ആഷ്‌ലിൻ 2

“നോൺ വെജ് വേണമെന്ന് പറഞ്ഞപ്പോ ഓംലറ്റ് വെച്ച് ഒതുക്കാൻ പോവണോ? പറ്റില്ല.. എനിക്ക് ബീഫ് തന്നെ വേണം” അവൾ തീർത്തു പറഞ്ഞു

“നീയാര് പാലക്കാരി അച്ചായത്തിയോ ബീഫ് മാത്രം കഴിക്കാൻ”

“എനിക്ക് ബീഫ് ഇഷ്ടാ”

“നീയുണ്ടാക്കേണ്ടി വരും, ഞാൻ മേടിച്ചോണ്ട് വരാം”

“വാക്ക് പറഞ്ഞാ പാലിക്കണം”

“പുല്ല്” ഞാൻ പുറത്തോട്ട് ഇറങ്ങുന്നതിന്റെ ഇടയിൽ വീണ്ടും പറഞ്ഞു.

ഞാൻ ബീഫ് വാങ്ങാനായി സൂപ്പർമാർക്കറ്റിലേക്കു ഇറങ്ങി.

..

“നീയിവിടെ എന്തെടുക്കാ, ഈ ബീഫ് ഒന്ന് കഴുകിയെടുക്ക്” അടുക്കളയിൽ അവളെ കാണാഞ്ഞിട്ട് ഞാൻ അവളെ വിളിച്ചു കൊണ്ട് പറഞ്ഞു.

“എടിയേ നീയെവിടെ” കാണാഞ്ഞിട്ട് ഞാൻ ഒന്ന് കൂടെ വിളിച്ചു.

മറുപടി ഒന്നും കാണാത്തത് കൊണ്ട് ഞാൻ അവളെ ഓരോ മുറിയിൽ ആയി നോക്കാൻ തുടങ്ങി, മൂന്നു മുറികൾ ആണുള്ളത്. രണ്ടെണ്ണം മാത്രേ സ്ഥിരമായി ഉപയോഗിക്കാറുള്ളൂ ഒരെണ്ണം എന്റെ. മറ്റേത് അമ്മയുടെ മുറി. ഒരെണ്ണം അനിയത്തി വരുമ്പോ അവളുടെ ഫാമിലിക്ക്.

എന്റെ മുറിയുടെ വാതിൽ പാതി ചാരി ഇട്ടേക്കുന്നത് കണ്ടപ്പോൾ അവൾ അതിനകത്തു ഉണ്ടെന്ന് എനിക്കുറപ്പായി. ഞാൻ ശബ്ദം ഉണ്ടാക്കാതെ വാതിൽ പതിയെ തുറന്നു. ടേബിളിനു സമീപത്തു ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു ബുക്സ് മറിച്ചു നോക്കി കൊണ്ടിരിക്കുകയായിരുന്നു അവൾ. ഞാൻ പതിയെ അടുത്തേക്ക് നടന്നു ചെന്നു അവളെന്താ നോക്കുന്നെ എന്ന് നോക്കി.

കർത്താവെ എന്റെ ഡയറി, ഞാൻ എന്തെങ്കിലും സങ്കടം വരുമ്പോഴോ സന്തോഷം വരുമ്പോഴോ കുത്തി കുറിക്കുന്ന എന്റെ ഡയറി. ഞാൻ അവസാനമായി എന്നാണ് അതിൽ എഴുതിയതെന്നു ഓർത്തെടുക്കാൻ ശ്രെമിച്ചു. ഓർമ വന്നു..അവളെ ആദ്യമായി കണ്ട അന്ന്.

അവളത് കണ്ടു കാണുമോ, കണ്ടെങ്കിൽ എങ്ങനെ ആയിരിക്കും പ്രതികരിക്കുക ഇങ്ങനെ തുടങ്ങി ഒരു നൂറു ചോദ്യം എന്റെ ഉള്ളിലൂടെ കടന്ന് പോയി കൂടുതൽ വായിക്കാതിരിക്കാൻ വേണ്ടി ഞാൻ അവളോട് പറഞ്ഞു.

“ഞാൻ ബീഫ് വാങ്ങിച്ചിട്ടുണ്ട് വാ നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം”

അവൾ തിടുക്കം ഒന്നും കാണിക്കാതെ പതിയെ ഡയറി മടക്കി വെച്ചു. കസേരയിൽ നിന്നെഴുന്നേറ്റ് എന്റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു.

“ഞാൻ ഈ സാരീ ഉടുത്തോണ്ട് തന്നെ അടുക്കളയിൽ കേറണോ?”

“വേണ്ട നിനക്ക് വേറെ ഡ്രസ്സ്‌ ഞാൻ തരാം വാ”

ഞാനവളെ അനിയത്തിയുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.

“വീട്ടിൽ ഇടാനുള്ളതെല്ലാം ദെ ഈ താഴത്തെ കള്ളിയിൽ ഉണ്ട് ഏതാണെന്നു വെച്ചാൽ ഇട്ടിട്ട് താഴേക്ക് വാ” ഇതും പറഞ്ഞു ഞാൻ മുറി വിട്ട് പുറത്തേക്കു ഇറങ്ങി.



നേരെ അടുക്കളയിൽ എത്തി ബീഫ് കഴുകി വൃത്തി ആക്കി വേവിക്കാൻ വെച്ചു.

ആ സമയം കൊണ്ട് പുട്ടുണ്ടാക്കാൻ പൊടി നനച്ചു.

അപ്പോഴേക്കും അവളും എത്തി, ഒരു ടി ഷർട്ടും ത്രീ ഫോർത്തും ഇട്ടു കൊണ്ട്. ടി ഷർട്ട്‌ നല്ല അയവായതിനാൽ തോളിൽ നിന്നു ഊർന്നു വീഴാൻ നിൽക്കുന്ന പോലെ തോന്നി. അവളെ അൺകംഫർട്ടബ്ൾ ആക്കണ്ട എന്നു വെച്ച് ഞാൻ ഒന്നും പറഞ്ഞില്ല.

“മോൾ പുട്ടുണ്ടാക്കിക്കോ ഇച്ചായൻ ബീഫ് കറി വെക്കാം” ഞാൻ നനച്ചു വെച്ച പുട്ട് പൊടിയും തേങ്ങ ചിരവി വെച്ചതും എടുത്തു കൊടുത്ത് പറഞ്ഞു.

“ഇച്ചായാ.. ഇത്തിരി ഓവർ ആവുന്നുണ്ടോ എന്നൊരു സംശയം” അവൾ ഇത്തിരി നീട്ടി കൊണ്ട് പറഞ്ഞു

“ഓഹ് പിന്നെ.. ഇനിയിപ്പോ ഫോര്മാലിറ്റി ഒക്കെ എന്നാത്തിനാ”

“മ്മ്.. ശെരി ശെരി” ഒരു ആക്കിയ ചിരി സമ്മാനിച്ച് അവൾ പറഞ്ഞു.

ഞാൻ സവാളയും തക്കാളിയും എടുത്ത് കറി വെക്കാനുള്ള ശ്രെമം ആരംഭിച്ചു. ശ്രെമം എന്ന് പറഞ്ഞാൽ, അത്യാവശ്യം നന്നായിട്ട് ഒക്കെ വെക്കും പക്ഷെ വീട്ടിൽ അങ്ങനെ അവസരം കിട്ടാത്തത് കൊണ്ട് എല്ലാർക്കും കഴിവ് അത്ര കണ്ട് അങ്ങ് അറിഞ്ഞു കൂടാ.. സാരമില്ല ഇവളെ ഞെട്ടിക്കാം..

..

ഉണ്ടാക്കി വന്നപ്പോ സമയം 4 മണി ആവാറായി. കഴിക്കാനായി എല്ലാം ടേബിളിൽ എടുത്ത് വെച്ച് ഞങ്ങൾ ഇരുന്നു.

“നോട് ബാഡ്.. ബീഫ് കറി കൊള്ളാം.. താൻ കൊള്ളാലോ ഇച്ചായാ.. തന്നെ കെട്ടുന്നവൾ രക്ഷപെട്ടു” അവളുടെ കാലു കൊണ്ട് എന്റെ കാലിനു തട്ടിയിട്ട് പറഞ്ഞു

“ആഹ്.. ഞാൻ ഒന്നും ഉണ്ടാക്കാൻ പോണില്ല, നീയായിട്ട് പറയാതിരുന്നാൽ മതി” ഞാൻ പറഞ്ഞു

“ആരോട്” സംശയരൂപത്തിൽ എന്നോട് ചോദിച്ചു

“എന്റെ കെട്ട്യോളോട്” ഞാൻ ഒരു ബീഫ് കഷ്ണം വായിൽ വെച്ച് ചവച്ചു കൊണ്ട് പറഞ്ഞു

“ഓഹ് അങ്ങനെ”

അവളുടെ മുഖത്തിന്‌ ഒരു വാട്ടം വന്നോ, അതോ എനിക്ക് തോന്നിയതാണോ.

കഴിച്ചു കഴിഞ്ഞ് ഞങ്ങൾ എഴുന്നേറ്റു.

ഡിന്നർ പുറത്തു നിന്നു ഓർഡർ ചെയ്യാമെന്ന് തീരൂമാനിച്ച ഞങ്ങൾ എന്റെ മുറിയിലേക്ക് പോയി.

“ഇവിടെ ഒറ്റക്ക് എന്റെ കൂടെ ആയിരിക്കുന്നതിൽ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ?”

“എന്താ സാർ ഉദേശിച്ചേ?” അവളുടെ സ്ഥിരം കുസൃതി നിറഞ്ഞ മുഖത്തോടെ എന്നോട് ചോദിച്ചു

“അല്ല.. ഒരാണും പെണ്ണും മാത്രം ഒറ്റക്ക് ഇങ്ങനെ” ഞാൻ നിലത്തു കാലു കൊണ്ട് ചിത്രം വരയ്ക്കുന്ന പോലെ നിന്ന് കൊണ്ട് പറഞ്ഞു

“ലണ്ടനിൽ വളർന്ന എന്നോടോ ഈ ചോദ്യം, എന്നെ ശ്രെദ്ധിക്കാൻ എനിക്ക് നന്നായിട്ട് അറിയാം” അവളെന്നെ നോക്കാതെ തന്നെ പറഞ്ഞു.


“ഉയ്യോ.. നിർത്ത്.. നിർത്ത്.. കത്തി ഞാൻ ചുമ്മാ പറഞ്ഞതാ” ഞാൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു

“എനിക്കങ്ങനെ എന്തെങ്കിലും രീതിയിൽ ഭയം ഉണ്ടായിരുന്നേൽ ഇന്നലെ വീട്ടിൽ കേറില്ലായിരുന്നു” അലങ്കോലമായ മുടി ശെരിയാക്കി കൊണ്ട് അവൾ പറഞ്ഞു.

അവളുടെ അരികിൽ ബെഡിൽ ചാരി അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ഞാൻ കിടന്നു.

“എന്താ?” അവളും അരികിൽ ചാരി കിടന്നു എന്നെയും നോക്കി കൊണ്ട്.

“ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടെ”

“യഹ് ആസ്ക്‌..”

“എത്ര കിലോ പുട്ടി ഉണ്ട് മുഖത്ത്” ബെഡിൽ നിന്നു എണീറ്റ് ഡോറിനു അടുത്തേക്ക് ഓടി കൊണ്ട് ഞാൻ ചോദിച്ചു.

“യൂ.. ബ്ലഡി” കയ്യിൽ കിട്ടിയതൊക്കെ എടുത്ത് എറിഞ്ഞു എന്റെ പിന്നാലെ അവളോടി വന്നു.

“ഓകെ.. ഓകെ.. ടൈം ഔട്ട്‌” ഞാൻ അവളെ തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു.

രണ്ടു മുട്ടിന്മേലും കൈകൾ കുത്തി കൊണ്ട് അവൾ നിന്നു കിതച്ചു.

ഞാനവളുടെ അടുത്ത് ചെന്ന് മുഖത്ത് എന്റെ ചൂണ്ടു വിരൽ കൊണ്ട് ഒന്നു തോണ്ടി കൊണ്ട് പറഞ്ഞു. “എന്നാ വേണ്ട, എത്ര കനത്തിൽ ഉണ്ടെന്ന് പറഞ്ഞാ മതി”

നിന്ന നില്പിന്ന് തിരിഞ്ഞ് ഞാൻ പിന്നെയും ഓടി കിച്ചണിലേക്ക്.

“ആ.. എന്റെ അമ്മച്ചി” ഈ വിളി കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് പാതി വഴിയിൽ കുത്തി ഇരിക്കുന്ന അവളെയാണ്. എഴുന്നേൽക്കാൻ ശ്രെമിച്ചിട്ട് പറ്റാതെ അവളവിടെ തന്നെ ഇരിക്കായിരുന്നു. ഇതവൾടെ അടവാണോ എന്നറിയാത്തതു കൊണ്ട് പതുക്കെ അവളുടെ അടുത്തേക്ക് ഞാൻ ചെന്നു. അവളെന്നെ നോക്കുന്നെ പോലും ഇല്ലായിരുന്നു നടുവിന് കൈ കുത്തി വേദനയാൽ പുളയുന്ന അവളെ കണ്ടപ്പോ എനിക്ക് കളി കാര്യമായി എന്ന് മനസ്സിലായി.

“സോറി.. സോറി.. എണീക്കാൻ പറ്റുമോ? അതോ ഞാൻ എടുക്കണോ?” കൈകൾ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു കൊണ്ട് അവളോട് ഞാൻ ചോദിച്ചു.

രണ്ടു കയ്യും എന്റെ നേരെ നീട്ടി അവളവിടെ തന്നെ ഇരുന്നു. അത്ര കണ്ടു ഭാരം ഇല്ലാത്തതു കൊണ്ട് ഞാൻ അവളെ പൊക്കി എടുത്ത് എന്റെ റൂമിലേക്ക്‌ നടന്നു. ബെഡിൽ കിടത്തി ഞാൻ അരികിൽ തന്നെ ഇരുന്നു.

“നല്ല വേദന ഉണ്ടോ?”

“ആഹ് എന്ത് ചോദ്യമാടോ ഇച്ചായാ നടുവും കുത്തി വീണാ പിന്നെ സുഖമാണോ ഉണ്ടാവ” അവൾ പരിഭവത്തോടെ ആയിരുന്നു.

“നല്ല വേദന ആണേൽ ഹോസ്പിറ്റലിൽ പോവാം” ഞാൻ വേവലാതിയോടെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.

“അതൊന്നും വേണ്ടാ.. കുറച്ച് നേരം ഇവിടെ കിടക്കാം മാറിക്കോളും” അവൾ എന്നെ തടഞ്ഞു.

“എന്നാ ഞാൻ കുറച്ച് ഐസ് എടുത്ത് തരാം, വേദന കുറയും”

“മ്മ്”

ഞാൻ ഐസ് ക്യൂബ്സ് എടുക്കാനായി കിച്ചണിലേക്ക് പോന്നു.
വെള്ളമടി ഒന്നും ഇല്ലാത്തത് കൊണ്ട് ഐസ് ക്യൂബ്സ് ഉണ്ടാക്കാൻ വെക്കാറൊന്നുമില്ല. എങ്ങാനും ഇരിപ്പുണ്ടോ എന്ന് നോക്കാം അല്ലെങ്കിൽ പോയി മേടിക്കേണ്ടി വരും. ഭാഗ്യം കുറച്ചിരിപ്പുണ്ട്, കഴിഞ്ഞ തവണ എന്തോ ആവശ്യത്തിന് വാങ്ങിച്ചതിന്റെ ബാക്കി. ഞാനത് എടുത്ത് ഒരു പോളിത്തീൻ കവറിലേക്ക് ആക്കി തിരിച്ചു റൂമിലേക്ക് തന്നെ ചെന്നു.

നെറ്റിയിൽ കൈ മടക്കി വെച്ച് കിടക്കയാണ് ആൾ കണ്ണടച്ചിട്ടുണ്ട്. ഞാൻ അരികിൽ ചെന്നു അവളെ വിളിച്ചു.

“ദാ ഇതെടുത്തു നടുവിന് വെക്ക് കുറച്ച് സമാധാനം ഉണ്ടാവും” ഞാൻ ഐസ് ബാഗ് എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു.

അവൾ പതിയെ എഴുന്നേറ്റ് എന്റെ കയ്യിൽ നിന്നത് വാങ്ങിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ചെയ്തോളാം”

അതെന്നോട് പുറത്തോട്ട് പോവാൻ പറഞ്ഞതാണെന്ന് ഊഹിച്ച ഞാൻ എഴുന്നേറ്റു റൂമിനു പുറത്തേക്ക് നടന്നു.

ഹാളിൽ ഇരുന്ന് ടീവി ഓൺ ചെയ്ത് നെറ്ഫ്ലിക്സ് എടുത്ത് ചുമ്മാ ഓരോന്ന് എടുത്ത് വെക്കാൻ തുടങ്ങി. എനിക്ക് ക്ഷെമ തീരെ ഇല്ലാത്തത് കൊണ്ട് കണ്ടിട്ട് മുഴുവനാക്കാത്ത സീരീസുകൾ ഡസൻ കണക്കിന് ഉണ്ട്. കണ്ടു തുടങ്ങി 2 എപ്പിസോഡ് കഴിഞ്ഞാൽ ബാക്കി കഥ വിക്കിപീഡിയ നോക്കി വായിക്കും.

പിന്നെന്തിനാ കാണുന്നെ അല്ല പിന്നെ.. എന്നാലും ഇഷ്ടപ്പെട്ടു മുഴുവൻ ആക്കിയ സീരീസുകളും ഉണ്ട്, സ്ട്രെയ്ഞ്ചർ തിങ്സ് ഒക്കെ അതിൽ പെട്ടതാണ്. പുതിയതായി കാണാൻ തുടങ്ങിയ “ദി മാന് ഫ്രം അനദർ പ്ലാനറ്റു” രണ്ടാമത്തെ എപ്പിസോഡ് എടുത്ത് വെച്ചു. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആഷ്‌ലിന്റെ അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് ഞാനെഴുന്നേറ്റ് റൂമിനടുത്തേക്കു നടന്നു.

പുറത്ത് നിന്ന് ഡോറിനു തട്ടി കൊണ്ട് ഞാൻ ചോദിച്ചു “ആഷ്‌ലിൻ ഓകെ അല്ലെ”

“കേറി വാ”

ഞാൻ ഡോർ തുറന്നു അകത്തു കേറി, അവൾ ഐസ് ബാഗ് മാറ്റി വെച്ചിട്ടുണ്ട്. വേദന കുറവുണ്ടെന്ന് മുഖം കണ്ടപ്പോൾ എനിക്ക് തോന്നി.

“കുറവുണ്ടോ ഇപ്പൊ” അരികിൽ ഇരുന്ന് തോളിൽ കൈ വെച്ച് ഞാൻ ചോദിച്ചു.

“കുഴപ്പമില്ലഡോ.. താൻ ടെൻഷൻ ആകുന്നെ എന്നാത്തിനാ. ഞാൻ ഒറ്റക്ക് വീണേ അല്ലെ, തന്റെ ടെൻഷൻ കണ്ടാൽ തോന്നും താനെന്നെ മനഃപൂർവം വീഴ്ത്തിയതാണെന്ന്” അവളൊരു ചെറു ചിരിയോടെ പറഞ്ഞു.

“ശേ.. നീ കണ്ടില്ലായിരുന്നു അല്ലെ ഞാൻ വെറുതെ ടെൻഷൻ അടിച്ചു” ബെഡിൽ നിന്ന് എഴുനേറ്റ് മാറി ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു.

“റാസ്കൽ.. ഇവിടെ വാടോ” അവളെഴുന്നേൽക്കാൻ ബുദ്ധിമുട്ടി എന്നെ പിടിക്കാൻ ആഞ്ഞു.

“അയ്യോ പണിയാക്കല്ലേ.
. ഞാൻ തമാശിച്ചതാണ്” ഞാൻ അവളെ തടഞ്ഞു കൊണ്ട് അരികിലേക്ക് ഇരുന്നു.

അവളെന്റെ വയറ്റിലേക്ക് ഒരു ഇടി തന്ന് എന്നെ പിടിച്ചവിടെ തന്നെ ഇരുത്തി.

“ഒരു ഇടിയിൽ നിർത്താൻ ഉദ്ദേശം ഇല്ലേ..” അവളെന്നെ വിടാൻ ഉദ്ദേശമില്ലാത്ത കണ്ട് വയറുഴിഞ്ഞു ചോദിച്ചു.

“കയ്യിലിരിപ്പിനു ഇത്രേം തന്നാൽ പോരാ” അവളെന്നെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു

“നീ എന്താ അർത്ഥം വെച്ച് സംസാരിക്കുന്നെ”

“ഹാ ഉണ്ടെന്ന് കൂട്ടിക്കോ”

“പറ ഉവ്വേ”

“എനിക്ക് നന്നായി മലയാളം വായിക്കാൻ അറിയാം, എന്റെ മമ്മ എന്നെ ചെറുപ്പത്തിലേ പഠിപ്പിച്ചതാ. എന്റെ ഇഷ്ട എഴുത്തുകാരൻ എം ടി ആണ്. ഇഷ്ടപെട്ട പുസ്തകം നാല്കെട്ട്”

അവളിതെങ്ങോട്ടാ സംഭാഷണം കൊണ്ട് പോകുന്നേ എന്നെനിക്ക് മനസ്സിലാകാത്തത് കൊണ്ട് അവളെ തന്നെ നോക്കി ഞാനിരുന്നു.

“സോ.. എന്താ സാറിന്റെ ഉദ്ദേശം.. പ്രേമം ആണോ?”

ഞാൻ പെട്ടന്ന് ഞെട്ടി പോയി ആ ചോദ്യം കേട്ടതോടെ, ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്.

“ഞാൻ ഡയറി വായിച്ചായിരുന്നു” അവൾ തുടർന്നു.

സന്തോഷം, ഇത് ഞാൻ പ്രതീക്ഷിക്കെണ്ടാതിരുന്നു. ഇനി പറഞ്ഞിട്ട് ഒന്നുല്ല.. എന്റെ പ്രേമം ഞാൻ മുളയിലേ നുള്ളി കളയേണ്ട അവസ്ഥ ആയി..

എന്റെ നാക്ക് ഇറങ്ങി പോയതാണോ അതോ വായിലെ വെള്ളം മുഴുവൻ വറ്റിയതാണോ എന്നറിയില്ല, ഒരക്ഷരം വായിൽ നിന്ന് പുറത്ത് വന്നില്ല. എന്റെ നോട്ടം അവളുടെ മുഖത്ത് നിന്ന് താഴേക്ക് മാറ്റി ഒരു കുറ്റവാളിയെ പോലെ ഞാനിരുന്നു.

“ഐ ആം സോറി” അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ലായിരുന്നു.

“മ്മ്” അവളൊരു മൂളലിൽ മറുപടി ഒതുക്കി

ഞാൻ പതുക്കെ എഴുന്നേറ്റു റൂമിനു പുറത്തേക്ക് നടന്ന് ഹാളിലെ സോഫയിൽ ചാരി ഇരുന്നു. ആ ഇരുപ്പിൽ ചെറുതായൊന്നു മയങ്ങി പോയി..

“എഴുന്നേൽക്ക് എനിക്ക് പോണം, എത്ര നേരായി വിളിക്കുന്നു” സ്വപനത്തിൽ എന്ന പോലെ ഒരു ശബ്ദം കേട്ട ഞാൻ ഞെട്ടി ഉണർന്നു പോയി.

ആഷ്‌ലിൻ വസ്ത്രമെല്ലാം മാറി പോവാൻ തയ്യാറായിരിക്കുന്നു.

“സോറി.. അറിയാതെ ഉറങ്ങി പോയി” ഞാൻ മുഖം കഴുകാൻ വാഷ് ബേസിനടുത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു.

“വല്ലാണ്ട് ലേറ്റ് ആയി, എന്നെ കൊണ്ട് വിട്”

“ഞാൻ ചേഞ്ച്‌ ചെയ്ത് ഇപ്പൊ വരാം” ഞാൻ വസ്ത്രം മാറാനായി ബെഡ്റൂമിലേക്ക് നടന്നു. എന്റെ മനസ്സാകെ മരവിച്ചു പോയ പോലെ ആയി, മനസ്സിലുള്ള പ്രണയം തുറന്ന് പറയാൻ കഴിയുന്നതിനു മുമ്പേ എല്ലാം അവസാനിച്ചു. ഞാൻ വേഗത്തിൽ തന്നെ വസ്ത്രം മാറി പുറത്തേക്ക് വന്നു.

ആഷ്‌ലിനോട് ഒന്നും സംസാരിക്കാതെ ഫ്ലാറ്റിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങാൻ തയ്യാറായി. ആഷ്‌ലിൻ പതുക്കെ എന്റെ പുറകിൽ നടന്നു വന്നു, വേദന എങ്ങനുണ്ട് എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും അവൾക്ക് എന്ത് തോന്നും എന്നോർത്തു ഒരക്ഷരം മിണ്ടിയില്ല. ലിഫ്റ്റിൽ കേറി താഴെ എത്തി കാറിൽ കയറുന്ന വരെയും ഞങ്ങൾ ഒന്നും സംസാരിച്ചില്ല.

“സീറ്റ് ബെൽറ്റ്‌ ഇട്” സീറ്റ് ബെൽറ്റ്‌ വാണിംഗ് മുഴങ്ങിയപ്പോ ഞാൻ ആഷ്‌ലിനോട് പറഞ്ഞു.

അവളൊന്നും മിണ്ടാതെ അനുസരിച്ചു. വണ്ടി മുന്നോട്ടെടുത്തു.. വീണ്ടും നിശബ്ദത

വണ്ടി വില്ലക്ക് മുന്നിൽ നിർത്തി, അവൾ സീറ്റ് ബെൽറ്റ്‌ അഴിച്ചു ഇറങ്ങാതെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“ബൈ.. നാളെ കാണാം”

ഞാൻ ഒന്നും മിണ്ടാതെ കൈ ഉയർത്തി കാണിച്ചു.

അവളിറങ്ങി നടന്നു, ഗേറ്റ് തുറക്കുന്നത് വരെ കാത്തു നിന്നു. ഇടക്ക് എന്റെ നേരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, എന്തോ പറയാനുള്ളത് പോലെ..

ഞാൻ അധിക നേരം അവിടെ നിന്നില്ല, പതിയെ കാർ മുന്നോട്ട് എടുത്തു.. തിരികെ വീട്ടിലേക്ക്..

വീട്ടിനകത്തു കയറി നേരെ ഹാളിലെ സെറ്റിയിലെക്ക് വെട്ടിയിട്ട വാഴ കണക്കെ ഞാൻ വീണു.. കുറച്ചു നാൾ കൂടെ ഇങ്ങനെ തന്നെ മുന്നോട്ട് പോയി പറയാൻ ഇരുന്നത് നേരത്തെ അവളറിഞ്ഞു എന്നല്ലേ ഉള്ളു അതിനിപ്പോ എന്താ.. എന്നായാലും അറിയണം.. അവൾക്ക് എന്നോടും ചെറിയൊരു ഇഷ്ടം ഉള്ളത് കൊണ്ട് തന്നല്ലേ എന്നോട് ദേഷ്യപെടാതെ ഇരുന്നത്.. എന്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി..

ഞാൻ ഫോൺ എടുത്തു ആഷ്‌ലിനു ഒരു മെസ്സേജ് അയച്ചാലോ എന്നാലോചിച്ചു.. പിന്നെ ആ ശ്രെമം ഉപേക്ഷിച്ചു.

അടുത്ത ഒരാഴ്ചകാലം ഞാൻ സൈറ്റ്കളിൽ ആയിരുന്നു, കടുത്ത ചൂടിൽ സൈറ്റ് വിസിറ്റ് നടത്തുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ്. ഇതിനിടെ ഓഫീസിൽ ജോലി കാര്യമായി ഇല്ലാത്തതു കൊണ്ട് പോയില്ല. ആഷ്‌ലിൻ ഇടക്ക് മെസ്സേജ് അയക്കും ഞങ്ങൾ കാഷ്വൽ ആയി മാത്രം സംസാരിച്ചു.

അതിനിടയിൽ ഒരിക്കൽ പോലും അവളെ ഫോൺ ചെയ്യാൻ ഞാൻ തുനിഞ്ഞില്ല. ഒരു ദിവസം ഫേസ്ബുക് നോക്കുന്നതിനിടയിൽ ആഷ്‌ലിന്റെ ബര്ത്ഡേ വരുന്ന വെള്ളിയാഴ്‌ച ആണെന്ന് ഞാൻ കണ്ടു. സർപ്രൈസ് ചെയ്യാനുള്ള പല വഴികളും ഞാൻ ആലോചിച്ചു വെച്ചെങ്കിലും അതിനൊപ്പം തന്നെ ഞാൻ എന്തെങ്കിലും ചെയ്താൽ അത് ഇഷ്ടപ്പെടുമോ എന്നൊരു ആശങ്കയും എന്നിൽ നിറഞ്ഞു നിന്നു. പക്ഷെ കൊടുക്കാനായി ഒരു റിംഗ് വാങ്ങി വെക്കാൻ തീരുമാനിച്ചു. ഒരു പ്ലാറ്റിനം റിംഗ്, വിത്ത്‌ ബർത്ത് സ്റ്റോൺ.

വ്യാഴാഴ്ച സൈറ്റിൽ നിന്ന് നേരെ വീട്ടിലേക്ക് പോന്നു. കുളിയെല്ലാം കഴിഞ്ഞ് പുറത്തു പോയി ഫുഡും കഴിച്ച് വന്നു കിടന്നു. ഉറങ്ങി പോവാതിരിക്കാൻ വേണ്ടി യൂട്യൂബിൽ പഴയ മലയാള സിനിമ കോമഡി സീൻസ് കണ്ടു കൊണ്ട്. 12 മണി ആയപ്പോൾ ഞാൻ വാട്സ്ആപ്പ് എടുത്ത് ആഷ്‌ലിനു മെസ്സേജ് അയച്ചു. ഈ സമയത്ത് വിളിക്കാൻ എനിക്ക് തോന്നിയില്ല.

“ഹാപ്പി ബര്ത്ഡേ, സ്റ്റേ ബ്ലെസ്സഡ് ആൽവേസ്”

ഉടനെ തന്നെ റിപ്ലൈ വന്നു “താങ്ക് യു”

അപ്പോൾ തന്നെ വിളിച്ചു സംസാരിക്കണം എന്ന എന്റെ ആഗ്രഹത്തെ ഞാൻ പിടിച്ചു കെട്ടി, വിളിച്ചില്ല.

രണ്ട് മിനിറ്റിനു ശേഷം ഒരു മെസ്സേജ് കൂടെ വന്നു.

“ഒന്നു വിളിച്ചു വിഷ് ചെയ്തു കൂടെ”

“ഞാൻ അസമയത്തു പെൺകുട്ടികളെ ഫോൺ ചെയ്യാറില്ല, സോറി”

“ഓഹ്”

ഞാൻ തുടർന്നു ഒന്നും അയച്ചില്ല. നെറ്റ് ഓഫ്‌ ചെയ്ത് അവളെ കുറിച്ചോർത്തു എപ്പോഴോ ഉറങ്ങി പോയി..

രാവിലെ 6.30 നു അലാറം അടിച്ചപ്പോ എഴുന്നേറ്റു ഫോൺ എടുത്ത് അലാറം ഓഫ്‌ ആക്കി. നെറ്റ് ഓൺ ചെയ്ത് വാട്സ്ആപ്പ് തുറന്നു നോക്കി..

ആഷ്‌ലിന്റെ 5 മെസ്സേജ് വന്നിരിക്കുന്നു.

ഞാൻ തുറന്നു നോക്കി.

“ഡോ” 12:13 am

“എന്നെ വിളിക്കുന്നുണ്ടോ” 12.14 am

“ദെർ?” 12:15 am

“ഒരു ഫോൺ കൂടെ ചെയ്യാൻ വയ്യ.. ഞാൻ എപ്പോ മുതലാ വെറുമൊരു പെൺകുട്ടി ആയത്.. എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യണേ, ഞാൻ എന്താ ചെയ്തേ?” 12.30 am

“എന്റെ ബര്ത്ഡേ ആണിന്നെന്ന് അറിഞ്ഞിട്ടും എന്തിനാ ഇങ്ങനെ ജാഡ. എത്ര വിഷമായിന്നു അറിയോ.. വേറെ അവരെന്നെ വിഷ് ചെയ്തില്ലെങ്കിലും എനിക്ക് പ്രശ്നല്ല പക്ഷെ താനെന്നെ വിളിക്കാതെ ഇരുന്നല്ലോ..

എനിക്കൊരുപാട് ഇഷ്ടാ.. എന്നോട് എപ്പോഴേലും ഇത് നേരിട്ട് ചോദിച്ചെങ്കിൽ ഞാൻ പറഞ്ഞേനെ..” 1.00 am

മെസ്സേജ് എല്ലാം വായിച്ച് കഴിഞ്ഞപ്പോ ചിരിക്കാണോ വേണ്ടേ കരയണോ വേണ്ടേ എന്ന കൺഫ്യൂഷനിൽ ആയി ഞാൻ.. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം..

പെട്ടന്ന് തന്നെ ഞാനവളുടെ നമ്പർ ഡയൽ ചെയ്തു.. റിംഗ് പോകുന്നുണ്ട് എടുക്കുന്നില്ല..

ഞാൻ വീണ്ടും ട്രൈ ചെയ്തു.. എടുത്തു.

“ഹലോ..”

“ഹലോ..”

“ഹാപ്പി ബര്ത്ഡേ”

“ഓഹ് വരവ് വെച്ചിരിക്കുന്നു”

“ആം സോറി ഡാ.. എന്നോട് ക്ഷെമി.. ഐ വിൽ മേക്ക് ഇറ്റ് അപ്പ്‌ ടു യു ഫോർ ദിസ്‌ ഷുവർ”

“വാട്ട്‌എവർ”

“ഓഫീസിൽ കാണാം” വീണ്ടും പറഞ്ഞ് മൂഡ് കളയേണ്ടെന്ന് വെച്ച് ഞാൻ ഫോൺ കട്ട്‌ ചെയ്തു.

കുളിക്കാനും റെഡി ആവാനും എന്നുമില്ലാത്ത ആവേശമായിരുന്നു.. അലമാരയിൽ നിന്ന് അവൾക്കായി വാങ്ങിച്ച റിംഗ് ഞാൻ എടുത്ത് പോക്കറ്റിലേക്ക് വെച്ചു.

***

നേരത്തെ തന്നെ എത്തിയ ഞാൻ അവളെയും കാത്തിരിക്കാൻ തുടങ്ങി..

8 മണിയോടെ ആഷ്‌ലിൻ ക്യാബിനിൽ എത്തി. അവളിടക്ക് ഇടം കണ്ണിട്ട് എന്റെ ക്യാബിനിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് ആഷ്‌ലിന്റെ അടുത്തേക്ക് നടന്നു.

“ഗുഡ് മോർണിങ് ബര്ത്ഡേ ഗേൾ”

അവളുടെ കവിൾ നാണം കാരണം സാധാരണയിൽ കൂടുതൽ ചുവന്നതായി കണ്ടു.

“ഗുഡ് മോർണിംഗ്”

“എ സ്മാൾ ഗിഫ്റ്റ് ഫോർ യു” ഞാൻ പോക്കറ്റിൽ നിന്ന് റിംഗ് എടുത്ത് അവൾക്ക് നേരെ നീട്ടി.

വിടർന്ന കണ്ണുകളോടെ അവളത് വാങ്ങിച്ചു. ഒന്നും സംസാരിക്കാതെ എഴുന്നേറ്റ് ബ്രേക്ക്‌ ഏരിയയിലേക്ക് നടന്നു.

തിരഞ്ഞു നോക്കി.. എന്നെയും വിളിക്കുന്ന പോലെ എനിക്ക് തോന്നി.. വെൻഡിങ് മെഷീനിന്റെ മറവിൽ നിൽപ്പുണ്ടായിരുന്ന അവളുടെ അടുത്തേക്ക് ഞാൻ നടന്നു ചെന്നു.

“താങ്ക് യു” എന്ന് പറഞ്ഞ് അവളെന്നെ ആലിംഗനം ചെയ്തു. അതൊരു സാധാരണ ആലിംഗനമായേ എനിക്ക് തോന്നിയുള്ളൂ.. പക്ഷെ എന്നെ ഞെട്ടിച്ചത് അടുത്തതായി ചെയ്ത കാര്യമായിരുന്നു. എന്റെ തോളിനേക്കാൾ സ്വല്പം പൊക്കമുള്ള അവൾ ഉപ്പൂറ്റിയിൽ ഊന്നി ഉയർന്നു എന്റെ ചുണ്ടിൽ ഒരു മുത്തം തന്നു. ഒരു പെക്ക്, എന്താ സംഭവിച്ചേ എന്ന് അറിയും മുമ്പേ അത് കഴിഞ്ഞു.

സത്യം പറഞ്ഞാൽ ജീവിതത്തിൽ ആദ്യത്തെ അനുഭവം ആണ്. ഒരുപാട് തവണ പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെകിലും ആരോടും ഇന്നേ വരെ തുറന്നു പറയാൻ ധൈര്യം ഉണ്ടായിട്ടില്ല. ആദ്യായിട്ട് ഒരാൾ അത് പറയാതെ തന്നെ മനസ്സിലാക്കി കൊണ്ട് എന്നെ ഇഷ്ടപെടുന്നു എന്നാലോചിച്ചപ്പോൾ തന്നെ എനിക്കവളോടുള്ള ഇഷ്ടം നൂറു മടങ്ങായി കൂടി..

ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയ ശേഷം ഞാൻ അവളെ ഒന്ന് കൂടെ വരി പുണർന്നു. കഴുത്തിനു നേരെ മുഖം അമർത്തി അവളുടെ ചെവിയിൽ ഞാൻ ആദ്യമായി പറഞ്ഞു.

“ഐ ലവ് യു” ഇത് പറയുമ്പോ എന്റെ കണ്ണിൽ സന്തോഷത്തിന്റെ നനവ് പടർന്നിരുന്നു.

എന്റെ കൈകളിൽ നിന്ന് സ്വതന്ത്രയാക്കി അവളുടെ മുഖം ഉയർത്തി കണ്ണുകളിലേക്ക് ഞാൻ നോക്കി. സന്തോഷത്തിന്റെ തന്നെ ആയിരിക്കണം അവളുടെ കണ്ണും നിറഞ്ഞിരുന്നു. എന്റെ പോക്കറ്റിലെ കർച്ചീഫ് എടുത്ത് അവൾക്ക് നീട്ടി.. മേക്കപ്പ് ഒട്ടും പോവാതെ ഐ ലൈനർ ഇളകാതെ അവളത് തുടച്ചു. എന്നിട്ട് കയ്യിലുള്ള റിംഗ് എന്റെ കൈ വെള്ളയിൽ വെച്ചു തന്നു. ഇട്ടു കൊടുക്കാൻ പറഞ്ഞു കൊണ്ട് അവളുടെ ഇടതു കൈ എനിക്ക് നേരെ നീട്ടി.. മോതിരം ഞാനവളെ ധരിപ്പിച്ചു.

എന്റെ ജീവിതത്തിന്റെ പ്രധാനപെട്ട ഭാഗം ഞാനവിടെ തുടങ്ങി എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ശക്തമായി.

സത്യമാണ്.. എന്റെ വാരി എല്ലു കൊണ്ട് ദൈവം സൃഷ്ടിച്ചത് ഇവളെ തന്നെ ആവണം.. എന്റെ പാതി ജീവൻ.. എന്റെ ബെറ്റർ ഹാഫ്..

എന്റെ കൈകൾ അവളുടെ മുഖത്തോടെ ചേർത്ത് കോരിയെടുത്തു.. കണ്ണുകൾ കൂമ്പി അടഞ്ഞിരുന്നു.. മേൽചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി, ചുണ്ടിനു മുകളിലെ കറുത്ത നിറമുള്ള മറുക് എന്നെ മാടി വിളിക്കുന്ന പോലെ തോന്നി.. കുസൃതി കാണിക്കാൻ എനിക്ക് തോന്നിയില്ല.. എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു.. എന്റെ ആദ്യത്തെ ചുംബനം.. ആഷ്‌ലിൻ കണ്ണുകൾ തുറന്ന് എന്റെ മുഖത്തേക്ക് നോക്കി.. വശ്യമായ ഒരു പ്രണയഭാവം നിറഞ്ഞ നോട്ടം.. ആ കണ്ണുകൾ ചെറുക്കാൻ എനിക്ക് സാധിക്കില്ല എന്നെനിക്ക് തോന്നി.. പക്ഷെ സമയവും സാഹചര്യവും ഓർത്ത് സ്വയം നിയന്ത്രിച്ചു നിന്നു.. ഡ്യൂട്ടി ടൈമിൽ ഓഫീസിൽ വെച്ച് ഈ പ്രണയ സല്ലാപം വേണ്ട എന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും തോന്നിയത് കൊണ്ട് തിരികെ ക്യാബിനിലേക്ക്..

ആഷ്‌ലിൻ ആദ്യം പുറത്തേക്ക് നടന്നു പുറകെ ഞാനും.. എന്റെ ക്യാബിനിൽ നിന്ന് ബ്ലൈൻഡ്‌സിന്റെ ഗ്യാപിലൂടെ അവൾ നടന്നു പോകുന്നത് നോക്കി ഞാൻ നിന്നു.. അവൾ ക്യാബിനിൽ എത്തി സ്വന്തം സീറ്റിൽ ഇരുന്ന് എന്റെ നേരെ നോക്കി.. മുഖത്തെ ആ പുഞ്ചിരി അപ്പോഴും മാറിയിരുന്നില്ല, ഞാനവിടെ നില്കുന്നത് അവൾക്ക് കാണാൻ സാധിക്കില്ല.. പക്ഷെ എന്നെ തന്നെ നോക്കി കൊണ്ട് അവളിരുന്നു..

അന്ന് ഓഫീസിൽ നിന്നിറങ്ങാൻ അല്പം താമസിച്ചു. ഞാൻ പഞ്ച് ഔട്ട്‌ ചെയ്യാൻ വേണ്ടി പോകുന്ന വഴി ആഷ്‌ലിനെ നോക്കി, ഇല്ല അവൾ നേരത്തെ ഇറങ്ങി.. എന്നോട് പറഞ്ഞെ പോലുമില്ലലോ..

ഫോൺ വിളിച്ചു നോക്കാമെന്നു വെച്ചു എടുത്തപ്പോഴാണ് മിസ്സ്കാൾ കാണുന്നത്. ഉച്ചക്ക് ശേഷം മീറ്റിംഗിന് കേറിയപ്പോ സൈലന്റ് ആക്കിയതാണ്, പിന്നെ അത് മാറ്റാനായി മറന്നു പോയി. രണ്ട് മിസ്കാൾ ഉണ്ട്, ഇറങ്ങാൻ നേരം വിളിച്ചതെന്ന് തോന്നുന്നു. വാട്സ്ആപ്പ് എടുത്തപ്പോൾ കണ്ടാൽ തിരിച്ചു വിളിക്കാൻ ഒരു മെസ്സേജ് കൂടെ ഉണ്ട്.

ഞാൻ തിരിച്ചു വിളിച്ചു.

“എവിടാ?” ഞാൻ മുഖവുര ഒന്നും ഇല്ലാതെ ചോദിച്ചു.

“ഇത്ര സമയം എവിടാരുന്നു? ഇപ്പോഴാണോ വിളിക്കണേ? എന്താ ലേറ്റ് ആയെ?” ഒറ്റ ശ്വാസത്തിൽ തുടരെ തുടരെ ചോദ്യങ്ങൾ.

“നിർത്തി നിർത്തി ചോദിക്ക്” ഞാൻ സമാധാനിപ്പിക്കാൻ ഒരു ശ്രെമം നടത്തി.

“ഞാൻ ലൊക്കേഷൻ അയക്കാം അങ്ങോട്ട് വാ”

“എങ്ങോ…” എന്നെ മുഴുവനാക്കാൻ സമ്മതിച്ചില്ല അതിനു മുന്നേ ഫോൺ കട്ട്‌ ആക്കി.

ഇതെന്തു കൂത്ത്.. ആ എവിടെക്കാണാവോ..

ഞാൻ ഫോൺ എടുത്ത് വാട്സ്ആപ്പ് മെസ്സേജ് നോക്കി.. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിൽഡിംഗ്‌ ആണ് ലൊക്കേഷൻ ആയിട്ട് അയച്ചേക്കുന്നേ.. ബുർജ് ഖലീഫ.. ഇവളിനി അതിന്റെ മോളീന്ന് താഴേക്ക് ചാടാനോ വല്ലോം പറയുവോ.. ലേശം വട്ടുണ്ടെങ്കിലും അങ്ങനൊന്നും പറയില്ലായിരിക്കും.. ഹാ എന്താണേലും പോയി നോക്കാം…

ഞാൻ കാർ മെട്രോ സ്റ്റേഷനു സമീപത്തു പാർക്ക്‌ ചെയ്ത് മെട്രോയിൽ ആണ് പോയത്.. ദുബായ് മാൾ സ്റ്റേഷനിൽ ഇറങ്ങി നടക്കാൻ ആരംഭിച്ചു.. ഒരു നെടു നീളൻ സ്കൈ ബ്രിഡ്ജ് ആണ് മെട്രോ സ്റ്റേഷൻ മുതൽ ദുബായ് മാൾ വരെ.. ഏകദേശം ഒന്നൊന്നര കിലോമീറ്റർ.. നടന്നും ഒഴുകിയും (റാമ്പ്) ഒടുക്കം മാളിലെത്തി..

ഇനി അവൾക്ക് ലൊക്കേഷൻ മാറിയതായിരിക്കുമോ മാൾ ആയിരിക്കുമോ ഉദ്ദേശിച്ചത്.. ഒന്ന് വിളിച്ചു നോക്കാം..

റിങ് ചെയ്യുന്നുണ്ട്..

“ഹലോ”

“എവിടാ” അക്ഷമ നിറഞ്ഞ ശബ്ദം ആണ് അപ്പുറത്തുന്ന്.

“ഞാൻ മാളിനകത്തുണ്ട്”

“എന്നാ വാട്ടർ ഫൗണ്ടൈന്റെ അടുത്തേക്ക് വാ” അവൾ കെഞ്ചി കൊണ്ടാണ് പറയുന്നേ

“ഏതു.. ആ വെള്ളം ഡാൻസ് കളിക്കണോടത്താ?” ഞാൻ ഒന്ന് തമാശിക്കാന്നു വെച്ചു.

“ഏഹ്.. ഹഹ അവിടെ തന്നെ” അവൾ ചിരിച്ചോണ്ട് പറഞ്ഞ് ഫോൺ വെച്ചു.

സമയം ഏഴു മണി ആവാറായി.. കൃത്യം ഏഴു മണിക്ക് തുടങ്ങും ഈ മ്യൂസിക് ഫൗണ്ടൈൻ.. ഇത് കാണാൻ ആണോ എന്നെ വിളിച്ചോണ്ട് വന്നേ.

ഞാൻ മാളിന് പുറത്തെത്തി അവളെ തിരയാൻ ആരംഭിച്ചു.. ടൂറിസ്റ്റുകളെ മാത്രമേ എനിക്ക് കാണാൻ ഒത്തൊള്ളൂ.. കാണാൻ ചന്തമുള്ള നല്ല വെളുത്ത മദാമ്മമാർ.. കുറച്ചു നേരം വായി നോക്കി അവിടെ തന്നെ നിന്നു.. ഫോൺ റിങ് ചെയ്തപ്പോൾ ആണ് എനിക്ക് ബോധം വന്നത്.

“ഹലോ ആഷ്‌ലിൻ എവിടെ?”

“താനെവിടെടോ?” ഇത്തിരി ദേഷ്യത്തിൽ ആണ്

“ഞാൻ നിന്നെ തിരഞ്ഞോണ്ട് നടക്കുന്നു”

“ഓഹോ.. എന്നാ മോനൊന്നു തിരിഞ്ഞു നോക്കിക്കേ”.

ചെ.. ഞാൻ വായി നോക്കി നിക്കുന്നത് അവളു കണ്ടോ?

ഞാൻ ചമ്മൽ മറച്ചു വെച്ച് അവളെ തിരയുന്നത് പോലെ ഫോൺ പിടിച്ചു പുറകിലേക്ക് തിരിഞ്ഞു.

കർത്താവെ.. ഇവിടിരിപ്പുണ്ടായിരുന്നോ.. ഞാൻ നിന്നിരുന്നതിന്റെ നേരെ പുറകിലെ റസ്റ്ററന്റിൽ ഇരിപ്പുണ്ട് കക്ഷി, എന്നെ നിരീക്ഷിച്ചു

കൊണ്ടിരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ..

ഞാൻ സ്റ്റെപ് കേറി അവളിരുന്ന ടേബിളിനു സമീപത്തേക്ക് നടന്നു.. കൂടെ ആരോ ഉണ്ട്, ഫ്രണ്ട് ആണോ..

“നല്ല തിരച്ചിലാ” അവളെന്നെ നന്നായിട്ടൊന്ന് ആക്കി.

ഞാനൊരു ഇളിഞ്ഞ ചിരി മാത്രേ മറുപടി ആയിട്ട് കൊടുത്തുള്ളൂ..

“ദെ ഇത് എന്റെ കസിൻ ഏഞ്ചൽ” തൊട്ടടുത്തിരുന്ന ആളെ എനിക്ക് പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു.

“ഹലോ ഞാൻ ജെയ്‌സൺ”

“ആഷ്‌ലിൻ വാസ് ടെല്ലിങ് മി എബൌട്ട്‌ യൂ” പുള്ളിക്കാരി എനിക്ക് കൈ തന്ന് കൊണ്ട് പറഞ്ഞു.

“മോശായിട്ടൊന്നും ഇല്ലാലോ അല്ലെ” ഞാൻ ആഷ്‌ലിനെ നോക്കി കണ്ണിറുക്കി കൊണ്ടാണ് പറഞ്ഞത്.

“ഹിഹി നോപ്” ഏഞ്ചെലും ചിരിച്ചു.

“ഞാൻ എന്റെ ബര്ത്ഡേ ട്രീറ്റ്‌ കൊടുക്കാൻ വേണ്ടി കൊണ്ട് വന്നതാ” ആഷ്‌ലിൻ ആണ് പറഞ്ഞത്.

“നിനക്ക് നല്ല വല്ല റെസ്റ്റോറന്റിലേക്ക് കൊണ്ട് പോയി കൂടായിരുന്നോ” ഞാൻ ചുറ്റും നോക്കി കൊണ്ടാണ് ഇത് പറഞ്ഞത്.

“അയ്യോ.. ഇതത്ര മോശം ആണോ?”

“മോശം ആയത് കൊണ്ടല്ല, ആവറേജ് ഫുഡ്‌ ഓവർ പ്രൈസ്ഡ് ആയി കിട്ടും അത്ര തന്നെ, പക്ഷെ ഈ വ്യൂ അത് എവിടേം കിട്ടില്ല” ഞാൻ അതും പറഞ്ഞ് തൊട്ടപ്പുറത്തു ഇരുന്ന ഒരു മദാമ്മ കൊച്ചിനെ നോക്കി കസേരയിലേക്ക് ഇരുന്നു.

അവളത് കണ്ടെന്നു തോന്നുന്നു, ഒന്ന് ചിരിച്ചതേ ഉള്ളു..

ഞങ്ങൾ സംസാരിച്ചിരിക്കെ ആഷ്‌ലിന്റെ ഫോൺ റിങ് ചെയ്തു. ഫോൺ എടുത്ത് കൊണ്ട് അവൾ മാറി നിന്ന് സംസാരിക്കാൻ തുടങ്ങി..

ഐസ് ബ്രേക്ക്‌ ആക്കി കൊണ്ട് ഞാൻ ഏഞ്ചെലിനോട് സംസാരിക്കാനും ആരംഭിച്ചു. കുറച്ചു നേരം വിശേഷം ഒക്കെ ചോദിച്ചു പറഞ്ഞും അങ്ങനെ ഇരുന്നു. ആഷ്‌ലിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് ഏഞ്ചൽ ബോൺ ൻ ബ്രോട്ട് അപ്പ്‌ ഇൻ മിഡിൽ ഈസ്റ്റ്‌. ആ കുട്ടിയുടെ പപ്പക്ക് ഒരു സൗദി അറേബ്യൻ ഓയിൽ കമ്പനിയിൽ ആണ് ജോലി. മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളിലും ജീവിച്ചിട്ടുണ്ട്. അധികം വൈകാതെ ആഷ്‌ലിൻ ഞങ്ങളുടെ അടുത്തേക്ക് തിരികെ വന്നു.

ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് പുറത്തെ കാഴ്ചകൾ എല്ലാം കണ്ട് ഞങ്ങൾ അല്പ നേരം ചുറ്റി നടന്നു. അപ്പോഴേക്കും ഏഞ്ചലിന് തിരികെ പോവാൻ സമയമായി, യാത്ര പറഞ്ഞ് പിരിഞ്ഞു.

തടാകത്തിന്റെ അരികിലൂടെ ഉള്ള കമ്പി കൊണ്ടുള്ള വേലിയിൽ ചാരി ഞാനും ആഷ്‌ലിനും നിന്നു. രാവിലെ ഉണ്ടായ സംഭവത്തിന്‌ ശേഷം ഞങ്ങൾ അധികം സംസാരിച്ചത് കൂടെ ഇല്ല.

കേൾക്കാൻ സുഖമുള്ള ഒരു പാട്ട് കേൾക്കാൻ തുടങ്ങി, വരികൾ ഒന്നും മനസ്സിലാവുന്നില്ലെങ്കിലും ഞാനത് ആസ്വദിച്ചു. ആഷ്‌ലിനെ നോക്കിയപ്പോൾ അവൾ വരികൾക്കൊപ്പം പാടി കൊണ്ടിരിക്കുന്നു. ഓഹ്.. വല്ല്യ ഇംഗ്ലീഷ് കാരി..

2-3 വരി കഴിഞ്ഞപ്പോൾ അവളെന്നെ ചെരിഞ്ഞൊന്ന് നോക്കി, ഞാൻ അവളെ തന്നെ നോക്കി കൊണ്ട് നിൽക്കായിരുന്നു. ഒരു പുരികം മാത്രം ഉയർത്തി എന്താ എന്ന അർത്ഥത്തിൽ എന്റെ കൈക്ക് പിടിച്ചു.

ഞാൻ കണ്ണിറുക്കി കാണിച്ചതെ ഉള്ളു, അവളൊന്നും മിണ്ടാതെ പഴയത് പോലെ തിരിഞ്ഞു, ഇടക്കിടെ കൈ വരിയിൽ മുറുക്കി പിടിച്ചും കൈ വിരലുകൾ വിടർത്തിയും പാട്ടിനൊപ്പം താളം പിടിച്ചു അവൾ നിന്നു.

എന്റെ നോട്ടം ഞാൻ പിൻവലിച്ചില്ല, അവളെ തന്നെ നോക്കി കൊണ്ട് ആ പാട്ടിൽ ലയിച്ചു നിന്നു.

ആ പാട്ട് കഴിഞ്ഞതോടെ ആഷ്‌ലിൻ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു “പോവാം”

“എങ്ങോട്ട്” ഞാൻ ചോദിച്ചു

“എനിക്കറിയില്ല, താനല്ലേ ഇവിടത്തുകാരൻ” അവൾ തോൾ കുലുക്കി കൊണ്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു.

“മ്മ്.. എന്നാ വാ” ഞാനും കൂടെ നടന്നു.

ചെറിയൊരു പാലത്തിലൂടെ അപ്പുറത്തെ വശത്തേക്ക് കടന്നു. അവളെന്റെ ഇടത് കൈ ചുറ്റി പിടിച്ചു കൊണ്ടാണ് കൂടെ നടക്കുന്നത്. വല്ലാത്തൊരു അനുഭൂതി ആയിരുന്നു അത്. മുമ്പ് പല തവണ ഇവിടെ വന്നിട്ടുണ്ട്,  പല തവണ ഈ വഴികളിലൂടെ നടന്നിട്ടുണ്ട്. പക്ഷെ ഈ സ്ഥലങ്ങൾക്കെല്ലാം ഇത്രേം ഭംഗി ഉണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.. ചിലപ്പോൾ കൂടെ ഒരാൾ ഉള്ളത് കൊണ്ടാവാം.. തിരക്കിനിടയിലൂടെ നടന്ന് ഒരു ചെറിയ പാർക്കിൽ ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ എല്ലാം ഇട്ടിട്ടുള്ള സ്ഥലം കടന്നു മെയിൻ റോഡിലേക്ക് കേറി..

പ്രകാശമയമാണ് ആ പ്രദേശം മുഴുവൻ, പല രീതിയിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ വിസ്മയം.. ഒരു നാട്ടിൻ പുറത്ത് ജനിച്ചു വളർന്ന എനിക്ക് ഇതെല്ലാം ആദ്യമായി കണ്ട അന്ന് വലിയ അദ്ഭുതമായിരുന്നു.. പക്ഷെ ആഷ്‌ലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല..

ഒന്നും മിണ്ടാതെ കൗതുകത്തോടെ എല്ലാം കണ്ട് അവളെന്റെ കൂടെ തന്നെ നടന്നു..

‘വിങ്‌സ് ഓഫ് മെക്സിക്കോ’ ബുർജ് പ്ലാസയുടെ മുന്നിലായി നിലകൊള്ളുന്ന ഒരു ശില്പമാണത്, മാലാഖ ചിറകുകൾ.. ഞാൻ ആഷ്‌ലിനെ ആ ചിറകുകളുടെ നടുക്ക് ആയി നിർത്തി പോസ് ചെയ്യിച്ചു, എന്റെ പിക്സൽ ഫോണിലെ ക്യാമെറയിൽ ആ ഫോട്ടോ ഒപ്പിയെടുത്തു.. ഒരു മോഡലിന്റെ അനായാസതയോടെ അവൾ വ്യത്യസ്ത പോസുകളിൽ നിൽക്കാൻ തുടങ്ങി.. ചുറ്റും നിന്ന ആളുകൾ ഞങ്ങളെ ശ്രെദ്ധിക്കുന്നു.. ഒരു ഫോർമൽ ടൈപ്പ് സ്കിർട് ആൻഡ് ഷർട്ട്‌ ആണ് വേഷം പക്ഷെ അവളെന്തു ധരിച്ചാലും മാലാഖ തന്നാ എന്നെനിക്ക് തോന്നി.. ഞാൻ ഫോട്ടോ എടുപ്പ് നിർത്തി അവളോട് പോവാമെന്ന് ആംഗ്യം കാണിച്ചു..

മതിയായില്ലന്ന് തോന്നുന്നു മനസ്സില്ല മനസ്സോടെ അവിടെന്ന് ഇറങ്ങി കൂടെ വന്നു.. എടുത്ത ഫോട്ടോസ് കണ്ടപ്പോൾ ആ കണ്ണുകൾ വിടർന്നു.. ഫോട്ടോഗ്രാഫി എന്റെ സ്വകാര്യ ഹോബി ആണ്.. ഫ്രണ്ട്‌സ് ൻ ഫാമിലി ഫോട്ടോസ് എടുക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്, പക്ഷെ അതിൽ കൂടുതൽ ഒന്നുമില്ല.. ആഷ്‌ലിൻ ഫോട്ടോസ് നോക്കി കൊണ്ടിരിക്കെ ഞാൻ ടാക്സിക്ക് കൈ കാണിച്ചു..

ടാക്സി വന്നു ഡോർ തുറന്ന് അവളോട് കേറാൻ പറഞ്ഞപ്പോൾ അവളെന്നെ നോക്കി ഒരിത്തിരി വിഷമത്തോടെ ചോദിച്ചു “എന്നെ പറഞ്ഞു വിടാണോ?”

ഞാൻ കാർ എടുത്തിട്ടില്ല എന്നവളോട് പറഞ്ഞിരുന്നില്ല, എന്താ പ്രതികരണം എന്നറിയാൻ വേണ്ടി ഞാൻ പറഞ്ഞു “അതെ”

“അതെന്താ, ഞാൻ കൂടെ ഉള്ളത് ഇഷ്ടല്ലേ?” കണ്ണുകൾ കുറേശെ നിറയാൻ തുടങ്ങുന്നുണ്ട്.

ഇപ്പോ കരയും എന്നെനിക്ക് തോന്നി, നടു റോഡിൽ വെച്ച് ഒരു സീൻ ഉണ്ടാക്കേണ്ടന്ന് വെച്ച് ഞാൻ സത്യം പറഞ്ഞു.

നിമിഷ നേരം കൊണ്ട് ആ കണ്ണുകൾ വീണ്ടും വിടർന്നു, ചുണ്ടുകളിൽ പുഞ്ചിരിയും..

“ശോ.. നീ ഇങ്ങനെ ചിരിക്കല്ലേ..” ഡോറിനു മുകളിലെ കൈ വെച്ച് കേറാതെ ഞങ്ങളവിടെ നിന്നു.

“അതെന്താ..” അവളുടെ കണ്ണുകളിലെ പ്രസരിപ്പ് തിരികെ വന്നിട്ടുണ്ട്.

“ഒന്നുല്ലാ” ഞാൻ നോട്ടം മാറ്റി.

“കേറിങ്ങോട്ട്” എന്റെ വയറ്റിലേക്ക് ഒരിടി വെച്ച് തന്ന് ആഷ്‌ലിൻ ടാക്സിയിലേക്ക് കയറി ഞാൻ പുറകെയും.

എന്റെ കാർ പാർക്ക്‌ ചെയ്തതിനു അരികിലായി ടാക്സി നിർത്തി ഞങ്ങളിറങ്ങി..

“ബര്ത്ഡേ ഗേൾ, ഇനി എന്താ പ്ലാൻ” കാറിനടുത്തേക്ക് നടക്കുന്നതിനിടെ ആഷ്‌ലിനോട് ഞാൻ ചോദിച്ചു.

“എവിടേം പോവണ്ട” കാർ ഡോർ തുറന്ന് അവളകത്തേക്ക് കയറി.

“പിന്നെ” സീറ്റ് ബെൽറ്റ്‌ ഇട്ട് കാർ സ്റ്റാർട്ട്‌ ചെയ്ത് പാർക്കിങ്ങിൽ നിന്ന് റോഡിലേക്ക് എടുത്തു.

“എനിക്ക് ഇച്ചായന്റെ കൂടെ ഇരുന്നാ മതി ഇങ്ങനെ” സ്റ്റീയറിങ് വീലിൽ ഇരുന്ന എന്റെ വലത് കൈ എടുത്ത് വിരലുകളിൽ വിരൽ കോർത്ത്‌ കൊണ്ട് അവൾ പറഞ്ഞു.

ഞാനും ആ കൈകളിൽ മുറുകെ പിടിച്ചു, എന്തോ മാജിക്‌ അവളുടെ കൈകൾക്ക് ഉണ്ടെന്ന് തോന്നിപോയി എനിക്ക്.. കാരണം എന്റെ ഹൃദയ മിടിപ്പ് ഉയരാൻ തുടങ്ങിയിരിക്കുന്നു, ഏസിയിൽ ഇരുന്നും ഞാൻ വിയർക്കാൻ തുടങ്ങി..

എന്റെ പരിഭ്രമം കണ്ട് ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു..

“താൻ വിർജിൻ ആണോടോ ഇച്ചായാ”

അപ്രതീക്ഷിതമായി വന്ന ചോദ്യത്തിൽ ഞാനൊന്ന് ഞെട്ടി പോയി, സിഗ്നൽ കാത്ത് കിടക്കായിരുന്നു എന്നത് കൊണ്ട് ഒരു ആക്‌സിഡന്റ് ഒഴിവായി എന്ന് വേണം പറയാൻ.. അമ്മാതിരി ചോദ്യം ആണ്, കാര്യം സ്നേഹിക്കുന്ന

പെണ്ണൊക്കെ ആണെങ്കിലും ഇതൊക്കെ സ്വകാര്യത അല്ലേ.. ഇങ്ങനെ നേരിട്ടൊക്കെ ചോദിക്കാവോ.. അവൾക്ക് ഇങ്ങനെ ആയിരിക്കും ശീലം.. 96 സിനിമയിൽ റാമിനോട് ജാനു ചോദിച്ചപ്പോൾ റാമിന് തോന്നിയ ചമ്മൽ എല്ലാം ഞാനും അനുഭവിച്ചു ആ ഒരു നിമിഷത്തിൽ.. കാറിനകത്തു സീറ്റ് ബെൽറ്റ്‌ ഇട്ടിരിക്കയായിരുന്നത് കൊണ്ട് എണീറ്റ് ഓടാനും പറ്റില്ല..

“എന്താന്ന്” ഞാൻ നെറ്റിയിലെ വിയർപ്പ് ഒരു ടിഷ്യു എടുത്ത് തുടച്ചു അവൾടെ മുഖത്ത് നോക്കാതെ ചോദിച്ചു.

“അല്ല.. ഞാൻ രാവിലെ മുതൽ ശ്രെദ്ധിക്കുന്നതാ.. മൊത്തത്തിൽ ഒരു കുഴപ്പം പോലെ” അവളെന്റെ മുഖത്തുന്ന് കണ്ണെടുക്കാതെ തന്നെ ആണ് സംസാരിക്കുന്നത്.

“നിനക്കിപ്പോ അറിഞ്ഞിട്ടെന്താ?” ഞാൻ ഡിഫെൻസിവ് ടാക്ടിസ് എടുത്തു.

“ചോദിച്ചെന്നെ ഉള്ളു” കൈവിരലുകൾ കോർത്തു പിടിച്ചു വെച്ചേക്കാണ്.

ഞാൻ കൈ വിടീപ്പിച്ച് ഗിയർ മാറ്റി വണ്ടി മുന്നോട്ടെടുത്തു. സ്റ്റിറിങ്ങിൽ വെച്ച കൈ വീണ്ടും അവളെടുത്തു കൈ വിരലുകൾ കോർത്തു.. അടുത്തതായി കണ്ട എക്സിറ്റൽ കൂടി കാർ മെയിൻ റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് മാറ്റി ഓടിക്കാൻ തുടങ്ങി.. കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയി അടുത്തു കണ്ട പാർക്കിങ്ങിൽ നിർത്തി..

സീറ്റ് ബെൽറ്റ്‌ അഴിച്ചു ആഷ്‌ലിനു നേരെ തിരിഞ്ഞ് ഇരുന്നു.

അവളെന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടിരിന്നു.. ഒന്നും സംസാരിക്കാതെ ഒരു പത്തു മിനിട്ടോളം ഞങ്ങളങ്ങനെ ഇരുന്നു.. പതിയെ ഒരു പുഞ്ചിരി വന്നു അവൾടെ ചുണ്ടുകളിൽ നിറഞ്ഞപ്പോൾ ഞാൻ പറഞ്ഞു പോവാം..

ആഷ്‌ലിൻ താമസിക്കുന്ന വില്ലക്ക് മുന്നിൽ ഞാൻ കാർ നിർത്തി.. ഇറങ്ങുന്നതിനു മുമ്പേ സീറ്റ് ബെൽറ്റ്‌ അഴിച്ചു എന്റെ കവിളിൽ ഒരുമ്മ നൽകി അവളിറങ്ങി.. ഇത്തവണയും എനിക്ക് പ്രതികരിക്കാൻ സമയം കിട്ടിയില്ല അതിനു മുമ്പേ അവളിറങ്ങി നടന്നു..

ഞാൻ കൈ കൊണ്ട് റ്റാറ്റാ കാണിച്ചു വണ്ടി തിരിച്ചു..

പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിലേക്ക് പോവാൻ പതിവില്ലാത്ത ആവേശമായിരുന്നു. അമ്മ ആണെങ്കിൽ അത് ശ്രെദ്ധിക്കുകയും ചെയ്തു. എന്നോടൊന്നും ചോദിച്ചില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായിട്ടുണ്ട്.. ഓഫീസ് ടൈം കഴിഞ്ഞാൽ ഞാനും ആഷ്‌ലിനും കറക്കം തന്നെ ആണ്. ദുബായിൽ കാണാനുള്ള സ്ഥലങ്ങൾ എല്ലാം കണ്ടു കഴിഞ്ഞു. ഇനി ജുമൈറ ബീച്ചിൽ വാട്ടർ സ്കിങ്ങും, പാരാസെയിലിംഗും മാത്രേ ചെയ്യാൻ ബാക്കി ഉള്ളു.. അഡ്‌വെഞ്ചർ സ്‌പോർസിൽ എനിക്കത്ര താല്പര്യം ഇല്ലാത്തതു കൊണ്ടും അവൾക്ക് പേടി ആയത് കൊണ്ടും അത് മാത്രം തത്കാലത്തേക്ക് മാറ്റി വെച്ചു.

ഞങ്ങളുടെ പ്രേമം ഓഫീസിലെ മറ്റാർക്കും അങ്ങനെ അറിയില്ലായിരുന്നു. കോവർക്കർ ആണ് ഫ്രണ്ട്‌സ് ആണ് അത്ര മാത്രേ എല്ലാരും വിചാരിച്ചിട്ടുള്ളു. എല്ലാവരെയും അറിയിച്ചു നോട്ട പുള്ളികൾ ആവാൻ ആണെങ്കിൽ ഞങ്ങൾക്ക് താല്പര്യവും ഇല്ല, അറിയുന്ന സമയത്ത് അറിയട്ടെ.

ദിവസങ്ങൾ ആഴച്ചകൾ ആയും മാസങ്ങൾ ആയും കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.. പ്രൊജെക്ടുകൾ ഒന്നൊന്നായി തീർത്തു കൊണ്ടിരിന്നു..

അത്ര ചലഞ്ചിങ് ആയ ഒന്നും ഇതേ വരെ ചെയ്യേണ്ടി വന്നില്ല എന്നത് കൊണ്ട് എനിക്ക് ജോലി ചെറുതായി ബോറിങ് ആയി തുടങ്ങി. ഞാനത് ആഷ്‌ലിനോട് സംസാരിക്കുകയും ചെയ്തു, എന്നാൽ സ്വന്തമായി എന്തെങ്കിലും ചെയ്തു കൂടെ എന്നായിരുന്നു അവളുടെ നിർദേശം.

ഞാനും അതിനെ കുറിച്ച് ഒരുപാട് ആലോചിച്ചു. ഒടുവിൽ നാട്ടിലെ ഫ്രണ്ട്സിനോടെല്ലാം സംസാരിച്ച ശേഷം നാട്ടിലൊരു ആർകിടെക്ചർ ഫേം തുടങ്ങാമെന്ന് തീരുമാനം എടുത്തു. കയ്യിൽ അത്ര വലിയ സമ്പാദ്യം ഒന്നുമില്ല, കിട്ടുന്ന സാലറിയുടെ നല്ലൊരു ഭാഗം ഇവിടെ തന്നെ ചിലവാക്കിയുള്ള ജീവിതം ആയിരുന്നു. ഉള്ള പൈസ എല്ലാം ഇറക്കാൻ തീരുമാനം എടുത്തു, നാട്ടിലൊരു വീടുണ്ട്. അത് കൊണ്ട് വാടക കൊടുക്കാതെ ജീവിക്കാം. ബാക്കി എല്ലാം വരുന്നിടത്തു വെച്ച് കാണാം.

ആഷ്‌ലിനോട് ഈ തീരുമാനങ്ങൾ എല്ലാം പറഞ്ഞപ്പോൾ തുടക്കത്തിൽ അവൾ വളരെ സപ്പോർട്ടീവ് ആയിരുന്നു. പിന്നീട് ഞാൻ സീരിയസ് ആണ് പെട്ടന്ന് തന്നെ നാട്ടിലേക്ക് മാറും എന്നെല്ലാം കേട്ടപ്പോൾ പിണക്കങ്ങളായി. ചെറിയ കാര്യങ്ങൾക്ക് പോലും ദിവസങ്ങൾ മിണ്ടാതിരിക്കും എന്ന രീതിയിൽ ആയി. ജോലി റിസൈൻ ചെയ്യേണ്ടതിന്റെയും നാട്ടിലേക്ക് ഷിഫ്റ്റ്‌ ആകുന്നതിന്റെയും തിരക്കുകൾ കൂടിയതോടെ അവളുടെ കൂടെ സമയം ചിലവഴിക്കാൻ കൂടെ എനിക്ക് സാധിക്കാതായി. റിസൈൻ ചെയ്തതോടെ ഓഫീസിൽ വെച്ചുള്ള കണ്ടു മുട്ടലും ഇല്ലാതായി.

പോവുന്നതിന്റെ ഒരാഴ്ച മുമ്പ് ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ അവളെ കാണാനായി എന്റെ പഴയ ഓഫീസിലേക്ക് പോയി. ഏകദേശം വർക്കിംഗ്‌ ടൈം കഴിയാൻ ആയിരുന്നു, ഞാൻ കാത്തു നിന്നു.

ഡെനിം ജീനും വൈറ്റ് ഷർട്ട്‌ ഇൻസേർട് ചെയ്തതാണ് വേഷം, പാർക്കിങ്ങിലേക്ക് അവളിറങ്ങി വന്നു. ഞാൻ ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നില്ല, അവളുടെ കാബിലേക്ക് കയറുന്നതിനു മുമ്പ് എന്റെ കാർ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ഡ്രൈവറോട് എന്തോ പറഞ്ഞ് എന്റെ കാറിനടുത്തേക്ക് നടന്നു വന്നു.

ഞാൻ ഡോർ അൺലോക്ക് ചെയ്ത് വെച്ചിരുന്നു. കാറിനകത്തേക്ക് കയറി ആഷ്‌ലിൻ ഇരുന്നു.

“ഹൗ ആർ യു?” ഞാൻ ചോദിച്ചു

“ഐ ആം ഫൈൻ” അവളുടെ മുഖം വിഷാദം നിറഞ്ഞതായിരുന്നു.

എന്താ പറയണ്ടേ എന്നറിയാതെ ഞാൻ ഇരുന്നു..

“ആഷ്‌ലിൻ.. എന്തെങ്കിലും പറയടാ പ്ലീസ്.. ഇത്രേം ദിവസം നിന്നെ കാണാൻ വരാത്തതിന് എന്നെ കുറച്ച് ചീത്ത എങ്കിലും വിളിക്ക്” അവളുടെ ഇടത് കരം എന്റെ കരങ്ങളിൽ എടുത്ത് ഞാൻ പറഞ്ഞു..

“ഇച്ചായനു തിരക്കായത് കൊണ്ടല്ലേ, എനിക്ക് മനസ്സിലാവും” അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നത് പോലെ ആണ് പറഞ്ഞത്.

സംഭാഷണത്തിനേക്കാൾ കൂടുതൽ നിശബ്ദത ആയിരുന്നു.. ഞങ്ങളറിയാതെ ഞങ്ങളുടെ ഇടയിൽ അകലം വന്നത് പോലെ എനിക്കനുഭവപ്പെട്ടു.. എനിക്കവളെ ഈ ലോകത്തിൽ ഉള്ള എന്തിനേക്കാളും ഇഷ്ടമാണ് പക്ഷെ അത് പറയാൻ പോലും എനിക്കാവുന്നില്ല.. ഇല്ല നഷ്ടപ്പെടുത്താൻ എനിക്കാവില്ല.. ആഷ്‌ലിനെ വീട്ടിലേക്ക് ആക്കാൻ കാർ ഓടിക്കുന്നതിനിടെ എന്റെ ചിന്തകൾ എന്നെ തന്നെ കരയിപ്പിച്ചു..

ടിഷ്യു എടുത്ത് കണ്ണു തുടച്ചു ഞാൻ ആഷ്‌ലിനെ നോക്കി.

പുറത്തേക്ക് നോക്കി കാഴ്ചകളിൽ മുഴുകി ഇരിക്കാണ്. യാത്രക്കിടെ ഒരിക്കൽ പോലും എന്റെ നേരെ അവൾ തിരിഞ്ഞില്ല. ഞാൻ ഡ്രോപ്പ് ചെയ്ത് അവളിറങ്ങുമ്പോൾ ബൈ എന്നൊരു വാക് മാത്രം. പതിവായി എനിക്ക് നല്കുന്ന ചുംബനം ഇല്ല, ആലിംഗനം ഇല്ല.. ഞങ്ങൾ അകന്നു പോയി അടുക്കാനാവാത്ത വിധം.. കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണീർ തുടക്കാതെ ഞാൻ കാർ തിരിച്ചു.

സൺഡേ പോവാൻ പ്ലാൻ ചെയ്ത് ആണ് ഞാൻ നാട്ടിലേക്കുള്ള ടിക്കറ്റു ബുക്ക്‌ ചെയ്തത്. വല്ലപ്പോഴും അയക്കുന്ന മെസ്സേജുകളും കാളുകളുമായി ഞങ്ങളുടെ പ്രണയം മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു.

ശനിയാഴ്ച രാവിലെ ഞാൻ ആഷ്‌ലിനെ വിളിച്ചു.

“ഹലോ”

“ഹലോ”

“നാളെ ഉച്ചക്ക് ആണ് ഫ്ലൈറ്റ്, നീ വരില്ലേ”

“ഞാൻ ഇച്ചായനെ അങ്ങോട്ട് വിളിക്കാൻ തുടങ്ങായിരുന്നു. എനിക്ക് വരാൻ പറ്റില്ല, പപ്പക്ക് വയ്യെന്ന് ഫോൺ വന്നിരുന്നു. നാളെ മോർണിംഗ് ഫ്ലൈറ്റിനു ഞാൻ അങ്ങോട്ട് പോവും” ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“പപ്പക്ക് എന്താ പെട്ടന്ന്?” എനിക്ക് പെട്ടന്ന് വിഷമമായി, ആഷ്‌ലിനു അവൾടെ പപ്പയെന്നാൽ ജീവനാണ്. എന്തെങ്കിലും വിഷമം വന്നാൽ ആദ്യം വിളിക്കുന്നത് പപ്പയെ ആണ്. അവൾ അമ്മയെക്കാൾ ക്ലോസ് ആയിട്ടുള്ളതും പപ്പയോടാണ്. ഞങ്ങളുടെ കാര്യം ആദ്യം പപ്പയോടു ആയിരിക്കും പറയുക എന്നവൾ ഇടക്കിടെ പറയാറും ഉണ്ട്. പപ്പക്കെന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ അവൾക്ക് എത്രത്തോളം വിഷമം ഉണ്ടാവുമെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഞാൻ അടുത്തുണ്ടായെങ്കിൽ എന്നവളിപ്പോൾ ആഗ്രഹിക്കുന്നുണ്ടാവും. എനിക്കെന്നോട് തന്നെ വെറുപ്പായി, എന്തിനാ ഞാൻ ഇങ്ങനെല്ലാം തീരുമാനം എടുത്തേ.. ഒന്നും വേണ്ടായിരുന്നു..

“ചെസ്റ്റ് പെയ്ൻ, ഇസിജിയിൽ വേരിയേഷൻ ഉണ്ട്”

ഞാൻ ആശ്വസിപ്പിക്കാൻ ആയി എന്തൊക്കെയോ പറഞ്ഞു. അവളെല്ലാം മൂളി കേട്ടതേ ഉള്ളു.. നീയവിടെ എത്തുമ്പോ പപ്പ നല്ല ഉഷാറായിട്ട് ഇരിക്കുന്നുണ്ടാവും എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു.

അന്ന് രാത്രി കിടന്നിട്ട് എനിക്കുറക്കം വന്നില്ല.. ഒരുപാട് സമയം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി പോയി..

രാവിലെ ഉണർന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്സ്ആപ്പിൽ ആഷ്‌ലിന്റെ മെസ്സേജ് ഉണ്ട്. പുലർച്ചെ 4 മണിക്ക് അയച്ചതാണ്.

“എന്നെ ഡ്രോപ്പ് ചെയ്യാൻ വരുമെന്ന് വിചാരിച്ചു, എന്റെ മിസ്റ്റേക്.. ഫ്ലൈറ്റ് 8 മണിക്ക് ആണ്. സേഫ് ജേർണി ടു യു..”

സമയം നോക്കിയപ്പോൾ 8.30 am അവൾ പോയി കഴിഞ്ഞു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി, എങ്ങനാ എനിക്കിത്ര സ്വാർത്ഥൻ ആവാൻ സാധിക്കുന്നത്. അവളോട് ഒരു വാക് പോലും ഞാൻ ചോദിച്ചില്ല എങ്ങനാ എയർപോർട്ടിലേക്ക് പോവുന്നതെന്ന്.. ആ ചോദ്യം എന്റെ മനസ്സിൽ ഒരിക്കൽ പോലും വന്നില്ല, ഞങ്ങൾ അകന്നു പോയിരിക്കുന്നു.. ഒരു ജീവഛവം ആയി ഞാൻ ബെഡിൽ നിന്നെഴുന്നേറ്റു.. റൂം വെകേറ്റു ചെയ്ത് എയർപോർട്ടിലേക്ക് ടാക്സി പിടിച്ചു.

നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു. എന്റെ തെറ്റുകൾ ഓർത്ത്, അവളെ മനസ്സിലാക്കാൻ സാധിക്കാത്തത് ഓർത്ത്.. അവളെനിക്കൊരു സെക്കന്റ്‌ ചാൻസ് തരുമോ എന്നോർത്ത്.. തൊട്ടടുത്ത സീറ്റുകളിൽ ഇരിക്കുന്ന ആളുകൾ എന്നെ ശ്രെദ്ധിക്കാൻ തുടങ്ങി.. ഞാൻ കർച്ചീഫ് എടുത്ത് കണ്ണീർ തുടച്ചു വിമാനത്തിന്റെ വിൻഡോയിലൂടെ മേഘങ്ങൾക്കിടയിൽ കൂടി താഴെ മരുഭൂമിയിലേക്ക് നോക്കി ഇരുന്നു..

(തുടരും)

J..

Comments:

No comments!

Please sign up or log in to post a comment!