Love Or Hate 09

“അർജുൻ….” (തുടരുന്നു…)

ഷൈൻ: ടാ അവൻ..അർജുൻ.. ഇവൻ എന്താ ഇവിടെ..??

ആൻഡ്രൂ: ഇനി ഇവനെങ്ങാൻ ആകുമോ ഇതിന്റെ പുറകിൽ..??

ഷൈൻ: ഇപ്പൊ തന്നെ അവനോട് ചോദിക്കാലോ..

ഷൈൻ അർജുന്റെ നേരെ പോകാൻ ഒരുങ്ങിയതും ആൻഡ്രൂ ഷൈനിന്റെ കയ്യിൽ പിടിച്ചു…

ആൻഡ്രൂ: വേണ്ട ഷൈൻ.. ഇപ്പൊ ഒരു സീൻ ഉണ്ടാക്കണ്ട.. നമുക്ക് നോക്കാം എന്താ ബാക്കി നടക്കാൻ പോണത് എന്ന്..

അത് ശരിയാണെന്ന് ഷൈനിനും തോന്നി.. എന്നാൽ ഷൈനിനെ നേരിൽ കണ്ട അർജുൻ, മുഖത്ത് നോക്കാൻ മടി ഉള്ളത് പോലെ മുഖം താഴ്ത്തി നിന്നു…

അർജുന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ എന്തോ പന്തികേട് ഉള്ളതായി ഷൈനിന് തോന്നിയിരുന്നു… ആൻഡ്രൂ പറഞ്ഞ പോലെ കാര്യങ്ങൽ എവിടെ വരെ പോകുന്നു എന്നറിയാൻ ഷൈനും അക്ഷമനായി…

ആദ്യം പുറത്തേക്ക് വന്ന ആൾ വേഗം തന്നെ മുറ്റത്തേക്കിറങ്ങി ഷൈനിന്റെ പപ്പയുടെ അടുത്തേക്ക് ചെന്നു.. എന്നിട്ട് പറഞ്ഞു..

വ്യക്തി: അകത്തേക്ക് വരൂ..

എല്ലാവരുടെയും മുഖത്ത് ദുഃഖവും നാണക്കേടും സഹതാപവും പുച്ഛവും എല്ലാം ഇട കലർന്ന ഒരു ഭാവം ആണ്.. ചുരുക്കി പറഞ്ഞാൽ ഒരു മരണ വീട്ടിൽ എത്തി പെട്ട അവസ്ഥ.. ഉച്ചത്തിൽ ഉള്ള നിലവിളികൾ ഇല്ലെന്ന് മാത്രം…

ഷൈനും ആൻഡ്രുവും എല്ലാവരുടെയും കൂടെ അകത്തോട്ടു കയറി.. അതിന്റെ ഇടയിൽ ഷൈൻ അർജ്ജുനെ ഒന്ന് തറപ്പിച്ച് നോക്കി എങ്കിലും അർജുൻ ഷൈനിന് പിടികൊടുക്കാതെ മുഖം മാറ്റി കളഞ്ഞു…

എന്താണ് നടക്കുന്നത് എന്ന് ഷൈനിന് ഇപ്പോളും അറിയില്ലായിരുന്നു… ഉള്ളിൽ എത്തിയതും എല്ലാവരും സോഫയിൽ ഇരുന്നു…

എല്ലാവരും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുകയാണ്.. ഒന്ന് തുടങ്ങി കിട്ടാൻ ഉള്ള മടിയാണ് എല്ലാവരുടെയും പ്രശ്നം എന്ന് തോന്നുന്നു…

ഷൈനിന് സത്യത്തിൽ ഇതെല്ലാം കണ്ടിട്ട് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ അനുഭവിക്കുക തന്നെ… അവസാനം ആരും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ഷൈനിന്റെ പപ്പ തന്നെ പറഞ്ഞു തുടങ്ങി…

പപ്പ: .. എന്റെ മകൻ നിങ്ങളുടെ മകളോട് ചെയ്തത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെ ആണ്.. നിങ്ങളോട് എന്ത് പറയണം എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല… ഇനി നിങ്ങള് പറയുന്നതാണ് തീരുമാനം ഞങ്ങൾ എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണ്…

“ഈ പപ്പ ഇത് എന്ത് ഭാവിച്ചാണ്… എന്തിനാണ് സത്യം അറിയുന്നേന് മുന്നേ ഇങ്ങനെ ഒക്കെ പറയാൻ പോണത്…” ഇതായിരുന്നു ഷൈൻ മനസ്സിൽ വിചാരിച്ചത്…

പപ്പ പറഞ്ഞ് നിർത്തിയതും മുന്നേ വന്ന ആൾ ആദ്യം ഒന്ന് മടിച്ചെങ്കിലും എന്തൊക്കെയോ ആലോചിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി…

വ്യക്തി: ജോസഫ് സാർ ക്ഷമിക്കണം.

. ഒരു.. ഒരു പ്രശ്നമുണ്ട്…

“ആ അങ്ങനെ വരട്ടെ.. സത്യം തെളിയാൻ പോവുന്നു..” ഷൈനിന്റെ മനസ്സിൽ ചെറിയ ചില പ്രതീക്ഷകൾ നാമ്പിടാൻ തുടങ്ങി..

പപ്പ: എന്ത് പ്രശ്നം..?? എന്ത് പറ്റി…??

വ്യക്തി: അത്.. അത്.. എന്റെ മകൾ.. അവൾ.. ഗർഭിണി അല്ല…

ഹാവൂ… ഷൈൻ ഒന്ന് നെടുവീർപ്പിട്ടു… കാര്യങ്ങൾ ഒക്കെ കലങ്ങി തെളിയാൻ പോവുന്നു… ഷൈൻ ആൻഡ്രുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

പപ്പ: നിങ്ങള് എന്തൊക്കെയാണ് ഈ പറയുന്നത്.. നിങ്ങളെന്താണ് ആളെ കളിയാക്കുവാണോ…??

പപ്പ അൽപം ശബ്ദം ഉയർത്തി തന്നെ ആണ് അത് ചോദിച്ചത്.. ഇന്ന് എല്ലാത്തിനും പൊടി പൂരം ആയിരിക്കും.. ഷൈൻ മനസ്സിൽ ഓർത്തു…

ജോസഫ് സാർ പെട്ടന്ന് ദേഷ്യപ്പെട്ടപ്പോൾ അദ്ദേഹം ഒന്ന് പകച്ചു.. എന്നിട്ട് അദ്ദേഹത്തെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞ് തുടങ്ങി…

വ്യക്തി: സാർ ഞങ്ങളോട് ക്ഷമിക്കണം.. എന്റെ മകൾ ഞങ്ങളോട് കള്ളം പറഞ്ഞതായിരുന്നു.. പക്ഷേ….

മറ്റെന്തെങ്കിലും അദ്ദേഹം പറയുന്നതിന് മുന്നേ അകത്ത് നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം…

“ബാക്കി ഞാൻ പറയാം അച്ഛാ…”

എല്ലാവരും ഒരുമിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി… എല്ലാം കലങ്ങി തെളിയാൻ പോകുന്നു എന്ന് കരുതിയ ഷൈനിന് തെറ്റി പോയി.. എല്ലാം ആരംഭിക്കാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ…

അവർ ഒന്നല്ല രണ്ടായിരുന്നു.. വാതിൽക്കൽ നിൽക്കുന്നവരെ കണ്ട് ഷൈനും ആൻഡ്രുവും ഒരുപോലെ വീണ്ടും ഞെട്ടി…

ഷൈൻ: ദിയ…

ആൻഡ്രൂ: മായ…

ഷൈൻ ഭൂമി പിളർന്ന് താഴെ പോയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി… താൻ ഭയന്ന പോലെ തന്നെ സംഭവിക്കുന്നു.. ഞാൻ ആദ്യം കണ്ട ആൾ.. അതെ വിശ്വനാഥൻ.. ദിയയുടെ അച്ഛൻ… ആൻഡ്രൂ ഒന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുന്നു… ബാക്കി ഉള്ളവർ എന്താണ് ദിയ പറയാൻ പോകുന്നത് എന്ന് കേൾക്കാൻ അക്ഷമർ ആയി നിൽക്കുന്നു…

ദിയ ഷൈനിനെ ഒന്ന് നോക്കിയത് പോലും ഇല്ല.. ഷൈൻ ആണെങ്കിൽ ദിയയിൽ നിന്നും നോട്ടം മാറ്റുന്നു പോലും ഇല്ല.. അവളുടെ കണ്ണുകളിൽ ഷൈൻ കണ്ട ഭാവം രണ്ടു വർഷം മുന്നേ താൻ കണ്ട പ്രണയം അല്ല എന്ന് ഷൈനിന് അറിയാമായിരുന്നു.. അഭിമാനം ഉള്ള ഒരു സ്ത്രീയുടെ നിശ്ചയ ധാർഢ്യതിന്റെ തിളക്കം ആയിരുന്നു അവക്ക്…. അതിനും പുറകിൽ എരിയുന്ന പകയുടെ കനലുകളും… ദിയ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ച ഷൈനിന് തെറ്റിപ്പോയി.. ഏവരെയും ഞെട്ടിച്ച ഒരു നീക്കം ആയിരുന്നു അവളിൽ നിന്നും ഉണ്ടായത്.. ദിയ വേഗം തന്നെ ഓടി ചെന്ന് ഷൈനിന്റെ പപ്പയുടെ കാലിലേക്ക് വീണു.
. എന്നിട്ട് കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി…

ദിയ: പപ്പാ… പപ്പ എന്നോട് ക്ഷമിക്കണം.. ഞാൻ നിങ്ങളോട് എല്ലാവരോടും കള്ളം പറഞ്ഞു… നിങ്ങളെ എല്ലാവരെയും പറ്റിച്ചു.. പക്ഷേ ഒന്നും..ഒന്നും നിങ്ങളെ ആരെയും ദ്രോഹിക്കാൻ വേണ്ടി അല്ല… എനിക്ക്.. എനിക്ക് ഷൈനിനെ അത്രക്ക് ഇഷ്ടം ആണ്.. ഷൈൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല… അച്ഛനും അമ്മയും എനിക്ക് വേറെ കല്ല്യാണം ആലോചിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആണ് വേറെ വഴി ഇല്ലാഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്.. പ്ലീസ് എന്നെ ഷൈനിൽ നിന്ന് പിരിക്കരുത്.. പ്ലീസ് പപ്പാ….

ദിയയുടെ പെട്ടന്നുള്ള പ്രകടനത്തിൽ ഷൈൻ ഉൾപ്പടെ എല്ലാവരും ഞെട്ടിയിരുന്നു… ഷൈൻ നോക്കിയപ്പോൾ മായ വായ പൊത്തി പതിയെ ചിരിക്കുന്നത് കണ്ടു.. അപ്പോൾ തന്നെ ഇത് എന്തോ പണിയാണ് എന്ന് ഷൈനിന് ബോധ്യമാകാൻ തുടങ്ങിയിരുന്നു… അല്ലെങ്കിലും ഇവൾ ഇങ്ങനെ ഒരു പെർഫോമൻസ് നടത്തേണ്ട കാര്യം ഇല്ലല്ലോ… അർജുൻ ദിയ മായ.. ഈ പഴയ ഗാങ്ങ്… ഇവിടെ വീണ്ടും എനിക്കെതിരെ…

ഷൈൻ എന്ത് ചെയ്യണം പറയണം എന്നറിയാതെ കുഴങ്ങി.. ഇതേ പ്രതിസന്ധിയിൽ തന്നെ ആയിരുന്നു ഷൈനിന്റെ പപ്പയും കുടുംബവും.. ഒരു പെൺകുട്ടി കാൽക്കൽ വീണ് മകനെ വിവാഹം കഴിപ്പിച്ച് തരണം എന്ന് പറയുമ്പോൾ ഏത് അച്ഛനാണ് പകച്ച് പോകാത്തത്…

പപ്പ: മോളെ.. മോൾ എഴുന്നേൽക്ക്.. എന്താണെങ്കിലും നമുക്ക് സംസാരിക്കാം…

ഷൈനിന്റെ പപ്പ ദിയയെ പിടിച്ച് എഴുന്നേൾപ്പിക്കൻ ശ്രമിച്ചു… അവള് എഴുന്നേറ്റ് പപ്പയെ നോക്കി കൊണ്ട് പറഞ്ഞു…

ദിയ: നിങ്ങള് എല്ലാവരും കൂടി എന്നെ ഷൈനിൽ നിന്നും പിരിചാൽ പിന്നെ ആത്മഹത്യ അല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഇല്ല…

ദിയ ആ പറഞ്ഞതിൽ എല്ലാവരും ഒന്ന് ഞെട്ടി… ഇവൾ രണ്ടും കൽപ്പിച്ച് ആണെന്ന് ഷൈനിന് മനസ്സിലായി… ദിയ നിർത്താതെ വീണ്ടും പറഞ്ഞു തുടങ്ങി..

ദിയ: ഞാനും ഷൈനും കോളേജ് മുതലേ പ്രണയത്തിൽ ആയിരുന്നു… ആത്മാർത്ഥമായി ആണ് ഞങൾ രണ്ടുപേരും പ്രണയിച്ചത്.. കോളേജ് കഴിഞ്ഞതിനു ശേഷവും ഞങ്ങൾ തമ്മിൽ നല്ല ബന്ധം തന്നെ ആണ് ഉണ്ടായിരുന്നത് അതിന്റെ ഇടക്കാണ് ഷൈൻ ബിസിനസിലേക്ക് കടന്നത്.. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിൽ ഉണ്ടായ ആദ്യത്തെ ഉലച്ചിൽ… വീട്ടുകാർ സമ്മതിക്കില്ല എന്നും മറ്റും പറഞ്ഞ് ഷൈൻ പതിയെ പതിയെ എന്നിൽ നിന്നും അകലാൻ തുടങ്ങി.. പക്ഷേ.. എനിക്ക്.. എനിക്ക് ഷൈൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല…

പിന്നെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു… ദിയ നേരെ ഷൈനിന്റെ നേരെ നടന്നു വന്നു.
. ഷൈനിന്റെ കോളറിൽ കുത്തിപിടിച്ച് കൊണ്ട് കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി..

ദിയ: ഷൈൻ.. പ്ലീസ്.. എന്നെ വിട്ട് പോകല്ലേ…. എനിക്ക് താൻ ഇല്ലാതെ പറ്റില്ല ഷൈൻ…

ഷൈൻ എന്ത് പറയണം എന്നറിയാതെ തരിച്ചു നിൽക്കുകയാണ്.. എല്ലാവരും ഷൈനിനെ തന്നെ ഉറ്റുനോക്കുകയാണ്… എന്താണ് പറയേണ്ടത് എന്ന് ഷൈനിനും അറിയില്ല..

പപ്പ: ഈ കൊച്ച് പറയുന്നതൊക്കെ ശരിയാണോ..??

ഷൈനിന് എന്ത് മറുപടി പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു… ഷൈൻ അപ്പോഴും ചിന്തിച്ചത് ഇവൾ എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു.. എന്ത് കൊണ്ട് അവൾ സത്യം പറഞ്ഞില്ല…?? ഷൈനിനെ ഞെട്ടിച്ചു കൊണ്ട് പപ്പ വീണ്ടും ചോദിച്ചു..

പപ്പ: നിന്നോട് ചോദിച്ചത് കേട്ടില്ലേ..??

ഷൈൻ എന്ത് പറയും എന്ന് അറിയാതെ കുഴഞ്ഞു..

ഷൈൻ: അത് പിന്നെ.. പപ്പ.. ഞാൻ..

പപ്പ: മതി.. നിന്റെ മുഖത്ത് നോക്കിയാൽ തന്നെ അറിയാം.. നിന്റെ കുറ്റബോധം.. ഇദ്ദേഹം വീട്ടിൽ വന്ന് ഇതെല്ലാം എന്നോട് പറഞ്ഞപ്പോഴും നീയും ഇവളും തമ്മിലുള്ള ഫോട്ടോകൾ ഞങ്ങളെ കാണിച്ചപ്പോഴും എല്ലാം എന്റെ ഉള്ളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഷൈൻ.. പക്ഷേ ഇപ്പോ അത് ഇല്ല.. സ്വന്തം മകന്റെ ഭാഗം കേൾക്കാതെ ചാടി പുറപ്പെട്ട അച്ഛൻ എന്ന് എന്നെ നിന്റെ അമ്മച്ചി അടക്കം എല്ലാവരും കുറ്റപ്പെടുത്തി.. എന്നിട്ടിപ്പോ എന്തായി..?? ഷൈൻ നിന്നെ ഞാൻ തല്ലുന്നില്ല.. ഞാൻ തല്ലിയിട്ട്‌ നീ നന്നാകും എന്ന പ്രതീക്ഷയും എനിക്കിപ്പോൾ ഇല്ല.. എടാ.. ആണായാലും പെണ്ണായാലും അത് പ്രണയത്തിൽ ആയാലും മറ്റെന്തിൽ ആയാലും.. വിശ്വാസ വഞ്ചനയെക്കാൾ വലിയ പാപം വേറെ ഒന്നും ഇല്ല… നിന്നെ ഇത്രയും സ്നേഹിക്കുന്ന ഈ കൊച്ചിനെ ഉപേക്ഷിക്കാൻ നീ കണ്ടെത്തിയ ന്യായം കൊള്ളാം.. ഞങ്ങൾ സമ്മതിക്കില്ല അല്ലേ.. ഇന്നേവരെ നിന്റെ ജീവിതത്തിൽ നീ എന്ത് കാര്യമാ ഞങ്ങൾ പറയുന്നത് പോലെ ചെയ്തിട്ടുള്ളത്..?? എല്ലാം നിന്റെ ഇഷ്ടത്തിന് നീ ചെയ്ത് കൂട്ടുന്നു… പിന്നെ ഈ കാര്യത്തിൽ മാത്രം ആയിട്ട് നീ ഞങളുടെ അഭിപ്രായവും ഇഷ്ടവും നോക്കണ്ട…

പപ്പ പറഞ്ഞ് നിർത്തി ദിയയുടെ അച്ഛന്റെ അടുത്തേക്ക് നടന്നു..

പപ്പ: വിശ്വനാഥൻ.. നിങ്ങളുടെ മകൾ പറഞ്ഞ കള്ളം എനിക്ക് തെറ്റായി തോന്നുന്നില്ല… ഒന്നുമില്ലെങ്കിലും അവൾ പറഞ്ഞത് ഇവനോടുള്ള സ്നേഹം കൊണ്ടല്ലേ.. ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങള് ആണ്.. എന്തിനും ഞാനും എന്റെ മകനും തയ്യാറാണ്..

വിശ്വനാഥൻ: ഷൈനും ദിയയും തമ്മിൽ ഉള്ള അടുപ്പത്തെ കുറിച്ച് കോളജിൽ വച്ച് തന്നെ എനിക്ക് അറിയാമായിരുന്നു.
. ഞാൻ ഇവരെ കോളജിൽ വച്ച് കണ്ടിട്ടുണ്ട്.. ഞാൻ അന്നെ ഇവരോട് എനിക്കിതിൽ എതിർപ്പില്ല എന്ന് അറിയിച്ചതും ആണ്.. പക്ഷേ ഇവർ തമ്മിൽ ഉള്ള പ്രശ്നങ്ങളെ പറ്റി ഒന്നും എനിക്കറിയില്ലായിരുന്നു…

ഷൈനിന്റെ പപ്പ പിന്നീട് പോയത് മായയുടെ കൂടെ നിൽക്കുന്ന ദിയയുടെ അടുത്തേക്ക് ആയിരുന്നു… എന്നിട്ട് അദ്ദേഹം ദിയയോടായി പറഞ്ഞു..

പപ്പ: മോളെ.. മോള് പറഞ്ഞ കള്ളത്തേക്കാൾ വലുതാണ് എന്റെ മകൻ ചെയ്ത തെറ്റ്.. അവന്റെ പപ്പയായ ഞാൻ നിനക്ക് വാക്ക് തരുന്നു.. ഇവൻ എന്റെ മകൻ ആണെങ്കിൽ.. ഇവൻ നിനക്ക് വാക്ക് തന്നിട്ടുണ്ടെങ്കിൽ.. അത് ഞാൻ നിറവേറ്റി തരും…

കാര്യങ്ങൾ കൈ വിട്ടു പോവുകയാണ് എന്ന് ഷൈനിന് മനസ്സിലായി.. ഇനിയും നോക്കി നിന്നാൽ ശരിയാവില്ല.. ഷൈൻ നേരെ പപ്പയോട് പറഞ്ഞു..

ഷൈൻ: എനിക്ക്.. എനിക്ക് ദിയയോട് ഒന്ന് സംസാരിക്കണം..

എല്ലാവരും ഷൈനിനെ തന്നെ ആണ് നോക്കുന്നത്… പെട്ടന്ന് തന്നെ എല്ലാവരും നോട്ടം മാറ്റി ദിയയിലേക്ക്‌ ആക്കി.. അതിൽ നിന്നും തന്നെ അവളുടെ മറുപടിയാണ് പ്രധാനം എന്ന് എല്ലാവർക്കും മനസ്സിലായി..

ദിയ: അതെ.. എനിക്കും ഷൈനിനോട് ഒന്ന് തനിച്ച് സംസാരിക്കണം..

ഏതായാലും കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് എല്ലാവരും അതിനു സമ്മതിച്ചു.. അങ്ങനെ ഷൈനും ദിയയും സംസാരിക്കാനായി പുറത്തേക്കിറങ്ങി..

രണ്ടുപേരും മുറ്റത്തിറങ്ങി നിൽക്കുകയായിരുന്നു.. ദിയ ഷൈനിന് മുന്നിലായി എങ്ങോട്ടോ നോക്കി നിൽക്കുന്നു.. പക്ഷേ ഷൈനിന് പാഴാക്കി കളയാൻ സമയം ഇല്ലായിരുന്നു..

ഷൈൻ: ദിയ.. എന്താ തന്റെ ഉദ്ദേശം..??

ദിയ തിരിഞ്ഞു നിന്ന് ഷൈനിനെ നോക്കി പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു തുടങ്ങി..

ദിയ: പണ്ട് താൻ എന്നോട് പറഞ്ഞത് ഓർമയുണ്ടോ ഷൈൻ..?? ഞാൻ തന്നെ പ്രണയിക്കുന്നത് തന്റെ കാശ് കണ്ടോ സൗന്ദര്യം കണ്ടോ ഒക്കെ ആണെന്നല്ലെ അന്ന് താൻ പറഞ്ഞത്.. അപ്പോ അത് അങ്ങനെ തന്നെ ഇരിക്കട്ടെ..

ഷൈൻ: ദിയ പ്ലീസ്.. തന്നോട് ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്.. ഞാൻ സമ്മതിക്കുന്നു.. പക്ഷേ.. പക്ഷേ താൻ ..

ദിയ: ഷൈൻ.. താൻ അന്ന് എന്നോട് ഒന്നും മിണ്ടാതെ എന്നെ വിട്ട് പോയിരുന്നെങ്കിൽ പോലും എനിക്ക് തന്നോട് ഇത്ര ദേഷ്യം വരില്ലായിരുന്നു.. പക്ഷേ താൻ അന്ന് പറഞ്ഞ ആ വാക്കുകൾ അതെനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഷൈൻ..

ഷൈൻ: താൻ പിന്നെ എന്താ എല്ലാവരോടും കള്ളം പറഞ്ഞത്..??

ദിയ: നമ്മുടെ പ്രതികാര കഥ ഒക്കെ നമ്മുടെ മാത്രം സ്വകാര്യതയല്ലെ ഷൈൻ.. അതെന്തിനാ പാവം നമ്മുടെ വീട്ടുകാർ അറിയുന്നത്…

ഷൈൻ: ദിയ.. ഞാൻ എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണ് പക്ഷേ.. താൻ ദയവ് ചെയ്ത് ഈ നാടകം നിർത്ത്…

ദിയ: താൻ അങ്ങനെ വലിയ പ്രായശ്ചിത്തം ഒന്നും ചെയ്യണ്ട.. ഞാൻ സ്നേഹിച്ചതും വിവാഹം ചെയ്യണം എന്നാഗ്രഹിചതും തന്നെ മാത്രം ആണ്.. അത് നടക്കണം.. ഐ മീൻ.. നമ്മുടെ വിവാഹം നടക്കണം…

ഷൈൻ ആദ്യം ഒന്നാലോചിച്ചു.. പിന്നെ ദിയയോട് മറുപടി പറഞ്ഞു..

ഷൈൻ: ഓകെ.. ഞാൻ സമ്മതിച്ചു.. നമ്മുടെ വിവാഹത്തിന് എനിക്കും സമ്മതമാണ്…

ദിയ: ശരി.. എന്നാൽ വാ.. ഉള്ളിൽ പോയി പറയാം..

ദിയ പോകാൻ ഒരുങ്ങിയതും ഷൈൻ തടഞ്ഞു…

ഷൈൻ: ദിയ…

ദിയ: ഹും..??

ഷൈൻ: അർജുൻ.. അർജുൻ എന്താ ഇവിടെ..??

ദിയ: അർജുൻ ഞങളുടെ ഫാമിലി ഫ്രണ്ട് ആണ്..

ഷൈൻ: ഓഹ്‌… ഓകെ…

അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞ് ഷൈനും ദിയയും ഉള്ളിലേക്ക് തന്നെ എത്തി… എല്ലാവരും തീരുമാനം കേൾക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു… എല്ലാവരും ഉറ്റു നോക്കുന്നത് ഷൈനെയും ദിയയെയും തന്നെ ആയിരുന്നു.. അവസാനം ഷൈൻ തന്നെ പറഞ്ഞു തുടങ്ങി…

ഷൈൻ: എല്ലാവരും എന്നോട് ക്ഷമിക്കണം.. ദിയയോട് ഞാൻ ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ്… ഒരു മാപ്പോ പ്രായശ്ചിത്തമോ പോലും ഞാൻ അർഹിക്കുന്നില്ല… പക്ഷേ എന്നെ കൊണ്ട് ഇനി ചെയ്യാൻ കഴിയുന്ന ഒന്ന് മാത്രമേ ഒള്ളു.. ദിയയും അത് തന്നെ ആണ് ആഗ്രഹിക്കുന്നത്.. ഞങ്ങൾ തമ്മിലുള്ള വിവാഹം.. ഞാൻ അതിനു തയ്യാറാണ്.. പൂർണ മനസ്സോടെ…

പിന്നീടങ്ങോട്ട് കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു… എല്ലാവരും തമ്മിൽ ഒരുപാട് നേരം സംസാരിച്ചിരുന്നു… ഒരു ചെറിയ പെണ്ണുകാണൽ മൂഡിലേക്ക്‌ കാര്യങ്ങൾ മാറിയോ എന്നൊരു സംശയം ഇല്ലാതില്ല.. ദിയ ചായയും ആയി വന്നപ്പോൾ അത് പൂർണമായി…

അങ്ങനെ കുടുംബക്കാർ എല്ലാവരും സംസാരിച് ഇരിക്കുമ്പോൾ ആൻഡ്രൂ ഷൈനിനെ തോണ്ടി വിളിച്ചു..

ആൻഡ്രൂ: ടാ..

ഷൈൻ: എന്താടാ..??

ആൻഡ്രൂ: അവള് എന്താ പുറത്ത് പോയിട്ട് പറഞ്ഞത്..??

ഷൈൻ: ഇത് തന്നെ … കല്ല്യാണം കഴിക്കണം എന്ന്…

ആൻഡ്രൂ: എന്നിട്ട് നീ അതങ്ങ് സമ്മതിച്ചോ..??

ഷൈൻ: പിന്നല്ലാതെ…

ആൻഡ്രൂ: അപ്പോ അന്ന..??

ഷൈൻ: ഞാൻ പറയാം… ഇവിടെ നിന്ന് ഇറങ്ങിയിട്ട്…

ആൻഡ്രൂ: ഹും…

അങ്ങനെ സംസാരവും കാര്യങ്ങളും ഒക്കെ കഴിഞ്ഞ് ഷൈനും കുടുംബവും വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു..

പാർക്കിൽ എത്തിയ ആൻഡ്രൂ അരവിന്ദിനെയും വിഷ്ണുവിനെയും വിളിച്ചു…

ആൻഡ്രൂ: നീ പറ ഷൈൻ.. എന്താ അങ്ങിനെ ഒരു തീരുമാനം എടുത്തത്..??

ഷൈൻ: അവന്മാർ കൂടി വരട്ടെ.. അല്ലെങ്കിൽ ഞാനിത് വീണ്ടും പറയണ്ടേ..??

ആൻഡ്രൂ: ആ അത് നേരാ…

അങ്ങനെ അതികം താമസിയാതെ തന്നെ അരവിന്ദും വിഷ്ണുവും എത്തി..

അരവിന്ദ്: എന്താടാ എന്താ ഉണ്ടായേ..??

ആൻഡ്രൂ: സംഭവം വിഷ്ണു പറഞ്ഞ പോലെ തന്നെ.. അവളാണ് ദിയ..

അരവിന്ദ്: അവളോ…?? അവളെങ്ങനെ ഗർഭിണിയായി..??

ഷൈൻ: അവള് ഗർഭിണി ഒന്നും അല്ല.. അതവൾ കള്ളം പറഞ്ഞതാ…

അരവിന്ദ്: എന്തിന്..??

ഷൈൻ: അവൾക്ക് എന്നെ വിവാഹം കഴിക്കണം അതിനു വേണ്ടി..

വിഷ്ണു: ഒന്ന് തെളിച്ച് പറ ഷൈൻ..

ഷൈൻ സംഭവിച്ചതെല്ലാം വീണ്ടും അവരോട് പറഞ്ഞു..

അരവിന്ദ്: ഓഹോ.. അപ്പോ പ്രതികാരം ആണ് അവളുടെ ലക്ഷ്യം അല്ലേ..

ഷൈൻ: ഏയ്.. പ്രതികാരം ഒന്നും അല്ലടാ.. അവള് പാവം.. അവക്കിപ്പഴും എന്നോട് ഇഷ്ടം ആണെടാ.. ഞാൻ അവളോട് ചെയ്ത തെറ്റിന് ഇങ്ങനെ ഒരു പ്രായശ്ചിത്തം ചെയ്യാൻ പറ്റുമെങ്കിൽ അതല്ലെടാ നല്ലത്.. അതാ ഞാൻ വേറൊന്നും നോക്കാതെ ഈ വിവാഹത്തിന് സമ്മതിച്ചത്…

ആൻഡ്രൂ: അപ്പോ അന്ന…

ഷൈൻ: അന്നയെ എനിക്ക് ഇഷ്ടം ആയിരുന്നു.. ഞാൻ നിഷേധിക്കുന്നില്ല.. പക്ഷേ ദിയ.. അവളെ എനിക്കിനിയും കണ്ടില്ലാന്നു നടിക്കാൻ ആവില്ല… അന്നയോട് ഞാൻ ഒന്നും പറയാത്തത് നന്നായി.. ഇല്ലെങ്കിൽ എല്ലാം കയ്യീന്ന് പോയേനെ…

അരവിന്ദ്: ദിയയോട് ഇങ്ങനെ ഒരു പ്രായശ്ചിത്തം ചെയ്യാൻ ആണെങ്കിൽ നിനക്കത് മുന്നേ ആകാമയിരുന്നല്ലോ..

ഷൈൻ: ശരിയാണ് .. ഞാൻ അതിനു ശ്രമിച്ചതും ആണ്… പക്ഷേ അവളുടെ മുന്നിൽ പോകാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.. ഇത്രയും കാലത്തിനും അപ്പുറം അവള് എനിക്ക് വേണ്ടി കാത്തിരുന്നു എന്ന് പറയുന്നത് തന്നെ എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല… എന്നെ ഇത്രയധികം സ്നേഹിക്കുന്ന അവളെ ആണ് ഞാൻ അന്ന് തള്ളി പറഞ്ഞത് എന്നോർക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു…

ആൻഡ്രൂ: നീ അത് വിട്‌.. ഇപ്പൊ സംഭവങ്ങൾ ഒക്കെ കലങ്ങി തെളിഞ്ഞല്ലോ.. ഇനി നിനക്ക് കുറ്റബോധവും വേണ്ട നിന്നെ ആദ്യമായി ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടുകയും ചെയ്യാം…

അരവിന്ദ്: അതെ..

ഷൈനും മനസ്സിൽ സ്വപ്നങ്ങൾ കാണാൻ തുടങ്ങി.. സത്യത്തിൽ തന്റെ മനസ്സിൽ അന്നയോട് തോന്നിയതിനേക്കാൾ മേലെ ആയിരുന്നു ദിയയോട് ഉള്ള സ്നേഹവും അവളോട് ചെയ്ത തെറ്റിനുള്ള കുറ്റബോധവും എന്ന് ഷൈൻ തിരിച്ചറിഞ്ഞു…

ആൻഡ്രൂ പറഞ്ഞ പോലെ എല്ലാം കലങ്ങി തെളിയാൻ പോകുന്നു… കുറെ ഏറെ കാര്യങ്ങൾ ഉണ്ട് ചെയ്ത് തീർക്കാൻ.. ആദ്യം വേണ്ടത് ദിയയോട് ഒന്ന് നേരിൽ കണ്ട് എല്ലാം തുറന്ന് പറഞ്ഞ് ആ ഭാരം മനസ്സിൽ നിന്നും ഒഴിവാക്കണം.. അവളുടെ നമ്പർ കയ്യിലില്ല.. സാരമില്ല അർജുന്റെ നമ്പർ ഉണ്ടല്ലോ അവൻ വഴി വാങ്ങിക്കാം എന്ന് ഷൈൻ മനസ്സിൽ ഓർത്തു…

അങ്ങനെ നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവർ പിരിയാൻ തീരുമാനിച്ചു.. എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി.. 🌀🌀🌀🌀🌀🌀🌀🌀🌀

ഷൈൻ വീട്ടിൽ എത്തിയതും ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു.. ഷൈനിന് ഇപ്പോഴും അവരെ എല്ലാം ഫേസ് ചെയ്യാൻ ചെറിയ ഒരു ചമ്മലും ബുദ്ധിമുട്ടും ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ ഷൈൻ നേരെ മുകളിലെ തന്റെ മുറിയിലേക്ക് നടന്നു… ഷൈൻ പോകാൻ ഒരുങ്ങിയതും പപ്പ അവനെ വിളിച്ചു…

പപ്പ: ഷൈൻ…

ഷൈൻ പെട്ടന്ന് തന്നെ നിന്ന് തിരിഞ്ഞു നോക്കി…

പപ്പ: ഇവിടെ വാ…

ഷൈൻ പതുക്കെ നടന്ന് പപ്പയുടെ അടുത്തേക്ക് ചെന്നു… ഷൈൻ അടുത്തെത്തിയതും അദ്ദേഹം സോഫയിൽ നിന്നും എഴുന്നേറ്റു…

പപ്പ: ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതിലും പെരുമാറിയതിലും നിനക്ക് വിഷമം ഉണ്ടോ..??

ഷൈൻ: എന്താ പപ്പാ അങ്ങനെ ചോദിച്ചത്..??

പപ്പ: ആരോ വന്ന് എന്തോ പറഞ്ഞതിന്റെ പേരിൽ ഞാൻ നിന്നെ ക്രൂശിച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടോ..??

ഷൈൻ: പപ്പാ.. രണ്ട് വർഷം മുന്നേ ആണ് ഇത് നടന്നത് എങ്കിൽ ഒരുപക്ഷേ ഈ സമയത്ത് ഞാൻ ഈ വീട്ടിൽ ഉണ്ടാകുമായിരുന്നില്ല… പപ്പയോടും എല്ലാവരോടും ഉള്ള ദേഷ്യത്തിന്റെ പുറത്ത് ഞാൻ ഈ വീട് വിട്ടെ പോകുമായിരുന്നു… ഇത് വരെ ഉള്ള എന്റെ ജീവിതത്തിൽ പപ്പ പറഞ്ഞ പോലെ എന്റെ സ്വന്തം ഇഷ്ടം നോക്കിയാണ് ഞാൻ ജീവിച്ചത്.. നിങ്ങൾക്ക് ആർക്കും ദ്രോഹം അല്ലാതെ നന്മകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല…

ചേച്ചി: എന്നാലും എന്റെ ഷൈനെ നീ എന്തൊരു മണ്ടൻ ആണ്..??

ഷൈൻ: അതെന്താ നീ അങ്ങനെ പറഞ്ഞത്..??

ചേച്ചി: പിന്നെ.. ഇത്രേം സുന്ദരിയായ ഒരു കൊച്ചിനെ വേണ്ട എന്ന് പറഞ്ഞല്ലോ…

ഷൈൻ: അല്ല.. അത് പിന്നെ..

അമ്മച്ചി: അവര് ഇരട്ട കുട്ടികൾ ആണെല്ലേടാ…

ഷൈൻ: അതെ അമ്മച്ചി.. മായയും ദിയയും.. അതിൽ മായക്ക്‌ സംസാരിക്കാൻ കഴിയില്ല..

അമ്മച്ചി: അതാ കുട്ടീടെ അച്ഛൻ പറഞ്ഞു..

ഷൈൻ: ഹോ..

ചേച്ചി: ഇനി കല്ല്യാണം കഴിഞ്ഞാൽ നിനക്ക് രണ്ടുപേരെയും തമ്മിൽ മാറി പോകുമോ..??

അതിനു മറുപടിയായി ഷൈൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്… പക്ഷേ തമ്മിൽ മാറി പോകില്ല എന്ന് ഷൈനിന് ഒരു വിശ്വാസം ഉണ്ടായിരുന്നു.. കാരണം വേറൊന്നും അല്ല.. പണ്ട് സ്കൂളിൽ ലൈബ്രറിയിൽ വച്ച് ദിയക്ക്‌ ഷോക് അടിച്ച ആ ദിവസം അന്ന് അരിഞ്ഞിട്ടൊന്നും അല്ലെങ്കിലും ദിയക്ക്‌ സിപിആർ കൊടുക്കുന്ന സമയത്ത് അവളുടെ ഇടത് നെഞ്ചിൽ ഒരു ഹാർട്ട് ടാറ്റൂ കണ്ടിരുന്നു… ഒറ്റനോട്ടത്തിൽ കാണുന്ന രീതിയിൽ ഒന്നും അല്ലെങ്കിലും അന്ന് അത് ഷൈൻ കണ്ടിരുന്നു…

ഷൈൻ: ഏയ്.. ഞാൻ പെട്ടന്ന്…

അളിയൻ: ഹും… മനസ്സിലാകുന്നുണ്ട്…

ഷൈൻ അതിനും മറുപടിയായി ചിരിക്കുക മാത്രം ആണ് ചെയ്തത്… ഇൗ ഇടക്ക്‌ ചിരി ഇത്തിരി കൂടുന്നുണ്ട്…

ഭക്ഷണം ഒക്കെ കഴിഞ്ഞ് ഫാമിലിയും കൂടെ അൽപ നേരം ഇരുന്ന ശേഷം ഷൈൻ കിടക്കാനായി മുറിയിലേക്ക് പോയി.. മനസ്സിൽ നല്ല സമാധാനം ഉള്ള പോലെ ഷൈനിന് തോന്നി.. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഷൈൻ ഉറക്കത്തിലേക്ക് വീണു… 🌀🌀🌀🌀🌀🌀🌀🌀🌀

ഇന്നേരം റൂമിൽ കാര്യമായി എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു ദിയ… പതിവിനും വിപരീതമായി മായക്ക്‌ പകരം ദിയയാണ് ആലോചിച്ച് ഇരിക്കുന്നത്…

മുറിയിലേക്ക് കയറി വന്ന മായ കാണുന്നത് കൂലങ്കഷമായി എന്തോ ഓർത്ത് അന്തം വിട്ടിരുന്നു ദിയയെ ആണ്… മായ നേരെ ചെന്ന് ദിയയുടെ തോളിൽ കൈ വച്ച് വിളിച്ചു…

മായ: എന്താ നീ ആലോചിക്കുന്നത്..??

ദിയ: ഷൈനിനെ കുറിച്ച്…

മായ: പ്ലാൻ എന്താ പെട്ടന്ന് മാറ്റിയത്..?? എന്തിനാ ഗർഭിണിയല്ല എന്ന് പറഞ്ഞത്..??

ദിയ: അത് അത്ര നല്ല ഒരു മൂവ്മെന്റ് ആകില്ല എന്ന് തോന്നി… ഇപ്പൊ സയന്‍സ് ഒക്കെ ഒരുപാട് വളർന്ന കാലം അല്ലേ.. അതുകൊണ്ട് സേഫ് ഇതാണ്…

മായ: എന്തായാലും നീ പ്ലാൻ ചെയ്ത പോലെ തന്നെ നടന്നല്ലോ.. ഇനി എന്താ അടുത്ത പരിപാടി…

ദിയ: കല്യാണം….

മായ: അവിടെയും ഒരു പ്രശനം ഉണ്ടല്ലോ…

ദിയ: എന്ത് പ്രശനം..???

മായ: നമ്മൾ രണ്ട് മതക്കാർ അല്ലേ.. അപ്പോ ഏത് രീതിയിൽ ഉള്ള കല്ല്യാണം ആണ് ചൂസ്‌ ചെയ്യേണ്ടത്..?? ക്രിസ്റ്റ്യൻ സ്റ്റൈൽ ഓർ ഹിന്ദു സ്റ്റൈൽ…

ദിയ: രണ്ടും… പക്ഷേ ആദ്യം അവരുടെ സ്റ്റൈലിൽ തന്നെ വേണം… മനസമ്മതം ചോദിച്ചുള്ള കല്യാണം….

ദിയ വിദൂരതയിലേക്ക് നോക്കി ഉറച്ച ലക്ഷ്യത്തോടെ ആണ് അത് പറഞ്ഞത്…

മായ: അപ്പോ നീ പ്ലാൻ ചെയ്യുന്നത് മനസമ്മതത്തിന് നോ പറയാൻ ആണോ…

അതിനു മറുപടിയായി ദിയ തിരിഞ്ഞ് നിന്ന് മായയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

ദിയ: കിടക്കാൻ നോക്ക്… സമയം ഒരുപാടായി…

അത്രേം പറഞ്ഞ് ദിയ ബെഡിൽ കയറി കിടന്നു… മായ അപ്പോഴും ഒന്നും മനസ്സിലാകാതെ അന്തം വിട്ട് അവിടെ നിന്നു… കുറച്ച് കഴിഞ്ഞപ്പോൾ അവളും ദിയയുടെ കൂടെ കയറി കിടന്നു… 🌀🌀🌀🌀🌀🌀🌀🌀🌀🌀

അതിരാവിലെ പതിവിലും സന്തോഷത്തോടെ ആണ് ഷൈൻ എഴുന്നേറ്റത്…

എന്താണെന്ന് അറിയില്ല ഷൈനിന്റെ മുഖത്ത് നല്ല തെളിച്ചം ഉണ്ട്… ഉള്ളിൽ ഭയങ്കര സന്തോഷവും…

നേരെ പോയി കുളിച്ചു റെഡി ആയി ഡ്രസ്സ് ഒക്കെ മാറി കുട്ടപ്പനായി താഴേക്ക് ചെന്നു…

പപ്പ സോഫയിൽ പതിവ് പോലെ പത്രം വായിച്ച് ഇരിക്കുന്നുണ്ട്… അളിയൻ കോളജിൽ പോയിക്കാണും.. അമ്മച്ചിയും ചേച്ചിയും പിന്നെ അടുക്കളയിൽ ആവുമല്ലോ…

ഷൈൻ: ഗുഡ് മോണിംഗ് പപ്പാ…

പപ്പ: ഗുഡ് മോണിംഗ്… എന്തൊക്കെ ഇന്ന് പ്രോഗ്രാം…

ഷൈൻ: പ്ലാൻ ചെയ്ത പ്രോഗ്രാം ഒന്നും ഇല്ല.. പിന്നെ മൂന്ന് മണിക്ക് നമ്മുടെ ഡൽഹിയിൽ ഉള്ള ആ ക്ലൈന്റും ആയി ഒരു വീഡിയോ കോൺഫറൻസ് ഫിക്സ് ചെയ്തിട്ടുണ്ട്…

പപ്പ വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു..

പപ്പ: ഒകെ.. ഗുഡ്…

അപ്പോഴേക്കും അമ്മച്ചി ബ്രേക് ഫാസ്റ്റ്റും ആയി എത്തിയിരുന്നു… ഇടിയപ്പവും മുട്ടക്കറിയും ആയിരുന്നു… ഇടിയപ്പം കണ്ടപ്പോൾ തന്നെ ഷൈൻ ആൻഡ്രുവിനെയും പഴയ കാര്യങ്ങളും ഒക്കെ ആണ് ഓർത്തത്…

അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു ചെറു പുഞ്ചിരി ചുണ്ടത്ത് വിരിഞ്ഞു… വളരെ സന്തോഷത്തോടെ ഷൈൻ ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തു… രണ്ട് ഇടിയപ്പം കൂടി പ്ലേറ്റിൽ ഇടാൻ പോയ അമ്മച്ചിയോട് വളരെ സ്നേഹത്തോടെ ഷൈൻ വേണ്ടെന്ന് പറഞ്ഞു…

ഷൈൻ മുറ്റത്തേക്ക് ഇറങ്ങിയപ്പൊഴേക്കും ഡ്രൈവർ കുമാരേട്ടൻ വണ്ടി ഒക്കെ കഴുകി തുടച്ച് റെഡി ആക്കി ഇട്ടിരുന്നു…

ഷൈൻ: കുമാരേട്ടാ പോവാം…

കുമാരൻ: പോകാം കുഞ്ഞേ…

ഷൈനിന്റെ മുഖത്തെ രക്തപ്രസാദം കുമാരേട്ടനെ പോലും അൽഭുതപ്പെടുത്തിയിരുന്നു..

ഷൈൻ വണ്ടിയിൽ കയറിയതും കുമാരൻ വണ്ടി മുന്നോട്ടെടുത്തു…

ഷൈൻ പോയപ്പോൾ പാത്രങ്ങൾ എടുത്തു കൊണ്ടിരുന്ന അമ്മച്ചിയുടെ അടുത്തേക്ക് ചെന്ന് ഷൈനിന്റെ പപ്പ ചോദിച്ചു..

പപ്പ: അവന് നല്ല മാറ്റം കാണുന്നുണ്ട്.. അല്ല്യോ ടി…

അമ്മച്ചി: നേരാ.. നല്ല സന്തോഷം ഉണ്ടെന്ന് മുഖം കണ്ടാൽ അറിയാം.. നമ്മളെ പേടിച്ചല്ലെ അവൻ ആ കൊച്ചിനോട് ഒഴിഞ്ഞു മാറി നിന്നത്.. ഇപ്പൊ എല്ലാം ശരിയായതിൻെറ സന്തോഷം ആയിരിക്കും…

പപ്പ: ഹും….. 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഓഫീസിൽ എത്തിയതും ഷൈൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ ഉള്ളിലേക്ക് നടന്നു..

റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഷൈനിന് ഗുഡ് മോണിംഗ് പറഞ്ഞു.. ഷൈനും തിരിച്ച് ഒരു ഗുഡ് മോണിംഗ് പറഞ്ഞ് കണ്ണടച്ച് കാണിച്ചു…

ഷൈൻ നേരെ ചെന്നത് ആൻ‌ഡ്രുവിന്റെ കാബിനിലേക്ക്‌ ആണ്… അത് കാലിയായിരുന്നു.. ഇവൻ ഇനിയും വന്നില്ലേ… ഷൈൻ നേരെ തന്റെ കാബിനിലേക്ക്‌ നടന്നു…

ചെയറിൽ ഇരുന്ന് ഫോൺ എടുത്ത് പിന്റോയെ വിളിച്ചു…

പിന്റോ: ഗുഡ് മോണിംഗ് ഷൈൻ…

ഷൈൻ: മോണിംഗ് പിന്റോ.. come to my cabin….

ഒട്ടും വൈകാതെ പിന്റോ അങ്ങോട്ട്‌ എത്തി….

പിന്റോ: ഷൈൻ…

ഷൈൻ: .. എന്തൊക്കെയാണ് ഇന്നത്തെ ഷെഡ്യൂൾസ്‌..??

പിന്റോ: ഈവനിംഗ് ഒരു വീഡിയോ കോൺഫറൻസ് ഒഴിച്ചാൽ നതിങ്…

ഷൈൻ: ഓകെ… പിന്റോ

പിന്റോ: ആ.. പിന്നെ.. എൻഗേജ്മെന്റ് കഴിഞ്ഞു എന്നറിഞ്ഞു…

ഷൈൻ: ഹേ.. അതാരു പറഞ്ഞു…

പിന്റോ: സ്പ്രെഡ് ചെയ്തത് ആരാണെന്ന് അറിയില്ല.. പക്ഷേ ഓഫീസിൽ അങ്ങനെ ഒരു സംസാരം ഉണ്ട്.. ശരിയാണോ…

ഷൈൻ: ആ.. ഏറെ കുറെ.. തൽകാലം താൻ ഒഫിഷ്യൽ ആയി ആരോടും പറയണ്ട… പിന്നെ ആൻഡ്രൂ വന്നാൽ എന്നെ വന്നൊന്ന് കാണാൻ പറ…

പിന്റോ: ഓകെ ഷൈൻ.. കൺഗ്രാട്ട്‌സ്..

ഷൈൻ: താങ്ക്സ്..

അങ്ങനെ പിന്റോ അവിടെ നിന്നും പോയി..

ഷൈൻ കാമറാ എടുത്ത് അന്നയുടെ സൈഡിലേക്ക് വെറുതെ ഒന്ന് നോക്കി.. അവള് ഇന്ന് പ്രസന്റ് ആയിരുന്നു.. പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ല… അവൾക്ക് ഭാഗ്യം ഇല്ല…

ഷൈൻ പതിയെ ചേയറിലേക്ക്‌ തല ചായ്ച്ച് തന്റെ കോളേജ് ലൈഫിനെ കുറിച്ച് ആലോചിച്ചു.. 🌀🌀🌀🌀🌀🌀🌀🌀🌀

എന്ത് രസമായിരുന്നു അന്നൊക്കെ… ശരിക്കും പ്രാന്തായിരുന്നു… എന്തൊക്കെയായിരുന്നു… പ്രതികാരം.. ബോക്സിങ്.. ഫൈറ്റിങ്.. പ്രണയം… ചീറ്റിങ്…

ഇപ്പൊ ഓർക്കുമ്പോ എല്ലാം വളരെ ബാലിശമായി തോന്നുന്നു… പപ്പ പറഞ്ഞത് വളരെ ശരിയാണ്.. വിശ്വാസ വഞ്ചനെയാക്കാൾ വലിയ പാപം മറ്റൊന്നും ഇല്ല… അത് നേരിട്ട് അനുഭവിച്ച ഞാൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…

മനസ്സ് കൊണ്ട് അവളെ ഇഷ്ടമായിരുന്നിട്ട്‌ കൂടി അന്ന് അങ്ങനെ പറഞ്ഞു… ചതി… എന്നിട്ടും അവള്.. എന്റെ ദിയ… എനിക്ക് വേണ്ടി ഇത്രയും നാൾ കാത്തിരുന്നു…

എനിക്ക് വേണ്ടിയാണ് അവള് ഈ നാടകം മുഴുവൻ കളിച്ചത്… എല്ലാവരുടെയും മുന്നിൽ വിഡ്ഡിവേഷം കെട്ടിയത്… എന്നിട്ടും ഞാൻ ചെയ്ത യദാർത്ഥ തെറ്റ് അവള് എല്ലാവരിൽ നിന്നും മറച്ചു വെച്ചു.. എന്നെ സംരക്ഷിക്കാൻ… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈൻ ഓർമകളിൽ നിന്നും മുക്തനായി… മുന്നേ അവർ തമ്മിൽ ഒരുമിച്ച് നിന്ന് എടുത്തിരുന്ന ഒരു സെൽഫി ഫോണിൽ ഇപ്പോഴും ഉണ്ടായിരുന്നു… ഷൈൻ അത് തന്നെ നോക്കി നിൽക്കുകയാണ്… അന്ന് ലൈബ്രറിയിൽ വച്ച് എടുത്തതാണ്…

അതേ… അവളോട് സംസാരിക്കാൻ ആഗ്രഹം തോന്നുന്നുണ്ട്… അന്നത്തെ മണ്ടതരത്തിന് നമ്പർ ഡിലീറ്റ് ചെയ്ത് കളഞ്ഞു… അർജുന്റെ നമ്പർ ഉണ്ട് കയ്യിൽ… ഷൈൻ അർജുന് കാൾ ചെയ്തു…

അർജുൻ: ഹലോ…

ഷൈൻ: ഞാനാണ്… ഷൈൻ…

അർജുൻ: മനസ്സിലായി ഷൈൻ….

ഷൈൻ: ദിയയുടെ വീട്ടിൽ വച്ച് കണ്ടപ്പോൾ നിന്റെ മുഖത്ത് നല്ല കുറ്റ ബോധം ഉണ്ടായിരുന്നു… നിനക്കെങ്കിലും എന്നോട് എല്ലാം പറയാമായിരുന്നു….

അർജുൻ: പറയണം എന്ന് ഞാൻ കരുതിയതാണ് ഷൈൻ.. പക്ഷേ ദിയ.. അവളാണ് പറഞ്ഞത് വേണ്ട എന്ന്…

ഷൈൻ: അതൊക്കെ പോട്ടെ.. ഇനി പറഞ്ഞിട്ടെന്താ… നീ എനിക്ക് ഒരു ഹെൽപ് ചെയ്യണം..

അർജുൻ: എന്ത് ഹെല്പ്..??

ഷൈൻ: ദിയയുടെ നമ്പർ എനിക്കൊന്നു സെന്റ് ചെയ്ത് തരണം..

അർജുൻ: ഹും.. ശരി…

ഷൈൻ: ശരി ടാ…

ഷൈൻ ഫോൺ കട്ട് ചെയ്തു… ഒന്ന് രണ്ടു മിനിറ്റിനുള്ളിൽ തന്നെ അർജുൻ ദിയയുടെ നമ്പർ അയച്ചു കൊടുത്തു..

ഷൈൻ നേരെ നമ്പർ സേവ് ചെയ്ത് ദിയക്ക്‌ വിളിച്ചു…

ദിയ: ഹലോ…

ഷൈൻ: ദിയ.. ഞാനാണ് ഷൈൻ…

ദിയ: മനസ്സിലായി… പറഞ്ഞോളൂ ഷൈൻ..

ഷൈൻ: ദിയ എനിക്ക് തന്നെ ഒന്ന് കാണണം…

ദിയ: എന്തിന്..??

ഷൈൻ: ഒന്ന് നേരിൽ കണ്ട് സംസാരിക്കണം… നമുക്ക് ഇടയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതിപ്പോ തന്നെ പറഞ്ഞ് തീർക്കുന്നതല്ലെ നല്ലത്..??

ദിയ: അതിന്റെ ആവശ്യമില്ല ഷൈൻ… എന്റെ ഉള്ളിൽ ഒന്നും ഇല്ല… ഷൈനിന് കുറ്റബോധം ഉണ്ടെങ്കിൽ അതെന്റെ തെറ്റല്ല…

ഷൈൻ: താൻ എന്താ ഇങ്ങനെ ഹാർഷ് ആയി സംസാരിക്കുന്നത്.. ഇപ്പോഴും എന്നോട് ദേഷ്യമാണോ…??

ദിയ: ദേഷ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ കല്ല്യാണത്തിന് സമ്മതിക്കിലല്ലോ…

ഷൈൻ: ഹും.. എന്റെ നമ്പർ ഉണ്ടായിട്ടും എന്താ ഇത്രേം കാലം വിളിക്കാതെയും കാണാതെയും ഇരുന്നത്…

ദിയ: വിളിക്കാൻ തോന്നിയില്ല.. ഇപ്പോഴാണ് അതിനു സമയം ആയത് എന്ന് തോന്നി… പിന്നെ കാണാതെ ഇരുന്നു എന്ന് പറയാൻ പറ്റില്ല… ഞാൻ കാണുന്നുണ്ടായിരുന്നു.. തന്റെ ഓരോ വളർച്ചയും.. വിജയവും… എല്ലാം…

ഷൈൻ: ഹോ…

ദിയ: ഞാൻ പിന്നെ വിളിക്കാം ഇപ്പൊ കുറച്ച് തിരക്കിൽ ആണ്…

ഷൈൻ: ഓകെ ദിയ…

ദിയ തന്നെ ഫോൺ കട്ട് ചെയ്തിരുന്നു…

“അവളുടെ ഉള്ളിൽ ഇപ്പോഴും ചെറിയ ഒരു നീരസം കിടക്കുന്നുണ്ട്.. സാരല്ല കല്ല്യാണം ഒന്ന് കഴിയട്ടെ… ശരിയാക്കി കൊടുക്കാം…”

ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!