പുനർജ്ജനി
മഴ തിമിർത്തു പെയ്യുകയാണ്………………
തോരാതെ പെയ്യുന്ന മഴ, തൊടിയിലും മുറ്റത്തും
നിറഞ്ഞൊഴുകുന്ന മഴവെള്ളം, മാമ്പഴങ്ങളെ
തഴുകി തലോടി തള്ളിവീഴ്ത്തുന്ന കാറ്റ്, മൂടിപ്പുതച്ചു കിടക്കാൻ മാത്രം തോന്നുന്ന
തണുപ്പ്…
ഈ മഴ എന്നെ പഴയ ഓർമ്മകളിലേക്ക്
കൊണ്ടുപോകുകയാണ്…കൃത്യമായി പറഞ്ഞാൽ പത്ത് വർഷങ്ങൾക്ക് മുമ്പുള്ള എന്റെ കൗമാര ലോകത്തേക്ക്..
*******************
” ബിരിയാണി വാങ്ങി തന്നാൽ ഞാൻ ലെറ്റർ എഴുതി തരാം ….”
തന്റെ വാക്കുകൾ കേട്ടു അവന്റെ മുഖം വാടുന്നത് നോക്കി നിന്നു…….
“ബിരിയാണി വാങ്ങാനുള്ള പൈസയൊന്നും
എന്റെ കയ്യിൽ ഇല്ല .. ഉച്ചയ്ക്ക് എന്തെങ്കിലും കഴിക്കാൻ അമ്മ തന്ന കാശുണ്ട്, അത് തരാം..”
അവന്റെ മറുപടിയിൽ നിരാശയിലും പ്രത്യാശ
കലർന്നിരുന്നു…..
അപ്പോൾ ഉച്ചയ്ക്ക്
നീ എന്തു കഴിക്കും ..?
എന്റെ ചോദ്യത്തിന് മറുപടിയും പെട്ടെന്ന് കിട്ടി.
പട്ടിണി കിടക്കും, ഇനി രണ്ടു ദിവസം അവധിയാണ് ഇന്ന് തന്നെ അവൾക്കു കൊടുക്കണം……
പ്ളീസ് ഒന്നു എഴുതി തരൂ…..
അവനിൽ പ്രണയത്തിന്റെ ചിരി തെളിഞ്ഞു, മാഞ്ഞു…..
രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട്
വയറ് കാളുന്നുണ്ട്.. വിശപ്പെന്തെന്ന് തനിക്കു
നന്നായ് അറിയാം….
സ്നേഹിക്കുന്നവൾക്ക് കൊടുക്കാനുള്ള
പ്രണയലേഖനത്തിനായ് വിശന്നിരിക്കാൻ
തയ്യാറായ അവനോട് സഹതാപം തോന്നി….
ലൗ ലെറ്റർ എഴുതാൻ നാലായി മടക്കി അവൻ വച്ചുനീട്ടിയ വരയിടാത്ത നോട്ട് ബുക്കിന്റെ
നടുവിലെപേജ് , വിയർപ്പിൽ നനഞ്ഞിരുന്നതിനാൽ തന്റെ നോട്ട്ബുക്കിൽ നിന്നും ഒരു പേജ് അടർത്തി എടുത്തു…
അവന്റെ പ്രണയിനിക്കായ് ,അവനായ് മാറിയ
തന്റെ റെയ്നോൾഡ്സ് പേന ചലിച്ചു തുടങ്ങി..
“”എന്റെ മാത്രമെന്നു ഞാൻ വിശ്വസിക്കുന്ന
സജിനിക്ക്….””
ആൺകുട്ടികളുടെ മനസ്സിൽ ഏതെങ്കിലും
പെൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ ആദ്യം അവർ തേടി എത്തുക തന്നെ ആയിരിക്കും….
കാരണം ,
ഉള്ളിലെ പ്രണയം നേരെ അങ്ങു ചെന്നു
പെൺകുട്ടികളോട് തുറന്നു പറയാൻ ധൈര്യം ആർക്കും ഇല്ല….
ആദ്യം അവരുടെ മനസ്സ് അറിയണം….
ഒരു പ്രണയലേഖനം എഴുതി ഇഷ്ടം അവരെ അറിയിക്കുക എന്നതാണ് ആദ്യപടി….
ഈ പ്രണയലേഖനമെഴുതുവാൻ താൻ കഴിഞ്ഞേ ആൾ ഉള്ളൂ എന്നാണ് എല്ലാവരും പറയുന്നത്….
കാര്യം കാണാൻ വേണ്ടി പൊക്കി പറയുന്നതാണോ എന്ന സംശയം ഇല്ലാതില്ല..!
കുറേനാൾക്ക് മുന്നേ ആത്മാർത്ഥ സുഹൃത്ത്
സജിമോന് അടുത്ത ക്ലാസ്സിലെ സുന്ദരി
പെണ്ണിനോട് മുടിഞ്ഞ പ്രണയം… അവനാണെങ്കിൽ കറുത്തു മെലിഞ്ഞു ,
പല്ലും പൊങ്ങിയ ഒരുകോലം….
ഒരിക്കലും ആ കുട്ടി ഈ കോലത്തെ ഇഷ്ട്ട പ്പെടുകില്ല എന്നുറപ്പാണ്… അവന്റെ നിർബന്ധം സഹിക്കാതെ വന്നപ്പോൾ എഴുതുവാൻ തയ്യാറായി….
ആദ്യമായാണ് ഈ മേഖലയിൽ കൈ വയ്ക്കുന്നത്.. എന്തെക്കെയോ എഴുതി ഒപ്പിച്ച് സജിമോനെ ഏൽപ്പിച്ചു… വായിച്ചു പോലും നോക്കാതെ അവനത് ആ കുട്ടിക്ക് നൽകുകയും ചെയ്തു….
പക്ഷെ ,അടുത്ത ദിവസം ഞങ്ങളുടെ പ്രതീക്ഷ കളെ തട്ടിത്തെറിപ്പിച്ചു കൊണ്ടു അവൾക്കും സജിമോനെ ഇഷ്ടമാണെന്ന് എഴുതിയ മറുപടി ലെറ്ററും ഉയർത്തിപ്പിടിച്ചു അവൻ തന്നെ കെട്ടി പിടിച്ചപ്പോൾ ശരിക്കും ഞെട്ടി…..
അളിയാ….. നിന്റെ എഴുത്തിൽ അണെടാ അവൾ വീണത്… നിന്നെ സമ്മതിച്ചു. നീ ഒരു സംഭവം തന്നെ…
അതിനു ശേഷം തന്റെ ജോലി ലൗ ലെറ്റർ എഴുത്തു മാത്രമായിരുന്നു. ഒരു പാട് പ്രണയങ്ങൾ, തന്റെ അക്ഷരങ്ങൾ കൊണ്ട് ഒന്നായി മുന്നിലൂടെ കൈ കോർത്ത് പിടിച്ചു നടന്നു പോയി …!
വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിവ് പോലെ പെപ്പിൻ ചുവട്ടിൽ നിന്നും വെള്ളം മൊത്തിക്കുടിച്ചു കൊണ്ടിരിക്കെ പൈപ്പിൻ ചുവട്ടിൽ ആരോ ഉപേക്ഷിച്ച് പോയ ഒരുതുണ്ട്, വാസനസോപ്പ് കണ്ണിൽപ്പെട്ടു, അതെടുത്തു കൈ നന്നായ് കഴുകി..
കൂടെ ഇരിക്കുന്നവർ ഉച്ചയ്ക്ക് ഊണിനൊപ്പം കഴിച്ച കറിയുടെ മണം അറിയിക്കാൻ കൈ മൂക്കിനോട് ചേർക്കും. എന്ത് കറിയെന്ന് വാസനയിൽ നിന്നും പറയണം.. പട്ടിണി കിടക്കുന്നവന്റെ കൈയ്ക്ക് കറിയുടെ വാസന ഉണ്ടാവില്ലല്ലോ അത് ഒഴിവാക്കാൻ സാധാരണ പച്ചിലകൾ പറിച്ചാണ് വാസന വരുത്തുക ..!
ഇന്ന് അല്പം ആർഭാടം ആയിക്കോട്ടെ എന്നു കരുതി നന്നായി കൈയ്യും മുഖവും കഴുകി ഗ്രൗണ്ടിലെ അരളി മരച്ചോട്ടിലെ തണലിൽ ഇരുന്നു….
ഉച്ചവെയിൽ വകവെയ്ക്കാതെ ചെറിയ ക്ലാസ്സിലെ കുട്ടികൾ കടലാസ്സിൽ തീർത്ത ബോള് കൊണ്ടു ക്രിക്കറ്റ് കളിക്കുന്നുണ്ട്…
അച്ഛൻ മരിച്ച ശേഷം അമ്മ കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ കാശു കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ ഓടുന്നത് , വൈകിട്ട് പണി കഴിഞ്ഞു വരുമ്പോൾ തന്നെ അമ്മ അവശയായിട്ടുണ്ടാവും..
എങ്കിലും തന്നെ കരുതി ആയാസപ്പെട്ടാണ് ഭക്ഷണമുണ്ടാക്കുന്നത്…ആ രാത്രിയും ,പിറ്റെന്ന് രാവിലെയും അതുകഴിക്കും..
അമ്മയുടെ കഷ്ടപ്പാട് കണ്ട് സഹായിക്കാൻ ചെന്നാൽ… “നീ പഠിച്ചാൽ മാത്രം മതി,വേറൊന്നും അറിയേണ്ട” ഇതും പറഞ്ഞു തന്നെ ഓടിക്കും…
‘പഠിപ്പ് മതിയാക്കി എന്തെങ്കിലും പണിക്കിറങ്ങട്ടെ’ എന്ന തന്റെ ചോദ്യം കേട്ടാൽ മതി കടിച്ചു കീറാൻ വരും….
“നീ പഠിച്ച് വലിയ ആളാവണം”… അതിനാണ് അമ്മ ഈ കഷ്ടപ്പെടുന്നതൊക്കെ… അമ്മയുടെ വാക്കുകളിൽ പ്രതീക്ഷകളുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു….
അമ്മയുടെ സംസാരം എപ്പോഴും ഒന്നോ രണ്ടോ വാക്കുകൾക്കപ്പുറം പോകില്ല….. അമ്മയ്ക്കെപ്പോഴും തനിച്ചിരിക്കുന്നതാണ് ഇഷ്ടം….ചിലപ്പോൾ എന്തോ ആലോചിച്ച് കരയുന്നത് കാണാം….
പതിവായതിനാൽ നോക്കി നിൽക്കാറെയുള്ളു. പാഠഭാഗങ്ങളിൽ നിന്നെന്തെങ്കിലും സംശയം ചോദിച്ചാൽ പോലും. അറിയില്ലെന്ന് പറഞ്ഞാഴിയും….
അമ്മയെ കൊണ്ട് മൂന്ന് നേരത്തേയ്ക്ക് ഭക്ഷണം കൂട്ടിയാൽ കൂടില്ലെന്ന് തനിക്കറിയാം.. അത് കൊണ്ട് അമ്മയെ കഴിവതും ബുദ്ധിമുട്ടിക്കാറില്ല… വയർ തന്റെയാണല്ലോ വിശപ്പ് താൻ മാത്രം അറിഞ്ഞാൽ മതി… ശീലമായത് കൊണ്ടാവും സത്യത്തിൽ ഉച്ചയ്ക്ക് വിശപ്പും തോന്നാറില്ല..
പിന്നിൽ വെള്ളിക്കൊലുസ്സിന്റെ ശബ്ദംകേട്ട് തിരിഞ്ഞു…ഒപ്പം പഠിക്കുന്ന അനസൂയ എന്ന ‘അനു’ തന്നെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടു..
അനുവിന്റെ വീടിനോട് ചേർന്ന വഴിയിലൂടെ വേണം തന്റെ വീട്ടിലേയ്ക്കെത്താൻ അതു കൊണ്ട് തന്നെചെറുപ്പം മുതലെ അറിയാം…
അച്ഛനുണ്ടായിരുന്നപ്പോൾ മദീനാ ഇത്തായുടെ വീട്ടിൽ ട്യൂഷനും ഒന്നിച്ചായിരുന്നു… ഫീസ് കൊടുക്കാൻ കാശില്ലാതെ വന്നപ്പോൾ അതും നിർത്തി…സ്കൂളിൽ ഒരേ ക്ലാസ് ആണെങ്കിലും ഇന്നേവരെ അവളോട് ശരിക്കും മിണ്ടിയിട്ട് പോലുമില്ല…
പേരറിയാത്ത എന്തോ ഒന്ന് തന്നെ അവളിൽ നിന്നകറ്റി നിർത്തിയിരുന്നു …
അവളെ കാണുമ്പോൾ മുഖം അറിയാതെ കുനിഞ്ഞു പോകുന്നു. ഒരു പക്ഷേ ഈ സ്കൂളിലെ തന്നെ സുന്ദരികളിൽ ഒരുവൾ ആയതിനാൽ ആവാം….
അവളുടെ പിന്നാലെ നടക്കാൻ എപ്പോഴും ഒരു ഗ്യാങ്ങ് തന്നെ ഉണ്ട് ..സൈക്കിളിലും ,നടന്നുമായി അവൾക്ക് സംരക്ഷണം തീർത്തുകൊണ്ട് അവർ ഉണ്ടാവും…..
ചിലപ്പോഴൊക്കെ ആ കണ്ണുകളുമായ് തന്റെ കണ്ണുകൾ കോർക്കാറുണ്ട്…അപ്പോൾ ആദ്യം താഴ്ന്നുപോകുന്ന കണ്ണുകൾ തന്റെയാവും…
പഠിക്കുന്നതിലും മിടുക്കി ആയതിനാൽ ക്ലാസ് ലീഡറും അനു ആയിരുന്നു…
ടീച്ചേർസ് ഇല്ലാത്തെ പീരിയഡുകളിൽ ക്ലാസിൽ സംസാരിക്കുന്നവരുടെ പേരുകൾ എഴുതുമ്പോൾ ഇന്നേവരെ തന്റെ പേര് ഉയർന്ന്, വന്നിട്ടില്ല….
സംസാരിക്കാത്തതോ,അതോ ക്ലാസ് ലീഡർ അനു മനപൂർവ്വം ഒഴിവാക്കുന്നതാണോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്….
കുട്ടിക്കൂറാ പൗഡറിന്റ സുഗന്ധം….. അനു അരികിലെത്തി എന്ന് മനസ്സിലായപ്പോൾ മുഖമുയർത്തി….
അവൾ നാലായ് മടക്കിയ രണ്ട് പേപ്പർതുണ്ട് തന്റെ മടിയിലേയ്ക്കിട്ടു….
” ഒന്നു വായിച്ചു നോക്കൂ”….
എളിയിൽ കൈ കുത്തി അവൾ മുന്നിൽനിന്നു….
പേപ്പറുകൾ രണ്ടും തുറന്നു നോക്കിയപ്പോൾ തന്നെ, തന്റെ കയ്യക്ഷരംകണ്ടു കാര്യം മനസ്സിലായി…
ഞാൻ ആർക്കോ എഴുതിക്കൊടുത്ത ലൗലെറ്ററുകൾ… നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് അവൾ കാണാതെ തുടച്ചു….
“ഇത് രണ്ട് ചേട്ടന്മാർ എനിക്ക് തന്നതാണ്. പക്ഷെ, കയ്യക്ഷരം രണ്ടും ഒന്ന് …ആര് എഴുതിയതാണ് എന്ന് മനസ്സിലായി ….
ഇത് ഞാൻ ഹെഡ്മാസ്റ്ററെ കാട്ടിയാൽ ചിലപ്പോൾ എഴുതിയവനെയും പൊക്കുമായിരിക്കും .. അവൾ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു….
അയ്യോ ,ചോദിച്ചപ്പോൾ എഴുതിക്കൊടുത്തന്നേയുള്ളൂ. അല്ലാതെ എനിക്കൊന്നും അറിയില്ല… തന്റെ നിരപരാധിത്വം അറിയിച്ചു….
“ശരി ,ഇനി ആർക്കെങ്കിലും ലൗ ലെറ്റർ എഴുതിക്കൊടുക്കുമ്പോൾ പെൺകുട്ടിയുടെ പേര് ചോദിക്കണം..കാരണം എനിക്കാണെങ്കിൽ വേണ്ട .. എനിക്ക് വെറെ ആളുണ്ട് അതാണ്.. ”
അനു ചെറിയ ചിരിയോടെ പറഞ്ഞു…. അതു കേട്ടപ്പോൾ സത്യത്തിൽ ആശ്വാസമല്ല, മറിച്ച് ഉള്ള് നീറുന്ന പോലെ തോന്നി….
ശരി ,ഇതോടെ ലൗ ലെറ്റർ എഴുത്ത് നിർത്തി .. ഒരു ദീർഘനിശ്വാസത്തോടെ തുറന്നു പറഞ്ഞു..
“”ഒരുകാര്യം തുറന്നു സമ്മതിക്കാതിരിക്കാനാവില്ല കേട്ടോ, തന്റെ എഴുത്ത് വായിക്കുന്ന ഏത് പെണ്ണും വീണുപോകും ഉറപ്പ്.. എവിടുന്ന് കിട്ടുന്നെടോ തനിക്ക് ഈ വാക്കുകളെല്ലാം? ..””
അവളുടെ കണ്ണുകളിൽ നിറഞ്ഞ അതിശയം വാക്കുകളിലും തെളിഞ്ഞു കണ്ടു…
അനു പോയ് മറഞ്ഞിട്ടും അവൾ ഇട്ട് പോയ കുട്ടിക്കൂറാ ടാൽക്കം പൗഡറിന്റെ സുഗന്ധം തന്നെ ചുറ്റിവരിഞ്ഞു നിന്നിരുന്നു…
അനുവിനോട് ഇനി എഴുതില്ലെന്ന് പറഞ്ഞെങ്കിലും പിന്നെയും എഴുതി കൊണ്ടേയിരുന്നു. പക്ഷെ പെൺകുട്ടിയുടെ പേര് ചോദിച്ചറിഞ്ഞ ശേഷം മാത്രമാക്കി….
പ്രണയം രണ്ട് മനസ്സിലും തോന്നിക്കഴിഞ്ഞാൽ തല പോയാലും എഴുതിച്ചവൻ ഒരിക്കലും എഴുതിയവന്റെ പേര് പറയില്ലെന്നതിനാൽ പെൺകുട്ടികളാരും അറിയാതെ തന്റെ എഴുത്ത് തുടർന്നു …..
അന്നും എന്നത്തേയും പോലെ പൈപ്പ് വെള്ളവും കുടിച്ച് അരളിമരച്ചോട്ടിലെത്തി.. കുട്ടിക്കൂറാ പൗഡറിന്റെ സുഗന്ധം വീണ്ടും അടുത്തെത്തി…..
ഇന്ന് എന്റെ ബെർത്ത് ഡേ ആയിരുന്നു അച്ചൂ.. ഇതാ ..അവൾ ചെറിയവട്ട പാത്രം തന്റെ നേരെ നീട്ടി…
“ആഹാ .. ഹാപ്പി ബർത്ത് ഡേ .. അനൂ” നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു..
“താങ്ക്സ് ..ഇത് മുഴുവൻ നിനക്കാണ്. പാത്രം വൈകീട്ട് തന്നാൽ മതി .”
എന്തെങ്കിലും പറയാൻ തുടങ്ങും മുന്നെ അവൾ നടന്നു നീങ്ങി.
പതിയെ പാത്രം തുറന്നു ചെറിയ പാത്രത്തിൽ കുത്തിനിറച്ച് ഉപ്പുമാവ്…. കുറച്ച് എടുത്തു വായിൽ വച്ചു. സ്വാദ് കാരണമോ, അതോ വിശപ്പോ വീണ്ടും പാത്രത്തിലേയ്ക്ക് കൈ നീണ്ടത് അറിഞ്ഞില്ല… പാത്രംകാലിയായത് പെട്ടെന്നായിരുന്നു….
ഒരേമ്പക്കത്തോടൊപ്പം അറിയാതെ രണ്ടു തുള്ളിക്കണ്ണീരും അടർന്നു വീണത് അപ്പോൾ വീശിയകാറ്റ് പോലുമറിഞ്ഞില്ല …!
വെള്ളിക്കൊലുസ്സിന്റെ ചിണുങ്ങൽ അടുത്ത ദിവസവും തന്നെ തേടി എത്തി… വീണ്ടും പാത്രം തന്റെ നേർക്ക് നീണ്ടു..
അന്ന് അനുവിന്റെ, അമ്മയുടെ ജന്മദിനമായിരുന്നു…..
ഇത് പതിവായി മാറി..അനുവിന്റെ അയൽവീട്ടിലെ പശുവിന്റെ വരെ ജന്മദിനത്തിന് ഭക്ഷണംവന്നു..
“എന്താ അനു ഇത് ?” ഒരിക്കൽ തുറന്നു തന്നെ ചോദിച്ചു..
“ആട്ടെ, എല്ലാവർക്കും ലൗ ലെറ്റർ എഴുതികൊടു ക്കുന്ന ഇയാൾക്കു ഇതുവരെ ആരോടും ഇഷ്ട്ടം
തോന്നിയിട്ടില്ലെ ..?”
തന്റെ ചോദ്യത്തെ മറ്റൊരു ചോദ്യംകൊണ്ടവൾ തടഞ്ഞു….
“ഇല്ല ആരോടും അങ്ങിനെയൊന്നും തോന്നിയിട്ടില്ല… എന്റെ പ്രണയം എന്നും..”
പാതിയിൽ നിർത്തി…… വിശന്നിരിക്കുന്നവന് പ്രണയമെന്നും രുചിയുള്ള ഭക്ഷണത്തോട് ആണ്, മൗനം വാക്കുകളെ ഉമ്മവച്ചു ….
എത്ര വിലക്കിയിട്ടും അനു എന്നും തന്നെ തേടി എത്തി …
തന്റെ എതിർപ്പുകളെ ഒരു ചിരിയാൽ നിസ്സഹായനാക്കി.. താൻ ആർക്കും ഒരു ഭാരം ആവരുത് എന്ന ചിന്തയാൽ അരളിച്ചോട്ടിൽ നിന്നും ഇരുപ്പ് മാറ്റി…
പക്ഷെ അനു തേടിപ്പിടിച്ചു തന്റെ അടുത്തെത്തി.. ഭക്ഷണപാത്രം നിർബന്ധിച്ചു തന്നെ എൽപ്പിച്ച ശേഷമേ അവൾ മടങ്ങൂ..
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു….
അന്ന് അവസാന പീരിയഡിൽ പ്യൂൺ ശങ്കരേട്ടൻ ക്ലാസിൽ എത്തി ഹെഡ്മാസ്റ്റർ, റൂമിലേയ്ക്ക് എത്താൻ തന്നോട് ആവിശ്യപ്പെട്ടു….
എന്തോ അപകടം മണത്തു. അല്ലാതെ ഹെഡ്മാസ്റ്റർ തന്നെ മാത്രം ഓഫീസിലേയ്ക്ക് വിളിക്കില്ല…
നെഞ്ചിടിപ്പോടെ ഹെഡ്മാസ്റ്റർ റൂമിന്റെ മുന്നിലെത്തി.. അകത്ത് ഹെഡ്മാസ്റ്റർ ആരോടൊ കയർത്തു സംസാരിക്കുന്നത് കേട്ടപ്പോൾ ഭയം കൂടി വന്നു… അകത്തിരിക്കുന്നവർ ഇറങ്ങുന്നത് വരെ കാത്തിരുന്നു.. ഓഫീസിൽ വന്നു മടങ്ങുന്നവർ ,തടവ് ചാടി പിന്നെയും പിടിക്കപ്പെട്ട ഒരു കുറ്റവാളിയെന്നപോലെ തന്നെ ഉറ്റ് നോക്കുന്നുണ്ടായിരുന്നു…
എന്തിനായിരിക്കും തന്നെ കാണാൻ സാർ ആവിശ്യപ്പെട്ടത്. എന്ത് തെറ്റാണ് താൻ ചെയ്തത് ? ഒരു കാര്യവുമില്ലാതെ എന്തായാലും ഹെഡ്മാസ്റ്റർ ആരെയും ഓഫീസിലേയ്ക്കു വിളിക്കില്ല ..
അകത്തിരുന്നവർ ഇറങ്ങിയപ്പോൾ പതിയെ ഓഫീസിലേയക്ക് കയറി…
തന്നെ കണ്ട് സാർ ഒന്നു ചിരിച്ചു…. ആ ചിരി കണ്ടപ്പോൾ മനസ്സ് ഒന്നു തണുത്തു ..
“വിനയകുമാർ ഇരിക്കൂ ..”
മുന്നിലെ കസേര ചൂണ്ടി സാറ് പറഞ്ഞപ്പോൾ അത് തന്നോട് തന്നെ ആണോ എന്ന് സംശയം തോന്നി…
തന്റെ യഥാർത്ഥ പേര് അങ്ങിനെ ആരും വിളിക്കാറില്ല… എല്ലാവർക്കും താൻ ‘അച്ചു’ ആണ്… വിനയകുമാർ എന്ന പേര് താൻ പോലും മറന്നു തുടങ്ങി….
“വേണ്ട സാർ,നിന്നോളാം..” വിനയത്തോടെ പറഞ്ഞു…..
“എന്നെ വിളിപ്പിച്ചത് ..”
സാർ ശബ്ദം നേരെയാക്കിയ ശേഷം തുടർന്നു ..
തന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ വിനയാ…
അത് കേട്ട് ഞാൻ ഞെട്ടിപ്പോയി….
“എന്ത് പരാതി സാർ ,ആരാണ് സാർ..?” പരിഭ്രമത്തോടെ ചോദ്യങ്ങളുടെ കെട്ടഴിച്ചിട്ടു….
“അത് വഴിയെ അറിയാം. അതിനുമുൻപ് ഞാനൊരു കഥ പറയട്ടെ .. ?” തോമസ് സാർ ചിരിയോടെ ചോദിച്ചു…
“എന്ത് കഥയാണ് സാർ ” എന്റെ ശബ്ദം നേർത്തി രുന്നു…
“ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു….. പഠിക്കാൻ മിടുക്കിയും ,സുന്ദരിയുമായിരുന്നു അവൾ…..
കുറച്ച് ദിവസമായി മകളുടെ മുഖത്ത് ഒരു വാട്ടം ശ്രദ്ധയിൽപെട്ട അമ്മ അവളെ നിരീക്ഷിക്കാൻ തുടങ്ങി… അവൾക്ക് ദിവസവും രാവിലെ നൽകുന്ന ബ്രേക്ക് ഫാസ്റ്റ് അവൾ കഴിക്കാതെ അതൊരു പാത്രത്തിലാക്കി സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നത് അവർ മനസ്സിലാക്കി.. സ്കൂളിൽ കൊണ്ട് പോയാലും അവൾ അത് കഴിക്കുന്നില്ല..പിന്നെ ആർക്ക് കൊടുക്കുന്നു ..? അത് അന്വേക്ഷിക്കാൻ സ്കൂൾ ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തി .. ”
സാർ ഒന്നു നിർത്തി..
കാര്യങ്ങൾ ഏകദേശം വ്യക്തമായി.. കറങ്ങുന്ന വലിയ ഫാനിന്റെ അടിയിലിരുന്ന്, ഞാൻ വിയർത്തു…
“ഞാൻ അന്വേക്ഷിച്ചു. ഒടുവിൽ കണ്ടെത്തു കയും ചെയ്തു .. ” സാർ പതിയെ ചിരിച്ചു….
“അത് സാർ .. ക്ഷമിക്കണം അറിയാതെ ” വിറയലോടെ പറഞ്ഞു തുടങ്ങിയ തന്നെ കയ്യുയർത്തി തടഞ്ഞു കൊണ്ട് സാർ തുടർന്നു..
കണ്ടെത്തിയ ആ സത്യങ്ങൾ ശരിക്കും എന്നെ ഞെട്ടിച്ചു..ഒരു വശത്ത് അഭിമാനവും, അതോടൊപ്പം ലജ്ജയും…
സാർ എഴുന്നേറ്റ് വന്നുതോളിൽ തട്ടിയപ്പോൾ ആ സ്വരമൊന്ന് ഇടറിയെന്ന് തോന്നി…
“സഹപാഠി വിശന്നിരിക്കുന്നത് മനസ്സിലാക്കി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ തന്റെ പങ്ക് , അവന് കൊണ്ട് വന്ന് കൊടുത്ത അവളാണ് ശരി , അതാണ് നന്മ…
ഞാൻ,ഹെഡ്മാസ്റ്റാറായിരിക്കുന്ന ഈ സ്കൂളിൽ വിശന്നിരിക്കുന്ന കുട്ടികളുണ്ടെന്ന കാര്യം അറിയാതെ പോയതിൽ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു…. സാറിന്റെ വാക്കുകളിൽ നിരാശയുണ്ടായിരുന്നു..
നമ്മുടെ സ്കൂളിൽ എഴാംക്ലാസ് വരെയുള്ള
കുട്ടികൾക്കാണ് നിലവിൽ ഉച്ച കഞ്ഞി വിതരണ മുള്ളൂ.. സ്കൂളിൽ പഠിക്കുന്ന എല്ലാവർക്കും ഉച്ചക്കഞ്ഞി നൽകുവാൻ മാനേജ്മെന്റ് അനുവാദം തന്നു കഴിഞ്ഞു…ആരും ഉച്ചയ്ക്കിനി പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കാൻ ഞാൻ സമ്മതിക്കില്ല.. സാർ,ആവേശത്തോടെ പറഞ്ഞു നിർത്തി…
ശരിക്കും സാറിനെപ്പോലെ ഒരു ഹെഡ്മാസ്റ്ററെ കിട്ടിയതിൽ ഞങ്ങൾക്കാണ് സാർ അഭിമാനം..
തിരിച്ചു ക്ലാസിലെത്തുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു, അനു വിശപ്പടക്കിപ്പിടിച്ചാണല്ലോ ഇത്രയും ദിവസം തന്നെ കഴിപ്പിച്ചതെന്ന് ഓർക്കവേ മനസ്സ് തേങ്ങി…..
അടുത്ത ദിവസവും പാത്രവുമായ് അനു എത്തി..
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മെല്ലെ വിളിച്ചു . ” അനൂ ..” അവൾ നിന്നു…
ഉച്ചയ്ക്കുള്ള ഭക്ഷണം ഇനി മുതൽ വേണ്ടാട്ടോ.. എപ്പോഴും പറയുന്നത് പോലെയല്ല……… പിരികം മേലോട്ടുയർത്തി ചോദ്യഭാവത്താൽ അവൾ നിന്നു…….
“അത് ഉച്ചക്കഞ്ഞി തരാമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു… ഇത്രയും നാൾ നിന്റെ ബ്രേക്ക് ഫാസ്റ്റാണല്ലോ ഞാൻ കഴിച്ചത് എന്ന് ഓർക്കുമ്പോൾ മനസ്സ് നീറുകയാണ്… തന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞാലൊന്നും മതിയാവില്ല, എന്നും മനസ്സിലുണ്ടാവും ഒരിക്കലും മറക്കില്ല …”
എങ്ങിനെ അറിഞ്ഞു എന്ന ആശ്ചര്യഭാവത്തോടെ അനു എന്നെ നോക്കി…….. ശേഷം പതിയെ പറയാൻ തുടങ്ങി…. ” അച്ചൂ … ചെറുപ്പം തൊട്ടെ നിന്നോട് മിണ്ടാൻ കൊതിച്ചിട്ടുണ്ട് ഞാൻ, പക്ഷേ നീ മുഖം താഴ്ത്തി പോകുന്നത് കാണുമ്പോൾ എന്തോ ഒരുമടി….. നിന്നോട് മിണ്ടാൻ കൂടി വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത് …..”
നടന്നു മറയുമ്പോൾ നിറഞ്ഞകണ്ണുകൾ തുടയ്ക്കാൻ അവൾ മറന്നിരിന്നു …
അനുവിന് തന്നോട് എന്താണ് ? പ്രണയമാണോ ? അതോ സൗഹൃദമോ ? ഒന്നും അറിയില്ല..
എന്നോ മനസ്സിൽ കൊരുത്തൊരു കുഞ്ഞു പ്രണയം. ഞാൻ പോലും അറിയാതെ മനസ്സിൽ ആഴത്തിൽ വേരുകൾ തീർത്തിരുന്നു.. എത്ര പിഴുതെറിഞ്ഞിട്ടും വേരുകളിൽ നിന്നും വീണ്ടും അത് പൊട്ടിമുളച്ചു കൊണ്ടിരുന്നു…. അവൾക്കു വേറെ ആരോ ഉണ്ടെന്നു അന്ന് പറഞ്ഞതുകൊണ്ട് തന്റെ പ്രണയത്തെകുഴിച്ചു മൂടി.. എങ്കിലും മൂടിയ കല്ലറയ്ക്കുള്ളിൽ ജീവൻ തുടിക്കുക്കുന്നുണ്ടായിരുന്നു ….. മറക്കുവാൻ കഴിയട്ടെ എന്നു പലതവണ ഞൻ എന്നോട് തന്നെ പറഞ്ഞു നോക്കി.. ഇടക്ക് മറവി വിരുന്നെത്തി തിരികെയൊരു പോക്കുണ്ട്…. ഹോ..വല്ലാത്തൊരു ഫീലിംഗ്സ് ആണപ്പോൾ..
അടുത്ത ദിവസവും പതിവ് പോലെ അനു പാത്രവുമായി അരികിലെത്തി. വേണ്ടാ എന്ന് പറയാൻ നാവുയർത്തും മുന്നേ ..
“ഇത് എന്റെ ബ്രേക്ക് ഫാസ്റ്റല്ലച്ചൂ . വീട്ടിൽ എല്ലാവരും അറിഞ്ഞു .. ഇത് നിനക്ക് തരാൻ അമ്മ തന്നു വിട്ടതാണ് .. ”
അത് കേട്ട് വിശ്വാസം വരാതെ അവളെ നോക്കി, പൂത്തുലഞ്ഞ കണിക്കൊന്നപോലെ പുഞ്ചിരി യോടെ അവൾ മുന്നിൽ നിന്നു.. ആ വിടർന്ന കണ്ണുകളിൽ നോക്കി നിൽക്കെ, കൊഴിഞ്ഞ പൂക്കൾ തളിർത്തൊരു പൂമരമായ് വളരുന്നതും അതിലൊരു വസന്തം വിരിയുന്നതും കണ്ടു…
“നമ്മുടെ ലീഡർ എന്താ ഇതുവരെ ഇവന്റെ പേരു മാത്രം എഴുതാത്തത്..നമ്മൾ മൂന്നും കൂടിയല്ലേ സംസാരിച്ചത് ?”
ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിന് മലയാളം മാഷിന്റെ അടിയുടെ ചൂട് വിട്ടുമാറാത്ത , ഒപ്പം ഇരിക്കുന്ന സജീദിന്റെ സംശയം ….
ഇവർ അയൽ വാസികൾ അല്ലെ ? ചിലപ്പോൾ അവൾക്കു ഇവനോടു പ്രേമം ആയിരിക്കും. സനീഷിന്റെ വാക്കുകളിൽ കോപം കലർന്നിരുന്നു…
പിറ്റേന്ന് ക്ലാസ്സിലേയ്ക്ക് കയറുമ്പോൾ, തന്നെ എതിരേറ്റത് കൂട്ടച്ചിരിയായിരുന്നു. ഒന്നും മനസ്സിലാവാതെ സംശയത്തോടെ ഞാൻ ചുറ്റിനും നോക്കി…
പെട്ടെന്നാണ് ബോർഡിൽ കണ്ണുടക്കിയത്…. അതിൽ എഴുതി വച്ചിരിക്കുന്ന വാചകങ്ങൾ കണ്ടു തല കറങ്ങുന്ന പോലെ തോന്നി….
” അച്ചു + അനസൂയ ” ലൗ , ചിഹ്നത്തിനുള്ളിലായി ഞങ്ങളുടെ പേരുകൾ വ്യക്തമായി കണ്ടു….
ചാടി എഴുന്നേറ്റു…ഡെസ്റ്ററെടുത്തു അതുമായിച്ചു.. എത്ര ശ്രമിച്ചിട്ടും അക്ഷരങ്ങൾ മായാതെ നിൽക്കുന്ന പോലെ തോന്നി…
എന്റെ വെപ്രാളം കണ്ടാവണം, ക്ലാസ് വീണ്ടും പൊട്ടിച്ചിരിച്ചു…ചിലർ ‘എല്ലാം മനസ്സിലായി, എന്ന ഭാവത്തിൽ തല കുലുക്കുന്നുണ്ടായിരുന്നു…
ഞെട്ടലോടെ തിരിഞ്ഞു അനുവിനെ നോക്കി,
അവൾ ഇതൊന്നും ശ്രദ്ധിക്കാതെ ബുക്കിൽ എന്തോ എഴുതിക്കൊണ്ടിരുന്നു. യാതൊരുവിധ നീരസവും ആ മുഖത്തു ഇല്ലായിരുന്നു എന്നത് എനിക്ക് അൽപ്പം ധൈര്യം പകർന്നു.. ഇടയ്ക്ക് എന്നെ തേടിയെത്തിയ അനുവിന്റെ നോട്ടത്തിൽ ‘ഞാനല്ല ‘ എന്ന് പറയാൻ ശ്രമിച്ചപ്പോൾ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആശ്വാസത്തിന്റെ കുളിർക്കാറ്റായിരുന്നു ……
മലയാളം മാഷ് വന്നു കയറിയപ്പോൾ തന്നെ
മുൻ ബഞ്ചിലിരുന്ന ബിജീഷ് ,മാഷിനോട് ഈ കാര്യം പറഞ്ഞു…
“ആരാണ് എഴുതിയതെന്നു അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ ഈ ക്ലാസ്സിൽ ?”
മാഷിന്റെ ചോദ്യം കേട്ടു എല്ലാവരും പരസ്പരം നോക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല.. എന്റെ നോട്ടം സനീഷിന്റെ മുഖത്തു പതിഞ്ഞപ്പോൾ അവൻ ഞെട്ടുന്നത് കണ്ടു…
“ഞാനൊന്നുമല്ല” വിളറിയ മുഖത്തെ അപേക്ഷാ ഭാവം കണ്ടു ഞാൻ ഉള്ളിൽ ചിരിച്ചു….
സ്കൂളിൽ കലാവാസനയുള്ളവരെ കണ്ടെത്തു വാൻ വേണ്ടി കവിത ,കഥാ ,ചിത്രരചന മത്സരങ്ങൾ നടത്തുന്നു.. അതിൽ വിജയികളാകുന്നവരെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നതാണ്… എന്ന അറിയിപ്പ് ക്ലാസ് ലീഡർ അനു തെല്ലുറക്കെ വായിച്ചു ….
അന്നു ഇന്റർവെല്ല് സമയത്ത് അനു എന്റെ അടുത്തെത്തി, ശബ്ദം താഴ്ത്തിപ്പറഞ്ഞു….
അതേ .. കവിതാ രചന മത്സരത്തിൽ അച്ചു പങ്കെടുക്കണം കേട്ടോ …
അതു കേട്ടു ഞാനൊന്ന് ഞെട്ടി … കവിതയൊന്നും എഴുതാൻ എനിക്കറിയില്ല…
കണ്മുന്നിൽ അവസരങ്ങളുമുണ്ട് ആശയങ്ങളുമുണ്ട്… ഒന്നു ശ്രമിച്ചാൽ വിജയിക്കുകയും ചെയ്യാം… പലപ്പോഴും ശ്രമിക്കാറില്ല എന്നതാണ് വസ്തുത…! അവിശ്വാസം കൊണ്ടോ , ആത്മഭയം കൊണ്ടോ ആവാം പലരും സ്വന്തം കഴിവുകളെ അവഗണയുടെ പട്ടികയിലാക്കുന്നത്…..
എന്തും തുടക്കത്തിൽ താളം കണ്ടെത്താതെയും വഴുതി വീണുമൊക്കെ തന്നെയാവും മുന്നോട്ടുപോവുന്നത്.. ക്രമേണയത് നേർദിശയിലേക്ക് വഴി മാറി സഞ്ചരിക്കുയും ചെയ്യും…….!
“അച്ചൂ….. ജയിക്കാൻ ഒരു നിമിഷം മതി , തോൽക്കാൻ മനസ്സില്ലെന്ന് തീരുമാനമെടുക്കുന്ന നിമിഷം…….” തന്നെ കൊണ്ടു പറ്റും അച്ചൂ , താൻ ലൗ ലെറ്ററിൽ എഴുതുന്ന വരികൾക്ക് ജീവനുണ്ട്… ആശയം വിത്യാസപ്പെടുത്തിയാൽ മാത്രം മതി ..
എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ നടന്നു…!
എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു , അനു ആദ്യമായിട്ടൊരു കാര്യം ആവിശ്യപ്പെട്ടതല്ലെ , ഒന്നു ശ്രമിച്ചു നോക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി ….
പിന്നീട് കവിത എഴുതുവാനുള്ള ശ്രമങ്ങൾ തുടങ്ങി .. വരയിടാത്ത ബുക്കിന്റെ പേജുകൾ കുറഞ്ഞതല്ലാതെ കവിതയൊന്നും തന്റെ തൂലികയിൽ പിറന്നില്ല .. വരികളില്ലെല്ലാം പ്രണയം മാത്രം തുളുമ്പി നിന്നു…
വായനശാലയിൽ നിന്നും പ്രസിദ്ധരായ കവികളുടെ കവിതകൾ എടുത്തു വായിച്ചു. വായിക്കുന്തോറും ആസ്വാദനം ഏറി വരുന്ന
പോലെ തോന്നി ….
ഒരാഴ്ച്ച കൊണ്ട് തന്നെ വായനശാലയിലെ കവിതാശേഖരത്തിലുള്ള കവിതകളെല്ലാം വായിച്ചു തീർത്തു .. മധുസൂദനൻ നായരുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കവിതകൾ വായിച്ചു കണ്ണുമിഴിച്ചിരുന്നു…. സുഗതകുമാരിയുടെ രാത്രിമഴയിൽ അറിയാതെ നനഞ്ഞു പോയി ..
കവിതയുടെ ലോകം ആഴമുള്ളതും , എന്നാൽ ശാന്തവുമാണെന്ന് തിരിച്ചറിഞ്ഞു …. അർത്ഥങ്ങൾ അലറി വിളിക്കുന്ന തിരമാല പോലെ തോന്നുമെങ്കിലും കാൽപാദങ്ങളെ നനച്ചു കൊണ്ടവ പിന്മാറുന്നതും കണ്ടു…
മത്സരദിവസം എത്തിചേർന്നു ……
സ്കൂളിലെ ഒരു ക്ലാസ് റൂമിൽ വച്ചായിരുന്നു മത്സരം … പത്താം ക്ലാസിൽ നിന്നും പ്ലസ് വൺ, പ്ലസ് ടൂവിൽ നിന്നും നിരവധി പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.. പേപ്പറിനോടൊപ്പം ഓരോരുത്തർക്കുമുള്ള വിഷയങ്ങളും നൽകി …
എനിക്ക് കിട്ടിയ വിഷയം പ്രകൃതിയെ കുറിച്ച് എട്ട് വരിയായിരുന്നു.. അല്പം നേരം ചിന്തകളിൽ പ്രകൃതി മാത്രമായ്.. മനസ്സിൽ തോന്നിയത് എഴുതിക്കൊടുത്ത് പുറത്തിറങ്ങുമ്പോൾ.. ‘കവിത ‘ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്ന പോലെ ഉള്ളിൽ തോന്നി ……
എന്തായാലും പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമെന്നു മനസ്സിൽ കരുതി തിരികെ ക്ലാസിലേയ്ക്ക് കയറുമ്പോൾ അനുവിന്റെ കണ്ണുകൾ തന്റെ മുഖത്തായിരുന്നു ..
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അസംബ്ലിയിൽ വച്ചു ഹെഡ്മാസ്റ്റർ മത്സര വിജയികളെ പ്രഖ്യാപിക്കാൻ തയ്യാറെടുത്തു …..
പതിവ് പോലെ മുന്നിൽ നിന്നിരുന്ന സജിമോന്റെ തലയിൽ വിരൽ കൊണ്ട് തട്ടി അവനെ ശുണ്ഠി പിടിപ്പിച്ചു നിന്നു ….
തോമസ് സാർ ആദ്യ വിജയിയെ പ്രഖ്യാപിക്കാൻ മൈക്കിനോട് അടുത്തു… കഥാരചനയുടെ മത്സരഫലമായിരുന്നു ആദ്യം.. പിന്നിട് ആണ് കവിതാ രചനയുടെ ഫലം .. സാറിന്റെശബ്ദം വ്യക്തമായ് കേട്ടു ……
“കവിതാ രചനയിൽ വിജയി, വിനയകുമാർ 9 B ”
ഞെട്ടിപ്പോയി ..! നിറഞ്ഞ കയ്യടികളോടെ, എല്ലാവരും തന്നെ നോക്കിയപ്പോൾ ആയിരുന്നു അത് സത്യമാണെന്ന് ബോധ്യമായത്…..
മലയാളം സാർ ഞാൻ എഴുതിയ കവിത, മനോഹരമായ ഈണത്തിൽ ചൊല്ലുന്നത് കൂടി കേട്ടപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നു വിചലമ്പിച്ചു പോയി …
സ്റ്റേജിൽ തോമസ് സാറിന്റെ കയ്യിൽ നിന്നും സർട്ടിഫിക്കേറ്റ് കൈ നീട്ടി വാങ്ങുമ്പോൾ എന്റെ കണ്ണുകൾ മുന്നിൽ നിന്നും പരിസരം മറന്നു കൈ അടിക്കുന്ന അനുവിലായിരുന്നു.. ഒരു കൈ കൊണ്ടവൾ എന്തിനോ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു …..
അന്ന് രാത്രി സ്കൂളിൽ നിന്നും കിട്ടിയ സർട്ടിഫിക്കറ്റ് അമ്മയെ കാണിച്ചു.. ഒന്നും മിണ്ടാതെ കൈനീട്ടി വാങ്ങിയ അമ്മ കട്ടിയുള്ളാ
പേപ്പറിലേക്കു കുറച്ചു നേരം നോക്കി. അമ്മയുടെ കണ്ണിൽ നിന്നും എന്തിനെന്നറിയാതെ രണ്ടു തുള്ളിക്കണ്ണുനീർ അതിൽ പതിഞ്ഞു…
നല്ല ആളുടെ കയ്യിലാണ് കൊടുത്തത്….. ഇങ്ങു തന്നേ.. വേഗം സർട്ടിഫിക്കറ്റ് വാങ്ങി ഉണങ്ങിയ തുണികൊണ്ട് നനവ് ടച്ചു..
അമ്മയ്ക്ക് ഇത് എന്താണെന്ന് പോലും മനസ്സിലായിട്ടുണ്ടാവില്ല, പാവം അമ്മ….
ജില്ലാതലത്തിലെ മത്സരത്തിനായ് എത്തിയ എനിക്ക് കിട്ടിയ വിഷയം കണ്ടു അറിയാതെ ഞാനൊന്ന് ചിരിച്ചു പോയി ..””പ്രണയം””
ആ വർഷം ജില്ലാതലത്തിൽ കവിതാരചന മത്സരത്തിലെ വിജയം ഞങ്ങളുടെ സ്കൂളിനായിരുന്നു… തോമസ് സാർ തന്നെ ചേർത്ത് നിർത്തി അഭിനന്ദിച്ചപ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു …അതറിഞ്ഞ അമ്മയുടെ കണ്ണുകളിൽ പിന്നെയും പൊടിഞ്ഞ കണ്ണുനീർ കണ്ടു…
പിന്നെയും നാളുകൾ ഒന്നും മിണ്ടാതെ കടന്നു പോയി……
ഇപ്പോൾ ആർക്കും ലൗ ലെറ്റർ എഴുതിക്കൊടുക്കാറില്ല… അതിനായി സമീപിക്കുന്നവർക്കു വാക്കുകൾ കൊണ്ട് ധൈര്യം പകർന്ന് അവരെകൊണ്ട് തന്നെ എഴുതിച്ചു… അതിനു ഒരു കാരണവും ഉണ്ടായിരുന്നു…..
ഒപ്പം പഠിക്കുന്ന ഒരു സുഹൃത്തിന് ലെറ്റർ എഴുതി കൊടുത്തു…. അവർ പ്രണയത്തിലുമായി. ഏറെ നാളുകൾക്കു ശേഷം കാമുകി അതു പോലെ ഒന്നു കൂടി എഴുതി നൽകുവാൻ അവനോട് ആവശ്യപെട്ടു… ഒന്നും ആലോചിക്കാതെ അറിയാവുന്ന പോലെ കാമുകൻ ഒരു ലെറ്റർ എഴുതി കൊടുക്കുകയും ചെയ്തു…
അവിടെ പ്രശ്നത്തിനും തുടക്കമായി…. ആദ്യ ലെറ്റർ പൊന്നുപോലെ സൂക്ഷിച്ചിരുന്ന കാമുകി രണ്ടു ലെറ്ററും കൂടി ഒത്തു നോക്കിയതിൽ നിന്നും കാമുകൻ അല്ല അതു എഴുതിയത് എന്നു മനസ്സിലാക്കുകയും,..
ആരാണ് എഴുതിയത് എന്ന ചോദ്യത്തിന് മുന്നിൽ കാമുകന് സത്യം പറയേണ്ടി വന്നു….
ഇതിലെ അക്ഷരങ്ങൾ ആണ് നിന്നോട് ഇഷ്ട്ടം തോന്നാൻ കാരണം … ഈ അക്ഷരങ്ങൾ പോലെ ശുദ്ധമായ മനസ്സായിരിക്കും നിന്റെത് എന്നു കരുതിയ എനിക്ക് തെറ്റി…
നീ എന്നെ പറ്റിക്കുക ആയിരുന്നു.. രണ്ടു ലെറ്ററും അവന്റെ മുന്നിലേക്ക് ഇട്ടു…. അവന്റെ ന്യായീകരണം കേൾക്കുവാൻ നിൽക്കാതെ അവൾ പോയി….
ഈ സംഭവത്തിന് ശേഷം ആർക്കും ലൗ ലെറ്റർ എഴുതിക്കൊടുത്തിട്ടില്ല….
വർഷാവസാന പരീക്ഷയും കഴിഞ്ഞു .ഇനി ഒരു മാസം ക്ലാസ്സ് ഉണ്ടാവില്ല …
ജയിച്ചാൽ പത്താംക്ലാസിലെ സ്പെഷ്യൽ ക്ലാസ് അടുത്ത മാസം ആരംഭിക്കും .. എല്ലാവരുടെയും മുഖങ്ങളിൽ നീണ്ട അവധിയുടെ സന്തോഷം തിരതല്ലിയിരുന്നു ….
” അച്ചൂ .. ” പരിചിതമായ ശബ്ദം കേട്ടു തിരിഞ്ഞു. അനു , എന്നോടൊപ്പം എത്താൻ വേഗത്തിൽ നടന്നു വരുന്നത് കണ്ടു …
ചാഞ്ഞുവീശിയ ഇളവെയിലേറ്റ് അവളുടെ മുടിയിഴകൾ സ്വർണ്ണം പോലെ തിളങ്ങുന്നത് കണ്ടു… മുടിയിഴകൾക്കിടയിൽ അപ്പോഴും വാടാതെ മുല്ലപ്പൂക്കൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു ….
“പരീക്ഷ എങ്ങിനെയുണ്ടായിരുന്നു അച്ചു ?” കിതപ്പലോടെയുള്ള ചോദ്യം .
“കുഴപ്പമില്ലായിരുന്നു .. “അലസമായ് പറഞ്ഞു …
“ഇനി ,ഒരു മാസം അവധിയാണ് ല്ലെ ?” പുസ്തകങ്ങൾ മാറോട് അടുക്കിക്കൊണ്ടവൾ ആരോടെന്നില്ലാതെ പറഞ്ഞു …. “അവധി വേണ്ടായിരുന്നെന്ന് തോന്നണുണ്ട് അച്ചു..!”
അനു തന്റെ മുഖത്ത് നോക്കി… അതു കണ്ട് മുഖം താഴ്ത്തി , ചിരിയോടെ… അന്ന് പറഞ്ഞ ആളെകാണാൻ പറ്റില്ല ല്ലേ?” അത് കേട്ട് അനു നിന്നു.. ഒപ്പം ഞാനും ….
” ഉം .. ശരിയാ ,അവനെ ഇനി എങ്ങിനെ കാണുമെന്നോർക്കുമ്പോൾ ഉള്ളിലൊരു പിടച്ചിലാ അച്ചൂ ..”
അനുവിന്റെ വാക്കുകൾ മനസ്സിനെ കീറി മുറിച്ചു… മുറിവുകളിൽ നിന്നും ചുടുനിണമൊഴുകുന്നത് തിരിച്ചറിഞ്ഞു … മുഖത്തെ ഭാവവിത്യാസം അനുവിൽ നിന്നൊളിക്കാൻ മുഖം തിരിച്ചു …
“പക്ഷെ ,അച്ചു .. ഇതൊരു വൺവേ പ്രണയം ആണ്.. അവന്റെ മനസ്സിൽ എന്താണെന്നറിയാൻ ഇത് വരെ കഴിഞ്ഞിട്ടില്ല ടോ…”
അവളുടെ വാക്കുകളിൽ പ്രണയം കണ്ടു …. “ഓഹോ അങ്ങിനെയാണോ? എന്നാൽ ഞാനൊരു ലൗലെറ്റർ എഴുതി തരാം , അത് കൊടുത്താൽ ഉറപ്പായും വീഴും…”
തികട്ടി വന്ന നോവുകളെ ഉള്ളിലടക്കി ചിരി വരുത്തി ചോദിച്ചു.. അവൾ തന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അല്പ നേരം നിന്നു….
” ഉം ,ശരി എന്നാൽ ഇപ്പോൾ എഴുതി തരൂ …”
അവളുടെ വാക്കുകളിൽ എന്തോ ഉറപ്പിച്ച ഭാവമായിരുന്നു .. ഇടവഴിയിലെ ചെറിയമതിലിന് മുകളിൽ വച്ചു , അനുവിനായ് തന്റെ തൂലിക വീണ്ടും ചലിച്ചു ….
” അയാളുടെ പേരെന്താണ് ..?” എഴുതുന്നതിനിടയിൽ ചോദിച്ചു …
‘പേര് വയ്ക്കേണ്ട, എന്നവൾ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ എഴുതിപൂർത്തിയാക്കി അവളെ ഏൽപ്പിച്ചു…
അത് വായിച്ചു നോക്കിയശേഷം അനുവിന്റെ ചുണ്ടുകൾ എന്തോ പറയാൻ തിടുക്കപ്പെടുന്ന പോലെ തോന്നി… ശേഷം ഒന്നും മിണ്ടാതെ നടന്നകലുന്ന അനുവിനെ നോക്കി നിൽക്കവെ ഉള്ളം കരയുകയായിരുന്നു…
കുറച്ച് ദൂരം നടന്ന ശേഷം അവൾ നിന്നു … തിരിഞ്ഞ് നിന്നിടത്തുതന്നെ നിൽക്കുന്ന എന്നെ നോക്കി വേഗം വരുവാൻ കൈകൾ കൊണ്ട് ആഗ്യം കാട്ടി … അവൾക്കു തന്നോട് എന്തോ പറയുവാനുണ്ടെന്നു മനസ്സിലാക്കി…. സന്തോഷത്തോടെ അവളുടെ അടുത്തെത്തി … അനുവിന്റെ നോട്ടം പാടത്ത് വിരിഞ്ഞ് നിന്നിരുന്നൊരു ആമ്പൽപ്പൂവിലായിരുന്നു ….
എന്ത് ഭംഗിയാല്ലെ ആമ്പൽപ്പൂ കാണാൻ, അതെനിക്ക് പറിച്ചു തരുമോ , പ്ലീസച്ചൂ.. ? അവളുടെ കൊഞ്ചൽ ….
കയ്യിലിരുന്ന ബുക്കുകൾതാഴെ വച്ചു മുണ്ട് മടക്കി കുത്തി മുട്ടോളം എത്തുന്ന ചെളിയിലൂടെ നീന്തി ചെന്ന് പൂ പറിച്ച് കൊണ്ട് വന്ന് അവൾക്ക് നൽകി…
കൈ നീട്ടി അനു അത് വാങ്ങുമ്പോൾ ആ മുഖത്ത് പേരറിയാത്ത നൂറ് പൂക്കൾ വിടർന്നു നിൽക്കുന്നത് കണ്ടു ..!
ദിവസങ്ങൾ പിന്നെയും എന്നെ നോക്കി കൊഞ്ഞനം കുത്തി കടന്നു പോയി …
അവധി ദിനങ്ങൾ വെറുതെ കളയാതെ, അമ്മയെ സഹായിക്കുക എന്ന് ലക്ഷ്യത്തോടെ, നാട്ടിലെ പത്ര ഏജന്റായായ ഷാജിചേട്ടന്റെ പത്രവിതരണം ഏറ്റെടുത്തു ….
പല പ്രാവിശ്യം ചോദിച്ചിട്ടും തൊടാൻപോലും സമ്മതിക്കാതിരുന്ന അച്ഛന്റെ സൈക്കിൾ അമ്മ തനിക്ക് തന്നു …
സൈക്കിളിനോട് അമ്മയ്ക്കുള്ള ആത്മബന്ധം എനിക്കറിയാം… കഷ്ടപ്പാട് കൂടുന്ന ദിവസങ്ങളിൽ അമ്മയുടെ പരിഭവങ്ങളും, പരാതി കളും കേൾക്കുന്നത് അച്ഛന്റെ ആ സൈക്കിളാ യിരുന്നു….
ആദ്യമൊക്കെ സൈക്കിൾ ബെല്ലടിച്ച് കൊണ്ട് വീടിന്റെ മുന്നിലെത്തുമ്പോൾ അകത്തുനിന്നു അമ്മ തിടുക്കപ്പെട്ട് ഓടി ഇറങ്ങി വരുന്നത് കാണാമായിരുന്നു .. താനാണെന്നറിയവെ ആ കണ്ണുകൾ എന്തിനോ നിറയുന്നത് ശ്രദ്ധിച്ചു , പിന്നീടൊരിക്കലും വളപ്പിലേയ്ക്ക് ബെല്ലടിച്ചു ചെന്നിട്ടില്ല…
പുലർച്ചെ എഴുന്നേൽക്കണമെന്നതൊഴിച്ചാൽ ആ ജോലി ശരിക്കും ഞാൻ ആസ്വദിക്കുകയായിരുന്നു…
അനുവിന്റെ വീട്ടിലും പത്രം ഇടുവാൻ ഉണ്ടായി രുന്നു. പക്ഷെ ഒരിക്കൽ പോലും അവളെ അവിടെ കാണുവാൻ കഴിഞ്ഞിട്ടില്ല….
ആളുകൾ ഉണർന്നു വരുമ്പോൾ തന്നെ പത്രം വിതരണം കഴിഞ്ഞിട്ടുണ്ടാവും. ചില ദിവസങ്ങളിൽ പത്രക്കെട്ടുകൾ കയറ്റിയ വണ്ടി വരാൻ വൈകും.. അപ്പോൾ വീടുകളിൽ പത്രം എത്തുന്നതിലും താമസമുണ്ടാവും….
അങ്ങിനെയുള്ള ഒരു ദിവസം അനുവിന്റെ വീട്ടിലെത്തുമ്പോൾ , അവളുടെ അമ്മ മുറ്റ മടിച്ചുകൊണ്ടിരിക്കുകയായിരുന്നു… എന്നെ കണ്ടു ചിരിയോടെ വന്നു പത്രം വാങ്ങി…
“ആഹാ.. മോനാണോ ഇപ്പോൾ ഇവിടെ പത്രം ഇടുന്നത്..?”
“അതേച്ചീ… “
നല്ലതാ മോനെ എന്തെങ്കിലുമാവട്ടെ, നിന്റെ അമ്മയ്ക്കൊരു സഹായമാകുമല്ലോ … പാവം അവൾ ഒരു പാട് കഷ്ട്ടപ്പെടുന്നുണ്ട് , അവരുടെ ശബ്ദം താണിരുന്നു .
“എനിക്കറിയാം ചേച്ചി ,അതാണ് എന്നെക്കൊണ്ട് കഴിയുന്ന പണിക്ക് ഇറങ്ങിയത്…”
“പറഞ്ഞിട്ട് കാര്യമില്ല, എല്ലാം വിധിയാണ് ” ആരോടെന്നില്ലാതെ അവർ പറഞ്ഞു .
“അല്ലേച്ചി അനു എഴുന്നേറ്റില്ലെ ?”
അവധിയല്ലെ, അവൾ എന്റെ വീട്ടിലാ , അടുത്താഴ്‌ച്ചയേ വരൂ ….
ഒന്നു നിർത്തിയ ശേഷം തുടർന്നു . “മോനിരിക്കാമെങ്കിൽ ഞാൻ ചായയിട്ടുതരാം.”
ആ വാക്കുകൾ മാത്രം മതിയായിരുന്നു , ചായ കുടിച്ച പോലെ തോന്നി ……
വേണ്ടച്ചീ .. ഞാൻ ചെന്നിട്ട് വേണം അമ്മയ്ക്കിറങ്ങാൻ , ചേച്ചി എന്തുണ്ടാക്കിയാലും നല്ല രുചിയാട്ടോ , അനു തന്ന് ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് ….
അത് കേട്ട് അവർ കണ്ണു മിഴിച്ചു നിന്നു … ആ ഭാവം കണ്ടപ്പോഴാണ് ഇവർ ഒന്നും അറിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായത് . നടന്ന സംഭവങ്ങൾ ഒന്നും വിടാതെ അവരോട് പറഞ്ഞു .. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർ അല്പനേരം നിശബ്ദയായി…
ചിരി മാഞ്ഞ ആ മുഖത്ത് കണ്ണുനീർ ഒഴുകിയിറങ്ങുന്നത് കണ്ടു … “എന്റെ മോൾ ..!” അഭിമാനത്തിന്റെ ശബ്ദമായിരുന്നു അത് ….
എന്റെ കുഞ്ഞ, നിനക്കാണെന്ന് ഞാനറിഞ്ഞില്ലല്ലോടാ , അവർ വിങ്ങിപ്പൊട്ടി ….
“നിനക്കറിയോ,നിന്റെ അമ്മയും ഞാനും ചെറിയ ക്ലാസ് മുതൽ, കോളേജിൽ നിന്നും പിരിയുന്നവരെ ഒന്നായിരുന്നു .അതിനുശേഷമാണ് അവളുടെ വിധി ദൈവം മാറ്റി എഴുതിയത് ….”
അവർ പറഞ്ഞത് കേട്ടു അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തെറിക്കുകയായിരിന്നു….
” കോളേജിലോ ,എന്റെ അമ്മയോ ?”
മിഴിച്ച തന്റെ കണ്ണിൽ നോക്കി അവർ തുടർന്നു.
“നിനക്കിതൊന്നും അറിയില്ലായിരുന്നോ?”
” ഇല്ല ” വിശ്വാസമാവാതെ പറഞ്ഞു .
“കൊള്ളാം, അന്ന് ഞങ്ങളുടെ കോളേജിന്റെ അഭിമാനമായ കവയിത്രി ആയിരുന്നു നിന്റെ അമ്മ ചാരുലത ..ഞങ്ങളുടെ ചാരു .”
അനുവിന്റെ അമ്മ പറയുന്നത് കേട്ട് ഒരു നിമിഷം ശ്വാസം നിലച്ച പോലെ തോന്നി… അമ്മയുടെ യഥാർത്ഥ പേര് പോലും തനിക്കറിയില്ല എന്നോർക്കവൈ ഉള്ളിലെവിടെയോ നോവുകൾ, ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു ……
അവൾ മുന്നിലൂടെ പോകുമ്പോൾ ഞാൻ
കണ്ടില്ലെന്നു നടിക്കും. കാരണം, എന്നെ കാണുമ്പോൾ മനപ്പൂർവ്വം അവൾ ഒഴിഞ്ഞു മാറുന്നത് പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്…
സ്നേഹമില്ലാത്തതു കൊണ്ടല്ല ,സ്നേഹകൂടുതൽ കൊണ്ടാണ്. അവൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തു പലപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട്… എങ്ങിനെ കഴിയേണ്ട പെണ്ണാണ്..? എല്ലാം ഓരോ വിധി..!” ഒരു ദീർഘനിശ്വാസം അവരിൽ നിന്നുയർന്നു….
വീട്ടിലെത്തുന്നവരെ ഒരു തരം മരവിപ്പായിരുന്നു… കേട്ടതെല്ലാം സത്യമാണെങ്കിൽ..!? പലപ്പോഴും കള്ളം പറഞ്ഞു അമ്മയോട് കാശു വാങ്ങിയിട്ടുണ്ട്…. ഒന്നും അറിയില്ലെന്ന് കരുതി ഇംഗ്ളീഷിൽ വായിൽ തോന്നിയ എന്തെങ്കിലും പേരു പറയും. അല്പനേരം കണ്ണടുക്കാതെ തന്നെ നോക്കിയ ശേഷം ഒന്നും മിണ്ടാതെ എടുത്തു തരികയുംചെയ്യും… ആ നോട്ടത്തിന്റെ അർത്ഥം ഇപ്പോൾ തിരിച്ചറിയുന്നു… തന്റെ കവിതയ്ക്കു കിട്ടിയ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞത് അമ്മയുടെ കഴിഞ്ഞ കാലമോർത്തതിനാൽ ആവും …..
വീട്ടിലെത്തിയപ്പോൾ അമ്മ ഇല്ലായിരുന്നു , പണിക്ക് പോയി എന്ന് മനസ്സിലായി..
നേരെ അമ്മയുടെ മുറിയിൽ കയറി തിരഞ്ഞു….. കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു പഴയ ഇരുമ്പു പെട്ടികണ്ടെത്തി. പതിയെ അതു തുറന്നു.. ഞെട്ടിപ്പോയി. അതിൽ കുത്തി നിറച്ചു വച്ചിരിക്കുന്ന ട്രോഫികളും, സർട്ടിഫിക്കറ്റുകളും കണ്ടു കണ്ണു മിഴിച്ചു…..
എല്ലാം അമ്മയുടെ എഴുത്തിനുകിട്ടിയ സമ്മാന ങ്ങളാണെന്നു തിരിച്ചറിഞ്ഞു. കൂടെ കുറെ ബുക്സസും , മാസികകളും ,ന്യൂസ് പേപ്പറിന്റെ ഓരോ പേജുകളും . ആ പേജുകളിൽ എല്ലാം അമ്മയുടെ കവിത പ്രസിദ്ധികരിച്ചിരിക്കുന്നത് കണ്ടു….. ബുക്കുകൾ അധികവും ഇംഗ്ലീഷിലായിരുന്നു……
പെട്ടിയിൽ രണ്ടു ഡയറികൾ ഉണ്ടായിരുന്നു. ഒന്നു അമ്മയുടെ കവിതകൾ. മറ്റൊന്ന് ജീവിതവും….
കവിതകളുടെ ഡയറിതുറന്നു. മനോഹരമായ അക്ഷരങ്ങളിൽ തീർത്ത കാവ്യശകലകൾ…. വെറുതെ നോക്കിയാൽ തന്നെ നല്ല ഭംഗി……..
അക്ഷരങ്ങളിൽ അമ്മയുടെ ചിന്തകൾ സഞ്ചരിച്ച വഴികളിൽ ബാല്യവും , കൗമാരവും , പ്രകൃതിയും , മഴയും , വീടും എല്ലാം ജീവനുള്ള കവിതകളായി….
അവസാന പേജുകളിലെല്ലാം പ്രണയവരികൾ മാത്രം…. പേജുകൾ ബാക്കിയാക്കി ആ എഴുത്തു നിലച്ചത് ഞാൻ ശ്രദ്ധിച്ചു…
കവിതയുടെ ഡയറി അടച്ചു……ജീവിതത്തിന്റെ
ഡയറി തുറന്നു. ഒറ്റയിരുപ്പിൽ കുത്തിയിരുന്നു അമ്മയുടെ ജീവിതം വായിച്ചുതീർത്തു…… ഒരു സിനിമ കണ്ടു കഴിഞ്ഞപോലെ തോന്നി…… എല്ലാം പഴയപോലെ ഭദ്രമായിവച്ച ശേഷം പെട്ടി അടച്ചു… എല്ലാം ഒരു കടങ്കഥ പോലെ തോന്നി…
അത്താഴം കഴിക്കുമ്പോൾ എന്നും അമ്മയുണ്ടാ ക്കുന്ന ചോറിനും ,പരിപ്പ് കറിക്കുമൊപ്പം അല്പം പായസവും ഉണ്ടായിരുന്നു ….
“എന്താമ്മേ, പായസമൊക്കെ ?” ചോദ്യം കഴിഞ്ഞു. മിനിറ്റുകൾ കഴിഞ്ഞാവും ഉത്തരം കിട്ടുക. അത് കേൾക്കാൻ ചെവിയോർത്തു….
” ഇന്ന് നിന്റെ അച്ഛൻ മരിച്ചിട്ട് അഞ്ച് വർഷമായി”
മുഖമുയർത്തി അമ്മയെ നോക്കുമ്പോൾ ആ കണ്ണുകളിൽ നിന്നടർന്ന രണ്ട് തുള്ളി കണ്ണുനീർ മുന്നിലിരുന്ന പാത്രത്തിലേയ്ക്ക് വീഴുന്നത് കണ്ടു.. യന്ത്രമനുഷ്യനെ പോലെ അമ്മ അപ്പോഴും ചോറു വാരി കഴിച്ചു കൊണ്ടിരുന്നു….
അച്ചനെ ഓർക്കുമ്പോളെല്ലാം ആദ്യം മനസ്സിലേയ്ക്കെത്തുന്നത് ഭംഗിയായി വെട്ടി ഒതുക്കിയ താടിയും , പുഞ്ചിരിക്കുന്ന മുഖവുമാണ്…. തന്റെ കവിളിൽ ഉമ്മ വയ്ക്കുമ്പോൾ ആ താടി രോമങ്ങൾ ദേഹത്തുരസി ഇക്കിളിയാക്കുമായിരുന്നു… തന്റെ ചിരികാണാൻ അച്ഛൻ വീണ്ടും താടി കൊണ്ട് ദേഹത്തുരസും….
പെയിന്റ് പണി കഴിഞ്ഞു വരുന്ന അച്ഛന്റെ താടിയിലും മുടിയിലും പറ്റി പിടിച്ചിരിക്കുന്ന പെയിന്റ് വൃത്തിയാക്കൽ തന്റെ ജോലിയായി രുന്നു. കുളിച്ചു വന്നാൽ തന്നെയും മുന്നിലിരുത്തി അച്ഛൻ ചന്തയിലേക്കു സൈക്കിൾ ചവിട്ടും….
അപ്പോൾ അച്ഛന്റെ നിശ്വാസങ്ങളിലും പെയിന്റിന്റെ മണമായിരിക്കും….
ഗോകുലം ഹോട്ടലിൽ നിന്നും ആദ്യം തനിക്കു പൊറോട്ടയും, മുട്ടക്കറിയും വാങ്ങി തരും….. താൻ കഴിച്ചുകഴിഞ്ഞാലും അച്ഛന്റെ ചായ ബാക്കിയുണ്ടാവും.ശേഷം അമ്മയ്ക്കുള്ളതും കൂടി പൊതിഞ്ഞു വാങ്ങി ,ഒപ്പം മറ്റു വീട്ടു സാധനങ്ങളും വാങ്ങിയാവും മടക്കം…..
അച്ഛന്റെ സ്നേഹവും, ലാളനയും തനിക്കു നഷ്ട്ടപെട്ടിട്ടു അഞ്ച് വർഷമായി എന്നു മുന്നിലിരിക്കുന്ന പായസം ഓർമ്മിപ്പിച്ചു……
അന്ന് അമ്മയുടെ ചിരി നിറഞ്ഞിരുന്ന വീട് അച്ഛന്റെ മരണത്തോടെ മൗനത്തിലേയ്ക്ക് വീണതാണ്. പിന്നീട് വീടുറങ്ങുകയായിരുന്നു….. അതിൽ പിന്നെ അമ്മചിരിച്ചു താൻ കണ്ടിട്ടില്ല….
അച്ഛൻ പണി കഴിഞ്ഞു വരുന്ന വഴി ആയിരുന്നു , ഓലമേഞ്ഞാരു വീട് തീപിടിച്ചെരിയുന്നത് ശ്രദ്ധയിൽപ്പെട്ടത് …. അകത്തു നിന്നുയരുന്ന കൂട്ട നിലവിളി കേട്ടു മറ്റുള്ളവരെപോലെ നോക്കി നിൽക്കാൻ അച്ഛനായില്ല … ആളുന്ന തീ വകവയ്ക്കാതെ അച്ഛൻ ആ വീട്ടിലേക്കു കയറി , അതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി..
പക്ഷെ ,അച്ഛന് ഇറങ്ങാൻ കഴിഞ്ഞില്ല അതിനു മുന്നേ മേൽക്കൂര കത്തിയമർന്നിരുന്നു…. കത്തിയെരിഞ്ഞാദേഹത്തെ ചലനം നിലയ്ക്കുന്ന അവസാന നിമിഷത്തിൽ പോലും ഉരുവിട്ടത് അമ്മയുടെ പേരായിരുന്നു……..
അച്ഛന്റെ പ്രാണൻ നൽകി മൂന്ന് ജീവനുകൾ രക്ഷിച്ചപ്പോൾ അനാഥമായത് താനും, അമ്മയു മായിരുന്നു .. ..
അടുത്തുള്ള വിവാഹ വീടുകളിൽ തലേന്ന് രാത്രികളിൽ ഒത്തുകൂടുന്നവരിൽ നിന്നും ഇപ്പോഴും അച്ഛന്റെ പേരു ഉയർന്നു വരുന്നത് കേൾക്കുമ്പോൾ വേദനയിലും അഭിമാനം തോന്നും …..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ അമ്മ ഡയറിയിൽ എഴുതിയ ജീവിതത്തെ കുറിച്ചോർത്തു ….
ശ്രീശൈലം എന്ന സമ്പന്നമായ തറവാടിന് എന്തോ ശാപമുണ്ടായിരുന്നു .. ആ തറവാട്ടിൽ പെൺകുഞ്ഞ് പിറക്കുകില്ല ..!
തലമുറകളായ് തുടരുന്ന ശാപം പിന്മാറാതെ സോമൻ പിള്ളയിൽ എത്തി നിന്നു…
ഭാര്യ ലക്ഷ്മി അഞ്ചുപ്രസവിച്ചു. എല്ലാം ആൺകുഞ്ഞുങ്ങൾ. പിള്ളയുടെ സന്തോഷത്തിന് കുറവില്ലെങ്കിലും പെൺകുഞ്ഞ് എന്നത് ഒരു നീറ്റലായ് പിള്ളയുടെ മനസ്സിലുണ്ടായിരുന്നു ….
അങ്ങിനെയിരിക്കെ, ഒരുനാൾ പിള്ളയ്ക്ക് സ്വപ്നത്തിൽ ദേവീ ദർശനം ലഭിച്ചു ….. പെൺകുഞ്ഞ് പിറക്കും എന്ന് അനുഗ്രഹവുമുണ്ടായി… സന്തോഷത്തിൽ മതിമറന്ന പിള്ള, ദേവിക്കൊരു താലപ്പൊലി നേർന്നു ….
താമസിയാതെ ലക്ഷ്മി വീണ്ടും ഗർഭിണിയായി , എട്ടാം മാസമായിട്ടും അധികം വീർക്കാത്ത അവളുടെ വയറ് കണ്ട് എല്ലാവരും വിധി എഴുതി,
” ആൺകുട്ടി തന്നെ “…..
ലക്ഷ്മി പ്രസവിച്ചു….പിള്ളയുടെ കയ്യിലേയ്ക്ക് പല്ലുകളില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട് വയറ്റാട്ടി ,നാണിത്തള്ള എടുത്ത് കൊടുത്തത് ഒരു പെൺകുഞ്ഞിനെ ആയിരുന്നു …
പകരം നാണിത്തള്ളയ്ക്ക് പിള്ള നൽകിയത് കഴുത്തിലണിഞ്ഞ എട്ടു പവന്റെ പിരിയൻ മാലയായിരുന്നു …..
ചാരുലതയുടെ നാലാം വയസ്സിൽ അമ്മ ലക്ഷ്മി ഇഹലോകവാസം വെടിഞ്ഞിട്ടും , ചാരുലത അഞ്ച് ആങ്ങളമാരുടെ പുന്നാര പെങ്ങളായി ഒരുകുറവു മറിയാതെ വളർന്നു….
അവളുടെ ഏത് ആഗ്രഹവും നിമിഷങ്ങൾക്കുള്ളിൽ നിറവേറ്റപ്പെട്ടിരുന്നു… ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ഏട്ടന്മാർ മത്സരിച്ചു….
അവർക്ക് അവൾ ‘കുഞ്ഞാൾ’ ആയിരുന്നു…. എപ്പോഴും ഏതെങ്കിലും ഏട്ടന്റെ തോളിലായിരിക്കുമവൾ. സ്നേഹലാളനയിൽ വർഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു ….
ചെറുപ്പം മുതൽ അവളുടെ കുത്തിവരകൾ കൗതുകത്തോടെയാണ് തറവാട്ടിലുള്ളവർ കണ്ടിരുന്നത്.. പക്ഷേ വളരുംതോറും ആ വരകൾ മിഴിവുള്ള അക്ഷരങ്ങൾ ആയി മാറിയപ്പോൾ അത് ആശ്ചര്യത്തിലേയ്ക്ക് വഴി മാറി ….
സ്കൂളും കഴിഞ്ഞ് കോളജിലെത്തിയപ്പോളായിരുന്നു, അവളിലെ യഥാർത്ഥ കലാകാരിയെ എല്ലാവരും അറിഞ്ഞത്. അവളുടെ കവിതകൾ കേട്ട് കോളേജ് കാമ്പസ്സ് കോരിത്തരിച്ചു ….
തറവാട്ടിൽനിന്നും നല്ല പ്രേത്സാഹനമായിരുന്നു അവൾക്ക് ലഭിച്ചത് .. ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടി. മാസികൾക്കും മറ്റും കവിതകൾ പോസ്റ്റ് ചെയ്യുന്നത് ഏട്ടന്മാരായിരുന്നു….. കുഞ്ഞോളുടെ കഴിവിൽ അവർക്ക് അല്പം അഹങ്കാരവുമുണ്ടായിരുന്നു ….
ആയിടയ്ക്കാണ് തറവാട്ടിൽ ആ രഹസ്യ സന്ദേശമെത്തിയത്. ചാരുലത കോളേജിലെ ഏതോ പയ്യനുമായ് പ്രണയത്തിലാണത്രെ ….
അതറിഞ്ഞ പിള്ളയും , ഏട്ടന്മാരും അവളെ പിന്തിരിപ്പിക്കുവാൻ ആവുന്നതും നോക്കി …
” ജീവിക്കുകയാണെങ്കിൽ കുമാറിനൊപ്പം”
എന്നവൾ ഒറ്റക്കാലിൽ നിന്നു .. അവളുടെ നിശ്ചയദാർഢ്യം അറിയാവുന്ന പിള്ള അവളുടെ സമ്മതമില്ലാതെ മറ്റൊരു വിവാഹം നിശ്ചയിച്ചു …
വിവാഹത്തിന്റെ മൂന്ന് നാൾ മുന്നെ ചാരു സ്നേഹിക്കുന്ന ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി എവിടെക്കോ പോയി എന്ന വാർത്ത ആ നാട്ടിലാകെ പരന്നു …
അച്ഛന്റെ കൂടെ ഇറങ്ങിത്തിരിച്ചശേഷമായിരുന്നു , അമ്മയുടെ ജീവിതം തന്നെ മാറിയത്…..
അത് വരെ അനുഭവിച്ച സൗഭാഗ്യങ്ങളിൽ നിന്നും മാറി പച്ചയായ ജീവിതത്തിന്റെ കയ്പ് രുചിച്ചിട്ടും , അമ്മയ്ക്ക് അച്ഛന്റെ സ്നേഹം മാത്രം മതിയായിരുന്നു …
അച്ഛന്റെ മരണത്തിൽ തകർന്ന അമ്മയും, മനസ്സുകൊണ്ട് അച്ഛനൊപ്പം പോയി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് …
അച്ഛന് ബന്ധുക്കൾ ആരുമില്ലായിരുന്നു. അതു കൊണ്ടു തന്നെ വിശന്നു കരയുന്ന തനിക്കായ് എന്തെങ്കിലും ജോലിക്ക് ഇറങ്ങാതെ അമ്മയ്ക്ക് മറ്റൊരു വഴിയില്ലായിരുന്നു…
അങ്ങിനെ ആണ് അടുത്തുള്ള ബ്രഡ് കമ്പനിയിൽ അയൽ വീട്ടിലെ രാധചേച്ചിയോടോപ്പം അമ്മ ജോലിക്കുപോയി തുടങ്ങിയത്….
ചുരുങ്ങിയ നാൾ കൊണ്ടു പാവം അമ്മയുടെ കോലം തന്നെമാറിപ്പോയി.. വിളറിയ മുഖവുമായ് വാടിത്തളർന്ന് ജോലി കഴിഞ്ഞ് വന്ന് കയറുന്ന അമ്മ , നടുവേദനയിൽ പുളയുന്നത് പലപ്പോഴും കണ്ടു എന്തു ചെയ്യണമെന്നറിയാതെ കണ്ണീരോടെ നോക്കി നിൽക്കാനെ എനിക്ക് ആയുള്ളൂ…
വേദന സഹിക്കാൻ പറ്റാത്ത നില വരുമ്പോൾ തന്നെ വിളിച്ചു നടുവിന് വിക്സ് പുരട്ടിത്തരൻ ആവശ്യപ്പെടും ….
“എന്തിനാമ്മേ ഈ ജോലിക്ക് പോകുന്നത് ? അമ്മ ഇനി പോവണ്ടാ .” തന്റെ വാക്കുകൾ കേട്ട് നീണ്ട മൗനത്തിനൊടുവിൽ..
“പോവാതെ പറ്റില്ല മോനെ… നിന്നെ ഒരിക്കലും ആരുടെയും മുന്നിൽ കൈ നീട്ടാൻ ഞാൻ വിടില്ല” ആ വാക്കുകൾക്ക് കരുത്തുണ്ടായിരുന്നു … അത് തളർന്നു കിടക്കുന്ന അമ്മയുടെ ശബ്ദമല്ല മറിച്ച് ഒരു പോരാളിയുടെ ശബ്ദമായി തോന്നി ….
തനിക്കു വേണ്ടിമാത്രമാണ് ഈ കഷ്ടപ്പാടെല്ലാം അമ്മ സഹിക്കുന്നതെന്നോർക്കവെ കണ്ണു നിറഞ്ഞു …. അമ്മയെ ഒരിക്കലും താൻ സങ്കടപ്പെടുത്തുകയില്ല എന്നു മനസ്സിൽ ഉറപ്പിച്ചു…………
***********
ചോദ്യപേപ്പർ ഒത്തു നോക്കുവാൻ വേണ്ടി ബുക്കുകൾ തിരയുന്നതിനിടയിൽ, ഒരു ബുക്കിൽ നിന്നും നാലായി മടക്കിയ ഒരു പേപ്പർ തുണ്ട് നിലത്ത് പതിച്ചത് ശ്രദ്ധിച്ചു…
അതെടുത്ത് തുറന്നു , താൻ അനുവിന് വേണ്ടി എഴുതി നൽകിയ ലൗ ലെറ്റർ ആയിരിന്നു അത്…..
ഇതെങ്ങിനെ തന്റെ ബുക്കിനുള്ളിൽ വന്നു …?
ആ പ്രേമ ലേഖനത്തിലെ അവസാന വരിയിൽ അനുവിന്റെ കയ്യക്ഷരത്തിൽ കൂട്ടിച്ചേർത്ത വാചകങ്ങൾ കണ്ടു തുള്ളിച്ചാടാൻ തോന്നി …
” – എന്നും അച്ചുവിന്റെ മാത്രം അനസൂയ – ”
ഒരു കോടി വസന്തം ഒന്നിച്ചു വിരിഞ്ഞപോലെ തോന്നി… അനു തന്നെ സ്നേഹിക്കുന്നു വിശ്വാസം വരാതെ പല ആവർത്തി ആ വരികൾ വായിച്ചു..
അന്ന് തന്നെ, ആമ്പൽപ്പൂ പറിക്കാനിറക്കിയത് ഇതിനായിരുന്നോ… ആ സ്നേഹം അറിയാതെ പോയ താനൊരു മണ്ടനാണെന്ന് തോന്നി ….
അന്ന് വൈകിട്ട് അമ്മ വന്നപ്പോൾ തന്റെ മുഖത്തെ തെളിച്ചം കണ്ടാവണം , അല്പനേരം അമ്മ കണ്ണുകൾ തന്നിൽ ആഴത്തിൽ പതിപ്പിച്ചു.. എന്തോ തിരഞ്ഞ ശേഷം പതിവ് പോലെ അകത്തേയ്ക്ക് പോയി ….
കിടന്നിട്ടു ഉറക്കം വരുന്നില്ല… അനുവിന്റെ മുഖം മാത്രമാണ് മനസ്സിൽ. അവളുടെ ചിരിയും, സംസാരവും എല്ലാം ഓർക്കവേ തിരിച്ചറിയുക ആയിരുന്നു താനും ഒരു കാമുകൻ ആയിരിക്കുന്നു….
ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന് തന്റെ ഹൃദയസ്പന്ദനം വിളിച്ചു ചൊല്ലുണ്ടായിരുന്നു……
അനുവിനെ ഒരു നോക്കുകാണുവാൻ ഉള്ളം തുടിച്ചു കൊണ്ടിരുന്നു. അതിനായി ആദ്യം പത്രം ഇട്ടു കൊണ്ടിരിന്ന അനുവിന്റെ വീട്ടിൽ ഒരു നോക്കെങ്കിലും അവളെ കാണുക എന്ന ലക്ഷ്യ ത്തോടെ ഒടുവിൽ ഇടാൻ തുടങ്ങി …
പക്ഷെ അവളെ കാണുവാൻ മാത്രം കഴിഞ്ഞില്ല.. അവൾ എത്തിയിട്ടില്ലെന്ന് മനസ്സിലായി…. ദിവസങ്ങളെ ഒരു വിധം തള്ളി നീക്കി…
റിസൾട്ട് വന്നു …ക്ലാസ് തുടങ്ങിയതിന്റെ അന്നാണ് അനുവിനെ വീണ്ടും കാണുന്നത് …ഒരു മാസം കൊണ്ട് അവളുടെ സൗന്ദര്യം ഇരട്ടി ആയ പോലെ എനിക്ക് തോന്നി ….
അവൾക്കായ് എഴുതികൂട്ടിയ പ്രേമ ലേഖനങ്ങളിൽ ഒന്ന് ആരും കാണാതെ അവൾക്ക് വച്ചു നീട്ടുമ്പോൾ തുലാമാസത്തിലെ ഇടിമിന്നലിനെക്കാൾ ശബ്ദത്തിൽ എന്റെ ഇടനെഞ്ചു മിടിക്കുന്നുണ്ടായിരുന്നു….
ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി അവൾ അതു വാങ്ങിയപ്പോൾ സ്വർഗ്ഗം കീഴടക്കിയ പോലെ തോന്നി …
ക്ലാസ്സ് നടക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ കഥ പറയുകയായിരുന്നു …. പേന കയ്യിലെടുക്കുമ്പോളെല്ലാം അവളുടെ പേര് കുത്തിക്കുറിക്കാൻ മനസ്സ് വെമ്പൽ കൊണ്ടു …. എഴുതാൻ പറ്റുന്നിടത്തെക്കെ അവളുടെ പേര് മാത്രമായി…..
പ്രഭാതത്തിലെ തെളിമയിലും സന്ധ്യയുടെ ചോപ്പിലും എല്ലാം അവളുടെ മുഖമായിരുന്നു ….
വെള്ളയും, നീലയും നിറമുള്ള ലൂണാർ ചെരുപ്പിനടിയിൽ ലൗ ചിഹ്നത്തിനുള്ളിൽ
A+A
എന്നു ആഴത്തിൽ കൊത്തിവച്ചു …. നടക്കുമ്പോൾ പഞ്ചാരമണ്ണിൽ ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ പ്രണയത്തിന്റെ ലാളനയേറ്റു പതിഞ്ഞു കിടന്നു….
അന്ന് ബോർഡിൽ ഞങ്ങളുടെ പേരെഴുതാൻ താൻപെട്ട കഷ്ടപ്പാട് ഓർക്കുമ്പോൾതന്നെ ചിരിവരും…. എല്ലാവരെയും അറിയിക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത് …. അതിൽ താൻ വിജയിക്കുകയും ചെയ്തു….. വിവാഹം കഴിഞ്ഞശേഷം അവളോടത് തുറന്നു പറയാമെന്നു മനസ്സാലുറപ്പിച്ചു…
ക്ലാസ് തുടങ്ങിയിട്ടും പത്ര വിതരണം തുടർന്നു… ഞാൻ ചെല്ലുന്ന സമയം നോക്കി അനു എനിക്കായ് കാത്ത് നിന്നിരുന്നു …
ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം എനിക്കു അതു മതിയായിരുന്നു ….
അന്ന് പത്ര വിതരണം കഴിഞ്ഞ് വരുംവഴി എന്റെ വീടിനടുത്തുള്ള ദേവീ ക്ഷേത്രത്തിൽ കയറി ഒന്ന് തൊഴുതു…..
“കണങ്കാലിൽ ചരട് കെട്ടിയ അതിനൊപ്പം തന്നെ ആ പാദങ്ങളുടെ ശോഭ കൂട്ടാൻ സ്വർണ പാദസരം അണിഞ്ഞ… വലത്തെ ഇടുപ്പിൽ ആരും കാണാതെ സൂക്ഷിച്ചു വച്ച ആ കാക്കപുള്ളിയും ഉള്ള അനു എന്ന് ഏവരും വിളിക്കുന്ന അനസൂയയെ എന്റെ മാത്രം അനുവായ് മാറ്റുവാൻ….
ആ കഴുത്തിൽ കുസ്യതി പൂണ്ടു കിടക്കുന്ന ഗോൾഡൻ ചെയിനൊപ്പം താൻ ചാർത്തുന്ന ആലിലത്താലിയും സീമന്തരേഖയിൽ എന്റെ പ്രണയത്തിന്റെ അടയാളമായി ചുവപ്പ് പടർത്താനും അവളെ സ്വന്തമാക്കുവാനും നിന്റെ അനുഗ്രഹം വേണം….. നിന്റെ അനുഗ്രഹം മാത്രം ” എന്റെ ഈ ആഗ്രഹം സഫലമാക്കി തരണേ ദേവീ..
പ്രാർത്ഥനയോടെ മിഴികൾ തുറന്നു ഒരു വട്ടം കൂടെ ഭഗവതിയെ നോക്കിയ ശേഷം ഞാൻ കോവിലിന് ചുറ്റും വലം വച്ചു…
********************
അനു, വാ തോരാതെ , സംസാരിച്ചിരിച്ചോണ്ടിരിക്കുകയാണ് …അവളുടെ സ്വപ്നങ്ങളേ കുറിച്ച്.. അവളുടെ കഴിഞ്ഞുപോയ കഥകളെ കുറിച്ച്….
സംസാരിക്കുമ്പോൾ ആ മുഖത്ത് മാറി മറയുന്ന ഭാവങ്ങളും കരിമഷി എഴുതിയ ആ കണ്ണിന്റെ ഇളക്കങ്ങളും എല്ലാം
നോക്കിക്കൊണ്ടിരിക്കുകയാണ് ഞാൻ…..
എന്നെ ഇഷ്ടമാണെന്നു അവൾ തുറന്നു സമ്മതിച്ച ശേഷം ആദ്യമായി കിട്ടിയതാ അവളെ ഇത്രേം അടുത്ത്….
നേർമയായ് ചുണ്ടിൽ തേച്ചിരിക്കുന്ന ലിപ്ഗ്ലോസ്.. കരിമഷി എഴുതിയ കണ്ണുകളും… നെറ്റിയിൽ നേർത്ത ഒരു ബ്ലാക്ക് സ്റ്റിക്കർ പൊട്ടും മാത്രം…… അതിലേറെ മിഴിവേകിയ ആ ചുവന്ന മൂക്കുത്തി പെണ്ണിനെ സാക്ഷാൽ ദേവി ആക്കിയോ എന്നൊരു ഡൌട്ട്…..
ഈ പെണ്ണെന്നെ ഭ്രാന്ത് പിടിപ്പിക്കും…!
ഇന്ന് കാണുമെന്നു ഉറപ്പായപ്പോഴേ കുരുത്തം കേട്ടൊരു കുഞ്ഞു മോഹം ഉള്ളിൽ കേറീണ്ട്… പറ്റുമെങ്കിൽ ആ കവിളത്തൊരു മുത്തം കൊടുക്കണം…
ഒന്നിച്ചു നടക്കുമ്പോൾ ഒരു തവണ ആരും കാണാത്തിടത്തു വച്ചു ഇത്തിരി നേരം കൈ ഒന്ന് ചേർത്ത് പിടിക്കാൻ അവൾ സമ്മതിച്ചിരുന്നു… അത് തന്നെ ഒരുപാട് വട്ടം “പ്ലീസ്, പ്ലീസ് ” എന്നും പറഞ്ഞു മുഖം വാട്ടി പിന്നാലെ കൂടിയതിനു ശേഷം മാത്രം …
പക്ഷെ ഇതിപ്പോ അത് പോലെ ആണോ.. എങ്ങനെ ചോദിക്കും? ചിലപ്പോ അത് മതിയാകും ഇത്രേം നാൾ കഷ്ടപ്പെട്ട് അവളുടെ മനസ്സിൽ കേറികൂടിയിടത്ത് നിന്നും ഇറക്കി വിടാൻ..
പക്ഷേ അവളെ ഇത്ര അടുത്ത് ഇങ്ങനെ കാണും തോറും മനസ്സിലെ മോഹത്തിന്റെ വലുപ്പം കൂടുന്നേയുള്ളൂ….
വെള്ളം വറ്റിയ തൊണ്ടയിൽ ഉമിനീരിറക്കികൊണ്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു .. “ ഞാനൊന്ന് ഉമ്മവച്ചോട്ടേ..”
അത്രേം നേരം റേഡിയോ തുറന്നു വെച്ച പോലെ വർത്താനം പറഞ്ഞിരുന്നവൾ പെട്ടെന്ന് സംസാരം നിർത്തി എന്നെ നോക്കി , പിന്നെ മെല്ലെ തല താഴ്ത്തി ….
സ്റ്റാർട്ടിംഗ് ട്രബിൾ മാറിയ ധൈര്യത്തിൽ വീണ്ടും ചോദിച്ചു… ഇല്ല വേണം എന്നോ , വേണ്ടാ എന്നോ, ഒന്നും പറയാതെ ചുരിദാർ ഷാളിന്റെ അറ്റം കൊണ്ട് ഓല മെടഞ്ഞു താഴോട്ട് നോക്കി ഇരിക്കുന്നു അവൾ…
അവളുടെ മനസ്സിൽ ഒരു വടംവലി മത്സരം തന്നെ നടക്കുന്നുണ്ടെന്ന് തോന്നുന്നു…
സങ്കടത്തോടെ ആ വടംവലിയും നോക്കിയിരിക്കെ മനസ്സിൽ ലഡു പൊട്ടി…
മൗനം സമ്മതം എന്നാണല്ലോ… അവളാണെങ്കിൽ മിണ്ടുന്നുമില്ല… ഇത് തന്നെ അവസരം എന്ന് തോന്നിയപ്പോ തട്ടത്തിൻ മറയത്തിൽ വിനോദ് ആയിഷക്ക് കൊടുത്ത ഉമ്മയും മനസ്സിൽ ധ്യാനിച്ചു പതിയെ മുഖം അവളുടെ കവിളിനോടടുപ്പിച്ചു …
കുട്ടിക്കൂറാ റ്റാൽകം പൌഡറിന്റെ മണത്തോടൊപ്പം അവളുടെ സുഗന്ധം എന്റെ മൂക്കിലേക്ക് തിക്കിത്തിരക്കി കയറി വന്നു…
അനൂ ……….അവളുടെ മൗനത്തിനു ഉത്തരം നൽകാനെന്നോണം വളരെ ആർദ്രമായി ഞാൻ വിളിച്ചു ………
“മ്മ് “……….അറിയാതെ തന്നെ അവൾ മൂളിപ്പോയി …….
ഞാൻ അവളുടെ മുഖം കൈകളിൽ എടുത്തു … അവളുടെ കണ്ണിൽ പ്രണയത്തോടെ നോക്കി ….
അവളുടെ നനഞ്ഞ കൺപീലികളിൽ ഞാൻ അമർത്തി ചുംബിച്ചു…… ശേഷം നിറഞ്ഞു വന്ന അനുവിന്റെ കണ്ണുകൾ ഞാൻ തുടച്ചുകൊടുത്തു, അരുതെന്നവൾ തല കാട്ടി …
എന്റെ ഉള്ളിൽ അവളോടുള്ള പ്രണയം നിറഞ്ഞു കവിഞ്ഞുകൊണ്ടിരുന്നു , അതിന്റെ വേലിയേറ്റമെന്നോണം ഞാനവളെ ഇറുകെ പിടിച്ചു…..
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു…. എന്റെ കണ്ണിലെ പ്രണയം താങ്ങാനാവാതെ അവൾ നോട്ടം പിൻവലിച്ചു… എന്റെ കണ്ണുകൾ അപ്പോഴും അവളുടെ മുഖത്തു തന്നെയായിരുന്നു…
അവ ചെന്നെത്തിയത് ചുവന്നുതുടുത്ത ആ ഇളം റോസ് ചുണ്ടുകളിലേക്കാണ്…
ആ പനിനീർ ദളങ്ങളെ സ്വന്തമാക്കാൻ എന്റെ ഹൃദയം വല്ലാതെ തുടിച്ചു… അതിനു മുന്നോടിയെന്നോണം അവളുടെ തോളിൽ എന്റെ കൈ ഒന്നുകൂടി അമർന്നു….
അനു, ആകെ വിയർത്തുപോയി… ശരീരം വിറക്കുന്നെന്നും മേനിയൊട്ടാകെ കുളിരുന്നപോലെയും അവൾക്ക് തോന്നി…..
അവളുടെ ദേഹത്തു തട്ടുന്ന എന്റെ ചൂട് അവളെ തൊട്ടുണർത്തുന്നുണ്ടായിരുന്നു…
എന്റെ മുഖം താഴ്ന്നു വരുന്നത് കണ്ട് അവളുടെ ചുണ്ടുകൾ ശക്തിയോടെ വിറക്കാൻ തുടങ്ങി….
തോളിൽ വെച്ച എന്റെ കൈ അവളുടെ ദേഹത്തൂടെ ഊർന്നു സൽവാറിന്റെ ഇടയിലൂടെ അവളുടെ വയറിൽ തൊട്ടു…
അനുവിന്റെ ദേഹത്തൂടെ ഒരു മിന്നൽപിണർ പാഞ്ഞതുപോലെ അവളൊന്നു പിടഞ്ഞു…..
എന്റെ ഷർട്ടിൽ അവളുടെ പിടിമുറുകി… ഞങ്ങളുടെ ശ്വാസം ഒന്നായ ആ നിമിഷത്തിൽ എന്റെ ചുണ്ടുകൾ അവളുടെ റോസാപ്പൂ പോലെ മൃദുലമായ ആ ദളങ്ങളെ തൊട്ടു….
തൊട്ടോ? ഇല്ല തൊട്ടില്ല… എന്റെ മനസ്സിൽ പൊട്ടിയ ലഡു വെറുതെയാക്കി “അയ്യോ മഴ” എന്നും പറഞ്ഞു ആ പെണ്ണ് അടുത്ത മരച്ചുവട്ടിലേക്ക് അതാ എണീറ്റോടുന്നു…..
ഇതുവരേം ഇല്ലാതിരുന്ന ഈ ഒടുക്കത്തെ പണ്ടാരം മഴ എവിടുന്നു വന്നു ദൈവമേ എന്ന് ആത്മഗതിക്കുമ്പോഴേയ്ക്കും പിന്നിൽ നിന്ന് വിളികേട്ടു.. ടാ അച്ചുവേ..???
ദൈവമേ .. അമ്മ, അമ്മ എങ്ങനെ ഇവിടെത്തി….. അമ്മയെന്താ ആകാശത്ത് നിക്കണേ…
കണ്ണും മിഴിച്ചു കിടക്കാതെ എനീക്കടാ….അതാ നിനക്ക് നല്ലത് ..ഇല്ലെങ്കിൽ ഇനിയും വെള്ളം ഒഴിക്കും ഞാൻ….
ചാടി എണീറ്റു ഞാൻ… അമ്മ ദാ നിക്കുന്നു നേരെ മുന്നിൽ, കൈയ്യിൽ ഒരു പാത്രം വെള്ളവുമുണ്ട്.. അപ്പൊ ഇതായിരുന്നൂലെ ആ ഒടുക്കത്തെ മഴ…
ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു എനിക്ക്… ഇത്രേം നേരം ഞാൻ സ്വപ്നം കാണുകയായിരുന്നോ…അയ്യേ…
ഈ ഉറക്കത്തിൽ സ്വപ്നം കാണുന്ന ഏർപ്പാട് ആരാ കണ്ടുപിടിച്ചതാവോ… ഒരു ഉപകാരവും ഇല്ലന്നേ… മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാൻ…
*****************
ഒരു ദിവസം അനുവിന്റെ അമ്മയെ വീണ്ടും കണ്ടു… അന്ന് എന്റെ അമ്മയുടെ തറവാട് കൃത്യമായി ചോദിച്ചറിഞ്ഞു….
ഒരവധി ദിവസം കൂട്ടുകാരനെ കാണാൻ പോകുന്നു എന്നു അമ്മയോട് കള്ളം പറഞ്ഞു അനുവാദം വാങ്ങി .. രണ്ടുബസ്സ് കയറി ലക്ഷ്യസ്ഥാനത്തിറങ്ങി….
(ബസ്സിൽ കയറിയിറങ്ങിയപ്പോൾ ഒരു രസകരമായ സംഭവം എന്റെ ശ്രദ്ധയിൽ പെട്ടു……. “”സ്റ്റോപ്പില് നിർത്താതെ പോകുന്ന ബസ്സിനെ ശപിക്കുന്നവർ തന്നെയാണ് , ബസ്സില് കേറിയാല് എല്ലാ സ്റ്റോപ്പിലും നിർത്തുന്നതിനെ ശപിക്കുന്നത്… എന്താലേ””…..! )
ദൂരെ നിന്നെ തലയുയർത്തി നിൽക്കുന്ന ആ വലിയ വീട് കണ്ടു…അടുത്ത് എത്തിയപ്പോൾ ഉള്ളിലെ പിടച്ചിൽ കൂടുന്നതറിഞ്ഞു ….
തന്റെ അമ്മ ജനിച്ച് വളർന്ന വീടാണെന്നും തന്റെ ബന്ധങ്ങൾ ഇവിടെയാണെന്നുമുള്ള തിരിച്ചറിവിനെക്കാൾ, മനസ്സിലെ ഭയമായിരുന്നു ഉയർന്നു നിന്നത്….
അകലെ നിന്നു എല്ലാവരെയും ഒന്നുകാണണം തിരിച്ചു പോകണം അതാണ് ലക്ഷ്യം ….
അടഞ്ഞു കിടന്ന ഇരുമ്പു ഗെയ്റ്റിനുള്ളിലൂടെ അകത്തേയ്ക്ക് നോക്കി… മുറ്റത്ത് നിർത്തിയിട്ടിരുന്ന കുറച്ച് ആഡംബര വാഹനങ്ങൾ മാത്രമല്ലാതെ ആളുകളെ ആരെയും കാണുവാൻ കഴിഞ്ഞില്ല …
കുറ്റൻ മതിലിനു ചുറ്റും എന്തിനെന്നറിയാതെ നടന്നു .. മതിലിന് ഉയരം കുറഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ചെറിയൊരു തടിക്കഷ്ണമെടുത്ത് മതിലിനോട് ചേർത്ത് ചാരി വച്ച ശേഷം അതിൽകയറി നിന്ന് അകത്തേയ്ക്ക് നോക്കി ..
വീടിന്റെ തുറന്ന വാതിൽ വഴി അകത്ത് ആരെക്കെയോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടു ….
പെട്ടെന്നാണ് തന്റെ കഴുത്തിൽ ആരുടെയോ ബലിഷ്ഠമായ കരങ്ങളാൽ പിടുത്തം വീണത് …
ഭയത്താൽ കാലിടറി താഴെ വീണു.. പുല്ലിൽ ആയത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല ….
വെള്ളമുണ്ടും ജുബ്ബയും ധരിച്ച വെളുത്ത് തുടുത്തൊരു മനുഷ്യൻ , നരകയറിയ മുടിയും, താടിയും. അമ്മയുടെ മുഖ സാദൃശ്യം തോന്നി .. തന്റെ അമ്മാവന്മാരിൽ ഒരാൾ ആണെന്ന് മനസ്സ് പറഞ്ഞു …
“ആരാടാ നീ ..? എന്തിനാ അകത്തേയ്ക്ക് നോക്കുന്നത് ?” തന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി അയാൾ ചോദിച്ചു …
“ഇത് വഴി പോയപ്പോൾ .. അറിയാതെ”……. തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു ……
“എവിടെയാ നിന്റെ വീട് ?”അടുത്ത ചോദ്യം, പെട്ടെന്നായിരുന്നു ….
“കുറെ ദൂരെയാ”….
“സ്ഥലത്തിന് പേരില്ലെ ?”
സ്ഥലപ്പേര് പറഞ്ഞതും അയാൾ തന്റെ കോളറിൽ കടന്നുപിടിച്ചു ….
“അവിടെയുള്ള നീ എന്തിനാടാ ഇവിടെ വന്ന് എത്തി നോക്കുന്നത് … സത്യം പറ കള്ളനല്ലേ നീ ? പകൽ വന്നു വീട് നോക്കി വച്ചു രാത്രി മോഷ്ടിക്കാനല്ല പരുപാടി ?”
അയാളുടെ സംശയത്തോടുള്ള ചോദ്യം കേട്ടു എനിക്ക് ഭയം തോന്നി ….
അപ്പോഴാണ് മതിൽക്കെട്ടിനുള്ളിൽ നിന്നും സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ സുഗന്ധം കാറ്റിൽ ഒഴുകിയെത്തിയത്….
“അയ്യോ അല്ല ………..ഇന്ന് ഒന്നും കഴിച്ചിട്ടില്ല……. എന്തെങ്കിലും കിട്ടുമോന്നറിയാൻ നോക്കിയതാ സാറെ…”
വയർ തടവിക്കൊണ്ട് ഒരു കള്ളം തട്ടിവിട്ടു …..
അതു കേട്ടതും തന്റെ മേലുള്ള അയാളുടെ പിടി അയഞ്ഞു ….. തന്നെ സൂക്ഷിച്ച് നോക്കിയശേഷം,….
“ഉം ,വാ “പിന്നാലെ വരുവാൻ കൈകൊണ്ട് ആംഗ്യം കാട്ടിയ ശേഷം അയാൾ നടന്നു തുടങ്ങി… അല്പം മാറി സ്റ്റാർട്ടിംങ്ങിൽ കിടന്ന കാറിലേയ്ക്ക് അയാൾ കയറി… കയറാൻ പറഞ്ഞതനുസരിച്ചു ഞാനും കയറി….
“എന്നാലും നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…. എവിടെയെന്ന് ഓർമ്മകിട്ടുന്നില്ല”
അയാൾ സംശയത്തോടെ ചിന്തകളിൽ പരതിക്കൊണ്ടിരുന്നു ….
മതിൽക്കെട്ടിനകത്ത് കടന്ന കാറിൽ നിന്നിറങ്ങി അയാൾ നടന്നു. പരുങ്ങി നിന്ന തന്നോട് പിന്നാലെ വരുവാൻ പറഞ്ഞു…..
ആ ഇരുനില മാളിക അടുത്തു കാണവേ,
ഇവിടെ ജനിച്ച അമ്മയാണ് ചെറ്റക്കുടിലിൽ കിടന്നു കഷ്ട്ടപ്പാട് സഹിക്കുന്നത്തോർത്ത് എന്റെ കുഞ്ഞു മനസ്സിലേക്ക് സങ്കടം ഇരച്ച് കയറി……
വലിയ ഹാളിലേയ്ക്കാണ് എത്തിപ്പെട്ടത്…അവിടെ ഒരു പാട് പേർ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു ..എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തി തന്നെ ഉറ്റ് നോക്കി …
“ഇത്തവണ കുഞ്ഞോടെ പിറന്നാളിന് നമുക്കൊരു ക്ഷണിക്കപ്പെടാത്ത അതിഥിയുണ്ട് .”
അവിടെ ഒഴിഞ്ഞുകിടന്ന ഒരു കസാരയിൽ തന്നെ പിടിച്ചിരുത്തിയ ശേഷം അമ്മാവനും ഇരുന്നു …
എല്ലാവരുടെയും നോട്ടത്തിൽ നിന്നൊളിക്കാൻ തല ഉയർത്താതെ തന്നെ ഞാൻ ഇരുന്നു …
“ഏതാടാ ഈ ചെറുക്കൻ ?” ഇരുന്നവരിൽ വയസ്സായ ഒരാളുടെ ചോദ്യമുയർന്നത് കേട്ട് ഞെട്ടി മുഖമുയർത്തി …
ആ ശബ്ദത്തിലെ ഗാംഭീര്യത്തിൽ നിന്നും അതാണ് മുത്തച്ഛൻ എന്നു ഞാൻ തിരിച്ചറിഞ്ഞു.. കണ്ണുകൾ പ്രായം തളർത്താത്ത ആ രൂപത്തിൽ ഉടക്കി …..
“വിശക്കുന്നു എന്നു പറഞ്ഞു വെളിയിൽ നിന്നതാ അച്ഛാ .. ഞാനിങ്ങോട്ട് കൂട്ടി ” അമ്മാവൻ പറഞ്ഞു കൊണ്ട് തന്നെ നോക്കി …
” ഉം “മുത്തച്ഛന്റെ മൂളൽ കേട്ടു ….
ആരൊക്കെയോ തനിക്ക് ഭക്ഷണം വിളമ്പി …. കഴിക്കുന്നതിനിടയിൽ മുത്തച്ഛന്റെ കണ്ണുകൾ പലവട്ടം തന്നിൽ പതിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു ….
തന്റെ പെറ്റമ്മയുടെ പിറന്നാളാഘോഷമാണ് ഇന്നിവിടെ നടക്കുന്നതെന്നോർക്കവെ, മുന്നിലെ ഭക്ഷണത്തിനൊട്ടും രുചി ഇല്ലാതെയായി….
അമ്മയുടെ പിറന്നാൾ ദിവസം പോലും , ആറിയാത്ത മകനായി പോയതിൽ കുറ്റബോധം തോന്നി….
മുഖമുയർത്തി ചുറ്റിനും നോക്കിയപ്പോൾ മുന്നിലെ ഭിത്തിയിൽ, സുന്ദരിയായ അമ്മയുടെ ചെറുപ്പ കാലത്തെ ഫോട്ടോ കണ്ടു… പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മയെ നോക്കി ഇരിക്കവേ , അറിയാതെ കണ്ണുകൾ നിറഞ്ഞു ……നിറഞ്ഞ കണ്ണുകൾ പിൻവലിക്കുമ്പോൾ മുത്തച്ഛൻ തന്നിൽനിന്നും നോട്ടം വെട്ടിച്ചു മാറ്റുന്നത് കണ്ടു …
ഭക്ഷണം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു കൈ കഴുകുന്നതിനായ് പോയി…………. മുത്തച്ഛനും, ഞാനും മാത്രമായി…..
“എന്താ നിന്റെ പേര് ?” മുത്തച്ഛന്റെ ശബ്ദം വീണ്ടും കേട്ടു ….
” വിനയകുമാർ.. ” വിറയലോടെ പറഞ്ഞു…..
“വയർ നിറച്ചും കഴിച്ചോളൂ….. ഇവിടെ ആര് വന്നാലും നിരാശയോടെ മടങ്ങിയിട്ടില്ല….കഴിച്ചു എല്ലിനിടയിൽ കയറിയ പലരും ഞങ്ങളെ നിരാശപ്പെടുത്തിയിട്ടെ ഉള്ളു..”
അർത്ഥം വച്ചുള്ള മുത്തച്ഛന്റെ സംസാരം തന്നോട്
മാത്രമാണെന്ന് തോന്നി……
ഭക്ഷണശേഷം കൈ കഴുകി …അമ്മാവനോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഇറങ്ങി നടന്നു …..
“പോവുകയാണോ.. നീ ?”പിടിച്ചുകെട്ടിയപോലെ നിന്നു …..
“ഇത്രെടം വന്നിട്ട്, ചാരുവിന്റെ മോൻ അങ്ങിനെയങ്ങ് പോയാലോ ?”
പിന്നിൽ മുത്തച്ഛന്റെ ഉറക്കെയുള്ള ചോദ്യം കേട്ടു തിരിഞ്ഞു നോക്കി …..
മുത്തച്ഛൻ ഒഴിച്ച് ബാക്കിയുള്ളവർ കണ്ണും മിഴിച്ച് നിൽക്കുന്നത് കണ്ടു ….മുത്തച്ഛന്റെ മുഖത്ത് വാടിയ ചിരി കണ്ട് അറിയാതെ മുഖം കുനിഞ്ഞു.. മുത്തച്ഛൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു…. കണ്ണുകൾ നിറഞ്ഞൊഴുകി ..നിമിഷങ്ങൾ പോലും സ്തംഭിച്ചു നിൽക്കുന്ന പോലെ തോന്നി…..
തന്നെ കൂട്ടി വന്ന അമ്മാവൻ ഓടി അരുകിൽ എത്തി….
“നീ ..ചാരുവിന്റെ മോനാണോ ?” ആ ചോദ്യത്തിൽ ആകാംക്ഷയും ,വെപ്രാളവും കണ്ടു …..
” മ്മ് ” മൂളുക മാത്രം ചെയ്തു ….
പെട്ടെന്നായിരുന്നു അമ്മാവൻ തന്നെ ചേർത്തു പിടിച്ചത് ..അമ്മാവന്റെ കണ്ണുനീര് തന്റെ നെറുകിൽ പതിയുന്നത് അറിയുന്നുണ്ടായിരുന്നു ..
“ന്റെ, കുഞ്ഞോടെ മോനെ തിരിച്ചറിയാൻ എനിക്ക് പറ്റിയില്ലല്ലോടാ..”
മർദ്ദനം പ്രതീക്ഷിച്ച തനിക്ക് തെറ്റി… എല്ലാവരും അടുത്തുവന്നു ..അമ്മാവന്മാർ സ്നേഹം കൊണ്ട് പൊതിഞ്ഞു…..
“എന്നിട്ട് ഒന്നും മിണ്ടാതെ പോവാൻ നിനക്ക് എങ്ങിനെ മനസ്സുവന്നെടാ കുഞ്ഞേ..?”
കുഞ്ഞമ്മാവന്റെ ചോദ്യം ചങ്കിൽ തറച്ചു ….
അളവില്ലാത്ത ഈ സ്നേഹമാണ് അമ്മ വേണ്ടന്ന് വച്ചത്.. ഈ സൗഭാഗ്യമുപേക്ഷിച്ചാണ് അച്ഛന്റെ സ്നേഹത്തിന് വേണ്ടിമാത്രം ഇറങ്ങിത്തിരിച്ചത് ….
അതാണ് പ്രണയത്തിന്റെ ശക്തി എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു …..
മുത്തച്ഛാ….. എന്റെ അമ്മയൊരു പാവമാണ്…… നിങ്ങളെയെല്ലാം ഓർത്ത് ഒറ്റയ്ക്കിരുന്നു അമ്മ എപ്പോഴും കരയും.. അച്ഛൻ മരിച്ചു , ഞങ്ങൾക്കാരുമില്ലാണ്ടായി..
“അമ്മ ചെയ്ത തെറ്റിന് ഞാൻ മുത്തച്ഛനോട് മാപ്പ് ചോദിക്കുന്നു ..”
മുത്തച്ഛന്റെ കാലിൽ വീണ് കരയുമ്പോൾ പല കണ്ണുകളും ഈറൻ തുടയ്ക്കുന്നത് കണ്ടു ….
“ന്റെ , മോനെ ..” മുത്തച്ഛന്റെ വിറയാർന്ന കൈകൾ തന്നെ ചേർത്തു പിടിച്ചു …..
*******************
തിരികെ വീട്ടിലെത്തുമ്പോൾ ഇരുൾ വീണ് കഴിഞ്ഞിരുന്നു…
ഞാൻ വരുന്നതും കാത്ത് അമ്മ വാതിൽപ്പടിയിൽ തന്നെ ഉണ്ടായിരുന്നു… എന്നെ കണ്ടതും ഒരാശ്വാസത്തിന്റെ ശബ്ദം അമ്മയിൽ നിന്നുയർന്നു …
ഇന്ന് നടന്ന കാര്യങ്ങൾ ഞാൻ അമ്മയിൽ നിന്നും മറച്ചു പിടിച്ചു ….
“എന്താമ്മേ നമുക്ക് മാത്രം ആരുമില്ലാത്തത് ..?”
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തന്റെ ചോദ്യം കേട്ടു വിളറിയ അമ്മയുടെ മുഖം കണ്ടില്ലെന്നു നടിച്ചു….
“നമുക്ക് ആരുമില്ല മോനെ,… ഉണ്ടായിരുന്നവർ ആരോടും ഒന്നും പറയാതെ അങ്ങുപോയി..!” അമ്മ കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു..
“അതല്ലമ്മേ, അച്ഛനും, അമ്മയ്ക്കും ബന്ധുക്കൾ ആരുമില്ലേ….?”
ഇത് വരെ കേൾക്കാത്ത ചോദ്യങ്ങൾ തന്നിൽ നിന്നു കേട്ടത് കൊണ്ടാവും അമ്മ തന്നെ ഉറ്റുനോക്കിയിരുന്നു…
“ആരുമില്ല…” ഒറ്റവാക്കിൽ പറഞ്ഞു തീർത്തു അമ്മ എഴുന്നേറ്റു…
“അമ്മേ..അമ്മയ്ക്ക് ഞാനൊരു സമ്മാനം കരുതി വച്ചിട്ടുണ്ട്..”
“എന്ത് സമ്മാനം.?”എന്ന ചോദ്യം കേട്ടു.
“അതെക്കെയുണ്ട് …ആ സമ്മാനം കണ്ടു അമ്മ ഞെട്ടും… നോക്കിക്കോ..”
വെറുതെ തലയാട്ടിക്കൊണ്ട് അമ്മ കിടക്കാൻ പായവിരിച്ചു….
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു…. അന്ന് പണിക്ക് പോയ അമ്മ ഉച്ചയ്ക്ക് മുന്നെ തിടുക്കപ്പെട്ട് പണിചെയ്യുന്ന വേഷത്തിൽ തന്നെ ഓടി വരുന്നത് കണ്ടു ….
പിന്നാലെ രാധചേച്ചിയും ഉണ്ടായിരുന്നു … അമ്മ ഇടയ്ക്കിടെ നിറഞ്ഞ കണ്ണുകൾ തുടച്ചു ..പടിയിലിരുന്ന അമ്മയുടെ കിതപ്പലിന്റെ താളം മാത്രം ഉയർന്നു കേട്ടു …
പതിവ് പോലെ പണിക്ക് ചെന്ന അമ്മയെ കമ്പനിയുടെ MD ക്യാബിനിലേയ്ക്ക് വിളിപ്പിച്ച ശേഷം അയാളുടെ കസേരയിൽ ബലമായി പിടിച്ചിരുത്തി.. കമ്പനി അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്നും. ഇനിമുതൽ കമ്പനി അമ്മയുടെതാണെന്നും മറ്റും എന്തെക്കെയോ പറഞ്ഞത്രെ …
രജിസ്റ്റർ ചെയ്ത പേപ്പറുകളുംഅമ്മയെ ഏൽപ്പിച്ചു.. ഒന്നും മനസ്സിലാവാതെ, പേടിച്ചു അമ്മ അവിടെ നിന്ന് ഓടി വരികയായിരുന്നു …
ഈ സമയം രണ്ട് കാറുകൾ വീട്ടുവളപ്പിലേയ്ക്ക് സാവധാനം വന്നു നിന്നു .. കാറിൽ നിന്നിറങ്ങുന്നവരെ കണ്ടു , അമ്മ ഞെട്ടിത്തെറിക്കുന്നത് നോക്കി നിന്നു…
കാറിൽ നിന്നും ഇറങ്ങുന്ന അമ്മാവന്മാരെ നോക്കി അമ്മ ശ്വാസം നിലച്ചപോലെ നിന്നു. പോയി.. പതിയെ ആ മുഖഭാവം മാറിവന്നു…
അണകെട്ടിവച്ച സങ്കടങ്ങൾ കണ്ണീരായി കുത്തിയൊലിച്ചിറങ്ങി.. വീടിന്റെ തൂണിൽ തലതല്ലി അമ്മ പൊട്ടിക്കരഞ്ഞു…
അമ്മാവൻമാർ അമ്മയുടെ അടുത്തെത്തി…
“കുഞ്ഞോളെ..”
ആ വിളിയിൽ ഒലിച്ചു പോയത് വർഷങ്ങൾ കാത്തുവച്ച പരിഭവങ്ങളായിരിന്നു…
“നീ ഇവിടുണ്ടെന്നു ഞങ്ങൾക്കു അറിയില്ലായിരുന്നു …. പക്ഷേ ഞങ്ങൾ എവിടെയാണെന്ന് നിനക്കറിയാമായിരുന്നു… എന്നിട്ടും ഇതു വരെ ഒന്നു വന്നു കാണാൻ തോന്നിയില്ലല്ലോ കുഞ്ഞാളെ..”
ഇളയമ്മാവന്റെ ചോദ്യത്തിനുത്തരം ഉച്ചത്തിലുള്ള അമ്മയുടെ കരച്ചിൽ ആയിരുന്നു.. അമ്മയുടെ സങ്കടങ്ങൾ കണ്ണീരായി ഒഴുകിയിറങ്ങി , നിമിഷങ്ങൾ കടന്നു പോയി…
“ഇതാ അമ്മേ.. ഞാൻ പറഞ്ഞ സമ്മാനം..”
തന്റെ ശബ്ദം കേട്ടു അമ്മ തിരിഞ്ഞു നോക്കുമ്പോൾ മുത്തച്ഛന്റെ കയ്യും പിടിച്ചുനിൽക്കുന്ന എന്നെ കണ്ടു…
മുത്തച്ചനെ കണ്ടതും അമ്മ ഒരു ഭ്രാന്തിയെ പോലെ ഓടി അടുത്തു വന്നു മുത്തച്ഛന്റെ കാലിൽ വീണു…
“അച്ഛാ..എന്നോട് ക്ഷമിക്കൂ..”
അമ്മയുടെ കരച്ചിൽ ഉച്ചത്തിലായി. മുത്തച്ഛൻ അല്പനേരം മൗനമായി നിന്നു….
“വഴിതെറ്റിപ്പോയാലും മക്കൾ എന്നും മക്കൾ തന്നെയാണ്.. അവരോടു ക്ഷമിക്കാനെ ഞങ്ങൾക്ക് കഴിയൂ..”
മുത്തച്ഛൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അമ്മയെ എഴുന്നേൽപ്പിച്ചു….
“ഇവൻ വന്നില്ലായിരുന്നുവെങ്കിൽ നിന്നെ കാണാതെ ഈ വയസ്സനങ്ങുചെന്നു ചേർന്നേനെ.” മുത്തച്ഛൻ തന്നെ ചേർത്തു നിർത്തി…… അത് കേട്ടു അമ്മ കണ്ണുകൾ മിഴിച്ചു…..
“ഇതിനെല്ലാം കാരണം ഇവൻ ആണ്….. ഇവൻ നിസാരക്കാരൻ അല്ല… തെറ്റു ചെയ്ത അമ്മയ്ക്ക് വേണ്ടി അച്ഛന്റെ കാലിൽ വീണു മാപ്പു ചോദിച്ചവനാ ഇവൻ..”
അമ്മാവന്റെ വാക്കുകൾ കേട്ട് അമ്മ എന്നെ നോക്കി…..
എല്ലാ മുഖങ്ങളിലും സന്തോഷം തിരതല്ലുന്നത് കണ്ടു… അമ്മാവന്മാരോട് വാതോരാതെ സംസാരിക്കുന്ന അമ്മയെ കണ്ടു എനിക്ക് ആശ്ചര്യം തോന്നി….
പിണക്കങ്ങൾ ,കുറ്റപ്പെടുത്തലുകളായ്, പതിയെ … പരിഭവങ്ങളും കഴിഞ്ഞ് ഇണക്കങ്ങളിൽ ലയിച്ചു …
“എടാ…നിനക്കു വല്ല പ്രേമവുമുണ്ടോ..? ഉണ്ടെങ്കിൽ നേരത്തെ പറയണേ…! അമ്മയെ പോലെ ഓടിപ്പോവാൻ നിക്കേണ്ട
ഞങ്ങൾ നടത്തി തന്നേക്കാം..” ഇളയമ്മാവൻ ഒരു ചെറുചിരിയോടെ തന്നെ നോക്കി..
“”ഉണ്ടോന്നോ””…..? വർഷങ്ങൾ ആയി പ്രേമിക്കുന്നതാണ്……. കുറച്ചു നാൾ മുന്നേയാണ് സെറ്റ് ആയത്…… സ്കൂളിലെ എഴുത്തുകാരൻ ആണ്…. ലൗ ലെറ്ററെഴുത്തുകാരൻ………..
അമ്മയുടെ വാക്കുകൾ കേട്ടു ഞെട്ടിപ്പോയി…. ഇതെല്ലാം അമ്മയെങ്ങനെ അറിഞ്ഞു..?
“ഇവൻ.. വല്യേട്ടനെപോലെയാണ്….. പകൽ നടക്കുന്ന കാര്യങ്ങൾ എല്ലാം രാത്രിയിൽ ഉറക്കത്തിൽ വിളിച്ചുപറയും..”
മൂത്തമ്മാവന്റെ കൈ പിടിച്ചുകൊണ്ടു തന്റെ സംശയത്തിനുത്തരവും അമ്മ തന്നു….
“അമ്മേ… ഇനിമുതൽ ഞാൻ വടക്കേ മുറിയിൽ തനിച്ചു കിടന്നോളാം..”
തന്റെ കരയുംപോലുള്ള ശബ്ദം കേട്ടു എല്ലാവരും പൊട്ടിച്ചിരിച്ചു….
അതു കാണവേ ഞാനും ചിരിച്ചു. .. കാരണം അമ്മയുടെ ചിരിക്കുന്ന മുഖം താൻ കുറേയേറെ നാളുകൾക്ക് ശേഷം വീണ്ടും കാണുകയായിരുന്നു…
*****************
എന്താ മാഷേ, സ്വപ്നം കണ്ടിരിക്കാണോ……
ഞാൻ പഴയ കാര്യങ്ങൾ അങ്ങനെ ഓരോന്ന് ഓർത്തിരിന്നു പോയി….
സമയം എത്രെ ആയീന്നാ ഉറങ്ങണ്ടേ….?
നീ പോയീ കിടന്നോ അനൂ , ഞാൻ വന്നേക്കാം…
നല്ല മഴ വരുന്നുണ്ട് , തണുത്ത കാറ്റും ഞാൻ ഒറ്റക്ക് ഉറങ്ങണോ…..???????????
Comments:
No comments!
Please sign up or log in to post a comment!