തമിഴന്റെ മകൾ 🥀

NB :  കമ്പിയില്ല!! ഒരു ചെറിയ ചെറു കഥയാണ്

തമിഴന്റെ മകൾ ഒരു ഓർമയാണ്. ചില ഇടവേളകളിൽ മാത്രം ഓർക്കുന്നൊരോർമ്മ. അവളെ ഓർക്കുമ്പോൾ, എനിക്കു ചുറ്റും സർവവും മഞ്ഞയും പച്ചയും ചുമപ്പിന്റെയും ചായങ്ങളുള്ള ദൃശ്യങ്ങളാണ്.

നാട്ടിലെ പത്തു നാൽപ്പത് വീടുകളിൽ പാല് കൊടുക്കുന്ന ഉമ്മ ആദ്യമായി പാല് കൊടുക്കാൻ എന്നെ നിയോഗിച്ചത് തമിഴന്റെ വീട്ടിലാണ്. എനിക്കതിൽ വളരേ സന്തോഷമുണ്ടായിരുന്നു.

കാരണം ഞങ്ങളുടെ ജീവിതോപാധിയായിരുന്ന ഈ കച്ചവടത്തിൽ എന്റെ പേരു വരുത്താൻ ഉമ്മ ആഗ്രഹിച്ചിരുന്നില്ല.

“പാൽക്കാരിത്താത്തയുടെ മകൻ” എന്ന പ്രതിധ്വനിയോ മർമരമോ പോലും ഞാൻ കേൾക്കാൻ ഉമ്മ ആഗ്രഹിച്ചിരുന്നില്ലെങ്കിൽ ഞാൻ ആഗ്രഹിച്ചിരുന്നു എന്നതു തന്നെ.

എന്നും തൊഴുത്തിലെ വെളിച്ചവും മക്കയരച്ചു കൊണ്ട് പാൽ ചുരത്തിക്കൊടുക്കുന്ന പശുക്കളെയും ഉമ്മയുടെ ഉത്സാഹവും കണ്ടുണരുന്ന എനിക്ക് പെരുമയായിട്ടുള്ള ആ മേൽവിലാസത്തേക്കാൾ എന്നെ ആനന്ദിപ്പിച്ചിട്ടുള്ള മറ്റൊന്നുമില്ല.

രാവിലെ പ്രഭാത പ്രാർത്ഥനക്ക് പോയി തിരിച്ചു വരുമ്പോഴാണ് കൊടുക്കുന്നത് .

എളുപ്പ വഴിയാണെങ്കിലും പോകുമ്പോൾ ആ വഴി പാടത്തുകൂടി പോകാൻ സമ്മതിക്കില്ല.

” വെളിച്ചം വീണിട്ടേ പാടത്തൂടെ പോകാവൂ ..”

തിരിച്ചു വരവിൽ, പാടത്തെ കിഴക്കുവശത്തെ മരച്ചീനി നട്ടിരുന്ന ബണ്ടുകളിൽ കൂടെ നടന്ന് നടന്നു നീളൻ ബണ്ടുകളുടെ മധ്യത്തിൽ വിലങ്ങനെ വെട്ടിയ വരമ്പ് അനുഗമിക്കുന്നത് റഫീഖ് പോലീസിന്റെ വീട്ടിലേക്കാണ്!.

കമ്പുകൾ നാട്ടി തെങ്ങിൻകൈ കുറുകെ വെച്ചുള്ള പോലീസിന്റെ വീടിന്റെ അതിരിനും പാടത്തിനുമിടയിലുള്ള ചെറിയ നടപ്പാതയിലൂടെ തത്തമ്മക്കൂടുള്ള മണ്ടയില്ലാത്ത തെങ്ങിന്റെ മുന്നോട്ടു നടന്നു ചെന്നാൽ അടുത്ത വീടാണ് തമിഴന്റെ വീട്!.

ചെങ്കല്ലുകൾ വെറുതെ നാല് കല്ല് പൊക്കത്തിൽ വെച്ചുള്ള അതിരിനു മുകളിൽ പാൽ കുപ്പി വെച്ച്, കുപ്പിയുടെ കഴുത്തിലെ ചരട് ചെമ്പരത്തിക്കൊമ്പിൽ കെട്ടിയിട്ട് വേഗം വീട്ടിലേക്ക് പോകും.

പകുതി വാർക്കയും പകുതി ഓടും കൂടി മേഞ്ഞ സിമന്റ് പൂശിയ മഞ്ഞച്ചന്തമുള്ള വീടാണ് തമിഴന്റേത്.

അവിടെ താമസമാക്കിയിട്ടപ്പോൾ കുറച്ചേ ആയിട്ടുള്ളൂവെങ്കിലും കവലയിൽ നിന്ന് ടൗണിലേക്ക് പോകുമ്പോഴുള്ള പ്രധാന തിരിവിൽ നല്ല നോട്ടം കിട്ടുന്നിടത്തെ കട എനിക്ക് ഓർമ്മവെക്കുമ്പോഴേ ഉണ്ട്.

തമിഴന്റെ കട ഒരു മാള് പോലെയാണ്!. സകല ജ്‌ജാതി സാധങ്ങളുമുണ്ട്!.

ഒരു യാത്രയൊക്കെ പോകാനാണെങ്കിൽ, പെട്ടെന്ന് ആവശ്യ സാധങ്ങളൊക്ക സ്വരൂപിക്കാൻ തമിഴന്റെ കടയാണ് എല്ലാരും ആശ്രയിച്ചിരുന്നത്!.



തമിഴനെ പറ്റി പറഞ്ഞാൽ, നാട്ടിൽ മുണ്ട് മടക്കിക്കുത്താതെ നടക്കുന്നവരിലെ ഒരു മാന്യദ്ദേഹം!.

“തമിഴൻ..”

എന്ന് എല്ലാരും സ്നേഹം കലർത്തിയാണ് വിളിക്കുന്നത് .

അദ്ദേഹത്തിന്റെ കാപ്പിരി വർണ്ണത്തിന് പ്രത്യേക ചന്തമാണ്‌.

കരിമഷിക്കറുപ്പുള്ള കൺപീലികളും ചെറിയ ചെവികളും നസീറിന്റെ പോലെ കുറ്റി മീശയുമടങ്ങിയാൽ തമിഴന്റെ ഛായയായി!.

തമിഴ് ചുവയില്ലെങ്കിലും കണ്ണിനിമ വെട്ടുമ്പോലെ വിക്കലുണ്ട് മലയാളത്തിന്!.

ഞായാറാഴ്ചകളിലെ നാലുംകൂട് കവലയിലെ ഒത്തുചേരലും വരമ്പത്തു കൂടെയുള്ള വരലിലും പോകലിലുമുള്ള വർത്തമാനങ്ങളുമാണ് നാട്ടിലെ സാമൂഹിക സമ്പർക്കം!.

തമിഴന്റെ മകളെ കുറിച്ച് ഞാൻ കേട്ടിട്ട് അപ്പോൾ അധിക നാളായിട്ടില്ല.

കേട്ടിരുന്നത് പറയാം..,

കദളിപ്പഴത്തിൻ നിറചാരുത! ,

നീട്ടി വരച്ച കണ്മഷിയെഴുതിയ ഹൂറികളുടെ നയനങ്ങൾ !,

മത്തങ്ങാ വലിപ്പത്തിൽ ഉന്തി നിൽക്കുന്ന നിതംബ കുംഭം!,

തമ്മിൽ നൂലിഴ അകലം പോലുമില്ലാത്ത മാറിട ദ്വയങ്ങൾ!!. ഹഹഹ..

ഇനി ഞാൻ കണ്ടത് പറയാം..

ഞാൻ കണ്ട സമയം വീട്ടിലേക്ക് മടങ്ങുന്ന സമയം തന്നെ. രാത്രി മഴ പെയ്തിരുന്നു.

ബണ്ടുകളിൽ കൂടി നടന്നു പോകുമ്പോൾ കനാലിൽ നിന്നും കയറിയ വെള്ളത്തിൽ സാരിവാലൻ മീനുകൾ കൂട്ടമായി ഉല്ലസിക്കുന്നുണ്ട്.

നല്ല മഞ്ഞുള്ള വെളിച്ചത്തിൽ പുൽനാമ്പുകൾക്കിടയിലൂടെ ചുവന്ന വാലുള്ളയാസുന്ദരികളെ കാണാൻ നല്ല ഭംഗിയാണ്.

തെളിഞ്ഞ വെള്ളം പ്രതലത്തിന്റെ ഉയരവ്യത്യാസം കാരണം കുറച്ചു ദൂരമേ ബണ്ടുകൾക്കിടയിലേക്ക് കയറിയിട്ടുള്ളൂ.

സൂര്യൻ മറനീക്കി വരുമ്പോൾ സമ്മാനിക്കായി പുൽനാമ്പുകൾ ജലത്തുള്ളികൾ തൻ തുമ്പുകളിൽ സൂക്ഷിച്ചിട്ടുണ്ട്!.

അന്നും ധൃതിയിൽ തന്നെയായിരുന്നു . തമിഴന്റെ വീടിന്റെ മതിലിൽ കുപ്പി വെച്ചുഞാൻ ചെമ്പരത്തിയിൽ കുറുക്കിട്ടു.

നനവുള്ള മുറ്റത്തിൻ മണ്ണ് കറുത്തിട്ടുണ്ട്.

ചെമ്പരത്തിയിൽ നിന്നും വീട്ടിലേക്ക് നീങ്ങിയുള്ള കപ്പങ്ങയിൽ താഴെയൊരെണ്ണത്തിന്റെ ഞെട്ടറ്റ തണ്ടിൽ നിന്നും മുറ്റത്തേക്ക് കറവീഴുന്നത് കണ്ടു ഞാൻ ആ ഭൂവിൽ നിമിഷങ്ങൾക്ക് മുമ്പുണ്ടായ തമിഴന്റെ മകളുടെ സാന്നിധ്യത്തിൻ മിഴിവിൽ ഉന്മാദിയായി!.

ചെറിയ കുളിരുള്ള അന്തരീക്ഷത്തിൽ രോമങ്ങൾ എഴുന്ന് അവളുടെ ശേഷിപ്പിനായി കണ്ണുകൾക്കും കാതുകൾക്കും മൊപ്പം പരിസരമെല്ലാം പരതി!.

സൂര്യന്റെ മറവിൽ നിന്നെത്തുന്ന കിരണങ്ങൾക്ക് നിലാവെട്ടത്തേക്കാൾ തെളിച്ചമുണ്ടെങ്കിലും കിഴക്കിലെ മരങ്ങൾ മൂലം ഇരുട്ടും കലർന്നിട്ടുണ്ട്.


ഇല്ല!. അവളവിടില്ല !

എന്റെ ധൃതി വീണ്ടെടുത്ത് ഞാൻ പിന്തിരിഞ്ഞു നടന്നു.

കുറഞ്ഞ കാല്വെപ്പുകൾക്കിടയിലെ തിരിഞ്ഞു നോട്ടത്തിൽ ആടുന്ന ചെമ്പരത്തിക്കൊമ്പിലെ വളയിട്ട കൈകൾ കണ്ടു!.

ചൂണ്ടു വിരലിനു താഴെ തള്ള വിരലിനോട് ചേർന്നുള്ള ചെറിയ കറുത്ത പുള്ളി പോലും..!!

ഞാൻ ഈ ചെറിയ കാറ്റിൽ

ഉയർന്നുപോവുകയാണോ !.

പുറകോട്ടാഞ്ഞാഞ്ഞു പോവുകയാണ് ഞാൻ!.

ഒഴുക്കിനെതിരെ നീന്തി ഞാൻ അവളുടെയടുക്കലേക്ക് കുതിച്ചു.

അടുത്തെത്തിയപ്പോഴേക്കും തിരിഞ്ഞു നടത്തം തുടങ്ങിയിരുന്നു.

ഹാ..

ചെരുപ്പിടാത്ത പാദങ്ങൾ പോലും..

ആ നിമിഷങ്ങളിൽ ഞാൻ നിശ്ചലനായെങ്കിലും താളത്തിൽ മിടിച്ചിരുന്നയൊന്ന് മുഴക്കത്തിലായി!.

പക്ഷെ ആ മുഴക്കം എന്നിലടങ്ങിയതല്ലാതെ ഒരു ചെറിയ കാറ്റുണ്ടാകുന്ന ചലനം പോലും ചുറ്റിലുമുണ്ടാക്കിയില്ല!.

എന്റെ മനസ്സ് എന്റെ ശരീരത്തെ എത്ര ദുര്ബലമാക്കി!.

ഒട്ടും കനമില്ലാതായി ഞാൻ!!.

ഒരു പ്രതിരൂപമായിരുന്നവൾ!.

ഒത്തിരിയാശിച്ച ആശകളുടെ നേർസാക്ഷ്യം!.

നമ്മൾ കനമില്ലാതാക്കുന്നത് നമ്മുടെ

സ്വപ്നങ്ങളിലാണ് !.

ഞാൻ കണ്ടുവളർന്ന കാഴ്ചകളുടെ സൗന്ദര്യമാണ് എന്റെ സ്വപ്നങ്ങളിലും “തമിഴന്റെ മകളിലും “.

അതാണെന്നെ ദുർബലമാക്കിയത്!.

മനസ്സ് പെട്ടെന്ന് ശരീരത്തിൽ നിന്നും വിട്ടു പോകാനെന്ന പോലെ തുനിഞ്ഞത്!.

ചെറുപ്പത്തിലേ കണ്ടുതുടങ്ങിയ ഉത്സാഹങ്ങളിൽ, കഷ്ടപ്പാടുകളിൽ എന്നു പറയാൻ ഉമ്മയെ ക്ഷീണിതയായി ഞാൻ കണ്ടിട്ടില്ല!,

ഒന്നിനുമൊരു മുട്ടുമുണ്ടായിട്ടില്ല!,

എല്ലാ സന്തോഷങ്ങളുമുണ്ടായിരുന്നു. എന്നാൽ ആ ശരീരത്തിനും മനസ്സിനും വേണ്ട വിശ്രമം എന്നിലെ കരുതലിലാണ് മനസ്സിലാക്കിയിട്ടുള്ളത്.

ആ കരുതലിന്റെ ഹേതുവായ ഞാൻ ആ കരുതലിനെ എത്ര സ്നേഹിച്ചിരുന്നു. ആ ജീവിതത്തെ എത്ര സ്നേഹിച്ചിരുന്നു . എന്നിലെ സ്നേഹത്തിന്റെ നിർവചനം പോലും ആ കരുതലായിരുന്നു.

ആ കരുതലിൻ കാരണമായുള്ള സ്വപ്നങ്ങളിലൊരുവളായിരുന്നു “തമിഴന്റെ മകൾ.. ”

ഇരുനിറമാണ് അവൾക്ക്!..

എന്നാൽ അവളുടെ വെളുപ്പ് സൂര്യന്റെ അരിച്ചിറങ്ങിയ വെളിച്ചത്തിൽ പ്രകാശിക്കുന്നുണ്ടായിരുന്നു!.

നിതംബം മറച്ച കറുകറുത്ത മുടിയിഴകൾ നീരസമുണ്ടാക്കിയെങ്കിലും കാറ്റിന്റെ ഗന്ധമായി ശ്വാസങ്ങളിലലിഞ്ഞു പ്രാണനിൽ പ്രസരിച്ചു!.

പാദരക്ഷകളില്ലാതെ  പാദസരങ്ങളില്ലാതെ നഗ്നമായ  പാദങ്ങൾ രണ്ടിലേയും, ഞെരിയാണിയിലെ കറുപ്പും നഖങ്ങളിലെ ചുമപ്പും തണുപ്പുള്ള ഓർമയാണ്.
.

പ്രതിഫലനമായാണെങ്കിലും ആ മുന്തിരി വർണമുള്ള ചുണ്ടുകളും ഞാൻ കണ്ടു.

ഉച്ചവെയിലിൽ മാത്രം കണ്ടിട്ടുള്ള ഉപ്പനെ ഞാനന്നവിടെ കണ്ടിരുന്നു.

ഉമ്മ പറയുക.,.

തിളങ്ങുന്നതും വിലപിടിപ്പുള്ളതുമായ എന്തു കണ്ടാലും ഉപ്പൻ അതെടുത്തു കൂട്ടിൽ കൊണ്ടുവെക്കും. നല്ല ഉയരമുള്ള മരങ്ങളിലായിരിക്കും ഉപ്പന്റെ കൂട്!.

അതിനു ശേഷം, തമിഴന്റെ മകളെ എന്റെ ധൃതിക്കിടയിൽ ഞാൻ കണ്ടിട്ടില്ല.

പിന്നീടുള്ള എത്ര ദിവസങ്ങളിൽ എത്ര പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും അവളെ കാണാൻ കഴിഞ്ഞിട്ടില്ല “തമിഴന്റെ മകളെ.. “.

മനോ വികാരങ്ങൾ കീഴ്പ്പെടുത്തിയ ദിനങ്ങളിൽ എന്റെ പ്രണയത്തിൽ ആ കുപ്പിയും ചരടും ഉമ്മവെച്ചിട്ടുണ്ട്, മണമില്ലാത്ത ചെമ്പരത്തികൾ മണത്തിയിട്ടുണ്ട്.

നമ്മുടിഷ്ടക്കാരുടെ സ്വപ്നങ്ങളിൽ ജീവിക്കുക സുകൃതം തന്നെ. പെറ്റ വയറിന്റേതാകുമ്പോൾ “സുസ്സുകൃതം”

– നന്ദി –

J räbih

Comments:

No comments!

Please sign up or log in to post a comment!