വീണ്ടും പ്രേമം(തം)
[നോൺകമ്പി പ്രേതകഥാ സീരീസ് 3]
“ടാ…. — ൽ ചെന്നൊരു പണി നോക്കി വാങ്ങേണ്ട പെയിന്റ് കുറിച്ചു കൊടുത്തേ… എനിക്കിപ്പ വേറെ പെട്ടന്നൊരത്യാവശ്യം! അവരോടു കാലത്തു ചെല്ലാന്ന് പറഞ്ഞതാ അവർക്ക് എട്ടിന് എങ്ങോട്ടോ കല്യാണത്തിനോ മറ്റോ പോണോന്ന്… അതിനു മുന്നേ ചെല്ലണേ…”
അരുണേട്ടൻ വഴി വശദമായി പറഞ്ഞ് തന്ന് വീടിന്റെ അടയാളവും പറഞ്ഞു തന്നു…
ഒരു മുപ്പത് കിലോമീറ്റർ ദൂരെയാണ് സ്ഥലം അരുണേട്ടന്റെ അമ്മവീടിന് മൂന്ന് കിലോമീറ്റർ അകലെയാണ് ഈ പറഞ്ഞ സ്ഥലം! ആ വഴിക്ക് ആവണം ഈ പണി വന്നത്!
ഞാൻ പെട്ടന്ന് മുഖവും കഴുകി റെഡിയായി കട്ടനും കുടിച്ച് ബൈക്കും എടുത്ത് സ്ഥലം വിട്ടു….
ഞാൻ ചെന്ന് മടങ്ങിയിട്ട് വേണമല്ലോ അവർക്ക് എവിടെയോ പോവാൻ….!!
ലക്ഷ്യ സ്ഥാനം അടുത്തു.. അരുണേട്ടൻ പറഞ്ഞ ചെറിയ വഴിയിലൂടെ ബൈക്ക് മുന്നോട്ട് നീങ്ങി…
അടയാളം പറഞ്ഞ സ്ഥലത്ത് ബൈക്ക് വച്ച് വലിയൊരു കുന്ന് നടപ്പാത മാത്രമുള്ള വഴിയിലൂടെ നടന്ന് കയറി ഒറ്റപ്പെട്ട ആ വീട്ടിന് മുന്നിൽ എത്തി…
“സനലല്ലേ? അരുൺ പറഞ്ഞുവിട്ട ആള്..? ഞാനാ വിജയൻ!”
ഒരു സുമുഖനായ മദ്ധ്യവയസ്കൻ നിറഞ്ഞ ചിരിയോടെ എന്നോട് തിരക്കി..
ഞാൻ അതേ എന്ന് തലകുലുക്കി..
ഭംഗിയും വൃത്തിയും വെടിപ്പും ഉള്ള ഒരു കൊച്ച് വീട്…
വീടിന് അടിച്ചിരിക്കുന്ന സ്നോസം അത്ര വലുതായി മുഷിഞ്ഞിട്ടില്ല!
ഇപ്പോഴും സ്നോസം അടിച്ച വീടോ… ഞാൻ അതിശയത്തോടെ ഓർത്തു….
ഞാൻ വീടിന് ചുറ്റും നടന്ന് നോക്കിയിട്ട് പെയിന്റ് കുറിക്കാൻ പേപ്പറും പേനയും തിരക്കിയപ്പോൾ സെറ്റുസാരി ഉടുത്ത നല്ല ഐശര്യം തുളുമ്പുന്ന ഒരു സുന്ദരിച്ചേച്ചി ട്രേയിൽ ചായയും ആയി വന്നു..
ഒരു ഗ്ലാസ് ചായ എനിക്ക് എടുത്ത് നീട്ടിയിട്ട് ചേട്ടൻ ചേച്ചിയെ പരിചയപ്പെടുത്തി
“എന്റെ ഭാര്യ നിർമ്മല… !”
അകത്തേക്ക് നോക്കി…
“മോളേ വിനീതേ ഒരു കടലാസും പേനയും ഇങ്ങെടുത്തോ…”
വിനീത പേപ്പറും പേനയും ആയി വന്നു!
മധുരമായ ഒരു പുഞ്ചിരിയോടെ പേപ്പറും പേനയും എന്റെ നേരേ നീട്ടി…
വലിയ നുണക്കുഴികൾ ആ പൂനിലാവ് പോലുള്ള മുഖത്തെ കവിളുകളിൽ തെളിഞ്ഞു…
കൂടുതൽ ഒന്നും പറയാനില്ല പെട്ടന്ന് ഒരിറക്ക് ഉമിനീർ ഞാൻ വിഴുങ്ങി!
അഴകളവുകളുടെ പൂർണ്ണരൂപം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടേയുള്ളു!
ഇപ്പ കണ്ട് ബോദ്ധ്യായി!
പേപ്പറും പേനയും തന്നപ്പോൾ നെയ്യ് പോലെ മാർദ്ദവമാർന്ന ആ പൂംവിരലുകൾ എന്റെ കൈയ്യിൽ ഒന്ന് സ്പർശിച്ചു…
ഒരു കൊള്ളിയാൻ ഒരു മിന്നൽ കൈയ്യിലൂടെ എന്റെ ശരീരമാകെ വ്യാപിച്ചു…
എന്റെ വിറയൽ പുറത്ത് കാട്ടാതെ ഞാൻ ഒരു വിധത്തിൽ അകത്ത് കൂടി കയറി പെയിന്റിന്റെ കണക്ക് കുറിച്ച് മടങ്ങി വിനീതയുടെ മധുരസ്മേരത്തൊടെ ഉള്ള ആ നോട്ടങ്ങൾ എന്റെ കരളിന്റെ കയങ്ങളിൽ കൊളുത്തി പിടിച്ചു….
തിരികെ വീട്ടിൽ വന്ന് എന്തോ കഴിച്ചു എന്ന് വരുത്തി ഞാൻ കട്ടിലിലേക്ക് മറിഞ്ഞു!
ആകെ ഒരു മന്ദത… മധുരമുള്ള ഒരു ആലസ്യം! ഭാരമെല്ലാം ഇല്ലാതായി അപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുന്ന ഒരു അവസ്ഥ…
“കുഞ്ഞേച്ചിയിതെന്തു ഭ്രാന്തായീ പറയുന്നേ? ഞാമ്പറഞ്ഞു വിട്ടടത്തു കണക്കെടുക്കാമ്പോയിട്ടു വന്നു കെടക്കുവാന്നോ അവങ്കുഞ്ഞേച്ചിയെ പറ്റിച്ചെവിടെയോ പോയതാ എടാ സനലേ…”
അരുണേട്ടന്റെ ശബ്ദം കേട്ടിട്ടാണ് ഞാൻ ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള ആ അവസ്ഥയിൽ നിന്നും ചാടി എണീറ്റത്!
അരുണേട്ടനും മാമന്റെ ആ പ്രായക്കാർക്കും എല്ലാം അമ്മ കുഞ്ഞേച്ചിയാണ്! ഞാൻ എണീറ്റ് ചെന്നപ്പ വാദി പ്രതിയായി!
എന്നെ വിളിച്ചിട്ട് കിട്ടാഞ്ഞാണ് അരുണേട്ടൻ ഈ തപ്പി വന്നതെന്ന്! ഏട്ടൻ വിളിച്ചിട്ടുമില്ല ഒരിടത്തും പറഞ്ഞ് വിട്ടിട്ടും ഇല്ല എന്ന്! ഇപ്പോൾ വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫ്! അതാണ് തിരക്കി വന്നതെന്ന്!
“ആഹാ….”
വേഗം മുറിയിൽ ചെന്ന് ഫോണെടുത്ത എന്റെ മുഖം വിവർണ്ണമായി! ഫോൺ സ്വിച്ച് ഓഫാണ്…!
ഓൺ ആക്കിയപ്പോൾ ബാറ്ററി 80%…!
രാത്രി ചാർജ്ജ് ചെയ്ത് 80% ആയപ്പോൾ ഓഫ് ചെയ്ത ഫോൺ ഓൺ ആക്കിയിട്ടില്ല പിന്നെ ഇത് എങ്ങനെ…..?????”പിന്നാ —ലെ വിജയഞ്ചേട്ടനും അരുണേട്ടൻ പറഞ്ഞൂന്നുമ്പറഞ്ഞു നോക്കി നിന്നതോ?”
ഞാൻ ചോദിച്ചപ്പോൾ —ലെ വിജയേട്ടൻ എന്ന് പറഞ്ഞതും വലിയൊരു ഞെട്ടൽ അരുണേട്ടനിൽ ഉണ്ടായി ഏട്ടൻ അത് വിദഗ്ധമായി മറച്ച് എന്റെ നേരേ മിണ്ടരുത് എന്ന് കണ്ണിറുക്കിയിട്ട് അമ്മയുടെ നേരേ തിരിഞ്ഞു തന്റെ നെറ്റിയിൽ അടിച്ച് ചിരിച്ചു….
” അതിന്നാരുന്നോ! ന്റെ കുഞ്ഞേച്ചീ വന്നുവന്ന് വെളിവും ബോധോം ഇല്ലാണ്ടായി… അതിന്നലെയാന്നാ ഞാനോർത്തേ…”
അമ്മയോട് ഇത് പറഞ്ഞിട്ട് അരുണേട്ടൻ എന്റെ നേരേ തിരിഞ്ഞു…
“നീ വന്നേ.. വേറൊരു പണി നോക്കാനുണ്ട്…”
“അയിനരുണേട്ടാ എന്റെ ഫോണോഫാരുന്നല്ലോ പിന്നെങ്ങനാ…”
വഴിയിലേക്കിറങ്ങിയപ്പ ഞാൻ ചോദിച്ചു…
“ആ വിളിക്കു ഫോണേ വേണ്ടാലോ… ആട്ടെ അവിടെ വിജയേട്ടനേ ഒള്ളാരുന്നോ അതോ മറ്റു വല്ലവരും?”
അരുണേട്ടൻ ആശങ്കയോടെ എന്നോട് ചോദിച്ചു…
“ആ ചേട്ടന്റെ ഭാര്യേം മോളും ഉണ്ടാരുന്നു ചായേം തന്നു എന്താ.. അതെങ്ങനാ ഓഫായ ഫോണേ അരുണേട്ടനറിയാതെ അരുണേട്ടൻ വിളിക്കുന്നേ?”
അമ്പരന്നുള്ള എന്റെ ചോദ്യത്തിന് ബൈക്ക് സ്റ്റാർട്ടാക്കിയ അരുണേട്ടൻ പറഞ്ഞു…
“കേറ്… ബാക്കിയൊക്കെ അവിടെ ചെന്നിട്ട്!”
കാലത്ത് ഞാൻ ബൈക്ക് നിർത്തിയ സ്ഥലത്ത് അരുണേട്ടനും വണ്ടി വച്ചു…
“നീ മുന്നേ നടക്ക് ആ വീട്ടിൽ ഒന്നൂടി പോവാം!”
നടപ്പാത കുന്ന് കയറുമ്പോൾ തന്നെ ഞാൻ അമ്പരന്നു…
കാലത്ത് ഞാൻ കണ്ട സ്ഥലമേ അല്ല! അന്ധാളിപ്പോടെ കുന്നുകയറിയ എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി…!!! വിവർണ്ണമായ മുഖത്തോടെ ഞാൻ അരുണേട്ടനെ നോക്കി…
“ഈ വീടിന്റെ കണക്കു തന്നല്ലേ നീയെടുത്തത്.
അരുണേട്ടന്റെ ചോദ്യത്തിന് ഞാൻ ദയനീയമായി തലയാട്ടി മറുപടി പറയാൻ നാവ് പൊന്തുന്നില്ല!
ഞാൻ രാവിലെ കണക്കെടുത്ത ഭംഗിയും വൃത്തിയും ഉള്ള വീടിന്റെ സ്ഥാനത്ത് പാതിയും ഇടിഞ്ഞ് പൊളിഞ്ഞ് മേൽക്കൂര ആകെ നിലം പതിച്ച് ആകെ കാടുപിടിച്ച് കിടക്കുന്ന ആ വീടിന്റെ അസ്ഥികൂടം! ഇടിഞ്ഞ് വീഴാത്ത ചുമരിൽ പായലിന് ഇടയിൽ അവിടിവിടെ തെളിഞ്ഞ് കണ്ടത് ഞാൻ കാലത്ത് കണ്ട അതേ സ്നോസം!!!!
“നീയാ കണ്ട മൂന്നുപേർ താമസിച്ച വീടു തന്നാ ഇത്!
ആ മൂന്നുപേരെയും ഇവിടെ ഈ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടിട്ട് ഇപ്പോൾ കൊല്ലം പന്ത്രണ്ടായി!നിനക്ക് മാത്രമല്ല പലരും ഇതേപോലെ പല പല കാര്യങ്ങളുമായി ഇവിടെ വരാറും അവരെ കാണാറും ഉണ്ട്! ആരേയും ഇന്നേവരെ ഉപദ്രവിച്ചിട്ടുമില്ല!
കുഞ്ഞേച്ചി അറിയണ്ടിത് അതാ അവിടെ വച്ച് പറയാഞ്ഞത്!
എന്റെ ഈ അനുഭവം നടന്നിട്ട് ഇപ്പോൾ വർഷം രണ്ടായി!
അനിയൻ പെണ്ണുംകെട്ടി ബാംഗ്ലൂർ തന്നാണ് വാസം!
മുപ്പത് ഒക്കെ കഴിഞ്ഞു പെണ്ണ് കെട്ടണം വീട്ടിലാളില്ല എന്ന് അമ്മ പിശകാൻ തുടങ്ങിയിട്ട് കാലം ശ്ശി ആയി….
കല്യാണക്കാര്യം ഓർക്കുമ്പോളേ ആ നുണക്കുഴികളും ആ വിരൽസ്പർശവുമാണ് എന്റെ ഉള്ളിലേയ്ക്ക് ഓടി എത്തുന്നത്…. ഒപ്പം ആ വലിയ മിഴിയിണകൾ നിറഞ്ഞ നിലയിലും…….
—–ശുഭം—-
Comments:
No comments!
Please sign up or log in to post a comment!