പ്രാണേശ്വരി
ആദ്യമായാണ് ഒരു കഥ എഴുതുന്നത് , ഇതിനു മുൻപ് കഥയെന്നല്ല ഒരു കത്തുപോലും എഴുതി എനിക്ക് പരിചയം ഇല്ല, അപ്പൊ അതിന്റേതായ പോരായ്മകൾ ഈ കഥയിൽ ഉടനീളം ഉണ്ടാവാം, അതെല്ലാം ഒരു തുടക്കക്കാരന്റെ തെറ്റുകളായി കണ്ടു അവയെല്ലാം കമന്റ് കളിൽ കൂടെ എന്നെ അറിയിച്ചു തെറ്റുകൾ തിരുത്തി തരേണംഞാൻ ഇങ്ങനെ ഒരു സാഹസത്തിനു മുതിരാൻ കാരണക്കാരായ എന്റെ സഹോദരങ്ങൾ അഭി, യദു, അപ്പു പിന്നെ ഞങ്ങളുടെ കുഞ്ഞിപ്പെങ്ങൾ അനു എല്ലാവരോടും സ്നേഹം മാത്രം, മക്കളെ എന്റെ ജീവിതത്തിൽ കുറച്ചു കാലങ്ങൾക് ഇടയിൽ നടന്ന ഏറ്റവും വലിയ സന്തോഷമാണ് നിങ്ങൾ
ഞാൻ ഇങ്ങനെ ഒന്ന് എഴുതുന്നു എന്ന് പറഞ്ഞപ്പോൾ, നീ എഴുത് മുത്തേ ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറഞ്ഞ എന്റെ Kk സൗഹൃദം കൂട്ടായ്മയിലെ കൂട്ടുകാർ രാഹുൽ, കാലൻ, arrow, റാംബോ, അർജുനൻ പിള്ള, joker, മാലാഖയെ തേടി, നൈറോബി, അച്ചു, LY,
എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു
**********************************
പ്രണയം, അതിനു പ്രായം ഉണ്ടോ, എനിക്കറിയില്ല…
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാർ പറഞ്ഞു തന്ന അറിവാണ് ആദ്യത്തെ പ്രണയം
വല്യേട്ടൻ സിനിമ ഇറങ്ങിയ സമയം കയ്യിൽ വല്യ വീതിയിൽ ചരട് ഒക്കെ കെട്ടിയ എന്റെ കൂട്ടുകാരൻ സേതു അവൻ വല്യേട്ടനിലെ മമ്മൂട്ടി ആണത്രേ,
അവൻ എന്നോട് വന്നു പറഞ്ഞു
“ഡാ അഖിലേ നീ അറിഞ്ഞോ നമ്മുടെ നാലിൽ പഠിക്കുന്ന മനുവേട്ടനും മൂന്നിൽ പഠിക്കുന്ന ഇന്ദു ചേച്ചിയും തമ്മിൽ ലൈൻ ആണ് ”
“ലൈനോ എന്നുവച്ചാൽ ”
ഞാൻ ഒന്നും മനസ്സിലാവാതെ അവനോടു ചോദിച്ചു
“ഒരു ആണും പെണ്ണും സ്നേഹിക്കുന്നതിനു അങ്ങനെയാ പറയുന്നത് മണ്ടാ ”
അവൻ ഒരു വല്യ ആളിനെ പോലെ എന്നോട് പറഞ്ഞു
“എന്നാൽ നമുക്കും വേണ്ടെടാ ഒരു ലൈൻ ”
“ഞാൻ കണ്ടുപിടിച്ചു നമ്മുടെ ക്ലാസ്സിലെ രേഷ്മ”
അവന്റെ ഉത്തരം പെട്ടന്നായിരുന്നു
” എനിക്കും രേഷ്മയെ മതി ”
അന്നത്തെ അവളുടെ ഭംഗി ആയിരിയ്ക്കും എന്നെക്കൊണ്ട് അത് പറയിപ്പിച്ചത്,
എന്തായാലും ഞങ്ങൾ തമ്മിൽ തർക്കം ആയി അത് പരിഹരിക്കാൻ ബിബിനും ജിബിനും എത്തി.
പേര് കേട്ടാൽ സഹോദരങ്ങൾ ആണെന്ന് തോന്നുമെങ്കിലും അവർ കൂട്ടുകാരായിരുന്നു
“ശരി നിങ്ങൾ രണ്ടും നോക്കിക്കോ അവൾ ആരെ ഇഷ്ടപ്പെടുന്നോ അവൾ അവനു സ്വന്തം ”
അവന്മാരുടെ തീർപ്പും എത്തി
പിന്നെ ഒരു മത്സരമായിരുന്നു ഞങ്ങൾ തമ്മിൽ അവൾക്ക് മിഠായി വാങ്ങിക്കൊടുക്കുന്നു , സാറുമ്മാർ തരുന്ന പ്രോജക്ടിന് അവളെ സഹായിക്കുന്നു അവളുടെ വീടിന്റെ മുന്നിൽ കൂടി കറങ്ങി ഒന്നും അറിയാത്ത ഭാവത്തിൽ അവളുടെ വീട്ടിൽ ചെന്ന് വെള്ളം വാങ്ങി കുടിക്കുന്നു.
അങ്ങനെ ആ പ്രണയം സ്കൂളിൽ പാട്ടായി കുഞ്ഞു കുട്ടികൾ അല്ലെ എന്ന് കരുതിയിട്ടാവും അന്ന് ടീച്ചേർസ് ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല
ഇതെല്ലാം അറിഞ്ഞ മറ്റൊരാൾ ആ സ്കൂളിൽ ഉണ്ടായിരുന്നു, എങ്ങനെ എങ്കിലും എന്റെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന എന്റെ സ്വന്തം ചേച്ചി..
അങ്ങനെ ഒരാൾ ഇങ്ങനെ ഒരു കാര്യം അറിഞ്ഞാൽ വെറുതെ ഇരിക്കോ നേരെ പോയി അമ്മേടെടുത്തു പറഞ്ഞു കൊടുത്തു
“അമ്മേ അമ്മേടെ സല്പുത്രൻ സ്കൂളിൽ പോകുന്നത് പഠിക്കാനല്ല പ്രേമിക്കാനാ ” എന്നിട്ട് എന്നെ നോക്കി ഒരു വളിഞ്ഞ ചിരിയും ചിരിച്ചു
“woow അങ്ങനെ ആ കാര്യത്തിൽ തീരുമാനം ആയി” ഞാൻ മനസ്സിൽ കരുതി
എന്തേലും തെറ്റ് കാണിച്ചാൽ പുളി വടി വെട്ടി അടിക്കുന്ന അമ്മയാ ഇങ്ങനെ ഒരു കാര്യം കിട്ടിയാൽ വിടുമോ
എന്നാൽ അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു
“മക്കള് ആരെ കല്യാണം കഴിച്ചാലും എനിക്ക് കുഴപ്പം ഇല്ല പക്ഷെ കെട്ടുന്ന പെണ്ണിന്റെ കണ്ണീർ വീഴ്ത്തരുത് ”
അന്ന് അതിന്റെ അർത്ഥം ഒന്നും എനിക്ക് മനസ്സിലായില്ലെങ്കിലും സന്തോഷമായി. ഒരു അടി പ്രതീക്ഷിച്ചതാ അതിൽ നിന്നും രക്ഷപെട്ടു
അങ്ങനെ ഇരിക്കുമ്പോളാണ് അറിയുന്നത് ഒരു കണ്ണ് തുറന്നു പിടിച്ചു മറ്റേ കണ്ണ് അടച്ചു കാണിച്ചാൽ ഇഷ്ടം അറിയിക്കുന്നതാണ് എന്ന്
പിന്നെ രണ്ടു ദിവസം വീട്ടിൽ ഇരുന്നു മാരക പരിശീലനം ആയിരുന്നു, എന്തൊക്കെ ചെയ്തിട്ടും അതങ്ങു മുഴുവനായി ശരിയാകുന്നില്ല,
പിന്നെ രണ്ടും കല്പിച്ചു അവളോട് ആ പ്രണയം തുറന്നു പറയുകയും ചെയ്തു
ഒരു ക്ലാസ് ഉള്ള ദിവസം രാവിലെ “രേഷ്മേ ”
“എന്താടാ ”
“എടി എനിക്ക് നിന്നെ ഇഷ്ടാണ് ” പിന്നെ രണ്ടു ദിവസം കൊണ്ട് പരിശീലിച്ച കണ്ണടക്കൽ പരിപാടി കൂടി കാച്ചി
അവൾ അതിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി,
ഇനി ഇഷ്ടമല്ല എന്നെങ്ങാൻ പറഞ്ഞാൽ കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ നിൽക്കുമോ എന്ന് ഭയന്നിട്ടാണോ അതോ എന്റെ കണ്ണടക്കൽ പരിപാടി ഒരു സമ്പൂർണ പരാജയം ആയിട്ടാണോ എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു
എന്തായാലും ഉണ്ടായ സമാധാനം അവൾ അവനോടും അങ്ങനെ തന്നെയായിരുന്നു പ്രതികരിച്ചത് എന്നതാണ്
സുരേഷ് ഗോപിയുടെ നരിമാൻ വന്നു. സേതുവിന്റെ കയ്യിൽ ചരടിന്റെ വലിപ്പം കുറഞ്ഞു, പിന്നെ രാവണപ്രഭു വന്നു ഒരു കമ്പും വായിൽ കടിച്ചു പിടിച്ചു നടക്കാൻ തുടങ്ങി, DD MALAYALAM ചാനലിൽ ഞായറാഴ്ച പടവും കണ്ടു നടക്കുന്ന നമ്മൾ ഇതൊക്കെ എങ്ങനെ കാണാനാ…
ഈ ബഹളങ്ങൾക്കിടയിൽ നാല് വർഷം പോയതറിഞ്ഞില്ല
എന്റെ ജീവിതത്തിലേ ഏറ്റവും നിഷ്കളങ്കമായ ഓർമ്മകൾ സമ്മാനിച്ച കലാലയ ജീവിതം അവിടെ അവസാനിച്ചു, എല്ലാവരും ഓരോ വഴിക്കു പിരിഞ്ഞു
അതോടെ എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയത്തിനും അവസാനമായി,
ഇടയ്ക്കിടയ്ക്ക് അവളെപ്പറ്റി ഞാൻ അവന്മാരോട് അന്വേഷിക്കുമായിരുന്നു, എന്നാലും വല്ലപ്പോഴും അവളെ കണ്ടാൽ സംസാരിക്കാറും ഇല്ലായിരുന്നു,
അതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു 2009 മാർച്ച് മാസത്തിൽ അവൾ ഈ ലോകത്തോട് വിട പറഞ്ഞു,
പെട്ടന്ന് വന്ന ഒരു തലവേദന ഒരാഴ്ചകൊണ്ട് അവളെയും കൊണ്ട് പോയി, അന്നവർ അതിനു എനിക്ക് മനസ്സിലാവാത്ത ഒരു രോഗത്തിന്റെ പേരും പറഞ്ഞു,
“എടാ മുത്തേ നിന്റെ കൂടെ പഠിച്ച രേഷ്മ മരിച്ചു പോയെടാ ”
ചേച്ചി അതെന്നോട് പറഞ്ഞപ്പോൾ എനിക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു,
അവളോട് എനിക്കുള്ളത് പ്രേമം അല്ല എന്നുള്ളത് എനിക്ക് ആ സമയം മനസ്സിലായിരുന്നു അത് കൊണ്ട് തന്നെ അവളെപ്പോലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയ വേദന ആയിരുന്നു എന്റെ മനസ്സിൽ
അവളുടെ ആ കുഞ്ഞു മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്
ഇതിനിടയിൽ 2007 ൽ എന്റെ ജീവിതത്തിലേക്ക് ഒരു വല്യ ദുരന്തം കടന്നു വന്നു,
വിഷ്ണു എന്റെ ചങ്ക് അവന്റെ പേര് അങ്ങനെ ആയിരുന്നു എങ്കിലും അവനെ അങ്ങനെ വിളിച്ച ഓർമ എനിക്കില്ല
അവനു ഓരോ സ്ഥലത്തും ഓരോ പേരുകൾ ആയിരുന്നു ഇപ്പൊ അവസാനം അത് പാറ്റ എന്ന പേരിൽ എത്തിനിക്കുന്നു.
ഒരു വേതാളത്തെ പോലെ അന്ന് എന്റെ കൂടെ കൂടിയവനാ ഇതുവരെ പോയിട്ടില്ല,
***********
പിന്നെയും വർഷങ്ങൾ കടന്നുപോയി +2 കഴിഞ്ഞു
2012 june 27 ഇന്നാണ് ഞാൻ ആ കോളേജ് ആദ്യമായി കാണുന്നത് അപ്പോഴും എന്റെ കൂടെ അവൻ ഉണ്ടായിരുന്നു,
“പൊന്നു മോനെ ഇവിടെയാണ് ഇനി 3കൊല്ലം ”
അവൻ അവന്റെ സന്തോഷം മുഴുവൻ പുറത്തു കാണിച്ചു
” ശരിയാ ഇനീപ്പോ എന്നും വീട്ടിൽ പോകണ്ട പഠിക്കു പഠിക്കു എന്നുള്ള വഴക്ക് കേക്കണ്ട എന്ത് സുഖമായിരിക്കും അല്ലെ ” ഞാനും പറഞ്ഞു
കേറുമ്പോൾ തന്നെ കാണുന്നത് ഒരു തുരുമ്പെടുത്തു വീഴാറായ കോളേജ് ഗേറ്റ് ആണ്, GOVT.POLYTECHNIC COLLEGE k******m ആ ബോർഡിൽ കുറച്ചു നേരം നോക്കി നിന്നു,
റോഡിൽ മുഴുവൻ ഞാൻ അന്ന് ചെയ്ത പോലെ എഴുതി കൂട്ടിയിരിക്കുന്നു ചെറിയ മാറ്റങ്ങൾ മാത്രം ഞാൻ എഴുതിയിരുന്നത് രേഷ്മ എന്നായിരുന്നു എങ്കിൽ ഇവിടെ മുഴുവൻ പാർട്ടികളുടെ പേരാണ്, ഞാൻ എഴുതിയിരുന്നത് കല്ലു കൊണ്ടായിരുന്നു എങ്കിൽ ഇവിടെ അത് വൈറ്റ് സിമന്റ് ആയി
സൈഡിൽ ഉള്ള തണൽ മരങ്ങളിൽ മുഴുവൻ തോരണങ്ങൾ പോലെ പാർട്ടി കോടികൾ തൂങ്ങി കിടക്കുന്നു
കോളേജ് തുടങ്ങി ഒരാഴ്ച ആയതിനാലാവാം ഞങ്ങളെ പാർട്ടികളുടെ പേരിൽ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല,
ഗേറ്റ് കടന്നു പോകുമ്പോൾ വലതു ഭാഗത്തു കാന്റീൻ,
കാന്റീൻ കണ്ടപ്പോളെ ഉറപ്പിച്ചു ക്ലാസ്സിൽ ഇരിക്കുന്ന സമയത്തേക്കാൾ കൂടുതൽ ഇനി ഇവിടായിരിക്കും എന്ന്
കാന്റീനും കടന്നു കോളേജിന്റെ ഉള്ളിൽ കയറി ആദ്യം കണ്ട ചേട്ടനോട് HOD യുടെ റൂമിലേക്കുള്ള വഴി ചോദിച്ചു
“ചേട്ടാ ഈ മെക്കാനിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ന്റെ റൂം എവിടാ, ഞങ്ങൾ പുതിയ അഡ്മിഷൻ ആണ്’
” ആഹാ നിങ്ങൾ മെക്കാനിക്കൽ ആണോ, എന്താ നിന്റെ പേര് ”
ഞാനും അവനും പുള്ളിയോട് പേര് പറഞ്ഞു
” ഈ കാണുന്ന സ്റ്റെയർ കയറി മുകളിൽ ചെന്നാൽ ബോർഡ് കാണാം ”
ഞങ്ങൾ മെക്കാനിക്കൽ ആണെന്ന് പറഞ്ഞത് മുതൽ ഇയാൾ മസിലും പിടിച്ചാണ് സംസാരിക്കുന്നതു
“ശരി താങ്ക്സ് ചേട്ടാ ”
നന്ദി പറഞ്ഞു നടക്കാൻ തുടങ്ങിയ ഞങ്ങളെ അയാൾ വീണ്ടും വിളിച്ചു
” ഡാ മക്കളെ പോകല്ലേ നിക്ക് ”
“എന്താ ചേട്ടാ ”
നിങ്ങൾ മെക്കാനിക്കൽ അല്ലെ ”
“അതെ ചേട്ടാ ”
മാക്സിമം വിനയം വാരി വിതറിയാണ് എന്റെ സംസാരം
“മ്മ് ഈ പേടിയും വിനയവും ഒക്കെ എന്നും ഉണ്ടായാൽ നിങ്ങള്ക്ക് കൊള്ളാം”
ഇയാളിപ്പോ ഇങ്ങനൊക്കെ പറയാൻ ഞങ്ങൾ എന്ത് പറഞ്ഞു അതായിരുന്നു എന്റെ ചിന്ത…
വിഷ്ണുവിനെ നോക്കിയപ്പോൾ അവനും വണ്ടർ അടിച്ചു നിൽപ്പുണ്ട്
എന്തായാലും അവനെയും കൂട്ടി HOD യുടെ റൂം കണ്ടു പിടിച്ചു, ഒരു ക്‌ളീഷേ HOD, കുറച്ചു മെലിഞ്ഞു അധികം ഉയരം ഇല്ലാതെ കുറച്ചു താടി വളർത്തി ഒരു കണ്ണട വച്ച ആൾ
ഞാനും ബോർഡിലേക്ക് ഒന്നുകൂടെ നോക്കി
JABBAR P.
എന്തായാലും അനുവാദം ചോദിക്കാതെ കയറുന്നതു മോശം അല്ലെ…
” sir may i come in sir ”
“അതിനു നിങ്ങൾ രണ്ടു പേരില്ലേ പിന്നെങ്ങനാ may i ആകുന്നെ ശരി കയറിവാ ”
പുള്ളി എന്നെ പുച്ഛിച്ചു ഒരു നോട്ടം നോക്കി
” അടിപൊളി തുടക്കം തന്നെ കൊള്ളാം ”
എന്തായാലും അകത്തു കയറി,
അഡ്മിഷൻ ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞപ്പോൾ മുതൽ പുള്ളി ഉപദേശം തുടങ്ങി
” ഇവിടെ പല വിധ പ്രശനങ്ങളും ഉണ്ടാകും, അതിലൊന്നും ചെന്ന് ഇടപെടരുത് ”
” ഇവിടെ പാർട്ടി പ്രവർത്തനം ശക്തമാണല്ലേ, അപ്പോ ഇവിടെ തല്ലൊക്കെ ഉണ്ടാകുമോ സർ ”
ഈ കത്തിയിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന് കരുതിയിരിക്കുമ്പോളാ അവന്റെ ഒടുക്കത്തെ ഒരു ചോദ്യം
അവന്റെ ആ ചോദ്യത്തിൽ നിന്നും ഞങ്ങളെ കുറിച്ച് പുള്ളിക്കി ഒരു ഏകദേശ ധാരണ കിട്ടി എന്ന് തോന്നുന്നു
പിന്നെ പുള്ളി ഒന്നും പറയാൻ നിന്നില്ല,
” നിങ്ങൾ ഈ ഫ്ലോറിൽ തന്നെ അങ്ങേയറ്റത്തെക്കു ചെല്ല് അവിടെ S1 ME എന്നൊരു ബോർഡ് കാണും, അതാണ് നിങ്ങളുടെ ക്ലാസ്സ് ”
“ശരി സർ താങ്ക് യു ”
“ok ചെല്ല് ”
പുള്ളി വീണ്ടും ജോലിയിൽ വ്യാപൃതനായിഅങ്ങനെ ക്ലാസ്സ് കണ്ടു പിടിച്ചു
” അപ്പൊ ഇവിടെ പാർട്ടി പ്രവർത്തനം കുറവാണ്, നമ്മൾ മെക്കാനിക്കൽ സ്റ്റുഡന്റസ് എല്ലാം എപ്പോഴും ഒറ്റ കെട്ടായിരിക്കണം ”
ഒരു ചേട്ടൻ ക്ലാസ്സിന്റെ മുന്നിൽ നിന്ന് തന്നെ പ്രസംഗിക്കുന്നുണ്ട്
ഞങ്ങളെ കണ്ടതും പുള്ളി ” പുതിയ അഡ്മിഷൻ ആണോ ”
“അതെ ചേട്ടാ ”
“മെക്കാനിക്കൽ തന്നെ അല്ലെ ”
“അതെ ”
” ശരി കയറിവാ ഞങ്ങൾ ഇപ്പൊ അങ്ങ് തുടങ്ങിയതേ ഉള്ളു ”
ഞങ്ങൾ അകത്തു കയറി ഫസ്റ്റ് ബെഞ്ചിൽ തന്നെ ഇരുന്നു, ഞങ്ങൾ ഇരുന്നതും പുള്ളി തുടർന്നു
” ഇവിടെ ഇലക്ഷന് ടൈം ൽ മാത്രമേ പാർടി പ്രവർത്തനം ഉണ്ടാവു, ബാക്കി എല്ലാ സമയത്തും ബ്രാഞ്ച് വൈസ് ആയിരിക്കും എല്ലാം ”
” നിങ്ങള്ക്ക് നമ്മുടെ ബ്രാഞ്ചിന്റെ പേരറിയാമോ ”
പുള്ളി എല്ലാവരോടുമായി ചോദിച്ചു,
എല്ലാവരും mech, mechanical engineering എന്നൊക്കെ പറഞ്ഞു
” അല്ല ROYAL MECH അതാണ് നമ്മുടെ പേര്”
പുള്ളി അത് പറയുമ്പോൾ ഉണ്ടായിരുന്ന ഊർജം എല്ലാരേയും ഒരുപോലെ ആവേശഭരിതരാക്കി..
“എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഇവിടുന്നിറങ്ങി നേരെ വന്നാൽ s5 mech എന്നൊരു ബോർഡ് കാണും അവിടെ ഞങ്ങൾ ഉണ്ടാവും”
അര മണിക്കൂർ പ്രസംഗത്തിന് ശേഷം, അവർ പോയി
ഇന്റർവെൽ ടൈം ആയി, ഒന്ന് ടോയ്‌ലെറ്റിൽ പോയി വരാം എന്നോർത്ത് അവനെ വിളിച്ചപ്പോൾ അവൻ അരമണിക്കൂർ കൊണ്ട് രണ്ടു പേരെ കമ്പനി ആക്കി അവരുമായി കത്തി വച്ചോണ്ടിരിക്കുന്നു
ഇവന്റെ ഞാൻ എന്നും അത്ഭുദത്തോടെ നോക്കി കണ്ടിട്ടുള്ള കഴിവാണ് അത്, 10 മിനിറ്റ് ഇവനോട് സംസാരിച്ചാൽ മതി ഇവൻ അവരെ 10 വർഷം പഴക്കമുള്ള കൂട്ടുക്കാരാക്കി മാറ്റും
ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ, ഞാൻ വന്നിട്ടിതുവരെ അവനോടല്ലാതെ മിണ്ടിയിട്ടില്ല
അവനെ വിളിച്ചപ്പോൾ അവൻ വരുന്നില്ല എന്ന് പറഞ്ഞു,
എന്തായാലും പോയിട്ട് വരാം എന്നോർത്ത് പുറത്തേക്കു ഇറങ്ങാൻ തുടങ്ങി,
ക്ലാസ്സിൽ ഉണ്ടായിരുന്നത് 2 പാളിയായി തുറക്കുന്ന വാതിൽ ആണ്, അതിൽ ഒന്ന് അടഞ്ഞു കിടക്കുകയായിരുന്നു
പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയതും ആ വാതിൽ വന്നു എന്റെ മൂക്കിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു,
തുറന്ന വാതിലിനു പുറകിൽ ഒരു പെണ്ണ്
” എന്തെങ്കിലും പറ്റിയോടാ ” ആ പെണ്ണാണ്
അറിയില്ലാത്ത ആളുകൾ എന്നെ എടാ പോടാ എന്നൊക്കെ വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും
” കണ്ണും മൂക്കും ഇല്ലാതെ വന്നു കേറി മനുഷ്യന്റെ മൂക്ക് കളഞ്ഞിട്ടു എന്തെങ്കിലും പറ്റിയോടാന്നു.
“സോറി ”
” എന്നാ നീ ഒരു കാര്യം ചെയ്യു ഈ വാതിലിന്റെ പുറകിൽ വന്നു നിക്ക് ഞാനും വാതിൽ വച്ചു മൂക്കിന് ഇടിച്ചിട്ടു സോറെ പറയാം ”
ഞങ്ങളുടെ വഴക്ക് കണ്ടു എന്റെ ക്ലാസ്സിലെ എല്ലാവരും ഞങ്ങളെയും നോക്കി നിക്കുവാ
ആദ്യം കിട്ടിയ അടിപോലെ ഒന്നൂടെ കിട്ടി മൂക്കിനിട്ട്,
“ഞാൻ വാതിലിനു മുന്നിൽ ആണല്ലോ ഇപ്പൊ നിക്കുന്നെ പിന്നെങ്ങിനെ ആ അടി കിട്ടി ”
ആലോചിച്ചു തീർന്നില്ല ഒന്നൂടെ കിട്ടി, ആ പ്രാവശ്യം കവിളിനായിരുന്നു,
അപ്പൊഴാണ് മനസ്സിലായത് അടിച്ചത് വാതിൽ അല്ല ഒരു മനുഷ്യൻ ആണെന്ന്
“വന്നു കേറീല്ല അതിനു മുന്പേ സീനിയർസ് നോട് വഴക്ക് കൂടുന്നോടാ ”
ആ ചോദ്യം കേട്ടപ്പോൾ അടിക്കുള്ള കാരണവും മനസ്സിലായി ഞാൻ ഇത്രയും നേരം വഴക്കിട്ടു കൊണ്ടിരുന്ന പെണ്ണ് എന്റെ ക്ലാസ്സിൽ ഉള്ളതല്ല എന്റെ സീനിയർ ആയിരുന്നു
“അടിപൊളി തുടക്കം, കോളേജ് ലൈഫ് തുടക്കം തന്നെ അടിയോടെയാണ്, ”
മനസ്സിൽ ആലോചിച്ചതും അടുത്ത അടി വരുന്നത് ഞാൻ കണ്ടു
ആ അടി എന്റെ കവിള് കൊണ്ട് തടുക്കാൻ തുടങ്ങിയതും മറ്റൊരു കൈ വന്നു അതിനെ തടഞ്ഞു നിർത്തി
“ഞങ്ങളുടെ പിള്ളേരെ തൊടുന്നൊടാ ”
ഒരു ഘന ഗംഭീരമായ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി,
ഞാൻ പ്രതീക്ഷിച്ചതു ഒരു ആറടി പൊക്കത്തിൽ ഒരു ജിമ്മനെ ആയിരുന്നു ആളെ കണ്ടതും എന്റെ പ്രതീക്ഷകൾ എല്ലാം പോയി
കണ്ടാൽ നിഷ്കു ലുക്കുള്ള ഒരു ചേട്ടൻ, ഒരു അഞ്ചടി പൊക്കം കാണും, എന്തായാലും കുഴപ്പമില്ല അടി ഷെയർ ചെയ്യാൻ ഒരാളായല്ലോ
” ഞങ്ങളുടെ പെണ്പിള്ളേരുടെ അടുത്ത് ഒച്ചയിട്ടാൽ ഏതവനായാലും അടിക്കും ” അവന്റെ ശബ്ദം ഉറച്ചതായിരുന്നു
” നീ ആണാണെങ്കിൽ ഒന്നൂടെ അടിക്കടാ ”
അത് കേട്ടതും ഞാൻ ഞെട്ടി
“ഇവന് പ്രാന്താണോ മര്യാദക്ക് അവൻ അടി നിർത്തി പോകാൻ തുടങ്ങിയതാ. ഇനി ഇവനായിട്ടു ബാക്കി കൂടെ വാങ്ങി തരുമല്ലോ ”
ഞാൻ ചിന്തിച്ചു തീർന്നതും അവന്റെ കൈ എന്നെ തല്ലാൻ വീണ്ടും ഉയർന്നതും ഒരുമിച്ചായിരുന്നു
ഞാൻ വീണ്ടും ഒരിക്കൽക്കൂടി തല്ലു വാങ്ങാൻ തയാറായി,
എന്നാൽ ആ കൈ പൊങ്ങിയതല്ലാതെ താന്നില്ല, അതിനു കാരണം അടുത്ത നിമിഷം എനിക്ക് മനസ്സിലായി,
ഞങ്ങളുടെ ചുറ്റും ഒരു 10-15 പേര് വന്നു നിരന്നു
” എന്താടാ നീ അടിക്കുന്നില്ലേ ”
കുറച്ചു മുൻപ് ക്ലാസ്സിൽ കയറി പ്രസംഗിച്ച ചേട്ടനാണ്
അടിക്കാൻ വന്നവൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ്
“നീ അവനോടു ഒരു സോറി പറഞ്ഞിട്ട് പൊക്കോ ”
വീണ്ടും ആ ചേട്ടനാണ്, ഒരു നിമിഷം കൊണ്ട് എനിക്ക് ആളോട് ആരാധന തോന്നിപ്പോയി
“ഞാൻ എന്തിനു അവനോടു സോറി പറയണം, എന്റെ ക്ലാസ്സ്‌മേറ്റിനോട് ആവശ്യമില്ലാതെ ചൂടായിട്ടാണ് ഞാൻ അവനെ തല്ലിയത് ”
“ഡീ ലക്ഷ്‌മി നിനക്ക് എന്തേലും പരാതിയുണ്ടോ ”
ഞാൻ അപ്പോളാണ് അവളെക്കുറിച്ചു ഓർക്കുന്നത്, അതെങ്ങനെയാ എന്തെങ്കിലും ചിന്തിക്കാനുള്ള ഗ്യാപ് തരണ്ടേ
” ഇല്ല എനിക്ക് പരാതി ഒന്നും ഇല്ല ”
” ഡാ നീ അവളോട് ഒരു സോറി പറ ” എന്നോടായി ആ ചേട്ടൻ പറഞ്ഞു
“ചേച്ചി സീനിയർ ആണെന്ന് അറിയാതെയാണ് ചൂടായതു സോറി ”
“അപ്പൊ അവർ തമ്മിൽ ഉള്ള പ്രശ്നം തീർന്നു, ഇനി നിന്റെ ഊഴമാണ് ഒരു സോറി പറഞ്ഞിട്ടു പൊക്കോ ”
എന്നെ അടിച്ചവൻ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുകയാണ്
“ഡാ നീ അവളെ നോക്കാതെ സോറി പറഞ്ഞിട്ട് പോകാൻ നോക്ക് ”
ആ ചേട്ടൻ അവനോടു കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു
“സോറി ”
അവൻ അത് ഒറ്റവാക്കിൽ ഒതുക്കി
” ഇനി ഇതിന്റെ പേരിൽ ഇവന്റെ മെക്കിട്ടെങ്ങാനും കേറിയാൽ, അറിയാല്ലോ ഞങ്ങളെ ”
അവൻ അതിനു മറുപടി ഒന്നും പറയാതെ ദേഷ്യത്തിൽ നടന്നു നീങ്ങി
അവൻ പോയ പിറകെ അവളും പോയി
” നീ കൊള്ളാല്ലോ എന്താ നിന്റെ പേര് ”
അവര് പോയി കഴിഞ്ഞ ഉടനെ ആ ചേട്ടൻ എന്നോട് ചോദിച്ചു
“അഖിൽ ”
“എവിടാ വീട് ”
” തൊടുപുഴ ”
“അപ്പൊ വീട്ടിൽ പോകാൻ പറ്റില്ലാലോ, എവിടാ താമസം ”
“ഇവിടെ അടുത്ത് പോക്കയിൽ എന്ന് പറയുന്ന ഒരു ഹോസ്റ്റലിൽ ആണ് ”
“ആഹാ അപ്പൊ നമ്മൾ ഒന്നിച്ചാണ്, അപ്പൊ വൈകിട്ട് അവിടെ കാണാം ”
അതും പറഞ്ഞു അവർ തിരിച്ചു പോയി
അപ്പോഴാണ് ഞാൻ എന്റെ കൂടെ ഉള്ള സാധനത്തിനെ കുറിച്ച് ഓർക്കുന്നത്, ഞാൻ തിരിഞ്ഞു ക്ലാസ്സിലേക്ക് നോക്കുമ്പോൾ താടിക്കു കയ്യും കൊടുത്തു എന്നേം നോക്കി ഒരു അളിഞ്ഞ ചിരിയും ചിരിച്ചു ഇരിപ്പുണ്ട് അളിയൻ…
” കള്ള മൈ*#@$ നീ ചിരിച്ചോണ്ടിരിക്കുവാണോ”
” അല്ല ഞാനും കൂടെ വന്നു നിന്റെ കൂടെ തല്ലു കൊള്ളാം ”
അവന്റെ ഉത്തരം സിമ്പിൾ ആയിരുന്നു
“എന്നാലും സ്വന്തം ഫ്രണ്ട് തല്ലുകൊള്ളുമ്പോൾ കണ്ടോണ്ടിരിക്കുന്ന നീയൊക്കെ എന്ത് ഫ്രണ്ട് ആണ്? ”
ഞാൻ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ അവനോടു തീർത്തു
” ഉവ്വ ഞാൻ ആണ് മൈ @##$ അവരെ പോയി വിളിച്ചോണ്ട് വന്നത് ”
തല്ലു കൊള്ളുന്നതിനിടയിൽ ഇവൻ പോയതും വന്നതും ഒന്നും ഞാൻ കണ്ടില്ല
ഞാൻ അതിനു മറുപടിയായി ഒന്ന് ചിരിച്ചു കാണിച്ചു
എന്തായാലും ഒറ്റ ദിവസം കൊണ്ട് ഞാൻ കോളേജ് മുഴുവൻ ഫെയ്മസ് ആയി
പിന്നെ ക്ലാസ്സിലുള്ള എല്ലാവരെയും പരിചയപ്പെട്ടു അതിൽ കുറച്ചു പേര് ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു തന്നെയാണ് താമസം, ക്ലാസ്സ് കഴിഞ്ഞു ഒരുമിച്ചു പോകാമെന്നു തീരുമാനിച്ചു
ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സ് തുടങ്ങി,
മുഖത്തു മുഴുവൻ മുഖക്കുരുവും ആയി ഒരു miss കയറി വന്നു,
“ഇന്ന് പുതിയതായി 2പേര് വന്നില്ലേ അവർ ഒന്ന് എഴുന്നേറ്റ് നിന്നെ ”
ഞാനും അവനും എഴുന്നേറ്റു
“ഞാൻ അനുഷ maths ആണ് പഠിപ്പിക്കുന്നത്, ഇനി നിങ്ങൾ സ്വന്തമായി ഒന്ന് പരിചയപ്പെടുത്തു”
അവന്റെ ഊഴം കഴിഞ്ഞു miss എന്നെ നോക്കി
“വന്ന ദിവസം തന്നെ തല്ല് വാങ്ങി അല്ലെ ”
ദൈവമെ ഇന്ന് കണി കണ്ടവനെ തന്നെ എന്നും കാണാണെ, മനസ്സിൽ പ്രാകിക്കൊണ്ടു ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു എന്നിട്ട് സ്വന്തമായി പരിചയപ്പെടുത്തി
അടുത്ത പീരിയഡ് ഉം ഇത് തന്നെ റിപീറ്റ്, ടീച്ചർ മാത്രം മാറ്റം
അങ്ങനെ ഉച്ചയായി കഴിക്കാനുള്ള സമയം, ഞാനും വിഷ്ണുവും (അവനു പാറ്റ എന്നുള്ള പേര് കിട്ടാൻ പോകുന്നതേ ഉള്ളു ) പിന്നെ അവൻ കമ്പിനി ആക്കിയ ആളുകളും കൂടെ കഴിക്കാൻ ക്യാന്റീനിൽ പോയി,
കഴിക്കുന്നതിനിടയിൽ ഞാനും അവരുമായി കൂട്ടായി ആഷിക്, ചന്തു, വിഷ്ണു p.v ഇതായിരുന്നു അവരുടെ പേര്
കഴിച്ചു തിരിച്ചു വരുന്ന വഴിക്കാണ് ലക്ഷ്മി വഴിയിൽ നിൽക്കുന്നത് കണ്ടത്, ഇപ്പോഴാണ് അവളെ ശരിക്കൊന്നു കാണുന്നത്,
അവളെ കാണാൻ നല്ല ഭംഗിയായിരുന്നു, ഒരു നാടൻ സൗന്ദര്യം, ആള് ചെറുതായി കറുത്തിട്ടു ആണെങ്കിലും അതവളുടെ ഭംഗി കൂട്ടിയതേ ഉള്ളു
ഒരു ചെറിയ പൊട്ടു തൊട്ടിട്ടുണ്ട്, വാലിട്ടു കണ്ണ് എഴുതിയിട്ടുണ്ട്, നീളമുള്ള മുടി പിന്നി ഇട്ടിരിക്കുന്നു. ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും,
അവൾ യൂണിഫോമിൽ ആയിരുന്നു, ഇത് ആദ്യം ശ്രദ്ധിക്കുകയായിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു, ഇപ്പൊ സീനിയർസ് നു മാത്രമേ യൂണിഫോം ഉള്ളു, എന്റെ മണ്ടത്തരത്തിനെ ഞാൻ തന്നെ ശപിച്ചു
എന്തായാലും രണ്ടും കല്പിച്ചു അവളോട് പോയി സംസാരിക്കാൻ തീരുമാനിച്ചു
” ഡാ നീ ഇതെങ്ങോട്ടാ ”
ഞാൻ നടക്കാൻ തുടങ്ങിയതും വിഷ്ണു ചോദിച്ചു
“ഞാൻ അവളെ കണ്ടു ഒന്ന് സംസാരിച്ചിട്ട് വരാം ”
“നിനക്ക് ഒന്ന് കിട്ടിയത് പോരെ, ഇങ്ങോട്ടു വാടാ ”
അവൻ കുറച്ചു ദേഷ്യത്തിലാണ്
” ഒന്നൂല്ലടാ ഞാൻ പോയി ഒരു സോറി പറഞ്ഞിട്ട് വരാം ”
ഞാൻ മറുപടിക്കു കാക്കാതെ അവളുടെ അടുക്കലേക്ക് നടന്നു
” ചേച്ചി ”
എന്നെ കണ്ടതും അവൾ ഒന്നമ്പരന്നു,
” സോറി ചേച്ചി അറിയാതെ പറ്റിപ്പോയതാ, ഒന്നും തോന്നല്ലേട്ടോ ”
ഞാനും അത്രയും പറഞ്ഞതും അവളുടെ മുഖത്തുന്നു ദേഷ്യം മാറി സന്തോഷം വന്നു
” അത് സാരമില്ലടാ എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ, ഞാനും നോക്കാതെ കയറി വന്നത് കൊണ്ടല്ലേ ”
” അപ്പൊ എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ”
” ദേഷ്യം ഒന്നും ഇല്ലടാ ‘
” അപ്പൊ ചേച്ചി എന്റെ പേര് അഖിൽ ”
“ലക്ഷ്മി”
അവൾ മറുപടിയും തന്നു
” ചേച്ചിടെ പേര് എനിക്കറിയാം ”
” എങ്ങനെ” അവൾ ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു
” എന്നെ രക്ഷിക്കാൻ വന്ന ചേട്ടൻ വിളിക്കുന്ന കേട്ടു ”
” ഓഹ് അരുണോ ”
“ആ ചേട്ടന്റെ പേര് അങ്ങനെ ആണോ, ആ ബഹളത്തിനിടക്ക് ചോദിക്കാൻ പറ്റില്ല ”
ഞാൻ അത് പറഞ്ഞു തീർന്നതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു
” നിനക്ക് കിട്ടീതൊന്നും പോരെടാ ”
നല്ല പരിചയമുള്ള ശബ്ദം, തിരിഞ്ഞു നോക്കിയതും ഒരു അടിക്കുള്ള കോളത്തിട്ടുണ്ടെന്നുള്ള അശരീരി ഞാൻ കേട്ടു
എന്നെ കുറച്ചു മുൻപ് തല്ലിയവനും ഫ്രണ്ട്സും എന്റെ പിന്നിൽ നിൽക്കുന്നു
” ഡാ നിതിനെ വെറുതെ പ്രശ്നം ഉണ്ടാക്കണ്ട അവൻ എന്നോട് സോറി പറയാൻ വന്നതാ ”
അവൾ അത് പറഞ്ഞപ്പോൾ അവർ അവളെ ഒന്ന് തുറപ്പിച്ചു നോക്കി
” വെറുത ഇനീം തല്ലുകൊള്ളാതെ കേറിപ്പോകാൻ നോക്കടാ ചെക്കാ ”
അവന്മാർ അത് പറഞ്ഞതും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ടു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്ക് നടന്നു
” കാവടി തുള്ളി പോകുന്ന കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു ” വിഷ്ണുവിന്റെ വകയാണ് കമന്റ്
” ഞാനും ഒന്ന് പേടിച്ചു അവന്മാരെ കണ്ടപ്പോൾ, പക്ഷെ അവൾ പാവമാടാ അവളാ എന്നെ രക്ഷിച്ചത് ”
” ആ എന്തായാലും വീണ്ടും തല്ലു വാങ്ങാതെ പോന്നല്ലോ വാ ക്ലാസ്സിൽ പോകാം ”
ഉച്ചകഴിഞ്ഞുള്ള സമയം പ്രിത്യേകിച്ചു ഒന്നും സംഭവിക്കാതെ കടന്നു പോയി
വൈകിട്ട് ക്ലാസും കഴിഞ്ഞു ക്യാന്റീനിൽ ഇരിക്കുമ്പോളാണ് വീണ്ടും ലക്ഷ്മിയെ കാണുന്നത്,
അവളും ഫ്രണ്ട്സും കൂടെ ക്യാന്റീനിലേക്കു വന്നു, എന്നെ കണ്ടതും അവളൊന്നു ചിരിച്ചു ഞാനും
” എടി ഇത് അഖിൽ ഇവനാണ് എന്നോട് രാവിലെ വഴക്കുണ്ടാക്കിയത് ”
എന്റെ മുഖം വാടിയതു കണ്ടിട്ടാവും, അവൾ കൂട്ടുകാരോട് പിന്നെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു
അവളുടെ കൂട്ടുകാരെ എനിക്ക് പരിചയപ്പെടുത്തി തന്നു
ഞങ്ങളുടെ പരിചയപ്പെടൽ കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു തുടങ്ങി
“ഡാ ഇവിടെ പാർട്ടി പ്രവർത്തനം കുറവാണ്, അതിനും കൂടെ ഇവിടെ ബ്രാഞ്ച് വൈസ് ആണ് ഇടി, അതിന്റെ സാമ്പിൾ ആണ് നീ രാവിലെ കണ്ടത് ”
എനിക്കൊന്നും മനസ്സിലായില്ല എന്ന് തോന്നിയിട്ടാവും അവൾ തുടർന്നു
” മെക്കാനിക്കൽ ഡിപ്പാർട്മെന്റ് ഉം ഇലക്രോണിക്‌സ് ഡിപ്പാർട്മെന്റ് ഉം തമ്മിൽ സ്ഥിരം തല്ലാണ്, നീ മെക്കാനിക്കൽ കാരനായിട്ടാണ് അവൻ രാവിലെ നിന്നെ തല്ലിയത് അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല ”
അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ഏകദേശം കിടപ്പുവശം മനസ്സിലായി
” എന്തായാലും അരുൺ ചേട്ടൻ വന്നത് കൊണ്ട് രക്ഷപെട്ടു, പാവം ചേട്ടനാല്ലേ ”
ഞാൻ അത് ചോദിച്ചപ്പോൾ അവളൊന്നു ചിരിച്ചു
“നാളെ രാവിലെ എന്നെ കാണുമ്പോളും നീ ഇതുതന്നെ പറയണം ”
” അതെന്താ അങ്ങനെ ”
“അത് നിനക്ക് വൈകാതെ മനസ്സിലാവും ”
ഞാൻ കുറെ ചോദിച്ചിട്ടും അവൾ വേറൊന്നും പറഞ്ഞില്ല
പിന്നേം ഞങ്ങൾ കുറെ സംസാരിച്ചു, അവളോട് സംസാരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല
അവള് പോകാൻ ഇറങ്ങിയപ്പോളാണ് ഞാൻ വിഷ്ണുവിനെ കുറിച്ച് ആലോചിക്കുന്നത്, അവനെ നോക്കിയപ്പോൾ അളിയൻ കാന്റീൻ നടത്തുന്ന അങ്കിൾ ഉം ആന്റിയും ആയി വാ തോരാതെ സംസാരിക്കുകയാണ് കൂടെ പുതിയ കൂട്ടുകാരും ഉണ്ട്
“ഡാ പോകണ്ടേ സമയം അഞ്ചര കഴിഞ്ഞു ”
ഞാൻ പറഞ്ഞതും അവൻ അങ്കിൾ നോട് യാത്ര പറഞ്ഞു എഴുന്നേറ്റു,
കോളേജിൽ നിന്ന് ഒരു 200മീറ്റർ ദൂരമേയുള്ളൂ റൂമിലേക്ക്, റൂമിലെത്തി അലക്കും കുളിയും കഴിഞ്ഞു നിൽക്കുമ്പോളാണ് ഒരുത്തൻ വന്നു അരുൺ ചേട്ടൻ വിളിക്കുന്നു എന്ന് പറയുന്നത്
” വാടാ കൂട്ടുകാരെ പരിചയപ്പെടുത്താനാവും പോയിട്ട് വരാം ”
ഞാൻ വിഷ്ണുവിനേം കൂട്ടി ഇറങ്ങിയപ്പോ ആഷികും വിഷ്ണു p.v യും നിന്ന് ചിരിക്കുന്നുണ്ട്,
” എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ”
വിഷ്ണു എന്നോട് പറഞ്ഞു
” വാ എന്തായാലും പോയിട്ട് വരാം ”
ഞങ്ങൾ അവരുടെ റൂമിൽ എത്തുമ്പോൾ റൂമിൽ ഒരു 10-15 പേരുണ്ട്
” വാ മക്കളെ കേറിവാ ” അരുൺ ചേട്ടൻ ഞങ്ങളെ വിളിച്ചു
ഞങ്ങൾ കേറിചെന്നതും പുള്ളി ഞങ്ങൾക്ക് എല്ലാരേം പരിചയപ്പെടുത്തി തന്നു
“ചേട്ടാ എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ ”
” ഡാ ഒരു മിനിറ്റ്, എനിക്കൊരു സഹായം ചെയ്യുമോ ”
” ചെയ്യാം ചേട്ടാ പറഞ്ഞോ ”
“നിനക്ക് എണ്ണാൻ അറിയില്ലേ ”
“അറിയാം ചേട്ടാ ”
” എന്നാൽ ഇതൊന്നു എണ്ണി തരുമോ ”
എണ്ണണ്ട സാദനം കണ്ടപ്പോൾ എന്റെ കണ്ണൊന്നു തള്ളി, ഒരു പാക്കറ്റ് കടുക് എടുത്തു മേശപ്പുറത്തു വച്ചിരിക്കുന്നു
വൈകിട്ടു ലക്ഷ്മി പറഞ്ഞതിന്റെയും ഇങ്ങോട്ട് പോരാൻ നേരത്തു ഇവന്മാറ് ചിരിച്ചതിന്റെയും അർത്ഥം എനിക്ക് ഇപ്പൊ മനസ്സിലായി
” ആ എന്നാൽ സമയം കളയണ്ട എണ്ണി തുടങ്ങിക്കോ ”
വേറെ രക്ഷ ഇല്ലല്ലോ എണ്ണി തുടങ്ങിയപ്പോ വിഷ്ണുവും വന്നു എന്നെ സഹായിക്കാൻ
” ഡാ അതവൻ ഒറ്റയ്ക്ക് ചെയ്തോളും, നിനക്ക് വേറെ പണിയുണ്ട് ”
അടിപൊളി അവനും കിട്ടി പണി
” എന്താ ചേട്ടാ ”
എന്തെങ്കിലും ചെറിയ പണി കിട്ടും എന്ന് കരുതിയാവും അവൻ അത്രക്കും വിനയം ഇട്ടതു
” ഡാ ഇവൻ പാവമാട്ടോ ഇവന് വല്ല ചെറിയ പണിയും കൊടുത്താൽ മതി ”
അരുൺ ചേട്ടൻ കൂടെ ഉള്ളവരോട് പറഞ്ഞു
“നിനക്കിപ്പോ എന്ത് പണിയാ തരിക, ഒരു കാര്യം ചെയ്യ് ആ ബക്കറ്റിൽ ഇരിക്കുന്ന വെള്ളം ഈ കുപ്പിയിൽ നിറച്ചാൽ മതി ”
അത് കേട്ടപ്പോൾ അവനു സന്തോഷം ആയി അവൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു എന്നിട്ട് കുപ്പിയുമായി ബക്കറ്റിന്റെ അടുത്തേക്ക് പോയി
“ഡാ ഒരു കാര്യം മറന്നു പോയി നിൽക്ക്, ദാ ഇതുകൊണ്ട് നിറച്ചോ ”
ഞാൻ നോക്കുമ്പോൾ കാണുന്നത് cello gripper പേനയുടെ ടോപ്പും കൊണ്ട് നിൽക്കുന്ന ഒരു ചേട്ടനെയാണ്
ഹാവൂ അവനും കൂടെ പണി കിട്ടിയപ്പോ ഒരു സന്തോഷം, എന്നെക്കാൾ വല്യ പണിയാണ് അവനു കിട്ടിയത്
പേനയുടെ ടോപ്പിൽ എന്തൊക്കെ കാണിച്ചാലും വെള്ളം കയറില്ല, മാക്സിമം ഒരു ഡ്രോപ്പ് കയറും അത് വച്ചു എങ്ങനെ ആ കുപ്പി നിറക്കാനാ
കുറച്ചു കഴിഞ്ഞപ്പോൾ ടാസ്ക് മാറ്റി തീപ്പെട്ടി കൊള്ളി കൊണ്ട് റൂം അളക്കാൻ പറഞ്ഞു രണ്ടുപേർക്കും ഓരോ തീപ്പെട്ടി കൊള്ളി വീതം തന്നു
” ഡാ മതി നിർത്തിക്കോ, ”
അരുൻചേട്ടൻ ആയിരുന്നു
” ഇത് വെറുതെ ഒരു രസത്തിനു ആദ്യത്തെ ദിവസത്തെ ആ മടുപ്പു മാറാൻ വേണ്ടി തന്നതാ, ഇനി വേണേൽ നിങ്ങൾ പോയിക്കിടന്നുറങ്ങിക്കോ ”
അതും പറഞ്ഞു അവർ ഞങ്ങളെ റൂമില്ലേക്ക് പറഞ്ഞു വിട്ടു
“എന്താ എല്ലാരേം പരിചയപ്പെട്ടു കഴിഞ്ഞോ ”
PV ആണ്
“ശവത്തിൽ കുത്തല്ലേടാ ”
ഞാനും വിഷ്ണുവും ഒരുമിച്ചു പറഞ്ഞു
” എന്തായാലും വല്യ പണി കിട്ടിയില്ല സമാധാനം ” ഞാൻ എന്റെ സന്തോഷം പുറത്തു കാണിച്ചു
” അവർ പാവങ്ങൾ ആടാ, കോളേജിൽ വച്ചു കണ്ടാലും നല്ല സ്നേഹമാ, ഇത് ചുമ്മാ നമ്മളെ ഒന്ന് സെറ്റ് ആകാൻ വേണ്ടി ചെയ്യുന്നതാ ”
ഇത്രയും നേരം മിണ്ടാതിരുന്ന ആഷിക് സംസാരിച്ചു തുടങ്ങി
” ആ ആണേൽ കൊള്ളാം ”
അന്ന് രാത്രി ഞങ്ങൾ ഒരുപാട് സംസാരിച്ചു, വീട്ടുകാര്യങ്ങളും പഴയ സ്കൂൾ വിശേഷങ്ങളും എല്ലാം
അന്ന് എനിക്കൊരു കാര്യം മനസ്സിലായി നല്ല കൂട്ടുകാരെ കിട്ടാൻ ഒരുപാട് നാളത്തെ പരിചയം ഒന്നും വേണ്ട ഒരു ദിവസം മതി
ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചു ഉറക്കത്തിലേക്കു വഴുതിവീണു
പിറ്റേദിവസം രാവിലെ എഴുന്നേറ്റത് 8 മണിക്കാണ്,
“നാശം താമസിച്ചു അവന്മാർ എല്ലാം ഇപ്പോ കുളിച്ചു റെഡി ആയി നില്പുണ്ടാവും ”
നോക്കുമ്പോ എല്ലാം പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്
” ആഹ് അപ്പൊ ഞാൻ മാത്രമല്ല എല്ലാം കണക്കാ ”
എല്ലാത്തിനേം കുത്തിപ്പൊക്കി കുളിച്ചു റെഡി ആയി ക്യാന്റീനിൽ വന്നപ്പോൾ 8.45,
പെട്ടന്ന് കാപ്പി കുടിച്ചു ക്ലാസ്സിലേക്ക് കേറാൻ നേരത്തു ചുമ്മാ ഇലക്ട്രോണിക്സ് 2nd year ക്ലാസ്സിന്റെ മുന്നിൽ നോക്കി, ഇല്ല അവളെ കാണാനില്ല
” ദൈവമെ ഇനി 3rd year ആണോ ”
“ആര് തേർഡ് ഇയർ ആണോന്നു? ”
ചന്തുവിന്റെ ചോദ്യം കേട്ടപ്പോളാണ് എന്റെ ചിന്ത കുറച്ചു ഉച്ചത്തിലായിരുന്നു എന്ന് എനിക്ക് മനസ്സിലായത്
“ഏയ് ഒന്നൂല്ലാ ”
അവൻ എന്നെ സംശയിച്ചു ഒരു നോട്ടം നോക്കി ക്ലാസ്സിലേക്ക് പോയി
അങ്ങനെ 2hr ബോറൻ ക്ലാസും കഴിഞ്ഞു ഇന്റർവെൽ നു പുറത്തിറങ്ങിയപ്പോ എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവളെ ആയിരുന്നു
എന്തായാലും ഒന്ന് കറങ്ങി നോക്കാൻ തീരുമാനിച്ചു, എവിടെയൊക്കെ നോക്കിയിട്ടും അവളെ മാത്രം കണ്ടില്ല
എന്തായാലും ക്യാന്റീനിൽ പോയിരിക്കാം എന്ന് കരുതി സ്റ്റെപ് ഇറങ്ങുമ്പോൾ അവൾ നേരെ എതിരെ വരുന്നു
” ഇതെവിടെ ആയിരുന്നു ഞാൻ എവിടെയൊക്കെ നോക്കീന്നറിയുമോ ”
“നീ എന്തിനാ എന്നെ നോക്കിയത് ”
ഞാൻ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു കാണിച്ചു
” അതൊക്കെ അവിടെ നിക്കട്ടെ എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ റൂമിലെ ആദ്യരാത്രി ”
“ആദ്യരാത്രിയോ ”
ഞാൻ വെറുതെ ഒരു ചളി അടിച്ചു നോക്കി
” പോടാ പൊട്ടാ ”
“പൊട്ടൻ നിന്റെ അച്… ”
അറിയാതെ അച്ഛന് വിളിക്കാൻ വന്നതാ, അതവൾക്കു മനസ്സിലായി എന്ന് തോന്നുന്നു
“പൊട്ടൻ നിന്റെ? ”
” അല്ല ഞാൻ തന്നെയാ ”
” ഹ്മ്മ്, എനിക്ക് മനസ്സിലായി ഇപ്രാവശ്യത്തേക്കു ക്ഷമിച്ചു ”
ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു
” ആ നീ ഞാൻ ചോദിച്ചതിന് മറുപടി പറ എങ്ങനെ ഉണ്ടായിരുന്നു, നിന്റെ പാവം അരുൺ ചേട്ടൻ എന്തൊക്കെ ചെയ്യിച്ചു ”
” ഏയ് എന്നെ ഒന്നും ചെയ്യിച്ചില്ല, കൂട്ടുകാർക്കൊക്കെ എന്നെ പരിചയപ്പെടുത്തി അത്രേയുള്ളൂ ”
ഞാൻ നൈസായിട്ടു ഒരു നുണ പറഞ്ഞു നോക്കി
” മോനെ അഖിലേ ഞാനും ചോറ് തന്നെയാ തിന്നുന്നെ ”
അവള് അത് എനിക്കിട്ടു തിരിച്ചു വച്ചു
എന്തായാലും ഞാൻ നുണ പറഞ്ഞാൽ അവള് വിശ്വസിക്കൂല്ല, ഞാൻ നടന്നത് മുഴുവൻ പറഞ്ഞു
എല്ലാം കേട്ടതും അവൾ ഒറ്റ ചിരി
അവൾ എന്നെ കളിയാക്കി ചിരിച്ചതാണേലും എനിക്കാ ചിരി അങ്ങിഷ്ടമായി
“നിന്റെ… അല്ല ചേച്ചിടെ ചിരി കാണാൻ നല്ല രസം ”
അതവൾക്കു ഇഷ്ടമായി എന്ന് അവളുടെ മുഖം കണ്ടപ്പോ എനിക്ക് മനസ്സിലായി
” നീ കഷ്ടപ്പെട്ട് ചേച്ചി എന്ന് വിളിക്കണ്ട ലക്ഷ്മി എന്ന് വിളിക്കാം ”
” ശരി ലക്ഷ്മി ”
അവൾ ഒന്ന് ചിരിച്ചു
” ഡാ ഞാൻ പോകുവാ ക്ലാസ്സ് തുടങ്ങാനായി ”
” ശരി അപ്പൊ ഉച്ചക്ക് കാണാം ”
“ഉച്ചക്കോ എന്തിനു ”
അവൾ എന്നെ ഒന്ന് നോക്കി
” അല്ല വെറുതെ സംസാരിക്കാം ”
” എന്ത് സംസാരിക്കാൻ ”
“മ്മ്?? ആഗോളതാപനത്തെ കുറിച്ച് സംസാരിക്കാം ”
ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു
” ശരി ശരി നീ ക്ലാസ്സിൽ പോകാൻ നോക്ക് ”
അതും പറഞ്ഞു അവള് കയറിപ്പോയി
ഇനീപ്പോ ഇവിടെ നിന്നിട്ടെന്താ ഞാനും തിരിച്ചു ക്ലാസ്സിൽ എത്തി
” നീ ഇതെവിടെ ആയിരുന്നു ”
ആഷിക് ആണ്
” ഞാൻ ചുമ്മാ ഒന്ന് കറങ്ങി ”
പിന്നെ അവൻ ഒന്നും ചോദിച്ചില്ല
വീണ്ടും 2മണിക്കൂർ ക്ലാസ്സ് maths ആണ്, +2 കഴിഞ്ഞു വന്നത് കൊണ്ട് വല്യ കഷ്ടപ്പാടില്ല, 10 കഴിഞ്ഞു നേരിട്ട് വന്ന ചില പൈതങ്ങൾ ഉണ്ട് വായും പൊളിച്ചു ഇരിക്കുന്നു
ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയപ്പോൾ വരാന്തയിൽ എങ്ങും അവളെ കണ്ടില്ല, എന്തായാലും കഴിച്ചിട്ട് വന്നിട്ട് തപ്പാം വിശപ്പ് തോന്നിക്കഴിഞ്ഞാൽ ഞാൻ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും
ഞങ്ങൾ ക്യാന്റീനിൽ പോയി കഴിക്കാൻ ഇരുന്നു,
കഴിക്കുന്നതിനിടയിൽ നോക്കിയപ്പോൾ ടീച്ചർ മാരുടെ ടേബിൾ ന്റെ അടുത്തുള്ള ടേബിൾ ൽ ഇരിക്കാൻ കുറച്ചു ആളുകൾ തല്ലു കൂടുന്നു
“ഇതിപ്പോ എന്താ സംഭവം ”
ഞാൻ ഇത് അവന്മാർക്ക് കാണിച്ചു കൊടുത്തു
ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കുറച്ചു ടീച്ചേർസ് അങ്ങോട്ട് കയറി വന്നത്
കാന്റീൻ ഫുൾ നിശബ്ദത, ഞാൻ നോക്കിയപ്പോൾ എല്ലാവരും ഒരേ സ്ഥലത്തേക്ക് നോക്കിയാണ് ഇരിപ്പു
എന്താ സംഭവം എന്നറിയാൻ ഞാനും നോക്കി
ഒന്ന് നോക്കിയത് മാത്രമേ എനിക്ക് ഓര്മയുള്ളു തുറന്ന വാ അടക്കാൻ മറന്നു പോയി
Comments:
No comments!
Please sign up or log in to post a comment!