ശ്രീഭദ്രം ഭാഗം 5

ചെറിയൊരു പാർട്ടാണിത്. ചെറുതെന്നു പറഞ്ഞാൽ വളരെ ചെറുത്. ഈയദ്ധ്യായത്തിൽ എഴുതണമെന്നു ഞാനുദ്ദേശിച്ച ഭാഗംവരെ ഈ പേജുകൾക്കുള്ളിൽ എത്തിയതിനാൽ ഇവിടംകൊണ്ട് നിർത്തിയതാണ്. അടുത്ത പാർട്ട് വൈകാതെ ഇടാം. അപ്പോൾ പേജ് കുറഞ്ഞതിലുള്ള നിങ്ങളുടെ വിഷമം പരിഹരിക്കാമെന്ന് കരുതുന്നു. ഇത്തവണ വളരെയധികം കാത്തിരിപ്പിച്ചില്ലെന്ന വിശ്വാസത്തോടെ ശ്രീഭദ്രത്തിന്റെ അടുത്ത ഭാഗമിതാ…ഞാൻ നിന്നിടത്തുനിന്ന് അനങ്ങാനാവാതെ തറഞ്ഞു നിന്നു. പത്തു തെറിവിളിച്ചാലും തല്ലാൻ മാത്രമവൾക്ക് തോന്നല്ലേ എന്നതായിരുന്നു ആ സമയത്ത് എന്റെ മനസ്സിൽ ആകെയുണ്ടായിരുന്ന പ്രാർത്ഥന. തിരിഞ്ഞു നോക്കാൻപോലുമുള്ള ധൈര്യം ആ സമയത്ത് എനിക്കുണ്ടായിരുന്നില്ലെന്നതാണ് സത്യം. അവളുടെ കാലടികളടുത്തടുത്തു വരുന്തോറും എന്റെ ഹാർട്ട്ബീറ്റ്സും കൂടിക്കൂടി വന്നു. അതിപ്പോഴൊരു ഡ്രമ്മടിക്കുന്നപോലെ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. പേടിച്ചിട്ടാണോന്നറിയില്ല, കണ്ണുകൾ ഇറുക്കിയടച്ചാണ് ഞാൻ നിന്നത്.

ശ്രീഹരീ….

ഇടിവെട്ടുന്നപോലെ തൊട്ടുമുന്നിൽനിന്നവളുടെ സ്വരം കേട്ടാണ് ഞെട്ടി കണ്ണുതുറന്നത്. അവള് പുറകിൽ വന്നുനിന്നു വിളിക്കുമെന്ന് കരുതിയപ്പോൾ ദേ തൊട്ടുമുന്നിൽ. കണ്ണു തുറന്നതെ കണ്ടത് ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ആ മുഖം. തൊട്ടടുത്ത്… നിശ്വാസങ്ങൾ പരസ്പരമടിക്കുന്ന അകലത്തിൽ. ഉള്ളിലെ പേടി മൂലമാകും അറിയാതെ ഒരടി പിന്നിലേക്ക് വെച്ചുപോയി.

ശ്രീഹരീ… എനിക്ക് വെറുതെ കളയാൻ നേരമില്ല. പ്രേമം പ്രണയമെന്നൊക്കെപ്പറയുന്ന ലൂസ്ടോക്കിനോടൊട്ടു താൽപ്പര്യവുമില്ല. സോ വെറുതെ എന്റെ പുറകെ നടക്കരുത്. എനിക്കതിഷ്ടവുമല്ല, എനിക്കതിനൊട്ടു നേരവുമില്ല.

ഒറ്റ വരിയേ പറഞ്ഞൊള്ളു. കൂടുതലൊന്നും ചോദിക്കാനും പറയാനുമില്ലാത്തപോലെയവൾ തിരിഞ്ഞുനടന്നപ്പോളാണ് സത്യത്തിലെന്റെ ശ്വാസമൊന്നു നേരെവീണത്. അവള് തിരിഞ്ഞതും ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ നെഞ്ചിൽ കൈവെച്ചു. ഒരു മഴ ഇടിവെട്ടിപ്പെയ്തടങ്ങിയപോലൊരു ശാന്തത. പുലിപോലെവന്നത് എലിപോലെപോയ സമാധാനം. അടികൊണ്ട്

നാണംകെടാനിടവരാത്തതിലുള്ള സന്തോഷം. അങ്ങനെ എന്തൊക്കയോ ഫീലിംഗായിരുന്നു എനിക്കപ്പോൾ. അവളങ്ങോട്ടു തിരിഞ്ഞതും പൊട്ടിമുളച്ചതുപോലെ ഡിബിനെന്റെ തൊട്ടടുത്തെത്തി. ഇവനിപ്പോ എവിടുന്ന് പൊട്ടിവീണു എന്ന ഭാവത്തിൽ ഞാനവനെ കണ്ണുമിഴിച്ചു നോക്കി. പക്ഷേ ഒന്നുമില്ല എന്ന മട്ടിൽ ഒന്ന് കണ്ണടച്ചു കാണിച്ചിട്ട് അവനവളെ നോക്കിനിന്നു. ഞാനും. ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയാണവൾ.

വേറെയേതു പെണ്ണാണെങ്കിലും മിനിമം മൂന്നാലുവട്ടം തിരിഞ്ഞുനോക്കിയേനെ. ഇല്ലെങ്കിൽ ഏറ്റവും മിനിമം ഒരു വട്ടമെങ്കിലും. ഇതിപ്പോ….

ഇവള് ശെരിക്കും പെണ്ണുതന്നെ…??? അവനെന്റെ ചെവിയിൽ മെല്ലെ ചോദിച്ചു. ഞാനവനെ തുറിച്ചൊന്നു നോക്കി.

അല്ല പറയുന്നത് കേട്ടിട്ട് ഇവള് വേറെയെന്തോ ആണ്. പ്രേമവെന്നോ പ്രണയമെന്നോ പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലാണ്ടാന്നല്ലേ ആ പറഞ്ഞിട്ട് പോയേ…??? അവൻ വീണ്ടും കുശുകുശുത്തു. ഞാനൊന്നും മിണ്ടിയില്ലെങ്കിലും സമ്പൂർണ നിശബ്ദത നിറഞ്ഞുനിന്ന ക്ലാസിൽ ആ സ്വരം ഈർച്ചവാളിന്റെ ശബ്ദം പോലെ കേട്ടു. എന്തോ കുശുകുശുക്കുന്നത് എല്ലാവരും കേട്ടുകാണും. അവളും കേട്ടു. അവള് തല ചെരിച്ചൊന്നു നോക്കുന്നത് കണ്ടതും ഡിബിൻ പെട്ടന്ന് അറ്റൻഷനായി. പക്ഷേ അവള് അവിടെത്തന്നെ തിരിഞ്ഞുനിന്നു.

ഡിബിൻ…. അവളുടെ വിളി. ഡിബിനൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു. എനിക്ക് ചിരിപൊട്ടി. കഴുവേറി… എന്നെ പെടുത്തിയിട്ടു മുങ്ങിയതല്ലേ നീ.. ചെന്നു കേറിക്കൊടെടാ… മുഖത്തുവിരിഞ്ഞ ചിരി മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.

ഡിബിൻ… വൺ മിനിറ്റ്…

കൈകാട്ടി വിളിക്കുന്ന അവളുടെ സ്വരത്തിൽ ചെറിയ മൂർച്ചയേ ഒള്ളു എന്നത് അവന്റെ ഭാഗ്യം. പക്ഷേ അടുത്തേക്ക് പോകാൻ അവനൊരു പേടി. അവനെന്നെയൊന്നു നോക്കി. ചെല്ലെടാ എന്നമട്ടിൽ അവനെയൊന്നു കണ്ണുകാണിച്ചുകൊണ്ട് ഞാനവന്റെ തോളിനിട്ട് എന്റെ തോളുകൊണ്ട് തട്ടിവിട്ടു. എന്നിട്ട് പതുക്കെ വാപൊത്തിച്ചിരിച്ചു. ഇത്തവണ അവളത്കാണുമെന്നുള്ള യാതൊരു പേടിയും എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. എനിക്കുള്ളത് ആദ്യമേ കിട്ടിയല്ലോ.

മാത്രവുമല്ല അവള് അവന്റെ മുഖത്തേക്ക് മാത്രമാണ് നോക്കുന്നത്. പക്ഷേ അവളുടെയടുത്തേക്ക് വേണോ വേണ്ടയോ എന്നമട്ടിൽ അടിവെച്ചടിവെച്ചു സംശയിച്ചു നടക്കുന്നതിനിടയിൽ അവനെന്നെ ദയനീയമായിട്ടൊന്നു പിന്തിരിഞ്ഞുനോക്കി. അക്കൂട്ടത്തിൽ അവളും. അവള് നോക്കിയതും അവനെ കളിയാക്കിച്ചിരിച്ചുകൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അറിയാതെ മാഞ്ഞു. ഒരു വിളറിയ ഭാവം എന്റെ മുഖത്തുനിറഞ്ഞുകാണണം.

പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അവളുവീണ്ടും അവന്റെ മുഖത്തേക്കുതന്നെ നോട്ടം മാറ്റി. ആ നോട്ടം കൂടി കണ്ടതോടെ ഡിബിൻ അത്രനേരം നടന്നതിലും വളരെപ്പതുക്കെ, ചെറുതായി പേടിച്ചിട്ടെന്നപോലെയാണ് അവളുടെ അടുത്തേക്ക് ചെന്നത്. അവള് തല്ലുമോയെന്നപേടി അവനും നന്നായി ഉണ്ടായിരുന്നിരിക്കണം. അവനാണല്ലോ എല്ലാറ്റിലും ചുക്കാൻ പിടിച്ചവൻ. പക്ഷേ എന്നൊടുകാണിച്ച പരിഗണന അവനവൾ കൊടുത്തില്ല എന്നതാണ് സത്യം.
ചെന്നതേ കലിപ്പായിരുന്നു.

ഡിബിൻ… ഐ വാണ്ട് റ്റു ടോക്ക്… !!!

പ… പറഞ്ഞോ…

ഡിബിൻ… എനിക്കൊരു കാര്യമറിയണം…. അതുമാത്രം. ഈയൊരു ഉദ്ദേശംവെച്ചാണോ നീയൊക്കെയെന്നോട് മിണ്ടിക്കൊണ്ടിരുന്നത് .. ???

എ… എന്തുദ്ദേശം ???

ഡിബിനേ… നീചുമ്മാകെടന്നു പൊട്ടൻ കളിക്കരുത്. ഞാൻ ചോദിച്ചതെന്താണെന്നു നിനക്ക് മനസ്സിലായി. ഇല്ലേ… ???

ഭദ്രേ… അല്ല… അതുപിന്നെ…

സേ യെസ് ഓർ നോ … !!! വലംകൈകൊണ്ട് ഡെസ്കിൽ ഒരടിയോടെ അവളൊരു അലർച്ചയായിരുന്നു. ഡിബിനെന്നല്ല ക്ലാസ്സ്‌മുഴുവനും കിടുങ്ങിപ്പോയി. ഞാനും. ഡിബിന്റെ മുഖത്തടിക്കുന്നതിന് പകരമാണ് അവളാ ഡെസ്കിനെ തല്ലിപ്പൊട്ടിക്കാൻ നോക്കിയതെന്ന് എനിക്കുറപ്പായിരുന്നു. അവളുടെ അലർച്ചയും ഡെസ്കിലടിച്ച ശബ്ദവും എല്ലാംകൂടിയായായപ്പോ അവൻ അതെയെന്നുവല്ലോം പറഞ്ഞേക്കുമോ എന്നതായിരുന്നു എന്റെ പേടി. എന്നാൽ എന്റെഫോട്ടോ അന്നുതന്നെ ഷൂസിട്ടു ഫോട്ടോയിൽ കേറുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ അവനൊന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്തത്. പക്ഷേ അതുകണ്ടപ്പോൾ അവൾക്ക് ദേഷ്യമിരട്ടിക്കുകയാണ് ചെയ്തത്. മൗനം സമ്മതമെന്നപോലെയാണ് അവന്റെയാ നില്പിനെ അവളെടുത്തത്. അവളുടെ കണ്ണുകളിൽ തീയാളുന്നതുപോലെ. അവളുടെ മുഖത്തേക്ക് രക്തമിരച്ചുകയറി. ചുണ്ടുകളൊക്കെ വിറയ്ക്കാൻ തുടങ്ങി.

ഒരുവേള അവളവനിട്ടു പൊട്ടിക്കുമോ എന്നുപോലുംഞാൻ ഭയപ്പെട്ടു. പക്ഷേ… പക്ഷേ ഒന്നുമുണ്ടായില്ല. ഇരുകൈകളും ദേഹത്തോട് ചേർത്ത്ചുരുട്ടിപ്പിടിച്ചുകൊണ്ട് ഒരുനിമിഷമവൾ കണ്ണടച്ചു നിന്നു. വിറയ്ക്കുന്ന ചുണ്ടുകളെ പാടുപെട്ട് ചേർത്തുപിടിച്ചു. പല്ലുകൾ കൂടിയിറുമ്മുന്ന സ്വരംകേട്ടിട്ടാണോ എന്തോ അവനെന്നെയൊന്നു ദയനീയമായി നോക്കി. പക്ഷേ നിന്നിടത്തുനിന്ന് അനങ്ങാൻ പോലും വയ്യാത്ത മനോനിലയിലായിരുന്നു ഞാനപ്പോൾ. അവനേക്കാളും ദയനീയമായിട്ടവനെയൊന്നു നോക്കുകയല്ലാതെ മറ്റൊന്നിനുമെനിക്കു കഴിയുമായിരുന്നില്ല. കൂട്ടത്തിൽ ഞാനെന്നാ ചെയ്യാനാടാ എന്നയർത്ഥത്തിൽ അവനെ നോക്കി മുഖംകൊണ്ടൊരാഗ്യവും കാട്ടി. പോടാ പട്ടീ എന്നവൻ പല്ലിറുമ്മിക്കൊണ്ടു പുലമ്പുന്നത് ശബ്ദമില്ലാഞ്ഞിട്ടുകൂടിഞാൻ കേട്ടു.

ഒന്നോ രണ്ടോ മിനിറ്റുകൾ… ആർക്കും ശബ്ദമില്ലാത്ത കുറെ നിമിഷങ്ങൾ. എല്ലാവരും അവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. പെണ്ണിനെയോ തല്ലി, ഇനി ആണുങ്ങൾക്കിട്ടും കൊടുക്കുമോ എന്നതാവും ഞാനും അവനുമൊഴികെ മറ്റെല്ലാവരും നോക്കിയിരുന്നത്. ആ നിശബ്ദതക്കു ശേഷമവള് കണ്ണുതുറന്നത് ഞാനൊരിക്കലും കാണാനാഗ്രഹിക്കാത്തൊരു ഭാവത്തോടെയാണ്.
കണ്ണൊക്കെ ചുവന്നുതുടുത്ത് വല്ലാത്തൊരു ഭാവത്തിൽ. പക്ഷേ അതുകഴിഞ്ഞള്ള സംസാരമാണ് കൂടുതലെന്നെ തകർത്തുകളഞ്ഞത്.

നിങ്ങളും…. നിങ്ങളുമിങ്ങനെയാവുമെന്നു ഞാൻ കരുതിയില്ല… !!!

കണ്ണുതുറന്നതും അവളാദ്യം പറഞ്ഞത് അതായിരുന്നു. പക്ഷേ ആ സ്വരത്തിലപ്പോൾ നിറഞ്ഞുനിന്നതൊരു നിസ്സഹായതയോ നിരാശയോയൊക്കെയായിരുന്നു. എന്റെ നെഞ്ചൊന്നു പൊള്ളി.

ഡിബിനേ… നീയുമവനും… നിങ്ങളോട്… നിങ്ങള്… ഛേ… നിങ്ങളുമെല്ലാ ആണുങ്ങളെയുംപോലെയാണെന്ന് ഞാൻ കരുതിയില്ല.

ഇന്നുവരെ… അറിയാവോ ???… നിനക്കറിയാവോ ???… ഈ കോളേജിൽ വരുന്നവരെ, നിങ്ങളെ കാണുന്നതുവരെ, ഒരാളോടും… ഒരാണുങ്ങളോടും ഞാനിത്രക്ക് ഫ്രീയായിട്ടില്ല. ഇത്രയ്ക്ക് ക്ലോസായിട്ടില്ല.!!! നിനക്കറിയോ ??? നിങ്ങളെ… നിങ്ങളെ ഞാനെങ്ങനെയാ കണ്ടതെന്ന്…. ??? ആ നിങ്ങളും… ???!!!

മിണ്ടാൻ തുടങ്ങി ഒരു മാസംപോലുമായിട്ടില്ല. അതിനുമുമ്പേ… ഛേ… നിങ്ങക്കെങ്ങനെയാ ഡിബിനേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നെ… ??? ഒരു പെണ്ണ് ഒരാണിനോട് മിണ്ടാൻ തൊടങ്ങിയാലുടനെ പ്രേമിക്കാൻ… ??? ങേ…??? നിങ്ങളാണുങ്ങളെന്താ ഡിബിനേ ഇങ്ങനെ ??? നിങ്ങൾക്ക് മാത്രവെന്താ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നെ… ??? ഒരാണിനോട് പെണ്ണു മിണ്ടിയാലുടനെ പ്രേമവാ ??? ഏ ???

അവന് വാ തുറക്കാൻ പോലും സമയംകൊടുക്കാതെ അവള് നിന്നു ചീറുകയായിരുന്നു. പക്ഷേ രോഷത്തോടെയല്ല, മറിച്ച്, സങ്കടമായിരുന്നു അവളുടെ സ്വരത്തിലാകെ നിറഞ്ഞു നിന്നത്. അലറിവിളിച്ചു പറഞ്ഞെങ്കിലും മുഖമാകെ ദേഷ്യമാണെങ്കിലും അതിന്റെയെല്ലാമുള്ളിലൊരു ഹൃദയമുണ്ടായിരുന്നു. പ്രതീക്ഷകൾ പൊട്ടിത്തകർന്നുപോയൊരു മനസ്സുണ്ടായിരുന്നു. അതാ സ്വരത്തിലെനിക്കു കേൾക്കാമായിരുന്നു. കാണാമായിരുന്നു… ഒരു പുസ്തകത്തിലെന്നപോലെ അതെനിക്ക് വായിക്കാമായിരുന്നു.

അവളുടെയോരോ വാക്കുകളും എന്നെയാകെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു. ഞാൻ ചുറ്റുമൊന്നു നോക്കി. എന്റെയതേ അവസ്ഥയിലാണ് ക്ലാസ്സിലെ കുറേപ്പേരും. പലരുടെയും മുഖത്ത് അന്നാദ്യമായി അവളെയോർത്തൊരു സഹതാപം ഞാൻ കണ്ടു. ചിലരുടെ മുഖത്ത് ഓ പിന്നേ എന്ന മട്ടും. പക്ഷേ അതൊന്നുമവള് ശ്രദ്ധിക്കുന്നില്ലായിരുന്നു. പറയാനുള്ളതുമുഴുവൻ… തന്റെയുള്ളിലെ സങ്കടവും ദേഷ്യവുമെല്ലാം പറഞ്ഞു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു അവൾ. അറിയാതെയൊലിച്ചുവന്ന കണ്ണീർ ഇടംകൈകൊണ്ടൊന്നു തുടച്ചിട്ട് അവളവളുടെ അവസാന വരിയിലേക്കെത്തി.

ഡിബിനെ… നിങ്ങളെല്ലാം കരുതുമ്പോലെ ഒരാണിനോട് ഒരു പെണ്ണൊന്നു മിണ്ടിയാൽ… അവളൊന്നടുത്തിടപഴകിയാൽ അതിനർത്ഥം, അവൾക്കവനോട് പ്രേമമാണെന്നല്ല, മറിച്ച്, അവളവനെ വിശ്വസിക്കുന്നു എന്നതാണ്.
!!! തന്റെയൊരു നല്ല സുഹൃത്തായി… ഒരു സഹോദരനായി…. അല്ലെങ്കിൽ തന്നെയേറെ കെയർ ചെയ്യുന്ന ഒരച്ഛന്റെ സ്ഥാനത്തൊക്കെ കാണുന്നുവെന്നു മാത്രവാണ്. അല്ലാതെ നിങ്ങള് വിചാരിക്കുന്നത്പോലെയത് പ്രേമമല്ല … !!!

ഒരുതരം വല്ലാത്ത ഭാവത്തിൽ, സങ്കടവും ദേഷ്യവുമെല്ലാം കൂടിക്കുഴഞ്ഞ ഭാവത്തിൽ അവളത് പറഞ്ഞു നിർത്തി. എന്നിട്ടെന്നെയൊന്നു നോക്കി. പറഞ്ഞത് അവനെ നോക്കിയായിരുന്നെങ്കിലും അതെന്നോടായിരുന്നുവെന്നു മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിയൊന്നുമെനിക്കാവശ്യമില്ലായിരുന്നു.

നോ…. !!!

അവനെന്തെങ്കിലും മറുപടിയായി പറയാൻ കഴിയുന്നതിന് മുന്നേ, ആർക്കുമൊന്നും ചിന്തിക്കാൻപോലും കഴിയുന്നതിനുമുമ്പേ എവിടുന്നോവന്ന ധൈര്യത്തിന് ഞാൻ പെട്ടന്ന് അലറിവിളിച്ചിരുന്നു. അവൻ മാത്രമല്ല അവളും അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ക്ലാസ് മുഴുവനും ഞെട്ടി. എല്ലാവരുമെന്റെ നേർക്കമ്പരപ്പോടെ നോക്കി. ആദ്യമായി എന്റെ സ്വരമുയർന്നു കേട്ടതിന്റെ ഞെട്ടലും ആശ്ചര്യവുമെല്ലാം എല്ലാവരിലുമുണ്ടായിരുന്നു.

എനിക്കുനിന്നോട് ഇന്നുമിന്നലെയും തുടങ്ങിയ ഇഷ്ടമല്ല ഭദ്രേ… !!!

ഞാൻ വേഗത്തിൽ അവൾക്കരികിലേക്ക് നടന്നടുക്കവേ വിളിച്ചു പറഞ്ഞു. അവളെന്നെ തുറിച്ചു നോക്കിയാണ് നിന്നിരുന്നതെങ്കിലും അതൊന്നുമപ്പോഴെന്നെ തെല്ലും ഭയപ്പെടുത്തിയില്ല. എങ്ങുനിന്നോ വന്നൊരു വന്യമായ ധൈര്യം എന്നിലാകെ നിറഞ്ഞിരുന്നു.

എനിക്ക്… എനിക്കുനിന്നോടുള്ളയിഷ്ടം… അതെങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കണമെന്നെനിക്കറിയില്ല പെണ്ണേ… ഒരുതരം… ഒരുതരം ഭ്രാന്താണെനിക്കു നീ. നീയ്… നീ വിചാരിക്കുന്നപോലെ നിന്നോട് മിണ്ടാൻ തുടങ്ങീപ്പോ തൊടങ്ങിയ ഇഷ്ടമല്ലത്. നിന്നെയാദ്യം കണ്ടമുതല്… നിന്നെ ആദ്യമായിട്ട് കണ്ട ആ നിമിഷംമുതലേ തൊടങ്ങിയ ഇഷ്ടവാ അത്. ആരോടും… എന്തിന് കൂടെനടന്ന ഇവനോടുപോലും പറയാതെ, ഉള്ളിന്റെയുള്ളിൽ ഞാൻ സൂക്ഷിച്ചയിഷ്ടം. !!! എന്നെ കോളേജിലുവരാൻപോലും പ്രേരിപ്പിച്ചോണ്ടിരുന്ന ഇഷ്ടം. നിന്നെ… നിന്നെയോർത്തു മാത്രവാ ഞാനെന്നും മുടങ്ങാതെ കോളേജില് വന്നോണ്ടിരുന്നെ… !!!

എനിക്കെങ്ങനെ പറയാനാണോ തോന്നുന്നത്…., അതുഞാൻ അങ്ങനെതന്നെ പറയുവാ… നീ വിശ്വസിച്ചാലുംശെരി ഇല്ലെങ്കിലുംശെരി എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാ… അതെങ്ങനെനിന്നെ പറഞ്ഞു മനസ്സിലാക്കണമെന്നെനിക്കറിയത്തില്ല. ആദ്യവായിട്ടാ ഞാനൊരാളോട് ഇഷ്ടമാണെന്ന് പറയുന്നേ. അതുകൊണ്ടാ… !!!

അവളെന്നെ തുറിച്ചുനോക്കിനിന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. പക്ഷേ ഇത്തവണ വല്ലാത്തൊരു ശാന്തതയായിരുന്നു അവളുടെ മുഖത്ത്. പക്ഷേ അവനാവട്ടെ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ചെയ്തത്. അവനെന്റെ കയ്യിൽ പിടിച്ചു വലിക്കുകയും തട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ എനിക്കെല്ലാം ആ നിമിഷംതന്നെയവളോട് പറഞ്ഞു തീർക്കണമായിരുന്നു. അവന്റെ കൈകളെ തോളുകൊണ്ട് തട്ടിക്കൊണ്ട് ഞാനവളുടെ മുഖത്തുനിന്നു കണ്ണുപറിക്കാതെ നിന്നു. ആദ്യമായിട്ടാണ് ധൈര്യത്തോടെ അവളുടെ മുഖത്തുനോക്കിനിന്ന് ഞാനെന്തെങ്കിലുമൊക്കെ പറയുന്നതും.

ഭദ്രേ… നിന്നോട് മിണ്ടാനെനിക്കു പേടിയാരുന്നു. നീയെന്തേലും പറയുവോന്ന്… അതുകൊണ്ടാ ഞാനൊന്നും നിന്നോട് പറയാണ്ടിരുന്നെ. അല്ലെങ്കി പണ്ടേതന്നെ പറഞ്ഞേനെ. നീയെന്നെയന്നു തല്ലിയില്ലേ… അയിന്റെപിറ്റേന്ന് ഞാനൊന്നറിയാണ്ടിവനോട് നിന്റെകാര്യം പറഞ്ഞുപോയി. അങ്ങനെയാ ഇവനിത് അറിഞ്ഞേ. അല്ലെങ്കി അറിയുവേലാരുന്നു. ആരുവറിയില്ലാരുന്നു. നിന്നോട് പറയാനിവനെന്നെ നിർബന്ധിച്ചു. എനിക്ക് പേടിയാന്നു പറഞ്ഞപ്പഴാ ഇവൻ നിന്നോടാദ്യം മിണ്ടാമെന്നെന്നോട് പറഞ്ഞേ. അങ്ങനെയാ നിന്നോട് വന്നു മിണ്ടാൻ തുടങ്ങിയെ… അല്ലാതെ….

അത് പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ലോകത്തിൽ മറ്റെന്തിനേക്കാളും പരിശുദ്ധമായി ഞാൻ കാണുന്ന എൻ്റെയിഷ്ടം… മറ്റാരോടും തോന്നാത്ത അവളോടുള്ള എന്റെയടങ്ങാത്ത സ്നേഹം… അത്… അതൊരുനിമിഷംകൊണ്ടുണ്ടായ വെറും നേരംപോക്കാണെന്നവൾ കരുതിയിരിക്കുന്നു. കണ്ണ് നിറയുന്നതോടൊപ്പം മനസ്സിനും ഒരു നോവ്. പക്ഷേ കൈകെട്ടിയെന്നെത്തന്നെ നോക്കിനിന്നതല്ലാതെ മറുപടിയൊന്നുമവള്

പറഞ്ഞില്ല. ആ മുഖത്തിപ്പോൾ ദേഷ്യമല്ല, സങ്കടമല്ല, സന്തോഷവുമല്ല മറ്റെന്തോ… ഒരുതരം നിസ്സംഗഭാവം. അതാണെന്നെ കൂടുതൽ കുഴക്കിയതും. അവളുടെ മനസ്സിലെന്താണെന്നു മനസ്സിലാകാതെ ഞാനും നിന്നു. കുറേനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവളുതന്നെ മനസ്സുതുറന്നു.

ശെരി. എല്ലാം സമ്മതിച്ചു. പറ… എന്താണ് നീയെന്നോട് പറഞ്ഞ ആ ഇഷ്ടം ??? എന്നുവെച്ചാൽ എന്തുമാതിരി ഇഷ്ടമാണ് നിനക്കെന്നോടെന്ന് ???

ഏ… ??? പ്രണയം തുറന്നുപറയുമ്പോ ലോകത്തിലൊരു കാമുകനും ഇന്നേവരെ കേട്ടിട്ടില്ലാത്ത മറുചോദ്യം കേട്ടപ്പോൾ ഞാനൊന്നു പകച്ചു. നിറഞ്ഞ കണ്ണുകളിലൂടെ നോക്കുമ്പോ അവളെന്തൊ വിചിത്ര ജീവിയെപ്പോലെ. !!! ഒന്നും മനസ്സിലാവാതെ ഞാനവളെ വായുമ്പൊളിച്ചു നോക്കി.

എന്നുവെച്ചാൽ എന്റെ ശരീരം കണ്ടിട്ടുള്ള കാമമാണോ അതോ…

ഏയ് അതൊന്നുവല്ല. (അവള് പറഞ്ഞു തീരുന്നതിന് മുന്നേ കണ്ണുംതുടച്ചുകൊണ്ട് ഞാനിടയ്ക്കുകയറി പെട്ടന്നുപറഞ്ഞു).

പിന്നെ… ??? പിന്നെയെന്തു കണ്ടിട്ടാണ് നീയെന്നെ ഇഷ്ടമാണെന്ന് പറയുന്നത് ???

അ…. അങ്ങനെ ചോദിച്ചാ… അ…

എന്തുപറയണമെറിയാതെ ഞാൻ നിന്നു വിക്കി. ലോകത്തൊരു കാമുകനും ഇമ്മാതിരി പണി കിട്ടിയിട്ടുണ്ടാവില്ല. സൗന്ദര്യമെന്നു പറഞ്ഞാൽ അത് സ്നേഹമല്ലല്ലോ കാമമല്ലേ എന്നവള് ചോദിക്കും. മനസ്സെന്നു പറഞ്ഞാൽ എന്റെ മനസ്സ് നിനക്കെങ്ങനെയറിയാമെന്നു ചോദ്യം വരും. മിണ്ടല്ലേടാ… മിണ്ടിയാൽ പെടുമെന്നവൻ അവളുടെ പിന്നിൽനിന്ന് ആഗ്യം കാണിച്ചു പറഞ്ഞു. എന്റെ നേർക്ക്, എന്റെ കണ്ണിലേക്കുതന്നെ നോക്കിനിന്നതിനാൽ അവളത് കണ്ടില്ല. പെട്ടന്ന് ചോദിച്ചപ്പോളൊന്ന് പരുങ്ങിയെങ്കിലും എനിക്കുത്തരമുണ്ടായിരുന്നു. എനിക്കവളോടുള്ള ഇഷ്ടം…. അതെന്തു കണ്ടിട്ടാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാനവളുടെ മുഖത്തേക്ക്, അവളുടെ കണ്ണിലേക്കുതന്നെ നോക്കി. മെല്ലെയൊന്നു ചിരിച്ചു. കണ്ണീരൊക്കെ മറന്നുകൊണ്ടുള്ള ചിരി. എന്നിട്ടു മെല്ലെ പറഞ്ഞു.

നിന്റെ ദേഷ്യം കണ്ടിട്ട്… !!!

ങേ…. ??? ആ ചോദ്യം അവളോടൊപ്പം ക്ലാസ് മുഴുവനും ചോദിച്ചു. ഡിബിനുൾപ്പടെ. അവളുൾപ്പടെ എല്ലാവരുടെയും കണ്ണുതള്ളിയിരുന്നു.

ഞാൻ നിന്നെയിഷ്ടപ്പെട്ടത് നിന്റെ ദേഷ്യം കണ്ടിട്ടാണെന്ന്. !!! നിന്റെയീ ഭദ്രകാളിയുടെ സ്വഭാവമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന്… !!!

യൂ…

ചെറുചിരിയോടെ, വെല്ലുവിളിക്കുമ്പോലെയുള്ള എന്റെ മറുപടിക്ക് മറുപടി പറയാൻ വിരലുംചൂണ്ടിവന്ന ഭദ്ര പെട്ടെന്നത് വിഴുങ്ങി. യൂ എന്ന വാക്ക് പറഞ്ഞപ്പോഴേക്കും മയക്കുമരുന്ന് കുത്തിവെച്ചപോലെ, എന്റെ നേർക്കു ചൂണ്ടിയ വിരൽ വളഞ്ഞുപോകുന്നത് ഞാനൊരു ചിരിയോടെ കണ്ടു. ആ മറുപടിക്ക് മറുചോദ്യം ചോദിക്കാനവൾക്ക് കഴിയില്ലെന്ന് മറ്റാരേക്കാളും തന്നായി എനിക്കറിയാമായിരുന്നു.

പറയാൻ വന്നത് വേണ്ടാന്നുവെച്ചുകൊണ്ട് നിലംചെവിട്ടിപ്പൊളിക്കാനെന്നപോലെ ചവിട്ടിത്തുള്ളി ഭദ്ര തിരിഞ്ഞുനടന്നപ്പോൾ എന്റെയുള്ളിലൊരു വിജയച്ചിരിയാണ് വിരിഞ്ഞതെങ്കിൽ അടികിട്ടാത്തതിന്റെ ആശ്വാസമായിരുന്നു ഡിബിന്റെ മുഖത്തു തെളിഞ്ഞത്.

നീയെന്തു വർത്താനവാടാ പറഞ്ഞത് ??? അവൾടെ ദേഷ്യവാണ് ഇഷ്ടമെന്നോ ??? വേറൊന്നും പറയാൻ കിട്ടിയില്ലേടാ നിനക്ക് ??? വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോടാ ??? അവന് പറയാൻ പറ്റിയ കാരണം…

അവള് അടുത്തൂന്നു നീങ്ങിയതും ഡിബിൻ അടുത്തെത്തിയെന്നോട് തട്ടിക്കയറി. ഞാനവളെ കളിയാക്കിയതാണെന്നവനും ചിന്തിച്ചു കാണും. പാവം. ഞാനവന്റെ മുഖത്തേക്ക് നോക്കി. ഒന്നുചിരിച്ചു. എനിക്കെങ്ങനെയാ അങ്ങനെ ചിരിക്കാൻ സാധിക്കുന്നതെന്ന് എനിക്കുമറിയില്ലായിരുന്നു. പക്ഷേ എനിക്കപ്പോൾ മനസ്സിൽനിന്നൊരു ഭാരമിറങ്ങിപ്പോയ സമാധാനമായിരുന്നു. ഒരു തൂവലായി അന്തരീക്ഷത്തിലൂടെ കഴുകി നടക്കുന്നതുപോലൊരു ഫീല്. സ്വയംമറന്നപോലെ വല്ലാത്തൊരു സന്തോഷം.

ഞാൻ പറഞ്ഞത് സത്യവാടാ… എനിക്കവളിൽ ഏറ്റവുമിഷ്ടം അവൾടെയാ ദേഷ്യവാ… അവളെന്തോരംകൂടുതല് ദേഷ്യപ്പെടുന്നോ എനിക്കത്രേംകോടെയിഷ്ടംകൂടുവാ.. അവള് കൊറേനേരം മിണ്ടാതിരുന്നപ്പോ… അവളാ തളർന്നിരുന്നപ്പോ എനിക്കെന്റെ ചങ്കു പറിയുന്നപോലാരുന്നെടാ…. അവൾക്കാ ദേഷ്യവല്ലേടാ ചേരൂ… അവളിങ്ങനെ പൊട്ടിത്തെറിച്ചു നടക്കുന്നതെല്ലേ നല്ലത് ??? നോക്കിക്കേ… ഇതല്ലേ… ഇങ്ങനെ നടക്കുന്നതെല്ലേ നമ്മടെ ഒറിജിനൽ ഭദ്ര ???

ഇത് ചില്ലറ വട്ടല്ല… !!! മുഴുത്ത പ്രാന്താ…

പിറുപിറുത്തുകൊണ്ട്‌ അവനും നടന്നുപോകുന്ന അവളെ എന്നോടൊപ്പം നോക്കിനിന്നു. പെട്ടന്നവളൊന്നു തിരിഞ്ഞുനോക്കിയപ്പോഴാണ് ഞങ്ങള് സ്ഥലകാലബോധമില്ലാതെ സാമാന്യം ഉച്ചത്തിലാണ് പറഞ്ഞോണ്ടിരുന്നതെന്ന് മനസ്സിലായത്. അവള് നോക്കുന്നതുകണ്ടതേ ഡിബിനുണ്ടായ ഞെട്ടല്. അവൻ ചെറിയൊരു പേടിയോടെ എന്റെ കയ്യിൽക്കേറി പിടിച്ചു. ഏതുനേരത്താ ഭദ്രകാളിക്ക് ഭ്രാന്തുകേറുകാന്നറിയില്ലാലോ. അതുകൊണ്ടാവാം. പക്ഷേ എന്റെ മുഖത്തപ്പോഴും ചിരിയായിരുന്നു. കളങ്കമില്ലാത്ത ചിരി. തിരിഞ്ഞുനോക്കിയ അവളുടെ മുഖത്തൊരു സഹതാപവും. സ്വന്തം ഇരിപ്പിടത്തിലേക്ക് പോയിരുന്നിട്ടും വന്യമായൊരു സഹതാപഭാവത്തിൽ അവളെന്നെ നോക്കിക്കൊണ്ടിരുന്നു. !!!

(തുടരും…)

നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

ഹൃദയപൂർവ്വം

ജോ

Comments:

No comments!

Please sign up or log in to post a comment!