മഴനീർത്തുള്ളികൾ
ലോക്ക് ഡൗൺ കാരണം വീട്ടിലിരുന്ന് മടുത്ത് പച്ചക്കറി നടാൻ ഇറങ്ങിയ സമയത്ത് വീട്ടിൽ നിന്നും ഒരു ശബ്ദം, ഏതോ ഒരു പാട്ടല്ലേ അത് .?ഏതോ പാട്ടല്ല , ഒരു കാലത്ത് എന്റെ എല്ലാം എല്ലാമായിരുന്ന ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്….. ജീനയുടെ വരികൾ ……!
ഓടിക്കിതച്ച് പാട്ട് കേട്ട റൂമിലേക്കെത്തിയപ്പോൾ അവിടെയതാ എന്റെ പഴയ ഡയറിയും പിടിച്ചിരിക്കുന്നു അമ്മു…..
എന്റെ കിതപ്പ് കണ്ടതും അവൾ വേഗം കുറച്ചു വെള്ളമെടുത്ത് തന്നു…..
“എന്ത് പറ്റി ശ്രീയേട്ടാ ?”
ഒന്നുമില്ല അമ്മു, നീയെന്തിനാ ഇതൊക്കെ എടുക്കാൻ പോയത്…?
ഞാനീ ഷെൽഫ് വൃത്തിയാക്കിയപ്പോ കിട്ടിയതാ
ഏട്ടാ…..
“മ്മ്മ്മ്, എന്നാൽ അതവിടെ വെച്ചേക്ക്. ”
“ആഹ് ശ്രീയേട്ടാ, പിന്നെ ഏട്ടനെഴുതിയതാണോ ഈ പാട്ട്? നന്നായിട്ടുണ്ട്. ”
അല്ല അതെന്റെ ഒരു കൂട്ടുകാരി എഴുതിയതാണ്…
“മ്മ്മ്,ഏട്ടൻ വാ നമുക്ക് ഭക്ഷണം കഴിക്കാം.”
നീ എടുത്ത് വെക്ക് ഞാനിപ്പോ വരാം.
“പെട്ടന്ന് വരണേ, നല്ല വിശപ്പ്. ”
“ശരി”
അവളാ മുറിയിൽ നിന്നും പുറത്തിറങ്ങിയതും ഞാനാ കതക് വലിച്ചടച്ചു, അത് വരെ ഞാൻ പിടിച്ചു വെച്ചിരുന്ന കണ്ണീർ ധാര ധാരയായി കവിളിൽ പതിക്കാൻ തുടങ്ങി….
ശ്രീയേട്ടാ, പെട്ടെന്ന് വാ ഇത് തണുത്ത് പോകും…
അവളുടെ വിളി കേട്ടതും ഞാൻ കണ്ണുകൾ തുടച്ച് താഴേക്കിറങ്ങി ചെന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു….
അവളാ ഡയറി മുഴുവൻ വായിച്ചു കാണുമോയെന്ന ഭയമെന്നെ വേട്ടയാടി
തുടങ്ങി… ഇല്ല അവളുടെ പെരുമാറ്റം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല… അതിനുള്ള സമയവും കിട്ടിയിട്ടില്ല… ചെറിയൊരു ആശ്വാസത്തോടെ ഞാൻ ഭക്ഷണം കഴിച്ചു തുടങ്ങി….
“ശ്രീയേട്ടാ, ജീനയെ അത്രക്ക് ഇഷ്ടമായിരുന്നോ? ”
പെട്ടന്നുള്ള അവളുടെയാ ചോദ്യത്തിൽ ഞാൻ പകച്ചു പോയി….
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു….
“ശ്രീയേട്ടാ, മൂന്ന് വർഷമായി നമ്മുടെ കല്യാണം കഴിഞ്ഞിട്ട്, എന്നിട്ട് ഇത് വരെ ജീനയെ പറ്റി എന്നോടൊന്നും പറഞ്ഞില്ലല്ലോ? ”
അമ്മു, അത് പിന്നെ,
വാക്കുകൾക്കായി ഞാൻ കിടന്ന് പരുങ്ങി…
“ആ പോട്ടെ ശ്രീയേട്ടാ, ഏട്ടൻ പറഞ്ഞില്ലെങ്കിലും ഞാൻ എല്ലാം അറിഞ്ഞിരുന്നു, ഏട്ടന് ജീനയെന്ന പെൺകുട്ടിയെ ഇഷ്ടമായിരുന്നെന്നും വീട്ടുകാരുടെ എതിർപ്പ് കാരണമാണ് ഏട്ടൻ ഞാനുമായുള്ള കല്യാണത്തിന് സമ്മതിച്ചതുമെന്നൊക്കെ.”
ഞാൻ വളരെ അതിശയത്തോടെ അവളെ തന്നെ
നോക്കിയിരുന്നു……
എല്ലാം അവൾക്കറിയാം, ഞാൻ പറയാതെ തന്നെ….
കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമായി, വലുതും ചെറുതുമായ ഒരുപാട് പിണക്കങ്ങൾ ഞങ്ങൾ തമ്മിലുണ്ടായി…. ഇന്നേ വരെ അവളീ കാര്യം പറഞ്ഞെന്നെ കുത്തി നോവിച്ചിട്ടില്ല…….
ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ…..? ഞാൻ കണ്ട പെണ്ണുങ്ങൾ അതികവും ജയിക്കാൻ വേണ്ടി പഴങ്കതകളും, നമ്മളിൽ നിന്നുമുള്ള ചെറിയ തെറ്റുകളും പറഞ്ഞു വീർപ്പിച്ച് നമ്മളെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുന്നവരാണ്….. ജീന പോലും അങ്ങനെയായിരുന്നു……..
അമ്മു ഞാൻ നിന്നോട് എല്ലാം പറയണമെന്ന് വെച്ചതായിരുന്നു…… പക്ഷേ മറ്റൊരാൾക്ക് പകരക്കാരിയാണ് നീയെന്നൊരു തോന്നൽ വന്നാലോയെന്ന് വെച്ചാണ് ഞാൻ പറയാതിരുന്നത്……
അയ്യേ, ഈ ഏട്ടന്റെ ഒരു കാര്യം.. അത്ര പൊട്ടി പെണ്ണൊന്നുമല്ല ഈ അമ്മുവെന്ന് ഇത് വരെ മനസ്സിലായിട്ടില്ലേ…?, അതൊക്കെ അതിന്റെ രീതിക്കെ ഞാനെടുക്കൂ….. പരസ്പര വിശ്വാസം അത് തകർക്കപെടാൻ ഉള്ളതല്ല ഏട്ടാ,…. എന്തും അവനോട് തുറന്ന് പറയാം എന്നത് ഒരു പെണ്ണിന് ആണിലുള്ള വിശ്വാസം… താൻ എന്ത് ചെയ്താലും അവൾ തന്നെ മനസിലാക്കും എന്നതാണ് ഒരാണിന് പെണ്ണിലുള്ള വിശ്വാസം…. പരസ്പരം മനസിലാക്കി ജീവിച്ചാൽ, ജീവിതം അതിലും കളർ ആവാൻ ഇല്ല…
“മ്മ്, നിന്നെ മനസ്സിലാക്കാൻ വൈകി പോയെടീ, നീ ക്ഷമിക്ക്…. ”
“ക്ഷമിക്കാം, പക്ഷേ എനിക്ക് അവളെയൊന്ന് കാണണം… എന്റെ ശ്രീയേട്ടനെ അത്രക്ക് മയക്കിയ ആ സുന്ദരിയെ.”
“ആ ഡയറിയിലുണ്ട് ഫോട്ടോ, നീ കണ്ടില്ലേ?. ”
“ഫോട്ടോ ഞാൻ കണ്ടു, പക്ഷേ എനിക്കവളെ നേരിട്ടൊന്ന് കാണണം..”
“അമ്മു , അത് നടക്കില്ല. ”
“നടന്നില്ലെങ്കിൽ ഞാൻ ക്ഷമിക്കില്ല, ഇത്രയും കാലം ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ…? വേറൊന്നിനുമല്ല, ഈ വരികളൊന്ന് അവൾ പാടി കേൾക്കാൻ വേണ്ടി മാത്രം…”
“അത് എന്റെ ഫോണിലുണ്ട് അത് കേട്ടാൽ പോരെ…?”
“അതൊക്കെ ഞാൻ കുറേ കേട്ടതാ.”
“ഏഹ്, എങ്ങനെ? എപ്പോ? ”
“രാത്രി അതും കേട്ടല്ലേ ഉറങ്ങാൻ കിടക്കുന്നത് , ഹെഡ്സെറ്റും വെച്ച് ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഭൂകമ്പം ഉണ്ടായാലും ഏട്ടൻ അറിയില്ലല്ലോ,ഉറക്കം വരാതെ കിടക്കുമ്പോൾ ഏട്ടൻ ഉറങ്ങി കഴിഞ്ഞാൽ ഞാനും ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്…”
“അതിന് നിനക്കെന്റെ ഫോണിന്റെ പാസ്സ്വേർഡ് അറിയുമോ? ”
“പിന്നെ നിങ്ങളെ എല്ലാ കാര്യങ്ങളും അറിയുന്ന എനിക്കാണോ പാസ്സ്വേർഡ് അറിയാൻ ഇത്ര പണി…….”
ചിരിച്ചു കൊണ്ട് അതും പറഞ്ഞവൾ എണീറ്റ് അടുക്കളയിലേക്ക് നടന്നു… പോകുന്ന വഴി തിരിഞ്ഞെന്നെയൊന്ന് നോക്കി….
“അപ്പോ ഏട്ടാ മറക്കണ്ട എനിക്ക് ജീനയെ കാണണം, എന്നാണ് ഒഴിവെന്ന് ജീനയോട് അന്വേഷിച്ചു നോക്ക്, ആ പാട്ടൊന്ന് ജീന പാടുന്നത് എനിക്ക് നേരിട്ട് കേൾക്കണം…..
ഒന്നില്ലേൽ ഞാൻ അവരുടെയൊരു ആരാധികയല്ലേ.?
ഇതും പറഞ്ഞവൾ അടുക്കളയിലേക്ക് കയറി……
ഇവളെന്നും എനിക്കൊരു അത്ഭുതമായിരുന്നു ,
ചെറിയ ചില കുരുത്തക്കേടുകളൊക്കെ ഒപ്പിക്കുമെങ്കിലും ആള് പാവമാണ്……………….. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു കൊച്ചു കാന്താരി…. തനിക്കുചുറ്റുമുള്ളതിനെ എപ്പോഴും സന്തോഷിപ്പിക്കുന്ന എല്ലാവരുടേം കണ്ണിലുണ്ണി …..
കയറി വന്ന ദിവസം തന്നെ എന്റെ അമ്മയിൽ
അവൾക്ക് ഒരുപാട് സന്തോഷമാകും , അവളെന്നും പറയാറുണ്ടായിരുന്നു ഞാൻ കൂടെയില്ലെങ്കിലും നീ സന്തോഷമായിട്ട് ജീവിക്കുന്നത് കണ്ടാൽ മതിയെന്ന്…..
പിന്നീടുള്ള എല്ലാ ദിവസങ്ങളിലും രാത്രി ഉറങ്ങാൻ നേരം അവളെന്റെ ഹെഡ്സെറ്റിന്റെ ഒരു ഭാഗം അവളുടെ ചെവിയിലാക്കി….
ആ പാട്ടും കേട്ട് ഞാനും അവളും ഉറക്കത്തിലേക്ക് വഴുതി വീഴും. കുറേ ഞാൻ ആലോചിച്ചിട്ടുണ്ട്, ഇവളല്ലാതെ വേറെ ഏതേലും പെണ്ണാണേൽ ആ ഫോണും എന്നെയും തല്ലി പൊളിച്ചേനെ…
സ്വന്തം ഭർത്താവിന് പണ്ട് കാമുകി എഴുതി പാടി കൊടുത്ത പാട്ടും കേട്ട് ഉറങ്ങുന്ന ലോകത്തിലെ ആദ്യ പെണ്ണ് അതിവളാകും, എന്റെ അമ്മു…
അമ്മു ആകെ ഭദ്രകാളിയാകുന്നത് അവൾക്ക് വാങ്ങിച്ചു കൊടുക്കുന്ന ചോക്ലേറ്റിൽ തൊടുമ്പോഴാണ്…..
എന്റെ ചേച്ചിയുടെ മോളും, ഇവളും ആ കാര്യത്തിൽ എന്നും അടിയാണ്.. വഴക്ക് കണ്ടാൽ തോന്നും രണ്ടിലൊന്നേ ബാക്കി കാണൂവെന്ന്….
എന്നാൽ, കുറച്ചു കഴിഞ്ഞാൽ കാണാം രണ്ടും കൂടി നല്ല കൂട്ടായിരുന്ന് ചോക്ലേറ്റ് കഴിക്കുന്നത്…
ചേച്ചിയുടെ മോൾടെ പ്രായം പന്ത്രണ്ട്, ഇവളുടെ പ്രായം ഇരുപത്താറ്, പറഞ്ഞു വരുമ്പോൾ അവളുടെ അമ്മായിയായി വരും ഇവൾ. എന്നാൽ അവര് രണ്ടും കൂട്ടുകാരികളെ പോലെയാണ്….
അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അമ്മു അങ്ങോട്ട് ഓടി വന്നത്, അവളുടെ മുഖത്തെ സന്തോഷവും ചിരിയുമൊക്കെ കണ്ടപ്പോൾ ഞാനൊന്ന് കൊതിച്ചു , പക്ഷേ അവളെല്ലാം നശിപ്പിച്ചു….
“ഏട്ടാ വാർത്ത കണ്ടോ..?”
“ഏഹ്, ഇല്ല ”
“ഓഹ് മനുഷ്യാ, മറ്റന്നാൾ ലോക്ക് ഡൗൺ പിൻവലിക്കുന്നെന്ന്. ”
“അതാണോ ഞാൻ വിചാരിച്ചു….”
“ഒന്നും വിചാരിക്കണ്ട, മറ്റന്നാൾ ലോക്ക് ഡൗൺ തീരും, എന്നാണ് ജീനയെ കാണാൻ പോവാ….? ഏട്ടൻ വിളിച്ചു നോക്കിയോ….?
അതാണോ കാര്യം…? ഭർത്താവിന്റെ മുൻ കാമുകിയെ കാണാൻ അവസരമൊരുക്കുന്ന ഭാര്യ, “ഒന്ന് പോയെടീ ”
“ഏട്ടാ കളിക്കല്ലേ ഞാനന്ന് പറഞ്ഞതല്ലേ, ഏട്ടന്റെ ഭാര്യയായിട്ടല്ല, അവരുടെ ശബ്ദത്തിന്റെ ഒരു ആരാധികയായിട്ടാണ് ഞാൻ വരുന്നത്… ”
“ആഹ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ… നീ വിഷമിക്കല്ലേ, നമുക്ക് മറ്റന്നാൾ തന്നെ പോകാം.
“ഏട്ടാ സത്യമായിട്ടും… ”
അതെടീ, ഇനിയിപ്പോ നീയൊരു ആഗ്രഹം പറഞ്ഞിട്ട് ഞാൻ സാധിച്ചു തന്നില്ലെന്ന് വേണ്ട, മറ്റന്നാൾ രാവിലെ നമ്മൾ പോകും… പോരെ…?
“ഓഹ്, ജാഡ ഇട്ട് ഇരുന്നതായിരുന്നല്ലേ കൊച്ചു കള്ളാ , മറ്റന്നാൾ പോവാമെന്ന് പറഞ്ഞപ്പോ എന്താ ഒരു ശുഷ്കാന്തി… ”
“ഇപ്പോ അങ്ങനെയായി, നിന്റെ ഒരു ആഗ്രഹം സാധിച്ചു തരാമെന്ന് വെച്ചപ്പോ.”
“ഓഹ് എന്റെ ആഗ്രഹമേ…. വിശ്വസിച്ചു , വിശ്വസിച്ചേ…”
“അമ്മു കളിയാക്കാതെ പോയെടി, നീയെന്റെ കയ്യിന്ന് മേടിക്കുമേ ”
“പിന്നെ ധൈര്യം ഉണ്ടേൽ തൊട്ട് നോക്ക്… ”
“ഞാൻ കൈ വീശിയതും അവളിറങ്ങിയോടി. ഈ പെണ്ണിന്റെ ഒരു കാര്യം…..”
ജീനയെ കാണാൻ പോകുമ്പോൾ ഏത് ഡ്രസ്സ് വേണം, ഏത് കളർ വേണം അങ്ങനെ ഓരോന്നും ചോദിച്ചു പിറകെ നടക്കുകയാണ് പെണ്ണ്…..
ശെരിക്കും പറഞ്ഞാൽ, നമ്മള് പണ്ട് സ്കൂളിൽ നിന്നും ടൂർ ഒക്കെ പറഞ്ഞാൽ അതിനെക്കുറിച്ച് മാത്രം സംസാരിച്ച്, അതിന് വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ ചെയ്ത് അതോർത്ത് ഉറക്കമില്ലാതെ കിടക്കുന്ന ഒരവസ്ഥയുണ്ട്, അങ്ങനെയൊരു അവസ്ഥയായിരുന്നവൾക്ക്….
രാത്രി ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങി പോയി….. രാവിലെ ഞാൻ എണീക്കുന്നതിന് മുന്നേ അവൾ എണീറ്റ് അടുക്കളയിൽ കേറിയിട്ടുണ്ട്……
അവളെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല….. ജീനക്ക് കൊടുക്കാൻ ഒരു കേക്ക് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് പാവം….
രാത്രി ഏറെ വൈകിയാണ് റൂമിലേക്ക് വന്നത് തന്നെ, അവളും ഞാനും ഉറങ്ങാൻ കിടന്നതും ഞാൻ പാട്ട് കേൾക്കാൻ വേണ്ടി ഫോൺ എടുത്ത് ഹെഡ്സെറ്റ് ചെവിയിൽ വെച്ച് മറ്റേ സൈഡ് അവൾക്ക് വേണ്ടി നീട്ടി…..
“വേണ്ട ഏട്ടാ, നാളെ നേരിട്ട് കേൾക്കാൻ ഉള്ളതല്ലേ, ഞാൻ കേൾക്കുന്നില്ല, ഏട്ടൻ പെട്ടെന്ന് ഉറങ്ങാൻ നോക്ക് രാവിലെ നേരത്തെ എണീക്കാൻ ഉള്ളതാണ്…. ”
“മ്മ് , ഇന്ന് നിന്നെ കാണാനേ കിട്ടിയില്ല കേട്ടോ…”
“ഓഹ്…എന്റെ ഏട്ടാ ഒന്നും പറയണ്ട, മൂന്ന് ഐറ്റം കേക്ക് ഉണ്ടാക്കി നാളെ കൊണ്ട് പോകാൻ വേണ്ടിയിട്ട് … ”
“നമ്മളൊരു കേക്ക് ഉണ്ടാക്കി തരാൻ പറഞ്ഞാലല്ലേ ഡിമാൻഡ്….. കണ്ടവർക്ക് ഉണ്ടാക്കാൻ എന്താ ഉത്സാഹം….”
“തന്നെ, അങ്ങനെ തന്നെ പറയണം….. ഇനി കേക്ക് എന്ന് പറഞ്ഞു വാ, ബാക്കി ഞാൻ അപ്പോ പറഞ്ഞു തരാം…”
പാട്ടും കേട്ട് കിടക്കുന്നതിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു…..
ഒരു ചുടു നിശ്വാസം മുഖത്ത് പതിച്ചപ്പോൾ ഞാൻ കണ്ണ് തുറന്ന് നോക്കി… അമ്മു അവൾ ലൈറ്റ് ഒക്കെ ഇട്ട് എന്നെയും നോക്കി കിടക്കുന്നു….
“എന്താടി നിനക്ക് ഉറക്കൊന്നുമില്ലേ…? ”
ഞാൻ കൈ എത്തിച്ച് ഫോൺ എടുത്ത് നോക്കി രണ്ട് മണി……
“ഏട്ടാ ഉറക്കം വരുന്നില്ല. ”
“എന്ത് പറ്റി?”
“അറിയില്ല”
“എന്നാലും? ”
“ഞാൻ ഏട്ടനോട് ഒരു കാര്യം ചോദിക്കട്ടെ, ഏട്ടൻ സത്യം പറയുമോ…?
“നീ ചോദിക്ക് പെണ്ണേ…?”
“ശ്രീയേട്ടന് എന്നോട് ദേഷ്യമുണ്ടോ…?”
“ഉണ്ട് നല്ല ദേഷ്യമുണ്ട്… നട്ടപ്പാതിരാക്ക് ഇമ്മാതിരി ചോദ്യം ചോദിക്കുന്നതിന്… ”
“അതല്ല ഏട്ടാ, ഏട്ടന്റെ ജീവിതത്തിലേക്ക് ഞാൻ വന്നതിൽ ഏട്ടനെന്നോട് ദേഷ്യമുണ്ടോ…?”
അതെന്താടി, നീ അങ്ങനെ ചോദിക്കാൻ…. ഞാൻ നിനക്ക് തരുന്ന സ്നേഹത്തിൽ എന്തെങ്കിലും കുറവ് നിനക്ക് തോന്നിയിട്ടുണ്ടോ…? അങ്ങനെയൊരു ദേഷ്യമെനിക്കുള്ളതായി നിനക്ക് തോന്നുന്നുണ്ടോ… ?
“ഇല്ല… എന്നാലും എന്റെ മനസ്സ് എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നു…”
“നീ ഒന്നും ആലോചിക്കേണ്ട, വന്ന് ഉറങ്ങാൻ നോക്ക് ”
“ഉറക്കം വരുന്നില്ല ഏട്ടാ…”
“എന്തിനാണ് എന്റെ അമ്മുക്കുട്ടി ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നേ, ഇവിടെ വന്നേ.”
അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് ഞാനവളെ എന്നിലേക്ക് ചേർത്തിരുത്തി …. അവളെന്റെ തോളിൽ തല ചായ്ച്ച് കിടന്നു….
“ഏട്ടാ ജീനയെപ്പറ്റി ഇനി എന്നോട് പറഞ്ഞൂടെ…? ”
“മ്മ്മ് പറയാം…”
ജീന…. നല്ല അസ്സൽ തൃശൂർക്കാരി അച്ചായത്തി പെണ്ണ്…. ഞാനവളെ പരിചയപ്പെടുന്നത് കോട്ടക്കലിൽ EC പഠിക്കാൻ പോയ സമയത്താണ്…..
വീട്ടിൽ നിന്നും ഒന്നര മണിക്കൂർ കൊണ്ട് പോയി വരാമായിരുന്നെങ്കിലും, വീട്ടിൽ നിന്നും ബൈക്ക് തരില്ലെന്ന് പറഞ്ഞത് കൊണ്ടും, ബസിൽ അത്രയും ദൂരം യാത്ര ചെയ്യാൻ മടി ഉള്ളത് കൊണ്ടും ഹോസ്റ്റലിൽ നിൽക്കാമെന്ന് തീരുമാനിച്ചു……
കൂട്ടുകാർ പറഞ്ഞു കേട്ട ഹോസ്റ്റൽ ജീവിതം ആസ്വദിക്കുക, അതായിരുന്നു മെയിൻ ഉദ്ദേശം…
ഒരു ദിവസം പോയി ക്ലാസ്സിൽ ചേർന്നു , പിറ്റേ ദിവസം കെട്ടും ഭാണ്ഡവും പേറി കോട്ടക്കലിലേക്ക് യാത്രയായി….
ആദ്യ ക്ലാസ്സ് കഴിഞ്ഞതിന് ശേഷമാണ് ഹോസ്റ്റലിലേക്ക് പോകുന്നത്…. ഒരു ഓട്ടോ പിടിച്ച് നേരെ ഹോസ്റ്റലിലേക്ക് പോയി….
ഓട്ടോയിൽ നിന്നിറങ്ങി പൈസ കൊടുക്കാൻ വേണ്ടി ബാഗിന്റെ സിപ് തുറക്കാൻ വേണ്ടി തിരഞ്ഞ എന്റെ മനസ്സിൽ ഒരു നൂറ് ലെഡു ഒരുമിച്ച് പൊട്ടി….
ഞാൻ ചുറ്റിലും നിരീക്ഷിച്ചു…… എന്റെ ഹോസ്റ്റലിന് മുന്നിൽ ഒരു നാല് നില കെട്ടിടം, അതിന്റെ ബോർഡിലേക്ക് ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി…
യൂണിവേഴ്സൽ എൻട്രൻസ് കോച്ചിംഗ് സെന്റർ ലേഡീസ് ഹോസ്റ്റൽ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി…
ക്ലാസ്സിൽ ഒരു പെൺകുട്ടി പോലുമില്ല അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. …ആ വിഷമം തൽക്കാലം ഇവിടെ നിന്നും മാറി കിട്ടും, അത് തന്നെ മനസ്സിന് വലിയൊരു ആശ്വാസമായി….
പിന്നീട് അങ്ങോട്ട് ജീവിതത്തിലെ തട്ട് പൊളിപ്പൻ ദിനങ്ങളായിരുന്നു…..
ക്ലാസ്സ് വിചാരിച്ച അത്ര രസമൊന്നുമില്ലായിരുന്നു. പഠിത്തം, ലാബ്, റെക്കോർഡ് അങ്ങനെ അങ്ങനെ സമ്മർദ്ദങ്ങളുടെ തുടക്കം…..
എല്ലാ സമ്മർദ്ദങ്ങളും വൈകുന്നേരത്തോടെ മാറി കിട്ടും…..
ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് ഉള്ളത് കോട്ടക്കൽ ചങ്കുവെട്ടിയിൽ തൃശൂർ റോഡിന്റെ ടേണിങ്ങിലാണ്…. മലപ്പുറം, തൃശൂർ, തിരൂർ ഈ മൂന്ന് ഭാഗത്തേക്കുമുള്ള ബസ് നിർത്തുന്നത് ഇവിടെയാണ്…..
അടുത്തടുത്തുള്ള കുറേ സ്കൂളുകൾ, വിമൻസ് കോളേജ്, ആര്യവൈദ്യശാല കോളേജ്, യൂണിവേഴ്സൽ എൻട്രൻസ് കോച്ചിങ് സെന്റർ ഇവിടെ നിന്നെല്ലാം വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കും ഹോസ്റ്റലിലേക്കും പോകുന്ന പെൺകുട്ടികൾ.. വൈകുന്നേരമായാൽ അവിടെയാകെ വർണ വർണ്ണശബളമാണ്…..
രാവിലെ പിന്നെ പലർക്കും പല സമയമായത് കൊണ്ട് ഇത്ര വർണ്ണശബളമല്ല…. എന്നാലും നിരാശപ്പെടുത്തില്ല……
ക്ലാസ്സ് കഴിഞ്ഞു നേരെ എല്ലാരും ബസിന് വേണ്ടി ഓടുമ്പോൾ ഞങ്ങൾ ഹോസ്റ്റലിലുള്ളവർ ബിൽഡിംങ്ങിന് മുകളിലേക്ക് ഓടും, അവിടെ നിന്നാൽ 360 ആംഗിളിൽ എല്ലാവരെയും വ്യക്തമായി കാണാം…….
ഒരു പതിനഞ്ചു മിനിറ്റ് അങ്ങനെ നിൽക്കുമ്പോഴേക്കും അടുത്ത ഓട്ടത്തിനുള്ള സമയമായി നേരെ താഴേക്ക്… അവിടെ നിന്നും ഞങ്ങളുടെ അയൽവാസികളായ പത്തിരുന്നൂറ് പെൺകുട്ടികളെ മറ്റുള്ളവരിൽ നിന്നും സംരക്ഷിച്ച് അവരുടെ ഹോസ്റ്റലിൽ കേറുന്നത് വരെ ഞങ്ങൾ കാവൽ നിൽക്കും…..
ആ സമയത്ത് ശെരിക്കും ഒരു പട്ടാളക്കാരന്റെ ശ്രദ്ധയാണ്…. ആരൊക്കെ ആരെയൊക്കെ
അതിനിടെ ഞങ്ങളിൽ പലരും നല്ല ശീലങ്ങൾ പലതും തുടങ്ങി , കള്ളും, കഞ്ചാവും, പൊടിയും തുടങ്ങി , എന്തൊക്കെ കിട്ടുമോ അതൊക്കെ തുടങ്ങി…….
ഒരു ദിവസം വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ഇറങ്ങാൻ നേരം ഒരുത്തൻ ഒരു കുഞ്ഞു പൗച്ച് തന്നു…..
അതേ നല്ല ഒന്നാന്തരം നീലച്ചടയൻ…..
അത് ആരുടേയും കയ്യിൽ കൊടുക്കാൻ ആർക്കും മനസ്സ് വന്നില്ല… അത് കൊണ്ട് ബിൽഡിംങ്ങിന്റെ മേലെ വെച്ച് തന്നെ തീർക്കാമെന്ന തീരുമാനത്തിലെത്തി…..
OCB പേപ്പർ റൂറൂമിൽ ആയത് കൊണ്ട് തൽക്കാലം സിഗരറ്റിൽ നിറക്കാമെന്ന് വെച്ചു…. ഒരു സിഗ് നിറഞ്ഞതും ഞങ്ങൾ നാല് പേരിരുന്ന് അതിനൊരു തീരുമാനമാക്കി…… ܘ ശെരിക്കും പറഞ്ഞാൽ പാറി പറന്ന് നടക്കുകയായിരുന്നു…. അത് കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്ന് ഞങ്ങൾ ഞങ്ങളുടെ കടമ ഏറ്റെടുത്തു……
അതിനിടയിൽ ഇത് വരെ ശ്രദ്ധയിൽപ്പെടാത്ത ഒരുത്തി…….
ആരെയും മയക്കുന്ന സൗന്ദര്യം..ഐശ്വര്യം തുളുമ്പി നില്ക്കുന്ന മുഖം. നല്ല ചന്ദനത്തിന്റെ നിറം..നിതംബത്തെ മൂടി കിടക്കുന്ന ഇടതൂർന്ന കാർകൂന്തൽ. നല്ല വിടർന്ന കണ്ണുകളും നുണകുഴിക്കവിളും, ചുവന്ന് തുടുത്ത ചുണ്ടും, അവളുടെ മുഖത്തിനു ഭംഗികൂട്ടാനെന്ന വണ്ണം കീഴ്ച്ചുണ്ടിനു താഴെ വലതുവശത്തായി ഒരു ചെറിയ കാക്കപ്പുള്ളിയും അവളുടെ സൗന്ദര്യം വിളിച്ചോതി…..
എന്തോ അവളുടെ കണ്ണുകൾക്ക് ഒരു കാന്തിക ശേഷിയുള്ള പോലെ…. അവളുടെ അടുത്തേക്ക് പോകരുതെന്ന് വിചാരിക്കും തോറും അവൾ തിരിഞ്ഞു നോക്കും.. ഓരോ നോട്ടത്തിനും ഞാൻ അവളുടെ അടുത്തേക്ക് അടുത്തേക്ക് നീങ്ങി അവളുടെ തൊട്ടടുത്തെത്തി……
************
എങ്ങെനെയാണ് അവൾ എന്നോട് കൂടുതൽ അടുത്തതെന്ന് ഇന്നും എന്റെ ഉള്ളിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു…… ഒരു പക്ഷേ അതു വിധിയുടെ നിയമമാകാം….. മാറ്റാനാകാത്തെ പ്രപഞ്ചശില്പിയുടെ തിരക്കഥയിലുള്ളതാകാം…….
പതിയെ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം വളരെ വേഗത്തിൽ തന്നെ പടർന്നു പന്തലിച്ചു… അതു പതിയെ ഫോൺ വിളികളിലേക്കും വഴിമാറി……
രാത്രിയിലെ ഫോൺ വിളികളിൽ ഒരു ദിവസം ഞാനവളോട് ചോദിച്ചു……
“ടീ ഇത്ര വയസ്സായിട്ടും നിനക്ക് ഇതു വരെ ഒരു ഫീലിംഗ്സും ഉണ്ടായിട്ടില്ലേ….?”
“എന്ത് ഫീലിംഗ്സ്?”
“ഐ മീൻ, ഫിസികലി… ഒന്നും…”
“ഏയ് ഇല്ല.”
“അത് വെറുതെ… അതില്ലാത്ത ആരെങ്കിലും ഉണ്ടോ?”
“ശ്രീയുടെ അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് എത്ര വയസുണ്ടായിരുന്നു?”
“അമ്മയ്ക്ക് ഇരുപത്തിയാറ് കാണും. ഞാൻ കുഞ്ഞാണ് അപ്പോൾ… നീയെന്തിനാ ഇപ്പോ അതൊക്കെ ചോദിക്കുന്നെ?”
“ഇപ്പോ അമ്മയ്ക്ക് എത്ര വയസ്സുണ്ട്?”
“നാല്പത്തഞ്ചു കാണും.”
“എന്നെങ്കിലും അമ്മയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ, ഇരുപത്തിയാറ് വയസ്സിന് ശേഷം അമ്മയ്ക്ക് വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ എന്ന്?”
ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഞാൻ….. ടീ, എന്ന് ഞാൻ അലറി വിളിച്ചപ്പോഴും അവൾ ശാന്തയായി നിന്നു…..
വായിൽ തോന്നിയ തെറിയൊക്കെ വിളിച്ചു പറഞ്ഞു……. അവൾ മിണ്ടിയില്ല……. കിതപ്പോടെ ഞാൻ നിർത്തി…….
“ശ്രീ….” അവൾ വിളിച്ചു…..
എനിക്കെന്തോ വിളി കേൾക്കാൻ തോന്നി , ഞാൻ പതിയെ മൂളി…..
“ശ്രീയുടെ അമ്മയെപ്പോലെ ഒരു പെണ്ണാ ഞാനും, അമ്മയോട് ചോദിക്കാത്ത ചോദ്യം എന്ത് കൊണ്ടാ ശ്രീ എന്നോട് ചോദിച്ചത് എന്നറിയോ….?”
ഞാൻ മിണ്ടിയില്ല….
“ശ്രീ..?”
“ഉം.”
“ലോകത്തെ ഒരു ആണും അവന്റെ അമ്മയെപ്പോലെ മറ്റൊരു പെണ്ണിനെ കാണാനോ ബഹുമാനിക്കാനോ ശ്രമിക്കാറില്ല…. അപൂർവം ചിലരല്ലാതെ….”
ശ്രീയുടെ അമ്മയോട് മറ്റൊരാൾ ഈ ചോദ്യം ചോദിക്കുന്നത് ഒന്ന് ഓർത്തു നോക്കിയേ?”
എനിക്കൊന്നും മിണ്ടാൻ ഇല്ലായിരുന്നു….
“അതാണ് ശ്രീ, നമ്മുടേതിനെ ആരും വേദനിപ്പിക്കുന്നത് നമുക്ക് ഇഷ്ടമാവില്ല, ആ ചോദ്യം കേൾക്കുന്ന അഭിമാനമുള്ള ഏത് പെണ്ണും പ്രതികരിക്കും… അതല്ലേ ഞാനും ചെയ്തുള്ളൂ….
“ഏതൊരു പെണ്ണിന്റെ ഉള്ളിലും ഒരു അമ്മയുണ്ട് ശ്രീ….മാതൃഭാവം ആണ് ഒരു പെണ്ണിനെ യഥാർത്ഥ പെണ്ണാക്കുന്നത്….”
“എന്റെ ഉള്ളിലും നിന്റെ അമ്മയുടെ ഉള്ളിലും ഉള്ളത് ഒരേ വിചാരവികാരങ്ങൾ തന്നെയാണ്…. പെണ്ണെന്നാൽ വികാരങ്ങൾ തീർക്കാനുള്ള ഒരു വസ്തു അല്ല ശ്രീ… എന്റെ സ്ഥാനത്ത് നിന്റെ അമ്മയാണെങ്കിലോ, ഒന്ന് ഓർത്തു നോക്കിയേ…”
എന്തു കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു…. ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു…..
*********
അവിടംകൊണ്ടവസാനിച്ചോ ശ്രീയേട്ടന്റെ വിശ്വ വിഖ്യാതമായ പ്രണയം……
ഒരിക്കലുമില്ല…. ശരിക്കും പറഞ്ഞാൽ അവിടെ നിന്നുമായിരുന്നു തുടക്കം……
ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ഭാവിയും, വിധിയുമെല്ലാം നിർണ്ണയിക്കുന്നത് സർവ്വേശ്വരനാണ്….. ആ പ്രപഞ്ച ശില്പിയുടെ തിരക്കഥയിലുള്ള താളുകൾ നമുക്ക് മാറ്റിയെഴുതാൻ കഴിയില്ലല്ലോ…?
Comments:
No comments!
Please sign up or log in to post a comment!