ഒരു കുഞ്ഞിനു വേണ്ടി

എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്.

ഞാൻ തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു.

അവക്കങ്ങനെ തന്നെ വേണം

കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു.

പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല

അറിയാടാ എനിക്ക്, ആർക്കും ആർക്കുമത് ഇഷ്ടമാവില്ലെന്ന്

നീ എന്തിനാടാ കഴിഞ്ഞ കാര്യം

കഴിഞ്ഞ കാര്യമോ ആ ഓർമ്മയിലല്ലേ ഞാൻ ജീവിക്കുന്നത് തന്നെ.

നിന്നോട് പറഞ്ഞിട്ടു കാര്യമില്ല. പിന്നെ എനിക്ക് വേഗം പോണം ഒരാളെ കാണാനുണ്ട്

എന്നാ ശരിയെടാ

നീ മനസ് വിഷമിക്കാതെ ഇരിക്കെടാ

ഇല്ല ഇപ്പോ എൻ്റെ മിന്നു അവളില്ലെ കൂട്ടിന് .

അവൻ പോയതും റൂമിൽ കയറി ബെഡിൽ കിടന്നു. ചിന്തകൾ ശലഭമായി പാറിപ്പറന്നു.

ഞാൻ കൃഷ്ണൻ ഇപ്പോ കാനറാ ബാങ്കിൽ ജോലി ചെയ്യുന്നു. എനിക്കൊരു മോൾ ഉണ്ട് മൂന്നിൽ പഠിക്കുന്നു. എൻ്റെ ജീവിതത്തിലെ ആകെ സന്തോഷം അവളാണ്. ആ സന്തോഷം വന്ന അന്നു മുതൽ ഞാൻ അനാഥനായി. ഇവിടെ ഈ കോഴിക്കോട്ടിലേക്ക് മോൾക്കു വേണ്ടി ഞാൻ എന്നെ തന്നെ പറിച്ചു നട്ടു.

വീട്ടുകാർക്കും നാട്ടുക്കാർക്കും ഞാൻ ഒരു കോമാളി. മിന്നു, ആര്യകൃഷ്ണ അവൾ എൻ്റെ രക്തത്തിൽ പിറന്നവൾ അല്ല എന്ന ഒരേ ഒരു സത്യം ഒഴിച്ചാൽ അവളെൻ്റെ മകളാണ് എൻ്റെ മാത്രം.

ദുഖ സാഗരത്തിൽ പതിച്ചു ഏകനായി അലഞ്ഞപ്പോ മദ്യം മാത്രം കൂട്ടുള്ള നാളുകൾ. വീട്ടുക്കാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും എന്നെ നേർവഴിക്ക് തിരിക്കാൻ കഴിഞ്ഞില്ല. ആ ചോരക്കുഞ്ഞിന് അതു കഴിഞ്ഞു. എന്നെ ഇന്നു നിങ്ങൾ കാണുന്ന ഞാനാക്കി മാറ്റിയത് അവളാണ്. എൻ്റെ മിന്നുമോൾ.

മദ്യലഹരിയിൽ ആടിയുലഞ്ഞ് വരുമ്പോ . ഒരു കുഞ്ഞു കരച്ചിൽ എന്നെ തേടിയെത്തി. ലഹരിയുടെ മയക്കം കണ്ണിനെ മറയ്ക്കുന്നു. സത്യത്തിൽ ഞാനൊരു ഭീരുവാണ്. മരിക്കാൻ അതിയായ ആഗ്രഹമുണ്ട് എന്നാൽ സ്വയം ഇല്ലാതാവാൻ ചങ്കുറപ്പില്ലാതെ പോയി. മദ്യപിച്ച് ഉന്മാദനായി റോഡിലൂടെ നാഗത്തെ പോലെ ഇഴഞ്ഞു നീങ്ങുമ്പോ വിദൂരതയിൽ നിന്നും എന്നെ മരണത്തിൻ്റെ വാതിലിലെത്തിക്കാൻ ഒരു ലോറി വരുമെന്ന് ആഗ്രഹം. ഒരു കൊല്ലമായി നടക്കാത്ത ആഗ്രഹം. അന്നും അങ്ങനെ ഒരു രാത്രിയായിരുന്നു. ആ കുഞ്ഞു കരച്ചിൽ എന്നെ ഒരു ഓടയ്ക്കരികിലേക്ക് വരവേറ്റു. ഓടയ്ക്കരികിൽ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞ് ആരോ കളഞ്ഞിട്ടു പോയ മാംസപിണ്ഡം. ഒരു ചോരക്കുഞ്ഞ്, തൂവെള്ള നിറം , അഴകാർന്ന കുഞ്ഞു മിഴികൾ.

ആ മിഴികൾ മരണത്തിനു വിണ്ടു കൊടുക്കരുതേ എന്നെന്നോട് കേഴുന്ന പോലെ തോന്നി. ഏകയായി കിടന്നിട്ടും അവൾ ഭയത്തിൽ കരഞ്ഞതല്ല , കാലിൽ കുത്തി നോവിക്കുന്ന കൊതുക്കൾ അതാണ് ആ കുഞ്ഞു ശബ്ദം ഉണരാൻ കാരണം.

ഞാൻ പോലും അറിയാതെ എൻ്റെ കൈകൾ ആ പൈതലിനെ താങ്ങിയെടുത്തു .മാറോടണച്ച് ഞാൻ വീട്ടിലേക്കു നടന്നു. അന്നാദ്യമായി ഞാൻ മനസുരുകി പ്രാർത്ഥിച്ചു എന്നും നടക്കാതെ പോകുന്ന ആ സ്വപ്നം ഇന്ന് നടക്കാതിരിക്കാൻ ആ കുഞ്ഞു ജീവന് വേണ്ടി മാത്രം. വീട്ടിൽ കയറി എൻ്റെ മുറിയിൽ കയറി. രാത്രിയിൽ കാത്തിരിക്കാൻ എനിക്കായ് ആരുമില്ല വീട്ടുക്കാർ എന്നേ എന്നെ പടിയടച്ചു പിണ്ഡം വെച്ചതാ. ആ വീട്ടിൽ നിൽക്കുന്നു എന്നു മാത്രം. കിടക്കയിൽ തലയണ വെച്ച് ആ കുഞ്ഞിനെ കിടത്തി. അതിനരികിൽ ഞാനും കിടന്നുറങ്ങി..

രാവിലെ കരച്ചിൽ കേട്ടാണ് ഞാനുണർന്നത്. മദ്യത്തിൻ്റെ ഉന്മാദലഹരിയിൽ നിന്നും ഉണരുമ്പോ എന്നത്തെ പോലെയും തലക്കനം. അതിനോടൊപ്പം ആ കാറൽ ശബ്ദം എനുക്കു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി.

മിഴികൾ തുറന്നതും എനിക്കരികിൽ കിടക്കുന്ന പൈതലിനെ കണ്ട് ഞാൻ ഞെട്ടി. ഇതെവിടുന്നു വന്നു അതായിരുന്നു എൻ്റെ ചിന്ത. സമയം ഓർമ്മകളുടെ താളുകൾ ചികഞ്ഞ് എനിക്കൊരു നേർത്ത ഓർമ്മയുടെ ശകലങ്ങൾ, പൊട്ടിയ ചില്ലിൽ കഷ്ണങ്ങൾ പോലെ ഞാൻ കണ്ടെത്തി.

എല്ലാരും ഉണ്ടായിട്ടും ഞാൻ അനാഥൻ , ആരുമില്ലാതെ നീയും അനാഥ . എനിക്കു കൂട്ടായി നീ നിനക്കു കൂട്ടു ഞാൻ. അന്ന് ഞാൻ പറഞ്ഞ ആ വാക്കുകൾ ഇന്നും തെറ്റാതെ ഞാൻ കൊണ്ടു നടക്കുന്നു.

ഒട്ടിയ വയറിൽ വിശപ്പിൻ്റെ വിളിയിൽ ആ കുഞ്ഞു പൈതൽ കരഞ്ഞ നിമിഷം എന്നിൽ ഞാനറിഞ്ഞ വികാരം അതെന്താണ് എന്നെനിക്കറിയില്ല. പെട്ടെന്ന് അടുക്കളയിലേക്ക് ഞാൻ പാഞ്ഞു.

പാലുണ്ടോ ഇവിടെ

എന്തിനാ പാൽ, അല്ലാ എന്താ ഇന്ന് നേരത്തെ

അമ്മേ, ഉണ്ടേ താ

സംസാരം അതുപേക്ഷിച്ചിട്ട് നാളുകളായി , ആരും എന്നോട് സംസാരിക്കാതിരിക്കാനായി ദേഷ്യത്തിൻ്റെ മുഖമൂടി അണിഞ്ഞിട്ട് നാളുകളായി. ഇവരോട് സ്നേഹമില്ലാഞ്ഞിട്ടല്ല ഇന്ന് ഞാൻ ഏറെ ഭയക്കുന്നത് സ്നേഹത്തെ മാത്രമാണ്. ഞാൻ ഇങ്ങനെ ആയതിനാൽ അമ്മയും ഒന്നും പറയാതെ ക്ലാസ്സിൽ പാൽ പകർന്നു തന്നു. ഞാനൊരു സ്പൂണുമെടുത്ത് നടക്കവെ എന്തിനാടാ സ്പൂൺ എന്ന ചോദ്യം അറിയാതെ അമ്മയിൽ വന്നെങ്കിലും പിന്നെ മൗനം പാലിച്ചു. ഒരു വർഷമായി ഞാൻ ഞാനല്ലാതെ ആയിട്ട്.

മുകളിൽ ചെന്ന് സ്പൂണിൽ പാൽ ആ കുഞ്ഞു ചുണ്ടിൽ പകരുമ്പോ അറിയാതെ മനസിലെ സ്നേഹവും പകർന്നു. ഒരു വർഷത്തിനു ശേഷം ആദ്യമായി ഞാൻ സ്നേഹം പകർന്ന ഏക ജീവൻ.


എന്നും എൻ്റെ മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കാൻ ഞാനുണരുന്നതിന് മുന്നെ വരുന്ന അനിയത്തി അപ്പോഴാണ് വന്നത്. കുഞ്ഞിനു പാൽ പകരുന്ന എന്നെ കണ്ടതും അവൾ താഴേക്കൊടി.

വീട്ടുക്കാർ വീട്ടിലെ പുതിയ അതിത്ഥിയെ കുറിച്ച് അവളുടെ നാവിൽ നിന്നും അറിഞ്ഞു. ദേഷ്യത്തോടെ അച്ഛൻ എൻ്റെ മുറിയിൽ വന്നു

ഏതാടാ ഈ കൊച്ച്

എനിക്ക് ഓടയിൽ നിന്നും കിട്ടിയതാ

പന്ന പൊലയാടി മോനെ, കള്ളം പറയുന്നോ ഒരു കൊല്ലായി നീ നിനക്ക് തോന്നിയ പോലെ നടക്കാൻ തുടങ്ങിയിട്ട് എതവളിൽ ഉണ്ടാക്കിയതാടാ ഈ അസത്തിനെ

അച്ഛനാന്നു ഞാൻ നോക്കില്ല തോന്നിവാസം പറഞ്ഞാ

നീയെന്നെ തല്ലു വോടാ

ദിവാകരേട്ടാ …. അമ്മയുടെ ശബ്ദം ഉയർന്നു

നിനക്കിതിനെ വഴിയിൽ നിന്നും കിട്ടി, ശരി ഇതിനെ വല്ല അനാഥാലയത്തിലും ആക്കാ

വേണ്ട അമ്മേ.. നിങ്ങളൊക്കെ എന്നെ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചില്ലെ ഒരു കുഞ്ഞിക്കാല് കാണാൻ ഇവൾ മതി എനിക്ക് എൻ്റെ മകളായിട്ട്.

ടാ ഇതിനെ അനാഥാലയത്തിലാക്കണം, വല്ലവൻ്റെയും അഴുക്കുച്ചാൽ ഇവിടെ വളരണ്ട

ദേ അച്ചാ

എന്തേ എന്നും മദ്യപിച്ച് നടക്കുന്ന നി നോക്കോ ഇതിനെ, ഞാൻ ചിലവിനു കൊടുക്കില്ല ഈ അസത്തിന്

അതിനെ നോക്കാൻ എനിക്കറിയാ

എൻ്റെ വീട്ടിൽ അതു നടക്കില്ല

വേണ്ട ഞാനിപ്പോ ഇറങ്ങാം പോരെ

അന്ന് എനിക്കു വേണ്ട എല്ലാം എടുത്ത് കൂടെ ആ ചോരക്കുഞ്ഞിനെയും എടുത്തു ഞാൻ ആ വീടിൻ്റെ പടിയിറങ്ങി. അച്ഛൻ്റെ വാക്കുകളിലെ മൂർച്ച മദ്യത്തെ എന്നിൽ നിന്നകറ്റി. കുഞ്ഞിനേയും കൊണ്ട് കോഴിക്കോട്ടേക്കു കേറി, ഇവിടെ വന്ന് ഒരു ജോലിയും താമസവും രണ്ടു ദിവസത്തെ അലച്ചിലിനൊടുവിൽ കണ്ടെത്തി. ഞാൻ പട്ടിണി കിടന്നെങ്കിലും എൻ്റെ കുഞ്ഞിനെ ഞാൻ കിടത്തിയില്ല. പിന്നെ ഒരു വാശിയായിരുന്നു അവൾ ആരതി അവൾ കാരണം മുടങ്ങിയ പഠിപ്പും ഞാൻ തിരിച്ചു പിടിച്ചു.

മൂന്നു കൊല്ലം നീണ്ട പ്രണയം, ജീവൻ്റെ പാതിയായി ലയിച്ചതാണ്. ശരീരവും മനസും . ഡിഗ്രി കാലം പ്രണയിച്ച ആ നാളുകൾക്ക് ഒടുവിൽ നല്ല ഒരു ആലോചന പണത്തിൻ്റെ തിളക്കത്തിനു മുന്നിൽ എന്നെ വിട്ട് അവൾ അവൻ്റെയായി. അന്നു തകർന്ന ഞാൻ ,മദ്യം അവൻ്റെ ലോകത്തിലെ അടിമയും .

മിന്നു അവൾക്ക് വേണ്ടി, ആ ഒരു വാശിയിൽ നേടിപ്പിടിച്ചതാണ് ഇതെല്ലാം അനാഥരുടെ സമ്പാദ്യം. വീട്ടുക്കാരെ കാണാൻ കൊതിയുണ്ട് പക്ഷെ പോകാൻ പേടിയാണ് ഇവൾ എൻ്റെ ആരുമല്ല എന്ന സത്യം അവൾ അറിയരുത്. അതിനായി ഞാൻ സ്വയം ഇഷ്ടപ്പെടുന്നതും ഈ അനാഥത്വമാണ്.

ഒടുക്കം ആരതി അവളും ഒരനാഥയായി തെരുവിൽ കിടക്കുന്നു, പണത്തിനു പിന്നാലെ പാഞ്ഞ അവൾ സ്നേഹത്തിൻ്റെ വിലയറിഞ്ഞില്ല.


അച്ഛാ ……..

മിന്നുമോൾ ഓടി വന്നു കവിളിൽ മുത്തിയ നേരം ആരതിയുടെ ദുഖിക്കുന്ന ഓർമ്മകളും എന്നിൽ നിന്നു മാഞ്ഞു പോയി

……………………………………………………………………….

റോസി അവൾ ലേബർ റൂമിൽ അലറുകയാണ് പ്രസവവേദനയിൽ . പുറത്ത് കുഞ്ഞിനെ കിട്ടുന്ന സന്തോഷത്തെക്കാൾ ഏറെ മകളുടെ ജീവിതം നശിച്ച ദുഖത്തിൽ മാതാപിതാക്കൾ കരയുകയാണ്.

ഒരു കുഞ്ഞ് ആർത്ത നാദവുമായി അവൾ പിറന്നു വീണു. മയക്കത്തിൽ നിന്നും ഉണർന്ന റോസി തേടിയത് തൻ്റെ ജീവൻ്റെ തുടിപ്പിനെയാണ്. തനിക്കരികിൽ ശൂന്യമാണെന്നു കണ്ട് അവൾ അലറി ഒരു ഭ്രാന്തിയെ പോലെ.

ആ കുഞ്ഞ് അവളുടെ പ്രതീക്ഷയാണ് , മുന്നോട്ട് ജീവിക്കാനുള്ള അവളുടെ ഏക ആശ്രയം . അന്ന് മരിക്കാൻ ഒരുങ്ങിയ ആ നിമിഷം എൻ്റെ കുഞ്ഞെനിക്കു തന്ന അടയാളം ഒരു കുഞ്ഞു തലക്കറക്കമാണ്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ രണ്ടു ജീവൻ പോകുമായിരുന്നു.

അന്ന് ആ മഴയുള്ള രാത്രിയിൽ, നനഞ്ഞിറനായി അവനോടൊപ്പം ഒരു ഹോട്ടലിൽ മുറിയെടുത്തപ്പോ താനും സന്തുഷ്ടയായിരുന്നു. ആൽബി തൻ്റെ കഴുത്തിൽ മിന്നുകെട്ടാൻ പോകുന്നവൻ തൻ്റെ പ്രണൻ്റെ പ്രാണനായ കാമുകൻ. ശരീരവും മനസും അവന് എന്നോ താൻ അർപ്പിച്ചതാണ്.

തെറ്റായ ഒരു നോട്ടം, ഒരു സ്പർഷനം അവനിൽ നിന്നും ഉണ്ടായിട്ടില്ല. താൻ ചെറുതായി അതിരു വിട്ടാൽ പോലും അവൻ വിലക്കാറാണ് പതിവ് . അവനിലെ മാന്യമായ പെരുമാറ്റം ഏതൊരു പെണ്ണും ആഗ്രഹിക്കും ഞാനും ആഗ്രഹിച്ചിരുന്നു.

അന്ന് ആ തണുപ്പിൽ ഇരുവരും അറിയാതെ ശരീരങ്ങൾ ചൂടു കാഞ്ഞ നിമിഷം, ഓർക്കാൻ മാധുര്യമുള്ള നിമിഷം , അവൻ എനിക്കായി പകർന്നു തന്നു. എന്നിലെ സർവ്വവും പകർന്ന് ഞാൻ അവനെ സ്വന്തമാക്കി.

പിന്നീടുള്ള ദിനങ്ങൾ ഞാനറിഞ്ഞ സത്യം അത് വിശ്വസിക്കാൻ എനിക്കായില്ല. അവൻ്റെ ഫോൺ കോളുകൾ വരാതെയായി അവനെ കാണാൻ ശ്രമിക്കുമ്പോ പരാജയം മാത്രം എന്നെ തേടി വന്നു. എന്നിൽ നിന്നും അവൻ എങ്ങോ ദൂരെ പോയി മറഞ്ഞു.

അവൻ്റെ ആ മാന്യത ഒരു മുഖമൂടി ആയിരുന്നു എന്നു തിരിച്ചറിയാൻ നേരമേറെയായി പോയി, പലപ്പോഴും ജീവിതം അങ്ങനെയാണ് എല്ലാം കഴിഞ്ഞ് പുതിയ വഴികൾ ഒന്നുമില്ലാതെ വരുമ്പോ സത്യങ്ങൾ തുറന്നു കാട്ടും പിന്നെ ഭീതിയുടെ ചുഴലിക്കാറ്റിലേക്ക് തള്ളിവിടും .

മനസു മാത്രം അശുദ്ധമായിരുന്നെങ്കിൽ മറ്റൊരു ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ താനൊരു അഴുക്കു ചാലായി കഴിഞ്ഞു. ആരെയും താൻ ചതിച്ചിട്ടില്ല, എന്തിന് ഒരു വാക്കു കൊണ്ട് പോലും നോവിച്ചിട്ടില്ല എന്നിട്ടും തൻ്റെ ജീവിതം ചവറാണ് വെറും ചവറ് , ചവറ്റു കൊട്ട പോലും സ്വീകരിക്കാൻ മടിക്കുന്ന അഴുകിയ ചവറ്.


പിന്നെ കുറേ ദിനങ്ങൾ സങ്കടമാണോ , ഭ്രാന്താണോ എനിക്കു പോലും അറിയാതെ ദിനങ്ങൾ പോയി മറഞ്ഞു . ഒടുക്കം മരണമെന്ന മുക്തിയിൽ അഭയം പ്രാപിക്കാൻ തുടങ്ങിയപ്പോ ആദ്യമായി അമ്മേ എന്ന വിളിയിൽ ഉയർന്ന മയക്കം, ആ തല കറക്കം എന്നെ ജീവിക്കാൻ മോഹിപ്പിച്ചു.

ആയിരം വട്ടം അച്ഛൻ പറഞ്ഞു നോക്കി ആ കുഞ്ഞിനെ അലസിപ്പിക്കാൻ അമ്മയും ആവത് ശ്രമിച്ചു. ആ കുഞ്ഞില്ലെങ്കിൽ ഞാൻ മരിക്കുമെന്നുറപ്പായപ്പോ പുത്ര വാത്സല്യത്തിൽ അവർ തോറ്റു തന്നു. കുടുംബവും നാട്ടുക്കാരും പരിഹസിച്ചപ്പോഴും തളരാതെ എൻ്റെ കൂടെ നിന്നു. ഒടുക്കം ഈ പ്രസവമുറിയുടെ വെളിയിൽ.

എൻ്റെ കരച്ചിൽ കണ്ട് അവർ എനിക്കരികിൽ വന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

എൻ്റെ കുഞ്ഞിനെ കൊന്നോ നിങ്ങൾ

എന്താ മോളേ പറയുന്നത്

എൻ്റെ നല്ല ജീവിതം കണ്ടാണ് നിങ്ങളിതെക്കെ ചെയ്തതെങ്കിൽ എൻ്റെ ശവം കാണും

മോളെ അതിനാണോടി നാട്ടുക്കാരുടെ മുന്നിൽ ഒരു പരിഹാസപാത്രമായി അച്ഛൻ നിൻ്റെ കൂടെ നിന്നത്.

അച്ഛൻ്റെ മാറിൽ പൊട്ടിക്കരഞ്ഞ നിമിഷങ്ങളിലും മിഴികൾ തേടിയത് ആ കുഞ്ഞു മുഖത്തെയാണ് . മാതൃത്വം എന്ന അനന്തസാഗരം പകർന്ന നോവായിരുന്നു.

എൻ്റെ കുഞ്ഞിൻ്റെ മുഖം പോലും കാണാൻ ഭാഗ്യമല്ലല്ലോ

ആരു പറഞ്ഞു

ഡോക്ടർ ആണ് മറുപടി പറഞ്ഞത്. ജനിച്ചപ്പോ കുഞ്ഞിന് ചെറിയ പ്രശ്നങ്ങൾ അതിനാൽ ഐ സി യു കുഞ്ഞുണ്ട് എന്നറിഞ്ഞ നിമിഷം ഞാനനുഭവിച്ച ആനന്ദം അത് പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.

അതെ താനൊരു ആൺ കുഞ്ഞിന് ജൻമം നൽകി. അവനെ ആൽബി എന്നു വിളിക്കണം മനസിൽ പഴയ പ്രണയത്തിൻ്റെ സ്മരണയിൽ ഉണർന്നതാണ് താൻ പോലും അറിയാതെ. വിവേകം ഉണർന്ന നിമിഷം താനത് തിരുത്തി.

ഇല്ല ഒരിക്കലും ആ നീചൻ്റെ പേരിൽ ഞാനെൻ്റെ ഓമനയെ വിളിക്കില്ല. ആ പേരു പോലും അവനറിയരുത്ത്. ആ കഴുകൻ കണ്ണുകൾ ഒരിക്കലും അവനിൽ പതിക്കരുത്. അവനെ ഞാൻ വളർത്തും , സ്നേഹമെന്തെന്നും പ്രണയമെന്തെന്നും ഞാൻ പഠിപ്പിക്കും. സ്ത്രീ എന്തെന്നും അവളോടെങ്ങനെ പെരുമാറ്റണമെന്നും ഞാൻ പഠിപ്പിക്കും, ആ നീചൻ്റെ രക്തം അവനിലുമുണ്ട് അതിലെ വിഷവിത്തിനെ അവനിൽ വളരാൻ അനുവദിക്കാതെ ഞാൻ വളർത്തും നല്ലൊരു പുരുഷനായി.

രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ എൻ്റെ കുഞ്ഞ് എനിക്കരികിലെത്തി. അവൻ ആദ്യമായി മുലപ്പാൽ നുകർന്ന നിമിഷം എന്നിലെ മാതൃത്വം പൂർണ്ണത നേടി. ജീവിക്കാൻ ഒരുപാട് ആഗ്രഹവും.

……………………………………………………………………….

മോളെ വാ പോവാം

ഇല്ല അച്ഛാ ഞാൻ വരില്ല

ഞാൻ പറയുന്നത് കേൾക്കു മോളേ

വേണുവേട്ടൻ ഉറങ്ങുന്ന മണ്ണ് വിട്ട് ഞാൻ വരില്ല

മോൾ പൊയ്ക്കോ

അമ്മേ , അമ്മയ്ക്കു ഞാനൊരു ഭാരമായോ

എൻ്റെ പൊന്നു മോളേ

ആ വാക്കുകൾക്ക് പിറകേ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാനും കരയുകയായിരുന്നു. ആ നിമിഷം എൻ്റെ അച്ഛൻ്റെ മിഴികളും നനഞ്ഞിരുന്നു.

മരുമോളായിട്ടല്ല മകളായിട്ട അമ്മ നിന്നെ കണ്ടത്

അറിയാം അമ്മേ എനിക്കറിയാ

മോളുടെ ജീവിതമെങ്കിലും രക്ഷപ്പെടട്ടെ എന്നേ അമ്മ കരുതിയൊള്ളു.

ഞാൻ ആതിര, ഒന്നര കൊല്ലം മുന്നെ ആദിയേട്ടൻ ഈ കഴുത്തിൽ താലി ചാർത്തി എന്നെ ഇവിടേക്കു കൊണ്ടു വരുമ്പോൾ ഭൂമിയിലെ ഏറ്റവും സന്തോഷവതി ഞാനായിരുന്നു. എട്ടു വർഷത്തെ പ്രണയം, വീട്ടുക്കാർ പോലും എതിരു നിൽക്കാതെ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തന്നു.

ആദ്യ രാത്രിയിലെ ആ നിമിഷങ്ങൾ, എത്ര തന്നെ അടുത്തറിഞ്ഞ പുരുഷനാണെങ്കിലും സ്ത്രീ അവളിലെ നാണം എന്നെയും കീഴ്പ്പെടുത്തിയിരുന്നു. അവിടുന്ന് അങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതം അതിലെ സന്തോഷം , ഇണക്കവും പിണക്കവും എല്ലാം ഇന്നൊരു ഓർമ്മ മാത്രം

നെറുകയിൽ മുത്തമേകി ബൈക്കെടുത്ത് രാത്രിയിൽ ആദിയേട്ടൻ ഇറങ്ങുമ്പോ മനസ്സ് അന്ന് ശാന്തമല്ലായിരുന്നു. ഇറക്കുമ്പോ അതിനു മുടക്കം പറയുന്നത് ഏട്ടനിഷ്ടമല്ല അതുകൊണ്ട് താനും ഒന്നും പറഞ്ഞില്ല. ആ രാത്രി തനിക്കു ഉറക്കം വന്നതേ ഇല്ല, മനസിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിങ്ങലായിരുന്നു.

നേരം വെളുത്തതും തന്നെ വരവേറ്റത് ആംബുലൻസിൻ്റെ ശബ്ദമായിരുന്നു. പടി കടന്നു വന്ന ആംബുലൻസിൽ നിന്നും വെള്ള തുണിയിൽ പൊതിഞ്ഞ ആഭിയേട്ടൻ്റെ ശരീരം കൊണ്ടു വരുന്നത് കണ്ട നിമിഷം എൻ്റെ ബോധം മറഞ്ഞിരുന്നു.

ആ ദേഹം ചിതയിലെരിഞ്ഞ നാൾ മുതൽ ഒരു ഭ്രാന്തിയെ പോലെ താൻ കരഞ്ഞിരുന്നു. മുറിയിൽ ഒതുങ്ങിക്കൂടിയ ദിനരാത്രങ്ങൾ. എല്ലാം വേദനിക്കുന്ന ഓർമ്മകൾ മാത്രം. ഒരു പാട് സമയം വേണ്ടി വന്നു എനിക്ക് പഴയ പോലെ ഒന്നു ചിരിക്കുവാൻ, ഇന്നും ആ ചിരി ഒരഭിനയമാണ് അതും ആദിയേട്ടൻ്റെ അമ്മയ്ക്കും അച്ഛനും വേണ്ടി മാത്രം

ഇന്നെൻ്റെ അച്ഛൻ വന്നത് എന്നെ കൂട്ടിക്കൊണ്ടു പോവാനാണ് . മൂന്നു മാസത്തെ വിവാഹ ജീവിതത്തിൽ നിന്നും പുതിയൊരു ജീവിതം ഉണ്ടാക്കിത്തരുവാൻ.

ആദിയേട്ടൻ്റെ അച്ഛനും അമ്മയുടെയും വാശിക്കു മുന്നിൽ തോറ്റു പോയി , ഒടുക്കം അച്ഛനോടെപ്പം സ്വന്തം വീട്ടിൽ വന്നു. എനിക്കൊരു വിവാഹം വേണ്ടെന്നു പറഞ്ഞിട്ടും അവർ കാര്യമാക്കാതെ അതിനായി അവർ ഒരുങ്ങിയ നിമിഷം ഞാൻ തോറ്റു പോയി.

ഏറെ വർഷം മനസിൽ കൊണ്ടു നടന്ന പുരുഷൻ അവൻ താലി കെട്ടി സ്വന്തമാക്കി. തൻ്റെ ശരീരവും മനസും അവനു പകർന്ന് അവൻ്റെ നേർ പാതിയായി താൻ. അവൻ്റെ ഓർമ്മയിൽ തൻ്റെ സ്വന്തമായി ജീവിക്കാൻ താൻ കൊതിക്കുമ്പോൾ അതു മനസിലാക്കാൻ കഴിയാത്ത രക്ത ബന്ധുക്കൾ .

ഒരു കുഞ്ഞ് , ആ കുഞ്ഞു ജീവൻ്റെ തുടിപ്പ് എന്നിൽ ഉണർന്നിരുന്നെങ്കിൽ, ആദിയേട്ടൻ്റെ കുഞ്ഞിൻ്റെ പേരിൽ എനിക്കാ വീട്ടിൽ പിടിച്ചു നിൽക്കാമായിരുന്നു, എൻ്റെ രക്തബന്ധങ്ങളോട് പറയാമായിരുന്നു.

ഒടുക്കം ആ ദിവസം വന്നെത്തി, മറ്റൊരാൾ എൻ്റെ കഴുത്തിൽ താലി ചാർത്താൻ ഒരുങ്ങുന്ന നിമിഷം , അയാളെയും രക്തബന്ധങ്ങളെയും സമൂഹത്തെയും തോൽപ്പിച്ചു ഞാൻ വിജയം നേടി. മരണമാം മുക്തിയിൽ ലയിച്ച് ഞാൻ ആദിയിൽ അലിഞ്ഞു ചേർന്നു.

ഒരു കുഞ്ഞിനെ തന്നിരുന്നെങ്കിൽ ഈശ്വരാ അതിനായി ഞാൻ ജീവിച്ചേനെ, എൻ്റെ ആദിയേട്ടന് ജീവനായി ഞാൻ ജീവിച്ചേനെ, മരണത്തെ മുഖാമുഖം കാണുമ്പോൾ ചെറു പുഞ്ചിരിയോടെ ഞാൻ ഓർത്ത സത്യം .

Comments:

No comments!

Please sign up or log in to post a comment!