ഓഡീഷൻ
പ്രേരണ: ഡർനാ ജരൂരി ഹേ
“വക്കച്ചാ സമ്മതിച്ചു…”
സ്വർണ്ണം കെട്ടിയ പല്ലുകാണിച്ച്, അസംതൃപ്തിയോടെ മുഖത്തെ കൊഴുത്ത മസിലുകൾ മുറുക്കി, തന്നെ ഭീഷണമായി നോക്കുന്ന മാളിയേക്കൽ വക്കച്ചൻ എന്ന നിർമ്മാതാവിനോട് സംവിധായകൻ പ്രേംകുമാർ ശബ്ദമുയർത്തി.
“ഞാൻ അടുപ്പിച്ചു ചെയ്ത നാല് ഫാമിലി മൂവീസും സൂപ്പർ ഹിറ്റായിരുന്നു. നിങ്ങള് അതുകൊണ്ട് കോടികൾ ഒണ്ടാക്കി. പുതുമുഖനടന്മാരും നടിമാരും ഇപ്പോൾ തിരക്കുള്ളവരായി…ഒക്കെ ശരി! പക്ഷെ …”
പ്രേംകുമാർ അയാളെ ഒന്ന് നോക്കി.
“പക്ഷെ അടുത്ത പടവും ഫാമിലി മൂവീസ് തന്നെ വേണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാ? ഫാമിലിച്ചക്ക വീണ് നാലു പ്രാവശ്യം മുയൽ ചത്തു എന്നത് നേര്! അടുത്ത പ്രാവശ്യം മുയലിനെ കൊല്ലാൻ നമുക്ക് ചക്കയൊന്ന് മാറ്റിപ്പിടിച്ചാലോ?”
അപ്പോഴാണ് അങ്ങോട്ട് ലാവണ്യ വന്നത്.
കഴിഞ്ഞ സിനിമയിൽ നായികയുടെ അനിയത്തിയായി അഭിനയിച്ചവൾ!
പതിനാറ് സീനിൽ ഉണ്ടായിരുന്നു.
മുമ്പ് നാലഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അടുത്ത സിനിമയുടെ ചർച്ചകൾ നടക്കുന്നു എന്നറിഞ്ഞ് വന്നതാണ്.
അരമണിക്കൂർ മുമ്പ് വരെ വക്കച്ചന്റെ മുറിയിലായിരുന്നു, ലാവണ്യ.
“ചക്കയൊന്ന് മാറ്റിപ്പിടിച്ചാലോ എന്നോ?”
അവർക്കിടയിലെ ചർച്ചയുടെ വിഷയമറിയാതെ അവൾ തിരക്കി.
“നിങ്ങളെന്ന ചക്കപ്പുഴുക്ക് ഉണ്ടാക്കാൻ പോകുവാണോ?”
“ചക്ക….”
വക്കച്ചൻ അവളുടെ ഉയർന്ന മാറിടത്തിലേക്ക് നോക്കി പറഞ്ഞു.
“ഇതെന്നാ നോട്ടവാ വക്കച്ചൻ സാറേ!”
അയാളുടെ പരാക്രമം പിടിച്ച നോട്ടത്തിൽ അവളൊന്ന് നാണിച്ച് കുണുങ്ങി.
“ഇങ്ങനെയൊന്നും നോക്കല്ലേ! ഞാനും വരും മീ ടൂവിൽ,”
പിന്നെ അവൾ തീയേറ്റ്രിക്കലായി ചിരിച്ചു.
“ഓ!”
അസഹ്യമായ ഇഷ്ട്ടക്കേടോടെ പ്രേം കുമാർ അവളെ നോക്കി.
“മീ ടൂ! ഒന്ന് പോടീ! നാലഞ്ച് മണിക്കൂർ ഇയാടെ കാലിന്റെ എടേൽ കെടന്നിട്ട്! മൂഡ് കളയല്ലേ!”
“അയ്യോ!”
ലാവണ്യയുടെ ഭാവം മാറി.
ഇത്ര പെട്ടെന്ന് കരച്ചിലോ!
പ്രേം കുമാർ ആദ്യമൊന്ന് ഞെട്ടി.
ഇവള് കൊള്ളാല്ലോ! എത്ര ഇൻസ്റ്റന്റ്റ് ആയാണ് ഭാവങ്ങൾ മാറുന്നത്!
“വക്കച്ചൻ സാറേ! നമ്മളെന്നാ മുറിയ്ക്കാത്തത് ചെയ്തുകൊണ്ടിരുന്നേ? ഞാൻ എന്റെ ഫ്രണ്ട് സിനിമയ്ക്ക് വേണ്ടി എഴുതിയ കഥ പറഞ്ഞ് കേൾപ്പിക്കുവല്ലാരുന്നോ! എന്നിട്ടീ പ്രേം സാർ എന്നതാ ഈ പറയുന്നേ! അതും എന്നെപ്പോലെ വളർന്ന് വരുന്ന ഒരു പാവം നടിയെപ്പറ്റി!”
“ഇതുവരെ ബാലരമ പോയിട്ട് മുത്തിച്ചിപ്പിയിലെ കഥ പോലും വായിക്കാത്ത ഇയാൾടെ അടുത്തെന്തിനാടീ തലയും മുലയും വളർന്നു വരുന്ന പാവം നടിയായ നീ കഥപറയാൻ പോയത്? ഡയറക്റ്ററോടല്ലേ കഥ പറയണ്ടേ?”
പ്രേം കുമാർ വീണ്ടും ഒച്ചയിട്ടു.
“അതിന് ഞാൻ കഥ പറയുന്നത് പ്രേം സാറിന് ഇഷ്ടമല്ലല്ലോ”
കരച്ചിലിൽ നിന്ന് പൊടുന്നനെ കുണുങ്ങളിലേക്ക് മടങ്ങിയെത്തി ലാവണ്യ പറഞ്ഞു.
“ലാവണ്യ!”
ശാന്ത സ്വരത്തിൽ പ്രേം കുമാർ വിളിച്ചു.
“എന്താ സാർ?”
വിനീത വിധേയയായി അവൾ വിളികേട്ടു.
“ഒരുപകാരം ചെയ്യാമോ?”
“എന്തും!”
അയാൾക്ക് നേരെ കടക്കണ്ണെറിഞ്ഞ് അവൾ പറഞ്ഞു.
“പറയൂ സാർ!”
അയാൾ വക്കച്ചനെ നോക്കി.
പിന്നെ അവളെയും.
“ഒരു അരമണിക്കൂർ വാ തുറക്കരുത്!”
പ്രേം കുമാർ പറഞ്ഞു.
പിന്നെ അവളുടെ നേരെ കൈകൂപ്പി.
“പ്ലീസ്!”
“ഓ!”
അവൾ മുഖം കോട്ടി കെറുവിച്ചിരുന്നു.
“ഫാമിലി അല്ലെങ്കിൽ പിന്നെ എന്നാ സബ്ജക്റ്റ്?”
വക്കച്ചൻ കോട്ടുവായിട്ടുകൊണ്ട് ചോദിച്ചു.
“ഹൊറർ!”
ലാവണ്യയുടെ കണ്ണുകൾ വിടരുന്നത് പ്രേം കുമാർ കണ്ടു.
“ഹൊററോ?”
“അതെ ഹൊറർ! പ്രേതം!”
ലാവണ്യ ആരാധനാഭാവം അതിന്റെ പാരമ്യത്തിലെത്തിച്ച് അയാളെ നോക്കി.
“എന്റെ പ്രേം കുമാറേ!”
ഉഗ്രനൊരു ഹൊറർ മൂഡിൽ ഡ്രാക്കുളയുടെ കണ്ണും പല്ലും കാണിച്ച് വക്കച്ചൻ പറഞ്ഞു.
“എന്നെക്കൊണ്ട് കുത്തുപാളയെടുപ്പിക്കാനാണ് ഉദ്ദേശമല്ലേ? നീ കാര്യം സൂപ്പർ ഡയറക്റ്ററാ! അത് മലയാളം മൊത്തം അറിയാം. പക്ഷെ ഹൊറർ പടം! അത് നിനക്ക് നഷ്ടമൊന്നും വരുത്തുവേലേലും എന്നെ കുത്തുപാള എടുപ്പിക്കും!”
കലിപ്പ് വിടാതെ വക്കച്ചൻ വീണ്ടുംപ്രേംകുമാറിനെ നോക്കി.
“ഏതെങ്കിലും ഹൊറർ സിനിമ മലയാളത്തിൽ വിജയിച്ചിട്ടുണ്ടോ?”
“ലിസ!”
വക്കച്ചനെക്കൊണ്ട് മുഴുമിപ്പിക്കുന്നതിന് മുമ്പ് ലാവണ്യ പറഞ്ഞു.
“പോസ്റ്റ്മോർട്ടം, ദൈവദൂതൻ, അപരിചിതൻ, കാണാക്കണ്മണി,മൃത്യുഞ്ജയം, അകം, ഭാർഗ്ഗവീനിലയം അനന്തഭദ്രം, എസ്രാ…”
ഒറ്റശ്വാസത്തിലാണ് ലാവണ്യ അത് പറഞ്ഞത്!
പ്രേംകുമാർ അവളെ മിഴിച്ചു നോക്കി.
“മണിച്ചിത്രത്താഴ്!”
പ്രേംകുമാറിനെ അദ്‌ഭുതഭാവത്തിലേക്ക് നോക്കി ലാവണ്യ വീണ്ടും ഉരുവിട്ടു.
“ഇവളാള് കൊള്ളാല്ലോ!”
വക്കച്ചൻ അവളെ അഭിനന്ദിച്ച് പറഞ്ഞു.
“വെറും മൂന്ന് മാസമല്ലേ ആയുള്ളു കൊച്ചെ നീ അഭിനയിക്കാൻ തുടങ്ങിയിട്ട്!”
“മൂന്ന് മാസങ്ങളും പതിമൂന്ന് ദിവസവും!”
അവൾ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.
പുറത്ത്,ജനലിന് വെളിയിൽ തണുത്ത കാറ്റ് ബൊഗൈൻ വില്ലകളെ ഉലയ്ക്കുന്നത് പ്രേം കുമാർ കണ്ടു.
“ഞാൻ വന്നത് ഏപ്രിൽ മാസമാണ്…”
തണുത്ത സ്വരത്തിൽ, മന്ത്രിക്കുന്നത് പോലെ ലാവണ്യ തുടർന്നു.
“പതിമൂന്നാം തീയതി. വെള്ളിയാഴ്ച്ച! ശരിക്കും ഓർക്കുന്നു…ഒരു പൗർണ്ണമിയിൽ…”
“ഒന്ന് പോ കൊച്ചെ!”
വക്കച്ചൻ ശബ്ദമുയർത്തി.
“പൗർണ്ണമി രാത്രി! നീയെന്ന ആകാശഗംഗേൽ അഫിനയിക്കുവാണോ! അതിനാത്തെ ഡയലോഗ് പഠിക്കുവാ?””
ലാവണ്യ പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
“ആട്ടെ സ്റ്റോറിയായോ?”
പെട്ടെന്ന് ഗൗരവത്തിലേക്ക് മടങ്ങിവന്ന വക്കച്ചൻ പ്രേം കുമാറിനോട് ചോദിച്ചു.
“ഏറെക്കുറെ …ഇനി ക്ളൈമാക്സ് കിട്ടണം!”
“ആണോ? എന്നാ പറഞ്ഞെ കഥ!”
വക്കച്ചൻ ഉത്സാഹത്തോടെ ചോദിച്ചു.
“ഇപ്പോൾ കിട്ടിയ വാർത്ത…”
ഏഷ്യാനെറ്റ് ന്യൂസിൽ രജനി വാര്യർ പറയുന്നത് കേട്ട് മൂവരും ടി വിയിലേക്ക് നോക്കി.
“മൂന്ന് മാസങ്ങൾക്ക് മുമ്പ് കാക്കനാട്ട് ജങ്ഷന് സമീപം ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിഷാദശാംശങ്ങൾ തേടി അന്വേഷണസംഘം നോയിഡയ്ക്ക് തിരിച്ചിരിക്കുന്നു!”
“ഇതേതാ ഈ കേസ്?”
പ്രീ കുമാർ വക്കച്ചനെ നോക്കി.
“ഒരു മൂന്ന് മാസം കഴിഞ്ഞുകാണും,”
വക്കച്ചൻ പറഞ്ഞു.
“വടക്കേ ഇന്ത്യയിൽ നിന്നാണ് എന്ന് തോന്നുന്നു,കേരളത്തിലേക്ക് ഒരു പെൺകുട്ടി വന്നു…അവളുടെ കാർ കാക്കനാട്ട് ജങ്ക്ഷൻ എത്തിയപ്പം കേടായി..അതിലെ വന്ന ഒരു കാറിന് കൈ കാണിച്ചു…കാറിനകത്ത് ഉണ്ടായിരുന്നവൻ ആ കൊച്ചിനെയും കൊണ്ട് എങ്ങോട്ടോ പോയി ബലാത്സംഗം ചെയ്ത് കൊന്ന് മുഖമൊക്കെ തിരിച്ചറിയാൻ പറ്റാത്ത രീതീല് വികൃതമാക്കി…ബോഡി ഉപേക്ഷിച്ച് കടന്നുകളഞ്ഞു…” “ഈശ്വരാ!”
പ്രേം കുമാർ തലയിൽ കൈവെച്ചു.
“സാറ് മൂന്ന് മാസം മുമ്പ് അവിടെവെച്ചല്ലേ ഏതോ ഒരു പെണ്ണിന് ലിഫ്റ്റ് കൊടുത്തത്?”
ലാവണ്യ പ്രേംകുമാറിനോട് ചോദിച്ചു.
അയാൾ പെട്ടെന്ന് അവളെ നോക്കി.
“അവിടെവെച്ചോ?”
അയാൾ പെട്ടെന്ന് ചോദിച്ചു.
“ആ ..ആര് പറഞ്ഞു? അത് വെല്ലിംഗ്ടൺ ബ്രിഡ്ജിന് അടുത്തുവെച്ചാ!”
പുറത്ത് വീണ്ടും കാറ്റ് ബൊഗൈൻ വില്ലകളെ ഉലച്ചു.
പുറത്ത് സായാഹ്നം ഇളവെയിൽ കൊണ്ട് പരിസരങ്ങളെ നിറച്ചു.
“എനിക്ക് എന്തായാലും ഇതിൽ റോൾ വേണം,”
പെട്ടെന്ന് ലാവണ്യ പറഞ്ഞു.
“കേട്ടോ വക്കച്ചൻ സാറേ! പ്രേം സാറിനോടും കൂടെയാ പറയുന്നേ!”
“നീ ഓഡിഷനിൽ പങ്കെടുത്തോ!”
പ്രേം പറഞ്ഞു.
“ഇതിന്റെ കാസ്റ്റിങ് മുഴുവൻ ഓഡീഷൻ നടത്തിയേ എടുക്കൂ.
ലാവണ്യ മുഖം കോട്ടി.
“അതിന്റെ ആവശ്യമുണ്ടോ പ്രേമേ?”
അനുനയിപ്പിക്കുന്ന സ്വരത്തിൽ വക്കച്ചൻ ചോദിച്ചു.
“അതിന്റെ ആവശ്യമുണ്ടല്ലോ വക്കച്ചാ!”
“ഓഡീഷനിൽ എന്നെ ശരിക്കും ഭയപ്പെടുത്തുന്ന അഭിനയം കാഴ്ച്ചവെക്കുന്നവളേ നായികയാകും! നാഗവല്ലിയും ലിസയുമൊക്കെ ഒരുമിച്ചു വന്നാൽ പേടിക്കാത്ത എന്നെ ശരിക്കും ഭയപ്പെടുത്തി അഭിനയിക്കുന്നവളാരോ അവളായിരിക്കും നായികാപ്രാധാന്യമുള്ള ഈ സിനിമയിലെ നായിക!”
“ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?”
വക്കച്ചൻ ഇഷ്ടക്കേട് തുറന്നു ചോദിച്ചു.
“ഇതൊരുമാതിരി രാംഗോപാൽ വർമ്മയുടെ നായകൻമാർ ചെയ്യുന്നപോലെ!”
“സ്റ്റേജിൽ ജഡ്ജസിറ്റേയും എന്റെയും മുമ്പി വെച്ച് അഭിനയിച്ച് കാണിക്കണം എന്ന് നിർബന്ധമില്ല …ഞാൻ വീട്ടിലുള്ളപ്പോൾ അവിടെ കാഷ്വൽ ആയി വന്നിട്ട് …അല്ലെങ്കിൽ ഞാൻ പോകുന്ന വഴി …. അപ്രതീക്ഷിതമായി കടന്ന് വന്ന് ഭയപ്പെടുത്തി …അങ്ങനെയൊക്കെ മതി ..ഞാൻ ഭയപ്പെടണം …അതേ ചെയ്യേണ്ടതുള്ളൂ….!”
പ്രേം കുമാർ എഴുന്നേറ്റു.
“എങ്ങോട്ടാ പോകുന്നെ?”
വക്കച്ചൻ ചോദിച്ചു.
“വീട്ടിൽ പോകണം…ക്ളൈമാക്സ് കംപ്ലീറ്റ് ചെയ്യണം!”
കാക്കനാട്ട് ആണ് പ്രേംകുമാറിൻറ്റെ വീട്.
ലാവണ്യയുമെഴുന്നേറ്റു.
“നീയും പോകുവാണോ?”
വക്കച്ചൻ അവളോട് ചോദിച്ചു.
“എനിക്കൊന്ന് വനജേടെ വില്ല വരെ പോകണം ,”
വനജാ സതീശൻ തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ്.
ലാവണ്യ പുറത്തേക്ക് പോയി.
“എത്ര ദിവസംകൊണ്ട് സ്ക്രിപ്റ്റ് കംപ്ലീറ്റ് ആകും പ്രേമേ?”
“ഇന്ന് തീരും എന്റെ മാപ്പിളെ!”
“ഏഹ്?”
വക്കച്ചന് സന്തോഷം അടക്കാനായില്ല.
“ഇന്ന് തീരുവോ! അത് കൊള്ളാം…കാസ്റ്റിങ്ങും ലൊക്കേഷൻ ഹണ്ടും ഒക്കെയായി ഒരാഴ്ച്ച! അപ്പം അടുത്താഴ്‌ച്ച ഷൂട്ട് തൊടങ്ങാല്ലോ; അല്ലേ?”
“എന്നാ ഇത്ര തിറുതി?”
പ്രേം പരിഹാസത്തോടെ ചോദിച്ചു.
“ആദ്യം ഞാൻ ക്ളൈമാക്സ് കംപ്ലീറ്റ് ചെയ്യട്ടെ! അത് കഴിഞ്ഞ് ഞാൻ പറയാം! ഹൊറർ ജോണറിൽ എന്റെ ഫസ്റ്റ് അറ്റെംറ്റാ! അതിന് കൊറച്ച് തയ്യാറടുപ്പുകൾ വേണം മാപ്പിളേ!”
“ഓ! എന്തിന്!”
വക്കച്ചൻ വിഷമത്തോടെ ചോദിച്ചു.
“പ്രേമിനെപ്പോലെ ഒരു സൂപ്പർ ജീനിയസ് ഡയറക്റ്റർക്ക് അത്രയ്‌ക്കൊക്കെ ഒരുക്കത്തിന്റെ ആവശ്യം ഒണ്ടോ?”
“ഒണ്ടെടോ!”
പ്രേം ലാപ്പ് ടോപ്പ് ബാഗിൽ വെച്ചടച്ചു.
“ശരിക്കും പേടിച്ച് മരിക്കുന്ന രീതീല് എനിക്കിത് എഴുതണം. ഞാൻ എഴുതുന്ന സ്ക്രിപ്റ്റ് എന്നെത്തന്നെ ഭയപ്പെടുത്തുന്നതാവണം! സ്വയം ഭയപ്പെടാതെ നാട്ടുകാരെ ഭയപ്പെടുത്തുന്നതിൽ അർത്ഥമില്ല! സോ മാപ്പിളേ ഒള്ള കള്ളും കുടിച്ച് കാലിനെടേൽ കയ്യും ഞെക്കി വെച്ച് ഇവിടെക്കെട! ഞാൻ പോയി ക്ളൈമാക്സ് എഴുതട്ടെ!”
അത് പറഞ്ഞ് പ്രേംകുമാർ പുറത്തേക്ക് പോയി.
കാർ തുറന്ന് അകത്ത് കയറി.
ബൊഗൈൻവില്ലകളെ ഉലയ്ക്കുന്ന തണുത്ത കാറ്റിനെ ഒന്ന് നോക്കി അയാൾ പുറത്തേക്ക് ഡ്രൈവ് ചെയ്ത് ഹൈവേയിലെത്തി.
അരമണിക്കൂർ ഡ്രൈവ് ഉണ്ട് വീട്ടിലേക്ക്.
റോഡ് സ്റ്റുവർട്ടിന്റെ “എറ്റേണൽ” ന്റെ മൃദുഭംഗിയുള്ള സംഗീതം കേട്ട് പച്ചപ്പിനിടയിലൂടെ പ്രേം കുമാർ മിനി കൂപ്പർ പായിച്ചു.
പത്ത് മിനിറ്റ് കഴിഞ്ഞുകാണും.
അപ്പോഴാണ് ദൂരെ, വഴിയരികിൽ, നിറയെ പൂത്ത് വിടർന്ന ദേവദാരുവിന്റെ ചുവട്ടിൽ ഒരു പെൺകുട്ടി നിൽക്കുന്നത് അയാൾ കാണുന്നത്.
നിലം മുട്ടുന്ന വെളുത്ത ഫ്രോക്ക്.
കൈയ്യിൽ വിടർത്തിപ്പിടിച്ച ചുവന്ന കുട.
ഈ സമയത്ത് എന്തിനാണ് കുട നിവർത്തിപ്പിടിച്ചിരിക്കുന്നത്?
ഇളംവെയിൽ അത്ര ചൂടൊന്നുമില്ല.
മിനി കൂപ്പറടുത്തെത്തിയപ്പോൾ അയാൾ കണ്ടു.
അവൾ കൈകാണിക്കുന്നു!
ലിഫ്റ്റ് ചോദിക്കുന്നു!
നിർത്തണോ?
കാർ അവളെയും കടന്ന് അൽപ്പം മുമ്പോട്ട് പോയി.
റിയർ വ്യൂവിലൂടെ അവളുടെ ഉടൽ ഭംഗികണ്ടപ്പോൾ അയാൾ വാഹനം നിർത്തി.
പിന്നെ പതിയെ റിവേഴ്‌സെടുത്തു.
അവളുടെ അടുത്തെത്തി.
ആദ്യമയാളൊന്നമ്പരന്നു.
ലാവണ്യ!
“നീയോ? വാ കേറ് !”
അവൾ പുഞ്ചിരിയോടെ അകത്തേക്ക് കയറി.
“എന്റെ കാറ് കേടായി,”
സീറ്റിലയാളുടെ അടുത്ത് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
“കുറെ നേരമായി ഞാൻ പല വണ്ടിക്കും കൈകാണിച്ചു! ഒരുത്തനേലും ഒന്ന് നിർത്തണ്ടേ!”
“നീ താമസം എവിടെയാ?”
അവളെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
“സാറിന്റെ വില്ല കഴിഞ്ഞ് ഒരു പത്തുമിനിറ്റ് കൂടിയുണ്ട്! കള്ളിയങ്കാട്ട് പോയിന്റ്റ്..അതിനടുത്ത്!”
കള്ളിയങ്കാട്ട്?
അങ്ങനെയൊരു സ്ഥലം അയാൾ കേട്ടിരുന്നില്ല, കാക്കനാടിന്റെ പരിസരത്ത്.
പക്ഷെ ആഴമുള്ള ക്ളീവേജ് തുറന്നു കാണിക്കുന്ന ഫ്രോക്കിലേക്ക് നോക്കിയപ്പോൾ അതേക്കുറിച്ച് ചോദിയ്ക്കാൻ അയാൾക്ക് തോന്നിയില്ല.
“എന്താ സാറെ?”
അയാളുടെ നോട്ടത്തിലേക്ക് കുസൃതി ഭാവമെറിഞ്ഞ് അവൾ ചോദിച്ചു.
“ആക്സിഡന്റ്റ് ഉണ്ടാവും കേട്ടോ!”
അത് പറഞ്ഞ് അവൾ ഒന്നിളകി ചിരിച്ചു.
എങ്കിലും തുളുമ്പുന്ന മാറിടത്തിന്റെ ഭംഗിയിലേക്ക് അയാൾക്ക് നോക്കാതിരിക്കാനായില്ല.
“മനസ്സിൽ മൊത്തം ക്ളൈമാക്സ് ആയിരിക്കും അല്ലെ?”
അവൾ ചോദിച്ചു.
“അതെ…”
അയാൾ ചിരിച്ചു.
“ചെന്നിട്ട് വേണം … എഴുത്തൊന്ന് മുഴുമിപ്പിക്കാൻ. രണ്ട് വോഡ്ക…റോഡ് സ്റ്റുവർട്ടിന്റെ മ്യൂസിക്ക് ….മൂന്ന് മണിക്കൂർ …ക്ളൈമാക്സ് റെഡി!”
“ഉറപ്പാണോ?”
അവൾ ചോദിച്ചു.
അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഒരു നിമിഷം അയാളൊന്ന് പതറി.
അവളുടെ കണ്ണുകൾ എരിയുന്നത് പോലെ പ്രേം കുമാറിന് തോന്നി.
“അതെ …അതെ…”
മാറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു.
“മൂന്ന് മണിക്കൂർ കൊണ്ട് റെഡിയാകും!”
“എനിക്കതിൽ റോൾ ഉണ്ടാവില്ലേ?”
അയാൾ ചിരിച്ചു.
വഴിയരികിൽ ഉത്തുംഗരൂപത്തിൽ തേക്ക് മരങ്ങൾ നിൽക്കുന്നത് അയാൾ കണ്ടു.
സായന്തനം അവസാനത്തിലേക്കടുക്കുകയാണ്…
വഴിയരികിൽ എന്തോ കത്തിക്കരിയുന്നത് കണ്ടപ്പോൾ ലാവണ്യ അങ്ങോട്ട് നോക്കി.
“എന്താ അത്?”
അയാൾ ചോദിച്ചു.
“അറിയില്ല,”
അവൾ പറഞ്ഞു.
“എന്തായാലും മനുഷ്യരെ ആരെയും കത്തിച്ചു കൊല്ലുന്നതാകാതിരുന്നാൽ മതിയായിരുന്നു!”
അവളുടെ വാക്കുകളിലെ ചൂടറിഞ്ഞ് അയാൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്തു.
“നായികയുടെ റോൾ എനിക്ക് തരില്ലേ?”
അവൾ പുഞ്ചിരിയോടെ ചോദിച്ചു.
“എന്നെക്കാൾ പെർഫെക്റ്റ് ആയി ആ റോൾ ആരും ചെയ്യില്ല…ഒരു പ്രേതമാകാൻ എനിക്ക് പെട്ടെന്ന് കഴിയും,”
കമ്പ്യൂട്ടറിൽ ആനിമേറ്റ് ചെയ്യപ്പെട്ട പ്രേതസ്വരത്തിൽ ലാവണ്യ പറഞ്ഞത് കേട്ട് പ്രേം പെട്ടെന്ന് വണ്ടി നിർത്തി.
“എന്താ?”
അയാൾ സാവധാനം ചോദിച്ചു.
അവൾ ചിരിച്ചു.
“സാറിന്റെ മുഖം കണ്ടിട്ട് പേടിച്ചത് പോലെ തോന്നുന്നു!”
പിന്നെ അവൾ ചിരിച്ചു.
ഇന്നെന്താണ് ഈ വഴിയൊക്കെ ഇത്ര വിജനം?
പാതയിലേക്ക് നോക്കി അയാൾ സ്വയം ചോദിച്ചു.
കണ്ണുകൾ വീണ്ടും ഫ്രോക്കിനുള്ളിൽ ചൂട് പിടിച്ച് അമർന്നു കിടക്കുന്ന മാറിടത്തിൽ തറയുന്നു.
പതിയെ നഗരദൃശ്യങ്ങളിലേക്ക് വാഹനം പ്രവേശിച്ചു.
അപ്പോഴൊക്കെ ലാവണ്യയുടെ മുടിയിഴകൾ തന്റെ മുഖത്ത് തൊടുന്നതും അതിൽനിന്ന് ഒരു മരവിപ്പ് പടരുന്നതും പ്രേം കുമാർ അറിഞ്ഞു.
വീടിന്റെ മുമ്പിലെത്തിയപ്പോൾ അയാൾ വണ്ടി നിർത്തി.
“ഇറങ്ങ്,”
ഡോർ തുറന്നുകൊണ്ട് അയാൾ അവളോട് പറഞ്ഞു.
“ഒരു കാപ്പിയൊക്കെ കുടിക്കാം….ഞാൻ തന്നെയല്ലേ ഉള്ളൂ?”
അവൾ പുറത്തേക്കിറങ്ങി.
ചുറ്റും നോക്കി.
മനോഹരമായ ചുറ്റുപാടുകൾ.
ഒരു പോസ്റ്റ് കാഡ് സീനറി പോലെ.
പൂക്കൾ ചൂടിയ മരങ്ങളുടെ ചതുരത്തിനകത്ത് മനോഹരമായ വില്ല.
മുകളിൽ അസ്തമയം നിറം കൊടുത്ത കുങ്കുമ മേഘങ്ങൾ.
അകത്ത് നിന്ന് പരിചാരകനെന്നു തോന്നിച്ച ഒരു മധ്യവയസ്ക്കൻ ഇറങ്ങിവന്നു.
“കഴിക്കാൻ എന്തെങ്കിലുമുണ്ടോ?”
പ്രേം അയാളോട് ചോദിച്ചു.
“ഇല്ല …”
അയാൾ പറഞ്ഞു.
“സാർ രാത്രി വൈകിയേ വരൂ എന്നാണ് പറഞ്ഞത്… അതുകൊണ്ട് ഞാൻ ഒന്നും ഉണ്ടാക്കിയില്ല.നേരത്തെ ഉണ്ടാക്കിയാൽ തണുത്തുപോകില്ലേ? സാരമില്ല പെട്ടെന്നുണ്ടാക്കാം..! ഒരു മണിക്കൂറിനുള്ളിൽ!”
പെട്ടെന്ന്. ഒരു മണിക്കൂറിനുള്ളിൽ!
പ്രേം ചിരിച്ചു.
“ഉണ്ടാക്കേണ്ട!”
അയാൾ പറഞ്ഞു.
“പോയി പാഴ്‌സൽ വാങ്ങിവാ…രണ്ടുപേർക്ക്!”
അയാൾ ഗാരേജിൽ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയി.
അവർ വീടിനകത്തേക്ക് കയറി.
പെട്ടെന്ന് പ്രകാശം നിലച്ച് ചുറ്റും ഇരുട്ട് നിറഞ്ഞു.
“നാശം പിടിക്കാൻ!”
പ്രേം കുമാർ പിറുപിറുത്തു.
“ഈ സമയത്ത് തന്നെ വേണം പവർ കട്ട്! ലാവണ്യ പേടിക്കണ്ട …ഇപ്പം തന്നെ കറന്റ്റ് വരും!”
പറഞ്ഞു തീർന്നതും അയാൾക്ക് മുമ്പിൽ ലൈറ്റർ തെളിഞ്ഞു.
ലൈറ്ററിന്റെ നാളത്തിൽ ലാവണ്യയുടെ ജ്വലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളും അയാൾ കണ്ടു.
അയാൾ ഭയന്ന് ഒരു ചുവട് പിമ്പോട്ട് വെച്ചു.
“വെളിച്ചം വേണ്ട!”
അവൾ പറഞ്ഞു.
“എനിക്ക് ഇരുട്ടാണ് ഇഷ്ടം!”
പ്രേം കുമാറിന് ഒന്നും മനസിലായില്ല.
“ലാവണ്യ…?”
“ഇരുട്ടാണ് എനിക്കും എന്റെ കൂട്ടുകാർക്കും ഇഷ്ടം!”
“കൂട്ടുകാരോ?”
അയാൾ ഭയന്നു ചോദിച്ചു.
“നീയെന്താ ഈ പറയുന്നേ?”
“അതെ കൂട്ടുകാർ..മരിച്ചവർ ..മരിച്ച് അലയുന്നവർ …”
“നീയെന്താ കരുതിയെ? ഈ പിച്ച് കേട്ടിട്ട് ഞാൻ പേടിച്ചുപോകുമെന്നോ?”
“പേടിക്കണം”
അവൾ അയാൾക്ക് നേരെ അടുത്തു.
“ഇന്ന് നീ പേടിക്കും…”
അവൾ അൽപ്പം കൂടി അയാളോടടുത്തു.
“ഓർക്കുന്നുണ്ടോ, നിന്റെ കാറിൽ കയറുമ്പോൾ ഞാൻ എന്താ പറഞ്ഞെ?”
പ്രേം കുമാർ ഓർത്ത് നോക്കി.
“എന്റെ കാറ് കേടായി. കുറെ നേരമായി ഞാൻ പല വണ്ടിക്കും കൈകാണിച്ചു! ഒരുത്തനേലും ഒന്ന് നിർത്തണ്ടേ!”
അതെ, അങ്ങനെയാണ് അവൾ പറഞ്ഞത്!
എന്നിട്ട് അയാൾ അത് അവളോട് പറഞ്ഞു.
“യെസ് ..ഞാൻ പറഞ്ഞത് അതുതന്നെയാണ്! പക്ഷെ ഞാൻ നിന്നിടത്ത് ഏതെങ്കിലും വണ്ടി കിടപ്പുണ്ടായിരുന്നോ?”
അത് കേട്ട് അയാൾഒന്നമ്പരന്നു!
നിറയെ പൂത്തു നിന്ന ദേവദാരു.
അതിന്റെ ചുവട്ടിൽ അവൾ.
മറ്റൊന്നുമുണ്ടായിരുന്നില്ല.
“ഒറ്റയ്ക്ക് ആയിരുന്നു ഞാൻ…”
അവൾ തുടർന്നു.
“നിന്നോട് പറഞ്ഞു, എന്റെ വീട് അൽപ്പം ദൂരെയാണ് എന്ന്. ഒറ്റയ്ക്ക് ഒരു പെണ്ണിനെ കാണുമ്പൊൾ സമൂഹം ആദരവോടെ നോക്കിക്കാണുന്ന നിന്നനെപ്പോലെയുള്ളവർ ചെയ്യേണ്ടത് എന്താ? അവളെ വീട്ടിൽ കൊണ്ടുപോയാക്കുകയെന്നതല്ലേ? എന്നിട്ട് നീയിപ്പോൾ ചെയ്തതെന്താ? നീ ഒറ്റയ്ക്ക് താമസിക്കുന്ന ഈ വീട്ടിലേക്ക്, രാത്രിയാകാൻ പോകുന്ന ഈ സമയം എന്നെ കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു…വീട്ടിലുണ്ടായിരുന്ന ജോലിക്കാരനെ പുറത്തു വിട്ടിരിക്കുന്നു!”
അവളുടെ ശാസത്തിലെ തണുപ്പ് തന്നെ മരവിപ്പിക്കുന്നത് പോലെ അയാൾക്ക് തോന്നി.
“എന്തിനാ നീയെന്നെയിങ്ങോട്ട് കൊണ്ടുവന്നത്? അറിയോ നിനക്ക് മൂന്ന് മാസങ്ങൾക്ക് മുമ്പ് ഞാൻ അവിടെത്തന്നെ നിന്നിരുന്നു…ഊരും പെരുമൊന്നുമറിയാത്തവളായി…പലരോടും സഹായം ചോദിച്ചു…. ഞാൻ നിന്നോട് ലിഫ്റ്റ് ചോദിച്ചു…നീ സഹായിക്കാം എന്നും പറഞ്ഞ് എന്നെ കാറിൽ കയറ്റി …എന്നിട്ട് ..എന്നിട്ട് ..അറിയില്ലേ അറിയില്ലേ പിന്നീട് എന്താണ് ഉണ്ടായേന്ന്? അവളാണ് ഞാൻ!”
ആ ചോദ്യംകേൾക്കാൻ പ്രേം കുമാർ വെളിച്ചമില്ലാത്ത ആ വീട്ടിൽ നിൽക്കുന്നുണ്ടായിരുന്നില്ല.
നിലം പൊത്തി!
പിമ്പിൽ കിടന്ന സോഫയിലേക്കാണ് പക്ഷെ കുഴഞ്ഞ് വീണത്.
“സാർ!”
അത് കണ്ട് ലാവണ്യ ഉറക്കെ വിളിച്ചു.
പക്ഷെ പ്രേം കുമാർ വിളി കേട്ടതേയില്ല.
ലാവണ്യ പെട്ടെന്ന് ബാഗിൽ നിന്ന് ഫോണെടുത്തു.
ഡയൽ ചെയ്തു.
“ആഹ്! വക്കച്ചൻ സാർ!”
അവൾ ആഹ്ലാദത്തോടെ വിളിച്ചു.
“പ്രേം സാറ് പറഞ്ഞതില്ലാരുന്നോ ഒഡീഷനിൽ അഭിനയിക്കുമ്പം സാറിനെ ശരിക്ക് പേടിപ്പിക്കുന്നയാൾക്ക് അടുത്ത പടത്തിൽ ഹീറോയിന്റെ റോൾ തരുമെന്ന്! എന്ത്? പേടിച്ചോന്നോ? പേടിച്ച് ബോധം കെട്ടു! ആ ബോധം കെട്ട് നിലത്ത് വീണു…എന്താ? എന്താ അഭിനയിച്ചേന്നോ? മൂന്ന് മാസംമുമ്പ് റേപ്പ് ചെയ്യപ്പെട്ട ആപെണ്ണില്ലേ?നമ്മള് മുമ്പേ ടി വിയിൽ കണ്ടത്? ആഹ്! അതുതന്നെ! അവളുടെ പ്രേതമായി അങ്ങ് അഭിനയിച്ചു! പ്രേം സാറ് ദേണ്ടെ ഫ്‌ളാറ്റ്!!”
അതും പ്രേം കുമാർ കേൾക്കുന്നുണ്ടായിരുന്നില്ല.
മണിക്കൂറുകൾക്ക് ശേഷം നഗരത്തിലെ ഏറ്റവും മുന്തിയ ഡോക്റ്റർ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുറിച്ചു:
“….ഡൈഡ് ഡ്യൂ റ്റു നേർവസ്സ് ബ്രെക്ക് ഡൌൺ….”
Comments:
No comments!
Please sign up or log in to post a comment!