♥️ജന്മനിയോഗം 11♥️
“മോളെ ഗോപു മോളെ “കവിളിൽ തലോടി അവൻ കുലുക്കി വിളിച്ചു….അനക്കം ഒന്നും ഉണ്ടായിരുന്നില്ല…
ഗോപികയെ ട്രാക്കിൽ നിന്നും വലിച്ചു മാറ്റുന്നതിനിടയിൽ ജയദേവന്റെ കയ്യിൽ നിന്നും മൊബൈൽ എവിടെയോ തെറിച്ചു വീണിരുന്നു.. ഗോപികയുടെ തല എടുത്തു മടിയിൽ വെച്ചു കൊണ്ടു തന്നെ അവൻ ചുറ്റിലും കൈ കൊണ്ടു തപ്പി… താഴെ വീണു കിടന്ന മൊബൈൽ അവൻറെ കയ്യിൽ തടഞ്ഞു…
ജയദേവൻ അതെടുത്തു ലൈറ്റ് ഓൺ ചെയ്തു ഗോപികയുടെ മുഖത്തേക് മൊബൈലിൽ നിന്നുമുള്ള പ്രകാശം പതിച്ചു … കറുത്ത കരുവാളിച്ച മുഖവും മുറിഞ്ഞു വീങ്ങിയ ചുണ്ടുകളും കണ്ട അവൻറെ ഹൃദയം നീറി പിടഞ്ഞു .. അവന്റെ ഉള്ളിലെ തേങ്ങൽ മിഴികളിൽ നിന്നും കണ്ണു നീരായി പൊഴിഞ്ഞു അവളുടെ മൂർദ്ധവിലേക് വീണു.
മൂക്കിന് താഴെ പുറം കൈ വെച്ചെങ്കിലും ശ്വാസഗതി ഒന്നും അറിയുന്നുണ്ടായിരുന്നില്ല.. തളർന്നു കിടന്ന അവളുടെ കയ്യെടുത്തു നാഡി മിടിപ്പ് അവൻ പരിശോധിച്ചു….
ഗോപികയെയും എടുത്തു എങ്ങനെയെങ്കിലും റോഡിൽ എത്തിയാൽ ഏതെങ്കിലും വണ്ടി കിട്ടും എന്നവന് തോന്നി… ജയദേവൻ അവളെ വാരി എടുക്കാൻ ശ്രമിക്കുമ്പോൾ ആണ പെട്ടെന്ന് സുഹൃത്ത് സിദ്ധുവി നെ ഓർമ വന്നതു…മൊബൈൽ എടുത്ത അവൻ ഉടൻ തന്നെ സിദ്ധുവി ന്റെ നമ്പറിലേക് ഡയൽ ചെയ്തു.. അവനോടു ചുരുങ്ങിയ വാക്കുകളിൽ കാര്യം പറഞ്ഞു.. അവൻ അഞ്ചു മിനിറ്റിനുള്ളിൽ കാറും കൊണ്ടു എത്താം എന്നുറപ്പു കൊടുത്തു..
ഗോപികയെ രണ്ടു കൈകളിലും കോരി എടുത്തു ജയദേവൻ റോഡിലേക്ക് നടന്നു.. മൊബൈൽ ലൈറ്റ് ഓൺ ചെയ്തു പോക്കറ്റിൽ ഇട്ടിരുന്നെങ്കിലും അതിനു ആവശ്യത്തിന് വെളിച്ചം ഉണ്ടായിരുന്നില്ല..ഇരുളിൽ തപ്പി തടഞ്ഞു റോഡിൽ എത്തുമ്പോളേക്കും സിദ്ധു കാറും കൊണ്ട് എത്തിയിരുന്നു…ഡ്രൈവിങ് സീറ്റിൽ നിന്നും പുറത്തിറങ്ങിയ അവൻ ബാക്ക് ഡോർ തുറന്നു കൊടുത്തു.. ഗോപികയെ ബാക്ക് സീറ്റിൽ കിടത്തിയ ജയദേവനും പിന്നിൽ കയറി.
“ജയാ നിന്റെ വണ്ടി.. ” സിദ്ധു സംശയത്തോടെ ചോദിച്ചു.
“അതു പിന്നെ നോക്കാഡാ നീ പെട്ടെന്ന് വിടു… ശങ്കേഴ്സ് ഹോസ്പിറ്റലിലേക്. ” വെപ്രാളത്തോടെ ജയദേവൻ പറഞ്ഞു.
സിദ്ധു വണ്ടി സ്പീഡിൽ മുന്നോട്ട് എടുത്തു ശങ്കേഴ്സ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു..
“ഛെ… ”
ഇതെല്ലാം വീക്ഷിച്ചു കൊണ്ടു ദൂരെ കാറിൽ ഇരുന്ന രണ്ടു കണ്ണുകൾ അരിശത്തോടെ സ്റ്റിയറിംഗ് വീലിൽ ആഞ്ഞടിച്ചു..
ഗോപികയുടെ ബോഡി ഇടാൻ അനുയോജ്യമായ ഒരു സ്ഥലം തേടി ആണ് സാമുവൽ കാർ റെയിൽവേ കോളനിയിലേക് തിരിച്ചത്…
കുറ്റികാടുകൾക് അടുത്ത് റെയിൽവേ ട്രാക്ക് കണ്ടു തുടങ്ങിയപ്പോൾ ആണ് വണ്ടി തിരിച്ചു വെച്ചു ഡിക്കിയിൽ നിന്നും ഗോപികയുടെ ശരീരം എടുത്തു തോളത്തിട്ടതും റെയിൽവേ ട്രാക്കിൽ കൊണ്ടു കിടത്തിയതും
ദൂരെ നിന്നും വരുന്ന ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടാണ് ഓടി കാറിനടുത്തേക് വന്ന സാമുവൽ പെട്ടെന്ന് തന്നെ വണ്ടി റോഡിലേക്ക് എടുത്തത്
അപ്പോളേക്കും ബുള്ളറ്റിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം സാമുവലിന്റെ കാറിൽ പതിച്ചത് സാമുവലിനു മനസ്സിലായിരുന്നു…
എങ്കിലും സാമുവൽ വേഗത്തിൽ തന്നെ കാർ മുന്നോട്ടേക് ഓടിച്ചു റെയിൽവേ കോളനി വഴി കറങ്ങി മെയിൻ റോഡിൽ കയറി മുത്തുക്കുറുശ്ശിയിലേക്ക് പോകാൻ ആയിരുന്നു പ്ലാൻ.
കുറച്ചു ദൂരം മുൻപോട്ടു പോയപ്പോൾ ആണ് അയാളെ ഒരു സംശയം പിടി കൂടിയത്… പിന്നിൽ വന്നിരുന്ന ബുള്ളറ്റ് കാണുന്നില്ല…അയാൾ വണ്ടി നിർത്തിയതും ഒരു ട്രെയിൻ കുതിച്ചു പാഞ്ഞു പോകുന്ന ശബ്ദം കെട്ടു…താൻ കൊണ്ടിട്ട ബോഡി ഇപ്പൊ ചിന്ന ഭിന്നം ആയിട്ടുണ്ടാവണം അയാളുടെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിടർന്നു.
സാമുവൽ കുറച്ചു സമയം കൂടെ വണ്ടി അവിടെ നിർത്തി… ബുള്ളറ്റിന്റെ ശബ്ദം വല്ലതും കേൾക്കുന്നുണ്ടോ എന്നു നോക്കി.. അയാൾ കാർ തിരിച്ചു വന്ന വഴി തന്നെ പോകാൻ തീരുമാനിച്ചു..റോഡിലിട്ട് കാർ തിരിക്കുമ്പോൾ മറ്റൊരു കാർ എതിരെ വരുന്നത് കണ്ടു അയാൾ തന്റെ കാർ സ്ലോ ആക്കി മറ്റേ കാറിനെ കടത്തി വിട്ടു.. ശേഷം കാർ പതിയെ തിരിച്ചു വന്ന വഴിക് തന്നെ വിട്ടു…ഗോപികയെ ഇട്ടിരുന്ന സ്ഥലം എത്തിയപ്പോൾ കണ്ടു തൊട്ടു മുൻപിൽ പോയ കാർ അവിടെ നിർത്തിയിരിക്കുന്നു.. സാമുവൽ തന്റെ കാർ സൈടിലേക് ഒതുക്കി..
ഒരാൾ ഒരു ശരീരം താങ്ങി പിടിച്ചു കാറിന്റെ പിൻ സീറ്റിൽ കയറ്റുന്നതും കൂടെ അയാളും കയറുന്നതും സാമുവൽ കണ്ടു… ജയദേവന്റെ മുഖം സാമുവലിനു വ്യക്തം ആയിരുന്നില്ല..പക്ഷെ ഗോപിക രക്ഷപെട്ടു എന്നയാൾക്ക് മനസ്സിലായി സാമുവൽ അരിശത്തോടെ സ്റ്റിയറിംഗ് വീലിൽ ആഞ്ഞടിച്ചു.. പക്ഷെ പിന്നെയും അയാളുടെ ചുണ്ടുകളിൽ ചിരി വിടർന്നു.. കാരണം അയാൾക് ഉറപ്പായിരുന്നു ആ ശരീരത്തിൽ ജീവന്റെ അംശം ഇല്ല എന്നുള്ള കാര്യം…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ജയദേവൻ ചേട്ടാ നമുക്ക് പോലീസിൽ വിവരം അറിയിക്കണ്ടേ ആ കുട്ടി റേപ്പ് ചെയ്യപ്പെട്ടത് അത്ര ക്രൂരമായിട്ടാണ് ഞാൻ എങ്ങനാണ് ചേട്ടനോട് അതു പറയുക എന്നെനിക് അറിയില്ല.. ഒരാളല്ല രണ്ടോ മൂന്നോ പേർ ചേർന്നിട്ടായിരിക്കണം ഇത്ര പൈശാചികമായി… ആ കുട്ടിയെ..” ഡോക്ടർ ഹേമ തുടർന്നു പറയാൻ ആവാതെ
“വേണ്ടാ ഹേമ എനിക്കതു കേൾക്കണ്ട… രണ്ടു ചെവിയും പൊത്തി കൊണ്ടു ജയദേവൻ പറഞ്ഞു ”
“എന്റെ കുട്ടിയെ ജീവനോടെ തരാൻ പറ്റുവോ നിങ്ങൾക്കു..ഒരു പോലീസിലും പരാതി കൊടുക്കണ്ട അങ്ങനെ ഒരു മാധ്യമങ്ങൾക്കും അന്തി ചർച്ചക്ക് വിഷയമാക്കാൻ വിട്ടു കൊടുക്കാനാവില്ല എന്റെ ഗോപു മോളെ ” നിറഞ്ഞ കണ്ണുകളെ അടക്കി അവൻ ചോദിച്ചു..
ഹേമ ഡോക്ടറുടെ ക്യാബിനിൽ ആയിരുന്നു ജയദേവൻ..ഗോപികയെ അഡ്മിറ്റ് ചെയ്തിട്ട് രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞിരുന്നു … കൂടെ ഡോക്ടര് ആൽബിയും ഉണ്ടായിരുന്നു. ആൽബി പ്ലസ്ടു വരെ ജയദേവൻറെ കൂടെ പഠിച്ചതാണ് ജയന്റെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാൾ. ആൽബിയുടെ വൈഫ് ആണ് ഡോക്ടർ ഹേമ പൗലോസ്.
“”ജയദേവൻ, ഗോപികയ്ക് ബോധം വീണു അതു പറയാൻ ആണ് നിന്നെ വിളിപ്പിച്ചത്…പക്ഷെ ബോധം വന്നു എന്നെ ഉള്ളു റൂമിലേക്കു മാറ്റാൻ ആയിട്ടില്ല… ടെംപറേചർ കൂടുതലുണ്ട്.. നീ പേടിക്കാൻ ഒന്നുമില്ല ഇങ്ങനെ ഒരു സാഹചര്യത്തിൽ വന്നാൽ പ്രൊഫയലാക്സിസ് ആന്റി ബയോട്ടിക് ആണ് നൽകുക ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാനും പ്രേഗ്നെൻസി അവോയ്ഡ് ചെയ്യാനും വേണ്ടി. അതിനു ബോഡി പ്രതികരിക്കുന്നതാണ് ചെറിയ പനി.. ഫിസിക്കലി നമ്മുക്ക് അവളെ ശെരി ആക്കി എടുക്കാം… മെന്റലി റിക്കവർ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. “‘ ആൽബി പറയുന്നത് ശ്രദ്ധിച്ചിരിക്കുക ആയിരുന്നു ജയൻ.
റൂമിന് പുറത്തു അഭിരാമി ഉണ്ടായിരുന്നു.. ഗോപികയെ കൊണ്ടു വന്നതു മുതൽ കൂടെ ഉണ്ടായിരുന്നത് സിദ്ധു ആണ്.. സിദ്ധുവി ന്റെ കാറിൽ രാത്രി ഗോപികയെ ശങ്കേഴ്സ് ഹോസ്പിറ്റലിൽ എത്തിക്കുന്നതിനു മുൻപേ തന്നെ ജയദേവൻ ഡോക്ടർ ആൽബിയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചിരുന്നു.. അപ്പോൾ തന്നെ അവൻ വീട്ടിൽ പോയിരുന്ന ഹേമയെ ഹോസ്പിറ്റലിലേക് വിളിപ്പിച്ചു ഹേമയാണ് ഗോപികയെ അഡ്മിറ്റ് ചെയ്തതും അവളുടെ കാര്യങ്ങൾ നോക്കിയതും.
കാറിൽ നിന്നു തന്നെ ജയദേവൻ അഭിരാമിയെയും വിളിച്ചിരുന്നു.ഗോപിക ഓഫീസിൽ തല കറങ്ങി വീണത് കൊണ്ടു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകിയിരിക്കുക ആണെന്ന് ആണ് ഗോപനോട് പറഞ്ഞിരിക്കുന്നത്.
നന്ദനും അഭിരാമിയും ചേർന്നു ഗോപനെ ജയദേവന്റെ വീട്ടിൽ എത്തിച്ചിരുന്നു..പിറ്റേ ദിവസം രാവിലെ തന്നെ അഭിരാമി ഹോസ്പിറ്റലിൽ എത്തിയിരുന്നു.. നന്ദനോട് സ്കൂളിലേക്ക് പൊയ്ക്കോളാൻ അവൾ പറഞ്ഞു. ജയന്റെ വീട്ടിൽ ആരുമില്ലാതിരുന്നത് കൊണ്ട് സിദ്ധു തിരിച്ചു വരുമ്പോൾ അഭിരാമിയും ആ കൂടെ തിരിച്ചു വന്നു..
ഹോസ്പിറ്റലിൽ ജയദേവൻ തന്നെ നിന്നു അതിന്റെ പിറ്റേ ദിവസം അഭിരാമി ചെല്ലുമ്പോളും ഗോപികയുടെ ബോധം വീഴാതെ ICU വിൽ തന്നെ ആയിരുന്നു..അഭിരാമിയും ജയദേവനും ICU വിനു പുറത്തു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഡോക്ടർ ഹേമ വിളിച്ചത്. അങ്ങനെയാണ് ജയദേവൻ ഹേമയുടെ ക്യാബിനിലേക് പോയത്.
ജയദേവൻ ക്യാബിന് പുറത്തേക് വരുമ്പോൾ അഭിരാമി ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടു നിക്കുക ആയിരുന്നു… സംസാരം അവസാനിപ്പിച്ച ശേഷം അഭിരാമി മുഖമുയർത്തി ജയദേവനെ നോക്കി..
ഒരു ദിവസം കൊണ്ടു തന്നെ എപ്പോളും ചിരി വിടർന്നിരുന്ന ആ മുഖം ആകെ തളർന്ന പോലെ അവൾക്കു തോന്നി കണ്ണുകൾക്കു ചുറ്റുമുള്ള കരുവാളിപ്പ് കൂടി കണ്ണുകൾ കുഴിയിലാണ്ടു പോയിരിക്കുന്നു ചീകിയൊതുക്കാത്ത താടിരോമങ്ങൾ ചുരുണ്ടുകൂടി മുഖത്തിന്റെ പ്രസന്നത പോലും മാഞ്ഞു പോയ പോലെ അവൾക്കു തോന്നി.
“നമ്മുടെ ഹെഡ്മിസ്ട്രസ് ഓമന അമ്മയാണ് വിളിച്ചത്.. ഗോപുമോൾക് എങ്ങനെ ഉണ്ടെന്നു ചോദിച്ചു.. ”
” ഡോക്ടർ എന്താ പറഞ്ഞെ ദേവേട്ടാ ”
” ഗോപു മോൾക് ബോധം വീണെന്നാ പറഞ്ഞത്.. എന്നാലും റൂമിലേക്കു മാറ്റാൻ ആയില്ലെന്നു…”
ജയൻ പതിയെ ICU വിന്റെ വാതിൽക്കൽ ഇട്ടിരിക്കുന്ന കസേരയുടെ നേർക്കു നടന്നു.. ഒരു വാതിലിനപ്പുറത്തു ജീവിതത്തിന്റയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ നടന്നു പോകുന്നവരെ കാത്തു പ്രതീക്ഷയുടെ തിരിനാളം മിഴികളിൽ നിറച്ചു കസേരയിൽ കാത്തിരിക്കുന്നവർ പലയിടങ്ങളിലായി കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു… ഇരിപ്പുറക്കാതെ ചിലർ കോറി ഡോറിലൂടെ അങ്ങിങ്ങായി നടന്നു..ഓരോ വട്ടവും ICU വിന്റെ വാതിലുകൾ തുറക്കുമ്പോൾ നല്ല വാർത്തയുമായി ഒരു മാലാഖ വരുമെന്ന പ്രതീക്ഷയിൽ എല്ലാവരുടെയും കണ്ണുകൾ വാതിലിനു നേർക്കു നീളും…
കസേരയിലേക്കിരുന്ന ജയദേവന്റെ മനസ്സിലേക്ക് ചിരിച്ചു കളിച്ചു നടന്നിരുന്ന ഗോപികയുടെ മുഖം എത്തി..അവൻറെ കണ്ണുകൾ നിറഞ്ഞു..അവനെ തന്നെ ശ്രദ്ധിച്ചിരുന്ന അഭിരാമി അവൻറെ കൈ എടുത്തു തന്റെ കൈകളിൽ ഒതുക്കി… വിരലുകൾ കിടയിലേക് വിരൽ ഇട്ടു കൊരുത്തു പിടിച്ചു.. ചേർത്തു വെച്ച കൈ വിരലുകളിലൂടെ അവൾ പകർന്നത് ധൈര്യം ആയിരുന്നു.. എന്തിലും ഏതിലും കൂടെ ഉണ്ടെന്നുള്ള ധൈര്യം..
ഉച്ച കഴിഞ്ഞപ്പോൾ സിദ്ധു എത്തി.. ഇടയ്ക്ക് ജയന്റെ അമ്മ വിളിച്ചിരുന്നു..വിവരങ്ങൾ അറിയാൻ അവരെയും നടന്ന സംഭവങ്ങൾ ഒന്നും അറിയിച്ചിരുന്നില്ല… ഗോപികയ്ക് കുറവുണ്ട് എന്ന് മാത്രം പറഞ്ഞു.
“ജയാ ഒരു ബാഡ് ന്യൂസ് ഉണ്ട്… ഹോസ്പിറ്റൽ ക്യാന്റീമിലേക് നടക്കുന്നതിനിടയിൽ സിദ്ധു പറഞ്ഞു ”
” എന്താ സിദ്ധു ഏട്ടാ ” അഭിരാമി ചോദിച്ചു
“ഇന്നലെ ഞാൻ പറയാതിരുന്നതാണ്.. റെയിൽവേ ട്രാക്കിനടുത്തു വെച്ചിരുന്ന ജയന്റെ വണ്ടി ആരോ കത്തിച്ചു ”
” അതവൻ തന്നെ ആവും.. ആ സാമുവൽ ” പല്ലുകൾ ഞെരിച്ചു കൊണ്ടു ജയദേവൻ പറഞ്ഞു.
” നമ്മൾ ഗോപികയെ കാറിൽ കയറ്റുമ്പോൾ കുറച്ചു മാറി പുറകിൽ ഒരു കാർ വന്നു നിന്നത് കണ്ടിരുന്നു ആ തിരക്കിനിടയിൽ അവനാണോ എന്നു ശ്രദ്ധിച്ചില്ല.. പക്ഷെ ഇപ്പൊ ഉറപ്പായി അവൻ കണ്ടിരിക്കും നമ്മളെ ”
” സിദ്ധു നീ സൂക്ഷിക്കണം.. നിന്റെ വണ്ടി നമ്പർ എങ്ങാനും അവൻ നോട്ട് ചെയ്തിട്ടുണ്ടെൽ.. ”
” എന്റെ കാര്യം വിട്ടേക് ജയാ.. അതു ഞാൻ നോക്കി കൊള്ളാം… ഒന്നുമല്ലേലും കുറെ കാലം വളർന്നത് ആ റെയിൽവേ കോളനിയിൽ അല്ലേ ജയാ.. ‘”
“‘ആ കോളനിയിൽ തന്നെ ആണ് അവന്റെ ഗുണ്ടാ പടയും എന്നാ അറിഞ്ഞേ ”
” ജയാ ഇവനൊക്കെ തിരിച്ചടി കിട്ടാത്ത കൊണ്ടാണ്.
ജയദേവൻ ഒന്നും മിണ്ടിയില്ല അവൻറെ മനസ്സിലും പല കണക്കു കൂട്ടലുകളും നടക്കുന്നുണ്ടായിരുന്നു അതിനൊക്കെ മീതെ ഗോപികയെ പഴയ നിലയിലേക്കു കൊണ്ടു വരുക എന്നതായിരുന്നു അവന്റെ വലിയ ലക്ഷ്യം.
“ജയാ വണ്ടി കത്തിച്ചത് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കണ്ടേ ”
“വേണ്ടാ ”
“അതെന്താ ”
” ആർക്കു പരാതി കൊടുക്കാൻ ആ സുദേവനോ…. എന്തെങ്കിലും പ്രയോജനം ഉണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ ”
” അതും ശെരിയാ ” സിദ്ധു ആലോചിച്ചു കൊണ്ടു പറഞ്ഞു.
“ജയാ അതു നോക്കു.. ” ക്യാന്റീനിൽ നിന്നു തിരിച്ചു നടക്കുന്ന വഴിയാണ് സിദ്ധു ചൂണ്ടി കാണിച്ചിടത്തേക് ജയൻ നോക്കിയത്..
ഹോസ്പിറ്റൽ കോമ്പൗണ്ടിൽ ഒരു കാറിൽ ചാരി നിന്നു സംസാരിക്കുന്ന ആൽബിയെയും സാമുവലിനെയും ജയൻ കണ്ടു..
സിദ്ധു പറയുന്ന കേട്ട് അഭിരാമിയും അവിടേക്കു നോക്കി.. സാമുവലിനെ അവൾക്കു മനസ്സിലായില്ലെങ്കിലും കൂടെ നിൽക്കുന്ന ആളെ അവൾക്കു മനസ്സിലായി.. അവൾ ജയദേവന്റെ കൈകളിൽ മുറുകെ പിടിച്ചു..
തന്റെ കയ്യിലെ അഭിരാമിയുടെ പിടിത്തം മുറുകിയതു കണ്ടു ജയദേവൻ അഭിരാമിയുടെ മുഖത്തേക് നോക്കി.. ചകിതയായ അവളുടെ മിഴിയിൽ മിന്നി മറഞ്ഞ ഭയത്തോടൊപ്പം ആ ചുണ്ടുകൾ മന്ത്രിച്ചതും അവൻ കേട്ടു… ” ശിവൻ ”
“ആൽബിയ്ക് ഇയാളും ആയിട്ട് എന്താ കണക്ഷൻ… ” സംശയത്തോടെ സിദ്ധു ചോദിച്ചു.
സാമുവലും ശിവനും കാറിൽ കയറി പോയ ശേഷമാണ് അവർ കാണാതെ മാറി നിന്നിടത്തു നിന്നും മൂവരും ആൽബിയുടെ അടുത്തേക് നടന്നത്..
അവരുടെ വരവ് കണ്ടു ആൽബിക് എന്തോ പന്തി കേടു തോന്നി കാരണം മൂവരുടെയും മുഖം അത്രയ്ക്കും ഗൗരവം നിറഞ്ഞതായിരുന്നു
” എന്താ മൂന്നു പേരും ഇത്ര ഗൗരവത്തിൽ ”
” നിനക്ക് ആ നാറിയും ആയിട്ട് എന്താ ബന്ധം ” സിദ്ധു ദേഷ്യത്തോടെ ചോദിച്ചു.
” ഹോ അതാണോ.. ഞങ്ങൾ തമ്മിൽ ഒരു ഹൃദയ ബന്ധം അല്ലേ ” ചിരിച്ചു കൊണ്ടു ആൽബി പറഞ്ഞു.
” അവൻറെ അളിഞ്ഞ തമാശ ഡോക്ടർ ആണെന്നൊന്നും ഞാൻ നോക്കില്ല കാലു മടക്കി ഒരു തൊഴി തരും.. പറഞ്ഞില്ല എന്നു വേണ്ടാ.. ” സിദ്ധു ദേഷ്യത്തോടെ തന്നെ പറഞ്ഞു..
” ഹോ ഇവന്റെ ചൂടൻ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ലല്ലോ ഈശോയെ.. ”
” എന്റെ ചൂടൻ സ്വഭാവം അറിയണേൽ മോൻ നെറ്റി ഒന്ന് തടവി നോക്കിയാൽ മതി…”
” ആൽബി അറിയാതെ അവൻറെ നെറ്റിയിലെ സ്റ്റിച്ചിൽ വിരലോടിച്ചു…അവനോർത്തു പണ്ട് ക്രിക്കറ്റ് കളിക്കുമ്പോൾ കള്ളകളി കളിച്ചതിനു സിദ്ധു കല്ലെടുത്തെറിഞ്ഞതാണ്…നാലു സ്റ്റിച് ഉണ്ടായിരുന്നു.. പെട്ടെന്ന് ദേഷ്യപെടുമെങ്കിലും അതു പോലെ തന്നെ തണുക്കുന്ന സ്വഭാവം ആണ് സിദ്ധുവിന്റെ.. സിദ്ധുവിന്റെയും ആൽബിയുടെയും വഴക്ക് തീർക്കുന്ന പണി ആയിരുന്നു സ്കൂളിൽ പഠിക്കുന്ന കാലത്തു മുഴുവൻ ജയന്റേതു. ” പഴയ കാര്യങ്ങൾ ഓർത്ത ആൽബിയുടെ മനസ്സിൽ അറിയാതൊരു ചിരി വിടർന്നു.
“കിണിച്ചോണ്ടു നിക്കാതെ കാര്യം പറയെടാ”
ഇനിയും വൈകിയാൽ സിദ്ധു പറഞ്ഞ പോലെ തനിക്കിട്ടു തൊഴി തരും എന്നു ആൽബിക് തോന്നി.
എടാ അയാൾ എന്റെ പേഷ്യന്റ് ആണ്..
എന്ത് പേഷ്യന്റ്…
“ഒരു ദിവസം അയാൾ ശ്വാസ തടസം ആയി ഇവിടെ വന്നു അയാളുടെ ഭാര്യയും.. പിന്നെ ഇപ്പൊ കൂടെ വന്ന ആളും കൂടിയ കൊണ്ടു വന്നേ അതയാളുടെ ഭാര്യയുടെ ആങ്ങള ആണെന്ന പറഞ്ഞത് ഒരു റോയ് ”
” ആൽബി അയാൾ ആണ് ഗോപികയെ.. ജയദേവൻ കൂടുതൽ പറയാൻ കഴിയാതെ മുഖം തിരിച്ചു.
” ഓഹ് മൈ ഗോഡ്.. അതാണ് അയാൾ ചോദിച്ചത് അല്ലേ ”
” എന്ത് ചോദിച്ചു ” ആകാംഷയോടെ അഭിരാമി അന്വേഷിച്ചു
” എന്നോടല്ല ഇൻക്വിറിയിൽ ആണ് ചോദിച്ചത് ഗോപിക എന്നൊരു പേഷ്യന്റിനെ അഡ്മിറ്റ് ചെയ്തിട്ടുണ്ടോ എന്നു.. അയാൾ മുതുകുറുശ്ശി കാരൻ ആണെന്ന് അറിയാവുന്നതു കൊണ്ട് പെട്ടെന്നു ഞാൻ ശ്രദ്ധിച്ചു.. അതു മാത്രമല്ല ഗോപികയെ അന്വേഷിച്ചു ആര് വന്നാലും ഇല്ല എന്നു പറയാൻ ഞാൻ പറഞ്ഞിട്ടുണ്ട്.. പിന്നെ നിങ്ങളെ ആരെയും അയാൾ കാണണ്ട എന്നു കരുതിയാണ് അയാളെയും വിളിച്ചോണ്ട് പുറത്തേക് വന്നതു. ”
” ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് എന്നെ കാണാൻ വന്നതാണെന്ന്.. എന്നാൽ ചീട്ട് എടുത്തു ഉള്ളിൽ വരാൻ പറഞ്ഞപ്പോൾ റിപ്പോർട്ട് എടുക്കാൻ മറന്നുപോയി പിന്നെ വരാം എന്നു പറഞ്ഞു പോയി ”
” അതിനു അയാൾക് ഹൃദയം ഉണ്ടോ ” കലിയോടെ സിദ്ധു പല്ലുകൾ ഇറുമ്മി.
“ഒരു രഹസ്യം ഉണ്ട്.. നിങ്ങളോട് ഞാൻ പറയാം മെഡിക്കൽ എത്തിക്സിന് ചേരാത്ത പ്രവർത്തി ആണ്.. പിന്നെ മാനേജ്മെന്റിന് പിടിച്ചു നിക്കാൻ ഇതു പോലൊക്കെ ചെയ്തേ പറ്റു.. ”
“നീയെന്താണ് പറഞ്ഞു വരുന്നത് ”
“അയാളുടെ വിശ്വാസത്തിൽ അയാൾ ഒരു ഹൃദ്രോഗി ആണ് ”
“അതെങ്ങനെ. ”
“”ഒരു ദിവസം ശ്വാസം മുട്ടലുമായി വന്നപ്പോൾ ഞാൻ അയാൾക് ആഞ്ജിയോ ഗ്രാം ചെയ്തു വാൽവ് ബ്ലോക്ക് ആണെന്ന് പറഞ്ഞിരുന്നു എന്നിട്ട് അന്ന് തന്നെ ആഞ്ജിയോ പ്ലാസ്റ്റിയും നടത്തി എന്നാണ് അയാളുടെ വിശ്വാസം..സത്യത്തിൽ ഒന്നും നടന്നിട്ടില്ല.. ഇതു പോലുള്ള പണ ചാക്കുകൾ വന്നാൽ ഇങ്ങനെ ചില ഊറ്റലുകൾ ഇവിടെ നടക്കുന്നുണ്ട്.. “”
“നിന്നെയൊക്കെ വിശ്വസിച്ചു എങ്ങനെ ഹോസ്പിറ്റലിൽ വരുമെടാ നാറി ” സിദ്ധു അരിശം ഒക്കെ മാറിയിരുന്നു.
” പോടാ ഞാൻ കായംകുളം കൊച്ചുണ്ണി ആണ് ഉള്ളവന്റെ പിടിച്ചു പറിച്ചു പാവങ്ങൾക്ക് കൊടുക്കുന്നു അത്രേ ഒള്ളു. പിന്നെ കുറ്റബോധം ഉണ്ടോന്നു ചോദിച്ചാൽ ഒണ്ട്.. പിന്നെ ഞങ്ങൾ അച്ചായൻ മാർക്ക് പാപം തീർക്കാൻ വല്ല്യ ചിലവില്ലലോ നിങ്ങക് ആണേൽ ഗംഗയിൽ മുങ്ങാൻ പോണം ഞങ്ങക്ക് ഏതേലും അച്ചന്മാരുടെ മുന്നിൽ ഒന്ന് കുമ്പസരിച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളു..പിന്നെ നിങ്ങൾ ഇപ്പൊ വന്നു പോയ ഡാഷ് മോനെ കുറിച്ച് പറഞ്ഞപ്പോൾ കുറ്റബോധം തോന്നുന്നുണ്ട് അയാളുടെ ആ ഹൃദയം നിർത്തിപ്പിക്കാത്തതിൽ ”
മൂന്നു പേരും സംസാരിച്ചു കൊണ്ടു ഉള്ളിലേക്കു നടന്നപ്പോൾ അഭിരാമിയുടെ കയ്യിലിരുന്ന മൊബൈൽ റിങ് ചെയ്തു.
മുൻപിൽ നടന്ന ജയദേവൻ മൈബൈലിന്റെ റിങ് കേട്ടു അഭിരാമിയെ നോക്കി ആരാണെന്ന അർത്ഥത്തിൽ.
” നന്ദു ആണ് ” ഫോൺ അറ്റൻഡ് ചെയ്തു കൊണ്ടു അഭിരാമി പറഞ്ഞു.
” പറയു നന്ദു ”
” ഒന്നുമില്ല ചേച്ചി.. എങ്ങനുണ്ട് ഗോപു ചേച്ചിക് ”
” ഹ്മ്മ് കുറവുണ്ട്.. ബോധം വീണെന്ന് ആണ് ഡോക്ടർ പറഞ്ഞത്.. ഞങ്ങൾ കണ്ടില്ല ഇതുവരെ ദേവേട്ടന് കേറി കാണാൻ പറ്റുമോ എന്നു ചോദിക്കണം ഡോക്ടറോട് ” icu വിന്റെ പുറത്തു കോറിഡോറിന്റെ ഭിത്തിയിലേക് ചാരി നിന്നു കൊണ്ടു പതിഞ്ഞ സ്വരത്തിൽ അഭിരാമി നന്ദനോട് സംസാരിച്ചു കൊണ്ടിരുന്നു…അവളുടെ ഒരു കൈ അരികത്തു തന്നെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്ന ജയദേവന്റെ തോളിൽ വെച്ചിരുന്നു.
” ചേച്ചി ശ്യാമും കൂട്ടുകാരും സ്കൂളിൽ വന്നിട്ടുണ്ട്.. ഞാൻ പോകുമ്പോൾ ഓരോന്ന് പറയും ചേച്ചിയെ പറ്റി..” ” അതിനൊന്നും പ്രതികരിക്കാൻ നിക്കണ്ടാ ” ” പിന്നെ മായ മിസ്സും ചോദിച്ചു നിങ്ങൾ രണ്ടാളും ജയദേവൻ മാഷും ചേച്ചിയും കൂടെ എവിടാ പോയേ എന്നു ”
” എന്നിട്ട് നീയെന്തു പറഞ്ഞു ”
” ഞാൻ പറഞ്ഞു ചേച്ചിക് സുഖമില്ല എന്നു. ജയദേവൻ മാഷ് എവിടെ പോയി എന്നു അറീല്ല എന്നു പറഞ്ഞു ”
” ഹ്മ്മ് അതു മതി ”
” ആരോടും വഴക്കിനൊന്നും പോകരുത് കേട്ടല്ലോ ”
” ഇല്ല ചേച്ചി ”
അഭിരാമി ഫോൺ കട്ട് ചെയ്തു.. ജയദേവനും സിദ്ധുവും ഇരുന്ന കസേരകൾകിടയിൽ അഭിരാമിക് വേണ്ടി ഒഴിചിട്ടിരുന്ന കസേരയിലേക് ഇരുന്നു.
“ദേവേട്ടാ ആ സാമുവലിന്റെ കൂടെ കണ്ടത് റോയ് ഒന്നുമല്ല അതു ശിവൻ ആണ്.. ഞാൻ പറഞ്ഞിട്ടില്ലേ ഒരിക്കൽ…. ഒരു ശിവനെ കുറിച്ച് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ള.. ആൾ.. അതു അയാൾ ആണ് എന്റെ അമ്മയുടെ ആങ്ങളയുടെ മകൻ ശിവൻ .. അയാൾ ഇവിടെ എങ്ങനെ വന്നു എന്നു മാത്രം അറിയില്ല ”
” അയാളെ ഞാൻ കണ്ടിട്ടുണ്ട്.. അയാളാണ് സോളി യെ സ്കൂളിൽ കൊണ്ടു വിടാറുള്ളത്.. ” ആലോചിച്ചു കൊണ്ടു ജയൻ പറഞ്ഞു
” അങ്ങനെ എങ്കിൽ അയാൾ എന്നെയും കണ്ടിട്ടുണ്ടാവണമല്ലോ.. പക്ഷെ എങ്ങനെ??? ” അഭിരാമിക് ഒരെത്തും പിടിയും കിട്ടിയില്ല.
“അങ്ങനെ എങ്കിൽ ഈ പറഞ്ഞ ആൾ സാമുവലിനെ പറ്റിച്ചു അയാളുടെ കൂടെ കൂടിയതു ആവണം… ഭാര്യയുടെ ആങ്ങള എന്നു പറയണമെങ്കിൽ തീർച്ച ആയും അയാളുടെ ഭാര്യയും അറിഞ്ഞു കൊണ്ടാവണം എന്തായാലും ഞാൻ ഒന്ന് അന്വേഷിച്ചു നോക്കട്ടെ ” എല്ലാം കേട്ടു കൊണ്ടിരുന്ന സിദ്ധു പറഞ്ഞു.
ICU വിൽ നിന്നു ആൽബി ഇറങ്ങി വരുന്നത് കണ്ടു മൂവരുടെയും ശ്രദ്ധ അവിടേയ്ക്കു പോയി..
“ഗോപിക കണ്ണുകൾ തുറന്നിട്ടുണ്ട്.. ഒന്നും ചോദിക്കണ്ട…ജസ്റ്റ് പോയിട്ടു കണ്ടിട്ട് വന്നോളൂ ”
ICU വിലേക് കയറി പോയിരുന്ന ആൽബി തിരിച്ചു വന്നതിന് ശേഷം പറഞ്ഞു.
മൂവരും ആൽബിയുടെ കൂടെ ICU വിന്റെ ഗ്ലാസ് ഡോർ തുറന്നു ഉള്ളിലേക്കു കടന്നു.. ശീതികരിച്ച മുറിയുടെ തണുപ്പിലും ജയദേവൻ വിയർത്തു.. ആ തണുപ്പിന് ജയന്റെ ഉള്ളിലെ ഉഷ്ണതേ ശമപ്പിക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല..
കണ്ണുകൾ അടച്ചു കിടക്കുക ആയിരുന്നു ഗോപിക…അവളുടെ രൂപം കണ്ട അഭിരാമി ജയന്റെ കയ്യിൽ മുറുകെ പിടിച്ചു.. ഗോപികയുടെ മുഖത്തേക് നോക്കിയ അഭിരാമിക് തന്റെ ഹൃദയം വിങ്ങുന്നതായി തോന്നി.. ഏട്ടത്തി എന്നു വിളി അവളുടെ ഉള്ളിൽ മുഴങ്ങി….ഒരിക്കൽ മാത്രമേ കണ്ടുള്ളു എങ്കിലും സഹോദര തുല്യമായ ഒരടുപ്പം അവളോട് തോന്നിയിരുന്നു.
“ഗോപു മോളെ ” പതിഞ്ഞ സ്വരത്തിൽ ജയദേവൻ വിളിച്ചു.. ഓക്സിജൻ മാസ്ക് മുഖതു നിന്നും മാറ്റിയിരുന്നു..മോണിറ്ററുമായി ബന്ധിപ്പിച്ച ഒരുപാട് വയറുകൾ അവളുടെ ശരീരത്തിൽ കണക്ട് ചെയ്തിരുന്നു..
ജയദേവന്റെ വിളി കേട്ട ഗോപിക പതിയെ കണ്ണുകൾ തുറന്നു…ചുറ്റും നിൽക്കുന്നവരെ ഗോപിക കണ്ടു… പക്ഷെ അവളുടെ മുഖം നിർവികാരം ആയിരുന്നു.. ഓജസ്സാർന്ന അവളുടെ മിഴികളുടെ പ്രകാശം കേട്ടിരുന്നു.. ആരുടേയും മുഖത്തേക് നോക്കാതെ മിഴികൾ ഏതോ അനന്തതയിലേക്ക് നട്ടു..പതിയെ മിഴികൾ അടയുമ്പോൾ നിറഞ്ഞു വന്ന കണ്ണുകളുടെ അരികിലൂടെ നീർ കണങ്ങൾ ചെവിയുടെ ഭാഗത്തേക്ക് ഒഴുകി…
അതു കണ്ട അഭിരാമി പതിയെ കിടക്കയിൽ കമഴ്ത്തി വെച്ചിരുന്ന ഗോപികയുടെ കൈ അവളുടെ കയ്യിൽ എടുത്തു.. പതിയെ മുറുകെ പിടിച്ച കൈകൾ പറയാതെ പറഞ്ഞത് അവളോടുള്ള ആശ്വാസ വാക്കുകൾ ആയിരുന്നു..
ജയദേവന്റെ ഹൃദയവും വിങ്ങുക ആയിരുന്നു.. അവനിൽ നിന്നും ശബ്ദം പുറത്തു വരാത്തത് പോലെ അവനു തോന്നി..അവൻറെ കയ്യും ആശ്വസിപ്പിക്കാൻ എന്ന പോലെ ഗോപികയുടെ കയ്യിൽ തൊട്ടു.
“ജയാ ഗോപികയെ രണ്ട് ദിവസത്തിനുള്ളിൽ നമുക്ക് റൂമിലേക്കു മാറ്റാം..”എല്ലാവരുടെയും അവസ്ഥ മനസ്സിലാക്കി കൊണ്ടു ആൽബി പറഞ്ഞു.
സിദ്ധു ജയദേവന്റെ തോളത്തു പിടിച്ചു പോകാം എന്ന അർത്ഥത്തിൽ.. മൂവരും തിരിഞ്ഞു നടക്കുമ്പോളും ഗോപിക കണ്ണുകൾ അടച്ചു തന്നെ കിടന്നു… മിഴികൾ അപ്പോളും തുളുമ്പി കൊണ്ടിരുന്നു. അവളുടെ വിഷമങ്ങൾ കരഞ്ഞു തീർക്കട്ടെ എന്നു ജയദേവനും വിചാരിച്ചു…
ജയദേവന്റെ കൂടെ അന്ന് സിദ്ധു അവിടെ നിന്നു..പിറ്റേ ദിവസം നന്ദനെ വിടാം എന്നു പറഞ്ഞു അഭിരാമി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി… പുറത്തിറങ്ങുമ്പോൾ അവളുടെ ചിന്ത ശിവനെ കുറിച്ചായിരുന്നു…നന്ദു വിനോട് പറയണം സോളിയോട് ചോദിച്ചു ശിവൻ എന്ന റോയിയെ കുറിച്ചറിയാൻ..ഈ നാട്ടിലേക്കു വരുമ്പോൾ ആശ്വാസം ആയിരുന്നു ആ ദുഷ്ടന്റെ ശല്യം അവസാനിക്കുവല്ലോ എന്നു വിചാരിച്ചു.. ഇതിപ്പോ… അവളുടെ ആശങ്ക പതിയെ പതിയെ വർധിച്ചു…മനസ്സ് കലി കൊണ്ട കടൽ പോലെ പ്രഷുബ്ധമായിരുന്നു അതിലേക്കു ആശങ്ക തീർത്ത കൂറ്റൻ തിരമാലകൾ വന്നു ആഞ്ഞടിച്ചു കൊണ്ടിരുന്നു..
(തുടരും )
Comments:
No comments!
Please sign up or log in to post a comment!