പുനർജ്ജനി 2
(ഇതൊരിക്കലും ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല)
*************************************************
പടർന്നു പന്തലിച്ചു നിന്ന മരച്ചില്ലയ്ക്കിടയിലൂടെ,
സൂര്യൻ ഞങ്ങളെ ഒളികണ്ണിട്ടു നോക്കി…..
“അസൂയപ്പെടുത്തുകയാണോ?’ എന്ന പോലെ
പിന്നെയും, ഒരു ചെറുമേഘത്തിനിടയിൽ മറഞ്ഞു…
ഞാനവളുടെ മടിയിൽ ശാന്തനായി
കിടക്കുകയായിരുന്നു………
പുൽത്തകിടിയിൽ അങ്ങിങ്ങു പാറിക്കളിക്കുന്ന
ചെറിയ വെള്ള ശലഭങ്ങളുണ്ടായിരുന്നു….
അവ പരസ്പരം ഞങ്ങളെ നോക്കി
കളിപറയുന്നതായി എനിക്കു തോന്നി…..
“ചക്കരേ..”
അവളുടെ കണ്ണുകളിൽ നോക്കി ഞാൻ വിളിച്ചു…
“എന്താ മുത്തേ?”
എന്റെ മൂക്കിൽ പിടിച്ചുലച്ചുകൊണ്ട് അവൾ
ചിണുങ്ങി….
അവളുടെ ചിമ്മുന്ന മിഴികളിൽ ഞാനൊരായിരം
ചിത്രശലഭങ്ങളെ കണ്ടു…
പൂത്തുലഞ്ഞ ഞങ്ങളുടെ പ്രണയപുഷ്പങ്ങളിൽ
നിന്നു തേൻനുകരാൻ വന്ന വർണ്ണശലഭങ്ങളെ..
“ഇവിടം സ്വർഗ്ഗമാണ്….”
ഞാൻ ആത്മഗതം ചെയ്തു…..
***************************************
അങ്കമാലി മാർക്കറ്റിന്റെ സമീപത്ത്,
റോഡരികിലിരിക്കുകയായിരുന്നു ഞാൻ……..
ലോട്ടറി വിൽപ്പനയാണു പണി……
നിങ്ങൾ വിചാരിക്കുന്നതുപോലൊന്നുമല്ല, ഒടുക്കത്തെ ഗ്ലാമറാ എനിക്ക്…..!
എന്റെ മുഖം മാട്രിമോണിയിലോ,
പത്രപ്പരസ്യത്തിലോ ഇട്ടാൽ, ഉറപ്പായും
കിളിപോലത്തെ പെൺപിള്ളേരുടെ
രക്ഷകർത്താക്കൾ എനിക്കു വേണ്ടി ക്യൂ
നിൽക്കും…….!
തൊട്ടടുത്ത് പോർക്കുകച്ചവടം നടത്തുന്ന
ബേബിച്ചേട്ടൻ ഇടയ്ക്ക് പറയാറുണ്ട്……
“എടാ, സുനിലേ! നീ ഒട്ക്കത്തെ സ്റ്റൈലാണ് ട്ടാ”
എന്ന്…… !
കുളിച്ചു കുറിതൊട്ട് താടിയും മീശയുമൊക്കെ
ഒന്നൊതുക്കി, ഒരു ചെത്തു ഷർട്ടൊക്കെ ഇട്ട്, ആ
വഴിയിലേയ്ക്കു വന്നാലുണ്ടല്ലോ, അങ്കമാലിയിലെ
ഏതൊരു സുന്ദരിപ്പെണ്ണും ഒന്നു നോക്കിപ്പോകും…!
ഇങ്ങനെയൊക്കെ മേനി പറയാമെങ്കിലും, എന്നെ
ഒരു പെണ്ണും തിരിഞ്ഞു നോക്കാറില്ല…..!
കാരണം, എനിക്കൊരു കുറവുണ്ട്……
രണ്ടു കാലുകളുമില്ല…….!
ചെറുപ്പത്തിലേ ശോഷിച്ചതാണ് എന്റെ രണ്ടു
കാലുകളും, കാൽപ്പത്തികളില്ലാത്തതുകൊണ്ട്,
നിലത്തു കാലുറപ്പിച്ചു നടക്കാൻ പറ്റില്ല….
ഇരുന്ന് നിരങ്ങിയാണ് ഞാൻ സഞ്ചരിക്കാറ്……..
************
അഞ്ചെട്ടു കൊല്ലം മുമ്പ് ബി.എസ്.സി
മാത്തമാറ്റിക്സ് പഠിക്കാൻ പോയതാ……..
അപ്പോഴൊക്കെ മനസ്സിലൊരു
അപകർഷതയുണ്ടായിരുന്നു………
അപ്പോ ചിന്തിക്കുമായിരുന്നു, എന്തിനാ ഇങ്ങനെ ജീവിക്കണേ…?
ഒരു കാലു പോലും ഇല്ലാണ്ട്, എന്ത് ജീവിതം….
എപ്പോഴും മറ്റുള്ളവർ നോക്കുന്നത് സഹതാപത്തോടെയായിരിക്കും…….. ! എന്നെ മാത്രം അങ്ങനെ വിശേഷാൽ പരിഗണന തന്ന് മാറ്റിനിർത്തുന്നത്, ഞാൻ ദുർബലനായതുകൊണ്ടല്ലേ…..?
എന്റെ ബലഹീനതയിൽ ആരും മനോവിഷമം അനുഭവിക്കുന്നതും എനിക്കിഷ്ടമല്ല…..
ഇങ്ങനെയൊക്കെ കോളേജിൽ പോവുമ്പോ ചിന്തിച്ചെങ്കിലും, പിന്നെ തോന്നി…. ഉള്ള അവസ്ഥ അംഗീകരിച്ചു ജീവിക്കുന്നതിലെ സന്തോഷം ഒന്നു വേറെ തന്നെയാണ്……
മനസ്സിൽ അടക്കിപ്പിടിച്ച ദു:ഖവും പേറി കോളേജിലെത്തി. ആരെങ്കിലും കൂട്ടുകാരൊക്കെ ഉണ്ടാവും എന്നൊരു പ്രതീക്ഷയോടെ…..!
പക്ഷേ, വസന്തം പ്രതീക്ഷിച്ചു പോയിടത്ത് എനിക്കു കിട്ടിയത് ശിശിരമായിരുന്നു….
ചുറ്റും വർണ്ണച്ചിറകുകളുള്ള ആൺകിളികളും പെൺകിളികളും പാറിപ്പറന്നു, പാടി നടന്നു, പ്രണയിച്ചു, പരിലസിച്ചു…
എന്നാൽ സഹതാപമെന്ന രീതിയിലുള്ള പരിഗണന പോലും എനിക്കു തന്നില്ല, ഒരു മനുഷ്യരും…..
നടക്കുന്നതിൽ ക്ലേശിച്ചിട്ടും, നിലത്തുവീണിട്ടും, പഠനത്തിൽ ബുദ്ധിമുട്ടനുഭവിച്ചിട്ടും, ഒരു സഹായഹസ്തം പോലും എന്റെ നേരെ നീണ്ടുവന്നില്ല……
എത്രയെത്ര ഫ്രണ്ട്ഷിപ്പ് സർക്കിളുകളും പ്രേമവല്ലരികളും, ഞാൻ നിരങ്ങിനീങ്ങുമ്പോൾ എന്റെ കൺമുന്നിലൂടെ കടന്നുപോയി… ആരെങ്കിലും ഒരു സഹപാഠി എന്നതിൽ കവിഞ്ഞ് ഒരു പരിഗണനയോ സ്നേഹമോ നൽകാൻ തയ്യാറായില്ല….!
അങ്ങനെയിരിക്കുമ്പോഴാണ് ആ ദിവസം വന്നെത്തിയത്….
ക്ലാസ്സിൽ പഠിക്കുന്ന ശരണ്യയുടെ ചേച്ചിയുടെ കല്യാണമായിരുന്നു അന്ന്…. എല്ലാവരും കൂടി ഒരു സമ്മാനമൊക്കെ വാങ്ങി ഉച്ചയ്ക്ക് ഉണ്ണാൻ പോയിരിക്കുകയായിരുന്നു… എന്നെയൊക്കെ ആരു വിളിക്കാനാണ്….?
ഒറ്റയ്ക്ക് ക്ലാസ്സിൽ കുത്തിയിരിക്കുമ്പോഴാണ് ദിവാകരൻ മാഷ് ക്ലാസ്സിലേയ്ക്കു കയറി വരുന്നത്.
വലിയ പ്രൊഫസറൊക്കെയാണെങ്കിലും, അതിന്റെ ഒരു ഗമയുമില്ല… നീട്ടിവളർത്തിയ നരച്ച താടിയുള്ള ഒരു ശ്രേഷ്ഠഗുരു…. .
എന്തേ സുനിലേ, ഒറ്റയ്ക്കായിപ്പോയേ? കല്യാണത്തിന് പോയില്ലേ…?
എനിക്കു മറുപടിയുണ്ടായില്ല….. രണ്ടു കൈകൊണ്ടും കണ്ണു തുടച്ചിട്ട് ഞാൻ പറഞ്ഞു.. ‘ആരും വിളിച്ചില്ല മാഷേ’…..
മാഷ് എന്റെ അടുത്ത് ബഞ്ചിൽ വന്നിരുന്നു…… എന്റെ തോളത്ത് കൈവച്ചുകൊണ്ടു പറഞ്ഞു…..
“എടാ, നിന്നെ പരിഗണിക്കുന്നില്ല എന്നു നീ പരാതിപ്പെടുകയല്ല വേണ്ടത്.. പരിഗണിച്ചില്ലെങ്കിൽ എനിക്കു പുല്ലാണ് എന്നുപറഞ്ഞ് അന്തസ്സായി ജീവിച്ചു കാണിച്ചുകൊടുക്കണം……..! അപ്പോൾ പരിഗണിക്കാതിരുന്നവരൊക്കെ തന്നെ പരിഗണിച്ചു തുടങ്ങും……”
അങ്ങനെ, ആ വാക്കുകളിൽ നിന്നും ഊർജമുൾക്കൊണ്ട്, ഞാൻ നല്ല രീതിയിൽ പഠിക്കാൻ തുടങ്ങി……
ക്രമേണ ഞാൻ ക്ലാസ്സിൽ ഒന്നാമനായി…….
പൊതുവേ മാറ്റിനിർത്തപ്പെടുന്നവരെ “പഠിപ്പിസ്റ്റുകൾ’ എന്ന ഗണത്തിൽപ്പെടുത്താമല്ലോ…… പക്ഷേ, അവഗണിക്കപ്പെടുന്ന ഒരു വികലാംഗന്റെ മനസ്സിനെ ശക്തിപ്പെടുത്താൻ എനിക്ക് ആ ലേബൽ നൽകിയ ഊർജ്ജം ചില്ലറയല്ലായിരുന്നു…
ഞാൻ നല്ല ഒരു പഠിതാവിന്റെ പാത പിന്തുടർന്നു…. യൂണിവേഴ്സിറ്റി റാങ്കിന്റെ പ്രതീക്ഷകളുണർന്നപ്പോൾ ഞാൻ അധ്യാപകരുടെ കണ്ണിലുണ്ണിയായി…….
എന്റെ പരിമിതികളെയും വേദനകളെയും മറന്ന് ഞാൻ നേട്ടത്തിലേയ്ക്കു കുതിക്കുമ്പോൾ, സഹപാഠികളുടെ മനസ്സിൽ എന്നെക്കുറിച്ച് ആദരവു വർധിച്ചു…..
പരിഗണനകളുടെ പ്രഭാകിരണങ്ങളുമായി എന്റെ കൂടെ പഠിക്കുന്ന കുട്ടികൾ, സംശയങ്ങളുമായി എന്നെ സമീപിക്കാൻ തുടങ്ങി….. മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞ നാളുകൾ…
അങ്ങനെയിരിക്കുമ്പോഴാണ്…
സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു എന്റെ കുടുംബം…… അച്ഛൻ ഒരു പാറമടയിലെ കല്ലുപണിക്കാരനായിരുന്നു…… അമ്മയ്ക്കാണെങ്കിൽ എന്നും ദീനമാണ്…. ആസ്മയും വലിവും.. പെങ്ങളൊരുത്തിയുള്ളത് പത്താം ക്ലാസ്സിലേ ആയിട്ടുള്ളൂ… കടങ്ങളുടെ കണക്കാണെങ്കി ഒന്നും പറയുകയേ വേണ്ട…..!
ഇങ്ങനെയൊക്കെയാണെങ്കിലും, അച്ഛൻ ഒരു കുറവുമറിയിക്കാതെയാണ് ഞങ്ങളെ വളർത്തിയത്…… കടവും കരിങ്കടവും മേടിച്ചിട്ടാണെങ്കിലും ഞങ്ങളെ പട്ടിണിയാക്കാതെയും അമ്മയെ ചികിത്സിച്ചും വീടിന്റെ പണിതീർത്തും അച്ഛൻ ഞങ്ങളുടെ വീടിന്റെ വിളക്കായിത്തീർന്നു…….
പക്ഷേ, പെട്ടെന്നൊരു ദിവസം, ആ വിളക്കിലെ എണ്ണ തീർന്നു…. വിളക്കണഞ്ഞു….. ഞങ്ങളുടെ കുടുംബം ഇരുട്ടിലായി…..
എനിക്കെന്റെ പഠനം ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗമില്ലായിരുന്നു…. ദിവാകരൻമാഷ് ഏറെ നിർബന്ധിച്ചു നോക്കി… എങ്കിലും അമ്മയ്ക്കും, പെങ്ങൾക്കും വേണ്ടി, വീട്ടിൽ അരിവേകാൻ വേണ്ടി, എനിക്കു പഠിപ്പു നിർത്തേണ്ടിവന്നു……
കുറേക്കാലം പണി തേടി അലഞ്ഞു…… സമൂഹത്തിന്റെ സഹതാപവും ദയയും എത്ര വിലപ്പെട്ടതാണെന്നു ഞാനറിഞ്ഞു…..
മാന്യൻമാരെന്നു പുറമേ നടിക്കുന്ന ആരും ഒരു തൊഴിൽ നൽകാൻ തയ്യാറായില്ല…. കാലില്ലാത്ത എനിക്കാരു തൊഴിൽ തരാനാണ്……!
കുറേക്കാലം അങ്കമാലി അങ്ങാടിയിലൂടെ അങ്ങുമിങ്ങും നിരങ്ങി നടന്നു…. ഒരു തൊഴിൽ തേടി…..
കാലമെത്ര കടന്നു പോയിട്ടും സ്ഥിരമായൊരു തൊഴിൽ എനിക്കു കിട്ടിയില്ല…..
ഹോട്ടലുകളിൽ എച്ചിൽപ്പാത്രം കഴുകിയും, കക്കൂസ് വൃത്തിയാക്കിയും വലിയ വീടുകളിലെ പറമ്പുകളിലും പൂന്തോട്ടങ്ങളിലും പുല്ലുപറിച്ചുമൊക്കെ കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് അമ്മയ്ക്ക് മരുന്നു മേടിച്ചു… സിബിഎസ്ഇയിൽ പഠിച്ചിരുന്ന അനിയത്തിക്കൊച്ചിനെ, സർക്കാർ സ്കൂളിൽ കൊണ്ടു ചേർത്തു…….
അങ്ങനങ്ങനെ നിരങ്ങി നിരങ്ങി എങ്ങനെയോ മൂന്നുനാല് കൊല്ലം മുന്നോട്ടു നീങ്ങി…. അങ്ങനെയിരിക്കെ ഒരു വറുതിയുടെ കാലം വന്നു…. ഒരു പണിയും കിട്ടുന്നില്ല! കുടുംബം മുഴുപ്പട്ടിണിയിലായി……
വിളിക്കാത്ത ദൈവങ്ങളില്ല! ആരുടെ മുമ്പിലാണ് ഇരക്കാതിരുന്നതെന്നറിയില്ല! പറയാൻ ബന്ധുക്കാരോ കൂട്ടുകാരോ, ആരുമില്ലല്ലോ!
ഒടുക്കം ഞാനതു തീരുമാനിച്ചു……. “തെരുവിലിറങ്ങി അങ്ങു തെണ്ടുക!”
ആദ്യമൊക്കെ എളുപ്പമായിരുന്നു തെണ്ടുന്നത്….
നിരങ്ങി നിരങ്ങി നീങ്ങുന്ന ഒരു കാലില്ലാത്തവൻ കൈനീട്ടിയാൽ ആരെങ്കിലുമൊക്കെ അമ്പതുപൈസയും ഒരു രൂപയുമൊക്കെ തരും….
കൊമ്പത്തെ പണക്കാർക്കൊന്നും നീട്ടാൻ കൈയുണ്ടാവില്ല…. മുഴച്ചിരിക്കുന്ന കീശനോക്കി നെടുവീർപ്പിട്ടുകൊണ്ട് പോകാമെന്നു മാത്രം….!
ചായം തേച്ച ചുണ്ടുകളുള്ള ഫാഷൻലേഡികളുടെ കാര്യവും അങ്ങനെ തന്നെയാണ്……!
ഇടത്തരക്കാരാണു ഭേദം! ആവശ്യങ്ങൾക്കു വച്ചിരിക്കുന്നതാണെങ്കിലും, പാവമല്ലേ, തെണ്ടിയല്ലേ, അരിമേടിച്ചോട്ടെ എന്നു കരുതി പത്തുരൂപാ എടുത്തു തരും…… . “”കൈ നിറയെ ഉണ്ടായിട്ടൊന്നുമല്ല……. മനുഷ്യത്വം എന്നുപറയുന്ന ഒരു സാധനം കാണാൻ കിട്ടുന്നത് ഇല്ലായ്മക്കാരന്റെ അടുത്താ…. ! അതൊരു നഗ്നമായ സത്യമാണ്…….””
അങ്ങനെ ഒരു ദിവസം അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിന്റെ അടുത്തിരുന്ന് തെണ്ടുമ്പോഴാണ്, അവളെ ഞാനാദ്യം കാണുന്നത്…….
ഒരു പച്ചക്കളർ ചുരിദാറിട്ട ഒരു സുന്ദരിക്കൊച്ച്, നഗരസഭ സ്പോൺസർ ചെയ്ത ബഞ്ചുകളിലൊന്നിൽ ഇരിക്കുന്നു……. അവൾ ഒറ്റയ്ക്കായതു കൊണ്ട്, അടുത്തുചെല്ലാൻ ആദ്യം മടിച്ചു……… പിന്നെ രണ്ടും കൽപിച്ച് അവൾക്കരികിലേയ്ക്കു നിരങ്ങിച്ചെന്നു….
അവൾക്കരികിലെത്തിയപ്പോൾ ഞാൻ ചോദിച്ചു.. “എന്തെങ്കിലും തര്യൊ?”
അവൾ പേഴ്സിൽ നിന്ന് ഒരു പത്തുരൂപാ എടുത്തു നീട്ടി……
തൊട്ടടുത്ത് ഒരു ചായക്കടയുണ്ടായിരുന്നു….. അവിടെ നിന്നും ആളുകൾ നല്ല ചൂടൻ പഴംപൊരി വാങ്ങി കഴിക്കുന്നു…… വായിൽ വെള്ളമൂറുന്നു….. വിശന്ന് കണ്ണുകാണാൻ വയ്യ….. അവൾ തന്ന പത്തുരൂപാ കൊടുത്താൽ ഒരെണ്ണം വാങ്ങാം…. പക്ഷേ, അപ്പോ അമ്മയ്ക്ക് മരുന്നെങ്ങനെ വാങ്ങും….? വേണ്ട, അതൊന്നും മോഹിക്കാൻ പാടുള്ളതല്ല…..! ഞാൻ തിരിഞ്ഞ് നിരങ്ങിത്തുടങ്ങി….
“അതേയ്…’ അവളുടെ കിളിനാദം എന്റെ ചെവികളിൽ മുഴങ്ങി. ഞാൻ തിരിഞ്ഞു…..
“പഴംപൊരി വേണോ?” ഒരു പഴംപൊരിയും നീട്ടിപ്പിടിച്ച് അവളെന്റെ മുമ്പിൽ നിൽക്കുന്നു….
“””പറഞ്ഞുചെയ്യുന്നവളേക്കാൾ, അറിഞ്ഞു ചെയ്യുന്ന പത്തരമാറ്റു പെണ്ണ്….”””
അക്ഷരാർത്ഥത്തിൽ ഞാൻ അവൾക്കുമുമ്പിൽ കീഴടങ്ങി… അത്രയും ബഹുമാനം ജീവിതത്തിൽ ഇതിനുമുൻപ് തോന്നിയിട്ടുള്ളത് അമ്മയോടു മാത്രമാണ്……
നിരസിക്കാൻ ശ്രമിച്ചെങ്കിലും, ചൂടൻ പഴംപൊരി എന്റെ ചുണ്ടോടടുപ്പിച്ചിട്ട്, അവൾ പറഞ്ഞു… “ചേട്ടൻ കഴിക്ക്, ചേട്ടാ..”
ഞാൻ അവളുടെ മുന്നിൽ വച്ച് അതു കഴിച്ചു….. നിറകണ്ണുകളും കൂപ്പുകൈയുമായി അവളുടെ മുമ്പിൽ നിന്നും നിരങ്ങി നീങ്ങി…..
പിറ്റേദിവസം, അതേ സമയം, അതേ സ്ഥലത്തുവച്ച് ഞങ്ങൾ കണ്ടുമുട്ടി…………
“ഇന്നും വേണോ, പഴംപൊരി?” അവൾ ചിരിച്ചുകൊണ്ടു ചോദിച്ചു……
“അയ്യോ, വേണ്ടായേ!’ ഞാനും ആ ചിരിയിൽ പങ്കുചേർന്നു……
“”അവളുടെ ഓരോ വാക്കിലും, ഞാൻ അലിഞ്ഞുപോകുന്നതു പോലെ എനിക്കു തോന്നി. എന്നും രാവാണെന്നു കരുതിയ ജീവിതത്തിൽ പകലിന്റെ പൊൻവെളിച്ചം തൂകിവന്ന മാലാഖയോ ഇവൾ…..?””
“ചേട്ടന്റെ പേരെന്താ?”
“സുനില്. കുട്ടീടെയോ?”
പേരില്ലാക്കുട്ടി..ഹ! ഹ!’ അവൾ ചിണുങ്ങി……
അപ്പോഴാണു ഞാനവളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്…… പേടമാനിന്റെ മിഴികൾ……. അവളുടെ ശില്പത്തിനൊത്തെ മൂക്കിൽ അഴകേറിയ ഒരുതരിപ്പൊന്നിന്റെ മൂക്കുത്തി… മൃദുലമായ കവിളുകൾ… അവളുടെ ഇളംചുണ്ടിന്റെ കോണിലൊളിപ്പിച്ച മന്ദസ്മിതത്തിന്റെ ചേല്… കുഞ്ഞുകമ്മൽ തിളങ്ങുന്ന കാതിനു മുകളിലൂടെ പാറിക്കളിക്കുന്ന മുടിയിഴകളെ മാടിയൊതുക്കി, നിറചിരിയുമായി എന്റെ മുമ്പിലൊരു ദേവതയെപ്പോലെ അവൾ വന്നുനിൽക്കുന്നു….
മനസ്സിലെവിടെയോ, എന്നോ ജീർണ്ണിച്ച മോഹങ്ങളുടെ തുടികൊട്ടും ചിലമ്പൊലിയും ഉണരുന്നതു പോലെ…
ഏറെ നാളുകൾ, എന്റെ പ്രഭാതവേളകളെ അവൾ പ്രകാശപൂർണ്ണമാക്കി..
ഞങ്ങളുടെ സൗഹൃദം വളർന്നു…… ഞങ്ങൾക്കിടയിലെ മതിലുകൾ ഇടിഞ്ഞുവീണത് ശരവേഗത്തിലായിരുന്നു…..
“എന്റെ മനസ്സാകുന്ന ഇലപൊഴിഞ്ഞ മാമരച്ചില്ലമേൽ ആ പേരറിയാക്കിളി കൂടുകൂട്ടുകയായിരുന്നു…..”
ഞാൻ പോലുമറിയാതെ, അവളെ കൂടുതലറിയുവാനും എന്നും അവളുമായുള്ള സൗഹൃദം നിലനിർത്തുവാനുമുള്ള അഭിലാഷം എന്റെ ഹൃദയത്തിൽ ഉരുവാകുന്നുണ്ടായിരുന്നു…..
എനിക്കും ഒരു പൂത്തുതളിർക്കുന്ന വസന്തത്തിന്റെ സ്വപ്നങ്ങളുണ്ടാകാൻ തുടങ്ങി….
എന്റെ കാലുകളുടെ അഭാവത്തെക്കുറിച്ചോ വികലാംഗനെന്ന പരിമിതിയെക്കുറിച്ചോ ഞാൻ ചിന്തിച്ചില്ല…. എന്റെ മനസ്സ് അവളിൽ അലിഞ്ഞുപോകുന്നു…..
അലിഞ്ഞുചേരാൻ കൊതിക്കുന്നു……
പ്രണയം അന്ധമാണ്… അതു ചുറ്റുപാടുകളെയോ പരിമിതികളെയോ അതിരുകളെയോ കുറിച്ചു പര്യാകുലമാകുന്നില്ല….
ഒരുവനിൽ പ്രണയമുണരുമ്പോൾ എല്ലാറ്റിനെയും അവൻ വിസ്മരിക്കുന്നു….. അവൾ..ഇനി അവൾ മാത്രമാണെല്ലാം…… കനവിലും നിനവിലും പ്രണയമൊഴുകുന്നു……. നിറഞ്ഞു തുളുമ്പി….
വൈകിവന്ന വസന്തത്തിൽ പൂചൂടുന്ന എന്റെ പ്രണയത്തിന്റെ ചില്ലകൾ എന്നിൽ ആനന്ദത്തത്തിന്റെ അലയടികളുയർത്തി……
മനസ്സ് അവളുടെ സാമീപ്യത്തിൽ സന്തോഷം കണ്ടെത്തുന്നു… പ്രഭാതവേളകളെന്നത് പതിയേ സായാഹ്നത്തിലെ ഒരു ചായയുടെ ഹ്രസ്വവേളയിലേയ്ക്കും വ്യാപിക്കപ്പെട്ടു…..
ആ ഹ്രസ്വവേളകളിൽ ഉരുവായത്, യുഗങ്ങൾ
കാത്തിരുന്നാലും കിട്ടാത്ത അമൂല്യമായ പ്രണയമാണ്…..
ഒരുനാൾ എന്റെ ഇഷ്ടം അവളോടു തുറന്നുപറയാൻ തന്നെ ഞാൻ നിശ്ചയിച്ചു…..
ഞങ്ങളുടെ സൗഹൃദം വളർന്നതോടെ, എന്റെ മനസ്സിന്റെ താമരപ്പൊയ്കയിൽ വിടർന്ന ആ മനോഹരപുഷ്പത്തിന്റെ പേര് “പ്രിയ’ എന്നാണെന്നു ഞാൻ മനസ്സിലാക്കി……
ആലുവയിൽ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിലെ ഗണിതാധ്യാപിക…….
എന്റെ വിഷയവും ഭൂഗോളസ്പന്ദനം തന്നെയായിരുന്നല്ലോ……
കുളിരുന്ന നിശയുടെ വശ്യതയിൽ, ഹൃദയത്തിന്റെ നടുവിൽ, ഞങ്ങൾക്കായി ഞാനൊരുക്കിയ സ്വപ്നക്കൂട്ടിൽ നിറമാർന്ന വർണ്ണങ്ങളിൽ, ഒരു നാൾ ഞാൻ കോറിയിട്ടു….
“”പ്രിയ സുനിൽ.””
പിറ്റേന്ന്, പതിവുപോലെ ആ കെഎസ്ആർടിസി സ്റ്റാൻഡിൽ ഞാൻ കാത്തുനിന്നു…… അവളെ കാണുന്നില്ല…… എന്റെ ഉള്ളം ആകുലമായി……
ഞാൻ ഈശ്വരനോടു പരാതിപ്പെട്ടി തുറന്ന് മനസ്സിൽ അലമുറയിടാനൊരുങ്ങി…..
സ്വപ്നങ്ങളുടെ പരിമിതികളെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം ചിന്തിച്ച്, പതിയേ, നിരാശയിലേയ്ക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങിയതും… പിന്നിൽ നിന്നും ആ മധുരശബ്ദം:
“സുനിലേട്ടാ…”
അവൾ എന്റെ നേരെ തന്റെ വിരൽത്തുമ്പുകൾ നീട്ടി…. അവയിൽ പിടിച്ചുകൊണ്ട്, ഞാൻ അവളോടൊപ്പം നടന്നു…..
“നമുക്കൊരു യാത്ര പോയാലോ?” അവൾ ചോദിച്ചു.
“അപ്പോ നിനക്ക് ജോലിക്കു പോണ്ടേ?”
“ഇന്നു ലീവെടുത്തു…. പ്രധാനപ്പെട്ട ഒരിടത്തേയ്ക്ക് ഞാൻ ചേട്ടനെ കൊണ്ടുപോകാം…”
റോഡ് ക്രോസ് ചെയ്ത്, ഞങ്ങൾ ബസ് സ്റ്റോപ്പിലെത്തി… അല്പം കഴിഞ്ഞ് അതിലേ വന്ന ‘സെന്റ് മേരീസ്’ ബസ്സിൽ, ഞങ്ങൾ യാത്ര പുറപ്പെട്ടു…..
ബസ് കറുകുറ്റിയുടെ തെരുവുകളിലൂടെ കുടുങ്ങിക്കുടുങ്ങി മുന്നോട്ടു നീങ്ങി… ഒടുവിൽ ആഴകത്തുള്ള ഇമ്മാനുവൽ ഓർഫനേജിന്റെ പടിക്കലെത്തിയപ്പോൾ അവൾ പറഞ്ഞു….
“ഇവിടെ ഇറങ്ങാം, ചേട്ടാ.”
മനസ്സിൽ ഒരായിരം ചോദ്യങ്ങളുയർന്നു…..
തെണ്ടുന്നതിനു പകരം ഇവിടെ വന്നു കിടക്കാൻ പറയാനാകുമോ? അതോ തന്നോടൊപ്പം അനാഥാലയം സന്ദർശിച്ച് ഒരു നൻമ പ്രവർത്തിക്കുവാനുള്ള സദുദ്ദേശത്തോടെയായിരിക്കുമോ?
അവളുടെ കൈപിടിച്ചുകൊണ്ടു തന്നെ, ആ അനാഥാലയത്തിന്റെ ഗേറ്റു കടന്ന് ഞങ്ങൾ അകത്തുചെന്നു…. ഞാൻ നിരങ്ങി നിരങ്ങി അവളോടൊപ്പം നീങ്ങി….
ആ പടികൾ കയറുന്നതിനു മുൻപായി, തെല്ലൊരു ശങ്കയോടെ, ഞാനവളോടു ചോദിച്ചു….. “ഇവിടെ?????”
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…… “ഇതാ എന്റെ വീട്…”
ഞാൻ ആശ്ചര്യഭരിതനായി……. എനിക്കു
വിശ്വസിക്കാൻ കഴിഞ്ഞില്ല…. എനിക്കു സ്നേഹിക്കാനും വീട്ടിൽ കാത്തിരിക്കാനും ഒരമ്മയും പെങ്ങളുമുണ്ട്… എന്നാൽ അനാഥയായ ഇവളുടെ കാര്യമോ….?
ആരുമില്ലെന്ന വലിയ സങ്കടം ഉള്ളിലുരുകുമ്പോഴും, നിരാശപ്പെടാതെ കഠിനാധ്വാനം ചെയ്ത് ഒരു ഉദ്യാഗം നേടിയത് ഒരു നേട്ടം….. അനേകം കുട്ടികളുടെ ബുദ്ധിമണ്ഡലത്തിൽ വെളിച്ചം പരത്തുന്ന അധ്യാപികയെന്നത് മറ്റൊരു നേട്ടം….. അശരണനും വികലാംഗനുമായ തന്നെ പ്രണയവസന്തത്തിന്റെ പരകോടിയിലെത്തിച്ചതു തനിക്കു സ്വപ്നതുല്യമായ മറ്റൊരു സമ്മാനം….
“ഇവൾ മനുഷ്യസ്ത്രീയല്ല…മാലാഖയാണ്…” മനസ്സു മന്ത്രിച്ചു…….
അകത്ത് അനാധാലയത്തിന്റെ രക്ഷാധികാരിയായ പുരോഹിതന്റെയരികിലേയ്ക്കാണ്, അവൾ എന്നെ കൊണ്ടുപോയത്…..
തോമാസച്ചൻ നിറപുഞ്ചിരിയോടെ എനിക്കൊരു ഹസ്തദാനം നൽകി……. എന്നെ കൈപിടിച്ച് ഒരുകസേരയിലിരുത്താൻ അച്ചൻ സഹായിച്ചു……
“പ്രിയക്കുട്ടി ഇന്നെന്താ, ക്ലാസ്സിൽ പോയില്ലേ?” അച്ചൻ ചോദിച്ചു….
“ഒരു പ്രധാനപ്പെട്ട കാര്യത്തിന് ലീവെടുത്തതാ, ഫാദർ.” അവൾ പറഞ്ഞു……
“അതെന്താണൊരു പ്രധാനകാര്യം?” അച്ചൻ ചിരിച്ചുകൊണ്ടു ചോദിച്ചു….
അവൾ കണ്ണുകൾ താഴ്ത്തിക്കൊണ്ടു പറഞ്ഞു….. “ഒരാളെ കണ്ടെത്തിയിട്ടുണ്ടു ഫാദർ…..”
“ഹ! ഹ! ഹ!” അച്ചൻ ഉച്ചത്തിൽ ചിരിച്ചു…….
എനിക്കൊന്നും മനസ്സിലായില്ല…. ഞാൻ അവൾക്കുനേരെ സൂക്ഷിച്ചു നോക്കി………..
അച്ചൻ പറഞ്ഞു……. “സുനിലേ… ഇവൾ തന്നെക്കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ടെടോ… താൻ ഇവളെ സ്നേഹിക്കുന്നതു പോലെ ഇവളും തന്നെ സ്നേഹിക്കുന്നു… സ്നേഹം തന്നെയായ ദൈവം നിങ്ങൾ ഒന്നാകണമെന്ന് ആഗ്രഹിക്കുന്നു…… തനിക്ക് എന്തെങ്കിലും വിരോധമുണ്ടോ…?”
അച്ചന്റെ വാക്കുകൾ കേട്ട് ഞാൻ തരിച്ചിരുന്നുപോയി…….!
ഇവളാരാണ്! പ്രണയദേവതയോ? അതോ ഇന്ദ്രജാലക്കാരിയോ? ഞാൻ ഒരു നിമിഷം അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി……. എന്റെ പെണ്ണ്… അതെ… എന്റെ പെണ്ണുതന്നെ…
ഒന്നും ചിന്തിച്ചില്ല… പരിമിതികളെക്കുറിച്ചോ, വൈകല്യത്തെക്കുറിച്ചോ, കുടുംബഭാരത്തെക്കുറിച്ചോ…. ഒന്നും……!
“എന്താടോ, സമ്മതമാണോ?”
അച്ചന്റെ വാക്കുകൾ കഴിയും മുമ്പേ, ഉറച്ചസ്വരത്തിൽ ഞാൻ പറഞ്ഞു…. “സമ്മതമാണച്ചോ….”
അനാഥാലയത്തിന്റെ പടിയിറങ്ങുമ്പോൾ, ഞങ്ങളിരുവരുടെയും കരങ്ങൾ ചേർത്തുപിടിച്ചിട്ട്, അച്ചൻ പറഞ്ഞു: “ദൈവം അബ്രഗ്രഹിക്കട്ടെ..!”
ആ സുവർണ്ണ നുമിഷങ്ങളിൽ, ഞാനവളുടെ കൈകകോർത്തുതന്നെ പിടിച്ചിരുന്നു……. ഒരിക്കലും കൈവിട്ടു കളയില്ല ഞാനെന്റെ മുത്തിനെ…
കളഞ്ഞുകിട്ടിയ തങ്കമെന്നോ, ഒടിഞ്ഞുവീണ മഴവില്ലിന്റെ തുണ്ടെന്നോ ഞാനവളെ വിളിക്കില്ല… എന്റെ ഹൃദയത്തിന്റെ ഉടമ എന്നാകും അവൾക്കു ഞാൻ കൊടുക്കുന്ന വിശേഷണം….! അത് അവളുടെ കൈയിലാണ്…. എന്തുവേണമെങ്കിലും അവൾ ചെയ്തുകൊള്ളട്ടെ… അവളുടെ പ്രണയം മാത്രം മതി, ഈ ജൻമം ധന്യമായിത്തീരാൻ..!
അനാഥാലയത്തിൽ നിന്നിറങ്ങാൻ നേരം, എന്റെ അരികിൽ, എന്നോടൊപ്പം നിലത്തിരുന്ന്, എന്റെ നെറ്റിമേൽ നെറ്റി ചേർത്തുകൊണ്ട്, അവൾ എന്നോടു പറഞ്ഞു……
“എന്റെ പ്രാണനാണ്… പ്രാണൻ…”
ഞാൻ ആ നെറുകയിൽ ചുംബിച്ചു…….
എനിക്കായി പ്രപഞ്ചശില്പി മെനഞ്ഞ എന്റെ ഇണയെ ഞാൻ കണ്ടെത്തിയിരിക്കുന്നു… ഇനി സധൈര്യം വീട്ടിലേയ്ക്കു പോകണം….. പട്ടിണിയും പരിവട്ടവും പങ്കിടാൻ ഒരാളും കൂടി കൂട്ടായുണ്ടെന്നു പറയണം…….
അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീഭുവനേശ്വരീ ക്ഷേത്രത്തിൽ വച്ച് അവളെ സുമംഗലിയാക്കണം..
ഇനി അവൾ സനാഥയാണ്…
ചിറകറ്റുവീണുവെന്നു കരുതിയ എന്റെ ജീവിതത്തിന്, അവളൊരു കൈത്താങ്ങാവുകയായിരുന്നു…………… അവളുടെ പണംകൊണ്ടാണ്, പിച്ചതെണ്ടുന്നവൻ ചെറിയൊരു ലോട്ടറി കച്ചവടക്കാരനായത്….. പട്ടിണി കൂടാതെ ഇന്നെന്റെ കുടുംബം കഴിയുന്നു.. പ്രിയ എന്ന പെൺകിടാവ് ഒരു പൊൻവിളക്കായി തെളിഞ്ഞതോടെ……
********************************
നാളെ ഞങ്ങളുടെ കല്യാണമാണ്………. കൊട്ടും കുരവയും ആൾക്കൂട്ടവുമില്ലെങ്കിലും, ശ്രീഭുവനേശ്വരീദേവിയെ സാക്ഷിയാക്കി, രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ, പ്രിയ, സുനിലിന്റെ വാമഭാഗമായിത്തീരുന്നു…
“”മനസ്സിന്റെ ശ്രീകോവിലിൽ ഒരു നിറദീപമായി നാളെ അവൾ തെളിയുന്നു.. ഐശ്വര്യത്തിന്റെ പൊൻകണിയായി……. നടക്കാൻ കാലില്ലെങ്കിലും ഇനി നടത്താൻ അവൾ കൂട്ടുണ്ടാകുമല്ലോ…….
കഴിഞ്ഞകാലം എന്നോ കൊഴിഞ്ഞുപോയതുപോലെ…….. വൈകിയാണെങ്കിലും വസന്തകാലം വിരുന്നിനെത്തിയതുപോലെ…. .. പൂവണിയില്ലെന്നുറപ്പിച്ച മരക്കൊമ്പിലും, പ്രണയത്തിന്റെ സുരഭിലപുഷ്പങ്ങൾ വിരിയുന്നു… നട്ടാൽ കിളിർക്കാത്ത പാഴ്മരുഭൂവിലും പ്രണയത്തിന്റെ പുൽനാമ്പുകൾ തളിർക്കുന്നു…””
സ്നേഹമായ്…മോഹമായ്…ദാഹമായ്..രാഗമായ്… താളമായ്…ആർദ്രമായ്..മൃദുലമായ്….. ഒരു കുളിർമഴപോലെ പ്രണയം പെയ്തിറങ്ങുമ്പോൾ, അനാഥാലയത്തിന് സമീപമുള്ള ആളൊഴിഞ്ഞ ഒരു പാർക്കിലെ പൂചൂടിയ ഒരു ചെമ്പകത്തിന്റെ ചില്ലയിലിരുന്ന് രണ്ടു കുഞ്ഞിക്കിളികൾ കൊക്കുരുമ്മുന്നുണ്ടായിരുന്നു………….!
അതേ, ചെമ്പകത്തിന്റെ ചോട്ടിൽ, പ്രണയസുരഭിലമായ സായാഹ്നത്തിൽ, ഞങ്ങളുടെ അധരങ്ങളും ഒരു മൃദുചുംബനത്തിന്റെ ലഹരി നുകരുമ്പോൾ, പകൽ ഇരുളിന്റെ മൂടുപടം കൊണ്ടു നാണത്താൽ മുഖം മറച്ചു……
“””””പ്രണയം ആരംഭിക്കുന്നതേയുള്ളൂ…………… അവസാനിച്ചു എന്നു കരുതുന്ന ഓരോ പ്രണയകഥയിൽ നിന്നും…. “””””
-ശുഭം-
Comments:
No comments!
Please sign up or log in to post a comment!