ഗ്രാൻഡ് മാസ്റ്റർ
ട്രെയിനിലെ എയർ കണ്ടീഷൻ ചെയ്ത കോച്ചിൽ ആരും തന്നെയില്ല.. ഇനിയും മൂന്ന്
മണിക്കൂറെടുക്കും, കൊച്ചിയിൽ എത്താൻ’ പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് നോക്കിക്കൊണ്ട് സിദ്ധാർഥൻ ഓർത്തു…
കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളൊക്കെ വായിച്ച് തീർത്തു… അവൻ ഷൂസ് അഴിച്ച്, കാലുകൾ എതിരേയുള്ള സീറ്റിലേക്ക് കയറ്റി വെച്ചുകൊണ്ട് ഗ്ലാസ്സിട്ട ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു…
പെട്ടെന്നാണ്, ആഷ് കളർ കോട്ടും സൂട്ടുമിട്ട, കണ്ണുകളിൽ രൗദ്ര ഭാവമുള്ള ഒരു മദ്ധ്യവയസ്കൻ, സിദ്ധാർത്ഥന്റെ അഭിമുഖമായി അവൻ കാല് വെച്ചിരുന്നതിന്റെ അടുത്ത സീറ്റിൽ വന്നിരുന്നത്…..
ചുവന്ന ചോര കണ്ണുകളോ , ചുണ്ടിൽ എരിയുന്ന സിഗരറ്റോ , കണ്ണ് മൂടുന്ന കറുത്ത കൂളിംഗ് ഗ്ലാസ്സുകളോ ഇല്ല.. പക്ഷെ ആ നോട്ടത്തിൽ അടങ്ങിയിരിക്കുന്ന തീപ്പൊരികൾ , അതിന്റെ ശര വേഗം, എന്തിനെയും ഏതിനെയും പിളർന്നു കയറുന്ന മൂർച്ച…
അവൻ അയാളെ ഒന്ന് നോക്കിയിട്ട് വീണ്ടും പാഞ്ഞ് പോകുന്ന ങ്ങുകളിലേക്കും ഇലക്ട്രിക് പോസ്റ്റുകളിലേക്കും തിരിഞ്ഞു….
പക്ഷേ എന്തോ ഒരസ്വസ്ഥത അവന് തോന്നി….
അവൻ ഇടക്കണ്ണിട്ട് എതിരെ വന്നിരുന്ന മനുഷ്യനെ നോക്കി… അയാൾ തന്നെത്തന്നെ നോക്കുകയാണ്…
അവൻ ശ്രദ്ധിക്കാത്ത മട്ടിലിരുന്നു…..
പക്ഷേ കുറേയേറെ കഴിഞ്ഞിട്ടും അയാൾ തന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാ തായപ്പോൾ
സിദ്ധാർത്ഥിന് ദേഷ്യം വന്നു…
“ഹേയ് എന്താണ് നിങ്ങളുടെ പ്രശ്നം. എന്തിനാണ് നിങ്ങൾ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത്” അവൻ അയാളോട് ചോദിച്ചു..,.
“എയ് ഒന്നും ഇല്ല ഞാൻ വെറുതെ ഓരോന്ന് ആലോചിക്കുകയാണ്…” മദ്ധ്യവയസ്കൻ പതുക്കെ പറഞ്ഞു…
“എന്ത്?”
“ഇല്ല… ഒന്നുമില്ല.” പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത പോലെ അയാൾ പറഞ്ഞു….
“തന്നെക്കൊണ്ട് അത് സാധിക്കില്ല.”
“എന്ത് സാധിക്കില്ലാ എന്ന്?”
അയാൾ ഒന്നും മിണ്ടിയില്ല…
അവൻ ചോദ്യം ആവർത്തിച്ചു…
“വിട്ട് കളാ” അയാൾ കൈ കൊണ്ട് ആംഗ്യം കാട്ടിയിട്ട് പറഞ്ഞു…
സിദ്ധാർത്ഥന് അരിശം കൂടി. ” എന്തായാലും ഒന്ന്
പറയ് , എന്താണ് താങ്കളുടെ പ്രശ്നം…!”
മദ്ധ്യവയസ്കൻ ഒരു നിമിഷം സിദ്ധാർത്ഥനെ സൂക്ഷിച്ച് നോക്കിയ ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു, “ഒരാളെ കൊല്ലാൻ.”
ഒരു തമാശ കേട്ട പോലെ സിദ്ധാർത്ഥൻ പുഞ്ചിരിച്ചു…….
“ങും? പറ്റുമോ?”
“ആരെയാണ് കൊല്ലേണ്ടത്?” സിദ്ധാർത്ഥൻ പുഞ്ചിരിച്ച് കൊണ്ട് തന്നെ ചോദിച്ചു…
എന്റെ ജീവിതം നശിപ്പിച്ച ഒരാളെ…
“നിങ്ങളുടെ ശത്രുവിനെ ഞാനെന്തിനാ കൊല്ലുന്നത്…?”
“വെറുതേ വേണ്ട… ഇരുപത് ലക്ഷം രൂപ തരാം…
മദ്ധ്യവയസ്കൻ ഗൗരവമായി തന്നെ പറഞ്ഞു…
“നിങ്ങൾക്ക് തന്നെ അത് ചെയ്താലെന്താ…?”
എന്നെ ആശ്രയിച്ച് ഒരുപാട് പേര് ജീവിക്കുന്നുണ്ട്…
എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരുടെ കാര്യം കഷ്ട്ടത്തിലാവും.
“എന്താണ് താങ്കൾ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..?” സിദ്ധാർത്ഥൻ അയാളോട് തിരിച്ച് ചോദിച്ചു…
“ഞാനൊരു കോൺട്രാക്ടറാണ്.” മദ്ധ്യവയസ്കൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു, “എന്താണ് തന്റെ പേര്…?”
“ഞാൻ സിദ്ധാർത്ഥൻ” അവൻ കൈ കൊടുത്തു..
മദ്ധ്യവയസ്കൻ സിദ്ധാർത്ഥന്റെ കയ്യിലെ മോതിരം ശ്രദ്ധിച്ചു…
സിദ്ധാർത്ഥ് എന്ത് ചെയ്യുന്നു…?
“ കംപ്യൂട്ടർ ഗ്രാഫിക്ക് ഡിസൈനർ ചെയ്ത് കൊണ്ടിരിക്കുകയാണ്.”
“കൊള്ളാം നല്ല ജോലിയാണ് , ഒരു പാട് തൊഴിൽ സാധ്യത ഉള്ള ജോലിയാണ്” അയാൾ വീണ്ടും അവന്റെ കയ്യിലെ മോതിരത്തിലേക്ക് നോക്കി…
പിന്നെ ഒന്ന് മടിച്ചിട്ട് ചോദിച്ചു, “ആ മോതിരം ഒന്ന് കാണിക്കാമോ…?”
സിദ്ധാർത്ഥൻ കൈ വീണ്ടും നീട്ടി…
അയാൾ അവന്റെ വിരലിലെ മോതിരം പരിശോധിച്ചു… “ഇതെവിടുന്നാണ്…?”
“അച്ഛൻ തന്നതാണ്. ചോള രാജാകുടുംബത്തിന്റെ ആയിരുന്നു… വളരെ പഴയതാണ്…. ഇട്ടതിന് ശേഷം ഊരിയിട്ടേ ഇല്ല….” സിദ്ധാർത്ഥൻ തെല്ലൊരഭിമാനത്തോടെ പറഞ്ഞു….
“തന്റെ അച്ഛനിതെവിടുന്നു കിട്ടി?”
“അച്ഛന് ഒരു ആർട്ട് ഡീലർ കൊടുത്തതാണ് ”
“ആർട്ട് ഡീലറോ? എന്ന് വെച്ചാൽ?”
“ഈ പെയ്ന്റിംഗ്, കരകൗശല വസ്തുക്കൾ പുരാവസ്തുക്കൾ ഒക്കെ വാങ്ങുകയും വില്ക്കുകയും ചെയ്യുക, എക്സിബിഷൻ സംഘടിപ്പിക്കുക, പുതിയ ആർട്ടിസ്റ്റുകളെ പരിചയപ്പെടുത്തുക…”
അയൾ ഒരു നിമഷത്തെ മൗനത്തിന് ശേഷം വീണ്ടും ചോദിച്ചു , തന്റെ വീട്ടിൽ ആരൊക്കൊയുണ്ട്…?
“അച്ഛനും അമ്മയും ഞാനും മാത്രം. താങ്കളുടെ…?”
അയാൾ അതിനുത്തരം പറഞ്ഞില്ല. സംഭാഷണം മുറിച്ച് മുഖം കുനിച്ചിരുന്നു…
സിദ്ധാർത്ഥൻ അയാളോട് പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.. പക്ഷേ അയാളുടെ ഓഫർ അവന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു…. അവനത് ഓർക്കാതിരിക്കാൻ ശ്രമിച്ചു… പക്ഷെ കഴിഞ്ഞില്ല. ‘ആരെയായിരിക്കും..? എങ്ങിനെയായിരിക്കും..? ചോദിച്ച് നോക്കാം…
മദ്ധ്യവയസ്കൻ അപ്പോഴും താഴേക്ക് നോക്കി ഇരിക്കുകയായിരുന്നു…
‘ചിലപ്പൊ അത് ഒരു തമാശയായിരിക്കും.’ സിദ്ധാർത്ഥൻ വിചാരിച്ചു. ‘പക്ഷേ അയാൾ ഗൗരവമായാണല്ലോ അത് പറഞ്ഞത്. ഒരു കാഞ്ചി വലിച്ചാൽ മാത്രം മതി… ഇരുപത് ലക്ഷം രൂപ… അയാൾ പറഞ്ഞപോലെ ഒരു പരിചയവുമില്ലാത്ത ഒരാളെ ആർക്കും സംശയിക്കാനും സാധിക്കില്ല.
അതിനെക്കുറിച്ച് സിദ്ധാർത്ഥൻ കാര്യമായി ചിന്തിച്ചു തുടങ്ങിയത് അവനെത്തന്നെ അത്ഭുതപ്പെടുത്തി…
ട്രെയിൻ അപ്പോഴും പാഞ്ഞുകൊണ്ടിരുന്നു…
“അയാളെന്റെ മകനെ കൊന്നില്ലായിരുന്നുവെങ്കിൽ, ഇപ്പൊ അവൻ തന്റെയത്ര വലുതാകുമായിരുന്നു.”
മദ്ധ്യവയസ്കന്റെ ശബ്ദം കേട്ട് സിദ്ധാർത്ഥൻ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു..
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ചുണ്ടുകൾ വിറച്ചുകൊണ്ട് അയാൾ തുടർന്നു, “പതിനാറ് വർഷം , അവനെ ഓർത്ത് ഞാൻ കരയാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല…”
“ആര് കൊന്നില്ലായിരുന്നെങ്കിൽ?” സിദ്ധാർത്ഥൻ ആകാംക്ഷയോടെ ചോദിച്ചു…
എന്റെ അന്നത്തെ ബിസിനസ്സ് പാർട്ട്ണർ, എന്നെ ഒരു കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി മാത്രം…
ആ പറഞ്ഞത് മനസ്സിലാകാത്ത മട്ടിൽ സിദ്ധാർത്ഥൻ അയാളെ നോക്കി…
“വിശ്വസിക്കാൻ പറ്റുന്നില്ല, അല്ലേ? ഈ ലോകത്ത് അങ്ങിനേയും ആളുകൾ ഉണ്ട്.” അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് തുടർന്നു ,
“അവൻ മരിച്ചപ്പോൾ, ആ ഷോക്കിൽ കുറേ നാളുകൾ എനിക്ക് ഒന്നും ചെയ്യാനോ എവിടെയും പോകാനോ സാധിക്കാതെയായി.. ആ തക്കം കൊണ്ട് അയാൾ എല്ലാം കൈക്കലാക്കി… പിന്നീടാണ് ഞാനിതൊക്കെ അറിയുന്നത്.”
“എന്നിട്ട് താങ്കളൊന്നും ചെയ്തില്ലേ…?”
എന്റെ മകന്റെ പന്ത്രണ്ട് വയസ്സ് വരെയുള്ള ഓരോ ദിവസവും എനിക്കോർമ്മയുണ്ട്.. ആ ഓരോ ദിവസവും ഞാൻ ഓർത്ത് ദുഖിക്കുന്നുണ്ട്..
അയാൾക്കും ഒരു മകനുണ്ട്, അവനിപ്പോൾ ഇരുപത്തിനാല് വയസ്സായി.. ഞാൻ അനുഭവിച്ച വേദനയുടെ ഇരട്ടി അയാളനുഭവിക്കണം.. അതിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്…
അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞത് സിദ്ധാർത്ഥനെ സ്പർശിച്ചു…
മദ്ധ്യവയസ്കൻ തുടർന്നു, “എല്ലാം ഞാൻ വിദഗ്ദമായി പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്.. ഒരു കുഴപ്പവുമുണ്ടാവാത്ത രീതിയിൽ ഇനി അത് വിജയകരമായി നടപ്പിലാക്കാൻ ഒരാളെ കിട്ടിയാൽ മാത്രം മതി…”
സിദ്ധാർത്ഥൻ ഒന്നും മിണ്ടാതെ ശ്രദ്ധിച്ചിരുന്നു…
“ആരെങ്കിലും എന്നെ സഹായിക്കാൻ തയ്യാറാവുമായിരിക്കും.” ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു…
“ഒരു നിവൃത്തിയുമില്ലെങ്കിൽ ഒടുവിൽ അത് ഞാൻ തന്നെ ചെയ്യും.. ഇതിന് പ്രതികാരം ചെയ്തില്ലെങ്കിൽ എന്റെ മകന്റെ ആത്മാവ് എന്നോട് പൊറുക്കില്ല…”
“എന്താണ് പ്ലാൻ ചെയ്ത് വെച്ചിരിക്കുന്നത് ?” സിദ്ധാർത്ഥൻ ചോദിച്ചു…
അത് കേട്ട അയാളുടെ മുഖം പ്രകാശിച്ചു…
അയാൾ സിദ്ധാർത്ഥന്റെ മുഖത്തേക്ക് വിടർന്ന
കണ്ണുകളോടെ നോക്കി…
“നിങ്ങൾ രൂപ തരും എന്ന് എന്താണുറപ്പ്…?” സിദ്ധാർത്ഥൻ മടിച്ചുകൊണ്ട് വീണ്ടും ചോദിച്ചു…
“ഞാൻ തനിക്ക് അഡ്വാൻസ് തരും… ഘട്ടം ഘട്ടമായിട്ട്.
പൈസയല്ല എനിക്ക് വലുത്… സംഭവം ചെയ്ത് കഴിഞ്ഞാൽ ബാക്കിയും തീർച്ചയായും തരും…
“എങ്ങിനെ?”
പതിഞ്ഞ സ്വരത്തിൽ അയാൾ തുടർന്നു, “സിറ്റിയുടെ പുറത്തുള്ള പഴയ കാളീ ക്ഷേത്രത്തിലേക്കുള്ള വഴി അറിയാമോ..?”
സിദ്ധാർത്ഥൻ അറിയാമെന്ന് തലയാട്ടി…
ആ വഴി, ക്ഷേത്രത്തിലേക്ക് തിരിയാതെ, വീണ്ടും നേരേ പോവുക.. കുറച്ച് കഴിയുമ്പോ ടാറിട്ട വഴി തീരും.. പിന്നെ പൊട്ടിപ്പൊളിഞ്ഞ റോഡാണ്… ചുറ്റും ആളൊഴിഞ്ഞ സ്ഥലമാണ്, കുറച്ച് തെങ്ങും മരങ്ങളുമേ കാണൂ..
ഒരു അഞ്ചാറ് കിലോ മീറ്റർ ആ വഴി പോകുമ്പോ ചെറിയ ഓടിട്ട ഒരു പഴയ പമ്പ് ഹൌസിന്റെ മുമ്പിൽ ചെന്നത്തും.. പണ്ടവിടെ കൃഷി ഉണ്ടായിരുന്നപ്പൊ ഉപയോഗിച്ചിരുന്നതാണ്…
ആ പമ്പ് ഹൌസിന്റെ പുറകിലെ ചുമരിൽ, വലത് ഭാഗത്ത് താഴെ ഒരു ചുണ്ണാമ്പ് ഇഷ്ടിക ഇളകി ഇരുപ്പുണ്ടാവും.. അത് ഊരി മാറ്റിയാൽ, അതിന്റെ ഉള്ളിൽ ഒരു വെള്ള കടലാസ് കാണും…
സിദ്ധാർത്ഥൻ ശ്രദ്ധയോടെ ഇരുന്നു…
മദ്ധ്യവയസ്കൻ അവനെ സൂക്ഷിച്ച് നോക്കിക്കൊണ്ട് തുടർന്നു,
“ഈ വരുന്ന തിങ്കളാഴ്ച ഞാനാ കടലാസ്സെടുത്ത് നോക്കും.. അതിന്റെ വലത് ഭാഗത്ത് താഴത്തെ കോണ് കീറിക്കളഞ്ഞിട്ടുണ്ടെങ്കിൽ, തനിക്ക് ഇതിന് സമ്മതമാണെന്ന് ഞാൻ മനസ്സിലാക്കും.”
“പക്ഷേ ഞാൻ..” സിദ്ധാർത്ഥൻ ഇടക്ക് കയറി പറഞ്ഞു.. ഞാനത് ചെയ്യാമെന്ന് പറഞ്ഞില്ലല്ലോ….
അയാൾ അത് കേൾക്കാത്ത പോലെ പറഞ്ഞു, “ഫോണോ, ഈമെയിലോ ഒന്നും നമ്മൾ തമ്മിലുണ്ടാവില്ല. ഇനി നമ്മൾ തമ്മിൽ കാണുക പോലുമില്ല.. വേറേ ഒരു കുഞ്ഞുപോലും ഇതറിയരുത്.. എല്ലാ നിർദ്ദേശങ്ങളും ആ ഇഷ്ടികക്ക് പിന്നിലുണ്ടാവും.”
ട്രെയിൻ സ്റ്റേഷനിലേക്ക് കയറി…
അയാളെഴുന്നേറ്റൂ…….
“നന്നായിട്ട് ആലോചിച്ച് തീരുമാനിക്കൂ.”
എന്റെ ഹൃദയ വേദന താൻ മനസ്സിലാക്കിയിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു…
പോകനാഞ്ഞ അയാൾ ഒന്ന് നിന്നിട്ട് സിദ്ധാർത്ഥനോട് അവസാനമായി പറഞ്ഞു,
“താനൊരു നിഷ്കളങ്കനായ പാവം ചെറുപ്പക്കാരനാണ്.. ഒരു പക്ഷേ തനിക്ക് ഇത് ചെയ്യാനുള്ള ധൈര്യം ഇല്ലായിരിക്കും… പക്ഷേ താൻ എന്നോട് ഇത്രയും നേരം സംസാരിച്ച് എന്റെ ദു:ഖത്തിൽ പങ്കാളിയായില്ലേ എനിക്ക് അത് മതി, നന്ദിയുണ്ട്… തന്നെ ദൈവം അനുഗ്രഹിക്കട്ടെ”
രണ്ട് ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് താനതിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന് സിദ്ധാർത്ഥന് മനസ്സിലാക്കാൻ സാധിച്ചില്ല…
ഇരുപത് ലക്ഷം രൂപ തന്നെ സംബന്ധിച്ചടത്തോളം അത്ര വലിയ ഒരു തുകയല്ല.
ഒരു നേരം പോക്കിന് വേണ്ടി ഒരാളുടെ ജീവനെടുക്കണോ..? അതും ഒരു പരിചയവുമില്ലാത്ത ഒരുവന്റെ..? അയാൾ പറഞ്ഞത് ശരിയാണ്, ഒരു ബന്ധവുമില്ലാത്ത ഒരാൾ കൃത്യം ചെയ്യുമ്പോൾ പിടിക്കപ്പെടില്ല.. ശവം പോലും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നല്ലേ പറഞ്ഞത്
പക്ഷേ തന്നെക്കൊണ്ടതിന് സാധിക്കുമോ…?
ഇത്രയും നാൾ അച്ഛന്റെ തണലിൽ കഴിഞ്ഞതല്ലാതെ സ്വന്തമായി ഒന്നും ചെയ്തിട്ടില്ല… എന്തായാലും എത്രത്തോളം പോകുമെന്ന് നോക്കാം.. വേണ്ടെങ്കിൽ ഇടക്ക് വെച്ച് നിർത്താമല്ലോ….
പമ്പ് ഹൗസ് സിദ്ധാർത്ഥന്റെ മനസ്സിലുള്ളതിനേക്കാൾ വലുതായിരുന്നു…
ചുറ്റും കുറച്ച് മരങ്ങളും പുറകിൽ ഉണങ്ങിയ വയലും. അയാൾ കണ്ടു പിടിച്ച സ്ഥലം കൊള്ളാം, അവൻ കരുതി.. ആരും അവിടെങ്ങുമുണ്ടാവാൻ സാധ്യതയില്ല.. എന്നാലും കാർ എടുക്കാത്തത് നന്നായി. ആരെങ്കിലും ദൂരെ നിന്ന് നോക്കിയാലും ബൈക്ക് പെട്ടെന്ന് ശ്രദ്ധിക്കില്ലല്ലോ…
അയാൾ പറഞ്ഞ ഇളകി ഇരുന്നിരുന്ന ഇഷ്ടിക കണ്ടുപിടിക്കാൻ സിദ്ധാർത്ഥന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല… അതിന് പിന്നിൽ മടക്കി വെച്ചിരിക്കുകയായിരുന്നു, കടലാസ്…
നന്ദി… മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഇവിടെ വന്ന് നോക്കുക. നിർദ്ദേശങ്ങളും അഡ്വാൻസും ഉണ്ടാവും…
നിർദ്ദേശങ്ങളടങ്ങുന്ന ഇതു പോലെയുള്ള കടലാസുകൾ ശ്രദ്ധിച്ച് വായിച്ച ശേഷം താഴെ വലത് കോൺ കീറിക്കളഞ്ഞ് തിരികെ വെക്കുക.. കംപ്യൂട്ടറിൽ പ്രിന്റെടുത്തതാണ്…
സിദ്ധാർത്ഥൻ ഒന്നുകൂടി ചുറ്റും നോക്കി.. എന്നിട്ട് ആ കടലാസിന്റെ കോണ് കീറിക്കളഞ്ഞു…
തിരികെ വെച്ച്, ഇഷ്ടിക പഴയ പോലെ ചുമരിലേക്ക് തിരുകി…
മൂന്ന് ദിവസം കഴിഞ്ഞ് കിട്ടാൻ സിദ്ധാർത്ഥൻ വെമ്പൽ കൊണ്ടു… ആ ദിവസങ്ങളിൽ മറ്റെന്തിനെക്കുറിച്ചെങ്കിലും അവൻ ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്…
ആരുമറിയാതെ അത്തരമൊരു കൃത്യം ചെയ്യാനുള്ള അവസരം അവനെ ത്രസിപ്പിച്ച് തുടങ്ങിയിരുന്നു…
ഇത്തവണ ഇഷ്ടിക ഇളക്കി മാറ്റുമ്പോൾ സിദ്ധാർത്ഥന്റെ കൈ ചെറുതായി വിറച്ചിരുന്നു… ബ്രൗൺ പേപ്പർ കൊണ്ടുള്ള ഒരു വലിയ കവർ… അവൻ ധൃതിയിൽ അത് തുറന്നു… അഞ്ഞൂറ് രൂപയുടെ നാല് കെട്ടുകൾ… പിന്നെ കയ്യിൽ തടഞ്ഞത് നാല് വലിയ ഫോട്ടോകളാണ്…
ഭാഗ്യം, തനിക്ക് പരിചയമുള്ള ആരുമല്ല…
ക്ലീൻ ഷേവ് ചെയ്ത, കോലൻ മുടിയുള്ള, വെളുത്ത ഒരു ചെറുപ്പക്കാരൻ.. നല്ല ഉയരമുള്ള സുന്ദരൻ.. ടൈയ്യൊക്കെ കെട്ടിയുള്ള ഫോർമൽ വേഷത്തിലുള്ള ഫോട്ടോകളാണ് രണ്ടെണ്ണം…
ഓഫീസിൽ നിന്നിറങ്ങുമ്പോ എടുത്തവയാണെന്ന് തോന്നുന്നു.. മറ്റ് രണ്ട് ഫോട്ടോകൾ ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കുമ്പൊ എടുത്തവയാണ്… കയ്യില്ലാത്ത ബനിയനും ട്രാക് സൂട്ടുമാണ് അതിലെ വേഷം… കഴുത്തിന് ചുറ്റും ഒരു സ്വർണ്ണമാലയും കാണാം…
ദീപക് രാജ്
26 -വയസ്സ്
ജോലി -ജനറൽ മാനേജർ മോട്ടൽ ഒയാസിസ്
താമസം – സ്കൈ ബ്ലൂ അപ്പാർട്ട്മെന്റ്സ്
കാർ – ബ്ലാക്ക് ഫോർഡ് ഐക്കൺ
ദിവസവും രാവിലെ 6:30-ന് ഓടാൻ പോകും.
ഫോട്ടോയുടെ കോപ്പികളോ, മറ്റ് ഫോട്ടോകളോ എടുക്കരുത്…
കൂടെ അസ്വാൻസിന്റെ ആദ്യ ഗഡുവെച്ചിരിക്കുന്നു പക്ഷെ കൃത്യനിർവ്വഹണം കഴിയുന്നത് വരെ ചിലവാക്കാതിരിക്കുക.. ഇടക്ക് വെച്ച് പിന്മാറുന്നുവെങ്കിൽ തിരികെ നൽകുക…
അടുത്ത ബുധനാഴ്ച വീണ്ടും വരുക…
ഇതായിരുന്നു ,കൂടെ ഉണ്ടായിരുന്ന പ്രിന്റ് ചെയ്ത കടലാസിലെ നിർദ്ദേശങ്ങൾ…
നേരിട്ട് കാണുവാൻ ഫോട്ടോയിലേക്കാൾ സുന്ദരനായിരുന്നു, ദീപക് രാജ്… പൊക്കത്തിനൊത്ത ബലമുള്ള ശരീരം…
രാവിലെ ട്രാക് സൂട്ടുമിട്ട് , ചെവിയിൽ ബ്ലൂടുത്തും കുത്തിവെച്ച് അവൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി വരുന്നത് ഒളിഞ്ഞ് നിന്ന് സിദ്ധാർത്ഥൻ കണ്ടു… ദീപക്കിനെ അവൻ പിന്തുടർന്നു….
ദീപക് , സെന്റർ പാർക്കിലേക്ക് കയറി… സിദ്ധാർത്ഥൻ ഒരു മരത്തിന് പിന്നിൽ നിന്നുകൊണ്ട് അവനെ ശ്രദ്ധിച്ചു….
ദീപക് ആ പാർക്കിന് ചുറ്റും പത്ത് റൗണ്ട് ഓടി… നേരം അപ്പോഴേക്കും നന്നേ വെളുത്തിരുന്നു… അവൻ തിരികെ ഫ്ലാറ്റിലേക്ക് പോയി…
സിദ്ധാർത്ഥൻ വീണ്ടും ഫ്ലാറ്റിന് മുന്നിൽ തന്റെ കാറിനകത്ത് കാത്തിരുന്നു…
എട്ടര മണിയോടെ കറുത്ത ഫോർഡ് ഐക്കണിൽ ദീപക് ഫോർമൽ വേഷത്തിൽ ഫ്ലാറ്റിൽ നിന്നറങ്ങി, മെയിൻ റോഡിലേക്ക് കയറി.. സിദ്ധാർത്ഥൻ പിന്നാലെയും…
ദീപക് എംജി റോഡിലുള്ള മോട്ടൽ ഒയാസീസിലേക്ക് കയറി പോകുന്നത് സിദ്ധാർത്ഥൻ തന്റെ കാറിലിരുന്നു നോക്കി..
അതിന് ശേഷം മേട്ടലിന്റെ അടുത്തുള്ള കോഫി ഷോപ്പുകളിലും മാളുകളിലുമായി കറങ്ങി നടന്നു, മോട്ടലിന്റെ വാതിൽക്കലേക്ക് കണ്ണെറിഞ്ഞുകൊണ്ട്….
ഉച്ചക്ക് ഒന്നേകാലിന്, ദീപക് കൂടെ ജോലി ചെയ്യുന്നവരുമായി പുറത്തേക്ക് വന്നു.. എതിരെയുള്ള കടയിലേക്ക് പോയി…
എല്ലാവരും ഒരോ സിഗരറ്റ് വാങ്ങി വലിക്കാൻ തുടങ്ങി, ഏകദേശം ഒന്നര മണിയോട് കൂടി മോട്ടലിനകത്തേക്ക് തിരികെ പോയി…
സിദ്ധാർത്ഥനും ഭക്ഷണം കഴിച്ചു… വീണ്ടും കാത്തിരുപ്പ് തുടങ്ങി….
കൃത്യം ആറ് മണിക്ക് ദീപക്കിന്റെ കാർ റോഡിലേക്കിറങ്ങി… സിദ്ധാർത്ഥൻ പുറകേയും…
ദീപക് ബാഡ്മിന്റൺ ക്ലബ്ബിലേക്കാണ് പോയത്… കാറിൽ നിന്ന് ഒരു ബാഗുമെടുത്ത് ക്ലബ്ബിനകത്തേക്ക് കയറിപ്പോകുന്നത് സിദ്ധാർത്ഥൻ പുറത്ത് നിന്ന് കണ്ടു…
എട്ടരക്ക് വീണ്ടും ദീപക്കിന്റെ കാർ റോഡിൽ പ്രത്യക്ഷപ്പെട്ടു… വിയർത്തൊലിച്ച ടീ ഷർട്ടാണ് ഇപ്പോഴവൻ ഇട്ടിരിക്കുന്നത്…
ഒമ്പത് മണിയോട് കൂടി ദീപക് തിരികെ അപ്പാർട്ട്മെന്റ് കോംപ്ലക്സിലേക്ക് കയറി…
ഒന്നും സിദ്ധാർത്ഥൻ എഴുതിയെടുത്തില്ലെങ്കിലും അവൻ എല്ലാം കൃത്യമായി മനസ്സിൽ കുറിച്ചിട്ടു… ഒരു കുറ്റാന്വേഷകന്റെ ഭാവം സ്വയം സ്വീകരിച്ചു.. കണ്ണാടിക്ക് മുന്നിൽ നിന്ന് സാങ്കല്പിക തോക്കുപയോഗിച്ച് ദീപക്കിനെ വെടിവെച്ചിടുന്നത് അഭിനയിച്ചു നോക്കി…
വീട്ടുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിദ്ധാർത്ഥൻ അടുത്ത ദിവസവും നേരത്തേ എഴുന്നേറ്റു…. അന്നും ദീപക്കിനെ പിന്തുടർന്നു… കഴിഞ്ഞ ദിവസത്തേതിൽ നിന്ന് ദീപക്കിന്റെ ദിനചര്യയിൽ മാറ്റമൊന്നും തന്നെയുണ്ടായിരുന്നില്ല…
ബുധനാഴ്ച ആവേശത്തോടെ രാവിലെ തന്നെ സിദ്ധാർത്ഥൻ പമ്പ് ഹൗസിന് പിന്നിലെത്തി. നാല് ദിവസത്തോളം ദീപക്കിന്റെ കൃത്യനിഷ്ഠയോടെയുള്ള ജീവിതം ‘പഠിച്ചതിൽ’ നിന്ന്, കാര്യം സാധിക്കുന്നതിന് വലിയ തടസ്സമൊന്നുമുണ്ടാവില്ല എന്ന് സിദ്ധാർത്ഥന് മനസ്സിലായി…
ഇത്തവണ അഞ്ഞൂറ് രൂപയുടെ ആറ് കെട്ടുകളാണ് ഇഷ്ടികക്ക് പിന്നിലുണ്ടായിരുന്നത്…
വെള്ളിയാഴ്ച വെളുപ്പിനെ സെന്റർ പാർക്കിലെ ഗാന്ധി പ്രതിമക്ക് പുറകിലായി ഒരു ചുവപ്പ് കളർ റ്റാറ്റ സുമോ വണ്ടി നിൽക്കുന്നുണ്ടാവും…
ആറു മണിക്ക് തയ്യാറായി അവിടേക്ക് നടന്ന് വരുക… റ്റാറ്റ സുമോയുടെ ഡ്രൈവർ സീറ്റിൽ നിർദ്ദേശങ്ങളടങ്ങിയ ഒരു കവറുണ്ടാവും…
പഴയ കപ്പൽശാലയ്ക്ക് അടുത്തുള്ള പഴയ സെമിത്തേരിയിലേക്കുള്ള വഴി മനസ്സിലാക്കി
വെക്കുക…
സിദ്ധാർത്ഥൻ വീണ്ടും വീണ്ടും അത് വായിച്ചിട്ട് പ്രിന്റ് ഔട്ടിന്റെ കോണ് കീറി തിരികെ ഇഷ്ടികക്ക് പിന്നിൽ വെച്ചു…
***********
അപ്പോൾ അങ്ങ് ദൂരെ സെൻറർ പാർക്കിൽ രാവിലെ നടക്കാൻ ഇറങ്ങിയ ദീപക് രാജ് , തല കറങ്ങി വീണ ആ മദ്ധ്യവയസ്ക്കനെ പിടിച്ച് എഴുന്നേൽപിച്ച് അവിടെയുള്ള മരച്ചുവട്ടിൽ ഇരുത്തി…
” എന്താണ് സംഭവിച്ചത് , ദീപക് അയാളോട് ചോദിച്ചു ”
തല കറങ്ങി വീണതാ, സാരമില്ല പ്രഷറിന്റെ അസുഖം ഉണ്ട് പിന്നെ ഷുഗറും കൂട്ടിന് പല പേരിലുള്ള അസുഖങ്ങൾ വേറെയും മോന് ബുദ്ധിമുട്ടായോ ക്ഷമിക്കണം കേട്ടോ…
“ഏയ് ഒരു ബുദ്ധി മുട്ടും ഇല്ല അങ്കിളിന്റെ ആരെയെങ്കിലും വിളിക്കുകയോ മറ്റോ ചെയ്യണോ “ദീപക്ക് തിരിച്ച് അയാളോട് ചോദിച്ചു…
അതിനുത്തരം അയാളുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണീരായിരിന്നു…
എന്താ അങ്കിൾ എന്തിനാ കരയുന്നത് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് പറയൂ… ദീപക് അയാളോട് ആവശ്യപ്പെട്ടു…
“മോന് കുറച്ച് നേരം എന്റെ അടുത്ത് ഇരിക്കാമോ”
അതിനെന്താ ഇരിക്കാം, അതും പറഞ്ഞ് ദീപക്ക് അയാളുടെ അടുത്ത് ഇരുന്നു…
ദീപക്കിന്റെ കൈ പിടിച്ച് അയാൾ തന്റെ ഗ്ലൗസിട്ട കൈകൾ കൊണ്ട് അവന്റെ കൈകൾ തലോടികൊണ്ടിരുന്നു…
ഇപ്പോൾ അവൻ ഉണ്ടായിരുന്നെങ്കിൽ മോന്റെ അത്ര ഉണ്ടാകുമായിരുന്നു…
” ആര് “ദീപക്ക് തിരിച്ച് ചോദിച്ചു…
എന്റെ മകൻ… അയാളെന്റെ മകനെ കൊന്നില്ലായിരുന്നുവെങ്കിൽ, ഇപ്പൊ അവൻ മോന്റെയത്ര വലുതാകുമായിരുന്നു….
മദ്ധ്യവയസ്കൻ പറഞ്ഞത് കേട്ട് ദീപക്ക് തരിച്ചിരുന്നു..
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
ചുണ്ടുകൾ വിറച്ചുകൊണ്ട് അയാൾ തുടർന്നു,
“പതിനാറ് വർഷം.. അവനെ ഓർത്ത് ഞാൻ കരയാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല.”
“ആര് കൊന്നില്ലായിരുന്നെങ്കിൽ?” ദീപക് ആകാംക്ഷയോടെ ചോദിച്ചു…
“എന്റെ അന്നത്തെ ബിസിനസ്സ് പാർട്ട്ണർ എന്നെ ഒരു കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി മാത്രം…”
ആ പറഞ്ഞത് മനസ്സിലാകാത്ത മട്ടിൽ ദീപക് അയാളെ നോക്കി…
“വിശ്വസിക്കാൻ പറ്റുന്നില്ല, അല്ലേ? ഈ ലോകത്ത് അങ്ങിനേയും ആളുകൾ ഉണ്ട്.” അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് തുടർന്നു,
അവൻ മരിച്ചപ്പോൾ, ആ ഷോക്കിൽ എന്റെ ഭാര്യയും മരണപെട്ടു.. അതോടെ ഞാൻ തനിച്ചായി… കുറേ നാളുകൾ എനിക്ക് ഒന്നും ചെയ്യാനോ എവിടെയും പോകാനോ സാധിക്കാതെയായി… ആ തക്കം കൊണ്ട് അയാൾ എല്ലാം കൈക്കലാക്കി…
പിന്നീടാണ് ഞാനിതൊക്കെ അറിയുന്നത്…
“എന്നിട്ട് താങ്കളൊന്നും ചെയ്തില്ലേ?”
എന്റെ മകന്റെ പന്ത്രണ്ട് വയസ്സ് വരെയുള്ള ഓരോ ദിവസവും എനിക്കോർമ്മയുണ്ട്… ആ ഓരോ ദിവസവും ഞാൻ ഓർത്ത് ദുഖിക്കുന്നുണ്ട്.. അയാൾക്കും ഒരു മകനുണ്ട്, അവനിപ്പോൾ ഇരുപത്തിനാല് വയസ്സായി… ഞാൻ അനുഭവിച്ച വേദനയുടെ ഇരട്ടി അയാളനുഭവിക്കണം.. അതിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.”
അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞത് ദീപക് കേട്ടിരുന്നു…
മോന് എന്നെയൊന്ന് സഹായിക്കാൻ പറ്റുമോ , പണം എനിക്ക് ഒരു പ്രശ്നമല്ല എത്ര വേണം എന്ന് പറഞ്ഞാൽ മതി ഞാൻ തരും…
“എങ്ങനെ” ദീപക് ആകാംഷയോടെ ചോദിച്ചു…
“ഒരൊറ്റ കാഞ്ചി വലിച്ചാൽ മാത്രം മതി.. പ്ലാൻ ഒക്കെ ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട്… തെളിവൊന്നും ഉണ്ടാവില്ല… ഒരു പരിചയവുമില്ലാത്ത ഒരാളാണ് കൊല്ലുന്നതെങ്കിൽ ആർക്കും കണ്ട് പിടിക്കാൻ
സാധിക്കില്ല”
“എന്താണ് താങ്കൾ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല?” ദീപക് അയാളോട് തിരിച്ച് ചോദിച്ചു..
“മോൻ എന്റെ കൂടെ നിൽക്കും എന്ന് ഉറപ്പ് തരുകയാണെങ്കിൽ മുപ്പത് ലക്ഷം രൂപ ഞാൻ മോന് തരും.. പ്ലാനിങ്ങും പറഞ്ഞ് തരാം… അലോചിച്ച് നാളെ പറഞ്ഞാൽ മതി”
അതും പറഞ്ഞ് അയാൾ എഴുന്നേറ്റ് നടന്ന് നീങ്ങുന്നതിന് ഇടയിൽ തിരിഞ്ഞ് കൊണ്ട് ദീപക്കിനെ നോക്കി പറഞ്ഞു…
“ഞാൻ നാളെ രാവിലെ ഇവിടെയുണ്ടാകും സമ്മതമാണെങ്കിൽ നമുക്ക് വീണ്ടും കാണാം ”
അതും പറഞ്ഞ് അയാൾ നടന്ന് നീങ്ങി…
മുപ്പത് ലക്ഷം രൂപ മോന് ഞാൻ തരും, ദീപക്കിന്റെ മനസ്സിൽ അയാളുടെ ആ വാചകം ഇരമ്പി കൊണ്ടേയിരുന്നു…
പിറ്റേന്ന് രാവിലെ ഒരു ഉറച്ച തീരുമാനത്തോടെയാണ് ദീപക് സെൻറർ പാർക്കിലേക്ക് വന്നത്..
അപ്പോൾ ആ മരച്ചുവട്ടിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു…
ദീപക് അയാളുടെ അടുത്തേക്ക് ചെന്നു…
അങ്കിൾ അവൻ മെല്ലെ വിളിച്ചു …
എനിക്ക് അറിയാമായിരുന്നു മോൻ വരും എന്ന്, കാരണം മോൻ നല്ലവനാണ്… എന്നെ പോലെയുള്ളവരുടെ സങ്കടം മോന് മനസിലാക്കാൻ കഴിയും… അയാൾ പറഞ്ഞ് നിർത്തി…
ഞാൻ തീരുമാനിച്ചു അങ്കിളിന്റെ ഈ ജോലി ഏറ്റെടുക്കുവാൻ , അങ്കിൾ പ്ലാനിംഗും ബാക്കി കാര്യങ്ങളും പറയ്… ദീപക് ഗൗരവത്തിൽ അയാളോട് പറഞ്ഞു…
“മോന്റെ കൈയ്യിൽ വേറെ പഴയ വണ്ടി വല്ലതും. ഉണ്ടോ ” അയാൾ ദീപക്കിനോട് ചോദിച്ചു…
“ഉണ്ട് ഒരു ചുവന്ന റ്റാറ്റ സുമോ ”
പിന്നീട് അയാൾ ദീപക്കിനോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി , അതിന് ശേഷം ഇറങ്ങി പോകുമ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു…
“ബാക്കി പത്ത് ലക്ഷം താൻ കൃത്യം നിർവ്വഹിച്ച് വരുമ്പോൾ ഈ മരത്തിന്റെ ചുവട്ടിൽ ഒരു കല്ലിന്റെ അടിയിൽ ഉണ്ടായിരിക്കും.. അതും പറഞ്ഞ് അയാൾ നടന്ന് നീങ്ങി…
**********
വ്യാഴാഴ്ച വൈകീട്ട് സിദ്ധാർത്ഥൻ ദീപക്കിന്റെ മോട്ടലിന്റെ മുന്നിൽ കാത്ത് നിന്നു… തന്റെ അവസാനത്തേതെന്ന് അറിയാതെ ദീപക് ആ വൈകുന്നേരം ചിലവഴിക്കുന്നത് കാണുവാൻ…
സിദ്ധാർത്ഥനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് ദീപക് മോട്ടലിൽ നിന്ന് ഇറങ്ങിയത് ഏഴ് മണിക്കായിരുന്നു. അവൻ പോയത് ഹോട്ടൽ ബ്ലൂ മൂണിലേക്കും, നഗരത്തിലെ ഇടത്തരം സ്റ്റാർ ഹോട്ടലാണത്….
ഹോട്ടലിലെ റെസ്റ്റോറന്റിന്റെ അങ്ങേ തലക്കിലിരുന്ന് സിദ്ധാർത്ഥൻ ദീപക്കിനെ വീക്ഷിച്ചു….
അല്പസമയം കഴിഞ്ഞ് സുന്ദരിയായ ഒരു യുവതി, ദീപക്കിന്റെ ടേബിളിലേക്ക് വന്നു… അവൻ ചിരിച്ചുകൊണ്ട് അവളെ സ്വീകരിച്ചിരുത്തി…
അവർ വളരെ നേരം സംസാരിച്ചിരുന്നു.. ഭക്ഷണം കഴിച്ചു.. അവർ പ്രേമബദ്ധരാണെന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ….
അവൾ ഏതോ ദൂരയാത്ര കഴിഞ്ഞ് വന്ന് ആ കഥകൾ അവനോട് വിവരിക്കുന്നത് പോലെ സിദ്ധാർത്ഥന് തോന്നി…
ഡിന്നർ കഴിഞ്ഞ് കാറോടിച്ച് തിരികെ പോകുന്ന അവളെ നോക്കി പാർക്കിംഗ് ലോട്ടിൽ നിന്ന് കൈ വീശുന്ന ദീപക്കിനെ സിദ്ധാർത്ഥൻ ശ്രദ്ധിച്ചു… അവൾ കാറിനകത്ത് നിന്ന് ‘നാളെ ഫോൺ വിളിക്കാം’ എന്ന് ദീപക്കിനോട് ആംഗ്യം കാട്ടുന്നതും മാറി നിന്ന് കണ്ടു… ഒരു സിനിമയിലെ സ്ലോമോഷൻ സീനെന്ന പോലെ ആ രംഗം അവന്റെ മനസ്സിൽ പതിഞ്ഞു…
ഇനിയൊരിക്കലും അവനെ കാണില്ലാ എന്ന് അവൾ ആ ആംഗ്യം കാട്ടുമ്പോൾ അറിഞ്ഞിരുന്നെങ്കിൽ… അവളെ പോലെ എത്ര പേർ അങ്ങിനെ അവനോട് വിട പറഞ്ഞുകാണും… ഇത്തരം ചിന്തകളായിരുന്നു, അന്ന് രാത്രി മുഴുവൻ സിദ്ധാർത്ഥന്റെ മനസ്സിൽ…
പറഞ്ഞപോലെത്തന്നെ ചുവന്ന റ്റാറ്റ സുമോ, ഗാന്ധി പ്രതിമിക്ക് പുറകിൽ നിൽപ്പുണ്ട്…
നെഞ്ചിടിപ്പോടെ സിദ്ധാർത്ഥൻ സീറ്റിലുണ്ടായിരുന്ന കവറെടുത്തു…. അതിനകത്ത് നിർദ്ദേശങ്ങളടങ്ങിയ പതിവ് പ്രിന്റിനോടൊപ്പം, ചെറിയൊരു കുപ്പിയും കുറച്ച് പഞ്ഞിയും…
അവൻ എട്ടാമത്തെ റൗണ്ട് ഓടിത്തുടങ്ങുമ്പോൾ കുപ്പി തുറന്ന് കുറച്ച് മരുന്ന് പഞ്ഞിയിലേക്കെടുക്കുക….
എന്നിട്ട് വണ്ടിയുടെ തൊട്ടടുത്തുള്ള മരത്തിന്റെ മറവിൽ നിൽക്കുക… അവൻ മരം കടന്ന് പോകുമ്പോൾ പെട്ടെന്ന് പുറകിൽ നിന്ന് പഞ്ഞി കൊണ്ട് അവന്റെ മൂക്ക് പൊത്തിപ്പിടിക്കുക, രണ്ട് സെക്കന്റുകൊണ്ട് അവന് ബോധം നഷ്ട്ടമാകും…
വളരെ ശക്തിയുള്ള ദ്രാവകമാണ്, സൂക്ഷിച്ച് ഉപയോഗിക്കണം.. നാല് മണിക്കൂർ വരെ അവന് ബോധം തിരിച്ച് വരില്ല.. അവനെ വലിച്ച് വണ്ടിയുടെ പുറകിലത്തെ സീറ്റിലിക്കേട്ടിട്ട് പഴയകപ്പൽശാലയുടെ ഭാഗത്തേക്ക് ഓടിക്കുക…
ഇത്രയും സാധിച്ചാൽ, വണ്ടിയുടെ ഗ്ലൗ ബോക്സ് തുറന്ന് നോക്കുക… അതിനകത്ത് ഇനിയുള്ള നിർദ്ദേശങ്ങളടങ്ങിയ മറ്റൊരു കവർ ഉണ്ടാവും…
അഥവാ അവനെ ബോധം കെടുത്താനോ , വണ്ടിയിലേക്ക് കയറ്റാനോ സാധിച്ചില്ലെങ്കിൽ ഉടനെ അവിടെ നിന്ന് രക്ഷപ്പെടുക… പിന്നെ വൈകീട്ട് നാല് മണിക്ക് പമ്പ് ഹൗസിലെത്തുക..
നിർദ്ദേശങ്ങൾ വായിക്കുമ്പോൾ സിദ്ധാർത്ഥന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു…
ദീപക് ‘എട്ടാം തവണ പാർക്കിനെ വലം വെച്ച് തുടങ്ങി…
കടലാസ്സിൽ പറഞ്ഞിരുന്ന പോലെ, സിദ്ധാർത്ഥൻ പഞ്ഞിയിലേക്ക് മരുന്നൊഴിച്ച് മരത്തിന് മറവിൽ കാത്ത് നിന്നു. അവന്റെ ഹൃദയമിടിപ്പ് അവന് തന്നെ കേൾക്കാമായിരുന്നു….
ദീപക് പതിവ് പോലെ പാട്ടും കേട്ടുകൊണ്ട് ഓടുകയാണ്.. അവനിപ്പോൾ ഇങ്ങെത്തും.. സിദ്ധാർത്ഥൻ ചെവി കൂർപ്പിച്ചു.. അവന്റെ വിറയൽ കൂടി വന്നു… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി….
അവൻ മരത്തിലേക്ക് ചാരി നിന്നു. ദീപക് കടന്ന് പോയപ്പോൾ ഒന്നനങ്ങാൻ പോലുമാവാതെ സിദ്ധാർത്ഥൻ മരത്തിന് മറവിൽ മരവിച്ച് നിന്ന് പോയി…
ഒരു നിമിഷം കഴിഞ്ഞ് സിദ്ധാർത്ഥൻ പരിസരബോധം വീണ്ടെടുത്തു… ചുറ്റും നോക്കിയിട്ട്, പഞ്ഞി ദൂരേക്കെറിഞ്ഞ് വിറക്കുന്ന കാലുകളോടെ വീട്ടിലേക്കോടി…
അന്ന് മുഴുവൻ സിദ്ധാർത്ഥൻ സ്വയം പഴിച്ചു…. ഇത്ര പോലും തന്നെക്കൊണ്ട് സാധിക്കില്ലേ…? പിന്നെയാണോ തോക്കുപയോഗിക്കാൻ പോകുന്നത്…? ഇല്ല…താനിത് ചെയ്യുക തന്നെ ചെയ്യും.. ഒരവസരം കൂടി തനിക്ക് ലഭിക്കാതിരിക്കില്ല….
നാല് മണിക്ക് സിദ്ധാർത്ഥൻ പമ്പ് ഹൗസിലെത്തി.. ഇഷ്ടിക മാറ്റി നോക്കി.. ഭാഗ്യം, ഉള്ളിൽ ഒരു പ്രിന്റ്
ഔട്ടുണ്ട്….
താൻ ഒരു ദുർബല ഹൃദയനാണെന്ന് മനസ്സിലാക്കിയിരുന്നത് കൊണ്ട് എനിക്ക് വലിയ നിരാശയില്ല.. പക്ഷേ ഒരവസരം കൂടി ഞാൻ തരാം…
നാളെ രാവിലെ വീണ്ടും റ്റാറ്റ സുമോ അതേ സമയത്ത് അവിടെ കാണും.. നാളെ വരുമ്പോൾ അഡ്വാൻസ് കിട്ടിയ തുകയും കൊണ്ട് വരുക…
രണ്ടാമതും തന്നെക്കൊണ്ട് ഇതിന് സാധികുന്നില്ലെങ്കിൽ ആ പണം വണ്ടിയിലേക്കിട്ടിട്ട് പോവുക… ആ മാന്യത കാട്ടുമല്ലോ…
തയ്യാറെങ്കിൽ മാത്രം, ഈ പേപ്പറിന്റെ താഴെ വലത് കോൺ കീറി തിരികെ വെക്കുക….
ഇല്ലെങ്കിൽ പിന്നെയൊരിക്കലും എന്നിൽ നിന്ന് നിർദ്ദേശം ലഭിക്കില്ല….
സിദ്ധാർത്ഥൻ രണ്ടാമതൊന്നാലോചിക്കാതെ, ആ കടലാസിന്റെ കോണ് കീറി വെച്ചു….
അല്പം ബ്രാൻഡി അകത്താക്കിയിട്ടാണ് സിദ്ധാർത്ഥൻ വെളുപ്പിനെ ഇറങ്ങിയത്…. എന്ത് വന്നാലും പിന്തിരിയില്ല എന്നവൻ ഉറപ്പിച്ചിരുന്നു… എന്നാലും, കിട്ടിയ അഡ്വാൻസും കൂടെ എടുത്തു….
പരിഭ്രമത്തോടെയാണെങ്കിലും, അവൻ ചാടി വീണ് ദീപക്കിന്റെ മുഖത്തേക്ക് പഞ്ഞി വെച്ചു…
ഒന്ന് കുതറാൻ പോലുമാവുന്നതിന് മുമ്പ് ദീപക്ക് ബോധം കെട്ട് വീണു… സിദ്ധാർത്ഥൻ ചുറ്റും നോക്കി….
പാർക്കിൽ ആരും തന്നെയില്ല, ഭാഗ്യം….
അവൻ ദീപക്കിനെ വലിച്ചെടുത്ത് റ്റാറ്റ സുമോയുടെ പിൻ സീറ്റിലേക്കിട്ടു…. വണ്ടി സ്റ്റാർട്ട് ആക്കി പഴയ കപ്പൽശാല ലക്ഷ്യമാക്കി വിട്ടു…
പത്ത് പതിനഞ്ച് മിനിട്ടെടുത്തു, സിദ്ധാർത്ഥന്റെ ശ്വാസം നേരെ വീഴാൻ….
ആളൊഴിഞ്ഞ ഒരു സ്ഥലത്ത് അവൻ വണ്ടി നിർത്തി…. ദീപക് പിന്നിൽ ബോധം കെട്ട് കിടക്കുകയാണ്….
അവൻ വണ്ടിയുടെ ബോക്സിൽ നിന്ന് അടുത്ത നിർദ്ദേശങ്ങളടങ്ങിയ കടലാസെടുത്തു വായിച്ചു..
പഴയ കപ്പൽശാലയ്ക്കടുത്തുള്ള സെമിത്തേരിയിൽ എത്താൻ ഇനിയും കുറഞ്ഞത് ഇരുപത് മിനിറ്റ് എങ്കിലും എടുക്കും.. ഒന്നാലോചിച്ച ശേഷം,
സിദ്ധാർത്ഥൻ കുപ്പിയിൽ നിന്ന് കുറച്ച് മരുന്ന് പഞ്ഞിയിലേക്കൊഴിച്ച് വീണ്ടും ദീപക്കിന്റെ മൂക്കിന് മുന്നിൽ പിടിച്ചു… എങ്ങാനും അവനുണർന്നാലോ…
പുതിയ പ്രിന്റ് ഔട്ടിൽ പറഞ്ഞിരുന്ന പോലെ, കപ്പൽശാലയുടെ മുന്നിലൂടെ ഇടത്ത് ഭാഗത്തേക്കുള്ള വഴിയിലൂടെ സിദ്ധാർത്ഥൻ വണ്ടി തിരിച്ചു..
കപ്പൽശാലയുടെ മറുവശത്തെ പഴയ സെമിത്തേരിയിലേക്കുള്ള വഴിയാണത്…
പതിനഞ്ച് മിനിട്ട് ആ വഴിയിലൂടെ പോയി…. അതാ, വലത് വശത്ത് ഉണങ്ങി നില്ക്കുന്ന വലിയ പ്ലാവ്… സിദ്ധാർത്ഥൻ വണ്ടി അവിടുന്ന് വലത്തേക്ക് തിരിച്ച് കാട്ടിലേക്ക് കയറ്റി…
അതിലേ വഴിയൊന്നുമില്ല…. എന്നാലും നിർദ്ദേശമനുസരിച്ച് വണ്ടി അകത്തേക്ക് ഓടിച്ചു…
ഇരുന്നൂറ് മീറ്റർ… ദാ, ആ ആല് നില്ക്കുന്നു…. അതിന്റെ ചുവട്ടിൽ ആറടി നീളത്തിൽ ഒരു കുഴിയും വെട്ടിയിട്ടിട്ടുണ്ട്…. അതിനടുത്ത് ഒരു ഷവലും…..
സിദ്ധാർത്ഥൻ വണ്ടി നിർത്തി… അവന്റെ മുഖം തെളിഞ്ഞു…. എല്ലാം കുഴപ്പമില്ലാതെ തന്നെ പോകുന്നുണ്ടല്ലോ….
ഇനി, കുഴിയുടെ കാൽക്കലെ മണ്ണ് മാറ്റിയാൽ അവസാനത്തെ സെറ്റ് നിർദ്ദേശങ്ങൾ കാണാം… കൊടും കാടാണ്.. ആരും കാണുമെന്ന് ഭയക്കേണ്ട..
അവൻ കുഴിയുടെ കാൽക്കലെ മണ്ണ് മാന്തി നോക്കി….
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു കവർ……. അതിനകത്ത് ഒരു പ്രിന്റ് ഔട്ട്….
സിദ്ധാർത്ഥൻ അവിടെത്തന്നെയിരുന്ന് ആകാംക്ഷയോടെ അത് വായിച്ചു….
അവനെ വണ്ടിയിൽ നിന്ന് വലിച്ച് കുഴിയിലേക്കിടുക… കൃത്യം നെറുകയിലേക്ക് നിറയൊഴിക്കുക… മരിച്ചു എന്ന് ഉറപ്പ് വരുത്തിയിട്ട്, അവന്റെ മാല ഊരി എടുക്കുക…
തോക്ക് കുഴിയിലേക്കിട്ട്, കുഴി മൂടുക.. അടുത്ത് കിടക്കുന്ന ചില്ലകളും ഇലകളുമൊക്കെ എടുത്ത് അവിടം മൂടി, സംശയം തോന്നാത്ത രീതിയിലാക്കുക….
ആലിന് പിന്നിലേക്ക് കുറച്ച് കൂടി നടന്നാൽ ഒരു പഴയ കിണർ ഉണ്ട്. രക്തക്കറ വല്ലതുമുണ്ടെങ്കിൽ എല്ലാം കഴുകിക്കളയുക….
ഷവൽ വണ്ടിക്കകത്തിട്ടിട്ട് നേരേ പമ്പ് ഹൗസിലേക്ക് ഓടിക്കുക… ഇഷ്ടികക്ക് പിന്നിൽ, ഊരിയെടുത്ത അവന്റെ മാല വെക്കുക.. (ഒരിക്കലും അഴിക്കാത്ത മാല അവന്റെ
മരണത്തിന്റെ തെളിവാണ്.) പിന്നെ നഗരത്തിലെ ഹോട്ടൽ ബ്ലൂ മൂണിലേക്ക് പോവുക.. അവിടുത്തെ പാർക്കിംഗ് ലോട്ടിൽ വണ്ടിയിട്ടിട്ട് റെസ്റ്റോറന്റിൽ ചെന്ന് ഭക്ഷണം കഴിക്കുക…
ഹോട്ടലിൽ നിന്ന് വണ്ടിയെടുക്കാതെ വീട്ടിലേക്ക് തിരികെ ടാക്സിയിൽ പോവുക.. വൈകുന്നേരം ആറ് മണിക്ക് വീണ്ടും പമ്പ് ഹൗസിലെത്തിയാൽ ബാക്കി പണം ലഭിക്കുന്നതാണ്….
സിദ്ധാർത്ഥൻ അത്രയും ധൃതിയിൽ വായിച്ച് തീർത്തു…. പക്ഷേ തോക്ക്….?
‘ക്ലിക്ക് ശബ്ദം കേട്ട് സിദ്ധാർത്ഥൻ ഞെട്ടിത്തിരിഞ്ഞു…. തന്റെ തലക്ക് നേരെ തോക്ക് ചൂണ്ടിക്കൊണ്ട് നിൽക്കുന്ന ദീപക്…… എന്താണ് സംഭവിക്കുന്നതെന്ന് സിദ്ധാർത്ഥന് മനസ്സിലാവുന്നതിന് മുമ്പേ ദീപക് അവന്റെ നെറുകയിലേക്ക് വെടി വെച്ചു…. അവൻ തെറിച്ച് കുഴിയിലേക്ക് വീണു….
ദീപക് സിദ്ധാർത്ഥന്റെ മോതിരം ഊരിയെടുത്തു…
വണ്ടിയിൽ, സിദ്ധാർത്ഥൻ കൊണ്ട് വന്നിരുന്ന നോട്ട് കെട്ടുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തി. ബാക്കി ഉണ്ടായിരുന്നു, പച്ചവെള്ളം നിറച്ച കുപ്പിയും പഞ്ഞിയും കുഴിയിലേക്കിട്ടു…..
പിന്നീട് വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി….
അപ്പോൾ മുഴുവൻ ദീപക്കിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… ഞാൻ എല്ലാം പ്ലാൻ ചെയ്തിട്ടുണ്ട് മോനൊന്ന് കാഞ്ചി വലിച്ചാൽ മാത്രം മതി എന്ന് ആഷ് കളർ കോട്ടിട്ട, കണ്ണട വെച്ച, കൈയ്യിൽ ഗ്ലൗസിട്ട ഒരപരിചിതൻ തന്നോട് പറഞ്ഞപ്പോൾ,
മുപ്പത് ലക്ഷം രൂപ ഇത്ര എളുപ്പം കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ല….
അയാൾ നടന്ന് വരുന്നതിന്റെ കാൽപെരുമാറ്റം ദീപക് കേട്ടു… റിയർവ്യൂ മിററിലൂടെ അയാൾ തന്റെ അരികിലേക്ക് നടന്ന് വരുന്നത് അവൻ കണ്ടു..
” ഇനി മോൻ ആ തോക്ക് ഇങ്ങ് തന്ന് വണ്ടിയും കൊണ്ട് പൊയ്ക്കോളൂ…. ബാക്കി പണം ഞാൻ പറഞ്ഞ സ്ഥലത്ത് ഇരിപ്പുണ്ട്….”
“ഇനി നമ്മൾ തമ്മിൽ കാണില്ല ഇത് അവസാന കൂടിക്കാഴ്ചയാണ് ”
അയാൾ പറഞ്ഞ് നിർത്തി തന്റെ ഗ്ലൗസിട്ട കൈ ദീപക്കിന്റെ നേർക്ക് നീട്ടി…. ദീപക് തോക്ക് അയാളുടെ കൈയ്യിൽ വെച്ച്
കൊടുത്തു.. പെട്ടന്ന് അയാൾ തോക്ക് ദീപക്കിന്റെ വലത് ഭാഗത്തെ ചെവിക്ക് മുകളിലായി മുട്ടിച്ച് വെച്ചു എന്നിട്ട് പറഞ്ഞു
“ഇനി നീയും പോ നരഗത്തിലേക്ക് ”
അതും പറഞ്ഞ് അയാൾ കാഞ്ചി വലിച്ചു…
ഒന്ന് പിടക്കുക പോലും ചെയ്യാതെ ദീപക് സീറ്റിലേക്ക് ചാരി, അതിന് ശേഷം അയാൾ ആ തോക്ക് അവന്റെ മടിയിലേക്ക് ഇട്ടു വണ്ടിയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും എടുത്ത് നടന്ന് നീങ്ങുമ്പോൾ ആ മദ്ധ്യവയസ്കൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് ദുബായിൽനിന്ന് കൊണ്ടു വരുന്ന കൂറ്റൻ കപ്പൽ , ലേലത്തിൽ പിടിക്കാൻ ഇനി മത്സരമുണ്ടാവില്ലല്ലോ …
മക്കൾ നഷ്ട്ടപ്പെട്ട രണ്ട് അച്ഛൻമാർ എങ്ങനയാണ് ലേലത്തിൽ പങ്കെടുക്കുക……
മൂന്നാം ദിവസം ഇറങ്ങിയ പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്തയും ഉണ്ടായിരുന്നു…
മദ്യപിച്ച് വഴക്ക് കൂടി യുവാവിനെ കൊന്നു…… പ്രതി സ്വയം വെടി വെച്ച് മരിച്ചു…..
NB: കഥയിൽ ചോദ്യമില്ല…..
Comments:
No comments!
Please sign up or log in to post a comment!