ആതിര
[നോൺകമ്പി പ്രേതകഥാ സീരീസ് 1]
ആ മൺവഴിയെ അകത്തോട്ട് പോകുമ്പോൾ ഉള്ള ഒരു ബന്ധുവീട്ടിൽ പോയിട്ട് തിരികെ മടങ്ങി വന്നതാണ്….
അങ്ങോട്ട് പോയത് ഒരു കൂട്ടുകാരന്റെ ബൈക്കിൽ ആണ് മടങ്ങാൻ മെയിൻ റോഡ് വഴി അയൽവാസികൾ ആരെങ്കിലും ഒക്കെ വരും അത് നോക്കിയാണ് വെയിറ്റിങ് ഷെഡിൽ നിൽക്കുന്നത് !!!
മണി നാല് കഴിഞ്ഞതേയുള്ളൂ….
പക്ഷേ ആകെ മൂടി രാത്രിയായ പ്രതീതി…
നല്ല മഴക്കുള്ള സാധ്യത ഉണ്ട്! ചെറുതായി ചാറാൻ തുടങ്ങിയിട്ടും ഉണ്ട്….
ആകെ വിജനമായ അന്തരീക്ഷം!
വഴിയേ N.H ആയിട്ട് കൂടി വാഹനങ്ങൾ പോലും കാണാനില്ല! ആകെ ഒരു ഭീകരമായ അന്തരീക്ഷം!!
പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി… ഓറഞ്ചു നിറമുള്ള ഒരു ചുരിദാർ ഇട്ട സുന്ദരിയായ ഒരു പെൺകുട്ടി ചുവപ്പ് ഷാളിന്റെ തുമ്പും തലയിൽ തല നനയാതെ പിടിച്ചുകൊണ്ട് എന്റെ അടുത്ത് വെയിറ്റിങ് ഷെഡിലേക്ക് ഓടിക്കയറി….!
N.H ന്റെ ഇരുവശവും നല്ല ദൂരം കാണാം പിന്നിലെ മൺവഴിയുടേയും!!!
പക്ഷേ ഈ പെൺകുട്ടി എവിടെ നിന്ന് വന്നു എന്നത് എനിക്ക് അറിയില്ല! ഞാൻ കണ്ടില്ല!!
“പാലാ വണ്ടി ഇപ്പോൾ ഉണ്ടോ ചേട്ടാ?”
ഓടിയ കിതപ്പ് കൊണ്ട് അണച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു…..
“അറിയില്ല… അപ്പുറത്ത് നിൽക്കണം അങ്ങോട്ടാ വണ്ടി ഇവിടുന്ന് പൊൻകുന്നത്ത് പോയി ഇറങ്ങിക്കോ അവിടെ നിന്ന് പാലാ വണ്ടി കിട്ടും”
ഞാൻ പറഞ്ഞതും മുണ്ടക്കയം ഭാഗത്ത് നിന്ന് വഴിയുടെ അങ്ങേ അറ്റത്ത് ഒരു ബൈക്കിന്റെ വെട്ടം കണ്ട് ഞാൻ അങ്ങോട്ട് ഒന്ന് സൂക്ഷിച്ചു നോക്കി!
അപ്പോൾ അവൾ….
“അയ്യോ.. ചേട്ടായീ എനിക്കു പേടിയാ എന്നെ ബസിൽ കേറ്റി വിട്ടേച്ചേ പോകാവൊള്ളേ……….”
വന്ന ബൈക്ക് എന്നെ കണ്ട് വെയിറ്റിങ് ഷെഡ്‌ഡിനോട് ചേർന്ന് നിന്നു ….
“വാടാ… മഴ മുറുകും മുന്നേ വീട്ടിലെത്താം…..!”
ഹെൽമെറ്റ് ഉയർത്തി അയൽവാസി അനീഷു ചേട്ടൻ….!!!
“ചേട്ടൻ പൊക്കോ രാജൻമാമൻ കാറുമായിപ്പ എത്തും”
ഞാൻ പെട്ടന്ന് വായിൽ വന്ന ആ കള്ളം പറഞ്ഞതും അനീഷുചേട്ടൻ വണ്ടി വിട്ടു!
എന്റെ പിന്നിൽ മറഞ്ഞ ഇവളെ ഏട്ടൻ കണ്ടില്ല എന്ന് തോന്നുന്നു ഇവൾ ഏതാണ് എന്ന് ചോദിച്ചില്ല!
ഒരു ബൈക്ക് ദൂരെനിന്നേ വരുന്നത് കണ്ട ഇവൾ എങ്ങനെ അതെനിക്ക് പോവാനുള്ള വണ്ടിയാവും എന്ന് ഊഹിച്ചു പോകരുത് എന്ന് പറഞ്ഞോ ആവോ!!
അനീഷേട്ടൻ പോയതും അവൾ വാചാലയായി
പേര് ആതിര പാലാ ആണ് സ്വദേശം പാലാ അൽഫോസാ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനി ആണ്….
മൂന്ന് വർഷം മുൻപ് ഇതേ ദിവസം ആ കാണുന്ന മുണ്ടക്കയം റൂട്ടിലെ വളവിൽ വച്ച് ഒരു ബൈക്ക് ആക്സിഡന്റിൽ ഒരു ആങ്ങളയും പെങ്ങളും മരിച്ചിരുന്നു…
അത് ഇവളുടെ ബന്ധുക്കൾ ആണ് ആ വളവിലെ വീട്ടിലെ ചേട്ടന്റെ കയ്യിൽ സൂക്ഷിച്ചു വച്ച ആ മൂന്ന് വർഷം മുൻപത്തെ ആ അപകട വാർത്ത വന്ന മനോരമ പത്രം ഉണ്ട് എന്ന് അറിഞ്ഞു അത് ഒന്ന് കാണാൻ വന്നതാണ്….
“എനിക്കിപ്പ പഴേപോലൊന്നും ഇങ്ങനെ വരാൻ സാധിക്കില്ല ട്ടോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മാത്രാ… അതാണല്ലോ സനലേട്ടന്റെ “അമ്മ അവനെയൊന്നു തടയെടീ” എന്നു പറഞ്ഞപ്പ എനിക്കു രക്ഷിക്കാൻ സാധിച്ചേ… അമ്മക്കിപ്പ ഞാൻ വെണോന്നില്ലാലോ അമ്മേ മുറുകെ പിടിച്ചോണം ട്ടോ…!’
ആതിരയുടെ സങ്കടത്തോടെയുള്ള പറച്ചിൽ കേട്ട് ഞാൻ അമ്പരന്ന് ചോദിച്ചു……
“ഞാനതിനു പേരുപറഞ്ഞില്ലാലോ? നീയെങ്ങനാ ഞാൻ സനലാണ് എന്ന് പറഞ്ഞത്? നിനക്കെന്റെ അമ്മേ അറിയാവോ? അമ്മ എന്ത് എപ്പഴാ നിന്നോട് രക്ഷിക്കാൻ പറഞ്ഞെ? എന്താ നീ എന്നെ രക്ഷിച്ചത്…..????”
ഒറ്റ ശ്വാസത്തിൽ ഉള്ള എന്റെ ചോദ്യത്തിന് വിഷാദം കലർന്ന ഒരു പുഞ്ചിരി ആയിരുന്നു ആതിരയുടെ മറുപടി! പെട്ടന്ന് ഒരു വെള്ളിടി മുഴങ്ങി…. തീഗോളം ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് പോലെ മിന്നലും… ഞാൻ ഭയന്ന് കാതുകൾ പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു……
കണ്ണ് തുറന്നപ്പോൾ ഞാൻ വീണ്ടും നടുങ്ങി….. !!! മുന്നിൽ നിന്ന ആതിര അവിടെയില്ല!! ഭയന്ന് വിറച്ചു നിന്ന എന്റെ മുന്നിലൂടെ മുണ്ടക്കയത്ത് നിന്നും വന്ന ഫയർ എൻജിൻ മണിയും മുഴക്കി പാഞ്ഞുപോയി… ഒപ്പം ആംബുലൻസും! തൊട്ട് പിന്നാലെ ഒരു പോലീസ് ജീപ്പും!!
അതിന് പിന്നാലെ വന്ന ജീപ്പ് എന്നെ കണ്ട് എന്റെ മുന്നിൽ സ്ലോ ചെയ്തു….
“കേറടാ……..”
ഞാൻ ആ ജീപ്പിന്റെ പിന്നിൽ ഞാന്നു! ഫയർ എൻജിൻ പോരുന്നത് കണ്ടു പിന്നാലെ പോന്ന മുണ്ടക്കയത്തെ പരിചയക്കാരായ ജീപ്പ് ഡ്രൈവർമാർ ആണ്!!!
കാഞ്ഞിരപ്പള്ളി റൂട്ടിൽ കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ കണ്ടു KSRTC ബസിന് അടിയിൽ ഇഞ്ച ചതച്ചത് പോലെ നുറുങ്ങിയ ബൈക്കിന്റെ ഭാഗങ്ങൾ….
നമ്പർ പ്ലേറ്റ് കണ്ട എന്നിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു എന്നെ വിളിച്ചിട്ട് ആതിര കാരണം ഞാൻ കയറി പോരാഞ്ഞ അനീഷുചേട്ടന്റെ ബൈക്ക്…..!!!!!
ഇടിച്ച ഉടൻ തന്നെ ആള് പോയി…..!
പിന്നീട് ആ തിരക്കിൽ ആതിരയെ മറന്നു! അനീഷ് ചേട്ടന്റെ സംസ്ക്കാരം ഒക്കെ കഴിഞ്ഞാണ് ഞടുക്കത്തോടെ അത് ഓർക്കുന്നത് ആതിര എന്നെ തടഞ്ഞില്ലായിരുന്നു എങ്കിൽ അനീഷുചേട്ടനോടൊപ്പം ആ പിന്നിൽ ഇരുന്ന ഞാനും ഉണ്ടായേനെ ഇന്ന് മോർച്ചറിയിൽ!!!!!
ആതിര പറഞ്ഞ ആ എന്റെ “അമ്മയേയും” മനസിലായി!!! ഇനി ഒന്നേ മനസ്സിലാവാൻ ഉള്ളു…..
ഞാൻ നേരെ ആതിരയെ കണ്ട വെയിറ്റിങ് ഷെഡ്‌ഡിന് സമീപത്തേക്ക് വണ്ടി പായിച്ചു…..
നേരേ ആതിര പത്രം ഉണ്ട് എന്ന് പറഞ്ഞ വീട്ടിലേക്ക് ചെന്നു ഞങ്ങൾ കുടുംബക്കാരാണ്!
“അപ്പാപ്പീ അപ്പാപ്പി പഴേ പത്രങ്ങൾ സൂക്ഷിക്കാറുണ്ടോ? മൂന്ന് വർഷം മുൻപ് ഇന്നലത്തെ ഡേറ്റിൽ നടന്ന ഒരു ആപകടവാർത്ത മൂന്ന് വർഷം മുൻപത്തെ ഇന്നത്തെ തീയതിയിൽ കാണുമല്ലോ?”
“പത്രങ്ങൾ മുഴുവൻ സൂക്ഷിക്കാറില്ല ഇവിടെ നമ്മുടീ വളവിന് ആക്സിഡന്റ് നടന്നിട്ടുണ്ടെങ്കിൽ ആ വാർത്ത വന്ന പത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്!”
അപ്പാപ്പി പറഞ്ഞിട്ട് പത്രക്കെട്ട് എടുത്ത് ഞങ്ങൾ തിരഞ്ഞു…… മൂന്ന് വർഷം മുൻപത്തെ ഇതേ ദിവസത്തെ പത്രവും ആ കൂട്ടത്തിൽ ഉണ്ട്……
ഞാൻ പത്രം എടുത്ത് നിവർത്തി……
മുൻപേജിൽ തന്നെ ടാങ്കർ ലോറിയിൽ കുരുങ്ങി കിടക്കുന്ന ബെക്കിന്റെ പടം സഹിതം വാർത്ത ഉണ്ട്!
കുട്ടിക്കാനം സ്വദേശി ആയ യുവാവും പിതൃ സഹോദരപുത്രി പാലാക്കാരിയായ യുവതിയും അപകടത്തിൽ കൊല്ലപ്പെട്ടു……
ഒപ്പം മരണമടഞ്ഞ രണ്ടു പേരുടെയും പാസ്പ്പോർട്ട് സൈസ് ഫോട്ടോയും!
ഫോട്ടോയിൽ ഇരുന്ന് എന്നെനോക്കി പുഞ്ചിരിക്കുന്ന ആതിരയെ ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു…….
“””എനിക്കിപ്പ പഴേപോലൊന്നും ഇങ്ങനെ വരാൻ സാധിക്കില്ല ട്ടോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മാത്രാ…”””” എന്ന ആതിരയുടെ ആ വാക്കുകൾ അവൾ മരിച്ചത് അല്ലാതെ ആ ദിവസത്തിന് മറ്റ് വല്ല പ്രത്യേകതയും ഉണ്ടോ എന്നുകൂടി ഞാൻ ഒന്ന് അന്വേഷിച്ചു നോക്കി…..
അവൾ മരിച്ച ദിവസവും മുപ്പെട്ട് വെള്ളിയും ഒത്ത് വന്ന ദിവസം ആയിരുന്നു ഇന്നലെ….!!!!!
******************************
Comments:
No comments!
Please sign up or log in to post a comment!