ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം

ഡിയർ ചങ്ക്‌സ്….. . വളരെ സങ്കടത്തോടെയും വിഷമത്തോടെയും ആണ് ഞാനാ വസ്തുത മനസിലാക്കിയത്! നിങ്ങൾ ആർക്കും ഞങ്ങൾ പ്രേതങ്ങളിൽ തരിമ്പും വിശ്വാസം ഇല്ല!

നിങ്ങൾ എന്താണ് ഞങ്ങളെ അംഗീകരിക്കാത്തത്?

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡ്യുക്കുമായി ഒക്കെ കണ്ട കൊക്കകളിലോട്ട് പറന്നും ടോറസുകളുടെ അടിയിലേക്ക് പാഞ്ഞു കയറിയും പ്രേതങ്ങളായ ഞങ്ങൾ അവിടെ നിന്നും അഞ്ഞൂറും ആയിരവും വർഷങ്ങൾ പിന്നോട്ട് പോയി ഖദർ വെള്ള സാരിയുമുടുത്ത് മുടിയും അഴിച്ചിട്ട് ദുഃഖഗാനവും പാടി നടക്കണം എന്നൊക്കെ പറഞ്ഞാൽ അത് എവിടുത്തെ ന്യായമാണ്…?

ഈ സനൽ തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രണ്ടു പ്രേതങ്ങളുടെ അനുഭവവുമായി വന്നപ്പോൾ നിങ്ങൾ കുമ്മോജി ഇട്ട് നാറ്റിച്ചില്ലേ?

അപ്പോൾ നിങ്ങൾക്ക് പ്രേതങ്ങളിൽ വിശ്വാസം ഇല്ല അതുകൊണ്ട് അല്ലേ …?

ഫേസ്‌ബുക്കും വാട്ടസ്ആപ്പും ടിക്ടോക്കും ട്വിറ്ററും ഇൻസ്റ്റാഗ്രാമും എല്ലാം ഉപയോഗിച്ച് നടന്ന ഞങ്ങൾ പ്രേതമായി കഴിഞ്ഞു പഴയകാലത്തെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രേതങ്ങളുടെ നിലവാരത്തിലേക്ക് പോകണം എന്ന് പറയുന്നത് എന്ത് ന്യായമാണ്?

ഇത് കാലം മാറിയില്ലേ…? ആ പരമ്പരാഗത പ്രേതസങ്കൽപ്പങ്ങൾ കാളി നീലി മാടൻ ഒക്കെ മാറ്റാൻ സമയമായില്ലേ?

ജാതീയമായല്ല പ്രേതങ്ങൾ ഉണ്ടാവുക! ഇന്ന് മതരഹിതഫ്രീക്കന്മാരും ഫ്രീക്കത്തിമാരും ആണ് ഉള്ള പ്രേതങ്ങൾ മുഴുവൻ!

പഴയ വെള്ളസാരി പ്രേതങ്ങൾ മുഴുവൻ ഇന്ന് പ്രേതലോകത്തെ വാർദ്ധക്യപെൻഷനും വാങ്ങി വിശ്രമജീവിതം നയിക്കുകയാണ് !!

ഞാൻ പ്രേതമാകുന്നത് എന്റെ അന്ന് നിലവിൽ ആക്ടീവായിരുന്ന ഏഴു ലൈനുകളിൽ കാശുള്ള ഒരു കോന്തനുമായി മൂന്നു ദിവസം ഊട്ടി തെണ്ടാൻ ഡ്യുക്കിൽ പോയപ്പോൾ ആണ്!!

എതിരെ ഒരു ടോറസ് പാഞ്ഞു വന്നതേ ഓർമ്മയുള്ളു “ഭും” എന്നൊരു ശബ്ദം കഴിഞ്ഞു കണ്ണ് തുറക്കുന്നത് ഈ പ്രേതലോകത്താണ്..!

നാല് ഫോണുകളിൽ ചാറ്റ് ചെയ്‌ത്‌ നടന്ന ആ ഞാൻ വെള്ളസാരിയും ഉടുത്ത് നടക്കണം എന്നൊക്കെ പറയുന്നത് എന്ത് ദ്രാവിഡാണ്???

പറക്കുവാനും ഭിത്തിവഴി നടക്കുവാനും അടച്ചിട്ട മുറിയിൽ കയറുവാനും ഒക്കെ ഞങ്ങൾക്ക് കഴിവുണ്ട് എന്ന് അംഗീകരിക്കുന്ന നിങ്ങൾ തന്നെ ഞങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ പറ്റില്ല ഫേസ്‌ബുക്ക് ഉപയോഗിക്കാൻ പറ്റില്ല എന്നൊക്കെ പറയുന്നത് എന്ത് മോശമാണ്?

പ്രേതലോകത്ത് ഞങ്ങൾ പ്രേതങ്ങൾ തമ്മിൽ ബന്ധം ഒന്നും പാടില്ല എങ്കിലും എന്നെ പ്രേതമാക്കിയ അവനെ ഞാൻ ഇടയ്ക്ക് കാണാറുണ്ട്!

അവൻ പ്രേതമായി കഴിഞ്ഞു ആൾക്കാരെ പേടിപ്പിക്കുന്നത് ഫുക്രുവിന്റെ ആ ടിക്ടോക്ക് ഡാൻസ് കളിച്ചാണ്…!!

ഞാനിപ്പോഴും ഫേസ്‌ബുക്ക് മെസഞ്ചർ വഴി പ്രേമിച്ചാണ് ഇരകളെ വീഴ്ത്തുന്നത്!

ഒന്നുകിൽ നിങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ല അല്ലെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രേതങ്ങളെ അംഗീകരിക്കുന്നില്ല ഏതാണിതിൽ ശരി?

ഈ ഡിജിറ്റൽ യുഗത്തിൽ പ്രേതങ്ങളാകുന്നവർ ഡിജിറ്റൽ പ്രേതങ്ങൾ ആയിരിക്കും എന്ന് ചിന്തിക്കാനുള്ള സാമാന്യബോധം നിങ്ങൾക്കില്ലേ?

.

എന്ന് നിങ്ങളുടെ സ്വന്തം ചങ്കത്തി ഫ്രീക്കത്തി പ്രേതം (ഒപ്പ്)

പ്രീയ പ്രേതാത്മാക്കളേ, പ്രേതപ്രേമി സൂർത്തുക്കളേ…

നിരവധി അനവധി പ്രേതങ്ങളുമായും യക്ഷികളുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന നമ്മുടെ ശ്രീ.സനൽ ഐപിഎസ്സ് അവർകൾക്ക് ഒരു പാവം പ്രേതം അവളുടെ ആത്മനൊമ്പരങ്ങൾ അറിയിച്ച് അയച്ച ഇ-മെയിൽ ആണ് ഇത്!

ഇത് വായിച്ചപ്പോൾ എനികും ഇത് വാസ്തവമാണല്ലോ എന്ന് തോന്നി അതാണ് ആ കത്ത് അതേപടി ഇവിടെ പോസ്റ്റിയത്!

പ്രേതങ്ങൾ മാത്രമല്ല ദൈവങ്ങൾ ഉൾപ്പടെ എല്ലാ അമാനുഷിക ശക്തികളും ഈ കാലഘട്ടത്തിന് അനുസരിച്ച് ഉയരേണ്ടവരല്ലേ?

എല്ലാ മതകഥകളും എഴുതപ്പെട്ട ആ കാലഘട്ടങ്ങളിലെ വാഹനങ്ങൾ വേഷഭൂഷാദികൾ ആഭരണങ്ങൾ ആയുധങ്ങൾ ഇവയൊക്കെയാണ് എല്ലാ ദൈവങ്ങളും ഇന്നും ഉപയോഗിക്കുന്നത്! യാതൊരു പുരോഗമനവും ഇല്ല!

നാമോ? ആ കാലത്തെ ഭക്ഷണരീതിയോ ഭാഷയോ വസ്ത്രമോ ആഭരണമോ ആയുധമോ ചികിത്സയോ വാഹനമോ യാതൊന്നും തന്നെ ഉപയോഗിക്കുന്നുമില്ല! നമുക്ക് അതെല്ലാം കാലഹരണപ്പെട്ടതാണ്!

പുരോഗമനം ഭക്തർക്ക് മതിയോ?

ഭക്തൻ ബുള്ളറ്റ് ട്രെയിനിൽ പായുമ്പോൾ പാവം ദൈവം ജഗതി കുതിരപ്പുറത്ത് ഇരുന്ന് ടക് ടക് വച്ച് തുള്ളിയത് പോലെ തുള്ളുന്നു!

ഭക്തർ ബോംബർ വിമാനങ്ങളും വിമാനവാഹിനി കപ്പലുകളും എ.കെ 47 ഉം ഒക്കെ ഉപയോഗിച്ച് പരസ്പരം യുദ്ധം ചെയ്യുമ്പോൾ പാവം ദൈവങ്ങൾ തുരുമ്പിച്ച വാളും മുനയൊടിഞ്ഞ കുന്തവുമായി നാണിച്ച് പൊന്തക്കാട്ടിൽ ഒളിക്കുന്നു….!

അതിമോഹങ്ങൾ ഒന്നുമില്ല!

ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടല്ലേ? അതിന് അനുസരിച്ചുള്ള ചെറിയ ചെറിയ അപ്ഡേഷനുകൾ?

കുതിരവണ്ടിക്ക് പകരം ഒരു ബെൻസ്? ഈ-ക്ലാസ് ആയാലും മതി!

കുതിരയ്ക്ക് പകരം ഒരു ബുള്ളറ്റ്?

കഴുതയ്ക്ക് പകരം ഒരു മോപ്പഡ്?

പരുന്തിന് പകരം ഒരു യുദ്ധവിമാനം?

മയിലിന് പകരം ഒരു ചേതക്ക് ഹെലികോപ്റ്റർ?

ന്താ പറ്റില്ല ല്ലേ…?

ശ്രീ.സനൽ ഐപിഎസ്സ് എന്റെ ഒരു കഥാപാത്രം ഒരു ഭാവനാ സൃഷ്ടി മാത്രമാണ്! സനൽ ഇടപഴകിയ പ്രേതങ്ങളും!

മുണ്ടക്കയം എന്ന സ്ഥലമുണ്ട് അവിടെ സനൽ എന്ന പേരുകാർ ധാരാളം ഉണ്ടാവും അവിടെ പെയിന്റിംഗ് പണി ചെയ്യുന്ന സനലുമാരും ഉണ്ടാവും!

സനലും സനലിന്റെ പ്രേതാനുഭവങ്ങളും വസ്തുതയാണ് എന്ന് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാൻ ഇത്രയും ധാരാളം മതി!

എല്ലാ വിശ്വാസങ്ങളും ഇതേ പോലെയാണ്!

ഹിന്ദു ദൈവമാണോ ക്രിസ്ത്യൻ ദൈവമാണോ മുസ്ലീം ദൈവമാണോ ശരിക്കും ഒർജിനൽ ദൈവം?

എല്ലാം ഒന്നാണ് ദൈവം ഒന്നേയുള്ളു എങ്കിൽ പുനർജന്മ\മോക്ഷ സിദ്ധാന്തമാണോ അതോ ഉയിർപ്പ് സ്വർഗ്ഗനരക സിദ്ധാന്തമാണോ ശരി?

എല്ലാ ദൈവങ്ങൾക്കും അവർക്ക് ഉള്ള വിശ്വാസികളെക്കാൾ അവരെ അവിശ്വസിക്കുന്നവരാണ് കൂടുതൽ! അപ്പോൾ ഏതാണ് ശരി?

അപ്പോൾ ആ മണ്ടൻ കഥകളേയും പൊട്ടത്തരങ്ങളേയും വിഡ്ഡിത്ത ഓഫറുകളേയും തള്ളി അവയിൽ കൂടി പറഞ്ഞു തരുന്ന നന്മകൾ മാത്രം സ്വീകരിച്ചു വെറും മനുഷ്യനായി ജീവിക്കുക അല്ലേ അഭികാമ്യം?

വിശ്വസിച്ചോളൂ….
ആകാശമാമന്മാർ അപ്പാപ്പം തരുമെന്ന ആ അന്ധത മാറ്റി വിശ്വാസത്തെ വെറും വിശ്വാസമായി കണ്ട് സഹജീവികൾക്ക് സഹായവും നന്മയും ചെയ്ത് മതങ്ങളിലും വലുത് മാനുഷികം ആണ് എന്ന ബോദ്ധ്യത്തോടെ മനുഷ്യരായി ജീവിക്ക്….. സീയൂസ്, പൊസിഡോൺ, ഹെർമീസ്, അഥീന, അപ്പോള, നെപ്ട്യൂൺ, ജുപ്പീറ്റർ, ഒഡിൻ, തോർ തുടങ്ങി ആയിരക്കണക്കിന് ദൈവങ്ങൾ ചത്തൊടുങ്ങി. അതുപോലെ തന്നെ നമ്മുടെ നിലവിലുള്ള ദൈവങ്ങളും ഒരു നാൾ മരിക്കും എന്ന വിശ്വാസത്തോടെ നമുക്കും വിശ്വസിക്കാം… വിശ്വാസങ്ങളെ വെറും വിശ്വാസങ്ങളായി എടുത്ത് വെറുതേ വിശ്വസിക്കാം… ⁃ സ്നേഹപൂർവ്വം ⁃ സ്വന്തം സുനിൽ

Comments:

No comments!

Please sign up or log in to post a comment!