Love Or Hate 03

(പ്രിയ വായനക്കാർ ക്ഷമിക്കുക.. ജോലി സംബന്ധമായ ചില തിരക്കുകൾ കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്.. ഇനി വരുന്ന പാർട്ടുകൾ എത്രയും വേഗത്തിൽ തന്നെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുനതായിരിക്കും.. ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് കൊണ്ട് തുടങ്ങുന്നു…)വിഷ്ണു: ഓഹ്‌… ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ….മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. ഒരു പച്ച പാവം.. സ്റ്റൈൽ മാത്രേ മാറ്റം ഒള്ളു കാണാൻ രണ്ടും ഒരുപോലെ തന്നെ.. പിന്നെ ആകെ ഒരു പ്രശ്നം ഉള്ളത് ഈ കൊച്ചിന് സംസാരിക്കാൻ ഒക്കത്തില്ല…

(തുടരുന്നു..)

എനിക്കും ആൻഡ്രുവിനും അപ്പോളാണ് കാര്യങ്ങൾ ബോധ്യമായത് ഇവർ ഒരാളല്ല രണ്ടാൾ ആണെന്ന്…

ഷൈൻ: ആൻഡ്രൂ അപ്പോ നമ്മൾ ആദ്യം കണ്ടത് ഇവൾ ആയിരുന്നു.. രണ്ടാമത് കണ്ടത് മറ്റവളെയും…

ആൻഡ്രൂ: അതെ.. ഏതായാലും അവളോട് കേറി കോർക്കാഞ്ഞത് നന്നായി..

ഷൈൻ: അതെ…

ഞങളുടെ സംസാരം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വിഷ്ണു..

വിഷ്ണു: എന്ത് പറ്റി..?? നിങ്ങള് ഇവരെ മുന്നേ കണ്ടിട്ടുണ്ടോ??

ആൻഡ്രൂ: ഹോട്ടലിൽ എത്തിയിട്ട് പറയാം.. ഷൈൻ വണ്ടി എടുക്ക്‌…

ഞാൻ വിഷ്ണു മുന്നേ പറഞ്ഞ ഹോട്ടലിലേക്ക് വണ്ടി ഓടിച്ചു.. കോളേജിന്റെ അടുത്ത് തന്നെ ആയിരുന്നു ആ ഹോട്ടൽ..

അത്ര വലുത് അല്ലെങ്കിലും സാമാന്യം വലിയ ഒരു ഹോട്ടൽ ആയിരുന്നു അത്.. നല്ല വൃത്തി ഉള്ള അന്തരീക്ഷം ആയിരുന്നു.. ഞങ്ങൾ ഒരു ടേബിളിൽ പോയി ഇരുന്നു.. വിഷ്ണു തന്നെ മൂന്ന് ബിരിയാണി ഓർഡർ ചെയ്തു.. ടേബിളിന്റെ മേലെ ഉണ്ടായിരുന്ന ഗ്ലാസ്സ് നിവർത്തി വച്ച് ജഗ്ഗിൽ നിന്നും വെള്ളം ഒഴിച്ച് കുടിച്ച ശേഷം വിഷ്ണു ഞങ്ങളോട് രണ്ടാളോടും ചോദിച്ചു..

വിഷ്ണു: ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നുണ്ട്.. നിങ്ങള് രണ്ടാളും ദിയയെ കുറിച്ച് ആണല്ലോ സംസാരിച്ച് കൊണ്ടിരുന്നത്… എന്താ കാര്യം??

പിന്നെ ഒന്നും മറച്ചു വെക്കാൻ നിന്നില്ല.. ഞാനും ആൻഡ്രുവും ഞങ്ങൾ കോളജിൽ വരുന്ന വഴിക്ക് മായയെ കണ്ട കാര്യവും ആക്സിഡന്റ് ആയതും അവളെ വഴക്ക് പറഞ്ഞതും അവൾ കരഞ്ഞതും എല്ലാം വിഷ്ണുവിനോട് വിവരിച്ച് പറഞ്ഞു… എല്ലാം കേട്ട് അന്തം വിട്ട് നിന്ന വിഷ്ണു തുടർന്നു…

വിഷ്ണു: നിങ്ങള് എന്ത് പണിയാണ് കാണിച്ചത്.. മായ നിങ്ങളെ ശരിക്കും കണ്ടു എന്ന് ഉറപ്പാണോ..??

ആൻഡ്രൂ: പിന്നെ കാണാതെ ഇരിക്കുമോ.. ഹെൽമെറ്റ് ഒക്കെ ഊരിയല്ലെ ഹീറോയിസം കാണിക്കാൻ ചെന്നത്.. അല്ല എന്താ ബ്രോ പ്രശ്നം.??

വിഷ്ണു: എന്റെ പൊന്നു മച്ചാൻമാരെ.

. ഈ ദിയയുടെ ആകെ ഉള്ള ഒരു വീക്നെസ് ആണ് അവളുടെ സഹോദരി മായ.. അവൽക്കെന്തേലും പറ്റിയാൽ അവള് സഹിക്കും.. പക്ഷേ മായക്ക്‌ എന്തേലും പറ്റി എന്ന് അറിഞ്ഞാൽ…

ആൻഡ്രൂ: കൂടി പോയാൽ എന്ത് സംഭവിക്കും..??

വിഷ്ണു: കഴിഞ്ഞ തവണ എന്തോ ചെറിയ ഒരു പ്രശ്നത്തിന് നമ്മൾ കാന്റീനിൽ വച്ച് കണ്ടില്ലേ അർജുൻ അവന്റെ ഗാങ്ങിൽ ഉള്ള ആരോ മായയെ ഒന്ന് ചീത്തവിളിച്ച്.. അതിന്റെ പേരിൽ അവന്റെ മൂക്കിന്റെ പാലം ദിയ ഇടിച്ച് പൊളിച്ച് കളഞ്ഞു… അവസാനം അവൾക്ക് ഒരു ആഴ്ച ഇതിന്റെ പേരിൽ സസ്പെൻഷൻ ഒക്കെ കിട്ടിയിരുന്നു… അർജുൻ ഉണ്ടല്ലോ അവന് മായയോട് ചെറിയ ഒരു ഇഷ്ടം ഉണ്ട്.. പ്രേമം ഒന്നും അല്ല.. അവന്റെ സ്വഭാവം വച്ച്‌ വേറെ പല ഇഷ്ടവും ആവനെ ചാൻസ് ഒള്ളു.. പക്ഷേ ഈ ദിയ ആണ് അവന്റെ ശത്രു.. ഇവർ നേർക്ക് നേർ കണ്ടാൽ യുദ്ധം ആണ്.. ഇതൊക്കെ ആണ് ഈ കോളജിന്റെ ഒരു ഇരുപ്പുവശം…

ആൻഡ്രൂ: അപ്പോ ഷൈനിന്റെ മൂക്കിന്റെ പാലം പോകും എന്നർത്ഥം….

ഷൈൻ: ഒന്ന് പോടാ.. അവള് വെറും ഒരു പീറ പെണ്ണ്… എന്റെ ഒരു അടിക്ക് തീരാവുന്നതെ ഒള്ളു അവൾ…

വിഷ്ണു: ബ്രോ അവളെ അങ്ങനെ അങ്ങ് കൊച്ചായി കാണണ്ട അവള് ആള് ചില്ലറക്കാരി അല്ല…

ഷൈൻ: എന്റെ അപ്പന്റെ പേരെ ജോസഫ് തരകൻ എന്നാണ്.. എന്റെ പേര് അറിയാലോ ഷൈൻ ജോസഫ് തരകൻ.. അതോണ്ട് ഞാൻ ഈ പീക്കിരി പെണ്ണിനെ കണ്ട് വീട്ടിൽ ഇരിക്കത്തൊന്നും ഇല്ല…”

വിഷ്ണു: ശരി… ബ്രോ ഇപ്പൊ ഫുഡ് കഴിക്ക്..

വെയിറ്റർ അവർക്ക് മുന്നിൽ ബിരിയാണികൾ നിരത്തി… അവർ മൂന്നുപേരും ആസ്വദിച്ച് കഴിക്കാനും ആരംഭിച്ചു.. പുറമെ നല്ല ധൈര്യം കാണിച്ചെങ്കിലും ഷൈനിന്റെ ഉള്ളിൽ ചെറിയ.. വളരെ ചെറിയ ഒരു പേടി ഇല്ലെ എന്ന് തോന്നുന്നു…

ഇതേ സമയം കോളജിലെ ക്ലാസ്സ് മുറിയിൽ.. 🌀🌀🌀🌀🌀🌀🌀🌀

വണ്ടിയുടെ സീറ്റിന്റെ അടിയിൽ നിന്നും ബുക്കും മറ്റ് സാധനങ്ങളും എടുത്ത് മായ ക്ലാസ്സിലേക്ക് നടന്നു.. പോകുന്ന വഴിയിൽ അർജുനും കൂട്ടുകാരും തന്നെ നോക്കി പുറത്തേക്ക് പോകുന്നത് അവൾ കണ്ടു…

അവന്റെ നോട്ടത്തിനു പോലും ഇത്ര അസഹനീയതയാണ് ഉള്ളത് എന്ന് മായ സ്വയം മനസ്സിലോർത്തു… അവള് ക്ലാസ്സ് മുറിയിൽ ചെന്നപ്പോൾ ദിയ ഭക്ഷണം കഴിക്കുകയായിരുന്നു.. മായയെ കണ്ടതും ദിയ ചോദിച്ചു..

ദിയ: നീ കഴിച്ചോ…??

(സംസാര ശേഷി ഇല്ലത്തവർ ആശയ വിനിമയത്തിന് ആയി ഉപയോഗിക്കുന്ന പ്രത്യേക തരം പരിശീലനം ലഭിച്ച ആംഗ്യ ഭാഷയിൽ ആണ് മായ സംസാരിക്കുന്നത്.. അവ വരികളിലേക്ക് മാറ്റിയിരിക്കുന്നു..)

പുസ്തകങ്ങൾ മേശപ്പുറത്ത് വച്ച് കൊണ്ട് അതെ എന്നവൾ തലയാട്ടി.
.

ദിയ: ബാങ്കിൽ പോയിട്ട് എന്തായി..??

മായ: എല്ലാം ശരിയായി…

ദിയ: ഞാൻ ഒന്ന് കൈ കഴുകിയിട്ട്‌ വരാം..

ശരി എന്ന അർത്ഥത്തിൽ മായ വീണ്ടും തലയാട്ടി.. ദിയ പാത്രങ്ങളും എടുത്ത് കൊണ്ട് കൈ കഴുകാൻ ആയി പോയി..

🌀🌀🌀🌀🌀🌀🌀🌀 ബൈക്കിൽ തിരിച്ച് കോളജിലേക്ക് തന്നെ മടങ്ങി വരുകയായിരുന്നു ഷൈനും ആൻഡ്രുവും വിഷ്ണുവും..

ആൻഡ്രൂ: ഉച്ചക്ക് ബിരിയാണി കഴിച്ചാൽ ഒരു ഗുണം ഉണ്ട്.. ഇനി വരുന്ന ക്ലാസ്സിൽ ഒക്കെ കിടന്നു ഉറങ്ങാം…

വിഷ്ണു: അത് നേരാ.. ഇനി എല്ലാം നല്ല ഒന്നാന്തരം ബോർ സബ്ജക്ട് ആണ്…

ഷൈൻ; അപ്പോ വിശലമായിട്ട്‌ ഉറങ്ങാല്ലോ….

അവർ മൂന്നുപേരും അങ്ങനെ തമാശ ഒക്കെ പറഞ്ഞു ക്യാമ്പസിന് അകതെത്തി.. ബൈക്ക് പാർക്കിങ്ങിൽ നിർത്തി അവർ ക്ലാസ്സിലേക്ക് നടന്നു.. പോകുന്നതിനിടയിൽ ഷൈൻ മായയുടെ വണ്ടിയിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കി…

ക്ലാസ്സിലേക്ക് ആൻഡ്രുവും ഷൈനും കയറി വരുന്നത് കണ്ട മായ ഞെട്ടി പോയി.. മായ അടുത്തിരുന്ന കുട്ടിയോട് ഇവർ ആരാ എന്ന് ചോദിക്കുകയും പുതിയ അഡ്മിഷൻ ആണ് എന്ന് മനസ്സിലാക്കുകയും ചെയ്തു… ആ സമയത്ത് സങ്കടം കാരണം കരഞ്ഞെങ്കിലും മായക്ക്‌ ഷൈൻ നോട് നല്ല ദേഷ്യം തോന്നിയിരുന്നു..

ക്ലാസിലേക്ക് കയറിയ ഷൈനും ആദ്യം നോക്കിയത് മായയെ ആണ്.. ദിയയെ ഇവിടെ എങ്ങും കാണുന്നില്ലല്ലോ… ഇവരുടെ ഡ്രസ്സിംഗ് ഇങ്ങനെ ആയത് നന്നായി അല്ലെങ്കിൽ രണ്ടും തമ്മിൽ കണ്ടാൽ തിരിച്ചറിയാൻ പാടായേനെ…

മായ ഊമയാണ് എന്ന് അറിഞ്ഞ നിമിഷം തന്നെ ഒരു സോറി പറയണം എന്ന് ഷൈൻ മനസ്സിൽ വിചാരിച്ചിരുന്നു… എന്നാല് കാര്യങ്ങള് ഇത്ര കലങ്ങി മറിഞ്ഞ സാഹചര്യത്തിൽ അതിനു പറ്റിയില്ല..

ഇപ്പൊൾ അതിനു പറ്റിയ സമയം ആണ് എന്ന് തോന്നിയത് കൊണ്ട് ഷൈൻ മായയുടെ അടുത്തേക്ക് ചെന്നു..

ഷൈൻ തന്റെ നേരെ നടന്നടുക്കും തോറും മായക്ക്‌ ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു.. മായയുടെ അടുതെത്തിയതും ഷൈൻ അവളോട് പറഞ്ഞു..

ഷൈൻ: താൻ ഊമയാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.. രാവിലെ ഞാൻ ആ ദേഷ്യത്തിൽ അറിയാതെ പറഞ്ഞ് പോയതാ സോറി…

പക്ഷേ അതിന് മറുപടിയായി ഒന്നും പറയാതെ മായ പുച്ഛത്തോടെ മുഖം ഒന്ന് വെട്ടിക്കുക മാത്രം ചെയ്തു.. അത് ഷൈനിനെ കൂടുതൽ ചൊടിപ്പിച്ചു… ദിയ ഇല്ല എന്നുള്ള ധൈര്യത്തിൽ കൂടി ആണ് ഷൈൻ സംസാരിക്കുന്നത്…

ഷൈൻ: സോറി പറയാൻ തോന്നി ഞാൻ പറഞ്ഞു.. എന്ന് കരുതി എനിക്ക് മാപ്പ് തരണേ എന്നും പറഞ്ഞ് നിന്റെ കാലിൽ പിടിച്ച് കരയാൻ ഒന്നും എന്നെ കിട്ടില്ല.
. മര്യാദക്ക് ആണേൽ മര്യാദ.. കേട്ടല്ലോ..

നല്ല പഞ്ച് ഡയലോഗ് ഒക്കെ പറഞ്ഞ് ഷൈൻ തിരിഞ്ഞതും നേരെ മുന്നിൽ എല്ലാം കേട്ട് കൊണ്ട് നിൽക്കുകയായിരുന്നു ദിയ.. ക്ലാസ്സ് ഒരു നിമിഷം പൂർണ നിശബ്ദം ആയി…

ദിയയുടെ കണ്ണുകൾ കോപത്താൽ ജ്വലിക്കുന്നു.. ഷൈൻ അവളുടെ ആ രൂപം കണ്ടപ്പോൾ തന്നെ ഒന്ന് നടുങ്ങിയിരുന്നു.. ദിയ ഷൈനിനെ മറികടന്ന് മായയുടെ അടുത്തേക്ക് നടന്നു.. ഷൈൻ വേഗം വിഷ്ണുവിന്റെയും ആൻഡ്രുവിന്റെയും അടുത്തേക്ക് നടന്നു…

ഷൈൻ: ഇവള് വന്നപ്പോ ഒരു സിഗ്നൽ തരണ്ടെ.. കൂടെ നിന്നിട്ട് കാലു വാരുന്നോ..??

ആൻഡ്രൂ: നീ ജോസഫ് തരകന്റെ മോൻ അല്ലെടാ.. പിന്നെ എന്താ പ്രശ്നം..

ഷൈൻ: നിനക്ക് ഉള്ളത് ഞാൻ തരാട്ടാ…

ഈ സമയം ദിയ മായയോട് എന്താ കാര്യം എന്നെല്ലാം ചോദിച്ച് മനസ്സിലാകുക ആയിരുന്നു.. മായ ആംഗ്യ ഭാഷയിൽ കൂടി രാവിലെ നടന്നത് മുതൽക്കുള്ള എല്ലാ കാര്യങ്ങളും ദിയയോട് പറഞ്ഞു…

മായയെ ഷൈൻ കരയിച്ചു എന്ന വാർത്ത വലിയ ഒരു ഞെട്ടലോടെ ആണ് ദിയ കേട്ടത്… അവൾക്ക് അവളുടെ ദേഷ്യം ഒരു തരി പോലും നിയന്ത്രിക്കാൻ ആയില്ല.. അവൾ കയ്യിലിരുന്ന ചോറ്റുപാത്രം ഷൈനിന് നേരെ എറിഞ്ഞു…

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ആക്രമണം ആയിരുന്നു എങ്കിലും ഒരു വിധം തല വെട്ടിച്ച് ഷൈൻ ആ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞ് മാറി.. ചോറ്റുപാത്രം ചുമരിൽ തട്ടി ചിതറി തെറിച്ചു…

ഷൈൻ: ആൻഡ്രൂ.. ഇവൾക്ക് വട്ടാടാ..

ആൻഡ്രൂ: അത് നിനക്ക് ഇപ്പൊൾ ആണോ ടാ മനസ്സിലായത്…

ദിയ ഷൈനിന് നേരെ പാഞ്ഞടുത്തു.. തന്റെ മൂക്കിന്റെ പാലം ഏകദേശം തീരുമാനം ആയി എന്ന് ഷൈനിന് ബോധ്യമായി.. എന്നാൽ കൊടുങ്കാറ്റ് പോലെ വന്ന ദിയ പെട്ടന്ന് ശാന്തയായി.. വേറൊന്നും കൊണ്ടല്ല.. മായ അവളുടെ കയ്യിൽ പിടിച്ചിരിക്കുന്നു.. തന്റെ ഭാഗത്ത് ആണ് തെറ്റ് എന്നും അവർ നിരപരാധികൾ ആണ് എന്നും ആംഗ്യ ഭാഷയിൽ മായ ദിയയോട് പറഞ്ഞു.. ഒരു സങ്കർഷം ഒഴിവാക്കാൻ മറ്റൊരു വഴിയും അവൾ കണ്ടില്ല… ദിയ ഇത് കേട്ടപ്പോൾ ഒന്ന് കൂൾ അയി.. എന്നാലും അവസാനം ആയി ഷൈനിനെ ഒരു നോട്ടം നോക്കി അവള് മായയുടെ കൂടെ ബെഞ്ചിൽ ഇരുന്നു..

ക്ലാസ്സ് തുടങ്ങാൻ സമയം ആയത് കൊണ്ട് എല്ലാവരും ബെഞ്ചിൽ അവരവരുടെ സ്ഥാനത്ത് ഇരുന്നു…

എല്ലാവരും തന്നെ തന്നെ ആണ് നോക്കുന്നത് എന്നത് ഷൈനിന്റെ ഉള്ളിൽ ചെറിയ ഒരു ചമ്മൽ ഉണ്ടാക്കി.. വിഷ്ണുവിനെ തോണ്ടി വിളിച്ചു കൊണ്ട് ഷൈൻ പറഞ്ഞു..

ഷൈൻ: നീ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല…

വിഷ്ണു: അതല്ലേ ഞാൻ അപ്പോ തന്നെ പറഞ്ഞത്…

ഷൈൻ വെറുതെ ദിയയുടെ സൈഡിലേക്ക് നോക്കി.
. അവളും അതെ സമയം അവനെ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണിൽ അപ്പോളും അവനോടുള്ള ദേഷ്യം ആയിരുന്നു… അവനും മുഖത്ത് ഭാവം ഒന്നും കാണിക്കാതെ മുഖം വെട്ടിച്ചു…

ആദ്യ ദിവസം തന്നെ ക്ലാസ്സിൽ നാണം കെട്ടത് ഷൈനിന്റെ ഉള്ളിൽ വലിയ ഒരു അപമാന ഭാരം തീർത്തു.. എങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല.. അവർ മുന്നേ പറഞ്ഞത് പോലെ തന്നെ പിന്നീട് വന്ന ക്ലാസുകൾ എല്ലാം ഭയങ്കര ബോർ ആയിരുന്നു… അത് കൊണ്ട് പാതി ഉറങ്ങിയ മനസ്സുമായി അവർ എങ്ങനെയൊക്കെയോ ആ ക്ലാസുകൾ അറ്റന്റ് ചെയ്തു…

അവസാന ക്ലാസ്സും കഴിഞ്ഞ് ഒരു വിധം അവർ ക്ലാസിൽ നിന്നും പുറത്തിറങ്ങി.. മായയും ദിയയും അപ്പോളും ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു… അവർ നേരെ പാർക്കിങിലേക്ക്‌ ബൈക്ക് എടുക്കാനായി നടന്നു…

ഷൈൻ: വിഷ്ണു.. നിന്നെ ബസ് സ്റ്റാന്റിൽ വിടാം..

വിഷ്ണു: ഓകെ ബ്രോ..

ഷൈൻ ബൈക്കിൽ കയറി വണ്ടി എടുത്തു.. തുടർന്ന് ആൻഡ്രുവും വിഷ്ണുവും കയറി.. ബൈക്ക് കോളേജിന്റെ മതിൽക്കെട്ട്‌ കടന്ന് പുറത്തേക്കിറങ്ങി.. കോളേജിന്റെ മുന്നിൽ തന്നെ വലിയ ഒരു ആൽ മരം ഉണ്ടായിരുന്നു.. അവിടെ ഒരു ഇന്നോവ കാർ നിർത്തിയിട്ടിരുന്നു.. ഷൈനിന്റെ ബൈക്ക് മതിൽക്കെട്ട്‌ കടന്നതും കാറിന്റെ ഡോർ തുറന്ന് അർജുനും കൂട്ടുകാരും പുറത്തേക്കിറങ്ങി..

അർജുൻ ബൈക്കിന് നേരേ നടന്ന് വന്ന് കൈ കാണിച്ചു.. ഷൈൻ അവന്റെ അടുത്ത് വണ്ടി നിർത്തി… കോമ്പൗണ്ട് വിട്ട് മടങ്ങി പോകുന്ന മറ്റ് വിദ്യാർത്ഥികൾ എല്ലാം ഒരു നിമിഷം ആ കാഴ്ച കാണാൻ വേണ്ടി അവിടെ കൂടി നിന്നു…

ഷൈൻ വണ്ടി നിർത്തിയതും അർജുൻ ചിരിച്ച് കൊണ്ട് അവരെ നോക്കി പറഞ്ഞു..

അർജുൻ: മക്കളൊന്ന് ഇറങ്ങിക്കേ…

ഷൈൻ: എന്തിന്..??

അർജുൻ: എന്തിനാണ് എന്ന് പറഞ്ഞാലേ മോൻ ഇറങ്ങു..??

ഷൈൻ തൽക്കാലം അത് വക വക്കാതെ വണ്ടി സ്റ്റാർട്ട് ചെയ്തു.. ഉടൻ തന്നെ അർജുൻ ബൈക്കിന്റെ കീ ഊരി എടുത്ത് അവന്റെ പുറകിൽ നിന്നിരുന്ന കൂട്ടുകാരന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തു…

അർജുൻ: ഇനി ഇറങ്ങി വാ…

ഷൈൻ തിരിഞ്ഞ് ആൻഡ്രുവിനെയും വിഷ്ണുവിനെയും നോക്കി.. അവർ രണ്ടു പേരും ഇറങ്ങിയപ്പോൾ ഷൈൻ വണ്ടി സ്റ്റാൻഡിൽ ഇട്ട് ഹെൽമെറ്റ് ഊരി വച്ച് വണ്ടിയിൽ നിന്നും ഇറങ്ങി… എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംഷ ആയിരുന്നു അവിടെ കൂടി നിന്ന എല്ലാവരുടെയും മനസ്സിൽ..

എന്നാല് ഏത് വിധേനയും ഒരു സങ്കർഷം ഒഴിവാക്കാൻ ആയിരുന്നു ഷൈൻ മനസ്സിൽ കരുതിയിരുന്നത്…

ഷൈൻ: എന്താ കാര്യം..??

ഷൈൻ ഇത് ചോദിച്ചപ്പോൾ അർജുൻ പൊട്ടി ചിരിച്ചു.. എന്നിട്ട് ഷൈനിന്റെ ചുറ്റും വലം വച്ച് നടന്നുകൊണ്ട് പറയാൻ ആരംഭിച്ചു…

അർജുൻ: നിന്നോട് ആദ്യമേ ഞാൻ പറഞ്ഞിരുന്നു ഈ കോളജിന്റെ റൂൾ ഒന്നും നീയായിട്ട്‌ തെറ്റിക്കാൻ നിൽക്കരുത് എന്ന്.. നിനക്ക് മായയെ അറിയാം.. അതെനിക്ക് മനസ്സിലായി.. പക്ഷേ നിനക്ക് എനിക്ക് അവളെ ഇഷ്ടമാണ് എന്ന കാര്യം അറിയാമോ..?? നീ അവളെ ആണ് അപമാനിച്ചത്.. അതായത് എന്റെ പെണ്ണിനെ… അങ്ങനെ ഉള്ള നിന്നോട് എനിക്ക് ക്ഷമിക്കാൻ പറ്റുമോ..?? ഇല്ല…

അർജുൻ ഷൈനിന്റെ നേരെ എത്തിയതും നടത്തം നിർത്തി.. അവന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞു.. കടുത്ത ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു… കണ്ണുകൾ ഉരുട്ടി കൊണ്ട് അവൻ ഷൈനിന്റെ കോളറിൽ കയറി പിടിച്ചു..

അർജുൻ: അത് കൊണ്ട് മര്യാദക്ക് ഞാൻ പറയുവാ… ഇനി മേലാൽ നിന്നെ അവളുടെ ഭാഗത്ത് എങ്ങാനും കണ്ടാൽ.. തീർത്ത് കളയും ഞാൻ…

അർജുൻ പിടി വിട്ട് അവന്റെ പുറകിൽ നിന്നിരുന്ന കൂട്ടുകാരന് നേരെ കൈ നീട്ടി അവൻ അർജുൻറെ കയ്യിലേക്ക് ബൈക്കിന്റെ ചാവി വച്ച് കൊടുത്തു…

അർജുൻ: എടുത്തോണ്ട് പോടാ…

അർജുൻ ചാവി ഷൈനിന് നേരെ വലിച്ചെറിഞ്ഞു.. എന്നിട്ട് ആൻഡ്രുവിനെയും വിഷ്ണുവിനെയും ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം തിരിഞ്ഞ് നടക്കാൻ ഒരുങ്ങി..

അപ്പോളേക്കും ദിയയും മായയും വണ്ടിയിൽ അങ്ങോട്ട് എത്തിയിരുന്നു.. ദിയ ആണ് വണ്ടി ഓടിച്ചിരുന്നത് മായ പിന്നിൽ ഇരിക്കുക ആയിരുന്നു…

ഇത്രയും നേരം അർജുൻ പറഞ്ഞതും ചെയ്തതും ഒന്നും ഷൈനിനെ ബാധിച്ചിരുന്നില്ല.. എന്നാൽ അവസാനമായി അവൻ ചെയ്തത് ഷൈനിനെ നന്നായി ചൊടിപ്പിച്ചു..

തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അർജുൻറെ തോളിൽ കൈ വച്ച് കൊണ്ട് ചാവിയിലും അർജുൻറെ മുഖത്തേക്കും നോക്കി കൊണ്ട് ഷൈൻ പറഞ്ഞു…

ഷൈൻ: ചാവി എടുത്ത സ്ഥലത്ത് തിരികെ വച്ചിട്ട് പോയാൽ മതി…

അർജുൻ പതിയെ ഷൈനിന് നേരെ തിരിഞ്ഞു… ഇതേ സമയം എല്ലാം കണ്ടു കൊണ്ടിരുന്ന വിഷ്ണു ആൻ‌ഡ്രുവിന്റെ ചെവിയിൽ പറഞ്ഞു..

വിഷ്ണു: ഈ ഷൈൻ ഇത് എന്തിനുള്ള പുറപ്പാടാ??

ആൻഡ്രൂ: നീ നോക്കിക്കോ.. ഇനിയാണ് മോനെ നീ യദാർത്ഥ ഷൈനിനെ കാണാൻ പോകുന്നത്…

വിഷ്ണു; അതല്ല ബ്രോ ഒരു പ്രശ്നം ഉണ്ട്…

ആൻഡ്രൂ ചുണ്ടത്ത് വിരൽ വെച്ച് മിണ്ടരുത് എന്ന് കാണിച്ചു..

ഇതേ സമയം അർജുൻ ഷൈനിനെ ഒന്ന് നോക്കി.. എന്നിട്ട് ഒന്ന് ചിരിച്ചു.. പിന്നെ പതിയെ തല പുറകോട്ട് വലിച്ച് ആഞ്ഞ് മുന്നോട്ട് തള്ളി ഷൈനിന്റെ നെറ്റിയിൽ ഇടിച്ചു…

തന്റെ തലക്കുള്ളിൽ ഒരു സ്ഫോടനം നടക്കുന്ന അനുഭവം ആണ് ഷൈനിന് ഉണ്ടായത്.. താൻ ഭൂമിയിൽ നിന്നും ആകാശത്തേക്ക് പറന്നുയരുന്ന ഒരു പ്രതീതി.. ഷൈനിന്റെ കണ്ണുകൾ പതിയെ അടഞ്ഞു.. അവൻ പുറകോട്ട് ആഞ്ഞതും ഷൈനിന്റെ വലത്തേ നെഞ്ചില് അർജുൻ ഇടത്തെ കാലുകൊണ്ട് ആഞ്ഞ് ചവിട്ടി.. പുറകിൽ ഉണ്ടായിരുന്ന ബൈക്കിന് മുകളിലൂടെ ഷൈൻ മറിഞ്ഞ് വീണു.. അവനെ ഒന്ന് നോക്കി ചിരിച്ച് കൊണ്ട് അർജുൻ കൂട്ടുകാരുടെ കൂടെ കാറിൽ കയറി പോയി…

ആളുകൾ എല്ലാം ഷൈനിന്റെ ചുറ്റും വട്ടമിട്ടു നിന്നു.. ആൻഡ്രുവും വിഷ്ണുവും ഓടി വന്ന് ഷൈനിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.. തലയ്ക്ക് മുകളിൽ വലിയ ഒരു ഭാരം ഉള്ള പോലെ ആണ് അവന് അനുഭവപ്പെട്ടത്.. നെഞ്ചിലും നല്ല വേദന ഉണ്ട്.. ആൻഡ്രൂ ഷൈനിനെ താങ്ങി എഴുന്നേൽപ്പിച്ചു… ഒരു വിധം ഷൈൻ നിലത്ത് എഴുന്നേറ്റിരുന്നു… ഷൈൻ തലയിൽ കൈ വച്ച് തല അവിടെ തന്നെ ഉണ്ടോ എന്ന് പരിശോധിച്ചു.. ആകെ ഒരു മരവിപ്പ് മാത്രം… വിഷ്ണു ഒരു കുപ്പി വെള്ളം ഷൈനിന് നൽകി കൊണ്ട് പറഞ്ഞു..

വിഷ്ണു: ഞാൻ അപ്പോ തന്നെ ആൻഡ്രുവിനോട് പറയാൻ പോയതാ ഇവൻ പറയാൻ സമ്മതിക്കണ്ടെ.. ആ അർജുൻ കോളജിലെ ബോക്സിങ് ചാമ്പ്യൻ ആണ്.. അവനോട് ആണ് നിങ്ങള് കേറി കളിച്ചത്…

ഷൈനിനും ആൻഡ്രുവിനും അത് പുതിയ ഒരു അറിവ് ആയിരുന്നു..

ആൻഡ്രൂ: നിന്റെ തല ഇപ്പോളും അവിടെ തന്നെ ഉണ്ടല്ലോ.. ഭാഗ്യം…

അപ്പോളേക്കും ദിയയും മായയും അങ്ങോട്ട് വന്നു.. ഷൈൻ പതിയെ എഴുന്നേറ്റ് നിന്നു… ദിയ ഷൈനിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു..

ദിയ: ഒരടി കൊണ്ടപ്പോളേക്കും ബോധം പോയി.. ഡയലോഗ് ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി വല്ല്യ ബ്രൂസ്‌ലി ആകും എന്ന്..

ഷൈൻ മറുപടി ഒന്നും പറഞ്ഞില്ല… അത് പ്രതീക്ഷിച്ച പോലെ തന്നെ ദിയ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു… എന്നാല് കണ്ണിൽ നിന്നും മറയുന്ന വരെ മായ ഷൈനിനെ നോക്കി കൊണ്ടിരുന്നു അവളുടെ കണ്ണിൽ സഹതാപം നിഴലിച്ചു നിന്നിരുന്നു…

ആൻഡ്രൂ ബൈക്ക് നിവർത്തി ചാവി എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു ഷൈൻ പുറകിലും അതിനു പുറകിൽ വിഷ്ണുവും കയറി.. വിഷ്ണുവിനെ ബസ് സ്റ്റാൻഡിൽ വിട്ട് അവർ വീട്ടിലേക്ക് തിരിച്ചു…

പോകുന്ന വഴിയിൽ ഉടനീളം ആൻഡ്രൂ എന്തൊക്കെയോ പറഞ്ഞെങ്കിലും ഷൈൻ ഒന്നും മിണ്ടാൻ നിന്നില്ല.. എന്തോ ഗൂഢമായ ആലോചനയിൽ ആയിരുന്നു ഷൈൻ…

വീട്ടിൽ എത്തിയതിന് ശേഷവും ഷൈനിന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും കണ്ടില്ല.. ചിലപ്പോ എല്ലാവരുടെയും മുന്നിൽ നാണം കെട്ടതിന്റെ നിരാശയായിരിക്കാം എന്ന് കരുതി ആൻഡ്രൂ അവനെ കൂടുതൽ ശല്ല്യം ചെയ്യാനും പോയില്ല…

എന്നാല് മറ്റൊരിടത്ത് കഥ വേറെ ഒരു രീതിയിൽ ആയിരുന്നു… 🌀🌀🌀🌀🌀🌀🌀🌀🌀

മുറിയിൽ ടേബിൾ ലാമ്പും കത്തിച്ച് വച്ച് മാനം നോക്കി ഇരിക്കുകയായിരുന്നു മായ…തുറന്നിട്ട ജനൽ പാളിയിലൂടെ കടന്നു വന്ന കുളിർ കാറ്റ് അവളുടെ മുടിയിഴകൾ തലോടി കടന്നു പോയി… അവളുടെ മനസ്സ് മുഴുവൻ സങ്കർഷ ഭരിതം ആയിരുന്നു..

മായയുടെ ഇരുപ്പ് കണ്ടപ്പോൾ ടെറസ്സിന് മുകളിൽ നിന്നും അലക്കി ഉണക്കിയ തുനികളുമായി വന്ന ദിയ അവ ബെഡിലേക്ക്‌ ഇട്ട് കൊണ്ട് ചോദിച്ചു.

ദിയ: എന്ത് പറ്റി ഇങ്ങനെ അന്തം വിട്ട് ഇരിക്കുന്നത്??

അവളുടെ ചോദ്യം കേട്ടപ്പോൾ താടിക്ക് മുകളിൽ വച്ചിരുന്ന കൈ എടുത്ത് മാറ്റി മായ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

അത് കണ്ടപ്പോൾ ബെഡിലേക്ക്‌ ഇരുന്നു കൊണ്ട് ദിയ ചോദിച്ചു.

ദിയ: എന്ത് പറ്റി പുതിയ നോവൽ വല്ലതും എഴുതാൻ ഉള്ള പ്ലാനിംഗ് ആണോ??

മായ ആംഗ്യ ഭാഷയിൽ കൂടെ ദിയയോട് സംസാരിക്കാൻ തുടങ്ങി.

മായ: ചെറിയ ഒരു നോവലിനുള്ള ത്രെഡ് കിട്ടിയിട്ടുണ്ട്.

ദിയ: ആഹാ.. എന്താ സബ്ജക്ട്..?? നിന്റെ സ്ഥിരം മാസ്റ്റർ പീസ് തന്നെ ആണോ?? റൊമാൻസ്..??

മായ മറുപടി ഒന്നും പറഞ്ഞില്ല വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അതിൽ നിന്ന് തന്നെ അവൾ എഴുതാൻ പോകുന്നത് ഒരു പ്രണയ നോവൽ ആണ് എന്ന് ദിയക്ക്‌ മനസ്സിലായി. കോളജിലെ നമ്പർ വൺ എഴുത്തുകാരിയാണ് മായ. ഒട്ടുമിക്ക കുട്ടികളും അവളുടെ ആരാധകര് ആണ്.

പ്രണയവും വിരഹവും ആണ് അവൾ സ്ഥിരമായി എഴുതിയിരുന്ന വിഷയങ്ങൾ. എന്നാൽ ഒരു പ്രണയ നോവൽ എഴുത്തുകാരി ആയിരുന്നിട്ടും കൂടി ഒരിക്കൽ പോലും അവൾക്ക് ആരോടും പ്രണയം ഒന്നും തോന്നിയിരുന്നില്ല.

അവള് എഴുതുന്ന കഥയിലെ നായകന്മാർക്ക് ഒന്നും തന്നെ ഒരു മുഖം അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അവൾ എഴുതാൻ പോകുന്ന നോവലിന് ഒരു നായകൻ ഉണ്ട്. നായകന് ഒരു പേരുണ്ട്.. നോവലിന് ഒരു പേരുണ്ട്…

മായ മേശപ്പുറത്ത് ഇരുന്ന പേന എടുത്ത് മൂടി തുറന്ന് പേപ്പറിൽ അവളുടെ മാന്ത്രികത നിറഞ്ഞ കയ്യക്ഷരങ്ങളാൽ എഴുതി….

ലവ് ഓർ ഹേറ്റ്…..

എല്ലാം നോക്കി കൊണ്ട് ദിയ അവൾക്ക് പുറകിൽ നിൽക്കുന്നുണ്ടായിരുന്നു.. അവൾ പേപ്പറിൽ നോക്കിക്കൊണ്ട് പറഞ്ഞു.

ദിയ: ലവ് ഓർ ഹേറ്റ്… പേരൊക്കെ കൊള്ളാം… എഴുതിയിട്ട് കാണിക്ക്‌.. ഞാൻ കിടക്കാൻ പോവുന്നു…

മായ പുഞ്ചിരിച്ച കൊണ്ട് ഇല്ല എന്നവൾക്ക്‌ മറുപടി നൽകി.. അത് കണ്ടപ്പോൾ അതിശയത്തോടെ ദിയ ചോദിച്ചു…

ദിയ: അതെന്താ..?? നീ എഴുതുന്നതൊക്കെ ആദ്യം എന്നെ അല്ലേ കാണിക്കുന്നത്…

മായ: അതൊക്കെ ശരിയാണ്.. പക്ഷേ ഇതിന് ഒരു പ്രത്യേകത ഉണ്ട്.. അത് കൊണ്ട് നീയും ഇത് കോളേജ് മാഗസിനിൽ വരുമ്പോൾ വായിച്ചാൽ മതി…

ദിയ: ഓഹോ സർപ്രൈസ് ആണോ?? ഓകെ.. ഐ ലവ് സർപ്രൈസസ്‌…

അത്രേം പറഞ്ഞു കൊണ്ട് ദിയ ഫോൺ എടുത്ത് ഇയർ ഫോൺ കണക്ട് ചെയ്ത് ബെഡിലേക്ക്‌ കിടന്നു…. മായ തുറന്നിട്ട ജനലിലൂടെ ഒഴുകിയെത്തുന്ന നിലാവെളിച്ചം നോക്കി ഒരു നിമിഷം നിന്നു.. എന്നിട്ട് പേപ്പറിൽ എഴുതി തുടങ്ങി…

“എന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ ഞാൻ ഇന്ന് നേരിൽ കണ്ടു….. അവന്റെ കുസൃതിയും കൗതുകവും നിറഞ്ഞ കണ്ണുകൾ എന്റെ മനസ്സിൽ നിന്നും മായുന്നേ ഇല്ല………..” 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

കമ്പ്യൂട്ടറിൽ ഗെയിം കളിച്ചു കൊണ്ട് ഇരിക്കുകയാണ് ആൻഡ്രൂ.. ഷൈൻ ആണെങ്കിൽ ബെഡിൽ തന്നെ ഇപ്പോളും എന്തോ ആലോചിച്ചു കൊണ്ട് കിടക്കുകയാണ്… കുറെ നേരമായി കളിച്ചു കൊണ്ടിരുന്ന പ്രയാസപ്പെട്ട ഒരു മിഷൻ പൂർത്തിയാക്കിയപ്പോൾ ആൻഡ്രൂ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു….

ആൻഡ്രൂ: ഉഹൂ… കിട്ടി മോനെ…

അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഷൈൻ ഈ ലോകത്ത് ഒന്നും അല്ല എന്ന് മനസ്സിലായി…

ആൻഡ്രൂ: ടാ.. ഷൈൻ….???” ഷൈൻ…??

ഷൈൻ പെട്ടന്ന് ഞെട്ടി തിരിഞ്ഞ് നോക്കി..

ഷൈൻ: എന്താടാ??

ആൻഡ്രൂ: നീ ഇത് ഏത് ലോകത്ത് ആണ്..?? വിശപ്പില്ല എന്ന് പറഞ്ഞു ഭക്ഷണവും കഴിച്ചില്ലല്ലോ… എന്ത് പറ്റി..??

ഷൈൻ അൽപം ഗൗരവത്തോടെ: എന്ത് പറ്റി എന്ന് നിനക്കറിയില്ലെ..??

ആൻഡ്രൂ ചെയറിൽ നിന്നും എഴുന്നേറ്റ് ഷൈനിന്റെ അരികിൽ പോയി ഇരുന്നു..

ആൻഡ്രൂ: ഹാ നീ അത് വിട് അളിയാ…

ഷൈൻ എങ്ങോട്ടെന്നില്ലാതെ നോക്കി ദേഷ്യത്തോടെ പറഞ്ഞു…

ഷൈൻ: അതങ്ങിനെ വിടാൻ പറ്റില്ല.. അദ്യ ദിവസം തന്നെ… ക്ലാസിലെ മുഴുവൻ കുട്ടികളുടെ മുന്നിൽ വച്ച് അവൾ.. അത് കഴിഞ്ഞ് കോളജിലെ മുഴുവൻ കുട്ടികളുടെ മുന്നിൽ വച്ച് അവൻ….

ആൻഡ്രൂ ഇടക്ക്‌ കയറി കൊണ്ട് പറഞ്ഞു..

ആൻഡ്രൂ: നിന്റെ അവസ്ഥ ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. എന്ന് വച്ച് നമ്മൾ എന്ത് ചെയ്യും.. അവളും അവനും നമ്മുടെ റെയിഞ്ചിൽ നിക്കില്ല… അവള് ആണെങ്കിൽ ഒരു ലേഡി നിഞ്ച.. അവൻ ആണെങ്കിൽ ഒരു ജാക്കി ചാനും… ഇതിന്റെ രണ്ടിന്റെയും ഇടയിൽ കൊണ്ട് പോയി വെറുതെ തല ഇടാൻ നിക്കണോ..??

ഷൈൻ ദേഷ്യത്തോടെ ആൻഡ്രുവിനെ നോക്കി പറഞ്ഞു..

ഷൈൻ: ആൻഡ്രൂ, എനിക്കവനെ തിരിച്ചടിക്കണം… അത് കഴിഞ്ഞിട്ട് അവൾക്കുള്ള പണി…

ആൻഡ്രൂ: പൊന്ന് മോനെ നീ ശരിക്കും ആലോചിച്ചിട്ട് തന്നെ ആണോ..?? മഹേഷിന്റെ പ്രതികാരം കളിക്കാൻ പറ്റിയ നേരം അല്ല ഇത്…

ഷൈൻ: അത്രേം പേരുടെ മുന്നിൽ വച്ച് അവൻ എന്റെ ദേഹത്ത് കൈ വച്ചിട്ട് അവനെ ഒന്ന് തിരിച്ചടിക്കാൻ പോലും പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ ആണാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താടാ കാര്യം..??

ആൻഡ്രൂ: ഹും.. ഓകെ.. അപ്പോ നീ തിരിച്ചടിക്കാൻ തന്നെ തീരുമാനിച്ചു.. ശരി എപ്പോ..??

ഷൈൻ: നാളെ..

ആൻഡ്രൂ: നാളെയോ..??

ഷൈൻ: അതെ.. നാളെ മൊത്തം കോളേജ് സ്റ്റുഡൻസിന്റെയും മുന്നിൽ വച്ച്… നീ നോക്കിക്കോ….

ഷൈനിന്റെ തീരുമാനം ഉറച്ചതാണെന്നും അതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ ആവില്ല എന്നും ആൻഡ്രുവിന് നന്നായി അറിയാമായിരുന്നു…. എന്നാലും ഒരു ബോക്സിങ് ചാമ്പ്യനുമായി ഗുസ്തി പിടിക്കാൻ ഇവൻ കാണിക്കുന്ന ധൈര്യം.. ഇനി ജീവനിൽ കൊതി ഇല്ലയിരിക്കുമോ..?? 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

തലവഴി മൂടി ഇട്ടിരുന്ന പുതപ്പ് മാറ്റി ദിയ കണ്ണ് തുറന്നു.. ജനൽ വഴി ചെറിയ സൂര്യ പ്രകാശം റൂമിലേക്ക് വരുന്നുണ്ട്… അവള് ബെഡിൽ എഴുന്നേറ്റിരുന്നു കൈ രണ്ടും മുകളിലേക്ക് ഉയർത്തി കോട്ട് വാ ഇട്ടു…

അപ്പോളാണ് അവള് മായയെ ശ്രദിച്ചത്. ടേബിളിന്റെ മുകളിൽ തല വച്ച് ഉറങ്ങുകയായിരുന്നു മായ.. ഓഹോ അപ്പോ ഇവള് രാത്രി മുഴുവൻ കഥയും എഴുതി ഇവിടെ ഇരുന്ന് ആണോ ഉറങ്ങിയത്….

ദിയ പുതപ്പ് മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റ് മായയുടെ അടുത്തേക്ക് ചെന്നു… ടേബിളിന്റെ മുകളിൽ മായ എഴുതി വച്ച നോവലിന്റെ ആദ്യ ഭാഗം ഇരിക്കുന്നത് അവൾ കണ്ടു.. വായിക്കരുത് എന്ന് മായ പറഞ്ഞതാണ് എങ്കിലും അവൾക്ക് അവളുടെ കൗതുകത്തെ നിയന്ത്രിക്കാൻ ആയില്ല…

അവള് പതിയെ പേപ്പറിൽ കൈ വച്ചതും മായ ഉണർന്ന് അവളുടെ കൈക്ക്‌ പിടിച്ചു…

മായ: എന്താ..??

ദിയ: ഒന്നുല്ല.. ഞാൻ നിന്നെ വിളിക്കാൻ വന്നതാ…

മായ: ശരി…

ഭാഗ്യം അവൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു.. ദിയ വേഗം ടവൽ എടുത്ത് ബാത്റൂമിലേക്ക് കയറി.. മായ നോവൽ എഴുതിയ പേപ്പർ ഒരു ഫയലിനുള്ളിൽ ആക്കി ബാഗിലേക്ക്‌ വച്ചു…. എന്നിട്ട് ദിയക്ക്‌ വേണ്ടി കാത്തു നിന്നു….. 🌀🌀🌀🌀🌀🌀🌀🌀🌀

കോളജിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു ഷൈനും ആൻഡ്രുവും.. രണ്ട് പേരും കുളി ഒക്കെ കഴിഞ്ഞ് ഡ്രസ്സ് മാറി മറ്റ് സാധനങ്ങൾ എല്ലാം റെഡി ആക്കുകയായിരുന്നു…

ഷൈൻ ഇപ്പോഴും നല്ല ഗൗരവത്തിൽ ആണ്… ആൻഡ്രുവിന് അതിൽ ചെറിയ ഒരു വിഷമം ഉണ്ട്.. അഞ്ജലി പറ്റിച്ച് പോയതിന്റെ ഏതാനും കുറച്ച് മാസങ്ങളിൽ ഷൈൻ ഇങ്ങനെ ആയിരുന്നു. ആരോടും മിണ്ടാതെ എപ്പോളും ഗൗരവത്തോടെ.. അതിന് ശേഷം ഇപ്പോളാണ് ആൻഡ്രൂ അവനെ ഇങ്ങനെ കാണുന്നത്….

ഒരുക്കം എല്ലാം കഴിഞ്ഞ് രണ്ട് പേരും താഴേക്ക് ചെന്നു.. ഭക്ഷണം കഴിക്കുന്നതിനിടെ ചേച്ചി ചോദിച്ച ചോദ്യത്തിന് എല്ലാം ആൻഡ്രുവാണ് ഉത്തരം പറഞ്ഞു കൊണ്ടിരുന്നത്… അളിയൻ ഇല്ലാഞ്ഞത് നന്നായി ഇല്ലെങ്കിൽ അങ്ങേരു പോലീസ് ബുദ്ധി വച്ച് ഇവന്റെ മനസ്സ് വായിച്ചേനെ…

ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി.. ഷൈൻ ബൈക്കിന്റെ ചാവി എടുത്ത് ആൻഡ്രുവിന് കൊടുത്തു…

ഷൈൻ: നീ ഓടിച്ചാൽ മതി.. എന്റെ മൂഡ് ശരിയല്ല…

ആൻഡ്രൂ: നമുക്ക് രണ്ടാൾക്കും അതാ നല്ലത് വാ കയറ്…

ഷൈൻ വണ്ടിയിൽ കയറിയതും ആൻഡ്രൂ വണ്ടി കോളേജ് ലക്ഷ്യമാക്കി ഓടിച്ചു…. 🌀🌀🌀🌀🌀🌀🌀

വാ കയറ്…. ദിയ പറഞ്ഞപ്പോൾ മായ വണ്ടിയിൽ കയറി ഇരുന്നു…

ദിയ: പോകാം????

മായ ഓകെ എന്ന അർത്ഥത്തിൽ ദിയയുടെ തോളിൽ ഒന്ന് തട്ടി… സിഗ്നൽ കിട്ടിയപ്പോൾ ദിയ വണ്ടി മുന്നോട്ടെടുത്തു… ഷൈനിനെ ആദ്യമായി കണ്ട സ്ഥലം എത്തിയപ്പോൾ മായ ആ സംഭവങ്ങൾ വെറുതെ ഓർമിച്ചു.. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു….. 🌀🌀🌀🌀🌀🌀🌀🌀🌀

മായയെ ആദ്യമായി കണ്ട സ്ഥലം കടന്നു പോയപ്പോൾ ഷൈനിന് കടുത്ത ദേഷ്യം ആണ് ഉണ്ടായത്.. ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്…… അവൻ പല്ലുകൾ കൂട്ടി കടിച്ചു…..

അങ്ങനെ ഒട്ടും താമസിയാതെ തന്നെ ആൻഡ്രുവും ഷൈനും കോളേജിൽ എത്തി… വിഷ്ണു അവർക്കും മുന്നേ എത്തിയിരുന്നു… വിഷ്ണുവിനെ കണ്ടതും ബൈക്കിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് ഷൈൻ ചോദിച്ചു…

ഷൈൻ: വിഷ്ണു… അർജുൻ ഇപ്പോൾ എവിടെ ഉണ്ടാകും..???

വിഷ്ണു ചോദ്യം കേട്ടപ്പോൾ ആകെ അന്തം വിട്ടിരുന്നു…

വിഷ്ണു: എന്തിനാ ഷൈൻ..??

ഷൈൻ: ഞാൻ ചോദിച്ചതിന് മറുപടി പറ വിഷ്ണു….

വിഷ്ണു: കാന്റീനിൽ ഉണ്ടാകും അല്ലെങ്കിൽ ക്ലാസിൽ…

അത് കേട്ടതും ഷൈൻ കാന്റീൻ ലക്ഷ്യമാക്കി നടന്നു… പിന്നാലെ ഭയത്തോടെ ആൻഡ്രുവും വിഷ്ണുവും.. അവർ അവനെ പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും ഷൈൻ അതൊന്നും കേൾക്കാൻ തയ്യാറായില്ല…

അവസാനം കാന്റീനിന്റെ പടി കടന്ന് ഷൈൻ അകത്തേക്ക് കയറി.. പ്രതീക്ഷിച്ച പോലെ തന്നെ അർജുൻ കൂട്ടുകാരുടെ കൂടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു… എന്തോ തമാശ പറഞ്ഞ് പൊട്ടി ചിരിച്ച് തിരിഞ്ഞ് നോക്കിയ അർജുൻ കണ്ടത് കണ്ണിൽ കത്തുന്ന തീയുമായി നിൽക്കുന്ന ഷൈനിനെയും പിറകിൽ ഭയത്തോടെ നിൽക്കുന്ന ആൻഡ്രുവിനെയും വിഷ്ണുവിനെയും ആയിരുന്നു…

അവരെ കണ്ടതും അർജുൻ ചിരിച്ച് കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു… എന്നിട്ട് വലത് കാലു കൊണ്ട് കസേര പുറകോട്ട് തട്ടി മാറ്റി.. എന്നിട്ട് ഷൈനിന് നേരെ നടന്നു കൊണ്ട് പറഞ്ഞു…

അർജുൻ: ആഹാ.. നീ ചത്തില്ലെ..?? അല്ലെങ്കിലും കൊല്ലാൻ ഞാൻ വിചാരിച്ചിട്ടില്ല.. അത് കൊണ്ടാണല്ലോ നിന്റെ ഇടത് നെഞ്ചിനു പകരം വലത് നെഞ്ചില് ഞാൻ ചവിട്ടിയത്…

ഷൈൻ മറുപടി ഒന്നും പറഞ്ഞില്ല.. അവന്റെ വലം കയ്യിന്റെ മുഷ്ടി ഒന്നുകൂടി ബലത്തിൽ മുറുകി… മറുപടി കിട്ടാത്തത് കൊണ്ട് അർജുൻ വീണ്ടും ചോദിച്ചു..

അർജുൻ: അതൊക്കെ പോട്ടെ… എന്താ ഇപ്പോ ഇവിടെ..?? തിരിച്ചടിക്കാൻ വല്ലതും വന്നതാണോ..???

ഷൈൻ ദേഷ്യത്തോടെ യും പരിഹാസത്തോടെ യും പറഞ്ഞു..

ഷൈൻ: അടി കൊടുക്കാൻ മാത്രം ഉള്ളതല്ലല്ലോ കൊള്ളാൻ കൂടി ഉള്ളതാണല്ലോ….

ഇത് കേട്ടതും അർജുൻ പൊട്ടി ചിരിച്ചു… എന്നിട്ട് പറഞ്ഞു..

അർജുൻ: അപ്പോ നീ എന്നെ തിരിച്ച് തല്ലാൻ വന്നതാണ് അല്ലേ…

എന്നിട്ട് തിരിഞ്ഞ് കൂട്ടുകാരെ നോക്കി കൊണ്ട് പൊട്ടി ചിരിച്ച് വീണ്ടും പറഞ്ഞു..

അർജുൻ: നോക്കെടാ… ഇവൻ എന്നെ തിരിച്ച് തല്ലാൻ വന്നതാണ് എന്ന്….

എന്നിട്ട് വീണ്ടും ഷൈനിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…

അർജുൻ: ഇത് കോളേജ് കോമ്പൗണ്ട് ആണ്.. ഇവിടെ കിടന്ന് എന്റെ അടികൊണ്ട് നീ ചത്താൽ അത് പിന്നെ വല്ല്യ പ്രശ്നം ആകും….

അപ്പോളേക്കും കന്റീനിന്റെ ഉള്ളിൽ കുട്ടികൾ എല്ലാവരും കൂട്ടം കൂടിയിരുന്നു.. എന്നാൽ മായയും ദിയയും അടക്കം കുറച്ച് കുട്ടികൾ അതിൽ ഇല്ലായിരുന്നു…

അർജുനന്റെ പരിഹാസം വക വെക്കാതെ ഷൈൻ പറഞ്ഞു..

ഷൈൻ: ഇത്രേം പിള്ളേരുടെ മുന്നിൽ വച്ചല്ലേ നീ എന്നെ തല്ലിയത്.. അപ്പോ ഞാൻ തിരിച്ച് തല്ലുന്നത് കാണാനും അവരൊക്കെ വേണ്ടേ….??

ഇത് കേട്ടതും അർജുൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു… “ഓഹോ അപ്പോ നീ കരുതിക്കൂട്ടി തന്നെ ആണ്…” എന്നിട്ട് കുറച്ച് നേരം ആലോചിച്ചു നിന്നിട്ട് വീണ്ടും തുടർന്നു…

അർജുൻ: ഓകെ.. അടുത്ത മാസം നടക്കാൻ പോകുന്ന കോളജിന്റെ ഫൗണ്ടേഷൻ ഡേയിൽ സാധാരണ കാമ്പസിൽ ബോക്സിങ് മത്സരവും നടക്കാർ ഉണ്ട്.. അന്ന്.. നിനക്ക് ധൈര്യം ഉണ്ടോ എന്നോട് മത്സരിക്കാൻ… ഈ കോളേജിലെ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും മുന്നിൽ വച്ച്.. റിങ്ങിന്റെ ഉള്ളിൽ വച്ച് എന്നോട് മത്സരിക്കാൻ നിനക്ക് ധൈര്യം ഉണ്ടോ…??? ഉണ്ടെങ്കിൽ ചലഞ്ച് ചെയ്…

ഷൈൻ ഒട്ടും ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു…

ഷൈൻ: ഞാൻ റെഡി….

അർജുൻ ഷൈനിനോട് ചേർന്ന് നിന്ന് അവന്റെ ചെവിയിൽ പറഞ്ഞു…

അർജുൻ: എന്നാൽ ചാവാൻ റെഡി ആയിക്കോ…

അതും പറഞ്ഞ് കൊണ്ട് അർജുൻ കൂട്ടുകാരുടെ കൂടെ കാന്റീനിൽ നിന്നും വെളിയിലേക്ക് പോയി.. മറ്റുള്ളവരും ഓരോരുതർ ആയി പോകാൻ ആരംഭിച്ചു.. എല്ലാവരും ഷൈനിനെ പുച്ഛത്തോടെയും സഹതാപത്തോടെ യും ആണ് നോക്കുന്നത്.. ഇവൻ എന്തൊരു മണ്ടൻ ആണ് എന്നാണ് എല്ലാവരും തമ്മില് തമ്മിൽ പറഞ്ഞു കൊണ്ടിരുന്നത്…

ഏകദേശം എല്ലാവരും പോയി കഴിഞ്ഞപ്പോൾ വിഷ്ണുവും ആൻഡ്രുവും ഷൈനിന്റെ അടുത്തേയ്ക്ക് ചേർന്ന് നിന്നു..

ആൻഡ്രൂ: നീ എന്തിനാ ചാടി കയറി അവന് വാക്ക് കൊടുക്കാൻ പോയത്.. നിനക്ക് അറിയുന്നതല്ലെ അവൻ ഈ കോളേജിലെ ചാമ്പ്യൻ ആണ് എന്ന്…

ഷൈൻ: ചാമ്പ്യൻ ആണെന്ന് കരുതി അവനെ ആർക്കും തോൽപ്പിക്കാൻ ഒക്കില്ല എന്നൊന്നും അർത്ഥം ഇല്ലല്ലോ…??

വിഷ്ണു: അതിന് ബ്രോക്ക്‌ ബോക്സിങ് അറിയാവോ???

ആ ഒരു ചോദ്യത്തിന് ഷൈനിന്റെ മുന്നിൽ ഉത്തരം ഇല്ലായിരുന്നു…

ഷൈൻ: ഒരു മാസം ഉണ്ടല്ലോ നമുക്ക് നോക്കാം… പക്ഷേ ഒന്നുറപ്പാണ് അവനെ എനിക്ക് തോൽപ്പിക്കണം.. അല്ലെങ്കിൽ അവൻ പറഞ്ഞ പോലെ അന്ന് എന്റെ അന്ത്യം ആയിക്കോട്ടെ…

അവർ മൂന്ന് പേരും കാന്റീൻ വിട്ട് ക്ലാസിലേക്ക് ചെന്നു.. ക്ലാസ്സ് തുടങ്ങാൻ സമയം ആയിരുന്നു അപ്പോളേക്കും…

ക്ലാസ്സിൽ ചെന്നപാടെ കാണുന്നത് ദിയയെ ആണ്.. അവൾ ഷൈനിനെ കണ്ടതും പുച്ഛത്തോടെ ചിരിച്ച് കൊണ്ട് ചോദിച്ചു…

ദിയ: ഹോ.. താൻ വന്നോ.. ഞാൻ കരുതി ഇന്നലെ തന്നെ പേടിച്ച് ഓടിക്കാണും എന്ന്..

പറഞ്ഞ് തീർന്നതും മായ ചുമ്മാ ഇരി എന്ന മട്ടിൽ ദിയയുടെ കയ്യിൽ പിടിച്ചു.. അത് കണ്ടപ്പോൾ അവൾ ബെഞ്ചിലേക്ക് ഇരുന്നു…

ഷൈൻ അവൾക്ക് മറുപടി ഒന്നും കൊടുക്കാൻ പോയില്ല… ആദ്യം അർജുൻ അത് കഴിഞ്ഞ് മതി ദിയ എന്ന് അവൻ മനസ്സിൽ കുറിച്ചിരുന്നു…

അങ്ങനെ അധികം വൈകാതെ തന്നെ ക്ലാസുകൾ ആരംഭിച്ചു.. മിസ്സ് കയ്യിൽ നിറയെ പുസ്തകവും കടലാസുകലുമായി ക്ലാസിലേക്ക് വന്നു.. എല്ലാവരും ഗുഡ് മോണിംഗ് ഒക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ മിസ്സ് സംസാരിച്ച് തുടങ്ങി…

മിസ്സ്: എല്ലാർക്കും അറിയാലോ ഷൈനും ആൻഡ്രുവും നമ്മുടെ ക്ലാസിലെ പുതിയ ജോയിനിങ് ആണ്.. എല്ലാവരും പരിചയപ്പെട്ടു വരുന്നു എന്ന് തോന്നുന്നു.. ഏതായാലും ഇന്ന് അവരുടെ രണ്ടാമത്തെ ദിവസം ആണ്… പക്ഷേ ഇന്ന് നമുക്ക് പുതിയ ഒരാളെ അതായത് പുതിയ ഒരു ജോയിനിങ് ഉണ്ട്…

മിസ്സ് വാതിൽക്കലേക്ക് നോക്കി കൊണ്ട് വിളിച്ചു..

മിസ്സ്: അരവിന്ദ്…. കം ഓൺ…

വാതിൽക്കൽ നിന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരൻ ക്ലാസിലേക്ക് കടന്ന് വന്നു.. കണ്ടാൽ തന്നെ അറിയാം നല്ല അച്ചടക്കവും ഒതുക്കവും ഒക്കെ ഉള്ള ഒരു പാവം പയ്യൻ ആണ് എന്ന്…

ഷൈൻ ഇതൊന്നും ശ്രദ്ധിക്കാതെ ബുക്കിൽ എന്തൊക്കെയോ കാർട്ടൂൺ ചിത്രങ്ങൾ വരക്കുകയായിരുന്നു…

എന്നാൽ ക്ലാസ്സിലേക്ക് വന്ന ആ പയ്യനെ എവിടെയോ കണ്ടിട്ടുള്ളതായി ആൻഡ്രുവിന് തോന്നി.. അവൻ ആലോചിക്കുന്നതിന്റെ ഇടയിൽ തന്നെ ഷൈനിനെ തോണ്ടി വിളിച്ച് അവനെ കാണിച്ചു…

അവന്റെ മുഖം കണ്ടതും ഷൈൻ ഞെട്ടി പോയി.. അതെ സമയം തന്നെ ആൻഡ്രുവിനും അവനെ പിടികിട്ടി… രണ്ട് പേരും ഒരുമിച്ച് പറഞ്ഞു…

“അരവിന്ദ്… അഞ്ജലിയുടെ അനിയൻ…”

(will be continued…)

Comments:

No comments!

Please sign up or log in to post a comment!