❤️പാർവതീപരിണയം

രാഘവന്റെ അമ്മ സരസ്വതിയാണ്

“അമ്മക്കതു പറായാം ഇന്നത്തെ കാലമാണ്, ചെറിയകുട്ടികൾക്കു പോലും ഇവിടെ ഒരു സുരക്ഷയും ഇല്ല, “

“ദേ അവള് വരുന്നുണ്ട്, ഇനി വന്ന ഉടനെ അതിനെ വഴക്കുപറയാൻ നിക്കണ്ട “

അച്ഛനും മുത്തശ്ശിയും മുറ്റത്തു നിൽക്കുന്നത് കണ്ടാണ് പാർവതി അങ്ങോട്ടേക്ക് എത്തുന്നത്, അച്ഛന്റെ മുഖം കണ്ടതെ ഇന്നത്തേക്കു വഴക്കിനുള്ള കാരണമായെന്ന് അവൾ ഉറപ്പിച്ചു.

പാർവതി, മനക്കൽ തറവാട്ടിലെ രാഘവൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മൂത്ത പുത്രി b.tech അവസാന വർഷം വിദ്യാർത്ഥിനി , അവൾക്കു ഇളയത് ദുർഗ ഇപ്പോൾ +2 പഠിക്കുന്നു, ഇളയകുട്ടിയുടെ ജനനത്തോടെ അമ്മ മരിച്ച മക്കളെ രാഘവൻ നായർ താഴത്തും തലയിലും വക്കാതെയാണ് നോക്കിയത്, വേറൊരു കല്യാണം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചു എങ്കിലും അയാൾ അതിനു തയ്യാർ അല്ലായിരുന്നു, എന്റെ മക്കളെ ഞാനും എന്റെ അമ്മയും കൂടെ നോക്കികൊള്ളാം അവർക്ക് ഒരു രണ്ടാനമ്മയുടെ ആവശ്യമില്ല .അതായിരുന്നു അയാളുടെ വാദം

“എന്റെ കുട്ടീ നീ ഇതെവിടെയായിയുന്നു, നിന്റെ അച്ഛൻ ഇതെത്ര നേരമായി ഇങ്ങനെ വഴിക്കണ്ണുമായി നിൽക്കുന്നു എന്നറിയുമോ “

രാഘവനെ സംസാരിക്കാൻ സമ്മതിക്കാതെ സരസ്വതിയമ്മ സംസാരിച്ചു തുടങ്ങി

“മുത്തശ്ശി, ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജെക്ടിനെ ബാക്കി ഉണ്ടായിരുന്നു ചെയ്യാൻ, അതാണ്‌ താമസിച്ചത് “

“എന്നാൽ ആ കാര്യം നിനക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ, ബാക്കിയുള്ളവരെ ഇങ്ങനെ തീ തീറ്റിക്കണോ “

“ഫോൺ ബാറ്ററി തീർന്നു off ആയിപ്പോയി മുത്തശ്ശി, അച്ഛാ അച്ഛൻ പാറുനോട് പിണക്കമാ… പാറു പാവമല്ലേ ഇനി ഇങ്ങനെ ഉണ്ടാവില്ല പാറുനോട് മിണ്ടാവോ “

പാർവതി നിന്ന് ചിണുങ്ങി, ബാക്കി എന്തും രാഘവൻ സഹിക്കും സ്വന്തം

പാതിയായ ലക്ഷ്മി പോയപ്പോൾ പോലും അയാൾ കരഞ്ഞിട്ടില്ല എന്നാൽ മക്കളുടെ കണ്ണ് കലങ്ങിയാൽ അയാൾക്ക്‌ സഹിക്കില്ല

“അച്ചന്റെ മോളിങ്‌ വാ “

“തല്ലില്ലാന്നു ഉറപ്പു പറഞ്ഞാൽ വരാം “

“ പാറുനെ എന്നെങ്കിലും ഈ അച്ഛൻ തല്ലീട്ടുണ്ടോ “

അത് കേട്ടതും പാർവതി അച്ഛന്റെ മാറിൽ ചാഞ്ഞു

“അച്ഛാ, അറിഞ്ഞോടല്ലച്ഛാ ഇത്രയും വൈകും എന്ന് കരുതിയില്ല “

“ആ ഇനീപ്പോ അതിനെക്കുറിച്ചൊന്നും പറയണ്ട മോളിങ്‌ വന്നല്ലോ, മുത്തശ്ശിടെ കൂടെ ചെന്ന് ചായ കുടിക്കു “

“ശരി അച്ഛാ “

അതും പറഞ്ഞവൾ മുത്തശ്ശിയേയും കൂട്ടി ഉള്ളിലേക്ക് പോയി, ഉള്ളിൽ ചെന്നതും പുറത്തു നടന്ന കാര്യങ്ങൾ ഒന്നും നമ്മളെ ബാധിക്കുന്നതല്ല എന്നിലുള്ള ഭാവത്തിൽ ഒരാൾ tv യും കണ്ടു മിച്ചറും കൊറിച്ചു കൊണ്ടിരുപ്പുണ്ട്

“കാല് അടുപ്പിച്ചു വച്ചിരിക്കു പെണ്ണേ “

ദുർഗയുടെ ഇരിപ്പു കണ്ടതും മുത്തശ്ശി അവളെ വഴക്ക് പറഞ്ഞു, ആൺമക്കൾ ഇല്ലാത്ത മനക്കൽ തറവാട്ടിലെ മീശവെക്കാത്ത ആൺകുട്ടിയാണ് ദുർഗ, രാഘവൻ നായരുടെ മുന്നിൽ മുഖത്തു നോക്കി സംസാരിക്കാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടെങ്കിൽ അത് അവൾക്കു മാത്രമാണ്

“ആ എത്തിയോ തംബുരാട്ടി, ഇതെവിടെയായിരുന്നു ഇത്രയും സമയം “

“ഒന്നും പറയണ്ടെന്റെ കൊച്ചു തംബുരാട്ടി, പോരാൻ നേരത്തു ഒരു ചെറിയ പണി കിട്ടി “

അനിയത്തി ആണെങ്കിലും പാർവതിയുടെ ഏറ്റവും അടുത്ത സുഹൃത്തും ദുർഗ തന്നെയായിരുന്നു, ദുർഗ അറിയാത്ത ഒരു രഹസ്യവും അവൾക്കുണ്ടായിരുന്നില്ല, ആദ്യമായി ഒരു പ്രേമലേഖനം കിട്ടിയപ്പോൾ പോലും അവൾ ആ കാര്യം ആദ്യം പറഞ്ഞത് ദുർഗ്ഗയോട് ആയിരുന്നു,

“ആ നീ പോയി ചായ കുടിച്ചിട്ട് വാ എനിക്ക് കുറെ സംസാരിക്കാനുണ്ട് “

പാർവതിയും ദുർഗയും തമ്മിൽ 5വയസിനു വ്യത്യാസം ഉണ്ടെങ്കിലും, ദുർഗ ഒരിക്കലും പാർവതിയെ ചേച്ചി എന്ന് വിളിച്ചിട്ടില്ല.



പാർവതി മുത്തശ്ശിയുടെ കൂടെ ചായകുടിക്കാൻ അടുക്കളയിലേക്കു നടന്നു, ചായകുടിയും കഴിഞ്ഞു കുളിയും കഴിഞ്ഞു വരുമ്പോളേക്കും മുത്തശ്ശി തുളസിത്തറയിൽ വിളക്ക് വച്ചിരുന്നു

“വാ കുട്യോളെ നാമം ജപിക്കാം”

അതുകേട്ടതും പാർവതി മുത്തശ്ശിയുടെ അടുക്കലേക്കു ചെന്നു , ദുർഗക്ക് ഇതിലൊന്നും വല്യ വിശ്വാസം ഇല്ല മുത്തശ്ശി വഴക്ക് പറയും എന്നുള്ളതുകൊണ്ട് മാത്രം അനുസരിക്കുന്നു.

ഭക്ഷണം കഴിക്കുവാൻ എല്ലാവരും ഒരുമിച്ചു ഇരിക്കണം എന്നത് രാഘവൻ നായർക്ക് നിര്ബന്ധമാണ്. കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അയാൾ ആ കാര്യം എല്ലാവരോടുമായി അവതരിപ്പിക്കുന്നത്

“ഞാൻ എല്ലാവരോടും കൂടെ ഒരു കാര്യം പറയാൻ പോവുകയാണ്, ശ്രദ്ധിച്ചു കേൾക്കണം “

അയാളുടെ സ്വരത്തിൽ നിന്നുതന്നെ പറയാൻ പോകുന്ന കാര്യത്തിന്റെ ഗൗരവം എല്ലാവർക്കും മനസ്സിലായി എല്ലാവരും അയാളെ കേൾക്കാൻ തയ്യാറായി

“നമ്മുടെ പാറുവിനു ഒരു ആലോചന വന്നിട്ടുണ്ട്, മേലേടത്തെ ചന്ദ്രന്റെ മകനാണ് വിഷ്ണു .എല്ലാം കൊണ്ടും നമ്മുടെ പാറുവിനു ചേരും “

ആ വാർത്ത പാർവതി ഒരു നടുക്കത്തോടെയാണ് കേട്ടത് ,

“അച്ഛാ ഞാൻ പടിക്കുകയല്ലേ, ആദ്യം പഠിപ്പു കഴിയട്ടെ എന്നിട്ട് പോരെ കല്യാണം “

“അവർക്കും കല്യാണം ഇപ്പൊ നടത്തണം എന്നില്ല ,നിന്റെ പഠിപ്പൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നാ അവരും പറഞ്ഞത് “

“എന്നാലും അച്ഛാ “

“മോൾക്ക്‌ വേറെ ആരെയെങ്കിലും ഇഷ്ടം ഉണ്ടോ “

പെട്ടന്ന് അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ ഇല്ല എന്ന് പറയാനാണ് അവളക്കു തോന്നിയത് “ഇല്ലച്ഛാ അങ്ങനെ ഒന്നും ഇല്ല “

“അമ്മ എന്ത് പറയുന്നു “

“മേലേടത്തെ ചന്ദ്രനെ എനിക്കറിയാം, നല്ല കുടുംബക്കാരാ നമ്മളുമായി ചേരും. പിന്നെ അയാളുടെ മകനെക്കുറിച്ചു അന്വേഷിക്കണം “

“അതൊക്കെ ഞാൻ അന്വേഷിച്ചു, അറിഞ്ഞത് വച്ചു നല്ല പയ്യനാ ദുശീലങ്ങൾ ഒന്നും ഇല്ല, അപ്പൊ ഞാൻ എല്ലാവർക്കും ഇഷ്ടമാണ് എന്ന് പറയട്ടെ “

“ആഹാ എന്നെ കൂട്ടാതെ എല്ലാവരും കൂടെ തീരുമാനം എടുത്തല്ലേ. അപ്പൊ എനിക്കീ വീട്ടിൽ ഒരു വിലയും ഇല്ലേ “

ദുർഗ്ഗയാണ്, അവളോട്‌ അഭിപ്രായം ചോദിക്കാത്തതിലുള്ള ദേഷ്യമാണ്

“അച്ഛന്റെ പൊന്നൂനോട് ചോദിക്കാതെ അച്ഛൻ തീരുമാനം എടുക്കോ, പറ പൊന്നൂന് ഇഷ്ടമല്ലേ ആ ചേട്ടനെ “

“അതിനു ഞാൻ ആ ചേട്ടനെ കണ്ടിട്ടില്ലാല്ലോ, “

“അതിനെന്താ അടുത്ത ആഴ്ച നമ്മുടെ അഞ്ജലിച്ചേച്ചീടെ കല്യാണത്തിന് പോകുമ്പോ കാണാല്ലോ, ആ ചേട്ടൻ അവിടെ വരും “

ആ സംസാരം അവിടെ കഴിഞ്ഞു, എല്ലാവരും കിടക്കുവാനായി പോയി

പാർവതിയും ദുർഗയും ഒരു മുറിയിലാണ് ഉറങ്ങുന്നത്, കിടന്നു ഒരുപാട് നേരം കഴിഞ്ഞിട്ടും പാർവതിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല.
മനസ്സ് രണ്ടുപേരോടുള്ള സ്നേഹം തുലാസിൽ വച്ചു അളന്നു നോക്കുകയാണ് എത്രയൊക്കെ അളന്നാലും അച്ഛനോടുള്ള സ്നേഹത്തിന്റെ തട്ട് താണ് തന്നെയിരിക്കും,

‘ ഈ 23 വയസ്സിനിടയിൽ അച്ഛൻ തന്നെ വാക്കുകൾ കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല, എന്തൊക്കെ ആഗ്രഹിച്ചാലും ഞാൻ പറയാതെ തന്നെ നടത്തി തരും എന്റെ അച്ഛൻ, ഇവിടെയും അച്ഛൻ എന്റെ ആഗ്രഹം ചോദിച്ചതാണ് പക്ഷെ പറയാൻ എനിക്കാവില്ല. ഞാൻ സ്നേഹിക്കുന്ന ആൾ ഒരു അന്യ മതസ്ഥൻ ആണെന്നറിയുമ്പോൾ, എല്ലാ അച്ചന്മാരെയും പോലെയേ അച്ഛനും പ്രതികരിക്കാൻ സാധിക്കൂ’

‘റോയ് എന്റെ ഹൃദയം ഞാൻ അറിയാതെ കവർന്നെടുത്ത എന്റെ റോയിച്ചായൻ, ഒരുപാട് വട്ടം എന്നോട് പറഞ്ഞു എന്നെ ഇഷ്ടമാണ് എന്ന് പക്ഷെ ഇതുവരെ എനിക്കൊന്നും പറയാൻ സാധിച്ചിട്ടില്ല, ഇഷ്ടമല്ലാത്തത് കൊണ്ടല്ല. എനിക്കെന്റെ അച്ഛനെ ഒരിക്കലും വിഷമിപ്പിക്കാൻ സാധിക്കില്ലായിരുന്നു’

പാർവതി ഇങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കുന്ന സമയത്താണ് ദുർഗ എഴുന്നേൽക്കുന്നത്

“പാറു, നിനക്കെന്താ പറ്റിയെ എന്താ ഉറങ്ങാതെ. കുറെ നേരമായല്ലോ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു “

“ഒന്നൂല്ലടാ അച്ഛൻ കല്യാണ കാര്യം പറഞ്ഞപ്പോൾ മുതൽ ഒരു ടെൻഷൻ “

“റോയിച്ചന്റെ കാര്യമാണോ, അത് നിനക്ക് അച്ഛൻ ചോദിച്ചപ്പോൾ പറഞ്ഞൂടാരുന്നോ “

“ഞാൻ പറഞ്ഞിട്ട് അച്ഛൻ സമ്മതിച്ചില്ലെങ്കിലോ, ഇതിപ്പോ ഞാൻ മാത്രം വിഷമിച്ചാൽ മതിയല്ലോ. ഞാൻ തിരിച്ചും സ്നേഹിക്കുന്ന കാര്യം റോയിച്ചന് പോലും അറിയില്ല, എന്നോട് ചോദിച്ചപ്പോളൊക്കെ ഞാൻ ഇഷ്ടമല്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ “

“എന്തേലും ചെയ്യ് ,നിന്റെ ജീവിതം നിന്റെ ഇഷ്ടം “

ദുർഗ വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണു, പാർവതിക്ക് എന്തൊക്കെ ചെയ്തിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല, അവളുടെ മനസ്സ് ആ ദിവസത്തിലേക്ക് ഒന്ന് പിന്നോക്കം പോയി

ആദ്യമായ്‌ കോളേജിൽ എത്തുന്നതിന്റെ പേടിയോടെയാണ് പാർവതി ആ കോളേജിൽ കാലുകുത്തിയത്, ഇതിനു മുൻപ് ഒരിക്കൽ അഡ്മിഷൻ വന്നിട്ടുണ്ടെങ്കിലും അന്ന് അച്ഛൻ ഉണ്ടായിരുന്നു കൂടെ ,ഇന്ന് ഇപ്പോൾ ആരും ഇല്ല. ദൂരെ നിന്നെ അവൾ കണ്ടു കുറെ സീനിയർസ് പുതിയ കുട്ടികളെ തടഞ്ഞു നിർത്തി എന്തൊക്കെയോ ചെയ്യിക്കുന്നു അത് കണ്ടപ്പോളെ അവളുടെ കയ്യും കാലും വിറക്കാൻ തുടങ്ങി

കുറച്ചു ആളുകൾ ബൈക്കുകളിൽ ഇരിക്കുന്നുണ്ട് അവർ ആ വഴിക്കു നടന്നു പോയ ഒരു പെൺകുട്ടിയെ വിളിച്ചുവരുത്തി എന്തൊക്കെയോ പറയുന്നുണ്ട്, ദൂരം കൂടുതൽ ആയതിനാൽ ഒന്നും കേൾക്കാൻ സാധിക്കുന്നില്ല.
കുറച്ചു കഴിഞ്ഞതും അവൾ കരയാൻ തുടങ്ങി അത് കണ്ടിട്ടും അവർക്കു യാതൊരു കുലുക്കവും ഇല്ല അവർ വീണ്ടും അവളെ കളിയാക്കുകയാണ്

“ഡാ “

ആ ഒരു വിളിയിൽ കൂടി നിന്ന എല്ലാവരും ഞെട്ടി, ഈ സമയം പാർവതി നടന്നു അവരുടെ അടുത്ത് എത്തിയിരുന്നു

“നിന്നോടൊക്കെ ഞാൻ ആദ്യമേ പറഞ്ഞതാ ഇത് ഇവിടെ വരുന്ന കുട്ടികളെ ഒന്ന് എല്ലാവരുമായി പരിചയപ്പെടാൻ മാത്രം ഉള്ള ദിവസമാണ്, അല്ലാതെ നിനക്കൊക്കെ വരുന്ന പെൺകുട്ടികളെ mentally ചെയ്യാനുള്ള ദിവസമല്ല എന്ന് “

“സഖാവേ അത്… ഞങ്ങൾ വെറുതെ ആ കുട്ടിയോട് വീടും സ്ഥലവും ഒക്കെ ചോദിച്ചതേ ഉള്ളു, അതിനാണ് ഈ കുട്ടി കരയുന്നത് അല്ലാതെ ഞങ്ങൾ ഒന്നും ചെയ്തില്ല “

“എന്താ മോളുടെ പേര് “

അയാൾ ചോദിച്ചതും അവൾ പേര് പറഞ്ഞു

“ഗൗരി “

“എന്റെ പേര് റോയ്, ഇവിടെ എല്ലാവരും സഖാവ് റോയ് എന്ന് വിളിക്കും കുട്ടിക്കും അങ്ങനെ തന്നെ വിളിക്കാം “

അയാളുടെ ആ മാന്യമായ പെരുമാറ്റത്തിൽ തന്നെ അവളുടെ പേടി എല്ലാം പോയി

“അപ്പൊ ഇനി പറ, ഇവന്മാർ കുട്ടിയോട് എന്താ ചോദിച്ചത് “

“ആദ്യം പേരും സ്ഥലവും ചോദിച്ചു, അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഇതിൽ ഒരു ചേട്ടനോട് i love you എന്ന് പറയാൻ പറഞ്ഞു. ഞാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ എന്നെ ഒരുപാട് പേടിപ്പിച്ചു”

“ഇനി ഇവരിൽ നിന്നും ഒരു പ്രശ്നവും ഉണ്ടാവില്ല, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ കുട്ടി എന്റടുത്തു പറഞ്ഞാൽ മതി “

“ശരി ഏട്ടാ..,.,., അല്ല സഖാവേ “

അവളുടെ ആ ഏട്ടാ വിളി അയാളുടെ കണ്ണ് നിറച്ചു,

“മോൾക്ക്‌ എന്നെ ഏട്ടാ എന്ന് തന്നെ വിളിക്കാം, എനിക്കും ഉണ്ടായിരുന്നു ഒരു അനിയത്തി”

അത് പറയുമ്പോൾ അയാളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.. അയാൾ പിന്നെ വേറൊന്നും പറഞ്ഞില്ല

“അപ്പോ ഞാൻ ക്ലാസ്സിലേക്ക് പോട്ടെ ഏട്ടാ “

അവൾ അതും പറഞ്ഞു ക്ലാസ്സിലേക്ക് നടന്നു, അയാൾ അവിടെ കൂടി നിന്ന എല്ലാവരോടും ആയി പറഞ്ഞു

“ഈ പരിപാടി ഇവിടെ വച്ചു നിർത്തിയിരിക്കുന്നു, ഇനി ഒരുത്തനും പുതിയതായി വരുന്ന കുട്ടികളെ പരിചയപ്പെടേണ്ട, എല്ലാരും ക്ലാസ്സിൽ കേറിപ്പോകാൻ നോക്ക് “

അയാളുടെ ആ വാക്കിനു മറുവാക്കില്ലാതെ എല്ലാവരും ക്ലാസ്സിലേക്ക് പോകുന്നത് കണ്ടപ്പോൾ പാർവതിക്ക് അയാളുടെ ആ കോളേജിലെ പ്രാധാന്യം മനസ്സിലായി, ആ ബൈക്കിനു ചുറ്റുമായി നിന്നവർ മാത്രം എന്തോ പിറുപിറുക്കുന്നുണ്ട്

“എന്താടാ നിനക്കൊന്നും ഞാൻ പറഞ്ഞത് മനസ്സിലായില്ലേ ക്ലാസ്സിൽ കേറിപ്പോടാ… “

പിന്നെ അവരും അവിടെ നിന്നില്ല, പാർവതി അയാളുടെ അടുത്തേക്ക് നടന്നു.


“സഖാവേ “

പാർവതിയുടെ സ്വരം കേട്ടതും റോയ് തിരിഞ്ഞു അവളെ നോക്കി, അവളെ കണ്ടതും റോയ് അന്തം വിട്ടു

‘എല്ലാ ആണുങ്ങളും ഒരുപോലെയാണ് ഇത്രയും നേരം ഇയാളുടെ സംസാരം കേട്ടപ്പോൾ ഇയാൾ ഒരു മാന്യൻ ആണെന്ന് വിചാരിച്ചാണ് ഇയാളുടെ അടുത്തേക്ക് സഹായത്തിനു വന്നത്’ പാർവതി ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ റോയ് സംസാരിച്ചു തുടങ്ങി

“പാർവതി അല്ലെ,… രാഘവേട്ടന്റെ മോൾ “

അവന്റെ ആ ചോദ്യത്തിൽ അവൾ ഒന്ന് അമ്പരന്നു, തന്നെ മനസ്സിലായിട്ടാണ് അയാൾ തന്നെ നോക്കിയത് അയാളെ താൻ വെറുതെ തെറ്റിദ്ധരിച്ചല്ലോ എന്ന വിഷമമായിരുന്നു അവൾക്കു അപ്പോൾ

“അതെ എന്നെ എങ്ങനെ അറിയാം “

“തന്നെ അറിയില്ല, തന്റെ അച്ഛനെ അറിയാം ഞങ്ങൾ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നവരല്ലേ, തന്നെ ഞാൻ രാഘവേട്ടന്റെ ഒപ്പം കണ്ടിട്ടുണ്ട് “

പാർവതിക്ക് അപ്പോളാണ് അച്ഛൻ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകനാണ് എന്ന ഓർമ തന്നെ വരുന്നത്, ഒരു കമ്മ്യൂണിസ്റ്റ്‌ എങ്ങനെ ആകണം എന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു രാഘവൻ, സ്ഥാനമാനങ്ങൾ മോഹിക്കാത്ത ഒരു മനുഷ്യ സ്നേഹി.അതുകൊണ്ട് തന്നെ അയാൾ ഇപ്പോഴും വെറും ഒരു പ്രവർത്തകനായി തുടരുന്നു

“സഖാവെ എനിക്ക് ക്ലാസ്സിലേക്ക് പോകാൻ വഴി അറിയില്ല ഒന്ന് പറഞ്ഞു തരുമോ “

“അതിനെന്താ, താൻ ഏതാ ബ്രാഞ്ച്? “

“സിവിൽ “

“എന്റെ കൂടെ പോരെ ഞാൻ കൊണ്ടുവിടാം “

“വേണ്ട സഖാവേ വഴി പറഞ്ഞാൽ മതി ഞാൻ പൊയ്ക്കോളാം “

“ഞാനും ആ വഴിക്കു തന്നെയാടോ, എന്റെ ക്ലാസും അതിനടുത്തു തന്നെയാ. “

“ആണോ എന്നാൽ പോകാം “

അവർ നടന്നു സിവിൽ ഫസ്റ്റ് ഇയർ ക്ലാസ്സിന്റെ മുന്നിൽ എത്തി,

“അപ്പൊ താൻ കയറിക്കോ ഞാനും പോകുവാ, അതാണ്‌ എന്റെ ക്ലാസ്സ്‌ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അങ്ങോട്ട്‌ വന്നാൽ മതി “

“ശരി സഖാവേ, പിന്നെ എന്നെ പാർവതി എന്ന് വിളിക്കാം “

“എന്നാൽ ശരി പാർവതി, പിന്നെ കാണാം “

പാർവതി സിവിൽ ക്ലാസ്സിലേക്കും റോയ് മെക്കാനിക്കൽ ക്ലാസ്സിലേക്കും കയറി, പാർവതിക്ക് അവനെ തെറ്റിദ്ധരിച്ചതിൽ കുറ്റബോധം ഉണ്ടായിരുന്നു ,റോയിക്കു തന്റെ പ്രാണേശ്വരിയെ കണ്ടതിൽ ഉള്ള സന്തോഷവും

ആദ്യമായി രാഘവന്റെ ഒപ്പമാണ് റോയ് അവളെ കാണുന്നത്, ആദ്യകാഴ്ചയിൽ തന്നെ അവളെ റോയിക്കു ഇഷ്ടമായി അവളുടെ അച്ഛന്റെ കൂടെ ഉള്ള കുറുമ്പും കുസൃതികളും എല്ലാം ചെറിയ കുട്ടികളെപ്പോലെ ആയിരുന്നു, പിന്നെയും പലവട്ടം അവൻ അവളെ കണ്ടു. ഒരിക്കൽ ഒരു അന്ധനായ ആളെ വഴി മുറിച്ചുകടക്കാൻ അവൾ സഹായിക്കുന്നത് കണ്ടപ്പോൾ അവൾക്കു സഹജീവികളോടുള്ള സഹാനുഭൂതിയും അവനിൽ അവളോടുള്ള അനുരാഗം കൂടുവാൻ കാരണമായി

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു, റോയും പാർവതിയും നല്ല സുഹൃത്തുക്കൾ ആയി, അവൾക്കും അവനോടു ചെറിയ രീതിയിൽ ഉള്ള ഇഷ്ടങ്ങൾ തോന്നിത്തുടങ്ങി, എന്നാൽ അവൾ അവളുടെ മനസ്സിനെ കയറൂരി വിടാൻ ഒരുക്കമായിരുന്നില്ല, അങ്ങനെ എന്തെങ്കിലും ചിന്ത വരുമ്പോൾ അവൾ അച്ഛനെ കുറിച്ചോർക്കും, അമ്മ മരിച്ചുപോയിട്ടും വേറൊരു കല്യാണം പോലും കഴിക്കാതെ അച്ഛൻ ജീവിച്ചത് തനിക്കും ദുർഗക്കും വേണ്ടി മാത്രമാണ് അങ്ങനെ ഉള്ള അച്ഛനെ ഒരിക്കലും വിഷമിപ്പിക്കില്ല എന്നവൾ ഉറപ്പിച്ചിരുന്നു

എന്നാലും അവളുടെ ഉള്ളിൽ ആദ്യമായി തോന്നിയ അനുരാഗമാണ് റോയ്, അത് അവൾ ദുർഗ്ഗയോട് മാത്രം പറഞ്ഞു. അവളുടെ ഉപദേശം പാർവതിയുടെ മനസ്സിന് ഒപ്പം പോകാനായിരുന്നു, പാർവതിക്ക് ഒരിക്കലും ചെയ്യാനാവാത്ത കാര്യം

“മോളെ നമ്മുടെ അച്ഛൻ നമുക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്, അച്ഛന്റെ നല്ല പ്രായത്തിലാണ് അമ്മ മരിക്കുന്നതു എന്നിട്ടും അച്ഛൻ വേറൊരു കല്യാണം പോലും കഴിക്കാതെ ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമാണ് ആ അച്ഛനെ ഒരിക്കലും വിഷമിപ്പിക്കാൻ പാടില്ല, അതിലും വല്യ പാപം വേറെ ഇല്ല, പിന്നെ എന്റെ ആഗ്രഹങ്ങൾ …അച്ഛന്റെ സന്തോഷത്തേക്കാൾ വലുതല്ല എനിക്ക് മറ്റൊരു ആഗ്രഹവും “

ആവുളുടെ ആ ഉപദേശം ഒരു 13 വയസുകാരിക്ക് മനസ്സിലാവുന്നതിലും അപ്പുറമായിരുന്നു

“ആ നീ നിന്റെ ഇഷ്ടം പോലെ ചെയ്”

അതും പറഞ്ഞു ദുർഗ ഉറങ്ങാൻ കിടന്നു…

“മോളെ പാറു… “

മുത്തശ്ശിയുടെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്, സമയം നോക്കിയപ്പോൾ കാലത്തു 6മണി ആയിരിക്കുന്നു, ഈ സമയം അത്രയും അവൾ ഉറങ്ങാതെ അവനെപ്പറ്റി ചിന്തിച്ചിരിക്കുകയായിരുന്നു

റോയ് യുടെ അവസ്ഥയും മറിച്ചായിരുന്നില്ല, ഇന്നലെയാണ് പാർവതിക്ക് വന്ന കല്യാണ ആലോചനയെക്കുറിച്ചു രാഘവേട്ടൻ അവനോടു പറയുന്നത്

“മോനെ റോയ്, നമ്മുടെ പാർവതിക്ക് ഒരു കല്യാണ ആലോചന “

ആ വാക്കുകൾ അവന്റെ നെഞ്ചിലാണ് കൊണ്ടത്

“അതിനു അവൾ പഠിക്കുകയല്ലേ രാഘവേട്ട, പഠിത്തം കഴിഞ്ഞു പോരെ കല്യാണം ഒക്കെ “

“കല്യാണം അത് കഴിഞ്ഞേ ഉള്ളു, ഇപ്പൊ വെറുതെ ഒരു ആലോചന വന്നു എന്നെ ഉള്ളു, നമ്മുടെ മേലേടത്തെ ചന്ദ്രന്റെ മോനാ വിഷ്ണു, മോന്റെ കൂട്ടുകാരനല്ലേ അവൻ അവനെക്കുറിച്ചു എന്താ മോന്റെ അഭിപ്രായം? “

തന്റെ പ്രിയതമയുടെ കല്യാണത്തെക്കുറിച്ചാണ് തന്നോട് അഭിപ്രായം ചോദിക്കുന്നത്, അവന്റെ മനസ്സിൽ മനസ്സും മനഃസാക്ഷിയും തമ്മിൽ ഒരു യുദ്ധം തന്നെ നടന്നു, താൻ ഇപ്പോൾ അവനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞാൽ ഈ ആലോചന ഇവിടം കൊണ്ട് അവസാനിക്കും, എന്നാൽ അത് താൻ ഇത്രയും നാൾ മുറുകെ പിടിച്ച മൂല്യങ്ങൾക്ക് എതിരായിരിക്കും എന്നുള്ളതുകൊണ്ട് തന്നെ അവനെക്കൊണ്ട് അത് സാധിച്ചില്ല

“ആ എനിക്കറിയാം രാഘവേട്ടാ അവനെ, അവൻ നല്ലവനാ ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല, പാർവതിക്ക് ചേരും “

താൻ പറഞ്ഞത് തനിക്കു പാർവതിയെ നഷ്ടപ്പെടാൻ കാരണമാകും എന്നവന് അറിയാമായിരുന്നു എന്നാൽ അവനു മറ്റൊന്നും ചെയ്യാൻ ആവില്ലായിരുന്നു

“രാഘവേട്ടാ പർവതിയോടു ഇതിനെക്കുറിച്ച് സംസാരിച്ചോ, അവൾക്കു വേറെ എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിലോ”

“അവൾക്കു വേറെ ഇഷ്ടമോ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ ആദ്യം പറയുക എന്നോടായിരിക്കും, ഞാൻ എന്റെ മക്കളെ മക്കളായല്ല നല്ല കൂട്ടുകാരായാണ് വളർത്തിയത്”

പിന്നെ പറയാൻ റോയിക്ക് ഒന്നും ഉണ്ടായിരുന്നില്ല, ഇത്രയും നാൾ തന്റെ ഇഷ്ടം അറിയിച്ചിട്ടും അവൾ തിരിച്ചു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ല അപ്പൊ അവൾക്കു ഇഷ്ടം ഉണ്ടാവില്ല എന്ന വിശ്വാസം അവനിലും വന്നു

“എന്തായാലും താൻ പറഞ്ഞതല്ലേ, ഞാൻ പാറൂനോട് ചോദിക്കാം അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് ഉണ്ടെന്നു അവള് പറഞ്ഞാൽ ഞാൻ എന്റെ കുട്ടിയുടെ ഇഷ്ടം നടത്തിക്കൊടുക്കും “

അവന്റെ അവസാനത്തെ പ്രതീക്ഷയായിരുന്നു രാഘവന്റെ ആ വാക്കുകൾ, അവർ അവിടെ നിന്നും പിരിഞ്ഞു, സാധാരണം രാത്രിയിൽ വായനശാലയിൽ പോയിരുന്നു ക്യാരംസ് കളി ഒക്കെ കഴിഞ്ഞു നേരം വൈകിയേ റോയി വീട്ടിൽ പോകാറുള്ളൂ അന്നവൻ അതിനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല,

വീട്ടിൽ ചെന്നതും അവനെ കാത്തുനിന്ന അമ്മ എന്തൊക്കെയോ അവനോടു ചോദിച്ചു, ഒന്നിനും ഉത്തരം പറയാതെ അവൻ മുറിയിൽ കയറി കതകടച്ചു, അവന്റെ മുഖത്തു നിന്നും എന്തോ പ്രശ്നമുണ്ടെന്നു തോന്നിയിട്ടാവും അമ്മയും അവനെ പിന്നെ ശല്യപ്പെടുത്താണ് പോയില്ല

രാവിലെ 6മണിക്ക് അലാറം അടിക്കുമ്പോളാണ് അവൻ ചിന്തയിൽ നിന്നും ഉണരുന്നത്, സാധാരണ കട്ടിൽ കാണുമ്പൊൾ ഉറങ്ങുന്ന അവനെ അന്ന് നിദ്രാദേവിയും കടാക്ഷിച്ചില്ല

ഇന്നാണ് അവസാന പ്രതീക്ഷ, അവൾ രാഘവേട്ടനോട് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്നാണ് അവന്റെ ആഗ്രഹം,

“മോനെ റോയി എന്ത് പറ്റി നിനക്ക് , ഇന്നലെ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ നിന്റെ മനസ്സ് ഇവിടെയെങ്ങും അല്ല “

അമ്മയുടെ വാക്കുകൾ കേട്ടതും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി, എല്ലാ പ്രതിസന്ധികളിലും പിടിച്ചുനിന്ന തന്റെ മകൻ കരയുന്നത് കണ്ട ആ അമ്മയുടെ മനസ്സു പിടഞ്ഞു, അവന്റെ അനിയത്തി പോയ ദിവസങ്ങളിൽ ആണ് അവൻ അവസാനമായി കരഞ്ഞത് അതിനു ശേഷം ഇന്നാണ് ..അവർ അവനെ തന്റെ മടിയിൽ കിടത്തി അവനെ കരയാൻ വിട്ടു .

“കരഞ്ഞു കഴിഞ്ഞില്ലേ ഇനി മോൻ പറ ആരാ ആ പെൺകുട്ടി “

അമ്മയുടെ ചോദ്യം കേട്ടതും അവൻ ഒന്ന് ഞെട്ടി

“അമ്മക്കെങ്ങിനെ അറിയാം ഞാൻ ഒരു പെൺകുട്ടിയെ ഓർത്താണ് കരഞ്ഞത് എന്ന് “

“ഞാൻ ഒരു അമ്മയായതു കൊണ്ട് “ . പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല, എല്ലാ കാര്യങ്ങളും അവൻ അമ്മയോട് പറഞ്ഞു,

“മോനെ നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കുന്നത് സ്വപ്നത്തിൽ മാത്രമാണ്, അമ്മക്കറിയാം സ്നേഹിക്കുന്ന ആളിനെ പിരിയുന്ന വേദന അമ്മയും അത് അനുഭവിച്ചതാണ് പക്ഷെ ഒന്നും ഒന്നിന്റെയും അവസാനമല്ല. ഇപ്പോഴും അവൾ നിന്നെ വിട്ടു പോയിട്ടില്ല എന്നാൽ ചിലപ്പോൾ പോയേക്കാം എല്ലാം നേരിടാൻ നമ്മുടെ മനസ്സ് തയാറായിരിക്കണം “

അമ്മയുടെ വാക്കുകൾ അവനു ഒരു ആത്മവിശ്വാസം നൽകി, അവൻ കണ്ണും തുടച്ചു എഴുന്നേറ്റു അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു നേരെ കോളേജിലേക്ക് പോയി

അവൻ അവളെ കാണാൻ വേണ്ടി മാത്രമാണ് m.tech പഠിക്കാൻ വീണ്ടും ഇവിടെ ചേർന്നത്, കോളേജിന്റെ മണ്ണിൽ കാലുകുത്തിയതും അവന്റെ മനസ്സിലേക്ക് അവളുടെ ചിന്തകൾ കടന്നു വന്നു

ആദ്യ ദിവസത്തെ കണ്ടുമുട്ടലിനു ശേഷം റോയും പാർവതിയും തമ്മിൽ നിത്യേന കാണുവാൻ തുടങ്ങി, ക്ലാസ്സ്‌ അടുത്തടുത്ത് ആയതിനാലും റോയ് കോളേജിലെ പ്രമുഖനായ ഒരു പ്രവർത്തകൻ ആയതിനാലും അതിനുള്ള അവസരങ്ങൾ കൂടി വന്നു, ഗൗരിയും പഠിച്ചിരുന്നത് പാർവതിയുടെ ക്ലാസ്സിൽ തന്നെയാണ് ഗൗരിയെ കാണുമ്പോൾ റോയുടെ കണ്ണിൽ ഉണ്ടാവുന്ന നനവ് പാർവതി ശ്രദ്ധിക്കാരും ഉണ്ട്. അതിനുള്ള കാരണം അവനോടു തന്നെ ചോദിക്കാൻ അവൾ ഉറപ്പിച്ചു.

കോളേജ് ഇലക്ഷന് സമയമായി, എല്ലാ ക്ലാസ്സുകളിൽ നിന്നും ഓരോ ആളുകളെ റെപ്രെസെന്ററ്റീവ് ആയി മത്സരിപ്പിക്കണം, ഫസ്റ്റ് ഇയർ സിവിൽ ക്ലാസ്സിൽ നിന്നും പാർവതി നിൽക്കണം എന്ന് റോയ് നിർബന്ധിച്ചു, എല്ലാ കാര്യവും അച്ഛനോട് ചോദിച്ചു മാത്രം തീരുമാനം എടുത്തിരുന്ന പാർവതി ഈ കാര്യത്തിലും അത് തെറ്റിച്ചില്ല

“മോളെ ഒരു പദവി എന്നത് ഒരു ഉത്തരവാദിത്വം ആണ്, ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മോൾക്ക്‌ സാദിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മോൾക്ക്‌ മത്സരിക്കാം, ആ സ്ഥാനത്തു ഇരിക്കുമ്പോൾ അവിടെ ഇരുന്നുകൊണ്ട് സുഹൃത്തുക്കളെ കാണരുത് മുഴുവൻ കോളേജിനെയും കാണാൻ ശ്രമിക്കണം “

“അപ്പൊ അച്ഛൻ പറയുന്നത്..? “

“നിന്റെ ഇഷ്ടമാണ്, ആ ഉത്തരവാദിത്വം സ്വീകരിക്കാൻ മോളു തയ്യാറായാൽ അച്ഛന് അഭിമാനം ആവും”

അങ്ങനെ പാർവതി മത്സരിക്കാൻ ഇറങ്ങി, അതും റോയും അവളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ കാരണമായി, ഇതിനിടയിൽ തന്നെ റോയ് തന്നെ സ്നേഹിക്കുന്ന കാര്യം പാർവതിക്ക് മനസ്സിലായിരുന്നു ആ ഇഷ്ടം ഒരിക്കലും തന്നോട് പറയരുതേ എന്നതായിരുന്നു അവളുടെ ആഗ്രഹം, താൻ സ്നേഹിക്കുന്ന പുരുഷന്റെ മുഖത്തു നോക്കി ഇഷ്ടമല്ല എന്ന് പറയേണ്ടി വരുമോ എന്നവൾ ഭയന്നു

കോളേജ് ഇലക്ഷൻ ഭംഗിയായി നടന്നു റോയുടെ പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചു, പാർവതി ക്ലാസ്സ്‌ റെപ് ആയി.

ഒരിക്കൽ റോയും ഗൗരിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പാർവതി അങ്ങോട്ടേക്ക് എത്തുന്നത്, അവർ മൂന്നു പേരും നിന്ന് സംസാരിച്ചു അതിനിടയിൽ ഗൗരിയെ ഒരു ഫ്രണ്ട് വന്നു കൂട്ടിക്കൊണ്ടു പോയി

“റോയിച്…,,, സഖാവെ “

അവളുടെ വായിൽ ആദ്യം വന്നത് റോയിച്ച എന്നായിരുന്നു ആരും കേൾക്കാതെ അവൾ മാത്രം അവനെ മനസ്സിൽ വിളിച്ചിരുന്ന പേര്, അതുകേട്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി അറിയാതെ വന്നു

“താൻ മാറ്റിവിളിക്കണ്ടടൊ അങ്ങനെ തന്നെ വിളിച്ചോ, അതിൽ ഒരു പ്രിത്യേക അടുപ്പം ഫീൽ ചെയ്യുന്നുണ്ട് “ അവൻ വീണ്ടും അവന്റെ സ്നേഹം അവളോട്‌ പറയാതെ പറയുകയാണ്,അവൾ വിളിച്ചത് അവൻ കേട്ടു എന്നുള്ളത് അവളിൽ ചെറിയ ജാള്യത ഉളവാക്കി

“ഞാൻ ചോദിക്കാൻ വന്നത്, ഗൗരിയുടെ കാര്യമാണ് “

“എന്താണ്. ഞങ്ങൾ തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്നല്ലേ “

“അല്ല സഖാവേ, ഒരു ആണും പെണ്ണും ഏതു അർഥത്തിലാണ് ഇടപഴകുന്നത് എന്നത് വേറൊരു പെണ്ണിന് പെട്ടന്ന് മനസ്സിലാകും, അവൾ നിങ്ങളെ വിളിക്കുന്ന ഏട്ടാ എന്നുള്ള വിളിയിലും തിരിച്ചുള്ള നിങ്ങളുടെ മോളെ വിളിയിലും ഞാൻ കാണുന്നതു സഹോദര സ്നേഹം മാത്രമാണ് “

അവൾ വീണ്ടും തന്നെ സഖാവേ എന്ന് വിളിച്ചതിൽ അവനു വിഷമം തോന്നി.

“പക്ഷെ നിങ്ങള്ക്ക് അവളെ കാണുമ്പോൾ എന്തോ ഒരു വിഷമം നിങ്ങളുടെ കണ്ണിൽ ഞാൻ കാണുന്നു, അതിനുള്ള കാരണമാണ് എനിക്ക് അറിയേണ്ടത് “

“പാർവതി, നീ പറഞ്ഞതു സത്യം തന്നെയാണ് ഞാൻ അവളെ കാണുന്നത് എന്റെ സഹോദരിയായാണ്‌ അത് തന്നെയാണ് എന്റെ വിഷമം, അവളെ കാണുമ്പോൾ എനിക്കെന്റെ അനിയത്തി റേച്ചൽ നെ ഓർമ വരുന്നു “

അത് പറയുമ്പോൾ അവന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു,

“റേച്ചലിന് എന്തുപറ്റി “

“അവള് പോയെടോ, എന്റെ കയ്യിൽ കിടന്നു…. ജീവിച്ചു മതിയായില്ല ഇച്ചായാ എന്ന് അവളുടെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു “

അവൻ അത് പറയുമ്പോൾ ചിരിക്കാൻ ശ്രമിക്കുകയായിരുന്നു, ബുദ്ധിയുടെ ആവശ്യങ്ങൾ പലസമയത്തും മനസ്സ് അനുസരിക്കാറില്ലല്ലോ.. കണ്ണുനീർ അവന്റെ കവിളിൽ കൂടെ ഒഴുകിത്തുടങ്ങി

“എനിക്കവൾ എന്റെ സഹോദരിയായിരുന്നില്ല എന്റെ മോളായിരുന്നു, ഞങ്ങൾ തമ്മിൽ 10 വയസിനു വ്യത്യാസം ഉണ്ടായിരുന്നു, ഇച്ചായാ എന്നും വിളിച്ചു എന്റെ പിന്നാലെ നടക്കുന്ന മോളെ എനിക്കിപ്പോഴും എന്റെ കണ്മുന്നിൽ കാണാം.. “

“മതി റോയിച്ച ഇനി ഒന്നും പറയണ്ട നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം “

ഈ പ്രാവശ്യം അവൾ ആ റോയിച്ചാ എന്നുള്ള വിളി തിരുത്താൻ നിന്നില്ല, അവനു അതൊരു ആശ്വാസം നൽകുന്നെങ്കിൽ ആയിക്കൊള്ളട്ടെ എന്നവൾ കരുതി

“ഇല്ലെടോ എനിക്കിതാരോടെങ്കിലും പറഞ്ഞു ഒന്ന് മനസ്സ് സ്വസ്തമാകണം, വീട്ടിൽ അമ്മയോട് പറഞ്ഞു കഴിഞ്ഞാൽ അതും എന്റൊപ്പം ഇരുന്നു കരയും അതുകൊണ്ട് അതും പറ്റില്ല, പിന്നെ കൂട്ടുകാർ അവർ എന്നെ സഖാവ് റോയ് ആയി മാത്രമേ കണ്ടിട്ടുള്ളു അവർക്കു മുന്നിൽ ഞാൻ എന്നും ഒരു ധീരനായ സഖാവ് ആണ് “

“വാ റോയിച്ചാ നമുക്ക് അങ്ങോട്ട്‌ മാറിയിരുന്നു സംസാരിക്കാം “

റോയും പാർവതിയും കൂടെ ഒരു തണൽ മര ചുവട്ടിലേക്ക് നടന്നു ….

അന്നൊരു ഞായറാഴ്ച ആയിരുന്നു,

“ഡോ സഖാവേ എഴുന്നേൽക്കേടോ, സമയം പത്തായി… “

രാവിലെ തന്നെ റേച്ചലിന്റെ ഒച്ചയും കേട്ടാണ് റോയ് എഴുന്നേൽക്കുന്നത്

“ഇച്ചായന്റെ മോളല്ലേ ഇച്ചായൻ കുറച്ചൂടെ കിടക്കട്ടെ “

റോയ് അവളെ ഒന്ന് സോപ്പിടാൻ നോക്കി

“ഇച്ചായാ കളിക്കല്ലേ, എനിക്ക് ഉറപ്പു തന്നതാ ഇന്ന് മുഴുവൻ എന്റൊപ്പം ഉണ്ടാവും എന്ന്, ഇനി എഴുന്നേൽക്കാതെ കിടന്നാൽ ഞാൻ മിണ്ടൂല്ല “

വെള്ളിയാഴ്ച റേച്ചലിന്റെ ബർത്ഡേ ആയിരുന്നു, അന്ന് ഒരു പാർട്ടി മീറ്റിംഗിൽ പെട്ടുപോയി റോയിക്കു എത്താൻ പറ്റിയില്ല, അന്ന് പിണങ്ങി നിന്ന റേച്ചലിനെ ഞായർ മുഴുവൻ കൂടെ ഉണ്ടാവും, അന്ന് എന്താഗ്രഹവും സാധിച്ചു തരും എന്ന് പറഞ്ഞാണ് റോയ് അനുനയിപ്പിച്ചത്

“എന്റെ പൊന്നു മോളെ ഇച്ചായൻ എഴുന്നേറ്റു ,പോരെ “

“എന്റെ ചക്കര ഇച്ചായൻ, ഞാൻ ഇപ്പൊ ചായ എടുത്തു തരാമേ “

അതും പറഞ്ഞു റോയിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവൾ അടുക്കളയിലേക്കു പോയി

“അമ്മേ ഇച്ചായൻ എഴുന്നേറ്റു ചായ താ “

അവൾ അടുക്കളയിൽ നിന്ന് അമ്മയോട് പറയുന്നത് റോയിക്കു മുറിയിൽ കേൾക്കാമായിരുന്നു, അവന്റെ മുഖത്തു ഒരു ചിരി വിടർന്നു ഒരു അനിയത്തിയുടെ സ്നേഹം മനസ്സിലാക്കുന്ന ഇച്ചായന്റെ ചിരി

“ഇച്ചായ നമുക്ക് ആദ്യം ഒരു സിനിമ കാണാൻ പോകാം “

ബര്ത്ഡേ പ്രമാണിച്ചു റോയ് വാങ്ങിക്കൊടുത്ത പുതിയ ചുരിദാറും വിട്ടിറങ്ങിയ റേച്ചൽ റോയിയോടായി പറഞ്ഞു

“ഇന്ന് മോൾടെ ദിവസമാണ്, മോളെന്തു പറഞ്ഞാലും ഇച്ചായൻ സാധിച്ചു തരും “

“നീയാ ഈ പെണ്ണിനെ വഷളാക്കുന്നു, ഇപ്പൊ ഞാൻ പറഞ്ഞാൽ ഒന്നും അനുസരിക്കില്ല “

അമ്മയുടെ ശകാരം കേട്ടതും അവൾ അവന്റെ പിന്നിൽ ഒളിച്ചു

“അമ്മ ഒന്ന് പോയെ, എന്റെ മോളു പാവമാ “

“നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, അങ്ങളേം പെങ്ങളും കൂടെ കറങ്ങിയിട്ടു അധികം രാത്രിയാകാതെ ഇങ്ങെത്തിയേക്കണം “

“ ശരിയമ്മാ “

അവർ സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോൾ സമയം വൈകിട്ട് 5 മണിയായി, അവളുടെ ആഗ്രഹപ്രകാരം ബീച്ചിൽ പോയി അസ്തമയവും കണ്ടു പുറത്തുന്നു ഭക്ഷണവും കഴിച്ചു അമ്മക്കുള്ള പാഴ്‌സലും വാങ്ങിയാണവർ വീട്ടിലേക്കു തിരിച്ചത്

എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു സംഭവിച്ചത്, എതിരെ വന്ന വണ്ടിയുടെ വെളിച്ചം കാരണം കണ്ണ് കാണാൻ സാധിക്കാതെ ടെലിഫോൺ ഡിപ്പാർട്മെന്റ് കുഴിച്ചിട്ടിരുന്ന കുഴിയിലാണ് റോയിയുടെ ബൈക്ക് വീണത്

റോയ് എഴുന്നേറ്റു ചുറ്റും നോക്കി, അപ്പോഴും കത്തിക്കൊണ്ടിരുന്ന ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ റോഡിൽ വീണുകിടക്കുന്ന റേച്ചലിനെ കണ്ടു, എഴുന്നേൽക്കാൻ ആകാതെ കിടന്ന റോയ് നിറങ്ങിയാണ് റേച്ചലിന് അടുത്തെത്തിയത്… അവളുടെ മുഖം കണ്ടതും അവനു തല കറങ്ങുന്നതു പോലെ തോന്നി, റേച്ചലിന്റെ മുഖം മുഴുവൻ രക്തത്താൽ നിറഞ്ഞിരിക്കുന്നു

“ഇച്ചായാ, എനിക്ക് വേദനിക്കുന്നു ഇച്ചായാ “

അവന്റെ നെഞ്ചു പൊട്ടിപ്പോകുന്നത് പോലെ തോന്നി, അവൻ ഫോണെടുത്തു ആംബുലൻസിനു വിളിച്ചു

“ഒന്നൂല്ലടാ മോളെ, മോൾക്കൊന്നും ഇല്ല തലയിൽ ചെറിയൊരു മുറിവേ ഉള്ളു, ഇപ്പൊ നമുക്ക് ആശുപത്രിയിൽ പോകാം ട്ടോ “

“ഇച്ചായാ എനിക്ക്…. “

അവൾ പറഞ്ഞുകൊണ്ടിരുന്നത് മുഴുവനാക്കാൻ സാധിക്കാതെ അവൾ അവളുടെ അച്ഛന്റെ അടുത്തേക്ക് പോയി

അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് റോയിക്കു അറിയില്ല ,അവൻ എഴുന്നേൽക്കുമ്പോൾ അവനെ കട്ടിലിൽ കയ്യും കാലും കെട്ടിയിട്ട അവസ്ഥയിൽ ആയിരുന്നു

അവൻ ചുറ്റും നോക്കി, അവന്റെ മുറിതന്നെയാണ്, അവന്റെ നോട്ടം ചുവരിൽ തൂക്കിയിരിക്കുന്ന ഒരു ഫോട്ടോയിൽ പതിഞ്ഞു, റേച്ചൽ… അവളുടെ ഫോട്ടോ മാലയിട്ടു തൂക്കിയിരിക്കുന്നു, അവന്റെ കവിളിൽ കൂടെ കണ്ണുനീർ ഒഴുകി

“അറിയില്ലെടോ എനിക്കൊന്നും അറിയില്ല ഒരാറ് മാസക്കാലം എനിക്കെന്തു സംഭവിച്ചു എന്നെനിക്കറിയില്ല… എന്റെ മോളുടെ മുഖം എനിക്ക് അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല, ആ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അന്ന് അമ്മയുടെ മടിയിൽ കിടന്നു ഒരുപാട് കരഞ്ഞു, അമ്മ എന്നെ ആശ്വസിപ്പിച്ചില്ല വിഷമങ്ങൾ കരഞ്ഞു തീർക്കട്ടെ എന്ന് കരുതിക്കാണും “

ഈ സമയമത്രയും റോയ് പറഞ്ഞത് കേട്ടിരുന്ന പാർവതിയുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയായിരുന്നു ,

“ ചിലപ്പോ ആലോചിക്കും ആ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കണ്ടായിരുന്നു എന്ന്, ആ ഉറക്കത്തിൽ എങ്കിലും എന്റെ മോളെ എനിക്ക് കാണാൻ പറ്റിയാലോ “

പാർവതിക്ക് അവനെ ഒന്നു ആശ്വസിപ്പിക്കാൻ പോലും സാധിക്കുമായിരുന്നില്ല,അടക്കി വച്ചിരിക്കുന്ന വികാരങ്ങൾ എല്ലാം പുറത്തു വരുമോ എന്നവൾ ഭയപ്പെട്ടു,

പിന്നെ ഒരുനാൾ അവൻ മുഴുവൻ ധൈര്യവും സംഭരിച്ചു അവളോട്‌ അവന്റെ മനസ്സിലേ ആഗ്രഹം പറഞ്ഞു

“പാർവതി, എടൊ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് “

അവന്റെ ശബ്ദത്തിലെ വിറയലും, അവന്റെ കണ്ണുകളിലെ ഭയവും കണ്ടപ്പോൾ തന്നെ അവൾ ഉറപ്പിച്ചു റോയ് തന്റെ ഇഷ്ടം അറിയിക്കാൻ പോവുകയാണെന്ന്, അവൾക്കു ആ നിമിഷം ഭയമായിരുന്നു തന്റെ ബുദ്ധിയെ മനസ്സ് ജയിക്കുമോ എന്നുള്ള ഭയം, മനസ്സ് അവനെ ഇഷ്ടമാണ് എന്ന് പറയുമ്പോൾ ഒക്കെ അവളുടെ ബുദ്ധി അത് ശരിയല്ല അച്ഛനോട് ചെയ്യുന്ന വിശ്വാസ വഞ്ചന ആണെന്ന് അവള ഓര്മപ്പെടുത്തിക്കൊണ്ടിരുന്നു

“പറയു റോയിച്ചാ “

“ഞാൻ ഇത് പറഞ്ഞാൽ തനിക്കു എന്നോടുള്ള മനോഭാവത്തിൽ യാതൊരു മാറ്റവും വരരുത്, തനിക്കു താല്പര്യം ഇല്ലെങ്കിൽ നമുക്ക് എന്നും നല്ല സുഹൃത്തുക്കൾ ആയി തുടരാം “

പാർവതി ഒന്നും പറഞ്ഞില്ല

“എടൊ എനിക്ക് തന്നെ ഇഷ്ടമാണ്, കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട് “

റോയ് എങ്ങനെയോ അത്രയും പറഞ്ഞൊപ്പിച്ചു ഒരു മറുപടിക്കായി അവളുടെ മുഖത്തേക്ക് നോക്കി, ഒരുപാട് നേരത്തെ മൗനത്തിനു ശേഷം അവൾ തുടങ്ങി

“റോയിച്ചാ റോയിച്ചനെ എല്ലാവർക്കും ഇഷ്ടമാകും, റോയിച്ചൻ നല്ലവനാണ് സ്നേഹമുള്ളവനാണ് എന്നെ സ്വാധീനിച്ചിട്ടുള്ള പുരുഷന്മാരിൽ രണ്ടാമത്തെ ആൾ റോയിച്ചനാണ്, ഒന്നാമത്തെ ആൾ എന്റെ അച്ഛനും, ഞാൻ ഒരിക്കലും എന്റെ അച്ഛന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല “

“ഞാൻ രാഘവേട്ടനോട് സംസാരിക്കാം “

“അത് വേണ്ട റോയിച്ചാ, അങ്ങനെ ചെയ്‌താൽ ഇത് ഞാനും അറിഞ്ഞിട്ടാണെന്നേ അച്ഛൻ കരുതൂ, അച്ഛന്റെ അടുത്തുനിന്നു കുറ്റപ്പെടുത്തി ഉള്ള ഒരു നോട്ടം പോലും എനിക്ക് സഹിക്കാൻ പറ്റില്ല, അതുകൊണ്ട് ഇത് വേണ്ട നമുക്ക് എന്നും നല്ല സുഹൃത്തുക്കളായി തുടരാം “

അവസാനം അവളുടെ മനസ്സിനെ ബുദ്ധി ജയിച്ചിരിക്കുന്നു

“റോയിച്ചാ “

പഴയ ഓർമകളിൽ വീണുപോയിരുന്ന റോയിയെ ആ വിളിയാണ്, യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത്, റോയ് നേരെ നോക്കുമ്പോൾ കാണുന്നത് തനിക്കു മുന്നിൽ നിൽക്കുന്ന പാർവതിയെ ആണ്

“ആ പാർവതി പറയടോ “

അവൻ തന്നാൽ കഴിയുന്ന അത്രയും സാധാരണത്വം വാക്കുകളിൽ കൊണ്ടുവരാൻ ശ്രമിച്ചു,

“ഒന്നൂല്ല, ചുമ്മാ കാണണം എന്ന് തോന്നി “

അവൾ അവന്റെ അടുത്ത് കല്യാണ ആലോചനയുടെ കാര്യം പറയാൻ വന്നതാണെങ്കിലും അതിനുള്ള ധൈര്യം കിട്ടിയില്ല

“ആണോ, എടൊ എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട് നമുക്ക് വന്നിട്ട് കാണാം “

ഇനി അവളുടെ അടുത്ത് നിന്നാൽ എല്ലാം കയ്യിൽ നിന്നും പോകും എന്ന് മനസ്സിലാക്കിയ റോയ് അവിടെ നിന്നും പോകാനായി ഒരു കള്ളം പറഞ്ഞു

“ശരി റോയിച്ചൻ പൊയ്ക്കോ, നമുക്ക് പിന്നെ സംസാരിക്കാം “

പാർട്ടി ഓഫീസിൽ റോയ് മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു ,അപ്പോളാണ് രാഘവൻ അങ്ങോട്ടേക്ക് വരുന്നതു

“ആ രാഘവേട്ടാ വാ “

റോയ് ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു രാഘവനെ സ്വീകരിച്ചു

“മോനെ റോയ്, എന്തുണ്ടു വിശേഷം “

“സുഖമാണ് രാഘവേട്ട… “ അവന്റെ മുഖത്തുള്ള സങ്കടം അയാൾ കാണാതെ ഇരിക്കാൻ അവൻ ഒരുപാട് പ്രയത്നിക്കേണ്ടി വന്നു

“പിന്നെ നീ പറഞ്ഞത് പോലെ ഞാൻ ഇന്നലെ പാറുവിനോട് ചോദിച്ചൂട്ടോ അവളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് “

റോയ് അത് കേൾക്കാനുള്ള ആകാംക്ഷയിൽ ചെവി കൂർപ്പിച്ചു

“ഞാൻ ഇന്നലെയെ പറഞ്ഞില്ലെടോ, എന്റെ മോൾ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം എന്നോടെ പറയു എന്ന് “

അത് കേട്ടപ്പോൾ റോയിക്കു അവിടെ നിന്നും ഇറങ്ങി പോകണം എന്ന് തോന്നി, പിന്നെ അങ്ങനെ ചെയ്യുന്നത് രാഘവേട്ടനോട് കാണിക്കുന്ന മര്യാദ കേടാണല്ലോ എന്ന ചിന്ത അവനെ അവിടെ പിടിച്ചിരുത്തി, രാഘവേട്ടൻ ചോദിച്ചതിനൊക്കെ അവൻ യാന്ത്രികമായി ഉത്തരം നൽകിക്കൊണ്ടിരുന്നു

“തനിക്കെന്താ പറ്റിയെ ഞാൻ വന്നപ്പോൾ തൊട്ടു ശ്രദ്ധിക്കുന്നതാ തന്റെ മനസ് ഇവിടെയെങ്ങും അല്ല, “

രാഘവേട്ടൻ തന്റെ മാറ്റം ശ്രദ്ധിച്ചിരുന്നു എന്നറിഞ്ഞ അവൻ തലവേദന എടുക്കുന്നു എന്നൊരു കള്ളവും പറഞ്ഞു

“ തലവേദന ആയിട്ടാണോ ഇവിടെ ഇരിക്കുന്നെ, വീട്ടിൽ പോയ്യി കിടക്കാൻ നോക്ക് മോനെ “

“ശരി രാഘവേട്ടാ, ഞാൻ പോകുവാ നാളെ കാണാം “

പിന്നെയും ദിവസങ്ങളും ആഴ്ചകളും കടന്നു പോയി, കോളേജിൽ വച്ചു പാർവതിയും റോയിയും കാണാറുണ്ടെങ്കിലും സംസാരം കുറഞ്ഞു. ഇതിനിടയിൽ ഒരു കല്യാണത്തിൽ വച്ചു പാർവതിയും വിഷ്ണുവും നേരിൽ കണ്ടു അയാൾക്ക്‌ പാർവതിയെ ഇഷ്ടമായി ഉടനെ ഒരുദിവസം ഔദ്യോഗികമായി പെണ്ണുകാണാൻ വരും എന്ന് അറിയിച്ചു

“മോളെ അവർ അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്, അധികം വൈകാതെ ഇവിടെ എത്തും “

പാർവതിയുടെ മനസ്സിൽ ഒരു യുദ്ധം നടക്കുകയാണ്, മനസ്സിന് ഇഷ്ടപ്പെട്ട ആളിനെ വേണോ ,ഒരു പരിചയവും ഇല്ലാത്ത ആളിനെ വേണോ, ഇഷ്ടപ്പെട്ട ആളിനെ വിവാഹം കഴിച്ചാൽ അച്ഛനെ നഷ്ടപ്പെടും അല്ലെങ്കിൽ തന്റെ സന്തോഷം നഷ്ടപ്പെടും

“മോളെ അവർ എത്തി “

ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തുന്നതിനു മുന്പേ തന്നെ അച്ഛന്റെ വിളി വന്നു, ഒരു തീരുമാനം എടുക്കാൻ കഴിയാതെതന്നെ പാർവതി ഉമ്മറത്തേക്ക് നടന്നു,

“മോളെ അവർക്കു ചായ കൊടുക്ക്‌ “

മുത്തശ്ശി നീട്ടിയ ട്രേയുമായി അവൾ അവർക്കരികിലേക്കു നടന്നു, അവൾ ആദ്യം അവിടെ ഇരുന്ന സ്ത്രീക്ക് ചായ കൊടുത്തു ആ സമയത്താണ് അവർ കഴുത്തിൽ അണിഞ്ഞിരിക്കുന്ന കൊന്ത അവൾ കാണുന്നത്, മുഖമുയർത്തി നോക്കിയ അവൾ കാണുന്നത് ഉമ്മറത്തിരിക്കുന്ന റോയിയെയും അമ്മയെയും ആണ് ,

“റോയിച്ചൻ “

അവൾ അറിയാതെ തന്നെ അവളുടെ ശബ്ദം പുറത്തേക്കു വന്നു

അവനും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു

“ആ മോൾക്ക്‌ റോയിയെ പരിചയപ്പെടുത്തണ്ടല്ലോ അല്ലെ, നിങ്ങൾ ഒരേ കോളേജിൽ അല്ലെ പഠിക്കുന്നത് “

അച്ഛന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് ഭയന്ന്, അച്ഛൻ ആദ്യമായാണ് ഇത്രയും ദേഷ്യത്തിൽ സംസാരിക്കുന്നതു അവൾ കേൾക്കുന്നത്

“അതെ അച്ഛാ… “

“റോയിയോട് പള്ളി കഴിഞ്ഞു പോകുമ്പോൾ അമ്മയെയും കൂട്ടി ഈ വഴിക്കു വരാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായോ “

“ഇല്ല രാഘവേട്ടാ “

“ എന്നാൽ കേട്ടോളു, എന്റെ മകൾക്കു എന്നെക്കുറിച്ച് കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ട് അത് മാറ്റാനാണ് “

അയാൾ പറയുന്നതൊന്നും മനസ്സിലാവാതെ റോയിയും പാർവതിയും മുഖത്തോടു മുഖം നോക്കി

“റോയിക്കു ദൈവ വിശ്വാസം ഉണ്ടോ “

“ഇല്ല രാഘവേട്ടാ “

“എനിക്കു ഉണ്ട് മോനെ റോയ്, “

താൻ പാർവതിയെ സ്നേഹിച്ചത് അറിഞ്ഞു രാഘവേട്ടൻ തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയാണെന്നു അവനു തോന്നി

“എനിക്ക് ദൈവ വിശ്വാസം ഉണ്ട്, പക്ഷെ ഒരൊറ്റ ദൈവമെ ഉള്ളു, നമ്മളെ സൃഷ്‌ടിച്ച ദൈവം , ബാക്കി ഒക്കെ നമ്മൾ സൃഷ്‌ടിച്ച ദൈവങ്ങൾ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ എനിക്ക് മനുഷ്യരെ എല്ലാം ഒരുപോലെ കാണാനും സാധിക്കും “

ഒന്ന് നിർത്തിയിട്ടു രാഘവൻ വീണ്ടും സംസാരിച്ചു തുടങ്ങി

“ ഈ 22 വർഷം കൊണ്ട് എന്റെ മകൾക്കു അത് മനസ്സിലായിട്ടില്ല, അവളുടെ മനസ്സിൽ ഒരു ആഗ്രഹം തോന്നിയപ്പോൾ അത് എന്നോട് പറയാൻ അവൾക്ക് തോന്നിയില്ല, അവൾ സ്നേഹിക്കുന്ന ആൾ ഒരു ക്രിസ്ത്യാനി ആയതു കൊണ്ട് അച്ഛൻ അംഗീകരിക്കില്ല എന്ന് കരുതി “

“അച്ഛാ.. “

പാർവതി സംസാരിക്കാൻ തുടങ്ങിയതും രാഘവൻ അവളെ തടഞ്ഞു

“ ഞാൻ സംസാരിച്ചു കഴിഞ്ഞില്ല,….. അവസാനം അവളുടെ ആഗ്രഹം എന്നെ അറിയിക്കാൻ അവളുടെ അനിയത്തി വേണ്ടി വന്നു “

അത്താഴവും കഴിഞ്ഞു ഉമ്മറത്ത് ചാരുകസേരയിൽ കിടന്നിരുന്ന രാഘവന്റെ അടുത്തേക്ക് ദുർഗ നടന്നെത്തി, പറയാൻ പോകൂന്ന കാര്യത്തിന്റെ പ്രാധാന്യവും അത് അച്ഛൻ അറിയുമ്പോൾ ഉണ്ടാവുന്ന പ്രതികരണവും അവളെ ഭയപ്പെടുത്തിയിരുന്നു

“അച്ഛാ… “

വിളി കേട്ടു തിരിഞ്ഞു നോക്കിയ രാഘവൻ കാണുന്നത് ഇതുവരെ അയാൾ കാണാത്ത മുഖഭാവത്തോടെ നിൽക്കുന്ന ദുർഗയെയാണ്. അവൾക്ക് എന്തോ മുഘ്യമായ കാര്യം പറയാനുണ്ടെന്ന് അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു

“ എന്താ മോളെ, മോൾക്കെന്തോ അച്ഛനോട് പറയാനുണ്ടല്ലോ “

“അച്ഛാ അത്…. “

“മോളിങ്‌ വാ, അച്ഛന്റെ അടുത്തിരിക്ക് “

അയാൾ അവളെ പിടിച്ചു തന്റെ അടുത്തിരുത്തി

“ഇനി പറ മോൾക്കെന്താ പറയാനുള്ളത് “

“അത് അച്ഛാ,.. ചേച്ചിടെ കാര്യമാ “

പാർവതിയെ ദുർഗ ചേച്ചി എന്ന് വിളിക്കുന്നത് അയാൾ ആദ്യമായായിരുന്നു കേൾക്കുന്നത്, അതിൽ നിന്ന് തന്നെ അവൾ പറയാൻ പോകുന്ന കാര്യം എത്ര പ്രധാനപ്പെട്ടതാണെന്നു അയാൾക്ക്‌ മനസ്സിലായി

“ചേച്ചിടെ എന്ത് കാര്യം “

“ അച്ഛാ… ചേച്ചിക്ക് ഈ കല്യാണത്തിന് ഇഷ്ടമല്ല, വേറൊരാളെ ഇഷ്ടമാണ് “

അവൾ അത് പറഞ്ഞു കഴിഞ്ഞതും അച്ഛന്റെ മുഖം കാണാൻ ആകാതെ കണ്ണടച്ചു , കുറച്ചു സമയം കഴിഞ്ഞിട്ടും അച്ഛന്റെ പ്രതികരണം ഒന്നും കാണാതെ വന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ ചാരു കസേരയിൽ ചാരിക്കിടന്നു ആലോചിക്കുന്ന അച്ഛനെ ആണവൾ കണ്ടത്

“മോളെ, ആരാ ആള് “

“അച്ഛാ അത്, നമ്മുടെ റോയി ചേട്ടൻ, ചേട്ടന് ചേച്ചിയെ ഇഷ്ടമാണ് ചേച്ചിക്കും പക്ഷെ അച്ഛന് വിഷമം ആകും എന്ന് കരുതി അവൾ സമ്മതം പറഞ്ഞില്ല, അവൾക്കു അച്ഛന്റെ സന്തോഷമാണ് വലുതെന്നു…”

തന്റെ മകൾ പറന്നത് കേട്ടു സ്വന്തം ഇഷ്ടത്തെക്കാൾ മുകളിൽ അച്ഛന്റെ ഇഷ്ടം നോക്കിയതിനു സന്തോഷിക്കണോ, ഇത്രയും കാലം കൊണ്ട് തന്റെ മകൾക്കു തന്നെ മനസ്സിലായില്ലല്ലോ എന്നോർത്തു സങ്കടപ്പെടണോ എന്ന് ആ അച്ഛന് അറിയില്ലായിരുന്നു

“രാഘവേട്ട, എനിക്ക് പാർവതിയെ ഇഷ്ടമായിരുന്നു. അവൾ പറഞ്ഞത് അച്ഛനെ വിഷമിപ്പിക്കാൻ പറ്റില്ല എന്നാണ് “

“അച്ഛനോട് പറയാതെ എങ്ങനെയാടോ അച്ഛന് വിഷമമാകുമോ ഇല്ലയോ എന്നറിയുക?, എന്റെ മകൾ എല്ലാം ആദ്യം എന്നോട് പറയും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു അതാണ്‌ ഇന്ന് തകര്ന്നത് “

ഇതെല്ലാം കേട്ടു പാർവതി ഒന്നും പറയാനാവാതെ നിന്ന് കരയുകയായിരുന്നു.

“തനിക്കെങ്കിലും എന്നോട് പറയാമായിരുന്നില്ലേഡോ, തന്നെക്കാൾ യോഗ്യനായ ഒരു ചെറുക്കനെ ഞാൻ എന്റെ മോൾക്കായി എവിടുന്നാടോ കണ്ടെത്തുക, ഇങ്ങനെ ഒരു ആലോചന വന്നപ്പോളും ഞാൻ ആദ്യം പറഞ്ഞത് തന്റെ അടുത്താണ്, അപ്പോളും താൻ ഒന്നും പറഞ്ഞില്ല “

“രാഘവേട്ടാ അത്… പാർവതിക്കു എന്നെ ഇഷ്ടമാണോ അല്ലയോ എന്നറിയാത്തതു കൊണ്ട്… “

“ഹ്മ്മ്.. മോളെ പാർവതി നിനക്ക് ഇനി എന്താ പറയാനുള്ളത്, നിനക്ക് ഇവനെ ഇഷ്ടമാണോ…. “

അവൾ ഓടിച്ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി,

“ എന്റെ മോളെ നിനക്കിതു അച്ഛനോട് നേരത്തെ പറഞ്ഞൂടാരുന്നോ… നിന്റെ ഇഷ്ടത്തിന് എന്നെങ്കിലും അച്ഛൻ എതിര് നിന്നിട്ടുണ്ടോ… “

രാഘവൻ റോയിയുടെ അമ്മയോട് സംസാരിച്ചു തുടങ്ങി,

“ഇന്നത്തെ കുട്ടികളുടെ കാര്യം ഇങ്ങനെ ആണ്, സംസാരിക്കണ്ട സമയത്തു സംസാരിക്കില്ല, വീട്ടുകാർ സമ്മതിക്കില്ല എന്ന് ഇവർ തന്നെ അങ്ങ് ഉറപ്പിക്കും എന്നിട്ട് ഇവർ തന്നെ ഒരു തീരുമാനവും എടുക്കും,. എന്ത് തീരുമാനം എടുക്കുന്നതിനും മുൻപ് വീട്ടുകാരോട് ഒന്ന് പറയാമല്ലോ അത് ചെയ്യില്ല “

റോയ് എന്തോ പറയാൻ വന്നതും അമ്മ അവനെ തടഞ്ഞു

“നിങ്ങള്ക്ക് സംസാരിക്കാൻ ഉണ്ടായിരുന്ന സമയം കടന്നു പോയി, ഇനി കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചുകൊള്ളാം “

നാല് വർഷത്തിന് ശേഷം ഉള്ള ഒരു പ്രഭാതം

“റോയിച്ചാ എഴുന്നേൽക്കുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ വെള്ളം തലേൽ കൂടെ ഒഴിക്കും “

പാർവതിയുടെ ശബ്ദം കേട്ടതും റോയ് തലയിൽ നിന്നും പുതപ്പു മാറ്റി

“ നീ ആ ചായ അവിടെ വച്ചേ…”

പാർവതി ചായ ടേബിളിൽ വച്ചതും റോയ് അവളെ വലിച്ചു തന്റെ മാറിലേക്കിട്ടു പാർവതി കുതറാൻ നോക്കിയെങ്കിലും സമ്മതിക്കാതെ അവളുടെ കഴുത്തിൽ ഒരു ചുംബനം നൽകി

“ അയ്യേ ഈ അച്ഛനൊരു നാണവുമില്ല രാവിലെ തന്നെ അമ്മക്കു ഉമ്മ കൊടുക്കുവാ “

റോയിയുടെയും പർവതിയുടെയും മൂന്നുവയസ്സുകാരി മകൾ റേച്ചൽ…

*******************************ശുഭം******************************************

Comments:

No comments!

Please sign up or log in to post a comment!