തട്ടത്തിൻ മറയത്ത്
ഭാരത് ബെൻസിന്റെ 2528 ആണ്. ക്രഷറിൽ നിന്ന് എം-സാൻഡ് എടുത്ത് സൈറ്റിലേക്ക് പോവുന്ന വഴി. ക്യാബിനിൽ നിന്ന് ചാടിയിറങ്ങി കറുത്ത മുണ്ട് ഒന്ന് മടക്കിക്കുത്തി, കുറെ സംസ്‌കൃത ശ്ലോകങ്ങൾ ഒക്കെ പ്രിൻറ് ചെയ്ത വെള്ള കുർത്തയുടെ കൈയൊന്നു വലിച്ചു കയറ്റി മുന്നിലുള്ള വണ്ടികളെ കടന്നു മുന്നോട്ട് പോയി നോക്കിയപ്പോൾ ദേ കിടക്കുന്നു, നമ്മുടെ ബസ്- അനുഗ്രഹ. എട്ടു മണിയുടെ ട്രിപ്പ് ആണ്, പക്ഷെ വണ്ടി ഇരുപത് മിനുട്ട് ലേറ്റ് ആണല്ലോ. ബസിന്റെ സൈഡിലൂടെ നടന്നു മുന്നിലെത്തിയപ്പോൾ ആണ് വലതു ഭാഗത്തായി റോഡ് നന്നാക്കാൻ മെറ്റല് ഇറക്കി ഇട്ടിരിക്കുന്നു. നാലഞ്ച് ലോഡ് ഉണ്ട്, അത് കൊണ്ട് ഒരു സൈഡിലൂടെ മാത്രമേ വണ്ടി പോവൂ…
ആ സൈഡിൽ ആണെങ്കിൽ രണ്ടു ഇന്നോവയും ഒരു ഫോർച്യൂണറും ഉൾപ്പെടെ 4 വണ്ടികളും, റോഡ് സൈഡിൽ ആണ് നിർത്തിയിരിക്കുന്നത്. അത് കടന്നു ബസിനു പോവാൻ ഉള്ള ഗാപ് ഇല്ല.
” എന്താ അക്ബറിക്കാ പ്രശ്നം?? ” ബസിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്ന 35 വയസ്സ് തോന്നിക്കുന്ന ആളോട് ഞാൻ ചോദിച്ചു.
” ആ മോനോ? അവിടെ ഗാപ് ഇല്ലന്നെ.. വണ്ടി മാറ്റി ഇടാൻ പറഞ്ഞപ്പോൾ ആ ചെക്കന്മാർ ഒടക്കാൻ വന്നെക്കണ്… രാവിലത്തെ ട്രിപ്പ് അല്ലെ..കുട്ട്യോളും ഓഫീസിൽ പോവണ്ടോരും ഒക്കെ ഇണ്ട്… ന്താപ്പോ ചെയ്യാ?? ആ സാഹിബിന്റെ പെരെന്റെ മുന്നിൽ ആയീലെ?? ”
സാഹിബ്- ശരിക്ക് പറഞ്ഞാൽ മാളിയേക്കൽ അഹമ്മദ് ഹാജിയാർ, സ്ഥലത്തെ പ്രമുഖൻ ആണ്, അതിലുപരി നല്ലൊരു മനുഷ്യനും.. ജാതി മത ചിന്തകൾ ഇല്ലാതെ എല്ലാവരെയും മനുഷ്യനായി കാണുന്ന വ്യക്തി. ഇന്നോവ നിർത്തി ഇട്ട സ്ഥലത്തേക്കു ചെന്നപ്പോൾ ആണ്, സാഹിബിന്റെ അറാംപിറന്ന രണ്ടാമത്തെ മോൻ കണ്ടക്ടർ അനീഷിന്റെ കോളറിൽ പിടിച്ചു ഇന്നോവയോട് ചേർത്ത് നിർത്തിയിരിക്കുകയാണ്. അനീഷ് ഒരു പാവം ആണ്. മെലിഞ്ഞു വലിയ ആരോഗ്യം ഇല്ലാത്ത ഒരു പാവം..എന്നാലോ എപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ആ മുഖത്തുണ്ടാവും.
” എന്താ ഹാരിസേ ഈ കാട്ടുന്നത്?? ഓനെ വിടെടാ… “പറഞ്ഞു കൊണ്ട് ഞാൻ ഹാരിസിന്റെ തോളിൽ പിടിച്ചു പിന്നോട്ട് വലിച്ചു.
ഹാരിസ് എന്നേക്കാൾ 2 വയസ്സിനു മൂത്തതാണ്. സാഹിബിന്റെ രണ്ടാമത്തെ മോൻ. ഉപ്പാന്റെ ബിസിനസ് ഒക്കെ നോക്കി നടത്തുന്നു. സാഹിബിനു നാലു മക്കൾ ആണ്, മൂത്തത് രണ്ടെണ്ണം ആണും, ഇളയ രണ്ടെണ്ണം പെണ്ണും. ഇവൻ രണ്ടാമത്തെ ആളാണ്. മൂത്തവൻ ഫർഹാൻ ഇടക്കെ നാട്ടിൽ കാണൂ…ഗൾഫിലെ ബിസിനസ് നോക്കുന്നത് അവനാണ്. പിന്നെ മൂന്നാമത്തേത് ഷെൽഹ, എന്റെ കൂടെ പഠിച്ചതാണ്.. അതിലുപരി എന്റെ പ്രാണൻ ആയിരുന്നു കുറെ കാലം.
പെട്ടെന്ന് പിന്നിൽ നിന്ന് വലിച്ചത് കൊണ്ടാവും ഹാരിസിന്റെ കയ്യൊന്നു അയഞ്ഞു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ- ആദി.
” ആദി..നീ ഇതിൽ ഇടപെടേണ്ട, സാഹിബിന്റെ വീടിന്റെ മുന്നിൽ കിടന്ന് ഒരുത്തനും ഷോ കാണിക്കണ്ട. ”
” എടാ..നീയാ വണ്ടി ഒന്ന് മാറ്റി ഇട്ടു കൊടുക്ക്.. എല്ലാർക്കും പോണ്ടേ?? നോക്ക്..ഗേറ്റിന്റെ ഉള്ളിലേക്ക് ഇട്.. അവിടെ സ്ഥലം ഉണ്ടല്ലോ… . ”
” അങ്ങനെ ഈ വണ്ടി മാറ്റിയിട്ട് ആരും പോണ്ട, ഒരു അർജന്റ് കാര്യം നടന്നോണ്ടിരിക്കാണ് അകത്തു. ഒരു പത്തു മിനുട്ട് കൂടി, അത് കഴിഞ്ഞു മാറ്റാം.. നേരത്തെ മാറ്റിയേനെ, അപ്പൊ ഈ നായ്ക്കൾക്ക് ഇവിടെ കിടന്നു ഹോൺ അടിക്കണം…”
ഹാരിസിനോട് പറഞ്ഞാൽ അവനു മനസ്സിലാവില്ല. പണ്ട് മുതലേ ഉള്ള പ്രശ്നം ആണ്, വാപ്പാന്റെ പൈസ കണ്ടു വളർന്നതിന്റെ ആണ്.
” ശരി എന്നാ…ഞങ്ങൾ വെയിറ്റ് ചെയ്യാം… അനീഷേ..വാടാ”
ഞാൻ അവനെയും കൊണ്ട് ബസിലേക്ക് കേറി..ഞങ്ങൾ കയറുന്നതും നോക്കി കുറച്ചു നേരം നിന്നിട്ട് അവൻ വീട്ടിലേക്ക് കേറിപ്പോയി.
ഞാൻ ഫ്രണ്ട് ഡോറിലൂടെ കേറി അക്ബർ ഇക്കയോട് മാറി ഇരിക്കാൻ പറഞ്ഞു.
” ആദി..മോനെ വേണ്ടെടാ… അച്ഛൻ അറിഞ്ഞാൽ പ്രശ്നം ആവും.. ”
” ഇല്ലിക്കാ…ഇതിപ്പോ ശരിയാക്കിത്തരാം… ” ഒരു ചിരിയോടെ പറഞ്ഞു ഞാൻ ഡ്രൈവർ സീറ്റിൽ ഇരുന്നു വണ്ടി സെക്കന്റിലേക്ക് ഇട്ടു മുന്നോട്ട് എടുത്തു. വണ്ടിയുടെ ടെസ്റ്റിന് സമയം ആയിട്ടുണ്ട്, ഇന്നത്തേത് ലാസ്റ്റ് ട്രിപ്പ് ആണ്. അത് കഴിഞ്ഞാൽ പെയിന്റ് അടിച്ചു എല്ലാം ശരിയാക്കി ടെസ്റ്റിന് കൊണ്ട് പോവണം. അതുകൊണ്ട് കുറച്ചു പെയിന്റ് പോയാലും പ്രശ്നം ഇല്ല. ഞാൻ ബസ് ഇടത്തോട്ട് ചേർത്ത് ഇന്നോവയുടെയും ഫോർച്യൂണറിന്റെയും സൈഡ് ചേർത്ത് ഉരച്ചു കൊണ്ട് വണ്ടി മെറ്റൽ കൂന കഴിഞ്ഞു നിർത്തിക്കൊടുത്തു.
എന്തൊക്കെയോ ഉരയുന്നതിന്റെയും പൊട്ടുന്നതിന്റെയും ശബ്ദം കേട്ടാണ് ഹാരിസും വീട്ടിലുള്ളവരും പുറത്തേക്ക് ഓടി വന്നത്. നോക്കിയപ്പോൾ എല്ലാ വണ്ടിയുടെയും വലതു വശം നീളത്തിൽ പെയിന്റ് പോയിരിക്കുന്നു, കൂടെ എല്ലാത്തിന്റെയും വലതു വശത്തെ കണ്ണാടിയും.
” ഡാ….ഇയ്യിന്റെ വീട്ടിലെ വണ്ടിക്ക് തട്ടിക്കുന്നോടാ?? ” എന്റെ നേരെ പാഞ്ഞു വന്ന ഹാരിസിനെ ഖദീജുമ്മ പിടിച്ചു നിർത്തി.
പെട്ടെന്ന് ആരോ ഒരു ഫോൺ ഹാരിസിന് കൊടുത്തു. അപ്പുറത്തു നിന്നുള്ള പറച്ചിലുകൾക്ക് മൂളൽ മാത്രമേ ഉള്ളൂ…
നിന്നെ പിന്നെ എടുത്തോളാം എന്നും പറഞ്ഞു അവൻ അകത്തേക്ക് കേറി. ആരൊക്കെയോ വന്നു ഇന്നോവ ഒന്നുകൂടി സൈഡ് ചേർത്ത് നിർത്തിക്കൊടുത്തു. ഇത് ആദ്യമേ ചെയ്താൽ മതിയായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ലോറിക്കടുത്തെത്തി വണ്ടിയിൽ കേറി സി ഗിയർ ഇട്ടു വണ്ടി മുന്നോട്ടെടുത്തു.
* * * * * * * *
രണ്ടു ട്രിപ്പ് കൂടി അടിച്ചു ലോറി ക്വാറിയിൽ ഇട്ട് ഞാൻ ബുള്ളറ്റും എടുത്ത് വീട്ടിലേക്ക് വന്നു. ലക്ഷ്മിയമ്മ കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടന്നു തോന്നുന്നു. പഴയ രീതിയിൽ ഉള്ള നാലുകെട്ടിന്റെ ഉമ്മറത്തു പടിയിൽ എന്നെയും നോക്കി ഇരിക്കുന്നുണ്ട്. ദേഷ്യം വന്നാൽ ലക്ഷ്മിയമ്മ യക്ഷിയമ്മ ആണ്. ആര് പറഞ്ഞാലും ഒന്നും കേൾക്കില്ല…ലോക്കൽ സെക്രട്ടറി ആയ അച്ഛനെ വരെ വരച്ച വരയിൽ നിർത്തും.. അച്ഛനും അമ്മാവനും കൂടി ബിസിനസ് ആണ്.. അമ്മാവൻ എന്ന് വിളിക്കുമെങ്കിലും അച്ഛന്റെ അനിയൻ ആണ്..
ബസ്, പെട്രോൾ പമ്പ്, ടൗണിൽ 2 സൂപ്പർ മാർക്കറ്റ് പിന്നെ രണ്ടു ക്വാറിയും ഒരു ക്രഷറും കുറച്ചു സിവിൽ കോൺട്രാക്ട് വർക്കും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു പേർ- ചേച്ചി ആണ് മൂത്തത്, അവൾ സിവിൽ സർവീസ് വേണമെന്ന് പറഞ്ഞു കോഴിക്കോട് ആണ്. കോച്ചിങ് കഴിഞ്ഞു ഇപ്പോൾ അവിടെ ഒരു സെന്ററിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ഈ ഞാൻ. എഞ്ചിനീയറിംഗ് കഴിഞ്ഞു ബാംഗ്ലൂർ ആയിരുന്നു. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ. രക്തത്തിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളതുകൊണ്ട് ആണോ എന്തോ കുത്തക മുതലാളിമാർക്ക് വേണ്ടി പണിയെടുക്കാൻ പറ്റില്ലെന്നും പറഞ്ഞു ആറക്ക ശമ്പളം ജോലി ഇട്ടെറിഞ്ഞു പോന്നു. (പ്ളീസ് നോട്ട് : ഒരു ലക്ഷം മുതൽ ആറക്കം
തുടങ്ങും… ). ഇപ്പൊ നാട്ടിൽ ചെറുതായിട്ട് അച്ഛന്റെ ബിസിനസ്സിൽ സഹായിച്ചും അല്ലറ ചില്ലറ കൃഷിയൊക്കെ ആയിട്ടും മുന്നോട്ട് പോവുന്നു.
വീടിനടുത്തുള്ള ഷെഡിൽ ബൈക് നിർത്തി ഇറങ്ങി. അച്ഛന്റെ പണ്ടത്തെ പടക്കുതിരകൾ- ഒരു രാജ്‌ദൂതും അംബാസഡറും, രണ്ടും KLM രെജിസ്ട്രേഷൻ – പ്രതാപത്തോടെ കിടക്കുന്നുണ്ട് ഷെഡിൽ. വല്ലപ്പോഴും മാത്രമേ ആ വണ്ടികൾ ഷെഡിൽ നിന്നും ഇറങ്ങാറുള്ളൂ.. അല്ലാത്തപ്പോൾ ഓടാൻ അമ്മാവന്റെ ഇന്നോവ ഉണ്ട്.
ചെന്ന് കേറിയ പാടെ കേട്ടു അമ്മയുടെ വായിൽ നിന്ന്…വയറു നിറച്ചു. ഞാൻ വാദിക്കാൻ പോയില്ല. കച്ചറ ഉണ്ടാക്കിയത് അല്ല , അത് സാഹിബിന്റെ വീട്ടുകാരോട് ഉണ്ടാക്കിയതാണ് വലിയ പ്രശ്നം.
അച്ഛനോട് ഇന്ന് നടന്നതൊന്നും പറഞ്ഞു ഇനിയും എന്നെ ചീത്ത കേൾപ്പിക്കരുത് എന്ന് സമ്മതിപ്പിച്ചാണ് റൂമിലേക്ക് പോയത്. എന്നാലും മൂപ്പർ അറിയും..പക്ഷെ ഇനി ഒരു മൂന്നു ദിവസം ഞാൻ നാട്ടിൽ ഉണ്ടാവില്ല.. അതുകൊണ്ട് നേരിട്ടുള്ള ചീത്തവിളി കേൾക്കണ്ട.
നാളെ രാവിലെ നാട്ടിലെ ഗവൺമെന്റ് കോളേജിൽ നിന്ന് ടൂർ ആണ്…വയനാട്, മൈസൂർ ബാംഗ്ലൂർ… മൂന്നു ദിവസത്തെ ടൂർ. നാളെ രാവിലെ പോവും, ഞങ്ങളുടെ ടൂറിസ്റ്റ് ബസ് ആണ്. എനിക്ക് വണ്ടി ഓടിക്കുന്നത് ഭ്രാന്താണ്. പിന്നെ ടൂറിസ്റ്റ് ബസും.. വേറെന്ത് ഒടിച്ചാലൂം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ഫീൽ അത് വേറെ ആണ്.. അങ്ങനെ ആണ് ഞാൻ ട്രിപ്പ് എടുക്കാം എന്ന് പറഞ്ഞത്.
രാവിലെ നേരത്തെ എണീറ്റ് ബൈക്കും എടുത്ത് പെട്രോൾ പമ്പിൽ എത്തി. ഫീനിക്‌സ്- ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വണ്ടി.. ജില്ലയിലെ തന്നെ നമ്പർ 1 ആണ്. ഞാൻ ബാംഗ്ലൂർ നിന്ന് വന്നു ചേർത്തലയിലും ചെങ്ങന്നൂരും ഒക്കെ പോയി മറ്റുള്ള ടൂറിസ്റ്റ് വണ്ടികൾ കണ്ടു അതിനനുസരിച്ചു ലൈറ്റും സൗണ്ടും ചെയ്തു എടുത്തതാണ് ഈ വണ്ടി. വണ്ടി എടുത്ത് കോളേജിൽ പോയി ട്രിപ്പ് എടുത്തു. എന്റെ കൂടെ ഒരാൾ കൂടി ഉണ്ട് ഡ്രൈവർ ആയിട്ട്- അൻവർ. അക്ബറിക്കാന്റെ അനിയൻ ആണ്. പണ്ട് മുതലേ ഞങ്ങളുടെ ബസിൽ ആയിരുന്നു. ഈ ബസ് വാങ്ങിയപ്പോൾ ഇതിലേക്ക് വന്നു. അതിലുപരി പണ്ട് മുതലേ എന്റെ എല്ലാ അടിപിടിക്കും കച്ചറകൾക്കും കൂടെ ഉള്ള ചങ്ക്. രാവിലെ ആയത് കൊണ്ട് ബസ് കത്തിച്ചു വിട്ടു.. കുട്ടികൾ എല്ലാം പാട്ടും ലൈറ്റും ഒക്കെ ഹെവി സൗണ്ടിൽ ഇട്ടു ഡാൻസ് ആണ്.. ഞാനും കുറച്ചില്ല, ആംപ്ലിഫയറും സ്‌പീക്കറും ലേസറും എല്ലാ ലൈറ്റും ഇട്ടുകൊടുത്തു. അവരുടെ പ്രായം ഇതല്ലേ…കുടുംബം ഒക്കെ
ആയിക്കഴിഞ്ഞാൽ ആകെ ആലോചിക്കാൻ ഈ ടൂർ ഒക്കെയേ കാണൂ… അടിച്ചു പൊളിക്കട്ടെ.
വെറുതെ ബസിലേക്ക് നോക്കിയപ്പോൾ ആണ് തട്ടമിട്ട ഒരു പെൺകുട്ടി സൈഡിലെ ഗ്ലാസിൽ തല വെച്ച് ചാരി ഇരിക്കുന്നത് കണ്ടത്. നല്ല പരിചയം ഉള്ള മുഖം. അന്വേഷിച്ചപ്പോൾ നേരത്തെ ഛർദിച്ച കുട്ടി ആണ്. ബാക്കി എല്ലാവരും ഫോട്ടോ എടുക്കാൻ പോയപ്പോൾ പുറത്തു ഇറങ്ങാൻ വയ്യാതെ സങ്കടപ്പെട്ട് ഇരിക്കുകയാണ്. ഞാൻ വേഗം ബസ്സിന്റെ പിന്നിലെ ലഗ്ഗേജ് തുറന്നു രാവിലത്തെ ബ്രെക് ഫാസ്റ്റിൽ നിന്ന് ഇഡലിയും ചട്‌ണിയും എടുത്ത് ബസിൽ കേറി. എന്നെ കണ്ടപ്പോൾ അവളൊന്നു ഞെട്ടി എണീക്കാൻ നോക്കി. ഞാൻ ഇരിക്കാൻ പറഞ്ഞിട്ട് ഫുഡ് നിർബന്ധിച്ചു കഴിപ്പിച്ചു. എന്നിട്ട് ഛർദിക്കുള്ള ഗുളികയും കൊടുത്തു. അല്ലെങ്കിൽ ഈ ട്രിപ്പ് മുഴുവൻ ഇവൾ ഇങ്ങനെ ഇരിക്കും, അടുത്ത സ്ഥലത്തു ഒന്നും ഇറങ്ങാൻ തന്നെ പറ്റിയെന്നു വരില്ല.
ഏതായാലും അത് ഫലിച്ചു എന്ന് തോന്നുന്നു. അതിനു ശേഷം പൂക്കോട്ടു ലേക്കിലും എടക്കൽ ഗുഹയിലും കുറുവ ദ്വീപിലും ഒക്കെ നിർത്തിയപ്പോൾ അവൾ കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്നു.
രാത്രി ഒരു റിസോർട്ടിൽ റൂം എടുത്തിട്ടുണ്ടായിരുന്നു. എല്ലാം അവർ തന്നെ ആണ് നോക്കുന്നത്. എനിക്കും അൻവറിനും കൂടി ഒരു റൂം, ബാക്കി ഉള്ളവർക്ക് കോട്ടേജ്. രാത്രി എല്ലാവരും ക്യാമ്പ് ഫയർ ഒക്കെ ആയി ഇരുന്നു. ഞാനും ബസിൽ ചാരി നിന്ന് ഇതൊക്കെ കണ്ടു ആസ്വദിച്ചു. പണ്ടത്തെ കോളേജ് ടൂർ ഒക്കെ ഓർമയിൽ വരുന്നു.
പെട്ടെന്നാണ് രാവിലെ കണ്ട പെൺകുട്ടി അടുത്തേക്ക് വന്നത്. അവൾ ഒരു കീ ചെയിൻ എന്റെ നേരെ നീട്ടിക്കൊണ്ട് താങ്ക്‌സ് പറഞ്ഞു. എവിടെ നിന്നോ വാങ്ങിയതാണ്, ശങ്കിൽ A എന്ന് കൊത്തിയ ഒരു കീ ചെയിൻ.. സംസാരിച്ചു വന്നപ്പോൾ ആണ്, അവൾ സാഹിബിന്റെ ഇളയ മോൾ ആണ്, ഹന്ന അഹമ്മദ്. ഷെൽഹയുടെ അനിയത്തി. വെറുതെ അല്ല പരിചയം തോന്നിയത്. അവൾക്ക് എന്നെ അറിയാം.. പണ്ട് കണ്ടിട്ടുണ്ട് ചേച്ചിയുടെ കൂടെ. ഹന്ന ഊട്ടിയിൽ നിന്നാണ് പഠിച്ചത്.. ഡിഗ്രിക്കാണ് ഇവിടെ വന്നു ചേർന്നത്. അതുകൊണ്ട് തന്നെ എനിക്ക് പരിചയം ഇല്ല. ഏതായാലും സംസാരം കഴിഞ്ഞു പോവുമ്പോൾ അവൾ വീണ്ടും താങ്ക്‌സ് പറഞ്ഞു
” ഒരു തവണ പറഞ്ഞതല്ലേ.. ഇടക്കിടക്ക് പറയണ്ട.”
” ഇത് വേറെ കാര്യത്തിനാ… അന്ന് ഇങ്ങള് ബസിടിപ്പിച്ചില്ലേ, അന്ന് ഇന്റെ പെണ്ണുകാണൽ ആയീന്ന്.. അത് ഏതായാലും മൊടങ്ങിപ്പോയി, അയ്ന്.. ”
ഞാൻ കാരണം ഒരു കുട്ടിയുടെ കല്യാണം മുടങ്ങിയോ?
” ഇങ്ങള് പേടിക്കണ്ട…ഇനിക്ക് ഇഷ്ടല്ലാത്ത കല്യാണായീന്… ഉപ്പാക്കും ഇഷ്ടല്ലെര്ന്നു.. ഇക്കാക്കമാർടെ പണിയാ… ഹാരിസിക്കാന്റെ ഒപ്പം ഉള്ള ആളാ… ”
” അതെന്താ..? ഇനിക്ക് മനസ്സിലായീല.. ”
” ഞാൻ പിന്നെ പറയണ്ട്..” അവൾ വേഗം കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
അന്ന് രാത്രി ഞാൻ അവളെ കുറിച്ച് ആലോചിച്ചു. സാഹിബിന്റെ മോളെ ഇഷ്ടം ഇല്ലാത്ത ആളെക്കൊണ്ട് കെട്ടിക്കുമോ?? അതും സാഹിബ് ജീവിച്ചിരിക്കുമ്പോൾ… അമ്മേനെ വിളിച്ചാ ചെലപ്പോ ഫുൾ ഡീറ്റെയിൽസ് കിട്ടും. പക്ഷെ എന്തും പറഞ്ഞു ചോദിക്കും.. വേണ്ട.. ഇനിയും രണ്ടു ദിവസം ഉണ്ടല്ലോ..അവൾ തന്നെ പറയട്ടെ.. പുതപ്പെടുത്തു മൂടി ഞാൻ തിരിഞ്ഞു കിടന്നു.
രാവിലെ അൻവർ നേരത്തെ എണീറ്റ് വണ്ടി ചെറുതായി ഒന്ന് കഴുകിയിട്ടുണ്ട്. ഇന്ന് മൈസൂരിലേക്ക് പോവും, ഇടക്കുള്ള മുത്തങ്ങ ട്രിപ്പ് അവർ വേണ്ട എന്ന് വെച്ചിട്ടുണ്ട്. അവിടെ കാട്ടിലേക്ക് ജങ്കിൾ സഫാരി നടത്തിയിട്ട് അധികം മൃഗങ്ങളെ ഒന്നും കാണാറില്ലെന്നു. എന്നാലും ആദ്യമായി പോവുന്ന ആൾക്കാർക്ക് അത് ഒരു അനുഭവം ആണ്.. ദിവസത്തിലെ ആദ്യത്തെ ട്രിപ്പിൽ പോയാൽ മൃഗങ്ങളെ കാണാൻ ചാൻസ് ഉണ്ട്.. നേരം വൈകുന്തോറും ചാൻസ് കുറയും. അൻവർ ആണ് വണ്ടി ഓടിക്കുന്നത്. കാടിനു നടുവിലൂടെ ഉള്ള യാത്ര… തണുപ്പ് ബസിലേക്ക് അരിച്ചരിച്ചു കേറുന്നു. ലൈറ്റും ആംപ്ലിഫയറും ഓഫ് ആക്കിയിട്ടുണ്ട്. ചെറിയൊരു മെലഡി മാത്രം ആണ് വെച്ചിട്ടുള്ളത്. ആറു മണിക്കേ ചെക്ക് പോസ്റ്റ് തുറക്കൂ.. സാവധാനം എത്തിയാൽ മതി.. ഞാൻ ഡോറിന്റെ സൈഡിലെ സീറ്റിൽ ഇരുന്നു അൻവറിനോട് സംസാരിച്ചിരുന്നു.
” അതേയ്… ആ സ്പീക്കർ ഓൺ ആക്കുമോ?? എല്ലാര്ക്കും ഡാൻസ് കളിക്കണമെന്ന്” ഹന്ന ആണ്.
” കാട് കഴിയട്ടെടീ… ഇവിടെ ഇങ്ങനെ സൗണ്ട് ഉണ്ടാക്കാൻ പാടില്ല.. ജന്തുക്കൾക്ക് ശല്യം ആവും..”
അവൾ അകത്തേക്ക് ചെന്ന് ആരോടോ പറഞ്ഞു.. എന്തൊക്കെയോ ചീത്ത വിളി കേൾക്കുന്നുണ്ട്. എന്നാലും സാരമില്ല.. അവൾ പിന്നെയും വന്നു എന്റെ അടുത്ത് മിനി ഡോറിൽ പിടിച്ചു നിന്നു പുറത്തെ കാഴ്ചകൾ കാണാൻ തുടങ്ങി. വേണമെങ്കിൽ അങ്ങോട്ടിരുന്നോ എന്നും പറഞ്ഞു ഞാൻ ഗിയർ ബോക്സ് ചൂണ്ടിക്കാട്ടി. അവൾ താഴേക്ക് കാലിട്ടു ബോക്സിലെ കമ്പിയിൽ പിടിച്ചു മുന്നോട്ട് നോക്കി ഇരുന്നു.
സുന്ദരി ആണ്, ഷെൽഹയെ പോലെ.. അവളുടെ അത്രക്ക് തടിയും നീളവും ഇല്ല. ബനിയൻ ടൈപ്പ് ചുരിദാർ ആണു, ദേഹത്തോട് ഒട്ടിക്കിടക്കുന്നു. ചെറിയ
മുഖം..പാൽ നിറം. ഷാൾ കൊണ്ട് തന്നെ ആണ് തട്ടം ഇട്ടിരിക്കുന്നത്. അത് കാറ്റത്ത് പാറുമ്പോൾ മുടിയും പാറിക്കളിക്കുന്നു.
അവൾ ശ്രദ്ധിക്കുന്നുണ്ടന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം നോട്ടം മാറ്റി.
അവൾ പറഞ്ഞു തുടങ്ങി. സാഹിബ് ഒരു ട്രസ്റ്റ് തുടങ്ങിയിട്ടുണ്ട്, സാഹിബിന്റെ ഉപ്പാന്റെ പേരിൽ.. അതിലേക്ക് കുറേ പണം മാറ്റിവെച്ചു, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും കല്യാണത്തിനും ഒക്കെ ആയി.. അല്ലെങ്കിലേ ഉപ്പാന്റെ സഹായിക്കൽ കൂടുതൽ ആണെന്ന് പറഞ്ഞു ആൺമക്കൾ രണ്ടാളും ബിസിനസ് ഏറ്റെടുത്തു. സാഹിബിന്റെ പണ്ടത്തെ പ്രതാപം ഒക്കെ ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാം മക്കൾ ആണ് നോക്കുന്നത് ഇപ്പോൾ. ബന്ധുബലം കൂട്ടാൻ വേണ്ടി ആണ് ഹാരിസ് കൂട്ടുകാരൻ ഫഹദിനെ പെങ്ങൾക്ക് കല്യാണം ആലോചിച്ചുകൊണ്ട് വന്നത്. ഫഹദ് ഗൾഫിലും നാട്ടിലും ഗോൾഡ് ബിസിനസ് ഒക്കെ ഉള്ള വലിയൊരു കുടുംബത്തിലെ മോനാണ്.. പക്ഷെ ഫഹദിനെ കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായം അല്ല..കഞ്ചാവും പെണ്ണും ഒക്കെ ഉണ്ടന്ന് കേൾക്കുന്നുണ്ട്..ശരിയാണോ എന്നറിയില്ല.. പിന്നെ അന്ന് കണ്ട ആ ഫോർച്യൂണറും…അത് മോഡിഫൈ ചെയ്തു ടൗണിൽകൂടെ റേസ് ചെയ്യുന്നത് ഓന്റെ ഹോബി ആണ്..അതിപ്പോ സ്‌കൂൾ ആണോ ആശുപത്രി ആണോ എന്നൊന്നും നോട്ടമില്ല.. പല പ്രാവശ്യം നാട്ടുകാർ കൈ വെക്കാൻ നിന്നതാണെങ്കിലും ഓന്റെ കുടുംബത്തിനെ ഓർത്തു വെറുതെ വിട്ടതാണ്… പിന്നെ ഓന്റെ ബാപ്പാനെ കുറച്ചു പേടിയും ഉണ്ട്..
എന്നാൽ ഞങ്ങൾ തമ്മിൽ വേറൊരു ബന്ധം ഉണ്ട്… പണ്ട് കോളജിൽ പഠിക്കുമ്പോൾ ചേച്ചിയുടെ കയ്യിൽകേറി പിടിച്ചതിനു ഞാനും അൻവറും ചേർന്ന് അവനെ റോഡിൽ ഇട്ടു തല്ലിയിട്ടുണ്ട്..തല്ലൽ എന്ന് പറഞ്ഞാൽ കൈയൊടിഞ്ഞു, റിബ്‌സിന്റെ ഒരു എല്ലു പൊട്ടി…അത്രയേ ഉള്ളൂ… അത്രയൊക്കെ ചെയ്യണം എന്ന് വിചാരിച്ചു ചെയ്തതല്ല..പിന്നെ അടിയല്ലേ, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ആയപ്പോൾ അത്രക്ക് പറ്റിപ്പോയി.. അന്ന് അച്ഛന്റെ പാർട്ടി സ്വാധീനം കൊണ്ടാണ് കേസ് ഇല്ലാതെ ഊരിപ്പോന്നത്.. അന്നത്തോടെ ഇനി അടിപിടിക്ക് പോയാൽ എന്റെ കാല് തല്ലി ഒടിക്കും എന്നാണ് അച്ഛന്റെ ഭീഷണി…അച്ഛനും അമ്മാവനും ഇല്ലാതായിട്ട് മതി ഞാൻ കാര്യങ്ങൾ ചോദിയ്ക്കാൻ പോവുന്നത് എന്നാണ് കൽപന..പക്ഷെ നട്ടെല്ലുള്ള സഹോദരൻ ഉണ്ടെങ്കിൽ ചോദിക്കാൻ ചെല്ലും എന്ന് പറഞ്ഞു ചേച്ചി അതിനെ നിസാരവൽക്കരിച്ചു. ഏതായാലും പിന്നെ ഞാൻ നാട്ടിൽ അങ്ങനെ പ്രശ്നം ഉണ്ടാക്കാൻ നിന്നിട്ടില്ല..അതിനും കൂടി ഉള്ളത് കോളേജിൽ ഉണ്ടാക്കി.
അങ്ങനെ ഒക്കെ നടന്ന അവനെ ആണ് ഹാരിസ് സ്വന്തം പെങ്ങൾക്ക് വേണ്ടി കൊണ്ട് വന്നിരിക്കുന്നത്… എനിക്ക് പുച്ഛം തോന്നി. എന്റെ മുഖത്തു അത് പ്രകടമായി. .ഹന്ന അത് കണ്ടു അല്പം വിഷമത്തോടെ പുഞ്ചിരിച്ചു.
കാട് കഴിഞ്ഞു വണ്ടി മുന്നോട്ട് പോയതോടെ പാട്ടും ഡാൻസും എല്ലാം ആയി എല്ലാവരും ആവേശത്തിൽ ആയി. മൈസൂർ എല്ലാം കറങ്ങി അന്ന് രാത്രി അവിടെ നിന്ന് പിറ്റേന്ന് ബാംഗ്ലൂർ പോവാനാണ് പ്ലാൻ..
ഈ ബാംഗ്ലൂർ എന്ത് കാണാൻ ആണെന്നാണ്?? ഞാൻ കുറെ കാലം അവിടെ ഉണ്ടായിട്ടും എല്ലാവരും ബാംഗ്ലൂർ ബാംഗ്ലൂർ എന്ന് പറഞ്ഞു അങ്ങോട്ട് ഓടിപ്പോവുന്നതിന്റെ ഗുട്ടൻസ് എനിക്കിത് വരെ മനസ്സിലായിട്ടില്ല. കുറച്ചു പബ്ബും ഇഷ്ടം പോലെ ബാറും കുറെ മാളും ഷോപ്പിംഗ് സെൻററും അല്ലാതെ ഒരു കുന്തവും അവിടെ ഇല്ല. ഏതായാലും വണ്ടി കെ ആർ മാർക്കെറ്റിൽ പാർക്ക് ചെയ്തു. ഇവരുടെ ട്രിപ്പിലെ ഏറ്റവും ഊള പ്ലാൻ ആണ് ഇത്… ചെക്കന്മാർക്കും പെണ്ണുങ്ങൾക്കും സ്വാതന്ത്ര്യത്തോടെ കറങ്ങി നടക്കാം എന്നത് മാത്രമേ ഇന്നത്തെ ദിവസം കൊണ്ട് ഗുണമുള്ളൂ… അല്ലെങ്കിൽ വരുന്ന വഴിക്ക് വല്ല വണ്ടർലായിൽ ഒക്കെ കേറാമായിരുന്നു.. ഏതായാലും അവരുടെ ഇഷ്ടം അല്ലേ? കുട്ടികളൊക്കെ എട്ടോ പത്തോ പേരുള്ള ഗ്രൂപ് ആയി കറങ്ങാൻ ഇറങ്ങി. എവിടെ വേണേലും പോവാം, വൈകുന്നേരം നാല് മണിക്ക് ഇവിടെ നിന്നും പുറപ്പെടണം, അതാണ് കണ്ടീഷൻ… എന്നാൽ രാത്രി 9 മണിക്ക് മുമ്പ് ബന്ദിപ്പൂർ കടന്നു രാത്രി രണ്ടുമണി ആവുമ്പോൾ നാട്ടിൽ എത്താം… അതാണ് പ്ലാൻ.
എനിക്ക് ബാംഗ്ലൂർ പ്രത്യേകിച്ച് കറങ്ങാൻ ഒന്നും പോവേണ്ട കാര്യം ഇല്ലായിരുന്നു. എല്ലാവരും ഇറങ്ങി തീരുന്ന വരെ ഞാൻ ബസിൽ ഇരുന്നു. അൻവർ അടുത്തുള്ള പള്ളിയിൽ നിസ്കരിക്കാൻ പോയി.
” ഇങ്ങള് പോണില്ലേ? ” ഹന്ന കൂട്ടുകാരികളോട് കൂടെ ഇറങ്ങുമ്പോൾ ചോദിച്ചു.
” ഇവിടൊന്നുല്ലപ്പാ… ഞാൻ കൊറേ ഇണ്ടാർന്ന സ്ഥലം ആണിത് ”
” ഏഹ്.. അതെപ്പോ? ”
” ഞാൻ ഈടെ ആയിരുന്ന്…ഒറാക്കിളിൽ.. ഈടെ അല്ല..കൊറച്ചു അപ്പൊറത്ത് ”
” അള്ളാ.. അത് വല്യ കമ്പനി അല്ലേ?? ന്നിട്ടാ ഇങ്ങളിങ്ങനെ ബസും ലോറീം ഓടിച്ചു നടക്ക് ണത്?? ”
” അയ്‌നെന്താ?? അന്റെ ഇത്താനോട് ചോയ്ച്ചാ മതി..ഓൾക്കറിയാ ന്നെ… ഓൾ പറഞ്ഞു തരും ”
” ഓൾ പറഞ്ഞീക്ക് ണ് “, അവൾ കൂടെ ഉള്ളവരോട് പോവാൻ പറഞ്ഞിട്ട് എന്റെ കൂടെ ബസിൽ തന്നെ ഇരുന്നു പറഞ്ഞു..
എന്നിട്ട് ഷെൽഹയെ ഫോണിൽ വിളിച്ചു എനിക്ക് തന്നു. ഒരുപാട് കാലത്തിനു ശേഷം ആണ് ആ ശബ്ദം കേൾക്കുന്നത്, പണ്ട് ഒരുപാട് കേട്ടിരുന്ന ശബ്ദം.. എന്റെ ഫോണിൽ നമ്പർ ഉണ്ടങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ വിളി ഒന്നും ഇല്ല.. ഇടക്ക് കാണുമ്പോൾ ഒരു ചിരിയിൽ ഒതുങ്ങുമായിരുന്നു ഞങ്ങളുടെ ബന്ധം…
കുറച്ചു സംസാരിച്ചതിന് ശേഷം ഇത് ഹന്നയുടെ അവസാനത്തെ ടൂർ ആവും, അതുകൊണ്ട് എല്ലായിടവും ഒന്ന് ചുറ്റിക്കാണിക്കാൻ പറ്റുമോ എന്ന് ചോദിച്ചു ഷെൽഹ ഫോൺ വെച്ചു. ഒരുപാട് കാലത്തിനു ശേഷം പണ്ടത്തെ കാമുകി
പറയുന്നതല്ലേ… ഞാൻ ഓക്കേ പറഞ്ഞു. ഫോണിൽ ബൗൺസ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഒരു സ്കൂട്ടർ ബുക്ക് ചെയ്തു. ഹന്നയെയും കൂട്ടി മാർക്കറ്റിന്റെ പുറത്തുള്ള പാർക്കിങ് ലോട്ടിലേക്ക് നടന്നു. അവളെയും കൊണ്ട് എവിടെ പോവും?? പെട്ടെന്നുള്ള പ്ലാനിംഗ് ആയിരുന്നത് കൊണ്ട് ഒരു ഐഡിയ ഇല്ല… വണ്ടി ബെല്ലാരി റോഡിൽ കയറ്റി നേരെ വിട്ടു.. ചെന്ന് നിന്നത് നന്ദി ഹിൽസ്.. ബാംഗ്ലൂർ കാണാൻ തുടങ്ങാൻ പറ്റിയ സ്ഥലം.. ഞങ്ങൾ എത്തുമ്പോൾ സൺറൈസ് ഒക്കെ കഴിഞ്ഞു എല്ലാവരും പോയിട്ടുണ്ടായിരുന്നു.. ഞങ്ങളെ പോലെ കുറച്ചു പൊട്ടന്മാർ മാത്രം.. വെയിലിനു അധികം ചൂടില്ല.. എന്നാലും ഈ സമയത്തു അല്ലായിരുന്നു കേറേണ്ടിയിരുന്നത്… അവിടെ നിന്ന് നോക്കുമ്പോൾ കാണുന്ന വ്യൂവും തണുത്ത കാറ്റും…കുറച്ചു നേരം അവിടെ നിന്നിട്ട് താഴേക്ക് ഇറങ്ങി..വരുന്ന വഴി ചായ ഒക്കെ കുടിച്ചു. നേരം പതിനൊന്നാവാൻ പോവുന്നു. വേറെ ഒന്നും ചെയ്യാൻ ഇല്ല..വണ്ടി ലാൽബാഗിലേക്ക്..അവിടെ ഇഷ്ടം പോലെ കപ്പിൾസ് പ്രണയിച്ചിരിക്കുന്നു, ഹന്ന ചെറിയൊരു ചിരിയോടെ അതൊക്കെ നോക്കിക്കണ്ടു. ഉമ്മ വെക്കുന്ന സീനൊക്കെ അവൾ നോക്കുന്നത് ഞാൻ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു നാണം.. അവിടെ പാർക്കിലോക്കെ ചുറ്റിക്കറങ്ങി ഉച്ചക്ക് സ്‌പൈസ് ടെറസിൽ കേറി ലാവിഷ് ആയിട്ട് ലഞ്ച് കഴിച്ചു. സ്കൂട്ടർ ഡ്രോപ്പ് ചെയ്തു മെട്രോയിൽ കേറി മജെസ്റ്റിക്കിൽ എത്തി, അവിടെ കുറെ വായിനോക്കി നടന്നു. ഞാൻ പറയുന്ന പൊട്ടത്തരങ്ങൾ എല്ലാം കേട്ട് അവൾ ചിരിക്കുന്നുണ്ട്.. എന്റെ കൂടെ നടക്കുന്നുണ്ട്. എന്നാൽ അബദ്ധത്തിൽ പോലും എന്നെ തൊടുന്നത് പോലും ഇല്ല.. കുറച്ചു ഡ്രെസ്സും ബാഗും അല്ലറ ചില്ലറ സ്വീറ്റ്സ് ഒക്കെ വാങ്ങി ഞങ്ങൾ മെട്രോയിൽ കേറി ബസിനടുത്തെത്തി. മിക്കവാറും പേര് എത്തിയിട്ടുണ്ട്. ബോയ്സ് ചിലരൊക്കെ ബാറിൽ കേറി രണ്ടെണ്ണം അടിച്ചിട്ടാണ് വന്നത്. ഗേൾസ് ഫുൾ ഷോപ്പിംഗ് ഒക്കെ.. ഞങ്ങൾ ബൈക്ക് എടുത്ത് അവിടേം ഇവിടേം ഒക്കെ കറങ്ങിയത് കേട്ട് അവർ അന്തം വിട്ടു…ബാക്കി ഉള്ളവരൊക്കെ വെറുതെ മാളിൽ ഒക്കെ, കേറി വായിനോക്കി നടന്നു കുറെ ഷോപ്പിംഗ് ഒക്കെ നടത്തി എന്നെ ഉള്ളൂ…
തിരിച്ചു വരുമ്പോൾ ആരും സീറ്റിൽ പോലും ഇരിക്കാതെ ആയിരുന്നു തുള്ളിച്ചാട്ടം..രാത്രി രണ്ടു മണിയോടെ ബസ് കോളേജിൽ എത്തി. ചിലരൊക്കെ വഴിയിൽ ഇറങ്ങിയിരുന്നു, ബാക്കി ഉള്ളവരെ കൂട്ടാൻ വീട്ടുകാരും. അവിടെ പക്ഷെ ഹന്നയുടെ വീട്ടുകാരെ കണ്ടില്ല. അവൾ എത്തുന്ന സമയം പറഞ്ഞിട്ടില്ലായിരുന്നു. എന്നോട് വീട്ടിൽ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു. പക്ഷെ അത് ശരിയല്ല.. അസമയത്ത് ഒരു പെണ്ണിനെ കൊണ്ട് ചെന്നാക്കുക എന്ന് പറഞ്ഞാൽ…പക്ഷെ അവൾ വാശിയിൽ ആണ്.. ഷെൽഹയെ വിളിച്ചപ്പോൾ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു. അവസാനം ആ വഴിക്കുള്ള ഒരു ടീച്ചറിന്റെ കാറിൽ അവളെ കയറ്റി വിട്ടു. അൻവർ വഴിയിൽ ഇറങ്ങി പമ്പിൽ നിന്ന് എന്റെ ബൈക്ക് എടുത്ത് വന്നിരുന്നു. അത് വാങ്ങി ഞാൻ ആ കാറിന്റെ പിന്നാലെ ഒരു അകലം ഇട്ട് ഓടിച്ചു… എന്നെ വിശ്വസിച്ചു വീട്ടിൽ വിടാൻ പറഞ്ഞതാണ്, അപ്പോൾ അവൾ വീട്ടിൽ എത്തി എന്ന് ഉറപ്പാക്കണമല്ലോ…
അവളുടെ ഗേറ്റിനു മുന്നിൽ ഹന്നയെ ഇറക്കി ടീച്ചർ പോയി. ഞാൻ കുറച്ചു അകലം വിട്ടു ബൈക്ക് നിർത്തി ഹെഡ്‍ലൈറ്റ് ഓഫ് ആക്കി.അവൾ വീട്ടിൽ ഉള്ളവരെ വിളിക്കുകയാണ് മൊബൈലിൽ. പക്ഷെ ആരും ഫോൺ എടുക്കുന്നില്ല. പെണ്ണിന് ചെറുതായിട്ട് പേടി ആയെന്നു തോന്നുന്നു. ബാഗ് നിലത്തു വെച്ച് വീണ്ടും വിളിക്കുകയാണ്. ഞാൻ അടുത്തേക്ക് ചെന്നു എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു ആശ്വാസം അതെ പോലെ കുറച്ചു ദേഷ്യവും.. ഞാൻ മതിൽ ചാടിക്കടന്നു വീടിന്റെ മുന്നിൽ ചെന്ന് കാളിങ് ബെൽ അടിച്ചു. കുറച്ചുനേരം അടിച്ചപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. വീണ്ടും അതെ പോലെ തിരിച്ചുചാടി ബൈക്കിന്റെ അടുത്ത് വന്നു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഖദീജുമ്മ വന്നു ഗേറ്റ് തുറന്നു, അവൾ ഒറ്റക്ക് നിൽക്കുന്നത് കണ്ടു എന്തൊക്കെയോ ദേഷ്യപ്പെട്ടു. ദൂരെ നിൽക്കുന്ന എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടവൾ എന്തോ പറഞ്ഞു. എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് നടന്നു.
* * * * * * * *
രണ്ടു ദിവസത്തേക്ക് വേറെ എങ്ങോട്ടും പോയില്ല. വീട്ടിലും പറമ്പിലും തന്നെ ആയിരുന്നു. വീടിനു ചുറ്റുമുള്ള പറമ്പ് ഒരു ഫാം ആക്കി മാറ്റണം. അതിനു വേണ്ടി ഒരു ദിവസം ഉച്ചക്ക് കൃഷിഭവനിൽ ചെന്നു. ശനിയാഴ്ച്ച ആണ്, അധികം തിരക്കില്ല. ഓഫീസറുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് രണ്ടു പെൺകുട്ടികൾ അറ്റസ്റ്റ് ചെയ്യിപ്പിക്കാൻ വന്നത്. അതിലൊരാൾ ഹന്ന ആണ്.. കൂടെ ഉള്ളത് ഫ്രണ്ട് ആണ്, എന്തോ എക്സാം അപ്ലിക്കേഷൻ ആണ്..അതിന്റെ കൂടെ വെക്കാൻ മാർക്ക് ലിസ്റ്റ് അറ്റെസ്റ് ചെയ്യാൻ.. അവസാന ദിവസം ആയി. കോളേജ് ഇല്ലാത്തത് കൊണ്ടാണ് ഇവിടേക്ക് വന്നത് എന്നൊക്കെ പറഞ്ഞു. വെറുതെ മാർക്ക് ലിസ്റ്റ് ഒക്കെ എടുത്തു നോക്കി.. എന്നെ പോലെ അല്ല, ഇഷ്ടം പോലെ സപ്ലി ഒക്കെ അടിച്ചിട്ടുണ്ട്. ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴേക്കും പത്തു പന്ത്രണ്ട് മാർക്ക് ലിസ്റ്റ് ഉണ്ട് എല്ലാം കൂടെ… ഇനി ഇതെല്ലം കൂടി ഒരു മാർക്ക് ലിസ്റ്റ് ആക്കാൻ യൂണിവേഴ്‌സിറ്റിയിൽ കേറി ഇറങ്ങണം.. പാവം കൃഷി ഓഫിസർ എല്ലാ മാർക്ക് ലിസ്റ്റിലും ഒപ്പിടുന്നുണ്ട്. ഞാൻ മാർക്ക് ലിസ്റ്റ് എടുത്ത് നോക്കുന്നത് കണ്ടിട്ട് അവൾ ചമ്മി നാറി നിൽക്കുന്നുണ്ട്. അവിടെ നിന്ന് ഒന്നിച്ചാണ് ഇറങ്ങിയത്, അടുത്തുള്ള കടയിൽ കേറി ജ്യൂസ് കുടിച്ചു. അവൾ നന്നായിട്ട് സംസാരിക്കുന്നുണ്ട്. എനിക്കാണ് പറയാൻ ഒന്നും ഇല്ലാത്തത്.. അന്ന് ഒറ്റക്ക് വന്നതിനു ഉമ്മ ചീത്ത പറഞ്ഞപ്പോൾ എന്നെ കാണിച്ചു കൊടുത്തതോടെ ചീത്ത നിർത്തി എന്ന് പറഞ്ഞു.. അല്ലെങ്കിൽ ആണുങ്ങളോട് സംസാരിക്കുന്നത് കണ്ടാൽ ചീത്ത പറയുന്ന ആളാണ്, എന്നെ കണ്ടപ്പോൾ ചീത്ത പറയാഞ്ഞത് എന്ന് പറഞ്ഞു. അല്ലെങ്കിലും ലക്ഷ്മിയുടെ മോൻ കൊണ്ടുവിട്ടതിനു ഖദീജുമ്മ അവളെ വഴക്ക് പറയില്ലല്ലോ…
അധികം ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ പല സ്ഥലത്തു വെച്ചും കണ്ടു മുട്ടാൻ തുടങ്ങി.. യാദൃശ്ചികം ആണോ അല്ലയോ എന്നറിയില്ല. ചിലപ്പോൾ ഇതിനു മുമ്പും ഞങ്ങൾ കാണുന്നുണ്ടായിരിക്കും, അന്ന് പരിചയം ഇല്ലാത്തത് കൊണ്ടാവും മിണ്ടാത്തതും ശ്രദ്ധിക്കാത്തതും. പതിയെ എനിക്ക് അവളോട് ഒരു ഇഷ്ടം
തോന്നാൻ തുടങ്ങി. അവളെ ഇടക്കിടക്ക് കാണുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പക്ഷെ ഷെൽഹയുടെ അനിയത്തി എന്ന ചിന്ത ഉള്ളത് കൊണ്ട് കൂടുതൽ ചിന്തിക്കാൻ ഞാൻ മുതിർന്നില്ല. അവൾക്കും അത് പോലെ ആണെന്ന് തോന്നുന്നു. എന്നോട് സംസാരിക്കുമ്പോൾ പലപ്പോഴും ആ കണ്ണുകൾ വിടരുന്നതു കാണാം. മുഖത്തു നോക്കാതെ ചുണ്ടിൽ എപ്പോഴും ഒരു ചിരി ഒളിപ്പിച്ചാണ് അവൾ സംസാരിക്കാറ്.. ഇടക്ക് ആ ഇഷ്ടം കൈവിട്ടുപോവുന്നുണ്ടോ എന്ന് തോന്നി. അവളെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ രാവിലത്തെ ട്രിപ്പിൽ അനീഷിന് പകരം കണ്ടക്ടർ ആയിട്ട് കേറാൻ തുടങ്ങി. അവളുടെ വീടിന്റെ മുന്നിൽ എത്തുമ്പോൾ അവൾ റെഡി ആയി കാറിൽ കേറി കോളേജിൽ പോവാൻ നിൽക്കുന്നത് കാണാമായിരുന്നു. വെറുതെ കൈ വീശി ചിരിച്ചു കാണിക്കും… രണ്ടു മൂന്നു ദിവസം ഇത് ആവർത്തിച്ചപ്പോൾ അവൾ രാവിലെ കോളജിലേക്കുള്ള യാത്രയും തിരിച്ചുള്ള യാത്രയും ഞങ്ങളുടെ ബസ്സിൽ ആക്കി…അങ്ങനെ കണ്ടക്ടർ ആയിരുന്ന ഞാൻ രാവിലത്തേയും വൈകുന്നേരത്തേയും ട്രിപ്പിൽ അക്ബറിക്കാക്ക് പകരം ഡ്രൈവർ ആയി. അവൾ നേരെ കേറി ഡ്രൈവർ സീറ്റിന്റെ തൊട്ടു പിറകിൽ ആണ് വന്നു നിൽക്കാറ്.. സീറ്റ് ഉണ്ടാവാറില്ല. പിന്നെ കോളേജ് എത്തുന്ന വരെ ഓരോന്ന് പറഞ്ഞും ചിരിച്ചും നല്ല രസമായിട്ട് പോവും. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു എന്റെയും അവളുടെയും വിചാരം. എന്നാൽ ബസിലെ യാത്രക്കാർക്കും, പണിക്കാർക്കും എല്ലാവര്ക്കും അത് മനസ്സിലായി. ഇപ്പോൾ അവളുടെ വീടിന്റെ മുന്നിൽ ബസ് നിർത്തുമ്പോൾ തന്നെ ആൾക്കാർക്ക് ഒരു കളിയാക്കൽ ആയിത്തുടങ്ങി. ബസ് കണ്ടക്ടർ സിനിമയിലെ അവസ്ഥ..
ഒരു ദിവസം ഉച്ചക്ക് ഷോപ്പിലെ കണക്കുകൾ നോക്കികൊണ്ടിരുന്നപ്പോൾ ആണ് ഷെൽഹയുടെ ഫോൺ, വേറൊന്നും അല്ല.. ഹന്നയ്ക്ക് എന്നെ ഇഷ്ടമാണ്…
ഇത് നടക്കില്ല, അവളെ മറക്കണം എന്ന് പറയാൻ ആയിരിക്കും അവളുടെ ഫോൺ എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചു അവൾ പറഞ്ഞു,
” ഉപ്പാക്ക് തീരെ വയ്യ.. ഹാരിസ് ഓൾടെ ഇഷ്ടം നോക്കൂല.. ഓന് പൈസ ന്നുള്ള വിചാരെ ഉള്ളൂ. ഇയ്യ് ഓളെ നോക്കണം.. അന്ന് ഇനിക്ക് ചെയ്യാൻ പറ്റാഞ്ഞത് ഓൾക്ക് പറ്റണം..ഓൾക്ക് അന്നെ അത്രക്ക് ഇഷ്ടാ… ”
“ഹന്നയ്ക്ക് മാത്രല്ല, എനിക്കും ഓളെ ഇഷ്ടാ… അന്നൊരു വട്ടം ഓരോ കാര്യങ്ങക്ക് ആയിട്ട് ഞാൻ സാഹിബിന്റെ ഒരു മോളെ മറന്നു.. പക്ഷെ ഇപ്രാവശ്യം അങ്ങനെ ആവൂല്ല”, ഞാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.
പറഞ്ഞത് ശരി ആണ്, ഇനി ആർക്ക് വേണ്ടിയും എന്റെ ഇഷ്ടത്തെ മറക്കാൻ എനിക്ക് പറ്റില്ല.. പക്ഷെ ഇത് എങ്ങനെ വീട്ടിൽ പറയും? വീട്ടിൽ അറിഞ്ഞാൽ ഒരു ഭൂകമ്പം ഉണ്ടാവും.. അമ്മയും അച്ഛനും സപ്പോർട് ചെയ്യില്ല..പിന്നെ ഉള്ളത് അമ്മാവൻ ആണ്… വണ്ടി എടുത്ത് അമ്മാവന്റെ വീട്ടിലേക്ക് വിട്ടു. അവർക്ക് ഒരു മോളാണ്, എന്നേക്കാൾ ചെറുത്..അമ്മു. പഠിക്കുകയാണ്..എന്റെ ചേച്ചി ആണ് അവളുടെ റോൾ മോഡൽ. ചേച്ചിയെ പോലെ സിവിൽ സർവീസ് എടുക്കണം എന്നും പറഞ്ഞു നടക്കാണ്. വീട്ടിലെത്തിയപ്പോൾ അമ്മാവൻ ഇല്ല. പതുക്കെ അമ്മായിയുടെ മടിയിൽ കിടന്നു കഥകൾ ഒക്കെ പറഞ്ഞു. ഒന്നും ഒളിച്ചു വെക്കാതെ…പണ്ട് ഷെൽഹയും ആയിരുന്ന ബന്ധവും, പ്രശ്നങ്ങൾ വിചാരിച്ചു ഞങ്ങൾ പിരിഞ്ഞതും ഹന്നയെ കണ്ടതും എല്ലാം… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണിൽ ചെറിയൊരു നനവുണ്ടായിരുന്നു. എന്റെ തലമുടിയിലൂടെ കയ്യോടിച്ചുകൊണ്ട് അമ്മായി ഇരുന്നു. അമ്മായിക്കും എന്ത് പറയണം എന്നറിയില്ല. അമ്മു ഇതെല്ലാം കേട്ട് എന്നെ സപ്പോർട് ചെയ്തു.
അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ വേണ്ടത്. ഇനി അവൾക്ക് വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവളെ സപ്പോർട് ചെയ്യണം..അതിനായിരിക്കും അവൾ ഇപ്പോഴേ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത്.
അമ്മായി ഏതായാലും അമ്മാവനോടും അമ്മയോടും സംസാരിക്കാം എന്നേറ്റു. പക്ഷെ അച്ഛനോട് പറയാൻ പേടി ആണ്. അത് അമ്മയെക്കൊണ്ട് സംസാരിപ്പിക്കാം എന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അച്ഛന്റെയും അമ്മയുടെയും മുഖം ശരിക്ക് പഠിക്കാൻ തുടങ്ങി. പക്ഷെ ഒരു ഭാവ വ്യത്യാസവും ഇല്ല.. ഞാൻ അമ്മായിയോട് ചോദിച്ചപ്പോൾ എല്ലാവരും കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടുണ്ട്. എന്നാൽ എന്നോടൊന്നും ചോദിക്കുന്നില്ല. ഒരു ദിവസം സന്ധ്യക്ക് റൂമിൽ ഇരിക്കുമ്പോൾ അച്ഛൻ ഉമ്മറത്തേക്ക് വിളിപ്പിച്ചു. ഹന്നയെ കുറിച്ചാവും സംസാരിക്കുന്നത് എന്ന് മനസിലാക്കി ഒരല്പ്പം ടെൻഷനോടെ ആണ് ഞാൻ അങ്ങോട്ട് ചെന്നത്. ചെന്ന പാടെ അച്ഛൻ ഒരു കല്യാണക്കത്ത് ആണ് എന്റെ നേരെ നീട്ടിയത്…
ഹന്നാ വെഡ്‌സ് ഫഹദ്.
എന്റെ കണ്ണിൽ ഇരുട്ട് കേറി.. അടുത്ത ആഴ്ച്ച ആണ് കല്യാണം. ഇത് വരെ ഹന്ന ഇതറിഞ്ഞില്ലേ?? രണ്ടു ദിവസം ആയി അവളെ കണ്ടിട്ട്… ഫോൺ വിളിച്ചപ്പോൾ ഫോൺ ഓഫ്.. ഞാൻ വേഗം ഷെൽഹയെ വിളിച്ചു. സംഗതി സത്യം ആണ്.. ഞങ്ങൾ തമ്മിലുള്ള കാര്യം സംസാരിക്കാൻ അച്ഛനും അമ്മാവനും സാഹിബിന്റെ വീട്ടിൽ ചെന്നിരുന്നു. ഒറ്റ മോനല്ലേ, അവന്റെ ആഗ്രഹം നടക്കട്ടെ എന്ന് വിചാരിച്ചായിരിക്കും. എന്നാൽ സാഹിബിന്റെ മുന്നിൽ വെച്ച് തന്നെ ആൺമക്കൾ രണ്ടാളും അച്ഛനെയും അമ്മാവനെയും നാണം കെടുത്തി വിട്ടു. ഇതൊന്നും ഞാൻ അറിഞ്ഞില്ല..
” നീയെന്താടീ നായീന്റെ മോളെ ഇതൊക്കെ അറിഞ്ഞിട്ട് എന്നോട് പറയാഞ്ഞത്?? “, ഞാൻ ഷെൽഹയോട് പൊട്ടിത്തെറിച്ചു. അപ്പോഴേക്കും ഫോൺ വേറാരൊ വാങ്ങിയിരുന്നു.
” എടാ.. ഹാരിസ് ആണ്. ഇന്റെ പെങ്ങളെ ആർക്ക് കെട്ടിച്ചു കൊടുക്കണം ന്നു ഞാൻ തീരുമാനിക്കും.. ഇയ്യ് കൊറേക്കാലം ഷെൽഹാന്റെ പിന്നാലെ നടന്നതല്ലേ… അത് കഴിഞ്ഞപ്പോ ഇപ്പൊ ഹന്ന ആയി… അങ്ങനത്തോർക്ക് കൊടുക്കാൻ മാളിയേക്കൽ തറവാട്ടിൽ പെണ്ണില്ലേടാ… പിന്നെ ആർക്ക് കെട്ടിച്ചു കൊടുത്താലും ഓളെ അനക്ക് തരൂല്ല…അതിന്റൊരു വാശിയാ… ഞങ്ങളെ സമുദായക്കാർ ഇല്ലാണ്ടായിട്ട് മതി ഇയ്യൊക്കെ ഈടന്നു പെണ്ണ് കെട്ടണത്. ”
എന്തൊക്കെയാണ് രണ്ടു ദിവസം കൊണ്ടുണ്ടായത്?? എല്ലാം കീഴ്‌മേൽ മറിഞ്ഞു. ഹന്നയോട് ഒന്ന് സംസാരിക്കാൻ പോലും ആയില്ല. അവളുടെ അവസ്ഥ എന്താണ്?? അവളെ ആരെങ്കിലും തല്ലിയോ?? അവൾ കല്യാണത്തിന് സമ്മതിച്ചോ?? ആകെ ഭ്രാന്ത് പിടിക്കുന്നു.
വേഗം ഉമ്മറത്തേക്ക് നടന്നു. അച്ഛനും അമ്മയും ഒന്നും മിണ്ടാതെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്നു.
” അച്ഛൻ എന്തിനാ വീട്ടിൽ പോയി ചോദിച്ചത്?? അത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ഉണ്ടായത്?? ” ഞാൻ കുറച്ചു ദേഷ്യത്തിൽ അച്ഛനോട് ചോദിച്ചു.
മറുപടി ഇല്ല.
” എല്ലാം കുളമാക്കിയിട്ട്..എന്തെങ്കിലും പറയ്..ഞാനിനി എന്ത് വേണം?? ഇതും മറക്കണോ…അന്ന് ഞാൻ കാരണം ഒരു പ്രശ്നവും ഉണ്ടാവേണ്ട എന്ന് വെച്ചാ ഞാൻ ആരോടും പരാതി പറയാതെ എന്റെ ഉള്ളിൽ തന്നെ അടക്കിയത്… പക്ഷെ ഇതെനിക്ക് പറ്റില്ല…അന്നത്തെ പതിനെട്ടു വയസ്സുകാരൻ അല്ല ഞാൻ… ”
” ഡാ….മിണ്ടരുത്… കേറിപ്പോ അകത്തേക്ക്” അമ്മ കയ്യെടുത്തു എന്നെ വിലക്കി.
ഇനി എന്ത് പറയാൻ ആണ്?? ഒന്നും ഇല്ല…എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അല്ലെ ഇനി എന്തെങ്കിലും പറയാൻ പറ്റൂ…ഇത് മിണ്ടാതെ ഇരിക്കുകയല്ലേ…
ബെഡിൽ പോയി കിടന്നു..കരച്ചിൽ വരുന്നു..പൊട്ടിക്കരഞ്ഞു… രാത്രി തലയിൽ ആരോ തലോടുന്നത് അറിഞ്ഞിട്ടാണ് കണ്ണ് തുറക്കുന്നത്… അച്ഛനും അമ്മയും തലക്കൽ ഇരിക്കുന്നുണ്ട്. അമ്മയാണ് തലോടുന്നത്…
” എന്റെ കുട്ടി വിഷമിക്കണ്ട..ആ മോൾ നിനക്കുള്ളതാണെങ്കിൽ നിനക്ക് കിട്ടും…” അമ്മ സമാധാനിപ്പിച്ചു.
” ലക്ഷ്മി..എനിക്ക് കുറച്ചു ചുക്കുവെള്ളം എടുത്തോണ്ട് വാ..” അച്ഛൻ അമ്മയോട് പറഞ്ഞു.
അമ്മ പോയപ്പോൾ എന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി ഇരുന്നുകൊണ്ട് അച്ഛൻ പറഞ്ഞു,
” നീ ന്നെ എപ്പോഴും പഴയ രാജദൂതിന്റെയും അംബാസഡറിന്റെയും കാര്യം പറഞ്ഞു കളിയാക്കാറില്ലേ?? അത് പണ്ട് ഞാൻ നിന്റെ അമ്മയെ ഇഷ്ടപ്പെട്ടൊണ്ട് നടന്നപ്പോൾ ഉള്ളതായിരുന്നു. വീട്ടുകാരെ ധിക്കരിച്ചു ഓൾ എന്റെ കൂടെ ഇറങ്ങി വന്നപ്പോൾ ഞാൻ ആ അംബാസ്സഡറിലാ ഓളെ കൊണ്ട് വന്നത്. അതിന്റെ ഓർമക്കാ അതിവിടെ ഇട്ടേക്കുന്നത്… അന്നെന്നെ വിശ്വസിച്ചു ഓൾക്ക് ഇറങ്ങി വരാൻ ഒരു മനസ്സ് ഉണ്ടായിരുന്നു. പക്ഷെ ഓളുടെ കുടുംബം പിന്നെ ഓളെ തിരിഞ്ഞു നോക്കിയില്ല. ഓൾക്ക് ആരും ഇല്ല എന്ന് പറഞ്ഞത് ബന്ധം ഇല്ലെന്നാ.. ഓളുടെ വീട്ടിലും എല്ലാരും ഉണ്ട്… അങ്ങനെ ഒരു അവസ്ഥ ആ കുട്ടിക്ക് ഉണ്ടാവരുത് എന്ന് കരുതിയാ ഞാൻ അവിടെ പോയി സംസാരിച്ചത്…പിന്നെ നാളെ പോലീസിനെയും പാർട്ടിക്കാരെയും കൂട്ടി അവിടെ പോയി ഓളെ വിളിക്കാം… പക്ഷെ ഇവിടെ ഓളുടെ വീട്ടുകാരുടെ കൺമുന്നിൽ ആരും ഇല്ലാത്തവരായി ഓൾ ജീവിക്കേണ്ടി വരും.. നീ എന്താണെന്നു വെച്ചാൽ ആലോചിച്ചു എന്നോട് പറഞ്ഞോ… ”
പറഞ്ഞതും അച്ഛൻ എണീറ്റ് വാതിൽ ചാരി പുറത്തേക്ക് നടന്നു..
രാവിലെ എണീറ്റപ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു. ഞാനും ഹന്നയും ഒന്നാവുകയാണെങ്കിൽ അതിൽ രണ്ടു കുടുംബക്കാരും വേണം.. അന്ന് ആദ്യമായിട്ട് അച്ഛന്റെ രാജദൂത് എടുത്തു… ആ വണ്ടി ഓടിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും പണ്ടത്തെ പ്രണയം ഓർത്തിട്ടാണോ എന്തോ ഒരു ആത്മവിശ്വാസം തോന്നുന്നു. നേരെ ഹന്നയുടെ വീട്ടിലേക്ക് വിട്ടു. ഗേറ്റിനകത്തു ഒരുപാട് വണ്ടികൾ കിടക്കുന്നുണ്ട്. വണ്ടി സൈഡ് ആക്കി ഞാൻ വീട്ടിലേക്ക്
കേറിചെന്നു. എന്നെ കണ്ടു ചിലരൊക്കെ തുറിച്ചുനോക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ നേരെ ഹാളിൽ എത്തി. അവിടെ കുറെ പ്രായമായ ആൾക്കാരും, ചെറുപ്പക്കാരും എല്ലാം ഇരിക്കുന്നു. ഹാരിസ് ഹാളിന്റെ നടുവിലെ സോഫയിൽ ഇരിക്കുന്നുണ്ട്.
” യെന്താടാ ഇവിടെ?? അന്നെ ആരാ ഇങ്ങണ്ട് വിട്ടത്?? ” ഹാരിസ് അലറി.
” ഹാരിസേ.. എനക്ക് പറയാൻ ഉള്ളത് അന്നോടല്ല, മാളിയേക്കലെ ഹാജ്യാരോടാ… അത് പറഞ്ഞിട്ട് ഞാൻ പൊയ്ക്കോളാ..ഇയ്യവടെ ഇരുന്നോ..” നോക്കിയിട്ട് ഹാജ്യാരെ എവിടെയും കാണാൻ ഇല്ല…
താഴത്തെ റൂമിൽ ആയിരിക്കും. ഞാൻ റൂമിലേക്ക് കേറിചെന്നപ്പോൾ ഷെൽഹയും ഖദീജുമ്മയും ഹാജ്യാരുടെ രണ്ടു സൈഡിൽ ബെഡിൽ ഇരിക്കുന്നു… രണ്ടാളും കരയുന്നുണ്ട്.എന്നെ കണ്ടു ഷെൽഹ ചാടി എണീറ്റു.
ഞാൻ ഹാജ്യാരുടെ അടുത്ത് ചെന്ന് പറഞ്ഞു, ” ഉപ്പാ… ഇങ്ങക്ക് ഇന്നെ അറീണ്ടാവില്ല.. ഞാൻ ആദി. ഒന്നൂടെ എളുപ്പത്തിൽ പറഞ്ഞാ ഇങ്ങളെ മോൾ ഹന്നേനെ ഇഷ്ടപ്പെടുന്ന ആൾ… വേറേം ഉണ്ട് പറഞ്ഞു മനസ്സിലാക്കിത്തരാൻ.. ഇങ്ങളുടെ കൂട്ടുകാരൻ രവീന്ദ്രന്റെ മോൻ.. ഞാൻ പണ്ടേ ഇങ്ങനെ വരണ്ടീതായിരുന്നു. പക്ഷെ അന്ന് സമുദായോം ജാതീം മതോം ഒക്കെ പറഞ്ഞു ഞാൻ ഇന്റോരിഷ്ടം വേണ്ടാന്ന് വെച്ച്.. “ഞാൻ ഷെൽഹയെ ഒന്ന് നോക്കി. അവൾ ഒന്നും മിണ്ടാതെ താഴെ നോക്കി നിൽക്കുന്നു.
” പക്ഷെ അന്നത്തെ പോലെ ആവാൻ പറ്റൂല ഈ പ്രാവശ്യം…എത്ര ഒക്കെ വേണ്ടാന്നു വെച്ചിട്ടും ഇങ്ങളെ മോൾ എന്റെ മനസ്സിൽ കേറിപ്പോയി.. അത് മര്യാദക്ക് സംസാരിക്കാൻ അച്ഛനും അമ്മാവനും കൂടി വന്നപ്പോ ഇറക്കി വിട്ടു.. ഇങ്ങക്കറിയാലോ ഇന്റച്ഛന്റെ സ്വഭാവം… അന്നേ ഓളെ വിളിച്ചുകൊണ്ട് പോന്നേനെ.. പക്ഷെ അങ്ങനെ ചെയ്താൽ ഓൾടെ കുടുംബക്കാർ ഓളെ വെറുത്താലോ ന്നു വിചാരിച്ചാ മൂപ്പരത് ചെയ്യാഞ്ഞേ… എനിക്കും വേണേൽ അത് ചെയ്യാ..പക്ഷെ ഓൾ ഇന്നേ കെട്ടുമ്പോ ആടെ എല്ലാരും വേണം… അതൊന്നു പറയാൻ ആണ് ഞാൻ വന്നത്… ”
” ഇനിക്കറിയാ മോനെ..പക്ഷെ സാഹിബ് ഇപ്പൊ പണ്ടത്തെ പോലല്ല..സാഹിബിന്റെ മക്കളാ കാര്യങ്ങൾ നോക്കണത്. ഹാരിസിന്റെ തീരുമാനം ആണ് ഇപ്പൊ ഇവിടെ അവസാനത്തേത്…”
” അപ്പൊ ഉപ്പാക്കും ഉമ്മാക്കും സമ്മതം ആണേൽ ഞാൻ ഹന്നേനെ കൊണ്ടോവും… ഓളെ കാണാൻ തോന്നുമ്പോ ഒന്ന് അങ്ങണ്ട് വന്നാ മതി.. അല്ലെങ്കി ഒരു ഫോൺ..ഞാൻ ഓളെ ഇവിടെ കൊണ്ടുവരും.. ആര് തടഞ്ഞാലും ”
ഞാൻ തിരിഞ്ഞു ഷെൽഹയെ നോക്കി.. “എവിടെടീ ഹന്ന?? “
” ഓൾ മോളിൽ…റൂം പൂട്ടീതാ… ”
അവിടെ നിന്നിറങ്ങി ഹാളിൽ എത്തിയപ്പോഴേക്കും ഹാരിസ് കുറെ ചെറുപ്പക്കാരെയും കൊണ്ട് വഴി തടഞ്ഞു നിൽക്കുന്നുണ്ട്. കുറച്ചു പേരൊക്കെ കുടുംബക്കാർ ആണ്, ബാക്കി ഉള്ളവർ അവന്റെ കൂട്ടുകാരും.
ഞാൻ മെയിൻ ഡോറിലേക്ക് പോവാതെ മുകളിലേക്കുള്ള കോണി കേറി. അവിടെ മൂന്നു റൂമുണ്ട്. ഒരെണ്ണം അടഞ്ഞു കിടക്കുന്നു. അതിൽ ആയിരിക്കും ഹന്ന.. വാതിലിൽ ആഞ്ഞു തട്ടിക്കൊണ്ട് ഞാൻ അവളെ വിളിച്ചു. “ഹന്നാ…മോളെ…ഞാനാ…”
” ഏട്ടാ… ” കണ്ണീരിൽ കുതിർന്ന നിലവിളി.
” ഇയ്യ് പേടിക്കണ്ട… എന്റെ കഴുത്തിൽ ഒരു താലി കേറുന്നുണ്ടേൽ അത് ഇന്റെ ആയിരിക്കും… അന്റെ ഉപ്പേം ഉമ്മേം ഇന്നൊട് അത് പറഞ്ഞീന്.. പേടിക്കണ്ട…ഞാൻ വരും…”
വായടക്കിപ്പിടിച്ചുള്ള നിലവിളി അല്ലാതെ വേറെ മറുപടി ഒന്നുല്ല.. തിരിഞ്ഞപ്പോഴേക്കും ഇടത് കീഴ്ത്താടി നോക്കി നല്ലൊരു ഇടി. ഒരു നിമിഷത്തേക്ക് തല കറങ്ങിപ്പോയി. നേരെ വാതിലിലേക്കാണ് ചാരിയത്.. ഹാരിസ് ആണ്..
” പൊരെ കേറിവന്നു ഈടത്തെ പെണ്ണുങ്ങളോട് അനാവശ്യം പറയുന്നോടാ?? ” അവൻ കാലു പൊക്കി ചവിട്ടാൻ നോക്കിയപ്പോഴേക്കും ആ കാലിൽ രണ്ടു കൈ കൊണ്ടും പിടിച്ചു ഞാൻ ഒരു വശത്തേക്കു തിരിച്ചു. ബാലൻസ് തെറ്റി അവൻ വീണു. കുറച്ചു മുന്നോട്ട് നടന്നു വീണു കിടക്കുന്ന അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ട് ഞാൻ തറയിലൂടെ വലിച്ചിഴച്ചു. സ്റ്റെയർ ഇറങ്ങുന്ന അവിടെ നേരത്തെ കണ്ട ആളുകൾ നിൽക്കുന്നുണ്ട്. ആദ്യം കണ്ടവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ട് കൊടുത്തു. പുറകിൽ നിന്നവന്റെ മേലെ ചെന്നിടിച്ചു ഒരു നിലവിളിയോടെ രണ്ടു പേരും കൂടെ സ്റ്റെപ്പിലേക്ക് വീണു.
പുറത്തു നടക്കുന്ന ശബ്ദം കേട്ടിട്ട് ഹന്ന റൂമിലെ വാതിലിൽ അടിച്ചുകൊണ്ട് ” ഏട്ടാ…എന്താ..എന്താ…” എന്ന് ചോദിക്കുന്നുണ്ട്.
” ഒന്നുല്ലേടീ… ഞാൻ ഹാരിസിനോട് നമ്മളെ കല്യാണക്കാര്യം പറഞ്ഞതാ…ഇയ്യ് ബേജാറാവാതെ ഇരിക്ക്.. ”
ഹാരിസിനെ അവിടെ തന്നെ ഇട്ടിട്ട് ഞാൻ താഴേക്കിറങ്ങി.. രണ്ടു സ്റ്റെപ് ഇറങ്ങി തിരിഞ്ഞു നോക്കിയപ്പോൾ അവൻ എണീക്കുന്നതെ ഉള്ളൂ…
” ഹാരിസേ.. അനക്ക് ഇന്നെ അറിയാലോ…പണ്ട് ഫഹദ് ചേച്ചിന്റെ കയ്യിക്കേറി പിടിച്ചപ്പോൾ ഞാൻ ഓനെ ഒന്ന് തല്ലി.. അന്ന് ഓൻ അന്റെ പേരും പറഞ്ഞീന്നു.. പക്ഷെ അന്ന് അന്നെ ഞാൻ വെറുതെ വിട്ടത് അന്റെ ബാപ്പ അഹമ്മദ് സാഹിബിനെ ഓർത്തിട്ടല്ല, ഈടെ അന്റെ താഴെ ഉള്ള ഷെഹ്‌ലാനെ ഓർത്തിട്ടാ.. ഇപ്പൊ ഇന്നെ തല്ലിയപ്പോൾ തിരിച്ചു തല്ലാത്തതും അത് പോലെ തന്നെ, ഹന്നേനെ ഓർത്താ.. നാളെ ഇയ്യിന്റെ അളിയൻ ആവുമ്പൊ അനക്ക് ഇന്റെ മുഖത്ത് നോക്കണം ന്നു ഓർത്താ… ”
താഴേക്ക് ഇറങ്ങിവന്നപ്പോഴേക്കും ഷെൽഹ നിൽക്കുന്നുണ്ടായിരുന്നു.
” ഒരു വട്ടം പ്രശ്നങ്ങൾ ഇല്ലാണ്ടിരിക്കാൻ അന്നോടുള്ള ഇഷ്ടം ഞാൻ വേണ്ടാന്നു വെച്ചതാ… പക്ഷെ ഇപ്രാവശ്യം ഓളെ ഞാൻ ആർക്കും കൊടുക്കൂല… ” മുന്നിൽ ഉള്ളവർ മാറിയപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി, രാജദൂത് സ്റ്റാർട്ട് ചെയ്തു
പുറത്തേക്ക് എടുത്തു.. വീട്ടിൽ ചെന്ന് അവളുടെ വീട്ടിൽപോയി ഹാജിയാരെയും ഉമ്മേനേം കണ്ടത് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല.. ഒരു സമാധാനം മുഖത്തുണ്ടായിരുന്നു.
” അവിടെ തല്ലൊന്നും ഉണ്ടാക്കീലല്ലോ ല്ലേ?? ” അച്ഛൻ ചോദിച്ചു. ഒന്നും പറയാൻ പോയില്ല. ഇല്ല എന്ന് പറഞ്ഞു അകത്തേക്കു നടന്നു.
പിറ്റേന്ന് രാവിലെ അൻവറിന്റെ ഫോൺ ആണ് ഉണർത്തിയത്.. ഫീനിക്സിന്റെ ഗ്ലാസ് രാത്രി ആരോ അടിച്ചു പൊട്ടിച്ചു. പമ്പിലെ ആളുകൾ ഓടി വന്നപ്പോഴേക്കും വന്നവർ വണ്ടിയിൽ കേറി രക്ഷപ്പെട്ടു. കേട്ടപാടെ ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ പമ്പിലേക്ക് ഓടി. ഓഫീസ് റൂമിൽ SI യും മാനേജരും ഇരുന്നു CCTV നോക്കുന്നു. അൻവർ തൊട്ടുപുറകിൽ സങ്കടത്തോടെ നിൽക്കുന്നു. CCTV യിൽ നിന്ന് ഒന്നും കിട്ടിയില്ല. ഒരു ജീപ്പിൽ മുഖം മറച്ച കുറെ പേര് വരുന്നു. തൊട്ടു പുറകിൽ വന്ന ഫോർച്യൂണർ വണ്ടിയിൽ നിന്നും ഗ്ലാസ് താഴ്ത്തി ആരോ നിർദേശം കൊടുക്കുന്നു, അയാളുടെ മുഖം വ്യക്തം അല്ല. ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു വന്നവർ ജീപ്പിൽ കേറി രക്ഷപ്പെടുന്നു. നമ്പർ പ്ലേറ്റ് എല്ലാം മറച്ചിട്ടുണ്ട്.. പക്ഷെ ആ ഫോർച്യൂണർ, അതിന്റെ അലോയ് വീലും, ബാക്കിലെ ബമ്പറും..അത് ഈ നാട്ടിൽ ഒന്നേ ഉള്ളൂ… ജില്ലയിലെ സ്വർണക്കച്ചവടം നിയന്ത്രിക്കുന്ന ബിസിനസ് കിംഗ് തൂമ്പത്ത് കുഞ്ഞിമൊയിദീൻ തങ്ങൾ മകൻ ഫഹദ്.. പരാതി ഒന്നും ഇല്ലെന്നു പറഞ്ഞു പോലീസിനെ അയച്ചു. അൻവറിനെയും വിളിച്ചു കൊണ്ട് തൂമ്പത്ത് തറവാട്ടിലേക്ക്..
വീടിന്റെ മുന്നിൽ പന്തൽ പണി തുടങ്ങിയിട്ടുണ്ട്. പണിക്കാർ കൈക്കോട്ട് കൊണ്ട് കുഴി എടുക്കുന്നു. മാളിക പോലുള്ള വീടിന്റെ മുന്നിലേക്ക് ബുള്ളറ്റ് കൊണ്ട് പോയി നിർത്തി.. തങ്ങളുടെ എസ് ക്‌ളാസ് ബെൻസ് മുറ്റത്തു കിടക്കുന്നു. ഫോർച്യൂണർ അപ്പുറത്തും…ബസിന്റെ ഗ്ലാസ് പൊട്ടിച്ചത് മറക്കണമെങ്കിൽ ഫഹദിന്റെ ഫോർച്യൂണർ അല്ല പൊളിക്കേണ്ടത്..ഓന്റെ ബാപ്പാന്റെ ബെൻസാണ്.. ജോലിക്കാരുടെ കയ്യിൽ നിന്നും ഒരു കൈക്കോട്ട് വാങ്ങി ബെൻസിന്റെ ഗ്ലാസിൽ ആഞ്ഞിടിച്ചു. രണ്ടാമത്തെയോ മൂന്നാമത്തെയോ ഇടിക്ക് ഗ്ലാസിൽ വിള്ളൽ വീഴാൻ തുടങ്ങി… പണിക്കാരും വീട്ടുകാരും ഒക്കെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഇറങ്ങി വരുന്നുണ്ട്. കൈക്കോട്ട് അൻവറിനു കൊടുത്തിട്ട് എല്ലാ ഗ്ലാസും തല്ലിപ്പൊട്ടിക്കാൻ പറഞ്ഞു. വീടിന്റെ പിന്നിൽ നിന്നും ഓടി മുറ്റത്തെത്തിയ ഫഹദ് മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടൊന്നു ഞെട്ടി… അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു പന്തൽ ഇറക്കാൻ വന്ന ലോറിയിൽ ചേർത്തു..
” നായീന്റെ മോനെ.. തന്തയില്ലാത്തരം കാണിക്കുന്നോ?? ” കൈ ചുരുട്ടി മുഖത്ത് നല്ലൊരു ഇടി ഇടിച്ചു.. ചുണ്ട് പൊട്ടി ചോര ഒഴുകാൻ തുടങ്ങി. അവനെ കറക്കി മുറ്റത്തേക്ക് എറിഞ്ഞു. അടുത്തുള്ള മുളങ്കമ്പ് എടുത്ത് കാലു നോക്കി തല്ലാൻ ഓങ്ങി.
” നിർത്ത്… ഈടെ മുറ്റത്തു വന്നു ഇന്റെ കുട്ടീനെ തല്ല് ന്നാ?? ” പൂമുഖത്തു നിന്ന് ഇറങ്ങി വരുന്നു സാക്ഷാൽ തങ്ങൾ.. വെള്ളയും വെള്ളയും ഉടുത്തു ഒത്ത ഉയരവും തടിയും ഉള്ള നിസ്കാരത്തഴമ്പ് നെറ്റിയിൽ ഉള്ള ഒരു മനുഷ്യൻ.
” ഇയ്യാ രവീന്റെ മോനല്ലേ?? അണക്കെന്താ ഈടെ കാര്യം?? ”
വണ്ടി തകർത്തതും ക്യാമറയിൽ കണ്ടതും തങ്ങളോട് എല്ലാം പറഞ്ഞു. എല്ലാം കേട്ടപ്പോൾ എണീറ്റ് നിന്ന ഫഹദിനെ നോക്കി ഒറ്റ ചോദ്യം, ” ശരിയാണാ?? ”
അവന്റെ തലയാട്ടൽ തീർന്നില്ല, തങ്ങളുടെ വലത്തേ കരം ഫഹദിന്റെ ഇടത്തെ കവിളിൽ പതിഞ്ഞു.
” ആണുങ്ങളെ പോലെ പെരുമാറെടാ നായെ… രാത്രീല് കക്കാൻ പോണ പോലെ പ്രതികാരം ചെയ്തു വന്നേക്കുന്നു… ന്നിട്ടോ..അതും കൂടി നേർക്കിനു ചെയ്യാൻ അറീല.. പോ അപ്പുറത്തു.. ”
അവൻ പോയപ്പോൾ തങ്ങൾ എന്റെ അടുത്ത് വന്നു.. ” ഇയ്യന്നല്ലേ പണ്ട് ഇന്റെ മോനെ റോട്ടിലിട്ട് തല്ലീത്?? ”
ഞാൻ തലയാട്ടി…
” അന്നന്നെ വെർതെ വിട്ടത് അന്റെ അച്ഛനെ ഓർത്തിട്ടാ… പക്ഷെ ഇനി അതുണ്ടാവൂല… ”
” ഇങ്ങളെന്താണെന്നു വെച്ചാ ചെയ്യ് തങ്ങളെ.. അന്ന് ഓന്റെ കയ്യും കാലും അല്ലെ ഒടിഞ്ഞുള്ളൂ.. ഇനി ഒരു കാര്യം കൂടിണ്ട്. മാളിയേക്കലെ ഹാജ്യാരെ മോൾ, ഹന്ന.. ഓൾ ഇന്റെ പെണ്ണാ… അയിന്റെ പേരിലാ ഇങ്ങളെ മോനിന്നലെ അറാം പെറപ്പ് കാണിച്ചത്… ഒറ്റ മോനല്ലേ.. വേണെങ്കി ഒന്ന് ഉപദേശിച്ചോളീ… അല്ലെങ്കി ചെലപ്പോ അടുത്ത വെള്ളിയാഴ്ച അങ്ങാടീല് പോത്തിന്റൊപ്പം ഇങ്ങളെ മോന്റെ കയ്യും കൂടി തൂങ്ങിക്കിടക്കും… എന്തൊക്കെ ആയാലും ഹാജിയാരുടെ മോൾ, ഓളിന്റെ ആണ്.. ” കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ ബൈക്ക് പുറത്തേക്കെടുത്തു.
അന്ന് രാത്രി പതിവില്ലാതെ ചേച്ചി എന്നെ വിളിച്ചു. അവൾക്ക് എല്ലാം അറിയാം.. ഹന്നയ്ക്ക് ഇഷ്ടാണെങ്കിൽ അവളെ കൂട്ടിക്കൊണ്ട് പോരേ എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു. രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തു വലിയ സന്തോഷം ഇല്ല. ഇന്ന് കാട്ടിക്കൂട്ടിയത് മുഴുവൻ അറിഞ്ഞിട്ടുണ്ടാവും. കൈകഴുകാൻ എണീക്കാൻ നേരത്തു അച്ഛൻ പറഞ്ഞു.
” തങ്ങൾ ഇന്നെന്നെ വിളിച്ചിരുന്നു. അവർ ആ കല്യാണത്തിൽ നിന്ന് മാറി.. തങ്ങളുടെ മോൻ അവളെ കെട്ടില്ല ”
എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി..
” അത് പക്ഷെ നിന്റെ ഹീറോയിസം കണ്ടിട്ടല്ല.. ടൗണിൽ നമ്മൾ തുടങ്ങാൻ വിചാരിച്ചിരുന്ന ജ്വല്ലറി വേണ്ടാന്നു വെച്ചിട്ടാ…”
അത് കേട്ടതോടെ എന്റെ സന്തോഷം എല്ലാം പോയി.. ആദ്യമായാണ് അച്ഛൻ ഒരു ബിസിനസ് തുടങ്ങാൻ വെച്ചിട്ട് പിന്മാറുന്നത്. ഞാൻ സങ്കടത്തോടെ തല താഴ്ത്തി
” തങ്ങൾ ബിസിനസ് കാരനാ…അയാൾക്ക് ലാഭം ഉണ്ടായാൽ മതി, ”
” അത് വേണ്ടീരുന്നില്ല അച്ഛാ…. എനിക്ക് വേണ്ടി ”
” നിനക്കു വേണ്ടി അല്ലെങ്കിൽ വേറാര്ക്ക് വേണ്ടിയാടാ… ” അച്ഛന്റെ ശബ്ദം ഇടറിയിരുന്നു.
” നിന്റെ എന്തെങ്കിലും ഇഷ്ടത്തിന് ഇവിടെ എതിര് നിന്നിട്ടുണ്ടോ?? നല്ലൊരു ജോലി കളഞ്ഞു ഇവിടെ വളയം പിടിക്കാൻ തുടങ്ങിയപ്പോഴും ഞാൻ അഭിമാനിച്ചിട്ടേ ഉള്ളൂ… നിനക്ക് ഹാജിയാരുടെ മൂത്ത മോളെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വേണ്ട എന്ന് തന്നെയേ പറയുമായിരുന്നുള്ളൂ… പക്ഷെ ഞങ്ങളുടെ സമാധാനത്തിനു വേണ്ടി നീ ആ ഇഷ്ടം മനസ്സിൽ കുഴിച്ചിട്ടല്ലോ…ഇനി വേറൊരു ഇഷ്ടം കൂടി അങ്ങനെ വരാൻ ഉള്ള സാഹചര്യം ഉണ്ടാവരുത്… രവീന്ദ്രന് ബിസിനസ് അല്ല, മക്കളാണ് വലുത്..” ഞാൻ മേശയിൽ തല വെച്ച് കരയാൻ തുടങ്ങി…
‘അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട്, ” കച്ചോടത്തെ പറ്റി നീ ബേജാറാവണ്ട… നിന്റെ അച്ഛനും അമ്മാവനും പൂജ്യത്തു തുടങ്ങീതാ… നീയൊക്കെ ജനിക്കണെന്റെ മുന്നേ…അത് വിട്.. നീ അവളെ എല്ലാരുടെ സമ്മതത്തോടെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരണം..എനിക്കതെ ഉള്ളൂ..”
പിറ്റേന്ന് രാവിലെ അച്ഛന്റെ പഴയ അംബാസഡർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് ചെന്നത്. അമ്മ സെറ്റു സാരി ഒക്കെ ഉടുത്തു നിൽക്കുന്നുണ്ട്. അച്ഛൻ വണ്ടി മുറ്റത്തേക്ക് ഇറക്കിയപ്പോൾ ‘അമ്മ ചെന്ന് കേറി… ” ഞങ്ങൾ വരുമ്പോ ചിലപ്പോ നിനക്ക് ഒരു സന്തോഷ വാർത്ത ഉണ്ടാവും” എന്റെ നേരെ കൈ കാണിച്ചു കൊണ്ട് അമ്മ കാറിൽ കേറി..
ഹന്നയോട് സംസാരിക്കാൻ തോന്നുന്നു. അവളുടെ ഫോൺ ഓഫ് ആണ്.. ഷെൽഹയെ വിളിച്ചു. അവിടെ വീട്ടിൽ കല്യാണം മുടങ്ങിയതിനെ ആശ്വാസത്തിൽ ആണ് ഹാജിയാരും ഉമ്മയും ഒക്കെ.. ഹാരിസ് മാത്രം തലക്ക് പ്രാന്ത് പിടിച്ചു ഓടുന്നുണ്ട്. ഫർഹാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു അനിയനെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്, പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഹന്നയ്ക്ക് ഫോൺ കൊടുത്തു.
ഒരു കരച്ചിലോടെ ആണ് ഹലോ പറഞ്ഞത്… കരച്ചിൽ കൂടിയതേ ഉള്ളൂ.. വാക്കുകൾ ഒന്നുമില്ല.
എന്റെ കണ്ണും നിറയാൻ തുടങ്ങി.. പാവം കരയട്ടെ… കരഞ്ഞു കരഞ്ഞു കുറെ സമയം ആയപ്പോൾ നിന്നെ ആരേലും കെട്ടാണെങ്കിൽ ഞാനേ കെട്ടൂ എന്നും പറഞ്ഞു ഫോൺ കട്ടാക്കി..
* * * * * * * *
രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു. ഇന്ന് ഹന്നയുടെ കല്യാണം ആണ്.. എന്റെയും.
അധികം ആർഭാടം ഒന്നുമില്ല. ചന്ദനക്കളർ മുണ്ടും ഷർട്ടും ഇട്ട് ഞാൻ മുറ്റത്തേക്കിറങ്ങി. പഴയ അംബാസഡർ പൂക്കളൊക്കെ വെച്ച് അലങ്കരിച്ചു മുറ്റത്തു കിടപ്പുണ്ട്. അൻവർ ആണ് വണ്ടി ഓടിക്കുന്നത്. ഞാൻ മുന്നിൽ കേറി ഇരുന്നു. ഹന്ന ഒരു ചുവന്ന ലാച്ച ആണ് ഇട്ടിരിക്കുന്നത്.. തലയിൽ തട്ടമൊക്കെ ഇട്ട് പുത്യെണ്ണായിട്ട്… മതപരമായ ചടങ്ങുകൾ ഇല്ലാതെ ഞാൻ ഹന്നയുടെ കഴുത്തിൽ താലി കെട്ടി. അതിനു ശേഷം ഭക്ഷണം.
അച്ഛനും അമ്മയും അന്ന് ഹന്നയുടെ വീട്ടിൽ എത്തി ഹാജിയാരോടും ഖദീജുമ്മയോടും കല്യാണത്തെ കുറിച്ച് സംസാരിച്ചു. അവർക്ക് എതിർപ്പ് ഒന്നുമില്ല. ആകെ ഉള്ളത് വേറെ മതം ആണെന്ന് മാത്രം ആണ്, പക്ഷെ ഞങ്ങളുടെ സ്നേഹത്തിന്റെയും അവരുടെ സൗഹൃദത്തിന്റെയും മുന്നിൽ അത്
അലിഞ്ഞില്ലാതായി. ആകെ പ്രശ്നം ഹാരിസ് ആയിരുന്നു. അവനെ അച്ഛൻ ഒന്ന് മാറ്റിനിർത്തി സംസാരിച്ചപ്പോൾ അതും ഓക്കേ ആയി. ഇതെല്ലാം ഷെൽഹ പറഞ്ഞപ്പോൾ ഞാൻ ഹാരിസിനെ തിരയുകയായിരുന്നു. അവന്റെ മുഖത്ത് സന്തോഷം ഇല്ല, ഒരിഷ്ടക്കേടും ഭയവും മാത്രം. അത് ശരിയായിക്കോളും, ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു. കല്യാണം പ്രമാണിച്ചു ഷെൽഹയുടെ ഭർത്താവ് വന്നിട്ടുണ്ടായിരുന്നു. ആദ്യമായാണ് അയാളെ കാണുന്നത്. അവൾക്ക് ചേരുന്ന ആള് തന്നെ. പുള്ളിക്ക് എല്ലാ കാര്യങ്ങളും അറിയാം.. സ്റ്റേജിൽ വെച്ച് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു, ” ഇനിയെനിക്ക് ഓൾടെ പായാരം കേക്കണ്ടല്ലോ… ഇങ്ങള് പെണ്ണ് കെട്ടിയില്ലാന്നും പറഞ്ഞു ഇടക്കിടക്ക് കരയും.. … ഇപ്പൊ ഓൾടെ പെങ്ങളെ തന്നെ ആയല്ലോ…സമാധാനം ആയി “, ഞങ്ങൾ അളിയന്മാർ ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ്സ് ചെയ്തു.. വീട്ടിലേക്കുള്ള വരവിൽ ഞാൻ കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന അച്ഛനോട് ചോദിച്ചു,
” അച്ഛൻ ഹാരിസിനെ എന്ത് പറഞ്ഞാ സമ്മതിപ്പിച്ചത്?? ”
” അത് നീയെന്തിനാ അറിയുന്നത്?? നാളെ നിങ്ങക്കൊരു കുട്ടി ഉണ്ടായി അവർക്ക് ഇത് പോലെ ഒരു ആവശ്യം വരുമ്പോൾ നീ അത് കണ്ടുപിടിക്കും.. ”
കൂടുതൽ ഒന്നും ചോദിയ്ക്കാൻ പോയില്ല, പറയില്ല എന്നറിയാം…
എന്നാൽ പിന്നെ അന്ന് ഹാരിസിനോട് പറഞ്ഞത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ?? എന്തെങ്കിലും കാര്യം ഉണ്ടാവും.. ഒന്നുമില്ലെങ്കിലും അച്ഛനല്ലേ..?
അന്ന് രാത്രി എനിക്ക് വീട്ടിൽ കിടക്കാൻ നല്ല ചമ്മൽ ഉണ്ടായിരുന്നു. ചേച്ചിയും അമ്മായിയും അമ്മുവും പിന്നെ കുറച്ചു അയൽവാസികളും മാത്രമേ ഉള്ളൂ… എന്നാലും… എല്ലാവരുടെ മുഖത്തും ഒരു കളിയാക്കൽ ഉണ്ട്.. ഹന്ന വീട്ടിൽ എത്തി ഡ്രസ്സ് ഒക്കെ മാറ്റി ഒരു ചുരിദാർ ഇട്ടിരിക്കുന്നു. രാത്രി എല്ലാവരും കിടക്കാൻ നേരം ആയി.. റൂമിൽ ഇരിക്കുന്ന എന്റെ അടുത്തേക്ക് ഒരു ഗ്ലാസ് പാലുമായി അവൾ വന്നു. രണ്ടു പേർക്കും നല്ല ചമ്മൽ ഉണ്ട്..മുഖത്ത് നോക്കാൻ പോലും വയ്യ… ഇഷ്ടം ആണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇത് വരെ കല്യാണത്തെക്കുറിച്ചോ ജീവിതത്തെ പറ്റിയോ ഞങ്ങൾ തമ്മിൽ ഒരു സംസാരം ഉണ്ടായിട്ടില്ല… അവൾ പാൽ തന്നു ബെഡിന്റെ ഒരറ്റത്തു ഇരുന്നു.. ഞാൻ കുറച്ചു കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു. അവൾ എന്നെ നോക്കാതെ ബാക്കി കുടിച്ചിട്ട് ഗ്ലാസ് മേശയിൽ വെച്ചു..
എന്താ പറയേണ്ടത്?? ഒന്നും ഓർമ വരുന്നില്ല..
” കിടക്കാം?? “ഞാൻ പറഞ്ഞൊപ്പിച്ചു.
അവൾ തലയാട്ടി ബെഡ് ലാംപ് മാത്രം ഇട്ട് ബെഡിൽ വന്നു കിടന്നു. ഞാൻ ഒരറ്റത്ത് ഫാനും നോക്കി കിടക്കാണ്… ഉറക്കം വരുന്നില്ല.. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹന്നയുടെ ക്രമമായ ശ്വാസം കേൾക്കാൻ തുടങ്ങി.. പാവം, ഇന്നായിരിക്കും കുറച്ചു സമാധാനത്തോടെ ഉറങ്ങുന്നത്… ഞാനും ഉറങ്ങാൻ ശ്രമിച്ചു..ഇല്ല ഉറക്കം വരുന്നില്ല. എഴുന്നേറ്റ് പതുക്കെ റൂമിനു പുറത്തിറങ്ങി, അച്ഛന്റെയും അമ്മയുടെയും റൂം ചാരിയിട്ടേ ഉള്ളൂ… പതുക്കെ റൂമിൽ കേറി അച്ഛന്റെ അംബാസഡറിന്റെ താക്കോൽ എടുത്തു..
” നീയെങ്ങോട്ടാ ഈ രാത്രിയിൽ ?? ” അച്ഛന്റെ ശബ്ദം ഇരുട്ടിൽ നിന്നും കേട്ടു..
” അത്..ഉറക്കം വരുന്നില്ല… ഞാൻ ഒന്ന് പുറത്തുപോയിട്ട് വരാം… ” ഞാൻ വേഗം ഇറങ്ങി റൂമിലെത്തി ഹന്നയെ തട്ടിവിളിച്ചു, അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ചുണ്ടിൽ കൈവെച്ചു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു ഞാൻ അവളുടെ കൈപിടിച്ച് കാറിനടുത്തേക്ക് കൊണ്ടുപോയി..
” എങ്ങോട്ടാ ഇപ്പൊ?? ”
” നീ വാ… കേറ്,, ” കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു… എങ്ങോട്ട് പോവണം എന്ന് ഒരു ഐഡിയ ഇല്ല.. അന്ന് ആദ്യമായിട്ട് ബാംഗ്ലൂർ അവളെയും കൊണ്ട് കറങ്ങാൻ ഇറങ്ങിയ പോലെ.. അതെ… ബാംഗ്ലൂർ !! സമയം നോക്കിയപ്പോൾ 11 കഴിഞ്ഞിട്ടുണ്ട്, ബന്ദിപ്പൂർ റോഡ് അടച്ചുകാണും, ഞാൻ കുട്ട വഴി ബാംഗ്ലൂരിലേക്ക് ഓടിച്ചു.
” ഇങ്ങക്ക് എന്നെ എന്ന് മുതലാ ഇഷ്ടായത്?? ” ഹന്നയുടെ ചോദ്യം ആണ്…
” അറിയില്ല… ആദ്യമായി കണ്ടപ്പോഴേ എവിടോ കണ്ട മുഖം ആയി തോന്നി… ”
” അത് ഇങ്ങളെ പണ്ടത്തെ കാമുകീന്റെ മുഖം ഓർമ വന്നോണ്ടാവും…” അവൾ ഒന്ന് നിർത്തി..
” ശെരിക്കും ഞാൻ ഓൾടെ അനിയത്തി ആയോണ്ടാണോ ന്നെ ഇഷ്ടപ്പെട്ടത്?? ” അവൾ ചോദ്യരൂപത്തിൽ എന്നെ ഒന്ന് നോക്കി…
” അറിയില്ല.. പക്ഷെ ഓൾടെ അനിയത്തി അല്ലെങ്കിലും ഞാൻ ചെലപ്പോ ഈ മൊഞ്ചത്തിനെ ഇഷ്ടപ്പെട്ടേനെ… പിന്നെ ഷെൽഹ, ഓളിന്റെ കാമുകി മാത്രം അല്ലായിരുന്ന്.. ഇന്റെ ബെസ്റ്റ് ഫ്രണ്ട് കൂടി ആയിരുന്ന്.. അതോണ്ട് നമ്മൾ തമ്മിലുള്ള കാര്യം പെട്ടെന്ന് നടന്നു…” ഞാൻ ഇടതു കൈ കൊണ്ട് അവളെ ഒന്ന് ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഞങ്ങൾ തമ്മിലുള്ള അകലം ഒന്ന് കുറഞ്ഞപോലെ…
” നീ വേണമെങ്കിൽ ഒറങ്ങിക്കോ.. സീറ്റ് ബെൽറ്റ് ഇട്ടോ.. ഞാൻ എത്തുമ്പോ വിളിക്കാ… ”
” എങ്ങണ്ടാ ഈ രാത്രിക്ക്?? ”
” പറയാ…ഇയ്യോറങ്ങിക്കോ… ” അവൾ സീറ്റ് ബെൽറ്റ് ഇട്ട്, വിൻഡോയിലേക്ക് തല ചായ്ച്ചു വെച്ച് ഉറങ്ങാൻ തുടങ്ങി.. ഞാൻ മ്യൂസിക് പ്ലേയർ ഓൺ ചെയ്തു.. സിഡി ഇടുന്ന ടൈപ്പ് ആണ്.. അതിലൂടെ പണ്ടത്തെ നസീറിന്റെയും സത്യൻെറയും ഒക്കെ പ്രേമഗാനങ്ങൾ.. അച്ഛന്റെയും അമ്മയുടെയും മനോഹരമായ പ്രണയനിമിഷങ്ങൾ ചിലപ്പോൾ ഇതിനുള്ളിലാവാം… ഞാൻ ഒരു പുഞ്ചിരിയോടെ ഡ്രൈവ് ചെയ്തു.. ബാംഗ്ലൂർ ടൗണിൽ കേറി എയർപോർട്ട് റോഡിലൂടെ ഞാൻ വണ്ടി വിട്ടു, നേരം അഞ്ചര ആവുന്നതേ ഉള്ളൂ… നന്ദി ഹിൽസിലേക്ക് വണ്ടി കേറിത്തുടങ്ങി..തിരക്ക് ഒന്നും കാണുന്നില്ല. വണ്ടി പാർക്കിങ്ങിൽ ഇട്ടു ഹന്നയെ തട്ടി വിളിച്ചു.
അവളെ എണീപ്പിച്ചു മുകളിലേക്ക് നടന്നു.. ഞങ്ങളെ പോലെ കുറച്ചു കപ്പിൾസൊക്കെ ഉണ്ട്.. നല്ല വ്യൂ കിട്ടുന്ന ഒരു സ്ഥലം നോക്കി ഇരുന്നു. അവൾ എന്നിലേക്ക് ചാരി ഇരുന്നു.. തണുത്ത കാറ്റ് വീശുന്നുണ്ട്.. പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നുമില്ലാത്തത് കൊണ്ട് ഒരു ജാക്കറ്റ് പോലും എടുത്തിട്ടില്ല…
പല്ലൊക്കെ കൂട്ടി ഇടിക്കുന്നു.. ഇട്ടിരുന്ന നേരിയ ഷാള് എടുത്ത് അവൾ എന്നെ പൊതിഞ്ഞു പിടിച്ചു…ഞാൻ ഹന്നയുടെ തോളിലൂടെ കയ്യിട്ട് എന്നിലേക്ക് അടുപ്പിച്ചു.. നേരെ കാണുന്ന മേഘങ്ങൾക്കിടയിലൂടെ സൂര്യന്റെ ആദ്യ രശ്മികൾ എത്തുന്നു.. പതുക്കെ ആകാശത്തിന്റെ നിറം മാറാൻ തുടങ്ങി…
ഞാൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു കവിളിൽ എന്റെ ചുണ്ടമർത്തി.. അവളുടെ മുഖം ചുവന്നു തുടുത്തു , അവൾ എന്നിലേക്ക് ഒന്നുകൂടി ചേർന്നു ഇരുന്നു…..
അന്ന് കാണാൻ പറ്റാതിരുന്ന സൂര്യോദയം ഇന്ന് നല്ല പാതികളായി ഞങ്ങൾ കാണുന്നു..ഇനി ഒത്തിരി കാലം ഒന്നിച്ചുണ്ടാവും എന്ന വിശ്വാസത്തോട് കൂടി…
Comments:
No comments!
Please sign up or log in to post a comment!