പ്രാണേശ്വരി 2

ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കുറച്ചു ടീച്ചേർസ് അങ്ങോട്ട്‌ കയറി വന്നത്

കാന്റീൻ ഫുൾ നിശബ്ദത, ഞാൻ നോക്കിയപ്പോൾ എല്ലാവരും ഒരേ സ്ഥലത്തേക്ക് നോക്കിയാണ് ഇരിപ്പു

എന്താ സംഭവം എന്നറിയാൻ ഞാനും നോക്കി

ഒന്ന് നോക്കിയത് മാത്രമേ എനിക്ക് ഓര്മയുള്ളു തുറന്ന വാ അടക്കാൻ മറന്നു പോയി

അന്ന് പ്രേമം ഇറങ്ങിയിരുന്നെങ്കിൽ ഞാൻ അവിടെ നിന്ന് മലരേ… പാടിയേനെ

ഒരു സുന്ദരി ടീച്ചർ വെളുത്തു മെലിഞ്ഞു മുഖത്തു ചുവന്ന മുഖക്കുരുവും ആയി ഒരു നാടൻ സുന്ദരി, ഒരു കോട്ടൺ സാരി ആണ് ആള് ഉടുത്തിരുന്നത്, മുഖത്തുന്നു കണ്ണെടുക്കാൻ തോന്നില്ല. വെറുതെയല്ല ഇവമ്മാര് അവിടെ കിടന്നു ഇടിയുണ്ടാക്കിയത്

വിഷ്ണുവാണോ ചന്തു ആണോ ആരോ എന്റെ തലക്കിട്ടു തട്ടിയപ്പോളാണ് ഞാൻ സ്വബോധത്തിലേക്കു വരുന്നത്, ഞാൻ നോക്കുമ്പോൾ നമ്മുടെ മലർ മിസ് എന്നെ തന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു

” good morning miss ”

ഞാൻ അത് പറഞ്ഞതും കാന്റീൻ മുഴുവൻ കൂട്ടച്ചിരി ഉയർന്നു

“good afternoon ”

മിസ്സിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി കേട്ടപ്പോളാണ് എനിക്ക് കത്തിയത്, വീണ്ടും നാറി രണ്ടു ദിവസമായി മുഴുവൻ പരാജയങ്ങൾ ആണല്ലോ ദെയ്‌വമേ

miss ക്യാന്റീന്റെ ഉള്ളിലേക്ക് കയറിപ്പോയി അവർ എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്, എന്നെപ്പറ്റി ആവും

ഞാൻ പിന്നെ അവിടെ ഇരിക്കാൻ പോയില്ല അപ്പൊത്തന്നെ എഴുന്നേറ്റു കോളേജിന്റെ ഉള്ളിലേക്ക് പോയി, ലക്ഷ്മിയെ തപ്പി കണ്ടു പിടിക്കണം

ഞാൻ പോന്നപ്പോഴും അവന്മാർ പോന്നില്ല, അവന്മാർ പിന്നെ വന്നോളാം എന്ന് പറഞ്ഞു അവിടെ തന്നെ ഇരുന്നു നമ്മുടെ മിസ്സിനെ കാണാൻ വേണ്ടി ആവും, അതെന്തായാലും ഒരു തരത്തിൽ നന്നായി അല്ലെങ്കിൽ എവിടെ പോണു എന്തിനു പോണു എന്നെല്ലാം പറയേണ്ടി വന്നേനെ

ഞാനും അപ്പോൾ അത് തന്നെയാണ് ചിന്തിച്ചത്, എന്തിനാ ഞാൻ ഇപ്പൊ അവളെ കാണാൻ പോകുന്നത് ചിലപ്പോ ഇനി ഇതാണോ പ്രേമം! ആ ആയിരിക്കും , അവൾ എന്നെക്കാൾ ഒരു വയസിനു മൂത്തതാണ്

” ആ അതിനിപ്പോ എന്താ ”

ഉദ്ദേശിച്ചത് ആത്മഗതം ആയിരുന്നു എങ്കിലും കുറച്ചു ഒച്ച കൂടിപ്പോയോ എന്നൊരു സംശയം

” ഏതിന് ഇപ്പൊ എന്താന്നു? ”

ഞാൻ അവനോടാണ് പറഞ്ഞത് എന്ന് കരുതി ഒരുത്തൻ എന്നെ നോക്കി കലിപ്പിക്കുകയാണ്,

” അയ്യോ ചേട്ടനോടല്ല ഞാൻ സ്വന്തമായി പറഞ്ഞതാ ”

അതിനു മറുപടിയായി അവൻ ഒന്നുകൂടി എന്നെ നോക്കിയിട്ട് നടന്നു പോയി

എനിക്ക് മാത്രം ഇമ്മാതിരി വള്ളികൾ ഒക്കെ എങ്ങനെ വരുന്നോ എന്തോ, എന്തായാലും പോയി അവളെ തപ്പി കണ്ടു പിടയ്ക്കാം.



അധികം തപ്പേണ്ടി വന്നില്ല സ്റ്റെപ് കയറി മുകളിൽ എത്തിയതും അവൾ അവിടെ നിൽപ്പുണ്ട്, ഫോണിൽ എന്തോ കണ്ടു ചിരിക്കുകയാണ്

” ലക്ഷ്മീ ”

” ആ നീ വന്നോ ഞാൻ നിന്നെ കാത്തു നിൽക്കുകയായിരുന്നു ”

എന്റെ മനസ്സിൽ രണ്ടു ലഡ്ഡു ഒരുമിച്ചു പൊട്ടി

” ശരിക്കും താൻ എന്നെ കാത്തു നിൽക്കുകയായിരുന്നു? ”

” അതേടാ ”

” ആഹാ എന്നാൽ പറ എന്താ കാര്യം ”

” ഈ ആഗോളതാപനം ഉണ്ടാകുവാനുള്ള കാരണം എന്താ”

ഇവള് ഞാൻ രാവിലെ പറഞ്ഞത് മനസ്സിൽ വച്ചു എനിക്കിട്ടു താങ്ങുകയാണല്ലോ

” എന്റെ പൊന്നു ലക്ഷ്മി ഞാൻ അത് അപ്പൊ വെറുതെ പറഞ്ഞതല്ലേ ”

“ആണോ, അപ്പൊ വേറൊന്നും പറയാനില്ലല്ലോ ഞാൻ പൊയ്ക്കോട്ടേ ”

” അങ്ങനെ പോകല്ലേടോ നമുക്ക് എന്തേലും കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു ഇരിക്കാം ”

” ഡാ ചെറുക്കാ ഞാൻ നിന്റെ സീനിയർ ആണ് അത് മറക്കണ്ട ”

“അതെന്താ സീനിയർ നോട് സംസാരിക്കാൻ പാടില്ലേ ”

” നീ ഇന്നലെ സംസാരിച്ചതിന്റ പാട് നിന്റെ മുഖത്തുന്നു പോയോ ”

വീണ്ടും അവൾ എനിക്കിട്ടൊന്നു താങ്ങി

” ഓഹ്‌ എന്നാ ശരി ഞാൻ ആർക്കും ഒരു ബുദ്ധിമുട്ട് ആകുന്നില്ല പൊയ്ക്കോളാം ”

ഞാൻ ഒരു സെന്റി അടിച്ചു നോക്കി അതെന്തായാലും ഏറ്റു

” ഡാ പോവല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ ”

“ഞാനും ചുമ്മാ പറഞ്ഞതാ, നീ എന്തൊക്കെ കാണിച്ചാലും ഞാൻ പോവൂല്ല ”

അവൾ ഒന്ന് ചിരിച്ചു

” ശരി നീ നിന്നെ കുറിച്ച് പറ, വീട് എവിടെയാണ് ”

ഇപ്രാവശ്യം അവൾ തന്നെ തുടങ്ങി

” വീട് തൊടുപുഴ വീട്ടിൽ അച്ഛൻ അമ്മ ഒരു ചേച്ചി, ചേച്ചിടെ കല്യാണം കഴിഞ്ഞു, ഒരു കുട്ടിയുണ്ട് ”

” ഞാൻ നിന്നോട് വീട് മാത്രമല്ലേ ചോദിച്ചുള്ളൂ അതിനു നീ ജാതകം മുഴുവൻ പറഞ്ഞല്ലോ ”

” ഞാൻ ഇതൊക്കെ പറഞ്ഞില്ലെങ്കിൽ നിന്റെ അടുത്ത ചോദ്യം അതാവില്ലേ, ഇതാവുമ്പോ നിനക്ക് വേറെ വല്ലതും ചോദിക്കാല്ലോ ”

അവൾ വീണ്ടും ഒന്നൂടെ ചിരിച്ചു, ഇവളുടെ ചിരിയാണ് സഹിക്കാൻ പറ്റില്ലാത്തതു, മൂക്കിലുള്ള ആ മൂക്കുത്തി ചിരിയുടെ അഴക് ഇരട്ടിയാക്കുന്നു

” ഡാ പൊട്ടാ നീ എന്താ ചിന്തിച്ചു നിൽക്കുന്നത് ഞാൻ ചോദിച്ചതൊന്നും കേട്ടില്ലേ ”

” ഏഹ്ഹ്, നീ എന്തേലും ചോദിച്ചോ ”

‘ ഒലക്ക, എടാ നിനക്ക് എത്ര വയസായി എന്ന്? ”

“എനിക്ക് 18, നിനക്കോ ”

” ഡാ പെൺപിള്ളേരോട് പ്രായം ചോദിക്കാൻ പാടില്ല ”

” എന്റെ സീനിയർ അല്ലെ അപ്പൊ 19 വയസു ഉണ്ടാവില്ലേ ”

” അതൊന്നും പറയാൻ പറ്റില്ല നീ വേണേൽ കണ്ടു പിടിച്ചോ ”

” മ്മ് ശരി ഞാൻ കണ്ടുപിടിച്ചോളാം, നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ”

“ആദ്യം ചേച്ചി ആയിരുന്നു പിന്നെ ലക്ഷ്മി ആയി പിന്നെ താൻ ആയി ഇപ്പൊ എടീപോടീ ആയി, ഞാൻ നിന്റെ സീനിയർ ആണ് അത് മറക്കണ്ട ”

” ഇത് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറയണം എന്നില്ല എനിക്കറിയാം, ഇപ്പൊ ഞാൻ ചോദിച്ചതിന് മറുപടി പറ വീട്ടിൽ ആരൊക്കെയുണ്ട് ”

” വീട്ടിൽ അമ്മ അനിയത്തി , അച്ഛൻ ഇല്ല മരിച്ചു ആക്‌സിഡന്റ് ആയിരുന്നു ”

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു

ഞാൻ പിന്നെ അച്ഛനെക്കുറിച്ചു ഒന്നും ചോദിക്കാൻ പോയില്ല

” അമ്മ എന്ത് ചെയ്യുന്നു ”

” ഒന്നും ചെയ്യുന്നില്ല ആവശ്യത്തിന് സ്വത്തു ഉണ്ടാക്കിയിട്ടിട്ടാണ് അച്ഛൻ പോയത്”

” ഓ അപ്പോ നല്ല സ്ത്രീധനം കിട്ടും ”

” എന്ത്? ”

“അല്ല നിന്നെ കെട്ടുന്നവന് നല്ല സ്ത്രീധനം കിട്ടും എന്ന് ”

“ഞാൻ പൈസ കൊടുത്തു ഭർത്താവിനെ വാങ്ങുന്നില്ല ”

” അല്ലേലും എനിക്ക് പൈസ ഒന്നും വേണ്ട ”

ഞാൻ പറഞ്ഞത് പതുക്കെ ആണെങ്കിലും അവൾ കേട്ടോ എന്നൊരു സംശയം

“നീ വല്ലതും പറഞ്ഞോ ”

“ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല ”

” എന്നിട്ട് ഞാൻ എന്തോ കേട്ടല്ലോ ”

” നിനക്ക് തോന്നിയതാവും ”

“അങ്ങനെ ആണെങ്കിൽ കൊള്ളാം ”

” അല്ല നീ എന്താ കെട്ടത് ”

ഞാൻ ഒന്ന് എറിഞ്ഞു നോക്കി

” നീ ഒന്നും പറഞ്ഞില്ലല്ലോ പിന്നെ ഞാൻ എങ്ങനെയാ കേള്ക്കുന്നെ”

അവൾ അതെ നാണയത്തിൽ തിരിച്ചടിച്ചു

” നിന്റെ അനിയത്തി എന്താ പഠിക്കുന്നെ ”

” അവൾ 10 ൽ ആണ്‌ ”

“ഓഹ്‌ നിങ്ങൾ തമ്മിൽ 4 വയ്സു വ്യത്യാസം ഉണ്ടോ ”

“ഇല്ല ഞങ്ങൾ തമ്മിൽ… ”

അവൾ ഒന്ന് നിർത്തിയിട്ടു എന്നെ നോക്കി ചിരിച്ചു

” വേല കയ്യിൽ ഇരിക്കട്ടെ മോനെ, എന്റെ പ്രായം നീ സ്വന്തമായി കണ്ടുപിടിച്ചാൽ മതി ”

അതും ഏറ്റില്ല ഞാൻ വീണ്ടും ചമ്മി , ചമ്മലുകൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം ഇനിയും ബാക്കി

” ഒന്ന് പറയടോ നമ്മൾ ഇത്രയും അടുപ്പം ആയില്ലേ ”

” എത്രയും അടുപ്പം.
നമ്മൾ ഇന്നലെ കണ്ടു സംസാരിച്ചു ഇന്ന് കണ്ടു സംസാരിച്ചു അതല്ലാതെ വേറെന്തു അടുപ്പം ”

ഞാൻ അടുത്തത് ചോദിക്കാൻ തുടങ്ങിയതും ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു, ഇവളുടെ ഒപ്പം നിന്നാൽ സമയം പോകുന്നത് അറിയില്ല

“അപ്പൊ ശരി ഞാൻ പോകുവാ ”

അവൾ അതും പറഞ്ഞു പോകാൻ ഒരുങ്ങി

“ഇപ്പൊ പോകണ്ടടോ കുറച്ചു കഴിഞ്ഞു പോകാം ”

“പോടാ ഞാൻ ഇവിടെ വന്നത് പഠിക്കാനാ അല്ലാതെ നിന്നെ പോലെ അല്ല, മര്യാദക്ക് ക്ലാസ്സിൽ പോകാൻ നോക്ക് ”

അവൾ പിന്നെ ഒന്നും പറയാതെ ക്ലാസ്സിലേക്ക് പോയി, ഞാൻ കുറച്ചു നേരം അവള് പോണതും നോക്കിക്കൊണ്ടു നിന്നിട്ട് ക്ലാസ്സിലേക്ക് തന്നെ പോയി

” നീ ഞങ്ങളെക്കാൾ മുന്പേ ക്യാന്റീനിൽ നിന്നും പോന്നതല്ലേ പിന്നെ എവിടെപ്പോയി ” ആഷിക്കിന്റെ വകയാണ് ഈ പ്രാവശ്യം

” ഞാൻ ഒന്ന് ലൈബ്രറി വരെ പോയി ”

പെട്ടന്ന് വായിൽ വന്ന നുണ തട്ടി വീണു

” നീ ലൈബ്രറിയിൽ പോയി ഇത് ഞങ്ങൾ വിശ്വസിക്കണം, നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കൊല്ലം ആറാകുന്നു, ആ എന്നോടാണോ നീ പറയുന്നത്, സത്യം പറയടാ നീ എവിടെ പോയതാ ” അടുത്തത് വിഷ്ണു വക

” സത്യമായിട്ടും ഞാൻ ലൈബ്രറി യിൽ ആയിരുന്നു ”

” ശരി നീ അവിടെ ഏതു ബുക്ക്‌ ആണ് വായിച്ചത് ”

” റസാഖിന്റെ ഇതിഹാസം ”

” ഡാ നാറി ഇവിടുത്തെ ലൈബ്രറിയിൽ ആകെ ഇവിടുത്തെ സബ്ജെക്ട് ബുക്സ് മാത്രേ ഉള്ളു, നുണ പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന നുണ പറയണ്ടേ, പിന്നെ റസാഖിന്റെ അല്ല ഖസാക്കിന്റ ഇതിഹാസം ആണ് ”

വീണ്ടും 3g, ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ

” അപ്പൊ ഉള്ളതൊക്കെ ഉള്ളപോലെ പോരട്ടെ, ഇനി കൂടുതൽ നുണപറയാൻ നിക്കണ്ട നീ ആ പെണ്ണിന്റെ കൂടെ നിൽക്കുന്നതു ഞങ്ങൾ കണ്ടതാ”

അപ്പൊ തെണ്ടികൾ എല്ലാം കണ്ടിട്ടാണ് ഒന്നും അറിയാത്ത പോലെ സംസാരിച്ചത്

“ഏതു പെണ്ണിനോട്, ഓഹ്‌ ലക്ഷ്മിയാണോ അവളെ ഞാൻ ക്ലാസ്സിലേക്ക് വരുന്ന വഴിക്കു കണ്ടപ്പോ ജസ്റ്റ് ഒന്ന് മിണ്ടീന്നെ ഉള്ളു”

“അങ്ങനെ ആണേൽ കൊള്ളാം, മോനെ അവള് സീനിയർ ആണ് പോരാത്തതിന് ഇലക്ടോണിക്‌സും, അവന്മാർ ആരെങ്കിലും അറിഞ്ഞാൽ അടുത്ത അടിക്കുള്ള വകയാകും ”

ഇവന്മാരോട് സത്യം പറയുന്നതാണ് നല്ലതു എന്ന് തോന്നിയത് കൊണ്ട് പറയാൻ തീരുമാനിച്ചു

“എടാ നിങ്ങളോട് ഞാനൊരു കാര്യം പറയാം കേൾക്കുമ്പോൾ ദേഷ്യപ്പെടരുത് കൂടെ നിക്കണം”

അവർ ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ തുടർന്നു

” എനിക്ക് അവളെ ഇഷ്ടായി”

“ആരെ ലക്ഷ്മിയെയോ”

അവർ ഒന്ന് ഞെട്ടി

“അതെ”

“എടാ അവള് നമ്മുടെ സീനിയർ ആണ് നിന്നെക്കാൾ ഒരു വയസിനു മൂത്തതും ആണ് ”

” അതിനിപ്പോ എന്താ സച്ചിനും”

“സച്ചിന്റെയും അഞ്ജലിയുടെയും കാര്യം അല്ലെ, നീ സച്ചിനും അല്ല അവൾ അഞ്ജലിയും അല്ല ”

മുഴുവൻ പറയാൻ സമ്മതിക്കാതെ വിഷ്ണു ഇടയ്ക്കു കയറിപ്പറഞ്ഞു

” നീ എന്താ പറഞ്ഞു വരുന്നത് പ്രായത്തിനു മൂത്തവരെ സ്നേഹിക്കാൻ പാടില്ലേ, വിഷ്ണൂ നിനക്കെന്നെ ശരിക്കറിയാം ഞാൻ ഇതുവരെ ഏതെങ്കിലും പെണ്ണിന്റെ പിന്നാലെ പോകുന്നത് നീ കണ്ടിട്ടുണ്ടോ ”

“അതില്ല എന്നാലും ”

” ഒരെന്നാലും ഇല്ല, എനിക്കവളെ ഇഷ്ടമാണ് നിങ്ങള് കൂടെ നിൽക്കുമോ ഇല്ലയോ ”

“അതിനു അവൾക്കു ഇഷ്ടമാകണ്ടേ ”

“അതൊക്കെ ഇഷ്ടമാകും നിങ്ങൾ കൂടെ നിന്നാൽ മതി ”

” ശരി നമുക്ക് നോക്കാം ”

അങ്ങനെ സംസാരിക്കുന്ന സമയത്താണ് പെട്ടന്ന് നമ്മുടെ മലർ മിസ്സ്‌ ക്ലാസ്സിലേക്ക് കയറി വരുന്നത്

“good afternoon students, എന്റെ പേര് വാണി ഞാൻ നിങ്ങള്ക്ക് applied physics ആണ് എടുക്കുന്നത് ”

അപ്പൊ അതാണ്‌ പേര് വാണി…

ഞാൻ അപ്പോഴാണ് ചുറ്റും ശ്രദ്ധിക്കുന്നത് ഇത്രയും നേരം ചന്ത കണക്കിന് ഒച്ചയെടുത്തോണ്ടിരുന്ന ക്ലാസ്സാണ് ഇപ്പൊ എന്താ അച്ചടക്കം, ക്ലാസ്സ്‌ ശ്രദ്ധിക്കാൻ ഒന്നും അല്ല എല്ലാവരുടെയും നോട്ടം വാണി മിസ്സിലാണ്

” ഞാൻ ഒരാഴ്ച സിക്ക് ലീവിൽ ആയിരുന്നു അതാണ്‌ ഇതുവരെ ഞാൻ ക്ലാസ്സിൽ വരാത്തെ ഇരുന്നത് ”

പിന്നെ മിസ്സ്‌ ഓരോരുത്തരെ ആയി പരിചയപ്പെടാൻ തുടങ്ങി, എന്റെ അവസരം ആയപ്പോൾ ഞാൻ എഴുന്നേറ്റു നിന്ന്, എന്നെ കണ്ടതും മിസ്സിന്റെ മുഖത്തു ഒരു ചിരി വന്നു

” മിസ്സ്‌ എന്റെ പേര് അഖിൽ ”

” ആഹ് good morning അഖിൽ ”

“മിസ്സേ മാറിപ്പോയി ഇത് afternoon ആണ് ”

ആരോ ഒരുത്തൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു

“അത് നമുക്ക്, അഖിലിന് ഇപ്പൊ നേരം വെളുത്തതേ ഉള്ളു”

വേറെ ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും എനിക്കിട്ടു കൊട്ടിയതാണെന്നു അവന്മാർക്ക് മനസ്സിലായി, അവന്മാർ ഇരുന്നു ചിരിക്കാനും തുടങ്ങി

ഞാനും ഒന്ന് ചെറുതായി ചിരിച്ചു കാണിച്ചു എന്നെക്കുറിച്ച് ബാക്കികൂടി പറഞ്ഞു

“പരിചയപ്പെടൽ കഴിഞ്ഞില്ലേ അപ്പൊ നമുക്ക് ക്ലാസ്സ്‌ തുടങ്ങിയാലോ ”

” വേണ്ട മിസ്സേ ഇന്ന് ഫസ്റ്റ് ഡേ അല്ലെ ഇന്ന് ക്ലാസ്സ്‌ വേണ്ട ”

ഏതോ ഒരുത്തൻ വീണ്ടും പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു

മിസ്സ്‌ എന്തോ പറയാൻ തുടങ്ങിയതും പ്യൂൺ ക്ലാസ്സിലേക്ക് വന്നു മിസ്സിന്റെ കയ്യിലേക്ക് ഒരു ബുക്ക്‌ കൊടുത്തു

” അപ്പൊ സ്റ്റുഡന്റസ് ഒരു നോട്ടീസ് ഉണ്ട് വരുന്ന ബുധനാഴ്ച ഫ്രഷേഴ്‌സ് ഡേ ആയിരിക്കും, എല്ലാവരും തയാറായി വരിക ”

മിസ്സ്‌ പറഞ്ഞു നിർത്തിയതും പ്യൂൺ ആ ബുക്കും വാങ്ങി തിരിച്ചു പോയി

” നിങ്ങള്ക്ക് ഫ്രഷേഴ്‌സ് ഡേ എന്താണെന്ന് അറിയുമോ”

മിസ്സ്‌ എല്ലാവരോടുമായി ചോദിച്ചു

” ഫ്രഷേഴ്‌സ് വരുമ്പോൾ അവരെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്ന ദിവസം അല്ലെ ”

വീണ്ടും ആ ഏതോ ഒരുത്തൻ തന്നെ

“സംഭവം അതൊക്കെ തന്നെ ചെറിയൊരു മാറ്റം ഉള്ളത് ഇത് ഫുൾ നിയന്ത്രിക്കുന്നത് നിങ്ങളുടെ സീനിയർസ് ആയിരിക്കും, പിന്നെ നിങ്ങളുടെ കഴിവുകൾ ഒക്കെ പുറത്തെടുക്കാനുള്ള അവസരമാണ്.
ഇനി നിങ്ങൾ സ്വന്തമായി പുറത്തെടുത്തില്ലെങ്കിൽ അവന്മാർ എടുപ്പിക്കും”

” അപ്പൊ സിമ്പിൾ ആയി പറഞ്ഞാൽ എല്ലാവരുടെയും അറിവോടെ അവർ ഞങ്ങളെ നാളെ റാഗ് ചെയ്യും ”

” ആ അങ്ങനെയും പറയാം പക്ഷെ ആരും പേടിക്കണ്ട ഒന്നും അതിരുകടക്കില്ല. ഇതെല്ലാം ഒരു തരത്തിൽ നിങ്ങളെ സഹായിക്കും അത് നിങ്ങള്ക്ക് പിന്നെ മനസ്സിലാകും ”

മിസ്സ്‌ പറഞ്ഞു നിർത്തിയതും ബെൽ അടിച്ചു

” അപ്പൊ ഞാൻ പോവുകയാണ് നാളെ മുതൽ ശരിക്കും ക്ലാസ്സ്‌ തുടങ്ങും, ഇനി നാളെ അയ്യോ മിസ്സേ ഇന്ന് രണ്ടാം ദിവസമല്ലേ ക്ലാസ്സ്‌ ഒന്നും വേണ്ട എന്നൊന്നും പറഞ്ഞേക്കരുത് ”

അതും പറഞ്ഞു മിസ്സ്‌ പുറത്തേക്കിറങ്ങി

മിസ്സ്‌ പുറത്തേക്ക് ഇറങ്ങാൻ കാത്തു നിന്ന് HOD ഉള്ളിലേക്ക് കയറാൻ, കയറിയതും പുള്ളി മുഖവുര ഇല്ലാതെ പറഞ്ഞു തുടങ്ങി

“ഞാനാണ് നിങ്ങൾക്ക് Technology In Society എടുക്കുന്നത് അപ്പൊ നമുക്കു ക്ലാസ്സിലേക്ക് കടക്കാം ”

ഒരു മണിക്കൂർ പുള്ളി നല്ല അന്തസ്സായി താരാട്ടു പാടിത്തന്നു, തിരിഞ്ഞു പുറകോട്ടു നോക്കിയപ്പോൾ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ. എന്തായാലും പുള്ളി ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്കു പോയി

വീണ്ടും അടുത്ത ഇന്റർവെൽ ഒന്നൂടെ അവളെ പോയി കാണാം എന്ന് കരുതി പുറത്തേക്കിറങ്ങി

” ഡാ മുത്തേ ”

പുറകീന്നു ഒരു ശബ്ദം, ഏയ് എന്തായാലും നമ്മളെ ആയിരിക്കില്ല ആ പേര് ഇവിടെ ആർക്കും അറിയില്ലല്ലോ എന്നോർത്ത് നടക്കാൻ തുടങ്ങി

” ഡാ അഖിലേ നിന്നെ തന്നെയാ ”

തിരിഞ്ഞു നോക്കിയ ഞാൻ വണ്ടർ അടിച്ചു പോയി വാണി മിസ്സ്‌ എന്റെ മുന്നിൽ നിൽക്കുന്നു

” എന്താടാ നിനക്ക് എന്നെ മനസ്സിലായില്ലേ”

” അല്ല മിസ്സിനെങ്ങനെ എന്റെ മറ്റേ പേരറിയാം ”

” അതൊക്കെ അറിയാം, അത് മാത്രമല്ല മറ്റു പലതും അറിയാം ”

“എന്ത് മറ്റു പലതും ”

“നീ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നത് വരെ അച്ഛന്റെയും അമ്മയുടെയും ഒപ്പം മാത്രമേ കിടക്കുമായിരുന്നുള്ളു, ഇത് മതിയോ ഇനിയും വേണോ ”

ഇത് കെട്ടു ഞാൻ ചമ്മി ചുറ്റും ഒന്ന് നോക്കി, ഭാഗ്യം ആരും കേട്ടില്ല

“ഇതൊക്കെ എങ്ങനെ അറിയാം ”

“എടാ പൊട്ടാ ഇത് ഞാൻ ആണെടാ മാളു”

“മാളു, അതേതു മാളു. അയ്യോ മാളുചേച്ചി !”

“ആ അതെ മാളുചേച്ചി തന്നെ ”

ഞങ്ങടെ വീടിന്റെ തൊട്ടടുത്തു താമസിച്ചു കൊണ്ടിരുന്ന ലീലാന്റിയുടെ മകളായിരുന്നു മാളുചേച്ചി, എന്നെക്കാൾ ഒരു 6 വയസ്സിനു മൂത്തതാണ് എന്നെ സ്വന്ത അനിയനെ പോലെ ഇഷ്ടമായിരുന്നു ചേച്ചിക്ക്, എനിക്കും.


ആ സമയത്തു ഞാൻ എന്റെ വീട്ടിൽ നിന്നതിലും കൂടുതൽ അവിടെ ആയിരുന്നു, ചേച്ചിയുടെ അമ്മയുടെ പേര് ഷീല എന്നായിരുന്നു ഞാനും എന്റെ ചേച്ചിയും ലീലാന്റി എന്ന് വിളിക്കും,

വീടിന്റെ മുറ്റത്തു ഒരു പുളിമരം ഉണ്ടായിരുന്നു ,ഓണം ആകുമ്പോൾ അച്ഛൻ അതിൽ ഊഞ്ഞാൽ കെട്ടിത്തരും. അതിൽ ഞങ്ങൾ ആടിയ സമയങ്ങൾ ഒക്കെ എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്, പക്ഷെ ചേച്ചിയെ കണ്ടപ്പോൾ എനിക്ക് മനസ്സിലാവാത്തതു എന്താണെന്ന് അറിയില്ല

ഒരിക്കൽ ആ ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുമ്പോൾ ഞാൻ എഴുന്നേറ്റു നിന്ന് ആടാൻ നോക്കി, കാലു തെന്നി താഴെ വീണു, അന്ന് എന്റെ ചേച്ചിയും മാളുചേച്ചിയും ഭയങ്കര കരച്ചിൽ ആയിരുന്നു, ആ ഒരു സംഭവത്തോടെ അച്ഛൻ ഊഞ്ഞാൽ കെട്ടുന്ന പരിപാടി നിർത്തി

ഞാൻ അഞ്ചിൽ പഠിക്കുന്ന സമയത്താണ് അവർ അവിടുന്ന് സ്ഥലം വിറ്റു പോകുന്നത്, എന്റെ അന്നത്തെ പ്രായം ആകാം അവർ പോയതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല, എനിക്ക് ഇവർ പോയാലും വേറെ കൂട്ടുകാർ ഉണ്ടല്ലോ അതായിരുന്നു അന്നത്തെ മൈൻഡ്

അതിൽ പിന്നെ ചേച്ചിയെ ഇപ്പൊ ഇവിടെ വച്ചാണ് കാണുന്നത്

“അതിനു ചേച്ചിടെ പേരെന്നാ വാണി എന്നാക്കിയത് ”

“എന്റെ പേര് എന്നും വാണി എന്ന് തന്നെയായിരുന്നു ”

“എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ”

“അതിനു ഞാൻ എന്ത് ചെയ്യാനാ, നീ എന്നെ എന്നും വിളിച്ചിരുന്നത് മാളുചേച്ചി എന്നല്ലേ അതാവും ”

” അല്ല അപ്പൊ എന്നെ എങ്ങനെ മനസ്സിലായി ”

“നീ തന്നെ അല്ലെ എല്ലാം പറഞ്ഞു തന്നത് ”

“എപ്പോ ”

“ക്ലാസ്സിൽ ഇൻട്രൊഡക്ഷൻ ടൈമിൽ ”

“ഓഹ്‌ അതാണ്‌ അല്ലാതെ ആളെ കണ്ടു മനസ്സിലായതല്ല ”

“നിന്നെ കണ്ടപ്പോ എവിടെയോ കണ്ട ഒരു മുഖപരിചയം തോന്നി അതാ ക്യാന്റീനിൽ വച്ചു നിന്നെ നോക്കിനിന്നതു, ഞാൻ അത് എന്റെ കൂടെ ഉണ്ടായിരുന്ന ടീച്ചേഴ്സിനോട് പറയുകയും ചെയ്തു ”

” ചേച്ചി ഒരുപാട് പാറിപ്പോയി, പിന്നെ ഇനി എന്നെ കോളേജിൽ വച്ചു അങ്ങനെ വിളിക്കരുത് ”

“എങ്ങനെ ”

ഞാൻ പറഞ്ഞത് എന്താണ് എന്ന് ചേച്ചിക്ക് മനസ്സിലായി എന്നെ കൊണ്ട് പറയിപ്പിക്കാനുള്ള അടവാണ്, ആഹ് എന്തായാലും ആവശ്യം നമ്മുടെ ആയിപ്പോയില്ലേ

” എന്നെ ഇവിടെ വച്ചു മുത്തേ എന്ന് വിളിക്കരുത് എന്ന് ”

ഞാൻ കുറച്ചു ശബ്ദം താത്തി പറഞ്ഞു

“ശരി ഞാൻ വിളിക്കില്ല നീ എന്നെ മാളു ചേച്ചി എന്നും വിളിക്കരുത്”

“ശരി വിളിക്കില്ല ”

ഞങ്ങൾ അങ്ങനെ ഒരു സമാധാന ഉടമ്പടിയിൽ ഒപ്പ് വച്ചു

“എടാ എന്റെ വീടിവിടെ അടുത്താ നീ വൈകിട്ട് വീട്ടിലേക്കു വാ, നിന്റെ കൂട്ടുകാരെയും കൂട്ടിക്കോ എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട് ”

ചേച്ചി എനിക്ക് അവരുടെ വീട്ടിലേക്കുള്ള വഴി എനിക്ക് പറഞ്ഞുതന്നു

“അപ്പൊ ശരിയെട വൈകിട്ട് കാണാം ”

അതും പറഞ്ഞു ചേച്ചി പോയി, അവളെ കാണാൻ ഇറങ്ങീതാ അവളെ കാണാൻ പറ്റിയില്ലെങ്കിലും സങ്കടം ഒന്നും തോന്നിയില്ല ഇനീം കാണാല്ലോ

അടുത്ത പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു പഠിപ്പിക്കാൻ വന്ന മിസ്സിന്റെ പേര് കിരൺ, ഈ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർമാർക്കൊക്കെ മുഖത്തു ഒരു പ്രത്യേക ഐശ്വര്യമായിരിക്കും, അതുപോലെ നല്ല സ്വഭാവവും ആയിരിക്കും, എന്റെ അനുഭവത്തിൽ അത് അങ്ങനെ ആയിരുന്നു

ഒരു മണിക്കൂർ ക്ലാസ്സ്‌ പോയത് അറിഞ്ഞില്ല, മിസ്സ്‌ ക്ലാസ്സ്‌ എടുക്കുന്നത് കേട്ടാൽ വേറൊന്നും ശ്രദ്ധിക്കാതെ ക്ലാസ്സിൽ മാത്രം ശ്രദ്ധിക്കും അത്രക്കുനന്നായി ക്ലാസ്സ്‌ എടുക്കും

ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയതും ആദ്യം എന്റെ കണ്ണുകൾ തേടിയത് അവളെ ആയിരുന്നു, അവളെ അവിടെ എങ്ങും കണ്ടില്ല കോളേജ് മുഴുവൻ തപ്പി,ഇപ്പൊ എന്റൊപ്പം അവന്മാരും ഉണ്ട്,

വീട്ടിൽ ചെന്ന് കാളിങ് ബെൽ അടിച്ചു ചേച്ചി തുറക്കും എന്ന് പ്രതീക്ഷിച്ച വാതിൽ തുറന്നത് ലീലാന്റിയാണ്, പണ്ട് ഞാൻ കണ്ടപോലെ തന്നെ ഇരിക്കുന്നു, തല ചെറുതായി നരച്ചു എന്നതൊഴിച്ചാൽ യാതൊരു മാറ്റവും ഇല്ല

“ലീലാന്റീ.. ”

” ഡാ മൊട്ടേ ”

എന്നെ ലീലാന്റി മാത്രം വിളിക്കുന്ന പേരാണ് മൊട്ട, ഒരിക്കൽ തല മൊട്ട അടിച്ചു എന്നും പറഞ്ഞു അന്ന് മുതൽ അങ്ങനെ മാത്രേ വിളിക്കാറുള്ളു

“നീ ഇവളുടെ കോളേജിൽ ആണ് പടിക്കുന്നതെന്നു അവള് പറഞ്ഞു, ഇനീപ്പോ നീ ഹോസ്റ്റലിൽ ഒന്നും നിക്കണ്ടടാ നീ ഇങ്ങു പോരെ നിനക്കു ഇവിടെ നിക്കാല്ലോ”

ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് ചേച്ചി പുറത്തേക്കു വരുന്നത്

” എന്റെ അമ്മേ അവരെ ഒന്ന് അകത്തേക്ക് വിളിക്കു, അകത്തിരുന്നു സംസാരിക്കാല്ലോ ”

ചേച്ചി പറഞ്ഞപ്പോളാ ആന്റിയും അത് ഓർത്തത്‌ എന്ന് തോന്നുന്നു

” അയ്യോ ഇവനെ കണ്ട സന്തോഷത്തിൽ അത് മറന്നു, കേറിവാടാ കേറിവാ മക്കളെ ”

ആന്റി എന്നെയും അവരെയും ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയ്‌ ചെറിയ വീട് ആണെങ്കിലും നല്ല അടുക്കും ചിട്ടയിൽ സൂക്ഷിച്ചിരിക്കുന്നു ,ചേച്ചിയുടെ പണിയാകാം ഷോകേസിൽ കുറച്ചു ബോട്ടിൽ ആർട്ട്‌ ഒക്കെ ഇരിപ്പുണ്ട്

വീടും നോക്കി ഇരുന്ന എന്നോട് ആന്റി വീണ്ടും പറഞ്ഞു

“നീ വീടൊന്നും നോക്കേണ്ടടാ നിനക്ക് താമസിക്കാനുള്ള മുറിയൊക്കെ ഇവിടുണ്ട് നീ ഇങ്ങോട്ട് പോരെ, രാവിലെ ഇവളുടെ ഒപ്പം പോകാം ഒപ്പം തിരിച്ചും വരാം ”

” എന്റെ ആന്റി വീടിനടുത്തു മുട്ടത്തു കോളേജ് ഉണ്ടായിട്ടും അവിടെ ആപ്ലിക്കേഷൻ കൊടുക്കാതെ ഇത്രേം ദൂരെ വന്നു പഠിക്കുന്നത് ഹോസ്റ്റലിൽ നിക്കാൻ വേണ്ടി മാത്രമാണ്, ഞാൻ ഇടയ്ക്കിടയ്ക്ക് ഇതുപോലെ വരാം അതുപോരെ ”

“ആ ഇനീപ്പോ ഞാൻ എന്ത് പറയാനാ, നിന്റെ ഇഷ്ടം പോലെ ചെയ്യ് ”

” പിന്നെ എന്നോട് ഇങ്ങനെ ചോദിച്ചൂന്നും ഞാൻ ഇങ്ങനെ പറഞ്ഞൂന്നും അമ്മേനെ വിളിച്ചു പറയല്ലട്ടോ, എന്നോട് പെട്ടീം കിടക്കേം എടുത്തോണ്ട് ഇപ്പൊ തന്നെ ഇങ്ങു പോരാൻ പറയും ആള് ”

“ഹ്മ്മ് ശരി ശരി ഞാൻ പറയുന്നില്ല ”

താങ്ക്സ് ആന്റി എന്നും പറഞ്ഞു കവിളിൽ ഒരുമ്മയും കൊടുത്തു ഞാൻ അടുക്കളയിലേക്കു പോയി, അവന്മാറ് അപ്പോഴും ലീലാന്റി യുടെ അടുത്തുണ്ട് അവർ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട്

ഞാൻ അടുക്കളയിൽ എത്തുമ്പോൾ ചേച്ചി എന്തോ കാര്യമായി ഉണ്ടാക്കുകയാണ്

“വായിൽ വച്ചു കഴിക്കാൻ പറ്റുമോ ”

എന്റെ ശബ്ദം കെട്ടു ചേച്ചി തിരിഞ്ഞു നോക്കി

“നീ കഴിക്കണ്ട ഞാൻ ആ പിള്ളേർക്ക് കൊടുത്തോളം ”

ഇത്രയും നാള് കാണാതിരുന്ന ആളുകൾ പെട്ടന്ന് ഒരു ദിവസം കണ്ടുമുട്ടുമ്പോൾ സംസാരിക്കാനുള്ള ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല, ഒരു അനിയനോടുള്ള എല്ലാ സ്വാതന്ത്ര്യവും ചേച്ചിടെ സംസാരത്തിൽ ഉണ്ടായിരുന്നു

“ചേച്ചി കല്യാണം കഴിക്കുന്നില്ലേ… ”

“വന്ന ഉടനെ നിനക്കിതല്ലാതെ വേറൊന്നും ചോദിക്കാനില്ലേ, ഇവിടെ അമ്മേടെ വക എന്നും ഉണ്ട് ഇനി നീ കൂടെ തുടങ്ങു ”

” എന്താണ് വല്ല ചുറ്റിക്കളിയും ഉണ്ടോ ”

” ഉണ്ടെങ്കിൽ ”

“ഉണ്ടെങ്കിൽ ഞാൻ ആന്റിയോട്‌ പറയാം, നമുക്ക് നടത്താം ”

“മോൻ അങ്ങനെ ബുദ്ധിമുട്ടണം എന്നില്ല, സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം ”

” അപ്പൊ ആരോ ഉണ്ട്, പോരട്ടെ പോരട്ടെ കഥ പോരട്ടെ ”

” എന്ത് കഥ എന്റെ കല്യാണത്തിന് സമയമാകുമ്പോൾ ഞാൻ പറഞ്ഞോളാം എന്നാ പറഞ്ഞെ അല്ലാതെ ”

“ഉവ്വ ഞാൻ വിശ്വസിച്ചു, നീ കളിക്കാതെ കാര്യം പറയടി ചേച്ചീ, ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ആന്റിയെ വിളിച്ചു നിനക്കൊരാളെ ഇഷ്ടമാ എന്ന് പറയും ”

” പിന്നെ നീ പറയില്ല എന്നെനിക്കറിയില്ലേ, നീ എന്റെ മുത്തല്ലേ ”

“ആഹാ ഞാൻ ഇപ്പൊ കാണിച്ചു തരാം ”

ഞാൻ അവിടെ നിന്ന് ആന്റിയെ ഉറക്കെ വിളിച്ചു

“ആന്റീ…”

ആന്റി ഹാളിൽ ഇരുന്നു തന്നെ വിളികേട്ടു

” എന്താടാ ”

” ഈ ചേച്ചിക്ക്.. ഹ്മ്മ് ഹ്മ്മ് ”

എന്നെ മുഴുവൻ പറയാൻ സമ്മതിക്കാതെ ചേച്ചി എന്റെ വായ പൊത്തി

” എടാ കളിക്കല്ലേ പ്ലീസ്, ഞാൻ പറയാം ”

“അവസാനം ചേച്ചി കീഴടങ്ങി ”

” ആ അങ്ങനെ വഴിക്കു വാ ”

അപ്പോഴേക്കും ഞാൻ വിളിച്ചതിന്റെ കാര്യം അറിയാൻ ആന്റി ഹാളിൽ നിന്നും അടുക്കളയിലേക്കു എത്തി

“എന്താടാ നീ വിളിച്ചത് ”

“ഒന്നൂല്ലമ്മേ ഇവന് പ്രാന്താ ”

ചേച്ചിയാണ് മറുപടി കൊടുത്തത്

“പ്രാന്ത് നിന്റെ കെട്യോന്, ആ അത് പറഞ്ഞപ്പോഴാ ആന്റി നമുക്ക് ഇവളെ കെട്ടിച്ചു വിടണ്ടേ ”

ഞാൻ അവിടെ നിന്ന് ചേച്ചിക്കിട്ടു നൈസ് ആയിട്ടൊന്നു താങ്ങി

“ഞാൻ എപ്പോഴും പറയുന്നതാ ഇവള് കേക്കണ്ടേ ”

“ചിലപ്പോ മനസ്സിൽ ആരെങ്കിലും കാണും ആന്റി, അതാവും”

വീണ്ടും ഒന്നൂടെ കൊടുത്തു

“ആരായാലും എനിക്ക് കുഴപ്പം ഇല്ല, ഇവളുടെ സന്തോഷം അല്ലെ എനിക്ക് വലുത് ”

അത് കേട്ടപ്പോൾ ചേച്ചീടെ കാര്യം പറഞ്ഞാലോ എന്നാലോചിച്ചു, ചേച്ചീനെ നോക്കിയപ്പോൾ എന്നെ ദയനീയതയോടെ നോക്കുന്നുണ്ട് ഒന്നും പറയല്ലേ എന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു

” ആ നിങ്ങൾ സംസാരിക്കു ഞാൻ ആ പിള്ളേരുടെ അടുത്തേക്ക് ചെല്ലട്ടെ ”

അതും പറഞ്ഞു ആന്റി തിരിച്ചു നടന്നു,

“എടാ തെണ്ടീ നീ എന്ത് പണിയാ കാണിച്ചത് ”

ചേച്ചി നല്ല ദേഷ്യത്തിൽ ആണ്

“ഇതിനു ദേഷ്യപ്പെടുന്നത് എന്തിനാ, സന്തോഷിക്കുകയല്ലേ വേണ്ടത്. ആന്റിക്ക് ഇഷ്ട്ടക്കേടൊന്നും ഇല്ലല്ലോ പിന്നെന്താ ”

” എടാ അമ്മക്ക് ഇഷ്ടക്കേടൊന്നും ഉണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു”

“പിന്നെന്താ പ്രശ്നം ”

” എടാ അവനു ജോലി ഒന്നും ആയിട്ടില്ല സിനിമ സംവിധായകൻ ആകണം എന്നും പറഞ്ഞു പ്രാന്ത് പിടിച്ചു അതിനു പുറകെ നടക്കുവാ, ആദ്യ പടം സംവിധാനം ചെയ്തിട്ടേ കല്യാണം കഴിക്കൂ എന്ന് ”

“വളരെ നന്നായി ”

” ഈ കാര്യം ഒക്കെ ഞാൻ ഇപ്പൊ എങ്ങനെ അമ്മയോട് പറയും, സിനിമ ഒന്നും വേണ്ട വല്ല ജോലിക്കും പോടാ എന്ന് പറഞ്ഞാൽ ചിലപ്പോ അവൻ പോയേക്കും പക്ഷെ എനിക്കുവേണ്ടി അവന്റെ സ്വപ്‌നങ്ങൾ ഒക്കെ ഉപേക്ഷിക്കേണ്ടി വരില്ലേ.അതെനിക്ക് സഹിക്കില്ല ”

” നിർത്തി നിർത്തി പറയൂ കുട്ടീ എന്നാലല്ലേ ശ്വാസം വിടാൻ പറ്റൂ ”

” പോടാ മനുഷ്യന് ഇവിടെ പ്രാന്തെടുത്തു നിക്കുവാ അപ്പോഴാ അവന്റെ ഒരു തമാശ ”

” ആട്ടെ ആളുടെ പേരെന്താ ”

“ശരത്,വീട്ടിൽ ഉണ്ണി എന്ന് വിളിക്കും ”

” അപ്പോ ഉണ്ണിച്ചേട്ടനോട് വിളിക്കുമ്പോൾ ഞാൻ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്, എന്നിട്ട് ഇപ്പോഴെങ്ങാൻ പടം സംവിധാനം ചെയ്യുമോ ”

” ഒരു പടം ശരിയായിട്ടുണ്ട് ഓഗസ്റ്റിൽ ഷൂട്ട്‌ തുടങ്ങും ”

“ആണോ എന്നാൽ വിളിക്കുമ്പോൾ എനിക്ക് ഒരു ചെറിയ വേഷം മേടിച്ചു തരണം, അത്രയ്ക്ക് വല്യ വേഷം ഒന്നും വേണ്ട ചെറുതായിട്ട് വല്ല ഹീറോ റോളും മതി ”

“നിനക്ക് ഞാൻ ഒരു പാറാവുകാരന്റെ റോൾ വാങ്ങിത്തരാം ”

“അത് നിന്റെ കെട്യോനോട് തന്നെ ചെയ്തോളാൻ പറഞ്ഞാമതി ”

“ആ അത് ഞാൻ എന്തേലും ചെയ്തോളാം, ഇനി നീ നിന്റെ കാര്യം പറ, എന്തേലും ചുറ്റിക്കളി ഒക്കെ തുടങ്ങിയോ ”

“ഇതുവരെ ഇല്ലായിരുന്നു ”

“അപ്പോ ഇപ്പൊ ഉണ്ട്, ആരാ ആള് ഇവിടെ ഉള്ളതാണോ ”

ഞാൻ ചേച്ചിയോട് ഉള്ളതെല്ലാം പറഞ്ഞു

പറഞ്ഞു കഴിഞ്ഞതും അവൾ ഒറ്റ ചിരിയായിരുന്നു

“ഇതിനും മാത്രം ചിരിക്കാൻ എന്താ ഉള്ളെ ”

“വന്ന അന്ന് തന്നെ ഒരുത്തൻ തല്ലു വാങ്ങി എന്ന് ഞാൻ അറിഞ്ഞിരുന്നു, അത് നീയായിരുന്നോ”

അവള് അതും പറഞ്ഞു വീണ്ടും ചിരിയാണ്

“നിർത്തടി പട്ടി നിന്റെ കൊലച്ചിരി ”

“ചുമ്മാ ദേഷ്യപ്പെടല്ലേ ചെക്കാ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ, ഡാ നിനക്ക് അവളെ ശരിക്കും ഇഷ്ടാ? അവള് നിന്റെ സീനിയർ അല്ലെ ”

“അതിനെന്താ സീനിയർ നെ പ്രേമിക്കാൻ പാടില്ലേ ”

“അവള് നിന്നെക്കാൾ മൂത്തതല്ലേ ”

“അതെന്താ മൂത്തവരെ പ്രേമിക്കാൻ പാടില്ലേ ”

“പ്രേമിക്കുന്ന കൊണ്ട് കുഴപ്പമില്ല നിന്റെ അമ്മ വീട്ടിൽ കേറ്റുമോ ”

“അമ്മക്ക് ഞാൻ ആരെ കെട്ടിയാലും കുഴപ്പമില്ല, അച്ഛനാണ് വിഷയം പുള്ളിക്കും പ്രേമം ഒന്നും കുഴപ്പമില്ല പ്രായമാണ് പ്രശ്നം, അതിപ്പോ എന്തായാലും സമയം ഉണ്ടല്ലോ നമുക്ക് നോക്കാം ”

“എടാ അത് പറഞ്ഞപ്പോളാ… കുഞ്ഞാന്റിയോട്‌ സംസാരിച്ചിട്ടു കുറെ ആയി ഒന്ന് വിളിച്ചു തന്നെ ”

ഞാൻ അമ്മക്ക് ഡയൽ ചെയ്തു ഫോൺ ചേച്ചിക്ക് കൊടുത്തു, അവൾ ഫോണും എടുത്തു മാറിനിന്നു കൊറേ സംസാരിക്കുന്നതു കേട്ടു, പിന്നെ ഫോൺ തിരികെ എനിക്ക് തന്നു അമ്മ ഫോൺ വച്ചിട്ടുണ്ടായിരുന്നില്ല

“നിന്റെ കോളേജിൽ ആല്ലേ മാളു പഠിപ്പിക്കുന്നെ? ”

“ആ അതേമ്മേ.. ”

“എന്നാൽ നിനക്ക് അവിടെ നിന്ന് കോളേജിൽ പൊയ്ക്കൂടേ ”

ദൈവമെ ഇവൾ പണി തന്നതാണോ, ഞാൻ അവളെ നോക്കുമ്പോൾ അവൾ നിന്ന് ചിരിക്കുന്നുണ്ട്

“വേണ്ടമ്മേ ഞാൻ റൂമിൽ നിന്നോളാം, അവിടെ കൂട്ടുകാരൊക്കെ ഉണ്ടല്ലോ അവിടെ ആകുമ്പോൾ അവരുടെ ഒപ്പം ഒരുമിച്ചു പഠിക്കാമല്ലോ ”

“നീ… പഠിക്കാൻ … ഇത് ഞാൻ വിശ്വസിക്കണം ”

അമ്മയും എനിക്കിട്ടു താങ്ങുകയാണ്

“ആ നിന്റെ ഇഷ്ടം പോലെ ചെയ്യ്, പിന്നെ അവള് വേറൊരു കാര്യം പറഞ്ഞല്ലോ ആരാ ഈ ലക്ഷ്മി ”

അമ്മയുടെ ചോദ്യം കേട്ടതും ഞാൻ അവളെ കലിപ്പിച്ചു ഒന്ന് നോക്കി

അവള് വീണ്ടും നിന്ന് ചിരിക്കുകയാണ്

“ലക്ഷ്മി എന്റെ സീനിയർ ആണമ്മേ ”

“അത് മാത്രമേ ഉള്ളു വേറെ ബന്ധം ഒന്നും ഇല്ല?? ”

ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ടാവും അമ്മ തുടർന്നു

“എനിക്ക് നീ ആരെ സ്നേഹിച്ചാലും കുഴപ്പം ഇല്ല, പക്ഷെ ഇതൊന്നും ഇപ്പോഴേ സീരിയസ് ആയി വലിച്ചു തലേൽ കേറ്റാൻ നിക്കണ്ട, അവസാനം എന്തെങ്കിലും പറ്റിയാൽ നിനക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല ”

“ഹ്മ്മ് ശരിയമ്മേ, ”

“പിന്നെ അവള് ഒരു പാവമാണെന്നാണ് മാളു പറഞ്ഞത്, അവൾക്കു നിന്നെ ഇഷ്ടമായില്ലെങ്കിൽ പിന്നെ അവളെ ബുദ്ധിമുട്ടിക്കരുത് ”

.”ആ ശരി ”

“ആ എന്നാ ശരി നീ ഇന്നിനി റൂമിൽ പോകുമോ ”

“ആം ഞാൻ പോകും ”

“ആ നിന്റെ ഇഷ്ടം പോലെ ചെയ്യൂ, എന്നാൽ ശരി ഗുഡ് നൈറ്റ്‌ ”

“ആ ഗുഡ് നൈറ്റ് അമ്മേ ”

അമ്മ ഫോൺ വച്ചതും ചേച്ചി ബാത്‌റൂമിൽ കേറി കതകടച്ചു

“ഇറങ്ങിവാടി ചേച്ചി നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട് ”

“ഞാൻ വരില്ല വന്നാൽ നീ എന്നെ ഇടിക്കും ”

“അതുറപ്പായും ഇടിക്കും, നീ ഇറങ്ങി വന്നില്ലെങ്കിൽ നിന്റെ ഉണ്ണിച്ചേട്ടന്റെ കാര്യം ഞാൻ ഇപ്പോ ആന്റിയോട്‌ പറയും ”

ആ ഭീഷണി ഏറ്റു, അവൾ ഇറങ്ങി വന്നു

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന്, അവൾ ഒരു അടിയും പ്രതീക്ഷിച്ചു കണ്ണടച്ച് നിൽക്കുകയാണ്

ഞാൻ അവളെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു

“താങ്ക്സ് ”

ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ കണ്ണും മിഴിച്ചു എന്നെ നോക്കി നിൽപ്പുണ്ട് അടി പ്രതീക്ഷിച്ച സ്ഥലത്തു ഉമ്മ കിട്ടിയതുകൊണ്ട് ആവാം

“ഞാൻ ഇതെങ്ങനെ അമ്മയോട് പറയും എന്ന് കരുതി ഇരിക്കുവായിരുന്നു അത് എളുപ്പമാക്കി തന്നതിന് താങ്ക്സ് എന്ന് ”

അവൾ ഒന്ന് ചിരിച്ചു, ഞാൻ തുടർന്നു

“എടി ചേച്ചി എനിക്കൊരു സഹായം ചെയ്യുമോ ”

“എന്താടാ? ”

“അവളുടെ പ്രായം ചോദിച്ചിട്ട് അവള് പറയുന്നില്ല, നീ ഒന്ന് കണ്ടുപിടിച്ചു തന്നം ”

” നടക്കില്ല മോനെ എന്റെ അടുത്തുന്നു ഒരു സഹായവും ഈ കാര്യത്തിൽ പ്രതീക്ഷിക്കരുത് ”

അവൾ കാര്യമായി തന്നെ പറഞ്ഞു

“എന്റെ ചക്കര ചേച്ചിയല്ലേ ഒന്ന് കണ്ടു പിടിച്ചുതാടി ”

“നീ സോപ്പിടുവൊന്നും വേണ്ട, ഇത് നിന്റെ പ്രേമമാണ് അപ്പൊ നീ തന്നെ എല്ലാം കണ്ടുപിടിക്കണം ”

” നീ പോടീ പട്ടി, നിന്റെ കെട്യോന്റെ പടം എട്ടുനിലെ പൊട്ടും നോക്കിക്കോ ”

“നീ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യവും ഇല്ല, ഞാൻ സഹായിക്കില്ല ”

ഇനീപ്പോ അവളോട്‌ ചോദിച്ചിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായത് കൊണ്ട് ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല

“ശരി ഞാൻ തന്നെ കണ്ടു പിടിച്ചോളാം.. ”

“ആ സ്വന്തം കാര്യത്തിന് കുറച്ചു കഷ്ട്ടപ്പെടു ”

“അത് ഞാൻ കഷ്ടപ്പെട്ടൊളാം, ഇപ്പൊ എനിക്ക് വിശക്കുന്നു ”

“ആ ഇപ്പോ ചോറെടുക്കാം നീ അവരുടെ അടുത്തേക്ക് ചെല്ല് ”

ഞാൻ പിന്നെ ഒന്നും പറയാതെ ഹാളിലേക്ക് പൊന്നു, അവിടെ ചെന്നപ്പോൾ ആന്റിയും അവരും ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നു, ഇതിനും മാത്രം എന്താണോ സംസാരിക്കാൻ ഉള്ളത്,

എന്നെ കണ്ടപ്പോൾ അവന്മാർ എന്നെ ഒന്ന് ആക്കി ചിരിച്ചു, അതിന്റെ അർഥം എനിക്ക് അപ്പോ മനസ്സികായില്ലെങ്കിലും വളരെ വൈകാതെ മനസ്സിലായി

ചേച്ചി ഭക്ഷണം കൊണ്ടേ മേശയിൽ നിർത്തിയപ്പോൾ അവന്മാർ അവിടെ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു

“വാടാ മുത്തേ നമുക്ക് കഴിച്ചിട്ടു പോകാൻ നോക്കാം ”

അപ്പോ അതാണ്‌ ഇത്രയും നേരം സംസാരിച്ചു കൊണ്ടിരുന്നത്, എന്നെക്കുറിച്ചുള്ള എല്ലാ കാര്യവും പറഞ്ഞു കൊടുത്തിട്ടുണ്ടാവും അവനമാർക്കു

നാളെ മുതൽ കോളേജിൽ പുതിയ പേരും ആയി

ഭക്ഷണം കഴിച്ചിട്ട് പോകാൻ തുടങ്ങിയതും ആന്റി എന്ത് പറഞ്ഞിട്ടും വിടുന്നില്ല

“നീ ഇന്നെന്തായാലും പോകണ്ട,ഇന്നിവിടെ നിന്നിട്ടു നാളെ പോകാം ”

പിന്നൊരു ദിവസം വരാം എന്നൊക്കെ പറഞ്ഞു നോക്കി, എവിടെ അമ്പിനും വില്ലിനും അടുക്കുന്നില്ല ആള് , അവസാനം ഇന്ന് പോകണ്ടാന്നു ഞാനും തീരുമാനിച്ചു

“എടാ നിങ്ങൾ പൊക്കോ ഞാൻ നാളെ രാവിലെ അങ്ങ് വന്നോളാം ”

“ശരി മുത്തേ ”

“പോകാൻ നോക്കടാ……… മക്കളെ ”

രണ്ടു തെറിയും പറഞ്ഞുവിട്ടു

“മാളു നീ ഇവനുള്ള മുറി കാണിച്ചു കൊടുക്ക്‌ ”

“ആ ശരിയമ്മേ ”

ചേച്ചി എനിക്ക് മുറി കാണിച്ചു തന്നു,

“നീ കുളിച്ചു ഫ്രഷ് ആയി വാ, നമുക്ക് സംസാരിക്കാം ”

അതും പറഞ്ഞു ചേച്ചി ഹാളിലേക്ക് പോയി, ഞാൻ കുളിച്ചിട്ടു ചെന്നപ്പോൾ അമ്മയും മകളും കൂടെ ഭയങ്കര സംസാരമാണ്.

“ആ നീ വന്നോ ”

എന്നെ കണ്ടതും ആന്റി ചോദിച്ചു

“നിനക്ക് മാറാൻ ഒന്നും ഇല്ലല്ലേ, സാരമില്ല ഇന്നൊരു ദിവസം അല്ലെ നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ”

“ആ അത് സാരമില്ല ”

ഞാൻ കോളേജിൽ ഇട്ട പാന്റ് തന്നെയാണ് ഇട്ടിരിക്കുന്നത്, പിന്നെയും കുറേനേരം അവിടെ ഇരുന്നു സംസാരിച്ചു ഒരു പത്തുമണി ആയപ്പോൾ കിടക്കാൻ പോയി

ഒരുപാട് നാളുകൾക്കു ശേഷം എന്റെ കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ ഓരോന്നും ആലോചിച്ചു കിടന്നതും നിദ്രാദേവി വന്നു എന്നെ കൂട്ടിക്കൊണ്ടു പോയി

Comments:

No comments!

Please sign up or log in to post a comment!