Will You Marry Me.??
കാറുകളും ലോറികളും ബൈക്കുകളും ഓട്ടോകളും പോവുന്നുണ്ട് പക്ഷേ റോഡിന് കുറുകെ കിടന്നാൽ പോലും ഒരുത്തനും നിർത്തില്ല എന്ന വാശിയാണ്..
അവരെ പറഞ്ഞിട്ടും കാര്യം ഇല്ല.. കാലം അതല്ലേ.. ആരെയും വിശ്വസിക്കാൻ പറ്റില്ലലോ.. എന്റെ സ്ഥാനത്ത് വല്ല പെൺകുട്ടിയും ആണെങ്കിലോ എന്നോർത്തപ്പോൾ ചെറിയ ഒരു ഭയം തോന്നി ഉള്ളിൽ..
ഇപ്പൊ ഒരു അഞ്ചു മിനിറ്റ് ആയിട്ട് ഒറ്റ വണ്ടിയും പോവുന്നില്ല..
നടന്നു പോവാം എന്ന് വച്ചാ ചെറിയ ഒരു പേടി.. എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി നടക്കാൻ വേണ്ടി നിന്നപ്പോൾ ആണ് ദൂരെന്ന് ഒരു ബൈക് വരുന്നത് കണ്ടത്…
എല്ലാത്തിനും കൈ കാണിച്ച പോലെ ഇതിനും കൈ കാണിച്ചു…
ബൈക്ക് എന്റെ കുറച്ച് മുന്നിലായി നിന്നു..
ഞാൻ ബൈക്കിന്റെ അടുത്തേക്ക് ഓടി ചെന്ന്..
അടുത്തെത്തിയപ്പോൾ ആണ് അറിഞ്ഞത് ആണല്ല അതൊരു പെൺകുട്ടി ആണ്..
ഹെൽമെറ്റ് ജാക്കറ്റ് ഒക്കെ ആണ് വേഷം..
കണ്ടിട്ട് ഒരു റഫ് ലുക്ക്.. പക്ഷേ സുന്ദരിയാണ് ട്ടോ..
ബുള്ളറ്റ് ഓടിക്കുന്ന പെൺകുട്ടികളെ ബാംഗളൂരിൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നാട്ടിൽ നേരിട്ട് ആദ്ധ്യായിട്ട് കാണുകയായിരുന്നു…
“ഹും.. എന്താ…??”
മുഖത്തെ ഗൗരവം ഒട്ടും മാറ്റാതെ അവൾ ചോദിച്ചു…
“ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒരു ലിഫ്റ്റ് തരാവോ.. ഫോണിൽ ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയി.. അതോണ്ട് വീട്ടിൽ വിളിക്കാൻ പറ്റില്ല.. കൈ കാണിച്ചിട്ടും ഒരു വണ്ടിയും നിർത്തുന്നതും ഇല്ല…”
“ഫോൺ തരാം വീട്ടിലേക്ക് വിളിച്ചോളൂ..”
“അല്ല.. അത്.. പിന്നെ.. നമ്പർ അറിയില്ല..”
“ഹോ.. സ്വന്തം വീട്ടിലെ നമ്പർ പോലും കാണാതെ അറിയില്ലേ.. അടിപൊളി..”
ഞാൻ മറുപടി ഒന്നും പറയാതെ ഒരു ചമ്മിയ ചിരി മാത്രം ചിരിച്ചു…
“ശരി.. കേറിക്കോ.. ഞാൻ ഡ്രോപ്പ് ചെയ്യാം..”
“താങ്ക്സ്”
ഞാൻ വേഗം വണ്ടിക്ക് പുറകിൽ കയറി…
തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട്.. ഭയങ്കര തണുപ്പ്…
അവള് ആണെങ്കിൽ ഒന്നും മുണ്ടുന്നുമില്ല…
എന്തായാലും അങ്ങോട്ട് കേറി മുട്ടാൻ തന്നെ തീരുമാനിച്ചു…
“ട്രാവലർ ആണോ???”
“എന്താ..?”
“അല്ല.. ട്രാവലർ ആണോ എന്ന്..”
“ആ അതെ…”
ഹോ.. സ്ഥായി ഭാവം പുച്ഛം ആണല്ലോ…
“ട്രിപ്പ് കഴിഞ്ഞു വരുന്ന വഴി ആയിരിക്കും അല്ലേ..??”
“അതേ…”
“അതിരിക്കട്ടെ.. എന്താ പേര്…??”
“താൻ ഇവിടെ ഇറങ്ങി നടന്നു പോകുന്നോ അതോ എന്റെ കൂടെ വരുന്നുണ്ടോ.
“ഇല്ല.. കൂടെ വരാം .. നിർത്തി..”
പിന്നെ ഒന്നും പറയാൻ പോയില്ല…
“ആ ഇവിടെ നിർത്തിയാ മതി..”
“ഇതാണോ വീട്”
“അതേ..”
ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി..
” Anyway Thanks”
“ഓകെ.. ഓകെ.. എന്നാ ശരി..”
“എന്തായാലും താൻ പറഞ്ഞില്ല.. എന്നാലും ഞാൻ പറയാം എന്റെ പേര് ഷോൺ.. ഷോൺ ജേക്കബ്..”
“ഓ.. വേണം എന്നില്ല… ശരി..”
അവള് ബൈക്കും കൊണ്ട് സ്പീഡിൽ പോയി…
കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു.. ബട്ട് ഒന്ന് അടുത്തറിയാൻ പറ്റീല.. ആ … അത് അത്രേ ഒള്ളു… ഇനി എവിടെന്ന് കാണാൻ..
ഞാൻ ഗെയിറ്റ് തുറന്നു അകത്തേക്ക് കയറി..
കോളിംഗ് ബെൽ അടിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് തെളിഞ്ഞു.. പിന്നെ ഏട്ടൻ വന്നു വാതിൽ തുറന്നു..
“ടാ നീ വരുന്നെങ്കിൽ വിളിക്കാം എന്ന് പറഞ്ഞിട്ട്.. എങ്ങനെയാ വന്നെ..??”
ഞാൻ നടന്ന കാര്യങ്ങൽ ഒക്കെ വിശദമായി ഏട്ടന് വിവരിച്ചു കൊടുത്തു..
“എന്നിട്ട് ആ പെൺകുട്ടി പോയോ ടാ..”
ഏട്ടത്തി ആണ് ചോദിച്ചത്..
“ഓ.. പോയി ഏട്ടത്തി..”
“നല്ല ശീണം ഞാൻ ഒന്ന് പോയി കിടക്കട്ടെ ബാകി ഒക്കെ നാളെ.. മിന്നുവും മോനുവും നല്ല ഉറക്കവും അല്ലേ..??”
“അതേ ടാ.. നിന്റെ മുറി ഞാൻ വിരിച്ചിട്ടിട്ടുണ്ട്.. ചെല്ല്…”
എട്ടനോടും എട്ടത്തിയോടും ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ നേരെ മുറിയിലേക്ക് ചെന്നു..
നല്ല യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് വേഗം തന്നെ ബെഡിലേക്ക് മറിഞ്ഞു…
****** ********** ***********
എന്റെ പേര് ഷോൺ ജേക്കബ്, അച്ഛനും അമ്മയും എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ ഒരു അപകടത്തില് പെട്ടു മരിച്ചു പോയതാണ്.. പിന്നീടങ്ങോട്ട് എന്റെ ഏട്ടൻ ആണ് എന്നെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ.. ഏട്ടന്റെ പേര് ജോൺ ജേക്കബ്.. സിറ്റി ബാങ്കിൽ മാനേജർ ആണ്.. ഏട്ടന്റെ ഭാര്യ, എന്റെ ഏട്ടത്തി ഷേർളി ജോൺ.. എന്നെ ഭർത്താവിന്റെ അനിയൻ ആയല്ല സ്വന്തം മോനെ പോലെ ആണ് നോക്കുന്നത്.. സത്യത്തിൽ അച്ഛനും അമ്മയും ഇല്ലാത്ത ദുഖം അവർ രണ്ടു പേരും എന്നെ അറിയിച്ചിട്ടില്ല.. ഏട്ടത്തി ഇവിടെ നാട്ടിലെ ഒരു പ്രൈമറി സ്കൂളിൽ ടീച്ചർ ആണ്.. അവരുടെ ഓമന മോൾ മിന്നു. ഏട്ടത്തി പഠിപ്പിക്കുന്ന സ്കൂളിൽ ഒന്നിൽ പഠിക്കുന്നു..
ഇനി എന്നെ പറ്റി…
ചെറുപ്പം മുതലേ ടെക്നോളജിയിൽ നല്ല താൽപര്യം ആയിരുന്നു.. അങ്ങനെ ഡിഗ്രീ കഴിഞ്ഞ ഉടനെ ബാംഗ്ലൂരിൽ പോയി എത്തിക്കൽ ഹാക്കിങ്ങും പ്രോഗ്രാമിംഗ് എല്ലാം പഠിച്ചു.
അങ്ങനെ ബാംഗ്ലൂരിൽ നിന്ന് തന്നെ കോഴ്സ് കഴിഞ്ഞ ഉടനെ കാമ്പസ് ഇന്റർവ്യൂ വഴി ആമസോണിൽ ടെക്നിക്കൽ ടീമിൽ ജോലി കിട്ടി.. ആദ്യത്തെ രണ്ടു മാസം അവിടെ തന്നെ അവരുടെ ബാംഗ്ലൂർ സബ് ബ്രാഞ്ചിൽ ട്രെയിനിംഗ് കിട്ടി.. അടുത്ത മാസം നേരെ അമേരിക്കയിൽ പോയി ജോയിൻ ചെയ്യണം… അതിന്റെ ഒരു ത്രില്ലും സന്തോഷവും ഒക്കെ ഉണ്ട് ഇപ്പൊൾ.. പോകുന്നെന്‍റെ മുന്നേ ഉള്ള ഈ ഒരു മാസം ശരിക്കും വീട്ടിൽ അടിച്ചു പൊളിക്കാൻ ആണ് തീരുമാനം.. ആമസോണിൽ ജോലി കിട്ടിയെങ്കിലും ഗൂഗിളിൽ ജോലി വാങ്ങിക്കാൻ ആണ് സ്വപനം.. നമ്മൾ മിനിമം ഒരു സുന്ദർ പിച്ചെയ് എങ്കിലും ആകണ്ടെ…
അങ്ങനെ ഓരോന്ന് സ്വപനം കണ്ട് എപ്പോളോ ഉറങ്ങി പോയി…… Zzzzz
********* ********* ********
രാവിലെ ഏട്ടത്തി വിളിച്ചപ്പോൾ ആണ് എണീറ്റത്..
“ഷോൺ.. എനീക്ക് ടാ…”
“ഹാ… ഗുഡ് മോണിംഗ് ചേട്ടത്തി… ചേട്ടായി പോയോ..?”
“ചേട്ടായി ഒക്കെ രാവിലെ തന്നെ പോയി നേരം ഒരുപാടായി നീ പെട്ടന്ന് എനീക്ക്.. നിനക് ചായ തന്നിട്ട് വേണം ഞങ്ങൾക്ക് പോകാൻ..”
“ശരി ചേട്ടത്തി..”
ഞാൻ വേഗം എണീറ്റ് പല്ല് തേച്ചു കുളിച്ച് ഡ്രസ്സ് മാറി റെഡി ആയി താഴേക്ക് ചെന്നു.. ഡൈനിംഗ് ടേബിളിൽ തന്നെ മിന്നു യൂണിഫോം ഒക്കെ ഇട്ട് റെഡി ആയി ഇരിക്കുന്നുണ്ടായിരുന്നു…
“ഹായ് കുട്ടീസ് …”
ഞാനും ഒരു ചെയർ വലിച്ച് അവലുടെ കൂടെ ഇരുന്നു…
“ഹായ് കൊച്ചച്ചാ…”
“സ്കൂളിൽ പോകാൻ റെഡി ആയോ??”
“ഇന്ന് ഫ്രൈഡേ അല്ലേ.. നാളെ ഞങ്ങൾക്ക് സ്കൂൾ ഇല്ലല്ലോ.. നാളെ നമുക്ക് അടിച്ചു പൊളിക്കാം…”
“ഓകെ.. ഡൺ..”
ചേട്ടത്തി നല്ല ചൂട് പുട്ടും കടലക്കറിയും ഉണ്ടാക്കിയിരുന്നു.. കൈപുണ്യതിന്റെ കാര്യത്തിൽ ചേട്ടത്തി വേറെ ലെവൽ ആണ്.. ഫുഡിങ് ഒക്കെ കഴിഞ്ഞ് മിന്നു രണ്ടു കവിളിൽ ഓരോ ഉമ്മയും തന്ന് പോകാൻ മുറ്റത്തേക്കിറങ്ങി..
“ശോണെ.. നീ പുറത്ത് പോവുമ്പോ ലോക് ചെയ്തിട്ട് കീ കൊണ്ട് പോയ്ക്കോ.. ഞങ്ങടെ കയ്യിൽ വേറെ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്..”
“ശരി ചേട്ടത്തി..”
അധികം വൈകാതെ സ്കൂൾ ബസ് വന്നു.. പിള്ളേരും ചേട്ടത്തിയും അതിൽ കയറി പോവുകയും ചെയ്തു..
ഞാൻ അകത്ത് കയറി വാതിൽ ലോക് ചെയ്ത് മുറിയിലേക്ക് നടന്നു.. ഫോൺ ചാർജറിൽ നിന്നും ഊരി വാട്ട്സ്ആപ് ഓപ്പൺ ആക്കി നോക്കി..
ജൂലി മെസേജ് അയച്ചിരിക്കുന്നു…
“ടാ.. നീ എവിടെ.. 11 മണിക്ക് കാണാം എന്ന് പറഞ്ഞിട്ട്.
“ഞാൻ വന്നോണ്ടിരിക്കുകയാ..”
അവൾക്ക് റീപ്ലേ കൊടുത്ത് ഡ്രസ്സ് മാറ്റി ഫോണും വണ്ടിയുടെ ചാവിയും എടുത്ത് താഴേക്ക് നടന്നു.. അയ്യോ പേഴ്സ് എടുത്തില്ല.. പേഴ്സ് എടുത്തപ്പോൾ ആണ് കൂളിംഗ് ഗ്ലാസും എടുത്തില്ല.. എല്ലാം എടുത്തെന്ന് ഉറപ്പ് വരുത്തി താഴേക്ക് നടന്നു.. ചേട്ടത്തി പറഞ്ഞ പോലെ വീട് പൂട്ടി ചാവി വണ്ടിയുടെ ചാവിയുടെ കൂടെ കൊളുത്തി വച്ചു.. പോർച്ചിൽ ഒരു മൂലക്ക് ഇരിക്കുകയായിരുന്നു എന്റെ സി ബി ആർ മോൻ.. മോളിലെ ഷീറ്റ് വലിച്ചൂരി വണ്ടിയിൽ കയറി.. ഏട്ടൻ ഇടക്കൊക്കെ എടുത്ത് ഓടിക്കാർ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല.. വണ്ടി സ്റ്റാർട്ട് ആക്കി ഹെൽമറ്റും വച്ച് റോഡിലേക്ക് ഇറങ്ങി.. ഗേറ്റ് അടക്കാൻ ഉള്ള മടി ചില്ലറ ഒന്നും അല്ല.. വീണ്ടും ബൈക്കിൽ നിന്ന് ഇറങ്ങി ഗേറ്റ് അടച്ചു തിരികെ കയറി ജൂലിയോട് കാണാം എന്ന് പറഞ്ഞ കോഫീ ഷോപ്പ് നോക്കി വണ്ടി ഓടിച്ചു…
*********** ********** ***********
കറക്ട് 11 മണിക്ക് ഞാൻ എത്തിയിട്ടും ഇവളെ കാണാൻ ഇല്ലല്ലോ.. ഞാൻ ഫോൺ എടുത്ത് അവൾക്ക് ഡയൽ ചെയ്തു…
“ഹലോ.. ടാ.. നീ എത്തിയോ..??”
“ഞാൻ എത്തി.. നീ എവിടാ..??”
“ടാ ഒടുക്കത്തെ ട്രാഫിക് ആണെടാ.. ഒരു പത്തു മിനിറ്റ് ഞാൻ എത്താം..”
“ഓകെ നോ പ്രോബ്ലം.. നീ സൂക്ഷിച്ച് ഡ്രൈവ് ചെയ്ത് വന്നാൽ മതി.. തിരക്ക് പിടിക്കണ്ട..”
“ഓകെ ടാ..”
ജൂലി എന്റെ അമ്മയുടെ അനിയന്റെ മകൾ ആണ്.. എന്റെ കസിൻ.. ഞങ്ങൾ തമ്മിൽ ഒരു വയസ്സിന്റെ വിത്യാസം ഉണ്ട്.. ഞാൻ ആണ് അവളെക്കാൾ മൂത്തത്.. പക്ഷേ സ്കൂളിൽ ഞങ്ങളെ രണ്ടാളേം ഒരുമിച്ചാണ് ചേർത്തിയത്.. ഏഴാം ക്ലാസ്സ് വരെ പഠിച്ചതും ഒരുമിച്ച് ആയിരുന്നു.. അവള് എന്നും എനിക്ക് നല്ല ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.. പക്ഷേ ഞാൻ ബാംഗ്ലൂർ പോയത് മുതൽ അവൾടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ ഒരു മാറ്റം വന്നത് പോലെ.. വേറെ രീതിയിൽ ഒന്നും അല്ല.. പക്ഷേ അവള് എന്നിൽ നിന്നും എന്തോ മറക്കുന്ന പോലെ.. ഞാൻ നാട്ടിൽ വന്ന് എന്ന് അറിഞ്ഞ് അവൾ തന്നെ ആണ് ഇപ്പൊ ഇങ്ങനെ ഒരു മീറ്റിംഗ് ഫിക്സ് ചെയ്തതും.. വെറുതെ ഫോണിൽ കളിച്ചൊണ്ടിരുന്നപോൾ ആണ് ഓർഡർ എടുക്കാൻ ആൾ വന്നത്…
“സാർ കഴിക്കാൻ എന്താണ് വേണ്ടത്..??”
“ഒരാൾ കൂടെ വരാൻ ഉണ്ട് വന്നിട്ട് പറയാം..”
“ഓകെ സാർ.. വിളിച്ചാൽ മതി..”
“താങ്ക്യൂ..”
പുറത്തോട്ട് നോക്കിയപ്പോൾ അവളുടെ കാർ വന്നു നിൽക്കുന്നത് കണ്ടു… കഫെയുടെ ഗ്ലാസ്സ് വിൻഡോയിൽ കൂടെ അവളുടെ കാറിന്റെ ഉള്ളിൽ വരെ കാണാമായിരുന്നു.
“ഹായ് ഷോൺ..”
അവളുടെ മുഖത്ത് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു തരം നാണം ഞാൻ കണ്ടു..
“ഇതെന്താടി നീ എന്നെ ആദ്യായിട്ട് കാണുന്ന പോലെ.. ??”
“എടാ.. അത് പിന്നെ… എനിക്ക് നിന്നോട്… ഒരു സീരിയസ് കാര്യം പറയണം…”
എന്റെ മുഖത്ത് ശരിക്കും നോക്കാതെ വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു.. ഇതിന് മുൻപ് ഒരിക്കലും ഞാൻ ഇവളെ ഇങ്ങനെ കണ്ടിട്ടില്ല…
“അതെനിക്ക് മനസ്സിലായി.. നീ കാര്യം പറ..”
“എടാ.. നമുക്ക് എന്തേലും ഓർഡർ ചെയ്താലോ.. എന്നിട്ട് സംസാരിക്കാം…”
“ഓകെ…”
“നിനക്കെന്താ വേണ്ടെ…”
“എനിക്ക് ഒരു നോർമൽ കോഫീ മാത്രം മതി വിത്തൗട്ട് സുഗർ..”
അവള് വെയിറ്റർ നെ വിളിച്ച് രണ്ട് വിത്തൗട്ട് സുഗർ കോഫീ ഓർഡർ ചെയ്തു…
“നിനക്കും വിത്തൗട്ട് ആണോ..?? നീ സാധാരണ പഞ്ചസാര ഇട്ടല്ലെ കുടിക്കാറ്..”
“ഇപ്പൊ ഇടാർ ഇല്ലെടാ.. ഡയറ്റിൽ ആണ്..”
“ഹോ.. പിന്നെ വീട്ടിൽ അങ്കിളിനും ആന്റിക്കും ഒക്കെ സുഖം അല്ലേ..?”
“അതേ..”
“ഞാൻ അങ്ങോട്ട് വരുന്നുണ്ട്..”
“ഹാ..”
സാധാരണ നേരിൽ കണ്ടാൽ എനിക്കൊന്നു മിണ്ടാൻ പോലും ഗ്യാപ് തരാത്ത ആൾ ആണ് ഈ ഓരോ ചോദ്യത്തിനും ഒറ്റവാക്കിൽ ഉത്തരം തരുന്നത്.. അവളുടെ ഈ മാറ്റം എന്നെ വല്ലാതെ അൽഭുത പെടുത്തി..
“എടാ പ്രശ്നം ഒന്നും അല്ല…”
“പിന്നെ..?? ”
“എടാ.. എനിക്ക്… എനിക്ക്…”
“നിനക്ക്..”
“എനിക്ക് ഒരാളെ ഇഷ്ടം ആണ്…”
ഇതിനു ആയിരുന്നോ ഇവൾ ഇത്രേം സസ്പെൻസ് ഇട്ടത്…
“എന്നിട്ട്.. നീ പറഞ്ഞോ..”
“ഇല്ലെടാ… അവിടെ ആണ് പ്രശ്നം..”
“എന്ത് പ്രശ്നം..?”
“ഈ ആളെ ഞാൻ ചെറുപ്പം മുതലേ അറിയും.. എന്റെ നല്ല ഒരു ഫ്രണ്ട് ആണ്.. ആദ്യം എനിക്ക് അങ്ങനെ ഒന്നും ഇല്ലായിരുന്നു..പക്ഷേ ഇടക്ക് എപ്പോളോ.. എനിക്ക് അറിയില്ല ടാ…”
“ഹോ… നീ എന്തായാലും അയാളോട് തുറന്ന് പറ.. റസ്പോൺസ് എന്താണ് അറിയാലോ..”
“അങ്ങനെ പറ്റില്ല ടാ.. അഥവാ അവൻ നോ പറഞ്ഞാൽ പിന്നെ എനിക്ക് ഒരിക്കലും അവനെ ഫേസ് ചെയ്യാൻ പറ്റും തോന്നുന്നില്ല…”
“ഏയ്.. നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലെ പറഞ്ഞത്.. അപോ തീർച്ചയായും അയാൾ നിന്റെ ഫീലിങ്സിന് വില തരാതിരിക്കില്ല…”
അവള് മറുപടിയായി ഒന്നും പറഞ്ഞില്ല…
“അതൊക്കെ പോട്ടെ… ആരാടി ആൾ..? ഞാൻ അറിയാത്ത ഒരു ബെസ്റ്റ് ഫ്രണ്ട്…??”
അവള് ഈ ചോദ്യത്തിനും മറുപടി ഒന്നും തന്നില്ല.. പകരം ഫോണിൽ എന്തോ ചെയ്തിട്ട് ഫോൺ എനിക്ക് നേരെ നീട്ടി..
ഞാൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി.. അതിൽ മുൻപ് എപ്പോളോ ഞാനും അവളും ഒന്നിച്ച് നിന്നെടുത്ത ഒരു സെൽഫി ആയിരുന്നു…
“ജൂലി…”
ചോദ്യ രൂപേണ ഞാൻ അവളെ വിളിച്ചു.. മറുപടിയായി താഴേക്ക് നോക്കി അവൾ തലയാട്ടി…
എന്ത് മറുപടി പറയണം എന്നറിയാത്ത വണ്ണം ഞാൻ ആകെ പെട്ടു പോയി..
ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും ഞാൻ അവളെ പറ്റി അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല.. ഒരു ബെസ്റ്റ് ഫ്രണ്ടിന്റെ സ്ഥാനം മാത്രം ആയിരുന്നു മനസ്സിൽ..
അവള് എന്നെ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഒരു സൂചന പോലും എനിക്ക് കിട്ടിയിരുന്നില്ല.. ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അന്നെ അവളെ ഞാൻ വിലക്കിയേനെ…
എന്ത് പറയണം എന്ന് ഇപ്പോഴും എനിക്ക് അറിയില്ല…
ഞാൻ പറയുന്ന മറുപടിയിൽ അവളുടെ മനസ്സ് വേദനിക്കരുത്.. കാരണം എനിക്കവളെ ഇഷ്ടമാണ് പക്ഷേ അത് അവൾ കരുതുന്ന ഇഷ്ടം അല്ല..
മറുപടിയായി ഞാൻ എന്ത് പറഞ്ഞാലും അവളുടെ മനസ്സ് വേദനിക്കും എന്ന് ഉറപ്പാണ്.. കാരണം എനിക്ക് ഒരിക്കലും അവളെ അങ്ങനെ ഒരു സ്ഥാനത്ത് ചിന്തിക്കാൻ ആവില്ല…
ഏറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ തുടർന്നു…
“ജൂലി… നിന്നോട് എന്താ പറയേണ്ടത്.. എന്ന് എനിക്കറിയില്ല…”
“എനിക്കറിയാം ഷോൺ.. ഷോണിന് ഒരിക്കലും എന്നെ ഇഷ്ടാവില്ല എന്ന്.. പക്ഷേ അത് പറയാതിരിക്കാൻ എനിക്ക് പറ്റിയില്ല… ഞാൻ ശ്രമിച്ചത് ആണ്.. എന്നെ തന്നെ പറഞ്ഞു തിരുത്താൻ നോക്കിയതാണ്.. പക്ഷേ….”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് നേരിട്ട് എന്നോട് ഒരു പെൺകുട്ടി ഇഷ്ടമാണ് എന്ന് പറയുന്നത്.. പക്ഷേ അത് ഇങ്ങനെ ആകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല…
“ജൂലി.. ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നത് അല്ല.. പക്ഷേ ഞാൻ ഒരിക്കലും നിന്നെ അങ്ങനെ ഒരു സ്ഥാനത്ത് കണ്ടിട്ടില്ല..”
“ശരിയാ ഷോൺ… ഷോൺ വിഷമിക്കണ്ട.. ഞാൻ ഓകെ ആണ്.. എനിവേ.. നമുക്ക് പിന്നെ കാണാം.. എനിക്ക് കുറച്ച് തിരക്കുണ്ട്…” എന്റെ കയ്യിൽ നിന്നും ഫോണും വാങ്ങി അവൾ പുറത്തേക്ക് പോയി.. കാറിൽ കയറി അവൾ പോകുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു..
ശേ.. ആകെ മൂഡ് ഓഫ് ആയല്ലോ… അവിടെ നിന്നും എണീറ്റ് കോഫിയുടെ പൈസ കൊടുത്ത് ഞാൻ ടൗണിൽ ഒക്കെ ഒന്ന് കറങ്ങി… ഉച്ച ആയപ്പോൾ വീട്ടിൽ എത്തി.. ഫുഡ് കഴിച്ചു സോഫയിൽ കിടന്നു മയങ്ങി.. കോളിംഗ് ബെൽ കേട്ടപ്പോൾ ആണ് എണീറ്റത്.. വാച്ചിൽ നോക്കിയപ്പോൾ സമയം അഞ്ച് മണി…
******* ******** ******** **********
നേരെ പോയി വാതിൽ തുറന്നു.. ചേട്ടത്തിയും മിന്നുവും ആണ്…
” എന്താടാ.. കിടന്നു ഉറങ്ങിയോ??”
“ഹാ.. ചേട്ടത്തി.. ബോർ അടിച്ചപ്പോ ഉറങ്ങി പോയി…”
“മിന്നു നേരെ സോഫയിൽ കയറി ഇരുന്നു ടിവി ഓൺ ചെയ്തിരുന്നു…
ജൂലിയുടെ കാര്യം ചേട്ടത്തിയോടും ചേട്ടയിയോടും പറയാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു.. കാരണം അവർ രണ്ടാളും അറിയാത്ത ഒരു രഹസ്യം പോലും എനിക്ക് ഇല്ലായിരുന്നു…
ചേട്ടത്തി അടുക്കളയിൽ പോയി ചായ ഇട്ട് കൊണ്ട് വന്നു.. ഞാനും മിന്നുവും അത് കുടിച്ചു കുറച്ച് നേരം ടിവിയും കണ്ട് ഇരുന്നു…
****** ******** *********
സമയം ഒരു 7 മണി ഒക്കെ ആയപ്പോൾ ചേട്ടായി വന്നു.. മിന്നുമോൾ റൂമിൽ ഇരുന്നു പഠിക്കുകയാണ്.. ഞാനും ചേട്ടത്തിയും ചേട്ടായിയും സോഫയിൽ ഇരുന്നു tv കാണുക ആയിരുന്നു.. ഇത് തന്നെ പറ്റിയ സമയം.. പരസ്യം വന്നപോ ഞാൻ റിമോർട്ട് എടുത്ത് ടിവിയുടെ സൗണ്ട് കുറച്ചു…
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ചേട്ടായി..”
“എന്താടാ..”
ഞാൻ ജൂലിയെ കോഫീ ഷോപ്പിൽ വച്ച് കണ്ടമുതൽക്കുള്ള കാര്യങ്ങൽ രണ്ടു പേരോടും പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ചേട്ടായി ചോദിച്ചു..
“അപ്പോ നിനക്ക് ശരിക്കും അവളെ ഇഷ്ടം അല്ല..”
“അങ്ങനെ അല്ല ചേട്ടായി.. ഞാൻ അവളെ അങ്ങനെ ഒരു സ്ഥാനത്ത് കണ്ടിട്ടില്ല.. എനിക്കതിനു പറ്റില്ല ചേട്ടായി..”
“എനിക്ക് മനസ്സിലാവുന്നു ടാ… ഷേർളി നീ എന്താ പറയുന്നെ..”
ചേട്ടായി പന്ത് ചേട്ടത്തിക് പാസ് ചെയ്തു.. അല്ലെങ്കിലും ഉത്തരം മുട്ടുന്ന ചോദ്യത്തിന് ഒക്കെ ചേട്ടായി ഇങ്ങനെ ആണ് ചെയ്യാറ്..
“ഷോൺ.. നീ പറഞ്ഞത് വച്ച് നോക്കുമ്പോ അവൾക്ക് നിന്നോട് സീരിയസ് ആയിട്ടുള്ള പ്രേമം ആയിരിക്കാം.. പക്ഷേ നിനക്ക് ആണെങ്കിൽ അവളെ അങ്ങനെ കാണാനും പറ്റില്ല.. നീ എന്തായാലും അവളോട് സോഫ്റ്റ് ആയല്ലെ കാര്യങ്ങൾ പറഞ്ഞത് അത് തന്നെ നല്ലത്.. എന്തായാലും ഇപ്പൊ അവളോട് എന്ത് പറഞ്ഞാലും അവൾക്ക് മനസ്സിലാവില്ല രണ്ട് ദിവസം കഴിയട്ടെ ഞാൻ അവളോട് സംസാരിക്കാം.. പോരെ..?”
“മതി ചേട്ടത്തി…”
ചേട്ടത്തിയെ എനിക്ക് വിശ്വാസം ആണ്.. ഒരു ടീച്ചർ ആണെന്ന പോലെ നല്ല അടിപൊളി സ്പീക്കറും ആണ് പുള്ളിക്കാരി.. കാര്യം കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയും..
“ശരി എന്നാ ഇനി നീ അതിനെ പറ്റി ഒന്നും ആലോചിക്കേണ്ട … ഒകെ..?”
“ഓക്കേ..”
“എന്നാ ടിവിയുടെ സൗണ്ട് കൂട്ട്..”
ചേട്ടായി അത് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചു…
********* ********* **********
ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ കിടക്കാൻ ആയി റൂമിൽ കയറി..
ഫോൺ എടുത്ത് കുറെ നോക്കി കിടന്നു.. വാട്ട്സ്ആപ്പ് എടുത്ത് സ്റ്റാറ്റസ് നോക്കിയപ്പോൾ ജൂലിയുടെ സ്റ്റാറ്റസ് കണ്ടു.. കരയുന്ന ഇമോജി ആണ്..
Iam sorry Julie….
എന്ന് ഞാൻ റിപ്ലേ നൽകി…
അവള് മെസ്സേജ് കണ്ടെങ്കിലും മറുപടി ഒന്നും അയച്ചില്ല.. കൂടുതൽ അവളെ ശല്യം ചെയ്യേണ്ട എന്ന് കരുതി ഞാനും പിന്നീട് ഒന്നും അയച്ചില്ല…
യൂട്യൂബിൽ കയറി എന്തൊക്കെയോ വീഡിയോകൾ കണ്ട് എപ്പോളോ ഉറങ്ങി പോയി…..
******** ********** *********
രാവിലെ മിന്നു വന്നു വിളിച്ചപ്പോൾ ആണ് എനീക്കുന്നത്…
“കൊച്ചച്ചാ … എനീക്ക്.. നേരം കുറെ ആയി..”
“ഗുഡ് മോണിംഗ് കുട്ടിമണി….”
“മോണിംഗ് ഒക്കെ അവിടെ നിൽക്കട്ടെ.. ഇന്ന് ശനിയാഴ്ച ആണ്.. ഇന്നല്ലെ കൊച്ചച്ചൻ എന്നെ പുറത്ത് കൊണ്ട് പോവാം എന്ന് പറഞ്ഞത്…”
“അയ്യോ ശരിയാണല്ലോ… അപ്പോ കൊച്ചച്ചന്റെ മിന്നു കുട്ടി പോയി റെഡി ആയിക്കോ.. കൊച്ചച്ചൻ ഫ്രഷ് ആയിവന്ന അപ്പോ പോവാം… അല്ലാ.. നിന്റെ പപ്പ പോയോ..?”
“ഇല്ല പപ്പ താഴെ ഉണ്ട്.. ഇന്ന് ഫോർത്ത് സാറ്റർഡേ അല്ലെ..”
“ഓ.. ഓകെ..”
പെട്ടന്ന് തന്നെ കുളിയും കുറിയും ഒക്കെ കഴിച്ച് താഴേക്ക് ചെന്നു…
ചേട്ടത്തിയുടെ അടിപൊളി ബ്രേക് ഫാസ്റ്റും കഴിച്ചു..
ചേട്ടായി ടീവി ഓൺ ചെയ്ത് വച്ച് പത്രം വായിക്കുക ആയിരുന്നു.. മിന്നു അപ്പോളേക്കും റെഡി ആയി വന്നു..
“പോവാം കൊച്ചച്ചാ…”
“ഓകെ മാഡം…”
ഞാൻ ചേട്ടായിയോട് യാത്ര പറഞ്ഞ് മിന്നൂനേം കൂട്ടി പുറത്തേക്കിറങ്ങി..
“ഷോൺ, പുറത്തൂന്ന് ഒന്നും കഴിക്കാൻ നിക്കണ്ട.. ഉച്ചക് മുന്നേ ഇങ്ങ് എത്തിക്കോണം.. നല്ല സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കി വക്കാം..”
“ശരി ചേട്ടത്തി..”
ചേട്ടത്തിയുടെ ബിരിയാണി എന്ന് കേട്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു.. ഞാനും മിന്നുവും വണ്ടിയിൽ കയറി.. മിന്നൂനെ എന്റെ മുന്നിൽ ഇരുത്തി.. ഹെൽമെറ്റ് വച്ച് വണ്ടി മുന്നോട്ടെടുത്തു…
*********** ************** *************
പാർക്കിൽ ഊഞ്ഞാലിൽ ഇരുന്ന് ആടികൊണ്ടിരുന്നപ്പോൾ ആണ് മിന്നൂന് ഐസ് ക്രീം കഴിക്കാൻ ആഗ്രഹം..
ടൗണിൽ എന്റെ ഫ്രണ്ട് സൂരജിന് ഒരു ഐസ് ക്രീം ഷോപ്പ് ഉണ്ട്.. അവിടെ പോകാം അവനെ ഒന്നും കാണുകയും ചെയ്യാലോ..
ബുള്ളറ്റ് കണ്ടപ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടി വന്നത് അന്ന് രാത്രി ലിഫ്റ്റ് തന്ന പെൺകുട്ടിയെ ആണ്.. പക്ഷേ മുഖം അങ്ങ് വ്യക്തം ആവുന്നില്ല.. ആ കണ്ണുകൾ ഇപ്പോളും നല്ല ഓർമ ഉണ്ട്..
ബുള്ളറ്റും നോക്കി അന്തം വിട്ട് നിൽക്കുന്ന എന്റെ കൈ പിടിച്ച് വലിച്ച് മിന്നു ചോദിച്ചു…
“വാ കൊച്ചച്ചാ.. പോകാം…”
“ആ പോവാം…”
ഞങ്ങൾ രണ്ടാളും ഉള്ളിൽ കയറി.. കൗണ്ടറിൽ ചെന്ന് മിന്നുവിന് ഒരു ചോക്ലേറ്റ് ഐസ്ക്രീമും എനിക്ക് ഒരു വാനിലയും ഓർഡർ ചെയ്തു.. എന്നിട്ട് ഒരു കോർണറിൽ പോയി ഇരുന്നു.. മിന്നുവും ഞാനും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.. പെട്ടന്ന് ആണ് എന്റെ നോട്ടം ഞങ്ങളിൽ നിന്ന് ഒന്ന് രണ്ട് ടേബിൾ മാറി ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ എത്തിയത്..
എവിടെയോ കണ്ടിട്ടുള്ള പോലെ.. ഇത് അവൾ അല്ലേ… അന്ന് ഡ്രോപ്പ് ചെയ്ത് തന്ന പെൺകുട്ടി… ഓഹോ.. അപ്പോ ആ ബുള്ളറ്റ് അവളുടെ ആയിരുന്നു അല്ലേ… എന്തായാലും പോയി ഒന്ന് സംസാരിക്കാം.. ഞാൻ എണീക്കാൻ തുടങ്ങിയതും അവൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു.. എന്നാ അത് കഴിഞ്ഞിട്ട് പോകാം.. അവള് പെട്ടന്ന് തന്നെ ഫോൺ കട്ട് ആക്കി.. ഇനി പോകാം.. ഞാൻ മിന്നുവിനോട് ഇപ്പൊ വരാം എന്ന് പറഞ്ഞു കണ്ണടച്ച് കാണിച്ചിട്ട് അവളുടെ നേരെ നടന്നു..
ചെന്ന പാടെ ഞാൻ അവളെ വിഷ് ചെയ്തു..
“ഹായ്…”
അവള് ഫോണിൽ നിന്നും തല ഉയർത്തി എന്നെ നോക്കി.. അന്ന് കണ്ടപോലെ ജാക്കറ്റ് ഒന്നും അല്ല.. ടീഷർട്ടും ജീൻസും ആണ് വേഷം..
“What You Want…!!??”
ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ കിളി പോയി.. ശേ ഇനി ഇവൾക്ക് എന്നെ ഓർമയില്ലേ..??
“ഞാൻ ഷോൺ.. അന്ന് താൻ രാത്രി ലിഫ്റ്റ് തന്നു… ബുള്ളറ്റിൻ.. രാത്രി…”
“ഓ.. അത് താൻ ആണോ.. എന്താ കാര്യം..??”
“ഒന്നുല്ല.. വെറുതെ കണ്ടപ്പോ ഒരു താങ്ക്സ് പറയാൻ വന്നതാ…”
“എന്നാ പറഞ്ഞിട്ട് വേഗം പോവാൻ നോക്ക്..”
ഇതെന്ത് പെണ്ണാണ് എന്റെ കർത്താവേ..
“താങ്ക്സ്..”
“ഓകെ…”
അവള് ബാഗും എടുത്ത് പുറത്തേക്ക് പോയി.. അപ്പോളാണ് ഒരു ഐഡിയ തോന്നിയത് ഞാനും അവൾ കാണാതെ പുറത്തേക്ക് നടന്നു.. ബുള്ളറ്റ് എടുക്കും എന്നാണ് കരുതിയത്.. പക്ഷേ അവൾ നേരെ തൊട്ടടുത്തുള്ള കാറിൽ ആണ് കയറിയത്.. ഹോ.. ഇവക്ക് കാറും ഉണ്ടോ?? ഞാൻ വേഗം ഫോൺ എടുത്ത് കാറിന്റെ നമ്പർ നോട്ട് ചെയ്തു.. ഇത് മതി.. ഇനി നിന്നെ ഞാൻ കണ്ടുപിടിച്ച് കൊള്ളാം മോളെ… അയ്യോ മിന്നു… ഞാൻ വേഗം മിന്നുവിന്റെ അടുത്തേക്ക് ചെന്നു…
“ആരാ കൊച്ചച്ചാ ആ ആന്റി..??”
“അതാണ് അന്ന് കൊച്ചച്ചനെ ഡ്രോപ്പ് ചെയ്ത ആന്റി..”
“എന്താ ആ ആന്റീടെ പേര്..”
“ആ .. ആർക്കറിയാം…”
ഐസ് ക്രീം എല്ലാം കഴിച്ച് തീർത്ത്.. മാളിൽ പോയി ഒന്ന് കറങ്ങി ഞങൾ നേരെ വീട്ടിലേക്ക് പോന്നു…
വീട്ടിൽ എത്തി ചേട്ടത്തിയുടെ ബിരിയാണി ഒക്കെ കഴിച്ച് കുറച്ച് നേരം ടിവി ഒക്കെ കണ്ട് ഞാൻ റൂമിലേക്ക് നടന്നു..
ഫോണിൽ വണ്ടി നമ്പർ വച്ച് ഓണറുടെ പേര് കണ്ടുപിടിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് അവളുടെ വണ്ടി നമ്പർ സെർച്ച് ചെയ്തു…
“സ്നേഹ വിശ്വനാഥൻ”
ഓഹോ അപ്പോ സ്നേഹ എന്നാണല്ലെ പേര്.. സ്നേഹമുള്ള പേര്…
നേരെ ഫേസ്ബുക്ക് എടുത്ത് സെർച്ച് ചെയ്തു.. ഇന്നത്തെ കാലത്ത് ഒരാളുടെ പേര് കിട്ടിയാൽ പിന്നെ കണ്ടു പിടിക്കാനുള്ള മാർഗം ഫേസ്ബുക്ക് ആണല്ലോ…
ഏകദേശം ഒന്ന് രണ്ടു മണിക്കൂർ പല പ്രൊഫൈലുകൾ മാറി മാറി നോക്കി.. പക്ഷേ അവളുടെ പ്രൊഫൈൽ മാത്രം കണ്ടുപിടിക്കാൻ ആയില്ല..
നിരാശ തന്നെ ഫലം..
സാരമില്ല.. എന്തായാലും പേരെങ്കിലും കിട്ടിയല്ലോ… പിന്നെ അവളും ഈ സിറ്റിയിൽ തനെ ആണല്ലോ.. ഏതെങ്കിലും കോളജിൽ പഠിക്കുകയാവും… അതോ ഇനി ജോലി ചെയ്യുന്ന ആളാണോ..?
എന്തായാലും ആളിത്തിരി സ്പെഷ്യൽ ആണ്..
ഞാൻ താഴെ ചെന്ന് മിന്നുവിന്റെ കൂടെ കുറെ നേരം ഗെയിം കളിച്ചു…
വൈകുന്നേരം ഞങ്ങൾ എല്ലാവരും കൂടി പാർക്കിൽ പോയി…
********** *********** ************
മിന്നു അവളുടെ കൂട്ടുകാരുടെ കൂടെ ഊഞ്ഞാൽ ആടുകയാണ്… ഞാനും ചേട്ടായിയും ചേട്ടത്തിയും ഓരോന്ന് പറഞ്ഞു ബെഞ്ചിൽ ഇരിക്കുകയാണ്…
സ്നേഹയുടെ കാര്യം പറഞ്ഞാലോ… വേണോ… അല്ലെങ്കിൽ പറയാം…
“ചേട്ടത്തി,..”
“എന്താടാ…??”
“ഞാൻ ഇന്ന് മറ്റെ പെൺകുട്ടിയെ കണ്ടിരുന്നു..?”
“ഏത് പെൺകുട്ടിയെ..?”
“മറ്റേ പെൺകുട്ടി… എന്നെ അന്ന് വീട്ടിൽ ഡ്രോപ് ചെയ്തില്ലേ…”
“ആ.. ആ കുട്ടി… എന്നിട്ട്…??”
ഞാൻ അവളെ ഐസ് ക്രീം ഷോപ്പിൽ വച്ച് കണ്ട മുതൽ ഫേസ്ബുക്കിൽ പ്രൊഫൈൽ തിരഞ്ഞ വരെയുള്ള എല്ലാ കാര്യങ്ങളും രണ്ടു പേരോടും പറഞ്ഞു…
“മോനെ ഷോണെ… എന്താ ഉദ്ദേശം..?”
“എന്ത് ഉദ്ദേശം..? ഞാൻ വെറുതെ ഒരു ക്യൂരിയോസിട്ടി കൊണ്ട് നോക്കിയതാ..”
“ഇത് പോലെ പണ്ട് നിന്റെ ചേട്ടായി എന്നെ ഒന്ന് ക്യൂരിയോസിട്ടി കൊണ്ട് നോക്കിയതാ, ഞാൻ ഇപ്പൊ അങ്ങേരുടെ ഭാര്യ ആയി ഇരിക്കുന്നത്…”
“ശോ.. ഈ ചേട്ടത്തി…”
“അയ്യടാ.. അവന്റെ ഒരു നാണം… നീ സീരിയസ് ആണോ..?”
“സീരിയസ് ആവണം എന്നുണ്ട്.. പക്ഷേ.. അവളെ പറ്റി ഒന്നും അറിയാതെ എങ്ങനെ..??”
“അത് ശരിയാ… നീ വണ്ടി നമ്പർ വച്ച് അവൾടെ പേര് കണ്ടെത്തി എന്നല്ലേ പറഞ്ഞത്.. അത് വച്ച് അവളുടെ അഡ്രസ്സും കണ്ടെത്താലോ..?”
“അത് കിട്ടണം എന്നുണ്ടെങ്കിൽ ആർ ടി ഒ ഓഫീസിൽ പോകേണ്ടി വരും.. വെറുതെ അങ്ങ് പോയി ചോദിച്ചാൽ കിട്ടുവോ..?”
“വെറുതെ ചോദിച്ചാൽ കിട്ടില്ല..നമ്മടെ കട്ടപ്പനയിലെ പാപ്പന്റെ മോൻ റോബർട്ട് ആർ ടി ഒ ഓഫീസിൽ അല്ലേ ഇച്ചായാ..??”
“അത് നേരാണല്ലോ.. ആ പയ്യൻ അവിടെ എന്തോ ആണ് പണി..”
“എന്നാ നമുക്ക് പുള്ളിക്കാരന് ഒന്ന് വിളിച്ചാലോ.. ചേട്ടായി..??”
“വിളിക്കാം.. പക്ഷേ അവനോട് എന്ത് പറയും..??”
“അത് ചേട്ടായി എന്നതേലും പറ.. ചേട്ടായിക്കാണോ കള്ളം പറയാൻ അറിയാത്തത്..”
“മതീടാ.. സുകിപിച്ചത് മതി… ഞാൻ ഒന്ന് നോക്കട്ടെ…”
“അത് മതി…’
പിന്നെയും ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു… നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് തന്നെ മടങ്ങി പോന്നു..
************* ************** ************
എന്നാലും ഫേസ്ബുക്കിൽ പോലും ഇല്ലാത്ത ഒരു പെണ്ണോ.. അതെന്താ.. പെണ്ണായാൽ ഫേസ്ബുക്ക് അക്കൗണ്ട് നിർബന്ധം ആണോ.?? ട്രാവലർ ആയത് കൊണ്ട് അക്കൗണ്ട് ഉണ്ടാകും എന്നാ കരുതിയത്.. ഇനി ഫോട്ടോ ഇല്ലാത്ത ഏതെങ്കിലും അക്കൗണ്ട് ആകുമോ..? ഓരോന്ന് ആലോചിച്ച് കിടന്നു എപ്പോളോ ഉറങ്ങിപ്പോയി..
************ ************** ***********
രാവിലെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത്… പുതപ്പ് മാറ്റി ഫോൺ എടുത്തു..
ജീവൻ ആണല്ലോ.. എന്റെ കസിൻ ആണ് ജീവൻ.. ശരിക്കും പറഞ്ഞാൽ ജൂലിയുടെ അനിയൻ.. എന്നെക്കാൾ മൂന്ന് വയസ്സിന് ഇളയത് ആണ്.. പക്ഷേ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്… ഞാൻ നാട്ടിൽ എത്തിയ കാര്യം അവനോട് പറഞ്ഞിരുന്നില്ല.. ഇനി ജൂലി എന്തെങ്കിലും പറഞ്ഞു കാണുമോ..?? ഏതായാലും ഞാൻ ഫോൺ എടുത്തു..
“ഹലോ..”
“ടാ $%¢£#@ നാട്ടിൽ വന്ന നമ്മളെ ഒന്നും വിളിക്കാൻ പറ്റില്ല അല്ലേ…”
“ഓ.. സോറി ടാ.. രാവിലെ തന്നെ തെറി വിളിക്കാതെ…”
“ആ.. ആ.. എവിടെ നീ??”
“ഞാൻ വീട്ടിൽ.. അല്ലാതെ എവിടെ?? അല്ല നീ എങ്ങനെ അറിഞ്ഞു ഞാൻ നാട്ടിൽ എത്തിയ കാര്യം..??”
“എന്നോട് ജൂലി പറഞ്ഞു.. പിന്നെ ഇന്നലെ നീ ഇൻസ്റ്റാഗ്രാമിൽ ഇട്ട മിന്നൂന്‍റെ കൂടെ നിൽക്കുന്ന ഫോട്ടോയും കണ്ടു..”
“ആഹ്..”
“ഏതായാലും എനിക്ക് നിന്നെ ഒന്ന് കാണണം നീ പാർക്കിലോട്ട് വാ.. ഞാൻ അവിടെ വെയ്റ്റ് ചെയ്യാം..”
“ഓകെ ടാ..”
ഇവൻ ഇനി ജൂലീടെ കാര്യം വല്ലതും അറിഞ്ഞിട്ടാണോ വിളിക്കുന്നത്..? ഏയ് ആയിരിക്കില്ല…
ഏതായാലും കുളിച്ച് ഫ്രഷ് ആയി ഞാൻ ജീവനെ കാണാൻ പാർക്കിലേക്ക് പോയി..
********* *********** *********
അവിടെ ഫോൺ വിളിച്ച് നിൽക്കുന്ന ഏതോ പെങ്കൊച്ചിനെ വായ് നോക്കി നിൽക്കാണ് തെണ്ടി..
“ടാ..”
“ആ.. നീ എത്തിയോ.. പിന്നെ എന്തൊക്കെ ഉണ്ട് അളിയാ വിശേഷങ്ങൾ..??”
ഞാൻ ബാംഗ്ലൂരിലെ വിശേഷങ്ങളും പിന്നെ അല്ലറ ചില്ലറ വീട്ടുകാര്യങ്ങളും ഒക്കെ അവനോട് പറഞ്ഞു.. തൽക്കാലം ജൂലിയുടെ കാര്യം അവനോട് പറയണ്ട എന്ന് വിചാരിച്ചു..
“ഷോൺ, നമ്മക് മാളിൽ പോയാലോ..??”
“വായ് നോക്കാൻ ആണോ..??”
“അല്ലാതെ പിന്നെന്തിനാ..??”
“പോടാ.. ഞാനൊന്നും ഇല്ല..”
“ആഹാ.. എന്താടാ ഒരു മനംമാറ്റം..? എവിടേലും എന്തേലും സെറ്റ് ആയോ..??”
“അങ്ങനെ ചോദിച്ചാൽ …”
“പറയെടാ…”
“നീ വാ വണ്ടീൽ കേറു ഞാൻ പറയാം…”
പോണ വഴിയിൽ ഞാൻ ജീവന്റെ അടുത്ത് സ്നേഹയെ പറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു…
“ഓഹോ.. അപ്പോ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ….”
“ആ.. അങ്ങനെ ഒക്കെ അങ്ങ് പോകുന്നു..”
“ചേ.. സിഗ്നൽ ആയല്ലോ…”
“ഹാ…”
സിഗ്നലിൽ പച്ച തെളിയുന്നത് കാത്ത് വെയിലത്ത് നിൽക്കുകയായിരുന്നു ഞങ്ങൾ.. പെട്ടന്ന് ആണ് തൊട്ടു മുന്നിൽ ഉള്ള കാറിന്റെ നമ്പർ എന്റെ ശ്രദ്ധയിൽ പെട്ടത്.. അതേ കറുപ്പ് കളർ സ്വിഫ്റ്റ്.. അതെ നമ്പർ..
“ടാ.. ഇത് അവൾടെ കാറാ..”
“ഉറപ്പാണോ..?!”
“അതേ ടാ..”
“ദേ ടാ പച്ച കത്തി നീ ഫോളോ ചെയ്യൂ..”
ഞാൻ ബൈക് അവളുടെ കാറിന് പുറകെ വിട്ടു.. വണ്ടിക്കുള്ളിലേക്ക് ഒന്നും കാണുന്നില്ല.. ഒരു ഗ്യാപ് ഇട്ട് ആണ് ഫോളോ ചെയ്തത്.. സംശയം തോന്നരുതല്ലോ..
അവളും മാളിലേക്ക് ആണല്ലോ..
അവള് മാളിന്റെ എൻട്രൻസ് കടന്ന് കാർ പാർക്കിംഗ് ലോട്ടിലേക്ക് കയറ്റി..
“സാർ ബൈക് പാർക്കിംഗ് അപ്പുറത്ത് ആണ്…”
പെട്ടന്ന് സെക്യൂരിറ്റി വന്ന് ഞങ്ങളെ തടഞ്ഞു.. ഞാൻ വേഗം ബൈക് അപ്പുറത്തെ ലോട്ടിൽ കൊണ്ടുപോയി പാർക്ക് ചെയ്ത് പുറത്തേക്ക് വന്നു..
കുറെ നേരം പുറത്ത് കാത്തുനിന്നു.. കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും പോവുന്നുണ്ട് അവൾ മാത്രം ഇല്ലല്ലോ.. അവസാനം ഉള്ളിൽ പോയി നോക്കാൻ തീരുമാനിച്ചു..
ഉള്ളിൽ ചെന്നപ്പോൾ കാറു കണ്ടു.. പക്ഷേ ഉള്ളിൽ ആരും ഇല്ല..
“ടാ ശോണെ.. നിനക്ക് ഉറപ്പുണ്ടോ ഇത് തന്നെ ആണ് കാറ് എന്ന്..”
“ഉണ്ടെടാ.. ഇത് തന്നെ ആണ്..”
ഞാൻ ഫോൺ എടുത്ത് നമ്പർ അവനെ കാണിച്ചു.. രണ്ടും സെയിം ആണ്..
അവള് വരുന്ന വരെ ഇവിടെ വെയിറ്റ് ചെയ്യാം…
ഞങ്ങൾ ഓരോന്ന് സംസാരിച്ചു പാർക്കിംഗ് ലോട്ടിൽ അവളുടെ കാറിനെ ചുറ്റിപറ്റി തന്നെ നിന്നു..
ഏകദേശം ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ കാറിന്റെ ലോക് അഴിക്കുന്ന ശബ്ദം കേട്ടു..
അത് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്ന് കാറിന്റെ ബാക് ഡോർ തുറന്ന് കയ്യിലെ കവറുകൾ ഉള്ളിലേക്ക് വച്ചു..
“ടാ.. ഇതാണോ ആൾ..??”
“അല്ലടാ ഇതല്ല…”
ഞാൻ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു..
“Excuse Me…”
“യെസ്…”
“ഇൗ കാർ…??”
“എന്റെ കാർ ആണ്.. സോറി.. എന്താ കാര്യം..??”
“അപ്പോ ഈ സ്നേഹ… സ്നേഹ വിശ്വനാഥൻ..”
“ഞാനാണ് സ്നേഹ.. നിങ്ങള് എന്താ കാര്യം പറയൂ…”
അയ്യേ ഇതാണോ സ്നേഹ.. അപ്പോ അവളോ.. ഞാൻ വീണ്ടും നമ്പർ ഒന്നുകൂടി നോക്കി.. കറക്ട് ആണല്ലോ.. പിന്നെന്ത് പറ്റി…
“ഹലോ.. നിങ്ങള് എന്താ കാര്യം എന്ന് പറഞ്ഞില്ല…”
“ഒന്നുല്ല.. ആളു മാറിപോയത.. കുട്ടി പൊയ്ക്കോളൂ .. സോറി..”
ഞാൻ മാറി കൊടുത്തു.. അവൾ കാറിൽ കയറി പോവുകയും ചെയ്തു..
“എന്തായി അളിയാ…”
“എവിടെയോ ഒരു Mistake വന്നിട്ടുണ്ട്… നീ വാ നമുക്ക് പോകാം…”
ഞാൻ ജീവനെ അവന്റെ ഫ്രണ്ടിന്റെ ഷോപ്പിൽ വിട്ടിട്ട് നേരെ വീട്ടിലേക്ക് പോയി…
എന്നാലും ഇതെങ്ങനെ.. എല്ലാം കറക്ട് ആണല്ലോ… അയ്യോ ഇനി അവളുടെ സിസ്റ്റർ എങ്ങാനും ആകുമോ… ശേ.. അത് ചോദിച്ചില്ലല്ലോ… സരല്ല.. ഈ കൊച്ചിന്റെ ഫേസ്ബുക്കിൽ ഒന്ന് കേറി നോക്കാം… ഞാൻ വണ്ടി വേഗത്തിൽ വീട്ടിലേക്ക് ഓടിച്ചു….
Comments:
No comments!
Please sign up or log in to post a comment!