോ നീ .?? അവൻ വിഷയം മാറ്റാൻ ശ്രമിക്കുകയാണ് , പാവം .. ഞാൻ മിണ്ടാത്തത് കണ്ടപ്പോൾ അവൻ തുടർന്നു ” എടാ ,ആ കഥകളൊക്കെ നമ്മൾ ചിലപ്പോളെങ്കിലും വിശ്വസിച്ചിരുന്നില്ലേ ,മയിൽപ്പീലി നോട്ട് ബുക്കിൽ വെളിച്ചം കാണാതെ വെച്ചാൽ പ്രസവിക്കും എന്നതും അതുപോലൊരു കഥയാണ് ,ആരുടെയൊക്കെയോ ഭാവനകളിൽ വിരിഞ്ഞ നടക്കാത്ത ആഗ്രഹങ്ങൾ ,നീ ഇതുവരെ ചിന്തിച്ചിരുന്നതും നീയിപ്പോൾ ജീവിക്കുന്നതും ഏതോ ഭാവനയിൽ ആണെന്നാണ് എനിക്ക് തോന്നുന്നത് ,
നിന്റെ പ്രണയം ഒരു തെറ്റല്ല ,പക്ഷെ ഇന്നു സംഭവിച്ച കാര്യം നീ അംഗീകരിച്ചേ മതിയാകൂ ,പിന്നെ എല്ലാവരും പറയുന്ന വേറൊരു കാര്യമുണ്ട് ഓരോ അരിമണിയുടെയും മുകളിൽ അത് ഭക്ഷിക്കേണ്ടവന്റെ പേരെഴുതിയാണ് ഈ ലോകം സൃഷ്ടിച്ചവൻ ഭൂമിയിലേക്ക് അയക്കുന്നതെന്നു , അപ്പൊ നിനക്കുള്ളതു നിന്നിലേക്ക് വന്നു ചേരും. അതുകൊണ്ട് മോനിപ്പോ ചെയ്യേണ്ടത് വീട്ടിൽ ചെന്നു കേറുമ്പോളേക്കും ഈ മൂഡൊക്കെ മാറ്റണം .
എന്നിട്ട് ഇന്നു രാത്രി എങ്ങനെ മാറ്റാമോ അങ്ങനെ അതിപ്പോ കരഞ്ഞാണോ ഉറങ്ങാതിരുന്നാണോ എന്താണേലും നാളെ ആവുമ്പോളേക്കും ഈ കാര്യം മറന്നേക്കണം ,അത്രോള്ളു “. അവൻ നോക്കിയപ്പോൾ ഞാൻ സമ്മതത്തിൽ തലയാട്ടി .വീട്ടിലെത്തി ഇറങ്ങുമ്പോളും ഞാൻ ആലോചന വിട്ടിരുന്നില്ല ,” ഡാ ഞാൻ ഇപ്പൊ മേമയുടെ വീട്ടിലൊന്നു പോവും ,അഞ്ചു കൂടെയുണ്ട്, നീ ബോർ അടിക്കല്ലെട്ടോ , ഞാൻ പെട്ടെന്ന് പോയി വരാം എന്നിട്ട് നമുക്ക് പുറത്തൊന്നു പോവാനുണ്ട് ” അവൻ പറഞ്ഞു ,എന്നെ ഒറ്റക്കാക്കാനുള്ള വിഷമം അവന്റെ മുഖത്ത് കണ്ടു.അവനോടൊന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല . വീട്ടിൽ കേറി റൂമിലേക്ക് നടന്നു .
ക്ഷീണം കണ്ണുകളിലേക്ക് ചേക്കേറി , കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു .എല്ലാം ശെരിയാണെങ്കിലും എന്തോ ഒന്ന് ഹൃദയത്തിനെ ചുട്ടുപൊള്ളിക്കുന്നു .
മര്യാദക്ക് എണീച്ചു പോയില്ലെങ്കിൽ ചവിട്ടി മറച്ചിടും ഞാൻ “.മെല്ലെ എണീറ്റു പോയി ചായ കുടിച്ചെന്നു വരുത്തി തിരിഞ്ഞു നടന്നു ,സാധാരണ കഴിക്കാനുള്ള സാധനങ്ങൾ മൂക്കുമുട്ടെ തട്ടുന്ന ഞാൻ ഇന്നത് നോക്കുക കൂടി ചെയ്യഞ്ഞത് അമ്മയെ അത്ഭുതപ്പെടുത്തിയെന്നു തോന്നുന്നു അതിനും ചീത്തകേട്ടപ്പോൾ എനിക്കെന്തോ തല പെരുത്തു , “നിങ്ങളൊന്നും മിണ്ടാതിരിക്കുന്നുണ്ടോ , ഒരു സമാധാനം തരാതെ എന്തെങ്കിലും പറഞ്ഞോളും ,ഈ പിന്നാലെ നടന്നു ഓരോന്ന് ചെയ്യിക്കാൻ ഞാനെന്താ ഇള്ളക്കുട്ടിയാണോ …
അതോ ഞാൻ ഇനി എങ്ങോട്ടേലും ഇറങ്ങിപ്പോണോ ..? എനിക്ക് എല്ലാം കൂടെ മടുത്തു ,കോപ്പ് …” ഞാൻ അലറിക്കൊണ്ട് റൂമിന്റെ വാതിൽ ആഞ്ഞടച്ചു.. ഒന്നിനും കൊള്ളാത്തവൻ ആണെന്നൊരു പ്രതീതി എന്റെയുള്ളിൽ നുരഞ്ഞുപൊന്തി .ദേഷ്യമാണോ സങ്കടമാണോ എന്നറിയാത്ത അവസ്ഥ ,ലോകം തന്നെ എതിര് നിൽക്കുന്ന നിമിഷം ..ആർക്കും ആവശ്യമില്ലാത്ത ഒരു പാഴ് ജന്മമായി മാറിയോ എന്നുള്ള തോന്നൽ മനസിലേക്ക് ഇരുട്ട് കയറ്റി , എന്തിനാണ് ഒരു കോമാളിയാകുന്നത് അതിനെക്കാൾ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന ആശയം സമാധാനമേകി തുടങ്ങി ,
മറ്റൊരു പോംവഴിയും തെളിയാത്ത വിധത്തിൽ ഞാൻ ആലോചിച്ചു കൂട്ടിയിരുന്നു ..അതേ , അത് തന്നെയാണു നല്ലത് .! അമ്മയെയോ പെങ്ങളേയോ ശബരിയെയോ മറ്റൊന്നും എന്റെ മനസ്സിൽ തെളിഞ്ഞതെ ഇല്ല .ഇനി ഏത് വഴിയാണ് മരിക്കേണ്ടത് എന്നുള്ള കാര്യം മാത്രമേ ചിന്തിക്കാനുള്ളു .മേശ വലിപ്പു തുറന്നപ്പോൾ കണ്ണുടക്കിയത് ബ്ലേഡിൽ ആയിരുന്നു .ഇടത് കൈ നീട്ടിപ്പിടിച്ചു ഞെരമ്പിലേക്കു പതിയെ വെച്ചു ,
ഇന്നു വരെ അനുഭവിച്ച എല്ലാ കാര്യങ്ങളും മനസിലൂടെ മിന്നിമറഞ്ഞു പക്ഷെ എല്ലാം ചെന്നെത്തിയത് ആ ഒരു നിമിഷത്തിലേക്കാണ് അവളുടെ വലിഞ്ഞു മുറുകിയ മുഖം അഗ്നി ചിതറുന്ന കണ്ണുകൾ ,ഹൃദയം തകർത്ത വാക്കുകൾ ചുറ്റും കൂടി നിൽക്കുന്നവരുടെ പരിഹാസങ്ങൾ, ഓർക്കുന്തോറും എന്റെ ഉള്ളിൽ എന്നോടുതന്നെ പക തോന്നി ..കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ ഞരമ്പിലേക്ക് ബ്ലേഡ് ആഴ്ത്തി .
തുടരും , തുടരണോ ..??
( പ്രിയപ്പെട്ടവരെ ഇവിടെ കഥകൾ വായിച്ചുമാത്രം പരിചയമേ ഉള്ളു , ഇത് ഒരുപാട് പോരായ്മകളുള്ള ഒരു കഥയാണ് ,എന്റെ ആദ്യ ശ്രമം .എന്നാലും കഴിവിന്റെ പരമാവധി നന്നാക്കാൻ ഞാൻ ശ്രമിക്കും , തെറ്റുകുറ്റങ്ങൾ പൊറുത്തു വായിക്കുകയും അഭിപ്രായം പറയുകയും വേണം .എന്റെ ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന കഥയാണ് ..പേജുകൾ എണ്ണം കുറവാണെന്ന് അറിയാം ,ഫോണിലാണ് എഴുതുന്നത് അതുകൊണ്ടാണ് ഇങ്ങനെ .എല്ലാം ക്ഷമിക്കുക
സ്നേഹത്തോടെ Fireblade
Comments:
No comments!
Please sign up or log in to post a comment!