Love Or Hate 06
ഒറ്റ ഷെൽഫിലും പുസ്തകങ്ങൾ ഇല്ല.. എല്ലാം നിലത്ത് അട്ടിയട്ടിയായി വച്ചിരിക്കുന്നു…
ഷൈൻ: ഇതെന്താ പുസ്തകം എല്ലാം നിലത്ത് വച്ചിരിക്കുന്നത്..??
ദിയ: എന്നോട് ചോദിച്ചാ എനിക്കെങ്ങനെ അറിയാം..??
അവർ രണ്ടുപേരും പുസ്തക കെട്ടുകൾക്ക് ഇടയിലൂടെ ഉള്ളിലേക്ക് കടന്നു.. ഇത്രേം വലിയ ലൈബ്രറി ഷൈൻ ആദ്യമായി കാണുകയായിരുന്നു.. അല്ല ലൈബ്രറി തന്നെ ഷൈൻ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ…
ഒരറ്റത്ത് നിന്ന് അടുത്ത അറ്റത്തേക്ക് കാണാൻ പോലും പറ്റുന്നില്ല.. ചെറിയ ഒരു ഇരുട്ടും അതിനുള്ളിൽ നിറഞ്ഞ് നിന്നിരുന്നു…
ഒരു പ്രത്യേക തരം മണം ആയിരുന്നു അതിനുള്ളിൽ മുഴുവൻ.. ഇനി അക്ഷരങ്ങളുടെ മണം ആണോ..??
അങ്ങനെ അന്തവും കുന്തവും ഇല്ലാതെ നടന്നപ്പോൾ ആണ് ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നത് ദിയ കണ്ടത്…
അവള് അങ്ങോട്ട് ചെന്ന് ടേബിളിൽ ഇരുന്ന പേപ്പർ എടുത്തു.. ഷൈനും അത് കണ്ടൂ…
ഷൈൻ: എന്താ അത്..??
ദിയ: നോക്കട്ടെ…
അവർ രണ്ടുപേരും പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി…
“ഹായ് ദിയ ആൻഡ് ഷൈൻ…
കേരളത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ആണ് നിങ്ങൾ രണ്ടുപേരും ഇപ്പോൾ നിൽക്കുന്നത്..
നമ്മുടെ ക്യാമ്പസിലെ ഫൗണ്ടേഷൻ ഡേയോട് അനുബന്ധിച്ച് ലൈബ്രറിയിൽ നടക്കുന്ന പരിഷ്കരണ പ്രവർത്തനങ്ങൾ നിങ്ങൾ രണ്ടുപേരും ആണ് നിയന്ത്രിക്കേണ്ടത്..
ധാരാളം സവിശേഷതകൾ ഉള്ള ഒരു ഗ്രന്ഥശാല ആണിത്.. ലോകത്ത് അപൂർവമായി മാത്രം കിട്ടുന്ന അനവധി പുസ്തകങ്ങളുടെ ശേഖരം ഇവിടെ ഉണ്ട്.. അതിനാൽ വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും അവ കൈകാര്യം ചെയ്യുക.. ഓരോ പുസ്തകവും രജിസ്റ്റർ നോക്കി അതാത് ഷേൽഫുകളിൽ അടുക്കി വയ്ക്കുക..
1. നേരെ വലത് വശത്ത് ചുവരിൽ ഷെൽഫിന്റെ പുറകിൽ ഉള്ള സ്വിച്ചുകൾ ഇട്ടാൽ നിങ്ങൾക്ക് ആവശ്യമുള്ള പ്രകാശം ലഭിക്കും..
2. ഒന്നാം ദിവസം നിങ്ങളുടെ ജോലി ഈ ലൈബ്രറിയിലെ സംസ്കൃത ശ്രേണിയിൽ വരുന്ന എല്ലാ പുസ്തകങ്ങളും അതത് ഷേൽഫുകളിൽ അടുക്കി വയ്ക്കുക എന്നുള്ളതാണ്.
3. കൂടുതൽ വിവരങ്ങൾ നിങ്ങളെ പിന്നീട് അറിയിക്കുന്നതാണ്..
ദിയ വായിച്ച് കഴിഞ്ഞ ശേഷം വലത് വശത്ത് ചുവരിന്റെ അടുത്തേയ്ക്ക് നടന്ന് ശേൽഫിനു പുറകിലെ മുഴുവൻ സ്വിച്ച്ചുകളും ഇട്ടു..
പതിയെ പതിയെ ഓരോ ബൾബുകൾ ആയി പ്രകാശിക്കാൻ തുടങ്ങി…
ഒറ്റക്കമ്പിയിൽ തൂക്കിയിട്ട മഞ്ഞ പ്രകാശം നൽകുന്ന അനവധി ബൾബുകൾ..
അവ വളരെ കാല പഴക്കം ചെന്നതാണ് എന്ന് തോന്നുന്നു..
ഷൈൻ: ലൈബ്രറി എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രേം വലിപ്പം ഉണ്ടാകും എന്നൊന്നും ഞാൻ കരുതീല്ല.
ദിയ: ഈ രജിസ്റ്റർ നോക്കി കണ്ടുപിടിക്കാൻ പറ്റും എന്ന് തോന്നുന്നു.. ഇതിൽ ഉള്ള നമ്പർ നോക്കി ഓരോ പുസ്തകവും കണ്ടെത്താം..
ഷൈൻ: എങ്ങനെ .???
ദിയ: ഇതിൽ ഓരോ പുസ്തകത്തിന്റെയും നമ്പർ ഈ രജിസ്റ്ററിൽ കാണും.. അത് നോക്കി ഏത് പുസ്തകം ഏത് സെക്ഷൻ ആണെന്ന് കണ്ടെത്താം…
ഷൈൻ: എന്നാലും ഇത് ഒടുക്കത്തെ പണി ആയിപ്പോയി.. ലൈബ്രറി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി ഏറ്റവും സിമ്പിൾ ആകും എന്ന്..
ദിയ: ലൈഫിൽ കുറച്ചൊക്കെ പണി എടുക്കണം എപ്പോളും ഇങ്ങനെ കളിച്ച് നടന്നാൽ പോര..
ഷൈൻ: ഓഹ്…
ദിയ: ഞാൻ രജിസ്റ്റർ നോക്കാം.. താൻ പോയി ബുക്ക് ഒക്കെ കണ്ടുപിടിക്..
ഷൈൻ: അത് വേണ്ട ഞാൻ നോക്കി നമ്പർ പറഞ്ഞ് തരാം താൻ പോയി അടുക്കി വക്ക്…
ദിയ: പറ്റില്ല….
ഷൈൻ: എനിക്കും പറ്റില്ല…
ഷൈൻ അവിടെ ഉണ്ടായിരുന്ന ഒരു കസേര വലിച്ച് അതിൽ ഇരുന്നു… ദിയയും ടേബിളിന്റെ മുകളിൽ കയറി ഇരുന്നു…
ഏകദേശം രണ്ട് മൂന്ന് മിനിറ്റ് ഇരുവരും ഒന്നും തന്നെ തമ്മിൽ സംസാരിച്ചില്ല… സംസാരിക്കാൻ പോയിട്ട് പരസ്പരം ഒന്ന് നോക്കിയത് പോലും ഇല്ല…
അവസാനം ഇങ്ങനെ പോയാൽ സംഗതി ശര്യാവില്ല എന്ന് മനസ്സിലാക്കിയപ്പോൾ ദിയ തന്നെ ഒരു പ്രതിവിധി കണ്ടെത്തി…
അവള് മേശപ്പുറത്ത് നിന്ന് ചാടി ഇറങ്ങി കൊണ്ട് പറഞ്ഞു..
ദിയ: ഓകെ.. ഉച്ചവരെ ഞാൻ രജിസ്റ്റർ നോക്കാം.. ഉച്ചക്ക് ശേഷം താൻ നോക്ക്..
ഷൈൻ ഒന്ന് ആലോചിച്ച് നിന്ന ശേഷം മറുപടി പറഞ്ഞു..
ഷൈൻ: ഓകെ… ഡീൽ…
അങ്ങനെ ദിയ ടേബിളിന്റെ വലിപ്പ് തുറന്ന് അതിന്റെ ഉള്ളിൽ നിന്നും ഒരു വലിയ രജിസ്റ്റർ പുറത്തെടുത്തു.. അത്യാവശ്യം നല്ല കട്ടിയും കനവും ഉണ്ടായിരുന്നു അതിന്..
ഷൈൻ: കണ്ടിട്ട് നല്ല പഴക്കം തോന്നുന്നുണ്ടല്ലോ…
ദിയ: പഴയതാണ്…
ഷൈൻ: എന്തിനാ പഴയത്..?? പുതിയത് എടുക്ക്…
ദിയ: ഇതിൽ ആകെ ഇത് മാത്രമേ ഒള്ളു..
ഷൈൻ: ഓഹ്… വല്ല്യ ലൈബ്രറി ആണ്.. ഒരു കമ്പ്യൂട്ടർ സിസ്റ്റം പോലും ഇല്ല..
ദിയ: ഇവിടെ സി സി ക്യാമറാ പോലും ഇല്ല.. അപ്പോളാ കമ്പ്യൂട്ടർ…
അത് കേട്ടതും ഷൈൻ എല്ലാ മൂലകളിലേക്കും നോക്കി.. പക്ഷേ ചുവരിൽ എവിടെയും ക്യാമറ കണ്ടില്ല…
ഷൈൻ: ശരിയാണല്ലോ.. അതെന്താ ഇവിടെ ക്യാമറാ ഇല്ലാത്തത്..??
ദിയ: അത് എനിക്കെങ്ങനെ അറിയും..??
ഷൈൻ: ആ.. രജിസ്റ്റർ തുറക്ക്…
ദിയ രജിസ്റ്ററിന്റെ മുകളിൽ ഉണ്ടായിരുന്ന പൊടി പതിയെ ഊതി കളഞ്ഞു… എന്നിട്ട് അതിന്റെ വലിയ പുറം ചട്ട പതിയെ മറിച്ചു….
ഷൈൻ: ഇതെന്താ..??
ദിയ: ഈ കെട്ടിടത്തിന്റെ ബ്ലൂ പ്രിൻറ്…
ഷൈൻ: ആഹാ കൊള്ളാല്ലോ.. ഇത് ബ്രിട്ടീഷ് കാരുടെ കാലത്ത് എങ്ങാൻ ഉണ്ടാക്കിയതാണോ..??
ദിയ: ഞാനും ഇതൊക്കെ ആദ്യായിട്ട് ആണ് കാണുന്നത്…
ഷൈൻ: ഇവിടെ മൂന്നാമത്തെ വർഷം അല്ലേ.. എന്നിട്ട് ഇത് വരെ ഇതൊന്നും കണ്ടിട്ടില്ലേ..??
ദിയ: എനിക്ക് അതല്ല പണി…
ഷൈൻ: നിനക്ക് പണി ഞാൻ തരാടി…
ദിയ: എന്താ..??
ഷൈൻ: ഒന്നുല്ല പേജ് മറക്ക്..
ദിയ: ഹും…
ദിയ ഷൈനിനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം പുസ്തകത്തിന്റെ പേജ് മറിച്ചു… വളരെ പഴയ രീതിയിൽ ഉള്ള പ്രിന്റിംഗ് ലെറ്റർസ് ആണ്.. അതിൽ ആമുഖം എന്ന് എഴുതി എന്തൊക്കെയോ എഴുതിയിരുന്നു… ദിയ അതെല്ലാം വായിക്കാൻ ഉള്ള പരിപാടി ആണ് എന്ന് കണ്ടപ്പോൾ ഷൈൻ ഇടയിൽ കയറി പറഞ്ഞു..
ഷൈൻ: ഇത് മൊത്തം വായിച്ച് ഇരിക്കാൻ ആണോ പരിപാടി..??
ദിയ ഒന്നും പറയാതെ സംശയത്തോടെ ഷൈനിനെ നോക്കി..
ഷൈൻ: വേഗം ആ പുസ്തകത്തിന്റെ കണക്ക് എടുക്ക്.. വർക്ക് തുടങ്ങാം…
ദിയ ഒന്ന് ആലോചിച്ചു.. പിന്നെ ഷൈൻ പറയുന്നത് ശരിയാണ് എന്ന് തോന്നി.. അല്ലെങ്കിലും ഈ ചരിത്രം ഒക്കെ പഠിച്ചിട്ട് എന്ത് കിട്ടാൻ.. ദിയ വേഗത്തിൽ പേജുകൾ മറിച്ചു.. ഏകദേശം അഞ്ചാറ് പേജുകൾ കഴിഞ്ഞപ്പോൾ പുസ്തകങ്ങളുടെ പട്ടിക ഉള്ള പേജുകൾ വരാൻ തുടങ്ങി..
പല തരം വിഷയങ്ങളിൽ ഉള്ള അനവധി പുസ്തകങ്ങൾ അടങ്ങിയ വലിയ ഈ ലൈബ്രറിയിൽ ഒരു മാസം മുഴുവൻ പണി എടുത്താലും ഈ ടാസ്ക് പൂർത്തിയാക്കാൻ പറ്റുമോ എന്ന് സംശയം ആണ്.. പിന്നെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. അവർ രണ്ടാളും ജോലികളിലേക്ക് കടന്നു…
ദിയ രജിസ്റ്റർ നോക്കി ഓരോ ബുക്കിന്റെയും നമ്പർ നോക്കി പറഞ്ഞു കൊടുത്തു.. ഷൈൻ ആ നമ്പർ വരുന്ന പുസ്തകങ്ങൾ അതത് അറകളിൽ ഓർഡറിൽ ക്രമീകരിക്കാൻ തുടങ്ങി.. അവർ വിചാരിച്ച അത്ര പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല ജോലിക്ക്.. പക്ഷേ ദിയയുടെ കൂടെ ആണ് എന്നത് ഷൈനിനെയും ഷൈനിന്റെ കൂടെ ആണ് എന്നത് ദിയയെയും അസ്വസ്ഥർ ആക്കി…
ഷൈൻ: ഈ പുസ്തകം ഒക്കെ ഒരുപാട് പഴയത് ആണല്ലോ.. ഇതൊന്നും ആരും വായിക്കാർ ഇല്ലെ..??
ദിയ: സംസ്കൃതം അല്ലേ… ഇതൊക്കെ ആര് വായിക്കാനാ…??
ഷൈൻ: അത് നേരാ.. തന്റെ സിസ്റ്റർ നന്നായി എഴുതുന്നുണ്ടല്ലോ…
ദിയ: അവക്ക് വായിക്കാനും എഴുതാനും ഒക്കെ ഭയങ്കര ഇഷ്ടം ആണ്…
ഷൈൻ: ഓഹ്…
ദിയ: തന്നെ ഇന്നലെ ഗ്രൗണ്ടിൽ വെച്ച് കണ്ടല്ലോ.
ഷൈൻ: അത്… പ്രാക്ടീസ് അല്ല.. ചെറിയ ഒരു വാം അപ്…
ദിയ: എന്നിട്ട് അരവിന്ദ് ആണോ വാം അപ്പിനുള്ള കോച്ച്…??
ഷൈൻ: അത്.. അവൻ…
ദിയ: എനിക്ക് അപ്പോ തന്നെ മനസ്സിലായി താൻ മത്സരത്തിന് പ്രാക്ടീസ് ചെയ്യുകയാണ് എന്ന്…
ഷൈൻ: ഓഹ്..
പിന്നെ കുറച്ച് നേരം അവർ ഒന്നും സംസാരിച്ചില്ല… കുറച്ച് നേരം കഴിഞ്ഞപ്പോൾ ഷൈൻ വാചിലേക്ക് നോക്കി…
ഷൈൻ: ബ്രേക്ക് ആയിട്ടുണ്ടാകും.. ഞാൻ പുറത്ത് പോവാണ്…
ദിയ: ഓകെ.. ഞാനും വരാം.. പിന്നെ ബ്രേക്ക് കഴിഞ്ഞാൽ നേരെ ഇങ്ങ് വന്നേക്കണം..
ഷൈൻ: ഓ…
ഷൈൻ കയ്യിലുണ്ടായിരുന്ന ബുക്ക് മേശപ്പുറത്ത് ഇട്ട് ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് നടന്നു..
രജിസ്റ്റർ മേശപ്പുറത്ത് വച്ച ശേഷം ദിയ പുറത്തേക്ക് വന്ന് താക്കോൽ ഉപയോഗിച്ച് ലൈബ്രറി അടച്ച് പൂട്ടി.. എന്നിട്ട് പുറത്തേക്ക് നടന്നു…. 🌀🌀🌀🌀🌀🌀🌀🌀
കൂട്ടുകാരെ കാണാൻ വേണ്ടി ആണ് ഷൈൻ നേരെ പോയത്… എന്തായാലും അവന്മാർ അവരുടെ സ്ഥിരം സ്ഥലം ആയ പാർക്കിങ്ങിൽ ഉണ്ടാകും എന്ന് ഷൈനിന് അറിയാമായിരുന്നു.. ഇനി പെണ്ണുങ്ങളുടെ പുറകെ പോയി വന്നിട്ടുണ്ടാവില്ലെ..??
ഷൈൻ നടന്ന് വന്നോണ്ടിരുന്നപ്പോൾ ആണ് ഒരു പെൺകുട്ടി യാദൃശ്ചികം ആയി മുന്നിലേക്ക് വന്നത്.. ഷൈൻ പെട്ടന്ന് ഒന്ന് ഞെട്ടി…
പെൺകുട്ടി: അയ്യോ.. സോറി ചേട്ടാ…
ഷൈൻ: it’s ok…
അപ്പോളാണ് ആ പെൺകുട്ടി ഷൈനിന്റെ മുഖം കാണുന്നത്.. പെട്ടന്ന് എന്തോ കണ്ട സന്തോഷത്തോടെ അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു..
പെൺകുട്ടി: ഹായ് ഷൈൻ ചേട്ടൻ അല്ലേ…??
ഷൈൻ: അതെ.. എന്നെ എങ്ങനെ അറിയാം..???
പെൺകുട്ടി: ചേട്ടൻ ഇപ്പൊ ഈ ക്യാമ്പസ്സിൽ ഫേമസ് അല്ലേ…
ഷൈൻ: മനസ്സിലായില്ല…
പെൺകുട്ടി: മായ ചേച്ചിയുടെ നോവൽ വായിച്ചിരുന്നു.. അതിൽ ഉള്ള ഹീറോ ഷൈൻ ചേട്ടൻ അല്ലേ..??
ഷൈൻ: എന്ന് തന്നോടാര് പറഞ്ഞു..?? ഞാൻ പറഞ്ഞോ ഞാനാണ് അതിലെ ഹീറോ എന്ന്..?? അതോ വേറെ ആരെങ്കിലും പറഞ്ഞോ..??
ഷൈൻ പെട്ടന്ന് പൊട്ടിത്തെറിച്ചപ്പോൾ ആ കുട്ടി ചെറുതായി ഒന്ന് ഭയപ്പെട്ടു…
പെൺകുട്ടി: ചേട്ടാ… അത്.. സോറി.. ഞാൻ അറിയാതെ…
ഷൈൻ ഒന്നും പറയാതെ അവിടെ നിന്ന് നടന്നു.. ആ പെൺകുട്ടി അപ്പോളും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
നടന്ന് ഷൈൻ പാർക്കിങ്ങിൽ എത്തി.. അവിടെ വിഷ്ണുവും ആൻഡ്രുവും അരവിന്ദും ഉണ്ടായിരുന്നു…
ആൻഡ്രൂ: എന്താ മോനെ.
ഷൈൻ: ഒന്ന് പോടാ.. പിന്നെ ഒട്ടാൻ പറ്റിയ ഒരു സാധനം…
ഷൈൻ ബൈകിന് മുകളിൽ കയറി ഇരുന്നു…
അരവിന്ദ്: അല്ല എങ്ങനെ ഉണ്ട് നിങ്ങളുടെ ഒക്കെ പാർട്ണർമാർ..??
വിഷ്ണു: കുഴപ്പല്ല.. അവക്ക് നല്ല ക്രിയേറ്റിവിറ്റി ആണ് അതോണ്ട് എനിക്ക് വല്ലാതെ പണി എടുക്കണ്ട…
ആൻഡ്രൂ: ആയിഷ പിന്നെ ഞാൻ കരുതിയത് പോലയെ അല്ല.. നല്ല കുട്ടി.. നല്ല സ്വഭാവം.. ഓളുടെ അടുത്ത് ചെല്ലുമ്പോ തന്നെ ഒരു മുല്ലപ്പൂവിന്റെ മണം ആണ്.. പതിനാലാം രാവ് ഉദിച്ച പോലുള്ള ചിരിയും…
ഷൈൻ: മതിയെടാ നിർത്ത്…
ആൻഡ്രൂ: എന്താ അളിയാ.?? ഞങ്ങളുടെ പേര് തമ്മിൽ നോക്ക്.. നല്ല ചേർച്ചയല്ലെ.. ആ.. ആ…
ഷൈൻ: നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ചിരിക്കുന്ന പെണ്ണിന്റെ പിന്നാലെ പോകരുത് എന്ന്… അത് നിന്റെ നാശത്തിലേക്ക് ആയിരിക്കും…
ആൻഡ്രൂ: എല്ലാവരും ഒന്നും അങ്ങനെ മോഷക്കാർ ആവില്ല ഷൈൻ..
ഷൈൻ: ഓകെ.. ആവില്ലയിരിക്കും.. പക്ഷേ സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം…
ആൻഡ്രൂ: ആ അത് വിട് നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. അല്ല എങ്ങനെ ഉണ്ട് ലൈബ്രറി ഡ്യൂട്ടി..??
ഷൈൻ: ബോറാണ് പരമ ബോർ.. അണ്ട ഘടാഹം പോലെ ഒരു ലൈബ്രറിയും അതിന്റെ അകത്ത് കാക്കത്തൊള്ളായിരം ബുക്കും.. ഒക്ക പൊടിപിടിച്ചതും ചിതലരിച്ചതും…
അരവിന്ദ്: നിന്റെ പാർട്ണർ എങ്ങനെ ഉണ്ട്.. ദിയ..??
ഷൈൻ: മിക്കവാറും ഞങ്ങൾ തമ്മിൽ ഒത്തുപോകും എന്ന് തോന്നുന്നില്ല… എല്ലാത്തിനും രണ്ട് അഭിപ്രായം ആണ്.. അവള് ആണെങ്കിൽ ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത ടൈപ്പ് ആണ്…
അരവിന്ദ്: വിട്ട് വീഴ്ച നിനക്കും ചെയ്യാലോ..
ഷൈൻ: അത് ശരി… അപ്പോ ഞാൻ അവളുടെ മുന്നിൽ തോറ്റു കൊടുക്കണം എന്നാണോ നീ പറയുന്നത്….??
അരവിന്ദ്: കണ്ടോ ഇത് തന്നെ ആണ് പ്രശ്നം.. നിങ്ങള് രണ്ടിൽ ആരെങ്കിലും ഒന്ന് വിട്ട് വീഴ്ച ചെയ്താൽ അല്ലേ കാര്യങ്ങൾ നടക്കത്തൊള്ളൂ…
ഷൈൻ: എനിക്ക് എന്തായാലും ഒരു വിട്ട് വീഴ്ചക്കും പറ്റില്ല…
എല്ലാം കേട്ട് കൊണ്ടിരുന്ന ആൻഡ്രൂ ഇടക്ക് കയറി കൊണ്ട് പറഞ്ഞു…
ആൻഡ്രൂ: നീ വിട്ട് വീഴ്ച്ച ചെയ്യണം…
ഷൈൻ: നീ എന്താടാ പുല്ലേ ഇപ്പൊ ഇങ്ങനെ പറയുന്നെ..?? നീ അല്ലേ പറഞ്ഞത് അവളെ കൂടെ പോകാനും പണി കൊടുക്കാനും ഒക്കെ…??
ആൻഡ്രൂ പൊട്ടി ചിരിച്ച് കൊണ്ട് മറുപടി പറയാൻ തുടങ്ങി..
ആൻഡ്രൂ: അതിന് പണി കൊടുക്കണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ…
ഷൈൻ സംശയത്തോടെ ചോദിച്ചു..
ഷൈൻ: നീ തെളിച്ച് പറയെടാ…
ആൻഡ്രൂ: എടാ മോനേ.. ഒരു മൂന്ന് നാല് കൊല്ലം മുമ്പ് ഇവന്റെ പെങ്ങള് നിനക്ക് തന്ന പണിയെ പറ്റി ഓർമയുണ്ടോ..??
ഷൈൻ: ടാ ആൻഡ്രൂ.. നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ആ കാര്യം എന്നെ ഓർമ പെടുത്തരുത് എന്ന്…
ആൻഡ്രൂ: ഹാ നീ ചൂടാവല്ലെ ഞാൻ മുഴുവൻ പറയട്ടെ… അന്ന് അവളോട് നിനക്ക് പ്രതികാരം ചെയ്യാൻ പറ്റിയില്ല.. പക്ഷേ ഇപ്പോ നിനക്ക് ദിയയോട് പ്രതികാരം ചെയ്യാൻ ഉള്ള വഴി നിനക്ക് അന്ന് അഞ്ജലി കാണിച്ച് തന്നിട്ടുണ്ട്..
ഷൈൻ: നീ വളച്ച് കെട്ടാതെ കാര്യം പറ
ആൻഡ്രൂ: ദിയയെ നീ പ്രണയിക്കണം…
ഷൈൻ പെട്ടന്ന് തന്നെ ബൈക്കിന്റെ മുകളിൽ നിന്നും ചാടി ഇറങ്ങി..
ഷൈൻ: പിന്നെ പ്രേമിക്കാൻ.. അതും അവളെ… എന്റെ പട്ടി പ്രേമിക്കും…
ആൻഡ്രൂ: നീ ഒന്നടങ്ങ്.. മുഴുവൻ പറയുന്നതിന്റെ മുന്നേ ഇങ്ങനെ ടെമ്പർ ആവല്ലെ… അന്ന് അഞ്ജലി നിന്നോട് എന്താ ചെയ്തത്.. നല്ല അന്തസായി നിന്നെ തേച്ചു… അത് തന്നെ നീ ദിയയോടും ചെയ്യണം.. അവളെ നീ വളക്കണം.. അവളെ സ്നേഹിക്കുന്ന പോലെ അഭിനയിക്കണം.. നിന്നോടുള്ള സ്നേഹം മൂലം അവൾ അന്ധ ആകണം.. നീ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരണം.. അങ്ങനെ അവള് ആ പീക് മോമെന്റിൽ നിൽക്കുമ്പോൾ അഞ്ജലി ചെയ്തത് നീയും ചെയ്യണം…
എല്ലാം കേട്ട് കൊണ്ടിരുന്ന അരവിന്ദ് ഇടയിൽ കയറി പറഞ്ഞു..
അരവിന്ദ്: ദേ ആൻഡ്രൂ.. നീ ഇവനെ ആവശ്യല്ലതെ എരു കയറ്റി ഓരോ കുഴപ്പത്തിൽ കൊണ്ട് പോയി ചാടിക്കല്ലെ… ടാ ഷൈൻ നീ അതൊന്നും കേൾക്കണ്ട..
വിഷ്ണുവും അത് തന്നെ പറഞ്ഞു..
വിഷ്ണു: അതെ അതൊന്നും ശരിയാവില്ല…
ഷൈൻ ഒന്ന് ആലോചിച്ചു നിന്ന ശേഷം ബൈക്കിന് മുകളിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു..
ഷൈൻ: ആൻഡ്രൂ പറഞ്ഞതിലും കാര്യം ഉണ്ട്.. പണി കൊടുക്കുന്നുണ്ട് എങ്കിൽ ഇങ്ങനത്തെ പണി തന്നെ കൊടുക്കണം…
അരവിന്ദ്: നിനക്ക് എന്താ വട്ടാണോ..?? അതിന് മാത്രം എന്താ അവള് നിന്നോട് ചെയ്തത്…
ഷൈൻ: അവള് അന്ന് അത്രേം പിള്ളേരുടെ മുന്നിൽ വച്ച് എന്റെ നേരെ ചോറ്റ് പാത്രം എറിഞ്ഞത് നീ കണ്ട് കാണില്ല.. അന്ന് ഞാൻ തലനാരിഴക്ക് ആണ് തല വെട്ടിച്ച് രക്ഷപ്പെട്ടത്.. അതെങ്ങാനും എന്റെ തലക്കിട്ട് കൊണ്ടിരുന്നെങ്കിലോ..?? അവള് ഒറ്റ ഒരുത്തി കാരണം ആണ് ക്ലാസ്സിലെ മൊത്തം കുട്ടികളുടെ മുന്നിൽ ഞാൻ വെറും ഒരു ഉണ്ണാക്കൻ ആയത്..
അരവിന്ദ്: അതിനാണോ ഷൈൻ നീ ഇത്രേം വലിയ ചതി അവളോട് ചെയ്യാൻ പോകുന്നത്..
വിഷ്ണു: അതെ ബ്രോ.. അരവിന്ദ് പറയുന്നതാണ് ശരി..
ഷൈൻ: നിങ്ങൾക്ക് രണ്ടാൾക്കും വേണമെങ്കിൽ എന്റെ കൂടെ നിൽക്കാം.. ഞാൻ നിർബന്ധിക്കാൻ വരില്ല.. പക്ഷേ എന്റെ തീരുമാനം ഇത് തന്നെ ആണ്…
അരവിന്ദ് ഒന്ന് നെടുവീർപ്പിട്ടു.. എന്നിട്ട് വിഷ്ണുവിനെ നോക്കി.. വീണ്ടും ഷൈനിനെ നോക്കി പറഞ്ഞു..
അരവിന്ദ്: ഞാൻ എന്നും നിന്റെ കൂടെ അല്ലേ നിന്നിട്ടൊള്ളു.. ഇനിയിപ്പോ ഇതിനും അങ്ങനെ തന്നെ ആയിരിക്കും…
വിഷ്ണു: ഞാനും കൂടെ നിൽക്കാം ബ്രോ..
ഷൈൻ: ഓകെ.. അപ്പോ ബാക്കി പ്ലാൻ പറ ആൻഡ്രൂ…
എല്ലാം നിശബ്ദം ആയി കേട്ടുകൊണ്ട് ഇരുന്ന ആൻഡ്രൂ പറഞ്ഞു തുടങ്ങി…
ആൻഡ്രൂ: പ്ലാൻ ഒക്കെ വളരെ സിമ്പിൾ ആണ്.. പക്ഷേ നിന്റെ അഭിനയത്തിന് ആണ് ഇവിടെ പ്രാധാന്യം… എന്റെ അഭിപ്രായത്തിൽ നീ ഒരിക്കലും അവളെ പോയി പ്രോപ്പോസ് ചെയ്യരുത്..
ഷൈൻ: പിന്നെ..??
ആൻഡ്രൂ: അവള് നിന്നെ പ്രോപ്പോസ് ചെയ്യണം.. എന്നിട്ട് ആ മോമെന്റിൽ വേണം നീ ബോംബ് പൊട്ടിക്കാൻ.. മനസ്സിലായോ..??
ഷൈൻ: സംഗതി ഒക്കെ കൊള്ളാം.. എന്നാലും ആ സാധനത്തിനെ കയറി പ്രേമിക്കാ എന്ന് വെച്ചാൽ… അല്ല അഭിനയം ആണ്.. എന്നാലും ചടങ്ങ് ആണ്..
വിഷ്ണു: അത് നേരാ സംഭവം ചടങ്ങ് ആണ്.. കാരണം വേറെ പെണ്ണുങ്ങളെ വളക്കുന്ന പോലെ അത്ര എളുപ്പം ആവില്ല ബ്രോ ദിയയെ വളക്കാൻ…
ആൻഡ്രൂ: അതൊക്കെ ചുമ്മാതെ ആണ്.. സ്നേഹം, കെയറിങ് ഇതിൽ രണ്ടിലും വീഴാത്ത പെണ്ണുങ്ങൾ ഒന്നും ഈ ലോകത്ത് ഇല്ല…
ഷൈൻ: നീ പറ.. ഞാൻ എങ്ങനെ തുടങ്ങണം..??
ആൻഡ്രൂ: നീ അവളോട് കുറച്ച് സോഫ്റ്റ് ആയിട്ട് ഒക്കെ സംസാരിക്ക്.. ഇനിയിപ്പോ അവള് പറയുന്നത് നിനക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണെങ്കിൽ പോലും ചുമ്മാ അങ്ങ് അംഗീകരിച്ച് കൊടുത്തേക്ക്.. പിന്നെ കേയറിങ് ആണ് പ്രധാനം.. ബാക്കി ഒക്കെ നീ കണ്ടറിഞ്ഞ് ചെയ്…
ഷൈൻ കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ച നിന്നു.. എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു…
ഷൈൻ: അപ്പോ ദിയയെ നമ്മൾ പൂട്ടുന്നു…
അവൻ മുന്നോട്ട് കൈ നീട്ടി… ആൻഡ്രുവും വിഷ്ണുവും അരവിന്ദും മേൽക്കുമേല കൈകൾ വച്ചു…
ഷൈൻ: അവളുടെ അഹങ്കാരം ഇതോടെ തീരണം……
എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ ആണ് ഷൈൻ അത് പറഞ്ഞത്.. സ്ത്രീകളോടുള്ള പ്രത്യേകിച്ച് അജലിയോടുള്ള ഷൈനിന്റെ മുഴുവൻ വെറുപ്പും തീർക്കാൻ ഉള്ള അവസരം ആയാണ് അവൻ ഇതിനെ കണ്ടത്…
പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു കുറെ നേരം അവിടെ ഇരുന്നു.. അവസാനം ബ്രേക്ക് ടൈം തീർന്നപ്പോൾ എല്ലാവരും തിരികെ അവരവരുടെ ഡ്യൂട്ടി ഇടങ്ങളിലേക്ക് തിരികെ നടന്നു… 🌀🌀🌀🌀🌀🌀🌀🌀🌀🌀
കൂട്ടുകാരെ കണ്ടു പിരിഞ്ഞ ഷൈൻ നേരെ ലൈബ്രറി കെട്ടിടത്തിലേക്ക് തന്നെ മടങ്ങി എത്തി… ഷൈൻ ചെന്ന് നോക്കുമ്പോൾ വാതിൽ പൂട്ടിയിരുന്നു..
“ശേ ഇവൾ ഇനിയും വന്നില്ലേ…”
ദിയ അപ്പോളും വന്നിരുന്നില്ല.. ഷൈൻ ഏറെ നേരം ഏകദേശം ഒരു പത്തു മിനിറ്റ് ആ വരാന്തയിൽ ദിയക്ക് വേണ്ടി കാത്തു നിന്നു.. അവസാനം ദൂരെ നിന്ന് അവൾ നടന്നു വരുന്നത് കണ്ടു…
“അവൾടെ ഒടുക്കത്തെ ഒരു നടത്തം..”
അവളടുത്ത് എത്തിയിട്ട് വേണം രണ്ട് പറയാൻ എന്നാണ് ഷൈൻ ആദ്യം മനസ്സിൽ കരുതിയത്.. പിന്നെ ആണ് ആൻഡ്രൂ പറഞ്ഞ കാര്യം അവൻ പെട്ടെന്ന് ഓർത്തത്.. അത്കൊണ്ട് തൽകാലം ദേഷ്യം മനസ്സിൽ ഒതുക്കി.. ഇതിനും കൂടി ചേർത്ത് അന്ന് കൊടുക്കാം.. ഷൈൻ മനസ്സിൽ കണക്ക് കൂട്ടി…
ദിയ നേരെ വന്ന് ഷൈനിനെ ഒന്ന് നോക്കി വാതിൽ തുറക്കാൻ തുടങ്ങി.. തുറക്കുന്നതിന് ഇടയിൽ അവൾ ഷൈനിനോട് ചോദിച്ചു…
ദിയ: ഒത്തിരി നേരായോ വന്നിട്ട്..
ഉള്ളിൽ ദേഷ്യം ഉണ്ടായിരുന്നെങ്കിലും അത് മറച്ച് വച്ച് പുറമെ പുഞ്ചിരിച്ച് ഷൈൻ മറുപടി പറഞ്ഞു..
ഷൈൻ: ഇല്ല ദിയ.. ഞാൻ ഇപ്പൊ വന്നതെ ഒള്ളു…
ദിയ അൽഭുതത്തോടെ ഷൈനിനെ ഒന്ന് നോക്കി… കാരണം ഇത്ര സൗമ്യമായി ഷൈൻ തന്നോട് സംസാരിക്കുന്നത് അവള് ആദ്യമായി കേൾക്കുകയായിരുന്നു…
അവള് ഒന്ന് മൂളികൊണ്ട് ലൈബ്രറിയുടെ വാതിൽ മലർക്കെ തുറന്നു… രണ്ട് പേരും അകത്തേക്ക് കയറി…
ദിയ രജിസ്റ്റർ കയ്യിൽ എടുത്തു..
ദിയ: എന്നാൽ തുടങ്ങാം..
ഷൈൻ: ഓകെ തുടങ്ങാം…
അങ്ങനെ അവർ രണ്ടുപേരും വീണ്ടും ജോലികൾ ആരംഭിച്ചു.. ഇങ്ങനെ ജോലി മാത്രം ചെയ്തോണ്ട് ഇരുന്നാൽ തന്റെ പ്ലാൻ ഒന്നും നടക്കില്ല എന്ന് ഷൈനിന് അറിയാമായിരുന്നു..
ദിയ: എന്താ..??
ഷൈൻ: നിങ്ങളിൽ ആരാണ് മൂത്തത്.. ഐ മീൻ താൻ ആണോ മായ ആണോ..??
ദിയ: എന്താ ചോദിക്കാൻ.??
ഷൈൻ: അല്ല നമ്മൾ ഇങ്ങനെ ജോലി മാത്രം ചെയ്തൊണ്ടിരുന്നാൽ ബോർ അടികൂലെ അതോണ്ട്..,…
ദിയ: ജോലി മര്യാദക്ക് ചെയ്താൽ ബോറടി ഒന്നും ഉണ്ടാകൂല…
“ഈ പണ്ടാരതിനെ ഞാൻ എങ്ങനെ പ്രേമിക്കാൻ ആണ് കർത്താവേ..”
ഷൈൻ മനസ്സിൽ പറഞ്ഞു.. പക്ഷേ ദിയയോട് പിന്നെ ഒന്നും പറയാൻ പോയില്ല… ഏതാണ്ട് ഒരു അരമണിക്കൂർ അങ്ങനെ തന്നെ പോയി.. കുറച്ച് കഴിഞ്ഞപ്പോൾ ദിയ ഇങ്ങോട്ട് ഷൈനിനോട് സംസാരിക്കാൻ തീരുമാനിച്ചു.. കാരണം ഷൈൻ പറഞ്ഞത് നേരാണ് എന്ന് അവൾക്കും തോന്നി.. ഇങ്ങനെ ജോലി മാത്രം ചെയ്തൊണ്ടിരുന്നാൽ ബോർ അടികും.. പ്രത്യേകിച്ച് താൽപ്പര്യം ഇല്ലാത്ത ജോലി.. അത്കൊണ്ട് വേറെ വഴിയില്ലാതെ ദിയ ഷൈനിനോട് സംസാരിക്കാൻ തീരുമാനിച്ചു…
ദിയ: താൻ നേരത്തെ എന്തോ ചോദിച്ചല്ലോ..??
ഷൈൻ: ഞാനോ എപ്പോ..??
ദിയ: നേരത്തെ എന്നോട് എന്തോ ചോദിച്ചില്ലെ..??
ഷൈൻ: ഓഹ്.. അതോ.. അത് ബുക്ക് നമ്പർ 32 ഏത് അറയിൽ ആണെന്ന്…
ദിയ: ഓഹ് അതല്ലെടോ.. എന്നെയും മായയെയും പറ്റി ചോദിച്ചില്ലെ അത്…
ഷൈൻ: ആ അത്.. അത് താൻ ആണോ മായ ആണോ ചേച്ചി എന്ന്..
ദിയ: ആഹ്.. അവളാ…
ഷൈൻ: എവൾ..??
ദിയ: എടോ മായ ആണ് മൂത്തത് എന്ന്..
ഷൈൻ: ഓ അങ്ങനെ… മായക്ക് ജന്മനാ സംസാരിക്കാൻ കഴിയില്ലേ..??
ദിയ: ഇല്ല….
അത് പറഞ്ഞപ്പോൾ ദിയയുടെ മുഖത്ത് ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു… ഷൈൻ എന്തെങ്കിലും പറയുന്നതിന് മുന്നേ ദിയ തന്നെ പറഞ്ഞ് തുടങ്ങി..
ദിയ: ഒരുപാട് ട്രീറ്റ്മെന്റ് ഒക്കെ ചെയ്ത് നോക്കി.. ബട്ട് ജന്മനാ ഉള്ളത് ആയത് കൊണ്ടാണോ അറിയില്ല.. ഒന്നും ഫലം കണ്ടില്ല….
ഷൈൻ: ദിയ ആംഗ്യ ഭാഷയിൽ സംസാരിക്കും അല്ലേ..??
ദിയ: അതെ.. മായക്ക് വേണ്ടി പഠിച്ചതാണ്..
ഷൈൻ: സത്യത്തിൽ ഞങ്ങൾ .. ഐ മീൻ ഞാനും ആൻഡ്രുവും ആദ്യം മായയെ ആണ് കണ്ടത്… അന്ന് ഞങ്ങളുടെ ആദ്യത്തെ ദിവസം ആയിരുന്നു കോളേജിലെ.. രാവിലെ എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ആകെ നേരം വൈകി ദൃതിയിൽ ആണ് വണ്ടി ഓടിച്ച് പോന്നത്.. അപ്പോളാണ് മായ വണ്ടിക്ക് മുന്നിൽ വന്നതും ഞങ്ങൾക്ക് ആക്സിഡന്റ് ആയതും.. അപോൾ വന്ന ദേഷ്യത്തിന് ഞാൻ അവളോട് കയറി ചൂടായി.. പിന്നെ ആണ് അറിഞ്ഞത് അവക്ക് സംസാരിക്കാൻ കഴിയില്ല എന്ന്.. അതാണ് അന്ന് ഉണ്ടായത്.. പിന്നെ ക്ലാസിൽ വന്നതിന് ശേഷം ആണ് നിങ്ങള് ട്വിൻസ് ആണ് എന്നറിഞ്ഞത്….
സത്യത്തിൽ ഇക്കാര്യം ഷൈൻ കുറ്റബോധം കൊണ്ട് പറഞ്ഞത് ഒന്നും ആയിരുന്നില്ല… ദിയയുടെ മനസ്സിലുള്ള നെഗറ്റീവ് ഇമേജ് മാറ്റാൻ വേണ്ടി വെറുതെ സെന്റി അടിച്ചതാണ്…
ദിയ: മായ എന്നോട് അന്ന് എല്ലാം പറഞ്ഞു.. it’s okay.. അത് വിട്ട് കള…
“എന്നാലും അവൾക് എന്നോട് ഒരു സോറി പറയാൻ പറ്റില്ല…”
ഇതായിരുന്നു ഷൈൻ മനസ്സിൽ ആലോചിച്ചത്…
ദിയ: അല്ല.. താനും ആൻഡ്രൂസും എന്താ നിങ്ങടെ പഴയ കോളേജ് വിട്ട് ഇങ്ങോട്ട് വന്നത്…??
ഷൈൻ: അത്.. എന്റെ ചേച്ചിടെ വീട് ഇവിടെ ആണ്.. ചേച്ചിടെ ഹസ്ബന്റ് ഗൾഫിൽ പോയി അപ്പോ ചേച്ചി തനിച്ചല്ലെ ഒള്ളു എന്ന് കരുതി ഇങ്ങോട്ട് വന്നതാണ്…
തൽക്കാലം അവളോട് അങ്ങനെ പറയാൻ ആണ് തോന്നിയത്.. അല്ലാതെ വെള്ളമടിച്ച് പിടിച്ചതിന് നാട് കടത്തിയത് ആണ് എന്ന് പറഞ്ഞാൽ കമ്പ്ലീറ്റ് ഇമേജും പോകും എന്ന് ഷൈനിന് തോന്നി…
ദിയ: ഓഹ്… അപ്പോ നിങ്ങള് ഹോസ്റ്റലിൽ അല്ല അല്ലേ…
ഷൈൻ: അല്ല..
ദിയ: അരവിന്ദിനെ എങ്ങനെ പരിചയം..??
ഷൈൻ: അത്…
ദിയ: പേർസണൽ ആണെങ്കിൽ പറയണ്ട.. അന്ന് ക്ലാസ്സിൽ വച്ച് നിങ്ങളുടെ സംസാരം കേട്ടപ്പോൾ തന്നെ തോന്നിയിരുന്നു.. പിന്നെ ചോദിച്ചു എന്നെ ഒള്ളു..
പറയാതെ ഇരിക്കുനതിലും നല്ലത് പറയുന്നത് തന്നെ ആണ് എന്ന് ഷൈനിന് തോന്നി.. കാരണം അവളോട് തുറന്ന് പറഞ്ഞാൽ അവളുടെ വിശ്വാസവും നേടാം ഒരു തേപ്പിന്റെ ഇര എന്ന സെന്റി മൻസും വർക്ക് ആക്കാം….
ഷൈൻ കയ്യിൽ ഉണ്ടായിരുന്ന അവസാന പുസ്തകവും ഷെൽഫിൽ വച്ചിട്ട് മുഖത്ത് പറ്റാവുന്നത്ര വികാരങ്ങളും വാരി വിതറി പറയാൻ ആരംഭിച്ചു.. ടേബിളിന്റെ പുറത്ത് ഇരുന്നു കൊണ്ട് ദിയ ഷൈൻ പറയാൻ പോകുന്നത് കേൾക്കാൻ കാതോർത്തു..
ഷൈൻ: അഞ്ജലി…. അവള് എനിക്ക് എന്റെ എല്ലാം ആയിരുന്നു…….
പറ്റാവുന്നത്ര സെന്റി കുത്തിക്കയറ്റി ഷൈൻ അവന്റെ ദുരന്ത കഥ ദിയയോട് പറഞ്ഞു.. അവസാനം അധി വിദഗ്ധമായി കണ്ണ് ഒന്ന് നനക്കാനും ഷൈനിന് പറ്റി… എല്ലാം കേട്ട് അന്തം വിട്ടിരുന്ന ദിയ പറഞ്ഞു..
ദിയ: ഒഹ്.. ഇത്രേം വലിയ തേപ്പ് കിട്ടിയ ആളാണെന്ന് എനിക്കറിയില്ലായിരുന്നു..
ഷൈൻ: അഹ്.. ഇനി പറഞ്ഞിട്ടെന്താ…
ദിയ: മൊത്തം പെൺ വർഗ്ഗത്തോടും വെറുപ്പ് ആകുമല്ലോ ഇപ്പൊ…
ഷൈൻ: അതെന്താ അങ്ങനെ ചോദിച്ചത്..??
ദിയ: അല്ല അത് അങ്ങനെ ആണല്ലോ…
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഷൈൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
“അതേടി എനിക്ക് വെറുപ്പാണ്.. നീയടക്കം ഉള്ളവരോട്.. അത് നിനക്ക് ഞാൻ വൈകാതെ അറിയിച്ച് തരാം…”
ഷൈൻ മനസ്സിൽ പറഞ്ഞു… പിന്നെ ഉള്ള നേരങ്ങളിൽ ഒന്നും അവർ ജോലിയെ പറ്റി അല്ലാതെ ഒന്നും സംസാരിച്ചില്ല.. അൽപ്പം മടുപ്പിക്കുന്നത് ആണെങ്കിലും ജോലി അത്ര പ്രയാസമുള്ളത് അല്ല എന്ന് അവർക്ക് ബോധ്യമായി…
അങ്ങനെ അവസാനം മണി ഒന്ന് ആയി..
ഷൈൻ: ലഞ്ച് ബ്രേക്ക് ആയില്ലേ പോയി ഫൂഡ് കഴിച്ചാലോ..??
ദിയ: ശരിയാ പോവാം…
അവർ രണ്ടുപേരും പുറത്തേക്ക് നടന്നു.. ദിയ വാതിൽ പൂട്ടുന്നതിന്റെ ഇടയിൽ ഷൈൻ ചോദിച്ചു…
ഷൈൻ: നിങ്ങള് ഹോസ്റ്റലിൽ നിന്ന് കൊണ്ടുവരാർ ആണല്ലേ ഫുഡ്..??
ദിയ: അതെ…
ഷൈൻ: ഞങ്ങൾ പുറത്തൂന്ന് കഴികാർ ആണ്…
ദിയ: താൻ ചേച്ചിടെ വീട്ടിൽ നിന്നാണ് വരുന്നത് എന്നല്ലേ പറഞ്ഞത് പിന്നെ എന്താ ഫുഡ് കൊണ്ടുവന്നാൽ..?? വെറുതെ ഹോട്ടൽ ഫുഡ് കഴിച്ച് ശരീരം കേടാക്കണോ….
ഷൈൻ: അല്ല.. അത് പിന്നെ.. ഈ ഫുഡ് ഒക്കെ കൊണ്ട് വന്ന് ക്ലാസ്സിൽ ഇരുന്ന് കഴിക്ക എന്നൊക്കെ പറയുമ്പോൾ..
ദിയ: ഹും മനസ്സിലായി… അപ്പോ ശരി ബ്രേക്ക് കഴിഞ്ഞ് കാണാം…
ഷൈൻ: ഓകെ..
ദിയ നേരെ മായയെ വിളിക്കാൻ ആയി പോയപ്പോൾ ഷൈൻ കൂട്ടുകാരെ കാണാൻ അവരുടെ സ്വന്തം പാർക്കിങിലേക്ക് നടന്നു… 🌀🌀🌀🌀🌀🌀🌀🌀
കുടുംബ ശ്രീ ഹോട്ടലിൽ ഇരുന്ന് ഊണ് കഴിക്കുക ആയിരുന്നു ഷൈനും കൂട്ടുകാരും… നല്ല നാടൻ ഊണും നാടൻ ചാള വറുത്തതും..
ആൻഡ്രൂ: എന്തായെടാ വല്ല പ്രോഗ്രസ്സും ഉണ്ടോ.???
ഷൈൻ: അതിനൊന്നും ടൈം ആയില്ലെടാ.. ഞാൻ മാക്സിമം സെന്റി അടിച്ച് കേറുന്നുണ്ട്…
ആൻഡ്രൂ: ഹാ.. നീ അങ്ങനെതന്നെ പോ..
അങ്ങനെ അവർ ആസ്വദിച്ച് ഭക്ഷണം കഴിച്ച് കൊണ്ടിരുന്നു… 🌀🌀🌀🌀🌀🌀🌀🌀🌀
ക്ലാസ്സ് മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മായയും ദിയയും..
ദിയ: എങ്ങനെ ഉണ്ട് ഡ്യൂട്ടി…??
മായ: കുഴപ്പല്ല.. പക്ഷേ ഞാൻ പറയുന്ന ചില കര്യങ്ങൾ ഒന്നും അവൾക്ക് മനസ്സിലാവുന്നില്ല.. പക്ഷേ അഡ്ജസ്റ്റ് ചെയ്യാം…
ദിയ: നിന്നെ കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കാറൊന്നും ഇല്ലല്ലോ…
മായ: ഏയ്.. അതൊന്നും ഇല്ല.. അവള് പാവം ആണ്… അല്ല എങ്ങനെ ഉണ്ട് നമ്മുടെ ഷൈൻ..??
ദിയ: ഞാൻ വിചാരിച്ച അത്ര കുഴപ്പം ഒന്നും ഇല്ല.. പക്ഷേ ആളൊരു പ്ലൈൻ കാരക്റ്റർ ആണ്..??
മായ: അങ്ങനെ പറഞ്ഞാൽ.??
ദിയ: അങ്ങനെ പറഞ്ഞാൽ.. അത്യാവശ്യം കാശ് ഉള്ള കുടുംബത്തിലെ ആണ് എന്ന് തോന്നുന്നു.. അതിന്റെ കുറച്ച് പക്വത കുറവും എടുത്ത് ചാട്ടവും ഒക്കെ ഉണ്ട്…
മായ ദിയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
മായ: അപ്പോ നിങ്ങള് തമ്മിൽ ഇത്രേം ഒക്കെ അടുപ്പത്തിൽ ആയോ..??
ദിയ: അടുപ്പമോ..?? എന്ത് അടുപ്പം..?? ആ ലൈബ്രറിയിൽ കിടന്ന് ബോറടിച്ചപ്പോ സംസാരിച്ചു അത്രേ ഒള്ളു… ആ പിന്നെ. നീ അന്ന് ചോദിച്ചില്ലെ അവന്റെയും അരവിന്ദിന്റെയും കാര്യം…
മായ: അതെ…
ദിയ: അതിന്റെ പിന്നിൽ ഒരു അടിപൊളി തേപ്പ് കഥയുണ്ട്.. അരവിന്ദിന്റെ ചേച്ചി ഷൈനിനെ നൈസ് ആയിട്ട് തേച്ചു…
മായ: എനിക്ക് അന്നെ ഒരു സംശയം ഉണ്ടായിരുന്നു..
ദിയ: ഇവന്മാർ രണ്ടാളും മുന്നേ പോളിയിൽ ഒക്കെ പഠിച്ചിട്ടുണ്ട്.. ആൻഡ്രുവും ഷൈനും.. നമ്മളെക്കാൾ ഒരു രണ്ട് മൂന്ന് വയസ്സിന് മൂത്തവർ ആണ്…
മായ: ഓഹ്…
മായ ചോറും മുന്നിൽ വച്ച് ആലോചിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ ദിയ പറഞ്ഞു..
ദിയ: മതി മതി ആലോചിച്ചത്.. വേഗം കഴിക്കാൻ നോക്ക്… 🌀🌀🌀🌀🌀🌀🌀🌀🌀🌀
ഷൈനും കൂട്ടുകാരും പാർക്കിങ്ങിൽ സംസാരിച്ച് നിൽക്കുകയായിരുന്നു.. ആൻഡ്രൂ ചില ടിപ്പുകൾ എല്ലാം ഷൈനിന് പറഞ്ഞു കൊടുത്തു.. മനസ്സ് കൊണ്ട് ഇതിനെല്ലാം എതിരാണെങ്കിലും അരവിന്ദും വിഷ്ണുവും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു…
അങ്ങനെ ബ്രേക്ക് ടൈം പൂർണമായപ്പോൾ അവർ എല്ലാവരും തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങി പോയി… ഷൈനും ലൈബ്രറി ലക്ഷ്യമാക്കി നടന്ന് കൊണ്ടിരുന്നപ്പോൾ ആണ് രാവിലെ കണ്ട ആ പെൺകുട്ടി എതിരെ നടന്നു വരുന്നത് കണ്ടത്.. സത്യത്തിൽ മൈൻഡ് ചെയ്യാതെ പോകാൻ ആയിരുന്നു ഷൈൻ മനസ്സിൽ കരുതിയത് എന്നാൽ അടുതെത്തിയത്തും അവള് തന്നെ ഷൈനിനോട് ഇങ്ങോട്ട് സംസാരിച്ചു…
പെൺകുട്ടി: ഷൈൻ ചേട്ടാ.. രാവിലെ അങ്ങനെ ചോദിച്ചതിന് സോറി…
ഷൈൻ:അത് സാരല്ല.. ക്ലാസിൽ പോകാൻ നോക്ക് ബ്രേക്ക് കഴിഞ്ഞല്ലോ..
പെൺകുട്ടി: അപ്പോ ശരിക്കും ചേട്ടനും ദിയ ചേച്ചിയും തമ്മിൽ ഒന്നും ഇല്ലെ..??
ഷൈൻ മറുപടി ഒന്നും പറയാതെ നെറ്റിക്ക് മുകളിൽ കൈ വച്ച്… ഇത് കണ്ടപ്പോൾ ആ പെൺകുട്ടി പെട്ടന്ന് പറഞ്ഞു..
പെൺകുട്ടി: ഓകെ… ഓകെ.. മനസ്സിലായി.. സോറി.. ശരി ഞാൻ പോയിക്കൊളാം..
അത്രേം പറഞ്ഞ് അവള് വേഗം പോയി.. ഷൈൻ അവളെ ഒന്ന് നോകിയ ശേഷം തിരികെ ലൈബ്രറിയിലേക്ക് തന്നെ നടന്നു…
ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോൾ വാതിൽ തുറന്നിട്ട് ഉണ്ട്.. ദിയ വന്ന് കാണും എന്ന് അവന് മനസ്സിലായി.. ഷൈൻ വാതിൽ തുറന്ന് ഉള്ളിലേക്ക് കടന്നു… ഉള്ളിൽ ദിയ ഒരു ചെയറിൽ ഇരിക്കുന്നത് കണ്ടു.. കണ്ടപ്പോൾ തന്നെ ഒരു ചവിട്ട് വച്ച് കൊടുക്കാൻ ആണ് ഷൈനിന് തോന്നിയത്… പിന്നെ ആൻഡ്രൂ പറഞ്ഞിട്ടുണ്ടല്ലോ എന്തൊക്കെ വന്നാലും ലക്ഷ്യം മറക്കരുത് എന്ന് അതുകൊണ്ട് ഷൈൻ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കടന്നു.. ഷൈനിനെ കണ്ടതും ദിയയും ഒന്ന് ചിരിച്ചു..
ഷൈൻ: സോറി… കുറെ നേരം ആയോ വന്നിട്ട്..???
ദിയ: ഇല്ല ഇപ്പൊ വന്നതെ ഒള്ളു.. ഞാൻ കണ്ടു താഴെ ഏതോ ഒരു ജൂനിയർ കൊച്ചും ആയി സംസാരിച്ച് നിക്കുന്നത്…
ഷൈൻ: ഓഹ് അതാ കൊച്ച് വെറുതെ… മായയുടെ നോവൽ വായിച്ച് നമ്മൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ അറിയാൻ…
ദിയ: ഹോ അതിന്റെ ഓളം ഇനിയും കഴിഞ്ഞില്ലേ… സത്യത്തിൽ അവള് ഇങ്ങനെ ഒരു പണി കാണിക്കും എന്ന് ഞാനും സ്വപ്നത്തില് പോലും കരുതിയത് അല്ല…
ഷൈൻ: ഏയ് അത് പോട്ടെ.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാലോ.. മായ ഇനി എന്ത് ക്ലൈമാക്സ് എഴുതുന്നു എന്ന് നോക്കാം…
ദിയ അതിനു മറുപടി ഒന്നും പറഞ്ഞില്ല..
ഷൈൻ: എന്നാൽ നമുക്ക് തുടങ്ങാം..
ദിയ: ഓകെ..
ഷൈൻ: വേണെങ്കിൽ താൻ രജിസ്റ്റർ നോക്കിക്കോ.. ബുക്സ് ഞാൻ എടുത്ത് വക്കാം..
ദിയ: അത് വേണ്ട.. ഡീൽ ഡീൽ ആയി തന്നെ ഇരിക്കട്ടെ..
അങ്ങനെ അവർ രണ്ടുപേരും ജോലികൾ ആരംഭിച്ചു.. ഷൈൻ രജിസ്റ്റർ നോക്കി വായിക്കാനും ദിയ ബുക്കുകൾ അടുക്കി വക്കാനും ആരംഭിച്ചു…
എന്നാൽ ഏറെ നേരം ഒന്നും കഴിഞ്ഞ് കാണില്ല .. ചില പുസ്തക കെട്ടുകൾക്ക് ഇടയിൽ നല്ല രീതിയിൽ പൊടി ഉണ്ടായിരുന്നു.. അവ അടുക്കി വക്കാൻ തുടങ്ങിയതും ദിയ നിർത്താതെ തുമ്മാൻ തുടങ്ങി..
ഇത് കണ്ടപ്പോൾ സത്യത്തിൽ ഷൈനിന് ചിരി ആണ് വന്നത് എന്നാൽ ആൻഡ്രുവിന്റെ വാക്കുകൾ അശരീരി പോലെ മനസ്സിൽ വന്നത് കൊണ്ട് ചിരി അടക്കി ദിയയുടെ അടുത്തേക്ക് ചെന്നു… എന്നിട്ട് ആൻഡ്രൂ പറഞ്ഞ് തന്ന പോലെ കേയറിങ് അഭിനയിക്കാൻ തുടങ്ങി..
ഷൈൻ: എന്ത് പറ്റി ദിയ..?? വല്ലാതെ തുമ്മുന്നല്ലോ…??
ദിയ: അറിയില്ല…… പൊടി… പൊടി അലർജി ആണെന്ന് തോന്നുന്നു..
ഷൈൻ: ഓകെ.. ശരി എന്നാ താൻ ഇങ്ങ് മാറ് ഞാൻ അടുക്കി വചോളാം.. താൻ രജിസ്റ്റർ നോക്കിയാൽ മതി..
ദിയ: ഏയ് കുഴപ്പല്ല.. ഞാൻ ചെയ്തോളാം..
ഷൈൻ: പറയുന്ന കേൾക്കെടോ.. താൻ മാറ് ഞാൻ ചെയ്യാം… ഇല്ലെങ്കിൽ ഇന്ന് പണി നടക്കില്ല.. തുമ്മൽ മാത്രേ ഉണ്ടാവൂ…
അത് കേട്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ദിയ സമ്മതിച്ചു… ഉള്ളിൽ കടുത്ത ദേഷ്യം ഉണ്ടായിരുന്നിട്ടും കൂടി ഷൈൻ ഒന്നും പറയാതെ പുഞ്ചിരിച്ചു..
ഷൈൻ കയ്യിൽ ഇരുന്ന രജിസ്റ്റർ ദിയക്ക് നൽകി.. എന്നിട്ട് ഒരു ചെയർ വലിച്ച് അവളുടെ അടുത്തിട്ട് പറഞ്ഞു..
ഷൈൻ: ദാ ഇവിടെ ഇരിക്ക്.. എന്നിട്ട് നമ്പർ പറഞ്ഞാൽ മതി ഞാൻ എടുത്ത് വചോളാം…
ദിയ: ഓകെ..
അവർ പരസ്പരം ഒന്ന് പുഞ്ചിരിച്ചു.. എന്നാൽ ഷൈനിന്റെ പുഞ്ചിരിക്ക് പിന്നിൽ ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരുന്നിരുന്നു…
അങ്ങനെ കുറച്ച് നേരം അവർ വർക്കിനെ പറ്റി മാത്രം സംസാരിച്ചു.. പിന്നെയും കുറച്ച് കഴിഞ്ഞപ്പോൾ ദിയ അങ്ങോട്ട് സംസാരിച്ച് തുടങ്ങി..
ദിയ: അല്ല ഷൈൻ.. താൻ എന്തിനാ ആ അർജ്ജുനെ കയറി വെല്ലുവിളിച്ചത്..??
ഷൈൻ: അന്ന് അവൻ എന്നോട് ചെയ്തത് താനും കണ്ടതല്ലേ…
ദിയ: എന്നാലും അവൻ ബോക്സിങ് ഒക്കെ പഠിച്ചിട്ടുണ്ട്.. പോരാതെ കോളേജ് ചാമ്പ്യനും ആണ്..
ഷൈൻ: അതൊന്നും കുഴപ്പല്ല.. ഞാൻ ഇപ്പൊ പഠിക്കുന്നുണ്ടല്ലോ..
ദിയ: അത് ശരിയാ…
ഷൈൻ: താനും മായയും എല്ലാത്തിലും പക്ക ഒപ്പോസിറ്റ് ആണല്ലോ.. അതെന്താ..??
ദിയ: അങ്ങനെ ചോദിച്ചാൽ ഞാൻ ഇപ്പൊ എന്താ പറയാ..?? അത്… അങ്ങനെ ആയി പോയി…
ഷൈൻ: നിങ്ങള് രണ്ടുപേരും മാത്രേ ഒള്ളോ.. വേറെ ബ്രതേഴ്സ് സിസ്റ്റ്റർസ് ഒന്നും ഇല്ലേ..??
ദിയ: ഇല്ല…
ഷൈൻ: ഹോ…
പിന്നെ കുറച്ച് നേരം അവർ ഒന്നും സംസാരിച്ചില്ല.. ജോലികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.. ഇടയ്ക്ക് വീണ്ടും ഷൈൻ സംസാരിച്ച് തുടങ്ങി..
ഷൈൻ: ഇത് തീരാൻ കുറെ നാളാവും തോന്നുന്നുണ്ടല്ലോ..
ദിയ: നോക്കാം.. ബാക്കി ഭാഗങ്ങളിൽ ഒക്കെ ബുക്ക് ഷെൽഫിൽ തന്നെ ഉണ്ട്.. ഈ മുൻപിൽ മാത്രേ പ്രശ്നം ഒള്ളു..
ഷൈൻ: അതേ..
പിന്നെയും കുറെ നേരം അവർ ഒന്നും സംസാരിച്ചില്ല… അവസാനം മൗനം ഭേദിച്ച് ഇത്തവണ ദിയ സംസാരിച്ച് തുടങ്ങി..
ദിയ: ഇന്നും പ്രാക്ടീസ് ഉണ്ടോ.???
ഷൈൻ: ആ ഉണ്ട്.. ഇനിയിപ്പോ മത്സരം കഴിയുന്ന വരെ പ്രാക്ടീസ് കാണും..
ദിയ: അർജ്ജുനെ അറിയാവുന്നത് കൊണ്ട് പറയാണ് അവന്റെ അടുത്ത് നിന്ന് ന്യായമായ ഒരു മത്സരം പ്രതീക്ഷിക്കണ്ട.. ചതിക്കാൻ അവനെ കഴിഞ്ഞിട്ടേ വേറെ ആള് ഒള്ളു…
ഷൈൻ: അതെനിക്ക് മനസ്സിലായിട്ടുണ്ട്.. ഞാൻ സൂക്ഷിച്ചോലാം…
ദിയ; ഹും….
പിന്നെയും പഴയ പോലെ അവർ ജോളികളിലേക്ക് മുഴുകി… അങ്ങനെ അവസാനം വൈകുന്നേരം ആയി.. കോളേജ് വിടേണ്ട സമയം.. ഇത്തവണ പതിവിനു വിപരീതമായി ദിയ ആണ് വാച്ചിൽ നോക്കിയത്..
ദിയ: ഷൈൻ… സമയം കഴിയാറായി.. നമുക്ക് ഇറങ്ങിയാലോ..??
ഷൈൻ: ഓകെ ദിയ.. നമുക്ക് ഇറങ്ങാം..
ഷൈൻ കയ്യിലുണ്ടായിരുന്ന അവസാന ബുക്കും ഷെൽഫിൽ വച്ചു..
ഷൈൻ: അങ്ങനെ സംസ്കൃതം ബുക്സ് ഒക്കെ കഴിഞ്ഞു..
ദിയ: അതെ നാളെ ഇനി എന്താണോ ആവോ.??
അവർ രണ്ടുപേരും ലൈബ്രറി വിട്ട് പുറത്തേക്ക് ഇറങ്ങി.. ദിയ താഴിട്ട് ഭദ്രമായി ലൈബ്രറി അടച്ചു…
ഷൈൻ: ഈ താകോൽ കൂട്ടം ആരെ ഏൽപ്പിക്കും..??
ദിയ: ആ മേടത്തെ തന്നെ ഏൽപ്പിക്കാം… കുഴപ്പല്ല ഞാൻ കൊടുതോളാം..
ഷൈൻ: ഓകെ.. അപ്പോ നാളെ കാണാം..
ദിയ: ഓക്കേ ഷൈൻ.. ബൈ..
അങ്ങനെ അവർ രണ്ടുപേരും യാത്ര പറഞ്ഞ് പിരിഞ്ഞു… ദിയ ഓഫീസിലേക്കും ഷൈൻ പുറത്ത് പാർക്കിങിലേക്കും നടന്നു… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ഷൈൻ പാർക്കിങ്ങിൽ ബൈക്കിന് മുകളിൽ ഇരുന്നു.. കൂട്ടുകാർ ആരും എത്തിയിരുന്നില്ല…
കുറച്ച് നേരം കഴിഞ്ഞപ്പോൾ അരവിന്ദും വിഷ്ണുവും വരുന്നത് കണ്ടു..
ഷൈൻ: ആൻഡ്രൂ എവിടെ..??
അരവിന്ദ്: അവിടെ ആയിഷയും ആയി സംസാരിച്ച് നിക്കുന്നുണ്ട്.. ഇപ്പൊ വരാം എന്ന് പറഞ്ഞു..
ഷൈൻ: ഇവന്റെ ഒരു കാര്യം..
വിഷ്ണു: ദാ വരുന്നു…
അങ്ങനെ ആൻഡ്രുവും അവരോടൊപ്പം എത്തി…
ഷൈൻ: എന്നാ പ്രാക്ടീസ് തുടങ്ങാം..
അരവിന്ദ്: ഒകെ.. വാ ഗ്രൗണ്ടിൽ പോകാം…
പ്രാക്ടിക്കൽ നേകാൾ കൂടുതൽ തിയറിയിൽ ആയിരുന്നു ഇന്ന് അരവിന്ദ് ഷൈനിന് ട്രെയിനിംഗ് നൽകിയത്.. ശത്രുവിനെ എങ്ങനെ അളക്കണം എന്നും സ്റ്റാമിന എങ്ങനെ കറക്റ്റ് ആയി ഉപയോഗിക്കണം എന്നും അരവിന്ദ് അവനെ പഠിപ്പിച്ച് കൊണ്ടിരുന്നു…
അങ്ങനെ ഏറ നേരത്തെ ക്ലാസിന് ശേഷം അവർ ട്രെയിനിംഗ് അവസാനിപ്പിച്ച് പോകാൻ ഒരുങ്ങി… ഗ്രൗണ്ടിന്റെ പുറക് വശം വഴിയുള്ള ഗെയിറ്റിലൂടെ തന്നെ വിഷ്ണുവും അരവിന്ദും യാത്ര പറഞ്ഞ് പോയി..
ഷൈനും വിഷ്ണുവും നേരെ പാർക്കിങിലേക്ക് വണ്ടി എടുക്കാൻ നടന്നു.. പാർക്കിങ്ങിൽ എത്തി വണ്ടി എടുത്തു.. ആൻഡ്രുവും കയറി.. ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ആരോ പുറകിൽ നിനും ഷൈനിനെ വിളിച്ചു..
“ഷൈൻ ചേട്ടാ…”
ഷൈനും ആൻഡ്രുവും തിരിഞ്ഞ് നോക്കി.. ഷൈൻ നേരത്തെ കണ്ട ആ പെൺകുട്ടി അവർക്ക് നേരെ ഓടി വരുന്നത് കണ്ടു..
ആൻഡ്രൂ: ആരാടാ ഇത്….
ഷൈൻ: ഞാൻ പറയാം..
അവള് ഓടി അവർക്കൊപ്പം എത്തി… ഓടിവന്നത് കൊണ്ട് കിതച്ചു കൊണ്ട് അവള് പറഞ്ഞു..
പെൺകുട്ടി: ഞാൻ… വണ്ടി… ഇവിടെ…കണ്ടിരുന്നു…അപ്പോ തന്നെ തോന്നി… പോയി.. കാണില്ല എന്ന്….
ഷൈൻ: എന്താ തന്റെ ഉദ്ദേശം..?? കുറെ നേരായല്ലോ എന്റെ പുറകെ നടക്കുന്നു…
പെൺകുട്ടി: ഞാൻ എന്റെ പേര് പറയാൻ വന്നതാ.. പറഞ്ഞിട്ട് ഞാൻ പോയിക്കോളാം..
ഷൈൻ: താൻ എന്തിനാ എന്നോട് പേര് പറയുന്നത്..??
പെൺകുട്ടി: അല്ല നമ്മൾ പരിചയപ്പെട്ട സ്ഥിതിക്ക്..
ഷൈൻ: പരിചയപ്പെട്ടോ…?? എപ്പോ..?? വീട്ടിൽ പോവാൻ നോക്ക് കൊച്ചെ…
ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ആ പെൺകുട്ടി വണ്ടിക്ക് മുന്നിലേക്ക് കയറി നിന്നു…
പെൺകുട്ടി: എന്റെ പേര് കേട്ടിട്ട് ഷൈൻ ചേട്ടൻ പോയാൽ മതി….
ഷൈനും ആൻഡ്രുവും ഞെട്ടി.. ആൻഡ്രൂ പതിയെ ഷൈനിന്റെ ചെവിയിൽ പറഞ്ഞു..
ആൻഡ്രൂ: അളിയാ വട്ടാണെന്ന് തോന്നുന്നു.. നീ ആ പേര് ഒന്ന് കേൾക്..
ഷൈൻ: ശരി പറ.. എന്താ നിന്റെ പേര്..??
പെൺകുട്ടി; അങ്ങനെ വഴിക്ക് വാ… ഇനി ഞാൻ പറയാം.. എന്റെ പേര് മീനാക്ഷി…
ഷൈൻ: ഓക്കേ.. നല്ല പേര്.. ഇനി ഞങ്ങൾക്ക് പോകാലോ..??
മീനാക്ഷി: ഓ.. പൊയ്ക്കോളൂ…
അവള് വണ്ടിക്ക് മുന്നിൽ നിന്ന് മാറി കൊടുത്തു… ഷൈൻ വണ്ടി മുന്നോട്ട് എടുത്തു.. ഷൈൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ അവള് നടന്നു പോകുന്നത് കണ്ടൂ…
ആൻഡ്രൂ: ആരാ അളിയാ അത്..??
ഷൈൻ: ഏതോ വട്ട് കേസ് ആണെന്ന് തോന്നുന്നു.. രാവിലെ മുതലേ എന്റെ പുറകെ ഉണ്ട്…
ആൻഡ്രൂ: എന്താ മോനെ ആരാധികമാർ ഒക്കെ വന്ന് തുടങ്ങിയോ…??
ഷൈൻ: ഒന്ന് പോടാ… ഒരു ആരാധിക…
ആൻഡ്രൂ: ആ മായക്ക് എന്റെ പേരിൽ എങ്ങാൻ നോവൽ എഴുതിക്കൂടായിരുന്നോ….
ഷൈൻ: എന്താ..??
ആൻഡ്രൂ: ഒന്നുല്ല.. നീ വണ്ടി നേരെ നോക്കി ഓടിക്ക്… 🌀🌀🌀🌀🌀🌀🌀🌀
മായയും ദിയയും ഇതിനോടകം തന്നെ റൂമിൽ എത്തിയിരുന്നു.. ബെഡിൽ ഇരുന്ന ദിയയുടെ അടുത്ത് പോയിരുന്ന് മായ ചോദിച്ചു..
മായ: ഇനി പറ.. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ഡ്യൂട്ടി വിത്ത് ഷൈൻ…??
ദിയ: അവൻ നമ്മൾ കരുതിയ അത്ര കുഴപ്പക്കാരൻ ഒന്നും അല്ല..
മായ: നമ്മൾ അല്ല നീ.. എനിക്ക് അവൻ കുഴപ്പകരൻ ആയിട്ട് തോന്നിയിട്ടില്ല…
ദിയ: ഓഹ് ശരി…
മായ: നീ ബാക്കി പറ..
ദിയ: എന്ത് ബാക്കി…
മായ: നീ അവനെ കൊണ്ട് മുഴുവൻ പണിയും എടുപ്പിച്ചോ..??
ദിയ: ഞാൻ എടുപ്പിക്കേണ്ടി വന്നില്ല അവനായിട്ട് തന്നെ എല്ലാം ചെയ്തു…
മായ: എങ്ങനെ..??
ദിയ: അതിന്റെ അകം മുഴുവൻ മൊത്തം പൊടി ആയിരുന്നു.. എനിക്കെന്തോ പെട്ടന്ന് പൊടി കുറച്ച് അലർജി പോലെ തോന്നി.. പിന്നെ അവൻ തന്നെ മെയിൻ പണി ഒക്കെ ചെയ്തു…
മായ: ഓഹോ.. ഇത്രേം ഒക്കെ ഉണ്ടായോ..??
ദിയ: എത്രേം..?? നീ എന്താ പറഞ്ഞ് വരുന്നത്..??
മായ: ഞാൻ ഒന്നും പറഞ്ഞ് വന്നില്ലല്ലോ..??
ദിയ: ഹും… ശരി… 🌀🌀🌀🌀🌀🌀🌀🌀🌀
വീട്ടിൽ ഗെയിം കളിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ഷൈനും ആൻഡ്രുവും…
ആൻഡ്രൂ: ടാ മോനെ.. പറ.. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം..??
ഷൈൻ: ഞാൻ മാക്‌സിമം ഒട്ടാൻ നോക്കുന്നുണ്ട്…
ആൻഡ്രൂ: എന്താ അവളുടെ സ്റ്റാന്റ്..??
ഷൈൻ: ആ പഴയ ചാടി തുള്ളൽ ഒക്കെ നിന്നു.. ഇപ്പൊ നല്ല മയത്തിൽ ആണ് സംസാരിക്കുന്നത്…
ആൻഡ്രൂ: വെരി ഗുഡ്.. അങ്ങനെ പടി പടി ആയിട്ട് വേണം നീ അവളുടെ മനസ്സ് കീഴടക്കാൻ…
ഷൈൻ: സമയം ഉണ്ടല്ലോ നോക്കാം..
ആൻഡ്രൂ: തെറ്റി.. നമ്മുടെ കയ്യിൽ അത്ര സമയം ഒന്നും ഇല്ല.. ഒരു മാസം.. ഈ ഫൗണ്ടേഷൻ തീരുമ്പോൾ നീ ഏതായാലും അർജ്ജുനെ തോൽപ്പിക്കും.. ആ സമയത്ത് തന്നെ അവൾക്കിട്ടും പണിയാൻ പറ്റിയാൽ അതാണ് ബെസ്റ്റ്…
ഷൈൻ: അതിപ്പോ അവൾക്ക് തോന്നണ്ടേ..??
ആൻഡ്രൂ: നീ തോന്നിക്കണം…
ഷൈൻ: എങ്ങനെ..???
ആൻഡ്രൂ: നീ കിട്ടുന്ന ചെറിയ ചാൻസ് പോലും മിസ്സ് ആക്കരുത്… എല്ലാം അവളിലേക്ക് ഉള്ള നിന്റെ വഴിയാണ്…
ഷൈൻ: ചാൻസ് കിട്ടട്ടെ ഞാൻ നോക്കിക്കോളാം…
ആൻഡ്രൂ: ഹും….
പിന്നെയും കുറെ നേരം അവർ ഗെയിം കളിച്ചു ഇരുന്നു.. അങ്ങനെ അവസാനം എപ്പോളോ ഉറങ്ങി പോയി…. 🌀🌀🌀🌀🌀🌀🌀🌀🌀
രാവിലെ എന്നത്തേയും പോലെ നേരം വൈകി തന്നെ ആണ് ഷൈനും ആൻഡ്രുവും എഴുന്നേറ്റത്.. പിന്നെ ഇപ്പൊ ക്ലാസ്സ് അല്ലല്ലോ അതുകൊണ്ട് ഓടാൻ ഒന്നും നിന്നില്ല ഭക്ഷണം ഒക്കെ കഴിച്ച് പതുക്കെ തന്നെ ആണ് കോളജിലേക്ക് പോയത്..
അങ്ങനെ അത്രയ്ക്കൊന്നും വൈകാതെ തന്നെ അവർ കോളജിൽ എത്തുകയും ചെയ്തു… പാർക്കിങ്ങിൽ തന്നെ അവരെ കാത്ത് അരവിന്ദും വിഷ്ണുവും ഉണ്ടായിരുന്നു..
ആൻഡ്രൂ: എന്തൊന്നെടെയ് ഡ്യൂട്ടിക്ക് ഒന്നും പോണില്ലേ..??
ഷൈൻ: നിന്റെ ഡ്യൂട്ടി കുറച്ച് കൂടുന്നുണ്ട്..
അരവിന്ദ്: അത് നേരാ… വേണമെങ്കിൽ ഓവർ ഡ്യൂട്ടി ചെയ്യാനും ഇവൻ റെഡി ആണെന്ന് തോന്നുന്നു..
ഷൈൻ: ആ ഉമ്മച്ചി കുട്ടീനെ കണ്ട് വെറുതെ എളകാൻ നിക്കണ്ട.. അവളുടെ വീട്ടുകാർ നിന്റെ എല്ലൂരും…
ആൻഡ്രൂ: അതിനിപ്പോ എന്നാ.. നിങ്ങള് രണ്ട് ബോക്‌സർമാർ എന്റെ കൂടെ ഇല്ലെ…
വിഷ്ണു: ഇടി കൊള്ളുമ്പോളും ഇത് തന്നെ പറയണം…
ആൻഡ്രൂ: ഒാ.. എനിക്കിട്ട് വക്കാതെ മക്കൾ ചെല്ലാൻ നോക്ക്…
ഷൈൻ: ശരി.. ശരി…
അങ്ങനെ അവർ നാല് പേരും അവരവരുടെ ഡ്യൂട്ടി സ്ഥലങ്ങളിലേക്ക് പോകാൻ തുടങ്ങി.. ദിയയുടെ വണ്ടി അവിടെ കണ്ടത് കൊണ്ട് അവൾ വന്നിട്ടുണ്ടാകും എന്ന് ഷൈനിന് ഉറപ്പായിരുന്നു..
അങ്ങനെ വരാന്തയിൽ കൂടെ നടന്നു പോയികൊണ്ട് ഇരുന്നപ്പോൾ ആണ് അവന്റെ ഒപ്പോസിറ്റ് ഒരാൾ ചിരിച്ചുകൊണ്ട് വരുന്നത് ഷൈൻ കണ്ടത്..
“കർത്താവേ ഇത് അവള് അല്ലേ.. ആ വട്ടത്തി… ഇവളുടെ പേര്.. ആ മീനാക്ഷി…”
ഷൈൻ മൈൻഡ് ചെയ്യാതെ പോകാൻ ഉള്ള പരിപാടി ആയിരുന്നു.. അങ്ങനെ ഒരു വിധം അവളെ മറികടന്ന് ഷൈൻ പോയി…
“ഹാവൂ അവള് കണ്ടില്ല എന്ന് തോന്നുന്നു..”
ഷൈൻ അങ്ങനെ പറഞ്ഞ് ആശ്വസിച്ചതും അതാ പിന്നിൽ നിന്നൊരു വിളി…
മീനാക്ഷി: ഷൈൻ ചേട്ടാ….
“ഈശോയെ പെട്ട്..” ഷൈൻ പതിയെ തിരിഞ്ഞു…
ഷൈൻ: എന്താ…??
മീനാക്ഷി: ചേട്ടൻ എന്താ എന്നെ കാണാത്ത പോലെ പോയത്…
ഷൈൻ: അത്.. കാണാത്തത് കൊണ്ട്..
മീനാക്ഷി: ചേട്ടനും ദിയ ചേച്ചിക്കും ലൈബ്രറിയിൽ ആണ് ഡ്യൂട്ടി അല്ലേ..??
ഷൈൻ: അതെ..
മീനാക്ഷി: ഞങ്ങൾ ജൂനിയർസ് ആയത് കൊണ്ട് ഞങ്ങൾക്ക് ഇങ്ങനത്തെ ഡ്യൂട്ടി ഒന്നും ഇല്ല…
ഷൈൻ: എനിക്ക് കുറച്ച് തിരക്കുണ്ട്.. ഞാൻ പൊയ്ക്കോട്ടേ..??
മീനാക്ഷി: എപ്പോളാ ചേട്ടൻ ഫ്രീ ആവുന്നേ..??
ഷൈൻ: ഇനി ഫൗണ്ടേഷൻ കഴിഞ്ഞേ ഫ്രീ ആകു.. എന്താ കാര്യം..?
മീനാക്ഷി: ഒന്നുല്ല.. അത് ഞാൻ അപ്പോ പറയാം…
അതും പറഞ്ഞ് അവൾ ചിരിച്ച് കൊണ്ട് അവിടെ നിന്ന് ഓടി പോയി..
“ഇത് വട്ട് തന്നെ…”
ഷൈൻ അത്രേം പറഞ്ഞ് വേഗം ലൈബ്രറി നോക്കി നടന്നു.. ചെന്നപ്പോൾ തന്നെ വാതിൽ തുറന്ന് കിടക്കുന്നുണ്ട്.. ദിയ അവിടെ ഒരു പുസ്തകം വായിച്ച് ഇരിക്കുന്നത് കണ്ടു.. ഒാ ഇവിടെ ഉണ്ടോ.. മനസ്സിൽ നല്ല ദേഷ്യം ആണെങ്കിലും പുറത്ത് കാണിക്കാതെ ഷൈൻ അകത്തേക്ക് കയറി..
ഷൈൻ: ഗുഡ് മോണിംഗ് ദിയ…
ദിയ: ഹാ ഷൈൻ.. ഗുഡ് മോണിംഗ്..
ഷൈൻ: എന്താ പതിവില്ലാതെ വായന ഒക്കെ..??
ദിയ: ഏയ്.. ഞാൻ വെറുതെ ബുക്കിന്റെ പേര് കണ്ടപ്പോൾ ഒരു കൗതുകം കൊണ്ട് നോക്കി പോയതാ…
ഷൈൻ: എന്താ ബുക്കിന്റെ പേര്..??
ദിയ: Will You Marry Me.??
ഷൈൻ: എന്താ..??
ദിയ: അല്ല.. ബുക്കിന്റെ പേരാണ് പറഞ്ഞത്…
ഷൈൻ: ഓഹ്…
“നിന്നെ കൊണ്ട് ഞാൻ ഇത് പറയിപ്പിക്കുമെടി മോളെ…”
ദിയ: എന്തേലും പറഞ്ഞോ..???
ഷൈൻ: നമുക്ക് വർക്ക് തുടങ്ങിയാലോ എന്നാ..??
ദിയ: ഓകെ..
ഷൈൻ: എന്നാ രജിസ്റ്റർ എടുത്തോളൂ…
ദിയ: അത് വേണ്ട.. ഇന്നലെ മുഴുവൻ താൻ അല്ലേ ബുക്ക് ഒക്കെ അടുക്കി വച്ചത്.. ഇന്നിനി ഞാൻ ചെയ്തോളാം..
ഷൈൻ: അപ്പോ തനിക്ക് പൊടി അലർജി അല്ലേ…
ദിയ: അതിനു ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്…
ദിയ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു കർചീഫ് പുറത്തെടുത്തു.. എന്നിട്ട് അത് മടക്കി മുകത് കെട്ടി…
ദിയ: എങ്ങനെ ഉണ്ട്..??
ഷൈൻ: കൊള്ളാം…
ദിയ: എന്നാൽ രജിസ്റ്റർ എടുത്തോ..
ഷൈൻ: അല്ല ഇന്നത്തെ ടാസ്ക് എന്താ..??
ദിയ: മലയാളം ബുക്ക്സ്..
ഷൈൻ: ഓകെ…
അങ്ങനെ അവർ രണ്ടുപേരും ജോലികൾ ആരംഭിച്ചു… ഇന്നലത്തെ അപേക്ഷിച്ച് വളരെ പെട്ടന്ന് ആണ് ജോലി മുന്നോട്ട് പോകുന്നത്.. കാരണം അവർ രണ്ടുപേരും അതിനോട് നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു… അങ്ങനെ ഏകദേശം ഒരു അരമണിക്കൂർ ഒക്കെ പിന്നിട്ടപ്പോൾ ദിയ ഷൈനിനോട് ചോദിച്ചു..
ദിയ: ഷൈൻ…
ഷൈൻ: എന്താ ദിയ..??
ദിയ: തന്റെ അച്ഛൻ എന്ത് ചെയ്യുന്നു..??
ഷൈൻ: ബിസിനസ്സ് ആണ്…
ദിയ: ഓഹ്..
ഷൈൻ: തന്റെ അച്ഛനോ..??
ദിയ: സെയിം.. ബിസിനസ്സ് തന്നെ…
ഷൈൻ: ഓഹ്…
പിന്നെ കുറെ നേരം അവർ ഒന്നും സംസാരിച്ചില്ല.. കുറച്ച് കഴിഞ്ഞപ്പോൾ ഷൈൻ അങ്ങോട്ട് ചോദിച്ചു…
ഷൈൻ: താൻ നന്നായി ബാസ്കറ്റ് ബോൾ കളിക്കുന്നുണ്ട്.. ഞാൻ അന്ന് ഗ്രൗണ്ടിൽ വെച്ച് കണ്ടിരുന്നു..
ദിയ: ഓഹ്.. താങ്ക്സ്… അല്ല ഞാൻ ചോദിക്കാൻ വിട്ടു.. താൻ മറ്റെ പടം വരക്കുന്ന കാര്യം ആൻഡ്രുവിനോട് സംസാരിചോ..??
ഷൈൻ: അയ്യോ ഞാൻ അത് മറന്നു…
ദിയ: ഞാനും മായയെ ഓർമ്മപ്പെടുത്താൻ മറന്നു.. സാരല്ല.. താൻ ലഞ്ച് ബ്രേക്കിന്റെ ടൈമിൽ ഒന്ന് ഓർമപ്പെടുത്തി വചേക്ക്..
ഷൈൻ: ഓകെ…
പിന്നീട് ബ്രേക്ക് ടൈം ആകുന്ന വരെ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല.. അങ്ങനെ ബ്രേക്ക് ടൈം ആയപ്പോൾ രണ്ടുപേരും പുറത്ത് പോയി.. ദിയ മായയുടെ അടുത്തും ഷൈൻ കൂട്ടുകാരുടെ അടുത്തേക്കും ആണ് പോയത്.. അവരുടെ കൂടെ സമയം ചിലവഴിച്ച് ടൈം തീർന്നപ്പോൾ ഇരുവരും തിരികെ ലൈബ്രറിയിൽ തന്നെ തിരിച്ചെത്തി.. ഷൈൻ പേടിച്ച പോലെ മീനാക്ഷിയെ കണ്ടില്ല.. ഭാഗ്യം എന്ന് ഷൈൻ ആശ്വസിച്ചു…
ലൈബ്രറിയിൽ തിരികെ എത്തിയ അവർ ഒട്ടും സമയം പാഴാക്കാതെ ജോലികൾ പുനരാരംഭിച്ചു… അങ്ങനെ ഇരുന്നപ്പോൾ ആണ് പെട്ടന്ന് ദിയ ഷൈനിനോട് ചോദിച്ചത്..
ദിയ: തന്റെ ഫുൾ നെയിം എന്താ..??
ഷൈൻ: ഷൈൻ ജോസഫ്.. എന്തുപറ്റി..??
ദിയ: ഏയ് ഒന്നൂല്ല.. വെറുതെ ചോദിച്ചതാ.. ഇത് വരെ പറഞ്ഞ് കേട്ടിട്ടില്ല അതോണ്ട്..
ഷൈൻ: തന്റെ ഫുൾ നെയിം ദിയ വിശ്വനാഥൻ എന്നല്ലേ..??
ദിയ: എങ്ങനെ അറിയാം..??
ഷൈൻ: നോവലിൽ മായയുടെ പേര് കണ്ടു.. അപോ ഊഹിച്ചതാ..
ദിയ: ഓഹ്…
പിന്നെയും കുറെ നേരം അവർ ജോലി തുടർന്നു… അങ്ങനെ വിജയകരമായി അവർ ഒരു റോ പൂർത്തിയാക്കി…
ഷൈൻ: ഹോ അങ്ങനെ ഒരെണ്ണം കമ്പ്ലീറ്റ് ആയി..
ദിയ: അതെ… ഇനി രണ്ടാമത്തെ തുടങ്ങാം..
ഷൈൻ: ഇവിടുത്തെ ബൾബ് ഇട്ടില്ലേ വെളിച്ചം ഇല്ലല്ലോ..??
ദിയ: ശരിയാ.. ഞാൻ പോയി നോക്കിയിട്ട് വരാം…
ദിയ ലൈറ്റ് നോക്കാൻ വേണ്ടി സ്വിച്ച്ചിന്റെ ഭാഗത്തേക്ക് പോയി.. ഷൈൻ അവിടെ തന്നെ ഒരു ചെയർ വലിച്ചിട്ട് ഇരുന്നു.. പെട്ടന്ന് ലൈറ്റ് ഒന്ന് മിന്നി.. കൂടെ ഒരു നിലവിളിയും…
“ആഹ്…….”
ഷൈൻ വേഗം എഴുന്നേറ്റ് അങ്ങോട്ട് ഓടി ചെന്നു..
“നിനക്ക് അങ്ങനെ തന്നെ വേണമെടി അഹങ്കാരി….”
പക്ഷേ സംഭവം ഷൈൻ കരുതിയ പോലെ കുട്ടിക്കളി ആയിരുന്നില്ല.. ദിയ അനങ്ങുന്നില്ല.. അവിടെ തന്നെ കിടക്കുന്നു…
ഷൈൻ: കർത്താവേ ഇവൾ ചത്തോ..??
ഷൈൻ വേഗം ഓടി ദിയയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു…
ഷൈൻ: ദിയ.. ദിയ..
ഷൈൻ എത്ര കുലുക്കി വിളിച്ചിട്ടും ദിയ ഉണരുന്നില്ല… ഷൈനിന്റെ ഉള്ളൊന്നു കിടുങ്ങി…
“ഈശോയെ.. പണി പാളിയോ..??”
ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു…. (തുടരും….)
Comments:
No comments!
Please sign up or log in to post a comment!