ആണ്‍കുട്ടി
അങ്ങകലെ കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെ നോക്കിയിരിക്കുകയായിരുന്നു പ്രിന്‍സ്. കടലിനെ പ്രണയിക്കുന്ന സൂര്യന്‍! എന്നും പകലന്തിയോളം അധ്വാനിച്ച് സായന്തനമാകുമ്പോള്‍ സ്വന്തം പ്രണയിനിയുടെ വിരിമാറില്‍ സുഖം തേടുന്ന ഭാഗ്യവാന്‍. പക്ഷെ താന്‍! അവന്‍ തൊട്ടടുത്തിരിക്കുന്ന പാറുവിന്റെ മിഴികളിലേക്ക് നോക്കി. നിര്‍വികാരമാണ് ആ മുഖം. പക്ഷെ കണ്ണുകളില്‍ നിന്നും രണ്ടരുവികള്‍ നിര്‍ബാധം ഒഴുകിക്കൊണ്ടേയിരിക്കുന്നു.
“പണം! പണമാണ് പാറൂ എവിടെയും പ്രധാനം. സ്നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും ഈ ലോകത്ത് വിലയില്ല” നിരാശയോടെ അവന്‍ പറഞ്ഞു.
പാര്‍വ്വതി മെല്ലെ തലചെരിച്ച് അവനെ നോക്കി. മുന്‍പില്‍ നീണ്ടുപരന്നു കിടക്കുന്ന കടലിനേക്കാള്‍ ആഴം അവളുടെ മിഴികളില്‍ അവന്‍ കണ്ടു.
“പ്രിന്‍സ്, എന്റെ അച്ഛന്‍ പണക്കൊതിയന്‍ അല്ല. പക്ഷെ അദ്ദേഹത്തിന് നമ്മുടെ വിവാഹം എന്തോ സമ്മതമല്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്റെ അച്ഛനാണ്. നിനക്കറിയില്ല എന്റെ അച്ഛന് എന്നോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആഴം. പക്ഷെ അതങ്ങനെ ആയിരുന്നില്ലെങ്കില്‍ എന്ന് ഞാനിപ്പോള്‍ മോഹിച്ചുപോകുന്നു; നിനക്ക് വേണ്ടി” അവള്‍ വിതുമ്പി.
പ്രിന്‍സ് സാവകാശം തലയാട്ടി. അവനവളെ മനസ്സിലാകുന്നുണ്ടായിരുന്നു.
“അച്ഛന്റെ ഒരു നെഗറ്റീവ് പോയിന്റ്, അല്ലെങ്കില്‍ ഒരു തെറ്റ് മതി എനിക്കൊരു തീരുമാനമെടുക്കാന്‍. എല്ലാം ഉപേക്ഷിച്ച് നിന്റെയൊപ്പം വരാന്‍ എനിക്കതു ധാരാളമാണ്. പക്ഷെ എന്റെ അച്ഛന്‍ എന്നെ ജീവനുതുല്യമാണ് സ്നേഹിച്ചതും വളര്‍ത്തിയതും. എന്റെ നന്മ മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യവും. എന്നെ ഇപ്പോള്‍ വീര്‍പ്പുമുട്ടിച്ചു കൊല്ലുന്നതും അതുതന്നെയാണ്. നിനക്ക് വേണ്ടി അച്ഛനെ തകര്‍ക്കാന്‍ എനിക്ക് പറ്റില്ല പ്രിന്‍സ്. പക്ഷെ നീയല്ലാതെ എനിക്ക് മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുകയുമില്ല” പാര്‍വ്വതി കണ്ണുകള്‍ തുടച്ച് തീരുമാനമെടുത്ത മട്ടില്‍ അകലേക്ക് നോക്കി. അവളുടെ കണ്ണീര്‍ നിലച്ചിരുന്നു.
“മതവും പണവും സ്നേഹത്തിന് തടസ്സമാണ്; അന്നും ഇന്നും” ഒരു ദീര്‍ഘനിശ്വാസത്തോടെ പ്രിന്‍സ് പറഞ്ഞു. നിസ്സഹായനായിരുന്നു അവന്‍. സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഇരുട്ടില്‍ ഉഴറുന്ന മനസ്സോടെ അവന്‍ നിലത്ത് കുത്തിവരച്ചു.
“ഇല്ല പ്രിന്‍സ്. ഇതുരണ്ടും എന്റെ അച്ഛന്‍ ഗൌനിക്കുന്ന ആളല്ല. അതൊന്നുമല്ല പ്രശ്നം. പക്ഷെ പിന്നെയതെന്താണെന്ന് എനിക്കറിയുകയുമില്ല” നിസ്സഹായതയോടെ തലയാട്ടിയ അവളുടെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി.
പ്രിന്‍സ് എഴുന്നേറ്റ് അല്‍പ്പം മാറി കടല വില്‍ക്കുന്ന പയ്യന്റെ അടുത്തേക്ക് നടന്നു. അവന്‍ പോകുന്നത് നോക്കിയിട്ട് പാര്‍വ്വതി അകലേക്ക് നോക്കി ചിന്തയിലാണ്ടു. എന്തുകൊണ്ട് അച്ഛന്‍ തന്റെ മനസ്സ് കാണുന്നില്ല? വീണ്ടും കണ്ണുകളിലേക്ക് വിരുന്നെത്തിയ ജലം അവള്‍ ദുപ്പട്ട ഉപയോഗിച്ച് തുടച്ചു.
“ഇന്നാ, കഴിക്ക്” മെലിഞ്ഞ് അഗ്രം കൂര്‍ത്ത പത്രക്കടലാസുകൊണ്ടുള്ള പൊതി അവളുടെ നേരെ നീട്ടി പ്രിന്‍സ് പറഞ്ഞു.
“നിനക്ക് ദുഃഖം തോന്നുന്നില്ലേ പ്രിന്‍സ്?” അത്ഭുതത്തോടെ അവള്‍ ചോദിച്ചു.
“ഇല്ല. നീ പറഞ്ഞില്ലേ, ഞാനല്ലാതെ മറ്റൊരു ജീവിതപങ്കാളി നിനക്കുണ്ടാകില്ല എന്ന്? പിന്നെ ഞാനെന്തിന് ദുഖിക്കണം? നിന്റെ സ്നേഹം എനിക്ക് വേണ്ടി മാത്രം ഉള്ളതാണ് എന്ന ഒരു ചിന്ത മതിയെടി എനിക്ക് ജീവിക്കാന്‍. നീ മാത്രമേ എന്റെ കിടക്ക പങ്കിടൂ, എന്റെ മക്കളെ പ്രസവിക്കൂ” അവന്‍ പറഞ്ഞു.
പാര്‍വ്വതി ചാടിയെഴുന്നേറ്റ് അവന്റെ കഴുത്തിലേക്ക് വീണ് അവനെ തെരുതെരെ ചുംബിച്ചു; ഭ്രാന്തിയെപ്പോലെ.
“മാഡം, കടല്‍ത്തീരമാണ്; കണ്ട്രോള്‍ യുവര്‍സെല്‍ഫ്” പ്രിന്‍സ് മെല്ലെ അവളെ പിടിച്ചുമാറ്റി ചിരിച്ചുകൊണ്ട് പറഞ്ഞു. പാറു സ്നേഹാധിക്യത്തോടെ അവനെ നോക്കി. അവളുടെ മുഖം ചെമ്മാനം പോലെ തുടുത്തു. എല്ലാ ആശങ്കകളും മാറി, തെളിഞ്ഞ കടല്‍ പോലെ അത് ശാന്തമായിരുന്നു.
വരാന്തയിലെ ചൂരല്‍ക്കസേരയില്‍ ഏതോ പുസ്തകം വായിച്ചുകൊണ്ട് കിടക്കുന്ന പ്രഭാകരന്‍ നായരെ പ്രിന്‍സ് റോഡില്‍ നിന്ന് തെല്ലാശങ്കയോടെ നോക്കി. അവനെക്കാള്‍ അധികം ആശങ്കയോടെ മുകള്‍ നിലയിലെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി പാറുവും നില്‍പ്പുണ്ടായിരുന്നു. പ്രിന്‍സ് സൈക്കിള്‍ പുറത്തുതന്നെ വച്ചിട്ട് ഗേറ്റ് തുറന്ന് വിശാലമായ ആ വീടിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു.
നായ്ക്കൂട്ടില്‍ നിന്നും ഉഗ്രമായ കുര ഉയര്‍ന്നു.
നായര്‍ തലയുയര്‍ത്തി നോക്കി. അവനെ കണ്ടപ്പോള്‍ അയാളുടെ മുഖം ഇരുണ്ടു.
“കിട്ടൂ, ക്വയറ്റ്” നിര്‍ത്താതെ കുരച്ചുകൊണ്ടിരുന്ന നായയെ അയാള്‍ ശാസിച്ചു. അത് ഒന്ന് മൂളിയിട്ട് കൂടിന്റെ മൂലയിലേക്ക് ചുരുണ്ടുകൂടി.
നായര്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വച്ചിട്ട് എഴുന്നേറ്റു.
സംഭരിച്ചുകൊണ്ടുവന്നിരുന്ന ധൈര്യം മെല്ലെ ചോരാന്‍ തുടങ്ങിയത് പ്രിന്‍സ് അറിഞ്ഞു. രണ്ടും കല്‍പ്പിച്ചുള്ള വരവാണ്. പാറുവിന്റെ അച്ഛനോട് സംസാരിക്കനുള്ളത് കൃത്യമായ അടുക്കില്‍ മനസ്സിലുണ്ട്. പക്ഷെ അതൊക്കെ അങ്ങനെതന്നെ പറയാന്‍ തനിക്ക് സാധിക്കുമോ?
“ഉം”
പടികളില്‍ നിന്നും ടൈല്‍സ് പാകിയ മുറ്റത്തേക്കിറങ്ങി നായര്‍ ചോദ്യഭാവത്തില്‍ മൂളി.
“എനിക്ക്, സാറിനോട് അല്‍പ്പം സംസാരിക്കാനുണ്ട്” വിനയാന്വിതനായി അവന്‍ പറഞ്ഞു.
“വിഷയം?”
ഒരു നിമിഷം പ്രിന്‍സ് പരുങ്ങി. വിഷയം അദ്ദേഹത്തിനറിയാം. താനത് പറയുമ്പോള്‍ ഇനി നില്‍ക്കേണ്ട എന്നാണ് മറുപടിയെങ്കില്‍?
“സര്‍, എന്തുവിഷയം ആയാലും താങ്കള്‍ കേള്‍ക്കണം. ഇനിയൊരിക്കല്‍ ഇത് പറയാനായി ഞാനീ പടി കയറില്ല; ഉറപ്പ്” ധൈര്യം സംഭരിച്ച് അവന്‍ പറഞ്ഞു.
നായര്‍ അവനെ അടിമുടി നോക്കി; പിന്നെ തലയാട്ടിയിട്ട് ഉള്ളിലേക്ക് വിളിച്ചു.
“കമോണ്‍ ഇന്‍”
“സരസ്വതീ, ചായ” പ്രിന്‍സ് സോഫയില്‍ ഇരുന്നപ്പോള്‍ നായര്‍ ഉള്ളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“വേണ്ട സര്‍, ഞാന്‍ കുടിച്ചതാണ്” അവന്‍ വേഗം ഇടപെട്ടു.
“നോ, നിങ്ങള്‍ കുടിക്കണം. ബിക്കോസ് യു ആര്‍ മൈ ഗസ്റ്റ് നൌ” പട്ടാളക്കാരന്റെ കാഠിന്യം. പ്രിന്‍സ് തലയാട്ടി.
“നൌ കമോണ്‍; എന്താണ് സംസാരിക്കാനുള്ളത്?” നായര്‍ സോഫയിലേക്ക് വിശാലമായി ചാരി.
നായരെ ആദ്യമായി നേരില്‍ക്കണ്ട് സംസാരിക്കുകയാണ് അവന്‍. മനസ്സ് വരുതിയില്‍ നില്‍ക്കാതെ കുരങ്ങനെപ്പോലെ ചാടുന്നു. പ്രിന്‍സ് ശ്വാസം ശക്തമായി ഉള്ളിലേക്ക് വലിച്ച് ഒരു നിമിഷം കണ്ണടച്ച ശേഷം മെല്ലെ നിശ്വസിച്ചു.
“സര്‍, പാര്‍വ്വതിയെ എനിക്കിഷ്ടമാണ്; അങ്ങെനിക്കവളെ വിവാഹം ചെയ്തുതരണം”
ചായയുമായി എത്തിയ സരസ്വതി ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. അവര്‍ വാ പിളര്‍ന്ന് നായരെയും അവനെയും മാറിമാറി നോക്കി.
“ഏതാ ചേട്ടാ ഈ ചെക്കന്‍? ഇവനെന്താണീ പറയുന്നത്?” കോപത്തോടെ അവര്‍ ചോദിച്ചു.
“നീ ചായ അവന് കൊടുക്ക്; എന്നിട്ട് ഇരിക്ക്” ശാന്തമായി നായര്‍ പറഞ്ഞു. സരസ്വതി ക്രുദ്ധഭാവത്തോടെ ചായയെടുത്ത് അവന് നല്‍കി. പ്രിന്‍സിന് വാങ്ങാതിരിക്കാന്‍ കഴിയുമായിരുന്നില്ല.
അവന് ചായകുടിക്കാനുള്ള സമയം നല്‍കി നായര്‍ കാത്തിരുന്നു. ഒരു ഭിത്തിയുടെ അപ്പുറത്ത് വീര്‍പ്പുമുട്ടലോടെ, ശ്വാസമടക്കിപ്പിടിച്ച് പാര്‍വ്വതിയും. അവളെക്കാള്‍ പിരിമുറുക്കത്തിലായിരുന്നു സരസ്വതിയമ്മ. അവര്‍ക്ക് പക്ഷെ യാതൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
“മോള്‍ ഇതെന്നോട് പറഞ്ഞിരുന്നു. നിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും എല്ലാം അവളെനിക്ക് നല്‍കി. അപ്പോള്‍ത്തന്നെ ഞാനെന്റെ തീരുമാനവും അറിയിച്ചിരുന്നു. നിന്നോട് അവളതു പറഞ്ഞില്ലേ?” അവന്‍ ചായ കുടിച്ചു തീര്‍ന്നപ്പോള്‍ നായര്‍ ചോദിച്ചു.
“പറഞ്ഞു സര്‍. മറ്റൊന്നുകൂടി അവള്‍ പറഞ്ഞു. അച്ഛന് അവളോടുള്ള സ്നേഹത്തെപ്പറ്റി.
“അവളെന്റെ മോളാ; അങ്ങനാ ഞാനെന്റെ കുഞ്ഞിനെ വളര്‍ത്തിയത്. മതിമതി, ഇനി നീയൊന്നും പറയണ്ട. ഇറങ്ങി പോയാട്ടെ. നല്ല വീടുകളിലെ പെണ്‍പിള്ളേരെ വലവീശിപ്പിടിക്കാന്‍ നടക്കുന്നവന്‍” അക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുകയയിരുന്ന സരസ്വതിയമ്മ ചീറി. നായര്‍ രൂക്ഷമായി അവരെ ഒന്ന് നോക്കി. സന്ദേശം മനസ്സിലായ ആ സ്ത്രീ, മെല്ലെ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.
പാര്‍വ്വതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ ഭിത്തിയിലേക്ക് ചാരി നിശബ്ദം തേങ്ങി. തനിക്കുവേണ്ടി പ്രിന്‍സ് അവഹേളിക്കപ്പെടുന്നു!
“സോ, ദാറ്റ് ഈസ് ദ എന്ഡ് ഓഫ് ദ സ്റ്റോറി. ശരിയല്ലേ” നായര്‍ അവനോടു ചോദിച്ചു.
“പക്ഷെ സര്‍, ഞാന്‍ പാറുവിനെ അല്ലാതെ മറ്റൊരു പെണ്ണിനേയും വിവാഹം ചെയ്യില്ല”
“അത് നടക്കില്ലല്ലോ മോനെ. കാരണം എനിക്ക് പ്രണയ വിവാഹങ്ങളില്‍ വിശ്വാസമില്ല. ഒരുമിക്കുന്ന നാള്‍വരെ പരസ്പരം ഒന്നാകാന്‍ വേണ്ടിയുള്ള കമിതാക്കളുടെ ത്വര, വിവാഹത്തോടെ ഇല്ലാതാകും. പിന്നെ അവിടെ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. ഞാന്‍ അറിഞ്ഞിട്ടുള്ള പ്രണയ വിവാഹങ്ങളില്‍ ഭൂരിഭാഗവും പരാജയങ്ങളാണ്. എന്റെ മകള്‍ക്ക് ദുഖമുണ്ടാക്കുന്നതോ അവളുടെ ജീവിതം തകര്‍ക്കുന്നതോ ആയ ഒരു തീരുമാനവും ഞാനെടുക്കില്ല” നായര്‍ തന്റെ മനസ്സ് അവന്റെ മുന്‍പാകെ തുറന്നുകാട്ടി.
പ്രിന്‍സിന് സമാധാനവും അസമാധാനവും ഒരുമിച്ചുണ്ടായി. സാധാരണ പ്രേമ വിവാഹങ്ങള്‍ എതിര്‍ക്കപ്പെടുന്നതിനു ഉന്നയിക്കാറുള്ള കാരണങ്ങളില്‍ ഒന്നുംതന്നെയല്ല പാറുവിന്റെ അച്ഛന്‍ പറയുന്നത്. ഇവിടെ താന്‍ നിരായുധനാകുകയാണോ? ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ അവന്‍ പതറി. നായര്‍ ഒരു പുഞ്ചിരിയോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു; കര്‍ട്ടന്റെ അപ്പുറത്ത് നിന്നും കോപത്തോടെ വീക്ഷിക്കുന്ന ഭാര്യയെ ഗൌനിക്കാതെ.
പറയാനായി വന്നത് പ്രിന്‍സ് മറന്നു. ഇവിടെ താനുദ്ദേശിച്ച തരത്തിലുള്ള ആളേയല്ല പാറുവിന്റെ അച്ഛന്‍. പണവും മതവും ഒന്നുംതന്നെ അദ്ദേഹം പറഞ്ഞിട്ടില്ല. എതിര്‍ക്കുന്നത് പ്രണയവിവാഹത്തെ മാത്രമാണ്. അതിന് അതിന്റേതായ കാരണങ്ങളും അദ്ദേഹത്തിനുണ്ട്. അവന്‍ മറ്റൊന്നും ആലോചിക്കാതെ തന്റെ മനസ്സ് അയാളുടെ മുന്‍പാകെ തുറന്നിട്ടു:
“സര്‍, ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴൊക്കെ പാറു അങ്ങയെക്കുറിച്ച് പറയാറുണ്ട്.
പക്ഷെ സര്‍, അധ്വാനിച്ചാണ് എന്റെയമ്മ എന്നെ വളര്‍ത്തിയത്. നല്ല പ്രായത്തില്‍ അച്ഛന്‍ മരിച്ചിട്ടും അമ്മ മറ്റൊരാളുടെ പിന്നാലെ പോയില്ല. പ്രേമവിവാഹം കഴിച്ചതിന്റെ പേരില്‍ സ്വന്തം വീട്ടുകാര്‍ ഉപേക്ഷിച്ച അമ്മ വാടകവീട്ടില്‍ താമസിച്ച് ജോലി ചെയ്തെന്നെ വളര്‍ത്തി. ഞാനൊരു എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ് ആണ്. ഇന്നെനിക്ക് ചെറിയൊരു ജോലിയുമുണ്ട്. നാടുവിട്ടുപോയാല്‍ ഇതിലും നല്ല ജോലി ലഭിക്കും. പക്ഷെ അങ്ങനെ ഞാന്‍ പോയാല്‍ എന്റെയമ്മ തനിച്ചാകും. ആ ഒരൊറ്റ കാരണം കൊണ്ട് ഞാന്‍ പുറത്തേക്ക് പോയില്ല. പ്രായമായിക്കൊണ്ടിരിക്കുന്ന എന്റെ അമ്മയ്ക്ക് ഈ സമയത്താണ് എന്റെ സാന്നിധ്യം ആവശ്യമുള്ളത്. ആറക്ക ശമ്പളം ഒരു ഗള്‍ഫ് രാജ്യത്ത് നിന്നും ഓഫര്‍ വന്നിട്ടും ഞാനത് വേണ്ടെന്നു വച്ചവനാണ്. ഞാനിവിടെത്തന്നെ ജീവിക്കും. പടപൊരുതി ജീവിക്കാനുള്ള ധൈര്യം എന്റെ അമ്മയില്‍ നിന്നുമെനിക്ക് കിട്ടിയിട്ടുണ്ട്. ഞാനിത്രയും സാറിനോട് പറഞ്ഞത്, ഒരു ഭ്രമത്തിന്റെ പേരില്‍ എനിക്കുണ്ടായ ഇഷ്ടമല്ല പാറുവിനോടുള്ളത് എന്ന് വ്യക്തമാക്കാനാണ്. ജീവിതമെന്താണെന്ന് എനിക്കറിയാം സര്‍. പൂമെത്തയില്‍ കിടന്ന് വളര്‍ന്നവനല്ല ഞാന്‍” സ്വയം നിയന്ത്രിച്ചാണ് പറഞ്ഞതെങ്കിലും ഒടുവില്‍ അവന്റെ കണ്ണുകള്‍ നനയുകതന്നെ ചെയ്തു.
“ഞങ്ങളുടെ സ്നേഹം വെറും പ്രണയമല്ല. അത് എങ്ങനെയാണ് സാറിനോട് പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നെനിക്കറിയില്ല. പക്ഷെ ഞാനൊന്നു പറയാം സര്‍; പാറു വേറെ ആരെയെങ്കിലും വിവാഹം ചെയ്യാന്‍ ആശിക്കുന്നുണ്ടെങ്കില്‍, അവളെ ഞാന്‍ എതിര്‍ക്കില്ല; കാരണം സാറിനെപ്പോലെതന്നെ എനിക്കും പ്രധാനം അവളുടെ സന്തോഷം തന്നെയാണ്. ഞാനിത് എന്റെ ഹൃദയത്തില്‍നിന്നും പറയുന്ന സത്യമാണ്. സ്വാര്‍ഥതയല്ല എനിക്കവളോടുള്ള സ്നേഹം. എങ്കിലും ഞാന്‍ ഈ ജന്മത്തില്‍ എന്റെ മനസ്സുകൊണ്ട് വരിച്ചത് അവളെയാണ്. അവളെ മാത്രമേ ഞാന്‍ എന്റെ ഭാര്യയാക്കൂ. അതിനു ഭാഗ്യമുണ്ടായില്ലെങ്കില്‍ അതെന്റെ വിധിയായി കാണാന്‍ എനിക്ക് പ്രയാസമില്ല. സാറ് അവള്‍ക്ക് സന്തോഷം മാത്രം ആഗ്രഹിക്കുന്ന നല്ലൊരു അച്ഛനാണ്. അതുകൊണ്ട് സാറിന്റെ സന്മനസ്സുപോലെ അവള്‍ക്ക് നല്ലതേ വരൂ”
പറഞ്ഞു നിര്‍ത്തി പ്രിന്‍സ് എഴുന്നേറ്റു. നിറഞ്ഞ കണ്ണുകള്‍ തുടച്ച് പുഞ്ചിരിച്ചിട്ട് അവന്‍ നായരെ നോക്കി കൈകള്‍ കൂപ്പി.
“താങ്ക് യൂ സര്‍. എന്നെ കേള്‍ക്കാന്‍ കാണിച്ച സന്മനസ്സിന്”
പറഞ്ഞിട്ട് അവന്‍ പുറത്തേക്കിറങ്ങി.
അപ്പുറത്ത് പാര്‍വ്വതി അച്ഛന്റെ മറുപടിക്കായി കാതോര്‍ത്തു; പക്ഷെ ഒന്നും സംഭവിച്ചില്ല. ജാലകക്കമ്പികളുടെ ഇടയിലൂടെ തകര്‍ന്ന മനസ്സോടെ അവള്‍ നോക്കി. പഴയ സൈക്കിളില്‍ ചവിട്ടി അകന്നുപോകുന്ന പ്രിന്‍സ്. എങ്ങലടിച്ചുകൊണ്ട് അവള്‍ ജനലഴികളില്‍ മുഖം അമര്‍ത്തി. തന്റെ ജീവിതത്തില്‍ നിന്നും എന്നേക്കുമായി അവന്‍ പോകുകയാണോ? ശരീരവും മനസ്സും തളര്‍ന്ന്, സകലവും നഷ്ടപ്പെട്ടവളെപ്പോലെ ചേതനയറ്റ് അവളങ്ങനെ നിന്നു; ഏറെനേരം.
തോളില്‍ മൃദുവായ ഒരു കരസ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ പാര്‍വ്വതി ജനലഴികളില്‍ നിന്നും മുഖമുയര്‍ത്തി തിരിഞ്ഞുനോക്കി; അച്ഛന്‍.
“മോള് കരഞ്ഞോ?” അവളെ തനിക്കഭിമുഖമായി തിരിച്ചുനിര്‍ത്തി പുഞ്ചിരിയോടെ അയാള്‍ ചോദിച്ചു. വിതുമ്പലോടെ അയാളുടെ നെഞ്ചിലേക്ക് അവള്‍ മുഖമമര്‍ത്തി.
“മോള്‍ക്ക് തെറ്റിയിട്ടില്ല. അവന്റെ വീട്ടിലേക്ക് ഞാനും സരസ്വതിയും കൂടി ഏറെ വൈകാതെ പോകുന്നുണ്ട്” അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു.
പാര്‍വ്വതി അവിശ്വസനീയതയോടെ അകന്നുമാറി അച്ഛനെ നോക്കി. അവളുടെ മിഴികള്‍ തെരുതെരെ ചിമ്മിയടഞ്ഞു. വീര്‍പ്പുമുട്ടിച്ചു കൊല്ലുന്ന സന്തോഷാതിരേകത്താല്‍ സ്വയം മറന്ന അവള്‍ കരഞ്ഞുകൊണ്ട് അയാളെ ഇറുകെപ്പുണര്‍ന്നു.
“സത്യസന്ധത, തന്റേടം, കടമകളെക്കുറിച്ചുള്ള ഉത്തമബോധ്യം; ഇത് മൂന്നും അവനുണ്ട്. എല്ലാറ്റിലുമുപരി, എന്റെ മോളെ മാത്രം സ്നേഹിക്കുന്ന ഒരു മനസും. അവനെ നഷ്ടമാക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍”
നായരുടെ നാവ് ഉരുവിടുന്നത്, ആകാശവിതാനത്തില്‍ മേഘങ്ങളുടെ ഇടയിലൂടെ ഒരു അരയന്നത്തെപ്പോലെ പാറിപ്പറക്കുകയായിരുന്ന പാറു, വിദൂരതകളില്‍ നിന്നെന്നെപോലെ കേള്‍ക്കുന്നുണ്ടായിരുന്നു…
*******
(പ്രണയം എന്റെ ലൈനല്ല. ഇത് പ്രണയകഥയുമല്ല. വെളുപ്പാന്‍കാലത്ത് തോന്നിയ ഒരു ചിന്ത ചുമ്മാ കുത്തിക്കുറിച്ചതാണ്. ഡോണ്ട് ഷൂട്ട്!)
Comments:
No comments!
Please sign up or log in to post a comment!