♥️ജന്മനിയോഗം 2♥️

“കുളിക്കണില്ലേ നന്ദൂ നീയ് “.. ചേച്ചിയുടെ പറച്ചിൽ കേട്ട അവൻ തോർത്തും എടുത്ത് കുളിമുറിയിലേക് പോയി..

നന്ദു കുളിച്ചു വരുമ്പോളേക്കും ചായ റെഡി ആയിരുന്നു… പുട്ടും പഴവും ചായയും.. അത്യാവശ്യം പാത്രങ്ങൾ അഭിരാമി കൊണ്ട് വന്നിരുന്നു.. ഗ്യാസ് സിലിണ്ടറും മറ്റു സാധനങ്ങളും ജയദേവൻ മാഷിന്റെ സഹായത്തോടെ തലേ ദിവസം തന്നെ അഭിരാമി വാങ്ങി വെച്ചിരുന്നു..

“ചേച്ചി രാവിലെ പാല് മേടിക്കാൻ പോയോ..” പാലൊഴിച്ച ചായ കണ്ടോണ്ടു നന്ദു ചോദിച്ചു..

“ഇല്ല മാഷ് കൊണ്ട് തന്നതാ…”.രാവിലെ സൊസൈറ്റി യിൽ പാല് കൊടുക്കാൻ പോകുമ്പോ.. ഒരു കുപ്പി പാൽ ഇവിടെയും തന്നു… “” നല്ല മാഷ് ആണല്ലേ ചേച്ചി ”

“ഹ്മ്മ് ആണെന്ന് തോന്നുന്നു…. അല്ലാച്ചാൽ നമ്മളെ ഇത്ര സഹായിക്കേണ്ട ആവശ്യം ഇല്ലല്ലോ ”

വീട് പൂട്ടി നന്ദുവും അഭിരാമിയും ഒരുമിച്ചാണ് ഒതുക്കു കല്ല് ഇറങ്ങി റോഡിലേക്ക് എത്തിയത്…

“””പുതിയ താമസക്കാരാണല്ലേ… “” റോഡിലേക്ക് എത്തിയപ്പോ വഴിയരികിൽ പശുവിനെയും തീറ്റി കൊണ്ട് നിന്ന പ്രായമായ ഒരാൾ ചോദിച്ചു.. .

“അതെ അമ്മാവാ.. “നല്ല പ്രായം ഉള്ളത് കൊണ്ട് അവൾക്കു ചേട്ടാ എന്നു വിളിക്കാൻ തോന്നിയില്ല. .

“ജയൻ മോൻ പറഞ്ഞാരുന്നു രാവിലെ.. ”

“ഓഹ്.. ആണൊ… മാഷാണ് ഞങ്ങൾക്ക് ഈ വീട് അറേഞ്ച് ചെയ്ത് തന്നത്.. ”

” അതെയോ… അതൊരു പാവം പയ്യനാ… അല്ല അവൻറെ അപ്പനും അങ്ങനെ ആരുന്നേ…എന്തോ ഓർമയിൽ അയാൾ പറഞ്ഞു ”

“എന്നാൽ ഞങ്ങൾ…… അങ്ങോട്ട്‌ നടക്കട്ടെ .. തുടക്കം തന്നെ ലേറ്റ് ആവണ്ട ”

” മോളെ സ്കൂളിലേക്ക് ആണേൽ ഇതാ ഈ വരമ്പത്തൂടെ തന്നെ അങ്ങ് പോയാ മതി.. മെയിൻ റോഡിൽ എത്തും… മഴക്കാലത്ത് പോകാൻ ബുദ്ധിമുട്ടാണ്.. ഇപ്പൊ സുഖായിട്ടു പോകാം ” അയാൾ കണ്ടത്തിൽ കൂടെ ഉള്ള വഴി അഭിരാമിക് ചൂണ്ടി കാണിച്ചു കൊടുത്തു…

“ഇവിടെ എവിടെയോ അമ്പലം ഉണ്ടെന്നു തോന്നുന്നു ചേച്ചി രാവിലെ പാട്ടു കേട്ടിരുന്നു… ” നടക്കുന്നതിനിടയിൽ നന്ദു പറഞ്ഞു..

“ഹ്മ്മ് ഞാനും കേട്ടു… നമ്മുടെ മാഷിനോട് ചോദിച്ചു നോക്കാം… ”

രെജിസ്റ്ററിൽ ഒപ്പുവെച്ചു സ്റ്റാഫ്‌ റൂമിലേക്കു എത്തുമ്പോൾ സ്റ്റാഫുകൾ ഏകദേശം എല്ലാരും എത്തിയിരുന്നു…

“താമസം ശെരിയായോ അഭി ടീച്ചറെ..” മായ മിസ് ആണ് അന്വേഷിച്ചത്..

“”അതിന്നലെ തന്നെ ജയൻ മാഷ് ശെരിയാക്കി തന്നു… ചെറിയൊരു വീടാണ്.. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വളരെ വലുതാണ്… “”‘

“ഞങ്ങൾ എന്നു വെച്ചാൽ…” രൂപേഷ് മാഷ് സംശയത്തോടെ ചോദിച്ചു.

.

“ഞാനും അനിയനും… ”

“ഹോ പേടിച്ചു പോയി.., “”

“അതെന്തിനാ മാഷേ മാഷ് പേടിക്കണേ…” ഹരിത ആണ് അത് ചോദിച്ചത്…

“അല്ല ഞാൻ വിചാരിച്ചു…. അല്ല സീമന്ത രേഖയിൽ കുങ്കുമവും.. താലിയും ഒന്നും കണ്ടില്ല.. ”

“അതൊക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷൻ അല്ലേ മാഷേ.. “അഭിരാമി ചിരിച്ചു കൊണ്ട് പറഞ്ഞു..

“അപ്പോ കല്യാണം കഴിഞ്ഞതാണോ… ”

അത് കേട്ടു കൊണ്ടാണ് ജയദേവൻ സ്റ്റാഫ്‌ റൂമിലേക്കു കയറി വന്നതു..

“ആരുടെ കല്യാണം ആണ് ” ജയദേവൻ അന്വേഷിച്ചു..

“അല്ല നമ്മുടെ അഭി ടീച്ചറിന്റെ കല്യാണം കഴിഞ്ഞത് ആണോന്നു ചോദിച്ചതാ ”

ഉത്തരം കേൾക്കാൻ ജയദേവനും ഏറു കണ്ണിട്ടു നോക്കി…

“പാവം വന്നതല്ലേ ഉള്ളു കോഴി മാഷേ… ഒന്ന് വെറുതെ വിടു പാവത്തിനെ.. ” കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള ഭാസ്കരൻ മാഷ് രൂപേഷ് മാഷിനെ കളിയാക്കിയതു സ്റ്റാഫ്‌ റൂമിൽ ഒരു കൂട്ട ചിരിയിൽ കലാശിച്ചു… അത് കൊണ്ട് തന്നെ അഭിരാമിക് ഒരു മറുപടി പറയേണ്ടിയും വന്നില്ല..

ജയദേവനും അഭിരാമിയും ഒരുമിച്ചാണ് സ്റ്റാഫ്‌ റൂമിൽ നിന്നും ക്ലാസ്സിലേക്ക് പോകാൻ പുറത്തേക്കിറങ്ങിയത്…

“ഇന്ന് ക്ലാസ്സ്‌ തുടങ്ങുവല്ലേ… “ജയദേവൻ ചോദിച്ചു..

“അതെ… മാഷേ… പ്ലസ് ടു വിനാണ് ആദ്യ ക്ലാസ്സ്‌… ”

“ആണൊ ഏതാ ചാപ്റ്റർ.. ”

“കോഴിയും കിഴവിയും.. ”

“”സ്റ്റാഫ്‌ റൂമിൽ പറഞ്ഞതിന്റെ ബാക്കിയായി എന്നെ കളിയാക്കി പറഞ്ഞതാണോ.. “”ജയൻ സംശയത്തോടെ തിരക്കി..

“””അല്ല മാഷേ… ഇതു കാരൂരിന്റെ ഒരു കഥയാണ്… മനുഷ്യ സ്നേഹവും ബന്ധങ്ങളുടെ തീവ്രതയും ആവിഷ്കരിക്കുന്ന ഒരു കൃതി… “””അഭിരാമി പറഞ്ഞു…

“എനിക്ക് ക്ലാസ്സ്‌ ഉണ്ട്‌ അല്ലേ ഞാനും വന്നിരുന്നേനെ മലയാളം ക്ലാസ്സിൽ…”ചിരിച്ചോണ്ട് ജയൻ പറഞ്ഞു..

“”എന്റെ ക്ലാസ്സിൽ വന്നിരുന്നോ… ഞാൻ എന്തായാലും മാഷിന്റെ ക്ലാസ്സിൽ വന്നിരിക്കില്ല …””

“”അതെന്താ.. “”

“”ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ ആണെന്ന് എനിക്ക് പണ്ടേ വിശ്വാസം ഇല്ല…”””

അഭിരാമിയുമായുള്ള സംഭാഷണത്തിന് വിഷയങ്ങൾ ഓരോന്നും തനിയെ വന്നു ചേരുന്നതും അവയൊക്കെയും ഒരിക്കലും അവസാനിക്കാതെ… തടസ്സങ്ങൾ ഒന്നുമില്ലാതെ ഒരരുവിയായി ഒഴുകുന്നതും ജയദേവൻ അത്ഭുതത്തോടെ മനസ്സിലാക്കി….

അഭിരാമിയും നന്ദുവും കൂടെ സ്കൂളിൽ നിന്നും വന്നതിനു ശേഷം ജയദേവന്റെ വീട്ടിലേക്കു പോയി.

“വാ മോളെ കേറി ഇരിക്ക്… പുതിയതായി വന്ന ടീച്ചർ അല്ലേ.. ദേവൻ മോൻ പറഞ്ഞാരുന്നു”

“ഇതാണ് എന്റെ അമ്മ.
. ശാരദ.. “ശബ്ദം കേട്ടു വീടിനു പുറത്തേക് വന്ന ജയദേവൻ പരിചയപ്പെടുത്തി…

“പോയി ഒരു ഷർട്ട്‌ ഇട്ടോണ്ട് വാ ചെറുക്കാ…” ഷർട്ട്‌ ഇടാതെ ഒരു കാവി കൈലി മാത്രം ഉടുത്തു ഇറങ്ങി വന്ന ജയദേവനെ നോക്കി ശാരദാമ്മ പറഞ്ഞു… അത് കേട്ട ജയദേവൻ ചമ്മലോടെ ഉള്ളിലേക്കു പോകുമ്പോൾ അഭിരാമി ചിരിയോടെ അവനെ നോക്കി…മനസ്സിൽ പറഞ്ഞു “കരടി.”

” ആമി മോൾക്ക് ഞങ്ങടെ നാടൊക്കെ ഇഷ്ടപ്പെട്ടോ ”

ആമി മോൾ എന്നു വിളിക്കുന്നത്‌ കേട്ടു നന്ദു അഭിരാമിയുടെ മുഖത്തേക് നോക്കി പുഞ്ചിരി തൂകി.. അവന് അറിയാമായിരുന്നു അവൾക്കു ആ വിളി ഒരുപാടു ഇഷ്ടം ആണെന്ന്..

” ഇഷ്ടമായി അമ്മേ… നല്ല നാട്… എവിടെ നോക്കിയാലും പച്ചപ്പ്‌.. കണ്ണിനു തന്നെ ഒരു കുളിർമയാണ് ”

തൊടിയിലൂടെ ചാടി കളിച്ചു വന്ന ഒരു പശു കുട്ടി… പിൻ കാലിൽ തുള്ളി ചാടി.. മെല്ലെ അഭിരാമിയുടെ അടുത്ത് വന്നു കാലിൽ ഉരുമ്മി നിന്നു..

” എന്താടി പൂവാലി.. അവൾ അതിനു മുന്നിൽ ഇരുന്നു പശു കുട്ടിയുടെ നെറ്റിയിലേക് അവളുടെ നെറ്റി മുട്ടിച്ചു.. പൂവാലി കളിക്കാനുള്ള തയ്യാറെടുപ്പിനെന്ന വണ്ണം ഒന്ന് പുറകോട്ടു നീങ്ങി.. വീണ്ടും അവളുടെ നെറ്റിയിലേക് അതിന്റെ നെറ്റി ചേർത്തു വെച്ചു ”

“” മോളെ നോക്കണേ.. കുറച്ചു വികൃതിയാ ” ശാരദാമ്മ മുന്നറിയിപ്പ് കൊടുത്തു..

“””സാരമില്ലമ്മേ.. എനിക്ക് ഈ പശുക്കളെ ഒക്കെ ഇഷ്ടാണ് അമ്മ ഉണ്ടായിരുന്നപ്പോൾ ഞങ്ങള്ക്ക് ഉണ്ടായിരുന്നു.. പിന്നെ അമ്മ പോയപ്പോൾ എല്ലാം കൊടുത്തു… “””അമ്മയുടെ ഓർമ വന്നപ്പോൾ നിറഞ്ഞ കണ്ണുകൾ… അവൾ ശാരദാമ്മ കാണാതെ സാരിയുടെ മുന്താണിയിൽ തുടച്ചു…

“””മോളെ നിങ്ങള് സംസാരിച്ചിരിക്കു ഞാൻ ചായ വെക്കാം.. “”ജയദേവൻ ഷർട്ടും ഇട്ടു പുറത്തേക് വന്നപ്പോൾ ശാരദാമ്മ പറഞ്ഞു..

“”ചായ ഒന്നും വേണ്ടമ്മേ. “”

“”അത് ശെരിയാവില്ല…എന്തായാലും പാലുണ്ടല്ലോ.. ഒരു ഗ്ലാസ്‌ ചായ കുടിച്ച കൊണ്ട് കുഴപ്പം ഒന്നുമില്ല.”””.സ്നേഹത്തോടെ ഉള്ള അവരുടെ ആവശ്യം നിഷേധിക്കാൻ അഭിരാമിക് ആവുമായിരുന്നില്ല..

“എന്നെ വിളിച്ചത് ഞാൻ കേട്ടു കേട്ടോ ” അമ്മ അടുക്കളയിലേക്കു പോയപ്പോൾ ജയദേവൻ മെല്ലെ അഭിരാമിയോട് പറഞ്ഞു..

“എന്ത് ” അഭിരാമി പരിഭ്രമത്തോടെ അവൻറെ മുഖത്തേക് നോക്കി…

“കരടി എന്നു… “മുകളിലെ ബട്ടൻസ് ഇടാത്ത ഷിർട്ടിന്റെ ഇടയിലൂടെ വലം കൈ ചെറുതായി ഉള്ളിലേക്കു ഇട്ടു നെഞ്ചിലെ രോമങ്ങളിൽ ചെറുതായി തടവി കൊണ്ട് ജയദേവൻ പറഞ്ഞു…

അഭിരാമി ചമ്മലോടെ നന്ദൻ അടുത്തുണ്ടോന്നു നോക്കി… അവൻ അപ്പോളേക്കും മുറ്റത്തു കണ്ട ഒരു ചാമ്പ മരത്തിനു അടുത്തേക് പോയിരുന്നു…

“””അതെങ്ങനാ കേട്ടെ… ഞാൻ മാനസിലാണല്ലോ പറഞ്ഞെ… “””

“”ഹ്മ്മ് മനസ്സ് വായിക്കാനുള്ള കഴിവുണ്ടെന്ന് കൂട്ടിക്കോ.
. “”

“ഹ്മ്മ് സമ്മതിച്ചു… ” പുഞ്ചിരിയോടെ അവൾ പറഞ്ഞു..

“മാഷേ ഇവിടെ അടുത്ത് എവിടാ അമ്പലം…” രാവിലെ പാട്ടു കേട്ടു..

“””ഓഹ് അതോ.. അത് പുഴക്കര ശ്രീകൃഷ്ണ ക്ഷേത്രം ആണ്… “”

“മോൾക് ദീപാരാധന തൊഴാണമെങ്കിൽ ദാ ഇവനേം കൂട്ടി പൊയ്ക്കോ.. ” ചായ എടുത്ത് അവിടേക്കു വന്ന ശാരദാമ്മ പറഞ്ഞു..

അത് കേട്ട് ജയദേവൻ അഭിരാമിയുടെ മുഖത്തേക് നോക്കി…. അവൾ പോകാം എന്ന അർത്ഥത്തിൽ തലയാട്ടി..

“”മോൾക് അട ഇഷ്ടാണോ… ഓട്ടട ആണുട്ടോ ഉള്ളിൽ തേങ്ങയും പഞ്ചസാരയും ഒക്കെ വെച്ചു.. “””

“”ആഹാ ചേച്ചീടെ ഫേവറൈറ് ആണമ്മേ..””” അഭിരാമി മറുപടി പറയുന്നതിന് മുന്നേ നന്ദു ചാടി കേറി പറഞ്ഞു..

അഭിരാമി കണ്ണു കൊണ്ട് നന്ദുവിനെ ശാസിക്കുന്ന രീതിയിൽ നോക്കി…

“””ഉണ്ട കണ്ണി.. വെറുതെ നന്ദുനെ നോക്കി പേടിപ്പിക്കേണ്ട… “””അത് കണ്ട ജയദേവൻ അഭിരാമിയെ നോക്കി പറഞ്ഞു..

“””ഉണ്ട കണ്ണീന്നോ… “””അഭിരാമി ജയദേവന്റെ തുടയിൽ തന്നെ ഒരു ഞുള്ളു കൊടുത്തു..

“””ഹൂ.. എന്റമ്മോ.. എന്റെ ആമി.. നീയെന്താ യക്ഷിയാണോ… തൊലി പറിഞ്ഞു പോയിട്ടുണ്ടാവുമല്ലോ… “””നുള്ള് കിട്ടിയ ഭാഗം തടവി കൊണ്ട് ജയദേവൻ പറഞ്ഞു..

“””അതെ ഉണ്ട കണ്ണീന്നു വിളിച്ചിട്ടല്ലേ… “”” ചുണ്ടു കൊണ്ട് കോക്രി കാട്ടി അഭിരാമി പറഞ്ഞു..

“””മാഷേ ചേച്ചീടെ… ഇരട്ട പേരാണ് അതു… “””നന്ദു ജയനോട് പറഞ്ഞു..

“”നന്ദു നിനക്കിട്ടും കിട്ടുവെ.. “”

“””നിങ്ങള് ഇവിടെ തല്ലു കൂടി കൊണ്ടിരിക്കു കേട്ടോ.. ഞാൻ അട എടുത്തിട്ടു വരാം.. “”ശാരദാമ്മ ചിരിച്ചു കൊണ്ട് അടുക്കളയിലേക്കു നടന്നു..

“””മോനു മാത്രല്ല അമ്മയ്ക്കും മനസ്സ് വായിക്കാനുള്ള കഴിവ് ഉണ്ടല്ലേ.. “”‘

“””അതെന്താ അങ്ങനെ ചോദിച്ചത്.. “””

“””അല്ല എനിക്ക് ദീപാരാധന തൊഴാൻ പോകണം എന്നുണ്ടായിരുന്നു… “””

നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു ക്ഷേത്രത്തിലേക്…പാടത്തിനു നടുവിലൂടെ ഉള്ള നീണ്ട നടപ്പാത ചെന്നവസാനിക്കുന്നതു ക്ഷേത്രത്തിലേക്കുള്ള കല്പടവുകൾക് താഴെ ആയിരുന്നു…

അഭിരാമി പച്ച കരയുള്ള സെറ്റു സാരിയും അതിനു ചേരുന്ന പച്ച നിറമുള്ള ബ്ലൗസും ആയിരുന്നു ധരിച്ചിരുന്നത്…ജയൻ നീല കരയുള്ള ഡബിൾ മുണ്ടും ഒരു ഒറ്റ കളർ നീല ഷർട്ടും…

അഭിരാമിയുടെ പിന്നിലായാണ് ജയൻ ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറിയത്… അസ്തമയ സൂര്യന്റെ അരുണ കിരണങ്ങൾ അവളുടെ കവിളുകളെ സ്വർണ വർണം ആക്കിയിരുന്നു … കുളിച്ചു ഈറൻ മാറാത്ത മുടിയിഴകൾ പിന്നിലേക്ക് അഴിച്ചിട്ടതിൽ നിന്നും ഊർന്നു വീണ ജലത്തുള്ളികൾ അവളുടെ സെറ്റ് മുണ്ടിൽ നിതംബ ഭാഗത്തു നനവ് പടർത്തി…ആകൃതിയൊത്ത നിതംബം ഓരോ ചുവടു വെപ്പിലും താളത്തിൽ ഇളകി കൊണ്ടിരുന്നു… ജയദേവനും നന്ദനും ഷർട്ട്‌ അഴിച്ചു തോളത്തിട്ടു.
. നടയിൽ തൊട്ടു തൊഴുതു ശ്രീകോവിലിനു മുന്നിലേക് നടന്നു .. ചുറ്റുവിളക്കുകളുടെ പ്രകാശത്തിൽ ശ്രീകോവിലിനു മുന്നിൽ കൂപ്പു കൈകളുമായി അഭിരാമി നിന്നു…അവളുടെ പ്രാർത്ഥനയുടെ ശീലുകൾ ഉതിരുന്ന അധരങ്ങളിലേക്കും അർദ്ധ നിമീലിത നേത്രങ്ങളിലേക്കും ജയൻ പുഞ്ചിരിയോടെ നോക്കി നിന്നു…

ശ്രീകോവിലിനുള്ളിൽ പൂജാ മന്ത്രണങ്ങളുടെ ശീലുകൾ ഉരുക്കഴിക്കുമ്പോൾ ജയദേവന്റെ ഹൃദയ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അഭിരാമി എന്ന ദേവിയുടെ പ്രതിഷ്ഠ നടന്നു കഴിഞ്ഞിരുന്നു…

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

“അമ്പട കള്ള കൃഷ്ണാ … ഞാൻ കണ്ടു പിടിച്ചുട്ടോ..”

ഞായറാഴ്ച രാവിലെ അമ്പലത്തിലേക്ക് വന്നതായിരുന്നു അഭിരാമിയും ഹരിനന്ദനും .. ജയനെ വിളിച്ചു നോക്കിയപ്പോൾ ജയനും വരുന്നു എന്നു പറഞ്ഞത് കൊണ്ടു മൂന്നു പേരും ഒരുമിച്ചാണ് അമ്പലത്തിലേക്ക് വന്നതു..

മറ്റൊരു വിശേഷം കൂടെ ഉണ്ടായിരുന്നു അന്ന്.. ഹരിനന്ദന്റെ പിറന്നാൾ… അമ്പലത്തിലേക്ക് വന്നു വഴിപാട് കഴിച്ചു പ്രദക്ഷിണം വെച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആ ശബ്ദം കേട്ടത്..

അഭിരാമിയും ജയദേവനും ഒരുമിച്ച് തിരിഞ്ഞു നോക്കി..

ദാവണി ഉടുത്തു സുന്ദരി ആയൊരു പെൺ കുട്ടി…ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് പ്രായം തൊന്നും.. അവൾ ഓടി വന്നു ജയന്റെ കയ്യിലൂടെ കൊരുത്തു പിടിച്ചു…

“എന്താടി കാന്താരി അമ്പലത്തിൽ ഒക്കെ ”

“അതൊക്കെ ഉണ്ട്‌… ഇതല്ലേ നമ്മുടെ ആമി കുട്ടി ടീച്ചർ ”

“അതെ എന്നെ എങ്ങനെ അറിയാം..” അഭിരാമി ആശ്ചര്യത്തോടെ ചോദിച്ചു

“ആമി കുട്ടീ ദാ വലത്തേ കയ്യുടെ നാടുവിരലിന്റേം ചൂണ്ടു വിരലിന്റേം ഇടയിലുള്ള മറുക് വരെ അറിയാം.. ” ചിരിച്ചു കൊണ്ടു അവൾ അഭിരാമിയോട് പറഞ്ഞു..

“ഇതാണോ നീ കണ്ടു പിടിച്ചു എന്നു പറഞ്ഞത്… കാന്താരി.. പിന്നെ മൂത്തവരെ കേറി പേര് വിളിക്കുന്നോടീ” ആ കുട്ടി യുടെ ചെവിയിൽ കളിയായി പിടിച്ചു തിരുമ്മി കൊണ്ടു ജയദേവൻ ചോദിച്ചു.

ആ കുട്ടി പറയുന്നത് കേട്ടു അഭിരാമി തന്റെ വലത്തേ കൈ യുടെ വിരലുകൾ നോക്കുക ആയിരുന്നു അപ്പോൾ..

ഹ ഹ.. ജയദേവനും ആ കുട്ടിയും തന്നെ തന്നെ നോക്കി ചിരിക്കുന്ന കണ്ട അഭിരാമി ചമ്മലോടെ മുഖമുയർത്തി..

“ആമി ഈ കാന്താരി പറ്റിച്ചതാ.. ”

“ഹ്മ്മ് പറ്റിച്ചതൊന്നുമല്ല…ടീച്ചർ ജോയിൻ ചെയ്ത അന്ന് തൊട്ടേ ഞങ്ങൾ കേക്കുന്നതാ ആമി വിവരണം.. ഇന്നാ നേരിൽ കാണാൻ പറ്റിയെ.. എന്റെ ഏട്ടത്തിയമ്മയ്ക്ക് എന്നെ പരിചയ പെടുത്തി കൊടുത്തേ.. ”

“ഈ പെണ്ണ് നാറ്റിക്കുമല്ലോ എന്റെ കൃഷ്ണാ…” കൈ മുകളിലേക്കു ആക്കി ജയദേവൻ ആത്മഗതം ചെയ്തു

“ആമി ഇതെന്റെ അനിയത്തി കുട്ടി.. ഗോപിക.. ഗോപു എന്നു ഞങ്ങൾ വിളിക്കും.. എന്തായാലും കെട്ടുന്നവന്റെ കാര്യം ഗോപി.. ”

അനിയത്തി എന്നു പറഞ്ഞാൽ.. അഭിരാമി സംശയത്തോടെ തിരക്കി.

“ഞാൻ പറയാം ഏട്ടത്തി.. ജയേട്ടന്റെ അമ്മയുടെ അനിയത്തിയുടെ മകൾ…. ഈ ജയേട്ടൻ എനിക്ക് ചേട്ടൻ മാത്രമല്ല.. അച്ഛനും അമ്മാവനും അമ്മയും മാഷും ഒക്കെയാ എനിക്ക് മാത്രല്ല എനിക്ക് ഒരേട്ടൻ കൂടെ ഉണ്ട്‌ ആ ആൾക്കും.. ”

” കഥയൊക്കെ ഞാൻ പറഞ്ഞു കൊടുത്തോളം… ഇപ്പൊ വാ പ്രദക്ഷിണം ചെയ്യാം ” ജയദേവൻ അവളെയും പിടിച്ചു മുന്നോട്ട് നടന്നു

” ജീവിതം മൊത്തം ട്രാജഡിയാ ഏട്ടത്തി.. അതു കൊണ്ട് അതൊക്കെ തന്ന ദൈവം എനിക്കൊരു കോമഡി പീസ് ആണ് അതു കൊണ്ടു പ്രാർത്ഥിക്കാൻ ഒന്നും വരാറില്ല.. പിന്നെ ദാ അവിടെ ആ പുഴയുടെ തീരത്ത് ഉള്ള അരയാലിന്റെ ചുവട്ടിൽ വന്നിരിക്കുമ്പോൾ മനസ്സിനൊരു ആശ്വാസം ആണ് അതോണ്ട് വരുന്നതാ…”

” ഈ ജയേട്ടനും അങ്ങനെ ഒന്നും വരാറില്ല പിന്നെ ഇപ്പോൾ ഭക്തി ഒക്കെ ആയെന്നു തോന്നുന്നു.. ” കളിയാക്കി കൊണ്ടു അവൾ പറഞ്ഞു

അവൾ പറഞ്ഞത് കേട്ടു അഭിരാമി ഏറു കണ്ണിട്ടു ജയദേവനെ നോക്കി… അവൻ ആകെ ചമ്മി നിൽക്കുന്നതാണ് കണ്ടത്..

“നീയെന്താ തിരിച്ചു പ്രദക്ഷിണം ചെയ്യുന്നത്.. ” മുന്നിൽ പ്രദക്ഷിണം വെച്ചു പോയ ഹരിനന്ദൻ തിരിച്ചു വരുന്നത് കണ്ടു അഭിരാമി തിരക്കി..

“നിങ്ങളെ രണ്ടിനേം കാണാഞ്ഞിട്ട് തിരിച്ചു വന്നതാ.. ” ചിരിച്ചു കൊണ്ടു നന്ദൻ പറഞ്ഞു.

“കണ്ടോ അനിയനു സംശയം ഉണ്ട്‌ രണ്ടാളും ഒളിച്ചോടി പോകുവോന്നു” ജയദേവന്റെ ചെവിയിൽ ഗോപിക പറഞ്ഞു.. പക്ഷെ അഭിരാമി കേട്ടിരുന്നു അവൾ പറഞ്ഞതു

“അമ്പലം ആണെന്നു ഞാൻ നോക്കുല കേട്ടോ ചന്തിക് നല്ല പെട തരും.. ” ജയദേവൻ അവളുടെ കൈ തണ്ടയ്ക് ഒരു നുള്ള് കൊടുത്തു കൊണ്ടു പറഞ്ഞു.

അതു കേട്ടു നന്ദനും അഭിരാമിയും ചിരിച്ചു..

“ഗോപു ഇതെന്റെ അനിയൻ ഹരിനന്ദൻ..”അഭിരാമി അനിയനെ ഗോപികയ്ക് പരിചയപ്പെടുത്തി… ” ഹായ് നന്ദു ഞാൻ ഗോപിക..” അവനു കൈ കൊടുത്തു കൊണ്ടു അവൾ പറഞ്ഞു..

‘”വാ നന്ദു നമുക്ക് പോകാം.. “” അവര് രണ്ടും പ്രദക്ഷിണം പൂർത്തിയാക്കുമ്പോളേക്കും ദീപാരാധനയ്ക്കു സമയം ആവും..

ജയദേവൻ എടി എന്നു വിളിച്ചു അവളുടെ അടുത്തേക് എത്തിയപ്പോളേക്കും.. ഗോപിക നന്ദന്റെ കയ്യും പിടിച്ചു മുന്നോട്ടു ഓടിയിരുന്നു…

” നല്ല സ്മാർട്ട്‌ ആയ കുട്ടി.. ” അഭിരാമി പറഞ്ഞു..

” ഹ്മ്മ് പാവം.. കുട്ടിയാണ്.. കുറച്ചു കാന്താരി ആണെന്നെ ഉള്ളു. ” ജയദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഏട്ടത്തി ഞാൻ നേരത്തെ വെറുതെ വിളിച്ചത് അല്ല കേട്ടോ.”.ഗോപിക പറഞ്ഞു അമ്പലത്തിൽ തൊഴുതു പ്രദക്ഷിണവും വെച്ചു അരയാൽ തറയിൽ വന്നിരുന്നതായിരുന്നു അവർ

“എന്ത്? ” ചോദ്യ ഭാവത്തിൽ അഭിരാമി ഗോപികയെ നോക്കി

“ഏട്ടത്തി അമ്മേ എന്നു.. ”

“അതെന്താ..? ”

“ഓഹ് ഒന്നുമറിയാത്ത പോലെ.. ‘”

“ഏട്ടത്തി.. ജയേട്ടന് ആമി ഏട്ടത്തിയെ ഒരുപാട് ഇഷ്ടം ആണ്.. ആൾക്ക് പറയാൻ മടി ആണ്.. ഏട്ടത്തിക് എന്റെ ജയേട്ടനെ ഇഷ്ടം അല്ലേ ”

” ഗോപു ഒരു പെണ്ണ് ആണിനോട് അവളുടെ ഇഷ്ടം പറയുന്നതിലും നല്ലത് .. അവൾ ഇഷ്ടപെടുന്ന ആൾ അവളോട്‌ ആ ഇഷ്ടം വെളി പെടുത്തുമ്പോൾ ആണ് ”

” മതി ഏട്ടത്തി എനിക്ക് ഈ മറുപടി മതി… എന്റെ ഏട്ടത്തി അമ്മ സുന്ദരി കുട്ടിയ കേട്ടോ.. ജയേട്ടൻ പറഞ്ഞു കേട്ടപ്പോൾ ഇത്ര വിചാരിച്ചില്ല കേട്ടോ…” ഗോപിക അഭിരാമിയുടെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ടു പറഞ്ഞു..

“ശോ ഈ പെണ്ണിന്റെ ഒരു കാര്യം. ” അഭിരാമി നാണത്തോടെ അമ്പലത്തിന്റെ നടയിലേക് നോക്കി..

നന്ദനും ജയദേവനും കൂടെ വഴിപാട് കഴിപ്പിച്ച പായസം വാങ്ങാൻ പോയിരുന്നു.

“പിന്നെ ഏട്ടത്തി.. നമ്മുക്ക് ജയേട്ടൻ ഇഷ്ടം പറയുവോ എന്നു നോക്കാം.. നമുക്ക് കുറച്ചു കുരങ്ങു കളിപ്പിക്കാന്നെ ”

കുറച്ചു സമയം കൊണ്ടു തന്നെ അഭിരാമി ഗോപികയുമായി നല്ല കൂട്ടായിരുന്നു..

“ജയേട്ടാ എനിക്ക് ഒരു ജോലി ശെരിയായി..”

ജയദേവനും നന്ദനും കൂടെ അരയാൽ തറയിൽ വന്നിരുന്നപ്പോൾ ഗോപിക പറഞ്ഞു..

“ആഹാ എവിടെ? ” ജയൻ സന്തോഷത്തോടെ ചോദിച്ചു.

“എസ് ജെ കോൺട്രാക്ടിങ് കമ്പനിയിൽ.. അക്കൗണ്ടന്റ് ആയിട്ട്.. ജോലി ഉറപ്പായിട്ടു പറയാന്നു വെച്ചിട്ടാ ഞാൻ പറയാതിരുന്നത് ജയേട്ടാ”

“ഏതു ആ സാമുവലിന്റെ കമ്പനിയിലോ.. ”

“അതെ ജയേട്ടാ.. ”

‘”അയാളെ കുറിച്ച് അത്ര നല്ല അഭിപ്രായം ഒന്നുമല്ല നാട്ടുകാർ പറയുന്നത്.. “”താല്പര്യം ഇല്ലാത്ത മട്ടിൽ ജയൻ പറഞ്ഞു

“”അതു നോക്കീട്ട് കാര്യമില്ലല്ലോ.. ജയേട്ടാ.. പിന്നെ ഞാൻ മാത്രം അല്ല മറ്റു സ്റ്റാഫും ഉണ്ടല്ലോ അവിടെ…എത്ര കാലം എന്നു വെച്ചാ ജയേട്ടൻ സഹായിക്കുക.. “”

“”സഹായം ആണൊ മോളെ.. നീയെനിക്കു അനിയത്തി അല്ലേ.. ഗോപൻ എനിക്ക് ഏട്ടനും.. നിങ്ങളുടെ കാര്യം ഞാൻ നോക്കീല്ലെങ്കിൽ പിന്നെ ആരാ.. ”’

“ഗോപേട്ടന്റെ ഓപ്പറേഷൻ നടത്തിയാൽ എഴുന്നേറ്റ് നടക്കാൻ പറ്റും എന്നല്ലേ ഡോക്ടർ പറഞ്ഞത്.. അത്യാവശ്യം വീട്ടു ചിലവിനെങ്കിലും ഉള്ളത് എനിക്ക്

ഉണ്ടാക്കാൻ പറ്റുമെങ്കിൽ കുറച്ചു സ്ഥലം കൊടുത്തിട്ട് ആയാലും ഓപ്പറേഷൻ നടത്താലോ ജയേട്ടാ.. ജയേട്ടന് ആണേലും കിട്ടുന്ന ശമ്പളം ഒക്കെ വല്യമ്മയുടെ മരുന്നുകൾക്കും ഗോപേട്ടന്റെ മരുന്നുകൾക്കും ഒക്കെ അല്ലേ പോകുന്നത്.. അതോണ്ട് ജയേട്ടൻ എതിർക്കല്ലേ… പിന്നെ ഗോപേട്ടനെ കൊണ്ട് സമ്മതിപ്പിക്കുകയും വേണം “”

“അപ്പോ ഗോപേട്ടൻ അറിഞ്ഞിട്ടിലാ അല്ലേ ”

“” ഇല്ല ഏട്ടാ.. അറിഞ്ഞാൽ ഇപ്പൊ ജയേട്ടൻ പറഞ്ഞ പോലെ പറയു.. പക്ഷെ യാഥാർഥ്യങ്ങൾക്കു നേരേ കണ്ണടച്ചിരിക്കാൻ പറ്റില്ലലോ ..””

അഭിരാമി അവൾ പറയുന്നത് ശ്രദ്ധിച്ചിരിക്കുക ആയിരുന്നു.. കുറച്ചു മുൻപ് വരെ കുറുമ്പൊടു കൂടി സംസാരിച്ചിരിന്നവൾ പക്വ മതിയായ സ്ത്രീയെ പോലെ സംസാരിക്കുന്നു.. അവൾ ഗോപികയിൽ കണ്ടത് അവളുടെ തന്നെ പ്രതിബിംബം ആയിരുന്നു..

ജീവിതത്തിന്റെ തീഷ്ണമായ കനലുകൾ എരിയുന്ന നെരിപ്പോട് അതിൽ ചിലതു ജ്വലനം നഷ്ടപ്പെട്ടു കരിക്കട്ടകളായി തീരും.. ചിലതു ചാരം ആവുന്നത് വരെ ജ്വലിച്ചു കൊണ്ടിരിക്കും…

“ഞാൻ സംസാരിക്കാം ഏട്ടനോട്…” ജയദേവൻ എന്തോ ആലോചിച്ചു കൊണ്ട് ഗോപികയോട് പറഞ്ഞു..

“ഏട്ടത്തി ഒരു ദിവസം വീട്ടിലേക്കു വരണം കേട്ടോ… പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട ” തിരിച്ചു നടക്കുന്നതിനിടയിൽ ഗോപിക പറഞ്ഞു..

“എന്താണ് ഞാൻ അറിയാത്തൊരു രഹസ്യം അതിനിടയിൽ…” ജയൻ ചോദിച്ചു.

” അതു ഞങ്ങൾ പെണ്ണുങ്ങൾ തമ്മിലുള്ള സീക്രെട് ആണ്.. അല്ലേ ഏട്ടത്തി ”

“ഹ്മ്മ് “അഭിരാമി രണ്ടു സൈഡിലും നിന്ന നെൽ കതിരുകളിൽ തലോടി കൊണ്ടു നടക്കുന്നതിനിടയിൽ ഗോപികയുടെ ചോദ്യത്തിന് ചിരിയോടെ മൂളി..ഒന്നുമില്ല എന്ന അർത്ഥത്തിൽ ജയദേവനെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്തു..

അമ്പലത്തിൽ കഴിപ്പിച്ച പായസം.. അഭിരാമി കുറച്ചെടുത്ത ശേഷം ബാക്കി ഗോപികയെ ഏല്പിച്ചു ബാക്കി നിങ്ങള് രണ്ടാളും എടുത്തോളൂ ഞങ്ങള്ക് ഇതു മതി..

“അപ്പോ പിറന്നാൾ ആഘോഷം ഇതിൽ ഒതുക്കിയോ ഏട്ടത്തി.. ” ഗോപിക ചിരിച്ചു കൊണ്ടു ചോദിച്ചു.

“ഗോപു വന്നാൽ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ട് പോകാം ”

” അയ്യെടാ അതു വേണ്ടാ ഏട്ടത്തി ഒരു ദിവസം എല്ലാം ഉണ്ടാക്കിയിട്ട് വിളിച്ചോ ഞാൻ വന്നു തട്ടിയിട്ട് പോകാം..ഇന്നില്ല ഏട്ടത്തി പോയിട്ട് കുറച്ചു പണി ഉണ്ട്‌… ജയേട്ടൻ വരുന്നില്ലേ.. “മുന്നോട്ട് നടന്നു കൊണ്ടു അവൾ ചോദിച്ചു…

“”വരുന്നുണ്ടെടി “”

“പിന്നെന്താ അവിടെ പരുങ്ങി നിക്കുന്നെ.. വേഗം വാ. ” ഗോപിക കളിയാക്കി കൊണ്ടു പറഞ്ഞു

“ശോ ഈ പെണ്ണിനെ കൊണ്ട് തോറ്റു.. ” തലയിൽ കൈ വെച്ചു ജയദേവൻ പറഞ്ഞു

“അയ്യോ ഞാൻ പിറന്നാള് കാരന് സമ്മാനം ഒന്നും കൊടുത്തില്ലലോ.. “മുന്നോട്ടു നടന്നു പോയ ഗോപിക തിരിച്ചു വരുമ്പോൾ കയ്യിൽ രണ്ടു പനിനീർ പൂക്കൾ ഉണ്ടായിരുന്നു.. അവൾ അതു ഹരി നന്ദന് നേർക് നീട്ടി..

“ഇതാ കുഞ്ഞേച്ചിയുടെ സമ്മാനം.. നേരത്തെ അറിഞ്ഞിരുന്നേൽ ഞാൻ ഗിഫ്റ്റ് വാങ്ങിയേനെ.. ”

“സാരമില്ല ചേച്ചി.. ഞാൻ വെയിറ്റ് ചെയ്തോളാം “ആ പൂക്കൾ വാങ്ങി കൊണ്ടു നന്ദൻ പറഞ്ഞു..

“അയ്യെടാ അങ്ങനെ വെയിറ്റ് ചെയ്യണ്ടട്ടോ.. ” നന്ദന്റെ വയറിനു ഒരു കുത്തു കുത്തി അവൾ മുന്നോട്ട് ഓടി..

ജയദേവനും യാത്ര പറഞ്ഞു ഗോപികയുടെ കൂടെ നടന്നു പോകുന്നതും നോക്കി അഭിരാമി നടക്കല്ലുകൾ കയറി … ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

“ജയാ… ഡാ ജയാ… ” പുറത്തു നിന്നും ഉച്ചത്തിലുള്ള വിളി കേട്ടാണ് ജയദേവൻ ഇറങ്ങി ചെന്നത്.

“ആഹാ നീയോ എത്ര നാളയെടാ കണ്ടിട്ട്.. ” ജയദേവനെ കണ്ടതും വന്ന ആൾ ഓടി വന്നു കെട്ടി പിടിച്ചു. ജയന്റെ സുഹൃത്ത്‌ സിദ്ധു ആയിരുന്നു അതു.

“വാടാ വാ ഉള്ളിലേക്കു കയറി ഇരിക്ക് ” സിദ്ധു ജയദേവന്റെ കൂടെ ഉള്ളിലേക്കു കയറി

” അമ്മേ എത്ര നാളായി നിങ്ങളെ ഒക്കെ കണ്ടിട്ടു “സിദ്ധു ഓടി ചെന്നു അമ്മയുടെ കാലുകൾ തൊട്ടു തൊഴുതു.

“അമ്മയ്ക്ക് മനസ്സിലായോ ആളാരാണെന്നു ” ജയദേവൻ ചോദിച്ചു.

ശാരദാമ്മ സിദ്ധുവിനെ സൂക്ഷിച്ചു നോക്കിയെങ്കിലും പെട്ടെന്ന് മനസ്സിലായില്ല.

“അമ്മേ നമ്മുടെ സിദ്ധു ആണ് ”

“മറന്നു പോയോ അമ്മേ.. ഈ അമ്മേടെ കയ്യീന്ന് എത്ര ചോറ് വാങ്ങി തിന്നിട്ടുണ്ടെന്നോ ”

“അയ്യോ എനിക്ക് പെട്ടെന്നങ്ങോട്ടു മനസ്സിലായില്ല.. മെലിഞ്ഞു കോലു പോലുണ്ടായിരുന്നവനാ ഇപ്പൊ നോക്കിയേ ആളൊരു തക്കിടി മുണ്ടൻ ആയി ” അവൻറെ പുറത്ത് ഒരടി കൊടുത്തു കൊണ്ടു ശാരദാമ്മ പറഞ്ഞു

“ഇപ്പൊ നമ്മൾ കണ്ടിട്ട് ഒരു പത്തു പതിനഞ്ചു വർഷം കഴിഞ്ഞില്ലേ.. അല്ലേ ജയാ ”

” അതിൽ കൂടുതൽ ആയിട്ടുണ്ടാവണം നീ പ്ലസ് ടു കഴിഞ്ഞു പോയതല്ലേ ഇവിടുന്നു കഞ്ചിക്കോട്ടെക് ” ജയദേവൻ ആലോചിച്ചു കൊണ്ടു പറഞ്ഞു.

“മോനെപ്പോ വന്നു ദുബായിൽ നിന്നു ദേവൻ പറയുന്ന കേട്ടിരുന്നു മോനു ദുബായിൽ ജോലി കിട്ടിന്നൊക്കെ ” ശാരദാമ്മ അവനോടു വിശേഷങ്ങൾ ചോദിച്ചു.

“ഞങ്ങൾ കഞ്ചികോട് നിന്നു ഇങ്ങോട്ടേക്കു മാറി അമ്മേ.. ഇവിടെ റെയിൽവേ കോളനിക് അടുത്ത് ചെറിയൊരു വീട് വാങ്ങി അമ്മയും അച്ഛനും ഉണ്ട്‌ കൂടെ .അച്ഛന് അവിടെ ഒരു ടൈൽ ഫാക്ടറിയിൽ പണി ഉണ്ടായിരുന്നത് കൊണ്ടായിരുന്നു അവിടെ തന്നെ നിന്നത്.. അച്ഛന് വയ്യാതായപ്പോ കുറച്ചു കാലം അമ്മ ഫാക്ടറിയിൽ പോയി..എനിക്ക് പിന്നെ പ്ലസ്ടു കഴിഞ്ഞു പഠിക്കാനൊന്നും പറ്റിയില്ലേടാ… ഗൾഫിൽ ഒരു ചാൻസ് കിട്ടിയപ്പോ അങ്ങ് പോയി 12 വർഷം അവിടെ ഡ്രൈവർ ആയി ജോലി ചെയ്തു. പിന്നെ മതിയാക്കി ഇങ്ങു പോന്നു.. അച്ഛനും അമ്മയ്ക്കും ഒക്കെ വയ്യാതായി.. ഇനി അവരോടു പണിക് പോകണ്ടാന്നു പറഞ്ഞു ഞാൻ പണിയെടുത്തു ഒള്ളത് കൊണ്ടു കഴിയാന്നെ . പിന്നെ ജയാ ഞാൻ ഒരു കാർ വാങ്ങി ഇവിടെ ടാക്സി ആയിട്ട് ഓടാല്ലോ ”

“അതു നല്ല കാര്യാട ഇവിടെ ആണേൽ അങ്ങനെ അധികം ടാക്സി ഇല്ല ടൗണിലേക് എന്തെങ്കിലും ഹോസ്പിറ്റൽ കേസ് ഒക്കെ വരുമ്പള അതിന്റെ ബുദ്ധിമുട്ട് അറിയുന്നത് ” ജയദേവനും പറഞ്ഞു.

ഒരുപാടു കാലം കൂടി കണ്ട ആ സുഹൃത്തക്കൾക് ഒരുപാട് സംസാരിക്കാനും ഉണ്ടായിരുന്നു..എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധു പോകാൻ എഴുന്നേറ്റു

“എന്നാൽ പിന്നെ കാണാട.. നീ ഫ്രീ ആവുമ്പോ വീട്ടിലേക്കു ഇറങ്ങു..” പോകാൻ ഇറങ്ങി കൊണ്ടു സിദ്ധു പറഞ്ഞു

“ഉറപ്പായിട്ടും ഇറങ്ങാട ”

“നീയിപ്പോ ഇവിടെ മാഷ് അല്ലേ.. പെങ്ങടെ മോൾ അവിടാ പഠിക്കുന്നെ ഒമ്പതാം ക്ലാസ്സിൽ.. ”

” ആണൊ.. ഞാൻ പ്ലസ്ടു വിനു ആട എടുക്കുന്നത് എന്നാലും ആ മോളോട് എന്നെ വന്നു കാണാൻ പറ പഠനം ഒക്കെ എങ്ങനെ ഉണ്ടെന്നു അറിയാല്ലോ ”

” ഞാൻ പറയാടാ അളിയനോടും പറയാം PTA മീറ്റിംഗിന് വരുമ്പോ നിന്നെ കാണാൻ… ”

” അല്ല നമ്മുടെ കൂടെ പഠിച്ച ആൽബി ഇപ്പൊ എവിടെയാട ജയാ ” സിദ്ധു അന്വേഷിച്ചു.

“അവൻ ഡോക്ടർ ആടാ ടൗണിൽ ശങ്കേഴ്സ് ഹോസ്പിറ്റലിൽ.. കാർഡിയോളോജിസ്റ് ആണ് ”

“അവൻറെ നമ്പർ തന്നേക്ക്.. ”

” തരാം.. ഇടക് വിളിക്കാറുണ്ട്.. നിന്നെ ചോദിക്കാറുണ്ട് നിന്നെ വിളിച്ചാൽ കിട്ടാറില്ലല്ലോ.. ”

” ഇനി കിട്ടും… നാട്ടിൽ തന്നെ ഉണ്ടല്ലോ ”

മുറ്റത്തേക്കു ഇറങ്ങിയപ്പോൾ ആണ് ശാരദാമ്മ ചായയും കൊണ്ടു വന്നതു..

“ആഹാ പോകാൻ ഇറങ്ങിയോ.. ഊണൊക്കെ കഴിച്ചിട്ട് പോകാന്നേ.. ” ശാരദാമ്മ സിദ്ധു വിനോഡ് സ്നേഹത്തോടെ പറഞ്ഞു

“വേണ്ടമ്മേ ഊണ് പിന്നോരിക്കൽ ആവാം ” ചായ വാങ്ങി ഊതി കുടിച്ചു കൊണ്ടു സിദ്ധു പറഞ്ഞു.

“സിദ്ധു നല്ല മിടുക്കൻ ആയല്ലേ.. നമ്മുടെ ഗോപികയ്ക് ആലോചിക്കാമായിരുന്നു “കാറിൽ കയറി ഡ്രൈവ് ചെയ്തു പോകുന്ന സിദ്ധുവിനെ നോക്കി ശാരദാമ്മ പറഞ്ഞു

“ഞാനും ഇവിടെ പുര നിറഞ്ഞാണ് നിക്കുന്നത് കേട്ടോ അമ്മ കുട്ടി ”

” എൻറെ മോൻ പോയി ആ ടീച്ചർ കുട്ടിയെ കൂട്ടി കൊണ്ടു വാ അമ്മ എന്നെ ‘ നിലവിളക്ക് തേച്ചു വെച്ചതാ ”

“ഇനി നീ പറഞ്ഞില്ലേൽ ആമി മോളോട് ഞാൻ പറയും കേട്ടോ ”

” ഞാൻ പറഞ്ഞോളാം കേട്ടൊ അമ്മ കുട്ടി… കുറച്ചു കഴിയട്ടെ ”

“കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോവാതെ നോക്കിക്കോ.. ” “അങ്ങനെ ഒരു കാക്കയും കൊത്തില്ല അമ്മേ.ഓരോ നെൻ മണിയിലും അതു കഴിക്കേണ്ടുന്ന ആളുടെ പേരെഴുതിയിട്ടുണ്ട് എന്നല്ലേ പറയാറ് ആ പൊൻ മണിയിൽ എന്റെ പേരാണ് അമ്മേ ” അമ്മയെ ചുറ്റി പിടിച്ചു ഉള്ളിലേക്കു പോകുന്നതിനിടയിൽ ജയദേവൻ ചിരിയോടെ പറഞ്ഞു.

(തുടരും )

“”അടുത്ത ഭാഗവുമായി ഞാൻ ഇപ്പൊ വരാട്ടോ 😍😍😍.. അപ്പോ മറക്കണ്ട “♥️”

Comments:

No comments!

Please sign up or log in to post a comment!