ശംഭുവിന്റെ ഒളിയമ്പുകൾ 25

വന്നയാളുടെ മുഖഭാവം കണ്ട റപ്പായി ഒന്ന് പകച്ചു.തീക്ഷതയോടെയുള്ള നോട്ടം കണ്ട റപ്പായിയുടെ കൈകൾ തോട്ടിറമ്പിലേക്ക് നീണ്ടു.അപ്പോഴും അടിച്ചതിന്റെ കേട്ട് വിടാതെ ശംഭു അതെ കിടപ്പിലാണ്.

“നിങ്ങളാരാ?”ശംഭുവിനരികിലേക്ക് നടന്ന അയാളോട് റപ്പായി ചോദിച്ചു.

“വന്നൊന്ന് പിടിക്കടോ,അല്ലേൽ ആ ചെക്കൻ ചിലപ്പോൾ തോട്ടില് വീണു എന്നിരിക്കും.”

വന്നയാളും റപ്പായിയും ചേർന്നവനെ താങ്ങി മുറ്റത്തേക്ക് കൊണ്ടുവന്നു. അതിനിടയിലും അസ്വസ്ഥതയോടെ ശംഭു എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്.അവരവനെ കിണറിന്റെ ചുവട്ടിലേക്കിരുത്തി.ഒന്നും പറയാതെ തന്നെ അയാൾ തൊട്ടിയിൽ വെള്ളം കോരി ശംഭുവിന്റെ തലയിലേക്ക് ഒഴിച്ചു.നല്ല തണുത്ത വെള്ളം തല നനച്ചതും അവൻ തലയൊന്ന് കുടഞ്ഞു.ഒന്ന് തണുത്തതും അവൻ കണ്ണ് തിരുമ്മി ചുറ്റും ഒന്ന് നോക്കി. വീണ്ടും തലയിലൂടെ ഒഴുകിയിറങ്ങിയ വെള്ളം പതിയെ പരിസരം എന്തെന്ന് അവനെ ഓർമ്മിപ്പിച്ചു.തന്റെ മുന്നിൽ പെട്ടുപോയി എന്ന ഭാവത്തോടെ നിൽക്കുന്ന റപ്പായി,ഒപ്പം തന്റെ മേൽ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുന്ന ആളെയും അവനൊന്ന് നോക്കി. അവന്റെ നോട്ടമെത്തിയതും അയാൾ തൊട്ടി സൈഡിലെ മരക്കുറ്റിയിലേക്ക് കോർത്തിട്ടു.ശംഭുവിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ല. പക്ഷെ അവൻ അയാൾക്ക് മുഖം കൊടുക്കാൻ ഒന്ന് മടിച്ചു.റപ്പായി നീട്ടിയ തോർത്തുകൊണ്ട് തല തുവർത്തിക്കഴിഞ്ഞിട്ടും അവൻ വന്ന ആളെ ശ്രദ്ധിച്ചില്ല.

“ഇവിടെ നോക്കെടാ…….”അയാൾ അവനോട് പറഞ്ഞു.

“നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടത്?” ഒരു മറുചോദ്യമായിരുന്നു അവനിൽ നിന്നും തിരിച്ചു കിട്ടിയത്.

“എനിക്കൊന്നും വേണ്ട.പക്ഷെ എന്റെ പെങ്ങൾക്ക് നിന്നെ വേണം.വാക്ക് കൊടുത്തിട്ടാ ഞാൻ വന്നത്,മുന്നിൽ കൊണ്ട് നിർത്തുമെന്ന്.അത് ഞാൻ പാലിച്ചിരിക്കും.”

“അത് നിങ്ങളുടെ കാര്യം.എന്റെ വിഷയമല്ല.തത്കാലം ഞാൻ എങ്ങോട്ടുമില്ല.”

“വാശി വേണ്ട ശംഭു.നീയിവിടെ ഉണ്ട് എന്നറിഞ്ഞു തന്നെയാ വന്നത്. മടങ്ങുമ്പോൾ നീയും കൂടെക്കാണും, ആ ഉറപ്പെനിക്കുണ്ട്.”

“നിങ്ങൾക്ക് കഴിയില്ല വിനോദേട്ടാ. എനിക്കും ഉണ്ട് അൽപം അഭിമാനം. അത് കളഞ്ഞിട്ട് ഞാൻ എങ്ങോട്ടും വരില്ല.എന്നെ കൂടെക്കൂട്ടാം എന്നത് ഒരു വ്യാമോഹം മാത്രം.”

“നീ വല്ലാതെ വാശി പിടിപ്പിക്കരുത്. നീ പടിയറങ്ങിയതുമുതൽ ഒരു തുള്ളി വെള്ളം പോലും ഇറക്കാതെ ഒരാൾ വീട്ടിലുണ്ട്,എന്റെ വീണ.അവൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ എന്തും ചെയ്യും.”

“എനിക്കുമുണ്ട് അല്പസ്വല്പം വാശി.

ചെന്ന് പറഞ്ഞേക്ക് ചത്തിട്ടില്ലെന്ന്. ഇറക്കിവിട്ടയിടത്തേക്കും,മിണ്ടാതെ നിന്ന മനസ്സുകളിലേക്കും തിരികെ എത്താൻ ബുദ്ധിമുട്ടുണ്ടെന്നും.”

“ശരിയാണ് അവളാ സമയം ഒന്നും മിണ്ടിയില്ല.നിന്റെ ടീച്ചറുടെ യാചനക്ക് മുന്നിൽ അവൾക്കതിന് കഴിഞ്ഞില്ല. പക്ഷെ അതുകൊണ്ട് അവൾക്ക് സ്നേഹമില്ലെന്ന് കരുതരുത്.”

“ആ മൗനം…..അതിന് മുന്നിലാ ഞാൻ തോറ്റുപോയത്.”

“നിന്റെ പ്രയാസം മനസിലാകും.ഒന്ന് ഓർക്കണം,നീ പടിയിറങ്ങിയതു മുതൽ വല്ലാത്തൊരവസ്ഥയിലാ അവൾ.ആകെ കോലം കെട്ടു.ആ മുറിവിട്ട് പുറത്തുപോലും വരുന്നില്ല. ഇനിയും അവളെ……”വിനോദിന്റെ വാക്കുകൾ ഒന്നിടറി.

“ഞാൻ പറഞ്ഞല്ലോ.ഞാൻ ഇപ്പൊ അങ്ങോട്ടേക്കില്ല.തത്കാലം ആരെയും കാണണമെന്നും.”

“നീയിങ്ങനെ നിർബന്ധം പിടിച്ചാൽ എനിക്ക് എന്റെതായ വഴിയിൽ നിന്നെ കൂട്ടേണ്ടിവരും.”

“ബുദ്ധിമുട്ടാണ്.ഇങ്ങനെയെങ്കിലും ഞാൻ ഒന്ന് ജയിക്കട്ടെ.അതിന് ഞാൻ ശ്രമിക്കുകയും ചെയ്യും.”

“നിന്റെ പിടിവാശിക്ക് എന്റെ പെങ്ങൾ കിടന്നു വിങ്ങുന്നത് കാണാൻ എനിക്ക് വയ്യ.ഞാൻ പോകുന്നെങ്കിൽ ഒപ്പം നീയും കാണും.ദാ അവളാ ഫോണിൽ…….നീ എന്താന്ന് വച്ചാൽ പറയ്‌.”അതെ സമയം മണിയടിച്ച തന്റെ ഫോൺ അവനുനേരെ നീട്ടി വിനോദ് പറഞ്ഞു.

“എനിക്ക് ആരോടും സംസാരിക്കാൻ ഇല്ല.നിങ്ങളെ ആരെങ്കിലും വിളിച്ചു എങ്കിൽ അത് നിങ്ങളുടെ കാര്യം.” ശംഭു താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.

വിനോദ് സ്വയം നിയന്ത്രിക്കുന്നുണ്ട്, തന്റെ ഫോൺ വീണ്ടും ചിലക്കുന്നത് കേട്ട് നിവൃത്തിയില്ലാതെ അയാൾ ഫോണെടുത്തു.അപ്പുറെ തന്റെ ശബ്ദം കാത്തു നിൽക്കുന്ന വീണയെ വിഷമിപ്പിക്കാൻ വിനോദിന് കഴിയുമായിരുന്നില്ല.അല്പം മാറിനിന്ന് വീണയോട് സംസാരിക്കേ ആ കറുത്ത ജാഗ്വർ അവർക്കരികിൽ വന്നുനിന്നു.

“…മാഷ്…”ആ കാർ വന്നു നിന്നതും ശംഭു അറിയാതെ പറഞ്ഞു.

ഇറങ്ങിയതും മാധവൻ ശംഭുവിനെ തല്ലാൻ ഓങ്ങി.പക്ഷെ റപ്പായി ഇടക്ക് കയറി.അടികിട്ടുമെന്ന് തോന്നിയ ശംഭു മുഖം തിരിച്ചുകളഞ്ഞു. അവന്റെ കൈകൾ അരുതെന്ന ഭാവത്തിൽ മുഖത്തെ മറച്ചുപിടിച്ചു.

“ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി കേട്ടപാടെ ഇറങ്ങിയിരിക്കുന്നു.അഹങ്കാരത്തിന് ഒരു പരിധിയൊക്കെയുണ്ട്.”

മാധവൻ വിറച്ചുകൊണ്ട് പറഞ്ഞു. അപ്പോഴും റപ്പായി അയാളെ വട്ടം പിടിച്ചിരുന്നു.

“റപ്പായിചേട്ടാ വിട്ടേര്……തല്ലട്ടെ.അത് സ്നേഹം കൊണ്ടാ….ഈ ലോകത്ത് ശംഭുനെ ശാസിക്കാനും ശിക്ഷിക്കാനും അവകാശമുള്ളയാളാ ഇങ്ങ് വിട്ടേക്ക്….”മാധവനെ തടയാൻ പാടുപെടുന്ന റപ്പായിയോട് ശംഭു പറഞ്ഞു.


“കേട്ടില്ലെടോ മാപ്പിളെ അവന്റെ കോപ്പിലെ……എന്റെ കൈപിടിച്ചു കൊണ്ടുവന്നതാ ഇവനെ.ഇവനോട് ഇറങ്ങാൻ പറയണമെങ്കിലും,അതിന് അധികാരം എനിക്കെയുള്ളൂ.അപ്പഴാ വല്ലോരും പറഞ്ഞതിന് രായ്ക്ക് രാമാനം ഇവൻ…..ഇവൻ കെട്ടിയ പെണ്ണൊരുത്തി അവിടെയുണ്ട്.ഇതു വരെ അതിന്റെ കണ്ണീരു തോർന്നിട്ടില്ല ആ കണ്ണീരിന് ഇന്ന് സമാധാനം ഉണ്ടാക്കിയെ പറ്റൂ.”

“മാഷ് പറഞ്ഞത് ശരിയാ…..മാഷ് എന്നോട് ഇറങ്ങാൻ പറഞ്ഞിട്ടില്ല. പക്ഷെ പറഞ്ഞത്……..”

“എടാ…..ഇന്നും തറവാട്ടിൽ എന്റെയാ അവസാന വാക്ക്, സാവിത്രിയുടെ അല്ല.അതുകൊണ്ട് കൂടുതൽ ബലം പിടിക്കാതെ വന്നു വണ്ടിയിൽ കയറ്.”

“ഞാൻ ഇനി അങ്ങോട്ടേക്കില്ല മാഷെ. ഒരിക്കൽ ഇറങ്ങിപ്പോകാൻ പറഞ്ഞ ഇടത്തേക്ക് എനിക്ക് വയ്യ.മാഷ് എന്തൊക്കെ പറഞ്ഞാലും ശരി എനിക്ക് പറ്റില്ല മാഷെ.”

“ഒന്നങ്ങോട്ട് തരും ഞാൻ……മര്യാദക്ക് വേഷം മാറി വാ.നിന്നെയും കൊണ്ടേ ഞാൻ പോകുന്നുള്ളൂ.അറിയാല്ലോ മാധവനെ.തീരുമാനിച്ചാൽ ഞാനത് നടത്തും.”

വിനോദിനോട് മുട്ടുന്നതുപോലെയല്ല മാധവനോട്.അതറിയുന്ന ശംഭു കൂടുതൽ തർക്കിക്കാതെ മാധവനൊപ്പമിറങ്ങി.പക്ഷെ തറവാട്ടിലേക്കില്ല എന്നവൻ തീർത്തു പറഞ്ഞു.വണ്ടിയിലേക്ക് കയറുമ്പോൾ കൃത്യമായി വിവരം വിളിച്ചറിയിച്ച വിനോദിനോടുള്ള നന്ദി മാധവൻ തന്റെ കണ്ണുകളാൽ അയാളെ അറിയിച്ചു.

“തന്നോടിനി പ്രതേകിച്ചു പറയണോ വണ്ടീലോട്ട് കേറാൻ…..”മാധവന്റെ ശബ്ദത്തിലെ ആജ്ഞാശക്തിക്ക് മുന്നിൽ റപ്പായി അനുസരണയുള്ള ആളായി.അവരെയും കൊണ്ട് ആ വാഹനം മുന്നോട്ട് കുതിച്ചു. ***** “ചുരുക്കിപ്പറഞ്ഞാൽ സോമൻ ഊള ആയി.”മാധവന്റെ വായിൽ നിന്നും വീണ സത്യങ്ങൾ കേട്ട് വിഷണ്ണനായി വില്ല്യമിനൊപ്പം അയാളുടെ റൂമിലുള്ള ഗോവിന്ദിനെ പരിഹസിച്ചുകൊണ്ട് വില്ല്യം പറഞ്ഞു.

“ഇനിയെന്താ നിന്റെ പ്ലാൻ?”വില്ല്യം ചോദിച്ചു.

“അതെ ദത്തുപുത്രൻ ആണ്.അതു കൊണ്ട് അവകാശം നിഷേദിക്കാൻ പറ്റില്ലല്ലോ.ഇനി അത് തന്നെ……”

“അതിന് നീ ജീവനോടെയിരുന്നാൽ അല്ലെ?ഇതേ ചോദ്യം നീ എന്നോട് ചോദിച്ചതാണ്.”

“ഒന്നും നഷ്ട്ടപ്പെടാനില്ലാത്തവന് എന്ത് നോക്കാനാണ് വില്ല്യം.ഒന്നെങ്കിൽ വീഴണം,മറിച്ചായാൽ കിട്ടാനുള്ളതും നേടി രാജാവിനെപ്പോലെ വാഴും.”

“നിന്റെ ഈ സ്പിരിറ്റ്‌ ഞാൻ കളയുന്നില്ല.രണ്ടും കല്പിച്ചാണ് നീയെങ്കിൽ

പിന്നെയൊന്നും നോക്കാനില്ല.വച്ച കാൽ മുന്നോട്ട് തന്നെ.പക്ഷെ ഒരു പ്രശ്നമുണ്ട് ഗോവിന്ദ്……..”

“എന്താടാ……?എന്ത് പറ്റി……?

“നിലവിലെ സാഹചര്യത്തിൽ അത് വലിയൊരു പ്രശനമാണ് ഗോവിന്ദ്.
ഒന്നാമത് ചെട്ടിയാർ,അത് പോട്ടേന്ന് വക്കാം.ഓരോന്ന് ലക്ഷ്യം കണ്ടു കൊണ്ട് നമ്മുടെ കൂടെ നിൽക്കുന്ന ആൾ തിരിഞ്ഞാൽ…..?”

“കാര്യം അത് നിന്റെ കോൺടാക്ട് ആണ്. നിങ്ങൾ ധാരണയിലും എത്തിയതാണ്.പിന്നെന്താ അങ്ങനെ ഒരു സംശയം?”

“കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ് ഗോവിന്ദ്.”

“എന്താ നീ പറഞ്ഞുവരുന്നത്?”

“നിനക്കറിയാത്ത ചില കാര്യങ്ങൾ കൂടെയുണ്ട് ഗോവിന്ദ്.എന്തായാലും ഞാൻ അയാളെ ഒന്ന് കാണുന്നുണ്ട്. എന്നിട്ട് പറയാം ഇനി എന്താകുമെന്ന്.” ***** തന്റെ ഓഫീസിൽ അതുവരെ കിട്ടിയ തെളിവുകൾ വിശകലനം ചെയ്യുന്ന തിരക്കിലാണ് എസ് ഐ രാജീവ്‌. ഒപ്പം പത്രോസും മറ്റു രണ്ട് പോലീസ് കോൺസ്റ്റബിൾസും ഉണ്ട്.മൂവരും രാജീവന്റെ വിശ്വസ്‌തർ.കണ്ണിന്റെ ചെറിയ പരിക്ക് സാരമാക്കാതെ പത്രോസ് നാലാം നാൾ തന്നെ ജോലിക്ക് കയറിയിരുന്നു.രാജീവ്‌ അവധിയെടുക്കാൻ നിർബന്ധിച്ചു എങ്കിലും അയാൾ വിസമ്മതിച്ചു. “ഒരു ചെറിയ പൊള്ളലേ ഉള്ളൂ സാറെ, അതങ്ങ് മാറിക്കോളും.പക്ഷെ ഈ സമയം സാറിന്റെയൊപ്പം വേണം” അതായിരുന്നു അയാളുടെ ന്യായം. അതിന് രാജീവ്‌ വഴങ്ങുകയായിരുന്നു

“പത്രോസ് സാറെ….എന്ത് പറയുന്നു?”

“സാറെ…..ചുരുക്കിപ്പറഞ്ഞാൽ.കാര്യം ഭൈരവൻ എന്ന വലിയൊരു ശല്യം ഒഴിഞ്ഞുകിട്ടി.പക്ഷെ അവൻ ജീവിച്ചിരുന്നതിനെക്കാൾ വലിയ തലവേദനയാണ് അവന്റെ മരണം അന്വേഷിക്കാൻ.”

“അതേടോ.അവന്റെ മരണം ശരിക്കും തലവേദന തന്നെയാണ്.ഇതുവരെ നടന്നത് വച്ച് നോക്കിയാൽ അവനെ ആരോ വെട്ടി മാലിന്യക്കൂമ്പാരത്തിൽ കൊണ്ടിടുന്നു.അവിടെ വന്ന ഡ്രൈവർമാരിൽ ചിലർ അയാളെ ആശുപത്രിയിലെത്തിക്കുന്നു.ശേഷം മരണം സംഭവിക്കുന്നു.”

“അതെ സർ.സംശയം തോന്നിയ രണ്ട് പേർ,അതിൽ സുരയെ ചോദ്യം ചെയ്തിട്ട് കൈ പൊള്ളിയതല്ലാതെ അനുകൂലമായി ഒന്നും കിട്ടിയില്ല.ഇനി മറ്റേ ആളെ എങ്ങനെ കണ്ടുപിടിക്കും എന്നാ ഞാൻ ചിന്തിക്കുന്നത്.കിട്ടിയാ തന്നെ കാര്യമായി എന്തെങ്കിലും തുമ്പ് കിട്ടും എന്ന പ്രതീക്ഷയുമില്ല.”രാജീവ് നിർത്തിയതിൽ നിന്നും പത്രോസ് തുടർന്നുകൊണ്ട് പറഞ്ഞു.

“അയാളെ കണ്ടെത്താൻ ഇത്തിരി മെനക്കെടണം.പക്ഷെ ആളെ കിട്ടും. എന്നിട്ടല്ലെ പത്രോസ് സാറെ തുമ്പ് കിട്ടുവോ ഇല്ലയോ എന്നൊക്കെ

തീരുമാനിക്കുന്നത്.ഒരു കാര്യം ചെയ്യ്, ഒരു പി സിയെ വിട്ട് അന്വേഷിക്ക്. അവിടെ പാർക്കിങിലും കാന്റീനിലും ഒക്കെ ഒന്ന് തിരക്ക്.അയാളുടെ ഫോട്ടോ ആരെങ്കിലും തിരിച്ചറിഞ്ഞാൽ?അങ്ങനെ ഒരാൾ ഏതായാലും നടന്നു വരില്ല.പാർക്കിങ് ഏരിയയിൽ വണ്ടികളുടെ എൻട്രി രജിസ്റ്റർ ഉണ്ടെങ്കിൽ അത് സി സി ചെയ്യണം.
എന്തെങ്കിലും ചെറിയ ക്ലൂ അയാളിൽ നിന്ന് കിട്ടാതിരിക്കില്ല പത്രോസ് സാറെ,എന്റെ മനസ്സങ്ങനെ പറയുന്നു.”

“ഏർപ്പാട് ചെയ്യാം സർ.പക്ഷെ എന്നാലും ഇല്ലേ ഇനിയും കുറെ നൂലാ മാലകൾ.”

“അതാണ് എന്നെ കുഴക്കുന്നതും. ആര്?എന്തിന്?എങ്ങനെ?എവിടെ വച്ച്?ഇതിനൊന്നും കൃത്യമായ ഉത്തരം നമ്മുടെ കയ്യിലില്ല.ഉള്ളത് കുറച്ചു സംശയങ്ങളും ഊഹങ്ങളും മാത്രം.ആകെയൊരു ആശ്വാസം ഫോറെൻസിക് റിപ്പോർട്ട്‌ കയ്യിൽ ഉള്ളതാണ്.നമ്മുടെ സംശയങ്ങളെ അതുമായി ബന്ധിപ്പിക്കുന്ന ഒന്നും കിട്ടിയിട്ടില്ലതാനും, എന്തിന് അവനെ വെട്ടിയ ആയുധത്തെക്കുറിച്ച് ധാരണ കിട്ടി എന്നല്ലാതെ കൃത്യമായി അത് കണ്ടെത്താൻ പോലും നമ്മുക്ക് കഴിഞ്ഞിട്ടില്ല.”

“സാറെ ഞാൻ എന്റെ ചില സംശയം പറയട്ടെ?”പത്രോസ് ചോദിച്ചു.

“പറയെടോ,എന്തെങ്കിലും പുതിയത് ആയി സ്ട്രൈക്ക് ചെയ്താലോ?ഇനി നമ്മൾ വിട്ടുപോയത് കൂട്ടിചേർക്കുകയുമാവാം.”രാജീവ്‌ അയാളെ പ്രോത്സാഹിപ്പിച്ചു.

“സാറെ……ഫോറൻസിക് റിപ്പോർട്ട്‌ പ്രകാരം ഭൈരവന്റെ വസ്ത്രത്തിൽ നിന്ന് മറ്റൊരു ബ്ലഡ്‌ ഗ്രൂപ്പ്‌ കൂടി കണ്ടെത്തിയിട്ടുണ്ട്,അതും എ ബി നെഗറ്റീവ് ഗണത്തിൽ പെട്ടത്.വളരെ കുറച്ചു പേർക്കേ ആ ഗണത്തിലുള്ള രക്തമുള്ളു.”

“മ്മ്മ്മ്മ് ശരിയാണ്.ഭൈരവന്റെ ഒ പോസിറ്റീവ് ഗ്രൂപ്പിൽ പെട്ടതും.”രാജീവ്‌ അയാളുടെ വാദം ശരിവച്ചു.

“കൂടാതെ അതിൽ നിന്ന് കിട്ടിയ ഫിംഗർ പ്രിന്റ്സ്.അതിൽ സ്ത്രീയുടെ എന്ന് പറയാവുന്ന രണ്ട് വ്യത്യസ്ത വിരലടയാളം കിട്ടിയിരിക്കുന്നു.പിന്നെ ഉള്ളവയിൽ ഭൈരവന്റെയും കൂടാതെ ഒന്ന് രണ്ടു പുരുഷൻമാരുടെയുമുണ്ട്. സർ ഞാൻ പറഞ്ഞു വരുന്നത് രണ്ട് സ്ത്രീകളുടെ സാന്നിധ്യം ഇതിലുണ്ട്. ഡി എൻ എ മാപ്പിങ്ങും ഇത്‌ ശരി വക്കുന്നു.മുടിയിൽ നിന്നും,രക്തക്കറ വേർതിരിച്ചതിൽ നിന്നും കണ്ടെടുത്ത ഡി എൻ എ വ്യക്തമാക്കുന്നത് രണ്ട് സ്ത്രീകളുടെ സാന്നിധ്യമാണ്.”

“അതാണ് നമ്മുക്ക് പിടിതരാതെ വഴുതിക്കളിക്കുന്ന ചോദ്യം.ഇതിൽ രണ്ട് സ്ത്രീകൾ ഉൾപ്പെട്ടിരിക്കുന്നു. ഫോറൻസിക് റിപ്പോർട്ട് അത് ശരി വക്കുന്നുമുണ്ട്.സീൻ ഏകദേശം വ്യക്തമാണ് പത്രോസേ.പുറത്ത് വന്ന ഭൈരവന്റെ കണ്ണിൽ അവരിലാരോ കുടുങ്ങിയിട്ടുണ്ട്.ഭ്രാന്ത് മൂത്ത അയാൾ അവളെ കണ്ടെത്തിയിട്ടും ഉണ്ട്.ഇതിൽ രണ്ടാമത്തെ സ്ത്രീ രക്ഷിക്കാൻ ഇടയിൽ കയറിയത് ആവണം.അതിനിടയിൽ ഭൈരവൻ വീഴുകയും ചെയ്തു.”

“ഭൈരവന്റെ സ്വഭാവം അനുസരിച്ചു സർ പറഞ്ഞ തിയറി ശരിയാവാൻ സാധ്യതയുണ്ട്.പക്ഷെ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.അവർക്ക് ഒറ്റക്ക് ഭൈരവനെ മാലിന്യത്തിനിടക്ക് കൊണ്ടുതള്ളാൻ കഴിയില്ല.പിന്നെ ആര്?സ്ത്രീകളുടെ സൈക്കോളജി വച്ച് അധികം മറച്ചുപിടിക്കാനവർക്ക് കഴിയില്ല.കൂടത്തായി ജോളി എന്റെ വാദത്തിന് അപവാദമാണ് എങ്കിലും.”

“അതേടോ….ആരോടോ അവരിതു പറഞ്ഞു,ആ രാത്രിയിൽ തന്നെ.എന്ന് വേണം കരുതാൻ.അതവർക്ക് അത്ര വേണ്ടപ്പെട്ടയാളും ആയിരിക്കും.”

“നമ്മൾ റൂട്ട് മാറിപ്പോകുന്നുണ്ടോ സർ ഇതിപ്പോൾ ആരാ എന്ന് പോലും അറിയാത്ത പുതിയൊരു വ്യക്തി ഇടയിൽ വന്നുകയറുമ്പോൾ……”

“റൂട്ട് മാറിയിട്ടൊന്നുമില്ല പത്രോസേ. താൻ അവസാനം പറഞ്ഞു നിർത്തിയ പോയിന്റിൽ നിന്ന് ഞാൻ ഒരു സാധ്യത തിരഞ്ഞതാ.”

“സർ മനസിലായില്ല?”

“എടൊ…….താൻ പറഞ്ഞതുപോലെ പെണ്ണാണ്.അവർ ഉണ്ടായ ഉടനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷെ ആയാളും സുരയും തമ്മിലാണ് കണക്റ്റെഡ് എങ്കിൽ?”

“അതൊരു സാധ്യതയാണല്ലോ സർ. ഇരുമ്പിന്റെ സ്വഭാവം വച്ച് നേരിട്ട് ഇത് പോലുള്ള ഒന്നിൽ പെടാനുള്ള സാധ്യത കുറവ്.പക്ഷെ ഇപ്പോൾ പറഞ്ഞത് പോലെയെങ്കിൽ കാര്യം കൂടുതൽ എളുപ്പമാവും.പക്ഷെ ആര് എന്ത് എന്നൊന്നുമറിയാതെ.”

“അതേടോ….ഇപ്പോൾ സംശയിക്കാൻ നമ്മുടെ മുന്നിൽ രണ്ടുപേരുണ്ട്.സുര ആണ് അതില് ഒരുപടി മുന്നിൽ. അവനിതിൽ പങ്കുണ്ടെങ്കിൽ ഈ പറഞ്ഞ രീതിയിൽ ആയിരിക്കും. ഇരുമ്പിന് അടുത്തറിയാവുന്നയാൾ ആവണം അവരെ ബന്ധിപ്പിക്കുന്ന കണ്ണി.”

“പക്ഷെ സർ അവന്റെ മൊഴി…..?”

“അത് ഞാനന്വേഷിച്ചടോ,ഉള്ളതാ. പക്ഷെ ഒരു ചെറിയ പൊരുത്തക്കേട് ഉണ്ടതിൽ.കാരണം അവൻ പറഞ്ഞത് ഒക്കെ ശരിയാ,പക്ഷെ അവൻ ആദ്യമായിട്ടാ അങ്ങനെ ഒരു കാര്യത്തിന് അവിടെ പോകുന്നത് തന്നെ.സാധാരണ പോകുന്നയാൾ അന്ന് മാത്രമാണ് മാറിനിന്നിട്ടുള്ളതും”

“പക്ഷെ വെറുതെ സംശയിക്കാം എന്നേയുള്ളു സർ.അവൻ അതിന് സപ്പോർട്ട് ചെയ്യുന്ന വാക്കുകൾ കൂട്ടിച്ചേർക്കും.”

“അത് അറിയാം പത്രോസേ.അവൻ അതും ഡിഫെന്റ് ചെയ്യും.സുരക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിൽ അത് ഉറപ്പിക്കുന്ന തെളിവ് കണ്ടെത്തണം. എന്നാലേ അവന്റെ സ്റ്റേറ്റ്മെന്റ് നമ്മുക്ക് ബ്രേക്ക്‌ ചെയ്യാൻ ഒക്കൂ.”

“ഒരു മാർഗമുണ്ട് സർ……”

“പറയ്‌ പത്രോസേ…….”

“ആദ്യം ഇരുമ്പിന്റെ കാൾ ലിസ്റ്റ് എടുക്കണം സർ……അന്നെ ദിവസം റാൻഡം കാൾസ് ഉണ്ടെങ്കിൽ ഒരു വഴി തുറന്നുകിട്ടും.”

“അത് ഞാനും ആലോചിക്കാതെയില്ല നമ്മുക്ക് അതിലെതന്നെ പോയി നോക്കാം.പക്ഷെ ഒരു പ്രശ്നമുള്ളത് ഇങനെയുള്ള അവസരങ്ങളിൽ അവർ നമ്പർ മാറ്റി ഉപയോഗിക്കും എന്നതാണ്.”

“ശ്രമിച്ചു നോക്കാം സർ.എന്തെങ്കിലും കിട്ടിയാലോ.മൊഴിയെടുക്കാൻ വന്ന സുര തന്ന നമ്പറിനൊപ്പം അന്ന് ജാമ്യം എടുക്കാൻ വന്നില്ലേ ഒരുവൻ… എന്താണവന്റെ പേര്……?അഹ് കിട്ടി ഒരു ജമാൽ.ഇരുമ്പിന്റെ വലം കൈ. അവൻ തന്ന നമ്പർ കൂടി റിക്വസ്റ്റിൽ ഉൾപ്പെടുത്തണം.കൂടാതെ മാലിന്യ

കൂമ്പാരത്തിലെ ടവർ ലൊക്കെഷൻ വച്ച് ആ സമയത്തുള്ള മുഴുവൻ ഫോൺ കാൾ ഡീറ്റെയിലും കിട്ടണം സർ.ഒരു തുമ്പ് കിട്ടാതിരിക്കില്ല.”

“എക്സാക്ട്ലി.ഇന്ന് തന്നെ അതിന് ഏർപ്പാട് ചെയ്യാം.അതെ സമയം പത്രോസ് സാറ് രണ്ട് കാര്യങ്ങൾ ഒന്ന് തിരക്കണം.ഒന്ന് ആ ഹോസ്പിറ്റലിൽ കണ്ട രണ്ടാമത്തെയാൾ.പിന്നെ സി സി ക്യാമറയിൽ പതിഞ്ഞ ജീപ്പ്.ഇനി അന്വേഷണം ഇതുവരെ നടന്നത് പോലെ ആവില്ല.പലരെയും കാണേണ്ടി വരും,എതിരിടാനും.ഒന്ന് കരുതിയിരിക്കുക.”

“സർ മുന്നിലുണ്ടെങ്കിൽ അതൊന്നും ഒരു പ്രശ്നമല്ല.ഇതിന് പിന്നിലുള്ള കൈകളിൽ വിലങ്ങു വീണിരിക്കും. ഒപ്പം ആ ഇരുമ്പിനെ ഞാൻ പ്രത്യേകം കാണുന്നുമുണ്ട്.”പത്രോസ് ആവേശം കൊണ്ടു. ***** മാധവന്റെ തെങ്ങിൽ പുരയിടം. അങ്ങോട്ടെക്കാണ് അയാൾ ശംഭുവുമായെത്തിയത്.അവരെ കാത്തെന്ന പോലെ ഹാളിൽ തന്നെ ഉണ്ടായിരുന്നു സാവിത്രിയും വീണയും ഗായത്രിയും.ശംഭുവിനെ കണ്ടതും വീണ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു.അവന്റെ മാറിൽ അള്ളിപ്പിടിച്ചിരുന്നവൾ കരഞ്ഞു. അവളുടെ കണ്ണീര് അവന്റെ ഷർട്ട്‌ കുതിർത്തു.അതുവരെ അടക്കിവച്ച വിഷമങ്ങൾ അങ്ങനെയങ്ങു തീരട്ടെ എന്ന് മറ്റുള്ളവരും കരുതി.കരച്ചിൽ ഒന്നടങ്ങിയതും അവനവളെപ്പിടിച്ചു മാറ്റി.

“എന്തിനാ എന്നെ ഇട്ടേച്ചു പോയെ?” ഒരേങ്ങലോടെയാണ് വീണ ചോദിച്ചത്

“ഇട്ടേച്ചു പോയതല്ലല്ലോ.ഇറക്കിവിട്ടത് അല്ലെ.ഞാൻ വെറും പൊട്ടൻ.ഓരോ വാക്കും കേട്ട് കഥയറിയാതെ ആട്ടം കാണുന്നു.”

“എല്ലാം അറിയുന്നയാളല്ലെ.അപ്പൊ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അങ്ങനെയൊരവസ്ഥയില് ഞാൻ എന്നാ ചെയ്യാനാ.എന്തെങ്കിലും കേട്ട ഉടനെ ഒന്നും മിണ്ടാതെ ഇറങ്ങിയങ് പോവുക?എന്നാ പോയപ്പോൾ എന്നെയും കൂട്ടാൻ തോന്നിയോ?”

“പിന്നെ ഞാനെന്ത് വേണമായിരുന്നു? അതൊക്കെ കേട്ട് ആ പടിക്ക് പുറത്ത് കിടക്കണമായിരുന്നോ.ഒപ്പമുണ്ടാവും എന്ന് കരുതിയ പെണ്ണ് പോലും ഒന്നും മിണ്ടാതെ നോക്കി നിന്നപ്പോൾ ഞാൻ തോറ്റുപോയി.അതുകൊണ്ടാണ് ഇറങ്ങിയതും”

“ആരാ പറഞ്ഞത് എന്റെ ശംഭുസ് തോറ്റെന്ന്?ഞാൻ ജീവിച്ചിരിക്കുമ്പോ അതിന് സമ്മതിക്കുവൊ?”

“ഈ കാട്ടുന്ന സ്നേഹവും കരുതലും പ്രകടിപ്പിക്കേണ്ട സമയത്ത് വേണം. അല്ലാതെ ഒരുവൻ തകർന്നു നിക്കുമ്പോഴല്ല.ഇപ്പൊ വന്നതും അത് മോഹിച്ചുമല്ല,മാഷ് വിളിച്ചത് കൊണ്ട് മാത്രം.ആ വാക്ക് തട്ടാൻ വയ്യാത്തത് കൊണ്ട്.”

“എന്തായാലും എന്റെ ശംഭുസ് വന്നു. എനിക്കത് മതി.വന്നേ…..വല്ലോം കഴിക്കാം.ആ മുഖം കണ്ടാലറിയാം ഒന്നും കഴിച്ചുകാണില്ല.”

“ഞാൻ കഴിക്കാനോ ഇരിക്കാനൊ അല്ല വന്നത്.മാഷും വിനോദേട്ടനും വന്നു പറഞ്ഞപ്പോൾ ഒരു കാര്യം നേരിട്ട് അറിയിക്കണം എന്ന് തോന്നി. അതൊന്ന് പറഞ്ഞിട്ട് പോകാൻ വേണ്ടിയാ.”

“എന്താ…..എന്താത്?”വീണ വെപ്രാളം പിടിച്ചുകൊണ്ട് ചോദിച്ചു.

“തെരുവിൽ കിടന്നു വളർന്നവനാ. പിന്നീട് ഇവിടെ പാടത്തും പറമ്പിലും ആയിരുന്നു എന്റെ ജീവിതം.കുറച്ചു നാളെങ്കിലും മനക്കോട്ടയിൽ കെട്ടി ഉയർത്തിയ മണിമാളികയില് ജീവിച്ചു. പക്ഷെ പിന്നെ മനസിലായി വീഴ്ചക്ക് ആഘാതം കൂടുമെന്ന്.അതുകൊണ്ട് ഇനി വേണ്ട.നമ്മൾ ശരിയാവില്ല. അതുകൊണ്ട് കഴിഞ്ഞതൊക്കെ ഒരു സ്വപ്നമായിക്കണ്ട് മറന്നേക്ക്.ഇത്‌ പറയാൻ വേണ്ടി മാത്രമാ ഇവിടെ വന്നതും.”

“ശംഭുസ് എന്നാ പറയുന്നേ….എന്നെ വേണ്ടാന്ന് വക്കാൻ എന്നാ ഉണ്ടായേ?”

“നമ്മൾ തമ്മിൽ ശരിയാവില്ല.അത് തന്നെ കാരണം.തെരുവിൽ വളർന്ന ഞാൻ ഇയാൾക്ക് ചേരില്ല.അത് മനസിലാക്കാൻ വൈകി.ഇനിയും വൈകാതെ അത് തിരുത്തുന്നതാ നല്ലത്.അതുകൊണ്ട് എനിക്ക് വേണ്ടി കാക്കരുത്.”

വീണ ഒരു ഞെട്ടലോടെ അല്പം പിന്നിലേക്ക് മാറി.ഗായത്രി അവളെ ചേർത്ത് പിടിച്ചു.സാവിത്രിയും മറ്റും ആകെ പകച്ചുനിൽക്കുകയാണ്. “എടാ കൊച്ചേ…..ടീച്ചറ് എന്തേലും അവിവേകം പറഞ്ഞെങ്കിൽ അത് ഇവളോട് തീർക്കല്ലേ.ഒരോ നിമിഷവും നിന്നെയും ഓർത്തു കഴിയുന്നവളാ ഇത്.”സാവിത്രി എങ്ങനെയൊ പറഞ്ഞൊപ്പിച്ചു.

“വേണ്ട ടീച്ചറേ……ശരിയാവില്ല.അന്ന് പറഞ്ഞതും കേട്ടതുമൊന്നും മനസീന്ന് പോണില്ല.ഇടക്കതിങ്ങനെ തിരട്ടിവരും.എനിക്ക് പിണക്കം ഒന്നും ഉണ്ടായിട്ടല്ല.വേണ്ട ടീച്ചറെ, ശരിയാവില്ല”

“കൊച്ചെ……നിന്നെ ഓർത്താ ഞാൻ അന്ന് അങ്ങനെയൊക്കെ.നിനക്ക് വിഷമം ആയീന്നറിയാം.പക്ഷെ അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു ടീച്ചറെ എന്നും വിളിച്ചു നീ വരുന്നത്. എന്നാൽ എന്റെ പ്രതീക്ഷ തെറ്റി.”

“നിർബന്ധിക്കരുത്…..എനിക്ക് കഴിയില്ല.എനിക്ക് പോയെ പറ്റു. തെരുവിൽ നിന്ന് വന്നതാ.അങ്ങോട്ടു തന്നെയാ പോകുന്നതും.ഇടക്ക് വഴിയിൽ കണ്ടെന്നിരിക്കും.മുന്നിൽ വരാതെ നോക്കാം.”

“ഈ കുടുംബവും,നിന്റെ പെണ്ണിനെയും വിട്ട് നിനക്ക് പോണം. ഈ മാധവൻ ജീവനോടെയുള്ളപ്പൊ അത് നടക്കില്ല.ഇതുവരെ ഞാൻ മിണ്ടാതെ നിന്നത് നിനക്ക് പറയാൻ ഉള്ളത് കഴിയട്ടെ എന്ന് കരുതിയാ.”

“തടയരുത് മാഷെ…..എനിക്ക് ധിക്കരിക്കേണ്ടി വരും.ഒരു പ്രാവശ്യം എങ്കിലും ജയിക്കാൻ ഞാൻ ധിക്കരിച്ചുപോകും.”

“എവിടെക്കാ…….?”ഇടയിൽ കയറി വീണ ചോദിച്ചു.

“പോണം……..”

“പറഞ്ഞതൊക്കെ കേട്ടു.ശരിയാണ്, ഞാൻ……..എന്റെ ശംഭുനെ ഓരോന്ന് പറയുമ്പഴും ഞാൻ നോക്കിനിന്നു.

എന്റെ തെറ്റാ.അതിന് എന്നെ വിട്ടു പോണോ ശംഭുസേ…….ഈയൊരു തവണ എന്നോട്……അല്ലേല് എന്നെ കൂടി കൊണ്ടുപൊക്കൂടെ.ഏത് വഴി വക്കിലായാലും എനിക്കതാ സന്തോഷം.”

“ഞാൻ ഇനി ഒറ്റക്കാ.ചന്ത്രോത്തു വീട്ടിലെ പെണ്ണിന് തെരുവിൽ വളർന്ന ഞാൻ ചേരില്ല.അതുകൊണ്ട് ഇതിൽ മാറ്റവുമില്ല.”

“എന്റെ പെങ്ങളെ വിട്ടിട്ട് നിനക്കങ്ങനെ പോകാൻ കഴിയുമോ. ഒരുപാട് അനുഭവിച്ചതാ അവള്.ഇനിയും വേദനിക്കാൻ ഞാൻ സമ്മതിക്കില്ല.”പുറത്തേക്ക് പോകാൻ തുനിഞ്ഞ ശംഭുവിനെ വിനോദ് തടഞ്ഞു.അതെ സമയം മാധവനും എന്തിനും തയ്യാറായി മുന്നോട്ട് വന്നു.

“തടയണ്ടാ…….എന്നെ വേണ്ടെങ്കിൽ ശംഭുസ് പൊക്കോട്ടെ.പക്ഷെ പോകുമ്പോ ദാ ഇതുകൂടി അങ്ങ് കൊണ്ട് പോണം.”തന്റെ താലിയിൽ മുറുകെപ്പിടിച്ചു അവന് നേരെ നീട്ടിക്കൊണ്ട് വീണ പറഞ്ഞു.

പക്ഷെ അവൾ പറഞ്ഞു നിർത്തിയതും അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് ശംഭു അതിൽ പിടുത്തമിട്ട് കഴിഞ്ഞിരുന്നു.

തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!