ഒരു തെക്കു വടക്കൻ പ്രണയം

പുതിയ കഥ, സ്ഥിരം ശൈലിയിൽ നിന്ന് മാറ്റി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഇതും ഒരു പ്രണയ കഥ തന്നെയാണ്. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഐ പ്രെസെന്റ് യു “ഒരു തെക്കു വടക്കൻ പ്രണയം”..മഴ, ചായ, ജോൺസൻ മാഷ് ഹാ.. അന്തസ്സ്.. ദുൽഖർ സൽമാൻ സിനിമയിൽ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണെങ്കിലും ഞാൻ പറയുമ്പോ ചെറിയൊരു വ്യത്യാസം ഉണ്ട്.

“മഴ, ചായ, വിദ്യാസാഗർ.. ഹാ.. തേപ്പ് ഓർമ്മകൾ” വേറൊന്നും കൊണ്ടല്ല, പുള്ളിടെ പാട്ടുകൾ എല്ലാം എന്റെ ഓർമയിലെ മധുരമില്ലാത്ത നിമിഷങ്ങൾ പൊക്കി എടുത്തു കൊണ്ട് വരും. കാര്യം പ്രണയഗാനങ്ങൾ ആണെങ്കിലും പ്രണയനഷ്ടം സംഭവിച്ച ആളാണ്‌ കേൾക്കുന്നത് എങ്കിൽ തേപ്പ് മാത്രമേ ഓർമ്മ വരുള്ളൂ.. ഇറ്സ് എ ഫാക്ട് ഗയ്‌സ്..

ഗുഡല്ലൂർ നിന്ന് വരുന്ന വഴി മുത്തങ്ങ ചെക്ക് പോസ്റ്റ്‌ കടന്ന ഉടനെ ആണ് ചായ കുടിക്കാനുള്ള മോഹം വന്നത്, ചെറിയൊരു ചാറ്റൽ മഴയും നല്ല തണുത്ത കാറ്റ് മേമ്പൊടി ആയിട്ട് വീശുന്നുമുണ്ട്. ആദ്യം കണ്ട ചായകടക്ക് സമീപം ബൈക്ക് നിർത്തി ഞാനിറങ്ങി.

അത്ര വലിയ ലഗേജ് ഒന്നുല്ല, ഉള്ളത് ബൈക്കിന്റെ ബാക്കിൽ വെച്ചിരിക്കുന്ന ടോപ് ബോക്സിനകത്തു ഭദ്രം.

പൊടിച്ച ഏലക്ക ഇട്ട നല്ല സുഗന്ധമുള്ള ചായ കുടിക്കുമ്പോഴാണ് റേഡിയോയിൽ

“എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..

അത്ര മേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ..

ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..”

പണ്ടാരടങ്ങാൻ.. വേറെ പാട്ടൊന്നും ഇല്ലേ.. എന്റെ മൂഡ് പതിയെ മാറാൻ തുടങ്ങുന്നത് എനിക്കനുഭവപ്പെടുന്നുണ്ട്.. നിയന്ത്രിക്കാൻ ആവാത്ത ഒരു ദേഷ്യം ഉടലെടുക്കുന്ന അനുഭവം. ഞാൻ പാതി കുടിച്ച ചായ അവിടെ വെച്ച് കാശ് കൊടുത്ത് ഇറങ്ങി..

ബാക്കി എന്ന് ആ ചായക്കടക്കാൻ പറയുന്നുണ്ട്, ഞാൻ ചെവി കൊടുക്കാതെ കടയിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ വെച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

“വ്ർരൂം… വ്ർരൂം…വ്ർരൂം…” എന്റെ ട്രയംഫ് ടൈഗർനു വെച്ചേക്കുന്ന ആരോ എക്സ്ഹോസ്റ്റ് മുരളാൻ ആരംഭിച്ചു.. ചായക്കടയിലും പരിസരത്തും ഉണ്ടായിരുന്ന ആൾക്കാർ കൈ വെക്കാൻ വേണ്ടി അടുത്തേക്ക് വരുമെന്ന് ആയപ്പോൾ ഫസ്റ്റ് ഗിയറിൽ ഇട്ട് ചെളി തെറിപ്പിച്ചു റോഡിലേക്ക്.. മഴത്തുള്ളികൾ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും എന്റെ വേഗത്തെ കുറക്കാൻ അത് മതിയാകില്ലായിരുന്നു.. ഗിയറുകൾ ഒന്നൊന്നായി മാറ്റി കൊണ്ട് 120നു മുകളിൽ സ്പീഡിൽ എന്റെ ബ്ലു ബ്യൂട്ടി പറന്നു..

തേപ്പ് എന്നു പറയുമ്പോൾ നല്ല ആടാർ തേപ്പ് ആണ് ഞാൻ വാങ്ങിച്ചത് എന്നൊന്നും വിചാരിക്കരുത്.

ഇപ്പോ കാണിച്ചത് ഇത്തിരി പ്രഹസനം ആണ്, ഈ പ്രായത്തിനുള്ളിൽ 5-6 പേരെ അങ്ങോട്ട് കേറി പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അതിൽ തന്നെ 3 പേരെ എന്നെ അക്‌സെപ്റ് ചെയ്തുള്ളു, ഒരെണ്ണം 3 മാസം..

അടുത്തത് ഒന്നര വർഷം, അവസാനത്തേത് 6 മാസം ഇത്രേം നാളെ അത് മുന്നോട്ട് പോവുകേം ചെയ്തുള്ളു. ബാക്കി ഉള്ള സമയങ്ങളിൽ എല്ലാം ഞാൻ ദെ ഇപ്പോഴുള്ള അതെ അവസ്ഥയിൽ ആയിരിക്കും. അവസാനമായി എന്നെ തേച്ചവളെ ഞാൻ ശെരിക്കും പ്രേമിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്, പ്രേമം അവളുടെ ശരീരത്തോട് ആയിരുന്നു. അതോണ്ട് തന്നെ ഒടുക്കം സത്യം അവൾ മനസ്സിലാക്കി നൈസ് ആയിട്ട് എന്നെ ഒഴിവാക്കിയതിൽ തെറ്റ് പറയാൻ ഒക്കില്ല..

ഇപ്പോഴത്തെ ഈ യാത്ര പ്രത്യേകിച്ച് കാര്യ കാരണം ഒന്നും ഇല്ലാതെ ആണ്. ജോലി ഇല്ലാതിരുന്ന ഒരു ഞായറാഴ്ച വണ്ടിയുമെടുത്തു ഇറങ്ങി. വൈകുന്നേരത്തോടെ തിരിച്ചു വീട്ടിലേക്ക്, രാത്രിക്ക് മുമ്പേ വീട്ടിലെത്തിയാൽ അമ്മയുടെ ചീത്ത വിളിക്ക് കുറച്ച് കുറവുണ്ടാകും.

രാത്രി ആവാറായതോടെ റോഡിലെ തിരക്ക് കുറേശെ വർദ്ധിക്കാൻ തുടങ്ങി. മുക്കം ടൌൺ കടന്ന് കിട്ടാൻ കുറച്ച് കഷ്ടപ്പെട്ടു. എന്നാലും രാത്രി പത്തു മണിയോടെ വീടെത്തി.

കോഴിക്കോട് ചേവായൂരിനടുത്താണ് വീട്, ഒരു ഹൌസിങ് കോളനി. ഞങ്ങളിവിടെ പുതിയ താമസക്കാരാണ്, പപ്പക്ക് തറവാട് ഭാഗം വെച്ചപ്പോൾ കിട്ടിയ കാശ് എടുത്ത് ഈ വീടങ്ങു മേടിച്ചു. പപ്പക്ക് ടൗണിൽ ജുവല്ലറി ആണ്, രാവിലെ വീട്ടീന്ന് ഇറങ്ങിയാൽ രാത്രി ആവുമ്പോ എത്തും. ഞായറാഴ്ച എല്ലാരുടേം കൂടെ വീട്ടിൽ, അമ്മ കുറേശെ എംബ്രോയിഡറി വർക്ക്‌ ഒക്കെ ചെയ്യുന്ന ഒരു സാധാരണ വീട്ടമ്മ. സഹോദരങ്ങളായി എനിക്കാകെ ഒരു അനിയത്തി മാത്രമേ ഉള്ളു, പുള്ളിക്കാരി സിഎ പഠിക്കുന്നു. എന്റെ ഏറ്റവും വലിയ ശത്രുവും മിത്രവും ലവൾ തന്നാണ്. മനസ്സിൽ എന്തെങ്കിലും വിചാരിച്ചാൽ ഞാൻ പറയുന്നതിന് മുന്നേ തന്നെ അവളറിയും, ഒരു തരം ടെലിപ്പതി ഉണ്ട് ഞങ്ങൾ തമ്മിൽ.

വീട്ടിലെത്തി ബൈക്ക് പോർച്ചിലേക്ക് നിർത്തി ഞാൻ അകത്തേക്ക് കയറി. എല്ലാവരും കൂടെ ഒരുമിച്ചിരുന്നു സംസാരിക്കുന്നു, എന്നെ പറ്റി കുറ്റം വല്ലോം പറയണോ എന്ന രീതിയിൽ ഞാൻ എല്ലാവരെയും ഒന്നു നോക്കി.

“ഹാ.. നോക്കെടി ദെ വന്നിരിക്കുന്നു നിന്റെ മോൻ” പപ്പ ആദ്യത്തെ ഗോളടിച്ചു.

“ഹാ.. ചേട്ടായി, ഈ വഴി ഒക്കെ അറിയാലേ” ദെ ലവളുടെ വക അടുത്തത്.

“മിണ്ടാതിരിക്കെടി, കുട്ടി പോയി കുളിച്ചിട്ട് വാ ഭക്ഷണം എടുത്ത് തരാം” അല്ലെങ്കിലും എന്റെ അമ്മക്ക് മാത്രേ എന്നോട് സ്നേഹമുള്ളു.


പപ്പയെയും ലവളെയും ഒന്നു നോക്കിയ ശേഷം ഞാൻ അകത്തേക്ക് പോയി, രണ്ടും നല്ല ചിരിയാണ് പുറകിൽ. ഹാ.. ഇത്തവണത്തേക്ക് ക്ഷെമിച്ചു. മിക്കവാറും എപ്പഴും ക്ഷെമിക്കാറു തന്നാണ് പതിവ്, ആ രണ്ടെണ്ണം ഒന്നിച്ചാൽ അടിച്ചു നിൽക്കാൻ എനിക്ക് പറ്റാറില്ല.

റൂമിലെത്തി ജാക്കറ്റ്, ഡ്രസ്സ്‌ എല്ലാം അഴിച്ചു നേരെ ബാത്‌റൂമിൽ കയറി നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു. കുളിച്ചു കഴിഞ്ഞ് കുറച്ച് കത്തി ഒക്കെ അടിച്ചു എല്ലാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച് നേരെ ബെഡിലേക്ക്.

ഉറക്കം വരാതെ കിടന്നപ്പോൾ ഫോൺ എടുത്ത് ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ഇജ്ജാതി അപ്പ്സ് എല്ലാം തുറന്നും അടച്ചും ഒരൊന്നൊന്നര മണിക്കൂർ അങ്ങ് പോയി. എപ്പോഴോ അങ്ങ് ഉറങ്ങി പോവുകയും ചെയ്തു.

രാവിലെ എണീറ്റ് ഓഫീസിൽ പോണല്ലോ എന്നാലോചിച്ചപ്പോ തന്നെ നല്ല മടി. വേറൊന്നുമല്ല ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന എല്ലാർക്കും ഉണ്ടാവുന്നതേ എനിക്കുമുള്ളു. ഒരു ടെലികോം കമ്പനിയിൽ സെയിൽസ് മാനേജർ ആയ എനിക്കുണ്ടാവുന്ന ജോലി സമ്മർദ്ദവും ചീത്ത വിളിയും എല്ലാം മറക്കുന്നത് വീക്കെൻഡിൽ ഉള്ള യാത്രയിലാണ്.

മടിയെല്ലാം മാറ്റി വെച്ച് കുളിച്ചു റെഡി ആയി ഓഫീസിലേക്ക് ഇറങ്ങി. ദിവസേന ഉള്ള യാത്രകൾക്ക് ഞാനുപയോഗിക്കുന്നത് എൻ-ടോർക് ആണ്. അത്യാവശ്യം മൈലേജും ഉണ്ട്, ഈസി ടു യൂസ് ആണ്. ഓഫീസിലെത്തി പതിവ് ചീത്ത വിളികൾ കേട്ട്, മാർക്കറ്റ് വിസിറ്റിംഗ് എല്ലാം ആയി രാത്രി ആയി. ഞങ്ങളുടെ ജോലിക്കൊരു പ്രത്യേകത ഉണ്ട്, വർക്കിംഗ്‌ ടൈം ആരംഭിക്കുന്നതിനു മാത്രമേ കൃത്യത ഉള്ളു അവസാനിക്കുന്നതിനു ഇല്ല. അന്നെ ദിവസത്തെ ടാർഗറ്റ് എത്താതെ ഒരുത്തനും വീട്ടിൽ പോവാൻ പാടില്ല എന്നാണ് അലിഖിത നിയമം.

റീടൈലർമാരുടെയും കസ്റ്റമർസിന്റെയും കയ്യും കാലും പിടിച്ച് അന്നത്തെ ടാർഗറ്റ് ഒപ്പിച് ഓഫീസിലെ ടീമ്സിന്റെ കൂടെ ഓരോ ജ്യൂസ്‌ ഒക്കെ കുടിച്ച് പിരിഞ്ഞു.

ഇത് തന്നെ അടുത്ത ദിവസവും അതിന്റടുത്ത ദിവസവും ഒരു മാറ്റവും ഇല്ല. ഇനി അടുത്തെങ്ങാനും പ്രൊമോഷൻ ആയാൽ പിന്നെ പണി എടുപ്പിക്കേണ്ട പണി ആവും എനിക്ക്. ആലോചിക്കുമ്പോൾ തന്നെ ഭ്രാന്ത്‌ പിടിക്കുന്നുണ്ട്. എല്ലാം കൂടെ വലിച്ചെറിഞ്ഞു എങ്ങോട്ടേലും ഓടി പോയാലോ എന്ന ചിന്ത ഇടക്കിടെ കേറി വരും. കഷ്ടപ്പെട്ട് എംബിഎ വരെ പഠിപ്പിച്ച പപ്പയെ ഓർത്തും കനത്തിൽ കിട്ടുന്ന സാലറി ഓർത്തും ക്ഷെമിച്ചു ജീവിക്കുന്നു.

ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു പോയി കൊണ്ടിരുന്നു, വീണ്ടും വീക്കെൻഡ് ആവാറായി. ഫ്രൈഡേ രാവിലെ വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ ആണ് കോളേജ് ക്ലാസ്സ്‌മേറ്റ്സ് ഗ്രൂപ്പിൽ ഒരു മെസ്സേജ് കണ്ടത് ട്രിപ്പ്‌ പ്ലാനിങ് ആണ്.
ദൂരത്തേക്ക് ഒന്നുമല്ല മൂന്നാർ വരെ. ഗ്രൂപ്പിൽ എല്ലാ മാസത്തിലും ഒരു ട്രിപ്പ്‌ പ്ലാൻ ഉണ്ടാവാറുള്ളതാ, പിന്നെ ഇടക്ക് ഇങ്ങനെ ആരെങ്കിലും ഇന്റെറെസ്റ്റ്‌ എടുത്താൽ കൂടെ കൂടാറുമുണ്ട്. ഞാൻ ഓകെ ആണെന്ന് മെസ്സേജ് അയച്ചു. വയനാട് ഉള്ള പയ്യനാണ്, പേര് അമീർ അവന്റെ കയ്യിൽ ഉള്ളതും ടൈഗർ തന്നാണ് എക്സ് ആർ വേരിയന്റ് ആണെന്ന് മാത്രം. എന്റേത് എക്സ് സി വേരിയന്റ് ആണ് ഓഫ്‌ റോഡിങ്ങിനു അനുയോജ്യമായത്, എന്ന് വെച്ച് ഞാൻ അങ്ങനെ ഓഫ്‌ റോഡിങ് ഒന്നും ചെയ്യാറില്ല. ഒന്നാമത്തെ കാര്യം ചെറിയൊരു ഭയമുണ്ട്, രണ്ടാമത്തെ കാര്യം കൂടെ ആരൂല്ല. പിന്നെ കുറച്ച് കാര്യങ്ങൾ ഒക്കെ പഠിക്കാനുമുണ്ട്, സമയവും സാഹചര്യവും ഒത്തു വന്നാൽ അതിന്റെ ക്ലാസ്സിൽ പങ്കെടുക്കണം എന്ന പ്ലാൻ മനസ്സിലുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും കാര്യമായി പണി ഒന്നും തരാതെ കടന്നു പോയി. തിങ്കളാഴ്ച ദേശീയ അവധി ആണ്, അതോണ്ട് ഒരു ദിവസം അധികം ലീവും കിട്ടി. ഞാൻ അമ്മയോടും പപ്പയോടും യാത്രയുടെ കാര്യം പറഞ്ഞ് തയ്യാറെടുപ്പ് തുടങ്ങി.

പുലർച്ചെ അഞ്ചു മണിക്ക് യാത്ര തുടങ്ങാനാണ് പ്ലാൻ. അമീർ നേരത്തെ പുറപ്പെട്ടു അഞ്ചു മണിക്ക് വീടിനു സമീപം എത്താമെന്ന് പറഞ്ഞിട്ടുമുണ്ട്. ഞാൻ അഞ്ചു മണി ആയിട്ടും അവനെ കാണാതായതോടെ ഫോൺ വിളിക്കാമെന്ന് തീരുമാനിച്ചു.

“ഹലോ ഡാ”

“യെസ് ബ്രോ”

“വേർ ആർ യു?”

“സോറി ബ്രോ.. ഒരാളെ പിക്ക് ചെയ്യാനുണ്ടായിരുന്നു.. ഓൺ മൈ വേ, വിൽ ബി ദേർ ഇൻ സെ 15 മിനുട്സ്”

“ആൾ റൈറ്റ് മാൻ”

അവൻ ഫോൺ കട്ട്‌ ചെയ്തു, ഞാൻ ബൈക്കിന്റെ ചെയിൻ ലൂബിങ്, ടയറിലെ എയർ പ്രഷർ എല്ലാം ഒന്നുടെ ചെക്ക് ചെയ്ത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അമ്മ ഉറക്കം കളഞ്ഞു എന്നെ യാത്ര ആക്കാൻ നിൽപ്പുണ്ടായിരുന്നു. റ്റാറ്റാ കാണിച്ചു ഞാനിറങ്ങി.

റോഡിലെത്തി വീണ്ടും അമീറിനെ കാത്തു നിൽക്കാൻ തുടങ്ങി. ഗോ പ്രോയിലെയും ഡിഎസ്എൽആർലെയും ബാറ്ററി ചാർജ്ഡ് അല്ലെ എന്ന് ഒന്ന് കൂടെ നോക്കി ഉറപ്പ് വരുത്തി തിരിച്ചു ബാഗിലേക്ക് വെച്ചു. അധികം വൈകിയില്ല രണ്ടു ബൈക്കുകൾ എന്റരികിൽ വന്നു നിന്നു. ഒന്നു നേരത്തെ ഞാൻ സംസാരിച്ച അമീറിന്റേത് ആണ് കൂടെ ഉള്ളത് ആരാണെന്ന് എനിക്ക് മനസ്സിലായില്ല. രണ്ട് ബൈക്കിന്റെയും പുറകിൽ നിന്ന് ഓരോരുത്തർ ഇറങ്ങി വന്നു.

ഇതെന്താ കപ്പിൾസ് റൈഡ് ആണോ, വേണ്ടായിരുന്നു. ഞാൻ ബൈക്കിൽ നിന്നിറങ്ങി അവരുടെ അരികിലേക്ക് നടന്നു ചെന്നു. അമീറിന്റെ കൂടെ ഉള്ളത് അവന്റെ ഗേൾഫ്രണ്ട്‌ ആണ് പേര് സാനിയ. രണ്ടാമത്തെ ബൈക്കിൽ നിന്ന് ഇറങ്ങിയ ആളെ ഞാൻ അപ്പോഴാണ് ശ്രെദ്ധിച്ചത് ഷാൻ കൂടെ പഠിച്ചവൻ ആണ്.


“എടാ നീയാ, ഒന്ന് വിളിച്ചത് പോലും ഇല്ലാലോ”

“തിരക്കാണ് അളിയാ” അവൻ കൈ തന്നു കൊണ്ട് പറഞ്ഞു. പുള്ളി കൊച്ചിയിൽ ആയിരുന്നു വർക്കിംഗ്‌, ഇപ്പൊ ഒരു ഹോട്ടൽ ബിസിനസ്‌ തുടങ്ങാനായി ഉള്ള ഓട്ടത്തിൽ ആണ്.

അവന്റെ കൂടെ ഉള്ളത് ഗേൾഫ്രണ്ട് അഞ്ജലി കൊച്ചിയിൽ മെഡിക്കൽ സ്റ്റുഡന്റ് ആണ്. കൂട്ടത്തിൽ സാനിയയെ എനിക്ക് അറിയില്ല, അഞ്ജലിയോട് ഫോണിൽ ഇടക്കൊക്കെ സംസാരിച്ചിട്ടുണ്ട് പക്ഷെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്. ഓരോ റൗണ്ട് കളിയാക്കലും ഒക്കെ കഴിഞ്ഞ്  ഹെൽമെറ്റ്‌ എല്ലാം വെച്ച് മൂന്ന് പേരുടെയും ഹെല്മെറ്റിലെ സ്പീക്കർ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്തു.

അമീർ ആദ്യം വണ്ടിയെടുത്തു പുറകെ ഷാനും ഏറ്റവും പുറകിലായി ഞാനും. ആദ്യത്തെ ലക്ഷ്യം തൃശൂർ ആണ് അവിടന്ന് ബ്രേക്ഫാസ്റ് എല്ലാം കഴിച്ചു അങ്കമാലി, പെരുമ്പാവൂർ, അടിമാലി വഴി മൂന്നാർ അതായിരുന്നു പ്ലാൻ. മൊത്തം 6 മണിക്കൂർ റൈഡ് ആണ് പ്ലാൻ ചെയ്തത്. തൃശൂർ എത്താൻ രണ്ട് മണിക്കൂർ എടുത്തു. നല്ലൊരു വെജിറ്റേറിയൻ റെസ്റ്റോറന്റിൽ കയറി പ്രഭാത ഭക്ഷണം കഴിച്ച് മൂന്നാർ ലക്ഷ്യമാക്കി യാത്രയായി.

ഞായറാഴ്ച രാവിലെ ആയത് കൊണ്ടാവാം റോഡ് വളരെ തിരക്ക് കുറഞ്ഞതായിരുന്നു. ഓരോ അമ്പത് കിലോമീറ്റർ കൂടുമ്പോഴും വണ്ടി നിർത്തി ആയിരുന്നു യാത്ര. നിർത്തി നിർത്തി പോയതോണ്ട് ആർക്കും ക്ഷീണം ഒന്നും ഉണ്ടായില്ല, നേരത്തെ ബുക്ക്‌ ചെയ്ത റിസോർട്ടിൽ ചെക്ക് ഇൻ ചെയ്ത് ലഗേജ് എല്ലാം വെച്ച് എല്ലാരും സൈറ്റ് സീയിങ്നു ഇറങ്ങി.. എന്നെ നൈസ് ആയി ഒഴിവാക്കിയിട്ട് അവര് കപ്പിൾ ആയി കറങ്ങി നടപ്പ് തുടങ്ങി, ഞാൻ കുറച്ച് പ്രകൃതി ഭംഗി ഒക്കെ ക്യാമറയിലാക്കി അവിടേം ഇവിടേം വായി നോക്കി നടന്നു.

രാത്രി ആയപ്പോ ക്യാമ്പ് ഫയർ പിന്നെ കുറച്ച് മ്യൂസിക് വിത്ത്‌ ബോഡി മസിൽ ഒക്കെ കഴിഞ്ഞ് തിരിച്ചു റൂമിലേക്ക്. പിറ്റേന്ന് രാവിലെ ബൈക്ക് എടുത്ത് കറങ്ങാൻ ഇറങ്ങാൻ നേരം അമീറിന്റെ ബൈക്കിനു ചെറിയൊരു സസ്പെൻഷൻ പ്രോബ്ലം. വേണേൽ അത് വെച്ച് യാത്ര തുടരാം, പക്ഷെ തിരിച്ചു വയനാട് വരെ എത്തണ്ടേ എന്നാലോചിച്ചപ്പോ നേരെ സർവീസ് സെന്ററിൽ പോവാമെന്ന് തീരുമാനം ആയി.

ഇന്ന് നാഷണൽ ഹോളിഡേ ആണല്ലോ എന്നാലോചിച്ചപ്പോ പണി കിട്ടി എന്നാണ് വിചാരിച്ചത്. പക്ഷെ സർവീസ് സെന്ററിൽ വിളിച്ചപ്പോൾ കൊണ്ട് വന്നാൽ അവര് റെഡി ആക്കി തരാമെന്ന് പറഞ്ഞു. ഞങ്ങൾ ട്രിപ്പ്‌ വെട്ടി ചുരുക്കി നേരെ കൊച്ചിക്ക് വിട്ടു.

****

കൊച്ചിയിലെ സർവീസ് സെന്ററിൽ ബൈക്ക് കൊടുത്തു് ഭക്ഷണം കഴിക്കാനായി അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ ഞങ്ങളെല്ലാരും കയറി. ആറു പേർക്ക് ഇരിക്കാവുന്ന ടേബിളിൽ ഞങ്ങൾ അഞ്ചു പേരും ഹെൽമെറ്റ്‌ എല്ലാം മാറ്റി വെച്ച് ഇരുന്നു. അവർ നാലു പേരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാനെന്റെ ഗോ പ്രോയിലെ വിഡിയോസും ക്യാമെറയിലെ ഫോട്ടോസും നോക്കി കൊണ്ടിരുന്നു. 4കെ റെസൊല്യൂഷനിൽ റൈഡിങ് വീഡിയോസ് കാണുമ്പോൾ യാത്ര ചെയ്ത അതെ

ഫീൽ തന്നെ കിട്ടും. ഞാനാ വിഡിയോ എല്ലാം ഫാസ്റ്റ് ഫോർവേഡ് ചെയ്തു കാണുമ്പോ എന്താ ചെയ്യുന്നേ എന്ന് ചോദിച്ച് ബാക്കി ഉള്ളവരും വന്നു. ഞാൻ ക്യാമറ അവർക്കെടുത്തു കൊടുത്തു് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.

അമീറും സാനിയയും ഫോട്ടോസ് കണ്ട് ചിരിച്ചു പരസ്പരം കോംപ്ലിമെൻറ് ചെയ്യൂകയാണ്. അഞ്ജലി ആണെങ്കിൽ അവളുടെ ഫോട്ടോ എടുത്തത് നന്നായില്ല വീണ്ടും എടുക്കണം എന്ന് പറഞ്ഞ് ഷാനിനോട് വഴക്കിട്ടു കൊണ്ടിരുന്നു. ഞാനിതെല്ലാം കണ്ട് ചിരിയടക്കി ഫോണിലും നോക്കി ഇരുന്നു. ഇതിനിടക്ക് ഞങ്ങളിരുന്ന ടേബിളിനരികിലേക്ക് കുറച്ച് പെൺകുട്ടികൾ വന്നു. കോളേജ് പിള്ളേർ ആണെന്ന് കണ്ടപ്പോൾ എനിക്ക് തോന്നി. പിന്നീടാണ് അവരെല്ലാം അഞ്ജലിയുടെ ക്ലാസ്സ്‌മേറ്റ്സ് ആണെന്ന് മനസ്സിലായത്. ഓരോരുത്തരെ ആയി അഞ്ജലി അവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. കൂട്ടത്തിൽ നന്നായി സംസാരിക്കുന്ന ഒരുത്തിയെ മാത്രം ഞാൻ ശ്രെദ്ധിച്ചു.

ലാസ്റ്റ് ബ്രേക്ക്‌ അപ്പ്‌ കഴിഞ്ഞ് ആറു മാസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളു എന്നത് കൊണ്ട് വായി നോട്ടം താല്പര്യമില്ലാത്ത ഘട്ടം ആണ് ഇപ്പൊ എനിക്ക്. ശ്രെദ്ധിച്ചു എന്നതിൽ കവിഞ്ഞു പുറകെ പോയി സംസാരിക്കാൻ ഒന്നും താല്പര്യം തോന്നിയില്ല. ഞാൻ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നു. ആ പെൺകുട്ടികൾ എല്ലാം ഞങ്ങളുടെ തൊട്ടടുത്ത ടേബിളിൽ തന്നെ ആണ് ഇരുന്നത്. ഷാനും അമീറും അവരോടു നന്നായി സംസാരിക്കുന്നുണ്ട്. ഐ ആം ടൂ ഓൾഡ് ഫോർ ദിസ്‌ എന്ന ലൈൻ ആയിരുന്നു എന്റെ. അതവരെല്ലാം കാണുന്നുമുണ്ട്, ജോയിൻ ചെയ്യ് എന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ചെങ്കിലും ഞാൻ നിരസിച്ചതെ ഉള്ളു.

****

വീട്ടിലെത്തിയപ്പോൾ നേരം പാതിരാ കഴിഞ്ഞിരുന്നു. യാത്രക്കിടയിൽ കഴിച്ചത് കൊണ്ട് ഒന്നും വേണ്ടെന്ന് പറഞ്ഞ് നേരെ റൂമിലേക്ക് പോയി. റൂമിലെത്തിയ ഉടനെ ലാപ്ടോപ് എടുത്തു ഓൺ ആക്കി ക്യാമറ കണക്ട് ചെയ്ത് ഫോട്ടോസ് എല്ലാം ലാപ്ടോപ്പിലേക്ക് മാറ്റി. ട്രിപ്പിന്റെ അൺഒഫീഷ്യൽ ഫോട്ടോഗ്രാഫർ ഞാനായത്

കൊണ്ട് ഫോട്ടോസ് മിക്കവാറും എന്റെൽ ആണുള്ളത്. അയച്ചു കൊടുത്തില്ലേൽ തെറി വിളിക്കുമെന്ന് വാണിംഗ് തന്നിട്ടുണ്ട്. ഫോട്ടോസ് എല്ലാം നോക്കിയിട്ട് നല്ലത് നോക്കി കുറച്ചെണ്ണം ഞാൻ തിരഞ്ഞെടുത്തു. കൂട്ടത്തിൽ നന്നായി ഫോട്ടോസ് എടുക്കുന്ന ഷാനിനെ കൊണ്ട് എന്റെയും ബ്ലൂ ബ്യൂട്ടിയുടെയും കുറച്ചു ഫോട്ടോസ് എടുപ്പിച്ചതിൽ നല്ലത് നോക്കി ഒരെണ്ണം സെലക്ട്‌ ചെയ്തു പിന്നെ ഗ്രൂപ്പ് ഫോട്ടോസ് അവരുടെ കപ്പിൾ ഫോട്ടോയും. ആകെ 6 ഫോട്ടോ മാത്രം ഞാൻ അപ്പോൾ തന്നെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. ഓരോരുത്തരെയും പിടിച്ചു ടാഗും ചെയ്തു.

ബാക്കി ഫോട്ടോസ് എല്ലാം റീ-ടച് ചെയ്ത് ഗൂഗിൾ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്തപ്പോ നേരം 3 ആവാറായി. നാളെ പണിക്ക് പോണമല്ലോന്ന് ആലോചിച്ചു മനസ്സില്ലാ മനസ്സോടെ ഉറങ്ങാൻ കിടന്നു.

8 മണിയുടെ അലാറം കേട്ടു കൊണ്ടാണ് ഞാൻ എഴുന്നേറ്റത്. എല്ലാ ദിവസവുമുള്ള മടിയെല്ലാം മാറ്റി വെച്ച് കുളിയെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ച് വണ്ടി എടുത്ത് ഇറങ്ങാൻ നേരമാണ് ഫോണിലെ ഡാറ്റാ ഓൺ ആക്കിയത്.

ചറ-പറ നോട്ടിഫിക്കേഷൻ വരുന്നുണ്ട്.. വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോ വർക്ക്‌ ഗ്രൂപ്പിൽ മെസ്സേജ്സ് ഒരുപാടുണ്ട്, രാവിലെ മീറ്റിംഗ് കുറച്ച് നേരത്തേക്ക് ആക്കിയെന്നത് അപ്പോഴാണ് ഞാൻ കണ്ടത്. ഇന്നത്തേക്ക് ഉള്ള വക ഞാൻ രാവിലെ തന്നെ വാങ്ങിച്ചു വെക്കേണ്ടി വരുമല്ലോ തമ്പുരാനെ.. ഞാനിനി എത്ര സ്പീഡിൽ പോയാലും നേരത്തെ എത്താൻ പോണില്ല, ഞാൻ ബോസ്സിനെ വിളിച്ചു മെഡിക്കൽ എമർജൻസി എന്ന് പറഞ്ഞ് ഹാഫ് ഡേ ലീവ് ആക്കി. അല്ലെങ്കിൽ ഇന്ന് മുഴുവൻ ഞാൻ ആ ഒരൊറ്റ കാര്യം കൊണ്ട് ചവിട്ട് കൊണ്ട് ചാവും.

ഉച്ച വരെ എവിടെയെങ്കിലും പോയി ഇരിക്കാമെന്ന് ഓർത്തപ്പോഴാണ് അടുത്തിടെ ഗൾഫിന്നു നാട്ടിലെത്തിയ എന്റെ കൂട്ടുകാരെന്റെ കാര്യം ഓർമ വന്നത്.

ദീപക്.. എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ചതാണ്, ഇപ്പൊ ദുബായിൽ ഏതോ അറബിയുടെ കമ്പനിയിൽ എച്ആർ മാനേജർ ആയി ജോലി ചെയ്യുന്നു. അവന്റെ വീട്ടിലെത്തി കാളിങ് ബെൽ അടിച്ചപ്പോ അവന്റെ അമ്മ ആണ് വാതിൽ തുറന്നത്.

മുകളിലെ അവന്റെ മുറിയിലേക്ക് ഞാൻ കേറി ചെന്നു. അവൻ ബെഡിൽ നിന്നെഴുന്നേൽക്കാതെ ഫോണും പിടിച്ചു കിടക്കാണ്.

“ഡാ”

“അളിയാ.. ഇപ്പോഴേലും വന്നല്ലോ” എന്നെ കണ്ട സന്തോഷത്തിൽ അവൻ ബെഡിൽ നിന്നെഴുന്നേറ്റതും മുണ്ട് അഴിഞ്ഞു പോയി.

“ഡേയ്..  നീ ഇപ്പോഴും വിതൗട് തന്നെ” അവന്റെ നിൽപ്പ് കണ്ടപ്പോ എനിക്ക് ചോദിക്കാതിരിക്കാൻ തോന്നിയില്ല.

മുണ്ടെടുത്തു ചുറ്റി അവനെന്നെ വന്ന് കെട്ടി പിടിച്ചു.

“നീ എന്താടാ ഈ വേഷത്തിൽ” അവനെന്നെ മൊത്തത്തിൽ ഒന്ന് നോക്കി.

“ഓഫീസിൽ പോവാൻ ഇറങ്ങിയതാ അപ്പോഴാ നിന്റെ കാര്യം ആലോചിച്ചത്.. നേരെ ഇങ്ങു പോന്നു” അവന്റെ ബെഡിനരികെ ഉള്ള കസേരയിലേക്ക് ഞാൻ ഇരുന്നു.

“അമ്പട പുളുസോ.. എന്താ സ്നേഹം, നിന്റെ സ്റ്റാറ്റസ് ഒക്കെ ഞാൻ കണ്ടിരുന്നു മോനേ.. ലീവ് ഉള്ള ദിവസം കറങ്ങാൻ പോയി വന്നിട്ട് പറയുന്ന ഡയലോഗ്..

നാണം ഉണ്ടോടാ” അവൻ ടൂത് ബ്രഷ് എടുത്ത് ബാത്‌റൂമിലേക്ക് നടന്നു.

“സോറി അളിയാ നീ ക്ഷെമി.. രാവിലെ കുറച്ച് വൈകിയപ്പോ ഞാൻ ഹാഫ് ഡേ ലീവ് ആക്കി, അപ്പോഴാ നിന്നെ കാണാമെന്നു വെച്ചത്” ഞാൻ ഒടുക്കം സത്യം പറഞ്ഞു.

“ഹാ.. ഇത് പിന്നേം വിശ്വസിക്കാം.. എന്നാ നീ ഇരി, ഞാൻ കുളിച്ചിട്ട് വരാം” അവൻ ബാത്‌റൂമിൽ കേറി വാതിലടച്ചു.

ഞാൻ ഫോൺ എടുത്ത് വാട്സ്ആപ്പ് മെസ്സേജ് എല്ലാം നോക്കി, ഏതേലും ചാറ്റ് അൺറീഡ് കിടക്കുന്നത് എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എല്ലാം തുറന്നു നോക്കി. ഫോട്ടോസ് ചോദിച്ച് കൊണ്ട് ഷാനിന്റെയും അഞ്ജലിയുടെയും മെസ്സേജ് ഉണ്ട്, ഗൂഗിൾ ഡ്രൈവ് ലിങ്ക് അയച്ചു കൊടുത്തു. ബാക്കി ചില ഫ്രണ്ട്സ് റൈഡ് ഫോട്ടോസ് സ്റ്റാറ്റസ് കണ്ടിട്ട് മെസ്സേജ് അയച്ചിട്ടുണ്ട്. സെൽഫിയിൽ കൂടെ ഉള്ള പെൺപിള്ളേർ ആരാണെന്നാണ് അവന്മാർക്ക് അറിയേണ്ടത്. എന്റെ ഗേൾഫ്രണ്ട്സ് ആണ് രണ്ടുമെന്ന് പറഞ്ഞപ്പോ മെസ്സേജിങ് നിർത്തി..

ഇനി ഫേസ്ബുക്കിൽ എന്താണാവോ അവസ്ഥ. ഫേസ്ബുക് ഓപ്പൺ ആക്കിയപ്പോ തന്നെ പതിവില്ലാതെ നോട്ടിഫിക്കേഷൻസ് ഒരുപാടുണ്ട്, അവന്മാരെ ടാഗ് ചെയ്തതോടെ അവരുടെ ഫ്രണ്ട്‌സ് അതിനകത്തു കേറി കമന്റ്‌ ചെയ്തിട്ടുണ്ട്. ആരൊക്കെയോ കേറി എന്തൊക്കെയോ വിളിച്ചു പറയുന്നു.. എനിക്കൊന്നും മനസ്സിലായില്ല.. നൈസ് പിക്സ് എന്ന് പറഞ്ഞ കമെന്റുകൾക്ക് മാത്രം ഞാൻ ലൈക്‌ അടിച്ചു.

കൂട്ടത്തിൽ അപ്‌ലോഡ് ചെയ്ത ഞാനും എന്റെ ബൈക്കും ഉള്ള പിക് ആരും മൈൻഡ് ചെയ്തിട്ടില്ല. എന്റെ എല്ലാ ഫോട്ടോസിനും കമന്റ്‌ ചെയ്യുന്ന ചിലവർ മാത്രം ഉണ്ട്, കൂട്ടത്തിൽ അറിയാത്ത ഒരു പ്രൊഫൈൽ ഞാൻ നോട്ട് ചെയ്തു.. കമന്റ്‌ ഇങ്ങനെ ആയിരുന്നു “നൈസ് റൈഡ്..”

പ്രൊഫൈൽ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ അറിയാവുന്ന മുഖം, ബാക്കി ഫോട്ടോസ് വല്ലോം ഉണ്ടോ എന്ന് നോക്കിയപ്പോ എല്ലാം ഹിഡൻ ഒന്നും കണ്ടില്ല.. അപ്പോഴാണ് സ്റ്റഡിയിങ് ഇൻ ഗവണ്മെന്റ് മെഡിക്കൽ കോളേജ് എറണാകുളം എന്ന് കണ്ടത്. അഞ്ജലിയുടെ ഏതോ ഫ്രണ്ട് ആണ്. ബാക്ക് ബട്ടൺ അമർത്താൻ നിൽക്കുമ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത് ഞാനാ പ്രൊഫൈൽ ഫോട്ടോ ഒന്നു കൂടെ എടുത്തു നോക്കി.. യെസ്.. ഇന്നലെ കണ്ട കൂട്ടത്തിൽ ഉള്ളത്..

കമന്റ്‌ ചെയ്ത സ്ഥിതിക്ക് റിപ്ലൈ കൊടുക്കാത്തത് മോശമല്ലേ… താങ്ക് യൂ കൂടെ ഒരു ഹാർട് സിംബലും റിപ്ലൈ ആയി ഇട്ടു.. കുറച്ച് സമയം കൂടെ ഫേസ്ബുക് നോക്കി ഇരിക്കുമ്പോഴേക്കും ദീപക് കുളി കഴിഞ്ഞിറങ്ങി. അവന്റെ കൂടെ ബ്രേക്ഫാസ്റ് കഴിക്കാൻ ഇരിക്കാൻ പറഞ്ഞപ്പോ ഞാനൊരു ചായ മാത്രം കുടിച്ചു. ഞങ്ങൾ പുറത്തോട്ടൊന്നും ഇറങ്ങാതെ ഉച്ച വരെ കഥകളൊക്കെ പറഞ്ഞ് ഇരുന്നു ഒരു വർഷത്തോളം ആയിരുന്നു നേരിട്ട് കണ്ടിട്ട്. ഉച്ച ആയതോടെ ഞാൻ അവിടന്ന് ഇറങ്ങി നേരെ ഓഫീസിലേക്ക് പോയി.

ബോസിനെ കണ്ട് ഒന്ന് സന്തോഷിപ്പിക്കാൻ ശ്രെമം നടത്തി പണികളിലേക്ക് കടന്നു. അന്നെനിക്ക് തന്ന ടാർഗറ്റ് കണ്ടപ്പോ എന്റെ ഹാഫ് ഡേ ലീവ് വേണ്ടായിരുന്നു എന്നെനിക്ക് തോന്നി പോയി. വല്ലാത്ത ചെയ്ത്തായിരുന്നു..

കയ്യിന്ന് കുറച്ച് കാശൊക്കെ ചെലവാക്കി സെയ്ൽസ് എക്സിക്യൂട്ടീവ്സിനു നല്ല ഫുഡൊക്കെ വാങ്ങി കൊടുത്തു രാത്രി 9 മണിയുടെ മുമ്പ് ടാർഗറ്റ് അടിച്ചു.

പേർസണൽ കാര്യങ്ങൾക്കായി ഫോണൊന്ന് എടുത്ത് നോക്കാൻ കൂടെ അത് വരെ സമയം കിട്ടിയില്ല.

രാത്രി ടൗണിൽ വെച്ച് കാണാം എന്ന് ദീപക് പറഞ്ഞതിന് അനുസരിച്ചു ഞാൻ അവനെ വിളിച്ചു. അടുത്ത് തന്നെ ഒരു കഫെയിൽ അവനിരിപ്പുണ്ട്, ഞാൻ നേരെ അങ്ങോട്ട് വിട്ടു. അവിടെ ചെന്നപ്പോൾ അവന്റെ എംബിഎ ക്ലാസ്സ്‌മേറ്റ്സ് ആയ രണ്ട് പേരാണ്‌ ആണ് കൂടെ. ഞങ്ങൾ ഡിഗ്രി ഒരുമിച്ച് ആയിരുന്നു എങ്കിലും എംബിഎ രണ്ടു പേരും രണ്ടു സ്ഥലത്തായിരുന്നു. അവൻ ബാംഗ്ലൂർ പോയപ്പോ ഞാൻ രാജഗിരി കോളേജിൽ ആയിരുന്നു.

കഫേയിലെത്തി അവരുടെ കൂടെ കുറച്ച് സമയം സംസാരിച്ചു ഇരുന്നു ഒരു ഗ്രീൻ ആപ്പിൾ മോജിറ്റോയും സാൻഡ്വിച്ചും കഴിച്ചു. യാത്ര പറഞ്ഞ് ദീപക്കിന്റെ ഫ്രണ്ട്‌സ് ഇറങ്ങി, ഞാനവനെയും കൂട്ടി വീട്ടിലേക്ക് പോന്നു ഇവനെ അവര് വന്നു പിക് ചെയ്തത് കൊണ്ട് ഇവന്റെ വണ്ടി വീട്ടിലിരിക്കാണ്.

അവനെ വീട്ടിലാക്കി ഞാനും വീട്ടിലേയ്ക്ക് വിട്ടു, ഫുഡ്‌ ഒന്നും വേണ്ടെന്ന് പറഞ്ഞ് നേരെ മുറിയിലേക്ക്. കുളിക്കൊന്നും ചെയ്യാതെ ബെഡിലേക്ക് വീണു.. പോക്കറ്റിൽ കിടന്ന ഫോണെടുത്തു ഫേസ്ബുക് തുറന്നു നോക്കി, രാവിലെ ഇട്ട കമെന്റിനു റിപ്ലൈ വല്ലോം ഉണ്ടോ എന്ന്.

പുഞ്ചിരിക്കുന്ന ഒരു സ്മൈലി മാത്രം റിപ്ലൈ ഉണ്ട്, നോക്കിയപ്പോൾ ഫ്രണ്ട് റിക്വസ്റ്റ് ഒന്നുമില്ല. ഒന്നയച്ചു നോക്കിയാലോ എന്ന് കുറെ നേരം ആലോചിച്ചു. ഒടുക്കം റിക്വസ്റ്റ് അയച്ചു, മിനിറ്റുകൾക്കുള്ളിൽ അക്‌സെപ്റ്ഡ് നോട്ടിഫിക്കേഷൻ വന്നു. എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.. ഈ സ്പീഡ് കൂടിയ ഹൃദയമിടിപ്പ് പ്രശ്നമാണ്.. എനിക്കറിയാം.. ഞാനെന്തോ സ്റ്റുപ്പിഡിറ്റി ചെയ്യുമ്പോ എല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്..

“അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ

പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ…

ബാക്ക്ഗ്രൗണ്ടിൽ പാട്ട് കേൾക്കുന്നുണ്ടോ?? ഇല്ല എന്റെ തോന്നലാണ്.

ഓൺലൈൻ ഉണ്ട് മെസ്സേജ് അയക്കണോ.. വല്ലാത്ത ചിന്താകുഴപ്പം, ഒടുവിൽ എല്ലാവരെയും പോലെ ഞാനും അയച്ചു..

“ഹലോ റ്റാനിയ”

അനക്കം ഒന്നുല്ലാ, മെസ്സേജ് കണ്ടിട്ടില്ല പക്ഷെ ഓൺലൈൻ ഉണ്ട്.. ഒരു മിനിറ്റ് കഴിഞ്ഞു.. അഞ്ചു മിനിറ്റ് കഴിഞ്ഞു.. ചെ.. വേണ്ടായിരുന്നു.. ഇങ്ങനെ ഇളിഭ്യനാവാൻ ആയിരുന്നേൽ വേണ്ടായിരുന്നു..

ഫേസ്ബുക് അടച്ചു പൂട്ടി കുറച്ച് നേരം ഇൻസ്റ്റാഗ്രാം എടുത്തു തുറന്നു വെച്ചു.. കുറേ ഫോളോവെർസ് വന്നിട്ടുണ്ട് പുതുതായിട്ട്, എല്ലാം ഫോട്ടോസ് കണ്ട് വന്നു ഫോളോ ചെയ്ത റൈഡർ കിടാങ്ങൾ ആണ്. തിരികെ ഫോളോ പ്രതീക്ഷിച്ചു കൊണ്ട്, ഞാനത് പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. അഹങ്കാരം കൊണ്ടൊന്നുമല്ല തിരിച്ചു ഫോളോ ചെയ്താൽ പിറ്റേ ദിവസം അൺഫോളോ അടിച്ചു പോവും. നമ്മൾ ശശി ആവും..

അവര് ഫോട്ടോസ് അപ്‌ലോഡ് ചെയ്തപ്പൊ എന്നെ മെൻഷൻ ചെയ്തേക്കുന്ന കുറെ പോസ്റ്റ്‌ ഉണ്ട്, എല്ലാത്തിനും കേറി ലൈക്‌ അടിച്ചു ഓരോ കമന്റ്‌ ഒക്കെ ഇട്ടു.. ബോർ അടിച്ചപ്പോ അതും ക്ലോസ് ചെയ്ത് വെച്ചു.

ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ നേരത്താണ് ഫേസ്ബുക് മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വന്നത്. എടുത്ത് നോക്കിയപ്പോൾ റ്റാനിയ റിപ്ലൈ ചെയ്തിരിക്കുന്നു.

ഹായ് എന്ന് മാത്രം ഇതയക്കാൻ ആണോ ഇത്രേം നേരം.

പോട്ട് പുല്ല്, അവൾക്കത്ര ജാഡ ആണെങ്കിൽ അതിന്റപ്പുറത്തു ജാഡ ഉള്ളവനാണി ഞാൻ.. ഞാൻ നെറ്റ് ഓഫ്‌ ആക്കി വെച്ച് കിടന്നുറങ്ങാൻ തീരൂമാനിച്ചു.

“എന്നാലും അങ്ങനെ തിരക്കുള്ള ഒരു കുട്ടി അതും ഭാവി ഡോക്ടർ തന്റെ തിരക്കിനിടയിൽ നിന്ന് അല്പ സമയം നിനക്ക് വേണ്ടി നീക്കി വെക്കാമെന്ന് വെച്ചപ്പോ ജാഡ കാണിക്കുന്നത് ശെരിയാണോ മാത്താ.. ഇയാളിതെന്തോന്ന്..”

എന്റെ ഉള്ളിന്ന് ഇങ്ങനൊരു സംസാരം ഞാൻ കേൾക്കുന്നുണ്ട്.. എന്നെ പണ്ടും ഇതേ പോലുള്ള പല കുഴികളിലും ചാടിച്ചിട്ടുള്ളത് ആ ശബ്ദം തന്നെയാണ്.. ഞാനിത്തവണയും ആ ശബ്ദം കേട്ട് മാതൃക കാണിച്ചു..

വീണ്ടും നെറ്റ് ഓൺ ആക്കി മെസ്സഞ്ചർ എടുത്തപ്പോ ലാസ്റ്റ് സീൻ 5 മിനിറ്റ്സ് എഗോ..

ഇനി വീണ്ടും ഞാൻ മെസ്സേജ് അയച്ച് കാത്തിരിക്കണമല്ലോ ഹാ എന്തേലും ആവട്ടെ.

“ഹൗ ആർ യു?” യാതൊരു ഉളുപ്പുമില്ലാതെ ഞാൻ പിന്നേം അയച്ചു.

മെസ്സേജ് അയച്ച ഉടനെ റ്റാനിയ പച്ച കത്തിച്ചു.. ദാ വന്നു റിപ്ലൈ..

“ഐ ആം ഫൈൻ, ഡു യു നോ മി?”

ധെ കിടക്കണ്.. ആരാന്ന് അറിയാണ്ട് ആണോ അക്‌സെപ്റ് ചെയ്തത്..

എനിക്ക് നല്ല രീതിയിൽ ദേഷ്യം വരണുണ്ട്.. എന്തിനാന്ന് ചോദിച്ചാ.. ഇങ്ങനെ അറിയാൻ പാടില്ലെന്ന് ഒക്കെ പറയാൻ പാടോ.. ഒന്നുല്ലേലും അടുത്തടുത്ത ടേബിളിൽ ഇരുന്നതല്ലേ..

“അടുത്തടുത്ത ടേബിളോ?  എന്തോന്ന്.. നാണമില്ലേ മിസ്റ്റർ നേരിട്ട് ഒരു വാക്ക് പോലും പറയാത്ത താൻ ഫേസ്ബുക് വഴി വായി നോക്കാൻ ഇറങ്ങിയപ്പോ ആരാന്ന് ചോദിക്കുമ്പോ ചൊറിച്ചിൽ വരുന്നു പോലും.. മര്യാദക്ക് സംസാരിക്കഡോ..” വീണ്ടും അതെ ശബ്ദം.. ദയവ് ചെയ്ത് ഒന്ന് മിണ്ടാണ്ടിരിക്കോ, എന്റെ കോൺസെൻട്രേഷൻ പോണു..

“ഐ ഹോപ്പ് യു റിമെംബേർ മി, വി മെറ്റ് അറ്റ് കൊച്ചിൻ യെസ്റ്റർഡേ. ഐ വാസ് വിത്ത്‌ അഞ്ജലി” ഇതിലും മര്യാദ എന്നെ കൊണ്ട് പറ്റില്ല..

“ഓഹ് ഓക്കേ.. ബട്ട്‌ ഐ ടോക്ഡ് വിത്ത്‌ ടു ഓഫ് ദെം, വിച്ച് വൺ ആർ യു” കൂടെ ഒരു കൺഫ്യൂസ്ഡ് സ്മൈലിയും..

കുട്ടി.. കൂടെ മൂന്നാമതൊരാൾ കൂടെ ഉണ്ടായിരുന്നു.. കണ്ടില്ലെന്ന് വെച്ച് ഇത്രക്ക് ക്രൂരത പാടില്ല..

“ഐ വാസ് ദ് തേർഡ് വൺ സിറ്റിംഗ് ബിസൈഡ്..” എന്റെ മുഴുവൻ ആത്മവിശ്വാസവും അവളു കൊണ്ട് പോയി.. വെറും തൊണ്ട് മാത്രം ഉണ്ട്.. ഇനീ അപമാനിക്കല്ലേന്ന് പറയണോന്ന് ഉണ്ട്.. പക്ഷെ എങ്ങനെ പറയും..

“യാ ഓക്കേ.. മേ ബി ഐ ഡിഡിന്റ് സീ.. എനിവെയ്‌സ് നൈസ് മീറ്റിംഗ് യു”

പുഞ്ചിരി സ്മൈലി വെച്ചിട്ടുണ്ട്.. അപമാനിച്ചു മതിയായെങ്കിൽ പൊയ്ക്കൂടേ..

“യാ സെയിം ഹിയർ” എന്നെ ഒന്ന് കൊന്ന് തരോ എന്ന് തർജമ..

അപ്പൊ തന്നെ നെറ്റ് ഓഫ്‌ ആക്കി ഫോൺ എടുത്ത് ബെഡിന്റെ അറ്റത്തേക്ക് എറിഞ്ഞു.. കാണണ്ട എനിക്ക്.. തലയിണയിലേക്ക് മുഖം പൂഴ്ത്തി ഉറങ്ങാൻ ശ്രെമിച്ച ഞാൻ എപ്പോഴോ ഉറങ്ങി പോയി..

രാവിലെ എഴുന്നേറ്റപ്പൊ രാത്രി നടന്ന സംഭവം പെട്ടന്ന് ഓർമ്മ വന്നില്ല. ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് മെസ്സഞ്ചറിലെ അവസാന മെസ്സേജ് വരുന്നത്. എടുത്ത് നോക്കിയപ്പോൾ റ്റാനിയ അയച്ച ഗുഡ് നൈറ്റ്‌..

വെറുതെ മുകളിലോട്ട് സ്ക്രോൾ ചെയ്ത് നോക്കിയപ്പോൾ ഇന്നലത്തെ ചാറ്റ് കണ്ട് നിന്ന നില്പിൽ ഞാനൊന്ന് വിയർത്തു. ഇത്രേം അപമാനം ഞാനടുത്ത കാലത്ത് അനുഭവിച്ചു കാണില്ല. പക്ഷെ ഇന്നലെ തോന്നാത്ത കാര്യം എനിക്ക് രാവിലെ ആണ് കത്തിയത്, ഇന്നലെ രാവിലെ നോക്കിയപ്പോ അവളെന്റെ ഫോട്ടോക്ക് ഒരു കമന്റ്‌ ഇട്ടിരുന്നല്ലോ. അറിയാത്ത ഒരാളുടെ ഫോട്ടോക്ക് കമന്റ്‌ ഇടോ??

എന്താണെങ്കിലും നാണം കെടാൻ ഇനി ഒന്നും ബാക്കി ഇല്ല നേരിട്ട് ചോദിച്ചിട്ട് തന്നെ കാര്യം..

മെസ്സഞ്ചർ എടുത്ത് ഗുഡ് നൈറ്റ്‌ മെസ്സേജിന് റിപ്ലൈ അയച്ചു

“ഗുഡ് മോർണിംഗ്”

പതിവ് പോലെ ഓൺലൈൻ ഉണ്ടായിട്ട് റിപ്ലൈ ഒന്നുല്ല, ഫോൺ എടുത്ത് പോക്കറ്റിൽ വെച്ച് വണ്ടിയെടുത്തു.

ഓഫിസിൽ നിന്ന് നേരെ ഫീൽഡ് വിസിറ്റിനു ഇറങ്ങി ലഞ്ച് ടൈം ആയപ്പോഴാണ് പിന്നെ മെസ്സഞ്ചർ നോക്കുന്നത്.

രാവിലെ 11 മണി ആയപ്പോൾ “ഗുഡ് മോർണിംഗ്” റിപ്ലൈ ഉണ്ട്. ഓഹ്.. അവൾക്കിപ്പോ ആയിരിക്കും നേരം വെളുത്തത്..

എന്ത് അയക്കും.. കുറച്ച് നേരം ആലോചിച്ചിട്ട് എനിക്ക് ഐഡിയ ഒന്നും കത്തിയില്ല.. ഒടുക്കം രണ്ടും കല്പ്പിച്ചു ചോദിക്കാൻ തന്നെ തീരുമാനിച്ചു.

“അറിയാത്ത ആളുകളുടെ ഫോട്ടോക്ക് താഴെ കമന്റ്‌ ചെയ്യോ?”

അവളിപ്പോ തലക്ക് കൈ കൊടുത്തു ചമ്മി ഇരിക്കായിരിക്കും നമ്മളോടാ കളി..

“എപ്പോ കമന്റ്‌ ചെയ്തു?” ഹേ.. ഇവള് കൊള്ളാലോ.. ചമ്മൽ മറച്ചു വെച്ച് എന്താ അഭിനയം.. ഓസ്കാർ അവാർഡ് കിട്ടുമെടി നിനക്ക്..

“ഞാൻ അപ്‌ലോഡ് ചെയ്ത എന്റെ ഫോട്ടോക്ക് താഴെ കമന്റ്‌ ചെയ്ത കാര്യം ആണ് ചോദിച്ചത്.” ഇതിനവൾക്കു റിപ്ലൈ കാണില്ല.. അമ്മാതിരി ചോദ്യമല്ലേ ചോദിച്ചേ..

“ഏത് റൈഡ് ഫോട്ടോസിനു താഴെ ഇട്ട കമന്റ്‌ ആണോ? ആ ഫോട്ടോസ് ഇയാളാണോ ഇട്ടത്? എനിക്കറിയില്ലായിരുന്നു.. കമന്റ്‌ ഇഷ്ടായില്ല ഡിലീറ്റ് ആക്കണോ?” യെവൾ എന്താ ഇങ്ങനെ.. എങ്ങനെ സാധിക്കുന്നു.. ഇപ്പൊ എനിക്കെല്ലാം ബോധ്യമായി.. ഇവൾക്ക് അഹങ്കാരം ഒന്നും അല്ല.. ശെരിക്ക് എന്നെ അറിയാത്തത് കൊണ്ടാണ്.. വെറുതെ തെറ്റിദ്ധരിച്ചു..

“ഏയ്‌ ഒന്നുല്ലാ.. ആ താക്കോൽ അവിടെ തന്നെ വെച്ചേക്ക്.. ഐ മീൻ ആ കമന്റ്‌ അവിടെ തന്നെ വെച്ചേക്ക്” ഞാൻ ആയുധം വെച്ച് കീഴടങ്ങി.

“ആൾ റൈറ്റ്”

ഇല്ലാ എനിക്കിനി ഒന്നും പറയാനില്ല.. ഇത് പോലൊരു ചമ്മൽ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോണില്ല..

തിരിച്ചൊന്നും പറയാതെ ഞാൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട്, മുന്നിൽ കൊണ്ട് വെച്ച ചിക്കൻ ബിരിയാണിയിലെ ചിക്കൻ പീസിനോട് എന്റെ ദേഷ്യം തീർത്തു.

***

രാത്രി വീട്ടിലെത്തി എല്ലാവരുടെയും കൂടെ ഉള്ള സംസാരത്തിനും ഭക്ഷണം കഴിക്കലിനും ഇടക്ക് പപ്പയും അമ്മയും കൂടെ കല്യാണത്തിന്റെ കാര്യം എടുത്തിട്ടു.. തുടങ്ങിയത് അങ്കിൾന്റെ മോൾടെ ആണെങ്കിലും എത്തിയത് എന്റെ ദേഹത്തോട്ട് ആയിരുന്നു.

“കല്യാണ പ്രായം ആയി ഇവനെ കെട്ടിച്ചു കൊടുക്കണം” എന്നത്തേയും പോലെ പപ്പ എനിക്കിട്ട് കൊട്ടി.. ഇത് കേട്ട് കികികി… എന്ന് ചിരിക്കാൻ എന്റെ അനിയത്തിയും..

“പപ്പ.. തമാശ കള, എന്നെ കെട്ടിച്ചു വിടാറൊന്നും ആയില്ല, ചെ.. എനിക്കിപ്പോ കെട്ടി കൊണ്ട് വരണ്ട”

ഇത് കേട്ട് അമ്മ എന്നെ രൂക്ഷമായി നോക്കുന്നുണ്ട്.

“നിനക്ക് വയസ്സെത്ര ആയെന്നാ..” അടുത്തത് അമ്മേടെ വക ആയിരുന്നു.

“എത്ര ആയാലും അതോണ്ട് കല്യാണം കഴിക്കണോന്ന് നിർബന്ധം ഉണ്ടോ.. ഉണ്ടോ?” ഞാൻ രണ്ട് പേരുടെയും മുഖത്ത് മാറി മാറി നോക്കി..

“നിനക്ക് തോന്നുമ്പോ എന്താന്ന് വെച്ചാ ചെയ്യ്” അമ്മക്ക് ദേഷ്യം വന്നു.

ദേഷ്യം വന്നാ പിന്നെ പത്രം എടുക്കുന്നതിനും വെക്കുന്നതിനും ഒക്കെ പ്രത്യേക തരം ശബ്ദം ആണ്. അടുക്കളയിൽ നിന്ന് നല്ല രീതിയിൽ കേൾക്കുന്നുണ്ട് തട്ടും മുട്ടും ഒക്കെ..

നിനക്കിതിന്റെ വല്ല കാര്യവും ഉണ്ടോ എന്ന മട്ടിൽ പപ്പ എന്നെ ആക്കിയ നോട്ടം നോക്കി കൈ കഴുകാൻ എഴുന്നേറ്റു. അനിയത്തി ആണേൽ അടുത്ത പണി എന്താ തരാൻ പറ്റാ എന്നാലോചിച്ചു ഇരിക്കാണെന്നു തോന്നുന്നു.

“കഴിഞ്ഞെങ്കിൽ എഴുന്നേറ്റു പോടീ” പപ്പ കേൾക്കാതെ ഞാനവളെ നൈസ് ആയിട്ടൊന്ന് ചീത്ത വിളിച്ചു.

എന്നെ നോക്കി രണ്ട് കൊഞ്ഞനം കുത്തി അവളടുക്കളയിലേക്ക് പോയി. ഞാൻ റൂമിലേക്കും..

ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്സ്ആപ്പിൽ മെസ്സേജ് വന്നിട്ടുണ്ട്. ആരുടെ ആണെന്ന് നോക്കിയപ്പോ ഗ്രൂപ്പ്‌ മെസ്സേജുകൾ ആണ് കൂടുതലും, കൂട്ടത്തിൽ അഞ്ജലിയുടെ ഒരു മെസ്സേജും ഉണ്ട്.

“ഹലോ എവിടാണ് ഡ്യൂഡ്” അവൾടെ മെസ്സേജ്, അവളിമ്മാതിരി വിളി ഒക്കെയാണ്.

“ഇവിടുണ്ട് ഡ്യൂഡ്” ഞാൻ റിപ്ലൈ കൊടുത്തു.

“ഐ ജസ്റ്റ് വാണ്ടഡ് ടു സീ യുവർ ഫേസ് ദാറ്റ്‌സ് ഓൾ”

“എന്താന്ന്” എനിക്കവൾ പറഞ്ഞ ഒരു കുന്തവും മനസ്സിലായില്ല.

“ആ ചമ്മി നാറിയ മുഖം കാണണമെന്ന്.. ഒന്ന് വീഡിയോ കാൾ ചെയ്യാമോ” അവള് തെളിച്ചു പറഞ്ഞു, ഞാൻ ഞെട്ടി..

“എന്താ സംഭവം.. ഞാൻ വിളിക്കാം” കൂടുതൽ ആലോചിച്ചു തല പുണ്ണാക്കാൻ നിന്നില്ല നേരെ വീഡിയോ കാൾ ചെയ്തു.

ഫോൺ എടുത്തപ്പോ ഇരുട്ട് ആയിരുന്നു.. ഞാൻ ഹലോ  ഹലോ എന്ന് പറഞ്ഞിട്ട് അനക്കം ഒന്നുല്ല.. കട്ട്‌ ആയോ എന്ന് നോക്കിയപ്പോഴേക്കും അഞ്ജലിയുടെ മുഖം തെളിഞ്ഞു വന്നു.

അവള് കുത്തി ഇരുന്നു ചിരിക്കാണ്, എന്താ കാര്യമെന്ന് മനസ്സിലാവാതെ ഞാൻ വായും പൊളിച്ചു അതും നോക്കി നിന്നു.

“ആ ചിരി ഒന്ന് നിർത്തി എന്താ കാര്യമെന്ന് പറയോ? മനുഷ്യന് കിടന്നുറങ്ങണം” എന്റെ ക്ഷമ നശിക്കാൻ തുടങ്ങി.

അഞ്ജലി അവളുടെ ഫോൺ ചെരിച്ചു പിടിച്ച് കൂടെ ഉള്ള ആളെ കൂടെ കാണിച്ചു.. ധെ ലവൾ.. റ്റാനിയ..അപ്പൊ രണ്ടാളും കൂടെ എനിക്കിട്ട് പണിതതാണല്ലേ.. പട്ടി ചെറ്റ..

എന്റെ വായിൽ വന്ന സകല തെറികളും മനസ്സിലടക്കി പിടിച്ച് ഞാൻ ചോദിച്ചു.

“ഈ മോന്ത കാണിക്കാൻ വേണ്ടി ആണോ നീയെന്നെ വിളിച്ചേ? നീയെന്താ ആളെ കളിയാക്കാണൊ? തമാശ കളിക്ക് അതിരൊന്നും ഇല്ലേ.. കുറച്ച് ഫ്രണ്ടലി ആയെന്ന് വെച്ച് എന്തും ചെയ്യാമെന്നാ??”

അഞ്ജലി വേഗം ക്യാമറ അവൾടെ നേരെ പിടിച്ചു, അവൾടെ മുഖമാകെ വിളറിയ പോലുണ്ട്. ഞാൻ ഇങ്ങനെ പ്രതികരിക്കുമെന്ന് അവര് പ്രതീക്ഷിച്ചു കാണില്ല.. കാര്യം ദേഷ്യം വന്നെങ്കിലും തിരിച്ചൊരു പണി കൊടുക്കണം എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്റെ പ്രകടനം.

അഞ്ജലിയുടെ കണ്ണൊക്കെ നിറഞ്ഞു..

“സോറി..”

“കോറി.. കൊണ്ട് പൊയ്ക്കോ നിന്റെ സോറി എനിക്കൊന്നും വേണ്ട” ഞാൻ കാരക്ടർ വിട്ടില്ല.

അവള് ഏങ്ങലടിച്ചു കരയാൻ തുടങ്ങി, കുറച്ചൂടെ സ്ട്രോങ്ങ്‌ ആക്കാൻ വേണ്ടി എന്റെ അടുത്ത ഡയലോഗും..

“സ്വന്തം ചേട്ടനെ പോലാണ് എന്നൊക്കെ പറഞ്ഞിട്ട് പുറകിന്ന് കുത്തണ ടൈപ് ആണല്ലേ” ഹുയ്യോ.. എനിക്ക് വയ്യ.. അവളെ ഞാൻ കരയിപ്പിച്ചു പണ്ടാരടക്കും.

“സോറി.. ഞാൻ പിന്നെ വിളിക്കാം” എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു അവൾ ഫോൺ വെച്ചു.

ഫോൺ സൈഡിലേക്ക് ഇട്ട് ഞാൻ ബെഡിൽ നീണ്ടു നിവർന്നു കിടന്നു.. ഹാ ഒരുത്തിയെ കുറ്റബോധം കൊണ്ട് കരയിപ്പിച്ചപ്പോ എന്തൊരു സന്തോഷം.

അധികം വൈകിയില്ല മെസ്സഞ്ചറിൽ റ്റാനിയയുടെ മെസ്സേജ് വന്നു..

“ഐ ആം സോറി.. ഇതെല്ലാം ഞാനൊരു തമാശക്ക് ചെയ്തതാണ്.. അഞ്ജലി

അറിഞ്ഞത് പോലുമില്ല, അവളോട് പറഞ്ഞപ്പോൾ ഇതെല്ലാം ആ ഒരു സ്പിരിറ്റിലെ എടുക്കു എന്ന് പറഞ്ഞു വിളിച്ചതാണ്.. അവളോട്‌ ദേഷ്യം കാണിക്കരുത്, എന്റെ മിസ്റ്റേക്ക് ആണ് ഐ ആം സോറി” ഒരു നീളൻ മെസ്സേജ്..

റിപ്ലൈ അയക്കണോ.. വേണ്ട കുറച്ച് ജാഡ ഇടാം.. ആമ്മാതിരി പണിയല്ലേ തന്നത്. ആക്ട് ചെയ്യാൻ യെവള് മിടുക്കി അല്ലെ.. നീ ആക്ടിങ് എന്താണെന്ന് കാണാൻ പോകുന്നെ ഉള്ളു മകളെ..

നെറ്റ് ഓഫ്‌ ആക്കി വെച്ച് ഞാൻ ഉറങ്ങി.. രാവിലെ ഉറക്കമുണർന്നത് ഷാനിന്റെ കാൾ കണ്ടാണ്.. എന്താ പ്രശ്നം എന്ന് ചോദിച്ചുള്ള വിളിയാണ്, ഒന്നുമില്ല ഞാൻ അഞ്ജലിയെ വിളിച്ചോളാം എന്ന് പറഞ്ഞപ്പോ അവൻ ഫോൺ വെച്ചു.

ഞാൻ അപ്പൊ തന്നെ അഞ്ജലിക്കൊരു മെസ്സേജ് അയച്ചു.

“ഇറ്സ് ആൾ റൈറ്റ്.. ഇനി വേറെ ആരെയും വിളിക്കണ്ട. എനിക്ക് ദേഷ്യമൊന്നും ഇല്ല”

മെസ്സേജ് അവിടെ എത്തണ്ട താമസം റിപ്ലൈ കിട്ടി “ഐ ആം സോറി ഏട്ടാ..”

“ഞാൻ പറഞ്ഞല്ലോ.. ഇറ്സ് ഓക്കേ” സത്യത്തിൽ അവളോടെനിക്ക് ദേഷ്യം ഒന്നും ഇല്ലെങ്കിലും അങ്ങനെ പറഞ്ഞപ്പോ എന്തോ ഒരു സമാധാനം തോന്നി.

“ഓക്കേ.. ഞാൻ വിളിക്കാം.. ഹാവ് എ നൈസ് ഡേ”

“ബൈ” ഹാ ഇതൊക്കെ മതി.

മെസ്സേജിങ് കഴിഞ്ഞ് ഫോൺ വെക്കാൻ നേരമാണ് ഫേസ്ബുക് മെസ്സഞ്ചറിൽ രാത്രി വന്ന മെസ്സേജ് ഞാൻ കണ്ടത്.

റ്റാനിയ ആണ് “ഐ ആം സോ സോറി, അറ്റ് ലീസ്റ്റ് അഞ്ജലിയോട് ഒന്ന് സംസാരിക്കുമോ”

അതിനും ഞാൻ റിപ്ലൈ ചെയ്തില്ല.. എനിക്കും ഉണ്ട് ആത്മാഭിമാനം.. ഇല്ലേ.. ഉവ്വ്..

ഞാൻ ഫോൺ എടുത്തിടത്തു തന്നെ വെച്ച് ഓഫീസിൽ പോവാൻ തയ്യാറെടുപ്പ് തുടങ്ങി.

കുളി കഴിഞ്ഞു തിരികെ റൂമിൽ എത്തിയപ്പോ ഫോൺ ശബ്ദിച്ചു, വീണ്ടും മെസ്സഞ്ചർ നോട്ടിഫിക്കേഷൻ.

വീണ്ടും റ്റാനിയ തന്നാണ് “താങ്ക് യൂ”

ഓഹ് പിന്നെ.. നീ പറഞ്ഞിട്ട് അല്ലെ.. ഒന്നു പോടീ.. ഇവളോട് നേരിട്ട് പറയണം എന്നുണ്ടെങ്കിലും വല്ലാത്ത ചളിപ്പ് ഉള്ളത് കൊണ്ട് വേണ്ടെന്ന് വെച്ചു.

***

തുടർന്നുള്ള ദിവസങ്ങളിൽ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി, ഞായറാഴ്ച അധികം ദൂരേക്ക് ഒന്നും പോവാതെ അടുത്തുള്ള തുഷാരഗിരി വെള്ളചാട്ടം വരെ പോയുള്ളു. കുറെ ഫോട്ടോസ് ഒക്കെ എടുത്ത്, രാത്രിക്ക് മുമ്പേ തിരിച്ചു വീട്ടിലെത്തി.

അഞ്ജലി രാവിലെയും രാത്രിയും ഗുളിക കഴിക്കുന്ന പോലെ മെസ്സേജ് അയക്കാറുണ്ട്. അവൾക്കിപ്പോഴും കുറ്റബോധം ഉണ്ടെന്ന് തോന്നുന്നു. ഞാനാണെങ്കിൽ അത് പൂർണ്ണമായും മാറ്റാനും നിന്നില്ല. റ്റാനിയ അതിന് ശേഷം മെസ്സേജ് ഒന്നും അയച്ചില്ല, ലാസ്റ്റ് മെസ്സേജ് അയച്ചത് ഞാൻ കണ്ടതിനു ശേഷം റിപ്ലൈ അയക്കാഞ്ഞത് കൊണ്ടാവാം.

എടുത്ത ഫോട്ടോസിൽ നല്ലത് നോക്കി മൂന്നു ഫോട്ടോസ് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും അപ്‌ലോഡ് ചെയ്തു ലാപ്ടോപ് മാറ്റി വെച്ച് കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റപ്പൊ വല്ലാത്ത മടി. ഇന്നിനി ജോലിക്ക് പോവാൻ വയ്യ, ഫോൺ എടുത്ത് നേരെ ബോസിനെ വിളിച്ച് സുഖമില്ലെന്ന് പറഞ്ഞ് ലീവ് ആക്കി. എന്തോ വ്യാപാര – വ്യവസായി ഹർത്താൽ പോലെ ഉള്ളത് കൊണ്ട് കാര്യമായ പണി ഒന്നുമില്ലാത്തതിനാൽ ബോസ്സ് ലീവ് അനുവദിച്ചു.

ബെഡിൽ നിന്നെഴുന്നേൽക്കാതെ അവിടെ തന്നെ കിടന്ന് കുറച്ച് നേരം ഫോൺ എടുത്ത് ഇന്നലത്തെ ഫോടോസിന് കമന്റ്‌ വല്ലോം വന്നോന്ന് നോക്കി..

പ്രസക്തമായ കമെന്റ് ഒന്നുമില്ല, എല്ലാം സാധാരണ ഉള്ളത്. ഇന്റെരെസ്റ്റ്‌ പോയി, ഞാൻ ആരുടെ എങ്കിലും കമെന്റ് പ്രതീക്ഷിച്ചോ.. ഫീഡിൽ കൂടെ ചുമ്മാ സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് റ്റാനിയ പുതിയ ഫോട്ടൊ അപ്‌ലോഡ് ചെയ്തതായി കാണുന്നത്.

ദൈവമെ ഇവളിത്രേം ഗ്ലാമർ ആയിരുന്നോ..

“നിനക്കങ്ങനെ തന്നെ വേണമെടാ പുല്ലേ, കൊണ്ട് കളഞ്ഞില്ലേ നിന്റെ ഒടുക്കത്തെ ജാഡ കാരണം.. ഇനി ഫോട്ടോ നോക്കി വെള്ളം ഇറക്കി ഇരുന്നോ” ഇവളെ കാണുമ്പോഴോ ഇവളെ പറ്റി ഓർക്കുമ്പോഴോ മാത്രം എന്നെ എന്തിനാ ഇങ്ങനെ ശല്യപെടുത്തുന്നെ.. ഞാൻ സിംഗിൾ ആയി ജീവിച്ചു പോട്ടെ മിസ്റ്റർ.

ചുരുണ്ട മുടിയും, കണ്മഷി എഴുതിയ മിഴികളും.. ചുവന്ന ചായം തേച്ച തുടുത്ത ചുണ്ടുകളും മെലിഞ്ഞ മൂക്കും മൂക്കിലൊരു മൂക്കുത്തിയും, ചിരിച്ചാൽ നുണകുഴി വിരിയുന്ന കവിളും.. അവളുടെ നുണക്കുഴിക്ക് വല്ലാത്ത ആഴം.. ആ കവിളത്തൊരു മുത്തം കൊടുക്കാനും, മൂക്കിൻ തുമ്പിൽ എന്റെ മൂക്കുരസാനും ഒരു മോഹം.. അവളെ അങ്ങനെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന മുഴുവൻ പരിഭവവും ഒലിച്ചു പോയി.. കയ്യെത്തും ദൂരത്തു ഉണ്ടായിരുന്നത് ഞാൻ തന്നെ ദൂരേക്ക് തള്ളി വിട്ടു എന്ന തോന്നലായി ഉള്ളിൽ..

ഫോട്ടൊ കണ്ട് കമന്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല, “നൈസ് പിക്, യു ലുക്ക്‌ ബ്യൂട്ടിഫുൾ” ലേശം കോഴി ആവുന്നതിൽ തെറ്റില്ല.. ആവശ്യം നമ്മുടെ അല്ലെ..

അധികം താമസിച്ചില്ല റിപ്ലൈ വന്നു “താങ്ക് യു സോ മച്”

അപ്പൊ അവൾക്ക് പ്രശ്നം ഒന്നുമില്ല, പ്രശ്നം എനിക്കാണ്.. എന്താണേലും നനഞ്ഞു ഇനി കുളിച്ചു കേറാം..

മെസ്സഞ്ചർ എടുത്ത് മെസ്സേജ് അയച്ചു.

“ഹായ്”

“ഹലോ.. നമ്മളെ ഒന്നും മറന്നില്ല അല്ലെ”

“മറക്കാനോ.. ജീവിതത്തിൽ ഒരിക്കലും ഇയാളെ മറക്കാതിരിക്കാൻ ഉള്ള പണി എനിക്ക് തന്നില്ലേ” ഞാൻ രണ്ട് ചിരിക്കുന്ന സ്മൈലി ഇട്ട് സിറ്റുവേഷൻ കൂൾ ആക്കി.

“ഐ ആം സോ സോറി, അന്ന് ആദ്യായി മീറ്റ് ചെയ്തപ്പോൾ ജാഡ ഇട്ട് ഇരുന്നത് കാരണം ഒന്ന് പണി തരാമെന്ന് വെച്ചതാ” അവള് വീണ്ടും സെന്റി ആയി.

“ഹേയ്.. ഞാനത് വിട്ടു, പിന്നെ ഞാൻ പെട്ടന്നങ്ങനെ ആരോടും  സംസാരിക്കുന്ന ടൈപ് അല്ല. അത് കൊണ്ട് സംസാരിക്കാതിരുന്നതാണ് അല്ലാതെ ജാഡ ആയിട്ടല്ല” ഞാൻ പിന്നെയും എന്നെ ന്യായീകരിക്കാൻ തുടങ്ങി.

“ആണോ.. ദെൻ ഐ ആം സോറി എഗൈൻ”

ഞങ്ങളുടെ സംസാരം അന്ന് നീണ്ടു പോയി, റ്റാനിയയുടെ പഠനത്തെ കുറിച്ചും എന്റെ യാത്രകളോടുള്ള ഭ്രമത്തെ കുറിച്ചും എല്ലാം സംസാരിച്ചു. യാത്രകളെ കുറിച്ച് സംസാരിച്ചപ്പോഴാണ് റ്റാനിയ അവളുടെ മനസ്സിലെ ഒരു ആഗ്രഹം എന്നോട് പറയുന്നത്. അരവിന്ദന്റെ അതിഥികൾ സിനിമ കണ്ട ശേഷം അവൾക്ക് കുടജാദ്രിയിൽ പോവണമെന്ന് ആഗ്രഹം വന്നെന്ന്. സിനിമ കണ്ടിട്ട് കുറെ നാളായെങ്കിലും ഇപ്പോഴും ആഗ്രഹം അത് പോലെ തന്നെ ഉണ്ട്, നമുക്ക് ശെരിയാക്കാമെന്ന് പറഞ്ഞ് ഞാൻ അന്നത്തെ സംഭാഷണം അവസാനിപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ സംസാര സമയം പതിയെ കൂടാൻ തുടങ്ങി, പക്ഷെ അവളോ ഞാനോ പരസ്പരം നമ്പർ വാങ്ങിച്ചില്ല.. ചാറ്റ് മാത്രം..

ഒരു ദിവസം കോൺഫ്രൻസ് കാളിൽ അഞ്ജലിയോടും ഷാനിനോടും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരാൾക്ക് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് അഞ്ജലി റ്റാനിയക്ക് ഫോൺ കൈ മാറി. ഷാനിനോട് ഫോൺ കട്ട്‌ ചെയ്ത് പോവാൻ പറഞ്ഞ് റ്റാനിയയോട് കുറച്ച് നേരം സംസാരിച്ചു.

കൊല്ലത്ത്കാരിയായ റ്റാനിയയുടെ സംസാരം അത്യാവശ്യം നല്ല സ്പീഡിൽ തന്നെ ആണ്. മനസ്സിലാക്കാൻ ആദ്യം പാട് പെട്ടെങ്കിലും പിന്നെ അത് ഇഷ്ടായി. പെട്ടന്ന് അഞ്ജലി ഫോൺ വന്നു വാങ്ങിച്ചതോടെ ഞങ്ങളുടെ ആദ്യത്തെ ഫോൺ വിളി അവസാനിച്ചു.

വീണ്ടും മെസ്സഞ്ചറിലേക്ക്.. ഒന്ന് രണ്ട് മെസ്സേജ് അയച്ചപ്പോഴേക്കും റ്റാനിയ ഇങ്ങോട്ട് പറഞ്ഞു, “ഇത് ഭയങ്കര ബോറാ.. നമുക്ക് ഫോണിൽ സംസാരിക്കാം”

“എന്റെൽ നമ്പർ ഇല്ല” ഞാൻ പറഞ്ഞു.

“ഇത്ര നാളായിട്ടു ഒന്ന് വാങ്ങിക്കാൻ തോന്നിയില്ലലോ.. ഇന്നാ” അവള് സിംപിൾ ആയി നമ്പർ അയച്ചു തന്നു.

അടുത്ത സെക്കൻഡിൽ ഞാൻ വിളിച്ചു..

ഒരൊന്നൊന്നര മണിക്കൂർ സംസാരം.. ഇടക്ക് ഞാൻ മൂന്നോ നാലോ വാക്ക് പറഞ്ഞ് കാണും ബാക്കി എല്ലാം അവള് തന്നെ.. ഞാനെല്ലാം മൂളി കേട്ട് ഇടക്ക് അതെയോ എന്നൊക്കെ പറഞ്ഞ് ഇരുന്നു..

****

ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞ് പോയി കൊണ്ടിരുന്നു, ഞങ്ങളുടെ സംസാര സമയവും അത് പോലെ തന്നെ കൂടി കൊണ്ടിരുന്നു. എനിക്കവളെ ഇഷ്ടമാണെന്ന് പക്ഷെ ഇത്ര നാളായിട്ട് ഞാൻ പറഞ്ഞില്ല, സത്യത്തിൽ ഇഷ്ടം ഉണ്ടോ എന്ന് പോലും എനിക്കുറപ്പില്ല. അവളോടൊരു ആകർഷണം ഉണ്ട്, സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. പക്ഷെ അത് കൊണ്ട് മാത്രം ഇഷ്ടാണെന്ന് പറയാൻ പറ്റില്ലലോ, പിന്നെ ഞാൻ ഇഷ്ടാണെന്ന് പറയുമ്പോ അവളെന്നെ ഫ്രണ്ട് ആയാണ് കണ്ടതെന്ന് വല്ലോം പറഞ്ഞാ പിന്നെ ഉള്ള ഈ പേരില്ലാത്ത ബന്ധം കൂടി ഇല്ലാതാവും സോ നോട് ടേക്കിങ് എനി റിസ്ക്.

നാള് കുറെ ആയി പരിചയപെട്ടിട്ട് എങ്കിലും അന്നത്തെ ആ മീറ്റിനു ശേഷം നേരിട്ട് കണ്ടിട്ടില്ല. ഏതെങ്കിലും ഒരു ഞായറാഴ്ച കൊച്ചിക്ക് വാ എന്ന് വിളിക്കുമെങ്കിലും ഞാൻ മടിച്ചു നിന്നു.

അഞ്ജലിയും ഞങ്ങളുടെ ഈ ഫോൺ സംസാരം ഒക്കെ അറിഞ്ഞിരുന്നു, ഒരു മീറ്റ് പ്ലാൻ ചെയ്യാം എന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഞാനും ഓക്കേ പറഞ്ഞു, അടുത്ത ഞായറാഴ്ച മീറ്റ് ചെയ്യാമെന്ന് തീരുമാനം ആയി.

ഞായറാഴ്ച രാവിലെ നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി, ട്രാഫിക് കൂടുന്നതിന് മുമ്പ് ഹൈവേ പിടിക്കണം എന്ന ലക്ഷ്യത്തിൽ ബ്രേക്ഫാസ്റ് എറണാകുളം എത്തിയിട്ട് കഴിക്കാമെന്ന് തീരുമാനിച്ചു.

രാവിലെ എട്ടരയോടെ ഏകദേശം മൂന്നു മൂന്നര മണിക്കൂർ കൊണ്ട് ഞാൻ എറണാകുളം ടൗണിൽ എത്തി. കളമശ്ശേരി അടുത്തു വെച്ച് ഞാൻ അഞ്ജലിയെ വിളിച്ചു.

“ഡീ ഞാൻ ഇവിടെത്തി”

“ഹാ..ഇത്ര വേഗമോ” അവളടുത്തു നിന്ന ആരോടോ എന്തോ പറയുന്നുണ്ട്.

“പിന്നല്ലാണ്ട്, കൃത്യനിഷ്ഠ വേണം”

“ഓഹ്.. അറിയാമേ എന്താ ഈ ശുഷ്‌കാന്തി എന്ന്” അവള് ഭയങ്കര ചിരി.

“നിനക്കുള്ളത് ഞാൻ തരുന്നുണ്ട്” അവൾടെ ചിരി എനിക്കത്ര ഇഷ്ടപ്പെട്ടില്ല.

“അതിപ്പഴും വിട്ടില്ലേ.. എന്നാ വരണ്ട” അവള് ചിണുങ്ങാൻ തുടങ്ങി.

“ചേട്ടനൊരു തമാശ പറഞ്ഞതല്ലേ” ഞാൻ സീരിയസ് വിട്ടു.

“മ്മ് ഓക്കേ.. ലൊക്കേഷൻ അയക്കാം”

അവരിവിടെ അടുത്ത് ഫ്ലാറ്റ് എടുത്താണ് താമസം കൂടെ ഒരാൾ കൂടി ഉണ്ട്. എനിക്ക് അയച്ചു തന്ന ലൊക്കേഷൻ വെച്ച് ഞാൻ സ്ഥലം കണ്ട് പിടിച്ചു. ഗസ്റ്റ് പാർക്കിംങ്ങിൽ ബൈക്ക് വെച്ച് ലിഫ്റ്റിലേക്ക്.

ഡോർ നമ്പർ 6 ബിയുടെ മുന്നിലെത്തി കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നത് റ്റാനിയ ആണ്, നല്ല കിടു ലുക്ക്‌. വൈറ്റ് കളർ കുർത്തയും ബ്ലു ജീനും, അത്യാവശ്യം നല്ല മേക്കപ്പ് ഒക്കെ ഉണ്ട്.

ഹലോ പറഞ്ഞ് ഞാൻ അകത്തേക്ക് കയറി, അത്യാവശ്യം തരക്കേടില്ലാത്ത ഒരു ലിവിങ് റൂം. അവിടെ ഉള്ള ബീൻ ബാഗിലേക്ക് ഞാൻ ഇരുന്നു. അപ്പോഴേക്കും അഞ്ജലി എത്തി, അവള് കുളി കഴിഞ്ഞേ ഉള്ളു എന്ന് തോനുന്നു. വിശേഷം ഒക്കെ ചോദിച്ചു വീണ്ടും മുറിയിലേക്ക് പോയി.

റ്റാനിയ എനിക്ക് ചായ കൊണ്ട് വന്നു തന്നു.. ഇവര് കൊള്ളാലോ.. ഗസ്റ്റ്നു ചായ ഒക്കെ കൊടുക്കുമല്ലേ..

“ചായ മാത്രേ ഉള്ളു” ചായ ഊതി കുടിക്കുന്നതിനിടെ റ്റാനിയയെ നോക്കി കൊണ്ട് ചോദിച്ചു.

“ഇത്ര നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചോ..” അവളടുത്തുള്ള കസേരയിലേക്ക് ഇരുന്നു.

“രാവിലെ ഒന്നും കഴിച്ചില്ല.. നല്ല വിശപ്പുണ്ട്” ഞാൻ റ്റാനിയയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.

അവളെന്നെ മൈൻഡ് ചെയ്യണില്ല.. ദുഷ്ട..

ചായ കുടിച് കഴിഞ്ഞപ്പോഴേക്കും അഞ്ജലി എത്തി “നമുക്ക് ഇറങ്ങാം..”

“ഇറങ്ങാനോ.. ഞാൻ വിചാരിച്ചത് നിങ്ങളെന്നെ സൽകരിക്കാൻ വേണ്ടി ഇങ്ങോട്ട് വിളിച്ചു വരുത്തിയെന്നാ” കാലി കപ്പ്‌ ടേബിളിൽ വെച്ച് ഞാനൊന്ന് ചാരി ഇരുന്നു.

“എഴുന്നേൽക്ക് വാ പോവാം” അഞ്ജലി എന്നെ പിന്നേം വിളിച്ചു.

“നമുക്ക് ഇവിടന്ന് ബ്രേക്ഫാസ്റ് കഴിച്ചിട്ട് പോവാം എന്നാൽ” ഞാൻ വിടാനുള്ള ഉദ്ദേശം ഇല്ല.

“ചായ കുടിച്ചില്ലേ.. അത് തന്നെ ബ്രേക്ഫാസ്റ്” അഞ്ജലി വന്നെന്റെ കൈ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു. റ്റാനിയ ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് അവിടിരിക്കാണ്.

“സത്യം പറ.. നിങ്ങൾക്ക് കുക്കിംഗ്‌ ഒന്നും അറിയില്ലേ?” ഞാൻ രണ്ട് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

മിണ്ടാട്ടം ഇല്ല..

“എന്നാ പിന്നെ അത് പറഞ്ഞാ പോരെ.. വാ പോവാം” വേറൊന്നും പറയാണ്ട് ഞാൻ നേരെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ലിഫ്റ്റ് ഓപ്പൺ ആയി എല്ലാരും അതിനകത്തു കേറിയപ്പോ തുടങ്ങിയ എന്റെ ചിരി താഴെ എത്തി റ്റാനിയയുടെ കാറിൽ കേറുന്ന വരെ നിർത്തിയില്ല. രണ്ടു പേരും എന്നെ നോക്കി പേടിപ്പിക്കാൻ നോക്കുന്നുണ്ട്, കിട്ടിയ അവസരം ഞാൻ കളയാതെ രണ്ടിനെയും നല്ലോണം കളിയാക്കി.

ചിരി ഒക്കെ നിർത്തി പുറകിലെ സീറ്റിൽ ചാരി കിടന്ന് റെസ്റ് ചെയ്തു.

ഏകദേശം മധ്യ ഭാഗത്തായാണ് ഇരുന്നത്, മിററിൽ നോക്കിയാൽ കാറോടിക്കുന്ന റ്റാനിയയുടെ മുഖം ശെരിക്ക്‌ കാണാം. ഞാനവളെയും നോക്കി ഇരുന്നു, ഇടക്ക് വെച്ച് അവളത് കണ്ടു. എന്താ എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ തിരിച്ചു ചിരിച്ചതേ ഉള്ളു..

തരക്കേടില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്തു നിർത്തി കഴിക്കാൻ വേണ്ടി കേറി.

കഴിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും ഷാൻ വിളിച്ചു. ഞങ്ങൾ എവിടെയാണ് ഉള്ളതെന്ന് ചോദിച്ചു അങ്ങോട്ട് വന്ന് അഞ്ജലിയെ കൂട്ടി കൊണ്ട് പോയി. ഇനി ഈ ദിവസം മുഴുവൻ റ്റാനിയ എന്റെ മാത്രം കൂടെ. ആർക്കും ഒരു സംശയവും തോന്നിയില്ല.

ഷാൻ പോവാൻ നേരം എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു. ഇന്നലെ രാത്രി അവന്റെ കാലു പിടിചിട്ടാണ് അവൻ അഞ്ജലിയെ കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞത്. അതിനു വേറെ ചെലവ് കൊടുക്കണം പോലും, അടുത്ത ട്രിപ്പിൽ ശെരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

ഞാൻ റ്റാനിയയുടെ കൂടെ കാറിന്റെ മുന്നിലെ സീറ്റിൽ കയറി, പൊതുവെ ചൂട് കുറവുള്ള അന്തരീക്ഷം ആയതിനാൽ കാർ വേണോ നമുക്ക് ബൈക്കിൽ പോവാമെന്ന് പറഞ്ഞപ്പോ അവൾക്ക് പാതി സമ്മതം.

നേരെ ഫ്ലാറ്റിന്റെ പാർക്കിംങ്ങിൽ പോയി കാർ മാറ്റി ബൈക്ക് എടുത്തു. പുറകിൽ കേറി ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

“റ്റാനിയ ബൈക്ക്‌ ഓടിക്കോ?” പിറകിലേക്ക്‌ തിരിഞ്ഞ് ഞാനവളെ നോക്കി.

“ചെറിയ ബൈക്ക് ഓടിച്ചിട്ടുണ്ട്” അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.

മിററിലൂടെ അവളുടെ മുഖത്ത് നോക്കി ഞാനും ചിരിച്ചതെ ഉള്ളു..

അന്നത്തെ ദിവസം നല്ല ഫ്രണ്ട്സ് ആവാനുള്ള ശ്രെമം ആയിരുന്നു ഞങ്ങളുടെ.. അവൾക്കിഷ്ടമുള്ളതും എനിക്കിഷ്ടമുള്ളതും ആയ സ്ഥലങ്ങളിൽ എല്ലാം ഞങ്ങൾ പോയി.. ഉച്ചക്ക് അവൾക്കിഷ്ടപെട്ട കരിമീൻ കൂട്ടിയ ഊണും ഞാൻ കഴിച്ചു..

വൈകീട്ട് ആയപ്പോൾ മറൈൻ ഡ്രൈവിൽ പോയി.. ഒരുപാട് കപ്പിൾസ് അവിടേം ഇവിടേം ആയി ഇരിക്കുന്നുണ്ട്.. റ്റാനിയ അവളുടെ കോളേജിനെ പറ്റിയും ക്ലാസ്സിനെ പറ്റിയും പറഞ്ഞു കൊണ്ട് നടന്നു. ഞാൻ പാതി ശ്രെദ്ധ അവൾക്കും പാതി കാണാൻ കൊള്ളാവുന്ന ബാക്കി പെൺപിള്ളേർക്കും ഭാഗിച്ചു കൊടുത്ത് കൊണ്ട് നടന്നു. അവളെന്നോട് എന്തോ ചോദിച്ചു, ഞാൻ കേട്ടില്ല.. സംസാരം നിർത്തി..

“ഞാൻ പറയുന്നത് എന്തെങ്കിലും കേൾക്കുന്നുണ്ടോ?” അവൾക്ക് ദേഷ്യം വരണ പോലുണ്ട്.

“എന്താ പറഞ്ഞെ” എനിക്കപ്പോഴാണ് ബോധം വന്നത്.

“ഒന്നുല്ല” പെണ്ണ് പിണങ്ങി..

ഈ പെൺപിള്ളേർ എന്താ ഇങ്ങനെ.. ഒരു കാര്യവും ഇല്ലാതെ പിണങ്ങിക്കോളും..

“സോറി.. വാ നമുക്ക് ഇവിടെ ഇരിക്കാം” അടുത്ത് കണ്ട ഒരു മരത്തണൽ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു.

ഒന്നും മിണ്ടാതെ എന്റെ കൂടെ നടന്നു.. അവളെന്റെ അരികിൽ ആയി ഇരുന്നു.. തട്ടാതെ മുട്ടി ഉരുമ്മാതെ.. അല്ലെങ്കിലും ഒരു അകലം നല്ലതാണ്..

കുറച്ച് സമയം മിണ്ടാതെ ഇരുന്നു, എനിക്കത്ഭുതമായി എങ്ങനെ ഇത്ര സമയം മിണ്ടാതെ ഇരിക്കുന്നു എന്ന്..

“എന്ത് പറ്റി.. വല്ലാത്ത നിശബ്ദത” പതുക്കെ റ്റാനിയയുടെ തോളിൽ തട്ടി.

“ഒന്നുല്ലാ..” എന്റെ കൈ അവൾ തട്ടി മാറ്റി.

“എന്നാലും പറ” കൈ മുട്ട് കൊണ്ട് തട്ടി കൊണ്ട് ചോദിച്ചു.

“ഞാൻ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ ഞാനെന്തിനാ സംസാരിക്കുന്നെ” കുറച്ച് അകലത്തേക്ക് നീങ്ങി ഇരുന്നു.

ചുമ്മാ തമാശ കളിക്കാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ വീണ്ടും അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു.

ഞാനെന്റെ കൈ പതുക്കെ അവളുടെ തോളിലേക്ക് എടുത്ത് വെച്ചു.

ദഹിപ്പിക്കുന്ന പോലൊരു നോട്ടം അവളെന്നെ നോക്കി, അറിയാത്ത പോലെ ഞാനാ കൈ പിൻവലിച്ചു കായലിലേക്കും നോക്കി ഇരുന്നു.

വിഷയം പതുക്കെ മാറ്റാനായി പുതിയൊരു കാര്യം എടുത്തിട്ടു. “ഇത് കഴിഞ്ഞ് ഫ്യൂച്ചർ പ്ലാൻ എന്താ?”

ആദ്യം അവളെന്നെ നോക്കി പിന്നെ പതിയെ ഒരു ചിരി വിടർന്നു. ഇഷ്ടമുള്ള എന്തോ കാര്യം ചോദിച്ച പോലെ..  “എയിമ്സിൽ പിജി ക്ക്‌ ജോയിൻ ചെയ്യണം എന്നാണ് ആഗ്രഹം, സ്പെഷ്യലൈസിങ് ഇൻ ഓങ്കോളജി”

“വൗ.. ബട്ട്‌ വൈ ഓങ്കോളജി?”

കുറച്ച് സമയത്തേക്ക് റ്റാനിയ ഒന്നും മിണ്ടിയില്ല.. കായലിലേക്കും നോക്കി കൊണ്ട് ഇരുന്നതേ ഉള്ളു..

അവളുടെ തോളിൽ പതിയെ തട്ടി.. കവിളിലൂടെ ഒഴുകിയ ഒരു തുള്ളി കണ്ണീർ തുടച്ചു കൊണ്ട് അവളെനിക്ക് നേരെ തിരിഞ്ഞു.. ഒന്നുല്ലാ എന്ന മട്ടിൽ തലയാട്ടി.. “പോവാം” എന്ന് പറഞ്ഞ് എഴുന്നേറ്റു.

സങ്കടപെടുത്തുന്ന എന്തോ പുറകിലുണ്ട് എന്ന് മനസ്സിലാക്കിയതു കൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല, കൂടെ നടന്നതേ ഉള്ളു..

തിരക്കേറിയ വഴിലൂടെ ആളുകളുടെ ഇടയിലൂടെ നടക്കുന്നതിനിടെ വിട്ടു പോവാതിരിക്കാൻ വേണ്ടി ഞാൻ റ്റാനിയയുടെ കയ്യിൽ പിടിച്ചു. എന്തോ ഒരു ചിന്തയിൽ പിടിച്ചതാണ്. പക്ഷെ പിന്നീടാണ് അവൾക്ക് ഇഷ്ടായില്ലെങ്കിലോ എന്നോർമ്മ വന്നത് പെട്ടന്ന് ആ പിടി വിട്ടു. പക്ഷെ അടുത്ത നിമിഷത്തിൽ അവളെന്റെ കൈ വിരലുകൾ കോർത്തു പിടിച്ചു. ഒരു ഷോക്ക് ഏറ്റ പ്രതീതി ആയിരുന്നു.. പതിയെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. ഞാൻ റ്റാനിയയെ നോക്കിയെങ്കിലും അവൾ മറ്റെന്തോ ചിന്തയിൽ ആയിരുന്നു..

അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.. അടുത്ത് എവിടെ നിന്നോ ഒരു ഗാനം കേൾക്കുന്നുണ്ടായിരുന്നു.

“എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..

അത്ര മേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ..

ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..”

വിദ്യാസാഗറിനെ സമ്മതിക്കണം.. എത്ര മനോഹരമായ പാട്ട്.. വെയിറ്റ് എ മിനിറ്റ്.. എനിക്കെന്താ സംഭവിക്കുന്നെ..

ഞാൻ റ്റാനിയയുടെ മുഖത്തേക്ക് ഒന്നുടെ നോക്കി, അവളെന്നേയും തിരിഞ്ഞു നോക്കി.. അവളെന്നെ നോക്കി ചിരിച്ചു ഞാനും തിരിച്ചു ചിരിച്ചു..

“യെസ് ഐ ആം ഇൻ ലവ്”

(തുടരും)

J..

Comments:

No comments!

Please sign up or log in to post a comment!