Love Or Hate 01

ഒന്ന് കണ്ണ് മൂടി വന്നതായിരുന്നു, അപ്പോൾ അതാ അടുത്തത്, ഫോൺ നിൽക്കാതെ അടിക്കുന്നു… ഇവൻ പിന്നേം കാൽ എടുത്ത് മേലോട്ട് വചല്ലോ… ഒറ്റക്കുത്ത് വച്ച് കൊടുത്തു.. എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു.. ഞാൻ ജനലിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി.. അമ്മച്ചി ആണ്.. ഞാൻ ഫോൺ ആൻസർ ചെയ്ത് ചെവിയിലേക്ക്‌ വച്ചു.. സത്യത്തിൽ ഇവയെല്ലാം ഞാൻ യാന്ത്രികമായി ചെയ്യുന്നത് ആയിരുന്നു.. കാരണം വേറൊന്നും അല്ല.. നല്ല ഉറക്ക ഭ്രാന്ത് ആണ്…

“ഹലോ….”

“ഗുഡ് മോണിംഗ്..”

“എന്റെ അമ്മച്ചി ഞാൻ ഒന്ന് കെടന്നു ഒറങ്ങിക്കൊട്ടെ.. ഞാൻ പറഞ്ഞിട്ടില്ലേ ഞായറാഴ്ച പതിനൊന്ന് മണി കഴിയാതെ വിളിക്കരുത് എന്ന്…”

“പറയുന്ന കേട്ടാൽ തോന്നും എന്റെ മോൻ രാത്രി മുഴുവൻ ജോലി ചെയ്ത് അധ്വാനിച്ച് വന്ന് കിടക്കുന്നത് ആണ് എന്ന്.. നേരം പുലരുന്നത് വരെ കണ്ണിൽ കണ്ട ഗെയിമും കളിച്ച് കിടക്കുവല്ലെ പണി..”

“അമ്മച്ചി ഇപ്പൊ എന്നെ ഉപദേശിക്കാൻ ആണോ ഈ വെളുപ്പാൻ കാലത്ത് തന്നെ വിളിച്ചത്..??”

“അയ്യോ.. നിന്നെ ഉപദേശിക്കുന്ന ജോലി ഈ അമ്മച്ചി എന്നെ നിർത്തിയതാ മോനെ.. അത്കൊണ്ട് ആണല്ലോ ആ പണി ഇപ്പൊ നിന്റെ ചേച്ചി ഏറ്റെടുത്തിരിക്കുന്നത്…”

“വളിച്ച കോമഡി അടിക്കാതെ വിളിച്ച കാര്യം പറ അമ്മച്ചി…”

“അവൻ എവിടെ നിന്റെ ഉറ്റ സുഹുർത്ത് ആൻഡ്രൂ..??”

“ആ അവൻ ഇവിടെ കിടക്കുന്നുണ്ട്…”

“നാളെ അല്ലേ കോളജിലെ ആദ്യത്തെ ദിവസം…”

“ആ.. അതെ..”

“കുരുത്തക്കേട് ഒന്നും ഒപ്പിക്കരുത്.. മുൻപത്തെ നിന്റെ സ്വഭാവം വച്ച് പറഞ്ഞതാണ്.. നീ ഇവിടെ എങ്കിലും ഒന്ന് തികച്ച് പഠിക്കണം.. പിന്നെ എന്ത് ആവശ്യം ഉണ്ടെങ്കിലും ചേച്ചിയോട് പറയണം…അളിയനെ ബുദ്ധിമുട്ടിക്കരുത്..”

“നിർത്ത്.. നിർത്ത്.. നാളെ അല്ലേ അമ്മച്ചി ഫസ്റ്റ് ഡേ.. ഇതൊക്കെ നാളെ വിളിച്ച് പറഞ്ഞാൽ പോരെ…?? ഇപ്പൊ തന്നെ പറഞ്ഞ് എന്റെ ഉറക്കം കളയണോ..??”

“നാളെ എനിക്കും പപ്പക്കും ഒരു ബിസിനസ്സ് മീറ്റിംഗ് ഉണ്ട് ടാ.. അപ്പോ വിളിക്കാൻ പറ്റില്ല അതുകൊണ്ടാ…”

“അത് പോട്ടെ.. എന്നെ ഉപദേശിക്കുന്ന ജോലി മേടം നിർത്തി എന്നാണല്ലോ കുറച്ച് മുന്നേ പറഞ്ഞത്…”

“ഹാ.. എന്ത് ചെയ്യാൻ മോനായി പോയില്ലേ..”

അത് കേട്ടപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…

“ശരി അമ്മച്ചി.. ഇനി ഞാൻ ഉറങ്ങിക്കൊട്ടെ…??”

“ഓകെ ടാ.. എന്റെ മോൻ ഉറങ്ങിക്കോ..”

“ശരി അമച്ചി…”

ഞാൻ ഫോൺ കട്ട് ചെയ്ത് എങ്ങോട്ടോ എറിഞ്ഞ് വീണ്ടും പുത്തപ്പെടുത്ത് തലവഴി മൂടി… **********************†****************

എന്റെ പേര് ഷൈൻ ജോസഫ്.

. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം ഇല്ല.. എങ്കിലും പഠിക്കുന്നു എന്ന് പറയാം..

എന്റെ പപ്പക്കും അമ്മയ്ക്കും എന്റെ ചേച്ചി ജനിച്ചതിന് ശേഷം വളരെ വൈകിയാണ് ഞാൻ ജനിക്കുന്നത്.. അതിന്റെ കുറച്ച് ലാളനയും വാത്സല്യവും ഒക്കെ കിട്ടിയത് കൊണ്ട് ഞാൻ കുറച്ച് വഷളായി എന്ന് വേണമെങ്കിൽ പറയാം.. കുറച്ച് ഒള്ളു കേട്ടോ..

അത്യാവശ്യം സാമ്പത്തിക സ്ഥിതി ഒക്കെ ഉള്ള കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവിധ സൗകര്യങ്ങളോടും കൂടി ആണ് ഞാൻ വളർന്നത്.. എനിക് ഉറ്റ സുഹൃത്ത് എന്ന് പറയാൻ എനിക്ക് ഓർമ വച്ചത് മുതൽ ഉള്ളത് ഒരാൾ മാത്രം ആയിരുന്നു.. എല്ലാ കൊള്ളരുതായ്മകൾ ക്കും എന്റെ കൂടെ ഉണ്ടാകാറുള്ള ആൻഡ്രൂ എന്ന് വിളിക്കുന്ന ആൻഡ്രൂസ്.. ഞങ്ങൾക്ക് സമപ്രായക്കാർ ആണ്.

എന്റെ വീട്ടിൽ അവനും അവന്റെ വീട്ടിൽ എനിക്കും പൂർണ സ്വാതന്ത്ര്യം ആണ്.. എങ്ങനെ ഞങൾ ഇത്ര ക്ലോസ് ഫ്രണ്ട്സ് ആയി എന്ന് ഞങ്ങൾക്ക് പോലും അറിയില്ല..

എന്റെ ചേച്ചി ഷൈനി കല്ല്യാണം ഒക്കെ കഴിച്ച് സുഖമായി ജീവിക്കുന്നു.. അവളുടെ ഭർത്താവ് എന്റെ അളിയൻ, പോലീസിൽ എസ് ഐ ആണ്..

അങ്ങനെ പ്ലസ്ടു ഒക്കെ ഒരുവിധം തട്ടിമുട്ടി പാസ്സ് ആയി കഴിഞ്ഞപ്പോൾ ആണ് ഇനി എന്ത് ചെയ്യും എന്ന ചോദ്യം വീട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ നിന്ന് ഉയർന്ന് വന്നത്…

സത്യത്തിൽ ആ ചോദ്യം ഞാനും ആൻഡ്രുവും ഞങ്ങളോട് തന്നെ ഇതിനോടകം ഒരായിരം തവണ ചോദിച്ചിരുന്നു… എന്തായാലും കഷ്ടപ്പെട്ട് പഠിക്കാൻ ഒന്നും ഇനി വയ്യ.. സിംപിൾ ആയി എന്തെങ്കിലും ഉണ്ടെങ്കിൽ അത് പഠിക്കാം..

പിന്നീടുള്ള ഞങളുടെ ദിവസങ്ങൾ അങ്ങനെ ഉള്ള ഒരു കോഴ്സ് അന്വേഷിച്ച് ആയിരുന്നു… രാവിലെ എഴുന്നേറ്റാൽ രാത്രി കിടക്കുന്നത് വരെ ലാപ്ടോപ്പും എടുത്തു വച്ച് നെറ്റിൽ സെർച്ച് ചെയ്യൽ ആണ് പണി.

അന്നത്തെ ഗൂഗിളിലും യൂട്യൂബിലും ഉള്ള ഞങ്ങളുടെ പ്രധാന കീ വേഡ് How to become rich in short time എന്നായിരുന്നു..

അങ്ങനെ ഒരു ദിവസം, പതിവ് പോലെ റിസേർച്ച് ഒക്കെ നടത്തി നടത്തി ഞാൻ സോഫയിൽ കിടന്നു ഉറങ്ങുകയായിരുന്നു.. ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്… ആൻഡ്രൂ ആണല്ലോ…

“പറ അളിയാ..”

“ടാ ഒരു ഉഗ്രൻ ഐഡിയ കിട്ടി..”

“ഉടായിപ്പ് വല്ലതും ആണോടെ..??”

“പോടാ ഉടായിപ്പ് ഒന്നും അല്ല ഞാൻ ശരിക്കും അന്വേഷിച്ച് ഓകെ ആണെന്ന് ഉറപ്പാക്കിയത് ആണ്..”

“അതൊക്കെ പോട്ടെ എന്താ സംഭവം??”

“മൾട്ടി ലെവൽ മാർക്കറ്റിംഗ്..”

“അതെന്തൊന്നാ.
.??”

“നീ കേട്ടിട്ടില്ലേ ഈ ആളെ ചേർക്കൂ കാശ് നേടൂ എന്നൊക്കെ…?”

“എടാ ഇതൊക്കെ വല്ലതും നടക്കും തോന്നുന്നുണ്ടോ..?? അവസാനം ഇൻവെസ്റ്റ് ചെയ്ത ക്യാഷ് പോകുമോ??”

“അതിനൊരു വഴി ഉണ്ട്.. ഇവരുടെ ഒരു ക്ലാസ്സ് ഉണ്ട് നാളെ ടൗണിൽ നമുക്ക് അത് പോയി അറ്റൻഡ് ചെയ്യാം.. എന്നിട്ട് ഓകെ ആണെങ്കിൽ ചേർന്നാൽ മതിയല്ലോ..??”

“ഓകെ എന്തായാലും പോയി നോക്കാം..”

ആൻഡ്രൂ പറഞ്ഞത് ഒരു നല്ല ഐഡിയ ആകും എന്ന് എനിക്കും തോന്നി… അവൻ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ ഞാനോ ഞാൻ എന്തേലും ഒരു കാര്യം പറഞ്ഞാൽ അവനോ പിന്നെ ഒന്നും നോക്കാറില്ല…

നാളെ ആണ് ക്ലാസ്സ് എന്നാണ് പറഞ്ഞത്. ക്ലാസ്സ് എന്ന് കേട്ടപ്പോൾ തന്നെ മനസ്സ് മടുത്തു.. പിന്നെ ഒറ്റ തവണ ഒള്ളല്ലോ എന്ന് കേട്ടപ്പോൾ സമാധാനം ആയി..

അങ്ങനെ അന്നത്തെ ദിവസം പ്രത്യേകിച്ച് ഒന്നും ഇല്ലാതെ കടന്ന് പോയി.. അല്ലെങ്കിലും അവധി ദിവസങ്ങളിൽ എന്റെ ലൈഫിൽ പ്രത്യേകിച്ച് ഒന്നും കാണില്ല.. ഉറക്കം ഫുഡിങ് സിനിമ വീണ്ടും റിപ്പീറ്റ് അത്രയേ ഒള്ളു..

അങ്ങനെ ക്ലാസിന്റെ ദിവസം ആയി.. രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡി ആയി ഞാൻ വണ്ടിയും എടുത്ത് ആൻഡ്രുവിന്റെ വീട്ടിലേക്ക് ചെന്നു..

ഞാൻ ചെന്ന് വിളിച്ചപ്പോൾ ആണ് അവൻ എഴുന്നേൽക്കുന്നത്‌ തന്നെ.. നേരം വൈകിയത് കൊണ്ട് പിന്നെ കുളിക്കാൻ ഒന്നും നിന്നില്ല.. ഞങ്ങൾ നേരെ ടൗണിലേക്ക് വച്ച് വിട്ടു…

അതികം ഒന്നും കറങ്ങേണ്ടി വന്നില്ല ഞങ്ങൾ ക്ലാസ്സ് നടക്കുന്ന ഓഡിറ്റോറിയം കണ്ടെത്തി… ഞങ്ങൾ ചെന്നപ്പോളേക്കും ഏകദേശം സീറ്റ് എല്ലാം ഫുൾ ആയിരുന്നു.. നാട്ടിൽ പഠിക്കാനും പണി എടുക്കാനും മടിയുള്ള ഇത്രേം ചെറുപ്പക്കാർ ഉണ്ടല്ലേ..

അങ്ങനെ ഞങ്ങളും ഓരോ സീറ്റ് കണ്ടുപിടിച്ച് അതിൽ ഇരുന്നു..

ക്ലാസ് ഭയങ്കര ബോർ ആയിരുന്നു എന്നാലും ഞാൻ ചുരുക്കി പറയാം.. സംഭവം സിമ്പിൾ ആണ്.. നമ്മൾ ആദ്യം ഇതിൽ ജോയിൻ ചെയ്യണം എന്നിട്ട് നമ്മൾ ഓരോരുത്തരെ ചേർക്കണം അപ്പോൾ അതിന്റെ ഒരു കമ്മീഷൻ നമ്മൾക്ക് കിട്ടും.. അങ്ങനെ കൂടുതൽ ആളെ ചേർത്താൽ കൂടുതൽ കമ്മീഷൻ…

ക്ലാസ്സ് ഒക്കെ കഴിഞ്ഞ് എല്ലാവരും പോയി.. ഞാനും ആൻഡ്രുവും ക്ലാസ്സിൽ ചേരാൻ തന്നെ തീരുമാനിച്ചു…

“ഷൈൻ അളിയാ, നമ്മൾ ഏത് സ്കീം എടുക്കും..??”

“പെട്ടന്ന് കാശ് ഉണ്ടാക്കാൻ ഏത് സ്കീം ആണ് ബെസ്റ്റ് എന്നാ പുള്ളി പറഞ്ഞത്..??”

“പെട്ടന്നാണ് എങ്കിൽ 40,000 രൂപയുടെ സ്കീം ആണ് ബെസ്റ്റ്..”

“അപ്പോ അതിൽ തന്നെ ചേരാം.
. പപ്പയുടെ അത്ര ആയില്ലെങ്കിലും അതിന്റെ പകുതി എങ്കിലും എനിക്കും ഉണ്ടാക്കണം..”

അന്നതൊരു വാശി ആയിരുന്നു.. പിന്നെ ഒന്നും നോക്കിയില്ല എങ്ങനെ എങ്കിലും പൈസ ഉണ്ടാക്കണം.. അമ്മച്ചി അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലല്ലോ.. അങ്ങനെ വീട്ടിൽ എത്തിയ ഞാൻ അമ്മച്ചിയെ സോപ്പിടാൻ ഉള്ള പ്ലാനിംഗ് ആരംഭിച്ചു…

“അമ്മച്ചി…”

“എന്നാടാ..”

“ഞാനും ആൻഡ്രുവും കൂടി ഒരു കോഴ്സിന് ചേരാൻ തീരുമാനിച്ചു..”

“എന്ത് കോഴ്‌സാടാ..??”

“അത് യൂട്യൂബിന്റെ ഒരു കോഴ്സ് ആണ്.. പുറത്തൊക്കെ ഭയങ്കര സ്കോപ്പ്‌ ആണ്..”

“ആഹാ.. എന്നാ പോയി ചേർന്നോ..”

“അതല്ല പ്രശ്നം അതിനു ചേരാൻ ഒരു .. ഒരു.. 40,000 രൂപയാകും…”

“അത് ഞാൻ പപ്പയോട് ചോദിച്ച് വാങ്ങിത്തരാം..”

“ഓകെ.. പക്ഷേ പപ്പയോട് ഇപ്പൊ എന്തിനാണ് എന്ന് പറയണ്ട .. ചേർന്ന് കഴിഞ്ഞിട്ട് പറയാം..”

“അതെന്താടാ..??”

“അതൊക്കെ ഉണ്ട് അമ്മച്ചി ക്യാഷ് റെഡി ആക്കി താ…”

“ഓകെ.. ഓകെ….”

അങ്ങനെ ക്യാഷ് എല്ലാം റെഡി ആക്കി ഞാനും ആൻഡ്രുവും ഒട്ടും വൈകാതെ തന്നെ മുഴുവൻ പൈസയും ഇൻവെസ്റ്റ് ചെയ്ത് പരിപാടിയിൽ ചേർന്നു.. ഇനി മറ്റുള്ളവരെ ക്യാൻവാസ് ചെയ്ത് പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഉള്ള പ്ലാനിംഗ് തുടങ്ങണം…

പിന്നീടുള്ള ഞങ്ങളുടെ ദിവസങ്ങൾ മുഴുവൻ അതിനു വേണ്ടി ഉള്ളതായിരുന്നു.. കിട്ടാവുന്നിടത്ത് നിന്നെല്ലാം ഞങ്ങൾ പണം വാങ്ങി ആളെ ചേർത്തു.. മോഹന സുന്ദരമായ ഞങ്ങളുടെ വാഗ്ദാനങ്ങളിൽ അവർ വീഴുകയും ചെയ്തു…

സ്കൂളിലെ കണക്ക് പഠിപ്പിക്കുന്ന കുറുപ്പ് മാഷിനെ മുതൽ പെൻഷൻ പണം കൊണ്ട് ജീവിക്കുന്ന കുമാരേട്ടനെ വരെ ഞങ്ങൾ ഈ സംരംഭത്തിൽ ചേർത്തു… എല്ലാവരിൽ നിന്നും പിരിക്കുന്ന പണം കമ്പനി മുൻകൂട്ടി പറഞ്ഞിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ ഞങ്ങൾ നിക്ഷേപിച്ച് കൊണ്ടിരുന്നു…

അങ്ങനെ രണ്ടാഴ്ച പിന്നിട്ടപ്പോലേക്കും അന്നാട്ടിലെ ഒട്ടുമിക്ക ആളുകളും പരസ്പരം അറിയാതെ ഈ ബിസിനസ്സിന്റെ ഭാഗം ആയിരുന്നു.. ഞങ്ങളുടെ ബിസിനസ്സ് അതീവ രഹസ്യവും ആയിരുന്നു… മറ്റുള്ളവർക്ക് കിട്ടുന്നതിൽ നിന്ന് 10% അടിച്ച് മാറ്റി അവിടെ നിന്നും ലാഭം കൊയ്യാൻ ഞാനും ആൻഡ്രൂവും പദ്ധതി തയ്യാറാക്കി…

അങ്ങനെ ആദ്യ ഘട്ട പണം വാങ്ങേണ്ട തിയ്യതി വന്നു.. ഞങ്ങൾ കമ്പനി തന്ന അവരുടെ അഡ്രസ്സിലുള്ള ഓഫീസിലേക്ക് പോയി…

ബൈക്കിൽ നിന്നിറങ്ങുമ്പോൾ ആൻഡ്രൂ ആണ് പറഞ്ഞത്..

“അളിയാ വലിയ ഓഫീസ് അണല്ലോടാ…”

“അതേ.. അതെ.. വാ കേറി നോക്കാം.
.”

“അവര് ക്യാഷ് ആയിട്ട് തരുമോ.. അതോ ചെക്ക് ആയിരിക്കുമോ..??”

“ഇത്രേം വലിയ തുക അല്ലേ.. ചെക്ക് ആവും ടാ…”

ഞാനും ആൻഡ്രൂവും നേരെ ഓഫീസിനകത്ത് കയറി..

“അളിയാ നമുക്ക് ആ റിസപ്ഷനിൽ ചോദിക്കാം.. അവിടെ ഒരു അടിപൊളി ചിക്ക് നിൽക്കുന്നുണ്ട് പെട്ടന്ന് വാ…”

ആൻഡ്രൂ എനിക്ക് മുന്നിൽ നടന്നു.. ഞാനും അവന്റെ കൂടെ നടന്നു.. എന്നിട്ട് റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടിയോട് ചോദിച്ചു..

“ഞങ്ങൾ ബിസിനസ്സിന്റെ ഫസ്റ്റ് പേമെന്റ് വാങ്ങാൻ വന്നതാണ്.. കാഷ്യർ എവിടെ..??”

ആ പെൺകുട്ടി അന്തം വിട്ട് ഞങ്ങളെ നോക്കി കൊണ്ട് ചോദിച്ചു..

“ഒന്നും മനസിലായില്ല സാർ.. നിങ്ങള് ആരെ കാണാൻ ആണ് വന്നത്..??”

“ഞങ്ങൾ ക്യാഷ് മേടിക്കാൻ വന്നതാണ്.. മൾട്ടി ലെവൽ മാർക്കറ്റിന്റെ..”

“സോറി സാർ എനിക്ക് തോന്നുന്നു നിങ്ങൾക്ക് ഓഫീസ് മാറികാണും… ഇത് ഒരു ഐടി കമ്പനി ആണ്..”

ഐടി കമ്പനിയോ..?? ഞാനും ആൻഡ്രൂവും മുഖത്തോട് മുഖം നോക്കി.. പെട്ടന്ന് എന്തോ ഓർത്തത് പോലെ ആൻഡ്രൂ ആ പെൺകുട്ടിയോട് ചോദിച്ചു..

“അപ്പോ ഇത് മണി ട്രീയുടെ ഓഫീസ് അല്ലേ..??”

“അല്ല സാർ..”

അടിപൊളി.. ഞാനും ആൻഡ്രൂവും അതിനകത്ത് നിന്നും പുറത്തിറങ്ങി.. ചുറ്റും നോക്കി പലരോടും ചോദിച്ചു.. പക്ഷേ ആർക്കും എന്താണ് മണി ട്രീ എന്ന് പോലും അറിയില്ല… കയ്യിലുണ്ടായിരുന്ന സകല നംബറിലും ഞങൾ മാറി മാറി വിളിച്ചു നോക്കി എല്ലാം സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിതിക്ക്‌ പുറത്ത്..

മറ്റൊരു വഴിയും ഇല്ലാതെ ഞങ്ങൾക്ക് ആ സത്യം അംഗീകരിക്കേണ്ടി വന്നു.. ഞങ്ങൾ അതി വിദഗ്ധമായി പറ്റിക്ക പെട്ടിരിക്കുന്നു…

ഇതായിരുന്നു ഞങളുടെ ജീവിതത്തിലെ ആദ്യത്തെ സംരംഭം പൊട്ടി പൊളിഞ്ഞ കഥ.. നാട്ടിലും വീട്ടിലും ഉള്ള വിശ്വാസം അതോടെ കടപ്പുറത്ത് ആയി… നാട്ടുകാരുടെ കാശ് മുഴുവൻ പപ്പ കൊടുത്ത് തീർക്കേണ്ടിയും വന്നു.. നാട്ടിലേക്ക് ഇറങ്ങുന്നത് തന്നെ ആദ്യം ഒക്കെ മടുപ്പ് ആയിരുന്നു.. പിന്നെ അതങ്ങ് ശീലം ആയി.. അങ്ങനെ ഞങ്ങൾക്ക് രണ്ടു പേർക്കും നാട്ടിൽ ഒരു വട്ട പേരും കിട്ടി.. മണി ട്രീ…

പിന്നെയും കുറെ തെണ്ടി തിരിഞ്ഞ് നടന്നു.. ഇനി ഈ നടത്തം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് തിരിച്ചറിവ് വന്നപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിന് ഇഷ്ടത്തിനും വഴങ്ങി പോളിയിൽ ചേരാൻ തീരുമാനിച്ചു…

അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് ആയിരിക്കും എന്ന് അന്ന് ഞാൻ കരുതിയിരുന്നില്ല.. പക്ഷേ മുഴുവൻ പഠിക്കുന്നതിന് മുന്നേ തന്നെ നിർത്തേണ്ടി വന്നു.. അതിനുള്ള കാരണം മറ്റൊരു അവസരത്തിൽ പറയാം…

അങ്ങനെ പോളിയിലെ പഠനവും കയ്യാല പുറത്ത് ആയപ്പോൾ ഇനി ഏത് ദുർഗുണ പരിഹാര പാഠശാലയിൽ ആണ് ഞങളെ അയക്കേണ്ടത് എന്ന തീരുമാനത്തിൽ ആയിരുന്നു ഞങളുടെ രക്ഷിതാക്കൾ.. അവസാനം അതി വിദഗ്ദമായി അവർ അതിന് ഒരു പോം വഴി കണ്ടെത്തുകയും ചെയ്തു…

പോളിടെക്നിക്കിൽ നടക്കാത്തത് ബി ടെക്കിൽ നടത്തണം എന്നാണ് അവരുടെ വാശി.. ഏത് ടെക് പഠിച്ചാലും നമുക്ക് കണക്ക് ആണ് അത് കൊണ്ട് ബി ടെക് എങ്കിൽ ബി ടെക്…

അങ്ങനെ മറ്റെല്ലാ ചെറുപ്പക്കാരെയും പോലെ ഞാനും ആൻഡ്രുവും ബി ടെക് വിദ്യാർത്ഥികൾ ആയി.. ക്യാമ്പസ് ലൈഫ് വളരെ കളർ ഫുൾ ആയിരുന്നു.. പഠിത്തം കണക്കായിരുന്നെങ്കിലും ബാക്കി എല്ലാത്തിലും ഞങൾ മുൻ പന്തിയിൽ ആയിരുന്നു.. അക്കാലത്ത് ആണ് മദ്യപാനം എന്ന ശീലം ചെറുതായി ആരംഭിച്ചത്.. പുകവലി തീരെ ഇല്ല കേട്ടോ.. മദ്യപാനവും ബിയർ മാത്രം..

സെക്കൻഡ് ഇയർ അവസാന സമയങ്ങളിൽ ആണ് ഞങ്ങളുടെ കൂട്ടുകാരൻ വിനോദിന്റെ ബെർത്ത് ഡേ വന്നത്… അവനും ഞങ്ങളെ പോലെ അത്യാവശ്യം ഉള്ള വീട്ടിലെ ആയത് കൊണ്ട് അവനെ പിഴിഞ്ഞ് ചാറു കുടിക്കണം എന്ന് തന്നെ ഞങ്ങൾ തീരുമാനിച്ചു..

അങ്ങനെ ഒഫിഷ്യൽ ആയി എല്ലാവർക്കും പാർട്ടി ഒക്കെ വച്ച ശേഷം ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് മാത്രം രാത്രി 11 മണിക്ക് ഹോട്ടൽ സൽസയിൽ കൂടാൻ തീരുമാനിച്ചു.. ബിയർ ബോട്ടിലുകൾ വരുന്നതിനും വേഗത്തിൽ ഞങൾ അവ കാലിയാക്കി കൊണ്ടിരുന്നു…

“മച്ചാ അടുത്ത ബോട്ടിൽ പറ ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ട്‌ വരാം…”

ചെറുതായി ആടുന്നുണ്ട് എങ്കിലും ഞാൻ ഫിറ്റ് അല്ലായിരുന്നു.. നേരെ ബാത്റൂമിൽ പോയി കുടിച്ചത് മുഴുവൻ ഒഴിച്ച് കളഞ്ഞ് ഞാൻ തിരികെ അവന്മാരുടെ അടുത്തേക്ക് ചെന്നു..

“എവിടെ.. അളിയാ ബിയർ എവിടെ…??”

“ബിയർ പറഞ്ഞിട്ടുണ്ട് കൊണ്ട് വന്നിട്ടില്ല..”

ആ പറഞ്ഞത് എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല..

“കൊണ്ട് വന്നില്ല എന്നോ.. എന്നാൽ അത് ഒന്ന് കാണണം അല്ലോ.. ആഹാ അത്രക്കായോ..”

ഞാൻ പൂർണമായും വേറൊരു മൂടിൽ ആയിരുന്നു.. ഞാൻ നേരെ കൗണ്ടറിനു അടുത്തേക്ക് നടന്നു…

ഞാൻ ഇത്രയും പറഞ്ഞ് കൊണ്ട് അയാളുടെ തലക്കിട്ട്‌ ഒരു തട്ടും വച്ച് കൊടുത്തു.. പെട്ടന്ന് തിരിഞ്ഞു നോക്കിയ അയാളുടെ മുഖം കണ്ടപ്പോൾ ഞാൻ അപ്പോ വടി ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.. വെയിറ്റർ ആണെന്ന് കരുതി ഞാൻ സംസാരിച്ചത് എന്റെ സ്വന്തം പപ്പയോട് തന്നെ ആയിരുന്നു…

പപ്പ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി.. അന്ന് വീട്ടിൽ കയറിയില്ല ആൻഡ്രൂസിന്റെ വീട്ടിൽ കിടന്നു… രാവിലെ ഒന്നും അറിയാത്ത മട്ടിൽ വീട്ടിലേക്ക് ചെന്നപ്പോൾ അളിയനും ചേച്ചിയും വന്നിട്ടുണ്ട് എന്ന് മനസ്സിലായി…

ഗെയിറ്റ് തുറന്നപ്പോൾ തന്നെ കാര്യസ്ഥൻ ചന്ദ്രേട്ടനെ കണ്ടു…

“ചന്ദ്രേട്ടാ…”

“ആ കുഞ്ഞേ.. നീ ഇത് എവിടെ ആയിരുന്നു..??”

“അതൊക്കെ പറയാം.. അകത്ത് എന്താ അവസ്ഥ.. പപ്പ കലിപ്പിൽ ആണോ..??”

“എന്റെ കുഞ്ഞേ നല്ല കലിപ്പിലാ.. കുഞ്ഞങ്ങോട്ട്‌ ചെല്ല്‌ ഇല്ലെങ്കിൽ ഇനിയും കുഴപ്പാവും…”

ഇനിയെന്ത് കുഴപ്പം ആവാൻ.. ഏതായാലും ധൈര്യം സംഭരിച്ച് ഞാൻ അകത്തേക്ക് കയറി ചെന്നു…

അമ്മച്ചിയും പപ്പയും ചേച്ചിയും അളിയനും നിരന്ന് ഇരിക്കുന്നുണ്ട്.. പിന്നെ ഒരു യുദ്ധം ആയിരുന്നു… ഓരോരുത്തരും മാറി മാറി എന്നെ ശകാരിച്ചു കൊണ്ടിരുന്നു.. അവസാനം അവർക്ക് ബോറടിചിട്ടാണോ അതോ നാക്കിലെ വെള്ളം വറ്റിയത് കൊണ്ടാണോ അറിയില്ല അവർ സംസാരം നിർത്തി.. അപ്പോ വിചാരണ കഴിഞ്ഞു ഇനി വിധി പറഞ്ഞാൽ മതി.. അങ്ങനെ വിധിയും വന്നു….

“ഷൈനി നീ പോകുമ്പോ ഇവനെ കൂടി അങ്ങ് കൊണ്ട് പൊയ്ക്കോ… ഇനി ഇവൻ ഇവിടെ നിന്നാൽ ശരിയാവില്ല.. ഇവന്റെ കൂട്ടുകാരൻ ഉണ്ടല്ലോ ആൻഡ്രൂ അവനെയും കൂട്ടിക്കോ…”

“ശരി പപ്പാ.. ഇവൻ മാരുടെ കാര്യം ഞാൻ നോക്കി കൊള്ളാം…”

ഇടയ്ക്ക് കയറി അമ്മച്ചി ചോദിച്ചു..

“അപ്പോ ഇവരുടെ പഠിത്തം ഒക്കെ എങ്ങനെ..??”

“അത് കുഴപ്പം ഇല്ല.. ഒരു യൂണിവേഴ്സിറ്റിക്ക് കീഴിൽ ആണെങ്കിൽ കോളേജ് മാറാം.. ഇനി ഏതായാലും തേർഡ് ഇയർ അല്ലെ.. അപ്പോ ഇനി മുതൽ അവൻ അവിടെ കോളേജിൽ പോയാൽ മതി.. അഡ്മിഷൻ ഒക്കെ ഞാൻ റെഡി ആക്കാം..”

അളിയൻ ആണ് അത് പറഞ്ഞത്.. എന്ത് സ്നേഹമുള്ള അളിയൻ… ഈ വിധിയോട് എനിക്ക് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു എങ്കിലും പുറത്ത് കാട്ടാൻ പറ്റില്ല.. കൂട്ടുകാരെ ഒക്കെ വിട്ടു പിരിയുന്ന സങ്കടം ഉണ്ട്.. പിന്നെ ആൻഡ്രൂ കൂടെ ഉണ്ടല്ലോ.. അവൻ ഉണ്ടെങ്കിൽ ഞാൻ ചന്ദ്രനിൽ വരെ പോയി വരും…..

അങ്ങനെ ആണ് ഞങ്ങൾ ഇവിടെ ചേച്ചിയുടെ വീട്ടിൽ എത്തുന്നത്.. നാളെ ആണ് ഞങളുടെ പുതിയ കോളജിലെ ആദ്യ ദിവസം…

കിടന്നിട്ട് ഉറക്കം വരുന്നില്ല.. ഫോൺ എടുത്ത് നോക്കിയപ്പോൾ മണി പത്തര ആയി.. ഞാൻ പതുക്കെ പുതപ്പ് മാറ്റി എഴുന്നേറ്റ് ബോഡി ഒക്കെ ഒന്ന് സ്ട്രെച്ച് ചെയ്തു… ആൻഡ്രൂ അപ്പോളും നല്ല ഉറക്കത്തിൽ ആണ്.. ഞാൻ അവനെ തട്ടി വിളിച്ചു..

“അളിയാ എനീക്ക്‌..”

എവിടെ അവൻ ഒന്ന് മുക്കി മൂളി വീണ്ടും തിരിഞ്ഞ് കിടന്നു.. ഇനി പതിവ് പണി തന്നെ ചെയ്യേണ്ടി വരും എന്നും രാവിലെ ഇവന് എന്റെ കയ്യിൽ നിന്നും ഒരു ചവിട്ട് കിട്ടണം…

ഞാൻ ചന്തിക്ക് നോക്കി ഒരു ചവിട്ട് വച്ച് കൊടുത്തു.. അവൻ പുതപ്പും കൊണ്ട് കട്ടിലിൽ നിന്നും താഴെ വീണു.. ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി കൊണ്ട് അവൻ ചോദിച്ചു..

“അളിയാ സമയം എത്ര ആയി..??”

“പത്തര മണി ആയി.. വാ നല്ല വിശപ്പ് എന്തേലും പോയി കഴിക്കാം..”

അവനും ഞാനും കട്ടിലിൽ നിന്നും എഴുന്നേറ്റ് പുതപ്പെല്ലാം എടുത്ത് കട്ടിലിൽ തന്നെ ഇട്ടു…

“അളിയാ.. ഇനിയിപ്പോ കുളിക്കണോ..??”

അവൻ ചോദിച്ചപ്പോൾ ആണ് ഞാനും അതോർത്തത്.. ഇനിയിപ്പോ കുളിക്കുന്നത് ഒക്കെ മെനക്കേട് ആണ്..

“പുറത്ത് പോവുമ്പോ കുളിക്കാം അളിയാ.. ഇപ്പൊ ഒന്ന് പല്ല് തെച്ചെക്കാം..”

അങ്ങനെ ഞങൾ രണ്ടാളും പല്ല് തേപ്പും മറ്റും ഒക്കെ കഴിച്ച് താഴേക്ക് ചെന്നു… ചേച്ചി സോഫയിൽ പത്രം വായിച്ച് ഇരിക്കുന്നുണ്ട് അളിയൻ എന്തായാലും പോയികാണും.. എന്നാലും ഞാൻ താഴെ ചെന്ന് വെറുതെ ചേച്ചിയോട് ചോദിച്ചു…

“ചേച്ചി അളിയൻ പോയോടി..??”

“അളിയൻ ഒക്കെ രാവിലെ തന്നെ പോയി… അങ്ങേരെ നിന്റെ ഒന്നും പോലെ അല്ല..

“ഹോ…”

പെട്ടന്ന് ഇടക്ക്‌ കേറി ആൻഡ്രൂ ചോദിച്ചു..

“ചേച്ചി കഴിക്കാൻ എന്നതാ ഉള്ളെ.??”

“ഇഡ്ഡലി ഉണ്ട് ടാ…”

ഇഡ്ഡലി എനിക്ക് അത്ര ഇഷ്ടം അല്ലായിരുന്നു..

“ഇഡ്ഡലി ആണോ..?? ഇടിയപ്പം ഇല്ലെ..??”

“ഇടിയപ്പം നാളെ ഉണ്ടാക്കാം..”

ഇതും പറഞ്ഞ് ചേട്ടത്തി അടുക്കളയ്ക്ക് പോയപ്പോൾ അഞ്ചാറു ഇഡ്ഡലി പാത്രത്തിലേക്ക് ഇട്ട് കൊണ്ട് ആൻഡ്രൂ പറഞ്ഞു…

“പണ്ട് ഒരു ഇടിയപ്പം തിന്നാൻ പോയിട്ട് ഇടി കിട്ടാതെ രക്ഷപ്പെട്ടത് ആരുടെ ഭാഗ്യം കൊണ്ടാണ് അറിയില്ല.. നീ ഇപ്പൊ ഇഡ്ഡലി തിന്ന്…”

അത് പറഞ്ഞപ്പോൾ ആണ് ആ കഥ ഓർമ്മ വന്നത്… അന്ന് മൂക്കുമുട്ടെ ഭക്ഷണം ഒക്കെ കഴിച്ച് ഗെയിമും കളിച്ച് കിടക്കുമ്പോൾ ആണ് ആൻഡ്രുവിന്റെ കോൾ വന്നത്…

“എന്താടാ..??”

“അളിയാ ഇടിയപ്പവും ഇറച്ചി കറിയും കഴിക്കാൻ പോയാലോ..??”

വയറു മുട്ടെ കഴിച്ചിട്ട് ഇരിക്കുക ആയിരുന്നു എങ്കിലും പരമു ഏട്ടന്റെ കടയിലെ ഇടിയപ്പവും ഇറച്ചി കറിയും ഓർത്തപ്പോൾ നാവിൽ വെള്ളം ഊറി.. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടാത്ത സ്വാദ് ആണ് അതിനു…

അങ്ങനെ പാതിരാത്രി ഞാനും ആൻഡ്രുവും വീടിന് പുറകിലെ വയൽ വരമ്പിലൂടെ കട ലക്ഷ്യമാക്കി നടന്നു.. കുമാരേട്ടന്റെ വീടിന് പുറകിൽ എത്തിയപ്പോൾ ആണ് എന്തോ ഒരു പൊട്ടിച്ചിരിയുടെ യും കൊഞ്ചലിന്റെയും ഒക്കെ ശബ്ദം കേട്ടത്.. സംഭവം അത് തന്നെ ബെഡ്റൂം സീൻ…

ഞങ്ങൾ കുറച്ച് നേരം അവിടെ നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി.. ആരും ഇല്ല എന്ന് ഉറപ്പായപ്പോൾ പതുക്കെ ജനൽ വിടവിലൂടെ ഉള്ളിലേക്ക് നോക്കി… കഷ്ടകാലത്തിന് അന്നേരം അതിലെ വന്ന ഏതോ ഒരു എമ്പോക്കി ഞങളെ കാണുകയും ആരെടാ അത് എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു…

കേട്ടതും ഞങൾ അവിടെ നിന്ന് ജീവനും കൊണ്ടോടി.. ഇരുട്ട് ആയത് കൊണ്ട് മുഖവും മറ്റും കാണാത്തത് കൊണ്ട് അന്ന് ഞങൾ രക്ഷപ്പെട്ടു… നാശം പിടിക്കാൻ സീൻ ഒന്ന് കാണാൻ പോലും പറ്റിയതും ഇല്ല….. ഹാ.. അതൊക്കെ ഒരു കാലം…

അങ്ങനെ ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങൾ ഒന്ന് പുറത്ത് പോകാൻ തീരുമാനിച്ചു.. നാളെ പുതിയ കോളജിലെ ആദ്യത്തെ ദിവസം അല്ലേ അപ്പോ കുറച്ച് ഡ്രെസ്സും ഷൂവും ഒക്കെ വാങ്ങാം എന്ന് വിചാരിച്ചു…

അങ്ങനെ മാളിൽ പോയി ഓരോ കടകൾ ആയി കയറി ഇറങ്ങി നടന്നപ്പോൾ ആണ് ഞങളുടെ പഴയ ഒരു ക്ലാസ്സ് മേറ്റിനെ കണ്ടത്.. അർജുൻ എന്നാണ് അവന്റെ പേര്.. പഠിക്കുന്ന സമയത്ത് തന്നെ ഇവനെ ഞങ്ങൾക്ക് കണ്ണിൽ കണ്ടൂടായിരുന്നു.. വേറൊന്നും കൊണ്ടല്ല ഒടുക്കത്തെ പഠിപ്പ് ആണ്.. അതിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ട് താനും…

അവൻ ഞങളെ കണ്ടു എന്ന് തോന്നുന്നു.. ഞങ്ങളുടെ അടുത്തേക്ക് തന്നെ ആണ് വരുന്നത്…

“ഹായ് ഷൈൻ… ഹായ് ആൻഡ്രൂ…”

“ഹായ്.. അർജുൻ..”

“നിങ്ങള് എന്താ ഷോപ്പിങ്ങിന് ഇറങ്ങിയത് ആണോ..??”

“അതേ.. ഞങൾ കുറച്ച് ഡ്രസ്സ് ഒക്കെ എടുക്കാൻ..”

“ഓകെ.. ബൈ ദി ബൈ നിങ്ങള് ഇപ്പൊ എന്ത് ചെയ്യുന്നു..??”

“ഞങ്ങള് ഇപ്പൊ ബി ടെക് ചെയ്യുന്നു…”

“അയ്യേ ബി ടെക് ആണോ.. ഞാൻ എംബിബിഎസ് ആണ്…”

“ഹോ.. ശരി അർജുൻ ഞങ്ങൾക്ക് കുറച്ച് തിരക്കുണ്ട് എന്നാൽ പിന്നെ കാണാം…”

“ഓകെ.. ബൈ…”

അവന്റെ ഒടുക്കത്തെ ഒരു ജാഡ…

“മച്ചാ അവനെ വിളിച്ചു ബാത്റൂമിൽ കൊണ്ട് പോയി ചവിട്ടി കൂട്ടിയാലോ..??”

“വേണ്ട മച്ചാ അവനൊന്നും നമുക്ക് ഒരു സീൻ അല്ല.. വിട്ട് കള…”

അങ്ങനെ മാളിൽ ഒക്കെ കുറെ നേരം കറങ്ങി ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒരു പടത്തിനും കയറി രാത്രി ആയപ്പോൾ ആണ് ഞങൾ വീട്ടിൽ തിരിച്ചെത്തിയത്…

ചേട്ടായി വന്നിട്ടുണ്ട്… ഞങൾ നേരെ റൂമിൽ പോയി സാധനങ്ങൾ ഒക്കെ എടുത്ത് വച്ച് കുളിച്ച് ഫ്രഷ് ആയി താഴേക്ക് ചെന്നു… സത്യത്തിൽ ഭക്ഷണം കഴിക്കാൻ ആണ് വന്നത്.. അല്ലാതെ ഇവരുടെ ഇടയിൽ വന്നു പെട്ടാൽ ഉപദേശിച്ചു കത്തിവച്ച് കൊല്ലും.. പ്രത്യേകിച്ച് അളിയൻ.. പുള്ളിടെ തള്ളു കേൾക്കുന്നതും ബേധം വല്ല അവാർഡ് പടവും കാണുന്നത് ആണ്…

ഞങ്ങളെ കണ്ടതും ചേച്ചി ഭക്ഷണം എടുക്കാൻ ആയി അകത്തേക്ക് പോയി.. അങ്ങനെ ഞങൾ നാല് പേരും ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു..

ഈ ഒരു അര മണിക്കൂർ ഞങൾ ഈ തള്ളു സഹിച്ചെ മതിയാകൂ.. വേറെ വഴിയില്ലല്ലോ… കഴിച്ച് തീർന്നതും ഒട്ടും സമയം പാഴാക്കാതെ ഗുഡ് നൈറ്റ് പറഞ്ഞ് ഞങൾ റൂമിലേക്ക് കയറി..

ആൻഡ്രൂ ഫോണിൽ എന്തൊക്കെയോ നോക്കുന്നുണ്ട്.. ഇൻസ്റ്റാഗ്രാമിൽ ഏതെങ്കിലും പെൺകുട്ടികളെ വളക്കുന്നത് ആയിരിക്കും.. ഞാനും ഫോണിൽ തന്നെ ആണ്.. പക്ഷേ പ്രേമവും പ്രണയവും ഒക്കെ നമ്മൾ പണ്ടെ വിട്ടതാണ്… അതിന്റെ കാരണം പിന്നെ പറയാം…

“അളിയാ.. മറ്റെ സ്നേഹ ലക്ഷ്മി ഫോളോ റിക്വസ്റ്റ് അസ്സപ്റ്റ്റ് ചെയ്തു…”

“അത് വല്ല ഫൈക്ക്‌ പ്രൊഫൈൽ ആകും ടാ.. ഒരു പണിയും ഇല്ലാത്ത അലവലാതി കൾ ആരെങ്കിലും ആകും..”

“ഏയ് ഇത് ഫൈക് ഒന്നും അല്ല… നല്ല കട്ട റിയൽ ആണ്.. പ്രൊഫൈൽ കണ്ടാൽ അറിയാം..”

“നീ അവളോട് ചാറ്റ് ചെയ്ത് ഇരിക്കാതെ ഉറങ്ങാൻ നോക്ക് നാളെ ക്ലാസ്സ് ഉള്ളതല്ലേ…??”

“അതിനല്ലേ അളിയാ നീ നേരത്തെ ഉറങ്ങുന്നത്.. നീ എഴുന്നേറ്റിട്ട്‌ എന്നെ വിളിച്ചാൽ മതി…”

“അത് പോയി നിന്റെ വല്യപ്പനോട് പറ..”

“ബി കൂൾ അളിയാ.. കൂൾ…”

ഞാൻ ഫോൺ ജൻലിന്റെ മേലെ വച്ചിട്ട് പുതപ്പ് വലിച്ച് തല വഴി ഇട്ട് ഉറങ്ങാൻ കിടന്നു… ആൻഡ്രൂ ഇപ്പോഴും ഫോണിൽ തന്നെ ആണ്…. ****************** ********************

രാവിലെ കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത് ….

“ഷൈൻ… ആൻഡ്രൂ… നിങ്ങള് ഇത് വരെ എഴുന്നേറ്റില്ലെ..?? ഷൈൻ….???”

“ആ ചേച്ചി എഴുന്നേറ്റു….”

ചേച്ചി ആണ് …നേരം വൈകി.. ആൻഡ്രുവിനെ നോക്കിയപ്പോൾ അവൻ നല്ല ഉറക്കം ആണ്… പതിവ് പോലെ ഒരു ചവിട്ട് വച്ച് കൊടുത്തു…

“അളിയാ.. ലൈറ്റ് ആയോ..???”

“അത് പിന്നെ പതിവ് ആണല്ലോ.. പെട്ടന്ന് റെഡി ആകാൻ നോക്ക്….”

ഞങൾ രണ്ടുപേർക്കും പിന്നെ ഒരു വെപ്രാളം ആയിരുന്നു.. പല്ല് തേപ്പും കുളിയും ഒക്കെ പെട്ടന്ന് തീർത്ത് ഡ്രസ്സ് ഒക്കെ മാറി ഞങ്ങൾ താഴേക്ക് ഓടിയിറങ്ങി…

“ഷൈൻ ചായ കുടിക്കുന്നില്ലെ..??”

“ഇല്ല ചേച്ചി ലൈറ്റ് ആയി.. ഞങൾ കാന്റീനിൽ നിന്ന് കുടിച്ചോലാം…”

ഞാൻ വേഗം ബൈകിൽ കയറി ഹെൽമെറ്റ് വച്ചു.. ആൻഡ്രൂ പുറകിലും കയറി..

ലേറ്റ് ആയത് കൊണ്ട് തന്നെ നല്ല സ്പീഡിൽ ആണ് വണ്ടി ഓടിച്ചത്.. സ്പീഡ് എന്ന് പറഞ്ഞാൽ ഓവർ സ്പീഡ് തന്നെ..

വണ്ടി അതിവേഗത്തിൽ ആണ് പോകുന്നത്..

“അളിയാ ഇത്ര സ്പീഡ് വേണോ..?? കുറച്ച് കുറച്ചൂടെ..??”

“മിണ്ടാതെ ഇരിയെടാ.. ഇതൊക്കെ ഞാൻ എത്ര കണ്ടതാ…”

പറഞ്ഞ് നാവ് വായിലേക്ക് ഇട്ടതും സൈഡിലെ റോഡിൽ നിന്നും ഒരു സ്‌കൂട്ടിയുമായി ഒരു പെൺകുട്ടി മുന്നോട്ട് വന്നതും ഒരുമിച്ച് ആയിരുന്നു… ഒറ്റയടിക്ക് ഞാൻ ബ്രൈക്ക്‌ പിടിച്ചതും മുൻപിലെ ടയർ ചരലിൽ ഉരഞ്ഞ് വണ്ടി സ്ലിപ്പ്‌ ആയി…

ഞാനും ആൻഡ്രൂവും ബൈക്കും താഴെ വീണു.. ബൈക്ക് സ്പീഡ് കുറഞ്ഞതിന് ശേഷം ആണ് മറിഞ്ഞത്.. അത് കൊണ്ട് ഞങ്ങൾക്ക് ആർക്കും ഒന്നും പറ്റിയില്ല… തെറ്റ് പൂർണമായും എന്റെ ഭാഗത്ത് ആണ്.. എന്നാലും എന്റെ ഈഗോ അതിനു സമ്മതിച്ചില്ല.. ഞാൻ റോഡിൽ നിന്നും എണീറ്റ് ഹെൽമെറ്റ് ഊരി ആ സ്‌കൂട്ടിക്ക്‌ നേരെ നടന്നു.. എന്റെ പിന്നാലെ ആൻഡ്രൂവും..

“എവിടെ നോക്കീട്ട് ആടി നീ വണ്ടി ഓടിക്കുന്നത്..?? നിന്റെ മുഖത്ത് എന്താ കണ്ണില്ലെ…?? ആകാശത്ത് നോക്കി ആണോ മൈൻ റോഡിലേക്ക് കയരുന്നത്…”

“അളിയാ വിട്ട് കള.. ഒരു പെങ്കൊച്ച് അല്ലേ..”

“പെങ്കൊച്ച് ആയത് കൊണ്ടാണ് ഞാൻ ഒന്നും ചെയ്യാത്തത്.. അല്ലെങ്കിൽ രണ്ടെണ്ണം പൊട്ടിച്ചിട്ടെ ഞാൻ സംസാരിക്കാൻ പോലും തുടങ്ങൂ…”

ഞാൻ ഇത് പറഞ്ഞതും ആ കുട്ടി കരയാൻ ആരംഭിച്ചു.. അപ്പോളാണ് ഞാൻ അവളെ ശരിക്കും ശ്രദ്ധിക്കുന്നത് തന്നെ… ഒറ്റ നോട്ടത്തിൽ കണ്ടാൽ നമ്മുടെ ഗോദ സിനിമയിലെ നടിയെ പോലെ തന്നെ…. സത്യത്തിൽ അവൾ കരയുന്നത് കണ്ടപ്പോൾ ചെറിയ പേടി തോന്നി.. ആരെങ്കിലും കണ്ടാൽ പ്രശ്നം ആകും…

“കുട്ടി.. കരയണ്ട… ഓകെ.. കുട്ടി പോക്കൊളു…”

അവള് കണ്ണീർ തുടച്ചിട്ട് ആഗ്യ ഭാഷയിൽ കൈ കൊണ്ട് എന്തൊക്കെയോ കാണിച്ചു.. എന്നിട്ട് രണ്ട് കയ്യും ചെവിയിൽ വച്ചിട്ട് എന്തോ കാണിച്ചു.. അത് സോറി ആണ് എന്ന് എനിക്ക് മനസ്സിലായി… ഓഹോ അപ്പോ ഈ കുട്ടിക്ക് സംസാരിക്കാൻ കഴിയില്ല അല്ലേ… ശെ.. പാവം.. ഞാൻ ആണെങ്കിൽ ഒരു കാര്യവും ഇല്ലാതെ വെറുതെ കുറെ ചീത്തയും പറഞ്ഞു… ഞാൻ സോറി പറയാൻ തുടങ്ങുന്നതിനും മുന്നേ ആൻഡ്രൂ പറഞ്ഞു തുടങ്ങി..

“കുട്ടി പൊയ്ക്കോളൂ.. സാരമില്ല.. ഇവൻ വെറുതെ പറയുന്നതാ.. കുട്ടി ചെല്ലൂ…”

ഇത് കേട്ടതും അവൾ എന്റെ മുഖത്തേക്ക് ഒന്ന് കൂടി നോകിയ ശേഷം വണ്ടിയും എടുത്ത് അവിടെ നിന്നും പോയി…

ഞാനും തിരികെ വന്ന് വണ്ടി എടുത്ത് പൊക്കി സ്റ്റാന്റിൽ ഇട്ടു…

“അളിയാ നീ ചെയ്തത് മഹാ മോശം ആയി പോയി.. ഒന്നുല്ലെങ്കിലും സംസാരിക്കാൻ കഴിയാത്ത കുട്ടി അല്ലേ…”

“എടാ അതിനു എനിക്ക് അറിയില്ലല്ലോ അത് സംസാരിക്കാൻ കഴിയാത്ത കുട്ടി ആണെന്ന്..”

“എന്നാലും നീ നിന്റെ ദേഷ്യം കുറച്ചൊക്കെ കണ്ട്രോൾ ചെയ്യണം അളിയാ..”

“മോനെ.. നീ ഒരുപാടങ്ങ് കെയർ ചെയ്യല്ലേ.. ഇപ്പൊ വണ്ടിയിൽ കയറ്.. ക്ലാസ്സ് തുടങ്ങി കാണും…”

സത്യത്തിൽ അവളോട് ഒരു കാര്യവും ഇല്ലാതെ ദേഷ്യപ്പെട്ടത് എന്റെ ഉള്ളിൽ ചെറിയ ഒരു വിഷമവും കുറ്റ ബോധവും ഉണ്ടാക്കി.. ആ സാരമില്ല.. അത് പോട്ടെ..

അങ്ങനെ ഒരു വിധം ഞങൾ കോളജിൽ എത്തി.. നല്ല വിശപ്പ് ഉണ്ട്.. ഇന്റർവെൽ ആയിട്ട് വേണം കാന്റീനിൽ പോയി വല്ലതും കഴിക്കാൻ… നോട്ടീസ് ബോർഡിൽ കോളേജ് മാപ്പ് നോക്കി ക്ലാസ്സ് എവിടെ ആണ് എന്ന് കണ്ട് പിടിച്ചു…

വിചാരിച്ച പോലെ തന്നെ ഞങൾ എത്തിയപ്പോലേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു…

“May us come in miss??”

ആൻഡ്രു ആണ് ചോദിച്ചത്… ചോദ്യം കേട്ടതും മിസ്സ് ഞങളെ രണ്ടാളെയും ഒന്ന് ഇരുത്തി നോക്കി…

“നിങ്ങള് ആണോ പുതിയ അഡ്മിഷൻ..??”

“അതേ മിസ്സ്..”

“ഓകെ അകത്തേക്ക് വരൂ.. എന്താ നിങ്ങളുടെ പേര്..??”

“ഷൈൻ….”

“ആൻഡ്രൂസ്..”

“ഓകെ.. രണ്ട് പേരും എവിടെയാ എന്ന് വെച്ചാൽ ഇരുന്നോളു.. പരിചയപ്പെടൽ ഒക്കെ പിന്നെ ആകാം..”

അല്ലെങ്കിലും ഈ ക്ലാസ്സിനു മുന്നിൽ പോയി നിന്ന് സ്വയം പരിചയപ്പെടുത്താൻ ഒന്നും എന്നെ കിട്ടില്ല..

മിസ്സ് നല്ല അടിപൊളി ആയി ക്ലാസ്സ് എടുക്കുന്നുണ്ട്.. ഞാനും ആൻഡ്രൂവും ക്ലാസ്സിലെ ഓരോ സംഭവങ്ങളും ഓരോരുത്തരുടെ മുഖവും ഒക്കെ നോക്കി ഇരിക്കുക ആയിരുന്നു… പെട്ടന്നാണ് ഒരു കിളി നാദം…

“May I come in miss..??”

എന്ത് സ്വീറ്റ് വോയ്സ് ആണ്.. ഞാൻ വാതിൽക്കലേക്ക് നോക്കി… ഹേ.. ഇത് അവൾ അല്ലേ…

“ടാ ആൻഡ്രൂ ഇത് അവൾ അല്ലേ നമ്മൾ സ്‌കൂട്ടിയിൽ കണ്ട ഊമ പെണ്ണ്…”

“അതേ അളിയാ…”

ഞാനും ആൻഡ്രൂവും പരസ്പരം നോക്കി… (തുടരും..)

ഇതൊരു തുടക്കം മാത്രം ആണ്… നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയും, നിങ്ങളുടെ സ്നേഹം 💖 ആയും അറിയിക്കുക… THANKS

Comments:

No comments!

Please sign up or log in to post a comment!