മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3
ദിവസങ്ങൾ കടന്നുപോയി, രണ്ടാം ശനിയാഴ്ച രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞു തിണ്ണയിൽ ഇരിക്കുവാരുന്നു ഞാനും ചാച്ചനും.
“ഇന്ന് എന്നാടാ നിനക്ക് പരിപാടി?”
“കുറച്ച് കഴിയുമ്പോ അക്കരക്കുന്നേലെ വീട്ടിൽ ഒന്നു പോണം, ഒരുപാടായില്ലേ അങ്ങോട്ട് ഒന്നു പോയിട്ട്?”
“ഞാനും വന്നേനെ, പക്ഷേ ഇന്ന് സെർവർ റൂമിലെ ഏതാണ്ട് ശരിയാക്കാൻ ആള് വരുന്നുണ്ട്”
“ഞാന്‍ വരണോ കൊണ്ടുവിടാൻ?”
“വേണ്ടടാ, ഷാജി വരുന്നുണ്ട്, നീ നേരത്തെ പറഞ്ഞപോലെ അക്കരക്ക് ഒന്നു പോയെച്ചൂ വാ”
സാരിയിൽ കൈ തുടച്ചുകൊണ്ട് അമ്മച്ചിയും പുറകെ ചിന്നുവും മുത്തും ഇറങ്ങി വന്നു.
“എന്നതാ അപ്പനും മോനും കൂടിരുന്നു പറയുന്നെ?”
ചാച്ചൻ ഇരിക്കുന്ന കസേരയുടെ അടുത്തുകിടക്കുന്ന കസേരയിലേക്കിരുന്നുകൊണ്ട് അമ്മച്ചി ചോദിച്ചു. ചിന്നുവും മുത്തും തിണ്ണയിലെ അരഭിത്തിയിലിരുന്നു.
“ഒന്നുല്ല അമ്മച്ചീ, അക്കരക്കുന്നേലെ പറമ്പിൽ പോണ കാര്യം പറഞ്ഞതാ”
“നല്ല കാര്യം, എന്നതായാലും നീ പോകുന്നതല്ലേ, ആ പെരേടെ പുറകില്‍ നിൽക്കുന്ന പുളിമരത്തേൽ പുളിയുണ്ടെ കൊണ്ടുപോരെ, ഉണക്കി വെച്ചത് തീരനായി”
“മഴയല്ലേ അമ്മച്ചീ, നോക്കട്ടെ പറ്റുവാണെ കൊണ്ടുവരാം”
എന്‍റെ ചാച്ചന്‍റെ ചാച്ചന് ആകെ ഒരനിയൻ മാത്രമാണ് ഉണ്ടായിരുന്നത്. വല്ലിച്ചാച്ഛനും വല്ല്യമ്മച്ചിയും എന്‍റെ കുഞ്ഞിലേ തന്നെ മരണപ്പെട്ടിരുന്നു. ചാച്ചന്‍റെ വീട്ടിൽ രണ്ടുപെൺപിള്ളേരും മൂന്നാൺപിള്ളേരും ആണ്. ചാച്ചൻ ഏറ്റവും ഇളയതായിരുന്നു. വല്ലിച്ചാച്ഛന്‍റെ അനിയന് (പാപ്പൻ ) നാല് പെൺപിള്ളേരായിരുന്നു. ആദ്യകാലത്ത് കുറെ കഷ്ടപ്പെട്ടെങ്കിലും പട്ടണത്തിലേക്ക് കല്യാണം കഴിച്ചു വിട്ട് ഇപ്പോ എല്ലാരും നല്ലനിലയിലാണ്. പിള്ളേരൊക്കെ കല്യാണം കഴിഞ്ഞു പോയപ്പോ അക്കരെ വീട്ടിൽ പാപ്പനും കുഞ്ഞമ്മയും ഒറ്റക്കായി. അപ്പോപ്പിന്നെ ചാച്ചൻ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പാപ്പൻ മരിക്കുന്നതിന് മുന്നേ വീടും സ്ഥലവും ചാച്ചന്‍റെ പേരില്‍ ഒസ്യത്ത് എഴുതിവെച്ചു. ഒന്നും പ്രതീക്ഷിച്ചല്ല ചാച്ചനത് ചെയ്തതെങ്കിലും പാപ്പന്‍റെ ആഗ്രഹമാണെന്ന് പറഞ്ഞു കുഞ്ഞമ്മ കയ്യൊഴിഞ്ഞു.
കുഞ്ഞമ്മയുടെ മരണശേഷം സ്ഥലം തുല്യമായി ഭാഗം വെച്ചു കൊടുക്കാന്‍ ചാച്ചൻ ശ്രമിച്ചെങ്കിലും പട്ടണത്തില്‍ താമസിക്കുന്ന അവര്‍ക്ക് ഇതൊരു പട്ടിക്കാടായിരുന്നു. എന്നാലും കയ്യിലുണ്ടായിരുന്നതും കടംമേടിച്ചതും കൂട്ടി നാല് പേർക്കും ചാച്ചൻ 10 ലക്ഷം രൂപ വീതം കൊടുത്തു. എനിക്കത് വലിയ ഇഷ്ടപ്പെട്ടില്ലെങ്കിലും ചാച്ചനും അമ്മച്ചിയും ആ പൈസ കൊടുത്തത് നിറഞ്ഞ മനസോടെ ആയിരുന്നു.
റൂമിൽ നിന്നും ഒരു കാലൻ കുടയുമെടുത്ത് താഴേയ്ക്കിറങ്ങാൻ നോക്കുമ്പോൾ ചിന്നു റൂമിലേക്ക് വന്നു.
“ഞാനും വരണുണ്ട് ”
“ഞാന്‍ നിന്നെ വിളിക്കാന്‍ വരുവാരുന്നു, നമ്മുടെ കല്യാണം കഴിഞ്ഞേപ്പിന്നെ കുറെക്കാലം കൂടി ഇപ്പോഴാ അങ്ങോട്ട് പോകുന്നേ”
റൂമിലെ അഴയിൽ കിടന്ന തോർത്തെടുത്ത് ടോപ്പിനുമീതേ കൂടി അരയിൽ കെട്ടി എന്നെ നോക്കി.
“ഞാന്‍ റെഡി, പോവാം?”
“നടന്നോ”
താഴേയ്ക്ക് ചെന്നു, ഒരു വലിയ കുപ്പിയിൽ വെള്ളം , ഉച്ചഭക്ഷണം, എല്ലാംകൂടെ ഒരു സഞ്ചിയിലാക്കി എന്നിട്ട് ആ സഞ്ചിയെടുത്ത് കയ്യിൽപിടിച്ച് കാലൻ കുട അവൾക്ക് കൊടുത്ത് ഞാന്‍ മുറ്റത്തേക്കിറങ്ങി. പിന്നാലെ ജീപ്പിന്‍റെ താക്കോലുമായി ചിന്നുവും വന്നു.
മുറ്റത്തിന്‍റെ ഒരു വശത്തുള്ള ഷെഡില്‍ കിടക്കുന്ന 2015 മോഡൽ കറുത്ത മഹീന്ദ്ര ഥാർ 4 x 4 ന്‍റെ പിന്നിലേക്ക് സാധനസാമഗ്രികൾ എല്ലാം വച്ച് ഞങ്ങള്‍ മുന്നിൽ കയറി. ഒരു ചെറിയ മുരൾച്ചയോടെ കുന്നിറങ്ങി ജീപ്പ് മുന്നോട്ട് പോയി.
മെയിൻ റോഡിലിറങ്ങി കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴേക്കും വലത്തേക്ക് ഒരു മണ്ണിട്ട റോഡ് വന്നു. റോഡെന്ന് പറഞ്ഞാൽ അവിടേം ഇവിടേം ഒക്കെ പൊന്തിയും താന്നും കിടക്കുന്ന, ചെളിയായിക്കിടക്കുന്ന , വെള്ളം ഒഴുകുന്ന വലിയ ചാലുകള്‍ ഉള്ള റോഡ്, ഫോർവീൽ അല്ലാത്ത ഒരു വണ്ടിയും കയറിപ്പോവില്ല.
ആട്ടിക്കുലുക്കി മുരണ്ടുകൊണ്ട് കയറ്റം കയറാന്‍ തുടങ്ങി. മലയായതുകൊണ്ട് നേരെയുള്ള വഴികള്‍ സാധാരണ ഉണ്ടാവാറില്ല, എല്ലാം ചുരം മോഡൽ റോഡാണ്. ചെളിതെറിപ്പിച്ചുകൊണ്ട് ഥാർ കയറിക്കൊണ്ടിരുന്നു. ചിന്നു ആദ്യമായിട്ടാണ് ഓഫ് റോഡിന് വരുന്നത് , അതിന്‍റെ ചെറിയ ഒരു പേടി അവൾക്കുണ്ടായിരുന്നു. വണ്ടിയിലിരുന്നു കുലുങ്ങിക്കുലുങ്ങി കെട്ടിവെച്ച മുടിയെല്ലാം അഴിഞ്ഞുവീണിരുന്നു.
കല്യാണം കഴിഞ്ഞു അധികം ആകുന്നതിന് മുന്നേ അവൾ വീടിന്‍റെ അടുത്തുള്ള പറമ്പ് മൊത്തം കയറിയിറങ്ങി കണ്ടു. വെറുതെ കാണാന്‍ മാത്രമല്ല നന്നായിട്ട് പറമ്പിൽ പണിയെടുക്കാനും പെണ്ണ് റെഡിയാണ്.
കയറ്റം കയറിക്കൊണ്ടിരിക്കെ വണ്ടി കുടുങ്ങി, ടയർ കിടന്നു തെരയുന്നതല്ലാതെ വണ്ടി അനങ്ങുന്നില്ല. പിന്നെ വണ്ടി ഓഫ് ചെയ്ത് ഹാൻഡ് ബ്രേക്ക് ഇട്ടു നിർത്തി , പുറത്തിറങ്ങി. വഴിയരികിൽ കിടക്കുന്ന കല്ലുകള്‍ എടുത്ത് ടയറിന്‍റെ ചുവട്ടിലേക്കിട്ട എന്നെ ഇങ്ങേര് ഇതെന്തോന്നാ ചെയ്യുന്നത് എന്ന മട്ടിൽ അവൾ നോക്കുന്നുണ്ട്. തിരികെ വണ്ടിയിലേക്ക് കയറി മുന്നോട്ടെടുത്തു. ഇത്തിരി കഷ്ടപ്പെട്ടെങ്കിലും വണ്ടി കയറിപ്പോന്നു.
മുകളില്‍ നിന്നും റോഡിന്‍റെ വശത്തുള്ള പാറയിലേക്ക് കുത്തി വീണു പിന്നെ റോഡിന് കുറുകെ ഒഴുകി താഴേയ്ക്ക് വീഴുന്ന ഒരു മഴ സ്പെഷ്യൽ വെള്ളച്ചാട്ടം.
പതഞ്ഞ് വീഴുന്ന വെള്ളം കണ്ടപ്പോൾ ചിന്നുവിന്‍റെ കണ്ണുകൾ വിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാട്, മല, വെള്ളച്ചാട്ടം തുടങ്ങിയ സാധനങ്ങള്‍ ഒക്കെ ഒരുപാടിഷ്ടാണു പുള്ളിക്കാരിക്ക്. ഞാന്‍ വണ്ടി റോഡില്‍ നിർത്തിയപ്പോൾ അവൾ എന്നെ നോക്കി.
” ഞാന്‍ പറയാന്‍ വരുവാരുന്നു”
” അത് എനിക്ക് മനസ്സിലായി, അതല്ലേ നിർത്തിയെ , വാ ഇറങ്ങ്”
ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്ക് ചെന്നു. കുറച്ചു നേരം അത് നോക്കി നിന്നു പിന്നെ ഫോൺ എടുത്ത് എന്‍റെ കയ്യില്‍ തന്നു. പല പോസുകളിലുള്ള ഫോട്ടോ എടുത്ത് പിന്നെ ഞങ്ങള്‍ രണ്ടും കൂടീ ഒന്നുരണ്ട് സെൽഫിയും എടുത്തു.
വഴിയുടെ മറുവശം കൊക്കയാണ്. തെളിച്ചമില്ലെങ്കിലും താഴ്ഭാഗത്ത് ഒരുപാട് മലനിരകൾ കാണാം. താഴേയ്ക്ക് നോക്കിനിന്ന അവളെ പുറകിലൂടെ ചെന്നു വട്ടം പിടിച്ചു. ഒരു പുഞ്ചിരിയോടെ തല എന്‍റെ തോളിലേക്ക് ചാരി ഇടതു കൈ എന്‍റെ കയ്യുടെ മുകളിൽ വച്ച് വലതു കൈ കൊണ്ട് എന്‍റെ കവിളിൽ തഴുകി, ആ നിമിഷങ്ങൾ ആസ്വദിച്ച് ഞങ്ങള്‍ നിന്നു.
******************* കുറച്ച് സമയം അവിടെ ചിലവഴിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടർന്നു. ആ വഴിചെന്നവസാനിച്ചത് ഒരു ചെറിയ പഴക്കമുള്ള ഓടിട്ട വീടിന്‍റെ മുന്നിലാണ്. മുറ്റം മുഴുവൻ കാട് പിടിച്ച് കിടക്കുന്നു. മുറ്റത്തിന്‍റെ ഒരു മൂലക്ക് പടർന്നു നിൽക്കുന്ന ചെമ്പരത്തി, മുറ്റത്തിന് തൊട്ട് താഴെ നിൽക്കുന്ന ചെറിയ പാലമരത്തിൽ പടർന്നു കയറിയ ഒരു കാട്ടു വള്ളിച്ചെടി, റോസ് നിറത്തിലുള്ള ചെത്തിപ്പൂവിന് സമാനമായ പൂക്കള്‍ അങ്ങിങ്ങായി നിൽപ്പുണ്ടായിരുന്നു, മഴയും കാറ്റും കൊണ്ടാവാം അതിന്‍റെ ചോട്ടില്‍ മുഴുവൻ ആ പൂക്കള് വീണു കിടന്നിരുന്നു. വണ്ടിയൽനിന്നിറങ്ങി പുറകിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം എടുത്ത് വീടിന്‍റെ തിണ്ണയിലേക്ക് കയറി. റെഡ് ഓക്സൈഡ് ഇട്ട നിലം മുഴുവൻ ചെളിപിടിച്ച് കിടക്കുന്നു. വണ്ടിയുടെ താക്കോലിന്‍റെ കൂടെത്തന്നെയുള്ള മറ്റൊരു താക്കോലെടുത്ത് വാതിലിന്‍റെ താഴ് തുറന്നു. രണ്ടുപാളി പഴയ മോഡൽ വാതിലാണ്, അകത്തേക്ക് തള്ളിത്തുറന്നു, മഴയുടെയാവാം വാതിലിന് ഒരു ചെറിയ പിടുത്തം ഉണ്ടായിരുന്നു.
Comments:
No comments!
Please sign up or log in to post a comment!